കഴിഞ്ഞ വർഷത്തെ സക്കാത്തിൽ നിന്നു കൊടുക്കാൻ ബാക്കിയുള്ള തുക ഈ വർഷത്തെ സകാത്തിൽ ഉള്‍പ്പെടുത്താൻ പറ്റുമോ. അല്ല അതു തനിയെ കൊടുക്കണമോ ?
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛
അതാതു വര്‍ഷത്തെ സകാത്ത് നമ്മുടെ മേല്‍ നിര്‍ബന്ധമായിക്കഴിഞ്ഞാല്‍ ശറഇയ്യായ കാരണങ്ങളാലല്ലാതെ അത് വൈകിപ്പിക്കാന്‍ പാടില്ല. അഥവാ അതിന്‍റെ അവകാശികളെ കണ്ടെത്താന്‍ എടുക്കുന്ന സമയം, നല്‍കാനുള്ള പണം കൈവശം ഇല്ലാതിരിക്കല്‍, ഭരണകൂടം സകാത്ത് പിരിക്കുന്ന നാടുകളില്‍ അവരില്‍ നിന്നും വരുന്ന കാലതാമസം, സകാത്ത് സ്വീകര്‍ത്താവ് സ്വയം കൈപ്പറ്റുന്നത് വൈകിപ്പിച്ചാല്‍ എന്നിങ്ങനെയുള്ള കാരണങ്ങളാലല്ലാതെ സകാത്ത് വൈകിപ്പിക്കരുത്.
അല്ലാത്ത പക്ഷം വൈകിപ്പിച്ച് പോയാല്‍ അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും, തൗബ ചെയ്യുകയും ചെയ്യേണ്ടതുണ്ട്. അല്ലാഹു നമ്മുടെ വീഴ്ചകള്‍ പൊറുത്ത് തരികയും, മതപരമായ അറിവ് നമുക്ക് വര്‍ദ്ധിപ്പിച്ച് തരികയും ചെയ്യുമാറാകട്ടെ.
അപ്രകാരം താന്‍ കൊടുത്ത് വീട്ടാനുള്ള സകാത്ത് എത്ര വര്‍ഷം പിന്നിട്ടാലും ഒരാളുടെ മേല്‍ ബാധ്യതയായിത്തന്നെ നിലനില്‍ക്കും. കാരണം സകാത്ത് എന്നുള്ളത് പാവപ്പെട്ടവരുടെ അവകാശമാണ്. അതുകൊണ്ടുതന്നെ അതൊരു കടമാണ്. അതിനാലാണ് മരണപ്പെട്ട് പോയ ആള്‍ സകാത്ത് കൊടുത്ത് വീട്ടാന്‍ ഉണ്ടെങ്കില്‍ അയാളുടെ ധനത്തില്‍ നിന്നും അനന്തര സ്വത്ത് വിഹിതം വെക്കുന്നതിന് മുന്‍പായി വീട്ടേണ്ട കടങ്ങളില്‍ ഒന്നായി സകാത്തിനെ പരിഗണിക്കുന്നത്.
താങ്കള്‍ ചോദിച്ചതുപോലെ തന്‍റെ ഈ വര്‍ഷത്തെ സകാത്തായ സംഖ്യയുടെ കൂടെയോ, ഒറ്റക്കായോ നല്‍കാവുന്നതാണ്. അത് സകാത്തിന് അര്‍ഹരായ അവകാശികളുടെ കയ്യിലേക്കാണ് എത്തേണ്ടത് എന്ന് മാത്രം. അല്ലാഹു സ്വീകരിക്കുകയും താങ്കള്‍ക്ക് തക്കതായ പ്രതിഫലം നല്‍കുകയും ചെയ്യട്ടെ
അല്ലാഹു അനുഗ്രഹിക്കട്ടെ….
അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ
Reference: fiqhussunna.com