പരലോകത്ത് ഉന്നത പദവികള്‍

പരലോകത്ത് ഉന്നത പദവികള്‍

(മുഹമ്മദ് നബി ﷺ , ഭാഗം 20)

ആദം(അ) മുതലുള്ള എല്ലാ പ്രവാചകന്മാരുമടക്കം എല്ലാ മനുഷ്യരും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസമാണ് അന്ത്യനാള്‍. അന്ന് എല്ലാവരുടെയും നേതാവ് (സയ്യിദ്) മുഹമ്മദ് നബി ﷺ യായിരിക്കും എന്നത് അദ്ദേഹത്തിന് അല്ലാഹു നല്‍കിയ വമ്പിച്ച സ്ഥാനം തന്നെയാണ്.

സയ്യിദ് എന്ന പദത്തെ ഇമാം നവവി(റ) വിശദീകരിച്ചത് ഉയര്‍ത്തിപ്പിടിച്ച് നബി ﷺ യോട് സഹായം തേടാന്‍ തെളിവാക്കുന്ന ചിലരുണ്ട്. നേതാവ് എന്ന് പറയുന്നതിനെ പറ്റിയാണ് ഇമാം നവവി(റ) അവിടെ പതിപാദിക്കുന്നത്. അല്ലാഹുവിന് പുറമെ നബി ﷺ യോടും പ്രാര്‍ഥിക്കാം എന്ന് സമര്‍ഥിക്കുന്നതിന് വേണ്ടിയല്ല അദ്ദേഹം അത് പറയുന്നത്. ഈ ഹദീഥിനെ അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കാനുള്ള രേഖയായി മുന്‍ഗാമികളായ ആരും തന്നെ നമ്മെ പഠിപ്പിച്ചിട്ടുമില്ല.

നബി ﷺ യുടെ മൗലിദ് ആഘോഷവേളയില്‍ തിരുനബി ﷺ അവരുടെ സദസ്സുകളില്‍ ഹാജരാകുന്നുണ്ടെന്ന് വിശ്വസിക്കുന്ന വിവരമില്ലാത്തവരുണ്ട്. മതപ്രമാണങ്ങളിലുള്ള അവരുടെ അജ്ഞതയുടെ ആഴം എത്ര വലുതാണെന്ന് ഈ ഹദീഥ് വെച്ച് മനസ്സിലാക്കാവുന്നതാണ്. നബി ﷺ അന്ത്യനാളില്‍ മാത്രമെ ക്വബ്‌റില്‍നിന്നും പുറത്ത് വരികയുള്ളൂ. അന്ന് നബി ﷺ യായിരിക്കും ആദ്യമായി ക്വബ്‌റില്‍നിന്ന് എഴുന്നേല്‍ക്കുക എന്ന് അവിടുന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അതിനുമുമ്പ് അവിടുന്ന് ക്വബ്‌റില്‍നിന്ന് എഴുന്നേറ്റ് ഭൗതിക ലോകത്തേക്ക് വരുന്നതിനെ പറ്റി ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നില്ല. കഴിഞ്ഞുപോയ മഹാന്മാരായ എത്രയോ പണ്ഡിത പ്രമുഖന്മാരുണ്ട്. അവരുടെ ആയിരക്കണക്കിന് കിതാബുകളുണ്ട്. ആരും എവിടെയും ഇപ്രകാരം ഒരു വിശ്വാസം വിവരിക്കുന്നത് നമുക്ക് കാണുക സാധ്യമല്ല. പില്‍ക്കാലത്ത് വന്ന ചില പിഴച്ച ചിന്താഗതിക്കാരാണ് ഈ വിശ്വാസം പ്രചരിപ്പിച്ചത്. മരണത്തിന് ശേഷം ക്വിയാമത്ത് നാളിലാണ് എല്ലാവരും ഉയിര്‍ത്തഴുന്നേല്‍പിക്കപ്പെടുക എന്നതാണ് ക്വുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നത്.

”പിന്നീട് തീര്‍ച്ചയായും നിങ്ങള്‍ അതിനു ശേഷം മരിക്കുന്നവരാകുന്നു. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ തീര്‍ച്ചയായും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നതാണ്” (ക്വുര്‍ആന്‍ 23:15,16).

എല്ലാവരും മഹ്ശറില്‍ ഒരുമിച്ചുകൂട്ടപ്പെടുന്ന ദിവസം. ആരും ആരെയും തിരിഞ്ഞുനോക്കാത്ത, ഭയവിഹ്വലരായി കുറ്റവാളികള്‍ ഹാജരാക്കപ്പെടുന്ന ദിവസം. കൊല്ലങ്ങളോളം കത്തിജ്ജ്വലിക്കുന്ന സൂര്യനു താഴെ വിചാരണകാത്ത് മനുഷ്യരെല്ലാം നില്‍ക്കുന്ന ദിവസം. രക്ഷയെങ്കില്‍ രക്ഷ, ശിക്ഷയെങ്കില്‍ ശിക്ഷ എന്ന് വിചാരിക്കുന്ന ഭയാനകരമായ മഹ്ശര്‍. അന്ന് വിചാരണക്കെടുക്കാനായി അല്ലാഹുവിനോട് ശുപാര്‍ശക്കായി ഓരോ നബിയെയും മനുഷ്യര്‍ സമീപിക്കുന്നു. ഓരോരുത്തരും അടുത്ത പ്രവാചകനിലേക്ക് ചെല്ലാന്‍ ആവശ്യപ്പെടുകയും അവസാനം മുഹമ്മദ് നബി ﷺ യുടെ അടുത്ത് ചെന്ന് ശഫാഅത്തിനായി അപേക്ഷിക്കുന്നു. എന്നാല്‍ അന്ന് സ്വന്തം ഇഷ്ടപ്രാകാരം ആരും ആര്‍ക്കുവേണ്ടിയും ശുപാര്‍ശ നടത്തുകയില്ല. അല്ലാഹുവിന്റെ അനുവാദം ലഭിക്കുന്നതിനാല്‍ മുഹമ്മദ് നബി ﷺ സുജൂദില്‍ വീഴുന്നു. അങ്ങനെ കുറെ നാള്‍ പിന്നിടുമ്പോള്‍ നബി ﷺ യോട് ശുപാര്‍ശ നടത്താന്‍ അല്ലാഹു കല്‍പിക്കുന്നു. നബി ﷺ ശുപാര്‍ശക്ക് തേടുന്നു. ശുപാര്‍ശ സ്വീകരിക്കപ്പെടുന്നു. അന്ന് അല്ലാഹുവിനോട് ആദ്യമായി ശുപാര്‍ശ നടത്തുന്നതും മുഹമ്മദ് നബി ﷺ തന്നെ.

ശിര്‍ക്ക് ചെയ്യുന്നവര്‍ക്ക് നബി ﷺ യുടെ ശഫാഅത്ത് ലഭിക്കുന്നതല്ല. അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുന്നത് ശിര്‍ക്കാണല്ലോ. എന്നാല്‍ ക്വിയാമത്ത് നാളില്‍ നബി ﷺ അല്ലാഹുവിന്റെ അനുമതിയോടെ നടത്തുന്ന ശുപാര്‍ശ ലഭിക്കാന്‍ ചിലര്‍ നബി ﷺ യോടാണ് ചോദിച്ചുകൊണ്ടിരിക്കുന്നത്!

അനുയായികള്‍ ധാരാളമുള്ള പ്രവാചകന്‍

പ്രവാചകന്മാര്‍ ജനങ്ങളെ സന്മാര്‍ഗത്തിലേക്ക് ക്ഷണിച്ചപ്പോള്‍ വിശ്വസിച്ചവരും അവിശ്വസിച്ചവരും ഉണ്ടായിരുന്നു. ചിലരില്‍ വിരലില്‍ എണ്ണാവുന്ന തുച്ഛമായവരേ വിശ്വസിച്ചിരുന്നുള്ളൂ. ചിലര്‍ക്ക് വലിയ അനുയായികളെയും കിട്ടിയിട്ടുണ്ട്. എന്നാല്‍ ഏറ്റവുമധികം അനുയായികളുള്ള പ്രവാചകന്‍ മുഹമ്മദ് നബി ﷺ യാകുന്നു.

അനസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: സ്വര്‍ഗത്തില്‍ ശുപാര്‍ശ നടത്തുന്ന ആളുകളില്‍ ഒന്നാമനാകുന്നു ഞാന്‍. നബിമാരില്‍ ധാരാളം അനുയായികളുള്ളവനും ഞാനാകുന്നു” (മുസ്‌ലിം).

സ്വര്‍ഗത്തില്‍ ആദ്യം പ്രവേശിക്കുന്നയാള്‍

നബി ﷺ ക്ക് അല്ലാഹു നല്‍കിയ മറ്റൊരു സ്ഥാനവും പ്രത്യേകതയുമാണിത്. നബി ﷺ പറയുന്നത് കാണുക: അനസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ‘അന്ത്യനാളില്‍ പ്രവാചകന്മാരില്‍ ഏറ്റവും കൂടുതല്‍ അനുയായികള്‍ ഉള്ളവന്‍ ഞാനായിരിക്കും. സ്വര്‍ഗ കവാടത്തില്‍ ആദ്യമായി മുട്ടുന്നവനും ഞാനായിരിക്കും” (മുസ്‌ലിം).

അനസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ”അന്ത്യനാളില്‍ ഞാ ന്‍ സ്വര്‍ഗകവാടത്തില്‍ ചെല്ലുന്നതാണ്. എന്നിട്ട് (അത്) തുറക്കുവാന്‍ ഞാന്‍ ആവശ്യപ്പെടുന്നതാണ്. അപ്പോള്‍ (അതിന്റെ) കാവല്‍ക്കാരന്‍ ചോദിക്കും: ‘നീ ആരാണ്?’ ഞാന്‍ പറയും: ‘മുഹമ്മദ്.’ അപ്പോള്‍ (കാവല്‍ക്കാരന്‍) പറയും: ‘നിനക്ക് മുമ്പ് ഒരാള്‍ക്കും ഞാന്‍ തുറന്ന് കൊടുക്കാതിരിക്കാതെ നിന്നെ കൊണ്ടാണ് (നിനക്ക് തുറന്നുതരാനാണ്) ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്” (മുസ്‌ലിം).

സ്വിറാത്വ് പാലം ആദ്യമായി കടക്കും

ഭീതിയോടെ വിശ്വാസികള്‍ കേള്‍ക്കുകയും പഠിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒന്നാണല്ലോ പരലോകത്തിലെ സ്വിറാത്വ് പാലം. അത് കടന്നുവണം സ്വര്‍ഗത്തില്‍ എത്താന്‍. പാപികള്‍ അതിലൂടെ വിട്ടുകടക്കാന്‍ കഴിയാതെ നരകത്തിലേക്ക് വീഴുന്നതാണ്. അന്ന് ആദ്യമായി അത് വിട്ടുകടക്കുന്നത് മുഹമ്മദ് നബി ﷺ യായിരിക്കും. നബി ﷺ നമുക്ക് അതിനെ പറ്റി പറഞ്ഞുതരുന്നത് കാണുക:

”…അങ്ങനെ നരകത്തിനു മുകളില്‍ സ്വിറാത്വ് നിര്‍മിക്കപ്പെടും. അപ്പോള്‍ റസൂലുകളില്‍നിന്ന് തന്റെ സമുദായത്തെയുംകൊണ്ട് ആദ്യം (അതിനെ) വിട്ടുകടക്കുന്നവന്‍ ഞാനായിരിക്കുന്നതാണ്. അന്നേദിവസം റസൂലുകളല്ലാതെ ഒരാളും സംസാരിക്കുന്നതല്ല. അന്നേദിവസം റസൂലുകളടെ സംസാരം (ഇതായിരിക്കും): ‘അല്ലാഹുവേ, രക്ഷപ്പെടുത്തേണമേ… രക്ഷപ്പെടുത്തേണമേ…’ സഅ്ദാന്‍ ചെടിയുടെ മുള്ള് പോലെയുള്ള കൊളുത്തുകള്‍ നരകത്തിന് ഉണ്ടായിരിക്കുന്നതാണ്. സഅ്ദാന്റെ മുള്ള് നിങ്ങള്‍ കണ്ടിട്ടുണ്ടോ?’ അവര്‍ പറഞ്ഞു: ‘അതെ.’ നബി ﷺ പറഞ്ഞു: ‘എന്നാല്‍ അത് സഅ്ദാന്‍ മുള്ളിനെ പോലിരിക്കും. എന്നാല്‍ അതിന്റെ വലിപ്പത്തിന്റെ അളവ് അല്ലാഹുവിനല്ലാതെ അറിയുകയില്ല. ജനങ്ങളുടെ കര്‍മങ്ങള്‍ക്ക് അനുസരിച്ച് അത് (നരകത്തിലേക്ക്) റാഞ്ചി വലിക്കുന്നതാണ്…” (ബുഖാരി).

നരകത്തിന് മുകളില്‍ സ്ഥാപിക്കപ്പെടുന്ന പാലമാണ് സ്വിറാത്വ്. അതിലൂടെയാണ് സ്വര്‍ഗത്തിലേക്ക് പോകേണ്ടത്. അന്ന് എല്ലാ നബിമാരും അവരുടെ ജനതയെയുമായി അതിലൂടെ പോകും. പാപികള്‍ നരകത്തില്‍ വീഴും. ആദ്യമായി മുഹമ്മദ് നബി ﷺ യായിരിക്കും അത് വിട്ടു കടക്കുക. അന്ന് പ്രവാചകന്മാരല്ലാതെ ഒരാളും സംസാരിക്കുകയില്ല. ‘അല്ലാഹുവേ, രക്ഷിക്കണേ’ എന്നായിരിക്കും അവര്‍ പോലും അന്നേരം പറയുന്നത്! സഅ്ദാന്‍ ചെടിയുടെ മുള്ള് പോലെയുള്ള കൊളുത്തുകള്‍ നരകത്തിന് ഉണ്ടായിരിക്കുന്നതാണ്. ആ പാലത്തിലൂടെ കടക്കുന്ന പാപികളെ ആ കൊളുത്തുകള്‍ കൊളുത്തുകയും നരകത്തിലേക്ക് അവരെ വലിച്ചിടുകയും ചെയ്യുന്നതാണ്. സഅ്ദാന്‍ ചെടിയുടെ മുള്ളിന്റെ വലിപ്പവും അത് തട്ടിയാലുള്ള നീറ്റലും പുകച്ചിലും അസ്വസ്ഥതയും സ്വഹാബികള്‍ക്ക് നല്ല പരിചയമുണ്ടായിരുന്നു. അതിനെക്കാളും ഭീകരമാണ് അതെന്നും അതിന്റെ വലിപ്പവും സ്വഭാവവും അല്ലാഹുവിനല്ലാതെ ആര്‍ക്കും അറിയുകയില്ല എന്നും നബി ﷺ സ്വഹാബത്തിനെ പഠിപ്പിക്കുന്നു. ആ കൊളുത്തുകള്‍ സ്വിറാത്വിലൂടെ പോകുന്നവരുടെ കര്‍മങ്ങള്‍ക്ക് അനുസരിച്ച് കൊളുത്തുകയും നരകത്തിലേക്ക് വീഴ്ത്തുകയും ചെയ്യുന്നതാണ്.

നരകത്തിന് മുകളില്‍ പാലമോ? അതിന്റെ മുകളില്‍ ഒരു പാലം ഉണ്ടായാല്‍ അത് കരിഞ്ഞുപോകില്ലേ? എങ്ങനെയാണ് അതിന് മുകളില്‍ അങ്ങനെയൊരു പാലം നില്‍ക്കുക? എങ്ങനെയാണ് അതിലൂടെ നടന്നുപോകുക? ഇങ്ങനെയെല്ലാം ചോദിച്ച് അല്ലാഹുവിന്റെ റസൂല്‍ ﷺ പഠിപ്പിച്ച ഇത്തരം അദൃശ്യമായ കാര്യങ്ങളെ പരിഹസിച്ചും നിഷേധിച്ചും കളവാക്കിയും പലരും കഴിഞ്ഞുപോയിട്ടുണ്ട്. ഇന്നും അവരുടെ വാദങ്ങളെ ഏറ്റുപിടിക്കുന്ന ആളുകളുണ്ട്.

(തുടരും)

മുഹമ്മദ് നബി ﷺ യുടെ സമുദായത്തിന്‍റെ സവിശേഷത

മുഹമ്മദ് നബി ﷺ യുടെ സമുദായത്തിന്‍റെ സവിശേഷത

(മുഹമ്മദ് നബി ﷺ , ഭാഗം 19)

മുഹമ്മദ് നബി ﷺ ലോകര്‍ക്ക് കാരുണ്യമായിട്ടാണ് അയക്കപ്പെട്ടത് എന്നത് ക്വുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണ്.

“ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല” (ക്വുര്‍ആന്‍ 21:107).

‘ആലമീന്‍’ എന്നതിനാണ് ‘ലോകര്‍’ എന്ന് നാം അര്‍ഥം നല്‍കിയിരിക്കുന്നത്. ഇതില്‍ അല്ലാഹുവിന്‍റെ എല്ലാ പടപ്പുകളും ഉള്‍പ്പെടുന്നതാണ്. മനുഷ്യരോടും മൃഗങ്ങളോടും പറവകളോടും വൃക്ഷങ്ങളോടും എല്ലാറ്റിനോടും കാരുണ്യമായിരുന്നു നബി ﷺ ക്ക്. അതിനുള്ള പല ഉദാഹരണങ്ങളും ഇതിനകം നാം മനസ്സിലാക്കി.

നബി ﷺ യെ ദ്രോഹിച്ച അനവധി ആളുകളുണ്ടായിരുന്നു. അവര്‍ക്കെതിരില്‍ എപ്പോഴും അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്ന സ്വഭാവക്കാരനായിരുന്നില്ല മുഹമ്മദ് നബി ﷺ . അവിടുന്ന് അല്ലാഹുവിനോട് തേടിയാല്‍ ഉത്തരം ഉറപ്പാണല്ലോ. എന്നാലും കാരുണ്യത്തിന്‍റെ തിരുദൂതന്‍ അല്ലാഹുവിനോട് അവര്‍ക്കെതിരില്‍ തേടുന്നവനായിരുന്നില്ല. ചില പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ് നബി ﷺ ശത്രുവിനെതിരില്‍ പ്രാര്‍ഥിച്ചിട്ടുള്ളത്. ശത്രുവിനെതിരില്‍ ശാപവര്‍ഷം നടത്തുവാനോ, അവരുടെ നാശത്തിന് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നവനോ ആയിട്ടല്ല മുഹമ്മദ് നബി ﷺ നിയോഗിക്കപ്പെട്ടത്. മറിച്ച്, എല്ലാവരോടും കാരുണ്യം കാണിക്കുന്ന, ശത്രുവിനോട് പോലും ഗുണകാംക്ഷയോടെ പെരുമാറിയ, എല്ലാവരിലും നന്മയെ അഭിലഷിക്കുന്ന, കാരുണ്യത്തിന്‍റെ പ്രതിബിംബമായിരുന്നു മുഹമ്മദ് നബി ﷺ .

അബൂഹുറയ്റ(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “പറയപ്പെട്ടു: അല്ലാഹുവിന്‍റെ ദൂതരേ, മുശ്രിക്കുകള്‍ക്കെതിരില്‍ അവിടുന്ന് ദുആ ചെയ്താലും.” നബി ﷺ പറഞ്ഞു: “തീര്‍ച്ചയായും ഞാന്‍ ശപിക്കുന്നവനായി അയക്കപ്പെട്ടവനല്ല, നിശ്ചയമായും കാരുണ്യമായിട്ട് മാത്രമാണ് അയക്കപ്പെട്ടത്” (മുസ്ലിം).

നബി ﷺ യില്‍ വിശ്വസിച്ചവര്‍ക്കും അവിശ്വസിച്ചവര്‍ക്കും ഈ കാരുണ്യം പ്രവാചകനാല്‍ നല്‍കപ്പെട്ടുകൊണ്ടിരിക്കുകയാണ് . വിശ്വസിക്കുന്നവര്‍ക്ക് ആ കാരുണ്യം ഇരുലോകത്തും നല്‍കപ്പെടുന്നു. അവിശ്വസിക്കുന്നവര്‍ക്ക് എങ്ങനെയാണ് നബി ﷺ മുഖേന കാരുണ്യം നല്‍കപ്പെടുന്നത്? മുന്‍കാല സമുദായങ്ങള്‍ അവരിലേക്ക് അയക്കപ്പെട്ട പ്രവാചകന്മാരെ നിഷേധിച്ചുതള്ളിയപ്പോള്‍ അവരെ പലവിധത്തിലുള്ള കെടുതികളിലൂടെയും അല്ലാഹു ഉന്മൂലനം ചെയ്തത് നാം നബിമാരുടെ ചരിത്രത്തില്‍നിന്നും മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ നബി ﷺ യില്‍ അവിശ്വസിക്കുന്ന ആളുകളെ ഉന്മൂലനം ചെയ്യുമാറുള്ള ശിക്ഷ അവരെ പിടികൂടുകയില്ല. ഇത് നബി ﷺ യിലൂടെ അവിശ്വാസികള്‍ക്ക് കിട്ടുന്ന കാരുണ്യമാണ്. ഈ കാര്യം മുകളില്‍ കൊടുത്തിരിക്കുന്ന ആയത്തിനെ വിശദീകരിച്ചുകൊണ്ട് ഇമാം ത്വബ്രി(റ) ഇപ്രകാരം പറയുന്നതായി കാണാം:

ഇബ്നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം: “അല്ലാഹുവിന്‍റെ ഗ്രന്ഥത്തിലെ “ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല” എന്ന വാക്കിനെക്കുറിച്ച് അദ്ദേഹം പറയുന്നു: ‘അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന് ഇഹലോകത്തിലും പരലോകത്തിലും കാരുണ്യം രേഖപ്പെടുത്തപ്പെടും. അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കാത്തവന് (മുന്‍)സമുദായങ്ങള്‍ക്ക് ബാധിച്ചിട്ടുള്ള ആഴ്ത്തിക്കളയുന്നതില്‍നിന്നും നശിപ്പിക്കുന്നതില്‍നിന്നും ആശ്വാസം നല്‍കപ്പെട്ടിരിക്കുന്നു”(ജാമി ഉല്‍ബയാന്‍).

ഈ സൂക്തത്തിലെ ‘റഹ്മത്ത്’ എന്ന പദത്തെ വിവരിച്ചുകൊണ്ട് ക്വാദീ ഇയാദ്(റഹി) പറയുന്നത് കാണുക:

“വിശ്വാസികള്‍ക്ക് ഹിദായത്തിന് കാരണമായതിനാല്‍ (അവിടുന്ന്) കാരുണ്യമായവനായി, കപടവിശ്വാസിക്ക് (അവരെ) കൊന്നുകളയുന്നതില്‍നിന്ന് നിര്‍ഭയത്വത്തിന് കാരണമായതിനാലും (അവിടുന്ന്) കാരുണ്യവാനായി, (പാടെ ഉന്മൂലനം ചെയ്യുന്ന) ശിക്ഷ പിന്തിപ്പിക്കുന്നതിന് കാരണമായതിനാല്‍ അവിശ്വാസികള്‍ക്കും (അവിടുന്ന്) കാരുണ്യവനായി (അയക്കപ്പെട്ടിരിക്കുന്നു)” (അശ്ശിഫാ).

അബൂനുഐം അല്‍അസ്വ്ബഹാനിയ്യ്(റഹി) പറയുന്നത് കാണുക: “…തീര്‍ച്ചയായും അല്ലാഹു അവിടുത്തെ നിയോഗം ലോകര്‍ക്ക് കാരുണ്യമാക്കിയിരിക്കുന്നു. അല്ലാഹു പറയുന്നു: ‘ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.’ അപ്പോള്‍ നബി ﷺ ജീവിച്ചിരിക്കുന്ന കാലമത്രയും കടുത്ത ശിക്ഷയില്‍നിന്ന് നബി ﷺ യുടെ ശത്രുക്കളെ അല്ലാഹു രക്ഷപ്പെടുത്തിയിരിക്കുന്നു. അതാണ് അല്ലാഹുവിന്‍റെ ആ വചനം: ‘എന്നാല്‍ നീ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല'(അന്‍ഫാല്‍ 33).നബി ﷺ അവര്‍ക്ക് വിവരിച്ചുകൊടുത്ത സത്യമായ (ആ ശിക്ഷക്ക്) അവര്‍ ധൃതിയില്‍ ആവശ്യപ്പെടുമ്പോഴും അല്ലാഹു അവരെ ശിക്ഷിച്ചില്ല” (ദലാഇലുന്നുബുവ്വഃ).

ചുരുക്കത്തില്‍ നബി ﷺ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും കപടന്മാര്‍ക്കും എല്ലാവര്‍ക്കും അനുഗ്രഹവും കാരുണ്യവുമാണ് എന്നാണ് ഈ വചനം നമ്മെ പഠിപ്പിക്കുന്നത്.

നബി ﷺ യെ വെല്ലുവിളിച്ച, പരിഹസിച്ച, നിഷേധിച്ച പലരെയും അല്ലാഹു പിടികൂടിയിട്ടുണ്ടായിരുന്നു. ചില ഉദാഹരണങ്ങള്‍ നാം മുമ്പ് മനസ്സിലാക്കി. എന്നാല്‍ നബി ﷺ യെ കളവാക്കിയ, നിഷേധിച്ച, പരിഹസിച്ച, വെല്ലുവിളിച്ച നാട്ടുകാരെ മുഴുവനായും അല്ലാഹു പിടികൂടുക എന്ന സമ്പ്രദായം അല്ലാഹു നബി ﷺ യുടെ സമുദായത്തില്‍നിന്ന് എടുത്തുകളഞ്ഞിട്ടുണ്ട്. മുന്‍കാല സമുദായത്തിന്‍റെ അവസ്ഥ ഇപ്രകാരമല്ല. അവരെ അല്ലാഹു ഒന്നാകെ നശിപ്പിക്കുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്.

നൂഹ്നബി(അ)യുടെ ജനതയെപ്പറ്റി ക്വുര്‍ആന്‍ പറയുന്നത് കാണുക:

“എന്നാല്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളിക്കളഞ്ഞു. അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും നാം കപ്പലില്‍ രക്ഷപ്പെടുത്തുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു തള്ളിക്കളഞ്ഞവരെ നാം മുക്കിക്കൊല്ലുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ അന്ധരായ ഒരു ജനതയായിരുന്നു” (ക്വുര്‍ആന്‍ 7:64).

ഹൂദ് നബി(അ)യുടെ ജനതയെ നശിപ്പിച്ചതിനെക്കുറിച്ച് ക്വുര്‍ആന്‍ പറയുന്നു:

“അങ്ങനെ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും നമ്മുടെ കാരുണ്യംകൊണ്ട് നാം രക്ഷപ്പെടുത്തുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചുതള്ളുകയും വിശ്വസിക്കാതിരിക്കുകയും ചെയ്തവരെ നാം മുരടോടെ മുറിച്ചുകളയുകയും ചെയ്തു” (ക്വുര്‍ആന്‍ 7:72).

സ്വാലിഹ് നബി (അ)യുടെ ജനതയെ നശിപ്പിച്ചതിനെക്കുറിച്ച് ക്വുര്‍ആന്‍ പറയുന്നു:

“അപ്പോള്‍ ഭൂകമ്പം അവരെ പിടികൂടി. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ വീടുകളില്‍ കമീഴ്ന്നുവീണ് കിടക്കുന്നവരായിരുന്നു. അനന്തരം സ്വാലിഹ് അവരില്‍നിന്ന് പിന്തിരിഞ്ഞുപോയി. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് എന്‍റെ രക്ഷിതാവിന്‍റെ സന്ദേശം എത്തിച്ചുതരികയും ആത്മാര്‍ഥമായി ഞാന്‍ നിങ്ങളോട് ഉപദേശിക്കുകയുമുണ്ടായി. പക്ഷേ, സദുപദേശികളെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല” (ക്വുര്‍ആന്‍ 7:79)

ലൂത്വ്(അ)ന്‍റെ ജനതയെ നശിപ്പിച്ചതിനെ പറ്റി ക്വുര്‍ആന്‍ പറയുന്നത് കാണുക:

“അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ഭാര്യ ഒഴിച്ചുള്ള കുടുംബക്കാരെയും നാം രക്ഷപ്പെടുത്തി. അവള്‍ പിന്തിരിഞ്ഞു നിന്നവരുടെ കൂട്ടത്തിലായിരുന്നു. നാം അവരുടെമേല്‍ ഒരുതരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക” (ക്വുര്‍ആന്‍ 7:84)

എല്ലാ പ്രവാചകന്മാരും അവരുടെ ജനതയെ അല്ലാഹുവിലേക്ക് ക്ഷണിച്ചപ്പോള്‍ അവരില്‍ അധികപേരും അവിശ്വസിക്കുകയും കളവാക്കുകയും കളിയാക്കുകയുമാണ് ചെയ്തത്. അക്കാരണത്താല്‍ തന്നെ അതാത് ജനതയെ ഭൂമിയില്‍നിന്ന് ഉന്മൂലനം ചെയ്യുകയാണ് ചെയ്തത്.

പരലോകത്തും നേതാവ്

മുഹമ്മദ് നബി ﷺ ലോകരില്‍ ഉത്കൃഷ്ടനാണല്ലോ. അവിടുത്തെ മഹത്വവും ശ്രേഷ്ഠതയും മറ്റുള്ളവരേക്കാളും അധികമാണ്. മുഹമ്മദ് നബി ﷺ ക്ക് അല്ലാഹു ഈ ലോകത്ത് നല്‍കിയ വിവിധങ്ങളായ പ്രത്യേകതകള്‍ നാം മനസ്സിലാക്കുകയുണ്ടായി. പരലോകത്ത് വരുമ്പോള്‍ അതിലേറെ വമ്പിച്ച സ്ഥാനവും പദവിയുമാണ് നല്‍കപ്പെടാനിരിക്കുന്നത്. പരലോകത്ത് വരുമ്പോള്‍ അവിടുന്ന് തന്നെയാണ് മനുഷ്യരുടെ നേതാവ്.

അബൂഹുറയ്റ(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറഞ്ഞു: ‘അന്ത്യനാളില്‍ ആദം സന്തതികളുടെ നേതാവാകുന്നു ഞാന്‍. ആദ്യമായി എന്‍റെ ക്വബ്റായിരിക്കും പൊട്ടിപ്പിളരുന്നത്. ആദ്യമായി ശുപാര്‍ശ നടത്തുന്നവനും ആദ്യമായി ശുപാര്‍ശ സ്വീകരിക്കപ്പെടുന്നവനും (ഞാനായിരിക്കും)” (മുസ്ലിം).

 

ഹുസൈന്‍ സലഫി, ഷാര്‍ജ
(മുഹമ്മദ് നബി ﷺ , ഭാഗം 19)
നേർപഥം

 

ഗോത്രത്തെ നാടുകടത്തിയ സംഭവം

ഗോത്രത്തെ നാടുകടത്തിയ സംഭവം

(മുഹമ്മദ് നബി ﷺ : 45)

ബനൂ നദീര്‍, ബനൂ ക്വയ്‌നുക്വാഅ്, ബനൂക്വുറയ്ദ്വ തുടങ്ങിയ ജൂതഗോത്രങ്ങള്‍ മദീനയില്‍ ഉണ്ടായിരുന്നല്ലോ. മദീനയില്‍ നബി ﷺ എത്തിയ ഉടനെ ഇവരുമായി ചില ഉടമ്പടികള്‍ ചെയ്തിരുന്നു. അതു പ്രകാരമായിരുന്നു നബി ﷺ അവിടെ കഴിച്ചുകൂട്ടിയിരുന്നത്. ഞങ്ങള്‍ക്കെതിരില്‍ യുദ്ധം ചെയ്യുകയോ ഞങ്ങള്‍ക്കെതിരില്‍ ശത്രുക്കളെ സഹായിക്കുകയോ ചെയ്യരുതെന്നും, ഈ കരാര്‍ പാലിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് മദീനയില്‍തന്നെ സമാധാന പൂര്‍വം ജീവിക്കാം എന്നും ഈ കരാറിലുണ്ടായിരുന്നു.

യഹൂദികള്‍ക്ക് അവരുടേതായ ചില പാരമ്പര്യ സ്വഭാവങ്ങളുണ്ട്. ചതിയും വഞ്ചനയും അവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ദുര്‍ഗുണമാണ്. അവരുടെ ചരിത്രം പരിശോധിച്ചാല്‍ തുടക്കം മുതല്‍ ഇന്നു വരെയും പല ഘട്ടത്തിലും പല രൂപത്തിലും ഇക്കാര്യം തെളിഞ്ഞുനില്‍ക്കുന്നത് കാണാന്‍ സാധിക്കും. നബി ﷺ യോട് കരാര്‍ എടുത്ത ഈ ജൂതഗോത്രങ്ങള്‍ അല്‍പകാലത്തിന് ശേഷം പതുക്കെ അവരുടെ വഞ്ചന പുറത്തേക്ക് എടുക്കാന്‍ തുടങ്ങി. ബദ്‌റും ഉഹ്ദും എല്ലാം കഴിഞ്ഞു. അവയില്‍ പല സ്വഹാബിമാരും കൊല്ലപ്പെട്ടു. അതിനു പുറമെ പല രൂപത്തിലായി ധാരാളം സ്വഹാബിമാര്‍ അറുകൊലക്ക് വിധേയരാകുകയും ചെയ്തു. ഇതിലൂടെയെല്ലാം നബി ﷺ ക്ക് വലിയ വിഷമമുണ്ടായി. ഇത് മനസ്സിലാക്കിയ യഹൂദികള്‍ ചില തന്ത്രങ്ങള്‍ മെനയാന്‍ ശ്രമിച്ചു. ‘മുഹമ്മദിന്റെ അനുയായികളെ കൊല്ലുന്നതിന് പകരം മുഹമ്മദിനെത്തന്നെ വകവരുത്തുക’ എന്നതായി അവരുടെ ലക്ഷ്യം. അതിനായി അവര്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. ധാരാളം പ്രവാചകന്മാരെ കൊന്ന പാരമ്പര്യമുള്ളവരാണല്ലോ യഹൂദികള്‍.

കരാര്‍ നിലനില്‍ക്കുന്ന ഗോത്രം എന്ന നിലയ്ക്ക് നബി ﷺ പ്രമുഖരായ കുറച്ച് സ്വഹാബിമാരെയും കൂട്ടി അവരെ സമീപിച്ചു. അല്‍പം പണം കടമായി ആവശ്യപ്പെടലായിരുന്നു അതിന്റെ ഉദ്ദേശ്യം. റസൂല്‍ ﷺ ലിന്റ സ്വന്തം ആവശ്യത്തിനു വേണ്ടിയായിരുന്നില്ല ഇത്. അവിടെ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു ബ്ലഡ് മണി സ്വരൂപിക്കേണ്ടതുണ്ടായിരുന്നു. തല്‍ക്കാലം ബനൂ നദീര്‍ ഗോത്രക്കാരില്‍നിന്നും അല്‍പം കടം വാങ്ങാം എന്ന് വിചാരിച്ചാണ് അവരെ നബി ﷺ സമീപിച്ചത്. മദീനയിലെ ഏറ്റവും വലിയ സമ്പന്ന ഗോത്രക്കാരായിരുന്നു അവര്‍. ബനൂ നദീറുകാര്‍ നബി ﷺ യെയും സ്വഹാബിമാരെയും കണ്ട മാത്രയില്‍തന്നെ വലിയ സന്തോഷത്തിലായി. വലിയ സ്വീകരണം നല്‍കി. നല്ല നിലയ്ക്ക് അവര്‍ വരവേറ്റു.

നബി ﷺ യും സ്വഹാബിമാരും വരുന്നുണ്ടെന്ന വിവരം നേരത്തെതന്നെ അവര്‍ക്ക് ലഭിച്ചിരുന്നു. അതിനാല്‍ അവര്‍ ചില കാര്യങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നു. നബി ﷺ ക്കായി അവര്‍ ഒരു പ്രത്യേക ഇരിപ്പിടം ഒരുക്കി. ഒരു മതിലിന്റെ സമീപത്ത് തണലുള്ള ഒരു ഇടമായിരുന്നു അത്. അങ്ങനെ നബി ﷺ യെ ആദരിക്കുന്ന മട്ടില്‍ അവര്‍ അവിടെ ഇരുത്തി. നബി ﷺ യും സ്വഹാബിമാരും അവിടെ ഇരിക്കുന്നതിനിടയില്‍ ഈ യഹൂദികള്‍ പരസ്പരം ഒരു പിറുപിറുക്കല്‍…! നബി ﷺ ഇരിക്കുന്ന മതിലിന് പിന്നിലൂടെ ചെന്ന് വലിയ ഒരു പാറക്കല്ല് എടുത്ത് നബി ﷺ യുടെ തലയിലേക്ക് എറിഞ്ഞ് ചതച്ച് കൊല്ലാനായിരുന്നു അവരുടെ പദ്ധതി. എന്നാല്‍ അല്ലാഹു നബി ﷺ ക്ക് അതിനെ സംബന്ധിച്ച് വിവരം നല്‍കി. അവിടെ നിന്നും എഴുന്നേറ്റ് പോകാന്‍ അല്ലാഹു നിര്‍ദേശം നല്‍കി. ഉടനെ നബി ﷺ അവിടെനിന്നും മദീനയിലേക്ക് നീങ്ങി. നബി ﷺ എന്തിനാണ് പെെട്ടന്ന് എഴുന്നേറ്റത് എന്ന് സ്വഹാബിമാര്‍ക്ക് പോലും മനസ്സിലായില്ല. അവരോട് പോലും നബി ﷺ അതിനെപ്പറ്റി പറയാതെ പെെട്ടന്ന് മദീനയിലേക്ക് നീങ്ങി. നബി ﷺ യെയും വിശ്വാസികളെയും വകവരുത്താനായി യഹൂദികള്‍ ശ്രമം നടത്തിയതിനെ സൂചിപ്പിച്ച് അല്ലാഹു ഇപ്രകാരം അറിയിക്കുന്നു:

”സത്യവിശ്വാസികളേ, ഒരു ജനവിഭാഗം നിങ്ങളുടെ നേരെ (ആക്രമണാര്‍ഥം) അവരുടെ കൈകള്‍ നീട്ടുവാന്‍ മുതിര്‍ന്നപ്പോള്‍, അവരുടെ കൈകളെ നിങ്ങളില്‍നിന്ന് തട്ടിമാറ്റിക്കൊണ്ട് അല്ലാഹു നിങ്ങള്‍ക്ക് ചെയ്തുതന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുവിന്‍. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ മാത്രം ഭരമേല്‍പിക്കട്ടെ” (ക്വുര്‍ആന്‍ 5:11).

യഹൂദികള്‍ നബി ﷺ യെ ചതിയിലൂടെ കൊലപ്പെടുത്താന്‍ പല തവണ തുനിഞ്ഞിരുന്നു. എന്നാല്‍ എല്ലാം കാണുകയും അറിയുകയും ചെയ്യുന്ന അല്ലാഹു ആ ഘട്ടങ്ങളിലെല്ലാം നബി ﷺ യെ രക്ഷപ്പെടുത്തുകയാണ് ചെയ്തത്.

തന്നെ വധിക്കാന്‍ ശ്രമിച്ചത് നബി ﷺ ക്ക് ബോധ്യമായി. താമസിയാതെ നബി ﷺ സ്വഹാബിമാരെ ബനൂ നദീര്‍ ഗോത്രക്കാരിലേക്ക് പറഞ്ഞുവിട്ടു. ‘ഉടനെ നിങ്ങള്‍ മദീനയില്‍നിന്നും പുറത്ത് പോകണം’ എന്ന് അവരെ അറിയിച്ചു. അങ്ങനെ അവരെ മുഴുവനും മദീനയില്‍ നിന്നും തുരത്തിയോടിക്കേണ്ടിവന്നു. ‘തുരത്തി വിടല്‍’ എന്ന അര്‍ഥം വരുന്ന ‘അല്‍ഹശ്ര്‍’ എന്ന ഒരു അധ്യായം ക്വുര്‍ആനിലുണ്ട്. ഈ അധ്യായത്തിന്റെ തുടക്കത്തില്‍ ഈ സംഭവത്തെ സംബന്ധിച്ചാണ് അല്ലാഹു നമുക്ക് പറഞ്ഞുതരുന്നത്.

പത്തു ദിവസത്തിനുള്ളില്‍ നിങ്ങള്‍ മദീന വിടണമെന്നും വിശ്വാസ വഞ്ചന നടത്തിയതിന്റെ പേരില്‍ നിങ്ങളെ ഇവിടെ താമസിപ്പിക്കാന്‍ കൊള്ളില്ലെന്നും അറിയിച്ച് സ്വഹാബിമാര്‍ യഹൂദികളെ വിവരം അറിയിച്ചു. അപ്പോള്‍ കപടവിശ്വാസികളുടെ നേതാവ് അബ്ദുല്ലാഹ് ഇബ്‌നു ഉബയ്യുബ്‌നു സലൂല്‍ പതുക്കെ യഹൂദികളെ സമീപിച്ചു. എന്നിട്ട് അവന്‍ അവരോട് പറഞ്ഞു:

‘നിങ്ങള്‍ ഉറച്ചുനില്‍ക്കുകയും ചെറുക്കുകയും ചെയ്യുവിന്‍. എന്നാല്‍ ഞങ്ങള്‍ നിങ്ങളെ വിട്ടുകൊടുക്കുകയേ ഇല്ല. ഇനി നിങ്ങള്‍ യുദ്ധം ചെയ്യപ്പെടുകയാണെങ്കില്‍ നിങ്ങളുടെ കൂടെ ഞങ്ങളും യുദ്ധം ചെയ്യുന്നതാണ്. നിങ്ങള്‍ പുറത്താക്കപ്പെടുകയാണെങ്കില്‍ നിങ്ങളുടെ കൂടെ ഞങ്ങളും പുറപ്പെടുന്നതാണ്.’

എന്റെ കൂടെ അറബികളില്‍നിന്ന് രണ്ടായിരത്തോളം പേരുണ്ടെന്നും, ധൈര്യമായി നിങ്ങള്‍ നിങ്ങളുടെ കോട്ടകളില്‍തന്നെ കഴിച്ചുകൂട്ടിക്കൊള്ളൂ എന്നും, ഞങ്ങള്‍ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും എന്നുമെല്ലാം അബ്ദുല്ലാഹ് അവരോട് വാഗ്ദത്തം ചെയ്തു. ഈ കാര്യത്തെ സംബന്ധിച്ച് ക്വുര്‍ആന്‍ പ്രസ്താവിക്കുന്നത് കാണുക:

”ആ കാപട്യം കാണിച്ചവരെ നീ കണ്ടില്ലേ? വേദക്കാരില്‍ പെട്ട സത്യനിഷേധികളായ അവരുടെ സഹോദരന്‍മാരോട് അവര്‍ പറയുന്നു: തീര്‍ച്ചയായും നിങ്ങള്‍ പുറത്താക്കപ്പെട്ടാല്‍ ഞങ്ങളും നിങ്ങളുടെ കൂടെ പുറത്ത് പോകുന്നതാണ്. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ഒരിക്കലും ഒരാളെയും അനുസരിക്കുകയില്ല. നിങ്ങള്‍ക്കെതിരില്‍ യുദ്ധമുണ്ടായാല്‍ തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ സഹായിക്കുന്നതാണ്. എന്നാല്‍ തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാണ് എന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു. അവര്‍ യഹൂദന്‍മാര്‍ പുറത്താക്കപ്പെടുന്ന പക്ഷം ഇവര്‍ (കപടവിശ്വാസികള്‍) അവരോടൊപ്പം പുറത്തുപോകുകയില്ലതന്നെ. അവര്‍ ഒരു യുദ്ധത്തെ നേരിട്ടാല്‍ ഇവര്‍ അവരെ സഹായിക്കുകയുമില്ല. ഇനി ഇവര്‍ അവരെ സഹായിച്ചാല്‍തന്നെ ഇവര്‍ പിന്തിരിഞ്ഞോടും, തീര്‍ച്ച. പിന്നീട് അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയില്ല. തീര്‍ച്ചയായും അവരുടെ മനസ്സുകളില്‍ അല്ലാഹുവെക്കാള്‍ കൂടുതല്‍ ഭയമുള്ളത് നിങ്ങളെ പറ്റിയാകുന്നു. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനതയായത് കൊണ്ടാകുന്നു അത്. കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍നിന്നോ അല്ലാതെ അവര്‍ ഒരുമിച്ച് നിങ്ങളോട് യുദ്ധം ചെയ്യുകയില്ല. അവര്‍ തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. അവര്‍ ഒരുമിച്ചാണെന്ന് നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായതുകൊണ്ടത്രെ അത്. അവര്‍ക്കു മുമ്പ് അടുത്തുതന്നെ കഴിഞ്ഞുപോയവരുടെ സ്ഥിതി പോലെത്തന്നെ. അവര്‍ ചെയ്തിരുന്ന കാര്യങ്ങളുടെ ദുഷ്ഫലം അവര്‍ ആസ്വദിച്ചുകഴിഞ്ഞു. അവര്‍ക്ക് വേദനയേറിയ ശിക്ഷയുമുണ്ട്. പിശാചിന്റെ അവസ്ഥ പോലെ തന്നെ. മനുഷ്യനോട്, നീ അവിശ്വാസിയാകൂ എന്ന് അവന്‍ പറഞ്ഞ സന്ദര്‍ഭം. അങ്ങനെ അവന്‍ അവിശ്വസിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ (പിശാച്) പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നീയുമായുള്ള ബന്ധത്തില്‍നിന്ന് വിമുക്തനാകുന്നു. തീര്‍ച്ചയായും ലോകരക്ഷിതാവായ അല്ലാഹുവെ ഞാന്‍ ഭയപ്പെടുന്നു. അങ്ങനെ അവര്‍ ഇരുവരുടെയും പര്യവസാനം അവര്‍ നരകത്തില്‍ നിത്യവാസികളായി കഴിയുക എന്നതായിത്തീര്‍ന്നു. അതത്രെ അക്രമകാരികള്‍ക്കുള്ള പ്രതിഫലം” (ക്വുര്‍ആന്‍ 59:11-17).

കപടവിശ്വാസികളുടെ വാഗ്ദാനത്തില്‍ ജൂതന്മാര്‍ വഞ്ചിതരായി. അവര്‍ അവരുടെ കോട്ടക്കകത്ത് തന്നെ നിലയുറപ്പിച്ചു. പുറത്ത് കടക്കാന്‍ കൂട്ടാക്കിയില്ല. നബി ﷺ യും സ്വഹാബിമാരും അവരെ ഉപരോധിച്ചു. കോട്ടക്കകത്തുനിന്നും ഇറങ്ങി മദീനയില്‍നിന്നും പുറത്ത് കടക്കാന്‍ കല്‍പിച്ചു. അതിന് യഹൂദികള്‍ കൂട്ടാക്കിയില്ല. ഇരുപത്തി ഒന്ന് ദിവസം നബി ﷺ യും സ്വഹാബിമാരും അവരുടെ കോട്ടകള്‍ വളഞ്ഞു. രക്ഷയില്ലെന്ന് മനസ്സിലാക്കിയ യഹൂദികള്‍ നബി ﷺ യോട് സന്ധിക്ക് അപേക്ഷിച്ചു. നബി ﷺ അത് അംഗീകരിച്ചില്ല. നിങ്ങള്‍ മദീന വിട്ട് പോയേ പറ്റൂ എന്ന് അവിടുന്ന് അവരോട് നിര്‍ബന്ധിച്ചു.

വലിയ സമ്പന്നരായിരുന്നല്ലോ അവര്‍. അതിനാല്‍ ഓരോ മുമ്മൂന്ന് വീട്ടുകാര്‍ക്കും ഓരോ ഒട്ടകത്തിന് വഹിക്കാന്‍ സാധിക്കുന്നത്ര സാധനങ്ങള്‍ നിങ്ങള്‍ക്ക് കൊണ്ടുപോകാം എന്നും അവരോട് നബി ﷺ അവിടെനിന്നും ഇറങ്ങിപ്പോകുന്ന വേളയില്‍ നിര്‍ദേശിച്ചു. യുദ്ധസാമഗ്രികളായ യാതൊന്നും അതില്‍ ഉണ്ടാകരുതെന്നും വീട്ടുസാധനങ്ങള്‍ മാത്രമെ അതില്‍ ഉണ്ടാകാവൂ എന്നും പ്രത്യേകിച്ച് അവരോട് നബി ﷺ പറഞ്ഞു.

കോട്ടക്ക് അകത്തുതന്നെ ഇരിപ്പുറപ്പിച്ച അവരെ പുറത്തിറക്കാനായി അവരുടെ ഈത്തപ്പനകള്‍ മുറിച്ചു കളയാനായി നബി ﷺ സ്വഹാബിമാരോട് കല്‍പിച്ചു. ഫല വൃക്ഷങ്ങള്‍ നശിപ്പിക്കരുത് എന്നതാണ് പ്രവാചക അധ്യാപനം. പക്ഷേ, ശത്രുക്കള്‍ പുറത്തിറങ്ങാന്‍ അത് ചെയ്യേണ്ടിവന്നു. അവസാനം മദീന വിട്ടു പോകാന്‍ യഹൂദികള്‍ നിര്‍ബന്ധിതരായി. നബി ﷺ കല്‍പിച്ചത് പോലെ വീട്ടുസാധനങ്ങളെല്ലാം തയ്യാറാക്കി. അവശേഷിച്ചവ ‘മുഹമ്മദിനും കൂട്ടര്‍ക്കും ഉപയോഗിക്കാന്‍ കിട്ടരുത്’ എന്ന നിലയ്ക്ക് അവര്‍ പരമാവധി നശിപ്പിച്ചു. എന്നിട്ടും അമ്പത് പടയങ്കികളും അമ്പത് പടത്തൊപ്പികളും അടങ്ങുന്ന കറച്ചുയുദ്ധ സാമഗ്രികളും മറ്റു സ്വത്തുക്കളും യുദ്ധാര്‍ജിത സ്വത്തായി (ഗ്വനീമത്ത്) വിശ്വാസികള്‍ക്ക് ലഭിച്ചു.

ഇതാണ് ‘ബനൂന്നദീര്‍ യുദ്ധം’ എന്ന പേരില്‍ അറിയപ്പെടുന്നത്. അവര്‍തന്നെ ചോദിച്ചുവാങ്ങിയ ഒന്നായിരുന്നു ഇത്. ഈ ചരിത്രം വളച്ചൊടിച്ച്, സ്വന്തം നാട്ടില്‍ ജീവിക്കുന്നവരെ ആട്ടിപ്പുറത്താക്കിയ കണ്ണില്‍ ചോരയില്ലാത്തവനാണ് മുഹമ്മദെന്നും ഇതാണോ കാരുണ്യത്തിന്റെ മതം എന്നുമെല്ലാം ചില വിമര്‍ശകര്‍ ചോദിക്കാറുണ്ട്. സമാധാനത്തോടെ നാട്ടില്‍ ജീവിക്കാനായി പരസ്പരമുണ്ടാക്കിയ കരാര്‍ ലംഘിച്ച് ചതിയിലൂടെ നബി ﷺ യെ വധിക്കാന്‍ ശ്രമിച്ചപ്പോഴാണ് അവരെ മദീനയില്‍നിന്നും നബി ﷺ പുറത്താക്കാന്‍ തയ്യാറായത് എന്ന കാര്യം ഇക്കൂട്ടര്‍ മനഃപൂര്‍വം കണ്ടില്ലെന്ന് നടിക്കുകയാണ്. അവരെ ഉപദ്രവിക്കാതെ നാടു വിടാന്‍ കല്‍പിക്കുക മാത്രമാണ് നബി ﷺ ചെയ്തത് എന്ന കാര്യം ഓര്‍ക്കുക. അത് നബി ﷺ യുടെ കാരുണ്യത്തെയാണ് അറിയിക്കുന്നത്. ആ സംഭവത്തെ പറ്റി ക്വുര്‍ആന്‍ വിശദീകരിക്കുന്നത് കാണുക:

”വേദക്കാരില്‍ പെട്ട സത്യനിഷേധികളെ ഒന്നാമത്തെ തുരത്തിയോടിക്കലില്‍തന്നെ അവരുടെ വീടുകളില്‍നിന്നു പുറത്തിറക്കിയവന്‍ അവനാകുന്നു. അവര്‍ പുറത്തിറങ്ങുമെന്ന് നിങ്ങള്‍ വിചാരിച്ചിരുന്നില്ല. തങ്ങളുടെ കോട്ടകള്‍ അല്ലാഹുവില്‍നിന്ന് തങ്ങളെ പ്രതിരോധിക്കുമെന്ന് അവര്‍ വിചാരിച്ചിരുന്നു. എന്നാല്‍ അവര്‍ കണക്കാക്കാത്ത വിധത്തില്‍ അല്ലാഹു അവരുടെ അടുക്കല്‍ ചെല്ലുകയും അവരുടെ മനസ്സുകളില്‍ ഭയം ഇടുകയും ചെയ്തു. അവര്‍ സ്വന്തം കൈകള്‍കൊണ്ടും സത്യവിശ്വാസികളുടെ കൈകള്‍കൊണ്ടും അവരുടെ വീടുകള്‍ നശിപ്പിച്ചിരുന്നു. ആകയാല്‍ കണ്ണുകളുള്ളവരേ, നിങ്ങള്‍ ഗുണപാഠം ഉള്‍കൊള്ളുക” (ക്വുര്‍ആന്‍ 59:2).

യഹൂദികളെ ആദ്യമായി അവരുടെ വീടുകളില്‍നിന്ന് പുറത്താക്കിയ സംഭവം ഇതായിരുന്നു. എന്നാല്‍ ക്വുര്‍ആന്‍ സൂചിപ്പിച്ചതുപോലെ അതിനു പുറമെ മറ്റു സന്ദര്‍ഭങ്ങളിലും അവര്‍ ആട്ടി പുറത്താക്കപ്പെട്ടിട്ടുണ്ട്.

യഹൂദികള്‍ വിചാരിച്ചത് മുസ്‌ലിംകള്‍ക്ക് അവരെ അവരുടെ കോട്ടകളില്‍നിന്നും പുറത്താക്കാന്‍ സാധിക്കില്ല എന്നാണ്. അപ്രകാരം മുസ്‌ലിംകളും വിചാരിച്ചു. എന്നാല്‍ അത് സംഭവിച്ചു. അവരുടെ മനസ്സില്‍ ഭീതിയുണ്ടായി. പുറത്ത് കടക്കേണ്ട അവസ്ഥ വന്നു. അങ്ങനെ അവരുടെ സാമഗ്രികളെല്ലാം ആവും വിധം അവര്‍ നശിപ്പിച്ചു. പുറത്ത് അവരുടെ ഈത്തപ്പനകള്‍ മുസ്‌ലിംകളുടെ കൈകളാലും നശിപ്പിക്കപ്പെട്ടു.

”അല്ലാഹു അവരുടെമേല്‍ നാടുവിട്ടുപോക്ക് വിധിച്ചിട്ടില്ലായിരുന്നുവെങ്കി ല്‍ ഇഹലോകത്തുവെച്ച് അവന്‍ അവരെ ശിക്ഷിക്കുമായിരുന്നു. പരലോകത്ത് അവര്‍ക്കു നരകശിക്ഷയുമുണ്ട്. അത് അല്ലാഹുവോടും അവന്റെ റസൂലിനോടും അവര്‍ മത്സരിച്ചു നിന്നതിന്റെ ഫലമത്രെ. വല്ലവനും അല്ലാഹുവുമായി മത്സരിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു. നിങ്ങള്‍ വല്ല ഈന്തപ്പനയും മുറിക്കുകയോ അല്ലെങ്കില്‍ അവയെ അവയുടെ മുരടുകളില്‍ നില്‍ക്കാന്‍ വിടുകയോ ചെയ്യുന്ന പക്ഷം അത് അല്ലാഹുവിന്റെ അനുമതി പ്രകാരമാണ്. അധര്‍മകാരികളെ അപമാനപ്പെടുത്തുവാന്‍ വേണ്ടിയുമാണ്” (ക്വുര്‍ആന്‍ 59:3-5).

അല്ലാഹുവിനോടും അവന്റെ റസൂലിനോടും എതിരിട്ടത് കാരണമാണ് അവര്‍ക്ക് ഇതെല്ലാം സംഭവിച്ചത്. അല്ലാഹുവിനോടും അവന്റെ പ്രവാചകനോടും എതിരിടുന്നവര്‍ക്ക് ഇപ്രകാരം അല്ലാഹു ഒരുക്കി വെച്ചിട്ടുണ്ടെന്ന് ക്വുര്‍ആന്‍ മറ്റൊരിടത്തും വ്യക്തമാക്കിയിട്ടുണ്ട്: ”തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്കുതന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!” (ക്വുര്‍ആന്‍ 4:115).

തൗറാത്ത് പഠിച്ച, അവസാനത്തെ പ്രവാചകനെ പ്രതീക്ഷിച്ചിരുന്ന യഹൂദികള്‍ സത്യം മനസ്സിലാക്കിയതിന് എതിരു കാണിച്ചപ്പോള്‍ അല്ലാഹു അവരെ എന്നെന്നേക്കുമായി ശപിക്കുകയാണ് ചെയ്തത്. ഇത് എല്ലാവര്‍ക്കും പാഠമാണ്. ഒരു സത്യം മനസ്സിലാക്കിയിട്ട് അതിനെതിരായി മനഃപൂര്‍വം നിന്നാല്‍ അല്ലാഹു അവനെ കൈവിടുന്നതാണ്. അതിനാല്‍ അല്ലാഹുവിന്റെയോ റസൂലിന്റെയോ കല്‍പനയെ ചോദ്യം ചെയ്യാതെ, പരിഹസിക്കാതെ, അവഗണിക്കാതെ ജീവിക്കാന്‍ ഓരോ വിശ്വാസിയും തയ്യാറാകേണ്ടതുണ്ട്.

ഹുസൈന്‍ സലഫി, ഷാര്‍ജ

നേർപഥം വാരിക 

സ്രഷ്ടാവിന്റെ തൃപ്തി ലഭിക്കാന്‍…

സ്രഷ്ടാവിന്റെ തൃപ്തി ലഭിക്കാന്‍...

മനുഷ്യന്‍ വിശപ്പും ദാഹവുമുള്ള ഒരു ജീവിയാണ്. നല്ല ഭക്ഷണം കഴിക്കുവാനും ഉത്തമ പാനീയങ്ങള്‍ കുടിക്കുവാനും ആഗ്രഹിക്കാത്തവരില്ല. പട്ടിണിപ്പാവങ്ങള്‍ പൈദാഹമകറ്റാന്‍ എന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നാശിക്കുമ്പോള്‍ സമ്പന്നര്‍ കൂടുതല്‍ കൂടുതല്‍ ഉത്തമമായവ കിട്ടുവാന്‍ തിടുക്കം കൂട്ടുന്നു.

ആരാണ് മനുഷ്യര്‍ക്ക് വിശപ്പടക്കുവാനും പോഷണം നേടാനും ആവശ്യമായ ധാന്യങ്ങളും പഴവര്‍ഗങ്ങളും പച്ചക്കറികളുമെല്ലാം ഉദ്പാദിപ്പിക്കുന്നത്? ആരാണ് ഉപരിലോകത്തുനിന്ന് ശുദ്ധമായ വെള്ളം മഴയായി ഇറക്കിത്തരുന്നത്? സമുദ്രങ്ങളുടെയും നദികളുടെയും മറ്റും വിധാതാവ് ആരാണ്? കിണറുകള്‍ കുഴിക്കുമ്പോള്‍ വെള്ളം കിട്ടുന്നതരത്തില്‍ ഭൂമിക്കുള്ളില്‍ വെള്ളം തടഞ്ഞുനിര്‍ത്തുന്നത് ആരാണ്?

ഇതിലൊന്നും മനുഷ്യര്‍ക്ക് യാതൊരു പങ്കുമില്ല. സര്‍വശക്തനും കാരുണ്യവാനുമായ അല്ലാഹുവാണിതിന് പിന്നില്‍ എന്ന് സത്യവിശ്വാസികള്‍ പറയുമ്പോള്‍ അതിനെ പുഛിച്ചുതള്ളിക്കൊണ്ട് യുക്തിവാദികളും നിരീശ്വരവാദികളും പറയുന്നത് അതെല്ലാം പ്രകൃതി നിയമങ്ങളാണ് എന്നാണ്! പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനും നിയമങ്ങള്‍ ആവിഷ്‌കരിക്കുവാനും ബുദ്ധിയും ചിന്തയും ആവശ്യമാണ്. പ്രകൃതി അത്തരത്തിലുള്ളതാണോ? ഒരിക്കലുമല്ല.

വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ”അഥവാ, ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതരികയും ചെയ്തവന്‍ ആരാണ്? എന്നിട്ട് അത് മുഖേന കൗതുകമുള്ള ചില തോട്ടങ്ങള്‍ നാം മുളപ്പിക്കുകയും ചെയ്തു. അവയിലെ വൃക്ഷങ്ങള്‍ മുളപ്പിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? അല്ല, അവര്‍ വ്യതിചലിച്ചുപോകുന്ന ഒരു ജനതയാകുന്നു” (ക്വുര്‍ആന്‍ 27:60).

പട്ടിണികിടക്കുന്നവര്‍ക്കേ വിശപ്പിന്റെ കാഠിന്യവും അന്നത്തിന്റെ വിലയുമറിയൂ. ദാഹിച്ച് വലയുന്നവര്‍ക്കേ ദാഹത്തിന്റെ പരവശതയും വെള്ളത്തിന്റെ അമൂല്യതയുമറിയൂ. വിശപ്പും ദാഹവും അനുഭവിക്കുന്നവന് ആരെങ്കിലും ഭക്ഷണവും വെള്ളവും നല്‍കിയാല്‍ അത് നല്‍കിയവനോട് അയാള്‍ നന്ദി കാണിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ ഇതെല്ലാം ഒരുക്കിത്തരുന്ന സ്രഷ്ടാവിനെ ഓര്‍ക്കുവാനും അവനോട് നന്ദി കാണിക്കുവാനും സന്മനസ്സുള്ളവര്‍ വിരളമാണ്.

ആഹരിക്കുന്നതും പാനംചെയ്യുന്നതും അല്ലാഹുവിന്റെ നാമത്തിലായിരിക്കണമെന്നും അവസാനിക്കുമ്പോള്‍ അവനെ സ്തുതിക്കണമെന്നും ഇസ്‌ലാം അനുശാസിക്കുന്നു. ഭക്ഷണവും വെള്ളവും നല്‍കുന്നവന്‍ അല്ലാഹുവാണ്. അവ കിട്ടാതെ വലയുന്നവര്‍ ധാരാളമുണ്ട്. എല്ലാം ഉണ്ടായിട്ടും ഭക്ഷണം കഴിക്കാനും വെള്ളം കുടിച്ച് ദാഹമകറ്റാനും സാധിക്കാത്ത എത്രയോ രോഗികളുണ്ട്. ഇതൊക്കെ ഓര്‍ക്കുന്ന ഒരു മനുഷ്യന് അത്തരത്തിലുള്ള തടസ്സങ്ങള്‍ ഒന്നുമില്ലാത്ത അവസ്ഥ നല്‍കിയ അല്ലാഹുവിനെ ഓര്‍ക്കാതെ എങ്ങനെ ഭക്ഷണം കഴിക്കാന്‍ കഴിയും? എങ്ങനെ വെള്ളം കുടിക്കാന്‍ കഴിയും? വിശപ്പും ദാഹവുമകന്നാല്‍ എങ്ങനെ അല്ലാഹുവിനെ സ്തുതിക്കാതിരിക്കാന്‍ കഴിയും? ഒരു ഗ്ലാസ് വെള്ളം കുടിച്ചാല്‍പോലും സത്യവിശ്വാസി സ്രഷ്ടാവിനെ സ്തുതിക്കും; കാരണം അവനാണത് നല്‍കിയത്. അതിന് അവനോട് നന്ദികാണിക്കേണ്ടതുണ്ട്. അങ്ങനെ നന്ദിസൂചകമായി അല്ലാഹുവിനെ സ്തുതിക്കുന്നവനെക്കുറിച്ച് അല്ലാഹു സംതൃപ്തനായിരിക്കുമെന്നാണ് നബി ﷺ പഠിപ്പിക്കുന്നത്.

ഉസ്മാന്‍ പാലക്കാഴി

നേർപഥം വാരിക 

മരണം മണക്കുന്ന പായകള്‍

മരണം മണക്കുന്ന പായകള്‍

നമസ്‌കാരത്തിന്ന് അടുത്തുള്ള പള്ളിയിലെത്തിയപ്പോള്‍ പുതിയൊരു പായ കണ്ടു. പ്ലാസ്റ്റിക് നിര്‍മിതമായ, വെള്ളനിറത്തിന് കൂടുതല്‍ പ്രാമുഖ്യമുള്ള, നേര്‍ത്ത സുഗന്ധത്തോടുകൂടിയ പായ. പള്ളിപ്പറമ്പില്‍ മറവുചെയ്യാന്‍ കൊണ്ടുവന്ന ജനാസയുടെ കൂടെയെത്തിയതാണാ പായ!

ഏതാനും നാളുകള്‍ കൂടി ആ പായയുടെ പുതുമ നിലനില്‍ക്കും. പിന്നെ സുഗന്ധം മായും. നിറം മങ്ങുന്നതിന് മുമ്പ് മറ്റൊരു പായയെത്തും; പുതിയ ഒരു നിറത്തില്‍ മറ്റൊരു മണവുമായി. ഭൂമിയില്‍ ജീവിച്ച് കൊതിതീരാത്ത ഒരു മനുഷ്യന്റെ മയ്യിത്തിനെ മണ്ണിലേക്ക് സമര്‍പ്പിക്കാന്‍ അകമ്പടി വരുന്ന പായ.

ഏതൊരാള്‍ക്കും മരണം നിശ്ചയിക്കപ്പെട്ട ഒരു നാളുണ്ട്. മരണം കൃത്യസമയത്ത് കടന്നുവരും. ഫോണുകള്‍ വഴി വിവരം പരക്കും; ചുണ്ടില്‍നിന്ന് ചുണ്ടിലേക്കും. എപ്പോഴാണ് മയ്യിത്ത് എടുക്കുകയെന്ന ചോദ്യമുയരും; തീരുമാനമുണ്ടാകും. അതിനു മുമ്പായി മയ്യിത്തിനെ കുളിപ്പിക്കും. ഏതോ ദൂരദിക്കില്‍ നിന്ന് അടുത്തൊരു കടയിലെത്തിയ വെള്ളവസ്ത്രവും സുഗന്ധ ദ്രവ്യവും കൂട്ടിനെത്തും.ആളുകള്‍ മയ്യിത്തിന് അകമ്പടി സേവിക്കും. കുറേ പേര്‍ നേരത്തെ പള്ളിയിലെത്തി കാത്തുനില്‍ക്കും. പിന്നെ നമസ്‌കാരം… ക്വബ്‌റടക്കല്‍, തസ്ബീത്, കണ്ണീര്… നെടുവീര്‍പ്പ്… നല്ല മനുഷ്യനായിരുന്നുവെന്ന അടക്കംപറച്ചില്‍. അങ്ങനെ മയ്യിത്തിനെ പൊതിഞ്ഞ മറ്റൊരു പായകൂടി പള്ളിയിലെത്തും.

നിര്‍ബന്ധമായും അനുഭവിച്ചറിയുന്ന യാഥാര്‍ഥ്യമാണ് മരണം. അതു നുകരാതെ, രുചിക്കാതെ ആരുമുണ്ടാവില്ല. ഭരണാധികാരിയും ഭരണീയനും പണക്കാരനും പണിക്കാരനും മുതലാളിയും തൊഴിലാളിയും കുബേരനും കുചേലനും മര്‍ദകനും മര്‍ദിതനും പുണ്യാളനും പാപിയും മരണത്തെ ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ട്. ദുര്‍ബലന്റെ ദുര്‍ബലതയോ ശക്തിമാന്റെ ശക്തിയോ മരണത്തില്‍നിന്ന് മറയാകില്ല. ആളെത്ര ഊക്കേറിയവനായാലും മരണദൂതന്‍ വന്നു കവാടം മുട്ടിയാല്‍ മരണത്തിന് കീഴൊതുങ്ങിയേ മതിയാവൂ. നാനാതരം മനുഷ്യസമൂഹങ്ങളും വര്‍ഗങ്ങളും ഭൗതിക ലോകത്ത് കഴിഞ്ഞുപോയിട്ടുണ്ട്. അവര്‍ക്കെല്ലാം എന്തുപറ്റി? അവരെല്ലാം എവിടെപ്പോയി?

”…അവരില്‍നിന്ന് ആരെയെങ്കിലും നീ കാണുന്നുണ്ടോ? അഥവാ അവരുടെ നേരിയ ശബ്ദമെങ്കിലും നീ കേള്‍ക്കുന്നുണ്ടോ?” (ക്വുര്‍ആന്‍ 19:98).

നാമും അവരുടെ വഴിയിലാണ്. നമുക്കും മരണവേളയും മയ്യിത്ത് കട്ടിലുമുണ്ട്. മരണാസന്നനായവന്റെ നിസ്സഹായാവസ്ഥ നമുക്കും അനുഭവിക്കുവാനുള്ളതാണ്. കണ്ണുകള്‍ നിറയും. ശബ്ദം ഇടറും. കൈകാലുകള്‍ കൂട്ടിയുരുമ്മും. മലക്കുല്‍ മൗത്തിനെയും കൂടെയുള്ളവരെയും നേരില്‍ കാണും. ഉറ്റവരെയും ഉടയവരെയും കേവലം നോക്കുകുത്തികളാക്കി മരണം നമ്മെ റാഞ്ചിയെടുക്കും. അതെ, സൃഷ്ടികളില്‍ ജീവനുള്ളതിനെല്ലാം മരണം സുനിശ്ചിതമാണ്. മരണത്തില്‍നിന്നും രക്ഷപ്പെടുവാന്‍ വഴികളേതുമേയില്ല.

”…അവന്റെ (അല്ലാഹുവിന്റെ) തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ്. അവന്നുള്ളതാണ് വിധികര്‍തൃത്വം. അവങ്കലേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും” (ക്വുര്‍ആന്‍ 28:88).

എങ്ങോ ഒരു പായ നമ്മെയും കാത്തിരിക്കുന്നുണ്ട് എന്ന് ഓര്‍മിക്കുന്നുവോ നാം?


ഇബ്‌നു അലി എടത്തനാട്ടുകര

നേർപഥം വാരിക 

എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി

എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി

glasses, book, education-1052010.jpg

(ഭാഗം: 02)

അബ്ദുര്‍റഹ്മാന്‍ മൗലവി മദ്‌റസത്തുല്‍ മുഹമ്മദിയ്യ(കോഴിക്കോട്)യില്‍ പഠിപ്പിച്ചിരുന്നു. വാഴക്കാട് ദാറുല്‍ ഉലൂം മദ്‌റസയില്‍ ജ:കൊയപ്പത്തോടി അഹ്മദ് കുട്ടി ഹാജി ജീവിച്ചിരിക്കുമ്പോള്‍, ജ:കെ.എം മൗലവിയുടെ നിര്‍ദേശപ്രകാരം ജ:പറവണ്ണ മൊയ്തീന്‍കുട്ടി മുസ്‌ലിയാരെ നിയമിച്ചിരുന്നു. അദ്ദേഹം വിട്ടുപോയപ്പോള്‍ തല്‍സ്ഥാനത്തു എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയെ ആയിരുന്നു നിശ്ചയിച്ചത്. അദ്ദേഹത്തിന്റെ പരിശ്രമഫലമായി ദാറുല്‍ ഉലൂമിനെ മദ്രാസ് യൂനിവേഴ്‌സിറ്റി ഒരു അറബിക്കോളേജായി അംഗീകരിക്കുകയുണ്ടായി.

മദ്‌റസയെ വിചാരിച്ചപോലെ അഭിവൃദ്ധിപ്പെടുത്തുവാന്‍ ആവശ്യമായ പൂര്‍ണ സഹകരണം മാനേജ്‌മെന്റില്‍നിന്നും കിട്ടാത്തതിനെ പറ്റി അദ്ദേഹം പ്രിന്‍സിപ്പാളായിരിക്കുമ്പോള്‍ എന്നോട് ആവലാതിപ്പെട്ടത് ഞാന്‍ ഓര്‍ക്കുന്നു. അവസാനം മദ്‌റസ പെട്ടെന്ന് പൂട്ടുവാന്‍ മാനേജ്‌മെന്റിന്റെ നിസ്സഹകരണം ഇടയാക്കിയതിനാല്‍ അബ്ദുര്‍റഹ്മാന്‍ മൗലവിയും വിദ്യാര്‍ഥികളും സ്ഥലം വിട്ടു. കെ.എം മൗലവി അവരെ തിരൂരങ്ങാടിയിലേക്ക് ക്ഷണിച്ചതു പ്രകാരം തറമ്മല്‍ പള്ളിയില്‍വെച്ച് അവര്‍ കുറച്ചുകാലം ക്ലാസ്സ് നടത്തിയെങ്കിലും കോളേജ് ജംഇയ്യത്തുല്‍ ഉലമായുടെ പേരിലോ, തിരൂരങ്ങാടിയിലുള്ള മാനേജ്‌മെന്റിന്റെ കീഴിലോ നടത്തേണ്ടത് എന്നൊരു അഭിപ്രായവ്യത്യാസം ഉണ്ടായി.

വാസ്തവത്തില്‍ കെ.എം മൗലവി ക്ഷണിച്ചപ്പോള്‍ എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി കണക്കാക്കിയത് ജംഇയ്യത്തുല്‍ ഉലമായുടെ പ്രസിഡന്റ്ക്ഷണിക്കുന്നുവെന്നാണ്. തിരൂരങ്ങാടിയിലെ മാനേജ്‌മെന്റിന്റെ  പ്രസിഡന്റും കെ.എം മൗലവിയായതുകൊണ്ട് അവിടെയുള്ളവര്‍ മറിച്ചും ധരിച്ചു.

ബുദ്ധിയോടെ സ്വയം അര്‍പ്പിച്ച ഒരു വ്യക്തിയായിരുന്നു എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി സാഹിബ്. മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ക്വുര്‍ആന്‍ പരിഭാഷ ആരംഭിച്ച മൂന്നു മഹാ പണ്ഡിതന്മാരില്‍ അബ്ദുര്‍റഹ്മാന്‍ മൗലവിയും ഉള്‍പ്പെട്ടിരുന്നു. മറ്റു രണ്ടുപേര്‍ (1) കെ.എം മൗലവി, (2) പി. കെ മൂസമൗലവി ഇവരാണ്.

ഏതായാലും ജംഇയ്യത്തുല്‍ ഉലമായുടെ കീഴില്‍ തന്നെ കോളേജ് നടത്തണമെന്ന ഉറച്ച അഭിപ്രായമുള്ളതിനാല്‍ അബ്ദുര്‍റഹമാന്‍ മൗലവി മറ്റു സ്ഥലം അന്വേഷിച്ചു. ജംഇയ്യത്തുല്‍ ഉലമായുടെ കീഴിലാണ് കോളേജ് നടത്തേണ്ടതെന്ന് ജംഇയ്യത്തുല്‍ ഉലമാ തീരുമാനിക്കുകയും ചെയ്തിരുന്നു.

പുളിക്കല്‍ ‘കവാകിബുന്നയ്യിറ’ സംഘത്തിന്റെ ഭാരവാഹികള്‍ മൗലവിയെ സ്വാഗതം ചെയ്തതിനാല്‍ അദ്ദേഹം കോളേജ് അവിടെ സ്ഥാപിച്ചു. തന്റെ പിതാവ് കുഞ്ഞമ്മദ് ഹാജിയായിരുന്നു കവാകിബുന്നയ്യിറ സ്ഥാപിക്കുന്നതിനു പ്രചോദനം നല്‍കിയത്. തന്റെ അനുജന്‍ ഹസന്‍ മൗലവി പുളിക്കല്‍ ദര്‍സ് നടത്തുകയും ചെയ്തിരുന്നു.

കോളേജിന്ന് അംഗീകരണം നേടുന്ന വിഷയത്തിലും മറ്റു അഭിവൃദ്ധിക്കുവേണ്ടിയും അബ്ദുര്‍റഹ്മാന്‍ മൗലവി ചരിത്രത്തില്‍ തുല്യത കാണാത്ത ക്ലേശങ്ങള്‍ അനുഭവിച്ചിട്ടുണ്ട്.

എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിക്ക് മറ്റുള്ളവര്‍ക്കില്ലാത്ത പല ഗുണങ്ങളുമുണ്ടായിരുന്നു. (1) അഹങ്കാരം അദ്ദേഹത്തെ തീണ്ടിയിട്ടേ ഇല്ല. (2) സത്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ മറ്റുള്ളവരുടെ സൂത്രങ്ങള്‍ കണ്ടുപിടിക്കുവാന്‍ സാമര്‍ഥ്യമുള്ള ഒരു ധീര പോരാളിയായിരുന്നു അദ്ദേഹം. (3) ക്വുര്‍ആനും സുന്നത്തും നബി ﷺ യും അനുയായികളും പിന്നീട് അവരോടടുത്ത കാലക്കാരായ മഹാപണ്ഡിതന്മാരും എങ്ങനെ മനസ്സിലാക്കിയോ അതേപ്രകാരം പുതിയ വ്യാഖ്യാനങ്ങളൊന്നും ചേര്‍ക്കാതെ മനസ്സിലാക്കണമെന്നു നിഷ്ഠയുണ്ടായിരുന്നു. (4) പിഴച്ച കക്ഷികള്‍ പുതുതായി നിര്‍മിച്ച തെറ്റായ വ്യാഖ്യാനങ്ങള്‍ സമുദായത്തില്‍ പ്രചരിച്ചുപോകുന്നതിന്നു എല്ലാ മുന്‍കരുതല്‍  നടപടികളും എടുക്കുന്നതില്‍ അദ്ദേഹത്തിനു അതിയായ ഉത്സാഹമുണ്ടായിരുന്നു. (5) എല്ലാവരുടെയും ഗുണകാംക്ഷിയായിരുന്നു. മറ്റുള്ളവരുടെ നന്മക്ക് വേണ്ടി അവര്‍ ആവശ്യപ്പെടാതെ തന്നെ ശ്രമിക്കാറുണ്ടായിരുന്നു.

സ്മാരക ഗ്രന്ഥത്തില്‍ കെ.എം. മൗലവിയുടെ ലേഖനത്തില്‍ ഇങ്ങിനെ പറയുന്നു:

”ഇളകാത്ത മനക്കരുത്തിന്റെയും നിലക്കാത്ത കഠിനാദ്ധ്വാനത്തിന്റെയും പര്യായമായിരുന്നു അദ്ദേഹം. താന്‍ ഏറെടുക്കുന്ന ബാധ്യതകള്‍ നല്ലനിലക്ക് നിറവേറ്റുവാന്‍ അദ്ദേഹം സദാ ഉത്സുകനായിരുന്നു. പ്രശസ്തമായ നിലയില്‍ നടന്നുവരുന്ന മദീനത്തുല്‍ ഉലൂം അറബി കോളേജിനെക്കുറിച്ചു ചിന്തിച്ചാല്‍ മതി പരേതന്റെ കഴിവുകള്‍ മനസ്സിലാക്കുവാന്‍. അതിന്റെ ഭരണം നിയന്ത്രിക്കുവാനും വീണുപോകാതെ നിലനിര്‍ത്തുവാനും പരേതന്‍ ചെയ്ത ശ്രമങ്ങള്‍ വിവരണാതീതമാണ്. ക്വുര്‍ആനും സുന്നത്തും അനുശാസിക്കുന്നവിധത്തിലുള്ള ഒരു ദീനീ സ്ഥാപനമായി അതിനെ ഉയര്‍ത്തിക്കൊണ്ടുവന്നത് പ്രധാനമായുംഅബ്ദുര്‍റഹ്മാന്‍ മൗലവിയുടെ അദ്ധ്വാനമാണ്.

ആദര്‍ശസ്ഥിരതയും അഭിപ്രായദാര്‍ഢ്യവും സ്മര്യപുരുഷന്റെ ഒരു പ്രത്യേകതയായിരുന്നു. ഏതു കാര്യമാവട്ടെ, അദ്ദേഹം അതിനെ സംബന്ധിച്ച് ശരിയായ ഒരു മാര്‍ഗം കണ്ടെത്തും. അതില്‍തന്നെ ഉറച്ചു നില്‍ക്കുകയും ചെയ്യും. എന്ത് ഭീഷണി ഉയര്‍ന്നാലും സാഹചര്യം എത്രതന്നെ പ്രതികൂലമായാലും അതിന്നു ഇളക്കമില്ല. അദ്ദേഹത്തിന്റെ തെളിഞ്ഞുകണ്ടിരുന്ന ഒരു പ്രധാന ഗുണമായിരുന്നു അത്. സത്യത്തില്‍നിന്നും അണുവളവ് വ്യതിചലിക്കുകയോ തന്റെ അഭിപ്രായങ്ങളും ആദര്‍ശങ്ങളും മറ്റുള്ളവര്‍ക്ക് വേണ്ടി ബലിയര്‍പ്പിക്കുകയോ ചെയ്ത സംഭവങ്ങള്‍ അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ ജീവിതത്തില്‍ ഒരിക്കലും എനിക്ക് കാണുവാന്‍ കഴിഞ്ഞിട്ടില്ല. ഇങ്ങിനെ തന്റെ ആദര്‍ശങ്ങളെയും അഭിപ്രായങ്ങളെയും മുറുകെപിടിച്ചുകൊണ്ട് എല്ലാ എതിര്‍പ്പുകളെയും നെഞ്ഞൂക്കോടെ നേരിട്ട ആദര്‍ശ പുരുഷന്മാര്‍ വളരെ വിരളമാണ്.”

സ്മാരക ഗ്രന്ഥത്തില്‍ കെ.എം മൗലവിക്ക് പുറമെ കുട്ട്യാമു സാഹിബ്, ഇ.കെ മൗലവി തുടങ്ങിയ പല മാന്യന്മാരും എം.സി.സിയുടെ ഗുണങ്ങള്‍ പ്രകീര്‍ത്തിച്ചുകൊണ്ടെഴുതിയിട്ടുണ്ട്. ലേഖന ദൈര്‍ഘ്യം ഭയന്നാണ് അവയില്‍ ചിലതെങ്കിലും ഉദ്ധരിക്കാത്തത്.

അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ അഭിലാഷങ്ങള്‍

ജ:അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ ശിഷ്യന്മാര്‍ അദ്ദേഹത്തിന്റെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് അതീവ ശ്രദ്ധാലുക്കളാണ് എന്നത് സന്തോഷകരമായ ഒരു വസ്തുതയാണ്. മദീനത്തുല്‍ ഉലൂം അറബിക്കോളേജും യതീംഖാനയും തന്റെ പിന്‍ഗാമികള്‍ എല്ലാ തുറകളിലും അഭിവൃദ്ധിപ്പെടുത്തുന്നത് കാണാം.

എന്നാല്‍ അദ്ദേഹത്തിന്റെ അഭിലാഷങ്ങളില്‍ ശിഷ്യന്മാരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലാത്തതോ അവര്‍ അവഗണിച്ചതോ ആയ ഒരു വിഷയം എല്ലാവരുടെയും ശ്രദ്ധയില്‍ പെടുത്തുവാന്‍ എനിക്ക് ഉത്സാഹമുണ്ട്.

‘കേരള അറബി പ്രചാരസഭ’ എന്ന പേരില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം രൂപീകരിച്ചിരുന്നു. ചില നിയമങ്ങള്‍ എഴുതി അതിന്റെതായ കമ്മിറ്റി അംഗീകരിക്കുകയും അതനുസരിച്ചു മെമ്പര്‍മാരെ ചേര്‍ക്കുവാന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഫത്‌വ കൊടുക്കുവാന്‍ തക്കവണ്ണം ക്വുര്‍ആനിലും സുന്നത്തിലും ഇസ്‌ലാമിക സംസ്‌കാരത്തിലും അറബി സാഹിത്യത്തിലും പ്രാപ്തി നേടിയ മഹാ പണ്ഡിതന്മാര്‍ക്ക് നേതൃത്വം നല്‍കാന്‍ വേണ്ടി കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന പേരില്‍ സംഘടിച്ചിട്ടുണ്ടല്ലോ. അത്രതന്നെ ഉയര്‍ന്നിട്ടില്ലെങ്കിലും ക്വുര്‍ആനും സുന്നത്തും അറബി സാഹിത്യവും ഗ്രഹിക്കുകയും അതിനനുസരിച്ച് ജീവിക്കുവാന്‍ തയ്യാറായിരിക്കുകയും ചെയ്യുന്ന രണ്ടാംകിടക്കാരെ സംഘടിപ്പിക്കുവാന്‍ വേണ്ടിയായിരുന്നു ആ സംഘടന രൂപീകരിച്ചത്. ഒന്നാം കിടക്കാര്‍ക്കും ഇതില്‍ ചേരാവുന്നതാണ്.

ആ സംഘത്തിന്റെ പേര്‍ ‘അറബി പ്രചാരസഭ’ എന്നാണെങ്കിലും അറബി അറിയുന്ന എല്ലാവരെയും ചേര്‍ക്കുവാന്‍ വേണ്ടിയായിരുന്നില്ല അതു സ്ഥാപിച്ചത്.

ആദ്യം അറബിയില്‍ ഒരു മാസിക പുറപ്പെടുവിക്കണമെന്ന ഉദ്ദേശത്തോടെ ചിലര്‍ കൂടിയാലോചിക്കുകയും ചിന്തിക്കുകയും ആ വിവരം എം.സി അബ്ദുര്‍റഹ്മാന്‍ മൗലവിയോട് പറയുകയും ചെയ്യുകയുണ്ടായി. മാസിക നടത്തുന്നതിന്നല്ല തിരക്കേണ്ടതെന്നും ആദ്യം വേണ്ടത് ഒരു സംഘടനയുണ്ടാക്കുന്നതാണെന്നും അദ്ദേഹം നിര്‍ദേശിച്ചു.

പ്രസ്തുത ആവശ്യത്തിനായി ഒരു അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയും ആ കമ്മിറ്റി കോഴിക്കോട് ടൗണ്‍ഹാളില്‍ ഒരു യോഗം വിളിച്ചുകൂട്ടുകയും ചെയ്തു.

യോഗത്തിന്റെ മുമ്പായി പട്ടാള പള്ളിയില്‍വെച്ചു പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ അധ്യക്ഷതയില്‍ ഒരു യോഗം ചേരുകയുണ്ടായി. യോഗത്തില്‍ പല അഭിപ്രായങ്ങളും പറയപ്പെട്ടുവെങ്കിലും അവസാനം പ്രസിഡന്റിന്റെ നിര്‍ദേശം എല്ലാവരും സ്വീകരിക്കുകയാണുണ്ടായത്.

അറബി അറിയുന്നവരെയെല്ലാം സംഘടിപ്പിക്കുകയെന്നതല്ല ആവശ്യം. അന്ധവിശ്വാസങ്ങളില്‍നിന്നും പിഴച്ച പുത്തന്‍ അഭിപ്രായങ്ങളില്‍നിന്നും രക്ഷപ്പെട്ടു ക്വുര്‍ആനും സുന്നത്തും പിന്‍പറ്റി സലഫിന്റെ വഴിയനുസരിക്കുന്ന ഒരു സംഘമാണ് ആവശ്യമെന്ന് അദ്ദേഹം നിര്‍ദേശിക്കുകയുണ്ടായി.

ഇപ്പോഴത്തെ മോഡേണ്‍ ഏജും മറ്റും കാണുമ്പോള്‍ ഈ സംഘടനയുടെ ആവശ്യകത കൂടുതല്‍ ബോധ്യപ്പെടുന്നില്ലയോ?

ടൗണ്‍ഹാളില്‍ യോഗം ചേര്‍ന്നപ്പോള്‍ ഈ ആദര്‍ശത്തില്‍നിന്നു സംഘത്തെ വ്യതിചലിപ്പിക്കുവാനുള്ള പല ശ്രമങ്ങളും യോഗത്തില്‍ പങ്കെടുത്ത പുത്തന്‍ കൂട്ടുകാര്‍ നടത്തിയെങ്കിലും യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ച ഇ.കെ മൗലവിയുടെ നയതന്ത്രം കാരണം അഡ്‌ഹോക്ക് കമ്മിറ്റി നിശ്ചയിച്ച പ്രകാരം ജ: എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ നേതൃത്വത്തില്‍ സംഘം രൂപീകരിക്കപ്പെടുകയുണ്ടായി.

അറബിഭാഷാ പ്രചരണത്തിന്നും ഇസ്‌ലാമിക പ്രചരണത്തിന്നുമുള്ള വഴി ആസൂത്രണം ചെയ്യുവാനും നിയമകരട് രൂപീകരിക്കുവാനും വേണ്ടി  പ്രസ്തുത കമ്മിറ്റിയുടെയും ജനറല്‍ ബോഡിയുടെയും യോഗങ്ങള്‍ അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ ജീവിതകാലത്ത് അരീക്കോടും പുളിക്കലും തിരൂരങ്ങാടിയിലുമായി ചേര്‍ന്നെങ്കിലും, അദ്ദേഹത്തിന്റെ മരണത്തോടുകൂടി പ്രവര്‍ത്തനം സ്തംഭിച്ചിരിക്കയാണ്. പ്രസ്തുത സംഘത്തിന്റെ പുനര്‍ജീവനത്തിനും തദ്വാരാ എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ അഭിലാഷ പൂര്‍ത്തീകരണത്തിനുമായി ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.

ഇസ്‌ലാമിന്റെ നിലനില്‍പിനു വേണ്ടിയും അല്ലാഹുവിന്റെ കലിമ ഉയര്‍ന്നിരിക്കുന്നതിന് വേണ്ടിയുമുള്ള ജിഹാദില്‍ ആരുടെയും മുഖസ്തുതി വിലവെക്കാതെയും പഴഞ്ചനെന്നോ പിന്തിരിപ്പനെന്നോ ഉള്ള പരിഹാസ വാക്കുകളെ അവഗണിച്ചുകൊണ്ടും മുന്നോട്ടുനീങ്ങുന്ന ഒരു നേതൃത്വം ഇന്ന് മുസ്‌ലിം സമുദായത്തിന്നു അത്യന്താപേക്ഷിതമായിരിക്കുന്നു. കെ.എം മൗലവിയെ പോലെയും എം.സി.സിയെ പോലെയുമുള്ള മഹാവ്യക്തികള്‍ നഷ്ടപ്പെട്ട വിടവ് നികത്തുവാന്‍ അല്ലാഹു സഹായിക്കട്ടെ. പരലോകത്തില്‍ അവന്റെ മുമ്പാകെ ഹാജരാക്കപ്പെടുമ്പോള്‍ അവന്റെ തൃപ്തി സമ്പാദിക്കുന്നവരില്‍ അവന്‍ നമ്മെ ഉള്‍പ്പെടുത്തട്ടെ. (ആമീന്‍)

എന്‍.വി അബ്ദുസ്സലാം ബിന്‍ മുഹമ്മദ്

നേർപഥം വാരിക 

എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി

എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി

glasses, book, education-1052010.jpg

പരേതനായ എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയുമായി ഈ ലേഖകനു മുപ്പതുകൊല്ലത്തെ സ്‌നേഹബന്ധവും പരിചയവും ഉണ്ടെങ്കിലും എ.സി.സി സ്മാരകഗ്രന്ഥത്തിലെ ലേഖനങ്ങള്‍ വായിച്ചു തീര്‍ന്നതിനു ശേഷമാണ് ഈ കുറിപ്പെഴുതുന്നത്. കൂടാതെ മിഷ്‌കാത്തുല്‍ ഹുദായുടെ വിശേഷാല്‍ പതിപ്പില്‍ അദ്ദേഹം എഴുതിയ ഒരു ലേഖനവും (‘കേരള യൂനിവേഴ്‌സിറ്റിയും അറബി ഭാഷയും’ എന്ന ശീര്‍ഷകത്തിലുള്ളത്) ഇപ്പോള്‍ ഒരിക്കല്‍ കൂടി വായിക്കുകയുണ്ടായി.

‘സല്‍സബീല്‍’ ത്രൈമാസികയില്‍ ഈ വിഷയം എഴുതുവാന്‍ ജ: കെ. ഉമര്‍ മൗലവി എന്നെ നിയോഗിച്ചപ്പോള്‍ ഒരു ചെറിയ അനുസ്മരണം മാത്രം എഴുതുവാനേ ഉദ്ദേശിച്ചിരുന്നുള്ളുവെങ്കിലും, പിന്നീട് വായനകള്‍ക്ക് ശേഷം കുറച്ചുകൂടി വിശദമായി എഴുതണമെന്നാണ് തോന്നിയത്.

ജ:എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയുമായി ഈ ലേഖകന്‍ ബന്ധപ്പെടുവാന്‍ തുടങ്ങിയത് 1934ല്‍ കോഴിക്കോട് ഇസ്‌ലാമിയ്യ കമ്പനിയില്‍വെച്ചും തുടര്‍ന്ന് മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റിയുടെ ക്വുര്‍ആന്‍ പരിഭാഷ എഴുതിയിരുന്ന സ്ഥലത്തുവെച്ചുമായിരുന്നു.

എന്റെ ജീവിതത്തില്‍ പലപ്പോഴും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളും ശാസനകളും എനിക്കുപകരിച്ചിട്ടുണ്ട്. ക്വുര്‍ആനും സുന്നത്തും മനസ്സിലാക്കുന്ന വിഷയത്തിലും നബി(സ)യുടെയും അനുയായികളുടെയും മാതൃകയനുസരിച്ചു ജീവിതം ക്രമപ്പെടുത്തുന്ന വിഷയത്തിലും എനിക്ക് ഏറ്റവും ഉപകാരപ്പെട്ട പാഠങ്ങള്‍ കിട്ടിയ പല വ്യക്തികളുണ്ടെങ്കിലും അതിലേറ്റവും പ്രധാപ്പെട്ട മൂന്നുപേര്‍ ഇവരാണ്: (1) സയ്യിദ് റഷീദ് രിളാ, (2) കെ. എം മൗലവി, (3) എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി. എന്റെ ആദര്‍ശം രൂപീകരിക്കുന്നതിലും ഇസ്‌ലാമിലെ മൗലിക സിദ്ധാന്തങ്ങള്‍ മനസ്സിലാക്കുന്നതിലും ഈ മൂന്നു മഹാന്മാരോട് മറ്റുള്ളവരെക്കാള്‍ എനിക്ക് കടപ്പാടുണ്ട്.

എന്നാല്‍ എം. സി. സി അബ്ദുര്‍റഹ്മാന്‍ മൗലവിയോടുള്ള കടപ്പാടിന്റെ ഏറ്റവും പ്രധാനവശം നബിചര്യ മനസ്സിലാക്കുന്നതിലുള്ള പ്രധാന തത്ത്വത്തിലാണ്.

കൊടിയത്തൂരില്‍വെച്ച് ‘തറാവീഹ് വാദപ്രതിവാദം’ നടന്നപ്പോള്‍ എതിര്‍കക്ഷികളെക്കൊണ്ട് അദ്ദേഹം ഒരു പ്രധാന തത്ത്വം സമ്മതിപ്പിക്കുകയുണ്ടായി. അതായത് ഒരു ഹദീസ് സ്വീകാര്യമാണോ എന്ന കാര്യത്തില്‍ താഴെ പറയും പ്രകാരം ഒരു തീരുമാനത്തില്‍ അവര്‍ എത്തുവാന്‍ നിര്‍ബന്ധിതരായി:

ബുഖാരിയില്‍നിന്നോ മുസ്‌ലിമില്‍നിന്നോ ഒരു ഹദീസ് ഉദ്ധരിക്കുന്നപക്ഷം; അവര്‍ സ്വീകാര്യമായി രേഖപ്പെടുത്തിയതാണെങ്കില്‍, അത് തെളിവായെടുക്കേണ്ട. സ്വീകാര്യമല്ല എന്ന് ആര്‍ക്കെങ്കിലും വാദമുണ്ടെങ്കില്‍ ആ വാദിയാണ് അതിന്റെ പോരായ്മ തെളിയിക്കേണ്ടത്. ബുഖാരി, മുസ്‌ലിം; ഇവയല്ലാത്ത ഗ്രന്ഥങ്ങളില്‍നിന്നും ഹദീസ് ഉദ്ധരിക്കുന്ന ആള്‍തന്നെ അത് സ്വീകാര്യമാണെന്ന് തെളിയിക്കേണ്ടതാണ്. ഈ തത്ത്വം പൊതുവില്‍ നിബന്ധനയായി പണ്ഡിതന്മാര്‍ സ്വീകരിച്ചതാണെന്ന് രണ്ട് കക്ഷികളും അന്ന് സമ്മതിക്കുകയുണ്ടായി.

ഹദീസിന്റെ സനദ് പരിശോധിക്കുന്ന വിഷയത്തിലും എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി വളരെ പ്രാപ്തനായിരുന്നു. വിലപ്പെട്ട പല നിര്‍ദേശങ്ങളും ഈ ലേഖകന്ന് അദ്ദേഹത്തില്‍നിന്നു കിട്ടിയതിനാല്‍ അരീക്കോട്ടെ അറബിക്കോളേജിലും കോഴിക്കോട്ടെ നദ്‌വത്ത് ഓഫീസിലും ഹദീസിന്റെ ബലാബലം പരിശോധിക്കുന്നതിന്നന്നാവശ്യമായ പല ഗ്രന്ഥങ്ങളും ശേഖരിക്കുവാന്‍ ഈ ലേഖകന്നു തരപ്പെട്ടിട്ടുണ്ട്.

1932ല്‍ മൂന്നാം ഫോറം കഴിഞ്ഞതിനു ശേഷം മഞ്ചേരി ഹൈസ്‌കൂള്‍ വിടുവാന്‍ നിര്‍ബന്ധിതനാക്കത്തക്കവണ്ണം രോഗത്തില്‍പെട്ടു പോകയാല്‍ പിന്നീട് കുറച്ചുകാലത്തേക്ക് ഹൈസ്‌കൂള്‍ പഠനം നിറുത്തി വെക്കേണ്ടിവന്നു. അതിനാല്‍ ഇൗയുള്ളവന്‍ നാട്ടില്‍തന്നെ താമസിക്കുകയും മതവിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുവാനിടയായി. ആ കാലത്തായിരുന്നു എം.സി.സി സഹോദരന്മാരുമായി ബന്ധപ്പെടുവാന്‍ അവസരം ലഭിച്ചത്.

അഞ്ച് കൊല്ലങ്ങള്‍ക്ക് ശേഷം 1937ല്‍ മലപ്പുറം ഹൈസ്‌കൂളില്‍ പഠിക്കുവാന്‍ പോയപ്പോള്‍ ഒരിക്കല്‍ മലപ്പുറത്തുവെച്ച് അബ്ദുര്‍റഹ്മാന്‍ മൗലവി എന്നെ കാണുകയുണ്ടായി. ‘നീ വീണ്ടും ഈ വഴിയിലായോ? അറബിപഠനവും മതരംഗത്തെ പ്രവര്‍ത്തനവും നിര്‍ത്തിക്കളഞ്ഞുവോ?’ എന്നു ചോദിക്കുകയുണ്ടായി.

1941ല്‍ ബ്രണ്ണന്‍ കോളേജില്‍ പഠിക്കുമ്പോഴും തലശ്ശേരിയില്‍വെച്ച് അദ്ദേഹം ഒരിക്കല്‍ എന്നെ വിമര്‍ശിക്കുകയുണ്ടായി.

അങ്ങനെ 1943ല്‍ ഗവണ്‍മെന്റ് സര്‍വീസില്‍നിന്നു കാസശ്വാസം നിമിത്തം ലീവെടുത്തു വീട്ടില്‍ വന്നിരിക്കുമ്പോള്‍ ജ:കെ.എം മൗലവിയുടെ ഉപദേശപ്രകാരം വാഴക്കാട് ദാറുല്‍ ഉലൂമില്‍ എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ കീഴില്‍ ഒരു വിദ്യാര്‍ഥിയായി ചേരുവാന്‍ ഞാനാരു ശ്രമം നടത്തുകയുണ്ടായി. വീട്ടിലെ പല അസൗകര്യങ്ങള്‍ നിമിത്തം അതിന്നു സൗകര്യപ്പെട്ടില്ല.

ഗുരുനാഥന്മാരില്ലാതെ സ്വന്തം വായിച്ചു പഠിക്കേണ്ട ഗതികേടാണ് എനിക്കുണ്ടായത്. ജ:കെ.എം മൗലവിയെയും എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയെയും പലപ്പോഴും ഞാന്‍ സമീപിക്കുകയും പല ഉപദേശങ്ങളും അവരില്‍നിന്നു കേള്‍ക്കുകയും ചെയ്തിരുന്നു.

ആ കാലങ്ങളില്‍ ജംഇയ്യത്തുല്‍ ഉലമായില്‍ ഞാന്‍ മെമ്പറായിരുന്നു. കമ്മിറ്റിയിലും ഉണ്ടായിരുന്നു. പ്രസിഡണ്ട് കെ.എം മൗലവിയും സിക്രട്ടറി അബ്ദുര്‍റഹ്മാന്‍ മൗലവിയും ആയിരുന്നുവല്ലോ.

1944നു ശേഷം അരിക്കോട്ടുവെച്ച് ക്വുര്‍ആന്‍ ദര്‍സ് നടത്തുകയും അറബി ഭാഷ മുതിര്‍ന്നവര്‍ക്ക് പഠിപ്പിക്കുകയും ചെയ്തുവന്നിരുന്നപ്പോള്‍, ജംഇയ്യത്തുല്‍ ഉലമായുടെ ഒരു കമ്മിറ്റി യോഗത്തിന്നു പുളിക്കല്‍ പോകുകയുണ്ടായി. ‘ക്വുര്‍ആന്‍ ആദ്യം മുതല്‍ അവസാനംവരെ അര്‍ഥം മനസ്സിലാക്കുകയും അറബി ഭാഷ എഴുതുവാനും വായിക്കുവാനും സംസാരിക്കുവാനും ശീലിക്കുകയും ചെയ്ത ചില സനേഹിതന്മാര്‍ എനിക്കുണ്ട്. അവരെ ജംഇയ്യത്തുല്‍ ഉലമായില്‍ ചേര്‍ക്കുവാന്‍ പറ്റുമോ’ എന്നു ഞാന്‍ ചോദിച്ചു. ‘അതു പറ്റുകയില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ മറുപടി കേട്ടപ്പോള്‍ ‘എനിക്കും അത്രതന്നെയല്ലേ യോഗ്യതയുള്ളൂ. എനിക്കും ജംഇയ്യത്തുല്‍ ഉലമായില്‍ പറ്റുകയില്ലല്ലോ’ എന്നു തോന്നുകയുണ്ടായി.

അതിനുശേഷം ഞാന്‍ ജംഇയ്യത്തുല്‍ ഉലമായുടെ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കുന്നത് നിര്‍ത്തുകയും കുറെ കഴിഞ്ഞതിനുശേഷം രാജിവെക്കുകയും ചെയ്തു. ഇങ്ങനെയാണ് ഈ ലേഖകന്‍ ജംഇയ്യത്തുല്‍ ഉലമായുമായി വിട്ടത്.

പിന്നീടുണ്ടായ പല സന്ദര്‍ഭങ്ങളിലും എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും എനിക്ക് കിട്ടിക്കൊണ്ടിരുന്നിട്ടുണ്ട്. ഒരു പ്രത്യേക സംഭവം വിവരിക്കാം:

ജമാഅത്തെ ഇസ്‌ലാമിക്കാരുടെ പ്രചാരണങ്ങള്‍ മലബാറില്‍ ഉണ്ടായപ്പോള്‍ ആ വിഷയത്തെപ്പറ്റി ഒന്നിലധികം പ്രാവശ്യം ജ: കെ.എം മൗലവിയോടും എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയോടും ഈയുള്ളവന്‍ സംസാരിച്ചിരുന്നു.

അവരുടെ പ്രബോധനം പത്രത്തിലും മറ്റു പ്രസിദ്ധീകരണങ്ങളിലും ക്വുര്‍ആനിന്നും സുന്നത്തിന്നും വിരുദ്ധമായ പലതുമുണ്ടെന്നു ഈ സംസാരങ്ങളില്‍നിന്നു മനസ്സിലായിരുന്നു.

ജ:എം.ശെയ്ഖ് മുഹമ്മദ് മൗലവി അരീക്കോട് കോളേജില്‍ പ്രിന്‍സിപ്പാളായിരിക്കുമ്പോള്‍, അദ്ദേഹം ചേന്ദമംഗല്ലൂരിലെ കെ.സി രായിന്‍ മമ്മദ് എന്നയാളുമായി ഒരു തര്‍ക്കത്തിലേര്‍പ്പെടുകയുണ്ടായി. അവര്‍ ഒരു വാദപ്രതിവാദവും നിശ്ചയിച്ചുവത്രെ. ഇതൊന്നും ഞാനാദ്യം അറിഞ്ഞിരുന്നില്ല.

ഒരു ദിവസം എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി അരീക്കോട് വരുകയും ‘ജമാഅത്തെ ഇസ്‌ലാമിക്കാരുമായി കൊടിയത്തൂര്‍ വെച്ച വാദപ്രതിവാദം നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്; നീയും വരണം’ എന്നു പറയുകയും ചെയ്തു.

വലിയ കുട്ടിഹസ്സന്‍ സാഹിബിന്റെ വീട്ടിലെത്തുവാനായിരുന്നുവത്രെ നിശ്ചയിച്ചിരുന്നത്. അതുപ്രകാരം ഞങ്ങള്‍ പോയെങ്കിലും വാദപ്രതിവാദത്തിന്നു എതിര്‍കക്ഷി തയ്യാറായില്ല.

പിറ്റേന്ന് കുട്ടിഹസ്സന്‍ സാഹിബിന്റെ മകന്‍ അബ്ദുസ്സലാമിന്റെ ചേന്ദമംഗല്ലൂര്‍ വീട്ടില്‍വെച്ചു നാട്ടുകാരുടെ നിര്‍ബന്ധപ്രകാരം ഒരു വാദപ്രതിവാദ പ്രസംഗത്തിന്നു നിശ്ചയിക്കുകയുണ്ടായി. അന്നു ജമാഅത്തെ ഇസ്‌ലാമി അമീര്‍ മുഹമ്മദലി ഹാജി ആയിരുന്നു

സ്ഥലത്തെ ജമാഅത്ത് നേതാവായ ജ:കെ.സി അബ്ദുല്ല മൗലവിയുമായി ഞങ്ങള്‍ സംസാരിച്ചപ്പോള്‍ പ്രസംഗ രൂപത്തിലുള്ള വാദപ്രതിവാദത്തിന്നേ അദ്ദേഹം തയ്യാറുള്ളൂവെന്ന് പറഞ്ഞു. ജംഇയ്യത്തുല്‍ മുജാഹിദിന്റെ പേരില്‍ വാദപ്രതിവാദ പ്രസംഗം നടത്തുവാന്‍ പുറപ്പെടുന്നതിനു മുമ്പുതന്നെ കൗണ്‍സില്‍ തീരുമാനമെടുത്ത് എന്നെ അധികാരപ്പെടുത്തിയിരുന്നു. ജംഇയ്യത്തുല്‍ മുജാഹിദീന്‍ ഒരു പ്രാദേശിക സംഘടനയായിരുന്നതിനാല്‍ ഞങ്ങള്‍ക്ക് വാദപ്രതിവാദ പ്രസംഗ കരാറില്‍ പ്രസ്തുത സംഘവുമായി ഏര്‍പ്പെട്ടുകൂടാ എന്ന് കെ.സി അബ്ദുല്ല മൗലവി പറഞ്ഞു.

എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയുമായി കേരള ജംഇയ്യത്തുല്‍ ഉലമായുടെ പേരില്‍ കരാര്‍ ചെയ്യുവാന്‍ തയ്യാറാണെന്നു കെ.സി. അബ്ദുല്ല മൗലവി പറഞ്ഞു.

അതൊരു വിഷമ സന്ദര്‍ഭമായിരുന്നു. എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി സാധാരണയായി പ്രസംഗിക്കാറില്ല.

നാലു ദിവസത്തെ പ്രസംഗം കഴിഞ്ഞ ശേഷം ഇതിനെല്ലാം മറുപടിയായി ഒരു ദിവസം വ്യക്തിപരമായി പ്രസംഗിക്കുവാന്‍ കെ.സി അബ്ദുല്ല മൗലവിയെ അനുവദിക്കണമെന്നു നാട്ടുകാര്‍ നിവേദനം നല്‍കിയപ്പോള്‍ അതൊരു വിഷമസന്ധിയായിരുന്നു.

ഔപചാരികമല്ലാത്തതുകൊണ്ട് അത് അനുവദിക്കുന്നതിന്നു അബ്ദുര്‍റഹ്മാന്‍ മൗലവിക്ക് വിസമ്മതമായിരുന്നുവെങ്കിലും ജംഇയ്യത്തുല്‍ ഉലമായില്‍ മെമ്പറല്ലാത്ത ഞാന്‍ വ്യക്തിപരമായിത്തന്നെ പിറ്റേദിവസം മറുപടി പറഞ്ഞുകൊള്ളാമെന്നും ഞാനഭിപ്രായപ്പെട്ടപ്പോള്‍ അത് അദ്ദേഹം സ്വീകരിച്ചു.

ജ:കെ.സി അബ്ദുല്ല മൗലവിയുടെ പ്രസംഗം ശ്രദ്ധിച്ചുകേട്ടതില്‍, ഞാന്‍ ഉദ്ധരിച്ച തെളിവുകളെ ഖണ്ഡിക്കാതെ, അദ്ദേഹം ഒരു ഒഴുക്കാന്‍ പ്രസംഗം ചെയ്യുകയാണ് ചെയ്തതെന്ന് എനിക്കു തോന്നുകയാല്‍ അതിനനുസരിച്ചുള്ള മറുപടി പിറ്റേന്ന് പറയുകയും ചെയ്തു.

അബ്ദുല്ല മൗലിയുടെ പ്രസംഗത്തിനു ഞങ്ങളുടെ സ്പീക്കര്‍ കൊടുക്കുവാന്‍ ആവശ്യപ്പെട്ടതുപ്രകാരം എടവണ്ണക്കാരുടെ ആ സ്പീക്കര്‍ ഞങ്ങള്‍ കൊടുത്തിരുന്നു. എന്നാല്‍ പിറ്റേദിവസം ആയപ്പോഴേക്കും ലൗഡ് സ്പീക്കര്‍ കേടുവന്നതായാണ് കണ്ടത്. ഒരു ഗ്രാമപ്രദേശമായതിനാല്‍ പെട്ടെന്നു ശരിപ്പെടുത്തുവാന്‍ സാധിച്ചതുമില്ല. സാധാരണ പത്തു മണിമുതല്‍ 12വരെ നടത്തിവന്ന പ്രസംഗം ആറാം ദിവസം സ്പീക്കറിന്മേല്‍ പണിയെടുത്തു വൈകിയതിനാല്‍ 12 മതല്‍ 2 മണിവരെയാണ് നടന്നത്. ജംഇയ്യത്തുല്‍ ഉലമായുടെ പേരിലല്ലെങ്കിലും അബ്ദുര്‍റഹ്മാന്‍ മൗലവി 5ാം ദിവസത്തെയും 6ാം ദിവസത്തെയും പ്രസംഗങ്ങള്‍ മുഴുവനും കേട്ടതിനു ശേഷമാണ് സ്ഥലംവിട്ടത്. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ എനിക്ക് രണ്ടു ദിവസങ്ങളിലും കിട്ടിയിരുന്നു.

ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ച് അദ്ദേഹത്തിന്റെയും കെ.എം മൗലവിയുടെയും നിലപാട് ഒന്നുതന്നെയായിരുന്നു. അവരുടെ പ്രസിദ്ധീകരണങ്ങള്‍ കെ.എം മൗലവിയുടെ കയ്യിലുണ്ടായിരുന്നത് മകന്‍ കുഞ്ഞുമൊയ്ദീന്‍ മൗലവി മുഖേന അയച്ചുതന്നിരുന്നു. കൂടാതെ അദ്ദേഹം ഈ വിഷയത്തില്‍ എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അയച്ച കത്ത് ഞാന്‍ ഇപ്പോഴും സൂക്ഷിച്ചുവരുന്നുണ്ട്.

ജ:എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി, മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പുത്രനായി 1906ല്‍ പരപ്പനങ്ങാടിയില്‍ ജനിച്ചു. പി.ഒ കോമു എന്നയാളുടെ സഹോദരി പുത്രനായിരുന്നു അദ്ദേഹം.1964 ജനുവരി, വെള്ളിയാഴ്ച തന്റെ ദീനത്തുല്‍ ഉലൂം കോളേജ് ഓഫീസില്‍വെച്ചുതന്നെ അദ്ദേഹം നിര്യാതനായി.

അദ്ദേഹം ആദ്യം തന്റെ പിതാവില്‍നിന്നാണ് വിദ്യ അഭ്യസിച്ചത്. പിന്നെ അദ്ദേഹം വേലൂര്‍ പോയി. വേലൂരില്‍നിന്നും മടങ്ങിവന്ന ശേഷം 1935ല്‍ അദ്ദേഹം അഫ്ദലുല്‍ ഉലമാ പരീക്ഷ പാസ്സാവുകയും ചെയ്തു. പിന്നീടദ്ദേഹം ബി.ഒ.എല്‍ന്റെ മുഹദ്ദിസ്, മുഫസ്സിര്‍ പാര്‍ട്ടുകളും പാസ്സാവുകയുണ്ടായി.

കേരള ജംഇയ്യത്തുല്‍ ഉലമായുടെ സിക്രട്ടറിയായിരുന്നു പരേതന്‍. മലബാര്‍ലഹള നിമിത്തം അഭയാര്‍ഥികളായ ജ:കെ.എം മൗലവി മുതലായവര്‍ കൊടുങ്ങല്ലൂരില്‍ പോയതിന്ന് മുമ്പുതന്നെ അധ്യാപകന്മാരായും കൊണ്ട് ഇ.കെ മൗലവിയും എം.സി. സി അബ്ദുര്‍റഹ്മാന്‍ മൗലവിയും അവിടെ താമസമാക്കിയിരുന്നു. എം.സി.സി സ്മാരകഗ്രന്ഥത്തില്‍ ജ:കെ.എം മൗലവി എഴുതിയ ലേഖനത്തില്‍ തന്നെ രക്ഷിച്ചത് എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയാണെന്ന് പറഞ്ഞിട്ടുണ്ട്.

അദ്ദേഹത്തിന്റെ കത്തില്‍ നിര്‍ദേശിച്ച പ്ലാന്‍ പ്രകാരമാണ് ജ:കെ.എം മൗലവി ശത്രുക്കളുടെയും പോലീസിന്റെയും പിടുത്തത്തില്‍ പെടാതെ കൊടുങ്ങല്ലൂരെത്തി താമസമാക്കിയത്.

കേരള ജംഇയ്യത്തുല്‍ ഉലമാ സ്ഥാപിച്ചത് കൊടുങ്ങല്ലൂര്‍ വെച്ചാണ്. പിന്നീടത് കോഴിക്കോട് വെച്ച് രജിസ്റ്റര്‍ചെയ്തു. എല്ലാ ഉലമാക്കന്മാരെയും സംഘടിപ്പിച്ചുകൊണ്ടായിരുന്നു ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയതെങ്കിലും പിന്നീട് ചില മുസ്‌ലിയാന്മാര്‍ അതില്‍നിന്ന് തെറ്റിപ്പിരിഞ്ഞു പോവുകയും അവര്‍ ഫറോക്കില്‍വെച്ചു ‘സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ’ സ്ഥാപിക്കുകയും ചെയ്തു.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ദുരീകരിച്ചു നബി ﷺ യും അനുയായികളും പിന്നീട് സലഫും നടന്നത് പോലെ സമുദായത്തെ വാര്‍ത്തെടുക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവിധ ക്ലേശങ്ങളും കഷ്ടപ്പാടുകയും സഹിച്ചുകൊണ്ട് ത്യാഗബുദ്ധിയോടെ സ്വയം അര്‍പ്പിച്ച ഒരു വ്യക്തിയായിരുന്നു എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി സാഹിബ്.

മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ക്വുര്‍ആന്‍ പരിഭാഷ ആരംഭിച്ച മൂന്നു മഹാ പണ്ഡിതന്മാരില്‍ അബ്ദുര്‍റഹ്മാന്‍ മൗലവിയും ഉള്‍പ്പെട്ടിരുന്നു. മറ്റു രണ്ടുപേര്‍ (1) കെ.എം മൗലവി, (2) പി. കെ മൂസമൗലവി ഇവരാണ്.

(അവസാനിച്ചില്ല)

എന്‍.വി അബ്ദുസ്സലാം ബിന്‍ മുഹമ്മദ്

നേർപഥം വാരിക

സ്വവര്‍ഗലൈംഗികതയുടെ ‘പ്രൈഡും’ സംസ്‌കാരം നേരിടുന്ന വെല്ലുവിളിയും സുഫ്‌യാന്‍ അബ്ദുസ്സലാം 2021 ജൂൺ 26 1442 ദുല്‍ക്വഅ്ദ 16

സ്വവര്‍ഗലൈംഗികതയുടെ 'പ്രൈഡും' സംസ്‌കാരം നേരിടുന്ന വെല്ലുവിളിയും

ലൈംഗിക അച്ചടക്കമില്ലായ്മ അപമാനത്തിന്റെയും മാനഹാനിയുടെയും അടയാളമായിട്ടാണ് വിവേകമതികള്‍ കണക്കാക്കുന്നത്. എന്നാല്‍ മറച്ചുപിടിക്കേണ്ടതോ ശുദ്ധപ്രകൃതിക്ക് യോജിക്കാത്തതോ ആയ വസ്തുതകളെ അനാവശ്യമായി ഉദാത്തവല്‍ക്കരിച്ച് മനുഷ്യന്റെ സാംസ്‌കാരിക ബോധത്തെ അപഹസിക്കുകയാണ് സ്വവര്‍ഗ ലൈംഗികതയെ ‘പ്രൈഡ്’ ആയി കാണുന്നതിലൂടെ ഒരുകൂട്ടം ആളുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും വിവിധ മതസമൂഹങ്ങളും വലിയ കുറ്റകൃത്യമായും അപമാനമായും ലോകത്തെ ബോധ്യപ്പെടുത്തിയ കാര്യമാണ് സ്വവര്‍ഗ ലൈംഗികത. ദൈവികശിക്ഷക്ക് കാരണമായ ഒരു പാപമായി ഇതിനെ അവര്‍ കാണുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യംവരെ ഈ അവബോധം സമൂഹത്തില്‍ മാറ്റങ്ങളില്ലാതെ തുടര്‍ന്നുവന്നു. അതുകൊണ്ടുതന്നെ ലോകത്തെ പ്രമുഖ രാജ്യങ്ങളെല്ലാം, മുതലാളിത്ത, കമ്യൂണിസ്റ്റ്, മുസ്‌ലിം, ജനാധിപത്യ വ്യത്യാസങ്ങളില്ലാതെ സ്വവര്‍ഗലൈംഗികതയെ നിഷിദ്ധമായി കണ്ടു

ഇരുപതാം നൂറ്റാണ്ട് അവസാനിക്കുന്നതോടെ പല രാജ്യങ്ങളും അത് നിയമവിധേയമാക്കി. കാലം മാറിയപ്പോള്‍ അതൊരു പാപമോ കുറ്റകൃത്യമോ അല്ലെന്ന ബോധം ചിലര്‍ വളര്‍ത്തിയെടുത്തു. സ്വവര്‍ഗലൈംഗികതയിലൂടെ ജീവിതം നയിക്കുന്നവര്‍ അതിനെ ‘അഭിമാന’മായി മറ്റുള്ളവര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ തുടങ്ങി. കുറേകാലമായി അവര്‍ ജൂണ്‍ മാസം ‘അഭിമാനമാസ’മായി (Pride Month) ആഘോഷിച്ചും ആചരിച്ചും വരുന്നു. മഴവില്‍ വര്‍ണങ്ങളില്‍ തീര്‍ത്ത പതാകയേന്തിക്കൊണ്ടും ‘ലവ് വിത് െ്രെപഡ്’ തുടങ്ങിയ പരസ്യവാചകങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടുമാണ് അവര്‍ ജൂണ്‍ മാസം കൊണ്ടാടുന്നത്.

‘പ്രൈഡ്’  ചരിത്രം

അമേരിക്കയിലെ സ്വവര്‍ഗാനുരാഗികള്‍ 1969 ജൂണ്‍ 28ന് ന്യൂയോര്‍ക്ക് സിറ്റിയിലെ മാന്‍ഹട്ടനിലുള്ള ഗ്രീനിച്ച് വില്ലേജില്‍ സ്ഥിതിചെയ്യുന്ന ‘സ്‌റ്റോണ്‍വാള്‍ ഇന്‍’ എന്ന കൂത്താട്ടകേന്ദ്രത്തില്‍ ഒരുമിച്ചുകൂടി. പുരുഷ-പുരുഷ (Gay), സ്ത്രീ-സ്ത്രീ (Lesbian), ഉഭയവര്‍ഗ (Bisexual) ലൈംഗികതകള്‍ നിയമവിധേയമാക്കുന്നതിന് വേണ്ടി സമരം സംഘടിപ്പിക്കുവാനാണ് അവര്‍ അവിടെ കൂടിയത്. അവര്‍ നടത്തിയ സമരം അക്രമാസക്തമാകുകയും പോലീസുമായി ഏറ്റുമുട്ടുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. ഈ സംഘര്‍ഷം സ്വവര്‍ഗാനുരാഗികള്‍ക്ക് ഊര്‍ജം പകര്‍ന്നു. അവര്‍ സ്വവര്‍ഗലൈംഗികത അനുവദിച്ചുകിട്ടുന്നതുവരെ ‘പോരാട്ടം’ തുടര്‍ന്നു. 2015ല്‍ അമേരിക്കയും അതിനെത്തുടര്‍ന്ന് മറ്റു പല രാജ്യങ്ങളും 2018ല്‍ ഇന്ത്യയും അത് നിയമവിധേയമാക്കി. അങ്ങനെ ലോകത്തെ സ്വവര്‍ഗാനുരാഗികള്‍ എല്ലാ വര്‍ഷങ്ങളിലും ജൂണ്‍ മാസത്തെ അവരുടെ ‘പ്രൈഡ് മന്‍ത്’ ആയി ആചരിച്ചുവരുന്നു.

അഭിമാനമല്ല; അപമാനം

‘പ്രൈഡ്’ എന്ന പദത്തിന് അഭിമാനം എന്ന അര്‍ഥമാണുള്ളത്. മനുഷ്യന്റെ അഭിമാനം നിലനില്‍ക്കുന്നത് അവന്‍ ആര്‍ജിച്ചെടുത്ത ബുദ്ധി, വിവേകം, സംസ്‌കാരം, സത്യസന്ധത തുടങ്ങിയ ഘടകങ്ങളിലാണ്. മനുഷ്യര്‍ക്ക് മുമ്പില്‍ പരസ്യമായി പറയാവുന്ന കാര്യങ്ങളാണ് അഭിമാനത്തിന്റെ അടയാളങ്ങളായി ഗണിക്കപ്പെടുന്നത്. മറച്ചുപിടിക്കേണ്ടതോ ശുദ്ധപ്രകൃതിക്ക് അനുയോജ്യമല്ലാത്തതോ ആയ യാതൊന്നും അഭിമാനമായി ആരും കാണാറില്ല. വ്യക്തിയായിരുന്നാലും കുടുംബമായിരുന്നാലും ലൈംഗിക അച്ചടക്കമില്ലായ്മ അപമാനത്തിന്റെയും മാനഹാനിയുടെയും അടയാളമായിട്ടാണ് വിവേകമതികള്‍ കണക്കാക്കുന്നത്. ലോകം പുരോഗമിക്കുന്നു എന്ന് അവകാശപ്പെടുമ്പോള്‍തന്നെ മനുഷ്യന്റെ സാംസ്‌കാരികബോധം കീഴ്‌പോട്ടുപോകുന്നു എന്നാണ് സ്വവര്‍ഗ ലൈംഗികതയെ നിയമവിധേയമാക്കുന്നതിലൂടെയും അതിനെ ‘പ്രൈഡ്’ ആയി കാണുന്നതിലൂടെയും സംഭവിച്ചിരിക്കുന്നത്.

ലൈംഗികതയുടെ യാഥാര്‍ഥ്യം

മനുഷ്യന് സ്രഷ്ടാവ് നല്‍കിയിട്ടുള്ളത് വളരെ കൃത്യമായ കാര്യകാരണ ബന്ധങ്ങളില്‍ അധിഷ്ഠിതമായ പ്രകൃതിവ്യവസ്ഥയാണ്. വിശപ്പുണ്ടാകുമ്പോള്‍ ആഹാരം കഴിക്കുന്നു. എന്നാല്‍ ആഹാരം കഴിക്കുന്നത് വിശപ്പ് ശമിപ്പിക്കുന്നതിനും ആസ്വാദനത്തിനും വേണ്ടി മാത്രമല്ല. അതിനെക്കാള്‍ മഹത്തായ ഒരു പ്രവര്‍ത്തനമാണ് ആഹരിക്കുന്നതിലൂടെ നടക്കുന്നത്. മനുഷ്യശരീരത്തിനാവശ്യമായ പോഷകങ്ങള്‍ നല്‍കി ശരീരത്തിന് ഊര്‍ജവും കരുത്തും പകര്‍ന്നുകൊണ്ട് ജീവന്‍ നിലനിര്‍ത്തുക എന്ന സുപ്രധാനമായ ദൗത്യമാണ് അത് നിര്‍വഹിക്കുന്നത്. അതുപോലെ ലൈംഗികമായ ആഗ്രഹങ്ങളും മനുഷ്യപ്രകൃതിയുടെ ഭാഗമാണ്.

ആഹരിക്കുന്നതുപോലെത്തന്നെ കേവലം വികാരശമനമോ ആസ്വാദനമോ മാത്രമല്ല ലൈംഗിക ബന്ധങ്ങളിലൂടെ സംഭവിക്കുന്നത്. മറിച്ച് മനുഷ്യന്റെ പ്രജനനവും നിലനില്‍പ്പും വളര്‍ച്ചയുമാണ് അത് നിര്‍വഹിക്കുന്നത്. ഭൂമിയില്‍ മനുഷ്യന്‍ നിര്‍വഹിക്കുന്ന ഓരോ പ്രവൃത്തിക്കും മാതൃകാനുസാരമായ (Positive) ചില ലക്ഷ്യങ്ങളുണ്ട്. അത്തരം ലക്ഷ്യങ്ങള്‍ക്ക് വിഘാതമായി നില്‍ക്കുന്ന പ്രവൃത്തികള്‍ മനുഷ്യപ്രകൃതിക്ക് ദോഷകരമായി ഭവിക്കുകയും അങ്ങനെ അത് ഭൂമിയുടെ തന്നെ പ്രകൃതി വ്യവസ്ഥയെ ദുഷിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് അത്തരം പ്രവൃത്തികളെ ‘പ്രകൃതിവിരുദ്ധം’ എന്ന് വിളിക്കുന്നത്.

ആസ്വാദനവും മനുഷ്യപ്രകൃതവും

മനുഷ്യന്റെ ആസ്വാദനങ്ങളും അതിന്റെ പൂര്‍ത്തീകരണങ്ങളും എങ്ങനെയാവണമെന്ന് തീരുമാനിച്ചിട്ടുള്ളത് അവന്റെ സ്രഷ്ടാവാണ്. എന്ത് കഴിക്കണം, എന്ത് കഴിച്ചുകൂടാ, എന്ത് ഉടുക്കണം, എന്ത് ഉടുത്തുകൂടാ തുടങ്ങിയ കാര്യങ്ങളൊക്കെ മനുഷ്യന്റെ പ്രകൃതിയില്‍തന്നെ സ്രഷ്ടാവ് സംവിധാനിച്ചിട്ടുണ്ട്. ക്വുര്‍ആന്‍ പറയുന്നു: ”ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നല്‍കുകയും എന്നിട്ട് അതിന് വഴികാണിക്കുകയും ചെയ്തവനാരോ അവനത്രെ രക്ഷിതാവ്” (20:50). ഏതൊരു വസ്തുവിനെ സ്രഷ്ടാവ് സൃഷ്ടിച്ചിട്ടുണ്ടോ അതിനെല്ലാം അവന്‍ വ്യവസ്ഥ നിര്‍ണയിക്കുകയും പ്രകൃതിക്ക് അനുയോജ്യമായ വിധത്തില്‍ ജീവിക്കുവാനുള്ള ദര്‍ശനം നല്‍കുകയും ചെയ്തിട്ടുണ്ട് (87:23) എന്നും ക്വുര്‍ആന്‍ വ്യക്തമാക്കുന്നു.

ലൈംഗികത ഒരു സ്വകാര്യത

ഇങ്ങനെ വളരെ കൃത്യമായി ലൈംഗികബന്ധങ്ങള്‍ അടക്കമുള്ള ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും കാര്യകാരണ ബന്ധങ്ങളില്‍ അധിഷ്ഠിതമായ പ്രകൃതിയും നിയമവും സ്രഷ്ടാവ് ഒരുക്കിയിട്ടുണ്ട്. ലൈംഗികാവയവങ്ങള്‍ ഗോപ്യമാക്കിവെക്കണമെന്നത് സ്വാഭാവിക പ്രകൃതിയുടെ ഭാഗമാണ്. സ്വര്‍ഗത്തില്‍വെച്ച് ആദമിനെയും ഹവ്വയെയും പിശാച് വഴിപിഴപ്പിക്കുവാന്‍ കണ്ടെത്തിയ മാര്‍ഗം അവരുടെ ലൈംഗികത പുറത്തേക്ക് കൊണ്ടുവരിക എന്നതായിരുന്നു. പൈശാചിക പ്രേരണയാല്‍ അവരറിയാതെ അവരുടെ ലൈംഗികത പുറത്തേക്ക് വന്നപ്പോള്‍ അവരിരുവരും ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത് തങ്ങളുടെ ശരീരം പൊതിയാന്‍ തുടങ്ങി (ക്വുര്‍ആന്‍ 7:22). ഇലകള്‍ ചേര്‍ത്തുപിടിച്ച് അവരുടെ ലൈംഗികാവയവങ്ങളെ മറച്ചുപിടിക്കാന്‍ അവര്‍ക്ക് പ്രേരണ നല്‍കിയത് സ്രഷ്ടാവ് നല്‍കിയ ശുദ്ധപ്രകൃതിയാണ്.

സ്രഷ്ടാവ് ഒരുക്കിയ ലൈംഗികവ്യവസ്ഥ

മനുഷ്യന്‍ മൃഗത്തെപോലെയല്ല. സാമാന്യബോധം (Common sense) അവനെ മൃഗങ്ങളില്‍നിന്നും വേര്‍തിരിക്കുന്നു. ബന്ധങ്ങളെ കുറിച്ചും അവസ്ഥകളെ കുറിച്ചുമെല്ലാം മനുഷ്യന് ശരിക്കും ബോധ്യമുണ്ട്. ജീവിതത്തില്‍ മൂല്യങ്ങള്‍ ആവശ്യമാണ് എന്നുള്ളതുകൊണ്ടുതന്നെ മനുഷ്യന്റെ ലൈംഗികതയ്ക്ക് ചില അതിര്‍വരമ്പുകളും ആവശ്യമാണ് എന്നാണ് പ്രസ്തുത ബോധ്യം മനുഷ്യനോട് പറയുന്നത്. അതിര്‍വരമ്പുകള്‍ നിശ്ചയിക്കേണ്ടത് മനുഷ്യനെ കുറിച്ച് വ്യക്തമായി അറിയുന്ന അവന്റെ സ്രഷ്ടാവ് തന്നെയാണ്. തന്റെ ലൈംഗികതൃഷ്ണയെ എങ്ങനെ ശമിപ്പിക്കണമെന്നും ലൈംഗികാവയവങ്ങളെ ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നും മനുഷ്യന് അറിവ് നല്‍കുന്നത് സ്രഷ്ടാവാണ്.

പ്രവാചകന്മാരിലൂടെയും വേദഗ്രന്ഥങ്ങളിലൂടെയും അവനത് മനുഷ്യന് കൈമാറിയിട്ടുണ്ട്. ഓരോ വ്യക്തിക്കും ഇണയെ സൃഷ്ടിച്ചുകൊണ്ടാണ് സ്രഷ്ടാവ് ലൈംഗിക വ്യവസ്ഥ തയ്യാറാക്കിയിട്ടുള്ളത്. ‘സ്രഷ്ടാവ് വ്യവസ്ഥ ചെയ്തുതന്നിട്ടുള്ള വിധത്തില്‍ മാത്രം ലൈംഗികാവയവങ്ങളെ സൂക്ഷിക്കുന്നവരാണ് യഥാര്‍ഥ വിശ്വാസികള്‍’ (23:56) എന്നും ‘അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍നിന്ന് തന്നെ ഇണകളെ ഉണ്ടാക്കുകയും, നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക് പുത്രന്‍മാരെയും പൗത്രന്‍മാരെയും ഉണ്ടാക്കിത്തരികയും’ ചെയ്തിരിക്കുന്നു എന്നും ക്വുര്‍ആന്‍ (16:72) പറയുന്നു. ലൈംഗികതയുടെ ലക്ഷ്യവും മാര്‍ഗവുമാണ് ക്വുര്‍ആന്‍ ഇവിടെ വിവരിച്ചിരിക്കുന്നത്.

ഇണചേരലിലെ ധാര്‍മികത

ഇണകളായി ജീവിക്കുന്നതിന്റെ താല്‍പര്യം കേവലം ആസ്വാദനങ്ങളല്ല. സ്‌നേഹവും പ്രണയവും മാത്രമല്ല. പ്രകൃതിപരമായ ഇണചേരല്‍ നടക്കുകയും അതിലൂടെ സ്രഷ്ടാവ് വിധിക്കുകയാണെങ്കില്‍ സന്താനങ്ങളും തലമുറകളും ഉണ്ടാവുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. ഇണചേരല്‍ മനുഷ്യപ്രവൃത്തിയാണെങ്കില്‍ സന്താനസൗഭാഗ്യം സ്രഷ്ടാവിന്റെ തീരുമാനം മാത്രമാണ്. അപ്പോള്‍, ഇണകള്‍ ഒരേ ലിംഗത്തില്‍നിന്നും സാധ്യമല്ലെന്ന് മനുഷ്യബുദ്ധിതന്നെ പറയും. സ്ത്രീ, പുരുഷ ലിംഗങ്ങളില്‍പെട്ട രണ്ടുപേര്‍ക്ക് മാത്രമെ ഇണചേരാന്‍ സാധിക്കൂവെന്നും അവര്‍ ഇണചേരുമ്പോള്‍ മാത്രമാണ് സന്താനലബ്ധിക്കുള്ള സാധ്യതയുണ്ടാവൂ എന്നുമുള്ള സത്യം മനുഷ്യന്റെ സാമാന്യബുദ്ധി നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. പ്രകൃതിവിരുദ്ധ വികാരങ്ങള്‍ക്ക് മനസ്സിനെ കീഴ്‌പെടുത്തിയവര്‍ക്ക് അത് മനസ്സിലാക്കാന്‍ ഒരു പക്ഷേ സാധിക്കണമെന്നില്ല. ഒരേലിംഗത്തില്‍ പെട്ട രണ്ടുപേര്‍ക്ക് പരസ്പരം ഇണചേരാനോ അതിലൂടെ തലമുറകളെ സൃഷ്ടിക്കുവാനോ സാധിക്കുകയില്ല. സ്വവര്‍ഗാനുരാഗങ്ങളില്‍ ആര്‍മാദിക്കുന്നവര്‍ തങ്ങള്‍ ഈ ലോകത്ത് ജനിച്ചത് വിരുദ്ധലിംഗങ്ങള്‍ തമ്മിലുള്ള ഇണചേരലിലൂടെയായിരുന്നുവെന്നത് മറന്നുപോകുന്നു. ഇണചേരല്‍ കേവലം ചേഷ്ടകളല്ല, അത് പവിത്രമായ ധര്‍മമായിരിക്കണം. പുരുഷനും സ്ത്രീയും തമ്മില്‍ ബലമുള്ള കരാറുകളാല്‍ സ്ഥാപിക്കപ്പെട്ട വിവാഹത്തിലൂടെ മാത്രം ഇണചേരുമ്പോള്‍ അത് പവിത്രമായ ലൈംഗികബന്ധമായി മാറുന്നു. സ്ത്രീയും പുരുഷനും തമ്മില്‍ വിവാഹം ചെയ്യപ്പെടുന്ന കരാറിനെ കുറിച്ച് ‘ബലിഷ്ഠമായ കരാര്‍’ എന്നാണ് ക്വുര്‍ആന്‍ പറയുന്നത്.

വേദഗ്രന്ഥങ്ങള്‍ നല്‍കുന്ന ചരിത്രം

മാനവരാശിക്ക് തന്നെ വെല്ലുവിളിയായിത്തീര്‍ന്നിട്ടുള്ള സ്വവര്‍ഗഭോഗത്തിന്റെ ചരിത്രം ക്വുര്‍ആനും ഇതരവേദഗ്രന്ഥങ്ങളും വിശദീകരിക്കുന്നുണ്ട്. മനുഷ്യാരംഭ കാലങ്ങളില്‍ ഇത് നിലനിന്നിരുന്നില്ല. പ്രവാചകന്‍ ലൂത്വി(അ)ന്റെ കാലം മുതലാണ് ഈ നീചവൃത്തി തുടക്കം കുറിച്ചതെന്നാണ് ക്വുര്‍ആന്‍ പറയുന്നത്. ‘നിങ്ങള്‍ക്ക് മുമ്പ് ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്തതും സ്ത്രീകള്‍ക്ക് പകരം പുരുഷന്മാരെ കാമവികാരത്തോടെ സമീപിക്കുന്നതുമായ നീചവൃത്തിയാണോ നിങ്ങള്‍ ചെയ്യുന്നത്?’ എന്ന് ലൂത്വ്(അ) അവരോട് ചോദിച്ചപ്പോള്‍ അവര്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല. അവര്‍ അക്രമാസക്തരായി. ‘ശുദ്ധി പാലിക്കുന്ന ലൂത്വിന്റെ ആളുകളെ രാജ്യത്ത്ുനിന്നും പുറത്താക്കുക’ എന്നായിരുന്നു അവര്‍ ആക്രോശിച്ചിരുന്നത്. ഇന്നും സ്വവര്‍ഗലൈംഗികതയില്‍ ജീവിതം ഹോമിച്ചിട്ടുള്ളവരെ ഉപദേശിച്ചാല്‍ അവര്‍ അക്രമാസക്തരാകുന്നത് കാണാം. എന്നാല്‍ ഭൂമിക്ക് വഹിക്കാനും സഹിക്കാനും സാധിക്കാത്ത ദുര്‍വൃത്തികളില്‍ ഏര്‍പ്പെട്ട ലൂത്വിന്റെ ജനതയെ അല്ലാഹു നശിപ്പിക്കുകയാണുണ്ടായത്.

ലൂത്വ് നബി(അ)യും അദ്ദേഹത്തിന്റെ ജനതയും തമ്മിലുള്ള സംഭാഷണം ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്. ബൈബിളിലെ ഉല്‍പത്തി പുസ്തകം പത്തൊമ്പതാം അധ്യായത്തിലും ഏകദേശം അതേരൂപത്തില്‍ തന്നെ പ്രതിപാദിക്കുന്നുണ്ട്. അത് വായിക്കുന്ന ഏതൊരാള്‍ക്കും എത്രമാത്രമായിരുന്നു സ്വവര്‍ഗാനുരാഗത്തിന്റെ രോഗം പിടിപെട്ടിരുന്നവരുടെ ധാര്‍മികനിലവാരമെന്ന് മനസ്സിലാക്കാം. ലൂത്വ് നബി(അ)യെ സന്ദര്‍ശിക്കാന്‍ മനുഷ്യരൂപത്തിലെത്തിയ മലക്കുകളെ കണ്ട അവര്‍ തങ്ങളുടെ ലൈംഗികപൂരണത്തിന് അവരെ വിട്ടുകിട്ടണമെന്ന് ലൂത്വിനോട് ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹം തന്റെ പെണ്‍മക്കളെ നിങ്ങള്‍ക്ക് വിവാഹം ചെയ്തുതരാമെന്ന് പറഞ്ഞുനോക്കിയെങ്കിലും തങ്ങളുടെ ഉദ്ദേശ്യം തനിക്കറിയാമെന്നിരിക്കെ എന്തിനീ വിലപേശല്‍ എന്നായിരുന്നു അവരുടെ നിലപാട്! അപ്പോള്‍ ലൂത്വ്(അ) അവരോട് ചോദിച്ച ഒരു ചോദ്യമുണ്ട്. ‘നിങ്ങളില്‍ വിവേകമുള്ള ഒരാളുമില്ലേ?’ (11:7783). ഇതുതന്നെയാണ് എക്കാലവുമുള്ള സ്വവര്‍ഗാനുരാഗികളോട് ധാര്‍മികതയും മനുഷ്യത്വവും സൂക്ഷിക്കുന്ന ജനങ്ങള്‍ക്ക് ചോദിക്കാനുള്ളത്.

നബിയുടെ താക്കീതുകള്‍

മുഹമ്മദ് നബി ﷺ സ്വവര്‍ഗരതിക്കെതിരെ ശക്തമായ ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തന്റെ സമുദായത്തില്‍ സ്വവര്‍ഗാനുരാഗ ചിന്തകള്‍ ഉണ്ടാകുന്നതിനെ ഏറെ ഭയപ്പെടുന്നുവെന്നും സ്വവര്‍ഗരതിയിലേര്‍പ്പെടുന്നവര്‍ക്ക് അല്ലാഹുവിന്റെ ശാപമാണ് ഉണ്ടാവുകയെന്നുമെല്ലാം അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. പ്രകൃതിവിരുദ്ധമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് വ്യഭിചാരത്തിലേര്‍പ്പെടുന്നവര്‍ക്കുള്ളത് പോലെയുള്ള ശിക്ഷാവിധികളാണ് നടപ്പാക്കേണ്ടത് എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രകൃതിവിരുദ്ധം അവകാശമോ?

സ്വവര്‍ഗാനുരാഗത്തെ ഒരു അവകാശമായി ആധുനിക ലോകത്തെ പല രാജ്യങ്ങളും കാണുന്നു. ഒരു വിഭാഗം സാമ്പത്തിക നേട്ടത്തിനും കുത്തഴിഞ്ഞ ജീവിതത്തിനും വേണ്ടി സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കുമ്പോള്‍ മറ്റൊരുവിഭാഗം മനോരോഗങ്ങള്‍ക്ക് അടിമപ്പെട്ടുകൊണ്ടാണ് ഇത്തരം ദുര്‍വൃത്തികളിലേക്ക് പോകുന്നത്. മനോരോഗങ്ങള്‍ക്ക് ചികിത്സയാണ് ആവശ്യമായിട്ടുള്ളത്. ചികിത്സ ആവശ്യമുള്ള മനോരോഗത്തെ ഒരു അവകാശമായി ചിത്രീകരിക്കുന്നത് അവരോടുള്ള ക്രൂരതയാണ്. മറ്റുള്ളവരെപ്പോലെ അന്തസ്സോടെ ജീവിക്കാന്‍ ആവശ്യമായ കൗണ്‍സിലിംഗും മനഃശാസ്ത്രപരമായ സമീപനങ്ങളും ചികിത്സയും ലഭ്യമാക്കുന്നതിനുപകരം തോന്നിയപോലെ അവരെ ജീവിക്കാന്‍ അനുവദിക്കുന്നത് അവരോടുള്ള സ്‌നേഹമല്ല. പുരുഷനും സ്ത്രീയും വിവാഹം ചെയ്തുകൊണ്ടുള്ള ലൈംഗികജീവിതം നയിക്കുന്ന മുഖ്യധാരയിലേക്ക് അവരെ കൈപിടിച്ചുയര്‍ത്തിക്കൊണ്ടുവരാനുള്ള പദ്ധതികളാണ് സര്‍ക്കാരുകളും മതങ്ങളും പൊതുസമൂഹവും നടപ്പാക്കേണ്ടത്.

ചില ന്യായവാദങ്ങള്‍

‘സ്വവര്‍ഗലൈംഗിക ബന്ധം’ അല്ല, മറിച്ച് ‘ലൈംഗിക സ്വത്വം’ എന്ന അംഗീകാരം മാത്രമാണ് ‘െ്രെപഡ്’ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് എന്ന ചില വ്യാഖ്യാനങ്ങള്‍ പ്രസ്തുത വിഭാഗങ്ങള്‍ പറയാറുണ്ട്. സ്ത്രീയോട് ലൈംഗികമായ അഭിനിവേശമില്ലാത്ത പുരുഷന്മാരും പുരുഷന്മാരോട് ലൈംഗിക അഭിനിവേശമില്ലാത്ത സ്ത്രീകളും ഉള്ളതുകൊണ്ട് അവര്‍ക്ക് സാധാരണനിലക്കുള്ള വിവാഹം സാധ്യമല്ലെന്നും അങ്ങനെയുള്ളവരെ അത്തരം വിവാഹങ്ങള്‍ക്ക് നിര്‍ബന്ധിക്കാന്‍ സാധിക്കില്ലെന്നും അവര്‍ വാദിക്കുന്നു. അങ്ങനെ വിവാഹിതരായിട്ടുള്ളവരിലെ പലരുടെയും വിവാഹബന്ധം പിന്നീട് വിവാഹമോചനത്തില്‍ കലാശിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അവര്‍ വാദിക്കുന്നു. ലൈംഗിക വികാരമില്ലാത്ത സ്ത്രീകളെയും പുരുഷന്മാരെയും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കണമെന്ന് ആര്‍ക്കും അഭിപ്രായമില്ല. ലൈംഗികാസക്തിയില്ലാത്തവരെ കുറിച്ച് ക്വുര്‍ആനും (24:31) പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവിടുത്തെ പ്രശ്‌നം അതല്ല. ‘ഗേ’ എന്നാല്‍ പുരുഷനോട് ലൈംഗികാഭിനിവേശമുള്ള പുരുഷനാണ്. ‘ലെസ്ബിയന്‍’ സ്ത്രീയോട് ലൈംഗികാഭിനിവേശമുള്ള സ്ത്രീയുമാണ്. ഇരുവര്‍ക്കും സ്വന്തം ലിംഗത്തില്‍ പെട്ടവരോട് ലൈംഗികാഭിമുഖ്യമുണ്ട്. അതുകൊണ്ടുതന്നെ സ്വന്തം ലിംഗത്തില്‍പെട്ടവരെ പങ്കാളികളായി അവര്‍ സ്വീകരിക്കുന്നു. അവര്‍ വിവാഹിതരാകുന്നു. അതില്‍ അവര്‍ അഭിമാനംകൊള്ളുകയും ചെയ്യുന്നു. അങ്ങനെ ലൈംഗികസ്വത്വം അംഗീകരിക്കപ്പെടുകയും മറ്റുള്ളവരെ പോലെ വിവാഹ ജീവിതം നയിക്കാന്‍ സാധിക്കുകയും ചെയ്യുക എന്ന അവസ്ഥ അംഗീകരിക്കപ്പെടുന്നതിനെയാണ് അവര്‍ ‘െ്രെപഡ്’ ആയി

മുഖ്യശ്രേണിയിലേക്കുള്ള കടന്നുവരവ്

ഇങ്ങനെ ഒരേലിംഗത്തില്‍പെട്ടവര്‍ വിവാഹിതരായോ അല്ലാതെയോ ലൈംഗിക പങ്കാളികളാകുന്നതിനെയാണ് ഇസ്‌ലാം വിലക്കിയത്. ക്വുര്‍ആനും അതിനുമുമ്പുള്ള വേദഗ്രന്ഥങ്ങളും വന്‍പാപമായി സമൂഹത്തെ താക്കീത് ചെയ്തതും അതുതന്നെയാണ്. പ്രത്യുത്പാദനപരമല്ലാത്തതും അസംഖ്യം വിപത്തുകള്‍ ക്ഷണിച്ചുവരുത്തുന്നതുമായ ഈ പ്രവൃത്തി അതുകൊണ്ടുതന്നെ മനുഷ്യപ്രകൃതിയോട് യോജിക്കാത്ത കാര്യമാണെന്ന് ലോകം പൊതുവില്‍ തിരിച്ചറിഞ്ഞു.

 
 

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യംവരെ ലോകം ഇതിനെ ‘പ്രകൃതി വിരുദ്ധം’ എന്നു വിശേഷിപ്പിച്ചതും ഈ കാരണങ്ങള്‍ കൊണ്ടുതന്നെയായിരുന്നു. മതാഭിമുഖ്യമുള്ള സമൂഹങ്ങള്‍ മാത്രമല്ല, മതരഹിതസമൂഹങ്ങളും സ്വവര്‍ഗലൈംഗിക സ്വത്വത്തെ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. വ്യക്തമായ ദൈവികഅധ്യാപനങ്ങള്‍ വഴി ‘ഫാഹിശത്ത്’ (Obscene) ആയി പഠിപ്പിക്കപ്പെട്ടതുകൊണ്ടായിരുന്നു മതസമൂഹങ്ങള്‍ അതിനെ അംഗീകരിക്കാതിരുന്നതെങ്കില്‍ മറ്റുസമൂഹങ്ങള്‍ അതിനെ മനോവൈകല്യമായിട്ടായിരുന്നു കണ്ടിരുന്നത്. അതുകൊണ്ടുതന്നെ 1952ല്‍ പോലും അതിനെ ‘മാനസിക വൈകല്യങ്ങളുടെ രോഗലക്ഷണ സ്ഥിതിവിവരണ’ മാന്വലില്‍ (DSM) അമേരിക്കന്‍ സൈക്കിയാട്രിക് അസോസിയേഷന്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ചില പഠനങ്ങളില്‍ നിന്നും ഇത് മനോരോഗമല്ലെന്ന നിഗമനത്തില്‍ അവര്‍ എത്തുകയും 1973ല്‍ ഡിഎസ്എമ്മില്‍നിന്നും സ്വവര്‍ഗ ലൈംഗികതയെ നീക്കം ചെയ്യുകയും ചെയ്തു. അങ്ങനെ സ്വവര്‍ഗ ലൈംഗികത മാനസികരോഗമല്ലെന്നും പ്രകൃതിപരമായ മാനസിക ആരോഗ്യത്തോടും സാമൂഹിക ക്രമീകരണത്തോടും പൊരുത്തപ്പെടുന്നതാണെന്ന് (compatible with normal mental health and social adjustment) അവര്‍ രേഖപ്പെടുത്തി. ഇത് പിന്നീട് 1990ല്‍ ലോകാരോഗ്യ സംഘടനയും അംഗീകരിച്ചു. സ്വവര്‍ഗ ലൈംഗികതയ്ക്ക് ‘പ്രൈഡ്’ നല്‍കാന്‍ ശ്രമിക്കുന്നവര്‍ ഈ ന്യായവാദം പ്രധാനമായും ഉയര്‍ത്തിക്കാണിക്കാറുണ്ട്.

മനസ്സ് അനുമാനങ്ങള്‍ക്കുമപ്പുറം

മാനസിക വൈകല്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നടത്തപ്പെടുന്ന ശാസ്ത്ര പഠനങ്ങള്‍ പലതും അനുമാനങ്ങളും നിഗമനങ്ങളുമാണ്. അത് യാഥാര്‍ഥ്യമായിക്കൊള്ളണമെന്നില്ല. കാരണം മനുഷ്യന്റെ മനസ്സുമായും ആത്മാവുമായും ബന്ധപ്പെട്ടുകിടക്കുന്ന കാര്യങ്ങളില്‍ നേരിട്ട് പഠനം നടത്തി കണ്ടുപിടിക്കാന്‍ മനുഷ്യന്‍ അശക്തനാണ്. മനസ്സുമായി ചുറ്റിപ്പിണഞ്ഞുകിടക്കുന്ന കാര്യങ്ങള്‍ മനുഷ്യനെ സംബന്ധിച്ചിടത്തോളം അതിസങ്കീര്‍ണമാണ്. മനസ്സിനെ കുറിച്ച് പ്രവാചകന്മാര്‍ വഴി മനുഷ്യര്‍ക്ക് നല്‍കപ്പെട്ട അറിവുകള്‍ക്കപ്പുറം ഗവേഷണം നടത്തി നൂറു ശതമാനം ശരിയെന്ന് തീരുമാനിക്കാന്‍ മാത്രമുള്ള കഴിവ് മനുഷ്യന് നല്കപ്പെട്ടിട്ടില്ല. ചില അനുമാനങ്ങളും നിഗമനങ്ങളുമൊക്കെയാവാം. അത്തരത്തിലുള്ള ചില നിഗമനങ്ങളിലാണ് അമേരിക്കന്‍ സൈക്കിയാട്രിക് അസോസിയേഷനും ലോകാരോഗ്യ സംഘടനയുമെല്ലാം എത്തിച്ചേര്‍ന്നിട്ടുള്ളത്.

ഇങ്ങനെ മനുഷ്യന് സ്വയം ഗവേഷണം നടത്തുന്നതില്‍ പരിമിതിയുള്ള മനസ്സ്, ആത്മാവ് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ അവ പൈശാചിക പ്രേരണയാലുള്ള ദുഷ്ടതക്കും ദൈവികപ്രേരണയാലുള്ള സൂക്ഷ്മതക്കും വിധേയമാണെന്ന് ക്വുര്‍ആന്‍ പറയുന്നുണ്ട് (91:78). മനസ്സില്‍ ദുഷ്ടതയും സൂക്ഷ്മതയും ഉണ്ടാവുക സ്വാഭാവികമാണെന്നര്‍ഥം. മനസ്സിന് ദുഷ്ടത സമ്മാനിക്കുന്നത് മനസ്സുകളില്‍ ദുര്‍മന്ത്രണം നടത്തിക്കൊണ്ടിരിക്കുന്ന പിശാചാണ്. (ക്വുര്‍ആന്‍ 114:5). അതുകൊണ്ടുതന്നെ മനസ്സിന് സ്വാഭാവികമെന്ന് തോന്നുന്ന കാര്യങ്ങളെല്ലാം മനുഷ്യപ്രകൃതിയുടെ ഭാഗമാണെന്ന് കരുതാന്‍ നിര്‍വാഹമില്ല. പൈശാചികതയോടുള്ള ആഭിമുഖ്യം മാത്രമാണത്. ദുഷ്പ്രവൃത്തികളോടുള്ള ആഭിമുഖ്യം മനുഷ്യമനസ്സിന്റെ സവിശേഷതയാണെന്നും പ്രത്യേകമായ ദൈവികാനുഗ്രഹം ലഭിച്ചവര്‍ക്ക് മാത്രമെ അതില്‍ നിന്നും മുക്തമാവാന്‍ കഴിയൂവെന്നും ക്വുര്‍ആന്‍ (12:53) വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഗേ, ലെസ്ബിയന്‍, ബൈസെക്ഷ്വല്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ലൈംഗികബോധങ്ങള്‍ സ്വാഭാവികവും പ്രകൃതിപരവും എന്നു വ്യാഖ്യാനിക്കുന്നത് ഒട്ടും സൂക്ഷ്മതയില്ലാത്തതാണ്. അവ പൈശാചിക പ്രേരണയാല്‍ സംഭവിക്കുന്നതാണ്.

പൈശാചിക ബോധനം ലൈംഗികതയെ വഴിതെറ്റിക്കുന്നു

ഇങ്ങനെ പറയുന്നത് പ്രസ്തുത വിഭാഗങ്ങളെ ആക്ഷേപിക്കുന്നതിനു വേണ്ടിയല്ല. കാരണം പൈശാചിക ബോധനം മനുഷ്യസമൂഹത്തെ മുഴുവന്‍ ചൂഴ്ന്നുനില്‍ക്കുന്നതാണ്. സ്വവര്‍ഗലൈംഗികതയില്‍ ആഭിമുഖ്യമില്ലാത്ത, സാധാരണ സ്ത്രീ-പുരുഷ വിവാഹത്തോട് ആഭിമുഖ്യമുള്ളവരിലും പലതരത്തിലുള്ള ലൈംഗിക വൈകൃതങ്ങള്‍ കാണപ്പെടാറുണ്ട്. അവയും പൈശാചിക പ്രേരണയാല്‍ സംഭവിക്കുന്നതാണ്. ഗുദരതിയും ആര്‍ത്തവരതിയും മൃഗരതിയും ഇങ്ങനെയുള്ള പൈശാചികതയുടെ ഭാഗമാണ്. സ്വന്തം ഇണയല്ലാത്ത മറ്റൊരാളോട് തോന്നുന്ന ലൈംഗികാഭിമുഖ്യവും പൈശാചികതയാണ്. പ്രകൃതിപരമായ ഇണചേരല്‍ മനുഷ്യനെ സംബന്ധിച്ചിടത്തോളം വ്യക്തമായ കരാറുകളോടെയും ഉത്തരവാദിത്തത്തോടെയും അംഗീകരിച്ചിട്ടുള്ള സ്വന്തം ഇണയോട് മാത്രമായിരിക്കണമെന്നതാണ് ശരിയായ പ്രകൃതി. അതല്ലാത്തവയെല്ലാം ശുദ്ധപ്രകൃതിയോട് യോജിക്കാത്തതും പൈശാചികതയുമാണ്.

ശവശരീരങ്ങളോട് പോലും ഉണ്ടാകുന്ന ലൈംഗികാസക്തി (Necrophilia), മൃഗങ്ങളോട് തോന്നുന്ന ലൈംഗികാഭിനിവേശം (Bestialtiy), പിഞ്ചുകുഞ്ഞുങ്ങളോട് തോന്നുന്ന ലൈംഗിക തൃഷ്ണ (paedophilia), സ്വന്തം സഹോദരങ്ങളും മാതാപിതാക്കളും അടക്കമുള്ള കുടുംബാംഗങ്ങളോട് തോന്നുന്ന കാമം (Incest), വ്യഭിചാരത്തോടുള്ള താല്പര്യം (Adultery), മദ്യത്തോടും മയക്കുമരുന്നുകളോടുമുള്ള താല്‍പര്യം തുടങ്ങി പലതരത്തിലുള്ള അറിയപ്പെട്ട ആസക്തികള്‍ സമൂഹത്തിലുണ്ട്. ഇവയെല്ലാം പഠനങ്ങള്‍ നടത്തിവരുമ്പോള്‍ മനുഷ്യരില്‍ അന്തര്‍ലീനമായ നൈസര്‍ഗികതയുടെ ബഹിസ്ഫുരണങ്ങളായി വേണമെങ്കില്‍ വ്യാഖ്യാനിക്കാന്‍ സാധിക്കും. എന്നാല്‍ ഇവ മനുഷ്യനെ ആത്യന്തികമായി നശിപ്പിക്കുന്നതും അവനിലെ മനുഷ്യന്‍ എന്ന അവസ്ഥയെ ഇല്ലാതാക്കുകയും ചെയ്യുന്നതാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഇങ്ങനെയുള്ള മാനസികാവസ്ഥയിലേക്ക് മനുഷ്യരെ കൊണ്ടുപോകുന്നത് അവരുടെ സ്വാഭാവിക മനസ്സാണെന്ന് പറഞ്ഞൊപ്പിക്കുന്നത് അസംബന്ധമാണ്. മറിച്ച് പലതും സാഹചര്യങ്ങളിലൂടെയാണ് സൃഷ്ടിക്കപ്പെടുന്നത്.

സാഹചര്യങ്ങളെ ഇല്ലാതാക്കുക

സ്വവര്‍ഗലൈംഗികതക്ക് പലപ്പോഴും കാരണമാകുന്നത് വിവാഹം കഴിക്കാതെ ജീവിക്കുന്ന പുരുഷക്കൂട്ടങ്ങളുടെ സമ്മേളനങ്ങളാണ്. ഉള്ളില്‍ അടിഞ്ഞുകൂടിയ ലൈംഗികതൃഷ്ണ പുറത്തേക്ക് വരുമ്പോള്‍ കൂടെ കഴിയുന്ന മറ്റൊരു പുരുഷനുമായി പങ്കുവെക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും അതില്‍ ആസ്വാദനം കണ്ടെത്തുകയും അങ്ങനെ അത് ശീലമാവുകയും ചെയ്യുന്നു. പിന്നീട് വിവാഹത്തോടോ സ്ത്രീപങ്കാളിയോടോ താല്‍പര്യമില്ലാതാവുകയും ചെയ്യുന്നു. ജയിലുകള്‍, മിലിട്ടറി ക്യാമ്പുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ സ്വവര്‍ഗ ലൈംഗികതയുടെ കേന്ദ്രങ്ങളാകുന്നത് സ്വാഭാവിക പ്രകൃതിയുടെ ഭാഗമായിട്ടല്ല, മറിച്ച് സാഹചര്യസമ്മര്‍ദങ്ങളുടെ ഫലമായിട്ടാണ്. ഇന്ത്യയില്‍ സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കുവാനുണ്ടായ കാരണങ്ങളില്‍ ഒന്ന് തിഹാര്‍ ജയിലിലെ സംഭവങ്ങളായിരുന്നു. ഡല്‍ഹിയിലെ തിഹാര്‍ ജയിലിലെ അന്തേവാസികള്‍ക്കിടയില്‍ നിലനിന്നിരുന്ന സ്വവര്‍ഗരതിയെ നിയന്ത്രിക്കാന്‍ തിഹാര്‍ ജയിലിലേക്ക് ഗര്‍ഭനിരോധന ഉറകള്‍ തടഞ്ഞുകൊണ്ട് 1994ല്‍ അന്നത്തെ ജയില്‍ ഐ.ജി കിരണ്‍ ബേദി ഉത്തരവിറക്കിയതിനെ തുടര്‍ന്നാണ് സ്വവര്‍ഗാനുരാഗികള്‍ ഇന്ത്യയില്‍ സംഘടിച്ചുതുടങ്ങിയത്. ജയിലിലേക്ക് പോകുന്നതിന് മുമ്പ് ഇവരാരും സ്വവര്‍ഗാനുരാഗികള്‍ ആയിരുന്നില്ല.

മോചനം എങ്ങനെ?

അതുകൊണ്ട് മനുഷ്യര്‍ സ്വവര്‍ഗലൈംഗികതയിലേക്ക് വഴിതെറ്റിപ്പോകാതിരിക്കാനുള്ള നടപടികളാണ് ആവശ്യമായിട്ടുള്ളത്. അവര്‍ക്ക് പ്രകൃതിപരമായി സ്രഷ്ടാവ് നല്‍കിയിട്ടുള്ള ലൈംഗികത ആസ്വദിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിച്ചുകൊടുക്കുകയാണ് വേണ്ടത്. രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്വാബ്(റ) പട്ടാളക്കാര്‍ക്ക് മൂന്ന് മാസത്തിലൊരിക്കല്‍ അവധി അനുവദിക്കാനുണ്ടായ കാരണം അവരുടെ ലൈംഗിക അച്ചടക്കത്തിനുകൂടിയായിരുന്നു എന്നത് ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്. അച്ചടിക്കപ്പെട്ട മനഃശാസ്ത്ര തത്ത്വങ്ങളെ ആശ്രയിക്കുന്നതിന് പകരം പ്രകൃതിവിരുദ്ധ ലൈംഗികതകളില്‍നിന്നും സ്വാഭാവിക ലൈംഗികതയിലേക്ക് മനുഷ്യരെ കൈപിടിച്ചുയര്‍ത്തിക്കൊണ്ടുവരാനുള്ള പ്രായോഗിക സമീപനങ്ങളാണ് ആവശ്യമായിട്ടുള്ളത്. സ്രഷ്ടാവിനെ കുറിച്ചും മരണാനന്തര ജീവിതത്തെ കുറിച്ചുമുള്ള ബോധം, ധാര്‍മികതയെ കുറിച്ചുള്ള പാഠങ്ങള്‍, പ്രജനനത്തിന്റെയും തലമുറസമ്പത്തിന്റെയും പ്രയോജനങ്ങള്‍ തുടങ്ങിയവ പകര്‍ന്നുകൊടുത്തുകൊണ്ട് മുഖ്യധാരയിലേക്ക് അവരെ ആനയിക്കുകയാണ് വേണ്ടത്.

അതേസമയം, എതിര്‍ലിംഗത്തോട് ഒട്ടും ലൈംഗികതാല്‍പര്യമില്ലാത്തവരുടെ മേല്‍ എതിര്‍ലിംഗത്തെ പങ്കാളിയായി സ്വീകരിക്കുന്നതിനായി അടിച്ചേല്‍പിക്കാന്‍ പാടുള്ളതുമല്ല. എന്നാല്‍ അവര്‍ സ്വന്തം ലിംഗത്തില്‍ പെട്ടവരെ പങ്കാളിയായി സ്വീകരിക്കുവാനും പാടില്ല. അത് നിഷിദ്ധമാണ്. ലൈംഗിക അച്ചടക്കം സ്വീകരിച്ച് ജീവിക്കുവാനുള്ള മാര്‍ഗം അവര്‍ക്കുവേണ്ടി ഒരുക്കുകയാണ് വേണ്ടത്. അങ്ങനെ ജീവിക്കുന്നവരെ പ്രത്യേക വിഭാഗമായി കാണേണ്ടതില്ല. പ്രത്യേക പേരുകളില്‍ അവരെ വിളിക്കുന്നത് അവരെ അപമാനിക്കലായിരിക്കും.

ലൈംഗിക അച്ചടക്കം പഠിപ്പിക്കുക

ലൈംഗിക അച്ചടക്കം പഠിപ്പിക്കുന്നതിന് പകരം വഴിവിട്ട ജീവിതം അനുവദിച്ചുകൊടുക്കുകയാണെങ്കില്‍ ഭാവിയില്‍ ഇതിലും വലിയ ലൈംഗികവൈകൃതങ്ങളായിരിക്കും നമ്മുടെ സമൂഹത്തില്‍ വ്യാപകമാവുക. സ്വവര്‍ഗ ലൈംഗികതയ്ക്ക് പുറമെ, നെക്രോഫീലിയ, പീഡോഫീലിയ, ബെസ്റ്റിയാലിറ്റി, ഇന്‍സെസ്റ്റ് തുടങ്ങിയ ലൈംഗിക വൈകൃതങ്ങളും മാനസിക സമ്മര്‍ദങ്ങളുടെ പേരില്‍ അനുവദിച്ചുകൊടുക്കുകയാണെങ്കില്‍ എന്തായിരിക്കും ലോകത്തിന്റെ അവസ്ഥ? സാംസ്‌കാരിക ബോധം അല്‍പമെങ്കിലുമുള്ള ഒരു സമൂഹത്തിന് ചിന്തിക്കാന്‍ പോലും സാധിക്കാത്ത ഇത്തരം കാര്യങ്ങള്‍ ‘അവകാശങ്ങള്‍’ എന്ന പേരില്‍ ലോകത്ത് വ്യാപകമാകുന്നത് എന്തുമാത്രം ലജ്ജാകരമാണ്! നാലാളുകളുടെ മുമ്പില്‍ സംസാരിക്കാന്‍ പോലും സാധിക്കാത്ത അപമാനകരമായ ഷെയ്മുകളെ ‘പ്രൈഡ്’ എന്ന പേരില്‍ അഭിമാനത്തോടെ എഴുന്നള്ളിക്കുന്നത് ഇഹലോകത്തെ ദുഷിപ്പിക്കുമെന്നും പരലോകത്ത് വമ്പിച്ച ശിക്ഷക്ക് കാരണമാകുമെന്നും മനസ്സിലാക്കാന്‍ സമൂഹം തയ്യാറാവേണ്ടതുണ്ട്.

അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ പ്രവാചകന്‍ ﷺ പറഞ്ഞ മാര്‍ഗം നിഷിദ്ധമോ അനുവദനീയമോ എന്ന് സംശയമുള്ള കാര്യങ്ങളില്‍നിന്ന് പോലും വിട്ടുനില്‍ക്കുക എന്നതാണ്. അപ്പോള്‍ പിന്നെ, നിഷിദ്ധമെന്നു മാത്രമല്ല അങ്ങേയറ്റം അറപ്പുളവാക്കുന്ന കാര്യമെന്ന് ഉറപ്പുള്ള കാര്യങ്ങളില്‍നിന്ന് എത്രയോ അകലെ നാം നമ്മെ കാത്തുസൂക്ഷിക്കേണ്ടതായിട്ടുണ്ട്. ദുഷിച്ച ചിന്തകളും കാഴ്ചപ്പാടുകളും സമൂഹത്തില്‍ വ്യാപകമാകാതെ നോക്കാന്‍ പ്രകൃതിയെയും ധര്‍മത്തെയും സ്‌നേഹിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്. അഭിമാനം സമരങ്ങളിലൂടെയല്ല, വിശ്വാസത്തിലൂടെ രൂപപ്പെടുന്ന സാംസ്‌കാരിക ഔന്നത്യത്തിലൂടെയാണ് നേടിയെടുക്കേണ്ടത്. സമൂഹത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ദുഷ്പ്രവണതകളുടെ കൂടെക്കൂടി പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും പഠിപ്പിച്ച അഭിമാനബോധത്തെ നാം നശിപ്പിക്കരുത്.

സുഫ്‌യാന്‍ അബ്ദുസ്സലാം
നേർപഥം

Elementor #14203

اَللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ

അല്ലാഹുവേ നീ സന്മാർഗ്ഗത്തിലാക്കിയവരോടൊപ്പം എന്നെയും നീ സന്മാർഗ്ഗത്തിലാക്കേണമേ.

وَعَافِنِي فِيمَنْ عَافَيْتَ

അല്ലാഹുവേ നീ സന്മാർഗ്ഗത്തിലാക്കിയവരോടൊപ്പം എന്നെയും നീ സന്മാർഗ്ഗത്തിലാക്കേണമേ.

وَتَوَلَّنِي فِيمَنْ تَوَلَّيْتَ

അല്ലാഹുവേ നീ സന്മാർഗ്ഗത്തിലാക്കിയവരോടൊപ്പം എന്നെയും നീ സന്മാർഗ്ഗത്തിലാക്കേണമേ.

وَبَارِكْ لِي فِيمَا أَعْطَيْتَ

അല്ലാഹുവേ നീ സന്മാർഗ്ഗത്തിലാക്കിയവരോടൊപ്പം എന്നെയും നീ സന്മാർഗ്ഗത്തിലാക്കേണമേ.

وَقِنِي شَرَّمَا قَضَيْتَ

അല്ലാഹുവേ നീ സന്മാർഗ്ഗത്തിലാക്കിയവരോടൊപ്പം എന്നെയും നീ സന്മാർഗ്ഗത്തിലാക്കേണമേ.

فَإِنَّكَ تَقْضِي وَلَ يُقْضَى عَلَيْكَ

അല്ലാഹുവേ നീ സന്മാർഗ്ഗത്തിലാക്കിയവരോടൊപ്പം എന്നെയും നീ സന്മാർഗ്ഗത്തിലാക്കേണമേ.

فَإِنَّهُ لَ يَذِلُّ مَنْ وَالَيْتَ

അല്ലാഹുവേ നീ സന്മാർഗ്ഗത്തിലാക്കിയവരോടൊപ്പം എന്നെയും നീ സന്മാർഗ്ഗത്തിലാക്കേണമേ.