നബി ചരിത്രം – 44​

നബി ചരിത്രം - 44: യുദ്ധാനന്തര ഉഹ്ദ്

യുദ്ധാനന്തര ഉഹ്ദ്

തന്റെ ചുറ്റും കൂടിയ സ്വഹാബികെളയും കൊണ്ട് നബിﷺ  ഉഹ്ദിന്റെ ഭാഗത്തേക്ക് നീങ്ങി. വിദൂരത്ത് നില്‍ക്കുന്ന മുസ്‌ലിംകളില്‍ ചിലര്‍ ഇത് കണ്ടു. നബിﷺ  കൊല്ലപ്പെട്ടിരിക്കുന്നു എന്നുള്ള കുപ്രചരണത്തിനു ശേഷം ആദ്യമായി നബിയെ കണ്ട് തിരിച്ചറിഞ്ഞത് കഅ്ബ് ബ്‌നു മാലിക്(റ)ആയിരുന്നു. നബിയെ കണ്ട ഉടനെ അദ്ദേഹം ഇപ്രകാരം ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: ”അല്ലയോ മുസ്‌ലിംകളേ, സന്തോഷിച്ചു കൊള്ളുക. ഇതാ അല്ലാഹുവിന്റെ പ്രവാചകന്‍.” അപ്പോള്‍ നബിﷺ  അദ്ദേഹത്തോട് നിശ്ശബ്ദത പാലിക്കാന്‍ ആംഗ്യം കാണിച്ചു. കഅ്ബുബ്‌നു മാലികിന്റെ ശബ്ദം കേട്ട ഉടനെ മുപ്പതോളം വരുന്ന സ്വഹാബികള്‍ നബിയുടെ ചുറ്റും ഒരുമിച്ചുകൂടി. ജീവനോടെ നബിയെ കണ്ടപ്പോള്‍ അവര്‍ എല്ലാവരും ഏറെ സന്തോഷിച്ചു. ഇതുവരെ ബാധിച്ച ഒരു പ്രയാസവും പ്രയാസമല്ല എന്നു പോലും അവര്‍ക്ക് തോന്നി പോയി.

നബിﷺ  തന്റെ ചുറ്റുമുള്ളവരോട് ഉഹ്ദിന്റെ ഭാഗത്തേക്ക് നീങ്ങാന്‍ പറഞ്ഞു. ഉഹ്ദിന്റെ താഴ്‌വരയിലുള്ള വലിയ ഒരു പാറക്കല്ലില്‍ കയറാന്‍ നബിﷺ  ശ്രമിച്ചപ്പോള്‍ നബിക്ക് ബാധിച്ച ദുര്‍ബലത കൊണ്ട് അതിനു സാധിച്ചില്ല. നബിയുടെ ശരീരത്തില്‍നിന്ന് ഒഴുകിവന്ന രക്തത്തിന്റെ ആധിക്യവും പാറപ്പുറത്ത് കയറാന്‍ തടസ്സമായി മാറി. ഈ സന്ദര്‍ഭത്തില്‍ ത്വല്‍ഹത്ബ്‌നു ഉബൈദില്ല മുട്ടുകുത്തി നില്‍ക്കുകയും നബിﷺ  അദ്ദേഹത്തിന്റെ പുറത്തു ചവിട്ടിക്കയറി പാറപ്പുറത്ത് കയറിയിരിക്കുകയും ചെയ്തു. ഉടനെ നബിﷺ  പറഞ്ഞു: ”നിര്‍ബന്ധമായിരിക്കുന്നു (സ്വര്‍ഗം)” (അഹ്മദ് 1417).

എവിടെയാണ് മുഹമ്മദ് എന്ന് ചോദിച്ചു നടക്കുന്ന ഉബയ്യുബ്‌നു ഖലഫ് താഴ്‌വരയിലിരിക്കുന്ന നബിയെ കണ്ടു. ‘നീ ഇപ്പോള്‍ രക്ഷപ്പെട്ടാലും രക്ഷപ്പെട്ടിട്ടില്ല’ എന്ന് അയാള്‍ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. സഹാബികള്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങളില്‍ ആരെങ്കിലും ഇയാളോട് കരുണ കാണിക്കണോ?’ നബിﷺ  പറഞ്ഞു: ‘അയാളെ അയാളുടെ പാട്ടിനു വിട്ടേക്ക്.’ സ്വഹാബികള്‍ അപ്രകാരം തന്നെ ചെയ്തു. എന്നാല്‍ അയാള്‍ നബിയുടെ അരികിലേക്ക് വന്നപ്പോള്‍ നബിﷺ  അദ്ദേഹത്തിന്റെ കഴുത്തില്‍ ഒരു കുത്ത് കൊടുത്തു. ഇതിന്റെ ഫലമായി പല തവണ തന്റെ കുതിരപ്പുറത്തു നിന്നു അയാള്‍ വീണിട്ടുണ്ട്. മക്കയിലേക്ക് മടങ്ങുന്ന വഴിയില്‍ സരിഫ് എന്ന സ്ഥലത്തുവെച്ച് അല്ലാഹുവിന്റെ ആ ശത്രു മരിക്കുകയും ചെയ്തു (ഹാകിം: 3316).

നബിﷺ  താഴ്‌വരയില്‍ ഇരുന്നപ്പോഴായിരുന്നു ശത്രുക്കള്‍ അവസാനമായി മുസ്‌ലിംകള്‍ക്കെതിരെ ഏറ്റുമുട്ടലിനിറങ്ങിയത്. അതായത്, മുശ്‌രിക്കുകളില്‍ ചില ആളുകള്‍ തങ്ങളുടെ കുതിരപ്പടയുമായി മലമുകളില്‍ കയറി. അബൂസുഫ്‌യാനും ഖാലിദുബ്‌നുല്‍ വലീദുമായിരുന്നു അവര്‍ക്ക് നേതൃത്വം കൊടുത്തിരുന്നത്. മുസ്‌ലിംകളെ കീഴടക്കുക എന്നുള്ളതായിരുന്നു അവരുടെ ലക്ഷ്യം. ഈ സന്ദര്‍ഭത്തില്‍ നബിﷺ  പറയുകയുണ്ടായി: ‘അവര്‍ക്ക് നമ്മളെക്കാള്‍ ഒരിക്കലും ഉയരാന്‍ കഴിയുകയില്ല’ (അഹ്മദ്: 2609).

ഏതായാലും സ്വഹാബികള്‍ മുശ്‌രിക്കുകള്‍ക്ക് നേരെ തിരിഞ്ഞ് അവരോടു യുദ്ധം ചെയ്യുകയും അവരെ കല്ലെടുത്ത് എറിയുകയും ചെയ്തു. അങ്ങിനെ മല മുകളില്‍ നിന്നും താഴെ ഇറക്കി. ശേഷം അല്ലാഹു വിശ്വാസികള്‍ക്ക് ഒരു മയക്കം നല്‍കി. അവര്‍ ഏറ്റവും കൂടുതലായി പേടിച്ചു നില്‍ക്കുന്ന ഒരു സമയത്തായിരുന്നു അത്. ഈ മയക്കം മുസ്‌ലിംകള്‍ക്ക് ഒരു ആശ്വാസമായിരുന്നു.’പിന്നീട് ആ ദുഃഖത്തിനു ശേഷം അല്ലാഹു നിങ്ങള്‍ക്കൊരു നിര്‍ഭയത്വം അഥവാ മയക്കം ഇറക്കിത്തന്നു…’ (ക്വുര്‍ആന്‍ 3:154).

അബൂത്വല്‍ഹ(റ) പറയുന്നു: ‘ഉഹ്ദിന്റെ ദിവസം മയക്കം (ഉറക്കം) പിടിപെട്ട ആളുകളില്‍ ഞാനുമുണ്ടായിരുന്നു. എന്റെ കയ്യില്‍ നിന്ന് പല തവണ വാള്‍ താഴെ വീഴുകയും ഞാന്‍ അതെടുക്കുകയും വീണ്ടും വീഴുകയും എടുക്കുകയും ചെയ്തിട്ടുണ്ട്'(ബുഖാരി: 4068).

എന്നാല്‍ കപടവിശ്വാസികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അവരുടെ സ്വന്തം കാര്യമല്ലാതെ മറ്റൊരു ചിന്തയുമുണ്ടായിരുന്നില്ല എന്നും 3:154ല്‍ അല്ലാഹു വ്യക്തമാക്കുന്നുണ്ട്.

യുദ്ധരംഗം ശാന്തമാവുകയും മുശ്‌രിക്കുകള്‍ മക്കയിലേക്ക് മടങ്ങിപ്പോവുകയും ചെയ്തപ്പോള്‍ സ്വഹാബികള്‍ നബിക്കു ബാധിച്ച മുറിവുകള്‍ ചികിത്സിക്കാന്‍ തുടങ്ങി. നബിയെ ചികിത്സിക്കുന്ന സ്വഹാബികളെ സഹായിക്കുന്നതിനു വേണ്ടി മദീനയില്‍ നിന്നും അവരുടെ ഭാര്യമാരും ഇറങ്ങിവന്നു. ഫാത്വിമ(റ) ഇക്കൂട്ടത്തില്‍ വന്ന മഹതിയായിരുന്നു. നബിയെ കണ്ട ഉടനെ മകള്‍ ഫാത്വിമ കെട്ടിപ്പിടിച്ചു. നബിയുടെ ശരീരത്തിലെ മുറിവുകള്‍ വെള്ളം കൊണ്ട് അവര്‍ കഴുകാന്‍ തുടങ്ങിയപ്പോള്‍ രക്തം കൂടുതലായി വരാന്‍ തുടങ്ങി. സഹ്‌ലുബ്‌നു സഅ്ദ്(റ) പറയുകയാണ്: ‘ഉഹ്ദ് യുദ്ധ ദിവസം പ്രവാചകന്റെ മുഖത്ത് മുറിവേറ്റു. അവിടത്തെ അണപ്പല്ല് പൊട്ടി. പടത്തൊപ്പിയുടെ ആണി അവിടത്തെ തലയില്‍ തറച്ചു. ഫാത്വിമയായിരുന്നു പ്രവാചകന്റെ ശരീരത്തില്‍ നിന്നും രക്തം കഴുകിക്കൊടുത്തത്. അലി(റ) വെള്ളം ഒഴിച്ചു കൊടുക്കുകയും ചെയ്തു. വെള്ളം ഒഴിക്കും തോറും രക്തം കൂടുതലായി വരുന്നത് കണ്ടപ്പോള്‍ ഫാത്വിമ(റ) ഈന്തപ്പനയുടെ പട്ട കരിച്ച വെണ്ണീര്‍ നബിയുടെ മുറിയില്‍ വെച്ച് കൊടുത്തു. ശേഷം ആ മുറി കെട്ടിക്കൊടുക്കുകയും ചെയ്തു. അങ്ങനെ രക്തം നിന്നു'(ബുഖാരി: 4075, മുസ്‌ലിം: 1790).

അനസ്(റ) പറയുകയാണ്: ‘ഉഹ്ദ് യുദ്ധ ദിവസം നബിﷺ യുടെ അണപ്പല്ല് പൊട്ടുകയും തലയില്‍ മുറിവേല്‍ക്കുകയും ചെയ്തപ്പോള്‍ രക്തം തുടച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു: ‘തങ്ങളുടെ പ്രവാചകന്റെ അണപ്പല്ല് പൊട്ടിക്കുകയും മുറിവേല്‍പിക്കുകയും ചെയ്ത ഒരു സമൂഹം എങ്ങനെ വിജയിക്കാനാണ്? അങ്ങനെ അല്ലാഹു ഈ വചനം അവതരിപ്പിച്ചു: ”(നബിയേ,) കാര്യത്തിന്റെ തീരുമാനത്തില്‍ നിനക്ക് യാതൊരു അവകാശവുമില്ല. അവന്‍ (അല്ലാഹു) ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവന്‍ അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു (ആലുഇംറാന്‍: 128)” (മുസ്‌ലിം: 1791).

നബിയെ ആക്രമിക്കുവാനും കൊലപ്പെടുത്തുവാനും സാധിക്കുന്നില്ല എന്ന് കണ്ട മുശ്‌രിക്കുകള്‍ മക്കയിലേക്ക് മടങ്ങിപ്പോകുമ്പോള്‍ മരിച്ചു കിടക്കുന്ന സ്വഹാബികളുടെ ശരീരം വികൃതമാക്കുകയും കാതും മൂക്കും മുറിക്കുകയും വയറുകള്‍ കുത്തിക്കീറുകയും ചെയ്തു. അങ്ങനെയാണ് ഹിന്ദ് ബിന്‍തു ഉത്ബ ഹംസ(റ)യുടെ കരള്‍ പറിച്ചെടുത്തത്. അബ്ദുല്ലാഹിബിനു അംറി(റ)ന്റെ ചെവി മുറിച്ചെടുത്തത്. അബ്ദുല്ലാഹിബ്‌നു ജഹ്ശി(റ)ന്റെ ചെവിയും മൂക്കും അവര്‍ മുറിച്ചത്. ഹന്‍ളലതുബ്‌നു അബീ ആമിറി(റ)നെ മാത്രം അവര്‍ ഒന്നും ചെയ്തില്ല. കാരണം അദ്ദേഹത്തിന്റെ പിതാവ് മുശ്‌രിക്കുകളോടൊപ്പമായിരുന്നു.

മുശ്‌രിക്കുകള്‍ പിരിഞ്ഞു പോകുവാന്‍ ഒരുങ്ങിയപ്പോള്‍ അബൂസുഫ്‌യാന്‍ മലമുകളില്‍ കയറി. എന്നിട്ട് മുസ്‌ലിംകളോടായി ഇപ്രകാരം വിളിച്ചു പറഞ്ഞു: ‘എവിടെയാണ് നിങ്ങളുടെ കൂട്ടത്തിലെ മുഹമ്മദ്?’ മൂന്ന് തവണ ഇത് ആവര്‍ത്തിച്ചു ചോദിച്ചു. എന്നാല്‍ അതിനു മറുപടി പറയാന്‍ നബിﷺ  മുസ്‌ലിംകളെ സമ്മതിച്ചില്ല. ശേഷം അബൂസുഫ്‌യാന്‍ ഇപ്രകാരം വിളിച്ചു പറഞ്ഞു: ‘എവിടെപ്പോയി അബൂഖുഹാഫയുടെ മകന്‍?’ മൂന്നു തവണ ഇത് ആവര്‍ത്തിച്ച ശേഷം ചോദിച്ചു: ‘എവിടെപ്പോയി ഉമറുബ്‌നുല്‍ ഖത്ത്വാബ്?’ ഇതും മൂന്നു തവണ ആവര്‍ത്തിച്ച ശേഷം തന്റെ ജനതയിലേക്ക് മലമുകളില്‍ നിന്നും ഇറങ്ങിച്ചെന്ന് കൊണ്ട് പറഞ്ഞു: ‘അവരൊക്കെ കൊല്ലപ്പെട്ടിരിക്കുന്നു.’ അബൂസുഫ്‌യാന്റെ ഈ സംസാരം കേട്ടപ്പോള്‍ ഉമര്‍(റ)വിന് സ്വന്തത്തെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവാണ് സത്യം; അല്ലയോ അല്ലാഹുവിന്റെ ശത്രുവേ, നീ പറഞ്ഞത് കളവാണ്. നീ എണ്ണിപ്പറഞ്ഞവരൊക്കെ ഇവിടെ ജീവിച്ചിരിപ്പുണ്ട്. നിന്നെ വേദനിപ്പിക്കുന്ന പലതും ഇനി ബാക്കിയുണ്ട്.’ അബൂസുഫ്‌യാന്‍ പറഞ്ഞു: ‘ഇത് ബദ്‌റിന് പകരമാണ്. യുദ്ധം ഇനിയും തുടര്‍ന്നുകൊണ്ടിരിക്കും. ഛിന്നഭിന്നമാക്കപ്പെട്ട മൃതദേഹങ്ങള്‍ ഇനിയും നിങ്ങള്‍ കാണും. അത് ഞാന്‍ കല്‍പിച്ചതല്ല. അതുകൊണ്ട് അതില്‍ എന്നെ ദോഷം പറയരുത്. ശേഷം ഇപ്രകാരം പറഞ്ഞുകൊണ്ടിരുന്നു: ‘ഹുബ്ല്‍(വിഗ്രഹം) നീണാള്‍ വാഴട്ടെ. ഹുബ്ല്‍ നീണാള്‍ വാഴട്ടെ.’ ഇതു കേട്ടപ്പോള്‍ നബിﷺ  പറഞ്ഞു: ‘ഇപ്പോള്‍ കൊടുക്കൂ അബൂസുഫിയാന് മറുപടി.’ സ്വഹാബികള്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ പ്രവാചകരേ, എന്താണ് ഞങ്ങള്‍ മറുപടിയായി പറയേണ്ടത്?’ നബിﷺ  പറഞ്ഞു: ‘അല്ലാഹുവാണ് ഏറ്റവും ഉയര്‍ന്നവനും ഉന്നതനായിട്ടുള്ളവനും എന്നു നിങ്ങള്‍ മറുപടി പറയുക.’ അബൂസുഫ്‌യാന്‍ പറഞ്ഞു: ‘ഞങ്ങള്‍ക്ക് ഉസ്സയുണ്ട്, നിങ്ങള്‍ക്ക് ഉസ്സയില്ല.’ നബിﷺ  പറഞ്ഞു: ‘കൊടുക്കൂ അബൂസുഫിയാന് മറുപടി.’ സ്വഹാബത്ത് ചോദിച്ചു: ‘അല്ലാഹുവിന്റെ പ്രവാചകരേ, എന്താണ് ഞങ്ങള്‍ പറയേണ്ടത്?’ നബിﷺ  പറഞ്ഞു: ‘അല്ലാഹുവാണ് ഞങ്ങളുടെ മൗല(യജമാനന്‍). നിങ്ങള്‍ക്ക് മൗലയില്ല’ (ബുഖാരി: 3039).

അബൂസുഫ്‌യാന്‍ തന്റെ കൂടെയുള്ള ആളുകളെയും കൊണ്ട് പിരിഞ്ഞു പോകുമ്പോള്‍ മുസ്‌ലിംകളെ വിളിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു: ‘ഒരു വര്‍ഷത്തിനുള്ളില്‍ ബദ്‌റില്‍ വെച്ച് നമുക്ക് വീണ്ടും കാണാം. അവിടെ വെച്ചാണ് ഞങ്ങളുടെ ആളുകളെ നിങ്ങള്‍ കൊന്നത്.’ അപ്പോള്‍ ഉമറുബ്‌നുല്‍ ഖത്ത്വാബിനോട് നബിﷺ  പറഞ്ഞു: ‘ഉമറേ പറയൂ: ഇന്‍ശാ അല്ലാഹ്. അതെ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയിലുള്ള വാഗ്ദത്ത സമയമാകുന്നു അത് എന്ന്.’ ഇതോടെ ജനങ്ങളെല്ലാം പിരിഞ്ഞുപോയി (നസാഈ 11017).

മുശ്‌രിക്കുകള്‍ മടങ്ങിപ്പോയപ്പോള്‍ അലിയ്യുബ്‌നു അബീത്വാലിബിനെ നബിﷺ  അവരുടെ പിറകെ പറഞ്ഞയച്ചു കൊണ്ട് പറഞ്ഞു: ‘അവരുടെ പിറകെ ചെല്ലണം. അവര്‍ എന്താണ് ചെയ്യുന്നതെന്നും അവര്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നും നിരീക്ഷിക്കണം. അവര്‍ കുതിരകളുടെ കൂടെ നടക്കുകയും ഒട്ടകത്തെ തെളിച്ചുകൊണ്ടു പോകുകയും ചെയ്യുകയാണ് എങ്കില്‍ അവര്‍ ഉദ്ദേശിക്കുന്നത് മക്കയാണ്. മറിച്ച് അവര്‍ കുതിരപ്പുറത്ത് കയറിയാണ് യാത്ര ചെയ്യുന്നത് എങ്കില്‍ അവര്‍ ഉദ്ദേശിക്കുന്നത് മദീനയാണ്. മദീനയെയെങ്ങാനുമാണ് അവര്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ ഞാന്‍ അവരിലേക്ക് അങ്ങോട്ട് ചെല്ലുകയും അവരോട് യുദ്ധം ചെയ്യുകയും ചെയ്യും.’ അലി(റ) പറയുകയാണ്: ‘അവര്‍ എന്ത് ചെയ്യുന്നു എന്ന് അറിയാന്‍ വേണ്ടി ഞാന്‍ അവരുടെ പിറകെ ചെന്നു. അപ്പോള്‍ അവര്‍ മക്കയിലേക്ക് മടങ്ങുകയായിരുന്നു.’ അലി(റ) നബിﷺ യുടെ അടുക്കലേക്ക് തിരിച്ചുവരികയും അവര്‍ മക്കയിലേക്ക് പോയി എന്നുള്ള വാര്‍ത്ത അറിയിക്കുകയും ചെയ്തു” (സീറതു ഇബ്‌നു ഹിശാം: 3/105).

മുശ്‌രിക്കുകള്‍ മക്കയിലേക്ക് പോയ വാര്‍ത്ത അറിഞ്ഞപ്പോള്‍ മുസ്‌ലിംകള്‍ക്ക് സന്തോഷമായി. തങ്ങളുടെ കൂട്ടത്തില്‍ നിന്ന് മുറിവേറ്റവരെയും കൊല്ലപ്പെട്ടവരെയും അന്വേഷിച്ച് അവര്‍ ഇറങ്ങി. നബി തന്റെ പിതൃവ്യന്‍ ഹംസയെ അന്വേഷിച്ചുകൊണ്ടാണ് പോയത്. ശരീരം വികൃതമാക്കപ്പെട്ട നിലയില്‍ ഹംസ(റ)യെ നബിﷺ  കണ്ടു. അദ്ദേഹത്തിന്റെ മൂക്കും കാതും മുറിച്ചെടുക്കപ്പെട്ട അവസ്ഥയിലായിരുന്നു. ഇതു കണ്ടപ്പോള്‍ നബിﷺ  പറയുകയുണ്ടായി: ‘സ്വഫിയ്യക്ക് വിഷമം ഇല്ലായിരുന്നുവെങ്കില്‍ പക്ഷികളുടെയും മൃഗങ്ങളുടെയും വയറ്റില്‍ നിന്ന് അല്ലാഹു ഹംസയെ ഒരുമിച്ചു കൂട്ടുന്നതുവരെ ഞാന്‍ ഇവിടെ വിട്ടേക്കുമായിരുന്നു’ (അഹ്മദ്: 12300).

ഹംസ(റ) കൊല്ലപ്പെട്ട വിവരം അറിഞ്ഞ സ്വഫിയ്യ(റ) ഉഹ്ദിലേക്ക് വന്നു. അലി(റ)യെയും സുബൈറി(റ)നെയും അവര്‍ കണ്ടു. അലി(റ) സുബൈറി(റ)നോട് പറഞ്ഞു: ‘നിങ്ങളുടെ ഉമ്മയോട് കാര്യങ്ങള്‍ പറയുക.’ അപ്പോള്‍ സുബൈര്‍(റ) അലി(റ)യോട് പറഞ്ഞു: ‘ഇല്ല, നിങ്ങള്‍ തന്നെ നിങ്ങളുടെ അമ്മായിയോട് കാര്യങ്ങള്‍ പറയുക.’ അപ്പോള്‍ സ്വഫിയ്യ(റ) ചോദിച്ചു: ‘എന്താണ് ഹംസക്ക് സംഭവിച്ചത്?’ ഞങ്ങള്‍ക്ക് അറിയില്ല എന്ന രൂപത്തില്‍ അവര്‍ കാണിച്ചു കൊടുത്തു. നബിﷺ  അവിടേക്ക് കടന്നു വന്നു. എന്നിട്ട് പറഞ്ഞു: ‘അവര്‍ക്ക് മാനസികമായി എന്തെങ്കിലും സംഭവിക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു.’ നബിﷺ  അവരെ ആശ്വസിപ്പിച്ചു. എന്നിട്ട് പ്രാര്‍ഥിക്കുകയും ചെയ്തു. സ്വഫിയ്യ(റ) ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍ എന്ന് പറയുകയും കരയുകയും ചെയ്തു (ഹാകിം: 4947).

ഛിന്നഭിന്നമാക്കപ്പെട്ട ശരീരങ്ങള്‍ കണ്ടപ്പോള്‍ മുസ്‌ലിംകള്‍ക്ക് ദേഷ്യം വന്നു. അവര്‍ ഇപ്രകാരം പറഞ്ഞു: ‘മുശ്‌രിക്കുകള്‍ക്കെതിരെ അല്ലാഹു ഞങ്ങള്‍ക്ക് ഒരു വിജയം തന്നാല്‍ അവരുടെ ശരീരവും ഇതേ പോലെ ഞങ്ങള്‍ വികൃതമാക്കും. ഇതിന്റെ പലിശയും കൂട്ടി ഞങ്ങള്‍ പ്രതികാര നടപടി എടുക്കും.’ അപ്പോള്‍ അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു:

”നിങ്ങള്‍ ശിക്ഷാനടപടി സ്വീകരിക്കുകയാണെങ്കില്‍ (എതിരാളികളില്‍ നിന്ന്) നിങ്ങളുടെ നേരെയുണ്ടായ ശിക്ഷാനടപടിക്ക് തുല്യമായ നടപടി നിങ്ങള്‍ സ്വീകരിച്ച് കൊള്ളുക. നിങ്ങള്‍ ക്ഷമിക്കുകയാണെങ്കിലോ അതു തന്നെയാണ് ക്ഷമാശീലര്‍ക്ക് കൂടുതല്‍ ഉത്തമം” (ക്വുര്‍ആന്‍ 16:126).

അപ്പോള്‍ നബിﷺ  പറഞ്ഞു: ‘ഞങ്ങള്‍ ശിക്ഷാ നടപടി എടുക്കുകയില്ല’ (അഹ്മദ്: 21229).

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 43

നബി ചരിത്രം - 43: അനുസരണക്കേടിന്റെ ഫലം

അനുസരണക്കേടിന്റെ ഫലം

മുസ്‌ലിംകള്‍ മുശ്‌രിക്കുകളെ യുദ്ധക്കളത്തില്‍നിന്ന് തുരത്തി ഓടിക്കുകയും കൊലപ്പെടുത്തുകയും ബന്ദികളാക്കുകയും യുദ്ധസ്വത്ത് സമാഹരിച്ച് കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ മലമുകളില്‍ നിര്‍ത്തിയ അമ്പെയ്ത്തുകാര്‍ അവിടെ നിന്നും ഇറങ്ങിവന്നു. മറ്റുള്ള ആളുകളോടൊപ്പം യുദ്ധമുതല്‍ ഒരുമിച്ച് കൂട്ടുവാന്‍ വേണ്ടിയായിരുന്നു അവര്‍ ഇറങ്ങിവന്നത്. ഈ സന്ദര്‍ഭത്തില്‍ അവരുടെ നേതാവ് അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) പറഞ്ഞു: ”നബിയുടെ വാക്കുകളെ നിങ്ങള്‍ മറന്നുവോ?” പക്ഷേ, മറ്റുള്ളവര്‍ അത് ചെവിക്കൊണ്ടില്ല. മുശ്‌രിക്കുകള്‍ പരാജയപ്പെട്ടതാണല്ലോ. ഇനി ഞങ്ങള്‍ ഇവിടെ നില്‍ക്കുന്നത് എന്തിന് എന്നാണ് അവര്‍ ചിന്തിച്ചത്. ‘ജനങ്ങളുടെ കൂട്ടത്തിലേക്ക് ഞങ്ങളും ഇറങ്ങിച്ചെല്ലുകയും അവരോടൊപ്പം യുദ്ധസ്വത്ത് സമാഹരിക്കുകയും ചെയ്യും’ എന്ന് പറഞ്ഞുകൊണ്ട് അവര്‍ ഇറങ്ങിപ്പോന്നു (ബുഖാരി: 3039).

അമ്പെയ്ത്തുകാര്‍ മലമുകളില്‍ നിന്ന് ഇറങ്ങി വന്നതോടു കൂടി ശത്രുക്കള്‍ കടന്നുവരാനുള്ള വഴി തുറക്കപ്പെടുകയായിരുന്നു. നബി ﷺ യുടെ നിര്‍ദേശത്തെ മാനിച്ചുകൊണ്ട് അബ്ദുല്ലാഹിബ്‌നു ജുബൈര്‍(റ) അവിടെത്തന്നെ നിന്നു. പത്തോളം വരുന്ന സ്വഹാബികളും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. നബിയോട് കാണിച്ച ഈ അനുസരണക്കേടിന്റെ ഭാഗമായിക്കൊണ്ട് അല്ലാഹു ക്വുര്‍ആനിലെ ഈ വചനം ഇറക്കുകയുണ്ടായി:

”അല്ലാഹുവിന്റെ അനുമതി പ്രകാരം നിങ്ങളവരെ കൊന്നൊടുക്കിക്കൊണ്ടിരുന്നപ്പോള്‍ നിങ്ങളോടുള്ള അല്ലാഹുവിന്റെ വാഗ്ദാനത്തില്‍ അവന്‍ സത്യം പാലിച്ചിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ ഭീരുത്വം കാണിക്കുകയും കാര്യനിര്‍വഹണത്തില്‍ അന്യോന്യം പിണങ്ങുകയും, നിങ്ങള്‍ ഇഷ്ടപ്പെടുന്ന നേട്ടം അല്ലാഹു നിങ്ങള്‍ക്ക് കാണിച്ചുതന്നതിന് ശേഷം നിങ്ങള്‍ അനുസരണക്കേട് കാണിക്കുകയും ചെയ്തപ്പോഴാണ് (കാര്യങ്ങള്‍ നിങ്ങള്‍ക്കെതിരായത്). നിങ്ങളില്‍ ഇഹലോകത്തെ ലക്ഷ്യമാക്കുന്നവരുണ്ട്. പരലോകത്തെ ലക്ഷ്യമാക്കുന്നവരും നിങ്ങളിലുണ്ട്. അനന്തരം നിങ്ങളെ പരീക്ഷിക്കുവാനായി അവരില്‍ (ശത്രുക്കളില്‍) നിന്ന് നിങ്ങളെ അല്ലാഹു പിന്തിരിപ്പിച്ചുകളഞ്ഞു. എന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് തന്നിരിക്കുന്നു. അല്ലാഹു സത്യവിശ്വാസികളോട് ഔദാര്യം കാണിക്കുന്നവനാകുന്നു”(ആലു ഇംറാന്‍: 152).

മുശ്‌രിക്കുകളുടെ കുതിരപ്പടയുടെ നേതൃത്വം വഹിച്ചിരുന്ന ഖാലിദ്ബ്‌നുല്‍ വലീദ് മലമുകളില്‍ നിന്നും അമ്പെയ്ത്തുകാര്‍ ഇറങ്ങിപ്പോകുന്നത് കണ്ടപ്പോള്‍ അതിവേഗത്തില്‍ ആ വഴി കുതിച്ച് ഉഹ്ദിലേക്ക് കടന്നു ചെന്നു. മുസ്‌ലിം സൈന്യത്തിന്റെ നേരെ പിന്‍ഭാഗത്താണ് അദ്ദേഹം എത്തിയത്. ഉഹ്ദിലേക്ക് കടന്നു വന്നു എന്ന് മാത്രമല്ല മുസ്‌ലിംകളുടെ പിന്നിലൂടെയും മുന്നിലൂടെയും ഖാലിദിന്റെ നേതൃത്വത്തിലുള്ള കുതിരപ്പട വലയം ചെയ്യുകയുണ്ടായി. ഇംറ ബിന്ദു അല്‍ഖമതുല്‍ഹാരിസിയ്യ എന്ന മുശിക്കത്തായ വനിത യുദ്ധക്കളത്തിലേക്ക് ഓടിവരികയും മുമ്പ് മുശ്‌രിക്കുകള്‍ വലിച്ചെറിഞ്ഞ കൊടിയെടുത്ത് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. അതോടെ മുശ്‌രിക്കുകള്‍ കൊടിക്ക് ചുറ്റും ഒരുമിച്ചു കൂടി. ഖാലിദിന്റെ സൈന്യം മുസ്‌ലിംകളെ നാലുഭാഗത്തു നിന്നും വലയം ചെയ്തതോടുകൂടി മുസ്‌ലിം സൈന്യം ഛിന്നഭിന്നമായി. അവരുടെ അണികള്‍കള്‍ക്ക് താളംതെറ്റി. വ്യവസ്ഥകള്‍ താറുമാറായി. അമ്പെയ്ത്തുകാരായ സ്വഹാബിമാര്‍ നബിയുടെ കല്‍പനക്ക് എതിരായി പ്രവര്‍ത്തിച്ചതിന്റെ ഭാഗമായി ഒരു കെട്ടിടം പോലെ ഉറച്ചുനിന്ന് യുദ്ധം ചെയ്തിരുന്ന മുസ്‌ലിം സൈന്യം ചിതറുകയും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയും ചെയ്തു. വ്യവസ്ഥകള്‍ താറുമാറായിക്കൊണ്ടുള്ള പരസ്പരം ഏറ്റുമുട്ടലില്‍ ആര് ആരെയാണ് വെട്ടുന്നത് എന്നു പോലും അറിയുമായിരുന്നില്ല. ഒട്ടനവധി മുസ്‌ലിംകള്‍ ഈ സന്ദര്‍ഭത്തില്‍ കൊല്ലപ്പെടുകയുണ്ടായി.

ആഇശ(റ) പറയുന്നു: ”ഉഹ്ദ് യുദ്ധത്തില്‍ മുസ്‌ലിംകള്‍ പരാജയപ്പെട്ടപ്പോള്‍ അവരെ വീണ്ടും യുദ്ധത്തിന് പ്രേരിപ്പിച്ചുകൊണ്ട് ഇബ്‌ലീസ് വിളിച്ചു കൂവുകയുണ്ടായി. അങ്ങനെ മുശ്‌രിക്കുകള്‍ വീണ്ടും ഒരുമിച്ചു കൂടുകയും ചെയ്തു” (ബുഖാരി: 4065).

നിയന്ത്രണവും വ്യവസ്ഥയും നഷ്ടപ്പെട്ട യുദ്ധഭൂമിയില്‍ മുസ്‌ലിംകള്‍ അറിയാതെ ഹുദൈഫയുടെ പിതാവായ യമാനിനെ കൊലപ്പെടുത്തി. അത് ഹുദൈഫയുടെ പിതാവാണ് എന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. ഈ രംഗം ഹുദൈഫ കണ്ടപ്പോള്‍ ‘എന്റെ പിതാവ്, എന്റെ പിതാവ്’ എന്ന് അദ്ദേഹം ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. പക്ഷേ, അറിയാതെ അവര്‍ കൊലപ്പെടുത്തി. ഹുദൈഫ അവരോട് പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരട്ടെ. (ബുഖാരി: 4065).

കൊല ചെയ്യപ്പെട്ട പിതാവിന്റെ പ്രായച്ഛിത്തമായി ഹുദൈഫക്ക് ഫിദ്‌യ നല്‍കാന്‍ നബി ﷺ  ഉദ്ദേശിച്ചു. അങ്ങനെ ഫിദ്‌യയായി ലഭിച്ചത് ഹുദൈഫ മുസ്‌ലിംകള്‍ക്ക് തന്നെ ദാനം ചെയ്യുകയും ചെയ്തു. അതോടെ നബിയുടെ അടുക്കലുള്ള ഹുദൈഫയുടെ സ്ഥാനം കൂടുതല്‍ വര്‍ധിച്ചു. ഉഹ്ദ് യുദ്ധത്തിന്റെ തുടക്കത്തില്‍ മുസ്‌ലിംകള്‍ക്ക് ശക്തമായ വിജയം നേടുവാന്‍ സാധിച്ചുവെങ്കിലും യുദ്ധത്തിന്റെ അവസാന സന്ദര്‍ഭം മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നഷ്ടത്തിന്റെതായിരുന്നു.

”നിങ്ങള്‍ക്കിടയില്‍ റസൂലിന്റെ വിളിയെ നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നത് പോലെ നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്. (മറ്റുള്ളവരുടെ) മറപിടിച്ചുകൊണ്ട് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ചോര്‍ന്ന് പോകുന്നവരെ അല്ലാഹു അറിയുന്നുണ്ട്. ആകയാല്‍ അദ്ദേഹത്തിന്റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ” (അന്നൂര്‍: 63).

മുസ്‌ലിംകളില്‍ ചിലര്‍ യുദ്ധക്കളം വിട്ടു പോയി. മുസ്‌ലിംകളുടെ കൊടി വഹിച്ചിരുന്ന മിസ്അബ് ഇബ്‌നു ഉമൈര്‍(റ) അവിടെത്തന്നെ ഉറച്ചു നിന്നു. റസൂലിന്റെ ചുറ്റും നിന്ന് അദ്ദേഹം യുദ്ധം ചെയ്യുകയുണ്ടായി. ഈ സന്ദര്‍ഭത്തില്‍ മുശ്‌രിക്കുകളുടെ ഒരു കുതിരപ്പടയാളിയായ ഇബ്‌നു ഖംഅ മിസ്വ്അബിന്റെ നേരെ വന്നു. മിസ്അബിനെ അയാള്‍ കൊലപ്പെടുത്തി. കൊടി താഴെ വീണു. ആ കൊടി എടുക്കുവാനും ഉയര്‍ത്തിപ്പിടിക്കുവാനും നബി ﷺ  അലി(റ)യോട് കല്‍പിച്ചു.

മിസ്അബ്(റ)തന്റെ പടയങ്കി ധരിച്ചാല്‍ നബി ﷺ യുടെ അതേ പോലെ തോന്നുമായിരുന്നു. മിസ്അബിനെ കൊന്ന ഇബിനുഖംഅ തെറ്റിദ്ധരിച്ചത് താന്‍ കൊന്നത് മുഹമ്മദ് നബി ﷺ യെയാണ് എന്നായിരുന്നു. അതോടെ ഞാന്‍ മുഹമ്മദിനെ കൊന്നു എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ട് മുശ്‌രിക്കുകള്‍ക്കിടയിലേക്ക് അയാള്‍ മടങ്ങിച്ചെന്നു. ഉയര്‍ന്ന ശബ്ദത്തില്‍ പിശാചും ഇപ്രകാരം വിളിച്ചുപറഞ്ഞു: ‘അറിയുക; മുഹമ്മദ് കൊല്ലപ്പെട്ടിരിക്കുന്നു.’ ഇത് കേട്ടതോടു കൂടി മുസ്‌ലിംകളുടെ  അവസ്ഥ വളരെ പ്രയാസമുള്ളതായി മാറി. അവരുടെ എല്ലാ സ്വപ്‌നങ്ങളും തകര്‍ന്നടിഞ്ഞു. മുസ്‌ലിം സൈന്യം ആകെ പരിഭ്രാന്തരായി. എന്തു ചെയ്യണം എന്ന് പോലും അറിയാത്ത അവസ്ഥയാണ് അവര്‍ക്കുണ്ടായത്. ഇതോടെ മുസ്‌ലിംകള്‍ മൂന്ന് തരക്കാരായി മാറി.

(1) യുദ്ധക്കളം വിട്ട് പിന്തിരിഞ്ഞോടിയവര്‍. തെറ്റില്‍ ഉറച്ചു നില്‍ക്കുവാനോ തിന്മ ചെയ്യണമെന്നുള്ള ഉദ്ദേശത്തോടുകൂടിയോ അല്ല അവര്‍ യുദ്ധക്കളം വിട്ടോടിയത്. മറിച്ച് അവിടെ അവര്‍ കണ്ട സാഹചര്യവും നാശത്തിന്റെതായ രംഗങ്ങളും സ്വാഭാവികമായും മനുഷ്യനില്‍ ഉണ്ടാവുന്ന ചിന്തകളിലൂടെ ഉടലെടുത്ത ദുര്‍ബലതയായിരുന്നു അവര്‍ തിരിഞ്ഞോടാനുള്ള കാരണം. നബിയുടെ മരണത്തെക്കുറിച്ചുള്ള വാര്‍ത്ത അവര്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിനെക്കാള്‍ അപ്പുറമായിരുന്നു. എന്നാല്‍ ഇങ്ങനെ തിരിഞ്ഞോടിയവര്‍ വളരെ കുറച്ചു മാത്രമെ ഉണ്ടായിരുന്നുള്ളൂ. അല്ലാഹു പറയുന്നു:

 ”ആരെയും തിരിഞ്ഞ് നോക്കാതെ നിങ്ങള്‍ (പടക്കളത്തില്‍നിന്നു) ഓടിക്കയറിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). റസൂല്‍ പിന്നില്‍ നിന്ന് നിങ്ങളെ വിളിക്കുന്നുണ്ടായിരുന്നു. അങ്ങനെ അല്ലാഹു നിങ്ങള്‍ക്കു ദുഃഖത്തിനുമേല്‍ ദുഃഖം പ്രതിഫലമായി നല്‍കി. നഷ്ടപ്പെട്ടുപോകുന്ന നേട്ടത്തിന്റെ പേരിലോ, നിങ്ങളെ ബാധിക്കുന്ന ആപത്തിന്റെ പേരിലോ നിങ്ങള്‍ ദുഃഖിക്കുവാന്‍ ഇടവരാതിരിക്കുന്നതിനുവേണ്ടിയാണിത്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു” (ആലുഇംറാന്‍: 153).

ഉസ്മാനുബ്‌നു അഫ്ഫാന്‍(റ), ഖാരിജതുബ്‌നു അംറ്(റ), ഹാരിസ്ബിന്‍ഹാത്വിബ്(റ)തുടങ്ങിയവരായിരുന്നു അവര്‍. എന്നാല്‍ അല്ലാഹു തന്റെ കാരുണ്യം കൊണ്ടും ഔദാര്യം കൊണ്ടും അവര്‍ക്ക് മാപ്പ് കൊടുത്തിരിക്കുന്നു:

”രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസം നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് പിന്തിരിഞ്ഞ് ഓടിയവരെ തങ്ങളുടെ ചില ചെയ്തികള്‍ കാരണമായി പിശാച് വഴിതെറ്റിക്കുകയാണുണ്ടായത്. അല്ലാഹു അവര്‍ക്ക് മാപ്പുനല്‍കിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു” (ആലു ഇംറാന്‍: 155).

(2) പരിഭ്രാന്തിയില്‍ അകപ്പെട്ടു പോയ ആളുകള്‍. കൊല്ലപ്പെടുന്നത് വരെ യുദ്ധം ചെയ്യുക എന്ന തീരുമാനത്തിലായിരുന്നു അവര്‍. ഭൂരിപക്ഷം സ്വഹാബിമാരും ഇത്തരത്തില്‍ ഉള്ളവരായിരുന്നു. എന്നാല്‍ നബി ﷺ  ജീവിച്ചിരിപ്പുണ്ട് എന്ന് അറിഞ്ഞപ്പോള്‍ അവര്‍ നബിയിലേക്ക് മടങ്ങുകയും ചെയ്തു. മുശ്‌രിക്കുകള്‍ ഉണ്ടാക്കിയെടുത്ത വെല്ലുവിളിയെ സ്വീകരിച്ചുകൊണ്ടും സത്യവിശ്വാസികളെ യുദ്ധത്തിനു വേണ്ടി പ്രേരിപ്പിച്ചും ഈ നിര്‍ണായക ഘട്ടത്തില്‍ മുന്നോട്ടു കുതിച്ചു ഒരാളായിരുന്നു അനസുബ്‌നു നള്ര്‍(റ). ബദ്‌റില്‍ തനിക്ക് നഷ്ടപ്പെട്ട അവസരത്തിന് പകരമായി ഉഹ്ദിനെ അദ്ദേഹം സ്വീകരിച്ചു. ചില സ്വഹാബിമാര്‍ മാറി നില്‍ക്കുന്നത് കണ്ടപ്പോള്‍ അനസുബ്‌നു നള്ര്‍ ഇപ്രകാരം പറഞ്ഞു: ‘അല്ലാഹുവേ, ഈ സമൂഹം ചെയ്യുന്ന കാര്യത്തില്‍ നിന്നും ഞാന്‍ നിന്നോട് മാപ്പ് ചോദിക്കുന്നു. മുശ്‌രിക്കുകള്‍ ചെയ്ത പ്രവര്‍ത്തനത്തില്‍ നിന്നും അല്ലാഹുവേ, ഞാന്‍ നിരപരാധിയാണ്.’ ശേഷം അദ്ദേഹം മുന്നോട്ടു നീങ്ങി. അപ്പോള്‍ സഅ്ദ്ബ്‌നു മുആദ് അദ്ദേഹത്തെ കണ്ടു. അന്നേരം അദ്ദേഹം പറഞ്ഞു: ‘അല്ലയോ സഅ്ദ്! സ്വര്‍ഗം. നള്‌റിന്റെ റബ്ബ് തന്നെയാണ് സത്യം;  ഉഹ്ദിന്റെ പിറകില്‍ നിന്നും സ്വര്‍ഗത്തിന്റെ സുഗന്ധം ഞാന്‍ അനുഭവിക്കുന്നു.’ സഅ്ദ് പറയുകയാണ്: ‘അല്ലാഹുവിന്റെ പ്രവാചകരേ, എന്താണ് അനസ് ചെയ്തത് എന്ന് പോലും എനിക്ക് വര്‍ണിക്കാന്‍ സാധ്യമല്ല. ശരീരത്തില്‍ എണ്‍പതിലധികം വെട്ടുകളുടെ പാടുകള്‍ അദ്ദേഹത്തില്‍ കണ്ടു എന്നാണ് സ്വഹാബിമാര്‍ പറയുന്നത്. അദ്ദേഹത്തിന്റെ ശരീരം മുശ്‌രിക്കുകള്‍ പിച്ചിച്ചീന്തിയിരുന്നു” (ബുഖാരി 2805. മുസ്‌ലിം: 1903).

(3) നബി ﷺ യുടെ കൂടെ ഉറച്ചു നിന്നവര്‍. അടിയുറച്ച പാറപോലെ നബി യുദ്ധക്കളത്തില്‍ ധൈര്യമായി നിന്നിരുന്നു. തന്റെ സ്ഥാനം വിട്ട് നബി ﷺ  നീങ്ങിയിട്ടില്ല. ശത്രുക്കള്‍ക്ക് അഭിമുഖമായിത്തന്നെ നബി നിന്നു. മുസ്‌ലിംകള്‍ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നതായി കണ്ടപ്പോള്‍ നബി ﷺ  വിളിച്ചു പറഞ്ഞു: ”അല്ലാഹുവിന്റെ അടിമകളേ, എന്റെ അടുക്കലേക്ക് വരൂ. ഞാന്‍ അല്ലാഹുവിന്റെ പ്രവാചകനാണ്.” ഈ ശബ്ദം കേട്ടപ്പോള്‍ മുശ്‌രിക്കുകള്‍ക്ക് നബിയെ മനസ്സിലായി അവര്‍ നബിക്ക് നേരെ ചാടി വീണു. നബിയുടെ കൂടെ വളരെ വിരളം ആളുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. മുഹാജിറുകളില്‍ നിന്ന് 7 പേരും അന്‍സ്വാറുകളില്‍ നിന്ന് ഏഴു പേരും. ത്വല്‍ഹയും സഅ്ദുബ്‌നു അബീവക്വാസുമാണ് മുഹാജിറുകളുടെ കൂട്ടത്തില്‍ നിന്ന് ഉണ്ടായിരുന്നത്. അനസുബ്‌നു മാലിക് (റ)പറയുന്നു: ‘നബി ﷺ  അന്‍സ്വാരികള്‍ക്കൊപ്പം ഒറ്റപ്പെട്ടു പോയി. ക്വുറൈശികളിലെ രണ്ട് ആളുകളും ഉണ്ടായിരുന്നു. അവര്‍ നബിയെ ആക്ഷേപിച്ചുകൊണ്ടും ചീത്ത പറഞ്ഞുകൊണ്ടും സംസാരിക്കാന്‍ തുടങ്ങി.” നബി ﷺ  ചോദിച്ചു: ”ആരാണ് ഇവരെ നമ്മില്‍ നിന്നും അകറ്റിക്കളയുക? അവര്‍ക്ക് സ്വര്‍ഗമുണ്ട്. അല്ലെങ്കില്‍ അവര്‍ സ്വര്‍ഗത്തില്‍ എന്റെ കൂട്ടുകാരായിരിക്കും.” ഇതു കേട്ടപ്പോള്‍ അന്‍സ്വാരികളില്‍ പെട്ട ഒരാള്‍ മുന്നോട്ടുവന്നു. കൊല്ലപ്പെടുന്നത് വരെ യുദ്ധം ചെയ്തു. വീണ്ടും അവര്‍ നബിയെ മോശപ്പെടുത്തിക്കൊണ്ട് സംസാരിച്ചു. നബി ﷺ  വീണ്ടും ആവര്‍ത്തിച്ച് ചോദിച്ചു: ”ആരാണ് ഇവരെ നമ്മില്‍ നിന്നും അകറ്റിക്കളയാനുള്ളത്? അവനു സ്വര്‍ഗമുണ്ട്. അല്ലെങ്കില്‍ അവന്‍ എന്റെ കൂടെ സ്വര്‍ഗത്തിലായിരിക്കും.” അപ്പോള്‍ അന്‍സ്വാരികളില്‍ പെട്ട ഒരാള്‍ രംഗത്തുവരികയും കൊല്ലപ്പെടുന്നത് വരെ യുദ്ധം ചെയ്യുകയും ചെയ്തു. അങ്ങിനെ 7 പേരും ശഹീദാകുന്നതു വരെ ഈ അവസ്ഥ തുടര്‍ന്നു.

7 അന്‍സ്വാറുകള്‍ കൊല്ലപ്പെട്ടപ്പോള്‍ മുശ്‌രിക്കുകള്‍ നബിക്കെതിരെയുള്ള ആക്രമണം ശക്തമാക്കി. നബി ﷺ യെ കൊല്ലലായിരുന്നു അവരുടെ ലക്ഷ്യം. ഉതുബതുബ്‌നു അബീവക്വാസ് നബിയെ കല്ലെടുത്തെറിഞ്ഞു. നബിയുടെ കീഴ്ചുണ്ടിന് മുറിവേറ്റു. താഴ്ഭാഗത്തുള്ള വലത്തെ പല്ല് പൊട്ടുകയും ചെയ്തു. നബിയുടെ പടത്തൊപ്പി പൊട്ടി. അബ്ദുല്ലാഹിബിനു ശിഹാബ് എന്ന വ്യക്തി മുന്നോട്ട് ചെന്ന് നബിയുടെ നെറ്റിയില്‍ മുറിവേല്‍പിച്ചു. ഇബ്‌നു ഖംഅ നബി ﷺ യുടെ മുകളിലേക്ക് വാള്‍ ഉയര്‍ത്തുകയും നബിയുടെ ചുമലില്‍ അതിശക്തമായ നിലക്ക് അടിക്കുകയും ചെയ്തു. ഒരു മാസത്തിലധികം ഇതിന്റെ പ്രയാസം നബി ﷺ  അനുഭവിച്ചിട്ടുണ്ട്. ശേഷം നബിയുടെ കവിളത്താണ് അയാള്‍ അടിച്ചത്. ഇതു പിടിച്ചോ, ഞാന്‍ ഇബ്‌നു ഖംഅയാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു അടിച്ചത്. പടത്തൊപ്പിയുടെ ആണി നബിയുടെ കവിളില്‍ തറച്ചു. നബി ﷺ  പറഞ്ഞു: ”അല്ലാഹു നിന്നെ നിന്ദിക്കട്ടെ.” ഈ മുശ്‌രിക്കുകളെ നബി ﷺ  തന്നില്‍ നിന്നും തള്ളിമാറ്റിക്കൊണ്ടിരുന്നു. ഈ അവസരത്തില്‍ അബു ആമിര്‍ കുഴിച്ച കുഴിയില്‍ നബി ﷺ  വീഴുകയുണ്ടായി. നബിയുടെ കാല്‍മുട്ടില്‍ മുറിവേറ്റു. അലി(റ)യാണ് നബി ﷺ യെ വാരിക്കുഴിയില്‍ നിന്നും പിടിച്ചുയര്‍ത്തിയത്.

നബി ﷺ  തന്റെ പൊട്ടിപ്പോയ പല്ലിലേക്ക് ചൂണ്ടിക്കൊണ്ട് ഇപ്രകാരം പറഞ്ഞിട്ടുണ്ട്: ”തങ്ങളുടെ പ്രവാചകനെ ഇത്രയൊക്കെ ചെയ്ത സമൂഹത്തോട് അല്ലാഹുവിന്റെ കോപം ശക്തമായിരിക്കുന്നു.” ത്വല്‍ഹയും സഅ്ദുബ്‌നു അബീവക്വാസുമായിരുന്നു നബിയുടെ ചുറ്റും നിന്നു കൊണ്ട് നബിക്കു വേണ്ടി പ്രതിരോധിച്ചിരുന്നത്. ഉഹ്ദിന്റെ ദിവസം നബിയിലേക്ക് വരുന്ന അമ്പുകള്‍ തടഞ്ഞ് ത്വല്‍ഹയുടെ കൈകള്‍ക്ക് തളര്‍ച്ച ബാധിച്ചിട്ടുണ്ട് എന്ന് ഹദീസില്‍ കാണുവാന്‍ സാധിക്കും (ബുഖാരി: 4063).

സഅ്ദ്(റ) പറയുന്നു: ”നബി ﷺ  തന്റെ ആവനാഴിയില്‍ നിന്നും എനിക്ക് ഒരു അമ്പെടുത്തു തരികയും എന്റെ ഉമ്മയും ഉപ്പയും നിങ്ങള്‍ക്ക് ദണ്ഡമാണ്, നിങ്ങള്‍ എറിയൂ എന്ന് എന്നോട് പറയുകയും ചെയ്തിട്ടുണ്ട്” (ബുഖാരി: 4055, മുസ്‌ലിം: 2412).

നബിയെ സഹായിക്കുന്നതിനുവേണ്ടി മലക്കുകളും ഉഹ്ദ് യുദ്ധത്തില്‍ ഇറങ്ങി വന്നിട്ടുണ്ട്. (ബുഖാരി: 4054, മുസ്‌ലിം: 2306). സ്വഹാബികള്‍ മുശ്‌രിക്കുകളോട് യുദ്ധം ചെയ്തുകൊണ്ടിരുന്നു. എന്റെ അടുക്കലേക്ക് വരൂ എന്ന് നബി ﷺ  വിളിച്ചു പറയുന്നത് കേട്ടപ്പോള്‍ അവര്‍ നബിയിലേക്ക് ധൃതിപ്പെട്ട് ചെന്നു. പതിനാലോളം വരുന്ന സ്വഹാബിമാര്‍ നബിയുടെ അടുക്കല്‍ ഒരുമിച്ചുകൂടി. ശരീരമാകമാനം മുറിവേറ്റവരായിരുന്നു അവര്‍. മുഹാജിറുകളും അന്‍സ്വാറുകളുമാണ് ആ സന്ദര്‍ഭത്തില്‍ ഉണ്ടായിരുന്നത്. ശരീരത്തില്‍ ശക്തമായ മുറിവുണ്ടായിട്ടു പോലും നബിയെ സംരക്ഷിക്കുവാനുള്ള കഠിനാധ്വാനം ചെയ്യുകയായിരുന്നു അവര്‍. അബൂബക്കര്‍(റ), ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ), അലിയ്യുബ്‌നു അബീ ത്വാലിബ്(റ), അബൂഉബൈദ ഇബ്‌നുല്‍ ജര്‍റാഹ്(റ), അബ്ദുറഹ്മാന്‍ ഇബ്‌നു ഔഫ്(റ), അബൂത്വല്‍ഹതുല്‍ അന്‍സ്വാരിഫ(റ), ഹാരിസുബ്‌നുസ്സമ്മ(റ), മാലിക്ബ്‌നു സിനാന്‍(റ), അബൂദുജാന(റ), ഉമ്മുഅമ്മാറ(റ) തുടങ്ങിയവരായിരുന്നു അവര്‍.

ഉഹ്ദ് യുദ്ധത്തില്‍ സ്വഹാബി വനിതകളും അവരാല്‍ കഴിയുന്ന സഹായം ചെയ്തിട്ടുണ്ട്. ആഇശ(റ)യും ഉമ്മുസുലൈമും(റ) വെള്ളം കൊണ്ടുവന്ന് ആളുകളുടെ വായിലൊഴിച്ചു കൊടുക്കുമായിരുന്നു. വെള്ളം തീര്‍ന്നാല്‍ വീണ്ടും പോയി വെള്ളം പാത്രത്തില്‍ നിറച്ചു കൊണ്ടുവന്ന് വീണുകിടക്കുന്ന ആളുകളുടെ വായിലേക്ക് ഒഴിച്ചുകൊടുക്കുകയായിരുന്നു (ബുഖാരി: 2880, മുസ്‌ലിം: 1811).  മുറിവേറ്റ ആളുകളെ അവര്‍ ചികിത്സിക്കുകയും ചെയ്യുമായിരുന്നു (മുസ്‌ലിം: 1810).

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 42​

നബി ചരിത്രം - 42: ഉഹ്ദ് രണാങ്കണത്തില്‍ നേര്‍ക്കുനേര്‍

ഉഹ്ദ് രണാങ്കണത്തില്‍ നേര്‍ക്കുനേര്‍

ഇരു സൈന്യങ്ങളും ഏറ്റുമുട്ടി. സത്യവിശ്വാസികള്‍ ശക്തമായ നിലക്ക് യുദ്ധം ചെയ്തു. യുദ്ധക്കളത്തില്‍ എല്ലായിടത്തും അവര്‍ ഉണ്ടായിരുന്നു. ശത്രുപക്ഷത്തിന്റെ കൊടിക്കു ചുറ്റുമാണ് യുദ്ധം കൊടുമ്പിരിക്കൊണ്ടത്. നേതാവ് ത്വല്‍ഹതുബ്‌നു അബീ ത്വല്‍ഹയും അയാള്‍ക്ക് ശേഷം അയാളുടെ രണ്ടു സഹോദരന്മാരായ ഉസ്മാനും അബൂ സഅ്ദും കൊല്ലപ്പെട്ടപ്പോള്‍ ബനൂ അബ്ദുദ്ദാര്‍ ഗോത്രക്കാര്‍ മാറി മാറി കൊടി എടുത്തു കൊണ്ടിരുന്നു. ഇവര്‍ ഒരാള്‍ക്കു പിറകെ മറ്റൊരാളായിക്കൊണ്ടാണ് കൊല്ലപ്പെട്ടത്. ശേഷം ത്വല്‍ഹയുടെ മക്കളായ മുസാഫിഉം ഹാരിസും ശേഷം കിലാബും കൊടിയെടുത്തു. ഓരോരുത്തരായി എല്ലാവരും കൊല്ലപ്പെട്ടു. ഇപ്രകാരം ആദ്യ ഘട്ടത്തില്‍ തന്നെ മുശ്‌രിക്കുകളുടെ പതാകവാഹകരായിരുന്ന 11 പേര്‍ കൊല്ലപ്പെടുകയുണ്ടായി. പതാക വഹിച്ചിരുന്ന ഒരാള്‍ പോലും അവരില്‍ ബാക്കിയായില്ല. അലിയ്യുബ്‌നു അബീത്വാലിബ്, ഹംസബ്‌നു അബ്ദുല്‍ മുത്തലിബ്, സഅ്ദുബ്നു അബീ വഖാസ്, ആസിം ഇബ്‌നു സാബിത് ഖസ്മാന്‍, സുബൈറുബ്‌നുല്‍ അവ്വാം തുടങ്ങിയവരാണ് ഈ മുശ്‌രിക്കുകളെ പരസ്പരമുള്ള ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. മുശ്‌രിക്കുകളെ സംബന്ധിച്ചിടത്തോളം അവരുടെ കൊടി തന്നെ അവര്‍ക്ക് ഒരു ശാപം പോലെയായി. കൊടിയിലേക്ക് അടുക്കുന്നവരെല്ലാം കൊല്ലപ്പെടുന്നു. അവസാനം അവര്‍ കൊടിയും വലിച്ചെറിഞ്ഞു.

ശേഷം യുദ്ധം കൊടുമ്പിരികൊണ്ടു. വാളുകള്‍ പരസ്പരം കൊമ്പുകോര്‍ത്തു. മുശ്‌രിക്കുകള്‍ മൂന്നു തവണ മുസ്‌ലിംകള്‍ക്ക് നേരെ കടന്നുകയറാന്‍ ശ്രമിച്ചുവെങ്കിലും അമ്പെയ്ത്തുകാര്‍ അവരുടെ അമ്പുകള്‍ കൊണ്ട് ശക്തമായ പ്രതിരോധം തീര്‍ത്തു. അങ്ങനെ മുശ്‌രിക്കുകള്‍ക്ക് തിരിഞ്ഞുപോകേണ്ടി വന്നു. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വലിയ പരീക്ഷണമായിരുന്നു യുദ്ധം. തങ്ങളുടെ എല്ലാ ധീരതകളും അവര്‍ പ്രകടമാക്കി. അലിയും ത്വല്‍ഹയും സുബൈറും അബുത്വല്‍ഹയും സഅ്ദ് ബ്‌നു അബീ വക്വാസും ധീരതയുടെ നിറകുടങ്ങളയിരുന്നു. ഉഹ്ദ് യുദ്ധത്തിലെ പോരാട്ടത്തില്‍ ഒരു സ്വഹാബിയും മോശമായിരുന്നില്ല. അബൂദുജാന(റ) അടര്‍ക്കളത്തില്‍ എതിരിട്ട മുശ്‌രിക്കുകളെയെല്ലാം കൊന്നു. അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്റെയും സിംഹമായ ഹംസത് ഇബ്‌നു അബ്ദുല്‍മുത്ത്വലിബ്(റ)

യുദ്ധക്കളത്തിലെ അവിസ്മരണീയ വ്യക്തിത്വമായിരുന്നു. മുശ്‌രിക്കുകളിലെ പതാകവാഹകന്‍മാരില്‍ പലരെയും കൊലപ്പെടുത്തിയത് അദ്ദേഹമായിരുന്നു. മുശ്‌രിക്കുകളില്‍ ഒരാളുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കവെയാണ് ഒളിച്ചിരുന്ന വഹ്ശി എന്നയാള്‍ തന്റെ ചാട്ടുളികൊണ്ട് ഹംസ(റ)യെ എറിയുന്നതും അദ്ദേഹം രക്തസാക്ഷിയായി വീഴുന്നതും. പാറക്കല്ലിന് പിന്നില്‍ ഒളിച്ചിരുന്നുകൊണ്ട് ഹംസ(റ)ക്കു നേരെ ചാട്ടുളി എറിഞ്ഞ ആ രംഗം വിശദീകരിക്കുന്ന ഹദീസുകള്‍ നമുക്ക് കാണുവാന്‍ സാധിക്കും (ബുഖാരി: 4072).

പിന്നീട് വഹ്ശി ഇസ്‌ലാം സ്വീകരിക്കുന്ന അത്ഭുതകരമായ ചരിത്രമാണ് നമുക്ക് കാണുവാന്‍ സാധിക്കുന്നത്. അബൂബക്കറി(റ)ന്റെ കാലഘട്ടത്തില്‍ മുസൈലിമതുല്‍ കദ്ദാബുമായി ഉണ്ടായ യമാമ യുദ്ധത്തില്‍ അദ്ദേഹം പങ്കെടുക്കുകയും ഹംസ(റ)യെ കൊന്ന കൈകള്‍കൊണ്ട് മുസൈലിമതുല്‍ കദ്ദാബിനെ കൊലപ്പെടുത്തുകയും ചെയ്തു. ഹംസ(റ)യെ കൊന്ന വിഷമത്തിലള്ള വഹ്ശിയുടെ കണ്ണുനീരിന് അല്‍പമെങ്കിലും ശമനമുണ്ടായത് അപ്പോഴാണ്. വഹ്ശി(റ)യുടെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ നിമിഷമായിരുന്നു മുസൈലിമതുല്‍ കദ്ദാബിനെ കൊന്ന ആ സന്ദര്‍ഭം.

ജാബിറിന്റെ പിതാവ് അബ്ദുല്ലാഹിബിനു അംറ് ശഹീദാകുന്നത് ഉഹ്ദ് യുദ്ധത്തിലാണ്. ജാബിര്‍(റ)പറയുന്നു: ”മൂടപ്പെട്ട അവസ്ഥയില്‍ എന്റെ പിതാവ് ഉഹ്ദിന്റെ ദിവസം കൊണ്ടു വരപ്പെട്ടു. പിതാവിന്റെ ശരീരമാകെ വികൃതമാക്കപ്പെട്ടിരുന്നു. പിതാവിനെ കാണുന്നതിനു വേണ്ടി വസ്ത്രം ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ എന്റെ ആളുകളെന്നെ സമ്മതിച്ചില്ല. ഞാന്‍ രണ്ടാം പ്രാവശ്യവും ശ്രമിച്ചപ്പോള്‍ വീണ്ടും അവര്‍ എന്നെ തടഞ്ഞു. അപ്പോള്‍ നബി ﷺ  വന്നുകൊണ്ട് പിതാവിന്റെ ശരീരത്തില്‍ നിന്നും വസ്ത്രം ഉയര്‍ത്തി. ഈ സന്ദര്‍ഭത്തില്‍ ഒരു കരച്ചിലിന്റെ ശബ്ദം ഞാന്‍ കേട്ടു. നോക്കുമ്പോള്‍ അത് പിതാവ് അബ്ദുല്ലയുടെ സഹോദരിയായിരുന്നു. നബി ﷺ  ചോദിച്ചു: ‘നിങ്ങള്‍ എന്തിനാണ് കരയുന്നത്? ഈ മയ്യിത്ത് ഇവിടെ നിന്ന് ഉയര്‍ത്തപ്പെടുന്നതു വരെ മലക്കുകള്‍ അവരുടെ ചിറകുകള്‍ അദ്ദേഹത്തിന് വേണ്ടി വിരുത്തി വെച്ചിട്ടുണ്ട്’ (ബുഖാരി: 1293, മുസ്‌ലിം: 2471).

ഉഹ്ദ് യുദ്ധത്തില്‍ ശഹീദായ മറ്റൊരു സ്വഹാബിയായിരുന്നു ഹന്‍ളലതുബ്‌നു ആമിര്‍(റ). അബൂ സുഫ്‌യാന്‍ ഇബ്‌നു ഹര്‍ബിനെ കൊല്ലുവാനുള്ള ഒരുക്കത്തിലായിരുന്നു ഹന്‍ളല(റ). പക്ഷേ, അപ്പോഴേക്കും ശദ്ദാദുബ്‌നു ഔസ് ഹന്‍ളലയെ കൊലപ്പെടുത്തി. ഈ ഹന്‍ളലയുടെ മയ്യിത്താണ് മലക്കുകള്‍ വന്നുകൊണ്ട് കുളിപ്പിച്ചത്. യുദ്ധശേഷം മദീനയിലേക്ക് മടങ്ങിച്ചെന്ന് സ്വഹാബിമാര്‍ ഹന്‍ളലയുടെ വീട്ടുകാരോട് കാര്യമന്വേഷിച്ചപ്പോള്‍ അദ്ദേഹം വലിയ അശുദ്ധിക്കാരനായിരുന്നു എന്നാണ് അവര്‍ മറുപടി പറഞ്ഞത്. യുദ്ധത്തിലേക്ക് ഉള്ള പ്രഖ്യാപനം ഉണ്ടായപ്പോള്‍ കിടപ്പറയില്‍ നിന്നും എണീറ്റു പോയതായിരുന്നു (ഇബ്‌നുഹിബ്ബാന്‍: 7025, ഹാകിം: 4970).

കാലിന് ശക്തമായ മുടന്തുള്ള ഒരു സ്വഹാബിയായിരുന്നു അംറുബ്‌നു ജമൂഹ്(റ). യുവാക്കളായ നാല് ആണ്‍കുട്ടികള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഉഹ്ദിന്റെ ദിവസം മക്കള്‍ അദ്ദേഹത്തോട് പറഞ്ഞു: ‘പിതാവേ, അല്ലാഹു താങ്കള്‍ക്ക് യുദ്ധത്തില്‍ നിന്നും ഒഴിവു കഴിവ് നല്‍കിയിട്ടുണ്ട്.’ എങ്കിലും അദ്ദേഹം പ്രവാചകന്റെ അടുക്കല്‍ ചെന്ന് അനുവാദം ചോദിക്കുകയും നബി ﷺ  അനുവാദം കൊടുക്കുകയും ചെയ്തു. ബനൂ സലമ ഗോത്രത്തിന്റെ ഒരു നേതാവ് കൂടിയായിരുന്നു അദ്ദേഹം. യുദ്ധക്കളത്തില്‍ ശഹീദാകുന്നതുവരെ ശക്തമായ നിലക്കു തന്നെ അദ്ദേഹം പോരാടി. അബൂ ഖതാദ പറയുന്നു: ”അംറുബ്‌നു ജമൂഹ്(റ) നബിയുടെ അടുക്കലേക്ക് വന്നു കൊണ്ട് ചോദിച്ചു: ‘അല്ലാഹുവിന്റെ പ്രവാചകരേ, ഞാന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുകയും കൊല്ലപ്പെടുകയും ചെയ്താല്‍ ഈ കാലുകള്‍ കൊണ്ട് എനിക്ക് സ്വര്‍ഗത്തില്‍ ശരിക്കു നടക്കാന്‍ സാധിക്കുമോ?’ മുടന്ത് ബാധിച്ച കാലായിരുന്നു അദ്ദേഹത്തിന്റേത്. അപ്പോള്‍ നബി ﷺ  പറഞ്ഞു: ‘അതെ.’ അങ്ങനെ ഉഹ്ദ് യുദ്ധത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു. ശഹീദായി കിടക്കുന്ന അംറുബ്‌നു ജമൂഹിന്റെ അരികിലൂടെ നബി ﷺ  നടന്നുപോയപ്പോള്‍ ഇപ്രകാരം പറഞ്ഞു: ‘ഇദ്ദേഹം രണ്ട് കാലുകള്‍ കൊണ്ട് സ്വര്‍ഗത്തിലൂടെ ശരിക്കും നടക്കുന്നതായി ഞാന്‍ കാണുന്നു” (അഹ്മദ്: 22553).

ഇസ്‌ലാമിലേക്ക് കടന്നുവരാന്‍ വിസമ്മതിച്ചിരുന്ന ബനൂ അബ്ദുല്‍അശ്ഹല്‍ ഗോത്രത്തിലെ വ്യക്തിയായിരുന്നു അംറുബ്‌നു സാബിതുല്‍ മഅ്‌റൂഫ്. എന്നാല്‍ ഉഹ്ദിന്റെ സന്ദര്‍ഭത്തില്‍ അല്ലാഹു അദ്ദേഹത്തിന്റെ ഹൃദയത്തിലേക്ക് ഇസ്‌ലാമിനെ ഇട്ടുകൊടുത്തു. അദ്ദേഹം മുസ്‌ലിമായി. ഉഹ്ദില്‍ അദ്ദേഹം വാള്‍ എടുത്ത് പ്രവാചകന്റെ കൂടെ ചേര്‍ന്നു. ഉഹ്ദില്‍ കൊല്ലപ്പെടുവോളം യുദ്ധം ചെയ്തു. ഇദ്ദേഹം മുസ്‌ലിമായ വിഷയം മറ്റു സ്വഹാബിമാര്‍ക്ക് ഒന്നും അറിയുമായിരുന്നില്ല. മരിച്ചു കിടക്കുന്ന അദ്ദേഹത്തെ ചൂണ്ടിക്കാണിച്ചു കൊണ്ട് നബി ﷺ  പറഞ്ഞു: ‘ഇദ്ദേഹം സ്വര്‍ഗത്തിലാണ്.’ ഈ സന്ദര്‍ഭത്തില്‍ അബൂഹുറയ്‌റ(റ) പറയുകയാണ്: ‘അല്ലാഹുവിനു വേണ്ടി ഒരു നമസ്‌കാരം പോലും അദ്ദേഹം നമസ്‌കരിച്ചിട്ടില്ല’ (അഹ്മദ്: 23634).

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ശഹീദാകുവാന്‍ വേണ്ടി പ്രാര്‍ഥിച്ച് ഇറങ്ങിയ സ്വഹാബിയായിരുന്നു അബ്ദുല്ലാഹിബ്‌നു ജഹ്ശ്(റ). അദ്ദേഹം യുദ്ധത്തില്‍ കൊല്ലപ്പെടുകയുണ്ടായി. അന്‍സ്വാറുകളിലെ വലിയ ധനികനായിരുന്ന മറ്റൊരു സ്വഹാബിയാണ് സഅ്ദുബ്‌നുര്‍റബീഅ്(റ). അദ്ദേഹം ഉഹ്ദില്‍ ശക്തമായ പരീക്ഷണങ്ങള്‍ക്ക് വിധേയനാകുകയും അവസാനം ശഹീദാവുകയും ചെയ്തു. യുദ്ധക്കളത്തില്‍ ഇദ്ദേഹത്തെ അന്വേഷിക്കുന്നതിന് വേണ്ടി സൈദുബ്‌നു സാബിതിനെ നബി ﷺ  പറഞ്ഞയക്കുകയുണ്ടായി. കുന്തങ്ങളുടെ കുത്തും വാളുകളുടെ വെട്ടും തറച്ച അമ്പുകളുമായി എഴുപതോളം മുറിവുകള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നു. അത് കണ്ട സൈദുബ്‌നു സാബിത്(റ) സഅ്ദി(റ)നോട് പറഞ്ഞു: ‘അല്ലയോ സഅ്ദ്! ‘നബി ﷺ  നിങ്ങളോട് സലാം പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ അവസ്ഥകള്‍ അന്വേഷിക്കുവാനും പറഞ്ഞു.’ സഅ്ദ് സലാം മടക്കി. എന്നിട്ട് പറഞ്ഞു: ‘നിങ്ങള്‍ നബിയോട് ഇപ്രകാരം പറയണം: സ്വര്‍ഗത്തിലെ സുഗന്ധം ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലാണുള്ളത്.’ അങ്ങനെ അദ്ദേഹം ശഹീദായി’ (മാലിക്: 4. ഹാകിം: 4958).

അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദ് എന്ന നിയ്യത്ത് ഇല്ലാതെ യുദ്ധക്കളത്തില്‍ ഇറങ്ങിയ ഒരാളും ഉണ്ടായിരുന്നു. ഖസ്മാന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഉഹ്ദ് യുദ്ധ ദിവസം അദ്ദേഹം ശക്തമായ നിലയ്ക്ക് പോരാടി. ഇദ്ദേഹം സ്വയം ഏഴോ എട്ടോ മുശ്‌രിക്കുകളെ കൊലപ്പെടുത്തിയിട്ടുണ്ട്. ശക്തനായ ഒരാളായിരുന്നു ഇദ്ദേഹം. എന്നാല്‍ സ്വന്തം ശരീരത്തില്‍ ശക്തമായ ഒരു മുറിവേറ്റപ്പോള്‍ സഹിക്ക വയ്യാതെ ആത്മഹത്യ ചെയ്യുകയാണ് ചെയ്തത്. ഇദ്ദേഹം നരകാവകാശിയാണ് ആണ് എന്ന് നബി ﷺ  പറയുകയും ചെയ്തിരുന്നു. ഉഹ്ദ് രണാങ്കണത്തില്‍ ശക്തമായ പോരാട്ടം നയിച്ച മറ്റൊരു സ്വഹാബിയായിരുന്നു സഅദ് ബിന്‍ അബീവക്വാസ്(റ). ‘എന്റെ ഉമ്മയും ബാപ്പയും അങ്ങേയ്ക്ക് ദണ്ഡമാണ്. നിങ്ങള്‍ അമ്പെയ്‌തോളൂ’ എന്ന് ഉഹ്ദിന്റെ ദിവസം നബി ﷺ  അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട് (ബുഖാരി: 4059, മുസ്‌ലിം: 2411).

നബി ﷺ യുടെ ശരീരത്തിലേക്ക് വരുന്ന അമ്പുകളെ സ്വന്തം ശരീരംകൊണ്ട് തടഞ്ഞ സ്വഹാബിയായിരുന്നു ത്വല്‍ഹതുബ്‌നു ഉബൈദില്ല(റ). അമ്പെയ്ത്തുകാരില്‍ പ്രധാനിയായ ഒരു സ്വഹാബിയായിരുന്നു അബൂത്വല്‍ഹതുല്‍ അന്‍സ്വാരി(റ). ഉഹ്ദില്‍ അദ്ദേഹം ശക്തമായി പോരാടി. ഉഹ്ദ് യുദ്ധത്തില്‍ അദ്ദേഹത്തിന്റെ രണ്ടോ മൂന്നോ വില്ലുകള്‍ പൊട്ടിപ്പോയിട്ടുണ്ട് (ബുഖാരി: 4064, മുസ്‌ലിം: 1811).

ജൂതപണ്ഡിതന്‍മാരില്‍ ഒരാളായിരുന്നു മുഖൈരീഖ്. ഉഹ്ദ്‌യുദ്ധ ദിവസം അദ്ദേഹം തന്റെ ജൂത സമൂഹത്തോട് പറഞ്ഞു: ‘നിങ്ങള്‍ക്കെതിരില്‍ ഇന്ന് മുഹമ്മദിന്റെ വിജയം സത്യമാണ്.’ അപ്പോള്‍ അവര്‍ പറഞ്ഞു: ‘ഇന്ന് ശബ്ബത്ത് നാളാണ്’ (ശനിയാഴ്ച ദിവസം). അങ്ങനെ അദ്ദേഹം തന്റെ വാളെടുത്തു. എന്നിട്ട് പറഞ്ഞു: ‘ഇന്ന് ഞാന്‍ കൊല്ലപ്പെട്ടാല്‍ എന്റെ സമ്പത്ത് മുഴുവന്‍ മുഹമ്മദിനാണ്. മുഹമ്മദ് ഇഷ്ടമുള്ളത് അതു കൊണ്ട് ചെയ്തുകൊള്ളട്ടെ.’ ശേഷം കൊല്ലപ്പെടുന്നത് വരെ നബിയോടൊപ്പം അദ്ദേഹം യുദ്ധം ചെയ്തു. നബി ﷺ  ഇപ്രകാരം പറഞ്ഞു: ‘ജൂതരില്‍ ഏറ്റവും നല്ല ആളാണ് മുഖൈരീഖ്’ (സീറതു ഇബ്‌നു ഹിശാം: 3/99).

ഉഹ്ദ് യുദ്ധത്തില്‍ മുശ്‌രിക്കുകള്‍ക്ക് പരാജയമായിരുന്നു സംഭവിച്ചത്. മുസ്‌ലിംകള്‍ക്ക് വ്യക്തമായ സഹായം തന്നെ അല്ലാഹു ഇറക്കിക്കൊടുത്തു. അവരോടുള്ള തന്റെ കരാര്‍ അല്ലാഹു പാലിച്ചു. വലിയ പ്രതിരോധ വലയമായിരുന്നു മുസ്‌ലിംകള്‍ ഉഹ്ദില്‍ തീര്‍ത്തത്. യുദ്ധക്കളത്തില്‍ മുസ്‌ലിംകള്‍ പരിപൂര്‍ണമായ ആധിപത്യം നേടി. ആ രംഗം അല്ലാഹു ഇപ്രകാരം വിശദീകരിക്കുന്നു:

”അല്ലാഹുവിന്റെ അനുമതി പ്രകാരം നിങ്ങളവരെ കൊന്നൊടുക്കിക്കൊണ്ടിരുന്നപ്പോള്‍ നിങ്ങളോടുള്ള അല്ലാഹുവിന്റെ വാഗ്ദാനത്തില്‍ അവന്‍ സത്യം പാലിച്ചിട്ടുണ്ട്്. എന്നാല്‍ നിങ്ങള്‍ ഭീരുത്വം കാണിക്കുകയും കാര്യനിര്‍വഹണത്തില്‍ അന്യോന്യം പിണങ്ങുകയും നിങ്ങള്‍ ഇഷ്ടപ്പെടുന്ന നേട്ടം അല്ലാഹു നിങ്ങള്‍ക്ക് കാണിച്ചുതന്നതിന് ശേഷം നിങ്ങള്‍ അനുസരണക്കേട് കാണിക്കുകയും ചെയ്തപ്പോഴാണ് (കാര്യങ്ങള്‍ നിങ്ങള്‍ക്കെതിരായത്). നിങ്ങളില്‍ ഇഹലോകത്തെ ലക്ഷ്യമാക്കുന്നവരുണ്ട്. പരലോകത്തെ ലക്ഷ്യമാക്കുന്നവരും നിങ്ങളിലുണ്ട്. അനന്തരം നിങ്ങളെ പരീക്ഷിക്കുവാനായി അവരില്‍ (ശത്രുക്കളില്‍) നിന്ന് നിങ്ങളെ അല്ലാഹു പിന്തിരിപ്പിച്ചുകളഞ്ഞു. എന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് തന്നിരിക്കുന്നു. അല്ലാഹു സത്യവിശ്വാസികളോട് ഔദാര്യം കാണിക്കുന്നവനാകുന്നു” (ആലു ഇംറാന്‍: 152).

യുദ്ധ ശേഷം മുസ്‌ലിംകള്‍ മുശ്‌രിക്കുകളുടെ പിറകെ ചെന്ന് അവരെ വിരട്ടിയോടിച്ചു. യുദ്ധമുതലുകള്‍ ഒരുമിച്ചുകൂട്ടി. ഉഹ്ദ് യുദ്ധത്തിലെ വിജയത്തില്‍ അമ്പെയ്ത്തുകാര്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. മുസ്‌ലിംകള്‍ക്ക് നേരെ കടന്നു കയറാന്‍ ശ്രമിച്ച മുശ്‌രിക്കുകളുടെ കുതിരപ്പടയെ അമ്പെയ്തു തുരത്തിയത് ഈ സ്വഹാബിമാരായിരുന്നു. എന്നാല്‍ അവസാന നിമിഷം അമ്പെയ്ത്തുകാര്‍ കാണിച്ച അനുസരണക്കേടിന്റെ ഫലമായി മുസ്‌ലിംകള്‍ക്ക് തിരിച്ചടി നേരിട്ടു.

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 41​

നബി ചരിത്രം - 41: മുസ്‌ലിംകള്‍ ഉഹ്ദിലേക്ക്

മുസ്‌ലിംകള്‍ ഉഹ്ദിലേക്ക്

നബി ﷺ  കൊടികള്‍ കെട്ടി. ഔസിന്റെ കൊടി സൈദ്ബ്‌നു ഖുളൈറിന്റെ കയ്യിലും ഖസ്‌റജ് ഗോത്രത്തിന്റെ കൊടി ഹുബാബ്ബ്‌നുല്‍ മുന്‍ദിറിന്റെ കയ്യിലും മുഹാജിറുകളുടെ കൊടി മിസ്അബ്ബ്‌നു ഉമൈറിന്റെ കയ്യിലും നല്‍കി. മദീനയുടെ ഉത്തരവാദിത്തം ഇബ്‌നു ഉമ്മി മഖ്തൂമിനെ ഏല്‍പിച്ചു. മദീനയില്‍ ബാക്കിയുള്ള ആളുകളെക്കൊണ്ട് നമസ്‌കാരം നിര്‍വഹിക്കുവാന്‍ വേണ്ടിയായിരുന്നു ഇത്. ശേഷം നബി ﷺ  തന്റെ ആയിരം അനുചരന്മാരെയും കൊണ്ട് പുറപ്പെട്ടു. രണ്ട് സഅ്ദുകള്‍ നബിയുടെ മുമ്പിലായിരുന്നു ഉണ്ടായിരുന്നത്. (സഅ്ദുബ്‌നു മുആദും സഅ്ദുബ്‌നു ഉബാദയും). അവര്‍ രണ്ടുപേരും പടയങ്കി ധരിച്ചവരായിരുന്നു. പടയങ്കി ഇല്ലാതെയാണ് ഹംസതുബ്‌നു അബ്ദുല്‍ മുത്ത്വലിബ്(റ) പുറപ്പെട്ടത്. നബി ﷺ  തന്റെ സൈന്യത്തെയും കൊണ്ട് ഇറങ്ങി. അവരുടെ കൂടെ രണ്ടു കുതിരപ്പടയാളികളും 100 പടയങ്കി ധാരികളും ഉണ്ടായിരുന്നു. ഉഹ്ദിന്റെ ഭാഗത്ത് അവര്‍ എത്തി. ശൈഖൈന്‍ എന്നായിരുന്നു ആ സ്ഥലത്തിന്റെ പേര്. അവിടെ അവര്‍ തമ്പടിച്ചു. ശേഷം തന്റെ സൈന്യത്തെ മൊത്തത്തില്‍ ഒന്നു വീക്ഷിച്ചു. പ്രായപൂര്‍ത്തി ആകാത്തവരെ തിരിച്ചയച്ചു. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ), സൈദുബ്‌നു സാബിത്(റ), ഉസാമത്ബ്‌നു സൈദ്(റ), സൈദുബ്‌നു അര്‍ഖം(റ), ബര്‍റാഉബ്‌നു ആസിബ്(റ), അബൂസഈദില്‍ ഖുദ്‌രി(റ) തുടങ്ങിയവരായിരുന്നു അവര്‍.

വൈകുന്നേരമായി. നബി ﷺ  തന്റെ അനുയായികളെയും കൊണ്ട് മഗ്‌രിബ് നമസ്‌കരിച്ചു. ശേഷം ഇശാഉം നമസ്‌കരിച്ചു. രാത്രി അവിടെ കഴിച്ചു കൂട്ടി. സൈന്യത്തെ സംരക്ഷിക്കുന്നതിനു വേണ്ടി അമ്പത് ആളുകളെ തിരഞ്ഞെടുത്തു. സൈന്യത്തെ ചുറ്റി നടക്കുകയായിരുന്നു അവര്‍. മുഹമ്മദ്ബ്‌നു മസ്‌ലമ(റ)ക്കായിരുന്നു അവരുടെ നേതൃത്വം. നബി ﷺ  രാത്രിയില്‍ കിടന്നുറങ്ങി. ദക്‌വാന്‍ ഇബ്‌നു അബ്ദില്‍ ഖൈസ്(റ) ആയിരുന്നു നബി ﷺ യുടെ പാറാവിന്റെ ചുമതല ഏറ്റെടുത്തത്. നബിയില്‍ നിന്നും വേര്‍പിരിയാതെ അവിടെത്തന്നെ അദ്ദേഹം നിലക്കൊണ്ടു. പാതിരാ സമയത്തു തന്നെ നബി ﷺ  അവിടെ നിന്നും നീങ്ങി. മദീനയുടെയും ഉഹ്ദിന്റെയും ഇടയില്‍ ശൗത്വ് എന്ന് പേരുള്ള സ്ഥലത്തെത്തി. സ്വുബ്ഹി നമസ്‌കാരത്തിന് സമയമായപ്പോള്‍ ബിലാലി(റ)നോട് ബാങ്ക് വിളിക്കുവാനും ശേഷം ഇക്വാമത്ത് വിളിക്കുവാനും കല്‍പിച്ചു. നബി ﷺ  സ്വഹാബികളെയും കൊണ്ട് സ്വുബ്ഹി നമസ്‌കാരം നിര്‍വഹിച്ചു.

ഇതിനിടയില്‍ അബ്ദുല്ലാഹിബ്‌നു ഉബയ്യ്ബ്‌നു സലൂല്‍ യുദ്ധത്തില്‍ നിന്നും പിന്മാറിത്തുടങ്ങി. മുന്നൂറോളം കപടവിശ്വാസികളും അബ്ദുല്ലയുടെ കൂടെ നിന്നു. മുഹമ്മദ് എന്നെ അനുസരിക്കാതിരിക്കുകയും രണ്ടു കുട്ടികളെ അനുസരിക്കുകയും ചെയ്തു എന്നായിരുന്നു അബ്ദുല്ല പറഞ്ഞിരുന്നത്. ‘അഭിപ്രായം പറയാന്‍ പോലും കഴിവില്ലാത്തവരായിരുന്നു ആ കുട്ടികള്‍. പിന്നെ എന്തിനാണ് ഞങ്ങള്‍ ഞങ്ങളെ കൊലക്കു കൊടുക്കുന്നത്. അതുകൊണ്ട് ജനങ്ങളേ, എല്ലാവരും മടങ്ങിക്കൊള്ളുക’ എന്ന് അബ്ദുല്ല വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. 300 ആളുകള്‍ അയാളുടെ കൂടെ മടങ്ങിപ്പോയി. അങ്ങനെ നബിയും 700 സ്വഹാബിമാരും ബാക്കിയായി. ഈ മുനാഫിക്വുകളെ കുറിച്ചാണ് അല്ലാഹു ഇപ്രകാരം അവതരിപ്പിച്ചത്:

”രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടിയ ആ ദിവസം നിങ്ങള്‍ക്ക് ബാധിച്ച വിപത്ത് അല്ലാഹുവിന്റെ അനുമതിയോടെത്തന്നെയാണുണ്ടായത്. സത്യവിശ്വാസികളാരെന്ന് അവന് തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്. നിങ്ങള്‍ വരൂ. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യൂ, അല്ലെങ്കില്‍ ചെറുത്ത് നില്‍ക്കുകയെങ്കിലും ചെയ്യൂ എന്ന് കല്‍പിക്കപ്പെട്ടാല്‍ യുദ്ധമുണ്ടാകുമെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നെങ്കില്‍ ഞങ്ങളും നിങ്ങളുടെ പിന്നാലെ വരുമായിരുന്നു എന്ന് പറയുന്ന കാപട്യക്കാരെ അവന്‍ തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്. അന്ന് സത്യവിശ്വാസത്തോടുള്ളതിനെക്കാള്‍ കൂടുതല്‍ അടുപ്പം അവര്‍ക്ക് അവിശ്വാസത്തോടായിരുന്നു. തങ്ങളുടെ വായ്‌കൊണ്ട് അവര്‍ പറയുന്നത് അവരുടെ ഹൃദയങ്ങളിലില്ലാത്തതാണ്. അവര്‍ മൂടിവെക്കുന്നതിനെപ്പറ്റി അല്ലാഹു കൂടുതല്‍ അറിയുന്നവനാകുന്നു” (ക്വുര്‍ആന്‍ 3:166,167).

ഉഹ്ദില്‍ ശത്രുക്കളുമായി ഏറ്റുമുട്ടുന്നതിനു മുമ്പുതന്നെ അല്ലാഹു വിശ്വാസികളെയും കപടവിശ്വാസികളെയും വേര്‍തിരിച്ചു:

”നല്ലതില്‍ നിന്ന് ദുഷിച്ചതിനെ വേര്‍തിരിച്ചു കാണിക്കാതെ, സത്യവിശ്വാസികളേ നിങ്ങളിന്നുള്ള അവസ്ഥയില്‍ അല്ലാഹു വിടാന്‍ പോകുന്നില്ല. അദൃശ്യജ്ഞാനം അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരാനും പോകുന്നില്ല…”(ക്വുര്‍ആന്‍ 3:179).

ഇബ്‌നു സലൂല്‍ 300 ആളുകളെയും കൊണ്ട് പിരിഞ്ഞു പോയപ്പോള്‍ ചില സ്വഹാബിമാര്‍ പറഞ്ഞു: ‘നമുക്ക് അവരോട് യുദ്ധം ചെയ്യാം’. മറ്റു ചിലര്‍ പറഞ്ഞു: ‘വേണ്ട, അവരോട് യുദ്ധം ചെയ്യേണ്ടതില്ല.’ അപ്പോള്‍ അല്ലാഹു ഇപ്രകാരം അവതരിപ്പിച്ചു:

”എന്നാല്‍ കപടവിശ്വാസികളുടെ കാര്യത്തില്‍ നിങ്ങളെന്താണ് രണ്ട് കക്ഷികളാകുന്നത്? അവര്‍ സമ്പാദിച്ചുണ്ടാക്കിയത് (തിന്മ) കാരണം അല്ലാഹു അവരെ തലതിരിച്ചു വിട്ടിരിക്കുകയാണ്. അല്ലാഹു പിഴപ്പിച്ചവരെ നിങ്ങള്‍ നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുകയാണോ? അല്ലാഹു ഒരുവനെ പിഴപ്പിച്ചാല്‍ പിന്നെ അവന്ന് ഒരു വഴിയും നീ കണ്ടെത്തുന്നതല്ല” (ക്വുര്‍ആന്‍ 4:88).

അബ്ദുല്ലയും അനുയായികളും സൈന്യത്തിന്റെ മൂന്നിലൊരു ഭാഗവുമായി പിരിഞ്ഞു പോയപ്പോള്‍ ബനൂസലമക്കാരും ബനൂഹാരിസയും മടങ്ങിപ്പോകുവാന്‍ ഉദ്ദേശിച്ചു. പക്ഷേ, അല്ലാഹു അവരെ സംരക്ഷിക്കുകയും ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്തു. രണ്ടു ഗോത്രക്കാരും നബിയോടൊപ്പം ചേര്‍ന്നു. അവരെക്കുറിച്ചാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത്:

”നിങ്ങളില്‍ പെട്ട രണ്ട് വിഭാഗങ്ങള്‍ ഭീരുത്വം കാണിക്കാന്‍ ഭാവിച്ച സന്ദര്‍ഭം (ശ്രദ്ധേയമാണ്). എന്നാല്‍ അല്ലാഹുവാകുന്നു ആ രണ്ടു വിഭാഗത്തിന്റെയും രക്ഷാധികാരി. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്” (ക്വുര്‍ആന്‍ 3:122).

അവിടെ നിന്നും നബി ﷺ  ക്വുറൈശികള്‍ക്ക് നേരെ ചലിച്ചുതുടങ്ങി. ക്വുറൈശി സൈന്യം നബിയുടെയും ഉഹ്ദിന്റെയും ഇടയിലായിരുന്നു. നബി ﷺ  ചോദിച്ചു: ‘ക്വുറൈശികളിലേക്ക് എത്താതെ ഞങ്ങളെയും കൊണ്ട് ആരാണ് ഉഹ്ദിന്റെ ഭാഗത്തേക്ക് പോകുക?’ അപ്പോല്‍ അബൂഖൈസമതുല്‍ ഹാരിസി(റ) പറഞ്ഞു: ‘ഞാന്‍ തയ്യാറാണ് പ്രവാചകരേ.’ അങ്ങനെ ഉഹ്ദിലേക്ക് ഒരു ചെറിയവഴി അവര്‍ തിരഞ്ഞെടുത്തു. ബനൂഹാരിസയുടെ പ്രദേശങ്ങളിലൂടെയും അവരുടെ കൃഷിയിടങ്ങളിലൂടെയുമാണ് അവര്‍ പോയത്. അങ്ങനെ ഉഹ്ദിന്റെ താഴ്ഭാഗത്ത് അവര്‍ എത്തി. ഉഹ്ദു മലയിലേക്കുള്ള താഴ്‌വര തുടങ്ങുന്ന ഭാഗമായിരുന്നു അത്. മദീനയിലേക്ക് അഭിമുഖീകരിച്ചു കൊണ്ട് തന്റെ സൈന്യത്തെ നബി ﷺ  ക്രമീകരിച്ചു. നബിയുടെ മുതുക് ഉഹ്ദ് മലയുടെ ഭാഗത്തേക്കായിരുന്നു. ഇടതു ഭാഗത്ത് അമ്പെയ്ത്തുകാരെ നിര്‍ത്തിയ മലയും.

ഹിജ്‌റ മൂന്നാം വര്‍ഷം ശവ്വാല്‍15ന് ശനിയാഴ്ച രാവിലെ തന്റെ അനുയായികളെ യുദ്ധത്തിനു വേണ്ടി നബി ﷺ  ഒരുക്കി. സൈന്യത്തിന്റെ വലതുഭാഗത്ത് മുന്‍ദിറുബ്‌നു അംറിനെയും ഇടതുഭാഗത്ത് സുബൈറുബ്‌നുല്‍ അവ്വാമിനെയും നിര്‍ത്തി. സുബൈറിനോട് ചേര്‍ത്തിക്കൊണ്ട് മിഖ്ദാദുബ്‌നു അംറിനെയും നിര്‍ത്തുകയുണ്ടായി. ഒരു ചെറിയ മലയുടെ മുകളില്‍ അബ്ദുല്ലാഹിബ്‌നു ജുബൈറുല്‍അന്‍സ്വാരിയെ നബി ﷺ  ഏല്‍പിച്ചു. 50 അമ്പെയ്ത്തുകാരെയും കൂടെ നിര്‍ത്തി. ഖനാത്ത് എന്ന് പേരുള്ള താഴ്‌വരയുടെ തെക്ക് വശത്തായിരുന്നു ഈ മല സ്ഥിതി ചെയ്തിരുന്നത്. പില്‍കാലത്ത് ഈ മല ജബലുര്‍റുമാത്  (അമ്പെയ്ത്തുകാരുടെ മല) എന്ന പേരില്‍ അറിയപ്പെട്ടു. ആ മലയെ കേന്ദ്രീകരിച്ചു കൊണ്ട് തന്നെ നിങ്ങള്‍ നില്‍ക്കണമെന്ന പ്രത്യേക നിര്‍ദേശവും നബി ﷺ  അവര്‍ക്കു നല്‍കി. അവരുടെ അമീറിനോടായി നബി ഇപ്രകാരം പറഞ്ഞു: ”ഞങ്ങളില്‍ നിന്നും അമ്പുകളെ നിങ്ങള്‍ സംരക്ഷിക്കണം. മലയുടെ പിന്നില്‍ നിന്നും ശത്രുക്കള്‍ അമ്പുമായി വരരുത്. യുദ്ധം നമുക്ക് അനുകൂലമാണെങ്കിലും ശരി പ്രതികൂലമാണെങ്കിലും ശരി നിങ്ങള്‍ അവിടെത്തന്നെ നില്‍ക്കണം.” ശേഷം നബി ﷺ  അമ്പെയ്ത്തുകാരെ ഇപ്രകാരോട് പറഞ്ഞു: ”പക്ഷികള്‍ ഞങ്ങളെ റാഞ്ചിയെടുക്കുന്നത് കണ്ടാലും നിങ്ങളോട് പറയുന്നത് വരെ ആ സ്ഥാനത്ത് തന്നെ നിങ്ങള്‍ നില്‍ക്കണം. ഇനി ശത്രുക്കളെ ഞങ്ങള്‍ പരാജയപ്പെടുത്തി അവരെ ചവിട്ടി മെതിച്ചാലും ഞാന്‍ പറയുന്നത് വരെ നിങ്ങള്‍ അവിടെത്തന്നെ നില്‍ക്കണം” (ബുഖാരി: 3039).

”(നബിയേ,) സത്യവിശ്വാസികള്‍ക്ക് യുദ്ധത്തിനുള്ള താവളങ്ങള്‍ സൗകര്യപ്പെടുത്തികൊടുക്കുവാനായി നീ സ്വന്തം കുടുംബത്തില്‍ നിന്ന് കാലത്തു പുറപ്പെട്ടുപോയ സന്ദര്‍ഭം ഓര്‍ക്കുക. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു” (ക്വുര്‍ആന്‍ 3:121).

ഇതോടെ യുദ്ധക്കളത്തില്‍ ഏറ്റവും ശ്രേഷ്ഠമായ സ്ഥലത്താണ് നബി ﷺ  നിന്നത്. നബി ﷺ  തന്റെ സ്വഹാബിമാര്‍ക്ക് ധൈര്യത്തിന്റെയും ആവേശത്തിന്റെയും സന്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. ശത്രുവിനെ കണ്ടുമുട്ടുമ്പോള്‍ ക്ഷമയോടെ നിലകൊള്ളുവാന്‍ അവരെ പ്രേരിപ്പിച്ചു. ശേഷം നബി ﷺ  ഒരു വാള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ചോദിച്ചു: ”ഇത് ആരാണ് എന്നില്‍ നിന്നും വാങ്ങുക?” ഞാന്‍, ഞാന്‍ എന്നു പറഞ്ഞു കൊണ്ട് എല്ലാ സ്വഹാബിമാരും കൈ നീട്ടി. ‘ഈ വാളിനോടുള്ള ബാധ്യത നിര്‍വഹിക്കുന്ന രൂപത്തില്‍ ആരാണ് ഇത് വാങ്ങുക’ എന്ന് നബി ﷺ  വീണ്ടും ചോദിച്ചു. അപ്പോള്‍ ആളുകളില്‍ ചിലര്‍ പിന്മാറി. ഈ സന്ദര്‍ഭത്തില്‍ സമ്മാകുബ്‌നു ഖര്‍ശ(റ) (അബുദുജാന) പറഞ്ഞു: ‘ഞാന്‍ തയ്യാറാണ് പ്രവാചകരേ.” അങ്ങനെ അദ്ദേഹം ആ വാള്‍ വാങ്ങുകയും മുശ്‌രിക്കുകളുടെ തലകള്‍ പിന്നീട് പിളര്‍ത്തുകയും ചെയ്തു (മുസ്‌ലിം: 2470).

സൈന്യത്തെ ഒരുക്കുന്ന വിഷയത്തില്‍ ക്വുറൈശി നേതാക്കന്മാര്‍ കൂടിയാലോചന നടത്തി. സാധാരണ അണികളെ നിര്‍ത്തുന്ന രൂപത്തില്‍ ക്വുറൈശികള്‍ അവരുടെ സൈന്യത്തെ തയ്യാറാക്കിത്തുടങ്ങി. സൈന്യത്തിന്റെ പൊതു നേതൃത്വം അബൂസുഫ്‌യാനിനായിരുന്നു. വലതുഭാഗം ഖാലിദ് ബ്‌നുല്‍വലീദും ഇടതുഭാഗം ഇക്‌രിമതുബ്‌നു അബീജഹലുമായിരുന്നു ഏറ്റെടുത്തത്. സ്വഫ്‌വാനു ഉമയ്യക്കായിരുന്നു കാലാള്‍പ്പടയുടെ നേതൃത്വം. അമ്പെയ്ത്തുകാരുടെ നേതൃത്വം അബ്ദുല്ലാഹിബ്‌നു അബീ റബീഅക്കായിരുന്നു. നൂറു പേരാണ് അമ്പെയ്ത്തുകാരായി ഉണ്ടായിരുന്നത്. ബനൂഅബ്ദുദ്ദാറില്‍ പെട്ട ത്വല്‍ഹത്ബ്‌നു അബീത്വല്‍ഹയായിരുന്നു പതാക വഹിച്ചത്. പതാകവാഹകരായിരുന്ന ബനൂഅബ്ദിദ്ദാറിന്റെ അടുക്കലേക്ക് അബൂസുഫ്‌യാന്‍ വന്നുകൊണ്ട് യുദ്ധത്തിന് പ്രേരിപ്പിച്ചു. കൊടി സംരക്ഷിച്ചു മുന്നേറുവാനുള്ള പ്രോത്സാഹനം നല്‍കി. അബൂസുഫ്‌യാന്‍ അവരോട് ഇപ്രകാരം പറഞ്ഞു: ‘ബദ്‌റിലും നമ്മുടെ കൊടി വഹിച്ചത് ബനൂഅബ്ദുദ്ദാറുകാരായിരുന്നു. അന്ന് നമുക്ക് ബാധിച്ചതൊക്കെ നിങ്ങള്‍ കണ്ടവരാണ്. അതുകൊണ്ട് ഒന്നുകില്‍ ഞങ്ങളുടെ കൊടി സംരക്ഷിക്കണം. അല്ലെങ്കില്‍ കൊടി ഞങ്ങള്‍ക്കു വിട്ടു തരണം.’ ഇതു കേട്ടതോടെ അവര്‍ക്ക് ദേഷ്യം വന്നു. അവര്‍ പറഞ്ഞു: ‘നാളെ ഞങ്ങള്‍ ഏറ്റുമുട്ടിയാല്‍ ഞങ്ങള്‍ എന്തു ചെയ്യും എന്ന് നിനക്ക് അപ്പോള്‍ കാണാം.’ യുദ്ധം കൊടുമ്പിരികൊണ്ടപ്പോള്‍ അവര്‍ ഉറച്ചുനിന്നു. കൊടി സംരക്ഷിക്കുന്നതിനു വേണ്ടി അവരെ ചൂടുപിടിപ്പിക്കുന്ന വിഷയത്തില്‍ അബൂസുഫ്‌യാന്‍ വിജയിച്ചു.

യുദ്ധം തുടങ്ങുന്നതിനു മുമ്പ് മുസ്‌ലിം സൈന്യത്തിനിടയില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമം ക്വുറൈശികള്‍ നടത്തി. അതായത്, അബൂസുഫ്‌യാന്‍ അന്‍സ്വാറുകളിലേക്ക് ഒരു ദൂതനെ അയച്ചുകൊണ്ട് ഇപ്രകാരം പറയാന്‍ ആവശ്യപ്പെട്ടു: ‘അല്ലയോ ഔസ്, ഖസ്‌റജ് ഗോത്രമേ! ഞങ്ങളുടെ പിതൃവ്യപുത്രനെ ഞങ്ങള്‍ക്ക് വിട്ടുതരിക. എങ്കില്‍ യുദ്ധം ചെയ്യാതെ ഞങ്ങള്‍ നിങ്ങളില്‍ നിന്നും പിരിഞ്ഞുപോകാം. കാരണം ഞങ്ങള്‍ക്ക് നിങ്ങളുമായി യുദ്ധം ചെയ്യേണ്ട യാതൊരു ആവശ്യവുമില്ല.’ പക്ഷേ, സന്തോഷിക്കാന്‍ വകുപ്പുള്ള മറുപടിയായിരുന്നില്ല അബൂസുഫ്‌യാന് അന്‍സ്വാറുകളില്‍ നിന്നും കേള്‍ക്കേണ്ടി വന്നത്. ശക്തമായ ഖണ്ഡനം തന്നെ അവര്‍ നല്‍കി. നീചനായ അബൂആമിര്‍ അന്‍സ്വാറുകളിലേക്ക് ചെന്നു. ക്വുറൈശികളില്‍ മുസ്‌ലിംകള്‍ക്കെതിരെ പ്രതികാരദാഹം ഉണ്ടാക്കാനുള്ള ശ്രമം നടത്തിയിരുന്നത് ഇയാളായിരുന്നു. അബൂആമിര്‍ തന്റെ ആളുകളായ ഔസ് ഗോത്രക്കാരെ വിളിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: ‘ഞാന്‍ അബൂആമിര്‍.’ ഇത് കേട്ടപാടെ ഔസുകാര്‍ ഇപ്രകാരം പറഞ്ഞു: ‘അല്ലാഹു നിനക്ക് ഒരു അനുഗ്രഹവും ചെയ്യാതിരിക്കട്ടെ.’ അവര്‍ അബൂആമിറിനെ കല്ലെടുത്തെറിഞ്ഞ് ആട്ടി. രക്ഷയില്ലാതെ അബൂആമിര്‍ അവരില്‍ നിന്നും ഓടിപ്പോയി. ഇതോടെ മുസ്‌ലിം സൈന്യത്തിനിടയില്‍ ഭിന്നത ഉണ്ടാക്കുക എന്ന ക്വുറൈശികളുടെ ഗൂഢതന്ത്രം പാളിപ്പോയി. യുദ്ധം തുടങ്ങുന്നതിനു മുമ്പ് കുറെ സ്ത്രീകള്‍ യുദ്ധത്തിന് പ്രേരിപ്പിച്ചു കൊണ്ട് മുന്നോട്ടു വന്നു. അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദുബിന്‍ത് ഉത്ബ ചില സ്ത്രീകളെയും കൊണ്ട് സൈന്യങ്ങള്‍ക്കിടയിലൂടെ നടന്നു. ദഫ്മുട്ടിക്കൊണ്ടായിരുന്നു അവര്‍ നടന്നിരുന്നത്. യുദ്ധത്തിനു പ്രേരിപ്പിച്ചുകൊണ്ട് അവര്‍ പാട്ടും പാടിയിരുന്നു.

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 40​

നബി ചരിത്രം - 40: ഹിജ്‌റ മൂന്നാം വര്‍ഷത്തിലെ പ്രധാന സംഭവങ്ങള്‍

ഹിജ്‌റ മൂന്നാം വര്‍ഷത്തിലെ പ്രധാന സംഭവങ്ങള്‍

ഉഹ്ദ് യുദ്ധം

ഹിജ്‌റ മൂന്നാം വര്‍ഷം ശവ്വാല്‍ മാസത്തിന്റെ പകുതിയില്‍ ശനിയാഴ്ച പകലിലാണ് ഉഹ്ദ് യുദ്ധം നടക്കുന്നത്. മദീനയുടെ വടക്കു കിഴക്കായി ഉള്ള ഒരു മലയാണ് ഉഹ്ദ്. ചുറ്റുമുള്ള മലകളില്‍ നിന്നും ഒറ്റപ്പെട്ട് നില്‍ക്കുന്നതിനാലാണ് ‘ഉഹ്ദ്’ എന്ന പേര് അതിന് ലഭിച്ചത്. ബദ്‌റില്‍ സംഭവിച്ച പരാജയത്തിന് പകരം വീട്ടുവാനും അതിലൂടെ മുസ്‌ലിംകളോടുള്ള ദേഷ്യം തീര്‍ക്കുവാനും ക്വുറൈശികള്‍ ഉദ്ദേശിച്ചതാണ് യുദ്ധത്തിന് കാരണം. ബദ്‌റില്‍ സംഭവിച്ച അപമാനം ഇല്ലായ്മ ചെയ്യലും അവരുടെ ലക്ഷ്യമായിരുന്നു. ക്വുറൈശികളുടെ നിലനില്‍പിനെത്തന്നെ ബാധിക്കുന്ന രൂപത്തിലുള്ള മുസ്‌ലിംകളുടെ ശക്തിയെ തകര്‍ക്കാന്‍ വേണ്ടി കൂടിയായിരുന്നു അവര്‍ യുദ്ധത്തിനൊരുങ്ങിയത്. അബൂസുഫ്‌യാന്‍ ഇബ്‌നു ഹര്‍ബ്, സഫ്‌വാന്‍ ഇബ്‌നു ഉമയ്യ, ഇക്‌രിമ ഇബ്‌നു അബീജഹല്‍, അബ്ദുല്ലാഹിബ്‌നു അബീറബീഅ തുടങ്ങിയവരായിരുന്നു യുദ്ധത്തില്‍ ഏറെ താല്‍പര്യം കാണിച്ചിരുന്നത്. നജ്ദിന്റെ വഴിയിലൂടെ ശാമിലേക്കുള്ള ക്വുറൈശികളുടെ കച്ചവട സമ്പത്ത് സൈദ് ഇബ്‌നു ഹാരിസയുടെ നേതൃത്വത്തില്‍ വന്ന സൈന്യം പിടിച്ചടക്കിയത്  

ഉഹ്ദിലേക്കുള്ള ഇവരുടെ ചലനത്തെ വേഗത്തിലാക്കാന്‍ കാരണമായി. ഉഹ്ദ് യുദ്ധത്തിലേക്കുള്ള നീക്കത്തിന്റെ ഭാഗമായി അവര്‍ ആദ്യം ചെയ്തത് മുമ്പ് ബദ്‌റില്‍ രക്ഷപ്പെട്ട അബൂസുഫ്‌യാന്റെ കച്ചവട സംഘത്തെ പാട്ടിലാക്കലായിരുന്നു. ക്വുറൈശികള്‍ അവരോടായി ഇപ്രകാരം പറഞ്ഞു: ‘മുഹമ്മദ് നിങ്ങളെ നാഥനില്ലാതാക്കിയിരിക്കുന്നു. നിങ്ങളില്‍ നല്ലവരെ അവന്‍ കൊലപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ കയ്യിലുള്ള സമ്പത്തുകൊണ്ട് അവനെതിരെ യുദ്ധം ചെയ്യാന്‍ ഞങ്ങളെ സഹായിക്കുക. നമ്മളില്‍ നിന്നും മരണപ്പെട്ടുപോയ ആളുകള്‍ക്ക് വേണ്ടി പകരം വീട്ടുവാന്‍ നമുക്ക് ഇതിലൂടെ സാധിക്കും.’ അങ്ങനെ അവര്‍ അത് സമ്മതിക്കുകയുണ്ടായി.

ക്വുറൈശികള്‍ നബിﷺയോട് യുദ്ധത്തിനു വേണ്ടി ഒരുങ്ങി. സഹായം ആവശ്യപ്പെട്ടുകൊണ്ട് അറബികളിലേക്ക് അവര്‍ ആളുകളെ അയച്ചു. മുഹമ്മദ് നബിﷺക്ക് എതിരെയുള്ള യുദ്ധത്തില്‍ അവര്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തിഹാമക്കാരെയും ബനൂകിനാനക്കാരെയും അവര്‍ കവിതകള്‍ പാടി ഉണര്‍ത്തി. ക്വുറൈശികളും അവരുടെ സഖ്യകക്ഷികളും ഒരുമിച്ചുകൂടി. അഹ്ബാശുകളും അവരുടെ കൂടെ ഉണ്ടായിരുന്നു. മലക്കുകള്‍ മയ്യിത്ത് കുളിപ്പിച്ച ഹന്‍ളല(റ)യുടെ പിതാവായ അബൂആമിറും ക്വുറൈശികളുടെ കൂടെ കൂടി. അയാളുടെ കൂടെ അമ്പതോളം ആളുകള്‍ വേറെയും ഉണ്ടായിരുന്നു. അങ്ങനെ മൂവായിരത്തോളം വരുന്ന ആളുകള്‍ ക്വുറൈശികള്‍ക്ക് വേണ്ടി ഒരുമിച്ചുകൂടി. 700 പടയങ്കികളും 200 കുതിരകളും മൂവായിരത്തോളം ഒട്ടകങ്ങളും അവരുടെ കൂടെയുണ്ടായിരുന്നു. സ്ത്രീകളെയും കൂടെ കൊണ്ടു പോകാന്‍ സൈനിക മേധാവികള്‍ തീരുമാനിച്ചു. പുരുഷന്മാര്‍ യുദ്ധക്കളത്തില്‍ നിന്നും പിന്തിരിഞ്ഞ് ഓടാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ക്വുറൈശി പ്രമാണിമാരില്‍ നിന്നും പതിനഞ്ചോളം വരുന്ന സ്ത്രീകളായിരുന്നു അന്ന് ഉഹ്ദിലേക്ക് പുറപ്പെട്ടത്. അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദ് ബിന്‍ത് ഉത്ബയും ഇക്‌രിമയുടെ ഭാര്യ ഉമ്മു ഹകീം ബിന്‍തുല്‍ ഹാരിസ് ഇബ്‌നു ഹിശാമും സ്വഫ്‌വാനുബ്‌നു ഉമയ്യയുടെ ഭാര്യ ബറസ ബിന്‍തു മസ്ഊദും ത്വല്‍ഹത്ബ്‌നു അബീത്വല്‍ഹയുടെ ഭാര്യ സലാഫ ബിന്‍തു സഅ്ദും അംറുബ്‌നുല്‍ ആസിന്റെ ഭാര്യ രീത്വ ബിന്‍തു മുനബ്ബിഹ് ഇബ്‌നുല്‍ ഹജ്ജാജുമായിരുന്നു അന്ന് പുറപ്പെട്ടവരില്‍ പ്രധാനികളായ സ്ത്രീകള്‍. ദഫ്ഫും മദ്യവും അവര്‍ കൂടെ എടുത്തു. ബദ്‌റില്‍ കൊല്ലപ്പെട്ട ആളുകളുടെ പേരുപറഞ്ഞ് അവര്‍ കരയുന്നുണ്ടായിരുന്നു. യുദ്ധത്തില്‍ ഉറച്ചു നില്‍ക്കുവാനും മുന്നോട്ടു നീങ്ങുവാനും പുരുഷന്മാര്‍ക്ക് അവര്‍ പ്രേരണ നല്‍കിക്കൊണ്ടിരുന്നു. പരാജയമോ പിന്തിരിഞ്ഞ് ഓടലോ ഉണ്ടാകുവാന്‍ പാടില്ല എന്നും അവര്‍ പറഞ്ഞുകൊണ്ടിരുന്നു.

ക്വുറൈശീ സൈന്യത്തിന്റെ നേതൃത്വം അബൂസുഫ്‌യാന്‍ ഇബ്‌നു ഹര്‍ബിനായിരുന്നു. കുതിരപ്പടയുടെ നേതൃത്വം ഖാലിദുബ്‌നുല്‍ വലീദിനായിരുന്നു. സഹായത്തിനായി കൂടെ ഇക്‌രിമതുബ്‌നു അബീ ജഹലും. ബനൂ അബ്ദുദ്ദാറിനായിരുന്നു കൊടിയുടെ ഉത്തരവാദിത്തം. ക്വുറൈശികള്‍ ഒന്നടങ്കം മക്കയില്‍ നിന്ന് പുറപ്പെട്ട ഉടനെ അബ്ബാസ് ഇബ്‌നു അബ്ദുല്‍ മുത്ത്വലിബ് ഒരു കത്തുമായി പ്രവാചകന്റെ അടുക്കലേക്ക് ആളെ അയച്ചു. ക്വുറൈശികളുടെ സൈന്യത്തെ കുറിച്ചുള്ള പൂര്‍ണ വിവരം ആ കത്തില്‍ ഉണ്ടായിരുന്നു. കൂലി നിശ്ചയിച്ചാണ് ബനൂ ഗഫ്ഫാര്‍ ഗോത്രത്തിലെ ഒരു വ്യക്തിയെ കത്തുമായി അയച്ചത്. മൂന്നു ദിവസം കൊണ്ട് മദീനയില്‍ എത്തണം എന്നതായിരുന്നു നിബന്ധന. അയാള്‍ അതുപോലെ ചെയ്തു. നബിﷺ ഖുബായിലെ പള്ളിയില്‍ ഇരിക്കവേ കത്ത് കൊണ്ടുപോയി കൊടുത്തു. ഉബയ്യുബ്‌നു കഅ്ബ് നബിക്ക് ആ കത്ത് വായിച്ചുകൊടുത്തു. കത്തിലെ വിവരങ്ങള്‍ മറച്ചുവെക്കാന്‍ നബിﷺ അദ്ദേഹത്തോട് നിര്‍ദേശിക്കുകയും ചെയ്തു. മുശ്‌രിക്കുകളുടെ ഓരോ വിവരവും അബ്ബാസ്(റ) എഴുതുമായിരുന്നു. നബിﷺവേഗം മദീനയിലേക്ക് മടങ്ങി. തനിക്ക് ലഭിച്ച വിവരത്തെ കുറിച്ച് സ്വഹാബികളോട് കൂടിയാലോചന നടത്തി. ചതിയിലൂടെ മുസ്‌ലിംകള്‍ പിടിക്കപ്പെടുമോ എന്ന പേടി കാരണത്താല്‍ മദീനയില്‍ പ്രത്യേക സംരക്ഷണം ഏര്‍പെടുത്താനുള്ള കല്‍പന നബിﷺ പുറപ്പെടുവിച്ചു. പ്രഗത്ഭരായ ചില അന്‍സ്വാറുകള്‍ ഇത് ഏറ്റെടുക്കുകയും ചെയ്തു. സഅ്ദുബ്‌നു മുആദ്(റ), ഉസൈദ് ഇബ്‌നു ഖുളൈര്‍(റ), സഅ്ദുബ്‌നു ഉബാദ(റ) തുടങ്ങിയവരായിരുന്നു അവര്‍. അവരോടൊപ്പം വേറെയും ചില മുസ്‌ലിംകള്‍ നബിﷺയെ സംരക്ഷിക്കുവാനുള്ള ദൗത്യത്തില്‍ ഏര്‍പെട്ടു. വെള്ളിയാഴ്ചയുടെ രാത്രിയില്‍ നബിയുടെ റൂമിന്റെ വാതിലിന്റെ മുമ്പിലാണ് അവര്‍ കഴിച്ചുകൂട്ടിയത്.

ക്വുറൈശികള്‍ മക്കയില്‍ നിന്നും പുറപ്പെട്ട വിവരം ജനങ്ങള്‍ അറിഞ്ഞു. മൂവായിരത്തോളം വരുന്ന യുദ്ധ സൈന്യവുമായി അവര്‍ മദീനയുടെ പുറം ഭാഗത്ത് എത്തിച്ചേര്‍ന്നു. ഉഹ്ദ് മലയുടെ സമീപത്താണ് അവര്‍ വന്നിറങ്ങിയത്. മദീനയുടെ നേര്‍ വിപരീത ഭാഗമായിരുന്നു അത്. അവിടെയാണ് അവര്‍ സൈനികത്താവളം ഉണ്ടാക്കിയത്. ക്വുറൈശികള്‍ എത്തിച്ചേര്‍ന്ന വിവരമറിഞ്ഞപ്പോള്‍ നബിﷺ തന്റെ സ്വഹാബികളുമായി കൂടിയാലോചന നടത്തി. വെള്ളിയാഴ്ച രാത്രിയില്‍ നബിﷺ കണ്ട സ്വപ്‌നത്തെക്കുറിച്ച് സ്വഹാബികളെ അറിയിക്കുകയും ചെയ്തു. നബിﷺ പറയുന്നു: ‘ഒരു പശു അറുക്കപ്പെടുന്നതായി ഞാന്‍ സ്വപ്‌നം കണ്ടു. അതിന്റെ വ്യാഖ്യാനം നന്മയായി ഞാന്‍ കാണുന്നു. എന്റെ വാളിന്റെ അറ്റത്ത് ഒരു വിള്ളല്‍ ഉള്ളതായും ഞാന്‍ സ്വപ്‌നം കണ്ടു. സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് എന്റെ കൈ നീട്ടുന്നതിനെയും ഞാന്‍ സ്വപ്‌നം കണ്ടിട്ടുണ്ട്. മദീനയാണ് അത് എന്നാണ് ഞാന്‍ വ്യാഖ്യാനിക്കുന്നത്’ (ബൈഹഖി: 3:207).

അബൂമൂസ(റ) നബിﷺയില്‍ നിന്നും നിവേദനം ചെയ്യുന്നു: ‘ഒരു വാള് കുലുക്കുന്നതായി ഞാന്‍ സ്വപ്‌നം കണ്ടു. അതിന്റെ മുന്‍ഭാഗം പൊട്ടിപ്പോയി. ഉഹ്ദില്‍ വിശ്വാസികള്‍ക്ക് ബാധിച്ച അവസ്ഥയായിരുന്നു അത്. ഞാന്‍ വീണ്ടും ആ വാള്‍ കുലുക്കിയപ്പോള്‍ അത് ആദ്യത്തേതിനെക്കാള്‍ നല്ല അവസ്ഥയിലേക്ക് മാറി. അല്ലാഹു നല്‍കിയ വിജയവും വിശ്വാസികളുടെ ഒന്നിക്കലും ആയിരുന്നു അത്. ഒരു പശുവിനെയും ഞാന്‍ സ്വപ്‌നം കണ്ടു. അല്ലാഹുവാണ് സത്യം അത് നന്മയാണ്. ഉഹ്ദിലെ വിശ്വാസികളായിരുന്നു അത്’ (ബുഖാരി: 4081, മുസ്‌ലിം: 2272).

സ്വഹാബികളോട് കൂടിയാലോചന നടത്തിക്കൊണ്ട് നബിﷺ ഇപ്രകാരം പറഞ്ഞു. ‘മദീനയില്‍ തന്നെ നിങ്ങള്‍ നിലകൊള്ളുവാനും നിങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും വീടിനകത്ത് ആക്കുവാനും ആണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ അങ്ങനെ ആകാം. ക്വുറൈശികള്‍ ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട് എങ്കില്‍ അത് അവര്‍ക്ക് വളരെ മോശമായ നിലയുറപ്പിക്കലാണ്. ഇനി അവര്‍ നമ്മിലേക്ക് ഇങ്ങോട്ട് പ്രവേശിക്കുകയാണ് എങ്കില്‍ എല്ലാ ഇടുങ്ങിയ വഴികളില്‍ വെച്ചും നാം അവരെ കൊലപ്പെടുത്തും. മദീനയുടെ വഴികളെക്കുറിച്ച് അവരെക്കാള്‍ അറിയുന്നവര്‍ നമ്മളാണ്. എല്ലാ ഉയര്‍ന്ന സ്ഥലങ്ങളിലും കയറി നിന്ന് അവരെ അമ്പെയ്തു കൊള്ളുക.’

നബിﷺ പറഞ്ഞ ഈ അഭിപ്രായം തന്നെയായിരുന്നു മുഹാജിറുകളിലെയും അന്‍സ്വാറുകളിലെയും പ്രധാനികളായ ആളുകളുടെ അഭിപ്രായം. കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലയും ഈ അഭിപ്രായക്കാരനായിരുന്നു. അത് മുസ്‌ലിംകളോടുള്ള ഗുണകാംക്ഷ കൊണ്ടായിരുന്നില്ല. മറിച്ച് താന്‍ കൊല്ലപ്പെടുമോ എന്ന പേടി കാരണത്താലായിരുന്നു. ഖസ്‌റജ് ഗോത്രത്തിന്റെ ആളുകളില്‍ ഒരാള്‍ എന്ന നിലക്കാണ് അബ്ദുല്ല കൂടിയാലോചനാ യോഗത്തില്‍ പങ്കെടുത്തത്.

എന്നാല്‍ ശത്രുക്കളുമായി യുദ്ധം ചെയ്യാന്‍ നമുക്ക് അങ്ങോട്ട് ചെല്ലാമെന്ന് സ്വഹാബികളിലെ ഭൂരിപക്ഷമാളുകളും അഭിപ്രായമായി പറഞ്ഞു; പ്രത്യേകിച്ചും ചെറുപ്പക്കാരായ സ്വഹാബികള്‍. ബദ്‌റില്‍ പങ്കെടുത്തിട്ടില്ലാത്തവരായിരുന്നു ഈ അഭിപ്രായം പറഞ്ഞവരില്‍ അധികമാളുകളും. ഇവര്‍ നബിയോട് ഇപ്രകാരം പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങള്‍ ജാഹിലിയ്യത്തിലായിരിക്കെ അവര്‍ ഞങ്ങളിലേക്ക് കടന്നുവന്നിട്ടില്ല. പിന്നെ എങ്ങനെയാണ് ഞങ്ങള്‍ ഇസ്‌ലാമിലായിരിക്കെ മദീനക്കുള്ളിലേക്ക് അവരെ കടന്നു വരാന്‍ അനുവദിക്കുക?’ (നമുക്ക് അങ്ങോട്ട് യുദ്ധത്തിനു ചെല്ലാം എന്നര്‍ഥം). അപ്പോള്‍ നബിﷺ പറഞ്ഞു: ‘ഇതാണ് നിങ്ങളുടെ അഭിപ്രായം എങ്കില്‍ അങ്ങനെയാകട്ടെ.’ ഇതും പറഞ്ഞ് നബിﷺതന്റെ പടയങ്കി ധരിച്ചു. അപ്പോള്‍ അന്‍സാറുകള്‍ പറഞ്ഞു: ‘നബിﷺ ആദ്യം എടുത്ത തീരുമാനത്തെ മാറ്റിയിരിക്കുന്നു’ (അഹ്മദ്: 14787).

ഇതു കേട്ടതോടെ അബ്ദുല്ലാഹിബ്‌നു ഉബയ്യി(റ)നു പേടിയായി. അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, നമുക്ക് മദീനയില്‍ തന്നെ നില്‍ക്കാം. ക്വുറൈശികളിലേക്ക് നാം അങ്ങോട്ട് ഇറങ്ങി ചെല്ലേണ്ടതില്ല. അല്ലാഹുവാണ് സത്യം; ശത്രുക്കളിലേക്ക് അങ്ങോട്ട് ഇറങ്ങിച്ചെന്ന യുദ്ധങ്ങളിലെല്ലാം ഞങ്ങള്‍ക്ക് തോല്‍വിയാണ് സംഭവിച്ചിട്ടുള്ളത്. എന്നാല്‍ ഏതൊരു യുദ്ധത്തില്‍ ശത്രുക്കള്‍ ഇങ്ങോട്ട് കടന്നു വന്നിട്ടുണ്ടോ അതിലെല്ലാം ഞങ്ങള്‍ക്ക് വിജയവും നേടാന്‍ സാധിച്ചിട്ടുണ്ട്.’ എന്നാല്‍ അധികം ആളുകളും മദീനക്ക് പുറത്തു ചെന്നു തന്നെ യുദ്ധം ചെയ്യണമെന്ന അഭിപ്രായക്കാരായതു കൊണ്ട് നബിﷺ തന്റെ അഭിപ്രായത്തില്‍ നിന്നും പിന്മാറുകയുണ്ടായി. (അഹ്മദ്: 14787).

ശേഷം നബിﷺ സ്വഹാബികളെയും കൊണ്ട് ജുമുഅ നമസ്‌കരിച്ചു. അവര്‍ക്ക് ഉപദേശങ്ങള്‍ നല്‍കി. കഠിനാധ്വാനവും നല്ല പരിശ്രമവും ചെയ്യാന്‍ അവരോട് കല്‍പിച്ചു. ക്ഷമിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് വിജയം ഉണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിച്ചു. ശത്രുവിനെ നേരിടുന്നതിനുവേണ്ടി ഒരുങ്ങുവാനുള്ള കല്‍പനയും നല്‍കി. സ്വഹാബികള്‍ക്ക് മുഴുവന്‍ സന്തോഷമായി.

ശേഷം നബിﷺ ജനങ്ങളെയും കൊണ്ട് അസ്വ്ര്‍ നമസ്‌കരിച്ചു. മിക്കവാറും ആളുകളും അവിടെ ഒരുമിച്ചുകൂടിയിരുന്നു. ശേഷം നബിﷺ തന്റെ വീട്ടിലേക്ക് പ്രവേശിച്ചു. സ്വഹാബികള്‍ നബിﷺ പുറത്തു വരുന്നതും കാത്തിരുന്നു. അപ്പോള്‍ സഅ്ദ് ഇബ്‌നു മുആദും ഉസൈദ് ബ്‌നു ഖുളൈറും പറഞ്ഞു: ‘നിങ്ങള്‍ നബിയെ മദീനക്ക് പുറത്തു പോയി യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിച്ചതാണ്. അല്ലാഹുവിന്റെ കാര്യത്തില്‍ നമ്മളെക്കാള്‍ അറിയുന്നത് നബിക്കാണ്. കാരണം നബിക്കാണല്ലോ ആകാശത്തു നിന്നും വഹ്‌യ് വരുന്നത്.’ ഇത് കേട്ടപ്പോള്‍ അവര്‍ അവരുടെ അഭിപ്രായത്തില്‍ നിന്ന് മടങ്ങുകയും തങ്ങള്‍ക്കു സംഭവിച്ചു പോയതില്‍ ഖേദം തോന്നുകയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോള്‍ നബിﷺ തന്റെ വീട്ടില്‍ നിന്നും പുറത്തു വന്നു. പടയങ്കി ധരിച്ച അവസ്ഥയിലായിരുന്നു നബിﷺ. രണ്ട് പടത്തൊപ്പിയാണ് അവിടുന്ന് ധരിച്ചിരുന്നത്. വാള് തൂക്കിയിട്ടിട്ടുമുണ്ട്. നബിﷺ ഇറങ്ങി വന്നപ്പോള്‍ അവര്‍ എഴുന്നേറ്റ് നിന്നുകൊണ്ട് നബിയോട് മാപ്പു പറഞ്ഞു. അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങള്‍ ഒരിക്കലും അങ്ങേക്ക് എതിര് പ്രവര്‍ത്തിക്കുന്നവരല്ല. മദീനക്ക് പുറത്തു പോയി യുദ്ധം ചെയ്യാന്‍ ഞങ്ങള്‍ താങ്കളെ നിര്‍ബന്ധിക്കുകയുമില്ല. താങ്കള്‍ക്ക് എന്താണോ ഉചിതമായി തോന്നുന്നത് അത് ചെയ്തു കൊള്ളുക.’ നബിﷺ അവര്‍ക്കെല്ലാം മാപ്പ് കൊടുത്തു. പക്ഷേ, പടയങ്കി ധരിച്ച കാരണത്താല്‍ നബിﷺ തീരുമാനത്തില്‍ നിന്നും പിന്മാറിയില്ല. നബിﷺ പറയുന്നു: ‘ഒരു പ്രവാചകന്‍ പടയങ്കി ധരിച്ചു കഴിഞ്ഞാല്‍ യുദ്ധം ചെയ്യുവോളം അത് അഴിച്ചു വെക്കാന്‍ പാടില്ല’ (അഹ്മദ്: 14787). പിന്നീട് ശത്രുക്കളിലേക്ക് ഇറങ്ങിപ്പുറപ്പെടാനുള്ള വിളംബരം നബിയുടെ വിളിച്ചു പറയുന്ന ആള്‍ നടത്തി.

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 39

നബി ചരിത്രം - 39: ബദ്‌റിനു ശേഷമുണ്ടായ ചില സുപ്രധാന സംഭവങ്ങള്‍

ബദ്‌റിനു ശേഷമുണ്ടായ ചില സുപ്രധാന സംഭവങ്ങള്‍

(1) ഖര്‍ഖറതുല്‍കദിര്‍ യുദ്ധം:

ഹിജ്‌റ മൂന്നാം വര്‍ഷം മുഹര്‍റം മാസത്തിന്റെ പകുതിയില്‍ 200 സ്വഹാബികളെയും കൊണ്ട് നബി ﷺ  പുറപ്പെട്ടു. ഖര്‍ഖറതുല്‍കദിര്‍ എന്ന സ്ഥലത്ത് ബനൂസുലൈം, ബനൂഗത്വ്ഫാന്‍ എന്നീ ഗോത്രക്കാര്‍ ഒരുമിച്ചുകൂടിയിരിക്കുന്നു എന്ന റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് ഈ പുറപ്പെടല്‍ ഉണ്ടായത്. സബാഅ്ബ്‌നു അര്‍ഫത്വതുല്‍ ഗഫ്ഫാരിയെ(റ) മദീനയുടെ ചുമതല ഏല്‍പിച്ചു. അലിയ്യുബ്‌നു അബീത്വാലിബിന്റെ(റ) കയ്യിലാണ് നബി ﷺ  കൊടി നല്‍കിയത്. നബി ﷺ  ഖര്‍ഖറതുല്‍കദിറില്‍ എത്തുകയും അവിടെ മൂന്ന് ദിവസം താമസിക്കുകയും ചെയ്തു. പക്ഷേ, ആരെയും കണ്ടില്ല. തന്റെ സ്വഹാബിമാരില്‍ ചിലരെ താഴ്‌വരയുടെ മുകള്‍ ഭാഗത്തേക്ക് അയച്ചു. താഴ്‌വരയുടെ താഴ് ഭാഗത്തുവെച്ചു പിന്നീട് അവരെ സ്വീകരിക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തിലാണ് കുറച്ച് ഇടയന്മാരെ കാണുന്നത്. അവരുടെ കൂട്ടത്തില്‍ യസാര്‍ എന്ന് പേരുള്ള ഒരാളും ഉണ്ടായിരുന്നു. ബനൂസുലൈംകാരെ കുറിച്ച് നബി ﷺ  ഇയാളോട് ചോദിച്ചുവെങ്കിലും ‘എനിക്ക് അവരെക്കുറിച്ച് ഒന്നും അറിയില്ല’ എന്നായിരുന്നു മറുപടി. നബി ﷺ  മദീനയിലേക്ക് തിരിച്ചുപോയി. 15 ദിവസത്തെ യാത്രയായിരുന്നു ഇത്.

(2) ഗത്വ്ഫാന്‍ യുദ്ധം:

മദീനയെ ആക്രമിക്കുന്നതിനു വേണ്ടി ‘ദൂ അംറ്’ എന്ന സ്ഥലത്തുള്ള ജല തടാകത്തിന് അരികില്‍ ഗത്ഫാന്‍ ഗോത്രത്തില്‍ പെട്ട ബനൂസഅ്‌ലബക്കാര്‍ ഒരുമിച്ചുകൂടിയിട്ടുണ്ടെന്ന വാര്‍ത്ത പ്രവാചകനു ലഭിച്ചു. അപ്പോള്‍ 450 ആളുകളുമായി നബി ﷺ  അങ്ങോട്ടു പുറപ്പെട്ടു. ഇത് മുഹര്‍റം മാസത്തിലായിരുന്നു). ഉഹ്ദ് യുദ്ധത്തിന് മുമ്പ് നബി ﷺ  നയിച്ച ഏറ്റവും വലിയ സൈന്യമായിരുന്നു ഇത്. ഉസ്മാനുബ്‌നു അഫ്ഫാനെ(റ)യാണ് മദീനയുടെ കാര്യം ഏല്‍പിച്ചത്. ഗത്വ്ഫാന്‍ ഗോത്രക്കാര്‍ ഈ വിവരം അറിഞ്ഞപ്പോള്‍ അല്ലാഹു അവരുടെ ഹൃദയങ്ങളില്‍ ഭയം ഇട്ടുകൊടുത്തു. മലകളുടെ ശിഖരങ്ങളിലേക്ക് അവര്‍ അഭയം തേടി ഓടിപ്പോയി. സത്യനിഷേധികളുടെ ഉപദ്രവത്തില്‍ നിന്നും മുസ്‌ലിംകളെ അല്ലാഹു സംരക്ഷിക്കുകയും ചെയ്തു.

”സത്യവിശ്വാസികളേ, ഒരു ജനവിഭാഗം നിങ്ങളുടെ നേരെ (ആക്രമണാര്‍ഥം) അവരുടെ കൈകള്‍ നീട്ടുവാന്‍ മുതിര്‍ന്നപ്പോള്‍, അവരുടെ കൈകളെ നിങ്ങളില്‍ നിന്ന് തട്ടിമാറ്റിക്കൊണ്ട് അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുവിന്‍. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ മാത്രം ഭരമേല്‍പിക്കട്ടെ” (അല്‍മാഇദ: 11).

(3) കഅ്ബ്ബ്‌നുല്‍ അശ്‌റഫ് കൊല്ലപ്പെടുന്നു:

നബി ﷺ യോടും സ്വഹാബിമാരോടും ഏറ്റവും കൂടുതല്‍ ശത്രുത കാണിച്ചിരുന്ന ആളായിരുന്നു കഅ്ബ്ബ്‌നുല്‍ അശ്‌റഫ്. ത്വയ്യ് ഗോത്രത്തില്‍പെട്ട അറബി വംശജന്‍ ആയിരുന്നു അയാളുടെ പിതാവ്. മദീനയിലേക്ക് കടന്നുവന്ന് ബനൂനളീര്‍ ഗോത്രത്തോടൊപ്പം സഖ്യം ചെയ്തു കഴിഞ്ഞുകൂടുകയും പിന്നീട് അവര്‍ക്കിടയില്‍ വലിയ സ്ഥാനമാനങ്ങള്‍ ലഭിക്കുകയും ചെയ്ത വ്യക്തിയാണ് ഇയാള്‍. അബുല്‍ ഹക്വീക്വിന്റെ മകള്‍ ഉകൈ്വലയെയായിരുന്നു വിവാഹം ചെയ്തത്. അതില്‍ ജനിച്ച മകനാണ് കഅ്ബ്. നീണ്ടു തടിച്ച ആളായിരുന്നു കഅ്ബ്. പേരുകേട്ട നല്ല ഒരു കവിയുമായിരുന്നു. സമ്പത്തിന്റെ ആധിക്യം കൊണ്ട് ഹിജാസിലെ ജൂതന്മാരുടെ നേതാവായി. ജൂത പുരോഹിതന്മാര്‍ക്ക് ധാരാളമായി ഇയാള്‍ സമ്പത്ത് നല്‍കുകയും അവരുമായി ശക്തമായ ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു. മദീനയുടെ കിഴക്ക്-തെക്ക് ഭാഗത്തായിരുന്നു അയാളുടെ കോട്ട. ബനൂ നളീര്‍ ഗോത്രത്തിന്റെ വീടുകളുടെ പിന്‍ഭാഗത്തായിരുന്നു ഇത്. ബദ്‌റില്‍ മുസ്‌ലിംകള്‍ വിജയിക്കുകയും ക്വുറൈശീ പ്രമാണിമാര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട് എന്ന വാര്‍ത്ത ലഭിച്ചപ്പോള്‍ അയാള്‍ ചോദിച്ചു: ‘സത്യമാണോ ഇതൊക്കെ? അറബികളിലെ പ്രധാനികള്‍ ആണല്ലോ അവരെല്ലാം. മാത്രവുമല്ല ജനങ്ങളുടെ രാജാക്കന്മാരുമായിരുന്നു അവര്‍. അല്ലാഹുവാണ് സത്യം, അറേബ്യന്‍ സമൂഹത്തെ മുഹമ്മദ് ഇപ്രകാരം ചെയ്തിട്ടുണ്ടെങ്കില്‍ ഭൂമിയുടെ ഉപരിഭാഗത്തെക്കാള്‍ എനിക്ക് നല്ലത് അതിന്റെ ഉള്‍ഭാഗമാണ്.’

ഈ വാര്‍ത്തകളെല്ലാം സത്യമാണ് എന്ന് ബോധ്യപ്പെട്ടപ്പോള്‍ ദീനിന്റെ ശത്രുവായ കഅ്ബ്ബ്‌നുല്‍ അശ്‌റഫ് അല്ലാഹുവിന്റെ റസൂലിനെയും മുസ്‌ലിംകളെയും ആക്ഷേപിച്ചു കൊണ്ട് രംഗത്തിറങ്ങി. അവരുടെ ശത്രുക്കളെ പുകഴ്ത്തിക്കൊണ്ടും മുസ്‌ലിംകള്‍ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചു കൊണ്ടും സജീവ സാന്നിധ്യമായി. അല്ലാഹുവിന്റെ ശത്രു ഇതില്‍ മാത്രം അവസാനിപ്പിച്ചില്ല; മക്കയിലുള്ള ക്വുറൈശികളിലേക്ക് അയാള്‍ യാത്ര ചെയ്തു. ബദ്‌റില്‍ കൊല്ലപ്പെട്ട അവരുടെ ആളുകള്‍ക്ക് വേണ്ടി പാട്ടുപാടിക്കരഞ്ഞു. മുസ്‌ലിംകള്‍ക്കെതിരെ യുദ്ധംചെയ്യാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. മുത്ത്വലിബ് ഇബ്‌നു അബീവദാഅത്തുസ്സഹ്മിയുടെ വീട്ടിലാണ് ചെന്നുകയറിയത്. അയാള്‍ കഅ്ബിനെ സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തു. കഅ്ബ് കവിതകള്‍ പാടിക്കൊണ്ടിരിക്കുകയും ചെയ്തു. അതിലൂടെ ക്വുറൈശികളെ നബിക്കും മുസ്‌ലിംകള്‍ക്കുമെതിരെ തിരിയാന്‍ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം. പകരം വീട്ടാനുള്ള ചിന്ത അവരില്‍ ഉണ്ടാക്കിയെടുക്കുവാന്‍ വേണ്ടിയായിരുന്നു ഇത്. മദീനയില്‍ മടങ്ങിയെത്തിയ ഇയാള്‍ അവിടെയുള്ള മുസ്‌ലിം സ്ത്രീകളുടെ സൗന്ദര്യം വര്‍ണിച്ചുകൊണ്ട് പാട്ടുപാടാന്‍ തുടങ്ങി.

ഇയാളുടെ ഉപദ്രവം അസഹ്യമായപ്പോള്‍ കൊന്നുകളയാന്‍ നബി ﷺ ക്ക് കല്‍പന പുറപ്പെടുവിക്കേണ്ടിവന്നു. ജാബിര്‍(റ) പറയുന്നു: ”നബി ﷺ  ചോദിച്ചു: ‘ആരാണ് അശ്‌റഫിനെ വകവരുത്തുക? കാരണം, അവന്‍ അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും ദ്രോഹിച്ചിരിക്കുന്നു.’ ഈ സന്ദര്‍ഭത്തില്‍ മുഹമ്മദ് ഇബ്‌നു മസ്‌ലമ പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, ഞാനയാളെ കൊലപ്പെടുത്തുന്നത് താങ്കള്‍ ഇഷ്ടപ്പെടുമോ?’ നബി ﷺ  പറഞ്ഞു: ‘അതെ.’ അപ്പോള്‍ മുഹമ്മദ്ബ്‌നു മസ്‌ലമ(റ) പറഞ്ഞു: ‘എങ്കില്‍ എനിക്ക് അനുവാദം നല്‍കുക…’ അങ്ങനെ മുഹമ്മദ്ബ്‌നു മസ്‌ലമയും അബ്ബാദ് ഇബ്‌നുബിശ്‌റും അബൂഅബ്‌സുബ്‌നു ജബ്‌റും കൂടി രാത്രിയില്‍ കഅ്ബിനെ തേടി വീട്ടില്‍ ചെല്ലുകയും അയാളെ വധിക്കുകയും ചെയ്തു. (ബുഖാരിയിലും മുസ്‌ലിമിലും ഈ സംഭവം വിശദീകരിക്കുന്നുണ്ട്).

റബീഉല്‍ അവ്വല്‍ 14ന്റെ രാത്രിയിലായിരുന്നു ഈ സംഭവം. കഅ്ബ്ബ്‌നുല്‍ അശ്‌റഫിന്റെ മരണവാര്‍ത്ത അറിഞ്ഞതോടു കൂടി ജൂത മനസ്സുകളിലേക്ക് ഭയം ഇരച്ചുകയറാന്‍ തുടങ്ങി. രാജ്യത്ത് കുഴപ്പങ്ങള്‍ ഉണ്ടാക്കുകയും നിര്‍ഭയത്വത്തെ നശിപ്പിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് ഉപദേശം ഫലം ചെയ്യുന്നില്ലെങ്കില്‍ അവരുടെ നേരെ ശക്തി പ്രയോഗിക്കുന്ന വിഷയത്തില്‍ മുഹമ്മദ് വൈകിപ്പിക്കുന്നില്ല എന്ന് ജൂതന്മാര്‍ മനസ്സിലാക്കിയപ്പോള്‍ നിശ്ശബ്ദതയുടെയും ശാന്തതയുടെയും മാര്‍ഗം അവര്‍ സ്വീകരിച്ചു. അവര്‍ സത്യസന്ധന്‍മാരും കരാര്‍ പാലിക്കുന്നവരുമാണെന്ന് പ്രകടിപ്പിക്കുവാന്‍ തുടങ്ങി. പാമ്പുകള്‍ പത്തി മടക്കി മാളങ്ങളിലേക്ക് മടങ്ങി.

(4) ഉസ്മാനും(റ) ഉമ്മുകുല്‍സുമും(റ) തമ്മിലുള്ള വിവാഹം:

ഉസ്മാന്‍(റ) ആദ്യം നബി ﷺ യുടെ മകള്‍ റുക്വിയ്യ(റ)യെ കല്യാണം കഴിച്ചിരുന്നു. ബദ്ര്‍ യുദ്ധത്തിന് മുമ്പായി അവര്‍ രോഗബാധിതയായി. അക്കാരണത്താല്‍ ബദ്‌റിലേക്ക് പോകാന്‍ ഉസ്മാനെ(റ) നബി ﷺ  അനുവദിച്ചില്ല. ബദ്‌റില്‍ മുസ്‌ലിംകള്‍ വിജയിച്ചിരിക്കുന്നു എന്ന സന്തോഷ വാര്‍ത്ത മദീനയിലെത്തിയ സന്ദര്‍ഭത്തിലാണ് റുക്വിയ്യ(റ) മരണപ്പെടുന്നത്. അവരുടെ മരണശേഷം നബി ﷺ  തന്റെ മകള്‍ ഉമ്മുകുല്‍സുമിനെ(റ) ഉസ്മാന്(റ) കല്യാണം കഴിച്ചുകൊടുത്തു. ഹിജ്‌റ മൂന്നാം വര്‍ഷം റബീഉല്‍ അവ്വല്‍ മാസത്തിലായിരുന്നു ഇത്. കന്യകയായിരുന്നു അവര്‍. എന്നാല്‍ അവരിലൂടെ അദ്ദേഹത്തിന് മക്കള്‍ ജനിച്ചിട്ടില്ല. ഉസ്മാന്‍(റ) അല്ലാതെ മറ്റൊരാള്‍ക്കും നബി(റ) തന്റെ രണ്ടു മക്കളെ വിവാഹം ചെയ്തു കൊടുത്തിട്ടുമില്ല. ഉസ്മാനുബ്‌നു അഫ്ഫാന്‍(റ) പറയുന്നു: ‘അല്ലാഹു മുഹമ്മദ് നബി ﷺ യെ സത്യം കൊണ്ട് നിയോഗിച്ചു. അല്ലാഹുവിനും അവന്റെ റസൂലിനും ആദ്യമായി ഉത്തരം നല്‍കിയ ആളുകളില്‍ പെട്ട വ്യക്തിയായിരുന്നു ഞാന്‍. എന്തൊന്നു കൊണ്ടാണോ മുഹമ്മദ് നബി ﷺ  നിയോഗിക്കപ്പെട്ടത് അത് ഞാന്‍ വിശ്വസിച്ചു. രണ്ടുതവണ ഞാന്‍ ഹിജ്‌റ പോയി. റസൂലിന്റെ കൂടെ ജീവിക്കുകയും അദ്ദേഹത്തോട് ബൈഅത്ത് ചെയ്യുകയും ചെയ്തു. നബി ﷺ  മരിക്കുന്നതുവരെ, അല്ലാഹുവാണെ സത്യം! ഞാന്‍ നബിയോട് അനുസരണക്കേട് കാണിക്കുകയോ വഞ്ചന കാണിക്കുകയോ ചെയ്തിട്ടില്ല” (ബുഖാരി: 3696).

(5) അല്‍ഖിറദ സൈന്യം:

ബദ്ര്‍ യുദ്ധത്തിന് ശേഷം ക്വുറൈശികള്‍ ശാമിലേക്ക് കച്ചവടത്തിന് പോകുമ്പോള്‍ പ്രവേശിച്ചിരുന്ന വഴിയിലൂടെ പ്രവേശിക്കുവാന്‍ അവര്‍ക്ക് പേടിയായി. ഉഷ്ണ കാലത്തുള്ള ശാമിലേക്കുള്ള അവരുടെ യാത്രയുടെ സമയമായപ്പോള്‍ ഇപ്രകാരം പറഞ്ഞു: ‘മുഹമ്മദ് നമ്മുടെ കച്ചവട സംഘത്തിന്റെ വഴി മുടക്കിയിരിക്കുകയാണ്. ഇനി ഏതു വഴിയിലൂടെയാണ് പോകേണ്ടത് എന്ന് പോലും അറിയില്ല.’ അപ്പോള്‍ സ്വഫ്‌വാനുബ്‌നു ഉമയ്യ പറഞ്ഞു: ‘നമ്മള്‍ മക്കയില്‍ ഈ നിലയ്ക്ക് നിന്നാല്‍ നമ്മുടെ മൂലധനം ഭക്ഷിക്കേണ്ടി വരും. പിന്നെ നമുക്ക് ഒന്നും ബാക്കിയാവുകയില്ല.’ അങ്ങനെ ഈ വിഷയത്തില്‍ ക്വുറൈശികള്‍ കൂടിയാലോചന നടത്തി. അവസാനം അവര്‍ ഇറാഖിന്റെ വഴി തിരഞ്ഞെടുത്തു. നജ്ദ് പ്രദേശം താണ്ടിക്കടന്നുകൊണ്ട് ശാമിലേക്കുള്ള വഴിയായിരുന്നു അത്. അതാകട്ടെ ഒരുപാട് ദൂരം ഉള്ളതാണ് താനും. മദീനയില്‍ നിന്നും ഒരുപാട് അകലെ കിഴക്കുഭാഗത്ത് കൂടി യാത്ര ചെയ്യേണ്ടി വരും. ഫുറാതുബ്‌നു ഹയ്യാന്‍ എന്ന വ്യക്തിയെ അവര്‍ വഴികാട്ടിയായി വാടകയ്ക്ക് കൂടെ കൂട്ടി. ബകറുബ്‌നു വാഇല്‍ കുടുംബത്തില്‍പെട്ട വ്യക്തിയായിരുന്നു ഇയാള്‍. അങ്ങനെ മക്കയില്‍ നിന്നുള്ള ഒരു കച്ചവട സംഘം സ്വഫ്‌വാനുബ്‌നു ഉമയ്യയുടെ നേതൃത്വത്തില്‍ പുറപ്പെട്ടു. അബൂസുഫ്‌യാനിന്റെ നേതൃത്വത്തിലാണ് എന്നും പറയപ്പെടുന്നു. 100 പേരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. 30,000 ദിര്‍ഹം വിലവരുന്ന വെള്ളി അവരുടെ കൂടയുണ്ടായിരുന്നു. വഴികാട്ടിയായ ഫുറാതുബ്‌നു ഹയ്യാന്‍ അവരെയും കൊണ്ട് ഇറാഖിലേക്കുള്ള വഴിയില്‍ ദാതുഇറഖ് എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു. ഈ കച്ചവട സംഘത്തെ കുറിച്ചുള്ള അറിവ് നബിക്ക് ലഭിച്ചു. സൈദുബ്‌നു ഹാരിസ(റ)യെ നബി ﷺ  ഇവരിലേക്ക് അയച്ചു. 100 ആളുകള്‍ സൈദിന്റെ കൂടെ ഉണ്ടായിരുന്നു. ക്വുറൈശികളുടെ കച്ചവട സംഘത്തെ പിടികൂടലായിരുന്നു ലക്ഷ്യം. അല്‍ഖിറദ എന്ന് പേരുള്ള നജ്ദിലെ ഒരു ജല തടാകത്തിനു സമീപത്ത് വെച്ച് അവരെ കണ്ടുമുട്ടി. സൈദുബ്‌നു ഹാരിസയും അനുയായികളും ക്വുറൈശീ സംഘത്തില്‍ ഒന്നടങ്കം ആധിപത്യം നേടി. എതിരിടാന്‍ പോലും സാധ്യമല്ലാതെ സ്വഫ്‌വാനും കൂട്ടര്‍ക്കും ഓടിപ്പോകേണ്ടി വന്നു. ഇതല്ലാതെ മറ്റൊരു മാര്‍ഗവും അവരുടെ മുമ്പില്‍ ഉണ്ടായിരുന്നില്ല. അവര്‍ വഴികാട്ടിയായി കൊണ്ടുവന്ന ഫുറാത്തിനെ മുസ്‌ലിംകള്‍ ബന്ദിയായി പിടികൂടി. അദ്ദേഹം പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയും തന്റെ ഇസ്‌ലാമിക ജീവിതം നന്നാക്കുകയും ചെയ്തു. ദീനില്‍ വലിയ പാണ്ഡിത്യവും നേടി. പില്‍ക്കാലത്ത് അദ്ദേഹം മക്കയിലേക്ക് നീങ്ങുകയും അവിടെ താമസമാക്കുകയും ചെയ്തു.

അഞ്ചില്‍ ഒന്ന് മാറ്റി വെച്ചതിനു ശേഷം യുദ്ധാര്‍ജിത സ്വത്ത് നബി ﷺ  അര്‍ഹരായ ആളുകള്‍ക്ക് വീതിച്ചു കൊടുത്തു. ഹിജ്‌റ മൂന്നാംവര്‍ഷം ജമാദുല്‍ ആഖിര്‍ മാസത്തിലായിരുന്നു ഇത്. ഉഹ്ദ് യുദ്ധത്തിനു മുമ്പായി മുസ്‌ലിംകള്‍ നയിച്ച ഏറ്റവും വിജയകരമായ സൈന്യമായിരുന്നു ഇത്. ഇവിടെയുണ്ടായ പരാജയം ബദ്‌റിന് ശേഷം ക്വുറൈശികളെ സംബന്ധിച്ചിടത്തോളം ഒരു ഇടിത്തീ പോലെയായിരുന്നു. ഇതോടെ അവരുടെ ദുഃഖവും ഭയവും അസ്വസ്ഥതയും നാള്‍ക്കു നാള്‍ വര്‍ധിച്ചുകൊണ്ടിരുന്നു. ക്വുറൈശികളുടെ എല്ലാ പ്ലാനുകളും മുസ്‌ലിംകള്‍ക്ക് മുമ്പില്‍ തകര്‍ന്നടിയുന്നതായി കണ്ടപ്പോള്‍ വലിയ ഒരു സൈന്യത്തെ മുസ്‌ലിംകള്‍ താമസിക്കുന്ന സ്ഥലത്തേക്ക് തന്നെ നിയോഗിക്കണമെന്ന തീരുമാനത്തിലേക്ക് അവര്‍ എത്തി.ഒരു പ്രതികാര നടപടിയെന്നോണവും അതോടൊപ്പം എല്ലാ തടസ്സങ്ങളെയും നീക്കം ചെയ്യാന്‍ സാധ്യമാകും എന്ന ഉദ്ദേശത്തോടു കൂടിയും ആയിരുന്നു ഇത്. തങ്ങളുടെ കച്ചവടമാര്‍ഗത്തില്‍ പഴയ കാലത്ത് ഉണ്ടായിരുന്ന നിര്‍ഭയത്വത്തിന്റെ സാഹചര്യം തിരിച്ചുകൊണ്ടുവരാന്‍ ഇതിലൂടെ സാധ്യമാകുമെന്നും അവര്‍ ചിന്തിച്ചു. മാത്രവുമല്ല ബദ്ര്‍ യുദ്ധത്തിലൂടെ തങ്ങള്‍ക്ക് നഷ്ടപ്പെട്ടുപോയ സല്‍കീര്‍ത്തി തിരിച്ചുപിടിക്കാനും ഇതിലൂടെ സാധ്യമാകും എന്നായിരുന്നു അവരുടെ ചിന്ത. അങ്ങനെയാണ് ഉഹ്ദ് യുദ്ധം ഉണ്ടാകുന്നത്.

(6) നബി ﷺ യും ഹഫ്‌സ(റ)യും തമ്മിലുള്ള വിവാഹം:

ശഅ്ബാന്‍ മാസത്തില്‍ ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ മകള്‍ ഹഫ്‌സയെ നബി ﷺ  വിവാഹം ചെയ്തു. ആദ്യ ഭര്‍ത്താവായിരുന്ന ഖുനൈസ് ഇബ്‌നു ഹുദാഫതുസ്സഹ്മി(റ)യുടെ മരണ ശേഷം ഇദ്ദയുടെ കാലം അവസാനിച്ചപ്പോഴാണ് വിവാഹം നടന്നത്. ബദ്ര്‍ യുദ്ധത്തിന് ശേഷമാണ് ഖുനൈസ് മരണപ്പെടുന്നത്. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു: ‘ഖുനൈസിന്റെ മരണത്തോടു കൂടി ഹഫ്‌സ വിധവയായി. നബിയുടെ സ്വഹാബിമാരില്‍ പെട്ട ഒരാളായിരുന്നു ഖുനൈസ്. മദീനയില്‍ വെച്ചാണ് അദ്ദേഹം മരണപ്പെടുന്നത്.’ ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ) പറയുന്നു: ‘ഹഫ്‌സയെ വിവാഹം കഴിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഞാന്‍ ഉസ്മാനുബ്‌നു അഫ്ഫാനെ കാണാന്‍ ചെന്നു. ഉസ്മാന്‍(റ) ഞാന്‍ ഒന്ന് ആലോചിക്കട്ടെ എന്നു പറഞ്ഞു. ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹം എന്നെ കണ്ടുമുട്ടി. ഈ ദിവസങ്ങളില്‍ ഞാന്‍ വിവാഹം കഴിക്കുന്നില്ല എന്നാണ് എനിക്ക് അഭിപ്രായമായി തോന്നുന്നത് എന്ന് ഉസ്മാന്‍ പറഞ്ഞു.’

ഉമര്‍ പറയുന്നു: ”ശേഷം ഞാന്‍ അബൂബക്‌റിനെ(റ) കണ്ടുമുട്ടി. താങ്കള്‍ ഉദ്ദേശിക്കുന്ന പക്ഷം ഹഫ്‌സയെ വിവാഹം കഴിച്ചുതരാം എന്ന് ഞാന്‍ പറഞ്ഞു. പക്ഷേ, അബൂബക്ര്‍ നിശ്ശബ്ദനായി. ഒരു മറുപടിയും എനിക്ക് നല്‍കിയില്ല. ഉസ്മാനോട് ഉണ്ടായതിനെക്കാള്‍ നീരസമാണ് അബൂബക്‌റിനോട് എനിക്ക് തോന്നിയത്. ദിവസങ്ങള്‍ക്കു ശേഷം നബി ﷺ  ഹഫ്‌സയെ വിവാഹമന്വേഷിച്ചു. ഞാന്‍ നബിക്ക് ഹഫ്‌സയെ നിക്കാഹ് ചെയ്തു കൊടുക്കുകയും ചെയ്തു. പിന്നീട് അബൂബക്ര്‍ എന്നെ കണ്ടുമുട്ടി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഹഫ്‌സയെ വിവാഹം കഴിക്കാന്‍ എന്നോട് ആവശ്യപ്പെടുകയും ഞാനൊന്നും മറുപടിയായി പറയാതിരിക്കുകയും ചെയ്തപ്പോള്‍ നിങ്ങളുടെ മനസ്സില്‍ എന്നോട് നീരസം തോന്നിയിട്ടുണ്ടാകാം.’ ഞാന്‍ പറഞ്ഞു: ‘അതെ, ശരിയാണ്.’ അപ്പോള്‍ അബൂബക്ര്‍ പറഞ്ഞു: ‘നബി ഹഫ്‌സയെ കല്യാണം കഴിക്കുന്നതിനെ കുറിച്ച് പറയുന്നത് ഞാന്‍ അറിഞ്ഞതു കൊണ്ടാണ് എന്നോട് താങ്കള്‍ ആ കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ ഒന്നും മറുപടി പറയാതിരുന്നത്. നബി ﷺ  രഹസ്യമാക്കി വെച്ച കാര്യം ഞാന്‍ പരസ്യപ്പെടുത്തുന്നവനല്ല. നബി അങ്ങനെ ചെയ്യുന്നില്ലായിരുന്നുവെങ്കില്‍ ഹഫ്‌സയെ ഞാന്‍ സ്വീകരിക്കുമായിരുന്നു” (ബുഖാരി: 5122).

(7) നബി ﷺ യും സൈനബും(റ) തമ്മിലുള്ള വിവാഹം:

റമദാന്‍ മാസത്തില്‍ സൈനബ് ബിന്‍തു ഖുസൈമ അല്‍ഹിലാലിയ്യയെ നബി ﷺ  വിവാഹം കഴിച്ചു. സാധുക്കള്‍ക്ക് ധാരാളമായി ഭക്ഷണം കൊടുക്കുകയും ധര്‍മം വര്‍ധിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ ഉമ്മുല്‍ മസാകീന്‍ എന്ന പേരിലാണ് അവര്‍ അറിയപ്പെട്ടിരുന്നത്. അവരുടെ ആദ്യഭര്‍ത്താവ് ബദ്‌റില്‍ വെച്ച് ശഹീദാവുകയായിരുന്നു. അങ്ങനെയാണ് നബി ﷺ  അവരെ വിവാഹാന്വേഷണം നടത്തുന്നത്. പക്ഷേ, നബിയുടെ കൂടെ അധിക കാലം ജീവിക്കുവാന്‍ അവര്‍ക്ക് സാധിച്ചില്ല. ഹിജ്‌റ നാലാം വര്‍ഷം റബീഉല്‍ ആഖിറിന്റെ അവസാനത്തില്‍ അവര്‍ മരണപ്പെട്ടു. നബി ﷺ  ജീവിച്ചിരിക്കെ മരണപ്പെട്ട രണ്ടു ഭാര്യമാരില്‍ ഒരാളാണ് സൈനബ്(റ). മരിക്കുമ്പോള്‍ അവര്‍ക്ക് 30 വയസ്സ് പ്രായമായിരുന്നു. ബക്വീഇലാണ് അവരെ മറവു ചെയ്തത്.

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 38​

നബി ചരിത്രം - 38: ബദ്‌റിനു ശേഷമുണ്ടായ ചില സുപ്രധാന സംഭവങ്ങള്‍

ബദ്‌റിനു ശേഷമുണ്ടായ ചില സുപ്രധാന സംഭവങ്ങള്‍

(1) ഈദുല്‍ ഫിത്വ്ര്‍: 

ഹിജ്‌റ രണ്ടാം വര്‍ഷം ശവ്വാല്‍ മാസത്തിലാണ് മുസ്‌ലിംകള്‍ക്ക് ആദ്യമായി ഈദുല്‍ ഫിത്വ്ര്‍ ഉണ്ടാകുന്നത്. നബി ﷺ തന്റെ അനുചരന്മാരെയും കൊണ്ട് ആദ്യമായി ഈദുല്‍ ഫിത്വ്ര്‍ നമസ്‌കാരം നിര്‍വഹിച്ചു. അനസ്(റ) പറയുന്നു: ”മദീനയില്‍ ജാഹിലിയ്യാ കാലത്ത് രണ്ട് ആഘോഷ ദിവസങ്ങള്‍ ഉണ്ടായിരുന്നു. നബി ﷺ പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക് ഇതിനു പകരമായി ഇതിനെക്കാള്‍ നല്ല രണ്ടെണ്ണം നല്‍കിയിരിക്കുന്നു. ചെറിയ പെരുന്നാളും (ഈദുല്‍ ഫിത്വ്ര്‍) ബലിപെരുന്നാളും  (യൗമുന്നഹ്ര്‍) ആകുന്നു അത്.”

(2) ബനൂഗത്ഫാന്‍ യുദ്ധം: 

ബദ്‌റില്‍ നിന്നും മടങ്ങിവന്ന ശേഷം നബി ﷺ മദീനയില്‍ ഏഴു ദിവസം താമസിച്ച ശേഷം ബനൂസലിം ഗോത്രക്കാരെ ലക്ഷ്യം വെച്ചുകൊണ്ട് പുറപ്പെട്ടു. ശവ്വാല്‍ മാസത്തില്‍ തന്നെയായിരുന്നു ഈ യാത്ര. കദിര്‍ എന്ന് പേരുള്ള സ്ഥലത്തെത്തി; വെള്ളമുള്ള ഭാഗത്ത് മൂന്ന് ദിവസം താമസിച്ചു. ശേഷം മദീനയിലേക്ക് മടങ്ങി. യുദ്ധം ഒന്നുമുണ്ടായില്ല. ബനൂസലീം, ബനൂഗത്ഫാന്‍ എന്നീ ഗോത്രക്കാര്‍ മുസ്‌ലിംകള്‍ക്കെതിരെ യുദ്ധം ചെയ്യാനുള്ള തീരുമാനവുമായി അവിടെ ഒരുമിച്ചു കൂടിയിട്ടുണ്ട് എന്ന അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നബി ﷺ അങ്ങോട്ട് പുറപ്പെട്ടത്.

(3) സകാത്ത് നിര്‍ബന്ധമാകുന്നു: 

മുന്‍ സമൂഹങ്ങളിലും നിലവിലുണ്ടായിരുന്ന ഇസ്‌ലാമിലെ സുപ്രധാനമായ ഒരു ആരാധനയാണ് സകാത്ത്. കഴിഞ്ഞുപോയ നബിമാരെ സംബന്ധിച്ച് ക്വുര്‍ആനില്‍ സൂചിപ്പിക്കുന്ന സന്ദര്‍ഭങ്ങളില്‍ സകാത്തിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.

”അവരെ നാം നമ്മുടെ കല്‍പനപ്രകാരം മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കുകയും ചെയ്തു. നല്ല കാര്യങ്ങള്‍ ചെയ്യണമെന്നും നമസ്‌കാരം മുറപോലെ നിര്‍വഹിക്കണമെന്നും, സകാത് നല്‍കണമെന്നും നാം അവര്‍ക്ക് ബോധനം നല്‍കുകയും ചെയ്തു. നമ്മെയായിരുന്നു അവര്‍ ആരാധിച്ചിരുന്നത്” (അല്‍അമ്പിയാഅ്: 73).

രണ്ടു ഘട്ടങ്ങളിലായിക്കൊണ്ടാണ് സകാത്തിന്റെ നിയമം അവതരിക്കുന്നത്. അതിലൊന്ന് മക്കാ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന നിയമമാണ്. അതായത് ഇന്ന സമ്പത്തിന് ഇത്ര സകാത്ത് കൊടുക്കണമെന്ന നിയമങ്ങളോ മറ്റോ ഇല്ലാതെ പൊതുവായിക്കൊണ്ട് കൊടുക്കുക എന്ന അര്‍ഥത്തില്‍, ജനങ്ങള്‍ക്ക് നന്മ ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടിയുള്ളത്. കുര്‍ആനിലെ ഈ വചനത്തിലെ സകാത് എന്ന പദപ്രയോഗം ഈ അര്‍ഥത്തിലുള്ളതാണ്.

”…അതിനാല്‍ അതില്‍ (ക്വുര്‍ആനില്‍) നിന്ന് സൗകര്യപ്പെട്ടത് നിങ്ങള്‍ പാരായണം ചെയ്തു കൊള്ളുകയും നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിന്ന് ഉത്തമമായ കടം നല്‍കുകയും ചെയ്യുക. സ്വദേഹങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ എന്തൊരു നന്മ മുന്‍കൂട്ടി ചെയ്ത് വെക്കുകയാണെങ്കിലും അല്ലാഹുവിങ്കല്‍ അത് ഗുണകരവും ഏറ്റവും മഹത്തായ പ്രതിഫലമുള്ളതുമായി നിങ്ങള്‍ കണ്ടെത്തുന്നതാണ്. നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (മുസ്സമ്മില്‍: 20).

രണ്ടാമത്തെ ഘട്ടമാണ് മദീനയില്‍ ഇറങ്ങിയ നിയമങ്ങള്‍. ഹിജ്‌റ രണ്ടാം വര്‍ഷം ശവ്വാല്‍ മാസത്തില്‍ ആയിരുന്നു അത്. അതോടു കൂടി ഇസ്‌ലാമിന്റെ റുക്‌നുകളില്‍ ഒന്നായി സക്കാത് മാറി.

”എന്നാല്‍ അവര്‍ പശ്ചാത്തപിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത് നല്‍കുകയും ചെയ്യുന്ന പക്ഷം അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളാകുന്നു. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി നാം ദൃഷ്ടാന്തങ്ങള്‍ വിശദീകരിക്കുന്നു” (അത്തൗബ: 11).

ഏതെല്ലാം വസ്തുക്കളിലാണ് സകാത് കൊടുക്കേണ്ടത് എന്നും എത്ര അളവ് ഉണ്ടെങ്കില്‍ ആണ് കൊടുക്കേണ്ടത് എന്നും എത്രയാണ് കൊടുക്കേണ്ടത് എന്നുമൊക്കെയുള്ള നിയമങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ആര്‍ക്കെല്ലാമാണ് സകാത് നല്‍കേണ്ടത് എന്ന നിയമവും വിശദീകരിച്ചുകൊടുത്തു.

”ദാനധര്‍മങ്ങള്‍ (നല്‍കേണ്ടത്) ദരിദ്രന്‍മാര്‍ക്കും അഗതികള്‍ക്കും അതിന്റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്‌ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും അടിമകളുടെ (മോചനത്തിന്റെ) കാര്യത്തിലും കടം കൊണ്ട് വിഷമിക്കുന്നവര്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തിലും വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്” (അത്തൗബ: 60).

”അവരെ ശുദ്ധീകരിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്ന് നീ വാങ്ങുകയും അവര്‍ക്കുവേണ്ടി (അനുഗ്രഹത്തിന്നായി) പ്രാര്‍ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ പ്രാര്‍ഥന അവര്‍ക്ക് ശാന്തി നല്‍കുന്നതത്രെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു” (അത്തൗബ: 103).

(4) അലിയും(റ) ഫാത്വിമയും(റ) തമ്മിലുള്ള വിവാഹം: 

അലിയ്യുബ്‌നു അബീത്വാലിബും നബി ﷺ യുടെ മകള്‍ ഫാത്വിമയും തമ്മിലുള്ള വിവാഹം ഒന്നാം വര്‍ഷത്തില്‍ നടന്നിട്ടുണ്ട്. എന്നാല്‍ രണ്ടു പേരും ഒന്നിക്കുന്നത് ഹിജ്‌റ രണ്ടാം വര്‍ഷം ശവ്വാല്‍ മാസത്തില്‍ ബദ്ര്‍ യുദ്ധത്തിന് ശേഷമായിരുന്നു. വിവാഹത്തിന്റെ വലീമക്കുള്ള പണം അലി(റ) ഉണ്ടാക്കിയത് ഇദ്ഖിര്‍ എന്ന് പേരുള്ള പുല്ലു വിറ്റ് കൊണ്ടായിരുന്നു എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. (ബുഖാരി: 3091. മുസ്‌ലിം 1979).

ഹസന്‍, ഹുസൈന്‍, മുഹ്‌സിന്‍ എന്നീ മൂന്ന് ആണ്‍കുട്ടികളും ഉമ്മുകുല്‍സും, സൈനബ് എന്നീ രണ്ട് പെണ്‍കുട്ടികളുമാണ് ഫാത്വിമ(റ)യിലൂടെ അലി(റ)ക്ക് ജനിച്ചത്.

(5) ബനൂ കൈ്വനുക്വാഅ് യുദ്ധം: 

ശവ്വാല്‍ മാസം പകുതിയില്‍ ശനിയാഴ്ചയാണ് യുദ്ധം ഉണ്ടായത്. ജൂതന്മാരില്‍ ഏറ്റവും ധീരരും ഇരുമ്പ് പണിയെടുക്കുന്ന ആളുകളും ആയിരുന്നു അവര്‍ (ആലപ്പണി). മുമ്പ് നമ്മള്‍ മനസ്സിലാക്കിയതു പോലെ മദീനയില്‍ നബിയോട് കരാര്‍ ചെയ്ത ആളുകളുമായിരുന്നു. ഖസ്‌റജ് ഗോത്രക്കാരോട് സഖ്യം ചേര്‍ന്നവരായിരുന്നു. ബദ്ര്‍ യുദ്ധം ഉണ്ടാവുകയും അതില്‍ മുസ്‌ലിംകളുടെ പ്രതാപം പ്രകടമാകുകയും ചെയ്തപ്പോള്‍ മുസ്‌ലിംകളോട് ശത്രുതയും ധിക്കാരവും അസൂയയും പ്രകടിപ്പിച്ചവരാണ് ബനൂ കൈ്വനുക്വാഅ്. നബി ﷺ യോട് നടത്തിയിരുന്ന കരാറിനെ അവര്‍ ലംഘിക്കുകയും ചെയ്തു. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ”ബദ്‌റില്‍ വെച്ച് നബി ﷺ ക്വുറൈശികളെ പരാജയപ്പെടുത്തിയ ശേഷം മദീനയിലേക്ക് തിരിച്ചുവന്നു. ശേഷം ബനൂകൈ്വനുക്വാഇന്റെ ചന്തയില്‍ ജൂതന്മാര്‍ക്കിടയിലേക്ക് ചെന്ന് കൊണ്ട് അവരോട് പറഞ്ഞു: ‘അല്ലയോ ജൂത സമൂഹമേ, ക്വുറൈശികള്‍ക്ക് ബാധിച്ചത് പോലുള്ളത് നിങ്ങള്‍ക്കും ബാധിക്കുന്നതിനു മുമ്പ് നിങ്ങള്‍ മുസ്‌ലിംകളായിക്കൊള്ളുക.’ അപ്പോള്‍ അവര്‍ പറഞ്ഞു: ‘അല്ലയോ മുഹമ്മദ്, യുദ്ധം അറിയാത്ത ക്വുറൈശികളിലെ ചില ദുര്‍ബലരെ നീ കൊലപ്പെടുത്തി എന്നുള്ളത് നിന്നെ ചതിയിലകപ്പെടുത്താതിരിക്കട്ടെ. നീയെങ്ങാനും ഞങ്ങളോട് യുദ്ധം ചെയ്താല്‍ ഞങ്ങള്‍ ആണ്‍കുട്ടികളാണെന്ന് നീ മനസ്സിലാക്കും. ഞങ്ങളെപ്പോലുള്ളവരുമായി നീ ഏറ്റുമുട്ടിയിട്ടില്ല.’ അപ്പോള്‍ അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു: ”(നബിയേ,) നീ സത്യനിഷേധികളോട് പറയുക: നിങ്ങള്‍ കീഴടക്കപ്പെടുന്നതും നരകത്തിലേക്ക് കൂട്ടത്തോടെ നയിക്കപ്പെടുന്നതുമാണ്. അതെത്ര ചീത്തയായ വിശ്രമസ്ഥലം! (ബദ്‌റില്‍) ഏറ്റുമുട്ടിയ ആ രണ്ട് വിഭാഗങ്ങളില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ട്. ഒരു വിഭാഗം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. മറുവിഭാഗമാകട്ടെ സത്യനിഷേധികളും. (അവിശ്വാസികള്‍ക്ക്) തങ്ങളുടെ ദൃഷ്ടിയില്‍ അവര്‍ (വിശ്വാസികള്‍) തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ് തോന്നിയിരുന്നത്. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്റെ സഹായം കൊണ്ട്പിന്‍ബലം നല്‍കുന്നു. തീര്‍ച്ചയായും കണ്ണുള്ളവര്‍ക്ക് അതില്‍ ഒരു ഗുണപാഠമുണ്ട്” (ആലുഇംറാന്‍: 12,13) (അബൂദാവൂദ്: 3001).

ജൂതന്മാര്‍ അവരുടെ കരാര്‍ ലംഘനം തുടരുകയാണ് എന്ന് മനസ്സിലാക്കിയപ്പോള്‍ മദീനയില്‍ അബൂലുബാബ(റ)യെ ഏല്‍പിച്ചു കൊണ്ട് നബി ﷺ ജൂതന്മാരിലേക്ക് പുറപ്പെട്ടു. ഹംസ(റ)യുടെ കയ്യില്‍ കൊടിയും നല്‍കി. മുസ്‌ലിം സൈന്യത്തെ കണ്ടപ്പോള്‍ ജൂതന്മാര്‍ അവരുടെ കോട്ടകളില്‍ അഭയം തേടി. നബി ﷺ തന്റെ സ്വഹാബിമാരെക്കൊണ്ട് ആ കോട്ട വലയം ചെയ്യുകയും 15 ദിവസത്തോളം ഇതു തുടരുകയും ചെയ്തു. ദുല്‍ക്വഅ്ദ മാസത്തിന്റെ തുടക്കമായപ്പോള്‍ അല്ലാഹു ജൂതന്‍മാരുടെ ഹൃദയങ്ങളില്‍ ഭയം ഇട്ടുകൊടുക്കുകയും അവര്‍ പ്രവാചകന്റെ തീരുമാനത്തിന് വഴിപ്പെട്ടുകൊണ്ട് ഇറങ്ങിവരികയും ചെയ്തു. അവരെ ബന്ധിക്കുവാനുള്ള കല്‍പന നബി ﷺ കൊടുക്കുകയും ചെയ്തു. ഇത് അറിഞ്ഞ പാടെ കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബ്‌നു ഉബയ്യ്ബ്‌നു സലൂല്‍ രംഗത്തുവന്നു. ജൂതന്മാര്‍ക്ക് മാപ്പ് കൊടുക്കണമെന്നും അവര്‍ ഞങ്ങളുടെ കക്ഷികളാണ് എന്നും നബിയോട് അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞു. പക്ഷേ, അവരുടെ അപേക്ഷയെ നബി ﷺ നിരസിക്കുകയാണ് ചെയ്തത്. ജൂതന്മാരോടും അവരുടെ സ്ത്രീകളോടും കുട്ടികളോടും മദീനയില്‍ നിന്ന് പുറത്തുപോകുവാനുള്ള കല്‍പനയാണ് നബി ﷺ നല്‍കിയത്. മൂന്ന് ദിവസത്തെ സാവകാശവും അവര്‍ക്ക് നല്‍കി. അവരെ പുറത്താക്കുന്ന വിഷയത്തിന്റെ നേതൃത്വം ഉബാദതുബ്‌നു സ്വാമിതിനെയാണ് ഏല്‍പിച്ചത്. മൂന്ന് ദിവസം ആയപ്പോള്‍ അവര്‍ മദീനയില്‍ നിന്ന് ശാമിന്റെ ഭാഗങ്ങളിലേക്ക് യാത്രയായി. അവരുടെ സ്വത്തുക്കള്‍ ഏറ്റെടുക്കുന്ന വിഷയം മുഹമ്മദ് ഇബ്‌നു മസ്‌ലമക്കായിരുന്നു. അഞ്ചില്‍ ഒന്ന് മാറ്റി വെച്ചതിനു ശേഷം ബാക്കിയുള്ളത് സ്വഹാബികള്‍ക്കിടയില്‍ വിഹിതം വെച്ചു. അങ്ങനെ മദീനയിലെ ജൂതന്മാരുടെ സ്വത്തുക്കള്‍ മുസ്‌ലിംകള്‍ക്ക് ഗനീമത്തായി ലഭിച്ചു. ബനൂ കൈ്വനുക്വാഉകാര്‍ ആലപ്പണിക്കാരായതു കൊണ്ട് അവര്‍ക്ക് കൃഷിയിടങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതോടെ മദീനയില്‍ ഉണ്ടായിരുന്ന എല്ലാ ജൂതന്മാരെയും നബി പുറത്തിറക്കുകയുണ്ടായി (ബുഖാരി: 4028, മുസ്‌ലിം: 1766).

ബനൂകൈ്വനുക്വാഉകാര്‍ നബി ﷺ യോട് യുദ്ധത്തിന് ഒരുങ്ങിയപ്പോള്‍ തന്നെ ഉബാദതുബ്‌നു സ്വാമിത്(റ) അവരുമായുള്ള സഖ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറിയിരുന്നു.

(6) സവീഖ് യുദ്ധം: 

ഹിജ്‌റ രണ്ടാം വര്‍ഷം ദുല്‍ഹജ്ജ് അഞ്ചിനാണ് ഈ യുദ്ധം ഉണ്ടാകുന്നത്. അബൂസുഫ്‌യാന്റെ കച്ചവടസംഘവും യുദ്ധത്തില്‍ പരാജയപ്പെട്ട ക്വുറൈശി സൈന്യവും മക്കയില്‍ എത്തിയപ്പോള്‍ ജനാബത്ത് (വലിയ അശുദ്ധി) ഉണ്ടായാല്‍ പോലും മുഹമ്മദിനോടു യുദ്ധം ചെയ്യുകയും തന്റെ അനുയായികളുടെ കാര്യത്തില്‍ പകരം വീട്ടുകയും ചെയ്യുന്നത് വരെ തലയില്‍ വെള്ളം തട്ടിക്കുകയില്ല എന്ന് അബൂസുഫ്‌യാന്‍ നേര്‍ച്ചനേര്‍ന്നു. അങ്ങനെ അബൂസുഫ്‌യാന്‍ ക്വുറൈശികളില്‍ നിന്നുള്ള 200 പേരെ കൂട്ടി പുറപ്പെടുകയാണ്. മദീനയുടെ പരിസര പ്രദേശങ്ങളിലേക്ക് അവര്‍ രാത്രിയില്‍ എത്തിച്ചേര്‍ന്നു. ബനൂനളീറില്‍ അഭയം പ്രാപിക്കുകയും ചെയ്തു. ബനൂനളീറിന്റെ നേതാവായ സല്ലാം ഇബ്‌നു മിശ്കമിന്റെ അടുക്കലാണ് അവര്‍ ഇറങ്ങിയത്. ഈ ജൂതന്‍ നബിയെക്കുറിച്ചും സ്വഹാബിമാരെക്കുറിച്ചും അബൂസുഫിയാന് വിവരങ്ങള്‍ നല്‍കി. മദീനയുടെ ഒരു വശത്തുകൂടെ അബൂസുഫ്‌യാന്‍ കടന്നു ചെല്ലുകയും വാക്കിം എന്ന താഴ്‌വരയിലെത്തി രണ്ട് ആളുകളെ കൊലപ്പെടുത്തുകയും ചെയ്തു. ഈത്തപ്പന മരങ്ങള്‍ കത്തിച്ചു. ശേഷം മക്കയിലേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തു. ഈ വിവരം അറിഞ്ഞ നബി ﷺ മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍ നിന്നുമായി 200 പേരെ കൂട്ടി ഇവരുടെ പിറകെ പുറപ്പെട്ടു. മദീനയുടെ നേതൃത്വം അബൂലുബാബയെ(റ)യാണ് ഏല്‍പിച്ചിരുന്നത്. അബൂസുഫ്‌യാന്റെ കയ്യില്‍ ഗോതമ്പ് പൊടി നിറച്ച ചാക്കുകള്‍ ഉണ്ടായിരുന്നു. ഭക്ഷണത്തിനായും ഒളിഞ്ഞിരിക്കാനും ഇത് അവര്‍ ഉപയോഗിച്ചിരുന്നു. ഈ ഗോതമ്പു ചാക്കുകള്‍ വഴിയില്‍ ഇട്ടു കൊണ്ടാണ് അവര്‍ ഓടിപ്പോയത്. ഗോതമ്പുപൊടി എന്ന അര്‍ഥം വരുന്ന സവീഖ് യുദ്ധം എന്ന പേര് ലഭിച്ചത് ഇക്കാരണത്താലാണ്. ഖര്‍ഖറതുല്‍ കദിര്‍ എന്ന സ്ഥലം വരെ നബി ﷺ അവരെ തുടര്‍ന്നുവെങ്കിലും അബൂസുഫ്‌യാനും അനുയായികളും രക്ഷപ്പെടുകയുണ്ടായി. നബിയും അനുയായികളും മദീനയിലേക്ക് തിരിച്ചു പോന്നു. അഞ്ചു ദിവസമാണ് മദീനയില്‍ നിന്ന് ഈ യുദ്ധത്തിനായി അവര്‍ വിട്ടുനിന്നത്.

ഹിജ്‌റ രണ്ടാം വര്‍ഷത്തിലെ മരണങ്ങള്‍: ദുല്‍ഹജ്ജ് മാസത്തില്‍ ഉസ്മാന്‍ ഇബ്‌നു മള്ഊന്‍(റ) മരണപ്പെടുകയുണ്ടായി. ഇസ്‌ലാമിലേക്ക് ആദ്യകാലത്ത് കടന്നുവന്ന ആളായിരുന്നു അദ്ദേഹം. അബിസീനിയയിലേക്ക് ഹിജ്‌റ പോയിരുന്നു. പിന്നീട് മദീനയിലേക്ക് മുഹാജിറായി വന്നു. ബദ്‌റില്‍ പങ്കെടുത്തു. ഏറ്റവും കൂടുതലായി ആരാധന നിര്‍വഹിച്ചിരുന്ന പ്രധാനികളില്‍ ഒരാളായിരുന്നു അദ്ദേഹം. പകലുകളില്‍ നോമ്പെടുക്കുകയും രാത്രികളില്‍ നമസ്‌കരിക്കുകയും ചെയ്യുമായിരുന്നു. ധാരാളമായി സമ്പത്ത് ചെലവഴിച്ചിരുന്ന ധനികനും കൂടിയായിരുന്നു അദ്ദേഹം. ബക്വീഇലാണ് അദ്ദേഹത്തെ മറവ് ചെയ്തത്. മുഹാജിറുകളില്‍ നിന്ന് ആദ്യമായി ബക്വീഇല്‍ മറമാടപ്പെടുന്ന വ്യക്തിയും ഇദ്ദേഹമാണ്. ഹിജ്‌റ രണ്ടാം വര്‍ഷം മരണപ്പെട്ടവരില്‍ ബദ്‌റില്‍ പങ്കെടുത്ത ശുഹദാക്കളും ഉള്‍പ്പെടും. പതിനാല് പേരാണ് ശഹീദായത്. അതില്‍ മുഹാജിറുകളും അന്‍സ്വാറുകളും ഉണ്ടായിരുന്നു. ബദ്‌റില്‍ വിശ്വാസികള്‍ വിജയിച്ച സന്തോഷ വാര്‍ത്ത മദീനയില്‍ എത്തുന്ന സന്ദര്‍ഭത്തിലാണ് നബി ﷺ യുടെ മകള്‍ റുഖിയ്യ(റ) മരണപ്പെട്ടത്.

ക്വുറൈശികളിലെ പ്രമുഖരായ എഴുപതു പേര്‍ ഈ വര്‍ഷം കൊല്ലപ്പെട്ടു. ബദ്ര്‍ യുദ്ധത്തില്‍ വെച്ചായിരുന്നു അത്. അവരില്‍ ചിലരുടെ പേരുകള്‍ മുമ്പ് നാം സൂചിപ്പിച്ചിട്ടുണ്ട്.

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 37​

നബി ചരിത്രം - 37: ബന്ധനസ്ഥരോട് മാനുഷികമായ നിലപാട്

ബന്ധനസ്ഥരോട് മാനുഷികമായ നിലപാട്

നബി ﷺ  മദീനയില്‍ തിരിച്ചെത്തി. കൂടെ യുദ്ധാര്‍ജിത സ്വത്തും 70 ബന്ദികളും ഉണ്ട്. സ്വഫ്‌റാഅ് എന്ന സ്ഥലത്തെത്തിയപ്പോള്‍ നള്‌റുബ്‌നു ഹാരിസ് എന്ന മുശ്‌രികിനെ കൊല്ലുവാനുള്ള കല്‍പന നബി ﷺ  നല്‍കി. ബദ്ര്‍ യുദ്ധത്തില്‍ മുശ്‌രികുകളുടെ പതാക വഹിച്ചിരുന്ന വ്യക്തിയായിരുന്നു ഇയാള്‍. മാത്രവുമല്ല ക്വുറൈശികളിലെ വലിയ ധിക്കാരിയും പോക്കിരിയുമായിരുന്നു. ഇസ്‌ലാമിനെതിരെ ഏറ്റവും കൂടുതല്‍ കുതന്ത്രങ്ങള്‍ പ്രയോഗിച്ചതും നബി ﷺ യെ ഏറ്റവും കൂടുതലായി ദ്രോഹിച്ചതും ഈ വ്യക്തിയായിരുന്നു. അലി(റ)യോടാണ് ഇയാളെ കൊല്ലുവാനുള്ള കല്‍പന നബി ﷺ  നല്‍കിയത്. അര്‍ഖുള്ളബ്‌യ എന്ന സ്ഥലത്തെത്തിയപ്പോള്‍ ഉഖ്ബത്ബ്‌നു അബീമുഈത്വിനെ കൊന്നു കളയാനുള്ള കല്‍പന ആസിം ഇബ്‌നു സാബിതിന്(റ) നബി ﷺ  നല്‍കി. നബിയെ ഏറ്റവും കൂടുതലായി ദ്രോഹിച്ച മറ്റൊരു വ്യക്തിയായിരുന്നു ഇയാള്‍. ഇയാളാണ് കഅ്ബയുടെ പരിസരത്ത് നബി ﷺ  സുജൂദിലായിരിക്കെ ചീഞ്ഞ കുടല്‍മാല കഴുത്തില്‍ കൊണ്ടുപോയി ഇട്ടത്. നബി ﷺ  സുജൂദിലായിരിക്കെ ഉഖ്ബ തന്റെ കാല്‍ നബിയുടെ കഴുത്തില്‍ വെച്ചിട്ടുമുണ്ട്. (ബുഖാരി: 240. മുസ്‌ലിം: 1794).

മദീനയിലേക്കുള്ള വഴിയില്‍ വെച്ച് നബി ﷺ  കൊല്ലാന്‍ കല്‍പിച്ച ഈ രണ്ടു വ്യക്തികളും അല്ലാഹുവിന്റെ അടിമകളില്‍ ഏറ്റവും നീചന്മാരായിരുന്നു. വലിയ നിഷേധികളയിരുന്നു. അന്യായവും അതിക്രമവും അസൂയയും എല്ലാം സ്വന്തമാക്കിയവരായിരുന്നു. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഏറ്റവും കൂടുതലായി ദ്രോഹിച്ചവരായിരുന്നു.

”തീര്‍ച്ചയായും ജന്തുക്കളുടെ കൂട്ടത്തില്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും മോശമായവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ബധിരന്‍മാരുമാകുന്നു. അവരില്‍ വല്ല നന്മയുമുള്ളതായി അല്ലാഹു അറിഞ്ഞിന്നുവെങ്കില്‍ അവരെ അവന്‍ കേള്‍പ്പിക്കുകതന്നെ ചെയ്യുമായിരുന്നു. അവരെ അവന്‍ കേള്‍പിച്ചിരുന്നെങ്കില്‍ തന്നെ അവര്‍ അവഗണിച്ചുകൊണ്ട് തിരിഞ്ഞുകളയുമായിന്നു” (അല്‍അന്‍ഫാല്‍: 22,23).

ബദ്‌റിലെ ബന്ദികളെ നബി ﷺ  സ്വഹാബികള്‍ക്കിടയില്‍ വീതിച്ചു. എന്നിട്ട് അവരോട് മാന്യമായ നിലക്ക് പെരുമാറുവാന്‍ ഉപദേശിക്കുകയും ചെയ്തു. സ്വഹാബികള്‍ നബിയുടെ ഉപദേശത്തെ കൃത്യമായി നടപ്പിലാക്കി. അവരോട് ഏറ്റവും നല്ല നിലക്ക് പെരുമാറി. അവര്‍ക്ക് നല്ല ഭക്ഷണം നല്‍കി. ഈ മാന്യമായ പെരുമാറ്റം പല ബന്ദികളുടെയും ഇസ്‌ലാമാശ്‌ളേഷണത്തിന് കാരണമായി മാറി.

ബന്ദികളുടെ വിഷയത്തില്‍ എന്തുചെയ്യണമെന്ന് തീരുമാനമെടുക്കാന്‍ നബി ﷺ  സ്വഹാബികളോട് കൂടിയാലോചന നടത്തി. ആ സംഭവം വിശദീകരിച്ചു കൊണ്ട് ഇബ്‌നു അബ്ബാസ് പറയുന്നു: ”…നബി ﷺ  അബൂബക്കറിനോടും ഉമറിനോടും ചോദിച്ചു: ‘ഈ ബന്ദികളുടെ കാര്യത്തില്‍ നിങ്ങള്‍ എന്താണ് അഭിപ്രായപ്പെടുന്നത്.’ അപ്പോള്‍ അബൂബക്കര്‍(റ) പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, അവര്‍ പിതൃവ്യ പുത്രന്മാരും കുടുംബക്കാരും ആണല്ലോ. അവരില്‍ നിന്ന് നമുക്ക് പ്രായച്ഛിത്തം വാങ്ങാം. അപ്പോള്‍ നമുക്കത് നിഷേധികള്‍ക്കെതിരെ ഒരു ശക്തിയായി മാറും. മാത്രവുമല്ല അല്ലാഹു അവരെ ഹിദായത്തിലേക്ക് നയിക്കുകയും ചെയ്‌തേക്കാം.’ അപ്പോള്‍ നബി ﷺ  ഉമറിനോട് ചോദിച്ചു: ‘ഉമര്‍, നിന്റെ അഭിപ്രായം എന്താണ്.’ അദ്ദേഹം പറഞ്ഞു: ‘ഇല്ല റസൂലേ, അബൂബക്കര്‍ പറഞ്ഞ അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. അവരുടെയെല്ലാം കഴുത്തു വെട്ടണം എന്നതാണ് എന്റെ അഭിപ്രായം. ഇന്നയിന്ന ആളുകളെ അലിയെ ഏല്‍പിക്കുക അലി അവരുടെ കഴുത്ത് വെട്ടട്ടെ. ഇന്നയിന്ന ആളുകളെ എന്നെ ഏല്‍പിക്കുക. ഞാന്‍ അവരുടെ കഴുത്ത് വെട്ടാം. കാരണം സത്യനിഷേധത്തിന്റെ നേതാക്കന്മാരാണിവര്‍.’ എന്നാല്‍ നബി ﷺ  താല്‍പര്യം കാണിച്ചത് അബൂബക്കര്‍(റ) പറഞ്ഞ അഭിപ്രായത്തോടായിരുന്നു. ഉമര്‍(റ)പറയുകയാണ്: ‘പിറ്റേ ദിവസം ഞാന്‍ ചെന്നുനോക്കിയപ്പോള്‍ നബിയും അബൂബക്കറും ഇരുന്നു കരയുകയായിരുന്നു. ഞാന്‍ ചോദിച്ചു; അല്ലാഹുവിന്റെ പ്രവാചകരേ, എന്തിന്റെ പേരിലാണ് നിങ്ങളും കൂട്ടുകാരനും കരയുന്നത്? കരയേണ്ട കാര്യമാണെങ്കില്‍ എനിക്കും കരയാമല്ലോ. ഇനി കരച്ചില്‍ വന്നില്ലെങ്കിലും നിങ്ങള്‍ കരയുന്ന കാരണത്താല്‍ ഞാനും ഉണ്ടാക്കി കരയാം.’ ‘ബന്ദികളുടെ കാര്യത്തില്‍ അവരില്‍നിന്ന് പ്രായച്ഛിത്തം സ്വീകരിക്കണം എന്ന നിന്റെയും കൂട്ടുകാരുടെയും അഭിപ്രായത്തിന്റെ പേരിലാണ് ഞാന്‍ കരയുന്നത്.’ തൊട്ടടുത്തുള്ള ഒരു മരം ചൂണ്ടിക്കാണിച്ചുകൊണ്ട് നബി ﷺ  പറഞ്ഞു: ‘ഈ മരത്തെക്കാള്‍ സമീപത്തായിക്കൊണ്ട് അവര്‍ക്കുള്ള ശിക്ഷ എനിക്ക് കാണിക്കപ്പെട്ടു. അല്ലാഹു ഈ ആയത്തും അവതരിപ്പിച്ചിട്ടുണ്ട്.’

”ഒരു പ്രവാചകന്നും (ശത്രുക്കളെ കീഴടക്കി) നാട്ടില്‍ ശക്തി പ്രാപിക്കുന്നത് വരെ യുദ്ധത്തടവുകാരുണ്ടായിരിക്കാന്‍ പാടുള്ളതല്ല. നിങ്ങള്‍ ഇഹലോകത്തെ ക്ഷണികമായ നേട്ടം ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ പരലോകത്തെയും ഉദ്ദേശിക്കുന്നു. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള നിശ്ചയം മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ നിങ്ങള്‍ ആ വാങ്ങിയതിന്റെ പേരില്‍ നിങ്ങളെ വമ്പിച്ച ശിക്ഷ ബാധിക്കുക തന്നെ ചെയ്യുമായിരുന്നു. എന്നാല്‍ (യുദ്ധത്തിനിടയില്‍) നിങ്ങള്‍ നേടിയെടുത്തതില്‍ നിന്ന് അനുവദനീയവും ഉത്തമവുമായത് നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.” (അല്‍ അന്‍ഫാല്‍: 67-69).

അബൂബക്കറിന്റെയും ഉമറിന്റെയും അഭിപ്രായങ്ങളില്‍ നന്മയും മസ്വ്‌ലഹത്തും ഉണ്ടായിരുന്നു. എന്നാല്‍ അബൂബക്കര്‍(റ)വിന്റെ അഭിപ്രായമായിരുന്നു ഏറ്റവും ശരിയും നന്മയുള്ളതും. കാരണം ആ രൂപത്തിലായിരുന്നു കാര്യങ്ങള്‍ മുമ്പ് നിലവിലുണ്ടായിരുന്നത്. മാത്രവുമല്ല ബന്ധികളുടെ ഇസ്‌ലാം സ്വീകരണത്തിനും ഇത് കാരണമായി മാറും. അബൂബക്കര്‍(റ)വിന്റെ അഭിപ്രായത്തോട് നബി ﷺ  യോജിച്ചതും അബൂബക്കറിന്റെ അഭിപ്രായം ഏറ്റവും നല്ലതാകാന്‍ കാരണമായി മാറി. ബന്ദികളില്‍ നിന്ന് പ്രായച്ഛിത്തം സ്വീകരിക്കല്‍ ഇസ്‌ലാമിന്റെ ആദ്യകാലത്ത് അനുവദനീയമായിരുന്നു. അതിനുശേഷം ഇമാമിന് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കി. ഒന്നുകില്‍ ബന്ദികളെ കൊലപ്പെടുത്താം അല്ലെങ്കില്‍ അവരില്‍ നിന്ന് പ്രായച്ഛിത്തം സ്വീകരിക്കാം. അതിനു ശേഷം മൂന്നു വിഷയങ്ങളിലൊന്ന് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കി. അതായത്, ഒന്നുകില്‍ കൊലപ്പെടുത്തുക അതല്ലെങ്കില്‍ പ്രായശ്ചിത്തം സ്വീകരിക്കുക. അതുമല്ലെങ്കില്‍ ദയ കാണിച്ച് വിട്ടയക്കുക. എന്നാല്‍ കുട്ടികളെയും സ്ത്രീകളെയും അവര്‍ ഇങ്ങോട്ട് യുദ്ധം ചെയ്യാത്തിടത്തോളം കൊല ചെയ്യാന്‍ അനുവാദമില്ല.

”ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ദിക്കുക. എന്നിട്ട് അതിനു ശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത് വരെയത്രെ അത്. അതാണ് (യുദ്ധത്തിന്റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ നേരെ അവന്‍ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷേ, നിങ്ങളില്‍ ചിലരെ മറ്റു ചിലരെ കൊണ്ട് പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മങ്ങള്‍ പാഴാക്കുകയേ ഇല്ല” (മുഹമ്മദ്: 4).

ബന്ദികളില്‍ ഓരോരുത്തരുടെയും സാമ്പത്തികാവസ്ഥ പരിഗണിച്ചു കൊണ്ടാണ് നബി ﷺ ഓരോരുത്തര്‍ക്കും പ്രായച്ഛിത്തം പ്രഖ്യാപിച്ചത്. സാമ്പത്തിക ശേഷിയില്ലാത്ത ബന്ദികളോട് പ്രായച്ഛിത്തമായിക്കൊണ്ട് മുസ്‌ലിംകളില്‍ പെട്ട 10 കുട്ടികളെ വീതം എഴുത്തും വായനയും പഠിപ്പിക്കുവാന്‍ പറഞ്ഞു. എന്നാല്‍ ചില ബന്ദികള്‍ക്ക് സാമ്പത്തികശേഷിയുണ്ടായിരുന്നില്ല. വായിക്കുവാനോ എഴുതുവാനോ ഉള്ള അറിവുമുണ്ടായിരുന്നില്ല. അവരോട് നബി ﷺ  ദയ കാണിക്കുകയും പ്രായച്ഛിത്തം ഇല്ലാതെ തന്നെ അവരെ വിട്ടയക്കുകയും ചെയ്തു. ബന്ദികളില്‍ നിന്ന് ആദ്യമായി പ്രായച്ഛിത്തം നല്‍കിയത് ഹാരിസുബ്‌നു ളുമൈറ അസ്സഹ്മി എന്ന വ്യക്തിക്ക് വേണ്ടിയായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ മുത്ത്വലിബ് 4000 ദിര്‍ഹമാണ് പിതാവിന് വേണ്ടി പ്രായച്ഛിത്തമായി നല്‍കിയത്. ശേഷം ഇയാള്‍ മക്കയിലേക്ക് മടങ്ങി. സുഹൈലുബ്‌നു അംറ് എന്ന വ്യക്തി ബന്ദികളില്‍ ഉണ്ടായിരുന്നു. മുക്‌രിസ് ഇബ്‌നു ഹഫ്‌സ് എന്നയാളാണ് ഇയാള്‍ക്ക് വേണ്ടി പ്രായച്ഛിത്തം നല്‍കിയത്. ശേഷം സുഹൈല്‍ ഇസ്‌ലാം സ്വീകരിച്ചു. നബി ﷺ യുടെ പുത്രി സൈനബിന്റെ ഭര്‍ത്താവ് അബുല്‍ആസ്വ് ഇബ്‌നുറബീഉം ബന്ദികളില്‍ ഉണ്ടായിരുന്നു. തന്റെ മകള്‍ സൈനബിനെ മദീനയിലേക്ക് പറഞ്ഞുവിടാം എന്ന കരാറോടെയാണ് മരുമകനെ മക്കയിലേക്ക് തിരിച്ചുവിട്ടത്. എന്നാല്‍ സൈനബ്(റ) മക്കയില്‍ ആയിരിക്കെ തന്നെ അബുല്‍ ആസ്വ് ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി. അദ്ദേഹത്തെ മോചിപ്പിക്കുന്നതിനു വേണ്ടി സൈനബ്(റ)കൊടുത്തയച്ചത് അവരുടെ കല്യാണ ദിവസം ഖദീജ(റ) കൊടുത്തിരുന്ന ഒരു മാലയിരുന്നു. ആ മാല കണ്ടപ്പോള്‍ നബിയുടെ ഹൃദയം വല്ലാതെ വേദനിച്ചു. നബി ﷺ  തന്റെ സ്വഹാബികളോട് പറഞ്ഞു: ‘പ്രായച്ഛിത്തം വാങ്ങാതെ ആ മാല സൈനബിന് തിരിച്ചു കൊടുത്തയക്കുന്നതിനോട് നിങ്ങള്‍ യോജിക്കുന്നു എങ്കില്‍ അങ്ങനെ ചെയ്യാവുന്നതാണ്.’ സഹാബികള്‍ ഈ അഭിപ്രായത്തോട് യോജിച്ചു (അഹ്മദ്: 26362).

ബന്ദികള്‍ക്കിടയില്‍ ഉണ്ടായിരുന്ന മറ്റൊരു പ്രധാന വ്യക്തിയായിരുന്നു അബ്ബാസ് ഇബ്‌നു അബ്ദുല്‍ മുത്ത്വലിബ്. കഅ്ബ് ഇബ്‌നു അംറാണ് അദ്ദേഹത്തെ ബന്ദിയാക്കിയത്. അബ്ബാസ് ബദ്ര്‍ യുദ്ധത്തിന് വരാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ക്വുറൈശികളുടെ നിര്‍ബന്ധം കൊണ്ടാണ് അദ്ദേഹം പുറപ്പെട്ടത്. 100 ഊക്വിയ സ്വയം പ്രായച്ഛിത്തം നല്‍കിക്കൊണ്ടാണ് അബ്ബാസ് മക്കയിലേക്ക് പോയത്. അതിനു പുറമെ സഹോദര പുത്രന്‍ ഉഖൈല്‍ ഇബ്‌നു അബീത്വാലിബ് 80 ഊക്വിയയും നല്‍കി. ഇതിനു ശേഷം അല്ലാഹു ഈ വചനം അവതരിപ്പിച്ചു:

”നബിയേ, നിങ്ങളുടെ കൈവശമുള്ള യുദ്ധത്തടവുകാരോട് നീ പറയുക: നിങ്ങളുടെ ഹൃദയങ്ങളില്‍ വല്ല നന്‍മയുമുള്ളതായി അല്ലാഹു അറിയുന്ന പക്ഷം നിങ്ങളുടെ പക്കല്‍ നിന്ന് മേടിക്കപ്പെട്ടതിനെക്കാള്‍ ഉത്തമമായത് അവന്‍ നിങ്ങള്‍ക്ക് തരികയും നിങ്ങള്‍ക്ക് അവന്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു”(അല്‍അന്‍ഫാല്‍: 70).

ജുബൈര്‍ ഇബ്‌നു മുത്ഇം തന്റെ ആളുകളെ മോചിപ്പിക്കുന്നതിനു വേണ്ടി മദീനയിലേക്ക് വന്നു. അയാള്‍ മദീനയിലെത്തിയപ്പോള്‍ നബി ﷺ  സൂറതുത്ത്വൂര്‍ ഓതിക്കൊണ്ട് മഗ്‌രിബ് നമസ്‌കരിക്കുകയായിരുന്നു. അത് കേട്ടതോടെ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ഇസ്‌ലാം പതിഞ്ഞു. ജുബൈര്‍(റ) പറയുന്നു: ‘മഗ്‌രിബ് നമസ്‌കാരത്തില്‍ നബി ﷺ  സൂറതുത്ത്വൂര്‍ ഓതുന്നത് ഞാന്‍ കേട്ടു. എന്റെ ഹൃദയത്തില്‍ ആദ്യമായി ഈമാന്‍ പതിഞ്ഞത് അങ്ങനെയായിരുന്നു’ (ബുഖാരി: 4023, മുസ്‌ലിം: 463).

മക്കയില്‍ ജീവിക്കുന്ന കാലത്ത് നബി ﷺ  ത്വാഇഫില്‍ നിന്നും തിരിച്ചു വന്ന സന്ദര്‍ഭത്തില്‍ അഭയം നല്‍കിയത് ഈ ജുബൈറിന്റെ പിതാവായ മുത്ഇമുബ്‌നു അദിയ്യായിരുന്നു. ഉമൈര്‍ ഇബ്‌നു വഹബ് അല്‍ജുഹമി ബന്ദിയായ തന്റെ മകനെ നബിയില്‍ നിന്നും ഒളിപ്പിച്ചു കൊണ്ടുപോകുവാന്‍ വേണ്ടി മദീനയിലേക്ക് വന്നു. എന്നാല്‍ ഇദ്ദേഹം മദീനയിലെത്തിയപ്പോള്‍ എന്ത് ആവശ്യത്തിനാണ് വന്നത് എന്ന് നബി ﷺ  തന്നെ അങ്ങോട്ടു പറഞ്ഞുകൊടുത്തു. ഇത് കേട്ടപാടെ അദ്ദേഹം മുസ്‌ലിമാവുകയും അവിടെയുള്ള മുസ്‌ലിംകളെല്ലാം അതിയായി സന്തോഷിക്കുകയും ചെയ്തു. നബി ﷺ  മുസ്‌ലിംകളോടായി ഇപ്രകാരം പറഞ്ഞു: ‘നിങ്ങളുടെ സഹോദരന്‍ ഉമൈറിന് ദീന്‍ പഠിപ്പിച്ചു കൊടുക്കുക. ക്വുര്‍ആനും പഠിപ്പിച്ചു കൊടുക്കുക. അദ്ദേഹത്തിന്റെ ബന്ദിയെ മോചിപ്പിച്ചു വിടുകയും ചെയ്യുക.’ നല്ല ഒരു പ്രബോധകനായിക്കൊണ്ടാണ് ഉമൈര്‍(റ) മക്കയിലേക്ക് മടങ്ങിയത്. അദ്ദേഹത്തിലൂടെ ഒരുപാട് ആളുകള്‍ ഇസ്‌ലാം സ്വീകരിച്ചു.

ലോകത്ത് ഏറ്റവും ഉന്നതമായ സ്ഥാനം നേടിയവരാണ് ബദ്‌റില്‍ പങ്കെടുത്തവര്‍. അവര്‍ എത്തിയതിനെക്കാള്‍ മഹത്തായ സ്ഥാനത്തേക്ക് ഇനി ആരും എത്താനില്ല. അവര്‍ സ്വര്‍ഗാവകാശികളാണ്.

”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ച് പോയവരായി നീ ഗണിക്കരുത്. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ഉപജീവനം നല്‍കപ്പെട്ടിരിക്കുന്നു. അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്കു നല്‍കിയതുകൊണ്ട് അവര്‍ സന്തുഷ്ടരായിരിക്കും. തങ്ങളോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത, തങ്ങളുടെ പിന്നില്‍ (ഇഹലോകത്ത്) കഴിയുന്ന വിശ്വാസികളെപ്പറ്റി, അവര്‍ക്ക് യാതൊന്നും ഭയപ്പെടുവാനോ ദുഃഖിക്കാനോ ഇല്ലെന്നോര്‍ത്ത് അവര്‍ (ആ രക്തസാക്ഷികള്‍) സന്തോഷമടയുന്നു” (ആലുഇംറാന്‍: 169,170).

മക്കാവിജയ സന്ദര്‍ഭത്തില്‍ നബി ﷺ യും അനുയായികളും മക്കയിലേക്ക് പുറപ്പെട്ടിരിക്കുന്നു എന്ന വിവരം മക്കക്കാരെ അറിയിച്ചതിന്റെ പേരില്‍ ഹാതിബ് ഇബ്‌നു അബീബല്‍തഅ എന്ന സ്വഹാബിയെ പിടികൂടിയപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ തല എടുക്കട്ടെ റസൂലേ എന്ന് ചോദിച്ച ഉമറിനോട് അദ്ദേഹം ബദ്‌റില്‍ പങ്കെടുത്ത ആളാണല്ലോ എന്നായിരുന്നു നബി ﷺ  മറുപടി പറഞ്ഞത്. നബി ﷺ  മദീനയിലേക്കുള്ള യാത്രയില്‍ റൗഹാഅ് എന്ന പ്രദേശത്ത് എത്തിയപ്പോള്‍ യുദ്ധത്തിലുണ്ടായ വിജയത്തില്‍ ആശംസ നേര്‍ന്നുകൊണ്ട് മുസ്‌ലിംകളുടെ നേതാക്കന്മാര്‍ അവിടെ കടന്നുവന്നു. ഉസൈദ്ബ്‌നു ഖുളൈര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, താങ്കള്‍ യുദ്ധത്തിനു പോവുകയാണ് എന്ന് ഞങ്ങള്‍ ഒരിക്കലും ധരിച്ചിരുന്നില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഞങ്ങള്‍ ഒരിക്കലും ബദ്‌റില്‍ നിന്ന് പിന്മാറില്ലായിരുന്നു. താങ്കള്‍ കച്ചവട സംഘത്തെ ലക്ഷ്യം വെച്ചുകൊണ്ട് മാത്രമാണ് പോകുന്നത് എന്നാണ് ഞങ്ങള്‍ മനസ്സിലാക്കിയത്.’ അപ്പോള്‍ നബി ﷺ  പറഞ്ഞു: ‘താങ്കള്‍ പറഞ്ഞത് ശരിയാണ്.’

അങ്ങനെ വിജയം നേടിയവരായും ശക്തി ലഭിച്ചവരായും നബിയും സ്വഹാബികളും മദീനയില്‍ പ്രവേശിച്ചു. മദീനക്ക് അകത്തും പുറത്തുമുള്ള ശത്രുക്കള്‍ക്ക് പോലും ഇവരെ പേടിയായിത്തുടങ്ങി. ബദ്‌റിലെ ഈ വിജയത്തിന്റെ ഭാഗമായി ഒട്ടനവധി ആളുകള്‍ ഇസ്‌ലാം സ്വീകരിച്ചു. കൂട്ടത്തില്‍ കാപട്യത്തിന്റെ ഭാഗമായി അബ്ദുല്ലാഹിബ്‌നു ഉബയ്യ്ബ്‌നു സലൂലും അനുയായികളും ഇസ്‌ലാമിലേക്കു വന്നു. ബദ്ര്‍ യുദ്ധത്തിന് ശേഷം വിശ്വാസികളുടെ പ്രതാപം മദീനയിലും അറേബ്യന്‍ ഭൂഖണ്ഡത്തിലും അല്ലാഹു പ്രകടമാക്കി. കപടന്മാരുടെയും മുശ്‌രിക്കുകളുടെയും ജൂതന്മാരുടെയും ഇടയില്‍ മുസ്‌ലിംകള്‍ക്ക് വിലയും നിലയും ഉണ്ടായി. ജൂതന്മാര്‍ നിന്ദ്യന്മാരായി. മുസ്‌ലിംകള്‍ക്കെതിരെ അവര്‍ ശത്രുത പ്രകടിപ്പിച്ചുവെങ്കിലും അവരുടെ കുതന്ത്രങ്ങളെ അല്ലാഹു തകര്‍ത്തുകളയുകയും തന്റെ പ്രവാചകന് സഹായം നല്‍കുകയും ചെയ്തു.

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 36​

നബി ചരിത്രം – 36: വിജയത്തോടെ മടക്കം

വിജയത്തോടെ മടക്കം

ബദ്ര്‍ യുദ്ധം അവസാനിച്ചപ്പോള്‍ 24 ക്വുറൈശീ പ്രമാണികളെ അവര്‍ മരിച്ചുകിടക്കുന്ന സ്ഥാനത്തു നിന്ന് നീക്കം ചെയ്യുവാനും ബദ്‌റിലുള്ള ഒരു ഒഴിഞ്ഞ കിണറ്റിലേക്ക് കൊണ്ടുപോയി തള്ളാനും നബി ﷺ കല്‍പിച്ചു. ഉമയ്യതുബ്‌നു ഖലഫ് ഒഴികെ ബാക്കിയുള്ള എല്ലാവരെയും നബി ﷺ യുടെ കല്‍പന പ്രകാരം സ്വഹാബികള്‍ കിണറ്റില്‍ കൊണ്ട് പോയി തള്ളി. ഉമയ്യയുടെ ശരീരം പടയങ്കിക്കകത്ത് കിടന്നുകൊണ്ട് തന്നെ ചീര്‍ത്ത് കഴിഞ്ഞിരുന്നു. ഉമയ്യയുടെ ശരീരം നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അവയവങ്ങള്‍ വേറിട്ട് പോരുകയായിരുന്നു. അത് അവിടെത്തന്നെ കല്ലും മണ്ണും ഇട്ടു മൂടി. ക്വുറൈശീ പ്രമാണികളെ കിണറ്റിലേക്ക് ഇട്ടതിനു ശേഷം അതിന്റെ സമീപത്ത് പോയി നിന്നു കൊണ്ട് നബി ﷺ  ഓരോരുത്തരുടെയും പേര് വിളിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: ‘അല്ലാഹുവിനെയും അവന്റെ റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍ എത്ര നന്നായിരുന്നു. ഞങ്ങളുടെ റബ്ബ് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്തതെല്ലാം ലഭിച്ചു. നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്തത് ലഭിച്ചുവോ?’ ഇത് കണ്ടപ്പോള്‍ ഉമര്‍(റ) ചോദിച്ചു: ‘അല്ലാഹുവിന്റെ പ്രവാചകരേ, ആത്മാവില്ലാത്ത ശരീരങ്ങളോടാണോ നിങ്ങള്‍ സംസാരിക്കുന്നത്?’ അപ്പോള്‍ നബി ﷺ  പറഞ്ഞു: ‘മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം, ഞാന്‍ പറയുന്ന കാര്യം അവര്‍ കേള്‍ക്കുന്നതിനെക്കാള്‍ കൂടുതല്‍ നിങ്ങള്‍ കേള്‍ക്കുന്നവര്‍ അല്ല.’ ക്വതാദ(റ) പറയുന്നു: ‘ദുഃഖവും സങ്കടവും ശിക്ഷയും ആക്ഷേപവും എല്ലാം അവരെ അറിയിക്കുന്നതിനു വേണ്ടി നബിയുടെ സംസാരം കേള്‍ക്കാന്‍ അല്ലാഹു അവര്‍ക്ക് ജീവന്‍ നല്‍കിയതാണ്’ (ബുഖാരി: 3976. മുസ്‌ലിം: 2875).

ഇപ്രകാരം അല്ലാഹു അസത്യത്തെ തകര്‍ത്തുകളഞ്ഞു. അതിന്റെ നായകന്മാരെയും നശിപ്പിച്ചു. എന്നെന്നേക്കുമായി അവരെ നിന്ദിക്കുകയും ചെയ്തു.

”അല്ലാഹുവിന്റെ അനുഗ്രഹത്തിന് (നന്ദികാണിക്കേണ്ടതിനു) പകരം നന്ദികേട് കാണിക്കുകയും തങ്ങളുടെ ജനതയെ നാശത്തിന്റെ ഭവനത്തില്‍ ഇറക്കിക്കളയുകയും ചെയ്ത ഒരു വിഭാഗത്തെ നീ കണ്ടില്ലേ? അഥവാ നരകത്തില്‍. അതില്‍ അവര്‍ എരിയുന്നതാണ്. അത് എത്ര മോശമായ താമസസ്ഥലം! അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തെറ്റിച്ചുകളയാന്‍ വേണ്ടി അവര്‍ അവന്ന് ചില സമന്‍മാരെ ഉണ്ടാക്കി വെച്ചിരിക്കുന്നു. പറയുക: നിങ്ങള്‍ സുഖിച്ച് കൊള്ളൂ. നിങ്ങളുടെ മടക്കം നരകത്തിലേക്ക് തന്നെയാണ്” (ക്വുര്‍ആന്‍ 14: 28-30).

മുസ്‌ലിംകളുടെ വിജയത്തോടു കൂടി യുദ്ധം അവസാനിക്കുകയും യുദ്ധാര്‍ജിത സ്വത്തും (ഗനീമത്ത്) ബന്ധികളും എടുക്കപ്പെടുകയും ചെയ്തപ്പോള്‍ നബിയോട് ഇപ്രകാരം പറയപ്പെട്ടു: ‘താങ്കള്‍ കച്ചവട സംഘത്തിന്റെ കാര്യം ശ്രദ്ധിക്കുക. അവിടെ ആരും തന്നെ ഇല്ല.’ അപ്പോള്‍ ബന്ധികളുടെ കൂട്ടത്തില്‍ നിന്നും അബ്ബാസ് ഉറക്കെ ഇപ്രകാരം വിളിച്ചു പറഞ്ഞു: ‘അത് മുഹമ്മദിന് ഒരിക്കലും യോജിച്ചതല്ല.’ നബി ﷺ  ചോദിച്ചു: ‘എന്തുകൊണ്ട്?’ അപ്പോള്‍ അബ്ബാസ് പറഞ്ഞു: ‘അത് നിനക്ക് ഒരിക്കലും യോജിച്ചതല്ല.’ നബി ﷺ  വീണ്ടും ചോദിച്ചു: ‘എന്തുകൊണ്ട്?’ അപ്പോള്‍ അബ്ബാസ് പറഞ്ഞു: ‘രണ്ടു സംഘങ്ങളില്‍ ഒന്നിനെയാണ് അല്ലാഹു നിനക്ക് വാഗ്ദാനം ചെയ്തിട്ടുള്ളത്. നിനക്ക് വാഗ്ദാനം ചെയ്തത് നല്‍കിക്കഴിഞ്ഞിട്ടുണ്ട്'(അഹ്മദ് 2022).

ക്വുറൈശികളുടെ നായകനായ അബൂജഹല്‍ ബദ്ര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. പ്രായം കൊണ്ടും അനുഭവ ജ്ഞാനം കൊണ്ടും വളരെ ചെറിയവരായ മുആദുബ്‌നു അഫ്‌റാഅ്, മുആദുബ്‌നു അംറുബ്‌നു ജമൂഹ് എന്നീ രണ്ടു കുട്ടികളാണ് അബൂജഹലിനെ കൊലപ്പെടുത്തിയത്. അബ്ദുറഹ്മാന്‍ ഇബ്‌നു ഔഫ് പറയുന്നു: ”ബദ്‌റിന്റെ ദിവസം ഞാന്‍ അണിയില്‍ നില്‍ക്കുകയായിരുന്നു. ഞാന്‍ എന്റെ ഇടതും വലതും നോക്കി. അപ്പോള്‍ അന്‍സ്വാറുകളില്‍ പെട്ട രണ്ടു കുട്ടികളുടെ ഇടയിലായിരുന്നു ഞാന്‍. രണ്ടുപേരും വളരെ പ്രായം കുറഞ്ഞവരായിരുന്നു. അവരെക്കാള്‍ താഴെയായിരുന്നു ഞാന്‍ എങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി. അവരില്‍ ഒരാള്‍ എന്നെ നോക്കിക്കൊണ്ട് ചോദിച്ചു: ‘അല്ലയോ പിതൃവ്യാ, നിങ്ങള്‍ അബൂജഹലിനെ അറിയുമോ?’ ഞാന്‍ പറഞ്ഞു: ‘അതെ, അറിയാം. നിനക്ക് എന്തിനാണ് അബൂജഹലിനെ?’ അപ്പോള്‍ ആ കുട്ടി പറഞ്ഞു: ‘അബൂജഹല്‍ അല്ലാഹുവിന്റെ പ്രവാചകനെ അസഭ്യം പറയുന്നു എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം, അവനെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഞങ്ങളില്‍ ഒരാള്‍ മരിക്കുന്നതുവരെ ഞാനവനെ വിടുകയില്ല.’ അബ്ദുറഹ്മാന്‍ ഇബ്‌നു ഔഫ്(റ) പറയുന്നു:’ആ കുട്ടിയുടെ വാക്കു കേട്ട് എനിക്ക് അത്ഭുതം തോന്നി. അടുത്തു നിന്നിരുന്ന അടുത്ത കുട്ടിയും ഇതു തന്നെ ചോദിച്ചു. ഈ സന്ദര്‍ഭത്തില്‍ അബൂജഹല്‍ ആളുകള്‍ക്കിടയിലൂടെ നടക്കുന്നത് ഞാന്‍ കണ്ടു. ആ കുട്ടികള്‍ക്ക് അബൂജഹലിനെ കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു; അതാണ് നിങ്ങള്‍ ചോദിക്കുന്ന വ്യക്തി. രണ്ടുപേരും അതിവേഗതയില്‍ അബൂജഹലിനെ സമീപിക്കുകയും തങ്ങളുടെ വാളുകള്‍ കൊണ്ട് കൊണ്ട് വെട്ടി കൊലപ്പെടുത്തുകയും ചെയ്ത ശേഷം നബിയുടെ അടുക്കല്‍ ചെന്നു. നബി ﷺ യെ അവര്‍ വിവരം അറിയിക്കുകയും ചെയ്തു. നബി ﷺ  ചോദിച്ചു: ‘നിങ്ങളില്‍ ആരാണ് അബൂജഹലിനെ കൊന്നത്?’ രണ്ടു പേരും ഒരേ ശബ്ദത്തില്‍ പറഞ്ഞു: ‘ഞാനാണ് കൊന്നത്.’ നബി ﷺ  ചോദിച്ചു: ‘അബൂജഹലിനെ കൊന്നതിനു ശേഷം നിങ്ങളുടെ വാള്‍ നിങ്ങള്‍ തുടച്ചിട്ടുണ്ടോ?’ അവര്‍ രണ്ടുപേരും പറഞ്ഞു: ‘ഇല്ല.’ രണ്ടു പേരുടെയും വാളിലേക്ക് നോക്കിക്കൊണ്ട് നബി ﷺ  പറഞ്ഞു: ‘നിങ്ങള്‍ രണ്ടുപേരുമാണ് അബൂജഹലിനെ കൊന്നത്…”(ബുഖാരി: 3141, മുസ്‌ലിം: 1752).

യുദ്ധം കഴിഞ്ഞ ശേഷം അബൂജഹലിന്റെ അവസ്ഥയറിയാന്‍ നബി ﷺ  ആളെ അയച്ചു. കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) അബൂജഹലിനെ കണ്ടു. അയാളുടെ തല മുറിച്ചെടുത്ത് പ്രവാചകന്റെ മുമ്പിലേക്ക് ചെന്നു.

മുസ്‌ലിംകള്‍ക്ക് വിജയം പൂര്‍ണമായപ്പോള്‍ മദീനയിലേക്ക് നബി ﷺ  എത്തുന്നതിനു മുമ്പു തന്നെ സന്തോഷ വാര്‍ത്ത അറിയിക്കുവാന്‍ ആളെ അയച്ചു. അബ്ദുല്ലാഹിബ്‌നു റവാഹ(റ), സൈദ് ഇബ്‌നു ഹാരിസ(റ) എന്നിവരെയാണ് നബി ﷺ  അയച്ചത്. നബിയുടെ ഒട്ടകപ്പുറത്താണ് അവര്‍ പോയത്. അല്ലാഹു അക്ബര്‍ എന്നും ലാഇലാഹഇല്ലല്ലാഹ് എന്നും ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് അവര്‍ മദീനയില്‍ ചുറ്റി നടന്നു. വമ്പിച്ച വിജയത്തെക്കുറിച്ചുള്ള സന്തോഷവാര്‍ത്ത അവര്‍ മദീനക്കാരെ അറിയിക്കുകയും ചെയ്തു.

യുദ്ധം കഴിഞ്ഞതിനു ശേഷവും നബി ﷺ  ബദ്‌റില്‍ തന്നെ മൂന്ന് ദിവസം ശേഷം മദീനയിലേക്ക് മടങ്ങി. നബിയോടൊപ്പം മുശ്‌രിക്കുകളില്‍ നിന്ന് പിടിക്കപ്പെട്ട എഴുപത് ബന്ധികളും ഗനീമത്ത് സ്വത്തും ഉണ്ടായിരുന്നു. സര്‍വ സ്തുതിയും അല്ലാഹുവിന്. അവനെക്കൊണ്ടാണ് എല്ലാ നന്മകളും പൂര്‍ത്തീകരിക്കപ്പെടുന്നത്.

”നിങ്ങള്‍ ഭൂമിയില്‍ ബലഹീനരായി ഗണിക്കപ്പെട്ടിരുന്ന കുറച്ച് പേര്‍ മാത്രമായിരുന്ന സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുക. ജനങ്ങള്‍ നിങ്ങളെ റാഞ്ചിയെടുത്ത് കളയുമെന്ന് നിങ്ങള്‍ ഭയപ്പെട്ടിരുന്നു. എന്നിട്ട് അവന്‍നിങ്ങള്‍ക്ക് ആശ്രയം നല്‍കുകയും അവന്റെ സഹായം കൊണ്ട് നിങ്ങള്‍ക്ക് പിന്‍ബലം നല്‍കുകയുംവിശിഷ്ട വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി” (ക്വുര്‍ആന്‍ 8:26).

മുസ്‌ലിംകള്‍ ബദ്‌റില്‍ നിന്നും മടങ്ങുന്നതിനു മുമ്പ് ഗനീമത്ത് സ്വത്തിന്റെ പേരില്‍ ചെറിയ ഭിന്നത ഉണ്ടായി. കാരണം, ഗനീമത്ത് സ്വത്ത് എന്തുചെയ്യണമെന്ന നിയമം അന്ന് ഇറങ്ങിയിരുന്നില്ല. അങ്ങനെയാണ് സൂറതുല്‍ അന്‍ഫാലിലെ വചനം അല്ലാഹു അവതരിപ്പിക്കുന്നത്.

”(നബിയേ,) നിന്നോടവര്‍ യുദ്ധത്തില്‍ നേടിയ സ്വത്തുക്കളെപ്പറ്റി ചോദിക്കുന്നു. പറയുക: യുദ്ധത്തില്‍ നേടിയ സ്വത്തുക്കള്‍ അല്ലാഹുവിനും അവന്റെ റസൂലിനുമുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെയും റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 8:1).

ഭിന്നതക്കുള്ള കാരണം ഇതായിരുന്നു; യുദ്ധം നടന്നുകൊണ്ടിരിക്കെ ഒരു വിഭാഗം ആളുകള്‍ ശത്രുക്കളെ പരാജയപ്പെടുത്തിക്കൊണ്ടും അവരെ കൊലപ്പെടുത്തിക്കൊണ്ടും മുന്നോട്ടു നീങ്ങി. മറ്റൊരു വിഭാഗം ആളുകള്‍ പ്രവാചകനെ സംരക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. അല്‍പം ചില ആളുകള്‍ ഗനീമത്ത് സ്വത്ത് സമാഹരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എല്ലാവരും രാത്രിയില്‍ ഒത്തു കൂടിയപ്പോള്‍ ഗനീമത്ത് സ്വത്ത് സമാഹരിച്ച ആളുകള്‍ പറഞ്ഞു: ‘ഞങ്ങളാണ് ഇത് ഒരുമിച്ചു കൂട്ടിയത്. അതുകൊണ്ട് ഇതില്‍ മറ്റാര്‍ക്കും പങ്കില്ല.’ ശത്രുക്കളെ പരാജയപ്പെടുത്തിക്കൊണ്ട് മുന്നോട്ട് നീങ്ങിയ ആളുകള്‍ പറഞ്ഞു: ‘ഞങ്ങളാണ് നിങ്ങളെക്കാള്‍ അതിനര്‍ഹര്‍. കാരണം, ഞങ്ങളാണ് ശത്രുക്കളെ പരാജയപ്പെടുത്തിയത്.’ പ്രവാചകന്റെ സംരക്ഷണത്തിനായി നിന്ന ആളുകള്‍ പറഞ്ഞു: ‘ഞങ്ങളാണ് അതിന് അര്‍ഹരായിട്ടുള്ളത്. പ്രവാചകനെ ശത്രുക്കള്‍ ചതിച്ചു കൊല്ലുമോ എന്ന ഭയം ഞങ്ങള്‍ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ പ്രവാചകന്റെ കൂടെ നിന്നത്.’ ഈ അവസരത്തിലാണ് സൂറതുല്‍ അന്‍ഫാലിലെ ഒന്നാമത്തെ വചനം അവതരിച്ചത്. (അഹ്മദ്: 22762).

അങ്ങനെ അല്ലാഹു കല്‍പിച്ചതു പോലെ ബദ്‌റില്‍ പങ്കെടുത്ത ആളുകള്‍ക്കിടയിലായി ഗനീമത്ത് സ്വത്ത് വീതിക്കപ്പെട്ടു:

”നിങ്ങള്‍ (യുദ്ധത്തില്‍) നേടിയെടുത്ത ഏതൊരു വസ്തുവില്‍ നിന്നും അതിന്റെ അഞ്ചിലൊന്ന് അല്ലാഹുവിനും റസൂലിനും (റസൂലിന്റെ) അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും പാവപ്പെട്ടവര്‍ക്കും വഴിപോക്കന്‍മാര്‍ക്കും ഉള്ളതാണെന്ന് നിങ്ങള്‍ മനസ്സിലാക്കുവിന്‍. അല്ലാഹുവിലും സത്യാസത്യവിവേചനത്തിന്റെ ദിവസത്തില്‍ അഥവാ ആ രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസത്തില്‍ നമ്മുടെ ദാസന്റെ മേല്‍ നാം അവതരിപ്പിച്ചതിലും നിങ്ങള്‍ വിശ്വസിച്ചുകഴിഞ്ഞിട്ടുണ്ടെങ്കില്‍. അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു” (ക്വുര്‍ആന്‍ 8:41).

ചില പ്രത്യേകമായ കാരണങ്ങളാലും നബി ﷺ  ഏല്‍പിച്ച ഉത്തരവാദിത്തങ്ങളാലും ബദ്‌റില്‍ പങ്കെടുത്തിട്ടില്ലാത്ത ഒമ്പത് സ്വഹാബികള്‍ക്കും നബി ﷺ  വിഹിതം നിശ്ചയിച്ചു. സ്വഫ്‌റാഅ് എന്ന സ്ഥലത്ത് വെച്ചു കൊണ്ടായിരുന്നു ഗനീമത്ത് സ്വത്തിന്റെ വീതം വെക്കല്‍ ഉണ്ടായത്. മദീനയിലേക്ക് മടങ്ങുന്ന വഴിയിലുള്ള സ്ഥലമായിരുന്നു അത്. അഞ്ചില്‍ ഒന്ന് മാറ്റിവെച്ച് ബാക്കിയെല്ലാം മുസ്‌ലിംകള്‍ക്കിടയില്‍ വീതിച്ചു. ദുല്‍ഫുഖാര്‍ എന്ന വാളാണ് അന്ന് നബി ﷺ ക്ക് വിഹിതമായി ലഭിച്ചത്. ശേഷം അത് അലി(റ)ക്ക് നല്‍കുകയുണ്ടായി. അബൂജഹലിന്റെ ഒട്ടകവും നബിക്കാണ് ലഭിച്ചത്. ഹുദൈബിയ സന്ധിയുടെ സന്ദര്‍ഭത്തില്‍ ഈ ഒട്ടകത്തെ നബി ﷺ  ബലിയറുക്കുകയും ചെയ്തു. മുഹമ്മദ് നബിയുടെ സമുദായത്തിന് പ്രത്യേകമായി അല്ലാഹു നല്‍കിയ ഒന്നായിരുന്നു ഗനീമത്ത് സ്വത്ത്. ബദ്ര്‍ യുദ്ധം തന്നെയായിരുന്നു അതിന്റെ തുടക്കവും.

”എന്നാല്‍ (യുദ്ധത്തിനിടയില്‍) നിങ്ങള്‍ നേടിയെടുത്തതില്‍ നിന്ന് അനുവദനീയവും ഉത്തമവുമായത് നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (ക്വുര്‍ആന്‍ 8:69).

ഗനീമത്തായി ലഭിച്ച സ്വത്ത് ഒരുമിച്ചുകൂട്ടി വെക്കുകയും ആകാശത്തുനിന്നും തീ വന്നു അതിനെ തിന്നുകയും ചെയ്യുന്ന രീതിയായിരുന്നു മുന്‍ സമുദായങ്ങളില്‍ ഉണ്ടായിരുന്നത്. ഈ ഉമ്മത്തിന്റെ ദുര്‍ബലതയും അശക്തതയുമാണ് ഗനീമത്ത് സ്വത്ത് അവര്‍ക്ക് അനുവദിച്ചു കൊടുക്കാനുള്ള കാരണം. (ബുഖാരി: 3124, മുസ്‌ലിം: 1747).

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 35

നബി ചരിത്രം – 35: മലക്കുകളുടെ സഹായം

മലക്കുകളുടെ സഹായം

ബദ്ര്‍ യുദ്ധത്തില്‍ നബി ﷺ  മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. അതിശക്തമായ നിലയ്ക്ക് യുദ്ധവും ചെയ്തിരുന്നു. അപ്രകാരം തന്നെയായിരുന്നു അബൂബക്‌റും. തനിക്കു വേണ്ടി ഉണ്ടാക്കപ്പെട്ട ചെറിയ കുടിലില്‍(ടെന്റ്) മാത്രമായോ പ്രാര്‍ഥനയില്‍ മാത്രമായോ നബി ﷺ  സമയം മുഴുവനും ചെലവഴിച്ചിട്ടില്ല. മറിച്ച് നബി ﷺ യും അബൂബക്ര്‍(റ)വും ടെന്റില്‍ ഇരുന്നുകൊണ്ട് പ്രാര്‍ഥിക്കുകയും ശേഷം മുസ്‌ലിംകള്‍ക്കിടയിലേക്ക് ഇറങ്ങി വന്നു കൊണ്ട് അവരോടൊപ്പം യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തു. ബദ്ര്‍ യുദ്ധ ദിവസം നബി ﷺ  തങ്ങളെക്കാള്‍ ശത്രുക്കളിലേക്ക് കൂടുതല്‍ അടുത്ത് ചെന്നിരുന്നതായും ശക്തമായ നിലയ്ക്ക് യുദ്ധം ചെയ്തതായും അലി(റ)വില്‍ നിന്നും നിവേദനം ചെയ്യുന്ന ഹദീഥില്‍ കാണുവാന്‍ സാധിക്കും (അഹ്മദ്: 653).

ഈമാനികമായ ശക്തിയോടുകൂടി യുദ്ധക്കളത്തില്‍ മുസ്‌ലിംകള്‍ ഉറച്ചുനിന്നു. മുശ്‌രിക്കുകളോട് ശക്തമായ നിലയില്‍ അവര്‍ പോരാടുകയും ചെയ്തു. അല്ലാഹു മലക്കുകളെ ഇറക്കിക്കൊണ്ട് മുസ്‌ലിംകളെ സഹായിക്കുകയും തന്റെ സഹായം കൊണ്ട് അവരെ ശക്തിപ്പെടുത്തുകയും ചെയ്തു ചെയ്തു.

”നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്‌റില്‍ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം. (നബിയേ,) നിങ്ങളുടെ രക്ഷിതാവ് മുവ്വായിരം മലക്കുകളെ ഇറക്കിക്കൊണ്ട് നിങ്ങളെ സഹായിക്കുക എന്നത് നിങ്ങള്‍ക്ക് മതിയാവുകയില്ലേ എന്ന് നീ സത്യവിശ്വാസികളോട് പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക).(പിന്നീട് അല്ലാഹു വാഗ്ദാനം ചെയ്തു:) അതെ, നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും നിങ്ങളുടെ അടുക്കല്‍ ശത്രുക്കള്‍ ഈ നിമിഷത്തില്‍ തന്നെ വന്നെത്തുകയുമാണെങ്കില്‍ നിങ്ങളുടെ രക്ഷിതാവ് പ്രത്യേക അടയാളമുള്ള അയ്യായിരം മലക്കുകള്‍ മുഖേന നിങ്ങളെ സഹായിക്കുന്നതാണ്. നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്തയായിക്കൊണ്ടും നിങ്ങളുടെ മനസ്സുകള്‍ സമാധാനപ്പെടുവാന്‍ വേണ്ടിയും മാത്രമാണ് അല്ലാഹു പിന്‍ബലം നല്‍കിയത്. (സാക്ഷാല്‍) സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നുമാത്രമാകുന്നു” (ആലുഇംറാന്‍ 123-126).

(അല്‍അന്‍ഫാല്‍ 9,10,12 വചനങ്ങളിലും ഇക്കാര്യം പരാമര്‍ശിക്കുന്നത് കാണാം).

ഇബ്‌നു അബ്ബാസില്‍(റ) നിന്നും നിവേദനം; ബദ്ര്‍ ദിവസം നബ ﷺ  പറഞ്ഞു: ”ഇതാ ജിബ്‌രീല്‍ തന്റെ കുതിരയുടെ തലയും (കടിഞ്ഞാണ്‍) പിടിച്ചു വരുന്നു. അദ്ദേഹത്തില്‍ യുദ്ധത്തിന്റെ ഉപകരണങ്ങളുണ്ട്”(ബുഖാരി: 3995).

മലക്കുകള്‍ ഇറങ്ങി വരുന്നതും സത്യവിശ്വാസികളെ സഹായിക്കുന്നതുമായ രംഗം സുറാഖത്ത് ഇബ്‌നു മാലികിന്റെ രൂപത്തില്‍ വന്ന ഇബ്‌ലീസ് കണ്ടപ്പോള്‍ അവന്‍ തിരിഞ്ഞോടുകയുണ്ടായി:

”ഇന്ന് ജനങ്ങളില്‍ നിങ്ങളെ തോല്‍പിക്കാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ സംരക്ഷകനായിരിക്കും എന്ന് പറഞ്ഞ് കൊണ്ട് പിശാച് അവര്‍ക്ക് അവരുടെ ചെയ്തികള്‍ ഭംഗിയായി തോന്നിച്ച സന്ദര്‍ഭവും (ഓര്‍ക്കുക). അങ്ങനെ ആ രണ്ടു സംഘങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ എനിക്കു നിങ്ങളുമായി ഒരു ബന്ധവുമില്ല, തീര്‍ച്ചയായും നിങ്ങള്‍ കാണാത്ത പലതും ഞാന്‍ കാണുന്നുണ്ട്, തീര്‍ച്ചയായും ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനത്രെ എന്ന് പറഞ്ഞുകൊണ്ട് അവന്‍ (പിശാച്) പിന്‍മാറിക്കളഞ്ഞു” (അല്‍അന്‍ഫാല്‍: 48).

നബി ﷺ  തന്റെ ടെന്റില്‍ ഇരുന്ന് അല്ലാഹുവോട് ആത്മാര്‍ഥമായി സഹായത്തിനും വിജയത്തിനും വേണ്ടി പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അബൂബക്‌റിനെ വിളിച്ചുകൊണ്ട് പറഞ്ഞു: ‘അല്ലയോ അബൂബക്ര്‍, സന്തോഷിച്ചുകൊള്ളുക. അല്ലാഹുവിന്റെ സഹായം ഇതാ നിനക്ക് വന്നിരിക്കുന്നു. കുതിരയുടെ കടിഞ്ഞാണ്‍ പിടിച്ചുകൊണ്ട് ജിബ്‌രീലിതാ ഇറങ്ങി വരുന്നു.’ അല്ലാഹുവിന്റെ സഹായം വന്നു. അല്ലാഹു തന്റെ സൈന്യമായ മലക്കുകളെ അവന്‍ ഇറക്കി. തന്റെ പ്രവാചകനെയും വിശ്വാസികളെയും ആ മലക്കുകളിലൂടെ അല്ലാഹു ശക്തിപ്പെടുത്തുകയും ചെയ്തു. നബി ﷺ  തന്റെ ടെന്റില്‍ നിന്നും പടയങ്കി ധരിച്ചു കൊണ്ട് ഇറങ്ങിവന്നു. നബി ﷺ  ഇപ്രകാരം പറയുന്നുണ്ടായിരുന്നു:

”എന്നാല്‍ വഴിയെ ആ സംഘം തോല്‍പിക്കപ്പെടുന്നതാണ്. അവര്‍ പിന്തിരിഞ്ഞ് ഓടുകയും ചെയ്യും. തന്നെയുമല്ല, ആ അന്ത്യസമയമാകുന്നു അവര്‍ക്കുള്ള നിശ്ചിത സന്ദര്‍ഭം. ആ അന്ത്യസമയം ഏറ്റവും ആപല്‍ക്കരവും അത്യന്തം കയ്‌പേറിയതുമാകുന്നു” (അല്‍ക്വമര്‍: 45,46).

സ്വഹാബികളെ യുദ്ധത്തിന് പ്രേരിപ്പിക്കുകയും അവര്‍ക്ക് ആവേശം പകരുകയും മലക്കുകളുടെ വരവിനെക്കുറിച്ചുള്ള സന്തോഷവാര്‍ത്ത അറിയിക്കുകയും സ്വര്‍ഗത്തെക്കുറിച്ചുള്ള സന്തോഷ വാര്‍ത്ത നല്‍കുകയും ചെയ്തു. ആദ്യം ആയിരം മലക്കുകളെയും ശേഷം 3000 മലക്കുകളെയും അതിനു ശേഷം 5000 മലക്കുകളെയുമാണ് അല്ലാഹു ഇറക്കിയത്. കുഫ്‌റിന്റെ ആളുകളെ നശിപ്പിക്കുവാന്‍ ഒരു മലക്ക് മാത്രം മതിയായതാണ്. പക്ഷേ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇറങ്ങിത്തിരിച്ച, ഹൃദയം കൊണ്ടും ശരീരം കൊണ്ടും ശത്രുക്കളെ നേരിടാന്‍ വിശ്വാസികള്‍ കാണിച്ച ഈമാനിക ശക്തിയുടെ കാര്യത്തിലുള്ള അല്ലാഹുവിന്റെ സന്തോഷവുമായിരുന്നു ഇത്. ഇക്കാര്യം അല്ലാഹു ക്വുര്‍ആനിലൂടെ പഠിപ്പിച്ചിട്ടുമുണ്ട്:

നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്തയായിക്കൊണ്ടും നിങ്ങളുടെ മനസ്സുകള്‍ സമാധാനപ്പെടുവാന്‍ വേണ്ടിയും മാത്രമാണ് അല്ലാഹു പിന്‍ബലം നല്‍കിയത്. (സാക്ഷാല്‍) സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നുമാത്രമാകുന്നു” (ആലു ഇംറാന്‍: 126)

യുദ്ധക്കളത്തില്‍ വെച്ച് നബി ﷺ  ഒരുപിടി ചരല്‍ വാരി എടുത്തു. ‘മുഖങ്ങള്‍ നശിക്കട്ടെ’ എന്നു പറഞ്ഞുകൊണ്ട് ശത്രുക്കള്‍ക്കു നേരെ അതുകൊണ്ട് എറിഞ്ഞു. ഒരാള്‍ പോലും ബാക്കിയാകാതെ എല്ലാവരുടെ കണ്ണുകളിലും ആ മണല്‍ പതിച്ചു. അല്ലാഹു പറയുന്നു:

”(നബിയേ,) നീ എറിഞ്ഞ സമയത്ത് നീ എറിഞ്ഞിട്ടുമില്ല. പക്ഷേ, അല്ലാഹുവാണ് എറിഞ്ഞത്. തന്റെ ഭാഗത്തു നിന്നുള്ള ഗുണകരമായ ഒരു പരീക്ഷണത്തിലൂടെ അല്ലാഹു സത്യവിശ്വാസികളെ പരീക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു അത്. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്” (അല്‍അന്‍ഫാല്‍: 17).

നബി ﷺ യും സ്വഹാബികളും അതിശക്തമായ പോരാട്ടം നടത്തി മുന്നോട്ടു നീങ്ങി:

”അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരാരോ അവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍” (അല്‍ഹുജുറാത്ത്: 15).

ഉര്‍വത്ത് ബിന്‍ സുബൈര്‍(റ) പറയുന്നു: ‘സുബൈറിന്റെ ശരീരത്തില്‍ വാളു കൊണ്ടുള്ള മൂന്നു വെട്ടുകള്‍  ഉണ്ടായിരുന്നു. അതിലൊന്ന് പിരടിയിലായിരുന്നു. എന്റെ വിരല്‍ പോലും അതിലേക്ക് ഞാന്‍ പ്രവേശിപ്പിക്കുമായിരുന്നു. രണ്ടു വെട്ടുകള്‍ ബദ്‌റില്‍ വച്ചും ഒരു വെട്ട് യര്‍മൂക്കില്‍ വെച്ചും ഉണ്ടായതാണ്.’

ഇബ്‌നു മസ്ഊദ്(റ) പറയുന്നു: ‘ബദ്ര്‍ യുദ്ധ ദിവസം കുതിരപ്പുറത്തും നടന്നുകൊണ്ടും യുദ്ധം ചെയ്യുന്നതായി സഅദ്ബ്‌നു അബീവക്വാസിനെ ഞാന്‍ കണ്ടു'(അഹ്മദ്:1319).

മലക്കുകള്‍ നേരിട്ട് യുദ്ധം ചെയ്തത് ബദ്‌റില്‍ മാത്രമാണ്. മറ്റു ചില യുദ്ധങ്ങളില്‍ മലക്കുകള്‍ ഇറങ്ങി വന്നിട്ടുണ്ടെങ്കിലും എണ്ണം കൊണ്ടുള്ള ഒരു സഹായം മാത്രമായിരുന്നു അത്. മുസ്‌ലിംകളെ ശക്തിപ്പെടുത്തുവാനും സംരക്ഷിക്കുവാനും അതോടൊപ്പം സത്യനിഷേധികളെ ഭയപ്പെടുത്തുവാന്‍ വേണ്ടിയുമായിരുന്നു. എന്നാല്‍ ബദ്‌റില്‍ മലക്കുകള്‍ നേരിട്ട് യുദ്ധം ചെയ്യുക തന്നെ ചെയ്തു.

”സത്യനിഷേധികളുടെ മുഖങ്ങളിലും പിന്‍വശങ്ങളിലും അടിച്ചു കൊണ്ട് മലക്കുകള്‍ അവരെ മരിപ്പിക്കുന്ന സന്ദര്‍ഭം നീ കണ്ടിരുന്നുവെങ്കില്‍! (അവര്‍ (മലക്കുകള്‍) അവരോട് പറയും:) ജ്വലിക്കുന്ന അഗ്‌നിയുടെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക. നിങ്ങളുടെ കൈകള്‍ മുന്‍കൂട്ടിചെയ്തുവെച്ചത് നിമിത്തമത്രെ അത്. അല്ലാഹു അടിമകളോട് ഒട്ടും അനീതി കാണിക്കുന്നവനല്ല എന്നതിനാലും” (അല്‍അന്‍ഫാല്‍: 50,51)

റഫാഅ(റ) പറയുന്നു: ”ജിബ്‌രീല്‍ ഒരിക്കല്‍ നബി ﷺ യുടെ അടുക്കലേക്ക് വന്നു കൊണ്ട് ചോദിച്ചു: ‘മുസ്‌ലിംകളില്‍ ഏറ്റവും ശ്രേഷ്ഠര്‍ ആരാണ്?’ (അല്ലെങ്കില്‍ തത്തുല്യമായ ഒരു വാക്ക് ഉപയോഗിച്ച് ചോദിച്ചു). നബി ﷺ  പറഞ്ഞു: ‘ബദ്‌റില്‍ പങ്കെടുത്തവര്‍.’ ജിബ്‌രീല്‍ പറഞ്ഞു: ‘അപ്രകാരം തന്നെ മലക്കുകളുടെ കൂട്ടത്തിലും ഏറ്റവും ശ്രേഷ്ഠതയുള്ളവര്‍ ബദ്‌റില്‍ പങ്കെടുത്ത മലക്കുകളാണ്.’

ശത്രുസൈന്യം ഛിന്നഭിന്നമായി. കഴുത്തുകള്‍ മുറിഞ്ഞുവീണു. മുസ്‌ലിംകള്‍ ശത്രുപക്ഷത്തെ കൊലപ്പെടുത്തിക്കൊണ്ടും ബന്ദികളാക്കിക്കൊണ്ടും മുന്നോട്ടുനീങ്ങിക്കൊണ്ടിരുന്നു. സാമ്പത്തികമായും ശാരീരികമായും തീരാനഷ്ടമാണ് ബദ്‌റില്‍ ക്വുറൈശികള്‍ക്ക് സംഭവിച്ചത്. വലിയ ഒരു അളവില്‍ സമ്പത്ത് യുദ്ധാര്‍ജിത സ്വത്തായി മുസ്‌ലിംകള്‍ക്ക് ലഭിച്ചു. മുശ്‌രിക്കുകളില്‍ നിന്ന് 70 പേര്‍ കൊല്ലപ്പെടുകയും 70 പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തു എന്നാണ് ബുഖാരിയുടെ ഹദീഥില്‍ (3986) കാണുവാന്‍ സാധിക്കുന്നത്.  

ബദ്‌റില്‍ വെച്ച് അല്ലാഹു ഇസ്‌ലാമിന്റെ ശത്രുക്കളെ പിടികൂടുകയായിരുന്നു. അവര്‍ ചെയ്ത മുന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതികാര നടപടിയായിരുന്നു സത്യത്തില്‍ ബദര്‍.

”ഏറ്റവും വലിയ പിടുത്തം നാം പിടിക്കുന്ന ദിവസം തീര്‍ച്ചയായും നാം ശിക്ഷാനടപടി സ്വീകരിക്കുന്നതാണ്” (അദ്ദുഖാന്‍:16).

ക്വുറൈശികളില്‍ നിന്നും കൊല്ലപ്പെട്ട പ്രധാനികളുടെ പേരുകള്‍ കാണുക: ‘ഉത്ബത് ഇബ്‌നു റബീഅ, ശൈബത് ഇബ്‌നു റബീഅ, വലീദ്ബ്‌നു ഉത്ബ, അബൂജഹല്‍ ഇബ്‌നു ഹിശാം, ഉമയ്യത് ഇബ്‌നു ഖലഫ്, അബുല്‍ ബുഖ്തരി ഇബ്‌നു ഹിശാം, ഉബൈദ ഇബ്‌നു സഈദ് ഇബ്‌നുല്‍ ആസ്വ്, അസ്‌വദ് ഇബ്‌നു അബ്ദുല്‍ അസദ്.’

ക്വുറൈശികളില്‍ നിന്നും അധികം ആളുകളെ കൊല്ലുന്നതില്‍ നിന്നും നബി ﷺ  വിലക്കുകയുണ്ടായി. നബി ﷺ  ഇപ്രകാരം പറഞ്ഞു: ‘ബനൂ ഹാശിമില്‍ നിന്നും ഒരുപാട് ആളുകള്‍ നിര്‍ബന്ധത്താല്‍ ബദ്‌റിലേക്ക് വന്നിട്ടുണ്ട്. അവര്‍ക്ക് നമ്മളോട് യുദ്ധം ചെയ്യേണ്ട യാതൊരു ആവശ്യവുമില്ല. അതുകൊണ്ട് യുദ്ധക്കളത്തില്‍ അത്തരക്കാരെ കണ്ടുമുട്ടിയാല്‍ നിങ്ങള്‍ അവരെ കൊല്ലരുത്’. അബ്ബാസ് ഇബ്‌നു അബ്ദുല്‍ മുത്ത്വലിബ് അക്കൂട്ടത്തില്‍ പെട്ട ആളായിരുന്നു(ഹാകിം).

ക്വുറൈശികള്‍ യുദ്ധക്കളത്തില്‍ നിന്നും പിന്തിരിഞ്ഞോടി. താഴ്‌വരകളിലും മലയിടുക്കുകളിലും ആയി അവര്‍ ചിന്നിച്ചിതറി. ഭയപ്പാടോടുകൂടി മക്ക ലക്ഷ്യം വെച്ച് അവര്‍ ഓടി. അപമാനഭാരത്താല്‍ മക്കയിലേക്ക് എങ്ങനെ പ്രവേശിക്കും എന്ന് പോലും അവര്‍ക്ക് അറിയുമായിരുന്നില്ല.

”അവര്‍ അല്ലാഹുവോടും അവന്റെ ദൂതനോടും എതിര്‍ത്തു നിന്നതിന്റെ ഫലമത്രെ അത്. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും എതിര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്. അതാ അതു നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്ക് തന്നെയാണ് നരകശിക്ഷ എന്ന് (മനസ്സിലാക്കുകയും ചെയ്യുക)” (അല്‍ അന്‍ഫാല്‍: 13,14).

ഏതാണ്ട് ഉച്ചയോടെത്തന്നെ ബദ്‌റിന്റ മൈതാനം ക്വുറൈശീ കുഫ്ഫാറുകളില്‍ നിന്നും മുക്തമായി. കൊല്ലപ്പെടുകയോ ബന്ദികളാക്കപ്പെടുകയോ ചെയ്യാത്ത മുശ്‌രിക്കുകള്‍ നിന്ദ്യതയോടെ, അപമാനത്തോടെ മക്കയിലേക്ക് തിരിച്ചുപോയി.

”നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്‌റില്‍ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം” (ആലുഇംറാന്‍: 123).

14 പേരാണ് ബദ്ര്‍ യുദ്ധത്തില്‍ മുസ്‌ലിംകളില്‍ നിന്നും രക്തസാക്ഷികളായത്. ആറ് മുഹാജിറുകളും എട്ട് അന്‍സ്വാറുകളും ആയിരുന്നു അവര്‍. ബദ്‌റിന്റെ മൈതാനത്തില്‍ അവര്‍ മരിച്ചു വീണ സ്ഥലങ്ങളില്‍ തന്നെ അവരെ മറമാടുകയും ചെയ്തു.

”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ച് പോയവരായി നീ ഗണിക്കരുത്. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ഉപജീവനം നല്‍കപ്പെട്ടിരിക്കുന്നു. അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്കു നല്‍കിയതുകൊണ്ട് അവര്‍ സന്തുഷ്ടരായിരിക്കും. തങ്ങളോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത, തങ്ങളുടെ പിന്നില്‍ (ഇഹലോകത്ത്) കഴിയുന്ന വിശ്വാസികളെപ്പറ്റി, അവര്‍ക്ക് യാതൊന്നും ഭയപ്പെടുവാനോ ദുഃഖിക്കാനോ ഇല്ലെന്നോര്‍ത്ത് അവര്‍ (ആ രക്തസാക്ഷികള്‍) സന്തോഷമടയുന്നു” (ആലുഇംറാന്‍: 169,170).

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക