നബി ചരിത്രം - 38: ബദ്‌റിനു ശേഷമുണ്ടായ ചില സുപ്രധാന സംഭവങ്ങള്‍

ബദ്‌റിനു ശേഷമുണ്ടായ ചില സുപ്രധാന സംഭവങ്ങള്‍
(1) ഈദുല്‍ ഫിത്വ്ര്‍:
ഹിജ്‌റ രണ്ടാം വര്‍ഷം ശവ്വാല്‍ മാസത്തിലാണ് മുസ്‌ലിംകള്‍ക്ക് ആദ്യമായി ഈദുല്‍ ഫിത്വ്ര്‍ ഉണ്ടാകുന്നത്. നബി ﷺ തന്റെ അനുചരന്മാരെയും കൊണ്ട് ആദ്യമായി ഈദുല്‍ ഫിത്വ്ര്‍ നമസ്‌കാരം നിര്‍വഹിച്ചു. അനസ്(റ) പറയുന്നു: ”മദീനയില്‍ ജാഹിലിയ്യാ കാലത്ത് രണ്ട് ആഘോഷ ദിവസങ്ങള്‍ ഉണ്ടായിരുന്നു. നബി ﷺ പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക് ഇതിനു പകരമായി ഇതിനെക്കാള്‍ നല്ല രണ്ടെണ്ണം നല്‍കിയിരിക്കുന്നു. ചെറിയ പെരുന്നാളും (ഈദുല്‍ ഫിത്വ്ര്‍) ബലിപെരുന്നാളും (യൗമുന്നഹ്ര്‍) ആകുന്നു അത്.”
(2) ബനൂഗത്ഫാന്‍ യുദ്ധം:
ബദ്‌റില്‍ നിന്നും മടങ്ങിവന്ന ശേഷം നബി ﷺ മദീനയില്‍ ഏഴു ദിവസം താമസിച്ച ശേഷം ബനൂസലിം ഗോത്രക്കാരെ ലക്ഷ്യം വെച്ചുകൊണ്ട് പുറപ്പെട്ടു. ശവ്വാല്‍ മാസത്തില്‍ തന്നെയായിരുന്നു ഈ യാത്ര. കദിര്‍ എന്ന് പേരുള്ള സ്ഥലത്തെത്തി; വെള്ളമുള്ള ഭാഗത്ത് മൂന്ന് ദിവസം താമസിച്ചു. ശേഷം മദീനയിലേക്ക് മടങ്ങി. യുദ്ധം ഒന്നുമുണ്ടായില്ല. ബനൂസലീം, ബനൂഗത്ഫാന്‍ എന്നീ ഗോത്രക്കാര്‍ മുസ്‌ലിംകള്‍ക്കെതിരെ യുദ്ധം ചെയ്യാനുള്ള തീരുമാനവുമായി അവിടെ ഒരുമിച്ചു കൂടിയിട്ടുണ്ട് എന്ന അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നബി ﷺ അങ്ങോട്ട് പുറപ്പെട്ടത്.
(3) സകാത്ത് നിര്‍ബന്ധമാകുന്നു:
മുന്‍ സമൂഹങ്ങളിലും നിലവിലുണ്ടായിരുന്ന ഇസ്‌ലാമിലെ സുപ്രധാനമായ ഒരു ആരാധനയാണ് സകാത്ത്. കഴിഞ്ഞുപോയ നബിമാരെ സംബന്ധിച്ച് ക്വുര്‍ആനില്‍ സൂചിപ്പിക്കുന്ന സന്ദര്‍ഭങ്ങളില്‍ സകാത്തിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
”അവരെ നാം നമ്മുടെ കല്‍പനപ്രകാരം മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കുകയും ചെയ്തു. നല്ല കാര്യങ്ങള്‍ ചെയ്യണമെന്നും നമസ്‌കാരം മുറപോലെ നിര്‍വഹിക്കണമെന്നും, സകാത് നല്‍കണമെന്നും നാം അവര്‍ക്ക് ബോധനം നല്‍കുകയും ചെയ്തു. നമ്മെയായിരുന്നു അവര്‍ ആരാധിച്ചിരുന്നത്” (അല്‍അമ്പിയാഅ്: 73).
രണ്ടു ഘട്ടങ്ങളിലായിക്കൊണ്ടാണ് സകാത്തിന്റെ നിയമം അവതരിക്കുന്നത്. അതിലൊന്ന് മക്കാ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന നിയമമാണ്. അതായത് ഇന്ന സമ്പത്തിന് ഇത്ര സകാത്ത് കൊടുക്കണമെന്ന നിയമങ്ങളോ മറ്റോ ഇല്ലാതെ പൊതുവായിക്കൊണ്ട് കൊടുക്കുക എന്ന അര്‍ഥത്തില്‍, ജനങ്ങള്‍ക്ക് നന്മ ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടിയുള്ളത്. കുര്‍ആനിലെ ഈ വചനത്തിലെ സകാത് എന്ന പദപ്രയോഗം ഈ അര്‍ഥത്തിലുള്ളതാണ്.
”…അതിനാല്‍ അതില്‍ (ക്വുര്‍ആനില്‍) നിന്ന് സൗകര്യപ്പെട്ടത് നിങ്ങള്‍ പാരായണം ചെയ്തു കൊള്ളുകയും നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിന്ന് ഉത്തമമായ കടം നല്‍കുകയും ചെയ്യുക. സ്വദേഹങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ എന്തൊരു നന്മ മുന്‍കൂട്ടി ചെയ്ത് വെക്കുകയാണെങ്കിലും അല്ലാഹുവിങ്കല്‍ അത് ഗുണകരവും ഏറ്റവും മഹത്തായ പ്രതിഫലമുള്ളതുമായി നിങ്ങള്‍ കണ്ടെത്തുന്നതാണ്. നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (മുസ്സമ്മില്‍: 20).
രണ്ടാമത്തെ ഘട്ടമാണ് മദീനയില്‍ ഇറങ്ങിയ നിയമങ്ങള്‍. ഹിജ്‌റ രണ്ടാം വര്‍ഷം ശവ്വാല്‍ മാസത്തില്‍ ആയിരുന്നു അത്. അതോടു കൂടി ഇസ്‌ലാമിന്റെ റുക്‌നുകളില്‍ ഒന്നായി സക്കാത് മാറി.
”എന്നാല്‍ അവര്‍ പശ്ചാത്തപിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത് നല്‍കുകയും ചെയ്യുന്ന പക്ഷം അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളാകുന്നു. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി നാം ദൃഷ്ടാന്തങ്ങള്‍ വിശദീകരിക്കുന്നു” (അത്തൗബ: 11).
ഏതെല്ലാം വസ്തുക്കളിലാണ് സകാത് കൊടുക്കേണ്ടത് എന്നും എത്ര അളവ് ഉണ്ടെങ്കില്‍ ആണ് കൊടുക്കേണ്ടത് എന്നും എത്രയാണ് കൊടുക്കേണ്ടത് എന്നുമൊക്കെയുള്ള നിയമങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ആര്‍ക്കെല്ലാമാണ് സകാത് നല്‍കേണ്ടത് എന്ന നിയമവും വിശദീകരിച്ചുകൊടുത്തു.
”ദാനധര്‍മങ്ങള്‍ (നല്‍കേണ്ടത്) ദരിദ്രന്‍മാര്‍ക്കും അഗതികള്‍ക്കും അതിന്റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്‌ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും അടിമകളുടെ (മോചനത്തിന്റെ) കാര്യത്തിലും കടം കൊണ്ട് വിഷമിക്കുന്നവര്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തിലും വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്” (അത്തൗബ: 60).
”അവരെ ശുദ്ധീകരിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്ന് നീ വാങ്ങുകയും അവര്‍ക്കുവേണ്ടി (അനുഗ്രഹത്തിന്നായി) പ്രാര്‍ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ പ്രാര്‍ഥന അവര്‍ക്ക് ശാന്തി നല്‍കുന്നതത്രെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു” (അത്തൗബ: 103).
(4) അലിയും(റ) ഫാത്വിമയും(റ) തമ്മിലുള്ള വിവാഹം:
അലിയ്യുബ്‌നു അബീത്വാലിബും നബി ﷺ യുടെ മകള്‍ ഫാത്വിമയും തമ്മിലുള്ള വിവാഹം ഒന്നാം വര്‍ഷത്തില്‍ നടന്നിട്ടുണ്ട്. എന്നാല്‍ രണ്ടു പേരും ഒന്നിക്കുന്നത് ഹിജ്‌റ രണ്ടാം വര്‍ഷം ശവ്വാല്‍ മാസത്തില്‍ ബദ്ര്‍ യുദ്ധത്തിന് ശേഷമായിരുന്നു. വിവാഹത്തിന്റെ വലീമക്കുള്ള പണം അലി(റ) ഉണ്ടാക്കിയത് ഇദ്ഖിര്‍ എന്ന് പേരുള്ള പുല്ലു വിറ്റ് കൊണ്ടായിരുന്നു എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. (ബുഖാരി: 3091. മുസ്‌ലിം 1979).
ഹസന്‍, ഹുസൈന്‍, മുഹ്‌സിന്‍ എന്നീ മൂന്ന് ആണ്‍കുട്ടികളും ഉമ്മുകുല്‍സും, സൈനബ് എന്നീ രണ്ട് പെണ്‍കുട്ടികളുമാണ് ഫാത്വിമ(റ)യിലൂടെ അലി(റ)ക്ക് ജനിച്ചത്.
(5) ബനൂ കൈ്വനുക്വാഅ് യുദ്ധം:
ശവ്വാല്‍ മാസം പകുതിയില്‍ ശനിയാഴ്ചയാണ് യുദ്ധം ഉണ്ടായത്. ജൂതന്മാരില്‍ ഏറ്റവും ധീരരും ഇരുമ്പ് പണിയെടുക്കുന്ന ആളുകളും ആയിരുന്നു അവര്‍ (ആലപ്പണി). മുമ്പ് നമ്മള്‍ മനസ്സിലാക്കിയതു പോലെ മദീനയില്‍ നബിയോട് കരാര്‍ ചെയ്ത ആളുകളുമായിരുന്നു. ഖസ്‌റജ് ഗോത്രക്കാരോട് സഖ്യം ചേര്‍ന്നവരായിരുന്നു. ബദ്ര്‍ യുദ്ധം ഉണ്ടാവുകയും അതില്‍ മുസ്‌ലിംകളുടെ പ്രതാപം പ്രകടമാകുകയും ചെയ്തപ്പോള്‍ മുസ്‌ലിംകളോട് ശത്രുതയും ധിക്കാരവും അസൂയയും പ്രകടിപ്പിച്ചവരാണ് ബനൂ കൈ്വനുക്വാഅ്. നബി ﷺ യോട് നടത്തിയിരുന്ന കരാറിനെ അവര്‍ ലംഘിക്കുകയും ചെയ്തു. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ”ബദ്‌റില്‍ വെച്ച് നബി ﷺ ക്വുറൈശികളെ പരാജയപ്പെടുത്തിയ ശേഷം മദീനയിലേക്ക് തിരിച്ചുവന്നു. ശേഷം ബനൂകൈ്വനുക്വാഇന്റെ ചന്തയില്‍ ജൂതന്മാര്‍ക്കിടയിലേക്ക് ചെന്ന് കൊണ്ട് അവരോട് പറഞ്ഞു: ‘അല്ലയോ ജൂത സമൂഹമേ, ക്വുറൈശികള്‍ക്ക് ബാധിച്ചത് പോലുള്ളത് നിങ്ങള്‍ക്കും ബാധിക്കുന്നതിനു മുമ്പ് നിങ്ങള്‍ മുസ്‌ലിംകളായിക്കൊള്ളുക.’ അപ്പോള്‍ അവര്‍ പറഞ്ഞു: ‘അല്ലയോ മുഹമ്മദ്, യുദ്ധം അറിയാത്ത ക്വുറൈശികളിലെ ചില ദുര്‍ബലരെ നീ കൊലപ്പെടുത്തി എന്നുള്ളത് നിന്നെ ചതിയിലകപ്പെടുത്താതിരിക്കട്ടെ. നീയെങ്ങാനും ഞങ്ങളോട് യുദ്ധം ചെയ്താല്‍ ഞങ്ങള്‍ ആണ്‍കുട്ടികളാണെന്ന് നീ മനസ്സിലാക്കും. ഞങ്ങളെപ്പോലുള്ളവരുമായി നീ ഏറ്റുമുട്ടിയിട്ടില്ല.’ അപ്പോള്‍ അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു: ”(നബിയേ,) നീ സത്യനിഷേധികളോട് പറയുക: നിങ്ങള്‍ കീഴടക്കപ്പെടുന്നതും നരകത്തിലേക്ക് കൂട്ടത്തോടെ നയിക്കപ്പെടുന്നതുമാണ്. അതെത്ര ചീത്തയായ വിശ്രമസ്ഥലം! (ബദ്‌റില്‍) ഏറ്റുമുട്ടിയ ആ രണ്ട് വിഭാഗങ്ങളില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ട്. ഒരു വിഭാഗം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. മറുവിഭാഗമാകട്ടെ സത്യനിഷേധികളും. (അവിശ്വാസികള്‍ക്ക്) തങ്ങളുടെ ദൃഷ്ടിയില്‍ അവര്‍ (വിശ്വാസികള്‍) തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ് തോന്നിയിരുന്നത്. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്റെ സഹായം കൊണ്ട്പിന്‍ബലം നല്‍കുന്നു. തീര്‍ച്ചയായും കണ്ണുള്ളവര്‍ക്ക് അതില്‍ ഒരു ഗുണപാഠമുണ്ട്” (ആലുഇംറാന്‍: 12,13) (അബൂദാവൂദ്: 3001).
ജൂതന്മാര്‍ അവരുടെ കരാര്‍ ലംഘനം തുടരുകയാണ് എന്ന് മനസ്സിലാക്കിയപ്പോള്‍ മദീനയില്‍ അബൂലുബാബ(റ)യെ ഏല്‍പിച്ചു കൊണ്ട് നബി ﷺ ജൂതന്മാരിലേക്ക് പുറപ്പെട്ടു. ഹംസ(റ)യുടെ കയ്യില്‍ കൊടിയും നല്‍കി. മുസ്‌ലിം സൈന്യത്തെ കണ്ടപ്പോള്‍ ജൂതന്മാര്‍ അവരുടെ കോട്ടകളില്‍ അഭയം തേടി. നബി ﷺ തന്റെ സ്വഹാബിമാരെക്കൊണ്ട് ആ കോട്ട വലയം ചെയ്യുകയും 15 ദിവസത്തോളം ഇതു തുടരുകയും ചെയ്തു. ദുല്‍ക്വഅ്ദ മാസത്തിന്റെ തുടക്കമായപ്പോള്‍ അല്ലാഹു ജൂതന്‍മാരുടെ ഹൃദയങ്ങളില്‍ ഭയം ഇട്ടുകൊടുക്കുകയും അവര്‍ പ്രവാചകന്റെ തീരുമാനത്തിന് വഴിപ്പെട്ടുകൊണ്ട് ഇറങ്ങിവരികയും ചെയ്തു. അവരെ ബന്ധിക്കുവാനുള്ള കല്‍പന നബി ﷺ കൊടുക്കുകയും ചെയ്തു. ഇത് അറിഞ്ഞ പാടെ കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബ്‌നു ഉബയ്യ്ബ്‌നു സലൂല്‍ രംഗത്തുവന്നു. ജൂതന്മാര്‍ക്ക് മാപ്പ് കൊടുക്കണമെന്നും അവര്‍ ഞങ്ങളുടെ കക്ഷികളാണ് എന്നും നബിയോട് അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞു. പക്ഷേ, അവരുടെ അപേക്ഷയെ നബി ﷺ നിരസിക്കുകയാണ് ചെയ്തത്. ജൂതന്മാരോടും അവരുടെ സ്ത്രീകളോടും കുട്ടികളോടും മദീനയില്‍ നിന്ന് പുറത്തുപോകുവാനുള്ള കല്‍പനയാണ് നബി ﷺ നല്‍കിയത്. മൂന്ന് ദിവസത്തെ സാവകാശവും അവര്‍ക്ക് നല്‍കി. അവരെ പുറത്താക്കുന്ന വിഷയത്തിന്റെ നേതൃത്വം ഉബാദതുബ്‌നു സ്വാമിതിനെയാണ് ഏല്‍പിച്ചത്. മൂന്ന് ദിവസം ആയപ്പോള്‍ അവര്‍ മദീനയില്‍ നിന്ന് ശാമിന്റെ ഭാഗങ്ങളിലേക്ക് യാത്രയായി. അവരുടെ സ്വത്തുക്കള്‍ ഏറ്റെടുക്കുന്ന വിഷയം മുഹമ്മദ് ഇബ്‌നു മസ്‌ലമക്കായിരുന്നു. അഞ്ചില്‍ ഒന്ന് മാറ്റി വെച്ചതിനു ശേഷം ബാക്കിയുള്ളത് സ്വഹാബികള്‍ക്കിടയില്‍ വിഹിതം വെച്ചു. അങ്ങനെ മദീനയിലെ ജൂതന്മാരുടെ സ്വത്തുക്കള്‍ മുസ്‌ലിംകള്‍ക്ക് ഗനീമത്തായി ലഭിച്ചു. ബനൂ കൈ്വനുക്വാഉകാര്‍ ആലപ്പണിക്കാരായതു കൊണ്ട് അവര്‍ക്ക് കൃഷിയിടങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതോടെ മദീനയില്‍ ഉണ്ടായിരുന്ന എല്ലാ ജൂതന്മാരെയും നബി പുറത്തിറക്കുകയുണ്ടായി (ബുഖാരി: 4028, മുസ്‌ലിം: 1766).
ബനൂകൈ്വനുക്വാഉകാര്‍ നബി ﷺ യോട് യുദ്ധത്തിന് ഒരുങ്ങിയപ്പോള്‍ തന്നെ ഉബാദതുബ്‌നു സ്വാമിത്(റ) അവരുമായുള്ള സഖ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറിയിരുന്നു.
(6) സവീഖ് യുദ്ധം:
ഹിജ്‌റ രണ്ടാം വര്‍ഷം ദുല്‍ഹജ്ജ് അഞ്ചിനാണ് ഈ യുദ്ധം ഉണ്ടാകുന്നത്. അബൂസുഫ്‌യാന്റെ കച്ചവടസംഘവും യുദ്ധത്തില്‍ പരാജയപ്പെട്ട ക്വുറൈശി സൈന്യവും മക്കയില്‍ എത്തിയപ്പോള്‍ ജനാബത്ത് (വലിയ അശുദ്ധി) ഉണ്ടായാല്‍ പോലും മുഹമ്മദിനോടു യുദ്ധം ചെയ്യുകയും തന്റെ അനുയായികളുടെ കാര്യത്തില്‍ പകരം വീട്ടുകയും ചെയ്യുന്നത് വരെ തലയില്‍ വെള്ളം തട്ടിക്കുകയില്ല എന്ന് അബൂസുഫ്‌യാന്‍ നേര്‍ച്ചനേര്‍ന്നു. അങ്ങനെ അബൂസുഫ്‌യാന്‍ ക്വുറൈശികളില്‍ നിന്നുള്ള 200 പേരെ കൂട്ടി പുറപ്പെടുകയാണ്. മദീനയുടെ പരിസര പ്രദേശങ്ങളിലേക്ക് അവര്‍ രാത്രിയില്‍ എത്തിച്ചേര്‍ന്നു. ബനൂനളീറില്‍ അഭയം പ്രാപിക്കുകയും ചെയ്തു. ബനൂനളീറിന്റെ നേതാവായ സല്ലാം ഇബ്‌നു മിശ്കമിന്റെ അടുക്കലാണ് അവര്‍ ഇറങ്ങിയത്. ഈ ജൂതന്‍ നബിയെക്കുറിച്ചും സ്വഹാബിമാരെക്കുറിച്ചും അബൂസുഫിയാന് വിവരങ്ങള്‍ നല്‍കി. മദീനയുടെ ഒരു വശത്തുകൂടെ അബൂസുഫ്‌യാന്‍ കടന്നു ചെല്ലുകയും വാക്കിം എന്ന താഴ്‌വരയിലെത്തി രണ്ട് ആളുകളെ കൊലപ്പെടുത്തുകയും ചെയ്തു. ഈത്തപ്പന മരങ്ങള്‍ കത്തിച്ചു. ശേഷം മക്കയിലേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തു. ഈ വിവരം അറിഞ്ഞ നബി ﷺ മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍ നിന്നുമായി 200 പേരെ കൂട്ടി ഇവരുടെ പിറകെ പുറപ്പെട്ടു. മദീനയുടെ നേതൃത്വം അബൂലുബാബയെ(റ)യാണ് ഏല്‍പിച്ചിരുന്നത്. അബൂസുഫ്‌യാന്റെ കയ്യില്‍ ഗോതമ്പ് പൊടി നിറച്ച ചാക്കുകള്‍ ഉണ്ടായിരുന്നു. ഭക്ഷണത്തിനായും ഒളിഞ്ഞിരിക്കാനും ഇത് അവര്‍ ഉപയോഗിച്ചിരുന്നു. ഈ ഗോതമ്പു ചാക്കുകള്‍ വഴിയില്‍ ഇട്ടു കൊണ്ടാണ് അവര്‍ ഓടിപ്പോയത്. ഗോതമ്പുപൊടി എന്ന അര്‍ഥം വരുന്ന സവീഖ് യുദ്ധം എന്ന പേര് ലഭിച്ചത് ഇക്കാരണത്താലാണ്. ഖര്‍ഖറതുല്‍ കദിര്‍ എന്ന സ്ഥലം വരെ നബി ﷺ അവരെ തുടര്‍ന്നുവെങ്കിലും അബൂസുഫ്‌യാനും അനുയായികളും രക്ഷപ്പെടുകയുണ്ടായി. നബിയും അനുയായികളും മദീനയിലേക്ക് തിരിച്ചു പോന്നു. അഞ്ചു ദിവസമാണ് മദീനയില്‍ നിന്ന് ഈ യുദ്ധത്തിനായി അവര്‍ വിട്ടുനിന്നത്.
ഹിജ്‌റ രണ്ടാം വര്‍ഷത്തിലെ മരണങ്ങള്‍: ദുല്‍ഹജ്ജ് മാസത്തില്‍ ഉസ്മാന്‍ ഇബ്‌നു മള്ഊന്‍(റ) മരണപ്പെടുകയുണ്ടായി. ഇസ്‌ലാമിലേക്ക് ആദ്യകാലത്ത് കടന്നുവന്ന ആളായിരുന്നു അദ്ദേഹം. അബിസീനിയയിലേക്ക് ഹിജ്‌റ പോയിരുന്നു. പിന്നീട് മദീനയിലേക്ക് മുഹാജിറായി വന്നു. ബദ്‌റില്‍ പങ്കെടുത്തു. ഏറ്റവും കൂടുതലായി ആരാധന നിര്‍വഹിച്ചിരുന്ന പ്രധാനികളില്‍ ഒരാളായിരുന്നു അദ്ദേഹം. പകലുകളില്‍ നോമ്പെടുക്കുകയും രാത്രികളില്‍ നമസ്‌കരിക്കുകയും ചെയ്യുമായിരുന്നു. ധാരാളമായി സമ്പത്ത് ചെലവഴിച്ചിരുന്ന ധനികനും കൂടിയായിരുന്നു അദ്ദേഹം. ബക്വീഇലാണ് അദ്ദേഹത്തെ മറവ് ചെയ്തത്. മുഹാജിറുകളില്‍ നിന്ന് ആദ്യമായി ബക്വീഇല്‍ മറമാടപ്പെടുന്ന വ്യക്തിയും ഇദ്ദേഹമാണ്. ഹിജ്‌റ രണ്ടാം വര്‍ഷം മരണപ്പെട്ടവരില്‍ ബദ്‌റില്‍ പങ്കെടുത്ത ശുഹദാക്കളും ഉള്‍പ്പെടും. പതിനാല് പേരാണ് ശഹീദായത്. അതില്‍ മുഹാജിറുകളും അന്‍സ്വാറുകളും ഉണ്ടായിരുന്നു. ബദ്‌റില്‍ വിശ്വാസികള്‍ വിജയിച്ച സന്തോഷ വാര്‍ത്ത മദീനയില്‍ എത്തുന്ന സന്ദര്‍ഭത്തിലാണ് നബി ﷺ യുടെ മകള്‍ റുഖിയ്യ(റ) മരണപ്പെട്ടത്.
ക്വുറൈശികളിലെ പ്രമുഖരായ എഴുപതു പേര്‍ ഈ വര്‍ഷം കൊല്ലപ്പെട്ടു. ബദ്ര്‍ യുദ്ധത്തില്‍ വെച്ചായിരുന്നു അത്. അവരില്‍ ചിലരുടെ പേരുകള്‍ മുമ്പ് നാം സൂചിപ്പിച്ചിട്ടുണ്ട്.
ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക