സംഘാടകന്റെ സാമ്പത്തിക സുതാര്യത

സംഘാടകന്റെ സാമ്പത്തിക സുതാര്യത

പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികം കണ്ടെത്തല്‍ അത്യാവശ്യമാണ്. പരിപാടി തീരുമാനിച്ച ഉടനെ അതിനാവശ്യമായ ബഡ്ജറ്റ് യാഥാര്‍ഥ്യബോധത്തോടെ ഉണ്ടാക്കണം.അത് കണ്ടെത്താനുള്ള സ്രോതസ്സുകളും പ്രായോഗിക സമീപനങ്ങളും മുന്‍കൂട്ടി കണ്ടെത്തണം.

സംഘടനയുടെ മെമ്പര്‍മാര്‍ക്ക് സാധിക്കുന്ന വിഹിതം അവരെടുക്കണം. അതിന് ശേഷമാണ് മറ്റുള്ളവരെ സമീപിക്കേണ്ടത്. സാമ്പത്തിക സമാഹരണത്തിനിറങ്ങുമ്പോള്‍ തികഞ്ഞില്ലെങ്കില്‍ എന്റെ വിഹിതമെടുക്കാമെന്ന  ധാരണയല്ല നമുക്ക് വേണ്ടത്. ഈ സംരംഭത്തിനുള്ള ആദ്യസംഖ്യ എന്റെ വകയാകട്ടെ എന്നാണ് പിരിവിന് നേതൃത്വം നല്‍കുന്നവര്‍ ചിന്തിക്കേണ്ടത്. നമ്മുടെ വിഹിതം ആദ്യം നല്‍കുമ്പോഴാണ് മറ്റുള്ളവരോട് ചോദിക്കാനുള്ള അര്‍ഹത നാം നേടുന്നത്.

വരവുകള്‍ റസീപ്റ്റിലൂടെയും ചെലവുകള്‍ വൗച്ചറിലൂടെയുമായിരിക്കണം കൈകാര്യം ചെയ്യേണ്ടത്. ഡെ ബുക്ക്, ലഡ്ജര്‍, ബില്ലുകള്‍ എല്ലാം സൂക്ഷിക്കണം.

ബഡ്ജറ്റില്‍ ഒതുങ്ങിനിന്നുകൊണ്ട് ചെലവുകള്‍ ക്രമീകരിക്കാന്‍ സാധിക്കണം. യാതൊരു ദീര്‍ഘ വീക്ഷണവുമില്ലാതെ പരിപാടികള്‍ പ്രഖ്യാപിക്കുകയും സാമ്പത്തിക മാര്‍ഗത്തിന് മുന്നൊരുക്കമില്ലാതെ വരികയും ചെയ്യുന്നത് ദോഷം ചെയ്യും. പരിപാടി കഴിയുമ്പോള്‍ ചില ഭാരവാഹികളുടെ തലയില്‍ സാമ്പത്തികഭാരം വന്നുചേരുകയും അത് തിരിച്ചുനല്‍കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നത് പ്രവര്‍ത്തകര്‍ നഷ്ടപ്പെടാന്‍ വരെ കാരണമാകും. പരിപാടി കഴിഞ്ഞ ശേഷം അതിലേക്ക് കുടിശ്ശിക പിരിക്കുന്നത് സംഘാടകരുടെ ആസൂത്രണമില്ലായ്മയുടെ പ്രകടമായ ഉദാഹരണമാണ്. ഒരു പരിപാടി കഴിഞ്ഞാല്‍ തിരമാല പോലെ അടുത്തത് പിന്നാലെ വരും. അപ്പോള്‍ പഴയതിന്റെ ചെലവ് ബാധ്യതയായി തുടരും.

അത്യാവശ്യത്തിന് മാത്രം പണം പിരിക്കുക. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഗണിക്കണം. പരിപാടികളില്‍ ചെലവുകള്‍ പരമാവധി ചുരുക്കണം.

പൊതു ഫണ്ടുകള്‍ അധികം ബാലന്‍സ് ഉണ്ടാവുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. പൊതു ഫണ്ട് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്. വകുപ്പ് മാറി ചെലവഴിക്കുന്നതും തെറ്റാണ്. പൊതു ഫണ്ട് കൈകാര്യം ചെയ്യുന്നവര്‍ അതിന്റെ സുതാര്യത ഉറപ്പ് വരുത്തണം.

അല്ലാഹുവിനെ ഭയന്നുകൊണ്ടും സത്യസന്ധമായും ഫണ്ട് കൈകാര്യം ചെയ്യുമ്പോഴും അതിന്റെ സുതാര്യത സമൂഹത്തെ അറിയിക്കല്‍ അയാള്‍ക്ക് ബാധ്യതയാണ്. സംഘടനയില്‍ പ്രത്യേക ഇടവേളകളില്‍ ചേരുന്ന മീറ്റിംഗുകളില്‍ കണക്ക് അവതരിപ്പിക്കുകയും അംഗീകരിക്കുകയും വേണം. കണക്കുകള്‍ എക്കൗണ്ട് ചെയ്യുമ്പോഴുള്ള നിയമങ്ങള്‍ പാലിച്ചുകൊണ്ടാകണം എഴുതി തയ്യാറാക്കേണ്ടതും അവതരിപ്പിക്കേണ്ടതും. സ്വയം വിശദീകരിക്കുന്നതായിരിക്കണം (Self explanatory) കണക്കിന്റെ സ്വഭാവം. അനിവാര്യ കാരണങ്ങളാല്‍ കണക്ക് തയ്യാറാക്കിയ വ്യക്തിക്ക് യോഗത്തില്‍ പങ്കെടുക്കാനായില്ലങ്കിലും മറ്റൊരാള്‍ക്ക് വായിക്കാനും അവതരിപ്പിക്കാന്നും സാധിക്കണം.

പിരിവ് നടക്കാതെയാണ് പരിപാടി നടന്നതെങ്കിലും അതിന്റെയും കണക്കുകള്‍ യഥാവിധി എഴുതി അവതരിപ്പിക്കണം. കണക്കെഴുതി വെക്കാതിരിക്കാന്‍ വരവിലേക്ക് ഒന്നും ലഭിച്ചില്ല എന്നത് ന്യായമല്ല. ആരില്‍ നിന്നെങ്കിലും കടമെടുത്തിട്ടാണെങ്കില്‍ അത് രേഖപ്പെടുത്തി വെക്കണം. അയാള്‍ അത് ഒഴിവാക്കിത്തരികയാണങ്കില്‍ അയാളുടെ പേരില്‍ റസീപ്റ്റ് എഴുതി വരവില്‍ ചേര്‍ക്കണം.

അനുയായികള്‍ സംഘടന ഭാരവാഹികള്‍ക്ക് വിശ്വാസ്യത കല്‍പിച്ച് നല്‍കുന്നത് സാമ്പത്തിക രംഗത്ത് ക്രമക്കേടുകള്‍ സംഭവിക്കാന്‍ കാരണമാകരുത്. സ്വന്തം ആവശ്യത്തിന് വേണ്ടി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം കടം വാങ്ങേണ്ടി വന്നാല്‍ യഥാസമയം അത് തിരിച്ചു നല്‍കാന്‍ ജാഗ്രതയുണ്ടാകണം.

നമ്മെ നയിക്കുന്നവര്‍ എത്രമേല്‍ വിശ്വസ്തരാണെങ്കിലും, യോഗത്തില്‍ കണക്കുകള്‍ സംബന്ധിച്ച് സംശയങ്ങള്‍ ഉന്നയിച്ച് സുതാര്യത ഉറപ്പ് വരുത്തല്‍ അംഗങ്ങളുടെ മതപരമായ ബാധ്യതയാണ്. കണക്ക് സംബന്ധിച്ച അന്വേഷണങ്ങളോട് വളരെ പക്വമായി പ്രതികരിക്കാനും തൃപ്തികരമായ വിശദീകരണം നല്‍കാനും ബന്ധപ്പെട്ട ഭാരവാഹികള്‍ക്ക് സാധിക്കണ്ടതുണ്ട്. കണക്കുകള്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് അത് വ്യക്തമാകുന്ന രീതിയിലുള്ള  സംശയ നിവാരണമാണ് നല്‍കേണ്ടത്. അതിന് പകരം, ചോദിച്ച വ്യക്തിയോട് നീരസം പ്രകടിപ്പിക്കുകയോ, ദേഷ്യപ്പെടുകയോ, താന്‍ സംഘടനാ രംഗത്ത് നിര്‍വഹിച്ച ത്യാഗങ്ങള്‍ എടുത്ത് പറയുകയൊ, മറ്റു ആരോപണമുന്നയിക്കുകയോ ചെയ്യുന്നത് മതപ്രബോധകര്‍ക്ക് യോജിച്ചതല്ല. ഒരാളുടെ വ്യക്തിത്വം ശരിയായി വിലയിരുത്തപ്പെടുന്നത് അയാളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോഴാണ്.

സാമ്പത്തിക വിഷയത്തില്‍ സംശയങ്ങള്‍ ഉണ്ടാകുമ്പോള്‍ ബന്ധപ്പെട്ട ഭാരവാഹിയോടോ യോഗങ്ങളിലോ ആയിരിക്കണം അക്കാര്യം അന്വേഷിക്കേണ്ടത്. സ്വകാര്യ സംഭാഷണങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ പങ്ക് വെക്കുന്നവര്‍ ഗുണമല്ല ഉദ്ദേശിക്കുന്നത്.

സാമ്പത്തിക സമാഹരണത്തിന് വേണ്ടിയുള്ള റസീപ്റ്റ് ബുക്കുകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ച ശേഷമായിരിക്കണം പ്രിന്റ് ചെയ്യേണ്ടത്. ഇതിന് പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കണം. റസീപ്റ്റുകള്‍ പിരിവിന് വേണ്ടി വിതരണം നടത്തുമ്പോള്‍ ഏറ്റുവാങ്ങിയ വ്യക്തിയെക്കൊണ്ട് രജിസ്റ്ററില്‍ ഒപ്പ് വെപ്പിക്കണം. അവര്‍ക്ക് നല്‍കിയ ബുക്കുകളുടെ എണ്ണവും നമ്പറും അതില്‍ ചേര്‍ക്കുകയും വേണം. ഒരു ലീഫു പോലും നഷ്ടപ്പെടുകയോ, അശ്രദ്ധമായി കൈകാര്യം ചെയ്യുകയോ പാടില്ല. പ്രഖ്യാപിച്ച പദ്ധതി അവസാനിപ്പിക്കുമ്പോള്‍ പ്രിന്റ് ചെയ്ത റസീപ്റ്റ് ബുക്കുകളില്‍ ഉപയോഗിച്ചതും ബാക്കിയുള്ളതും പ്രത്യേകം കണക്കെടുക്കണം. കണക്കവതരിപ്പിക്കുമ്പോള്‍ ഇക്കാര്യം പ്രത്യേകം അറിയിക്കുകയും വേണം. മേല്‍ഘടകങ്ങളില്‍ ഏല്‍പിക്കാനുള്ള പണം നമ്മുടെ കയ്യില്‍ ലഭിച്ചാല്‍ താമസം കൂടാതെ ബന്ധപ്പെട്ടവര്‍ക്ക് കൈമാറണം. പൊതു ഫണ്ടുകള്‍ കൈവശം വെക്കുമ്പോള്‍ ജാഗ്രത പാലിക്കണം.

കണക്കുകള്‍ വര്‍ഷത്തിലൊരിക്കല്‍ ഓഡിറ്റിംഗിന് വിധേയമാക്കണം. മേല്‍ഘടകങ്ങളുടെ അംഗീകാരപത്രത്തോടെ സമാഹരിച്ച ഫണ്ടിന്റെ വിശദാംശങ്ങള്‍ യഥാസമയം സംസ്ഥാന സമിതിയെയും അറിയിക്കേണ്ടതാണ്. പൊതുജനങ്ങളില്‍ നിന്ന് ബക്കറ്റുകളില്‍ പിരിച്ചെടുക്കുന്ന പണം എണ്ണിത്തിട്ടപ്പെടുത്തി, പിരിവെടുത്ത അതേ സദസ്സില്‍ അറിയിക്കുകയും റസീപ്റ്റില്‍ വരവ് ചേര്‍ക്കുകയും വേണം.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സാമ്പത്തിക സമാഹരണത്തിന് ഇറങ്ങുന്നതിന് മുമ്പ് തന്നെ എക്കൗണ്ട് സംബന്ധിച്ച എല്ലാ കാര്യത്തിലും വ്യക്തത വരുത്തണം. പലപ്പോഴും ഉപഭോക്താവിന്റെ ദൈന്യതയും സമ്പത്ത് കണ്ടെത്താനുള്ള സമയക്കുറവും കാരണം കൃത്യമായ വ്യവസ്ഥകളില്ലാതെ പിരിവ് ആരംഭിക്കുകയും പലരുടെയും കയ്യില്‍ പണം വന്ന് ചേരുകയും പിന്നീട് അതിന്റെ പേരില്‍ പല പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യാനുള്ള സാധ്യതയേറെയാണ്. സദുദ്ദേശ്യം വിചാരിച്ച് നേതൃത്വം നല്‍കിയവര്‍ സാമ്പത്തിക ആരോപണം നേരിടേണ്ട സാഹചര്യവും ഇതുമൂലം വന്ന് ചേരും.

 

ടി.കെ.അശ്‌റഫ്
നേർപഥം വാരിക

Leave a Comment