ചുവന്ന തട്ടമിട്ട പെണ്‍കുട്ടി

ചുവന്ന തട്ടമിട്ട പെണ്‍കുട്ടി

പണ്ടുപണ്ട് കാടിനു സമീപത്തുള്ള ഒരു ഗ്രാമത്തില്‍ ഒരു പെണ്‍കുട്ടി ജീവിച്ചിരുന്നു. ‘ചുവന്ന തട്ടമിട്ട പെണ്‍കുട്ടി’ എന്നായിരുന്നു എല്ലാവരും അവളെ വിളിച്ചിരുന്നത്. അങ്ങനെ വിളിക്കാന്‍ ഒരു കാരണമുണ്ട്. അവള്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങുമ്പോഴെല്ലാം അവളുടെ പ്രിയപ്പെട്ട വലിയുമ്മ സമ്മാനമായി നല്‍കിയ ചുവന്ന തട്ടമാണ് ധരിക്കാറുള്ളത്. 

ഒരു ദിവസം കാലത്ത് അവളുടെ ഉമ്മ അവളോട് പറഞ്ഞു:

”മോളേ, ഇന്നു നീ വലിയുമ്മയെ സന്ദര്‍ശിക്കുവാന്‍ പോകണം. ഇന്ന് നിന്നെ പറഞ്ഞയക്കാമെന്ന് ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട്.”

വലിയുമ്മയെ കാണാന്‍ കൊതിയുള്ളതിനാല്‍ അവള്‍ ഉടനെ സമ്മതിച്ചു. അവളുടെ ഉമ്മ വലിയുമ്മക്ക് നല്‍കാനായി ഭംഗിയുള്ള ഒരു കുട്ടയില്‍ പഴങ്ങളും മറ്റും നിറച്ചു. പോകാന്‍ നേരം അവള്‍ ചുവന്ന തട്ടം ധരിച്ചു. ഉമ്മാക്ക് ഒരു മുത്തം നല്‍കി സലാം പറഞ്ഞുകൊണ്ട് അവള്‍ വീട്ടില്‍നിനിറങ്ങി. ഉമ്മ പറഞ്ഞു: ”ചുവന്ന തട്ടക്കാരീ, നേരെ വലിയുമ്മയുടെ വീട്ടിലേക്കുതന്നെ പോകണം. പരിചയമില്ലാത്തവരോ ട് സംസാരിക്കാന്‍ നില്‍ക്കരുത്.” 

അവര്‍ പല മുന്നറിയിപ്പുകളും നല്‍കി. കാട് അപകടം നിറഞ്ഞതാണെന്ന് ഓര്‍മിപ്പിച്ചു.

”ഉമ്മാ, നിങ്ങള്‍ ആശങ്കപ്പെടേണ്ട. ഞാന്‍ ശ്രദ്ധിച്ചോളാം” എന്ന് പറഞ്ഞുകൊണ്ട് അവള്‍ നടന്നകന്നു.

പോകും വഴിയില്‍ കാട്ടില്‍ അതിമനോഹരമായ പൂക്കള്‍ അവളുടെ കണ്ണുകളില്‍ ഉടക്കി. ഒരു കാരണവശാലും കാട്ടില്‍ നില്‍ക്കരുത് എന്ന് ഉമ്മ താക്കീതു നല്‍കിയത് അവള്‍ മറന്നു. അവള്‍ ഭംഗിയുള്ള ചില പൂക്കള്‍ പറിച്ചു. പൂമ്പാറ്റകളെ നോക്കിനിന്നു. തവളകളുടെ കരച്ചില്‍ കേട്ടു. അങ്ങനെ ആ ചുവന്ന തട്ടക്കാരി കുറെ നേരം ഓരോന്നും ആസ്വദിച്ച് നിന്നു. 

പെട്ടെന്നാണ് ഒരു ചെന്നായ അരികില്‍ പ്രത്യക്ഷപ്പെട്ടത്. അത് സ്‌നേഹ സ്വരത്തില്‍ ചോദിച്ചു: ”അല്ലയോ കുട്ടീ, നീ എന്താണിവിടെ ചെയ്തുകൊണ്ടിരിക്കുന്നത്?” 

കാടിന്റെ താഴ്‌വരയിലെ ഗ്രാമത്തില്‍ താമസിക്കുന്ന വലിയുമ്മയെ കാണുവാന്‍ പോകുകയാണ് ഞാന്‍ എന്നവള്‍ മറുപടി പറഞ്ഞു

പെട്ടെന്നവള്‍ നിശ്ശബ്ദയായി. ഉമ്മ പറഞ്ഞതെല്ലാം അവള്‍ക്ക് ഓര്‍മ വന്നു. താന്‍ കുറെ വൈകിയതായി അവള്‍ മനസ്സിലാക്കി. ഉടനെ അവള്‍ ചെന്നായയോടുള്ള സംസാരം മതിയാക്കി യാത്ര തുടരാനൊരുങ്ങി. മുന്നില്‍ ചെന്നായയും നടക്കാന്‍ തുടങ്ങി. പിന്നെ അത് അതിവേഗം ഓടിപ്പോയി. ചെന്നായ നേരെ പോയത് ചുവന്ന തട്ടക്കാരിയുടെ വലിയുമ്മയുടെ വീട്ടിലേക്കായിരുന്നു. ചെന്നായ കതകില്‍ മുട്ടി. പേരക്കുട്ടിയായിരിക്കുമെന്ന് കരുതി വലിയുമ്മ പറഞ്ഞു: 

”അല്ലാഹുവിന് സ്തുതി. മോളേ, നീ എത്താന്‍ വൈകിയതില്‍ ഞാന്‍ സങ്കടപ്പെട്ട് ഇരിക്കുകയായിരുന്നു.”

എന്നാല്‍ വലിയുമ്മ കതക് തുറന്നപ്പോള്‍ കണ്ടത് ചെന്നായയെയാണ്, പേരക്കുട്ടിയെയല്ല. അവര്‍ പേടിച്ച് കതകടച്ചപ്പോഴേക്കും ചെന്നായ അകത്ത് കടന്നിരുന്നു.

ദുഷ്ടനായ ആ ചെന്നായ രോഗിയും വൃദ്ധയുമായ വലിയുമ്മയെ ഒരു മുറിയില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചു. ഒച്ചയുണ്ടാക്കിയാല്‍ കടിച്ചുതിന്നുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ ആ പാവം മിണ്ടാതെ ഭയന്നുവിറച്ചിരുന്നു. ചെന്നായ വലിയുമ്മയുടെ കിടക്കയില്‍ പുതച്ചുമൂടിക്കിടന്നു. അല്‍പ സമയം കഴിഞ്ഞപ്പോള്‍ ചുവന്ന തട്ടക്കാരി കതകില്‍ മുട്ടി. വലിയുമ്മയുടെ ശബ്ദം അനുകരിച്ചുകൊണ്ട് ചെന്നായ പറഞ്ഞു: ”കടന്നുവരൂ മോളേ, വാതില്‍ ചാരിയിട്ടേയുള്ളൂ.”

ചുവന്ന തട്ടക്കാരിക്ക് ആ ശബ്ദത്തില്‍ എന്തോ പന്തികേട് തോന്നി. വലിയുമ്മയുടെ ശബ്ദം ഇങ്ങനെയല്ലല്ലോ! 

”വലിയുമ്മാ…എന്താ നിങ്ങളുടെ ശബ്ദത്തിനൊരു മാറ്റം?”

”മോളേ, കുറെ ദിവസമായി വല്ലാത്ത ജലദോഷം. അതുകൊണ്ടാ.”

മടിച്ചുമടിച്ച് അവള്‍ കതകുതുറന്ന് അകത്തുകടന്നു. ചെന്നായ പതുക്കെ തലയില്‍നിന്ന് പുതപ്പു നീക്കി. അതിന്റെ കണ്ണുകളും മൂക്കും അവളെ ഭയപ്പെടുത്തി. ഇത് വലിയുമ്മയോ? വലിയുമ്മയുടെ കിടക്കയില്‍ ഇതാര്? അവളാകെ ഭയന്നു. 

ദുഷ്ടനായ ചെന്നായ പെട്ടെന്ന് ചാടിയെണീറ്റു. ചുവന്ന തട്ടക്കാരിക്ക് അപ്പോഴാണ് താന്‍ അപകടത്തില്‍ പെട്ടതായി മനസ്സിലായത്. തന്റെ നേരെ വരുന്ന ചെന്നായയില്‍ നിന്ന് രക്ഷപ്പെടാന്‍ അവള്‍ ശ്രമിച്ചു. മുറിയില്‍ തലങ്ങും വിലങ്ങും അവള്‍ ഓടി, പുറകില്‍ ചെന്നായയും!

”രക്ഷിക്കണേ… എന്നെ രക്ഷിക്കണേ… ചെന്നായ എന്നെ തിന്നാന്‍ വരുന്നേ…”

അവള്‍ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. കാട്ടില്‍ വിറക് ശേഖരിക്കുകയായിരുന്ന ഒരാള്‍ ഈ ശബ്ദം കേട്ട് ഓടിെയത്തി. അയാള്‍ ഒരു മുട്ടന്‍ വടികൊണ്ട് ചെന്നായയെ അടിച്ചു വീഴ്ത്തി. അതിനെ അയാള്‍ വനത്തിലെ അഗാധമായ കൊക്കയിലേക്ക് വലിച്ചെറിഞ്ഞു. അങ്ങനെ വലിയുമ്മയും ചുവന്ന തട്ടക്കാരിയും ചെന്നായയില്‍ നിന്ന് രക്ഷപ്പെട്ടു. അപ്പോഴും ചുവന്ന തട്ടക്കാരി ഭയന്നുവിറച്ച് പൊട്ടിക്കരയുകയായിരുന്നു. അവള്‍ക്ക് തന്റെ തെറ്റ് മനസ്സിലായി. 

”ഇനി മേലില്‍ ഞാന്‍ ഉമ്മയുടെ വാക്കുകള്‍ക്ക് എതിരു പ്രവര്‍ത്തിക്കില്ല…” കരയുന്നതിനിടയില്‍ അവള്‍ പറഞ്ഞു. 

കൂട്ടുകാരേ, ഇത് കേവലം സാങ്കല്‍പികമായ കഥയാണ്. എന്നാല്‍ ഇതില്‍ നമുക്ക് ചില ഗുണപാഠങ്ങളുണ്ട്. മാതാപിതാക്കള്‍ നമ്മുടെ ഗുണം മാത്രം ആഗ്രഹിക്കുന്നവരാണ്. നമ്മള്‍ അപകടത്തില്‍ പെടുന്നത് അവര്‍ക്ക് സഹിക്കാന്‍ കഴിയില്ല. അതുകൊണ്ട് അവരുടെ മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും ഉപദേശങ്ങളും നാം അവഗണിക്കരുത്. ഈ കഥയില്‍ ചെന്നായയാണ് അക്രമിയായ കഥാപാത്രമെങ്കിലും ജീവിതത്തില്‍ ഈ ചെന്നായയെപോലുള്ള ദുഷ്ടരായ മനുഷ്യന്‍മാര്‍ നമ്മെ നശിപ്പിക്കാന്‍ പല തന്ത്രങ്ങളും പ്രയോഗിക്കും. അതില്‍ അകപ്പെടാതിരിക്കാന്‍ മാതാപിതാക്കളും അധ്യാപകരും നല്‍കുന്ന മുന്നറിയിപ്പുകളും ഉപദേശങ്ങളും നാം സ്വീകരിക്കണം. ആപത്തില്‍ പെട്ടാല്‍ രക്ഷയ്ക്കായി ഉറക്കെ വിളിച്ചുപറയല്‍ നല്ലതാണെന്നും ഈ കഥ നമ്മെ പഠിപ്പിക്കുന്നു.

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

1 thought on “ചുവന്ന തട്ടമിട്ട പെണ്‍കുട്ടി”

Leave a Reply to Fathima nidha pk Cancel reply