അടിയുറച്ച വിശ്വാസം

അടിയുറച്ച വിശ്വാസം


യാദൃച്ഛികമായാണ് ആ യുവാവിനെ വൃദ്ധന്‍ കണ്ടുമുട്ടിയത്. കാടും മേടും കടന്നുള്ള യാത്രയിലാണ് അവന്‍ എന്ന് വൃദ്ധന് ഉറപ്പായി. അവന്‍ എന്തൊക്കെയോ ചിലത് ഉരുവിടുന്നുണ്ടായിരുന്നു. വൃദ്ധന്‍ അവനോട് സലാം പറഞ്ഞു. അവന്‍ അത് മടക്കി. വൃദ്ധന്‍ ചോദിച്ചു:

”നീ എങ്ങോട്ടാണ് പോകുന്നത്?”

അവന്‍ പറഞ്ഞു: ”അല്ലാഹുവിന്റെ ഭവനത്തിലേക്ക്.”

”ഹജ്ജ് ചെയ്യാനായിരിക്കും അല്ലേ?”

”അതെ.”

”നീയെന്താണ് ഉരുവിടുന്നത്?”

അവന്‍ പറഞ്ഞു: ”ക്വര്‍ആന്‍ വചനങ്ങള്‍.”

”നിനക്ക് ഇപ്പോള്‍ ചെറുപ്രായമാണ്. ഹജ്ജിന് പോകുവാനും ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുവാനും  ഇനിയും സമയമുണ്ടല്ലോ. എന്തിനാണ് കഷ്ടപ്പെട്ട് ഇപ്പോള്‍ തന്നെ പോകുന്നത്?”

അവന്‍ പറഞ്ഞു: ”എന്നെക്കാള്‍ ചെറിയ പ്രായമുള്ളവരുടെ മരണത്തിന് ഞാന്‍ സാക്ഷിയായിട്ടുണ്ട്. അത് കൊണ്ട് തന്നെ മരണം എന്റെ വാതിലില്‍ വന്ന് മുട്ടുന്നതിന് മുമ്പെ ഞാന്‍ തയ്യാറാവേണ്ടതുണ്ട്.”

 വൃദ്ധന്‍ പറഞ്ഞു: ”നിന്റെ കാലടികള്‍ ചെറുതാണ്. സ്വപ്‌നമോ വലുതും.”

അപ്പോള്‍ അവന്‍ പറഞ്ഞു: ”എന്റെ ഉത്തരവാദിത്തം അല്ലാഹുവിലേക്ക് കാലടികള്‍ വെക്കുക എന്നതാണ്. അത് എന്നെ അവനോടുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് ഉണര്‍ത്തുകയും എന്നെ എന്റെ സ്വപ്‌നത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.”

”എന്നിട്ട് നീ കരുതിയ സാമഗ്രികളും വാഹനവും എവിടെ?” വൃദ്ധന്‍ ചോദിച്ചു.

”എന്റെ വിശ്വാസമാണ് എന്റെ കരുതല്‍. എന്റെ കാല്‍പാദമാണ് ഞാന്‍ സഞ്ചരിക്കാനുപയോഗിക്കുന്നത്” അവന്‍ പറഞ്ഞു.

”ഞാന്‍ ചോദിച്ചത് നീ റൊട്ടിയോ വെള്ളമോ ഒന്നും കരുതിയിട്ടില്ലേ എന്നാണ്.”

”അല്ലയോ ശൈഖ്…! നിങ്ങളെ ഒരാള്‍ അയാളുടെ വീട്ടിലേക്ക് ക്ഷണിച്ചാല്‍ നിങ്ങള്‍ക്കുള്ള ഭക്ഷണവും കയ്യില്‍ കരുതി അങ്ങോട്ട് പോകുന്നത് ഉചിതമാണോ?”

”തീര്‍ച്ചയായും അല്ല.”

”ദീര്‍ഘ യാത്രയില്‍ കയ്യില്‍ പിടിക്കാന്‍ പറ്റുന്ന ഭക്ഷണവും വെള്ളവുമേ ഞാന്‍ എടുത്തിട്ടുള്ളൂ. എന്റെ സ്രഷ്ടാവാണ് അവന്റെ അടിമയായ എന്നെ അവന്റെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുന്നത്. സൂക്ഷ്മതയാകുന്ന (തക്വ്‌വ) ഭക്ഷണമാണ് ഏറ്റവും നല്ല യാത്രാവിഭവം. അത് ഞാന്‍ കൂടെ കരുതിയിട്ടുണ്ട്. അല്ലാഹു എന്റെ പരിശ്രമങ്ങള്‍ പാഴാക്കിക്കളയുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?”

”ഒരിക്കലുമില്ല.”

”മോനേ, നിന്റെ ദൃഢവിശ്വാസവും നിശ്ചയദാര്‍ഢ്യവും അഭിനന്ദനീയമാണ്. അല്ലാഹു നിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റിത്തരുമാറാകട്ടെ.”

വൃദ്ധന്‍ അവനു വേണ്ടി പ്രാര്‍ഥിച്ച് അവനെ യാത്രയാക്കി.

 

റാശിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

 

Leave a Comment