ദൈവമില്ലെന്നോ?

ഒരിക്കല്‍ ഒരു ചെറുപ്പക്കാരന്‍ മുടി വെട്ടുവാനായി ബാര്‍ബര്‍ ഷോപ്പില്‍ പോയി. മുടി വെട്ടുന്നതിനിടയില്‍ അയാള്‍ ബാര്‍ബറുമായി സംസാരത്തിലേര്‍പ്പെട്ടു. വ്യത്യസ്ത വിഷയങ്ങളെ സംബന്ധിച്ച് അവര്‍ ഒരുപാട് സംസാരിച്ചു. അങ്ങനെ അവരുടെ സംഭാഷണം ദൈവത്തെക്കുറിച്ചായി. ബാര്‍ബര്‍ പറഞ്ഞു: ”നോക്കൂ; ദൈവം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.”
അപ്പോള്‍ യുവാവ് ചോദിച്ചു: ”അതെന്താ നിങ്ങള്‍ അങ്ങനെ പറഞ്ഞത്?”
”അത് മനസ്സിലാക്കാന്‍ വളരെ എളുപ്പമാണ്. തെരുവിലേക്കൊന്നിറങ്ങിയാല്‍ മതി ദൈവമില്ലെന്ന് മനസ്സിലാക്കാന്‍. ദൈവമുണ്ടായിരുന്നെങ്കില്‍ എങ്ങനെയാണ് ഇവിടെ രോഗിയായ മനുഷ്യരുണ്ടാവുക? അനാഥരായ കുഞ്ഞുങ്ങളുണ്ടാവുക? ദൈവമുണ്ടായിരുന്നെങ്കില്‍ എങ്ങനെയാണ് ഇവിടെ ദുരിതവും വേദനകളും ഉണ്ടാവുക? ഇതെല്ലാം അനുവദിക്കുന്ന ഒരു ദൈവത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലുമാകുന്നില്ല. അതിനാല്‍ ദൈവമില്ലെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു”-ബാര്‍ബര്‍ പറഞ്ഞു.
യുവാവ് ഒരു നിമിഷം ചിന്തിച്ചു നിന്നു. അയാളുടെ വാദത്തെ എതിര്‍ക്കാന്‍ നില്‍ക്കാതെ അയാള്‍ മുടിവെട്ടക്കഴിഞ്ഞപ്പോള്‍ കാശുകൊടുത്ത് പുറത്തിറങ്ങി. കുറച്ചുദൂരം നടന്നപ്പോള്‍ അയാള്‍ നീണ്ട മുടിയും താടിയുമുള്ള ഒരാളെ തെരുവില്‍ കണ്ടു. ഒരുപാട് കാലമായി അയാള്‍ മുടിയും താടിയുമൊക്കെ നീക്കം ചെയ്തിട്ടെന്ന് അയാളെ കണ്ടാല്‍ തന്നെ മനസ്സിലാകും.
അയാളെ കണ്ട യുവാവിന്റെ ബുദ്ധിയില്‍ ചില ആശയങ്ങള്‍ രൂപംകൊണ്ടു. ഉടന്‍ ആ യുവാവ് ബാര്‍ബര്‍ഷോപ്പിലേക്ക് തിരിച്ചുനടന്നു.
ജോലിയില്‍ മുഴുകയിരുന്ന ബാര്‍ബര്‍ യുവാവ് തിരിച്ചു വന്നത് കണ്ടപ്പോള്‍ ചോദിച്ചു: ”എന്തേ തിരിച്ചുവന്നത്? മുടി വെട്ടിയതില്‍ വല്ല കുഴപ്പവും…?”
”ഹേയ്, അതൊന്നുമല്ല”-യുവാവ് പറഞ്ഞു.
”പിന്നെ എന്താണ്?”-ബാര്‍ബര്‍ ചോദിച്ചു.
”വേറെ ഒരു കാര്യം പറയാന്‍ വന്നതാണ്.”
”അതെന്താണ്?” ബാര്‍ബര്‍ ആകാക്ഷയോടെ ചോദിച്ചു.
”ഈ ലോകത്ത് ഒറ്റ ബാര്‍ബറും ഇല്ല എന്ന് ഞാ ന്‍ ഉറച്ചു വിശ്വസിക്കുന്നു”- യുവാവ് പറഞ്ഞു.
”ഹ…ഹ…ഹ”-അത് കേട്ടപ്പോള്‍ ബാര്‍ബര്‍ പൊട്ടിച്ചിരിച്ചു.
”ശുദ്ധ മണ്ടത്തരം. നിന്റെ മുന്നില്‍ നില്‍ക്കുന്ന ഞാന്‍ ഒരു ബാര്‍ബറല്ലേ?”
”ഇല്ല. അങ്ങനെയൊരു വിഭാഗം ഇല്ല തന്നെ. ഉണ്ടായിരുന്നെങ്കില്‍ ഇവിടെ എങ്ങനെയാണ് നീണ്ട താടിയും മുടിയും ഉള്ളവര്‍ ഉണ്ടാവുക? ഞാന്‍ അങ്ങനെയൊരാളെ ഈ അങ്ങാടിയില്‍ തന്നെ കണ്ടു.”
”ഓ, അവര്‍ ഞങ്ങളുടെ അടുത്തേക്ക് വരാത്തതിന് ഞങ്ങളെന്ത് ചെയ്യാനാണ്? അതിനര്‍ഥം ലോകത്ത് ഒറ്റ ബാര്‍ബറുമില്ലെന്നാണോ?” ബാര്‍ബര്‍ പറഞ്ഞു.
”എങ്കില്‍ ദൈവവും ഉണ്ട്. ജനങ്ങള്‍ ദൈവത്തെ അറിയാനും ദൈവത്തോട് അടുക്കാനും ശ്രമിക്കാത്തതാണ് ദൈവത്തെ കുറിച്ചുള്ള തെറ്റായ ധാരണക്ക് കാരണം. നമുക്ക് ലഭിക്കുന്ന ഗുണവും ദോഷവുമെല്ലാം ദൈവത്തിന്റെ പരീക്ഷണത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കുവാനും അങ്ങനെ ഉറച്ചു വിശ്വസിക്കുവാനും നമുക്ക് കഴിയണം” യുവാവ് വിശദീകരിച്ചു.
”ശരിയാ, ഞാന്‍ അത്രക്കങ്ങ് ആലോചിക്കാതെ പറഞ്ഞതാ” – ബാര്‍ബര്‍ പറഞ്ഞു.
”ജീവിതവും മരണവും പരീക്ഷണമാണ് എന്നാണ് അല്ലാഹു ക്വുര്‍ആനിലൂടെ നമ്മെ അറിയിച്ചിട്ടുള്ളത്. സല്‍കര്‍മങ്ങള്‍ ചെയ്യുക എന്നതാണ് നമ്മുടെ കടമ. ക്വുര്‍ആനില്‍ സൂറതുല്‍ മുല്‍കിലെ രണ്ടാമത്തെ വചനത്തില്‍ അല്ലാഹു പയുന്നു: ‘നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.”
റാശിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക
👍