പ്രശ്‌നങ്ങളുണ്ടാക്കരുത്​

പ്രശ്‌നങ്ങളുണ്ടാക്കരുത്
ചോദ്യം: എന്റെ മകളുടെ വിവാഹം കഴിഞ്ഞിട്ട് ഒരു മാസത്തോളമായി. മകളും ഭര്‍ത്താവും തമ്മില്‍ നല്ല സന്തോഷത്തിലും സഹകരണത്തിലും തന്നെയാണ് കഴിയുന്നത്. മതബോധമുള്ള ഒരാളെത്തന്നെയാണ് എന്റെ മകള്‍ക്ക് ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ വലിയൊരു പ്രശ്‌നമുണ്ട്; മരുമകന്‍ ഇടയ്ക്കിടെ അവളെ കുറ്റപ്പെടുത്തും; വഴക്ക് പറയും. ഞാനും ഭാര്യയും എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുന്നു. ഈ വിഷയത്തില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഉത്തരം: യഥാര്‍ഥത്തില്‍ ഇവിടെ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. എന്നാല്‍ നിങ്ങളുടെ ആശങ്ക പുതിയ പ്രശ്‌നങ്ങളിലേക്കുള്ള തുടക്കമാണ്. ഇത് പുതുതലമുറയുടെ ഒരു പ്രശ്‌നമാണ്. മകള്‍ ജനിച്ചതു മുതല്‍ നിങ്ങള്‍ അവളുടെ കാര്യം ശ്രദ്ധിച്ചും ആവശ്യമായ ഇടപെടലുകള്‍ നടത്തിയും വളര്‍ത്തി കൊണ്ടുവരികയാണ്. അത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. മക്കള്‍ക്ക് പ്രായപൂര്‍ത്തിയായി എന്നതും അവരിപ്പോള്‍ വിവാഹിതരായി പുതിയൊരു കുടുംബമായി ജീവിക്കുന്നു എന്നതും അവര്‍ക്ക് അവരുടേതായ ചില സ്വകാ ര്യതകളും സ്വാതന്ത്ര്യവും ആവശ്യമാണെന്നതും വിവാഹിതരായ മക്കളുടെ മാതാപിതാക്കള്‍ മനസ്സിലാക്കണം. അവര്‍ തമ്മില്‍ സ്‌നേഹമുണ്ട് എന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെട്ടതിനാല്‍ അവരെ സ്വതന്ത്രമായി വിടുക. അവരില്‍ നിന്നും ഒരു പരാതി വരികയും ഇടപെടല്‍ ആവശ്യപ്പെടുകയും ചെയ്യുന്നതുവരെ അവരെ ബുദ്ധിമുട്ടിക്കരുത്.

താന്‍ ഇഷ്ടപ്പെടുന്ന ഭര്‍ത്താവിന്റെ തകരാറുകളെക്കുറിച്ച് മാതാവായ നിങ്ങള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ മകള്‍ പതുക്കെ നിങ്ങളില്‍ നിന്ന് അകലാന്‍ സാധ്യതയുണ്ട്. പിണങ്ങാനും ഇണങ്ങാനുമുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. നമ്മളും ഒരുകാലത്ത് അങ്ങനെയായിരുന്നു. വ്യക്തമായ പ്രശ്‌നങ്ങളുണ്ടാകുമ്പോഴാണ് ഇടപെടേണ്ടത് എന്ന് അല്ലാഹു പറയുന്നു: ''ഇനി അവര്‍ (ദമ്പതിമാര്‍) തമ്മില്‍ ഭിന്നിച്ച് പോകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്റെ ആള്‍ക്കാരില്‍ നിന്ന് ഒരു മധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്ന് ഒരു മധ്യസ്ഥനെയും നിയോഗിക്കുക. ഇരുവിഭാഗവും അനുരഞ്ജനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍, അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു'' (ക്വുര്‍ആന്‍ 4:35). പല നവദമ്പതിമാര്‍ക്കിടയിലും പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്ന അറിവാണ് മാതാപിതാക്കളെ ആശങ്കാകുലരാക്കുന്നത്. യഥാര്‍ഥത്തില്‍ അത്തരം ഒരു ആശങ്ക ആവശ്യമില്ല. തികച്ചും അന്യരായ രണ്ടുപേര്‍ ഒന്നാകുമ്പോള്‍ അവരെ യോജിപ്പിക്കുന്നത് അല്ലാഹു തന്നെയാണ്. അതിനാല്‍ സ്വാഭാവികതക്ക് വിടുന്നതാണ് നല്ലത്. അമിതമായ ആശങ്ക എപ്പോഴും മക്കള്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കും.

വര്‍ധിച്ച് വരുന്ന വിവാഹമോചനങ്ങള്‍ക്ക് ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒരു കാരണമാണെങ്കിലും രണ്ടുപേരുടെയും മാതാപിതാക്കളുടെ അനാവശ്യമായ ഇടപെടലുകള്‍ ദാമ്പത്യത്തെ തകര്‍ക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. ആവശ്യമില്ലാത്ത ഇടപെടലുകള്‍ക്ക് ചില ഉദാഹരണങ്ങള്‍:

1. ദമ്പതികളില്‍ ഒരാളോട് നിലവിലുള്ള ജീവിതാവസ്ഥകളെക്കുറിച്ച് അന്വേഷിക്കുകയും തന്റെ ഇണയെക്കുറിച്ച് തെറ്റായ വിചാരങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുക.

2. ദമ്പതികള്‍ തമ്മിലുള്ള സ്‌നേഹബന്ധം തങ്ങളില്‍ നിന്ന് അകലാന്‍ കാരണമാകുമോ എന്ന ആശങ്കയില്‍ നിന്നുണ്ടാകുന്ന പെരുമാറ്റങ്ങളും പരാമര്‍ശങ്ങളും.

3. ദമ്പതികളുടെ താല്‍പര്യങ്ങള്‍ക്കും അഭിരുചികള്‍ക്കും തീരുമാനങ്ങള്‍ക്കും വിലകല്‍പിക്കാതെ അവരെ അനിഷ്ടകരമായ കാര്യങ്ങള്‍ക്ക് നിര്‍ബന്ധിക്കുക.

4. സാമ്പത്തിക ശേഷിയുള്ള രക്ഷിതാക്കള്‍ അനാവശ്യമായി പണം നല്‍കി ഭാര്യയുമൊത്തുള്ള സ്വതന്ത്രമായ ജീവിതത്തെ പ്രയാസപ്പെടുത്തുക.

5. ദമ്പതികളെന്ന നിലയ്ക്ക് ഒന്നിച്ച് താമസിക്കുന്നതിനും സഞ്ചരിക്കുന്നതിനും സ്‌നേഹം പ്രകടിപ്പിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനും അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് തടസ്സം നില്‍ക്കുക.

ഇതുപോലുള്ള കാര്യങ്ങള്‍ തങ്ങളില്‍നിന്നുണ്ടാകുന്നത് ശ്രദ്ധിച്ച് ഏറ്റവും ആസ്വാദ്യകരവും സമാധാനപരവുമായ ഒരു കുടുംബ ജീവിതത്തിന് എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുത്ത് അവരുടെ സന്തോഷത്തില്‍ സന്തോഷിക്കുവാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം.

പ്രൊഫ: ഹാരിസ്ബിൻ സലീം
നേർപഥം വാരിക

Leave a Comment