
വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം
പാഠം : ഇരുപത്തിരണ്ട്
അഹംഭാവത്തിന്റെ മുനയൊടിക്കുന്ന ആയത്തുൽ കുർസിയ്യ് فضل آية الكرسي
അല്ലാഹുവിന്റെ സൃഷ്ടികളുടെ എണ്ണം അവനല്ലാതെ അറിയില്ല. വളരെ സൂക്ഷ്മമായവ മുതൽ അർശു വരെ അവന്റെ സൃഷ്ടികളാണ്.
സൃഷ്ടികൾ ഓരോന്നും സ്രഷ്ടാവിന്റെ ഔന്നിത്യം വിളിച്ചോതുന്നുണ്ട്. അവന്റെ സൃഷ്ടികളിൽ ഏറെ ദുർബലനാണ് മനുഷ്യൻ. എന്നാലും അഹങ്കാരത്തിനും നിഷേധത്തിനും ഒരു കുറവുമുണ്ടാവില്ല. മനുഷ്യന് അല്ലാഹുവിന്റെ ഔന്നിത്യം ഗ്രഹിക്കാൻ നിരവധി കാര്യങ്ങൾ അവന്റെ ഗ്രന്ഥത്തിൽ അവൻ പഠിപ്പിക്കുന്നുണ്ട്.
അത്തരത്തിലുള്ള ഒരായത്താണ് ആയത്തുൽ കുർസിയ്യ്.
വിശുദ്ധ ക്വുർആനിലെ ഏറ്റവും മഹത്തരമായ വചനമാണത്. വിശ്വാസി നിത്യജീവിതത്തിൽ നിരവധി തവണ അത് പാരായണം ചെയ്യണമെന്ന് പ്രവാചകൻ (സ) പഠിപ്പിച്ചിട്ടുണ്ട്. രാവിലെ, വൈകുന്നേരം , ഉറങ്ങാൻ നേരത്ത്, നിർബന്ധ നമസ്ക്കാരാനന്തരം തുടങ്ങിയവ ചില സമയങ്ങളാണ്.
അല്ലാഹുവിന്റെ കുർസിയിനെ കുറിച്ച് പരാമർശിക്കുന്ന ക്വുർആനിലെ ഏക ആയത്താണിത്.
موضع قدمي الله
“അല്ലാഹുവിന്റെ പാദങ്ങളുടെ സ്ഥാനം ” എന്നതാണ് അഹ്ലുസ്സുന്ന അതിന് നൽകുന്ന വിശദീകരണം. അതാവട്ടെ ഇബ്നു അബ്ബാസ് (റ) യിൽ നിന്ന് സ്വീകാര്യമായി നിവേദനം ചെയ്യപ്പെട്ടതാണ്. അല്ലാഹുവിന്റെ അർശിന്റെ മുന്നിലാണ് അതുള്ളത്.
وهو بين يدي العرش كالمقدمة له
എന്ന് ഉസൈമീൻ (റ) ന്റെ തഫ്സീറിൽ കാണാം.
10 ഭാഗങ്ങളാണ് ആയത്തുൽ കുർസിയ്യിനുള്ളത്.
1- ﴿ اللَّهُ لَا إِلَهَ إِلَّا هُوَ ﴾
2- ﴿ الْحَيُّ الْقَيُّومُ ﴾
3- ﴿ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ﴾
4- ﴿ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ﴾
5- ﴿ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ ﴾
6- ﴿ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ﴾
7- ﴿ وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ ﴾
8- ﴿ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ﴾
9- ﴿ وَلَا يَئُودُهُ حِفْظُهُمَا ﴾
10- ﴿ وَهُوَ الْعَلِيُّ الْعَظِيمُ ﴾ [البقرة: 255].
എന്നിവയാണവ.
അല്ലാഹു മാത്രമാണ് ഈ ആയത്തിലെ വിഷയം.
الله،الحي،القيوم،العلي،العظيم
എന്നീ അല്ലാഹുവിന്റെ അഞ്ച് നാമങ്ങൾ ഇതിലുണ്ട്. ഇതിൽ الحي،القيوم എന്നിവയെ കുറിച്ച്اسم الله الأعظم എന്ന് പറയപ്പെട്ടിട്ടുണ്ട്.
അതിന്റെ പ്രത്യേകത എന്താണ്?
الذي إذا دعي الله به أجاب، وإذا سئل به أعطى،
ഇവകൊണ്ട് പ്രാർത്ഥിച്ചാൽ ഉത്തരം ലഭിക്കും. ചോദിച്ചാൽ ലഭിക്കും. ഇതാണ് പ്രത്യേകത.
ഇമാം നവവി ,ഇബ്നുൽ ക്വയിം, അല്ലാമാ സഅദി, ഉസൈമീൻ എന്നിവർ ഈ അഭിപ്രായത്തിനാണ് പ്രാമുഖ്യം നൽകിയിട്ടുള്ളത്. ( ഈവിഷയത്തിൽ അഭിപ്രായ ഭിന്നതയുണ്ട്. 14 അഭിപ്രായങ്ങൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
الحي
എന്ന നാമം അല്ലാഹുവിന്റെ മഹത്വത്തിന്റെ പ്രകടമായ തെളിവാണ്. എന്നെന്നും ജീവിക്കുന്നവൻ അവൻ മാത്രം! മറ്റു
” ആരാധ്യന്മാർ ” ഒന്നുകിൽ മരിച്ചവർ, അല്ലെങ്കിൽ മരിക്കുന്നവർ!
القيوم
അല്ലാഹുവിന്റെ നിരാശ്രയത്വത്തെ കുറിക്കുന്നുണ്ട്. എല്ലാവരും അവനിലേക്ക് ആവശ്യമുള്ളവർ . അവനാരുടെയും ആവശ്യമില്ല. അങ്ങിനെയുള്ളവനാണ് ആരാധ്യനാവുക. എന്നാൽ ചില ആരാധ്യന്മാരെ ആരാധകർ സംരക്ഷിക്കണം !
പ്രളയം, നിപ്പ, കോവിഡ് … ഇതൊന്നും തടുക്കാൻ ആരെയും കാണില്ല. ഇപ്പോൾ അത്തരത്തിലുള്ള
എല്ലാ ” ആരാധ്യന്മാരും ” ഒളിവിലാണ്! ഒരു മാന്ത്രിക മോതിരത്തിന്റേയും ഏലസ്സിന്റേയും പരസ്യങ്ങൾ ഇപ്പോൾ പത്രങ്ങളിലില്ല!
നിന്ന നിൽപിൽ അർബുദം വരെ സുഖപ്പെടുത്തിയവരെ പറ്റിയും ഒരു വിവരവുമില്ല! പാവങ്ങൾ !
അല്ലാഹുവിന്റെ കുർസിയ്യ് ആണല്ലോ ആയത്തിലെ പ്രധാന വിഷയം. ആകാശ ഭൂമികളുടെ വലിപ്പമുണ്ടതിന്! ഏഴ് ആകാശങ്ങളുണ്ട് ! നാം എത്ര കണ്ടിട്ടുണ്ട് ? ഒന്ന്! അതു തന്നെ മുഴുവൻ കണ്ടിട്ടുണ്ടോ? ഇല്ല. ഈ കാണുന്ന സൂര്യചന്ദ്രാതി നക്ഷത്രങ്ങൾ മുഴുവനും ഒന്നാം ആകാശത്താണ് ! എത്ര നക്ഷത്രം നാം കണ്ടു! തുഛം! അവയുടെ വലിപ്പം ?
ഭാവനക്കുമപ്പുറം !
അപ്പോൾ രണ്ടാനാകാശം? ഒന്നിനേക്കാൾ വലുത് ! അങ്ങനെ ചിന്തിക്കൂ, ഏഴാനാകാശത്തിന്റെ വിശാലത എത്രയാണെന്ന്!
സുബ്ഹാനല്ലാഹ്!
അതു കഴിഞ്ഞ് ഭൂമിയുടെ വലിപ്പം എത്രയാണ്? ആരാണ് ഭൂമി മുഴുവൻ കണ്ടത്? ആരുമില്ല! അപ്പോൾ ആകാശങ്ങളുടെയും ഭൂമിയുടേയും വലിപ്പം കൂടിയാൽ എത്രയാണോ അതാണവന്റെ കുർസി യ്യിന്റെ വിശാലത ! എങ്കിൽ അവന്റെ അർശിന്റെ വിശാലത എത്രയായിരിക്കും! ഒരു ഹദീസ് നോക്കൂ!
[عن أبي ذر الغفاري:] ما الكرسيُّ في العرشِ إلّا كَحلقةٍ من حديدٍ أُلْقيَت بينَ ظَهْري فلاةٍ منَ الأرضِ
الألباني ، شرح الطحاوية ٢٧٩ • صحيح •
വിജനഭൂമിയിൽ വീണു കിടക്കുന്ന ഇരുമ്പിന്റെ വളയം പോലെയാണ് അർശിനെ അപേക്ഷിച്ച് കുർസിയ്യ് !
ഈ ചെറിയ ഇരുമ്പു വളയത്തെ കുറിച്ചാണ് ആകാശ ഭൂമിയുടെ വിശാലത എന്നു പറഞ്ഞത് ! അതിനപ്പുറത്ത് വിശാലമായി കിടക്കുന്ന ഭൂമി! അപ്പോൾ അർശിന്റെ വലിപ്പം എത്രയാണ്.! ഇത് അല്ലാഹുവിന്റെ സൃഷ്ടിയാണ്! ഇതുണ്ടാക്കിയ അല്ലാഹു എത്ര വലിയവൻ ! അല്ലാഹു അക്ബർ !
ഇതാണ് അവൻ العظيم ആണെന്ന് പറഞ്ഞത്!
ഈ അർശിന്റെയും മുകളിലാണവൻ ! അതാണ് العلي.
അർശടക്കമുള്ള സൃഷ്ടികളെ അവൻ നിയന്ത്രിക്കുന്നു ! എത്ര കാലമായി? അറിയില്ല! സഹായി ഉണ്ടോ? ഇല്ല! ക്ഷീണം ബാധിച്ചോ? ഇല്ല! മയക്കമുണ്ടോ? ഇല്ല .
ഉറങ്ങുന്നുണ്ടോ? അതും ഇല്ല!
അവൻ എത്ര പരിശുദ്ധൻ!
ഇങ്ങനെയുള്ളവന്റെ അടുക്കൽ അവന്റെ അനുവാദം കൂടാതെ ആർക്ക് മിണ്ടാനാവും?
ആർക്കുമാവില്ല! എല്ലാം അവന്റെ അടിമകൾ!
അവനെത്ര വലിയവൻ, നാം എത്ര നിസ്സാരർ !
അർശിന്റെ വലിപ്പത്തിനു മുന്നിൽ മനുഷ്യന്റെ വലിപ്പം എവിടെയാണ്? വളരെ നിസ്സാരം! പക്ഷേ, മനുഷ്യമനസ്സിലെ അഹങ്കാരത്തിന്റെ വലിപ്പമോ?
ഒരറ്റവും ഇല്ല!
അർശു മുതൽ ആകാശ ഭൂമികളിലുള്ള സൂക്ഷ്മ ജീവികൾ വരെ അവന്റെ ജ്ഞാനത്തിനുള്ളിലാണ്. അവയെ കുറിച്ച പൂർണ്ണ ജ്ഞാനം അവനുണ്ട് !
അവന്റെ ജ്ഞാനം പൂർണ്ണമാണ്. അവ്യക്തതകൾ ഇല്ലാത്തതാണ്.
ഇനി ആലോചിച്ചു നോക്കൂ, ഇങ്ങ് ഭൂമിയിലെ ഒരു കോണിലിരുന്ന് ഇത്തിരിപ്പോന്ന ഒരു മനുഷ്യൻ അത്യുന്നതനും അർശിന്റെയും കുർസിയ്യിന്റെയും ഉടമയുമായ അല്ലാഹുവിനെ നിഷേധിക്കുന്നുവെങ്കിൽ അവൻ എത്ര ധിക്കാരിയാണ് !!
അവൻ എത്ര വലിയ വിഢിയാണ്! അവൻ എത്ര വലിയ അഹങ്കാരിയാണ് !
പിശാചാണ് മനുഷ്യനെ ഇത്രവലിയ അഹങ്കാരിയാക്കുന്നത്. അവൻ വലിയ അഹങ്കാരിയാണല്ലോ. അതുകൊണ്ടു തന്നെ അഹങ്കാരിയായ പിശാചിനെതിരെയുള്ള മികച്ച ആയുധമാണ് ആയത്തുൽ കുർസിയ്യ് .
ഉസൈമീൻ (റ) ഈ ആയത്തിൽ നിന്ന് നിന്ന് ലഭിക്കുന്ന 38 ഗുണപാഠങ്ങൾ വിശദീകരിച്ചിട്ടുണ്ട്. അതിൽ ഒന്ന് ഇങ്ങനെയാണ്.
فإذا كنت متعاليا فى نفسك فاذكر علو الله.وإذاكنت عظيما في نفسك فاذكر عظمة الله.وإذا كنت كبيرا في نفسك فاذكر كبرياء الله
സ്വയം ഔന്നിത്യബോധം നിനക്കുണ്ടെങ്കിൽ നീ അല്ലാഹുവിന്റെ ഔന്നിത്യം ഓർക്കണം. ഞാൻ മഹാനാണ് എന്ന് നിനക്ക് തോന്നുന്നുവെങ്കിൽ നീ അല്ലാഹുവിന്റെ മഹത്വം ഓർമിക്കുക. ഞാൻ വലിയവനാണ് എന്ന് നിനക്ക് തോന്നുന്നുവെങ്കിൽ അല്ലാഹുവിന്റെ പ്രതാപം നീ ഓർക്കുക.
അതെ, മനുഷ്യനെ റബ്ബിന്റെ മഹത്വം പഠിപ്പിക്കുകയാണീ ആയത്ത് ചെയ്യുന്നത്. അഹങ്കാരത്തിന്റെയും അഹന്തയുടെയും
അഹംഭാവത്തിന്റെയും മുന തകർക്കുന്നതാണ് ഈ ആയത്ത് !
അല്ലാഹുവേ നീ എത്ര പരിശുദ്ധൻ !
Aamen