അബ്ദുറഹ്മാൻബ്നു ഔഫ്
വലിയ ഒരു വര്‍ത്തക പ്രമാണിയായിരുന്നു അബ്ദുര്‍റഹ്മാനുബ്നു ഔഫ്(റ) . സിറിയയില്‍നിന്നു വരുന്ന അദ്ദേഹത്തിന്‍റെ കച്ചവടച്ചരക്കു വഹിച്ചു ഒട്ടകക്കൂട്ടം അന്തരീക്ഷത്തില്‍ ഉയര്‍ത്തിവിടുന്ന പൊടിപടലം മദീന പട്ടണത്തില്‍ കണ്ണെത്താവുന്ന അകലെ നോക്കിക്കാണുന്ന പ്രേക്ഷകര്‍ അത് ഒരു മണല്‍ക്കാറ്റിന്‍റെ കുതിച്ചുവരവാണെന്ന് സംശയിക്കുമായിരുന്നു. ഒരിക്കല്‍ എഴുന്നൂറ് ഒട്ടകങ്ങള്‍ അടങ്ങിയ ഒരു വ്യൂഹം മദീനയെ സമീപിച്ചു. എവിടെയും അതിനെക്കുറിച്ചുള്ള സംസാരവും ആഹ്ളാദത്തിമിര്‍പ്പും കാണാമായിരുന്നു. അതുകണ്ട് അതിശയിച്ച ഉമ്മുല്‍മുഅ്മിനീന്‍ ആയിശ (റ)ചോദിച്ചു: “മദീനയില്‍ ഇന്നെന്താണൊരു പ്രത്യേകത?” ഒരാള്‍ പറഞ്ഞു: അബ്ദുര്‍റഹ്മാനുബ്നു ഔഫിന്‍റെ കച്ചവടച്ചരക്ക് എത്തിയിരിക്കുന്നു. ആയിശ (റ). “ഒരു കച്ചവടസംഘത്തിന്‍റെ കോലാഹലം ഇത്രത്തോളമോ?” അയാള്‍ പറഞ്ഞു: “അതേ, എഴുന്നൂറ് ഒട്ടകങ്ങള്‍ക്ക് വഹിക്കാവുന്നതാണ് അത്!” അത്ഭുതപരതന്ത്രയായ ആയിശ(റ) പറഞ്ഞു: നബി (സ) പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു. അബ്ദുര്‍റഹ്മാനുബ്നു ഔഫ് മുട്ടുകുത്തി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതായി ഞാന്‍ കാണുകയുണ്ടായി.” അബ്ദുര്‍റഹ്മാനുബ്നു ഔഫ് മുട്ടുകുത്തിയായിരിക്കുമോ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക! ആയിശ (റ) യുടെ വചനം ചിലര്‍ അദ്ദേഹത്തിന്‍റെ ചെവിയില്‍ എത്തിച്ചു. അദ്ദേഹം പറഞ്ഞു: “അതേ, പല പ്രാവശ്യം നബി (സ) അങ്ങനെ പറയുന്നത് ഞാന്‍ കേട്ടിരുന്നു.” അനന്തരം ആ ചരക്കില്‍ നിന്ന് ഒരു ഭാണ്ഡംപോലും കെട്ടഴിക്കാതെ അദ്ദേഹം നേരെ ആയിശ(റ)യുടെ വസതിയിലേക്ക് നടന്നു. ആയിശ(റ)യോട് അദ്ദേഹം പറഞ്ഞു: “ഞാന്‍ ഒരിക്കലും വിസ്മരിച്ചിട്ടില്ലാത്ത ഒരു നബിവചനമാണ് നിങ്ങള്‍ എന്നെ ഓര്‍മ്മിപ്പിച്ചത്. അതുകൊണ്ട് നിങ്ങളെ സാക്ഷി നിര്‍ത്തി ഈ എഴുന്നൂറ് ഒട്ടകങ്ങള്‍ വഹിക്കുന്ന ചരക്ക് മുഴുവന്‍ ഞാനിതാ പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്നു. അദ്ദേഹം മുട്ടുകുത്താതെ തന്നെ സ്വന്തം കാലില്‍ സദ്വൃത്തരായ തന്‍റെ കൂട്ടാളികളോടൊപ്പം സ്വര്‍ഗ്ഗാരോഹണം ചെയ്യാനുള്ള വഴിനോക്കുകയായിരുന്നു.
ഒരിക്കല്‍ നബി (സ) അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞിരുന്നു: “അബ്ദുര്‍റഹ്മാന്‍, നീ സമ്പന്നനാണ്. നീ മുട്ടുകുത്തിയായിരിക്കും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക. അതുകൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിര്‍ബാധം ചിലവഴിക്കൂ. എങ്കില്‍ സ്വതന്ത്രമായി നിനക്ക് സ്വര്‍ഗ്ഗത്തിലേക്ക് നടന്നുപോകാം. “ഞാന്‍ ഭൂമിയില്‍നിന്ന് ഒരു പാറക്കഷ്ണം പൊക്കിയെടുത്താല്‍ അല്ലാഹു എനിക്കതിന്നുള്ളില്‍ വെള്ളിക്കട്ടി നിക്ഷേപിച്ചിരിക്കും. അത്രമാത്രം ലാഭകരമായിരിക്കും എന്‍റെ കച്ചവടം എന്ന് സ്വയം വിശേഷിപ്പിച്ച അബ്ദുര്‍റഹ്മാന്‍ ” അളവറ്റ സമ്പത്തിന്‍റെ ഉടമയായിരുന്നു. എങ്കിലും അദ്ദേഹം ഒരിക്കലും സമ്പത്തിന്‍റെ അടിമയായിരുന്നില്ല. ദാറുല്‍അര്‍ഖമില്‍ നബി (സ) പ്രബോധന പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പുതന്നെ അബ്ദുര്‍റഹ്മാന്‍ ഇസ്ലാം മതമവലംബിച്ചിരുന്നു. അബൂബക്കര്‍(റ), ഉസ്മാന്‍(റ), സുബൈര്‍(റ), ത്വല്‍ഹത്ത്(റ), സഅദുബ്നു അബീ വഖാസ് (റ) എന്നിവരുടെകൂടെ അദ്ദേഹവും മുന്‍ നിരയില്‍ ഉള്‍പ്പെടുന്നു. ഇസ്ലാം മതവലംബിച്ചത് മുതല്‍ എഴുപത്തഞ്ചാമത്തെ വയസ്സില്‍ നിര്യാതനാകുന്നത് വരെ സത്യവിശ്വാസികളുടെ മാതൃകാപുരുഷനായി അദ്ദേഹം ജീവിച്ചു. സ്വര്‍ഗ്ഗാവകാശികള്‍ എന്ന് നബി (സ) സന്തോഷവാര്‍ത്ത നല്‍കിയ പത്ത് പേരില്‍ അദ്ദേഹവും ഉള്‍പ്പെടുന്നു. ഉമറി(റ)ന്‍റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ അദ്ദേഹം നിയോഗിച്ച ആറംഗ ആലോചനസമിതിയില്‍ ഒരാള്‍ അബ്ദുര്‍റഹ്മാന്‍ (റ) ആയിരുന്നു. നബി (സ) മരണമടഞ്ഞപ്പോള്‍ ഇവരെക്കുറിച്ച് സന്തുഷ്ടനായിരുന്നു എന്നാണ് ഉമര്‍ (റ) അവരെ നിയോഗിച്ചതിന് പറഞ്ഞ കാരണം. അബ്സീനിയയിലേക്ക് രണ്ടു പ്രാവശ്യം അദ്ദേഹം ഹിജ്റ പോയി. ബദര്‍, ഉഹ്ദ് അടക്കം എല്ലാ രണാങ്കണങ്ങളിലും മുമ്പന്തിയില്‍ നിലകൊള്ളുകയും ചെയ്തു.
മദീനയില്‍ അഭയം തേടിയ നബി (സ)യും അനുയായികളും ഭാരിച്ച സാമ്പത്തിക പ്രശ്നങ്ങളാണ് ആദ്യഘട്ടത്തില്‍ നേരിട്ടത്. നബി (സ) മുഹാജിറുകളില്‍ നിന്ന് ഒന്നും രണ്ടു, ചിലപ്പോള്‍ അതിലധികവും പേരെ ഓരോ അന്‍സാരികള്‍ക്ക് ഏല്‍പ്പിച്ചുകൊടുത്തു. അവര്‍ ഇസ്ലാമിന്‍റെ പേരില്‍ സഹോദരന്മാരായി വര്‍ത്തിച്ചു. ഭക്ഷണം പാര്‍പ്പിടം എന്നിവ അവര്‍ പങ്കിട്ടെടുത്തു. ഒന്നിലധികം ഭാര്യമാരുായിരുന്ന ചില അന്‍സാരികള്‍ തങ്ങളുടെ മുഹാജിര്‍ സഹോദരന്മാര്‍ക്ക് വേി അവരെ കയ്യൊഴിക്കാന്‍പോലും സന്നദ്ധരായി. തികച്ചും ഗാഢമായ ഒരു സഹോദരബന്ധമായിരുന്നു അവിടെ സ്ഥാപിക്കപ്പെട്ടത് എന്ന് പറയേണ്ടതില്ലല്ലോ. അബ്ദുര്‍റഹ്മാന്ന് (റ) കൂട്ടുകാരനായി ലഭിച്ചത് സഅദുബ്നു റബീഇ(റ) നെയായിരുന്നു. അനസുബ്നു മാലിക് (റ) പറയുന്നു. “സഅദുബ്നു റബീഅ്(റ) അബ്ദുര്‍റഹ്മാനോട് പറഞ്ഞു: സഹോദരാ, ഞാന്‍ മദീനയിലെ ഒരു വലിയ സമ്പന്നനാണ്. എന്‍റെ ധനത്തില്‍ പകുതി നിങ്ങള്‍ക്കു നല്‍കാം. എനിക്ക് രണ്ടു ഭാര്യമാരുണ്ട്. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരുവള്‍ക്ക് ഞാന്‍ മോചനം നല്‍കാം. എന്നാല്‍ നിങ്ങള്‍ക്ക് അവരെ വിവാഹം ചെയ്യാമല്ലോ. അബ്ദുര്‍റഹ്മാനുബ്നു ഔഫ് പറഞ്ഞു: “അല്ലാഹു നിങ്ങളുടെ ദനത്തിലും കുടുംബത്തിലും അനുഗ്രഹം വര്‍ദ്ധിപ്പിക്കട്ടെ.”അനന്തരം അബ്ദുര്‍റഹ്മാന്‍(റ) കച്ചവടത്തിന്ന് തയ്യാറായി. പട്ടണത്തിലിറങ്ങി കച്ചവടം ചെയ്തു. വലിയ സമ്പാദ്യം നേടുകയും ചെയ്തു. അങ്ങനെ നബി (സ)യുടെ ജീവിതകാലത്തും മരണാനന്തരവും അദ്ദേഹം കച്ചവടക്കാരനായി ജീവിച്ചുപോന്നു. തന്‍റെ ദീനീ ബാദ്ധ്യതകള്‍ക്ക് അദ്ദേഹത്തിന്‍റെ ഐഹിക ബന്ധങ്ങള്‍ ഒരിക്കലും തടസ്സമായില്ല. കച്ചവടത്തില്‍ അനുവദനീയമല്ലാത്ത ഒരു ദിര്‍ഹംപോലും കലരുന്നത് അദ്ദേഹം കണിശമായി ശ്രദ്ധിച്ചു. നൂറുശതമാനവും കളങ്കരഹിതമായിരുന്നു അദ്ദേഹത്തിന്‍റെ സമ്പത്ത്. ധനവാന്ന് അനായസേന സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ ദൈവമാര്‍ഗത്തില്‍ നിര്‍ബാധം ചിലവഴിക്കണമെന്ന നബി(?)യുടെ നിര്‍ദ്ദേശം ശരിക്കും കണക്കിലെടുത്തുകൊണ്ടുതന്നെയായിരുന്നു അദ്ദേഹം സമ്പത്ത് കൈകാര്യം ചെയ്തിരുന്നത്. ഒരിക്കല്‍ അദ്ദേഹം നാല്‍പതിനായിരം ദീനാറിന് ഒരു ഭൂസ്വത്ത് വില്‍ക്കുകയുായി. പ്രസ്തുത തുക മുഴുവന്‍ ദരിദ്രര്‍ക്കും നബി (സ)യുടെ വിധവകള്‍ക്കും മറ്റുമായി അദ്ദേഹം വിതരണം ചെയ്തു. മറ്റൊരിക്കല്‍ മുസ്ലിംസൈന്യ ഫിലേക്ക് അഞ്ഞൂറു പടക്കുതിരകളെയും ആയിരത്തഞ്ഞൂറ് ഒട്ടകങ്ങളെയും സംഭാവന ചെയ്തു. മരണപത്രത്തില്‍ അമ്പതിനായിരം ദീനാറായിരുന്നു അദ്ദേഹം അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്ക് നീക്കിവെച്ചിരുന്നത്. ബദര്‍ യുദ്ധത്തില്‍ സംബന്ധിച്ചവരില്‍ അന്ന് അവശേഷിച്ചിരുന്ന ഓരോ സഹാബിമാര്‍ക്കും നാനൂറ് ദീനാര്‍വീതം അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. സമ്പന്നനായിരുന്നിട്ടുപോലും ഉസ്മാന്‍ (റ) തന്‍റെ വിഹിതമായ നാനൂര്‍ ദീനാര്‍ കൈപ്പറ്റി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “അബ്ദുര്‍റഹ്മാന്‍റെ സമ്പത്ത് കറയില്ലാത്തതും ഹലാലുമാകുന്നു. അതില്‍നിന്ന് ഓരോപിടി ഭക്ഷണം പോലും ക്ഷേമവൃദ്ധിയും സൗഖ്യദായകവുമാകുന്നു.”
അബ്ദുറഹ്മാന്‍(റ) സമൃദ്ധമായ സമ്പത്തിന്‍റെ ഉമയായിരുന്നു. ഒരിക്കലും അദ്ദേഹം അതിന്‍റെ അടിമയായിരുന്നില്ല. സമ്പത്തിന്ന് വേണ്ടി അദ്ദേഹം അഹോരാത്രം പരിശ്രമിച്ചില്ല. നിഷ്പ്രയാസം, അനുവദനീയമായ മാര്‍ഗത്തിലൂടെ അദ്ദേഹത്തിന് അത് വന്നു ചേര്‍ന്നു. സ്വാര്‍ഥത്തിന്ന് വേണ്ടി അദ്ദേഹം അത് ഉപയോഗിച്ചതുമില്ല. തന്‍റെ ബന്ധുമിത്രാദികളും അയല്‍വാസികളും സമൂഹവും അതനുഭവിച്ചു. അദ്ദേഹത്തിന്‍റെ സമ്പത്തില്‍ എല്ലാ മദീനക്കാരും പങ്കുകാരായിരുന്നു. ആധിക്യം അദ്ദേഹത്തെ അഹങ്കാരിയാക്കിയില്ല. ഒരിക്കല്‍ നോമ്പുതുറക്കാനുള്ള ഭക്ഷണം അദ്ദേഹത്തിന്‍റെ മുമ്പില്‍ കൊണ്ടുവരപ്പെട്ടു. ഭക്ഷണത്തളികയിലേക്ക് നോക്കി കണ്ണുനീരൊഴിക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: “മിസ്അബ് അന്ന് രക്തസാക്ഷിയായി. അദ്ദേഹം എന്നെക്കാള്‍ ഉത്തമനായിരുന്നു. തലയും കാലും മറയാത്ത ഒരു കഷ്ണം തുണിയിലായിരുന്നു അദ്ദേഹത്തിന്‍റെ മൃതദേഹം പൊതിയപ്പെട്ടത്. ഹംസ (റ) രക്തസാക്ഷിയായി. അദ്ദേഹവും എന്നെക്കാള്‍ ഉത്തമനായിരുന്നു. അദ്ദേഹത്തെയും ഒരു ആവശ്യത്തിന്ന് തികയാത്ത പരുക്കന്‍ തുണിയിലാണ് പൊതിഞ്ഞത്. ഇന്ന് ഞങ്ങള്‍ സമ്പന്നരായി തീര്‍ന്നിരിക്കുന്നു. ഞങ്ങളുടെ സല്‍കര്‍മ്മങ്ങളുടെ പ്രതിഫലം ഞങ്ങള്‍ക്ക് ഇവിടെവെച്ചുതന്നെ അല്ലാഹു നല്‍കിയതായിരിക്കുമോ എന്നു ഞാന്‍ ഭയപ്പെടുന്നു.”മറ്റൊരിക്കല്‍ തന്‍റെ വീട്ടിലെ ഒരു സദ്യയില്‍വെച്ചു അദ്ദേഹത്തിന്‍റെ കണ്ണുകള്‍ നിറഞ്ഞു. സദസ്യര്‍ ചോദിച്ചു: എന്തിനാണ് നിങ്ങള്‍ കരയുന്നത്? അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്‍റെ പ്രവാചകന്‍ വഫാത്തായി. പ്രവാചകനോ അവിടുത്തെ കുടുംബാംഗങ്ങളോ ഒരിക്കലും വയര്‍ നിറച്ചു ഭക്ഷണം കഴിച്ചിരുന്നില്ല. നമ്മെ അല്ലാഹു അവശേഷിപ്പിച്ചത് നമുക്ക് ഗുണപ്രദമാണ് എന്ന് എനിക്കഭിപ്രായമില്ല.”തന്‍റെ ഭൃത്യന്മാരുടെ കൂടെയായിരിക്കുന്ന അബ്ദുര്‍റഹ്മാനെ(റ) അപരിചിതനായ ഒരാള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. അത്രയും ലളിതമായിരുന്നു അദ്ദേഹത്തിന്‍റെ വേഷഭൂഷാദികള്‍
ഉഹ്ദ് യുദ്ധത്തില്‍ അദ്ദേഹത്തിന്ന് ഇരുപതിലധികം മുറിവുകള്‍ ഏറ്റു. ഒരുകാലിന്ന് മുടന്ത് സംഭവിച്ചു. മുന്‍ പല്ലുകള്‍ നഷ്ടപ്പെട്ടു. പ്രസന്നവദനനും ആജാനുബാഹുവും സുന്ദരനുമായിരുന്ന അദ്ദേഹം അന്നുമുതല്‍ മുടന്തനും മുമ്പല്ലു നഷ്ടപ്പെട്ടവനുമായി തീര്‍ന്നു. ഹിജ്റ 82-ാം വര്‍ഷം അബ്ദുര്‍റഹ്മാന്‍ (റ) രോഗഗ്രസ്തനായി. ആയിശ (റ) തന്‍റെ വീട്ടില്‍ നബി (സ)യുടെ ഖബറിന്നടുത്ത് അദ്ദേഹത്തെ മറവുചെയ്യാന്‍ സ്ഥലം നല്‍കാമെന്ന് അറിയിച്ചു. അദ്ദേഹം വിനയപുരസ്സരം അത് നിരസിക്കുകയാണ് ചെയ്തത്. നബി (സ)യുടെയും അബൂബക്കറിന്‍റെയും മഹല്‍സന്നിധിയില്‍ അന്ത്യവിശ്രമം കൊള്ളാന്‍ അദ്ദേഹത്തിന്‍റെ വിനയം അദ്ദേഹത്തെ അനുവദിച്ചില്ല. ബഖീഇല്‍ ഉസ്മാനുബ്നുമള്ഊന്‍റെ ഖബറിന്ന് അടുത്ത് അദ്ദേഹം മറവുചെയ്യപ്പെട്ടു.