സ്ത്രീകൾ മതപരമായ അറിവ് നേടുന്നതിന്റെ ആവശ്യകത. -ഫായിസ് ബിൻ മഹ്​മൂദ് അൽ ഹികമി.

സ്ത്രീകൾ മതപരമായ അറിവ് നേടുന്നതിന്റെ ആവശ്യകത.

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
 
അല്ലാഹു പറയുന്നു :
 
يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ [سورة التحريم : ٦]
 
“ഹേ, വിശ്വസിച്ചവരേ, നിങ്ങള് നിങ്ങളുടെ ദേഹങ്ങളെയും, നിങ്ങളുടെ കുടുംബങ്ങളെയും ഒരു (വമ്പിച്ച) അഗ്നിയില് നിന്ന് കാത്തുകൊള്ളുവിന്! അതില് കത്തിക്കപ്പെടുന്നത് [വിറകു] മനുഷ്യരും, കല്ലുമാകുന്നു. അതിന്റെ മേല്(നോട്ടത്തിനു) പരുഷസ്വഭാവക്കാരും കഠിനന്മാരുമായ മലക്കുകളുണ്ടായിരിക്കും. അവരോടു കല്പിച്ചതില് അവര് അല്ലാഹുവിനോട് അനുസരണക്കേട്‌ കാട്ടുകയില്ല; അവരോടു കല്പിക്കപ്പെടുന്നത് (ഏതും) അവര് ചെയ്യുകയും ചെയ്യും.” [തഹ്‌രീം : 6]
 
ഇതിന്റെ വിശദീകരണമായി അലിയ്യുബ്നു അബീ ത്വലിബ് رضي الله عنه പറയുന്നു : “അഥവാ, നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും നന്മ പഠിപ്പിക്കുക” (ഹാകിം തന്റെ മുസ്തദ്റകിൽ ഉദ്ധരിച്ചത്) ഇത് സ്ഥിരപ്പെട്ടതാണ്.
 
അല്ലാഹു تعالى സത്യവിശ്വാസികളോട് അവരുടെയും അവരുടെ കുടുംബത്തിന്റെയും അല്ലാഹുവിന്റെ ശിക്ഷയുടെയും ഇടയിൽ സംരക്ഷണ കവചം ഉണ്ടാക്കുവാനായി കല്പിച്ചിട്ടുണ്ട്. നമ്മുടെ മതത്തിന്റെ വിധിവിലക്കുകളെ കുറിച്ച് പഠിക്കലും അവയെ നമ്മുടെ കുടുംബത്തിന് പഠിപ്പിച്ച് കൊടുക്കലും നന്മയിൽപ്പെട്ടതാണ്, ഒരു മുസ്‌ലിമായ സ്ത്രീ അവൾ മകളോ, സഹോദരിയോ, ഭാര്യയോ, ആകട്ടെ അറിവോടുകൂടി അല്ലാഹുവിനെ ആരാധിക്കാൻ ആവശ്യക്കാരിയായിത്തീരുന്നുണ്ട്. സ്ത്രീകളാകട്ടെ പുരുഷന്മാരെ പോലെ തന്നെ മതവിധികളാൽ കൽപ്പിക്കപ്പെട്ടവരുമാണ്.
അവളുടെ ദീനിനെ അവൾക്ക് പഠിക്കുവാനും നിർദ്ദേശങ്ങൾ നൽകുവാനുമായി ഉപ്പയോ, സഹോദരനോ, ഭർത്താവോ, മഹ്റമോ (വിവാഹ ബന്ധം നിഷിദ്ധമായവർ) പോലുള്ളവരെ അവൾക്ക് ആശ്രയിക്കാം. ഇനി അവരെയൊന്നും ഇതിനായി ലഭിച്ചില്ലായെങ്കിൽ മതത്തിലെ അറിയപ്പെട്ട നിയമങ്ങൾ പാലിച്ചുകൊണ്ട് പണ്ഡിതന്മാരോട് ചോദിച്ച് പഠിക്കുകയും ചെയ്യാം.
 
ദീനിന്റെ വിധിവിലക്കുകൾ പഠിക്കുന്ന വിഷയത്തിൽ മുസ്‌ലിം സ്ത്രീ പിന്നോക്കം നിൽക്കുകയാണെങ്കിൽ ആ പാപഭാരത്തിന്റെ അധികവും അവളുടെ വലിയ്യോ, ഉത്തരവാദിത്തപ്പെട്ടവരോ ആയവരും, ഭാഗികമായി അവളും ചുമക്കേണ്ടി വരും. മുസ്‌ലിം സ്ത്രീയുടെ അവസ്ഥയിലും അവളുടെ അജ്ഞതയിലും ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഇമാം ഇബ്നുൽ ജൗസി رحمه الله പറയുകയാണ് : ഞാൻ ജനങ്ങളെ അറിവിലേക്ക് പ്രോത്സാഹനം നൽകിക്കൊണ്ടേയിരിക്കുകയാണ്. കാരണം, അത് നേർമാർഗ്ഗം പ്രാപിക്കാനുള്ള വെളിച്ചമാണ്. എന്നാൽ അറിവിൽ നിന്നും അകന്നു നിൽക്കുകയും, തന്നിഷ്ടങ്ങൾക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്ന സ്ത്രീകളാണ് എന്തുകൊണ്ടും പുരുഷന്മാരേക്കാൾ ഇതിലേക്ക് ആവശ്യക്കാരെന്നാണ് എനിക്ക് തോന്നുന്നത്. (തന്റെ കാലത്തിന്റെ അവസ്ഥയെപ്പറ്റിയാണ് അദ്ദേഹം സംസാരിക്കുന്നത്) കാരണം, അധിക സമയത്തും അവരുടെ മടിയിൽ വളരുന്ന കുഞ്ഞിന് ഖുർആൻ ഓതി പഠിപ്പിക്കുകയോ ആർത്തവ രക്തത്തിൽ നിന്നുള്ള ശുദ്ധി, നമസ്കാരത്തിന്റെ റുക്നുകൾ തുടങ്ങിയവ അറിയുകയോ കല്യാണത്തിനു മുമ്പ് ഭർത്താവിനോടുള്ള തന്റെ ബാധ്യതകൾ മനസ്സിലാക്കുകയോ അവൾ ചെയ്യുന്നില്ല തുടങ്ങി ധാരാളം അപകടങ്ങൾ ഈ വിഷയത്തിലുണ്ട്”. [അഹ്കാമുന്നിസാഅ്]
ആയതിനാൽ പൂർണമായ ഇസ്‌ലാമിനെ ആഗ്രഹിക്കുന്ന മുസ്‌ലിം വനിത ഉപകാരപ്രദമായ അറിവ് പഠിക്കുകയും സ്ത്രീകളിൽ നിന്നുള്ള തങ്ങളെ പോലുള്ളവർക്ക് ഇതിനെ പ്രചരിപ്പിക്കുകയും വേണം, തീർച്ചയായും മുൻഗാമികളായ സ്ത്രീകൾ ദീനിന്റെ കാര്യങ്ങൾ പഠിച്ച് മനസ്സിലാക്കുവാൻ അങ്ങേയറ്റം താല്പര്യം കാണിച്ചിരുന്നവരായിരുന്നു. അബൂ സഈദ് അൽഖുദ്‌രി رضي الله عنه വിൽ നിന്ന് നിവേദനം : “സ്ത്രീകൾ അല്ലാഹുവിൻറെ പ്രവാചകനോട് പറഞ്ഞു:- ‘ഞങ്ങളെക്കാൾ പുരുഷന്മാരാണ് താങ്കളിലേക്ക് അധികമായും വരാറുള്ളത്. അതുകൊണ്ട് അങ്ങ് തന്നെ ഞങ്ങൾക്ക് ഒരു ദിവസത്തെ നിശ്ചയിച്ചു തരണം’. അപ്പോൾ പ്രവാചകൻ ﷺ അവരെ കണ്ടുമുട്ടാനായി ഒരു ദിവസത്തെ നിശ്ചയിച്ചുകൊടുക്കുകയും, അവർക്ക് ഉപദേശങ്ങളും കല്പനകളും നൽകുകയും ചെയ്തു. [സ്വഹീഹുൽ ബുഖാരി]
 
ഇബ്നു ഹജർ رحمه الله ഇതിന്റെ വിശദീകരണത്തിൽ പറയുന്നു : “ദീനീ കാര്യങ്ങൾ പഠിക്കുവാൻ സ്വഹാബാ വനിതകൾ കാണിച്ച അങ്ങേയറ്റത്തെ താല്പര്യത്തെ ഈ ഹദീസ് അറിയിക്കുന്നുണ്ട്”.
 
ഇപ്രകാരം ദീനിൽ പ്രാവീണ്യം നേടാനായി മുസ്‌ലിം വനിതകൾ മുന്നോട്ടു വരേണ്ടതുണ്ട്. വിശ്വാസവും തൗഹീദും തൗഹീദിന്റെ വിപരീതവും മനസ്സിലാക്കുകയും, ആരാധനകളുടെയും ഇടപാടുകളുടെയും വിധിവിലക്കുകളും ഇസ്‌ലാമിക സ്വഭാവ-മര്യാദകളും തുടങ്ങിയവ പഠിക്കുകയും ചെയ്തുകൊണ്ട് അല്ലാഹുവിന്റെ ദീനിൽ പാണ്ഡിത്യം ഉണ്ടാക്കുവാനായി നാം നമ്മുടെ സ്ത്രീകളെയും സഹോദരിമാരെയും ഉണർത്തേണ്ടതുണ്ട്.
ദീനിൽ പ്രാവീണ്യം നേടലും, അറിവ് നേടലും പുരുഷന്മാരെ പോലെത്തന്നെ സ്ത്രീകൾക്കും കൂടി നിർബന്ധമായ കാര്യമാണ്. കാരണം, ഇത് അല്ലാഹുവിന്റെ മതത്തിന്റെ അറിവാണ്. എന്തിനാണിത് ?. ഇസ്‌ലാമിനെ ജീവിപ്പിക്കാനും, ഈ മഹത്തായ ദീനിനെ വിവരിച്ചു കൊടുക്കാനും, ഈ അറിവിലേക്കും പ്രവാചകന്റെ മാർഗ്ഗത്തെ മുറുകെപ്പിടിക്കുന്നതിലേക്ക് ആളുകളെ ക്ഷണിക്കുവാനുമൊക്കെ വേണ്ടിയാണിത്.
 
ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു : “ആരെങ്കിലും ഇസ്‌ലാമിനെ ജീവസുറ്റതാക്കാനായി അറിവ് നേടിയാൽ അവൻ സ്വിദ്ദീഖു കളുടെ (സത്യവാന്മാരുടെ) കൂടെയായിരിക്കും, അവന്റെ സ്ഥാനം പ്രവാചകന്മാരുടെ സ്ഥാനത്തിനു ശേഷവുമായിരിക്കും”.[മിഫ്താഹു ദാരിസ്സആദ]
അതുകൊണ്ട് പുരുഷനാവട്ടെ സ്ത്രീയാവട്ടെ ഇസ്‌ലാമിനെ ജീവിപ്പിക്കാനും പ്രചരിപ്പിക്കാനും വേണ്ടി അറിവ് തേടിയാൽ അവൻ സത്യവാന്മാരുടെ കൂടെയും അവന്റെ സ്ഥാനം പ്രവാചകന്മാരുടെ സ്ഥാനത്തിനു ശേഷവുമായിരിക്കും. കാരണം, അവർ പ്രവാചകന്റെ അനന്തരത്തെയാണ് വഹിക്കുന്നതും പ്രചരിപ്പിക്കുന്നതും.
 
അതുകൊണ്ട് സ്ത്രീകൾ ഈ വിഷയത്തിൽ പ്രത്യേകം ശ്രദ്ധ കാണിക്കുക. മതപരമായ അറിവ് നേടുന്ന, അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന, അഗാധമായ പാണ്ഡിത്യമുള്ള, അതിൽ അടിയുറച്ചു നിൽക്കുന്ന, ക്ഷമിക്കുന്ന, അറിവിന്റെ അടയാളങ്ങൾ ജീവിതത്തിൽ പ്രകടമാകുന്ന മാതൃകാ വനിതകളെ നമുക്ക് ആവശ്യമുണ്ട്.
 
ഹസനുൽ ബസ്വരി رحمه الله പറഞ്ഞതുപോലെ : “ഒരാൾ അറിവ് നേടുകയും അല്പം കഴിയുകയും ചെയ്യുമ്പോൾ തന്നെ അറിവിന്റെ അടയാളത്തെ അവന്റെ നമസ്കാരത്തിലും സംസാരത്തിലും ശൈലിയിലും കാണപ്പെടാറുണ്ട്”. [അസ്സുഹ്ദ് – അഹ്മദ് ബിൻ ഹമ്പൽ]
ഇത് പുരുഷനെയും സ്ത്രീയെയും ഒരു പോലെ ഉദ്ദേശിച്ചുകൊണ്ടുള്ള സംസാരമാണ്. ഈ അറിവ് അവരെ സ്വാധീനിക്കുക തീർച്ചയാണ്. കാരണം, അവൻ വായിക്കുന്നത് അല്ലാഹുവും പ്രവാചകൻ ﷺ യും പറഞ്ഞു, അബൂബക്കർ സിദ്ദീഖ് رضي الله عنه വും, ഇബ്നു മസ്ഊദ് رضي الله عنه വും, മാലിക് رحمه الله വും, ശാഫിഈ رحمه الله യും പറഞ്ഞു എന്നൊക്കെയാണ്. ഇത് പ്രകാശത്തിനു മേൽ പ്രകാശമാണ്. അതിനാൽ നിർബന്ധമായും അവന്റെ നിസ്കാരത്തിലും, മറ്റു ആരാധനകളിലും, ഇടപാടുകളിലും, അറിവിന്റെ അടയാളം പ്രത്യക്ഷപ്പെടുക തന്നെ ചെയ്യും.
 
അതുകൊണ്ട് നമ്മുടെ ഭാര്യയും, സഹോദരിയും, മകളും, ഉമ്മയുമടങ്ങുന്ന മുസ്‌ലിം സ്ത്രീകളുടെ കാര്യത്തിൽ ശ്രദ്ധ കാണിക്കുക. നാം വല്ലതും പഠിക്കുകയോ അറിവിന്റെ സദസ്സുകളിൽ ഹാജരാവുകയോ ചെയ്താൽ ആ അറിവിനെ നമ്മുടെ കുടുംബക്കാർക്കും പഠിപ്പിച്ചു കൊടുക്കൽ നിർബന്ധമാണ്. ഇത് നാം തുടക്കത്തിൽ പാരായണം ചെയ്ത അല്ലാഹുവിന്റെ കല്പനയെ പിൻപറ്റലാണ് : “ഹേ, വിശ്വസിച്ചവരേ, നിങ്ങള് നിങ്ങളുടെ ദേഹങ്ങളെയും, നിങ്ങളുടെ കുടുംബങ്ങളെയും ഒരു (വമ്പിച്ച) അഗ്നിയില് നിന്ന് കാത്തുകൊള്ളുവിന്!”
അഥവാ നന്മയേയും ദീനിനെയും ഹറാമിനെയും ഹലാലിനെയും നിങ്ങളുടെ കുടുംബത്തെ പഠിപ്പിക്കുക. ഇത് ഫിത്നകളിൽ നിന്നും നരകശിക്ഷയിൽ നിന്നുമുള്ള സംരക്ഷണമായി മാറും. നമ്മെയും എല്ലാവരെയും അല്ലാഹു ആ ശിക്ഷയിൽ നിന്നും കാത്തുരക്ഷിക്കുമാറാകട്ടെ.
 
ഇത് നമുക്ക് ഉപകാരപ്പെടുവാനും, നമ്മുടെ സ്ത്രീകളെ നേർമാർഗ്ഗത്തിലാക്കാനും, നമുക്കും അവർക്കും മതത്തിൽ പാണ്ഡിത്യം നൽകാനുമായി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയാണ്… അല്ലാഹുവിനാണ് സർവ്വസ്തുതിയും.
 
^^^^^^^^^^^^^^^^^^^^^^^^^^^^^^
എഴുതിയത് :
ഷൈഖ് ഇബ്റാഹീം ബിൻ അബ്ദില്ല അൽ മസ്റൂഈ حفظه الله
ആശയ വിവർത്തനം :
ഫായിസ് ബിൻ മഹ്മൂദ് അൽ ഹികമി.

2 thoughts on “സ്ത്രീകൾ മതപരമായ അറിവ് നേടുന്നതിന്റെ ആവശ്യകത. -ഫായിസ് ബിൻ മഹ്​മൂദ് അൽ ഹികമി.”

  1. സംശയങ്ങൾ പീസ് റേഡിയോ ഫീഡ്ബാക്ക് ഓപ്ഷൻ വഴി അൽ ഇജാബ പ്രോഗ്രാമിലേക് അയക്കുക.

    Reply

Leave a Reply to Marva Cancel reply