പുകവലി മാരകമാണ്, നിഷിദ്ധവും.

സ്തുതികൾ മുഴുവനും അല്ലാഹുവിന് മാത്രമാകുന്നു. നമ്മുടെ പ്രവാചകൻ മുഹമ്മദ് നബി ﷺ യിലും അദ്ദേഹത്തിന്റെ കുടുംബത്തിലും അനുചരന്മാരിലും അദ്ദേഹത്തിന്റെ മാർഗ്ഗത്തിൽ വഴിനടന്നവരിലും സ്വലാത്തും സലാമും അല്ലാഹുവിൽ നിന്ന് വർഷിക്കുമാറാകട്ടെ
അല്ലാഹു സത്യവിശ്വാസികളുടെ ശരീരങ്ങളെ ഉപദ്രവിക്കുന്നതും അവരുടെ ദീനിനെ നഷ്ടപ്പെടുത്തുന്നതും കർമ്മങ്ങളെ തകർക്കുന്നതുമായ മുഴുവൻ ലഹരി പദാർത്ഥങ്ങളേയും നിരോധിച്ചിരിക്കുന്നു. അപ്രകാരം വിശ്വാസികൾക്ക് ബുദ്ധിപരവും ശാരീരികവുമായി തളർച്ചയുണ്ടാക്കുന്ന എല്ലാ വസ്തുക്കളേയും ഹറാമായി പ്രഖ്യാപിച്ചിരിക്കുന്നു. അവരുടെ ആരോഗ്യം സംരക്ഷിക്കുവാനും അവരുടെ സുരക്ഷിതത്വത്തിൽ താൽപ്പര്യം കാണിച്ചുമാണ് അല്ലാഹു ഇവകൾ നിരോധിച്ചത്. അല്ലാഹു പറഞ്ഞു:
....... وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَآئِثَ ….
((.......നല്ല വസ്തുക്കൾ അവർക്ക് അദ്ദേഹം അനുവദനീയമാക്കുകയും, ചീത്തവസ്തുക്കൾ അവരുടെമേൽ നിഷിദ്ധമാക്കുകയും ചെയ്യുന്നു...........))
ഇവിടെ ‘ഖബാഇഥ് ‘ (ചീത്തവസ്തുക്കൾ) എന്നത് കൊണ്ട് അർത്ഥമാക്കുന്നത് മനുഷ്യപ്രകൃതി നികൃഷ്ടവും മ്ലേച്ഛവുമായി കാണുന്നവയാണ്; അവയുടെ ഉപയോഗം ഉപ ദ്രവകരവും രോഗമുണ്ടാക്കുന്നതുമായിരിക്കും. ഇത്തരം വസ്തുക്കൾക്കുള്ള ദീനിന്റെ അടിസ്ഥാനപരമായ വിധി ‘ഹറാം’ മാണല്ലോ?
ഇത്തരം ‘ഖബാഇഥു’കളിൽ പെട്ടതാണ് പുകയിലയും നിക്കോട്ടിനും മറ്റും ചേർത്തുണ്ടാക്കുന്ന പുകയില ഉത്പ്പന്നങ്ങൾ. ആബാലവൃദ്ധം മുസ്‌ലീംകൾ അതിനാൽ പരീക്ഷിക്കപ്പെട്ടിരിക്കുന്നു. ധാർമ്മികനെന്നോ അധർമ്മകാരിയെന്നോ വ്യത്യാസമില്ലാതെ പലരും ജനങ്ങൾക്ക് മുമ്പിൽ പരസ്യമായി പുകയില ഉൽപ്പന്നങ്ങൾ വലിച്ചൂതി നടക്കുന്നു. മറ്റുള്ളവരുടെ വികാരങ്ങൾ മാനിക്കാതെയും അവർക്ക് ആദരവ് കൽപ്പിക്കാതെയും അവരുടെ അവകാശങ്ങൾ വകവെക്കാതെയും നിർലജ്ജം ഇത്തരം ആൾക്കാർ മനുഷ്യർക്ക് മുന്നിലൂടെ പുകവലിച്ചൂതി നടക്കുന്നു.
പുകവലി ഭൂരിപക്ഷം ജനങ്ങൾക്കും ഇന്ന് അനുവദനീയമായ ഒരു സംഗതിപോലെയാണ്. ദീനിനെകുറിച്ചുള്ള വിവരമില്ലായ്മകൊണ്ടും തങ്ങൾക്ക് ഉപകാരമുള്ളതും ഉപദ്രവകരമായതുമായ കാര്യങ്ങളെക്കുറിച്ചുമുള്ള വിവരക്കേടു കൊണ്ടും മാത്രമാണ് അവർ അപ്രകാരം ചെയ്യുന്നത്. ചിലർ വിശിഷ്യാ ചെറുപ്രായക്കാർ വിചാരിക്കുന്നത്, പുകവലി അവരുടെ പൗരുഷത്വത്തിന്റേയും സ്ഥാനമാനങ്ങളുടേയും പുരോഗതിയുടേയും വകുപ്പിൽപ്പെട്ടതാണ് എന്നാണ്. അതിനാൽതന്നെ ഏതുസമയവും അവന്റെ കൈയ്യിൽ സിഗരറ്റ് മാത്രമാണ്. അവന്റെ ജൽപനപ്രകാരം അവൻ എവിടെ ചെന്നാലും ആസ്വാദനം കാണുന്നത് ചുരുട്ടികൂട്ടിയ പുകയില വലിച്ചൂതിവിടുന്നതിലുമാണ്.
അല്ലാഹുവേ ഈ നികൃഷ്ട വസ്തുവിൽനിന്നും നീ ഞങ്ങൾക്ക് സലാമത്തേകേണമേ. ഞങ്ങൾക്ക് നീ സൗഖ്യം പ്രദാനം ചെയ്യേണമേ……

പുകവലികാരണമായുണ്ടാകുന്ന രോഗങ്ങൾ
ക്യാൻസർ ഇന്ന് ലോകരെ ഭയാനകതയിലേക്ക് ആഴ്ത്തുന്ന മഹാരോഗമാണല്ലോ? ക്യാൻസർ എന്ന് കേൾക്കുമ്പോൾ തന്നെ മനുഷ്യ ശരീരം ഞെട്ടിവിറക്കുകയാണ്. പുകവലിക്കുന്നവൻ തന്റെ ശരീരത്തെ യഥാർത്ഥത്തിൽ ക്യാൻസർ രോഗത്തിന്റെ മാരകമായ പിടുത്തത്തിലേക്ക് എറിഞ്ഞ് കൊടുക്കുകയാണ് ചെയ്യുന്നത്. അവൻ ഈ മാറാവ്യാധിയിലേക്ക് സ്വയം കുതിക്കുകയുമാണ്. ഇത് ബുദ്ധിയുള്ള ഒരു മനുഷ്യന് ചേർന്നതാണോ എന്ന് ആലോചിക്കുക.
അല്ലാഹു പറയുന്നു:
....... وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ ….
''.....നിങ്ങളുടെ കൈകളെ നിങ്ങൾ തന്നെ നാശത്തിൽ തള്ളി ക്കളയരുത്…..''
കൂടാതെ, അപകടകരമായ പല മാരകരോഗങ്ങളുടേയും കാരണക്കാരനാണ് പുകവലി. അത് വായക്കും പല്ലുകൾക്കും ഉപദ്രവങ്ങൾ വരുത്തുന്നു, നെഞ്ചിടുക്കമുണ്ടാക്കുന്നു, ശ്വാസോച്ഛാസ തടസ്സമുണ്ടാക്കുന്നു. രക്ത ചംക്രമണം തടുക്കുന്നു. ചുമയും ശക്തമായ കഫകെട്ടും ഉണ്ടാക്കുന്നു; മുഖത്ത് വിളർച്ചക്കും മെലിച്ചിലിനും കാരണമാകുന്നു. പെട്ടന്നുള്ള മരണവും ശക്തമായ തലവേദനയും സമ്മാനിക്കുന്നു. ശാസകോശങ്ങളെ തകർക്കുന്നു, പുണ്ണുണ്ടാക്കുന്നു, ഉറക്കംകെടുത്തുന്നു, പെരുമാറ്റങ്ങളെ പരുഷമാക്കുന്നു. മൂത്രക്കുഴലിനേയും വൃക്കയേയും മൂത്രാശയത്തേയും ബാധിക്കുന്നു. മൂക്കിലും തൊണ്ടയിലും രോഗമുണ്ടാക്കുന്നു. അറ്റമില്ലാത്തരോഗങ്ങളുടെ അടിമയാണ് പുകവലിക്കാരൻ. ഇതെല്ലാം വൈദ്യശാസ്ത്ര രംഗത്ത് വിദഗ്ധർ വെളിപ്പെടുത്തിയ യാഥാർത്ഥ്യങ്ങളും സ്ഥിരീകരിച്ച വാർത്തകളുമാണ്.
പുകവലി സാമ്പത്തിക ദുർവ്വ്യയമാണ്
പുകയില ഉത്പ്പന്നങ്ങൾ വിലക്കുവാങ്ങുന്നത് സമ്പത്തിനെ യാതൊരു ഉപകാരവുമില്ലാതെ ദുർവ്യയം ചെയ്യുന്നതിലാണ് എണ്ണപ്പെടുക. മാത്രമല്ല, സ്വന്തത്തെ കൊല്ലുവാനുള്ള വിഷദ്രവ്യം വിലക്ക് വാങ്ങുകയാണ് യഥാർത്ഥത്തിൽ അത്തരക്കാർ ചെയ്യുന്നത്. സമ്പത്ത് ദുർവ്യയം ചെയ്യുന്നത് അല്ലാഹു നിരോധിച്ചിരിക്കുന്നു. അല്ലാഹു പറഞ്ഞു:
وَلاَ تُبَذِّرْ تَبْذِيرًا. إِنَّ الْمُبَذِّرِينَ كَانُواْ إِخْوَانَ الشَّيَاطِينِ وَكَانَ الشَّيْطَانُ لِرَبِّهِ كَفُورًا
((.......നീ (ധനം)ദുർവ്യയം ചെയ്തുകളയരുത്. തീർച്ചയായും ദുർവ്യയം ചെയ്യുന്നവർ പിശാചുക്കളുടെ സഹോദരങ്ങളാകു ന്നു. പിശാച് തന്റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകുന്നു
പുകവലി ധൂർത്തും പണം ദുർവ്യയം ചെയ്യലുമാണ്; തീർച്ച. പുകവലിയിലൂടെ പിശാചിനോട് ഒരാൾ മൈത്രിയിലാവുകയാണ്. പിശാചിനോട് സമരസപ്പെടുകയുമാണ്. യഥാർത്ഥത്തിൽ ഇതുമാത്രംമതി പുകവലിക്ക് പണം ചില വഴിക്കുന്നവൻ ഏറ്റവും മോശക്കാരനാണെന്നത് മനസ്സിലാക്കുവാൻ; പുകവലിക്കുന്നത് ആക്ഷേപാർഹമാണ് എന്ന് അറിയുവാനും.
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ رِجَالاً يَتَخَوَّضُونَ فِي مَالِ اللهِ بِغَيْرِ حَقٍّ فَلَهُمُ النَّارُ يَوْمَ الْقِيَامَةِ
ചിലയാളുകൾ അല്ലാഹുവിന്റെ സമ്പത്തിനെ അനർഹമാ യി കൈകാര്യം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുന്നു. അവർക്കത്രെ അന്ത്യനാളിൽ നരകാഗ്‌നി
ഒരാൾ ദിനംപ്രതി മൂന്ന് റിയാലുകൾ പിച്ചിച്ചീന്തി കളയുകയും അതിൽ ആസ്വാദനം കണ്ടെത്തുകയും ചെയ്താൽ ലോകം അയാളെക്കുറിച്ച് ഭ്രാന്തൻ എന്നു പറയും. അയാൾ ചികിത്സിക്കപ്പെടേണ്ടത് നിർബന്ധവുമാണ്. അപ്പോൾ അതിനേക്കാൾ വലിയ തുകക്ക് പുകയില ഉത്പ്പന്നങ്ങൾ വാങ്ങുകയും അവ കത്തിച്ച് ഊതിവിടുകയും അതിലൂടെ തനിക്ക് നാശം വിലക്ക് വാങ്ങുകയും ചെയ്യുന്നവന്റെ അവസ്ഥ എന്താണ്?!!

പുകവലി വീരൻ യഥാർത്ഥത്തിൽ രണ്ട് വിപത്തുകളിലാണ് അകപ്പെടുന്നത്.
ഒന്ന്: സമ്പത്ത് നശിപ്പിക്കുക.
രണ്ട്: സ്വന്തത്തെ ഉപദ്രവിക്കുക. ഈ രണ്ടു വിഭാഗത്തിൽ ആരാണ് ഏറ്റവും കൂടുതൽ ആക്ഷേപത്തിനർഹർ?!
ചിലർ പുകയില ഉത്പ്പന്നങ്ങൾ വാങ്ങുവാൻ ചിലവഴിക്കുന്ന സമ്പത്തിനെ നിസ്സാരവൽക്കരിക്കാറുണ്ട്. അത്തരക്കാർ ഇതൊരു ധൂർത്തായി എണ്ണാറില്ല. അവരുടെ ദൃഷ്ടിയിൽ പുകയില ഉത്പ്പന്നങ്ങൾ വാങ്ങുവാൻ അവർ ചിലവഴിക്കുന്ന സമ്പത്ത് നിസ്സാരമാണ്. വളരെ കുറവുമാണ്. പക്ഷെ പ്രസ്തുത സംഖ്യയുടെ ക്ലിപ്തി നിർണ്ണയത്തിലേക്ക് നാം കണ്ണോടിച്ചാൽ ഇവർ ഈ വിഷദ്രവ്യം വാങ്ങിക്കൂട്ടു വാൻ തുലക്കുന്ന പതിനായിരങ്ങളുടെ എണ്ണവും വണ്ണവും നമുക്ക് അറിയുവാൻ സാധിക്കും. ഇരുപത് വർഷം പുകവ ലിക്കുന്ന ഒരു മനുഷ്യൻ പ്രതിദിനം 40 സിഗരറ്റ് വലിക്കുന്നു വെങ്കിൽ അയാൾ ചിലവഴിക്കുന്ന സംഖ്യ 57,000 റിയാൽ ആയിരിക്കും. പ്രതിദിനം 60 സിഗരറ്റ് വലിക്കുന്ന ഒരാൾ 86, 000 റിയാൽ 20 വർഷം കൊണ്ട് തുലക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല എത്ര സമയാണ് ഈയൊരു പ്രവൃത്തിക്കുവേണ്ടി മനുഷ്യൻ ചിലവഴിക്കുന്നത്. ഒരു സിഗരറ്റ് വലിക്കുവാൻ ഒരാൾ അഞ്ച് മിനിറ്റ് സമയമെടുത്താൽ 40 സിഗരറ്റ് വലിക്കുവാൻ അയാൾ 200 മിനിറ്റ് സമയമെടുക്കും. അഥവാ അല്ലാഹുവിനെ ധിക്കരിക്കുവാൻ മൂന്നുമണിക്കൂറുകളിലേറെ അയാൾ സമയം തുലക്കുന്നു. അപ്പോൾ പിന്നെ ആദർശത്തേയും സമ്പത്തിനേയും സമയത്തേയും ആരോഗ്യത്തേയും ഒരുപോലെ നശിപ്പിക്കുന്ന ഈ പാതക ത്തേക്കാൾ വലിയ പാതകം വേറെ ഏതുണ്ട് ?!
പുകവലി നിഷിദ്ധമാണെന്നറിയിക്കുന്ന തെളിവുകൾ
ചില പുകവലി വീരന്മാർക്ക് പുകവലിക്കുന്നതിന്റെ മതവിധി അജ്ഞമായേക്കും. അല്ലെങ്കിൽ ശൈത്വാൻ കാര്യങ്ങൾ അവന് ആശയകുഴപ്പമാക്കുന്നു. പല കളവുകളും സന്ദേഹങ്ങളും പിശാച് അവനിലേക്ക് എത്തിക്കുന്നു. അവയാകട്ടെ പുകവലി നിഷിദ്ധമല്ലെന്നും പുകവലിക്കുന്നവൻ തെറ്റുകാരനാകില്ലെന്നും അവനിൽ തോന്നലുകളുണ്ടാക്കുന്നു.
ആയതിനാൽ തന്നെ പുകവലിക്ക് അടിമയായ എല്ലാവരും സത്യം ആഗ്രഹിക്കുന്നുവെങ്കിൽ വിശുദ്ധക്വുർആനിൽനിന്നും സുന്നത്തിൽനിന്നും തഴെവരുന്ന തെളിവുകൾ നാം ഹാജരാക്കുന്നു:
അല്ലാഹു പറയുന്നു:
… وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَآئِثَ ….
((.........നല്ല വസ്തുക്കൾ അവർക്ക് അദ്ദേഹം അനുവദനീയമാക്കുകയും, ചീത്തവസ്തുക്കൾ അവരുടെമേൽ നിഷിദ്ധമാക്കുകയും ചെയ്യുന്നു.......))
പുകവലി ചീത്ത വസ്തുക്കളിൽ പെട്ടതാണെന്നതിൽ ബുദ്ധിയുള്ളവരാരും തന്നെ സംശയിക്കുകയില്ല.
അല്ലാഹു പറയുന്നു:
…….وَلاَ تُلْقُواْ بِأَيْدِيكُمْ إِلَى التَّهْلُكَةِ ….
((.........നിങ്ങളുടെ കൈകളെ നിങ്ങൾതന്നെ നാശത്തിൽ തള്ളികളയരുത്.......))
പുകവലി നാശഹേതുകങ്ങളായ രോഗങ്ങളിൽ മനുഷ്യനെ തള്ളിയിടും എന്നതിൽ സംശയം ഇല്ല; ഒരിക്കലും.
അല്ലാഹു പറയുന്നു:
….….وَلاَ تَقْتُلُواْ أَنفُسَكُمْ إِنَّ اللّهَ كَانَ بِكُمْ رَحِيمًا
((.........നിങ്ങൾ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീർച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു.......))
പുകവലി ഇഞ്ചിഞ്ചായി മനുഷ്യനെ കൊല്ലുന്ന കൊടുംപാതകിയാണ്.
അല്ലാഹു പറഞ്ഞു:
…….وَلاَ تُبَذِّرْ تَبْذِيرًا.
((.......നീ (ധനം)ദുർവ്യയം ചെയ്തുകളയരുത്.))
പുകവലി ധൂർത്തും പണം ദുർവ്യയം ചെയ്യലുമാണ്; തീർച്ച.
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لاَ ضَرَرَ وَلاَ ضِرَارَ
ഞാൻ ആരെയും ഉപദ്രവിക്കാനില്ല എന്നെ ആരും ഉപദ്രവിക്കുവാനും പാടില്ല
സ്വന്തത്തിനും കുടുംബത്തിനും കുട്ടികൾക്കും കൂടെയിരിക്കുന്നവർക്കും ഒരുപോലെ ഉപദ്രവകാരി മാത്രമാണ് പുകവലി.
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ آذَى مُسْلِماً فَقَدْ آذَانِي وَمَنْ آذَانِي فَقَدْ آذَى اللهَ
ഒരാൾ ഒരു മുസ്‌ലിമിനെ ഉപദ്രവിച്ചാൽ അവൻ എന്നെ ഉപദ്രവിച്ചു. ഒരാൾ എന്നെ ഉപദ്രവിച്ചാൽ അവൻ അല്ലാഹുവിനെ ഉപദ്രവിച്ചു

പുകവലി അയൽവാസിക്കും കൂട്ടുകാർക്കും നമസ്‌കരിക്കുന്നവർക്കും കർമ്മങ്ങൾ രേഖപ്പെടുത്തുന്ന മലക്കുകൾക്കും ഒരു പോലെ ഉപദ്രവമാണ്.
പുകവലിയും അതുകൊണ്ടുള്ള ഇടപാടുകളും ഹറാമാണെന്ന് വിധിക്കുവാൻ വേറേയും ഹദീഥുകൾ പണ്ഡിതന്മാർ തെളിവിനായി കൂട്ടുപിടിച്ചിട്ടുണ്ട്.
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
« مَنْ أَكَلَ ثُوماً أَوْ بَصَلاً فَلْيَعْتَزِلْنَا . أَوْ قَالَ : فَلْيَعْتَزِلْ مَسْجِدَنَا وَلْيَقْعُدْ فِي بَيْتِهِ »
ആരെങ്കിലും വെളുത്തുള്ളിയോ, ചുവന്നുള്ളിയോ ഭക്ഷിച്ചാൽ നമ്മളിൽനിന്നും (അല്ലെങ്കിൽ നബി ﷺ പറഞ്ഞു) നമ്മുടെ പള്ളികളിൽ നിന്നും വിട്ട്നിൽക്കട്ടെ. അവൻ അവന്റെ വീട്ടിൽ ഇരുന്നുകൊള്ളട്ടെ
ഇമാം മുസ്‌ലിം (റ) യുടെ മറ്റൊരു റിപ്പോർട്ടിൽ:
« مَنْ أَكَلَ الْبَصَلَ وَالثُّومَ والكُرَّاثَ فَلاَ يَقْرَبَنَّ مَسْجِدَنَا ؛ فَإِنَّ الْمَلآئِكَةَ تَتَأَذَّى مِمَّا يَتَأَذَّى مِنْهُ بَنُو آدَمَ »
ഉള്ളിയോ, വെളുത്തുള്ളിയോ. ഉള്ളിപുല്ലോ, തിന്നവൻ നമ്മുടെ പള്ളിയെ സമീപിക്കരുത്. മനുഷ്യർക്ക് ക്ലേശമുണ്ടാക്കുന്നത് മലക്കുകൾക്കും ക്ലേശമുണ്ടാക്കുന്നതാണ്
ഉമർ (റ) വെള്ളിയാഴ്ച ജുമുഅഃ ഖുതുബ നിർവ്വഹിക്കവെ ഇപ്രകാരം പറഞ്ഞു:
( ثُمَّ إِنَّكُمْ أَيُّهَا النَّاسُ ، تَأْكُلُونَ شَجَرَتَيْنِ لاَ أَرَاهُمَا إِلاَّ خَبِيثَتَيْنِ: هَذَا البَصَلَ والثُومَ ، لَقَدْ رَأَيْتُ رَسُولَ اللهِ إِذَا وَجَدَ رِيحَهُمَا مِنَ الرَجُلِ فِي المَسْجِدِ أُمِرَ بِهِ فَأُخْرِجَ إِلىَ الْبَقِيعِ ، فَمَنْ أَكَلَهُمَا فَلْيُمِتْهُمَا طَبْخاً )
ജനങ്ങളെ, നിങ്ങൾ ഉള്ളിയും വെളുത്തുള്ളിയും തിന്നുന്നു. ഞാനാവട്ടെ അവ രണ്ടും ഉപദ്രവകാരികളായിട്ട് മാത്രമാണ് കാണുന്നത്. തീർച്ചയായും അല്ലാഹുവിന്റെ റസൂൽ ﷺ പള്ളിയിൽവന്ന ആരിലെങ്കിലും അവയുടെ വാസന അറിഞ്ഞാൽ അയാളെ ബക്വീഅ് (ക്വബ്‌റ്സ്ഥാന്റെ) ഭാഗത്തേക്ക് പുറത്താക്കാൻ കൽപ്പിക്കപ്പെടുമായിരുന്നു. നിങ്ങളിൽ ആ രെങ്കിലും ഉള്ളിയോ വെളുത്തുള്ളിയോ ഭക്ഷിക്കുന്നുവെങ്കിൽ വേവിച്ച് അതിന്റെ വാസന കളയുക''
തിന്നൽ അനുവദനീയമായ ഈ രണ്ട് ഭക്ഷ്യവസ്തുക്കളുടെ വാസനയുടെ വിഷയത്തിൽ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞകാര്യമാണ് ഉപരിസൂചിത ഹദീഥുകൾ. അപ്പോൾ പിന്നെ സ്വന്തത്തേയും അന്യരേയും ഒരുപോലെ ഉപദ്രവിക്കുന്നതും ദുർഗന്ധം വമിക്കുന്നതും വൃത്തികെട്ടതുമായ പുകയില ഉത്പ്പന്നങ്ങളുടെ അവസ്ഥ എന്തായിരിക്കും ? അതിന്റെ ഗന്ധമാകട്ടെ ഉള്ളിയുടേയും വെളുതുള്ളിയുടേയും ഗന്ധത്തേക്കാൾ രൂക്ഷമാണുതാനും.
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
..وَمَنْ شَرِبَ سُمًّا فَقتلَ نَفْسَهُ ، فَهُوَ يَتَحَسَّاهُ فِي نَارِ جَهَنَّمَ خَالِداً مُخَلَّداً فِيهَا أَبَداً
ആരെങ്കിലും വിഷം കുടിക്കുകയും ആത്മഹത്യ നടത്തുകയും ചെയ്താൽ അവൻ നരകത്തീയിൽ നിത്യവാസിയായി അത് (വിഷം) കുടിച്ചുകൊണ്ടേയിരിക്കും
പുകയില ഉത്പ്പന്നങ്ങളിൽ ധാരാളം വിഷവസ്തുക്കൾ ഉൾകൊള്ളുന്നതിനാൽ യഥാർത്ഥത്തിൽ പുകവലിക്കാരൻ ചെയ്യുന്നത് സ്വന്തത്തെതന്നെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്.
ഈ തെളിവുകളെല്ലാം പുകവലിയും അതുകൊണ്ടുള്ള ഇടപാടുകളും ഹറാമാണെന്ന് അറിയിക്കുന്നു. ഈ കാര്യം ഒരു നിഷേധിയോ, മർക്കടമുഷ്ടിക്കാരനോ അല്ലാതെ നിഷേധിക്കില്ല.
പുകവലിക്ക് അടിമപ്പെട്ട സുഹൃത്തേ, പുകവലിക്കൽ നിഷിദ്ധമാണെന്നതിന് ഇതിൽപരം തെളിവുകൾ താങ്കൾക്ക് ആവശ്യമുണ്ടോ? വിശുദ്ധ ക്വുർആനിന്റെയും തിരുസുന്നത്തിന്റേയും വെളിച്ചത്തിൽ ഈ മതവിധികൾ കേട്ടതിൽ പിന്നെ വൃത്തികെട്ട പുകവലി താങ്കൾക്ക് ചേർന്നതാണോ? മനുഷ്യബുദ്ധിയുടെ താൽപര്യവും പുകവലി വൃത്തികെട്ടതാണെന്ന് നാം ഉണർത്തിയല്ലോ?
ഇത്തരമൊരു ദുഷിച്ച സമ്പ്രദായം താങ്കളെ അടിമപ്പെടുത്തുകയെന്നതും താങ്കൾ അതിന് ദാസ്യവേല ചെയ്യുകയെന്നതും നിന്ദ്യമല്ലേ? മില്യൻ കണക്കിന് ആളുകളെ ഈ ദുഷിപ്പ് തന്റെ ആധിപത്യത്തിന് കീഴിലാക്കിയിട്ടുണ്ട്. അവർ വിചാരിക്കുന്നതാകട്ടെ, പുകവലിക്കൽ പുരോഗതിയുടേയും, നാഗരികതയുടേയും, പൗരുഷത്തിന്റേയും പ്രഭാവത്തിന്റേ യും അഡ്രസ് ആണെന്നാണ്. യഥാർത്ഥത്തിൽ പുകവലിക്കൽ അല്ലാഹുവോടും അവന്റെ തിരുദൂതൻ ﷺ യോടു മുള്ള ധിക്കാരമാണ്. അതോടൊപ്പം തനിക്ക് ദോഷകരമാണ് എന്ന് ഉറപ്പുള്ള ഒരു സംഗതിയിലേക്ക് മുന്നേറുവാനുള്ള ഉദ്ദേശവും മനക്കരുത്തിന്റെ ദുർബലതയുമാണ് പുകവലിക്കുന്നതിലുള്ളത്.

പുകവലി ഹറാമാണെന്ന് പറഞ്ഞ ഹനഫീ മദ്ഹബിലെ പണ്ഡിതന്മാർ:
1. ശൈഖ് മുഹമ്മദ് അൽഅയ്‌നി. അദ്ദേഹത്തിന് ഒരു ലഘുകൃതി പുകവലി ഹറാമാണെന്ന വിഷയത്തിൽ ഉണ്ട്. നാല് മാർഗ്ഗേണ പുകവലി ഹറാമാണെന്ന് അദ്ദേഹം അതിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
2. ശൈഖ് മുഹമ്മദ് അൽഖവാജ.
3. ഈസാ അശ്ശഹാവി അൽഹനഫി.
4. മക്കി ഇബ്‌നു ഫർറൂഖ്.
5. ശൈഖ് സഅ്ദ് അൽബല്ഖീ അൽമദനി.
6. ഉമർ ഇബ്‌നു അഹ്മദ് അൽമിസ്വ്‌രി അൽഹനഫി.
7. കോൺസ്റ്റാന്റിനോപ്പിൾ മുഫ്തി അബുസ്സഊദ്.
ഇവരെക്കൂടാതെ ഹനഫീ മദ്ഹബിലെ വേറേയും പണ്ഡിതന്മാർ പുകവലി ഹറാമാണെന്ന് അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നു.
പുകവലി ഹറാമാണെന്ന് പറഞ്ഞ മാലികീ മദ്ഹബിലെ പണ്ഡിതന്മാർ:
1. അല്ലാമാ അബൂസെയ്ദ് സയ്യിദീ അബ്ദുറഹ്മാൻ അൽ ഫാസി, അദ്ദേഹം പറഞ്ഞു: ”അവലംബിക്കൽ അനി വാര്യമായതും ദീനിന്റേയും ദുനിയാവിന്റേയും നന്മക്കു വേണ്ടി മടങ്ങേണ്ടതുമായ അഭിപ്രായം; പുകയില ഉത്പ്പന്നങ്ങൾ ഉപയോഗിക്കൽ ഹറാമാണ് എന്നതാണ്. പുകവലി ഹറാമാണെന്നത് പരസ്യം ചെയ്യലും വിളംബരപ്പെടുത്തലും മുസ്‌ലിംനാടുകളിൽ പ്രചരിപ്പിക്കലും നിർബന്ധമാണ്. കാരണം, അനുഭവസ്ഥരും വിവേകമുള്ളവരു മായ ധാരാളമാളുകൾ പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗം തളർച്ചയും മരവിപ്പും ഉണ്ടാക്കും എന്ന് അംഗീ കരിച്ചക്കുന്നു.
2. ശൈഖ് ഇബ്‌റാഹീം അല്ലക്ക്വാനി.
3. ശൈഖ് സാലിം അസ്സൻഹൂറി
ഇവരെക്കൂടാതെ മാലികീ മദ്ഹബിലെ ധാരാളം പണ്ഡിതന്മാർ പുകവലി ഹറാമാണെന്ന് അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നു.
പുകവലി ഹറാമാണെന്ന് ഫത്‌വ പറഞ്ഞ ശാഫിഈ പണ്ഡിതന്മാർ:
1. ഇബ്‌നു അല്ലാൻ. ‘റിയാദുസ്സ്വാലഹീനിനും, അൽഅദ്കാറിനും വിവരണം എഴുതിയ പണ്ഡിതനാണ് അദ്ദേഹം. പുകവലി ഹറാമാണെന്ന വിഷയത്തിൽ അദ്ദേഹത്തിന് രണ്ട് ലഘുകൃതികൾ ഉണ്ട്.
2. ശൈഖ് അബ്ദുർ റ്വഹീം അൽഗസ്സി.
3. ഇബ്‌റാഹീം ഇബ്‌നു ജംആൻ.
4. അബൂബക്കർ ഇബ്‌നു മുഹമ്മദ് അൽഅഹ്ദൽ
5. ക്വൽയൂബി.
6. ബുജയ്‌രിമി.
ഇവരെക്കൂടാതെ ശാഫിഈ മദ്ഹബിലെ ധാരാളം പണ്ഡിതന്മാർ പുകവലി ഹറാമാണെന്ന് അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നു.
പുകവലി ഹറാമാണെന്ന് പറഞ്ഞ ഹമ്പലീ മദ്ഹബിലെ പണ്ഡിതന്മാർ:
പുകവലി ഹറാമാണെന്ന വിഷയത്തിൽ ഹമ്പലീ മദ്ഹബിലെ പണ്ഡിതന്മാർ ഒറ്റപ്പെട്ട, അവലംബയോഗ്യമല്ലാ ത്ത അഭിപ്രായങ്ങൾ മാറ്റിവെച്ചാൽ എല്ലാവരും ഏകോപി ച്ചിരിക്കുന്നു.
1. ശൈഖ് മുഹമ്മദ് ഇബ്‌നു അബ്ദിൽവഹ്ഹാബ്.
2. ശൈഖ് മുഹമ്മദ് ഇബ്‌നു ഇബ്‌റാഹീം ആലു ശൈഖ്.
3. ശൈഖ് അബ്ദുർറഹ്മാൻ നാസ്വിർ അസ്സഅ്ദി.
4. അബ്ദുല്ല അബൂ ബത്വീൻ.
ചിന്തോദ്ദീപക നിർദ്ദേശങ്ങൾ
ഒന്ന്: സുഹൃത്തേ, താങ്കൾ അല്ലാഹുവിനോടുള്ള അടിമത്വത്തിലാണെന്നതിന്റെ തേട്ടങ്ങളിൽ പെട്ടതാണ്; അവനെ അനുസരിക്കുക, അവനോട് അനുസരണക്കേട് കാണിക്കാതിരിക്കുക. അവന് നന്ദി കാണിക്കുക, അവനോട് നന്ദികേട് കാണിക്കാതിരിക്കുക. അവനെ സദാഓർക്കുക, അവനെ മറക്കാതിരിക്കുക എന്നീകാര്യങ്ങൾ. അപ്രകാരംതന്നെ അവൻ താങ്കൾക്ക് വിജയകരവും, ആരോഗ്യപരവുമായ കാര്യങ്ങളാണ് കൽപ്പിക്കുക. താങ്കൾക്ക് ഇഹത്തിലും, പരത്തിലും ചീത്തപര്യവസാനമുള്ളതും ദൗർഭാഗ്യകരവുമായത് മാത്രമാണ് അവൻ താങ്കളോട് വിലക്കുക എന്നത് താങ്കൾ അറിയലും താങ്കൾ അല്ലാഹുവിനോടുള്ള അടിമത്വത്തിലാണെ ന്നതിന്റെ തേട്ടങ്ങളിൽ പെട്ടതാണ്. പുകവലി അല്ലാഹു ഹറാമാക്കിയതാണെന്നതിൽ സംശയമില്ല. താങ്കൾ കൈ വെടിയണമെന്ന് അല്ലാഹു ആജ്ഞാപിക്കുകയും ചെ യ്തതാണെന്നതിൽ സംശയമില്ല. അങ്ങിനെ അല്ലാഹുവോടുള്ള താങ്കളുടെ വിധേയത്വത്തെ താങ്കൾ സത്യസന്ധമാക്കുക.
രണ്ട്: താങ്കളുടെ സമ്പത്തിനെക്കുറിച്ച് താങ്കൾ ചോദ്യം ചെയ്യപ്പെടും; അത് എവിടെ നിന്ന് സമ്പാദിച്ചു, എന്തിൽ വിനിയോഗിച്ചു. താങ്കളുടെ ആയുസ്സിനെകുറിച്ച് ചോദ്യം ചെയ്യപ്പെടും; അത് എന്തിൽ നശിപ്പിച്ചു എന്നതിനെകുറിച്ച്. താങ്കളുടെ യൗവ്വനം ചോദ്യംചെയ്യപ്പെടും; അത് എന്തിൽ പാഴാക്കിയെന്ന്. ആയതിനാൽ ഈ വിചാരണക്കുള്ള ഉത്തരം നൽകുവാൻ താങ്കൾ തയ്യാറാകുക. ഉത്തരം ശരിയായതുമാക്കുക. താങ്കളുടെ ആരോഗ്യത്തിൽ നിന്ന് രോഗം വരുന്നതിനുമുമ്പ് താങ്കൾ മുതലെടുക്കുക. താങ്കളുടെ സമ്പത്തുകൊണ്ട് ദാരിദ്ര്യം വരുന്നതിന് മുമ്പ് മുതലെടുക്കുക. താങ്കളുടെ ജീവിത കാലയളവിൽ നിന്ന് താങ്കൾക്ക് മരണം വരുന്നതിനുമുമ്പ് താങ്കൾ മുതലെടുക്കുക. ഇവ കൊണ്ട് ലാഭം നേടിയെടുക്കുവാനാണല്ലോ അല്ലാഹുവിന്റെ റസൂൽ ﷺ നമ്മോട് വസ്വിയ്യത്ത് ചെയ്തത്.
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لا تَزُولُ قَدِمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ خَمْسٍ: عَنْ عُمُرُهِ فِيمَا أَفْنَاهُ ؟ وَعَنْ شَبَابِهِ فِيمَا أَبْلاهُ ؟ وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَا أَنْفَقَهُ ؟ وَعَنْ عَلِمهِ مَاذَا عَمِلَ فِيهِ؟
ആദം സന്തതികളുടെ ഇരുകാൽപ്പാദങ്ങളും അന്ത്യനാളിൽ (അല്ലാഹുവിന്റെ മുന്നിൽനിന്നും) നീങ്ങിപ്പോവുകയില്ല; അഞ്ച് കാര്യങ്ങളെക്കുറിച്ച് അവൻ ചോദിക്കപ്പെടാതെ. തന്റെ ആയുസ്സിനെക്കുറിച്ച്; അത് എന്തിൽ നശിപ്പിച്ചുവെന്ന്. തന്റെ യൗവ്വനത്തെക്കുറിച്ച്; അത് എന്തിൽ ക്ഷയിപ്പിച്ചുവെന്ന്. തന്റെ സമ്പത്തിനെക്കുറിച്ച്; അത് എവിടെനിന്നും സമ്പാദിച്ചു, അത് എന്തിൽ ചിലവഴിച്ചു. തന്റെ അറിവിനെക്കുറിച്ച്; അതുകൊണ്ട് എന്ത് കർമ്മം ചെയ്തു
اغتنم خمسا قبل خمس : شبابك قبل هرمك ، وصحتك قبل سقمك ، وغناك قبل فقرك ، وفراغك قبل شغلك ، وحياتك قبل موتك
അഞ്ച് കാര്യങ്ങൾ(വന്നെത്തുന്നതിനു)മുമ്പ് അഞ്ച് കാര്യങ്ങൾ കൊണ്ട് താങ്കൾ പ്രയോജനമെടുക്കുക. താങ്കളുടെ വാർദ്ധ്യകത്തിന് മുമ്പ് താങ്കളുടെ യൗവ്വനംകൊണ്ട്, താങ്ക ളുടെ രോഗത്തിന് മുമ്പ് താങ്കളുടെ ആരോഗ്യം കൊണ്ട്, താങ്കളുടെ ദാരിദ്ര്യത്തിന് മുമ്പ് താങ്കളുടെ ഐശ്വര്യം കൊണ്ട്, താങ്കൾ ജോലിയിൽ വ്യാപൃതനാകുന്നതിന് മുമ്പ് താങ്കളുടെ ഒഴിവുസമയം കൊണ്ട്, താങ്കളുടെ മരണത്തിന് മുമ്പ് താങ്കളുടെ ജീവിതം കൊണ്ട്
മുന്ന്: ജനങ്ങൾ വർദ്ധിച്ചസമ്പത്തുക്കൾ സുഗന്ധവസ്തുക്കൾ വിലക്കുവാങ്ങാൻ ചിലവഴിക്കുന്നു. അത് അവർക്ക് നിർവൃതി പകരുന്നു. അവരുടെ ഹൃദയങ്ങളെ സന്തോഷഭരിതമാക്കുന്നു. എന്നാൽ പുകവലിക്കാരൻ അവനിൽ നിന്ന് ദുർഗന്ധമാണ് വമിക്കുന്നത്. അത് അവനിൽനിന്ന് ആളുകൾക്ക് അകൽച്ചയും അറപ്പുമാണ് ഉണ്ടാക്കുന്നത്.
നാല്: ബുദ്ധിമാന്മാർ ഔന്നത്യമാണ് അന്വേഷിക്കുന്നത്; അവരെ മറ്റുള്ളവർ മാതൃകയാക്കുന്നതിനുവേണ്ടി. എന്നാൽ പുകവലിക്കുന്നവൻ പതിതാവസ്ഥയിലേക്കാണ് ഇറങ്ങികൊണ്ടിരിക്കുന്നത്. അധോഗതിയുടെ ആഴങ്ങളിലേക്ക് അവൻ സ്വന്തത്തെ തള്ളിയിടുന്നു. അതിനാൽ അവൻ പുകവലിക്കാത്തവർക്ക് ചീത്ത മാതൃകയാകുന്നു. കുട്ടികളും മറ്റും അയാളിൽ സ്വാധീനിക്കുകയും പുകവലിക്കാരാവുകയും ചെയ്യുന്നു. പൊതുവെ പുകവലി തിന്മയുടെ കവാടമാണ്. അത് തുറക്കപ്പെട്ടാൽ അറ്റമില്ലാത്ത തിന്മകളാണ് വന്നണയുന്നത്. ഒരിക്കലും താങ്കൾ ഇത്തരമൊരു പാതാളത്തിലേക്ക് വീഴാൻ നിൽക്കുമെന്ന് ഞാൻ വിചാരിക്കുന്നില്ല.
അഞ്ച്: ബുദ്ധിയുള്ള മനുഷ്യർ മാത്രമാണ് ഈ ഹ്രസ്വമായ ജീവിതത്തിൽ എവിടെ നിലയുറപ്പിക്കണം എന്ന ബോദ്ധ്യമുള്ളവർ. കാരണം, ജീവിതം വളരെ ചുരുക്കമാണ്; അത് എത്ര ദീർഘിച്ചാലും മരണം വന്നെത്തും, നിസ്സംശയം. താങ്കളുടെ ആരോഗ്യവും, ജീവിതവും, സമ്പത്തും, അല്ലാഹു താങ്കളിലേൽപ്പിച്ച സൂക്ഷിപ്പുസൊത്താണ്. ഒരിക്കലും താങ്കൾ അതിൽ വീഴ്ചവരുത്തുവാൻ പാടില്ല താങ്കൾ ഉണരുക, താങ്കളിൽ അല്ലാഹു ബർക്കത്ത് ചൊരിയട്ടെ… താങ്കളുടെ സൂക്ഷ്മതയില്ലാത്ത ജീവിതത്തിന് വിരാമമിടുക. അല്ലാഹുവിനോട് തൗബ ചെയ്യുക. സഹായം അവനോട് മാത്രം അഭ്യർത്ഥിക്കുക.
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ لِلْمَغْرِبِ بَابًا مَفْتُوحًا لِلتَّوْبَةِ مَسِيرَةُ سَبْعِينَ سَنَةً، لا يُغْلَقُ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا
നിശ്ചയം അല്ലാഹു തൗബക്ക് ഒരു വാതിൽ പടിഞ്ഞാറിൽ നിശ്ചയിച്ചിട്ടുണ്ട്. അതിന്റെ വലുപ്പം എഴുപത് വർഷ ദൂരമാണ്. സൂര്യൻ അതിന്റെ പടിഞ്ഞാറിൽ നിന്ന് ഉദിക്കു ന്നതുവരെ അത് അടക്കപ്പെടുകയില്ല
പുകവലി ഉപേക്ഷിക്കുമെന്നതിൽ താങ്കൾ സത്യസന്ധനാണെങ്കിൽ, താങ്കൾ സംശയിക്കുന്നതും നീട്ടി വെക്കുന്നതും സൂക്ഷിക്കുക. കരുത്താർന്നതും, ഗൗരവമാർന്നതും, പെട്ടന്നുള്ളതുമായ ഒരു നിലപാട് താങ്കൾ സ്വീകരിക്കുക. കാരണം പെട്ടന്ന് വിട്ടുനിൽക്കുകയെന്നതാണ് ഏറ്റവും ഉപകാരപ്രദമായ മാർഗ്ഗം. പുകവലി ഉപേക്ഷിച്ചവർക്ക് ഇത് അനുഭവവേദ്യമായ വിഷയമാണ്. എന്നാൽ തൗബ ചെയ്യുന്നതിൽ അമാന്തിക്കലും നീട്ടിവെക്കലും പിശാചിന്റെ കവാടങ്ങൾ തുറക്കൽ തന്നെയാണ്.
തീർച്ചയായും, ഈ ജീവിത വിജയത്തിന്റെ രഹസ്യം മനുഷ്യന്റെ അഭിലാഷമാണ്. അത് മഹത്തുക്കളുടെ മേൽവിലാസവുമാണ്. അവർ ഒരുകാര്യം ഉദ്ദേശിച്ചാൽ, അവരെ ഒരിക്കലും യാതൊന്നും പ്രസ്തുത കാര്യത്തിൽനിന്ന് മടക്കിയിരുന്നില്ല. ആ കാര്യം തേടിപിടിക്കുവാൻ അവർ എല്ലാ മാർഗ്ഗങ്ങളിലും പ്രവേശിച്ചിരുന്നു. അതിനുവേണ്ടി അവർ എല്ലാ ദുർഘടങ്ങളും താണ്ടിയിരുന്നു. ആയതിനാൽ താങ്കൾ, ശക്തമായ അഭിലാഷങ്ങളും ഉന്നതമായ മനക്കരുത്തുമുള്ളവനാവുക. പുകവലി താങ്കളെ നശിപ്പിക്കുന്നതിന് മുമ്പ് താങ്കൾ അതിൽനിന്നും രക്ഷപ്പെടുക. താങ്കളെ പുകവലിക്കുവാൻ പ്രേരിപ്പിക്കുന്നവരിൽനിന്ന് താങ്കൾ അകന്ന് കഴിയുവാൻ താൽപ്പര്യം കാണിക്കുക. അതില്ലെങ്കിൽ പ്രതിരോധിക്കുവാൻ താങ്കൾക്ക് ശേഷിക്കുറവുണ്ടായെന്നുവരും. പുകവലിയെന്ന ദുശ്ശീലത്തിലേക്ക് താങ്കൾ വീണ്ടും മടങ്ങുകയും ചെയ്യും.
جزاكم الله خيرا
Uppa puka valikkumaayirunnu angany aa shhelam enikkum vannu.