മഴനൂലുകളിലെ ദൈവിക ദൃഷ്ടാന്തം

മഴനൂലുകളിലെ ദൈവിക ദൃഷ്ടാന്തം

ജീവന്റെ അടിസ്ഥാന ഘടകമാണ് ജലം. ഭൂമിയില്‍ ജീവന്റെ നിലനില്‍പിന് ആധാരമായി വര്‍ത്തിക്കുന്ന ഘടകങ്ങളില്‍ അതിപ്രധാനമായ ഒന്നാണ് ജലമെന്നതില്‍ പക്ഷാന്തരമില്ല. മഴ കിട്ടാതിരിക്കുമ്പോഴാണ് അതിന്റെ വില നാം അറിയാറുള്ളത്. മഴയുടെ ലഭ്യതയില്‍ വിസ്മയകരവും ചിന്താര്‍ഹവുമായ പല കാര്യങ്ങളുണ്ട്. ചിന്തിക്കുന്ന മനുഷ്യര്‍ക്ക് സര്‍വശക്തനായ സ്രഷ്ടാവിന്റെ അസ്തിത്വം അംഗീകരിക്കുവാന്‍ തക്ക തെളിവുകള്‍ അവയില്‍നിന്ന് ലഭിക്കുമെന്നതില്‍ സംശയമില്ല. 

എങ്ങനെയാണ് മഴ പെയ്യുന്നത്? സമുദ്രജലം നീരാവിയായി മേലോട്ടുയുര്‍ന്ന് മേഘങ്ങളായി മാറുകയും ശേഷം മഴയായി ഭൂമിയില്‍ പതിക്കുകയും ചെയ്യുന്നു! എന്നാല്‍ മഴവെള്ളത്തിന് ഉപ്പുരുചിയില്ല. കയ്‌പോ ചവര്‍പ്പോ ഇല്ല! മഴവെള്ളത്തിനും പാറകളില്‍നിന്നും മലകളില്‍നിന്നും പൊട്ടിയൊഴുകുന്ന ഉറവകള്‍ക്കും കണ്ണീരിന്റെ തെളിമ! മഴ എങ്ങനെ ഉണ്ടാകുന്നു എന്ന കാര്യം മനുഷ്യര്‍ക്ക് തികച്ചും അജ്ഞാതമായിരുന്നു. കാലാവസ്ഥാ റഡാറുകളുടെ കണ്ടുപിടുത്തത്തോടെയാണ് മഴ രൂപംകൊള്ളുന്ന വിവിധ ഘട്ടങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിച്ചത്.

1687ല്‍ എഡ്മണ്ട് ഹാലി ഈ വസ്തുത ശാസ്ത്രീയമായി തെളിയിക്കുകയുണ്ടായി. എന്നാല്‍ ആ തെളിവുകള്‍ ലോകം അംഗീകരിക്കാന്‍ കാലങ്ങളെടുത്തു. ‘ഭൂഗര്‍ഭത്തിലൂടെയുള്ള ഒരു ജലപര്യയനവ്യവസ്ഥ സമുദ്രജലത്തെ പര്‍വതമുകളിലെത്തിക്കുന്നുവെന്നും അവിടെനിന്ന് അത് ശുദ്ധജലമായി പ്രവഹിക്കുന്നുവെന്നുമുള്ള ആശയം 18ാം നൂറ്റാണ്ടിന്റെ തുടക്കംവരെ നിലനിന്നിരുന്നു’എന്ന് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക ഓണ്‍ലൈന്‍ പറയുന്നു. മേല്‍പറഞ്ഞ എന്‍സൈക്ലോപീഡിയ തുടരുന്നു: ‘സമുദ്രജലം ബാഷ്പമായി അന്തരീക്ഷത്തിലേക്കുയരുകയും അവിടെവെച്ച് അത് ഘനീഭവിച്ച് ഭൂമിയിലേക്ക് മഞ്ഞായും മഴയായും പെയ്തിറങ്ങുകയും ചെയ്യുന്നു. ഈ വെള്ളം നദികളിലൂടെ ഒഴുകി വീണ്ടും സമുദ്രത്തിലെത്തുന്നു.’ 

ഗ്രീക്ക് തത്ത്വചിന്തകര്‍ വിശ്വസിച്ചിരുന്നത്, നദീജലത്തിന്റെ ഉറവിടം മഴയല്ല എന്നാണ്; സമുദ്രജലം എങ്ങനെയോ ഭൂമിക്കടിയിലൂടെ ഒഴുകി പര്‍വതമുകളിലെത്തിയിട്ട് ശുദ്ധജലമായി പ്രവഹിക്കുകയാണെന്ന് അവര്‍ പഠിപ്പിച്ചു!

എന്നാല്‍ മഴയെക്കുറിച്ച് പ്രതിപാദിക്കുന്ന ക്വുര്‍ആനിക വചനങ്ങള്‍ മഴ ഉണ്ടാകുന്നതെങ്ങനെ, അതിന്റെ തോത്, പ്രയോജനം എന്നീ കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നതായി കാണാം. ക്വുര്‍ആന്‍ മഴയെക്കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ ക്വുര്‍ആന്‍ അവതരിച്ച കാലഘട്ടത്തിലെ ജനങ്ങള്‍ക്ക് തികച്ചും അജ്ഞാതമായിരുന്നുവെന്ന സത്യം, വിശുദ്ധ ക്വുര്‍ആന്‍ അല്ലാഹുവിന്റെ വാക്യങ്ങളാണെന്നതിന് സാക്ഷ്യം വഹിക്കുന്നു. ക്വുര്‍ആന്‍ മഴയെക്കുറിച്ച് നല്‍കുന്ന ചില വിവരങ്ങള്‍ കാണാം:

”ആകാശത്തുനിന്ന് ഒരു തോതനുസരിച്ച് വെള്ളം വര്‍ഷിച്ചു  തരികയും ചെയ്തവന്‍, എന്നിട്ട് അതുമൂലം നാം നിര്‍ജീവമായ രാജ്യത്തെ പുനരുജ്ജീവിപ്പിച്ചു. അതുപോലെ തന്നെ നിങ്ങളും (മരണാനന്തരം) പുറത്തുകൊണ്ടുവരപ്പെടുന്നതാണ്” (ക്വുര്‍ആന്‍ 43:11).

ഈ വചനത്തിലെ ‘തോത്’ എന്ന പ്രയോഗം നിശ്ചിതമായ കണക്കനുസരിച്ചാണ് അല്ലാഹു മഴ വര്‍ഷിപ്പിക്കുന്നത് വ്യക്തമാക്കുന്നു. എല്ലാ കാലവര്‍ഷങ്ങളിലും ഭൂമിയില്‍ പെയ്തിറങ്ങുന്ന മഴയുടെ അളവ് ഒന്നു തന്നെയാണെന്നതിലേക്ക് ഇത് സൂചന നല്‍കുന്നു. 

അന്തരീക്ഷത്തില്‍ മേഘങ്ങള്‍ കാണപ്പെടുന്നത് ഭൂമിയില്‍ നിന്ന് ഏറ്റവും കുറഞ്ഞത് 1200 മീറ്റര്‍ ഉയരത്തിലാണ്. ഇത്ര ഉയരത്തില്‍ നിന്ന് സാധാരണ ഗതിയില്‍ മഴത്തുള്ളിയുടെ വലിപ്പവും ഭാരവുമുള്ള ഒരു വസ്തു അതീവ പ്രവേഗം കൈവരിച്ച് മണിക്കൂറില്‍ 558 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയില്‍ പതിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഈ വേഗതയില്‍ ഭൂമിയില്‍ വന്നിടിക്കുന്ന ഒരു വസ്തു തീര്‍ച്ചയായും കനത്ത നാശനഷ്ടങ്ങള്‍ വരുത്തിവെയ്ക്കും. മേല്‍ പറഞ്ഞ വേഗതയില്‍ മഴത്തുള്ളികള്‍ ഭൂമിയില്‍ പതിക്കാനെങ്ങാനും ഇട വന്നാല്‍ കൃഷിയിടങ്ങളും ആവാസകേന്ദ്രങ്ങളും വീടുകളും നശിക്കുമെന്ന് മാത്രമല്ല, മഴയത്ത് ആളുകള്‍ക്ക് പുറത്തിറങ്ങി നടക്കണമെങ്കില്‍ പ്രത്യേക മുന്‍കരുതലുകള്‍ എടുക്കേണ്ടിയും വരും. ഇത് 1200 മീറ്റര്‍ ഉയരത്തില്‍ നിന്നും പതിക്കുന്ന മഴയുടെ കാര്യം. 10,000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മേഘങ്ങളില്‍ നിന്നും ആപതിക്കുന്ന മഴത്തുള്ളികളുടെ വേഗത ഒന്നു സങ്കല്‍പിച്ചു നോക്കുക. 

എന്നാല്‍ ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്. എത്ര ഉയരത്തില്‍ നിന്നായാലും ഭൂമിയില്‍ പതിക്കുന്ന മഴത്തുള്ളികളുടെ വേഗത മണിക്കൂറില്‍ 8 മുതല്‍ 10 കിലോമീറ്റര്‍ വരെയാണ്. ഇതിന്നു കാരണം മഴത്തുള്ളികള്‍ കൈവരിക്കുന്ന അവയുടെ പ്രത്യേക രൂപമാണ്. ഈ പ്രത്യേക രൂപത്തിലുള്ള മഴത്തുള്ളികള്‍ കടന്നുപോകുന്ന അന്തരീക്ഷത്തില്‍ ഘര്‍ഷണം കൂട്ടുകയും അതിവേഗത കൈവരിക്കുന്നതില്‍ നിന്നും അതിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഈ സാങ്കേതിക ജ്ഞാനം അവലംബമാക്കിയാണത്രെ പാരച്യൂട്ടുകളുടെ രൂപകല്‍പന നിര്‍വഹിച്ചിട്ടുള്ളത്.

മഴ പെയ്യണമെങ്കില്‍ നീരാവി അന്തരീക്ഷത്തിലേക്കുയരണം. അത് മേഘമായി മാറണം. മേഘങ്ങള്‍ പിന്നീട് മഴയായി പെയ്തിറങ്ങുന്നു. അല്ലാഹു പറയുന്നു:

”അല്ലാഹുവാണ് കാറ്റുകളെ അയക്കുന്നവന്‍. എന്നിട്ട് അവ (കാറ്റുകള്‍) മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം അതിനെ ആകാശത്ത് പരത്തുന്നു. അതിനെ അവന്‍ പല കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. അപ്പോള്‍ അതിന്നിടയില്‍ നിന്ന് മഴ പുറത്തുവരുന്നതായി നിനക്കു കാണാം. എന്നിട്ട് തന്റെ ദാസന്മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ആ മഴ എത്തിച്ചുകൊടുത്താല്‍ അവരതാ സന്തുഷ്ടരാകുന്നു” (ക്വുര്‍ആന്‍ 30:48). 

മഴയുടെ ഓരോ ഘട്ടത്തെയും കുറിച്ച് വിശുദ്ധ ക്വുര്‍ആനിലെ ഈ വചനം ക്രമത്തില്‍ തന്നെ വിവരിച്ചിരിക്കുന്നു; ശാസ്ത്രം ഇത് കണ്ടെത്തുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ തന്നെ!

മഴയുടെ പ്രത്യേക ധര്‍മമായ ‘നിര്‍ജീവമായ ഭൂമിക്ക് ജീവന്‍ നല്‍കുന്നു’ എന്ന കാര്യം ധാരാളം സൂക്തങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്നതായി കാണാം.

”തന്റെ (മഴവര്‍ഷമാകുന്ന) കാരുണ്യത്തിന്റെ മുമ്പില്‍ സന്തോഷസൂചകമായി കാറ്റുകളെ അയച്ചതും അവന്‍ (അല്ലാഹു) തന്നെ. ആകാശത്തുനിന്ന് ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു. നിര്‍ജീവമായ നാടിന് അതുമുഖേന നാം ജീവന്‍ നല്‍കുവാനും നാം സൃഷ്ടിച്ചിട്ടുള്ള ധാരാളം കന്നുകാലികള്‍ക്കും മനുഷ്യര്‍ക്കും അത് കുടിപ്പിക്കുവാനും വേണ്ടി. അവര്‍ ആലോചിച്ചു മനസ്സിലാക്കേണ്ടതിനായി അത് (മഴവെള്ളം) അവര്‍ക്കിടയില്‍ നാം വിതരണം ചെയ്തിരിക്കുന്നു. എന്നാല്‍ മനുഷ്യരില്‍ അധികപേര്‍ക്കും നന്ദികേട് കാണിക്കുവാനല്ലാതെ മനസ്സുവവന്നില്ല” (ക്വുര്‍ആന്‍ 25: 48-50).

 ”ആകാശത്തുനിന്ന് നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയും, എന്നിട്ട് അതു മൂലം പല തരം തോട്ടങ്ങളും കൊയ്‌തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു” (ക്വുര്‍ആന്‍ 50:9).

മണ്ണിന്റെ വളക്കൂറ് വര്‍ധിപ്പിക്കുന്ന കാല്‍സ്യം, മെഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങള്‍ മഴയില്‍ അടങ്ങിയിരിക്കുന്നു. നൂറു കൊല്ലത്തോളം വൃഷ്ടിപ്രദേശത്തെ ഊഷരഭൂമിയെ ഫലഭൂയിഷ്ടമായി നിലനിര്‍ത്താന്‍ ഒരാണ്ടിലെ മഴയിലൂടെ ലഭിക്കുന്ന ഈ മൂലകങ്ങര്‍ക്ക് കഴിയുമെന്നാണ് കണക്ക്. 150 മില്ല്യണ്‍ ടണ്‍ വളം ഓരോ വര്‍ഷവും മഴ ഭൂമിയില്‍ നിക്ഷേപിക്കുന്നുണ്ട്. പ്രകൃത്യായുള്ള ഈ വളപ്രയോഗമില്ലെങ്കില്‍ ഭൂമിയില്‍ സസ്യജാലങ്ങള്‍ കുറയുമെന്നു മാത്രമല്ല പ്രകൃതിയുടെ സന്തുലിതത്വം നഷ്ടമാവുകയും ചെയ്യും.

ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് കണക്കില്ലാത്ത അനുഗ്രഹങ്ങള്‍ നല്‍കിയവനാണ് സ്രഷ്ടാവായ അല്ലാഹു. അതില്‍പെട്ട ഒന്നാണ് മഴ എന്നതിനാല്‍ ‘കാരുണ്യം’ എന്ന് അല്ലാഹു മഴയെ സംബന്ധിച്ച് പറഞ്ഞിരിക്കുന്നു. ആ കാരുണ്യത്തിന്റെ ആഗമനത്തിനു മുന്നോടിയായി തണുത്ത കാറ്റടിച്ചുവീശുമ്പോള്‍ മഴ കാത്തിരിക്കുന്നവരുടെ മനംകുളിര്‍ക്കാറുണ്ടെന്നത് അനുഭവ യാഥാര്‍ഥ്യമാണ്. 

‘നീ കണ്ടില്ലേ, അല്ലാഹു ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് ഭൂമിയിലെ ഉറവിടങ്ങളില്‍ അതവന്‍ പ്രവേശിപ്പിച്ചു…”(ക്വുര്‍ആന്‍ 39:21).

”നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ മേഘത്തില്‍നിന്ന് അതിറക്കിയത്? അതല്ല നാമാണോ ഇറക്കിയവന്‍? നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അത് നാം ദുഃസ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിട്ടും നിങ്ങള്‍ നന്ദി കാണിക്കാത്തതെന്താണ്?” (ക്വുര്‍ആന്‍ 56:68-70).

ഒരു കണക്കനുസരിച്ചാണ് അല്ലാഹു മഴ നല്‍കുന്നത്. കിണറുകളും കുളങ്ങളുമൊക്കെ കുഴിച്ചാല്‍ വെള്ളം ലഭിക്കത്തക്ക വിധത്തില്‍ വെള്ളത്തെ ഭൂമിയുടെ അഗാധതയിലേക്ക് ഇറങ്ങാന്‍ അനുവദിക്കാതെ തടുത്തുനിര്‍ത്തുന്നതും അല്ലാഹു തന്നെ:

”ആകാശത്തുനിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും എന്നിട്ട് അതിനെ നാം ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചുകളയുവാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു” (ക്വുര്‍ആന്‍ 23:18).

വേനല്‍കാലമായാല്‍ ഈര്‍പ്പം നഷ്ടപ്പെട്ട് ഭൂമി വിണ്ടുകീറുന്നു. സസ്യലതാതികള്‍ ഉണങ്ങിക്കരിയുന്നു. എന്നാല്‍ നല്ലൊരു മഴയേല്‍ക്കുമ്പോള്‍ തന്നെ ഭൂമിക്ക് ജീവന്‍ വെക്കുകയായി. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: 

”നീ ഭൂമിയെ വരണ്ടുണങ്ങിയതായി കാണുന്നു. എന്നിട്ട് നാം അതില്‍ ജലം വര്‍ഷിച്ചാല്‍ അതിന് ചലനമുണ്ടാവുകയും അത് വളരുകയും ചെയ്യുന്നു. ഇത് അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ…” (ക്വുര്‍ആന്‍ 41:39). 

”അത്(വെള്ളം) മുഖേന ധാന്യവിളകളും ഒലീവും ഈത്തപ്പനയും മുന്തിരികളും അവന്‍ നിങ്ങള്‍ക്ക് മുളപ്പിച്ചുതരുന്നു. എല്ലാതരം പഴവര്‍ഗങ്ങളും (അവന്‍ ഉല്‍പാദിപ്പിച്ചുതരുന്നു). ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്” (ക്വുര്‍ആന്‍ 16:11).–

ഭൂലോകത്ത് വെള്ളമെന്ന അനുഗ്രഹത്തെ നന്നായി ആസ്വദിക്കുകയും പരമാവധി ചൂഷണം ചെയ്യുകയും ചെയ്യുന്ന ഏക ബുദ്ധിജിവിയായ മനുഷ്യന് വളരെയേറെ ചിന്തിക്കുവാന്‍ അതില്‍ വകയുണ്ട്. എന്നിട്ടും ചിലര്‍ മഴയെ പ്രകൃതിയുടെ കനിവോ കോപമോ ആയി കാണുന്നു! ചിലരാകട്ടെ ഗ്രഹഫലവും ഗ്രഹപ്പിഴയും ഞാറ്റുവേലയുെട ദോഷവുമായി അതിനെ വ്യാഖ്യാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. മറ്റു ചിലരാകട്ടെ കണ്ണടച്ചുകൊണ്ട് ഇതെല്ലാം ആകസ്മികവും പ്രകൃതിയുടെ അനിവാര്യതയുമെന്നു പറഞ്ഞ് അതിനെ നിസ്സാരമായി കാണുന്നു. 

സെയ്ദ്ബ്‌നു ഖാലിദി(റ)ല്‍ നിന്ന് നിവേദനം:’ഹുദൈബിയയില്‍ വെച്ച് നബി ﷺ യോടൊപ്പം ഞങ്ങള്‍ സുബ്ഹി നമസ്‌കാരം നിര്‍വഹിച്ചു. തലേദിവസം രാത്രി മഴ പെയ്തിരുന്നു. നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് റസൂല്‍ ﷺ ഇങ്ങനെ ചോദിച്ചു: ”നിങ്ങള്‍ക്കറിയാമോ, നിങ്ങളുടെ രക്ഷിതാവ് എന്താണ് പറഞ്ഞതെന്ന്?”’അവര്‍ പറഞ്ഞു: ”അല്ലാഹുവും അല്ലാഹുവിന്റെ റസൂലുമാണ് ഏറ്റവും നന്നായി അറിയുന്നവര്‍.” റസൂല്‍(സ)പറഞ്ഞു: ”അല്ലാഹു പറഞ്ഞിരിക്കുന്നു; ഈ പുലരിയില്‍ എന്റെ അടിമകളില്‍ എന്നില്‍ വിശ്വസിക്കുന്നവനും എന്നില്‍ അവിശ്വസിക്കുന്നവനും ഉണ്ടായിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താലും ഔദാര്യത്താലും ഞങ്ങള്‍ക്ക് മഴ ലഭിച്ചിരിക്കുന്നു എന്ന് പറയുന്നവന്‍ എന്നില്‍ വിശ്വസിക്കുകയും നക്ഷത്രങ്ങളില്‍ അവിശ്വസിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ നിര്‍ണിത ഞാറ്റുവേലകളാല്‍ (വാവുകള്‍ കാരണത്താല്‍) ഞങ്ങള്‍ക്ക് മഴ ലഭിച്ചിരിക്കുന്നു എന്നു പറഞ്ഞവന്‍ എന്നില്‍ അവിശ്വസിക്കുകയും നക്ഷത്രങ്ങളില്‍ വിശ്വസിക്കുകും ചെയ്തിരിക്കുന്നു”'(ബുഖാരി, മുസ്‌ലിം).

മഹത്തായ ഈ പ്രതിഭാസത്തിന്റെ പിന്നിലുള്ള അദൃശ്യവും അപാരവുമായ മഹാശക്തിയെക്കുറിച്ച് ആലോചിക്കുവാനും അവനോട് നന്ദിയും വിധേയത്വവും കാണിക്കുവാനും സന്‍മനസ്സു കാണിക്കുന്നവര്‍ വളരെ വിരളമാണ്. ഞാറ്റുവേലകളും നക്ഷത്രങ്ങളും ഗ്രഹങ്ങളുമൊക്കെയാണ് മഴ നല്‍കുന്നതെന്ന്‌വിശ്വസിക്കുന്നവര്‍ ഫലത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തെ നിഷേധിക്കുന്നവരാണ്. അത്തരക്കാര്‍ അല്ലാഹുവില്‍ അവിശ്വസിച്ചവരാണെന്ന മുന്നറിയിപ്പ് വിശ്വാസികള്‍ ഗൗരവത്തിലെടുക്കേണ്ടതുണ്ട്.

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

3 thoughts on “മഴനൂലുകളിലെ ദൈവിക ദൃഷ്ടാന്തം”

  1. Im hurry to read These books but the main problem is i cant read malayalam language i can only understand listening. So please I requesting you to Make a Language option to Zameel app and also Peace radio app.

    Reply

Leave a Comment