വിശുദ്ധ ക്വുര്‍ആന്‍ തുറക്കുന്ന വിജ്ഞാന കവാടം

അന്ധകാരം മുറ്റിനിന്ന കാലത്താണ് പ്രകാശത്തിന്റെയും വിജ്ഞാനത്തിന്റെയും ഗ്രന്ഥമായ ക്വുര്‍ആനിന്റെ അവതരണമുണ്ടാകുന്നത്. ഇരുട്ടിന്റെ അന്ധാളിപ്പില്‍നിന്ന് പ്രകാശത്തിന്റെ മനഃശാന്തിയിലേക്കാണ് ക്വുര്‍ആന്‍ വഴിനടത്തുന്നത്. അല്ലാഹു പറയുന്നു:
”അലിഫ് ലാം റാ. മനുഷ്യരെ അവരുടെ രക്ഷിതാവിന്റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്റെ മാര്‍ഗത്തിലേക്ക്” (ഇബ്‌റാഹീം 1).
വിജ്ഞാനമെന്ന വെളിച്ചമാണ് ക്വുര്‍ആന്‍ ഇരുട്ടിന്റെ ലോകത്ത് ആദ്യം പരത്തിയത്. വിശുദ്ധ ക്വുര്‍ആനിനെ പോലെ വൈജ്ഞാനിക പശ്ചാത്തലമുള്ളതും വിജ്ഞാനം പരത്തുന്നതുമായ ഒരു ഗ്രന്ഥം ലോകത്ത് നിലവിലില്ല. ഏറ്റവും വലിയ വിജ്ഞാനിയായ അല്ലാഹുവാണ് ഈ ഗ്രന്ഥത്തിന്റെ അവതാരകന്‍ എന്നതാണ് ഈ ഗ്രന്ഥത്തിന്റെ ഏറ്റവും വലിയ മഹത്ത്വം.
ക്വുര്‍ആനില്‍ 106 സ്ഥലങ്ങളില്‍ അല്ലാഹുവിനെ സംബന്ധിച്ച് ‘അലീം’ (സര്‍വജ്ഞാനി) എന്ന് വന്നിട്ടുണ്ട്. സര്‍വജ്ഞാനിയുടെ ഗ്രന്ഥം വിജ്ഞാന സാഗരമായിരിക്കുമെന്നതില്‍ സംശയമില്ലല്ലോ. ക്വുര്‍ആനിന്റെ അറിവുകള്‍ കേവല ഊഹത്തെയല്ല പ്രതിനിധീകരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. വൈജ്ഞാനിക ആഴിയുടെ ആഴങ്ങളിലേക്കാണ് അതിന്റെ ഓരോ ആയത്തിന്റെ കിരണങ്ങളും ചെന്ന് പതിക്കുന്നത്. ആ വൈജ്ഞാനിക ഗ്രന്ഥത്തിന്റെ അവതരണത്തിന് തന്റെ ഹൃദയം തെരഞ്ഞെടുക്കപ്പെട്ടതിലൂടെ നിരക്ഷരനായിരുന്ന പ്രവാചകന്‍ ﷺ അറിവിന്റെ പ്രചാരകനായി മാറി. ലോകത്ത് ദൈവികവിജ്ഞാനീയങ്ങളുടെ പ്രചാരകനായതിലൂടെ വിജഞാനത്തിന്റെ ശ്രദ്ധാകേന്ദ്രം പിന്നീട് പ്രവാചകനായിത്തീര്‍ന്നു.
അതെ, പ്രവാചകന്‍ ﷺ വിജ്ഞാനത്തിന്റെ പ്രചാരകന്‍കൂടിയായിരുന്നു എന്നര്‍ഥം. ആ പ്രവാചകന്റെ ഹൃത്തടത്തിലേക്ക് അവതരിക്കപ്പെട്ട ആദ്യത്തെ അഞ്ച് വചനങ്ങളിലും അറിവിന്റെ മുത്തുകള്‍ പരന്നുകിടക്കുന്നത് ദര്‍ശിക്കാനാവും. വായിക്കുക (ഇക്വ്‌റഅ്) എന്നതും പഠിപ്പിച്ചു (അല്ലമ) എന്നതും ഈരണ്ട് തവണയും പേന(ക്വലം) എന്നത് ഒരു തവണയും പ്രഥമമായി അവതരിക്കപ്പെട്ട അഞ്ച് സൂക്തങ്ങളില്‍ തന്നെ ക്വുര്‍ആനില്‍ കാണാമെങ്കില്‍ ഇതൊരു വിജ്ഞാന വിപ്ലവത്തിന്റെ മുന്നറിയിപ്പായിരുന്നു. ‘അറിയുന്നവനും അറിയാത്തവനും തുല്യരാവില്ലെന്ന’ ക്വുര്‍ആനിക വീക്ഷണം (സുമര്‍: 9) നിത്യപ്രസക്തമാണ്. ഏത് കാലത്തേക്കും ഏത് വിഷയത്തിലേക്കും ബാധകമാക്കാനുതകുന്നതാണ് ഈ അടിസ്ഥാനം. വിജ്ഞാനികളെ പുകഴ്ത്തി സംസാരിക്കുന്ന ധാരാളം സൂക്തങ്ങള്‍ ക്വുര്‍ആനില്‍ കാണാം.
വിജ്ഞാനത്തിന്റെ ആഴിയിലിറങ്ങിയവര്‍ക്കാണ് ദൈവഭയം കൂടുതലുണ്ടാവുക എന്നതും (ഫാത്വിര്‍: 28) വിജ്ഞാന മേഖലയിലെ ഒരു സുപ്രധാന ചൂണ്ടുപലകയാണ്. അജ്ഞതക്കു പരിഹാരം ചോദിച്ചു പഠിക്കലാണെന്നും ചോദിച്ചു പഠിക്കല്‍ വിജ്ഞാനികള്‍ ചെയ്യേണ്ട കാര്യമാണെന്നും ക്വുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്.
”നിനക്ക് മുമ്പ് മനുഷ്യന്‍മാരെയല്ലാതെ നാം ദൂതന്‍മാരായി നിയോഗിച്ചിട്ടില്ല. അവര്‍ക്ക് നാം സന്ദേശം നല്‍കുന്നു. നിങ്ങള്‍ക്കറിഞ്ഞ് കൂടെങ്കില്‍ (വേദം മുഖേന) ഉല്‍ബോധനം ലഭിച്ചവരോട് നിങ്ങള്‍ ചോദിച്ച് നോക്കുക” (നഹ്ല്‍ 43).
അറിവിന്റെ വര്‍ധനവിനായി സര്‍വശക്തനോട് അനുദിനം തേടണമെന്നും അവനാണ് വിജ്ഞാനവര്‍ധനവ് നല്‍കി അടിമകളെ ശക്തിപ്പടുത്തുന്നത് എന്നും അല്ലാഹു പറയുന്നുണ്ട്: ”സാക്ഷാല്‍ രാജാവായ അല്ലാഹു അത്യുന്നതനായിരിക്കുന്നു. ക്വുര്‍ആന്‍- അത് നിനക്ക് ബോധനം നല്‍കപ്പെട്ടുകഴിയുന്നതിനുമുമ്പായി -പാരായണം ചെയ്യുന്നതിനു നീ ധൃതി കാണിക്കരുത്. എന്റെ രക്ഷിതാവേ, എനിക്കു നീ ജ്ഞാനം വര്‍ധിപ്പിച്ചു തരേണമേ എന്ന് നീ പറയുകയും ചെയ്യുക” (ത്വാഹാ 114).
അറിവാണ് മനുഷ്യന്റെ ബൗദ്ധിക വളര്‍ച്ചയുടെ മൂലകാരണം. മലക്കുകള്‍ പോലും അല്ലാഹുവിന്റെ കല്‍പന പ്രകാരം ആദം(അ)യുടെ മുന്നില്‍ സുജൂദ് ചെയ്തതിന് പിന്നില്‍ ഒരു വിജ്ഞാനത്തിന്റെ പശ്ചാത്തലമുണ്ടല്ലോ. മലക്കുകള്‍ക്കില്ലാത്ത വിജ്ഞാനം ആദം(അ)ക്ക് അല്ലാഹു നല്‍കിയ ശേഷമാണല്ലോ സുജൂദിന് കല്‍പനയുണ്ടാകുന്നത്: ”അവന്‍ (അല്ലാഹു) ആദമിന് നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട് ആ പേരിട്ടവയെ അവന്‍ മലക്കുകള്‍ക്ക് കാണിച്ചു. എന്നിട്ടവന്‍ ആജ്ഞാപിച്ചു: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഇവയുടെ നാമങ്ങള്‍ എനിക്ക് പറഞ്ഞുതരൂ. അവര്‍ പറഞ്ഞു: നിനക്ക് സ്‌തോത്രം. നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങള്‍ക്കില്ല. നീ തന്നെയാണ് സര്‍വജ്ഞനും അഗാധജ്ഞാനിയും. അനന്തരം അവന്‍ (അല്ലാഹു) പറഞ്ഞു: ആദമേ, ഇവര്‍ക്ക് അവയുടെ നാമങ്ങള്‍ പറഞ്ഞുകൊടുക്കൂ. അങ്ങനെ അവന്‍ (ആദം) അവര്‍ക്ക് ആ നാമങ്ങള്‍ പറഞ്ഞുകൊടുത്തപ്പോള്‍ അവന്‍ (അല്ലാഹു) പറഞ്ഞു: ആകാശ ഭൂമികളിലെ അദൃശ്യകാര്യങ്ങളും, നിങ്ങള്‍ വെളിപ്പെടുത്തുന്നതും ഒളിച്ചുവെക്കുന്നതുമെല്ലാം എനിക്കറിയാമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലേ? ആദമിനെ നിങ്ങള്‍ പ്രണമിക്കുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക). അവര്‍ പ്രണമിച്ചു; ഇബ്‌ലീസ് ഒഴികെ. അവന്‍ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവന്‍ സത്യനിഷേധികളില്‍ പെട്ടവനായിരിക്കുന്നു” (അല്‍ബക്വറ 31-34).
വിജ്ഞാനികളെ അല്ലാഹു പദവികള്‍ ഉയര്‍ത്തി ആദരിക്കുെമന്ന അല്ലാഹുവിന്റെ പ്രസ്താവന വിജ്ഞാനമണ്ഡലത്തില്‍ ഒരു വിസ്‌ഫോനത്തിനാണ് തുടക്കംകുറിച്ചത്: ”…നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു” (മുജാദല 11).
ഇത്തരം പ്രഖ്യാപനങ്ങളെ ശിരസ്സാവഹിച്ചതാണ് അജ്ഞതയില്‍ കഴിഞ്ഞിരുന്ന ഒരു സമൂഹത്തെ ലോകോത്തര സമൂഹത്തിന്റെ നായകരാക്കി മാറ്റിയത്. അജ്ഞതയില്‍നിന്ന് അവര്‍ വിജ്ഞാനമണ്ഡലങ്ങളിലേക്ക് കുതിച്ചുകയറി. ലോകത്ത് ഇസ്‌ലാം വ്യാപിച്ചു. പിന്നീട് അവര്‍ തുടങ്ങിവെക്കാത്ത ഒരു വിജ്ഞാനശാഖയുമില്ല എന്നു പറയാം. മിക്ക വിജ്ഞാന മണ്ഡലങ്ങളിലും ക്വുര്‍ആനിന്റെ വക്താക്കളായിരിന്നു തുടക്കക്കാര്‍ എന്നു കാണാനാവും. അവര്‍ക്ക് അതിന് പ്രചോദനമായത് അനന്തമായിക്കിടക്കുന്ന ക്വുര്‍ആനിന്റെ വൈജ്ഞാനികപരിസരം തന്നെയായിരുന്നു. ചിന്തയുടെ ചക്രവാളങ്ങള്‍ കീഴടക്കി ലോകത്തിനു മുന്നില്‍ അത്ഭുതങ്ങള്‍ കാഴ്ചവെക്കാന്‍ ക്വുര്‍ആനിന്റെ അനുയായികള്‍ക്ക് സാധിച്ചത് ചിന്തിക്കാനുള്ള അതിന്റെ ആവര്‍ത്തിച്ചുള്ള കല്‍പനകളും നിര്‍ദേശങ്ങളും അവരെ സ്വാധീനിച്ചതകൊണ്ടായിരുന്നു. ”ആ ഉപമകള്‍ നാം മനുഷ്യര്‍ക്ക് വേണ്ടി വിവരിക്കുകയാണ്. അറിവുള്ളവരല്ലാതെ അവയെപ്പറ്റി ചിന്തിച്ച് മനസ്സിലാക്കുകയില്ല” (അന്‍കബൂത്ത് 43) എന്ന സൂക്തം ഈ ആശയത്തിലേക്കാണ് വിരല്‍ ചുണ്ടുന്നത്.
പ്രവര്‍ത്തനത്തിനു മുമ്പ് വിജ്ഞാനത്തിന്റെ വക്താക്കളാകുവാന്‍ ക്വുര്‍ആന്‍ (മുഹമ്മദ്: 14) നിര്‍ദേശിക്കുന്നത് സകലരംഗത്തേക്കുമുള്ള ഒരു വെളിച്ചമാണ്. ഒരുത്തന് അറിവു നേടാന്‍ യാത്രചയ്യേണ്ടതുണ്ടെങ്കില്‍ അതവന്‍ നിര്‍വഹിക്കുക തന്നെ വേണം. പ്രവാചകന്മാരാണെങ്കിലം ശരി! ക്വുര്‍ആനില്‍ ഖിള്ര്‍, മൂസാ(അ) എന്നിവരുടെ സുദീര്‍ഘ ചരിത്രത്തിലൂടെ ഈ പാഠമാണ് ക്വുര്‍ആന്‍ നല്‍കുന്നത്. വിജ്ഞാനദാഹികള്‍ക്ക് ഇതിനെക്കാള്‍ നല്ലൊരു കഥനം വേറെയില്ല. നമ്മള്‍ നേത്രങ്ങള്‍ കൊണ്ട് കാണുന്നത് മാത്രമല്ല അറിവെന്നും അതിനപ്പുറമുള്ള ചില തിരിച്ചറിവുകള്‍ കൂടി ഉണ്ടാകുമ്പോഴാണ് യഥാര്‍ഥ അറിവിന്റെ ആസ്വാദനം നമുക്ക് സാധ്യമാകുന്നത് എന്നുമുള്ള ഒരു പാഠവും ഈ കഥയിലുണ്ട്.
മനുഷ്യന്റെ അറിവുകള്‍ പരിമിതമാണ് (ഇസ്‌റാഅ്: 85) എന്നാണ് ക്വുര്‍ആന്‍ അറിയിക്കുന്നത്. അതിനാല്‍ തന്നെ അറിവിന്റെ പേരില്‍ അഹങ്കരിക്കുന്നതില്‍ അര്‍ഥമില്ല. വിനയത്തിന്റെ വഴിയിലൂടെയാവണം വിജ്ഞാനികള്‍ നടക്കേണ്ടത്. ഇല്ലെങ്കില്‍ അഹങ്കാരമെന്ന വിപത്ത് പിടികൂടി വിജഞാനത്തിെന്റപ്രകാശത്തെ അത് കെടുത്തിക്കളയും. അറിവിെന്റ പ്രകാശത്തെ മറച്ചുവെക്കാനുള്ള പരിശ്രമത്തെ കഠിന പാപമായിട്ടാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. അല്ലാഹുവും മലക്കുകളും അവരെ ശപിച്ചുകൊണ്ടിരിക്കും എന്ന ശക്തമായ താക്കീതാണ് അത്തരക്കാര്‍ക്ക് അല്ലാഹു നല്‍കുന്നത്: ”എന്നാല്‍ പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും, (സത്യം ജനങ്ങള്‍ക്ക്) വിവരിച്ചുകൊടുക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം ഞാന്‍ സ്വീകരിക്കുന്നതാണ്. ഞാന്‍ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ” (അല്‍ബക്വറ:160).
ലജ്ജയുട വാതിലുകള്‍ അറിവിന്റെ മേഖലയില്‍ കൊട്ടിയടക്കപ്പെടേണ്ടതാണ്. ”ഏതൊരു വസ്തുവെയും ഉപമയാക്കുന്നതില്‍ അല്ലാഹു ലജ്ജിക്കുകയില്ല; തീര്‍ച്ച. അതൊരു കൊതുകോ അതിലുപരി നിസ്സാരമോ ആകട്ടെ. എന്നാല്‍ വിശ്വാസികള്‍ക്ക് അത് തങ്ങളുടെ നാഥന്റെ പക്കല്‍നിന്നുള്ള സത്യമാണെന്ന് ബോധ്യമാകുന്നതാണ്. സത്യനിഷേധികളാകട്ടെ ഈ ഉപമകൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കുകയാണ് ചെയ്യുക. അങ്ങനെ ആ ഉപമ നിമിത്തം ധാരാളം ആളുകളെ അവന്‍ പിഴവിലാക്കുന്നു. ധാരാളം പേരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അധര്‍മകാരികളല്ലാത്ത ആരെയും അത് നിമിത്തം അവന്‍ പിഴപ്പിക്കുകയില്ല” (അല്‍ബക്വറ: 26).
സര്‍വ ജ്ഞാനത്തിന്റെയും ഉടമസ്ഥനായ അല്ലാഹു ജ്ഞാനം പകര്‍ന്നുതരുന്നതില്‍ എത്ര നിസ്സാര വസ്തുവെയും ഉപമയാക്കുന്ന കാര്യത്തില്‍ ലജ്ജ കാണിക്കില്ലെങ്കില്‍ അവന്റെ ദുര്‍ബലസൃഷ്ടികള്‍ എന്തിന് അറിവിന്റെ വിഷയത്തില്‍ ലജ്ജിക്കണം? സമൂഹത്തിന് ആവശ്യമായ നാനാവിധ കാര്യങ്ങളുടെ മൂലനിയമങ്ങള്‍ ക്വുര്‍ആനില്‍ നമുക്ക് കാണാനാവും. അതുല്യവും സമഗ്രഹവും കാലാതിവര്‍ത്തിയുമാണ് ക്വുര്‍ആനിന്റെ വൈജഞാനിക മണ്ഡലം. അതിന്റെ മധുനുകരാന്‍ സാധിച്ചവര്‍ മഹാഭാഗ്യശാലികള്‍. അതിന്റെ സുഗന്ധം ആസ്വദിക്കാന്‍ പോലും കഴിയാത്തവര്‍ മഹാ കഷ്ടത്തില്‍ തന്നെ!
അബ്ദുല്‍ മാലിക് സലഫി
നേർപഥം വാരിക