പ്രവാചകചര്യ: സത്യവിശ്വാസികള്‍ക്ക് പ്രമാണമാണ്

പ്രവാചകചര്യ: സത്യവിശ്വാസികള്‍ക്ക് പ്രമാണമാണ്

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് പരിപൂര്‍ണമായി കീഴ്‌പെടാതെ, പല രൂപത്തിലും കോലത്തിലും പ്രമാണങ്ങളെ നിഷേധിക്കുന്ന പ്രവണത മുസ്‌ലിം സമൂഹത്തില്‍ കണ്ടുവരുന്നുണ്ട്. മുന്‍കാലങ്ങളില്‍ പ്രമാണ വിരോധികള്‍ ഏതു വഴികളാണോ അതിന് സ്വീകരിച്ചിരുന്നത് അതേ വഴികള്‍ തന്നെയാണ് നിഷേധികള്‍ ഇന്നും സ്വീകരിക്കുന്നത്. 

അല്ലാഹു പറയുന്നു: ”അവരുടെ ഹൃദയങ്ങളില്‍ വല്ല രോഗവുമുണ്ടോ? അതല്ല അവര്‍ക്ക് സംശയം പിടിപെട്ടിരിക്കുകയാണോ? അതല്ല അല്ലാഹുവും അവന്റെ റസൂലും അവരോട് അനീതി പ്രവര്‍ത്തിക്കുമെന്ന് അവര്‍ ഭയപ്പെടുകയാണോ? അല്ല, അവര്‍ തന്നെയാകുന്നു അക്രമികള്‍! തങ്ങള്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികളുടെ വാക്ക്, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ് വിജയികള്‍” (ക്വുര്‍ആന്‍ 24:50,51).

ഇബ്‌നു കഥീര്‍(റഹി) പറഞ്ഞു: ”ഇവിടെ അല്ലാഹുവിന്റെയും റസൂലി ﷺ ന്റെയും വിളിക്ക് ഉത്തരം നല്‍കുന്ന വിശ്വാസികളുടെ വിശേഷണത്തെ കുറിച്ചാണ് സൂചന. അല്ലാഹുവിന്റെ കിതാബും നബിയുടെ സുന്നത്തുമില്ലാതെ അവര്‍ ദീനിനെ കൊതിക്കുകയില്ല” (തഫ്‌സീര്‍ ഇബ്‌നു കഥീര്‍ 3:396).

എന്നാല്‍ ഇതിന് നേര്‍വിപരീതം പ്രവര്‍ത്തിക്കുന്നവര്‍, അതായത് ‘ഞങ്ങള്‍ കേള്‍ക്കുന്നു, ഞങ്ങള്‍ ധിക്കരിക്കുന്നു’ എന്നത് ജൂത-ക്രിസ്ത്യാനികളുടെ നിലപാടാണ്.

അല്ലാഹു പറയുന്നു: ”യഹൂദരില്‍ പെട്ടവരത്രെ (ആ ശത്രുക്കള്‍). വാക്കുകളെ അവന്‍ സ്ഥാനം തെറ്റിച്ച് പ്രയോഗിക്കുന്നു. തങ്ങളുടെ നാവുകള്‍ വളച്ചൊടിച്ച് കൊണ്ടും മതത്തെ കുത്തിപ്പറഞ്ഞ് കൊണ്ടും സമിഅ്‌നാ വഅസൈ്വനാ എന്നും ഇസ്മഅ് ഗൈറ മുസ്മഅ് എന്നും റാഇനാ എന്നും അവര്‍ പറയുന്നു. സമിഅ്‌നാ വഅത്വഅ്‌നാ (ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു) എന്നും ഇസ്മഅ് (കേള്‍ക്കണേ) എന്നും ഉന്‍ളുര്‍നാ (ഞങ്ങളെ ഗൗനിക്കണേ) എന്നും അവര്‍ പറഞ്ഞിരുന്നെങ്കില്‍ അതവര്‍ക്ക് കൂടുതല്‍ ഉത്തമവും വക്രതയില്ലാത്തതും ആകുമായിരുന്നു. പക്ഷേ, അല്ലാഹു അവരുടെ നിഷേധം കാരണമായി അവരെ ശപിച്ചിരിക്കുന്നു. അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല; ചുരുക്കത്തിലല്ലാതെ” (ക്വുര്‍ആന്‍ 4:46).

അല്ലാഹുവിലേക്കും റസൂലി ﷺ ലേക്കും വിളിക്കപ്പെട്ടാല്‍ പുറംതിരിഞ്ഞ് പോകുന്നവര്‍ കപട വിശ്വാസികളാണ്.

അല്ലാഹു പറയുന്നു: ”അവര്‍ പറയുന്നു: ഞങ്ങള്‍ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന്. പിന്നെ അതിന് ശേഷം അവരില്‍ ഒരു വിഭാഗമതാ പിന്‍മാറിപ്പോകുന്നു. അവര്‍ വിശ്വാസികളല്ല തന്നെ. അവര്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും അവര്‍ വിളിക്കപ്പെട്ടാല്‍ അപ്പോഴതാ അവരില്‍ ഒരു വിഭാഗം തിരിഞ്ഞുകളയുന്നു” (ക്വുര്‍ആന്‍ 24:47,48).

പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടുവന്ന കാര്യങ്ങളില്‍ ചിലത് സ്വീകരിക്കുക, ചിലത് ഒഴിവാക്കുക എന്നത് സത്യനിഷേധികളുടെ സ്വഭാവമാണ്.

അല്ലാഹു പറയുന്നു: ”നീ അവരോട് (അതിനെപ്പറ്റി) ചോദിച്ചാല്‍ അവര്‍ പറുയും: ഞങ്ങള്‍ തമാശ പറഞ്ഞു കളിക്കുക മാത്രമായിരുന്നു. പറയുക: അല്ലാഹുവെയും അവന്റെ ദൃഷ്ടാന്തങ്ങളെയും അവന്റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നത്? നിങ്ങള്‍ ഒഴികഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളില്‍ ഒരു വിഭാഗത്തിന് നാം മാപ്പുനല്‍കുകയാണെങ്കില്‍ തന്നെ മറ്റൊരു വിഭാഗത്തിന് അവര്‍ കുറ്റവാളികളായിരുന്നതിനാല്‍ നാം ശിക്ഷ നല്‍കുന്നതാണ്” (ക്വുര്‍ആന്‍ 9:65,66).

പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന മൂല്യങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതിന് പകരം സംശയകരമായ നലപാട് സ്വീകരിക്കുന്നവര്‍ സത്യനിഷേധികളാണ്. അല്ലാഹ പറയുന്നു: ”എങ്കിലും അവര്‍ സംശയത്തില്‍ കളിക്കുകയാകുന്നു” (ക്വുര്‍ആന്‍ 44:9).

അല്ലാഹുവും റസൂലും ﷺ അറിയിച്ച കാര്യങ്ങളെ പരിഹസിക്കുക എന്നതും ഏറെ ഗൗരവമുള്ളത് തന്നെ. 

അല്ലാഹു പറയുന്നു: ”നീ അവരോട് (അതിനെപ്പറ്റി) ചോദിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ തമാശ പറഞ്ഞു കളിക്കുക മാത്രമായിരുന്നു. പറയുക: അല്ലാഹുവെയും അവന്റെ ദൃഷ്ടാന്തങ്ങളെയും അവന്റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നത്? നിങ്ങള്‍ ഒഴികഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളില്‍ ഒരു വിഭാഗത്തിന് നാം മാപ്പുനല്‍കുകയാണെങ്കില്‍ തന്നെ മറ്റൊരു വിഭാഗത്തിന് അവര്‍ കുറ്റവാളികളായിരുന്നതിനാല്‍ നാം ശിക്ഷ നല്‍കുന്നതാണ്” (ക്വുര്‍ആന്‍ 9:65,66).

തന്റെ അടിമകളോട് ഏറെ കാരുണ്യവാനായ രക്ഷിതാവ് പ്രമാണ വിരോധികളും പരിഹസിക്കുന്നവരുമായവരോട് സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ച് പറഞ്ഞുതരുന്നത് കാണുക: 

”നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതില്‍ മുഴുകിയവരെ നീ കണ്ടാല്‍ അവര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നീ അവരില്‍ നിന്ന് തിരിഞ്ഞു കളയുക. ഇനി വല്ലപ്പോഴും നിന്നെ പിശാച് മറപ്പിച്ച് കളയുന്ന പക്ഷം ഓര്‍മ വന്നതിന് ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്” (ക്വുര്‍ആന്‍ 6:68).

പ്രമാണങ്ങളുടെ പരിപൂര്‍ണ സംരക്ഷണം അല്ലാഹു ഏറ്റെടുത്തതാണ്: പരിപൂര്‍ണ സംരക്ഷണം അല്ലാഹുവിലാണെന്ന് പറഞ്ഞാല്‍ പ്രമാണങ്ങളിലേക്ക് എന്തെങ്കിലുമൊന്ന് കൂട്ടിച്ചേര്‍ക്കാനോ, ഉള്ളത് കുറച്ച് കളയാനോ സാധ്യമല്ലെന്നര്‍ഥം. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്” (ക്വുര്‍ആന്‍ 15:9).

പ്രമാണങ്ങള്‍ മനസ്സിലാക്കുന്നേടത്ത് നാം മാര്‍ഗം സ്വീകരിക്കേണ്ടത് ഉത്തമ തലമുറയുടേതാണ്.

ഉത്തമ തലമുറ എന്നാല്‍ നബി ﷺ എടുത്തു പറഞ്ഞ മൂന്ന് നൂറ്റാണ്ടില്‍ ജീവിച്ചവരാണ്. അബ്ദുല്ല (റ)വില്‍ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ”ജനങ്ങളില്‍ ഉത്തമര്‍ എന്റെ തലമുറയാണ്. പിന്നെ അവരെ തുടര്‍ന്ന് വരുന്നവര്‍, പിന്നെ അവരെ തുടര്‍ന്ന് വരുന്നവര്‍” (ബുഖാരി: 2452).

ഇവരുടേതല്ലാത്ത ഒരു മാര്‍ഗം പിന്‍പറ്റുന്നവര്‍ നിശ്ചയം നരകത്തിന്റെ വഴിയില്‍ പ്രവേശിക്കുന്നതാണ്. അല്ലാഹു പറയുന്നു:

”തനിക്ക് സന്മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നിര്‍ക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവര്‍ തിരിഞ്ഞവഴിക്ക് തന്നെ നാം അവനെ തിരിച്ചു വിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!” (ക്വുര്‍ആന്‍ 4:115).

ഇസ്‌ലാമിക വൃത്തത്തിലുള്ള കാര്യങ്ങള്‍ സമൂഹത്തിന് അറിയിച്ച് കൊടുക്കുന്ന അടിസ്ഥാന പ്രമാണങ്ങളിലൊന്നായ ഹദീഥുകള്‍ സ്വീകരിക്കുന്നേടത്ത് നാം എത്രത്തോളം കണിശത കാണിക്കുമെന്ന് ബോധ്യമാക്കിത്തരുന്ന ചില കാര്യങ്ങള്‍ നാം മനസ്സിലാക്കി. പ്രമാണങ്ങള്‍ മനസ്സിലാക്കുന്നേടത്ത് ഒന്നിനു പുറകെ മറ്റൊന്നായി അബദ്ധങ്ങള്‍ എക്കാലത്തും പിടികൂടാനുള്ള പ്രധാന കാരണം  ഈമാനും ഇഖ്‌ലാസും അറിവും വിവേകവും ഒന്നിക്കാത്തതാണ്. 

സ്വഹീഹായ ഹദീഥുകള്‍ സ്വീകരിക്കാതെ ദുര്‍ബല ഹദീഥുകളെ പിന്തുടരുന്നവരും ഹദീഥുകളെ പരിപൂര്‍ണമായി നിഷേധിക്കുന്നവരും, ഹദീഥുകളെ തങ്ങളുടെ പരിമിതമായ ബുദ്ധി ഉപയോഗിച്ച് അളക്കുന്നവരും, പലതും ആധുനിക ലോകത്ത് ജീവിച്ചിരിക്കുന്നവരെ കേള്‍പിക്കേണ്ടതില്ല; മാറ്റിവെക്കേണ്ടവയാണെന്ന് പുലമ്പുന്നവരും ഹദീഥുകള്‍ നിഷേധിക്കുന്നതില്‍ ഒരേ വൃത്തത്തില്‍ തന്നെയാണെന്നത് സംശയിക്കേണ്ടതില്ല. ഓര്‍ക്കുക, പരലോക മോക്ഷമാണ് നാം ആഗ്രഹിക്കുന്നതെങ്കില്‍ ഇസ്‌ലാമിന്റെ ആധാരമായ പ്രമാണങ്ങള്‍ അംഗീകരിക്കലും അവയ്ക്ക് കീഴ്‌പ്പെടലുമാണ് നല്ലത്. 

 

മൂസ സ്വലാഹി, കാര
നേർപഥം വാരിക

1 thought on “പ്രവാചകചര്യ: സത്യവിശ്വാസികള്‍ക്ക് പ്രമാണമാണ്”

  1. Assalamu alaikum

    Njan padich varunna oru student aanu..enkilum enikk ithil bukhari 2452 enna report kodthitt kanunnind..aa numberum,ithil paranja karyavum 2um 2 alle.
    Uthama thalamuraye patty paranja hadees
    Bukhari 2651,2652 okke allle?
    (Muslim 2533 to 2535 ilum ithine patty parayunnundallo)
    Ningal paranja number earth related aayitullathalle?

    Ente cheriya anwshnam vech paranjathane..thettanenkil shamikkanam..
    Wtsap:-8089462122

    Reply

Leave a Comment