വഞ്ചന കാണിക്കുന്നവന്‍ യഥാര്‍ഥ മുസ്‌ലിമല്ല
നഗരത്തിലെ പ്രശസ്തമായ ഹോട്ടല്‍. സമയം ഉച്ചയോടടുക്കുന്നു. നല്ല തിരക്കുണ്ട്. നന്നായി വസ്ത്രം ധരിച്ച, കണ്ടാല്‍ വളരെ മാന്യനെന്ന് തോന്നിക്കുന്ന ഒരാള്‍ അന്നേരം ഹോട്ടലിലേക്ക് കയറിച്ചെന്നു.
”എന്തു വേണം സാര്‍” സപ്ലയര്‍ ചോദിച്ചു.
”നന്നായി പൊരിച്ച ബ്രഡ്ഡും സലാഡും” അയാള്‍ മറുപടി പറഞ്ഞു.
ഭക്ഷണം മുമ്പിലെത്തിയ പാടെ അയാള്‍ കഴിക്കുവാന്‍ തുടങ്ങി.
”ആഹ്… എന്റെ പല്ല്” ഒന്നു കടിച്ചയുടന്‍ അയാള്‍ ഉറക്കെ ശബ്ദിച്ചു.
അന്നേരം കയ്യില്‍ ബാഗുമായി ഒരാള്‍ അവിടെ കടന്നുവന്നു.
”എന്താണ് പല്ലുവേദനയോ?” അയാള്‍ ചോദിച്ചു.
”അതെ ശക്തമായ വേദന. ഭക്ഷണം കഴിക്കുവാന്‍ കഴിയുന്നില്ല.”
ഉടനെ അയാള്‍ ബാഗില്‍ നിന്നും ഒരു ചെറിയ കുപ്പിയെടുത്ത് അതിലുള്ള ദ്രാവകം പഞ്ഞിയിലാക്കി പല്ല് വേദനയുള്ളയാള്‍ക്ക് കൊടുത്തു. എന്നിട്ട് ഉറക്കെ പറഞ്ഞു:
”ഇത് വേദനയുള്ള ഭാഗത്ത് വെക്കുക. ഉടനെ വേദന മാറും.”
അയാള്‍ അത് വാങ്ങി വേദനയുള്ള ഭാഗത്ത് വെച്ചു.
”ഹോ… അത്ഭുതം! വേദന പമ്പകടന്നു” ആശ്ചര്യത്തോടെ അയാള്‍ പറഞ്ഞു.
ഇതെല്ലാം ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആളുകള്‍ മരുന്നുകാരന്റ ചുറ്റും കൂടി. പെട്ടെന്ന് വേദന മാറ്റുന്ന അത്ഭുത മരുന്ന് എല്ലാവര്‍ക്കും വേണമായിരുന്നു. നിമിഷങ്ങള്‍ക്കകം മരുന്നെല്ലാം തീര്‍ന്നു.
മരുന്നുകാരനും പല്ലുവേദനക്കാരനും സ്ഥലം വിട്ടു. രണ്ടുപേരും നേരെ പോയത് റെയില്‍വെ സ്‌റ്റേഷനിലേക്കായിരുന്നു. ടിക്കറ്റെടുത്ത് പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ കാത്തിരിക്കെ പല്ലുവേദനക്കാരന്‍ പറഞ്ഞു:
”ഇന്നത്തെ എന്റെ അഭിനയം എങ്ങനെയുണ്ടായിരുന്നു?”
”കലക്കി! എത്ര വേഗത്തിലാണ് മരുന്നെല്ലാം വിറ്റുതീര്‍ന്നത്. എന്റെ വാചകമടികൂടിയുള്ളതുകൊണ്ടാണ് ആളുകളൊക്കെ മരുന്ന് വാങ്ങിയതെന്ന് മറക്കേണ്ട” മരുന്നുകാരന്‍ പറഞ്ഞു.
അങ്ങനെ രണ്ടുപേരും ലാഭത്തിന്റെ കണക്ക് കൂട്ടുന്നതിനിടയിലാണ് ഏതാനും പോലീസുകാര്‍ അവരെ സമീപിച്ചത്.
”നിങ്ങള്‍ രണ്ടു പേരരെയും അറസ്റ്റു ചെയ്യാന്‍ വന്നതാണ് ഞങ്ങള്‍” ഒരു പോലീസുകാരന്‍ ഗൗരവത്തില്‍ പറഞ്ഞു.
ഞങ്ങളെ അറസ്റ്റ് ചെയ്യുകയോ. ഞങ്ങള്‍ ആരെയും കൊന്നിട്ടൊന്നുമില്ലല്ലോ. പിന്നെ എന്തിനാ ഞങ്ങളെ അറസ്റ്റ് ചെയ്യുന്നത്?” മരുന്നുകാരന്‍ പേടിച്ചു വിറച്ചുകൊണ്ട് ചോദിച്ചു.
”രോഗം പെട്ടെന്നു മാറുമെന്ന് പറഞ്ഞും അഭിനയിച്ച് കാണിച്ചും ഒരുപാടുപേരെ നിങ്ങള്‍ ചതിച്ചില്ലേ? മരുന്ന് വാങ്ങിയ പലരും പരാതിയുമായി ഞങ്ങളെ സമീപിച്ചിട്ടുണ്ട്.”
രണ്ടു പേര്‍ക്കും ഒന്നും പറയുവാനുണ്ടായിരുന്നില്ല.
”നിങ്ങളുടെ മതമേതാണ്?” ഒരു പോലീസുകാരന്‍ ചോദിച്ചു.
”ഞങ്ങള്‍ മുസ്‌ലിംകളാണ്” അവര്‍ ഒന്നിച്ചാണത് പറഞ്ഞത്.
അത് കേട്ടപ്പോള്‍ പോലീസുകാരന് ദേഷ്യം വന്നു.
”എന്നിട്ടാണോ നിങ്ങള്‍ ഈ ദുഷിച്ച പണി ചെയ്തത്?”
അവര്‍ ഇരുവരും പകച്ചുനിന്നു.
”നമ്മെ വഞ്ചിച്ചവന്‍ നമ്മില്‍ പെട്ടവനല്ല എന്ന് മുഹമ്മദ് നബി ﷺ പറഞ്ഞത് നിങ്ങള്‍ക്കറിയില്ലേ? വഞ്ചനകാണിക്കുന്നവന്‍ യഥാര്‍ഥ മുസ്‌ലിമല്ലെന്ന്. എന്നിട്ടും ജനങ്ങളെ ചതിച്ച് മുസ്‌ലിംകളാണെന്നും പറഞ്ഞ് നടക്കുന്നു.”
രണ്ടു പേരെയും പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. കൂട്ടുകാരേ, ഒരു മുസ്‌ലിമിന് ആരെയും വഞ്ചിക്കുവാന്‍ അനുവാദമില്ല. ജീവിതത്തില്‍ ഒരിക്കലും ആരെയും വഞ്ചിക്കരുത്.
റാഷിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക