സല്‍മാനുല്‍ ഫാരിസി (റ) യുടെ ആത്മകഥ – 01​

സല്‍മാനുല്‍ ഫാരിസി (റ) യുടെ ആത്മകഥ - 01

(പ്രമുഖ സ്വഹാബിവര്യനായ സല്‍മാനുല്‍ ഫാരിസി്യയുടെ സത്യാന്വേഷണ യാത്രയുടെ വിവരണം)

”അസ്വ്ബഹാന്‍ ദേശത്തെ ജയ് ഗ്രാമക്കാരനായിരുന്നു ഞാന്‍. ഒരു പേര്‍ഷ്യന്‍ വംശജന്‍. എന്റെ പിതാവ് ഗ്രാമത്തലവനായിരുന്നു. എന്റെ പിതാവിന് ആരെക്കാളുമുപരി ഏറെ ഇഷ്ടം എന്നോടായിരുന്നു. ഒരിക്കലും അണഞ്ഞുപോകാതെ ജനങ്ങള്‍ സൂക്ഷിച്ചിരുന്നതായ അഗ്‌നിക്കരികില്‍, വീട്ടില്‍നിന്നും പുറത്തിറങ്ങാത്തവിധം അദ്ദേഹം എന്നെ തടഞ്ഞുവെച്ചു; പെണ്‍മക്കളെ വീടുവിട്ടിറങ്ങാന്‍ അനുവദിക്കാത്തതുപോലെ. അഗ്‌നിയെ ആരാധിച്ചുകൊണ്ട് ഞാന്‍ കാലംകഴിച്ചു. മജൂസി മതാചാരമനുസരിച്ച് ഒരു നിമിഷം പോലും അണയാതെ കത്തേണ്ട തീനാളത്തിനരികില്‍ ഒരു യോഗിയായി ഞാന്‍ ജീവിതം തുടര്‍ന്നു.

എന്റെ പിതാവിന് വലിയ ഒരു തോട്ടമുണ്ടായിരുന്നു. അതില്‍ നിത്യസന്ദര്‍ശകനായിരുന്നു പിതാവ്. ഒരുദിനം അദ്ദേഹത്തിന്റെ ഒരു കെട്ടിട ജോലിയില്‍ വ്യാപൃതനായതിനാല്‍ സന്ദര്‍ശനം മുടങ്ങി. പിതാവ് എന്നോട് പറഞ്ഞു: ”ഞാന്‍ പണിത്തിരക്കിലായതിനാല്‍ എനിക്ക് തോട്ടത്തിലേക്ക് പോകുവാനാവില്ല. നീ പോയി കാര്യങ്ങള്‍ തിരക്കി വരിക. അവിടെ വേണ്ട കാര്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുക.”

ഞാന്‍ തോട്ടം ലക്ഷ്യമാക്കി പുറപ്പെട്ടു. ക്രൈസ്തവരുടെ ഒരു ചര്‍ച്ചിന് മുന്നിലൂടെയാണ് ഞാന്‍ നടന്നത്. പ്രാര്‍ഥനാനിമഗ്‌നരായിരുന്ന ക്രൈസ്തവരുടെ ശബ്ദം ഞാന്‍ കേട്ടു. പിതാവ് എന്നെ വീട്ടില്‍ കെട്ടിയിടുവാന്‍ മാത്രം ജനങ്ങള്‍ക്കിടയിലെ വിഷയങ്ങള്‍ എന്തെന്ന് എനിക്ക് അറിയില്ലായിരുന്നു. അവരുടെ പ്രാര്‍ഥനാശബ്ദം കേട്ട ഞാന്‍ അവരുടെ ചെയ്തികള്‍ നോക്കിക്കാണുവാന്‍ അകത്തു കയറി. അവരെ കണ്ടതോടെ അവരുടെ പ്രാര്‍ഥന എന്നെ കൗതുകപ്പെടുത്തുകയും അവരില്‍ എനിക്ക് താല്‍പര്യം ജനിക്കുകയും ചെയ്തു. ഞാന്‍ പറഞ്ഞു: ‘പ്രപഞ്ചനാഥനാണേ, ഇത് ഞങ്ങളുടെ മജൂസി മതത്തെക്കാള്‍ നല്ലതാണ്.’ സൂര്യാസ്തമയം വരെ ഞാന്‍ അവരോടൊപ്പം കഴിച്ചുകൂട്ടി. പിതാവിന്റെ തോട്ടത്തിലേക്ക് പോകുന്ന ഉദ്യമം ഞാന്‍ വേണ്ടെന്നുവെച്ചു.

ഞാന്‍ ക്രൈസ്തവരോട് ചോദിച്ചു:”ഈ മതത്തിന്റെ കേന്ദ്രം എവിടെയാണ്?”

അവര്‍ പറഞ്ഞു: ”ശാമില്‍(സിറിയ).”

ഞാന്‍ വീട്ടിലേക്ക് തിരിച്ചു. അപ്പോഴേക്കും പിതാവ് എന്നെ തിരക്കി ആളെവിട്ടിരുന്നു. ഞാന്‍ വൈകിയതിനാല്‍ പിതാവ് തന്റെ എല്ലാ ജോലികളും വേണ്ടെന്ന് വെച്ചിരുന്നു.

വീട്ടിലെത്തിയപ്പോള്‍ പിതാവ് ചോദിച്ചു: ”മകനേ, നീ എവിടെയായിരുന്നു? ഞാന്‍ നിന്നോട് ഏല്‍പിച്ചതെല്ലാം എന്തായി?”

ഞാന്‍ പറഞ്ഞു: ”പിതാവേ, പ്രാര്‍ഥനാനിരതരായി ചര്‍ച്ചില്‍ ധ്യാനിച്ചിരുന്ന ഒരു വിഭാഗത്തിനരികിലൂടെ നടന്നപ്പോള്‍ അവരുടെ മതകര്‍മങ്ങള്‍ എന്നെ ആശ്ചര്യചിത്തനാക്കി. സൂര്യാസ്തമയംവരെ ഞാന്‍ അവരോടൊപ്പം കഴിച്ചുകൂട്ടി.”

പിതാവ്: ”മകനേ, ആ മതത്തില്‍ നന്മയൊന്നുമില്ല. നമ്മുടെ പിതാക്കളുടെ മതമായ മജൂസിമതമാണ് ഉത്തമമായത്.”

ഞാന്‍: ”അല്ല, ഒരിക്കലും! പ്രപഞ്ചനാഥനാണേ, നന്മുടെ മജൂസിമതത്തെക്കാള്‍ ഉത്തമമായത് അതുതന്നെയാണ്.”

പിതാവ് എന്റെ കാര്യത്തില്‍ ആശങ്കാകുലനായി. എന്റെ കാലുകളില്‍ വിലങ്ങുതീര്‍ത്ത് വീട്ടില്‍ ബന്ധിയാക്കി.

ഞാന്‍ ക്രൈസ്തവരിലേക്ക് ഒരു ദൂതനെ നിയോഗിച്ചു. സിറിയയില്‍ നിന്ന് വല്ല  കച്ചവടസംഘവും വന്നെത്തിയാല്‍ എന്നെ വിവരം ധരിപ്പിക്കണമെന്ന് ഞാന്‍ അവനോട് ആവശ്യപ്പെട്ടു. അവന്‍ അപ്രകാരം ചെയ്തു. ഒരു കച്ചവടസംഘം തങ്ങളുടെ ദൗത്യം അവസാനിപ്പിച്ച് യാത്രതിരിക്കുമ്പോള്‍ അവന്‍ എനിക്ക് വിവരം തന്നു. കാലില്‍നിന്ന് ഇരുമ്പ് വിലങ്ങുകള്‍ എടുത്തെറിഞ്ഞ് ഞാന്‍ യാത്ര പുറപ്പെട്ടു.

സിറിയയിലെത്തിയ ഞാന്‍ ആരാഞ്ഞു: ”ഇവിടെ ക്രൈസ്തവരില്‍ ഏറെ മതനിഷ്ഠയുള്ള ആള്‍ ആരാണ്?”

അവര്‍ പറഞ്ഞു: ”ചര്‍ച്ചിലെ പുരോഹിതന്‍.”

ഞാന്‍ അയാളെ തേടിയെത്തി. ഞാന്‍ പറഞ്ഞു: ”ഞാന്‍ ക്രിസ്തുമതത്തില്‍ ആഗ്രഹം മൂത്തവനാണ്. അങ്ങയോടൊപ്പം കഴിയുന്നതും ചര്‍ച്ചില്‍ അങ്ങയെ പരിചരിക്കുന്നതും അങ്ങയില്‍നിന്ന് പഠിക്കുന്നതും അങ്ങയോടൊപ്പം പ്രാര്‍ഥിക്കന്നതും ഞാന്‍ ഇഷ്ടപ്പെടുന്നു.”

അയാള്‍ പറഞ്ഞു: ”കയറി വന്നുകൊള്ളുക.”

ഞാന്‍ അവിടെ കയറിപ്പറ്റി. പക്ഷേ, അയാള്‍ ചീത്ത മനുഷ്യനായിരുന്നു. ജനങ്ങളോട് ദാനധര്‍മത്തിന് കല്‍പിക്കുകയും അവരില്‍ ആഗ്രഹം ജനിപ്പിക്കുകയും ചെയ്തിരുന്ന അയാള്‍ കുമിഞ്ഞുകൂടുന്ന സംഭാവനകള്‍ തനിക്ക് സ്വന്തമാക്കുകയും സാധുക്കള്‍ക്ക് തടയുകയും ചെയ്തുപോന്നു. അങ്ങനെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഏഴ് കുംഭങ്ങള്‍ അയാള്‍ ശേഖരിച്ചു. അയാളുടെ സ്വാര്‍ഥ പ്രവൃത്തികളില്‍ ഞാന്‍ അയാളോട് ഏറെ ഈര്‍ഷ്യത വെച്ചുപുലര്‍ത്തി. ദൈവവിളി മരണമായി അയാളില്‍ വന്നു. ക്രൈസ്തവര്‍ അയാളുടെ സംസ്‌കാര ചടങ്ങിനെത്തി.

ഞാന്‍ അവരോട് പറഞ്ഞു: ”ഇയാള്‍ ചീത്ത മനുഷ്യനായിരുന്നു.”

അവര്‍ ചോദിച്ചു: ”അത് താങ്കള്‍ക്ക് എങ്ങനെ അറിയാം?”

ഞാന്‍ പറഞ്ഞു: ”അയാള്‍ വീര്‍പിച്ചു വലുതാക്കിയ ധനസംഭരണി ഞാന്‍ കാണിച്ചുതരാം.”

അവര്‍ പറഞ്ഞു: ”കാണിച്ചു തരൂ.”

സംഭരണികളുള്ള സ്ഥലം ഞാന്‍ കാണിച്ചുകൊടുത്തു. അവര്‍ അത് പുറത്തെടുത്തപ്പോള്‍ ഏഴ് കുംഭങ്ങള്‍ നിറയെ സ്വര്‍ണവും വെള്ളിയുമായിരുന്നു. ഇവ കണ്ടമാത്രയില്‍ അവര്‍ പ്രഖ്യാപിച്ചു: ”പ്രപഞ്ചകര്‍ത്താവാണേ, നാം ഇയാളെ സംസ്‌കരിക്കില്ല; ഒരിക്കലും.” അവര്‍ ആ ശവത്തെ കുരിശിലേറ്റി. ശേഷം അതിനുനേരെ കല്ലെറിഞ്ഞു.

അയാളുടെ സ്ഥാനത്ത് മറ്റൊരു വ്യക്തിയെ അവര്‍ അവരോധിച്ചു. നമസ്‌കാര-സ്‌തോത്രങ്ങളിലും ഭൗതിക വിരക്തിയിലും മരണാനന്തര ക്ഷേമതല്‍പരതയിലും ധ്യാനജീവിതത്തിലും അദ്ദേഹത്തെക്കാള്‍ ശ്രേഷ്ഠനായ മറ്റൊരാളെയും ഞാന്‍ കണ്ടില്ല. അതിനാല്‍ മുമ്പ് മറ്റാരെയും സ്‌നേഹിച്ചിട്ടില്ലാത്തത്ര ഞാന്‍ അദ്ദേഹത്തെ അളവറ്റ് സ്‌നേഹിച്ചു. അദ്ദേഹത്തോടൊന്നിച്ച് ഞാന്‍ കുറച്ച് കാലം കഴിച്ചുകൂട്ടി. അദ്ദേഹം മരണാസന്നനായപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു:

”ഞാന്‍ ഇത്രയും നാള്‍ അങ്ങയോടൊന്നിച്ച് കഴിച്ചുകൂട്ടി. മറ്റാരോടുമില്ലാത്ത വിധം ഞാന്‍ താങ്കളെ സ്‌നേഹിച്ചു. ഇപ്പോഴിതാ താങ്കളെത്തേടി ദിവ്യകല്‍പനയാകുന്ന മരണം വരാറായിരിക്കുന്നു. ഞാന്‍ ആരെ ആത്മീയ ഗുരുവാക്കുവാനാണ് താങ്കള്‍ നിര്‍ദേശിക്കുന്നത്? എന്താണ് എന്നോട് കല്‍പിക്കുന്നത്?”

അദ്ദേഹം പറഞ്ഞു: ”മകനേ, അല്ലാഹുവാണെ സത്യം! ഞാനുള്ള ആദര്‍ശത്തില്‍ ജീവിക്കുന്ന ആരും ഇന്ന് ഉള്ളതായി എനിക്കറിയില്ല. ജനങ്ങള്‍ ധാര്‍മികമായി തകര്‍ന്നിരിക്കുന്നു. അവര്‍ മതത്തെ മാറ്റിമറിച്ചു. ആദര്‍ശ ജീവിതം ഏറെക്കുറെ കയ്യൊഴിച്ചു, മൗസ്വില്‍ ദേശത്തുള്ള ഒരാളൊഴികെ. അദ്ദേഹം എന്റെ ആദര്‍ശ സുഹൃത്താണ്. അവിടം പ്രാപിക്കുക.”

അദ്ദേഹം പരലോകം പൂകിയപ്പോള്‍ ഞാന്‍ മൗസ്വില്‍ ദേശത്തെ പുരോഹിതന്റെ അടുക്കല്‍ചെന്ന് എന്റെ വിവരം പറഞ്ഞു: ”ഗുരുശ്രേഷ്ഠരേ, സിറിയയിലെ പുരോഹിതന്‍ തന്റെ മരണവേളയില്‍ താങ്കളോട് ചേരുവാന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ഞാന്‍ ഇവിടെ എത്തിയത്. താങ്കള്‍ അദ്ദേഹത്തിന്റെ ആദര്‍ശബന്ധുവാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു.”

അദ്ദേഹം പറഞ്ഞു: ”എന്നോടൊത്ത് കഴിഞ്ഞോളൂ.”

ഞാന്‍ അദ്ദേഹത്തോടൊപ്പം താമസമാരംഭിച്ചു. സിറിയയിലെ പുരോഹിതനെപ്പോലെ അദ്ദേഹവും ശ്രേഷ്ഠനായ മനുഷ്യനായിരുന്നു. എന്നാല്‍, ഏറെ കഴിഞ്ഞില്ല; അദ്ദേഹവും മരണാസന്നനായി. അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു: ”ഗുരുശ്രേഷ്ഠരേ, സിറിയയിലെ പുരോഹിതന്റെ നിര്‍ദേശം അനുസരിച്ചാണ് ഞാന്‍ താങ്കളുടെ അടുക്കലെത്തിയത്. ഇപ്പോഴിതാ ദിവ്യകല്‍പനയാകുന്ന മരണം താങ്കളുടെ കണ്‍മുന്നില്‍ വന്നിരിക്കുന്നു. ഞാന്‍ ആരെ ആത്മീയ ഗുരുവാക്കുവാനാണ് താങ്കള്‍ നിര്‍ദേശിക്കുന്നത്? എന്താണ് എന്നോട് കല്‍പിക്കുന്നത്?”

അദ്ദേഹം പറഞ്ഞു: ”മകനേ, അല്ലാഹുവാണെ സത്യം! നമ്മുടെ ആദര്‍ശത്തില്‍ ജീവിക്കുന്ന ആരും ഇന്ന് ഉള്ളതായി എനിക്കറിയില്ല. നസ്വീബീന്‍ ദേശത്തുള്ള ഒരു പുരോഹിതന്‍ മാത്രമാണ് ശേഷിക്കുന്നത്. അവിടം പ്രാപിക്കുക.”

അദ്ദേഹം മരണം വരിച്ച് മണ്‍മറഞ്ഞപ്പോള്‍ ഞാന്‍ നസ്വീബീനിലെ പുരോഹിതന്റെ അടുക്കല്‍ ചെന്ന് എന്റെ വിവരം പറഞ്ഞു. മൗസിലിലെ പുരോഹിതന്‍ കല്‍പിച്ച കാര്യങ്ങളും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.

അദ്ദേഹം പറഞ്ഞു: ”എന്നോടൊത്ത് കഴിഞ്ഞോളൂ.”

ഞാന്‍ അദ്ദേഹത്തോടൊപ്പം താമസമാരംഭിച്ചു.

(അവസാനിച്ചില്ല)

 

അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
നേർപഥം വാരിക

17 thoughts on “സല്‍മാനുല്‍ ഫാരിസി (റ) യുടെ ആത്മകഥ – 01​”

  1. I loved this story so much
    I have already studied but i got to know mu h after reading it in Malayalam

    Reply

Leave a Reply to Shameel Mohammed Cancel reply