ക്ഷമ

സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയിൽ മികവ് കാണിക്കുകയും ചെയ്യുക.           (സൂറ: ആലു ഇംറാൻ:3)

‘കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളിൽ) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക’. (സൂറ: അൽ ബഖറ: 155)

‘ക്ഷമാശീലര്‍ക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്’. (സൂറ: സുമര്‍: 10)

‘വല്ലവനും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെ യ്യേണ്ട കാര്യങ്ങളിൽ പെട്ടതാകുന്നു’. ( സൂറ: ശൂറാ: 43)

‘സത്യവിശ്വാസികളേ, നിങ്ങള്‍ സഹനവും നമസ്കാരവും മുഖേന (അല്ലാഹുവിനോട്) സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു’. (സൂറ: അൽ ബഖറ: 153)

‘നിങ്ങളുടെ കൂട്ടത്തിൽ സമരം ചെയ്യുന്നവരെയും ക്ഷമ കൈക്കൊള്ളുന്നവരെയും നാം തിരിച്ചറിയുകയും, നിങ്ങളുടെ വര്‍ത്തമാനങ്ങള്‍ നാം പരിശോധിച്ചു നോക്കുകയും ചെയ്യുന്നതു വരെ നിങ്ങളെ നാം പരീ ക്ഷിക്കുകതന്നെചെയ്യും’. (സൂറ: മുഹമ്മദ്: 31)

ഈ വിഷയത്തിൽ ധാരാളം നബിവചനം വേറെയും കാണാം.

അബൂമാലിക് അൽഅശ്അരി(റ)വിൽ നിന്ന് നി വേദനം: നബി(സ) പറയുകയുണ്ടായി: ‘ശുദ്ധീകരണം’ വിശ്വാസത്തിന്‍റെ പകുതിയാണ്. ‘അൽഹംദുലില്ലാഹ്’ എന്ന് പറയുന്നത് തുലാസ് നിറയ്ക്കുന്നതാണ്. ‘സു ബ്ഹാനല്ലാഹ് വൽഹംദുലില്ലാഹ്’ എന്നത് ആകാശ ഭുമികളും അതിന്നിടയിലുള്ളതും നിറയ്ക്കുന്നതാണ്. ‘നമസ്കാരം’ പ്രകാശവും, ‘ദാനധര്‍മം’ തെളിവുമാണ്. ‘ക്ഷമ’ വെളിച്ചമാണ്. ‘ഖുര്‍ആൻ’ നിനക്കെതിരിലോ അനുകൂലമായോ ഉള്ള തെളിവാണ്. മുഴുവൻ മനു ഷ്യരും രാവിലെ പുറപ്പെടുന്നു. അവർ ഓരോരുത്തരും സ്വന്തം ശരീരം വിൽക്കുന്നു. ചിലർ അതിനെ രക്ഷപ്പെ ടുത്തുന്നു. മറ്റുചിലർ അപകടപ്പെടുത്തുന്നു”. (മുസ്ലിം)

അബൂ സഈദ്(റ)വിൽ നിന്ന് നിവേദനം: ഒരു കൂട്ടമാളുകൾ നബി(സ)യുടെ അടുത്ത് ചില ആവശ്യങ്ങൾ ചോദിക്കുകയും നബി(സ) അത് നൽ കുകയും ചെയ്തു. വീണ്ടും വീണ്ടും അവർ ചോദിച്ച പ്പോൾ തന്‍റെ പക്കലുള്ളത് തീരുന്നത് വരെ നബി(സ) അവർക്ക് നൽകുകയും ചെയ്തു. തുടർന്ന് നബി(സ) ഇങ്ങനെ പറയുകയുണ്ടായി: “എന്‍റെ കയ്യിൽ വല്ലതും ഉണ്ടായിരുന്നുവെങ്കിൽ ഞാൻ അത് നിങ്ങളിൽ നിന്ന് ഒളിപ്പിച്ച് വെക്കുമായിരുന്നില്ല. ആരെങ്കിലും ചോദിക്കാ തെ സ്വയം പര്യാപ്തത പുലർത്തുന്നുവെങ്കിൽ അല്ലാഹു അയാളെ സ്വയം പര്യാപ്തനാക്കുന്നതാണ്. അരെങ്കിലും (ചോദിക്കാതെ) ഐശ്യര്യം പുലർത്തുന്നുവെങ്കിൽ അല്ലാഹു അയാളെ ഐശ്വര്യവാനാക്കുന്നതാണ്. ആരെങ്കിലും ക്ഷമ കൈകൊള്ളാൻ തീരുമാനിച്ചാൽ അല്ലാഹു അയാൾക്ക് അതിന് തൗഫീഖ് നൽകു ന്നതാണ്. ക്ഷമയെക്കാൾ വലിയൊരു ദാനം ഒരാൾക്കും ലഭിച്ചിട്ടില്ല”. (മുത്തഫഖുൻ അലൈഹി)

സുഹൈബ് ബിൻ സിനാൻ(റ) വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ഒരു വിശ്വാസിയുടെ കാര്യം ആശ്ചര്യകരം തന്നെ. അവന്‍റെ മുഴുവൻ കാര്യങ്ങളും അവന് നന്മ തന്നെയായിരിക്കും. ഒരു വിശ്വാസിക്കു മാത്രമേ അത് ലഭിക്കുകയുള്ളൂ. അവന് ഒരു ഗുണം ലഭിച്ചാൽ അവൻ അല്ലാഹുവിന് നന്ദി പറയും. അപ്പോഴതവന് ഗുണമാവും. അവനെ ഒരു ദുരിതം ബാധിച്ചാൽ അവൻ ക്ഷമ കൈകൊള്ളും. അങ്ങിനെ അതുമവന് ഗുണമായി ഭവിക്കും”. (മുസ്ലിം)

നബി(സ)യുടെ പ്രിയപ്പെട്ടവനായിരുന്ന സൈദ് (റ) വിന്‍റെ മകൻ ഉസാമ(റ)വിൽ നിന്ന് നിവേദനം: നബി(സ) യുടെ പുത്രി സൈനബ (റ) തന്‍റെ പുത്രൻ മരണമാസന്നമായിരിക്കുകയാണെന്നും അതുകൊണ്ട് ഇവിടം വരെ വന്നാൽ കൊള്ളാമെന്നും അറിയിച്ചു കൊണ്ട് നബി(സ)യുടെ അടുത്തേക്ക് ആളെയയച്ചു. നബി(സ) യാകട്ടെ പുത്രിക്ക് സലാം പറഞ്ഞ് കൊണ്ട് ഇപ്രകാരം പറഞ്ഞയച്ചു: ‘അല്ലാഹു വിട്ട് തന്നതും അവന് തിരിച്ചെടുത്തതും അവന്‍റേതു തന്നെയാണ്. എല്ലാകാര്യങ്ങൾക്കും അവന്‍റെയടുക്കൽ ഒരു നിശ്ചിത അവധിയുണ്ട് . അതിനാൽ അല്ലാഹുവിങ്കൽ നിന്ന് പ്രതിഫലം ആഗ്രഹിച്ച് കൊണ്ട് അവൾ ക്ഷമ കൈകൊള്ളട്ടെ’. അപ്പോൾ നബി(സ)വരിക തന്നെ വേണമെന്ന് സത്യം ചെയ്ത് കൊണ്ട് അവർ വീണ്ടും ആളെയയച്ചു. സഅദ്, മുആദ്, ഉബയ്യ്, സൈദ്(റ) എന്നിവരും വേറെ ചില അനുചരന്മാരുമൊന്നിച്ച് നബി(സ)പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ കുട്ടിയെ നബി(സ)യുടെ അടുത്തേക്ക് ഉയർത്തിക്കാണിച്ചു. ആ കുട്ടി നബി(സ) യുടെ മടിയിൽ കിടന്ന് പിടയുന്നുണ്ടാ യിരുന്നു. നബി(സ)യുടെ ഇരു കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി. ഇത് കണ്ടപ്പോൾ സഅദ്(റ) ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരെ ഇതെന്താണ്? (അങ്ങ് കരയുകയാണോ!) നബി(സ) പറഞ്ഞു: ‘ഇത് അല്ലാഹു അവന്‍റെ ദാസന്മാരുടെ ഹൃദയത്തിൽ നിക്ഷേപിക്കുന്ന കാരുണ്യമാണ്’.  മറ്റൊരു റിപ്പോർട്ടിൽ: “അല്ലാഹു ഉദ്ദേശിക്കുന്ന ദാസന്മാരുടെ ഹൃദയത്തിൽ അവൻ നിക്ഷേപിക്കുന്ന കാരുണ്യമെന്നും, കാരുണ്യമുള്ള തന്‍റെ ദാസന്മാരോടാണ് അല്ലാഹു കരുണ കാണിക്കുകയെന്നും കൂടുതലായുണ്ട്          (മുത്തഫഖുൻ അലൈഹി)

അനസ്(റ)വിൽ നിന്ന് നിവേദനം: ഖബറിന്നടു ത്തിരുന്നുകൊണ്ട് കരയുന്ന ഒരു സ്ത്രീയുടെ സമീപ ത്തുകൂടി നബി(സ) ഒരിക്കൽ നടന്ന് പോയി. തദവസ രത്തിൽ നബി(സ) പറഞ്ഞു: “നീ അല്ലാഹുവിനെ സൂ ക്ഷിക്കുക, ക്ഷമിക്കുക”. അവൾ പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ പാടു നോക്കി പോവുക. എനിക്ക് സംഭവിച്ച ആപത്ത് നിനക്ക് സംഭവിച്ചിട്ടില്ല. അവൾ നബി (സ)യെ മനസ്സിലാക്കാത്തത് കൊണ്ടായിരുന്നു ഈ ശൈലിയിൽ പറഞ്ഞത്. പിന്നീട് അത് നബി(സ) ആയിരുന്നുവെന്ന് ചിലർ അവളെ ഉണർത്തിയപ്പോൾ അവൾ നബി(സ)യുടെ അടുത്ത് ചെന്നു. കാവൽകാ രെയൊന്നും അവിടെ കണ്ടില്ല. എന്നിട്ട് അവൾ പറഞ്ഞു: എനിക്ക് അങ്ങയെ മനസ്സിലായിരുന്നില്ല. (അതിനാൽ പറഞ്ഞു പോയതാണ്) അപ്പോൾ നബി(സ) പറഞ്ഞു: “ആപത്തിന്‍റെ  ആദ്യ ആഘാതം ബാധിക്കുമ്പോഴുള്ള ക്ഷമയാണ് പ്രധാനം”. (മുത്തഫഖുൻ അലൈഹി)

അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി (സ) പറയുകയുണ്ടായി: “ഉന്നതനായ അല്ലാഹു പറയുന്നു: “ദുനിയാവിൽ തന്‍റെ  കരളിന്‍റെ  കഷണത്തെ ഞാൻ തിരിച്ചെടുത്തിട്ട് (മരിപ്പിച്ചിട്ട്) ക്ഷമ പുലര്‍ത്തുന്ന ദാസന്മാർക്ക് പ്രതിഫലമായി നല്കുവാനുള്ളത് സ്വര്‍ഗം മാത്രമാണ്”. (ബുഖാരി) ആയിശ(റ)വിൽ നിന്ന് നിവേദനം: പ്ലേഗിനെ സംബന്ധിച്ച് നബി(സ) യോട് ചോദിച്ചപ്പോൾ അവിടുന്ന് പറയുകയുണ്ടായി: “ചില ജനവിഭാഗങ്ങളെ ശിക്ഷിക്കുവാൻ വേണ്ടി അല്ലാഹു ഇറക്കിയതായിരുന്നു അത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതിനെ അവര്‍ക്കൊരു കാരുണ്യമാക്കുകയും ചെയ്തു. പ്രസ്തുത രോഗം പടര്‍ന്ന് പിടിക്കുന്ന സ്ഥലത്ത് ആരെങ്കിലും അകപ്പെടുകയും അല്ലാഹുവിൽ വിശ്വാസമര്‍പ്പിച്ച് ക്ഷമ പുലർത്തുകയും അല്ലാഹു വിധിച്ചത് മാത്രമേ സംഭവിക്കുകയുള്ളൂ എന്ന് വിശ്വസിക്കുകയും ചെയ്താൽ അയാള്‍ക്ക് രക്തസാക്ഷി യുടെ പ്രതിഫലം ലഭിക്കാതിരിക്കുകയില്ല”. (ബുഖാരി)

അനസ്(റ)വിൽ നിന്ന് നിവേദനം: “നബി(സ) പറയുന്നതായി ഞാൻ കേട്ടു: അല്ലാഹു പറയുന്നു: “ എന്‍റെ ദാസന്മാരിൽ നിന്ന് ആരുടെയെങ്കിലും രണ്ട് കണ്ണുകളെ ഞാൻ പരീക്ഷിച്ചാൽ (തിരിച്ചെടുത്താൽ) അവന് ക്ഷമ പുലര്‍ത്തുന്നുവെങ്കിൽ അയാള്‍ക്ക് സ്വര്‍ഗം പ്രതിഫലം നല്കുക തന്നെ ചെയ്യും. (ബുഖാരി)

ഇബ്നു മസ്ഊദ്(റ)വിൽ നിന്ന് നിവേദനം: നബി (സ) യുടെ മുഖത്ത് ഞാൻ ഇപ്പോള്‍ നോക്കുന്നത് പോലെ എനിക്കോർമയുള്ളതാണ് അവിടുന്ന് ഒരു പ്രവാചകനെ സംബന്ധിച്ച് ഇപ്രകാരം പറയുകയുണ്ടായത്: “അതായത്, ആ പ്രവാചകന്‍റെ  അനുയായികൾ അദ്ദേഹത്തെ മര്‍ദ്ദിച്ച് മുഖത്ത് നിന്ന് രക്തം ഒഴുക്കിയപ്പോൾ അത് തുടച്ച് കൊണ്ട് അദ്ദേഹം പറയുകയുണ്ടായി: “അല്ലാഹുവേ, എന്‍റെ സമുദായത്തിന് നീ പൊറുത്ത് കൊടുക്കേണമേ. അവർ അറിവില്ലാത്തവരാകുന്നു.                  (മുത്തഫഖുൻ അലൈഹി)

അബൂ സഈദ്, അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: “ഒരു വിശ്വാസിക്ക് ബാധിക്കുന്ന തളർച്ചയും, ക്ഷീണവും, പ്രയാസവും, ദുഖഃവും, വിഷമവും കാരണമായി അല്ലാഹു അവന്‍റെ  പാപങ്ങൾ പൊറുത്ത് കൊടുക്കുന്നതാണ്. ഒരു മുള്ള് തറക്കുന്നത് പോലും അങ്ങിനെത്തന്നെയാണ്”. (മുത്തഫഖുൻ അലൈഹി)

അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി (സ) പറയുകയുണ്ടായി: “ആര്‍ക്കെങ്കിലും നന്മ വരണമെന്ന് അല്ലാഹു ഉദ്ദേശിച്ചാൽ അയാളെ അല്ലാഹു പരീക്ഷിക്കുന്നതാണ്”.(ബുഖാരി)

അനസ്(റ)വിൽ നിന്ന് നിവേദനം: നബി (സ) പറയുന്നതായി ഞാൻ കേട്ടു: “തനിക്ക് ബാധിച്ച ഒരു ദുരിതം മുഖേന മരണം ഒരാളും കൊതിച്ചു പോകരുത്. ഒരു പോംവഴിയും ഇല്ലെങ്കിൽ അല്ലാഹുവേ, എനിക്ക് ജീവിതം നല്ലതായിരിക്കുന്നിടത്തോളം എന്നെ നീ ജീവിപ്പിക്കുകയും മരണമാണ് ഗുണമെങ്കിൽ നീ എന്നെ മരിപ്പിക്കുകയും ചെയ്യേണമേ എന്ന് പ്രാര്‍ത്ഥിക്കട്ടെ”. (മുത്തഫഖുൻ അലൈഹി)

ഖബ്ബാബ്(റ)വിൽ നിന്ന് നിവേദനം: ഒരു കരിമ്പടം തലയുടെ താഴെവെച്ച് കഅ്ബയുടെ തണലിൽ നബി (സ) ഇരിക്കുമ്പോൾ ഞങ്ങൾ ശത്രുക്കളുടെ ഉപദ്രവത്തെക്കുറിച്ച് നബി(സ) യോട് ആവലാതി പറയുകയുണ്ടായി. അപ്പോൾ നബി(സ)പറഞ്ഞു: “നിങ്ങളുടെ മുൻഗാമികളായ സമുദായങ്ങളിലെ ആളുകളെ കുഴിയിൽ താഴ്ത്തി നിർത്തി ഈർച്ചവാൾ തലയിൽ വെച്ച് അവരെ രണ്ടായി ഈർന്ന് പൊളിച്ചിരുന്നു. മറ്റുചിലരെ ഇരുമ്പിന്‍റെ ചീർപ്പുകളുപയോഗിച്ച് മാംസവും എല്ലുകളും വാർന്നെടുത്തിരുന്നു. എന്നാൽ അതൊന്നും അവരുടെ മതത്തിൽ നിന്ന് അവരെ തടയാൻ കാരണമായില്ല. അല്ലാഹു തന്നെയാണ് സത്യം, ഒരാൾക്ക് സ്വന്‍ആയിൽ നിന്ന് ഹളറമൗത്തിലേക്ക് നിർഭയമായി യാത്രചെയ്യാൻ കഴിയുന്ന രൂപത്തിൽ അല്ലാഹു ഈ മതത്തെ പരിപൂർണമാക്കുകതന്നെ ചെയ്യും. അയാൾക്ക് അല്ലാഹുവിനെ പേടിക്കുന്നതിന് പുറമെ, തന്‍റെ  ആടുകളെ ചെന്നായ പിടിക്കുന്നതല്ലാതെ മറ്റൊന്നും ഭയപ്പെടേണ്ടിവരില്ല. എന്നാൽ നിങ്ങൾ ധൃതി കൂട്ടുന്നവരാകുന്നു”. (ബുഖാരി)

അനസ്(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: “അല്ലാഹു തന്‍റെ  ഏതെങ്കിലും ദാസന് നന്മയുദ്ദേശിച്ചാൽ ദുൻയാവിൽവെച്ചു തന്നെ ശിക്ഷ നൽകുന്നതും അവന് തിന്മയാണ് ഉദ്ദേശിച്ചതെങ്കിൽ ദുനിയാവിൽ വെച്ച് ശിക്ഷിക്കാതിരിക്കുകയും പരലോകത്ത് വെച്ച് പൂർണമായി നൽകുകയും ചെയ്യും.

മറ്റൊരു റിപ്പോർട്ടിൽ “പരീക്ഷണത്തിന്‍റെ വലിപ്പ മനുസരിച്ചാണ് പ്രതിഫലമുണ്ടാകുക”. അല്ലാഹു ഒരു ജനവിഭാഗത്തെ ഇഷ്ടപ്പെട്ടാൽ അവരെ പരീക്ഷിക്കു മെന്നും അവന്‍റെ  വിധിയിൽ തൃപ്തരാകുന്നവരിൽ അവനും തൃപ്തിപ്പെടുമെന്നും അവന്‍റെ  വിധിയിൽ അതൃപ്തരാകുന്നവരിൽ അവനും കോപിക്കുമെന്നും വന്നിട്ടുണ്ട്. (തിര്‍മിദി ഉദ്ദരിക്കുകയും മെച്ചപ്പെട്ട പരമ്പ രയാണെന്ന് വിധിക്കുകയും ചെയ്തത്).

അനസ്(റ)വിൽ നിന്ന് നിവേദനം: അബൂത്വൽഹത്തിന്റെ(റ) ഒരുകുട്ടിക്ക് രോഗം ബാധിക്കുകയും അദ്ദേഹം വീട്ടിൽ നിന്ന് പുറത്ത് പോയിരുന്ന സന്ദർഭത്തിൽ ആ കുട്ടി മരിക്കുകയും ചെയ്തു. അബൂത്വൽഹ (റ) വന്നപ്പോൾ കുട്ടിക്കെങ്ങിനെയുണ്ടെന്ന് അന്വേഷിച്ചു. കുട്ടിയുടെ അസ്വാസ്ഥ്യം തീര്‍ന്നു. അവനിപ്പോൾ സുഖമാണെന്ന് വിചാരിക്കുന്നു എന്ന് ഭാര്യ മറുപടി പറഞ്ഞു. അപ്പോൾ അവർ പറഞ്ഞത് യാഥാർത്ഥ്യ മാണെന്ന് അദ്ദേഹം വിചാരിച്ചു. അവർ നൽകിയ അത്താഴം കഴിച്ച ശേഷം അവർ വേഴ്ച നടത്തുകയും ചെയ്തു. അത് കഴിഞ്ഞപ്പോൾ അവർ പറഞ്ഞു കുട്ടിയെ മറവ് ചെയ്യൂ എന്ന്. നേരം പുലർന്നപ്പോൾ അബൂത്വൽഹ(റ) ഈ വര്‍ത്തമാനം നബി(സ)യോട് പറഞ്ഞു. നബി(സ)ചോദിച്ചു: നിങ്ങൾ ഇന്നലെ ഭാര്യയുമായി കിടപ്പറ പങ്കിട്ടിരുന്നുവോ? അദ്ദേഹം പറഞ്ഞു: അതെ. നബി(സ) അരുളി: “കഴിഞ്ഞ രാത്രിയിൽ അല്ലാഹു നിങ്ങൾക്ക് രണ്ട് പേർക്കും ബറകത്ത് നൽകട്ടെ. അങ്ങിനെയവർ പ്രസവിച്ചപ്പോൾ കുട്ടിയേയുമെടുത്ത് നബി(സ)യുടെ അടുത്ത് ചെല്ലുവാൻ അബുത്വൽഹ(റ) എന്നോട് പറഞ്ഞു. അവന്‍റെ  കൂടെ അൽപം ഈത്തപ്പഴം കൂടി തന്നിട്ടുണ്ടായിരുന്നു. നബി (സ) ചോദിച്ചു: “അവന്‍റെ  കൂടെ വല്ലതുമുണ്ടോ”? അതെ, ഈത്തപ്പഴമുണ്ടെന്ന് പറഞ്ഞു. നബി(സ) അതെടുത്ത് വായിലിട്ട് ചവച്ചരച്ച ശേഷം കുട്ടിയുടെ വായിൽ വെച്ച് കൊടുക്കുകയും അവന് അബ്ദുല്ല എന്ന് പേരിടുകയും ചെയ്തു. (മുത്തഫഖുൻ അലൈഹി) .

ബുഖാരിയുടെ റിപ്പോര്‍ട്ടിൽ ഇങ്ങിനെ കൂടിയുണ്ട്: ഇബ്നു ഉയയ്ന(റ) പറയുന്നു: ഒരു അന്‍സാരി പറയുന്നു: “ഖുർആൻ പഠിച്ച ഒന്‍പതു കുട്ടികൾ അബ്ദുല്ലാക്ക് ജനിച്ചു വളർന്നത് ഞാൻ കാണുകയുണ്ടായി. മുസ്ലിമിന്‍റെ  ഒരു റിപ്പോര്‍ട്ടിലുളളത്: അബൂ ത്വൽഹക്ക്(റ) ഉമ്മുസുലൈം എന്ന ഭാര്യയിലുളള ഒരു കുട്ടി മരിക്കുകയുണ്ടായി. അപ്പോൾ ആ മഹതി വീട്ടുകാരോട് പറഞ്ഞു: മകൻ മരിച്ച വിവരം ഞാൻ അബൂത്വൽഹ (റ)യോട് പറയുന്നതു വരെ നിങ്ങളാരും പറയരുത്. അദ്ദേഹം വന്നപ്പോൾ അവൾ അത്താഴഭക്ഷണം കഴിക്കാൻ നൽകി. അദ്ദേഹം അത് കഴിക്കുകയും പാനം ചെയ്യുകയും ചെയ്തു. അനന്തരം ആ മഹതി ഏറ്റവും ഭംഗിയായി അണിഞ്ഞൊരുങ്ങി. അങ്ങനെ അദ്ദേഹം അവളെ പ്രാപിക്കുകയും ചെയ്തു. തന്‍റെ  ഭര്‍ത്താവിനെ വേണ്ടത്ര സന്തോഷിപ്പിച്ച ശേഷം മഹതി ഇങ്ങനെ പറഞ്ഞു: “അബൂത്വൽഹ(റ) ഞാൻ ഒരു കാര്യം ചോദിക്കട്ടെ, ആളുകൾ അവരുടെ സൂക്ഷിപ്പു സ്വത്ത് വല്ല വീട്ടുകാരെയും ഏല്‍പ്പിക്കുകയും പിന്നീടത് അവർ തിരിച്ചു ചോദിക്കുകയും ചെയ്താൽ ആ വീട്ടുകാര്‍ക്ക് അവരുടെ സൂക്ഷിപ്പു സ്വത്ത് തടഞ്ഞു വെക്കാൻ അവകാശമുണ്ടോ”? അദ്ദേഹം പറഞ്ഞു: “ഇല്ല”. അന്നേരം അവൾ പറഞ്ഞു: “എങ്കിൽ താങ്കളുടെ പുത്രന്‍റെ കാര്യത്തിൽ അല്ലാഹുവിന്‍റെ പ്രതിഫല മോര്‍ത്ത് ക്ഷമിക്കൂ”. തദവസരത്തിൽ അദ്ദേഹത്തിന് ദേഷ്യം വന്നു. ഇങ്ങനെ പറഞ്ഞു: “ഞാൻ വേഴ്ച്ച നടത്തി എല്ലാം കഴിഞ്ഞതിന് ശേഷമല്ലേ നീ ഈ വിവരം പറഞ്ഞത്? അദ്ദേഹം പ്രവാചകന്‍റെയടുത്ത് ചെന്ന് ഈ സംഭവങ്ങളെല്ലാം വിവരിച്ചു. അവിടുന്ന് പറഞ്ഞു: നിങ്ങളുടെ കഴിഞ്ഞ രാത്രിയിൽ അല്ലാഹു അനുഗ്രഹം ചൊരിയട്ടെ. നിവേദകൻ പറയുന്നു: അങ്ങനെ അവർ ഗര്‍ഭിണിയായിരുന്നു. നബി(സ)യുടെ ഒരു യാത്രയിൽ അവരും കൂടെയുണ്ടായിരുന്നു. അവർ മദീനയോടടുക്കാറായപ്പോൾ അല്‍പ്പം വിശ്രമിച്ചു. യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ യാതൊരു മുന്നറിയിപ്പുമില്ലാതെ നബി(സ) മദീനയിൽ പ്രവേശിച്ചിരുന്നില്ല. അപ്പോഴാണ് മഹതിക്ക് പ്രസവവേദനയുണ്ടായത്. അങ്ങനെ അബൂത്വൽഹ(റ)യും അവരോടൊപ്പം അവിടെത്തന്നെ തങ്ങി. പ്രവാചകൻ(സ) പുറപ്പെടുകയും ചെയ്തു. അബൂത്വൽഹ(റ) പ്രാര്‍ത്ഥിച്ചു: “എന്‍റെ റബ്ബേ, പ്രവാചക(സ) കൂടെ യാത്ര പുറപ്പെടുന്നതും അവിടുത്തോടൊപ്പം തന്നെ തിരിച്ചെത്തുന്നതുമാണ് എനിക്കിഷ്ടം. എന്നാൽ ഞാനിപ്പോൾ തങ്ങേണ്ടി വന്നത് നീ കാണുന്നുവല്ലോ. ഉമ്മുസുലൈം പറഞ്ഞു: “അബൂ ത്വൽഹ, എനിക്ക് നേരെത്തെയുണ്ടായിരുന്ന വേദന ഇപ്പോൾ അനുഭവപ്പെടുന്നില്ല. അതിനാൽ പുറപ്പെട്ടോളൂ”. അങ്ങനെ അവർ യാത്ര പുറപ്പെട്ടു. മദീനയിൽ എത്തിയപ്പോൾ തന്നെ അവർ ഒരു ആൺ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. അപ്പോൾ ഉമ്മ എന്നോട് പറഞ്ഞു: അനസേ, പ്രവാചക(സ) യടുത്ത് കൊണ്ട് പോകുന്നതുവരെ കുഞ്ഞിന് മുലകൊടുക്കാൻ പറ്റില്ല. നേരം പുലർന്നപ്പോൾ ഞാൻ കുഞ്ഞിനെയുമായി നബി(സ) യുടെ അടുത്തെത്തി. ബാക്കി ഭാഗം മുകളിലെ ഹദീസിലെ പോലെ തുടരുന്നു.

അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: “നബി (സ) അരുളി: ഗുസ്തി പിടിച്ച് എതിരാളിയെ മറിച്ചിടുന്നവനല്ല. കോപമുണ്ടാകുമ്പോൾ ആത്മനിയന്ത്രണം പാലിക്കുന്നവനാണ് ശക്തൻ”.                          (മുത്തഫഖുൻ അലൈഹി)

സുലൈമാൻ ബിൻ സൂറദ്(റ) നിവേദനം: ഞാൻ നബി(സ)യുടെ അടുത്തിരിക്കുമ്പോൾ രണ്ട് വ്യക്തികൾ വഴക്കു കൂടുന്നത് കേള്‍ക്കുവാനിടയായി. അവരിലൊരാളുടെ മുഖം ചുവക്കുകയും കഴുത്ത് വണ്ണം വെക്കുകയും ചെയ്തിരുന്നു. അപ്പോൾ നബി(സ) പറയുകയുണ്ടായി: “എനിക്കൊരു വചനമറിയാം, ആ മനുഷ്യൻ അത് പറഞ്ഞാൽ കോപം ശമിക്കുന്നതാണ്. أعوذ بالله من الشيطان الرجيم എന്നാകുന്നു അത്”. ഉടനെ അവർ അയാളോട് നബി(സ) നിങ്ങളോട് അങ്ങനെ ചൊല്ലുവാൻ പറയുന്നുവെന്ന് അറിയിക്കുകയുണ്ടായി.   (മുത്തഫഖുൻ അലൈഹി).

അബൂ ഹുറൈറ(റ)പറയുന്നു: ഒരാൾ നബി(സ) യുടെ അടുത്ത് വന്ന് ‘എന്നെ ഉപദേശിച്ചാലും’ എന്ന് പറഞ്ഞു. നബി(സ) അരുളി: “നീ കോപിക്കരുത്”. അദ്ദേഹം വീണ്ടും ഉപദേശിക്കുവാൻ ആവശ്യപ്പെട്ടു. അപ്പോഴെല്ലാം “നീ കോപിക്കരുത്” എന്ന് മാത്രമാണ് നബി (സ) പ്രത്യുത്തരം നൽകിയത്. (ബുഖാരി)

ഇബ്നു മസ്ഊദ്(റ) വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: എനിക്കു ശേഷം വിവേചനങ്ങളും, വെറുക്കുന്ന മറ്റു ചില കാര്യങ്ങളും നിങ്ങൾ കേൾക്കാം. അവർ ചോദിക്കുകയുണ്ടായി. പ്രവാചകരേ, അപ്പോൾ ഞങ്ങൾ എങ്ങനെ വര്‍ത്തിക്കണമെന്നാണ് താങ്കൾ കല്‍പ്പിക്കുന്നത്. നിങ്ങളുടെ ബാധ്യത നിങ്ങൾ നിറവേറ്റുകയും നിങ്ങൾക്ക് ലഭിക്കേണ്ടതിന് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുക”.            (മു ത്തഫഖുൻ അലൈഹി).

അബ്ദുല്ലാഹിബ്നു അബീഔഫ് (റ)വിൽ നിന്ന് നിവേദനം: ശത്രുക്കളുമായി നബി(സ) ഏറ്റുമുട്ടിയ ഒരു ദിവസം സൂര്യൻ അസ്തമിക്കാറായപ്പോൾ അവര്‍ക്കിടയിൽ എഴുന്നേറ്റുനിന്ന് ഇങ്ങനെ പറയുകയുണ്ടായി. ജനങ്ങളേ, “നിങ്ങൾ ശത്രുക്കളുമായുള്ള ഏറ്റുമുട്ടൽ കൊതിക്കരുത്. അല്ലാഹുവിനോട് ആശ്വാസം ചോദിക്കുകയും ചെയ്യുക. ഏറ്റുമുട്ടേണ്ട ഘട്ടം എത്തിയാൽ നിങ്ങൾ ക്ഷമിക്കുകയും വാളുകള്‍ക്ക് താഴെയാണ് സ്വര്‍ഗമെന്ന് നിങ്ങൾ അറിയുകയും ചെയ്യുക”. പിന്നീട് നബി(സ) ഇപ്രകാരം പ്രാര്‍ത്ഥിക്കുകയുണ്ടായി: “സഖ്യസേനകളെ പരാജയപ്പെടുത്തിയ, വിശുദ്ധ ഗ്രന്ഥം അവതരിപ്പിച്ച, കാര്‍മേഘങ്ങളെ ചലിപ്പിക്കുന്ന നാഥാ, നീ അവരെ പരാജയപ്പെടുത്തുകയും അവര്‍ക്കെതിരിൽ ഞങ്ങളെ സഹായിക്കുകയും ചെയ്യേണമേ”.                  (മുത്തഫഖുൻ അലൈഹി).