
വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം
പാഠം : പതിനേഴ്
അബൂത്വാലിബ് താഴ്‌വരയിലെ മൂന്ന് വർഷങ്ങൾ! ثلاثة أعوام في شعب أبي طالب!
ഒരു തരത്തിലുള്ള വീട്ടുതടങ്കലിലാണല്ലോ നാമുള്ളത്. നിരവധി പ്രയാസങ്ങൾ അതുമൂലം നമുക്കുണ്ട്. എന്നാൽ നമ്മുടെ നേതാവായ റസൂൽ (സ) നേരിട്ട ഒരു തുറന്ന തടവുണ്ടായിട്ടുണ്ട് ചരിത്രത്തിൽ . അബൂ ത്വാലിബ് താഴ് വരയിൽ. ഒരു മാസമല്ല! മൂന്നു വർഷം. പ്രസ്തുത ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കുന്നത് ഈ ഒരവസ്ഥയിൽ നന്നാവും എന്ന് തോന്നുന്നു.
നബി (സ) യുടെ പ്രബോധനം ശക്തിപ്രാപിക്കുകയും ഉമർ (റ) ഹംസ (റ) എന്നിവർ മുസ്ലിം ആവുകയും ചെയ്തു. മുശ്രിക്കുകൾ ആകെ ഇളകി വശായി. പ്രവാചകനെ ഇനിയും വെച്ചു കൂടാ. എങ്ങനെയെങ്കിലും വക വരുത്തിയേ തീരൂ .അവർ ബനൂ കിനാനയുടെ വാസസ്ഥലത്ത് ഒരുമിച്ചുകൂടി .ബനൂ ഹാഷിം ബനു
ൽ മുത്വലിബ് എന്നീ ഗോത്രങ്ങളുമായി നിസ്സഹകരണം പ്രഖ്യാപിച്ചു.
അവരുമായി വിവാഹബന്ധം പാടില്ല, അവർക്ക് സാധനങ്ങൾ വിൽക്കാൻ പാടില്ല.അവരിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ പാടില്ല, അവരുമായി സഹകരിക്കുത് , സംസാരിക്കാൻ പാടില്ല തുടങ്ങിയ കാര്യങ്ങൾ തീരുമാനിച്ചു. പ്രവാചകനെ വധിക്കുന്നതുവരേക്കും ഇതിൽ യാതൊരു മാറ്റവുമില്ല. ഒരു കരുണയും അവരോട് കാണിക്കേണ്ടതില്ല. ഈയൊരു കരാർ എഴുതി അവർ കഅബയുടെ ഉള്ളിൽ ചുമരിൽ തൂക്കിയിട്ടു.
അങ്ങിനെ പ്രവാചക നിയോഗത്തിന്റെ ഏഴാം വർഷം മുഹറം മാസത്തിലെ ആദ്യത്തിൽ നബി (സ)യും കുടുംബാംഗങ്ങളും (ബനൂ ഹാഷിം, ബനുൽ മുത്വലിബ് ) അബൂതാലിബ് താഴ്വരയിൽ തടവിലാക്കപ്പെട്ടു . അവിടേക്ക് ഭക്ഷണങ്ങൾ കൊണ്ടുപോകുന്നത് ഖുറൈശികൾ നിരോധിച്ചു. നബി (സ)കുടുംബങ്ങളും ഇലയും തോലും വരെ ഭക്ഷിക്കേണ്ട സ്ഥിതിവന്നു. വിശപ്പും ദാഹവും മൂലം സ്ത്രീകളുടേയും കുട്ടികളുടേയും ആർത്തനാദം താഴ്വരയിൽ നിന്ന് ഉയർന്നു. എപ്പോഴെങ്കിലും അല്പം വസ്തുക്കൾ അവിടേക്കെത്തി .അതും വളരെ രഹസ്യമായി .യുദ്ധം പാടില്ലാത്ത മാസങ്ങളിൽ മാത്രമായിരുന്നു അവർ താഴ്‌വര വിട്ട് ഇറങ്ങിയിരുന്നത്.
നബി (സ) ക്കും കുടുംബത്തിനും ചിലർ രഹസ്യമായി ഭക്ഷണം എത്തിച്ചു കൊടുക്കുന്നത് അബൂജഹൽ അറിഞ്ഞപ്പോൾ അയാൾ അത് വിലക്കിയ ചരിത്രവും നമുക്ക് കാണാം
മൂന്നുവർഷക്കാലം പ്രവാചകനും കുടുംബവും അവിടെ കഴിഞ്ഞു. പൂർണമായ ഒറ്റപ്പെടൽ. തന്റെ കുടുംബക്കാർ , തന്റെ നാട്ടുകാർ ,തന്നെ സഹായിക്കാൻ ബാധ്യതപ്പെട്ടവർ എല്ലാവരും കൈയൊഴിഞ്ഞു. പച്ചിലകൾ തിന്നു വിഷപ്പു ശമിപ്പിച്ചു. എന്തിനുവേണ്ടിയായിരുന്നു ഇതെല്ലാം? അല്ലാഹുവിന്റെ ദീനിന് വേണ്ടി . ആരാണ് ഇത് സഹിക്കുന്നത് ? ലോകത്തുള്ള മനുഷ്യരിൽ ഏറ്റവും ഉത്തമനായ പ്രവാചകനാണ് ഇത് സഹിക്കുന്നത്. അദ്ദേഹത്തിന്റെ കൂടെ വിശ്വാസികൾ ആയിട്ടുള്ള ആദ്യ മുസ്ലിമീങ്ങളും !
അവസാനം കുറൈശികളുടെ ഭാഗത്തു നിന്നു തന്നെ ഈ കരാർ ലംഘിക്കുന്ന അവസ്ഥയുണ്ടായി. ഹിഷാം ,സുഹൈർ, അദിയ്യ് എന്നിവരടങ്ങുന്ന സംഘം ഈ കരാർ തകർക്കാർ പ്ലാൻ ചെയ്തു. അവർ മുശ്രിക്കുകൾ തന്നെയായിരുന്നു. കഅ്ബയുടെമേൽ തൂക്കിയിരുന്ന ആ കരാർ പിച്ചിച്ചീന്താൻ അവർ തീരുമാനിച്ചു.
അബൂജഹ്ൽ അതിനെ എതിർക്കാൻ നോക്കിയെങ്കിലും നടന്നില്ല. കൃത്യമായ പ്ലാനിങ്ങോ കൂടി അവർ അത് നിർവഹിക്കാൻ തീരുമാനിച്ചു. അതിനിടെ നബി (സ) അബൂത്വാലിബിനോട് ഒരു കാര്യം പറഞ്ഞിരുന്നു. ആ കരാറിൽ അല്ലാഹുവിന്റെ നാമം അല്ലാത്ത എല്ലാം ചിതൽ തിന്നിട്ടുണ്ടാകും! ഈ വിവരം അബൂത്വാലിബ് ഖുറൈശികളെ ധരിപ്പിച്ചു. അത് ശരിയാണോ എന്ന് പരിശോധിക്കാൻ അവർ ചെന്നു. ആ സന്ദർഭത്തിൽ “ബിസ്മിക അല്ലാഹുമ്മ ” എന്ന എഴുത്തു മാത്രം ബാക്കിയാക്കി ബാക്കിയെല്ലാം ചിതൽ നശിപ്പിച്ചിരുന്നു !
അങ്ങനെ ആ ഉപരോധം അവസാനിച്ചു!
അവർ ആ മലഞ്ചെരുവിൽ നിന്ന് പുറത്തുവന്നു .
വീടുകളിൽ തടവിലാക്കപ്പെട്ട ഈ ഒരവസ്ഥയിൽ മൂന്നുവർഷക്കാലം പ്രവാചകൻ സഹിച്ച പ്രയാസത്തിന്റെയും സഹനത്തിന്റെയും ചരിത്രം നമുക്ക് ഊർജ്ജം നൽകാതിരിക്കില്ല.
യാത്രാ സ്വാതന്ത്ര്യമടക്കമുള്ള ചില സ്വാതന്ത്ര്യങ്ങൾ മാത്രം പരിമിതമായ തോതിൽ തടയപ്പെട്ടപ്പോഴേക്കും നമുക്കുണ്ടാവുന്ന പ്രയാസമെത്രയാണ്! എന്നാൽ മക്കയുടെ കൊടും ചൂടിൽ മര്യാദക്ക് താമസ സൗകര്യം പോലുമില്ലാതെ ഭക്ഷണം തടയപ്പെട്ട് യാത്രാസൗകര്യം തടയപ്പെട്ട് അവർ കഴിച്ചു കൂട്ടിയ മൂന്നു വർഷം! വല്ലാത്ത ചരിത്രം!
صلى الله عليه وسلم
ആനുകാലിക സാഹചര്യത്തൽ ‘മുസ്ലിംകൾ’ക്ക് ആശ്വാസമാണീ ചരിത്രം
അൽഹംദു ലില്ലാഹ്