
വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം
പാഠം : പതിനാല്
ഇമാം അഹമദ് (رحمه الله) എന്ന ആദർശ നേതാവ് إمامنا أحمد رحمه الله
ചരിത്രം മുന്നോട്ടുള്ള ഗമനത്തിന് വെളിച്ചം നൽകുന്ന ഒന്നാണ്. അത് അഹ് ലുസ്സുന്നയുടെ പണ്ഡിതന്മാരുടെ ചരിത്രമാവുമ്പോൾ പ്രത്യേകിച്ചും.
അഹ്ലുസുന്നയുടെ ഇമാം (إمام أهل السنة ) എന്ന പേരിലറിയപ്പെടുന്ന ഇമാം അഹ് മദ് (റ) യുടെ ജീവചരിത്രത്തിലെ ചില ഏടുകളാണ് നാം ഇന്ന് പരിശോധിക്കുന്നത്.
താൻ ഉൾക്കൊണ്ട സത്യത്തിൽ അടിയുറച്ച് നിന്നതിന്റെ പേരിൽ ഇത്രമാത്രം യാതനകൾ സഹിക്കേണ്ടിവന്നവർ ചരിത്രത്തിൽ അധികമൊന്നുമില്ല. പരീക്ഷണങ്ങളിൽ പതറാതിരിക്കുന്നവരാണ് ഇമാം ആവുന്നത്.
അല്ലാഹു പറയുന്നു:
(وَجَعَلۡنَا مِنۡهُمۡ أَىِٕمَّةࣰ یَهۡدُونَ بِأَمۡرِنَا لَمَّا صَبَرُوا۟ۖ وَكَانُوا۟ بِـَٔایَـٰتِنَا یُوقِنُونَ)
“അവര് ക്ഷമ കൈക്കൊള്ളുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില് ദൃഢമായി വിശ്വസിക്കുന്നവരാകുകയും ചെയ്തപ്പോള് അവരില് നിന്ന് നമ്മുടെ കല്പന അനുസരിച്ച് മാര്ഗദര്ശനം നല്കുന്ന നേതാക്കളെ നാം ഉണ്ടാക്കുകയും ചെയ്തു.”
[സജദ :24]
ഇബ്നു കഥീർ (റ) പറയുന്നു. :بالصبر واليقين تنال الإمامة فى الدين “ക്ഷമകൊണ്ടും ദൃഢ ജ്ഞാനം കൊണ്ടുമാണ് ദീനിൽ ഇമാമത്ത് ലഭിക്കുന്നത്. “
ഇത് ഇമാം അഹ്മദ് (റ) യെ സംബന്ധിച്ച് പൂർണമായും ശരിയാണ്.
ഹി. 164 ൽ ബഗ്ദാദിലാണ് അബൂ അബ്ദില്ല അഹ്മദ് ബിൻ ഹമ്പൽ അശൈബാനി ജനിച്ചത്. ചെറുപ്പത്തിൽ തന്നെ പിതാവ് മരണപ്പെട്ടു. ഉമ്മയുടെ ശിക്ഷണത്തിൽ വളർന്ന ഇമാം അറിവു തേടി നിരവധി നാടുകൾ സഞ്ചരിച്ചു. ഇമാം ശാഫി ( റ ) യെ കണ്ടുമുട്ടി. ശിഷ്യത്വം സ്വീകരിച്ചു. ഇമാം അഹ്മദി (റ)നെ കുറിച്ച് ഇമാം ശാഫി ( റ ) പറഞ്ഞത് 8 കാര്യത്തിൽ അദ്ദേഹം ഇമാം ആണ് എന്നാണ്. ദീൻ , കർമ്മശാസ്ത്രം, ഭാഷ, ക്വുർആൻ, വിരക്തി, ഭക്തി , സുന്നത്ത് , ദാരിദ്ര്യം എന്നിവയാണവ.
30000 ഹദീസുകൾ ഉൾക്കൊള്ളുന്ന അദ്ദേഹത്തിന്റെ മുസ്നദ് ഹദീസ് വിജ്ഞാനത്തിലെ മഹാത്ഭുതമാണ്.
സ്വാലിഹ് അബ്ദുല്ല എന്നിവരാണ് പ്രശസ്തരായ മക്കൾ.
അദ്ദേഹത്തിന്റെ കാലത്തെ ഭരണാധികാരിയായിരുന്നു ഹാറൂൺ. ശേഷം അമീൻ ഭരണാധികാരിയായി. ഇവർ രണ്ടു പേരും വിശ്വാസ രംഗത്ത് പിഴച്ച വിശ്വാസങ്ങൾ ഇല്ലാത്തവരായിരുന്നു. പിന്നീട് മഅമൂൻ ഭരണമേറ്റു.അക്കാലത്താണ് ബിഷ്റ് മിരീസി എന്ന മനുഷ്യൻ രംഗത്തു വരുന്നത്. മുഅത്തസിലി ചിന്തയുടെ പ്രചാരകനായ അയാൾ ക്വുർആൻ സൃഷ്ടിയാണ് എന്ന് വാദിച്ചു തുടങ്ങി. അയാൾ ഭരണകൂടത്തെ സ്വാധീനിച്ചു. മഅമൂൻ ആ വാദം ഏറ്റെടുത്തു. അക്കാലത്തെ 7 പ്രഗൽഭ പണ്ഡിതരെ ഈ വാദം അംഗീകരിക്കാൻ അയാൾ നിർബന്ധിച്ചു. രണ്ട് പേരൊഴിക മറ്റുള്ളവർ പ്രത്യക്ഷത്തിൽ ആ വാദം സ്വീകരിച്ചു. ഇമാം അഹ്മദും മുഹമ്മദ് ബിൻ നൂഹും (റ) അതു സ്വീകരിച്ചില്ല. ഖുർആൻ സൃഷ്ടിയല്ല അത് അല്ലാഹുവിന്റെ കലാം ആണ് എന്ന വാദത്തിൽ അവർ ഉറച്ചു നിന്നു . ഇതറിഞ്ഞ മഅമൂൻ അവരെ രണ്ടു പേരേയും വിളിപ്പിച്ചു. അഹ്മദി നെ കണ്ടാൽ ഞാൻ കൊല്ലും എന്നയാൾ ഭീഷണി മുഴക്കിയിരുന്നു. ഇതറിഞ്ഞ ഇമാം അഹ്മദ് (റ) അദ്ദേഹത്തെ കണ്ടുമുട്ടാൻ ഇടവരരുതേ എന്ന് മനമുരുകി അല്ലാഹുവിനോട് തേടി. പ്രാർത്ഥന ഫലിച്ചു. മഅമൂ നിന്റെ മരണ വാർത്ത എത്തി! ഇമാം സന്തോഷിച്ചു. എന്നാൽ സന്തോഷം അധികം നീണ്ടില്ല. മുഅതസീം ഭരണമേറ്റു. അയാളും മുഅതസിലിയായിരുന്നു. അവരോട് ബാഗ്ദാദിലേക്ക് വരാൻ കൽപന കൊടുത്തു. വഴിമധ്യേ മുഹമ്മദ് ബിൻ നൂഹ് (റ) മരണപെട്ടു. അദ്ദേഹം രോഗിയായിരുന്നു. ഇനി ഇമാം മാത്രം ബാക്കി!
ഒരു നാട് മൊത്തം എതിര് !
അഹ്ലുസ്സുന്നയിൽ പെട്ട ഒരു പണ്ഡിതൻ മാത്രം ഒരു നാട്ടിൽ ബാക്കിയായ അവസ്ഥ !
കൊട്ടാരത്തിലെത്തിയ ഇമാമിനോട് സൃഷ്ടിവാദം സ്വീകരിക്കാൻ മുഅതസിം നിർബന്ധിച്ചു. പക്ഷേ ഇമാം അഹമദ് വഴങ്ങിയില്ല. സത്യത്തിൽ നിന്ന് തെറ്റിയിട്ട് ലഭിക്കുന്ന ഭൗതിക സുഖത്തേക്കാൾ നല്ലത്, അല്ലാഹുവിന്റെ തൃപ്തിയിലൂടെ കിട്ടുന്ന പാരത്രീക സൗഖ്യമാണെന്ന് ഇമാം മനസ്സിലാക്കി.
അതൊരു റമളാൻ മാസമായിരുന്നു. തന്റെ വാദത്തിൽ നിന്ന് ഇമാം പിന്നോട്ടില്ല എന്ന് മനസ്സിലാക്കിയ ഭരണാധികാരി അദ്ദേഹത്തെ കാരാഗ്രഹത്തിലടക്കാൻ കൽപന കൊടുത്തു. മുപ്പത് മാസത്തോളം ജയിലിൽ ! ഒരു തെറ്റും ചെയ്യാതെയാണ് ജയിലിൽ പോകുന്നത്!ഏകാന്തനായി നാലു ചുമരുകൾക്കുള്ളിൽ ഇമാം കഴിച്ചു കൂട്ടി.
അതിനിടെ ഇമാം അഹമദിന്റെ ബന്ധു ചെന്ന് അദ്ദേഹത്തെ വിടണമെന്ന് ശിപാർശ പറഞ്ഞു. അദ്ദേഹവുമായി നിങ്ങൾ സംവദിക്കൂ എന്ന നിർദേശവും മുന്നോട്ടുവച്ചു.
അങ്ങനെ സംവാദത്തിന് കളമൊരുങ്ങി. ഇബ്നു അബീദാവൂദ് ആണ് മറുപക്ഷത്ത്. മൂന്ന് ദിവസം സംവാദം നീണ്ടു. അവസാനം ഇമാം അഹമ്മദ് (റ) പറഞ്ഞു:
ما أعطوني شيئا من كتاب الله ولا سنة رسوله فأقول به
“അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്നോ പ്രവാചകന്റെ ചര്യയിൽ നിന്നോ ഒന്നും അവർ എന്റെ മുന്നിൽ കൊണ്ടുവന്നില്ല. എങ്കിൽ എനിക്കത് പറയാമായിരുന്നു! “
ഇതു കേട്ട എതിർപക്ഷം ചോദിച്ചു: “ഇതുണ്ടെങ്കിൽ മാത്രമേ നിങ്ങളിതു പറയൂ?”
അദ്ദേഹം പറഞ്ഞു. :
وهل يقوم الإسلام إلا بالكتاب والسنة
“ക്വുർആനും സുന്നത്തും കൊണ്ടല്ലേ ഇസ്ലാം നിലനിൽക്കുന്നത്?”
ഇമാം അവരെ സംവാദത്തിൽ പരാജയപ്പെടുത്തി. പക്ഷേ, ഭരണകൂടം അദ്ദേഹത്തെ ശിക്ഷിക്കാൻ തീരുമാനിച്ചു. ചാട്ടവാർ കൊണ്ട് ശക്തിയായി അടിക്കാൻ കൽപനയുണ്ടായി. ഇമാമിനെ അവർ അടിച്ചു ! ഓരോ അടി അടിക്കുമ്പോഴും കുറച്ചു കൂടെ ശക്തിയായി അടിക്കൂ എന്ന് മുഅതസീം അലറിക്കൊണ്ടിരുന്നു. ഇമാം ബോധരഹിതനായി താഴെ വീണു! സത്യപാതയിൽ ഉറച്ചു നിന്നതിന് അഹ്ലുസ്സുന്നയുടെ ഇമാമിന് കിട്ടിയ
” സമ്മാനം” !
ഇമാം വീട്ടിലേക്ക് മടങ്ങി. ശരീരമാസകലം മുറിവുണ്ട്. പല ഭാഗങ്ങളിലും ക്ഷതവുമുണ്ട്. വീട്ടിൽ താമസിച്ചു. രോഗശമന മുണ്ടായി.
മുഅതസിം മരിച്ചു. വാസിക് ഭരണാധികാരിയായി. അയാളും മുൻഭരണാധികാരിയിൽ നിന്ന് ഭിന്നനായിരുന്നില്ല. ഇമാം അഹമ്മദി(റ)യോട് നാട് വിടാൻ കൽപിച്ചു. അദ്ദേഹം ഒളിവിൽ കഴിഞ്ഞു. വീട്ടിലേക്ക് വന്നതേയില്ല. നമസ്കാരം പോലും രഹസ്യമായി നിർവഹിച്ചു. വല്ലാത്ത പരീക്ഷണം! നിരപരാധിയായ ഒരു മനുഷ്യനോട് അപരാധികൾ ചെയ്തു കൂട്ടിയ അപരാധങ്ങൾ!
വാസിഖും മരിച്ചു. ഇരുട്ടുകൾക്ക് ശേഷം പ്രകാശകിരണങ്ങൾ തല കാട്ടി. ജഅഫർ മുതവകിൽ ഭരണമേറ്റു. അദ്ദേഹം സുന്നത്തിനെ സ്നേഹിച്ചു. ഇമാമിനെ ആദരിച്ചു. പുത്തൻ വാദങ്ങളെ തള്ളിക്കളഞ്ഞു. അഹ് ലുസ്സുന്നക്ക് കരുത്തു പകർന്നു. ഇമാമിന് എല്ലാ സൗകര്യങ്ങളും ഒരുക്കി. പക്ഷേ ഭൗതിക സൗകര്യങ്ങൾ എല്ലാം തന്നെ ഇമാം വേണ്ടെന്നു വച്ചു. നാട്ടിൽ ഹദീസ് പ്രചാരണവുമായി കഴിച്ച് കൂട്ടി. അങ്ങിനെ പ്രയാസങ്ങളുടെയും പരീക്ഷണങ്ങളുടേയും കൊടുമുടികൾ താണ്ടി വിജയശ്രീലാളിതനായി തന്റെ നാട്ടിൽ സന്തോഷത്തോടെ ജീവിച്ചു. പതിനായിരങ്ങൾ അദ്ദേഹത്തിൽ നിന്ന് മതം പഠിക്കാൻ എത്തിക്കൊണ്ടിരുന്നു.
അങ്ങിനെ ഹിജ്റ 241 റബീഉൽ അവ്വൽ 12 വെള്ളിയാഴ്ച തന്റെ എഴുപത്തി ഏഴാമത്തെ വയസ്സിൽ അല്ലാഹുവിലേക്ക് യാത്രയായി!
إنا لله وإنا إليه راجعون
ബഗ്ദാദിൽകണ്ണീർ പുഴ ഒഴുകി. മുസ്ലിം രാജ്യങ്ങളിൽ അദ്ദേഹത്തിന്റെ മരണ വാർത്ത പരന്നു.
ലക്ഷങ്ങൾ മയ്യിത്ത് നമസ്കാരത്തിന് എത്തി. അറുപതിനായിരം സ്ത്രീകൾ നമസ്കാരത്തിൽ പങ്കു കൊണ്ടു. അഹ്ലുസ്സുന്നയുടെ ഇമാമിന്റെ മയ്യിത്ത് നമസ്കാരത്തിനെത്തിയവരുടെ ആധിക്യം തന്നെ മതി അദ്ദേഹം വിശ്വാസികളുടെ മനസ്സിൽ എത്ര ആദരണീയനാണ് എന്നതിനു തെളിവായി.
ഏഴു പതിറ്റാണ്ടിനിടയിൽ
എണ്ണമറ്റ നന്മകളുമായിട്ടാണ് അഹ്ലുസ്സുന്നയുടെ നേതാവ് അല്ലാഹുവിലേക്ക് മടങ്ങിയത്. അല്ലാഹുവേ നീ സ്വീകരിക്കേണമേ! ആമീൻ.
അദ്ദേഹം പരീക്ഷണങ്ങളിൽ ഉറച്ചുനിന്നതു പോലെ അഹ്ലുസ്സുന്നയുടെ വഴിയിൽ ഉറച്ചുനിൽക്കാൻ ഞങ്ങൾക്കു നീ തൗഫീഖ് നൽകേണമേ.
ആമീൻ.