ചോദ്യംദ്യം 1 : ആദ്യ വിവാഹത്തിലുള്ള മക്കൾ രണ്ടാം ഭാര്യയെ തൊട്ടാൽ വുളു മുറിയുമോ?
ചോദ്യം 2 : ഭാര്യാഭർത്താക്കന്മാർ തൊട്ടാൽ വുളു മുറിയുമോ?
ഉ: രണ്ട് ചോദ്ദ്യങ്ങൾക്കും ഒന്നായി മറുപടി പറയുന്നതാണ് സൗകര്യം.
സ്‌ത്രീകളെ തൊട്ടാൽ വുളു മുറിയുമോ? എന്നത് പൂർവികമായി പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുള്ള കാര്യമാണ്.
✅വുളു മുറിയുകയില്ല എന്ന അഭിപ്രായമാണ് ശരി.
അതിനാണ് തെളിവുകളുടെ പിന്‍ബലം.
▪“ആഇശ(റ) യിൽനിന്ന്: നബി (സ്വ) നോമ്പുകാരനായിരിക്കെ അവരെ ചുംബിച്ചു. ചുംബനം വുളു മുറിക്കുകയോ നോമ്പ് മുറിക്കുകയോ ചെയ്യുകയില്ലെന്ന് പറയുകയും ചെയ്‌തു. ഇത് ഇസ്‌ഹാക്വുബ്‌നു റാഹവയ്‌ഹി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
മെച്ചപ്പെട്ട പരമ്പരയിലൂടെ ബസാറും ഇത് ഉദ്ധരിച്ചിട്ടുണ്ട്.
അബ്‌ദുൽഹക്വ് പറഞ്ഞു: ഉപേക്ഷിക്കത്തക്ക അപാകതകളൊന്നും അതിന് ഞാൻ കാണുന്നില്ല.” (ഫിക്വ്‌ഹുസ്സുന്ന)
ഈ ആശയത്തിലുള്ള വേറെയും ഹദീഥുകൾ വന്നിട്ടുണ്ട്. അതിലൊന്ന് താഴെ കൊടുക്കുന്നു.
▪ആഇശ (റ) യിൽ നിന്ന്. “ഞാൻ നബി (സ്വ) യുടെ മുമ്പിൽ കിടക്കുകയായിരുന്നു. എന്റെ കാലുകൾ അവിടുത്തെ ക്വിബ്‌ല ഭാഗത്തും. അവിടുന്ന് സുജൂദ് ചെയ്‌തപ്പോൾ എന്നെ തോണ്ടി. അപ്പോൾ എന്റെ കാലുകൾ ഞാൻ എടുത്തുമാറ്റി”
(ബുഖാരി, മുസ്‌ലിം)
ഇനിയും കാണുക:
▪“ആഇശ (റ) യിൽ നിന്ന്: അവർ പറഞ്ഞു: ഒരു രാത്രി റസൂലുല്ലായെ വിരിപ്പിൽ കാണാതായി. ഞാൻ അവിടുത്തെ അന്വേഷിച്ചു. അങ്ങനെ ഞാനവിടുത്തെ കാൽപാദങ്ങളുടെ മേൽ കൈവെച്ചു. അവിടുന്ന് പള്ളിയിലായിരുന്നു. അവിടുത്തെ കാൽപാദങ്ങൾ കുത്തനെ നിന്നിരുന്നു….”
(മുസ്‌ലിം, തീര്‍മുദി)
ഇനി ഇക്കാര്യത്തിൽ അവ്യക്തതയൊന്നും തോന്നാനില്ല.
സ്‌ത്രീയെ തൊടുന്നതുകൊണ്ടോ സ്‌ത്രീ അങ്ങോട്ട് തൊടുന്നതുകൊണ്ടോ വുളു മുറിയുകയില്ല.
ഇതൊക്കെ ഒരു മറയ്‌ക്കുമേലായിരിക്കും ചെയ്‌തിട്ടുണ്ടാവുക എന്ന് ചിലരെങ്കിലും പറയാറുണ്ട്.
അത് ഇമാം ശൗകാനി സൂചിപ്പിച്ചതുപോലെ വളരെ വിദൂരമായ സങ്കൽപ്പം മാത്രമാണ് (നൈലുൽ ഔത്വാർ 1/95 നോക്കുക.)
സ്‌ത്രീകളെ തൊട്ടാൽ വുളു മുറിയുമെന്ന് വാദിക്കുന്നവർ പറയാറുള്ള തെളിവുകൾ ഇനി പരിശോധിക്കാം.
പ്രധാനമായും അവർ തെളിവായി പറയാറുള്ളത് ഔലാമസ്‌തുമുന്നിസാഅ് എന്ന ഖുർആൻ വചനമാണ്.
മലമൂത്ര വിസര്‍ജ്ജാനന്തരവും സ്‌ത്രീ സ്പർശനം നടത്തിയാലും വെള്ളം കിട്ടിയില്ലെങ്കിൽ തയമ്മും ചെയ്യാമെന്നകൽപനയാണ് സൂറ: നിസാഇലെ വചനം (43) ഉൾക്കൊള്ളുന്നത്.
ഇതിലെ സ്‌ത്രീ സ്പർശനമെന്നതുകൊണ്ട് സ്‌ത്രീയെ തൊടുക എന്നാണ് ഉദ്ദേശ്യമെന്ന് വാദിക്കുന്നു. `ലാമസ’ എന്ന പദത്തിന് തൊടുക എന്നർത്ഥംമുണ്ടെന്നും `ഔ ലമസ്‌തും’ എന്നുതന്നെ മറ്റൊരു പാഠഭേദം (ക്വിറാഅത്) ഉണ്ട് എന്നത് ഇതിനെ ബലപ്പെടുത്തുന്നുണ്ട് എന്നുമാണ് വാദം. (ലാമസ എന്നാൽ അന്യോന്യം തൊട്ടു എന്നും ലമസ എന്നാൽ തൊട്ടു എന്നും ഭാഷാർത്ഥം). ലാമസ, ലമസ എന്നീ പദങ്ങള്ക്ക് സ്പര്‍ശിക്കുക എന്നർത്ഥമുണ്ടെന്നതിൽ സംശയമില്ല.
ഇവിടെ സ്‌പർശനം എന്നതുകൊണ്ടുള്ള ഉദ്ദേശം വെറും തൊടലാണോ അതോ സംയോഗമാണോ എന്നതാണ് പ്രശ്‌നം.
മുകളിൽ കൊടുത്ത ഹദീഥുകളുടെ വെളിച്ചത്തിൽ, ഇവിടെ ഉദ്ദേശം വെറും തൊടലല്ല എന്നു വ്യക്തം.
മാത്രമല്ല, അലി (റ), ഇബ്‌നു അബ്ബാസ് (റ) എന്നിവർ ഈ വചനത്തെ വ്യാഖ്യാനിച്ചിട്ടുള്ളത് അങ്ങനെയാണുതാനും. നോക്കുക.
▪“അലി (റ) സ്‌പർശനത്തെ സംയോഗമെന്ന് വ്യാഖ്യാനിച്ചിരിക്കുന്നു. ഹിബ്‌റുൽ ഉമ്മ (സമൂഹത്തിലെ പണ്‌ഡിതൻ ) എന്ന് അറിയപ്പെടുന്ന ഇബ്‌നു അബ്ബാസ് (റ) വും അല്ലാഹു അദ്ദേഹത്തിന് ഖുർആൻ വ്യാഖ്യാനം പഠിപ്പിച്ചുകൊടുക്കട്ടെ എന്ന നബി (സ്വ) യുടെ പ്രാർത്ഥനക്ക് വിധേയനായ ആളാണദ്ദേഹം, അങ്ങനെയാണതിനെ വ്യാഖ്യാനിച്ചത്.
അദ്ദേഹം തന്റെ രണ്ടു വിരലുകൾ തന്റെ രണ്ടു കാതുകളിലും വെച്ചുകൊണ്ട് അറിയുക അത് സംയോഗം ആകുന്നു എന്ന് സ്‌പർശനത്തെ വ്യാഖ്യാനിച്ചതായി അബ്‌ദുബ്‌നുഹുമയ്‌ദി റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നു.
നാഫിഉബ്‌നു അസ്‌റക്വ് അദ്ദേഹത്തോട് സ്‌പർശനത്തെ (മൂലാമസത്) സംബന്ധിച്ച് ചോദ്യം ചോദിച്ചു. അപ്പോൾ അദ്ദേഹമതിനെ സംയോഗമെന്ന് വിശദീകരിച്ചു എന്ന് ത്വസ്‌തിയും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. (സുബ്‌ലുസ്സലാം 1/97)
സ്‌ത്രീയെ തൊടുന്നതുകൊണ്ട് മാത്രം വുളു മുറിയുമെന്നതിന് ഈ ആയത്ത് തെളിവല്ലെന്ന് ഇതിൽനിന്ന് വ്യക്തമായല്ലോ.
സ്‌ത്രീകളെ തൊട്ടാൽ വുളു മുറിയുമെന്ന് വാദിക്കുന്നവരിൽ തന്നെ ചിലർ-ശാഫിഇകൾ ഉദാഹരണം-സ്‌ത്രീകളെ രണ്ടു തരക്കാരായി ഭാഗിക്കുന്നു.
ഒന്ന്, തൊട്ടാൽ വുളു മുറിയാത്തവർ: മാതാവ്, സഹോദരിപോലെ വിവാഹം ചെയ്യാൻ പാടില്ലാത്ത രക്തബന്ധുക്കൾ.
രണ്ട്, വുളു മുറിയുന്നവർ അഥവാ വിവാഹം ചെയ്യാൻ പാടുള്ളവർ.
വിവേചനത്തിനും ഈ ആയത്തിൽനിന്ന് ഒരു പിന്‍ബലവും ലഭിക്കുന്നില്ല. സ്‌ത്രീകളെ സ്‌പര്ശിക്കുക എന്നല്ലാതെ ഇന്നതരം സ്‌ത്രീകളെ തൊടുക എന്ന് പറയുന്നില്ലല്ലോ.
♦വുളു മുറിയുമെന്ന് വാദിക്കുന്നവർ പറയാറുള്ള മറ്റൊരു തെളിവ്
അഹ്‌മദ്, ദാറക്വുത്‌നീ തുടങ്ങിയവർ റിപ്പോർട്ട് ചെയ്‌ത ഒരു ഹദീഥാണ്, അതിപ്രകാരമാണ്.
“മുആദുബ്‌നു ജബൽ (റ) പറഞ്ഞു: ഒരാൾ നബി (സ്വ) യുടെ അടുത്തുവന്നു. അയാൾ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഒരാളെപ്പറ്റി അവിടുന്ന് എന്ത് പറയുന്നു? അയാൾ തനിക്കു പരിചയമുള്ള ഒരു സ്‌ത്രീയുമായി സന്ധിച്ചു. ഒരാൾ തന്റെ ഭാര്യയുമായി ചെയ്യുന്ന എല്ലാ കാര്യങ്ങളും അയാളും ചെയ്‌തു. അയാൾ അവളുമായി സംയോഗം ചെയ്‌തില്ലെന്നു മാത്രം. അപ്പോൾ അല്ലാഹു ഈ സൂക്തം ഇറക്കി.
പകലിന്റെ രണ്ടറ്റങ്ങളിലുംരാത്രിയിൽ ഏതാനും സമയത്തും നമസ്‌കാരം നിലനിർത്തുക….. അപ്പോൾ നബി (സ്വ) അയാളോട് പറഞ്ഞു: നീ വുളു ചെയ്യുക, എന്നിട്ട് നമസ്‌കരിക്കുക.
ഈ ഹദീഥ് റിപ്പോർട്ട് ചെയ്‌ത മിക്ക ഗ്രന്ഥകര്ത്താക്കളും അബ്‌ദുറഹ്‌മാനുബ്‌നു അബീലൈലാ മുആദിൽനിന്ന് റിപ്പോർട്ട് ചെയ്യുന്നതായിട്ടാണ് പറഞ്ഞിട്ടുള്ളത്.
അബ്‌ദുറഹ്‌മാനുബ്‌നു അബീലൈലാ മുആദിനെ കണ്ടിട്ടില്ല. അതിനാൽ ഹദീഥിന്റെ പരമ്പര ഇടമുറിഞ്ഞിട്ടുള്ളത് (മുന്‍ക്വത്വിഅ്) ആണ്.
ശുഅ്‌ബയും നസാഇയും മുആദിന്റെ പേർ പറയാതെ ഒരാൾ എന്നു തന്നെ തുടങ്ങുന്നു.
അതിർത്ഥം ഹദീഥ് മുർസൽ (നബി പറഞ്ഞു എന്ന് താബിഅ് പറഞ്ഞ ഹദീഥ്) ആണെന്നാണ്.
ഈ സംഭവം വുളുഇനെപ്പറ്റിയോ നമസ്‌കാരത്തെപ്പറ്റിയോ ഉള്ള പരാമർശമില്ലാതെ ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. (നൈൽ 1/194 നോക്കുക.)
വുളു എടുത്ത് നമസ്‌കരിക്കാൻ കൽപ്പിച്ചു എന്ന ഭാഗം ദുര്‍ബലമാണെന്നാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്.
മാത്രമല്ല, ഈ സംഭവത്തിൽ ഇയാൾ ഈ ദുഷ്‌കൃത്യത്തിനുള്ള പ്രതിവിധി എന്ത് എന്നതിനെപ്പറ്റിയാണ് അന്വേഷിച്ചതെന്ന് വ്യക്തം. വുളു എടുത്ത് നമസ്‌കരിക്കുക എന്ന് നബി (സ്വ) കൽപ്പിക്കുകയും ചെയ്‌തു. അല്ലാതെ ഇതെല്ലാം ചെയ്‌ത എന്റെ വുളു മുറിഞ്ഞിട്ടുണ്ടാകുമോ എന്ന് അമ്പേഷിച്ചതാണെന്ന് ധരിക്കുന്നത് കുറച്ചു കടന്ന കൈയ്യാകും.
എനിക്ക് വുളു ഉണ്ടായിരുന്നു എന്ന് അയാൾ പറയുന്നുമില്ല എന്നോര്‍ക്കുക. ഏതുനിലക്കും സ്‌ത്രീയെ തൊട്ടാൽ വുളു മുറിയുമെന്നതിന് ഇത് തെളിവായി കണക്കാക്കാനാവില്ല.
ആയിഷ(റ)നിവേദനം :നബി (സ) അദ്ധേഹത്തിന്റെ പദ്നിമാരിൽ പെട്ട ഒരാളെ ചുംബിച്ചു, എന്നിട്ട് നിസ്കരിക്കാന്‍ പോയി,വുളു എടുത്തില്ല.ഉര്‍വ പറഞ്ഞു :,(ആയിഷ(റ) യോട് പറഞ്ഞു ) ആരാണ് ആ പദ്നി നിങ്ങൾ അല്ലാതെ? അപ്പോള്‍ അവര്‍ (ആയിഷ ) ചിരിച്ചു..സുനന് അബൂദാവൂദ് 179
♦ചുരുക്കത്തിൽ, സ്‌ത്രീയെ തൊടുന്നതുകൊണ്ടുമാത്രം വുളു മുറിയുമെന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല.
വുളു മുറിയുകയില്ലെന്നതിനാകട്ടെ, വ്യക്തമായ തെളിവുകളുണ്ടുതാനും.
(അല്ലാഹുവിന്നറിയാം.)