“ഫിർഔനെ കുറിച്ച് ഖുർആൻ നടത്തുന്ന പരാമർശങ്ങൾ
ചർച്ചക്കെടുക്കുന്നതിന് മുമ്പ് ഫിർഔനെ സംബന്ധിച്ച മുസ്ലിം സമൂഹത്തിലെ ഒരു ധാരണ പഠന വിധേയമാക്കണ്ടതുണ്ട്.
ഫിർഔന്റെ ശവശരീരം അത്ഭുതകരമായി സംരക്ഷിക്കപ്പട്ടിരിക്കുന്നു എന്നും അത് കൈറോയിലെ
ഈജിപ്ഷ്യൻ മ്യൂസിയത്തിൽ സൂക്ഷിക്കപ്പട്ടിരിക്കുന്നു എന്നതുമാണ് ഈ ധാരണ.
ഖുർആനിലെ പത്താമധ്യായം സൂറത്തു യൂനുസിലെ 92ാം വചനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ
കാര്യം പറയപ്പെടാറുളളത്.
فَالْيَوْمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنْ خَلْفَكَ آيَةً ۚ وَإِنَّ كَثِيرًا مِنَ النَّاسِ عَنْ آيَاتِنَا لَغَافِلُونَ
“എന്നാൽ നിന്റെ പുറകെ വരുന്നവർക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനു വേണ്ടി ഇന്നു നിന്റെ ശരീരത്തെ നാം രക്ഷപ്പെടുത്തി എടുക്കുന്നതാണ്. തീർച്ചയായും മനുഷ്യരിൽ ധാരാളം പേർ നമ്മുടെ ദൃഷ്ടാന്തങ്ങളെ പറ്റി അശ്രദ്ധരാകുന്നു.” (10:92)
ഈ ആയത്തിന്റെയ അടിസ്ഥാനത്തിൽ ആണ് കൈറോ മ്യൂസിയത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുളള ഫറോവകളിൽ പെട്ട റാംസസ് ചക്രവർത്തിയുടെ ശവ ശരീരമാണ് ഖുർആനിൽ
പറയപ്പെട്ട ഫിർഔന്റെയത് എന്ന് പറയാറുള്ളളത്.
പല ഇസ്ലാമിക പ്രബോധകന്മാരും എടുത്തു പറയാറുളള ഒരു കാര്യം കൂടിയാണിത്.
ശാസ്ത്രജ്ഞനും “ദ ബൈബിൾ, ദ ഖുർആൻ ആൻഡ് സയൻസ്”(The Bible, The Qur’an and Science) എന്ന ഗ്രന്ഥത്തിന്റെ കർത്താവുമായ മോറിസ് ബുക്കായി ഈ വാദം ഉന്നയിച്ചവരിൽ പ്രമുഖനാണ്.
റാംസസ്(Ramsess second) ചക്രവർത്തിയുടെ ശവ ശരീരം കൈറോ മ്യൂസിയത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നത് ശരി തന്നെ, എന്നാൽ പരക്കെ വിശ്വസിക്കപ്പെടുന്നത് പോലെ അത്ഭുതകരമാം വിധം സംരക്ഷിക്കപ്പെട്ട ഒരു ശവ ശരീരമല്ല റാംസസ് രണ്ടാമന്‍റേത് !
പത്തൊൻ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ‘ടോംബ് ഡി ബി 320’ (Tomb DB320) എന്നറിയപ്പെടുന്ന ശവ കുടീരത്തിൽ നിന്ന് മറ്റ് അൻപതോളം മമ്മികളുടെ കൂടെ കണ്ടെടുക്കപ്പെട്ടട ഒരു മമ്മിയാണ്
റാംസസ് രണ്ടാമന്‍റേത്! പരക്കെയുളള ധാരണ പോലെ ഒരിക്കലും ചെങ്കടലിൽ നിന്നല്ല ഈ ശവ ശരീരം കണ്ടെടുക്കപ്പെട്ടിട്ടുളളത് എന്നത് ശ്രദ്ധേയമാണ്!. മാത്രമല്ല, മറ്റ് ഈജിപ്ഷ്യൻ രാജാക്കന്മാരെ പോലെ ഇദ്ദേഹത്തിന്റെ ശവ ശരീരവും മമ്മിയാക്കപ്പെട്ടിരിക്കുന്നു.!
കൂടെ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം ഇതാണ്:
റാംസസ് രണ്ടാമന്റെ പുത്രൻ മെര്‍നപ്തയുടെ(Mernaptah) മമ്മി കൈറോയിലും പിതാവ് സേതി ഒന്നാമന്റെ(Sethi First) മമ്മി ലണ്ടനിലെ മ്യൂസിയത്തിലും സംരക്ഷിക്കപ്പെട്ടിരിക്കുന്നു! എന്നിരിക്കെ റാംസസ് രണ്ടാമന്റെ ശരീരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന് ഖുർആനിൽ പറയുന്നു എന്ന വാദത്തിന് എന്ത് അർത്ഥമാണുളളത്?
എല്ലാ ഈജിപ്ഷ്യൻ രാജാക്കന്മാരുടെയും ശവ ശരീരത്തെ പോലെ അതും ഒരു മമ്മിയായി സൂക്ഷിക്കപ്പെട്ടിരിക്കുകയല്ലേ?
അത്പോലെ അയാളുടെ തന്നെ പിതാവിന്റെയും പുത്രന്റെയുമെല്ലാം ശരീരങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടില്ലേ?
റാംസസ് രണ്ടാമൻ തന്നെയാണോ ഫിർഔൻ എന്ന് അന്വേഷിക്കുന്നതിന് മുമ്പ് ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകപ്പെടേണ്ടതുണ്ട്.
റാംസസ് രണ്ടാമന്റെ ശരീരം കണ്ടെടുത്തിട്ട് 125ൽ പരം വർഷങ്ങളെ ആകുന്നുളളൂ. എന്നാൽ അല്ലാഹുവിന്റെ വചനമായ വിശുദ്ധ ഖുർആൻ 1400ൽ പരം വർഷങ്ങളായി നില നിൽക്കുന്നു. മഹാന്മാരായ ഖുർആൻ വ്യാഖ്യാതാക്കളെല്ലാം സൂറത്തു യൂനുസിലെ 92 ാം വചനം റാംസസ് രണ്ടാമന്റെ ശരീരം കണ്ടെടുക്കും മുമ്പെ ഉചിതമാം വിധം വ്യാഖ്യാനിച്ചവരാണ്.
മുഹമ്മദ് നബി(ﷺ)യിൽ നിന്ന് നേരിട്ട് ഖുർആൻ മനസ്സിലാക്കിയ
സ്വഹാബി വര്യന്മാർ ഈ വചനത്തെ എങ്ങിനെ മനസ്സിലാക്കി എന്ന് അന്വേഷിക്കുന്നത് ഏറെ അഭികാമ്യമായിരിക്കും.
ഏറ്റവും പ്രമുഖരായ ഖുർആൻ വ്യാഖ്യാതാക്കളിൽ പെട്ട ഇമാം ഇബ്നു കഥീർ, ഖുർത്വുബി, ത്വബ്’രി തുടങ്ങിയവരെല്ലാം ഈ ആയത്തിൽ നാം സാധാരണ ‘സംരക്ഷിക്കും’ എന്ന് അർത്ഥം പറയാറുളള ‘ننخيك ‘(നുനജ്ജീക ) എന്ന വാക്കിന് നൽകിയ അർത്ഥം ‘ﻳﺮﻓﻌﻚ'(യർഫഉക്ക) അഥവാ ഉയർത്തുക, വിട്ടു കൊടുക്കുക എന്നതാണ്.
യഥാർത്ഥത്തിൽ എന്താണ് ഈ വചനത്തിന്റെയ വ്യാഖ്യാനം?
സ്വഹാബിമാരിൽ പ്രമുഖനും പണ്ഡിതനുമായിരുന്ന ഇബ്നു അബ്ബാസ്(رضي الله عنه) ഈ ആയത്തിന് നൽകിയ വിശദീകരണം മുൻഗാമികളുടെ
തഫ്സീറുകളിലെല്ലാം ലഭ്യമാണ്.
തങ്ങളെ പിന്തുടർന്ന
ഫിർഔനും സൈന്യവും മുങ്ങിപ്പോകുന്നതിനു
മൂസാ നബിയും അനുയായികളായ ബനൂ ഇസ്രാഈൽ
ഗോത്രക്കാരും സാക്ഷികളായി.
എന്നാൽ ദൈവമാണ് എന്ന് സ്വയം അവകാശപ്പെട്ട ഫിർഔൻ
മുങ്ങി മരിച്ചിട്ടുണ്ടാകുമോ എന്ന വ്യർത്ഥമായ സംശയം ബനൂ
ഇസ്രാഈൽ വംശജരായ ചില ദുർബ്ബല വിശ്വാസികളിൽ
ഉളവാകുകയും അവരത് മൂസാ നബി عليه السلام നോട്
പ്രകടിപ്പിക്കുകയും ചെയ്തു.അവരുടെ സംശയ
ദൂരീകരണത്തിനായി ഫിർഔന്റെ ശരീരം കടലിൽ നിന്ന്
കരയിലേക്ക് എടുത്തെറിയപ്പെട്ടു.
അങ്ങനെ കവചിതമായ ആ ശരീരം ഒരു ഉയർന്ന പ്രദേശത്ത്
ചലനമറ്റു കിടന്നു. ചില റിപ്പോർട്ടുകളിൽ പറയുന്നത് “ഒരു ചുവന്ന
കാളക്കുട്ടി ചത്ത് കിടക്കുന്നത് പോലെ” ഫറോവ ചത്ത് കിടന്നു
എന്നാണ്!!
അതെ, എത്ര വലിയ ചക്രവർത്തിയായാലും,
സ്വയം ദൈവമാണെന്ന്
അവകാശവാദം ഉന്നയിച്ചാലും മരണം എന്ന യാഥാർത്ഥ്യം പിടി
കൂടും എന്നതിനും, ഏതൊരു
ധിക്കാരിക്കും അല്ലാഹുവിന്റെ അലംഘനീയമായ വിധിയിൽ
നിന്ന് രക്ഷയില്ല എന്നതിനും ഫിർഔന്റെയ ശവ ശരീരം ഒരു
ദൃഷ്ടാന്തമാക്കപ്പെട്ടു.
അതല്ലാതെ ഫിർഔനിന്റെയ
ശരീരം ലോകാവസാനം വരെ സംരക്ഷിക്കപ്പെടും
എന്ന് ഈ ആയത്തിനെ വ്യാഖ്യാനിച്ച് പൂർവ്വികരായ ഖുർആൻ
വ്യാഖ്യാതാക്കൾ ആരും പറഞ്ഞിട്ടില്ല, അങ്ങനെ ഒരർത്ഥം ഈ ആയത്തിനില്ല !.
എങ്കിൽ “നിനക്ക് ശേഷമുളളവർക്ക് ദൃഷ്ടാന്തമാകുക ” എന്ന വാചകം കൊണ്ടുളള ഉദ്ദേശം എന്താണ്?
പൂർവ്വിക ഖുർആൻ വ്യാഖ്യാതാക്കളിൽ പ്രമുഖനായ ഇമാം ത്വബ്’രി തന്റെ വ്യാഖ്യാന ഗ്രന്ഥത്തിൽ ഈ ആയത്തിന്റെ മറ്റൊരു ഖിറാഅത്ത് നൽകുന്നുണ്ട്. ഖുർആനിന്റെയ വ്യത്യസ്തമായ പാരായണ ശൈലികൾ (ഖിറാഅത്തുകൾ) ഏവർക്കും സുപരിചിതമാണല്ലോ.
സ്വഹാബികളിൽ പ്രമുഖനും നാലാം ഖലീഫയുമായ അലി رضي الله عنه “ലിമൻ ഖൽഫക” ﻟﻤﻦ ﺧﻠﻔﻚ (നിനക്കു ശേഷം) എന്നതിന് പകരം “ലിമൻ ഖൽക്വക” ﻟﻤﻦﺧﻠﻘﻚ എന്നാണ് പാരായണം ചെയ്തത് എന്ന് ഇമാം ത്വബ്’രി രേഖപ്പെടുത്തുന്നു. “ഖല്ക്ക്” എന്ന പദത്തിന് “ദുർബ്ബലത” എന്നർത്ഥമുണ്ട്. അപ്പോൾ “ലിമൻ ഖൽക്വക” എന്നതിന് “നിന്റെ കൂടെയുളള ദുർബ്ബല വിശ്വാസികൾക്ക് ” എന്ന് വ്യാഖ്യാനം നൽകപ്പെടുന്നു.
നേരത്തെ ദുർബ്ബല വിശ്വാസികൾ ഫിർഔനിന്റെ മരണത്തെ സംബന്ധിച്ച് മൂസാ നബി عليه السلام യോട് സംശയം പ്രകടിപ്പിച്ച
സംഭവം വിശദീകരിച്ചല്ലോ, ഇബ്നു അബ്ബാസ്(رضي الله عنه) റിപ്പോർട്ട് ചെയ്യുന്ന ആ സംഭവത്തോടൊപ്പം ഇത് കൂടി ചേർത്ത്
വായിക്കുമ്പോൾ “ലിമൻ ഖല്ഫക” എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ബനൂ ഇസ്രാഈല്യരെ ആണെന്നും അല്ലാതെ ലോകാവസാനം വരെയുളള എല്ലാ ആളുകളെയും അല്ലെന്നും നിസ്സംശയം വ്യക്തമാകുന്നു.
“നിനക്ക് പിൻപേ വരുന്നവർക്ക് ദൃഷ്ടാന്തമാകും” എന്ന
പ്രയോഗത്തെ ഇമാം ഇബ്നു കസീർ വിശദീകരിച്ചത്:
” ഫിർഔനിന്റെ ജഡം ബനൂ ഇസ്രാഈല്യർക്ക്അവന്റെ മരണത്തിന് തെളിവായി വെളിപ്പെടുത്തപ്പെടും എന്നും സർവ്വ ശക്തനായ അല്ലാഹുവിന്റെ വിധിയിൽ നിന്ന് ദുനിയാവിൽ എത്ര
വലിയവനായാലും രക്ഷപ്പെടാനാകില്ല എന്നതുമാണ്.
ശേഷം വരുന്ന എല്ലാ തലമുറകൾക്കും ഫിർഔനിന്റെ ചരിത്രം ഒരു പാഠമാണ്, അവർക്കതിൽ ദൃഷ്ടാന്തങ്ങളുണ്ട്”. എന്നാൽ വരാനിരിക്കുന്ന തലമുറകൾ ഫിർഔനിന്റെ ശരീരം കാണും എന്ന അർത്ഥം സച്ചരിതരായ മുൻഗാമികളുടെ ഖുർആൻ വ്യാഖ്യാനങ്ങളിൽ ഒന്നും തന്നെ നൽകപ്പെട്ടിട്ടില്ല .
അങ്ങനെയുണ്ട് എങ്കിൽ ഫിർഔനിന്റെ ശരീരം എല്ലാ തലമുറകൾക്കും ദൃഷ്ടാന്തമാക്കപ്പെടേണ്ടതായിരുന്നു .
അതല്ലാതെ പത്തൊൻപതാം നൂറ്റാണ്ടിനു ശേഷമുളള ആളുകൾക്ക് മാത്രമല്ല !
ആധുനിക ഇസ്ലാമിക പണ്ഡിതന്മാരിൽ പ്രമുഖനായ ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله ഈ വിഷയവുമായി പറയുന്നത് ശ്രദ്ധിക്കുക:-
“നിന്റെ പുറകെ വരുന്നവർക്ക് ദൃഷ്ടാന്തമായിരിക്കുവാൻ വേണ്ടി”
എന്ന വചനത്തിന്റെ ഉദ്ദേശ്യം നിന്റെ ശരീരം നീ മരണപ്പെട്ടു,
എന്നതിനും അല്ലാഹു സർവ്വ ശക്തനാണ് എന്നതിനും, എത്ര വലിയ ആധിപത്യവും സ്ഥാനവും ഉള്ളവനാണെങ്കിലും
അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാകില്ല
എന്നതിനും തെളിവായി ഇസ്രാഈൽ സന്തതികൾക്ക് കാണിച്ച്
കൊടുക്കപ്പെടും എന്നതാണ്. അതല്ലാതെ ചില അവിവേകികൾ കരുതുന്നത് പോലെ നമ്മുടെ കാലഘട്ടം വരേക്കും ഫിർഔനിന്റെ ജഡം സംരക്ഷിക്കപ്പെടും എന്നതല്ല. കാരണം ഫിർഔനിന്റെ ശരീരം കരയിലേക്ക് എടുത്തെറിയപ്പെട്ടതിന്റെ ഉദ്ദേശം അവൻ മരണപ്പെട്ടു എന്ന് ഉറപ്പുവരുത്തുക എന്നതും ഇസ്രാഈൽ സന്തതികളുടെ മനസ്സിലെ സംശയം ദുരീകരിക്കുക എന്നതുമാകുന്നു. ആ ഉദ്ദേശം നിറവേറ്റപ്പെട്ടു കഴിഞ്ഞു. അതിനാൽ ഏതൊരു ശവശരീരവും പോലെ ഫിർഔനിന്റെ ജഡവും നുരുമ്പിപ്പോകുകയും ഹദീസുകളിൽ വ്യക്തമാക്കപ്പെട്ടത് പോലെ ഗുദാസ്ഥി മാത്രം ബാക്കിയാക്കപ്പെടുകയും ചെയ്യും. അതിനാൽ തന്നെ ഫിർഔനിന്റെ
ശരീരം മറ്റാരുടെ ശരീരത്തെക്കാളും വ്യത്യസ്തമല്ല.”
(അല് മുൻതക മിൻ ഫതാവാ അൽ ഫൗസാൻ 1/
ചോദ്യം 132)
അപ്പോൾ കൈറോയിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിൽ
സൂക്ഷിച്ചിരിക്കുന്ന മൃതശരീരം??
അത് ഫിർഔനിന്‍റേതാകാം, അല്ലാതിരിക്കാം!!
വ്യക്തമായി നാം മനസ്സിലാക്കേണ്ട
കാര്യം സൂറത്തു യൂനുസിലെ 92 ാം വചനത്തിന് ഇന്ന് പലരും പറയുന്നത് പോലെയുളള അർത്ഥം കൽപ്പിക്കുന്നത് വസ്തുതാപരമല്ല എന്നതാണ്.
സലഫുകളായ ആളുകൾ വിശദീകരിച്ചത് പോലെ ഖുർആൻ
വിശദീകരിച്ചില്ലെങ്കിലുളള അപകടവും ഇത് വെളിവാക്കുന്നു.”