ഇന്‍ഷൂറന്‍സ് അനുവദനീയമാണോ ?. അതിന്‍റെ ഇസ്‌ലാമിക വിധിയെന്ത്‌ ?. അമുസ്ലിം രാഷ്ട്രങ്ങളില്‍ ജീവിക്കുന്നവര്‍ എന്ത് ചെയ്യും ?.

ഇന്‍ഷൂറന്‍സ് അനുവദനീയമാണോ ?. അതിന്‍റെ ഇസ്‌ലാമിക വിധിയെന്ത്‌ ?. അമുസ്ലിം രാഷ്ട്രങ്ങളില്‍ ജീവിക്കുന്നവര്‍ എന്ത് ചെയ്യും ?

الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

ഇന്ന് ലോകത്ത് പൂരിഭാഗമുള്ള ഇന്‍ഷുറന്‍സ് സംവിധാനങ്ങളും അനിസ്ലാമികമാണ്. പ്രത്യേകിച്ച് നമ്മുടെ നാട്ടിലുള്ള ഇന്‍ഷുറന്‍സ് സംവിധാനങ്ങള്‍. നാട്ടില്‍ ഇന്ന് ലഭ്യമായ ഇന്‍ഷുറന്‍സ് സംവിധാനങ്ങളില്‍  ഇസ്‌ലാമികമായി അനുവദനീയമായ ഏതെങ്കിലും ഒന്നുള്ളതായി എനിക്കറിയില്ല.

സാധാരണ കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സുകള്‍ അനിസ്ലാമികമാണ് എന്ന് പറയാന്‍ ഒരുപാട് കാരണങ്ങളുണ്ട്.

ഒന്ന്: അതില്‍ ചൂതാട്ടം അടങ്ങിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് സംവിധാനത്തിന്‍റെ പ്രവര്‍ത്തന രീതി മനസ്സിലാക്കിയാല്‍ അത് വ്യക്തമാകും. ഉദാ: കേരളത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് വാഹന മാര്‍ഗം പോകുന്ന ഒരാള്‍ ഒരു സ്ഥാപനത്തെയോ ഒരു വ്യക്തിയെയോ ആയിരം രൂപ ഏല്പിക്കുന്നു. താന്‍ സുരക്ഷിതമായി ഡല്‍ഹിയില്‍ എത്തിയാല്‍ ആ ആയിരം രൂപ ആ വ്യക്തിക്ക് അതല്ലെങ്കില്‍ സ്ഥാപനത്തിന് എടുക്കാം. തനിക്ക് വല്ല അപകടവും സംഭവിച്ചാല്‍ അതിന്‍റെ നഷ്ടപരിഹാരം നല്‍കണം. ഇവിടെ രണ്ടിലൊരാള്‍ പണത്തിനായി തന്‍റെ ഭാഗ്യ പരീക്ഷണം നടത്തുകയാണ്. ഈ രണ്ടു പേരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഈ ഇടപാട് കൊണ്ട് ലാഭമുണ്ടാകും. അതുപോലെ ഒരാള്‍ക്ക് നഷ്ടവും. ഇത് ചൂതാട്ടമാണ് എന്നത് വിശദീകരിക്കേണ്ട ആവശ്യമുണ്ട് എന്ന് കരുതുന്നില്ല.

രണ്ട്: അതില്‍ പലിശയുണ്ട്. കാരണം താന്‍ ഒരാള്‍ക്ക് നല്‍കുന്ന പണം തിരികെ നല്‍കണം എന്ന് ഒരാള്‍ ആവശ്യപ്പെടുകയാണ് എങ്കില്‍ അത് കര്‍മശാസ്ത്ര വീക്ഷണത്തില്‍ കടമാണ്. തിരികെത്തരണം എന്ന ഉപാതിയോടെ ഒരാള്‍ മറ്റൊരാള്‍ക്ക് നല്‍കിയ പണത്തിന് പുറമെ മറ്റെന്ത് നല്‍കണമെന്ന്  അയാളോട് ഉപാതി വെക്കുകയാനെങ്കിലും അത് പലിശ ഇനത്തില്‍ പെടും. കടവുമായി ബന്ധപ്പെട്ട പലിശയുടെ നിര്‍വചനം തന്നെ: മുന്‍ധാരണപ്രകാരം  നല്‍കിയതില്‍ കൂടുതല്‍ വല്ലതും തിരികെ ഈടാക്കുന്ന എല്ലാ കടവും പലിശയാണ്’. അതിനാല്‍ത്തന്നെ അപകട സമയത്ത് താന്‍ നല്‍കിയ പണവും അതില്‍കൂടുതലും തിരികെ നല്‍കണമെന്ന ഉപാതിപ്രകാരമുള്ള കരാര്‍ പലിശക്കരാറാണ്. കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ ഇത്തരത്തില്‍ പലിശ അടങ്ങിയതിനാല്‍ത്തന്നെ അത് നിഷിദ്ധവുമാണ് . 

ഇതില്‍പുറമെ ഇനിയും കാരണങ്ങള്‍ പണ്ഡിതന്മാര്‍ വിശദീകരിച്ചതായിക്കാണാം.

ഇന്ത്യയെ പോലെയുള്ള ഇസ്‌ലാമിക ഇന്‍ഷുറന്‍സ് സംവിധാനങ്ങള്‍ നിലവിലില്ലാത്ത രാജ്യങ്ങളിലെ ആളുകള്‍ ഇനിയെന്ത് ചെയ്യും എന്നതാണ് അടുത്ത ചോദ്യം : 

നമ്മുടെ നാടിനെപ്പോലെ ചില രാജ്യങ്ങളില്‍ വാഹന ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്‌. അതാകട്ടെ അനിസ്‌ലാമിക രീതിയിലുള്ള ഇന്‍ഷുറന്‍സ് സംവിധാനവും. ചില രാജ്യങ്ങളില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്‌. ഇങ്ങനെ പല രാജ്യങ്ങളും പല രൂപത്തിലുള്ള ഇന്‍ഷുറന്‍സ് സ്കീമുകളും എടുക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നു.

ഇസ്‌ലാമികമായ ഒരു സംവിധാനം നിലവിലുള്ള നാടാണ് എങ്കില്‍ അവിടെ ആ ഒരു സംവിധാനത്തില്‍ മാത്രമേ പോളിസി എടുക്കാവൂ. എന്നാല്‍ ഇസ്‌ലാമികമായ ഒരു സംവിധാനം ഇല്ലെങ്കിലോ ?!. അത്തരം ഒരു സാഹചര്യത്തെയാണ് നാം ചര്‍ച്ച ചെയ്യുന്നത്.

അത്തരം ഒരു സാഹചര്യത്തില്‍ ഒരു മുസ്‌ലിം എടുക്കേണ്ട നിലപാട് പണ്ഡിതന്മാര്‍ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്:

ഒന്ന്: നിയമം കൊണ്ടും അധികാരം കൊണ്ടും നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥ ഇല്ലെങ്കില്‍ ഒരിക്കലും അനിസ്‌ലാമികമായ ഒരു പോളിസിയിലും  അംഗമാകാന്‍ പാടില്ല. അംഗമായവരുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് പോളിസി കേന്‍സല്‍ ചെയ്യണം. ഇനി ഇതുവരെ അടച്ച പണം നഷ്ടപ്പെട്ടാല്‍ പോലും.

രണ്ട്: നിയമം കൊണ്ട് ഭരണകൂടം നിര്‍ബന്ധിക്കുന്ന ഒന്നാണ് എങ്കില്‍ (ഉദാ: നമ്മുടെ നാട്ടിലെ വാഹന ഇന്‍ഷുറന്‍സ്) അതില്‍ ഏറ്റവും ചുരുങ്ങിയ പോളിസി മാത്രം എടുക്കുക. അഥവാ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രം. കാരണം കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ ഒരാള്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ അംഗമായാല്‍ത്തന്നെ അടച്ച പണത്തേക്കാള്‍ കൂടുതല്‍ യാതൊന്നും തിരിച്ച് ഈടാക്കാന്‍ ഇസ്‌ലാമികമായി അയാള്‍ക്ക് അനുവാദമില്ല. ഇനി ഫുള്‍ കവര്‍ ഇന്‍ഷുറന്‍സ് എടുക്കല്‍ ഒരു രാജ്യം നിര്‍ബന്ധമാക്കി എന്നിരിക്കട്ടെ ഇസ്‌ലാമിക സംവിധാനമല്ലെങ്കില്‍ അടച്ച പണത്തെക്കാള്‍ യാതൊന്നും ഈടാക്കാന്‍ അയാള്‍ക്ക് അനുവാദമില്ല. പോളിസിയില്‍ പങ്കാളിയാകാന്‍ തന്നെ അനുവദിക്കപ്പെട്ടത് നിര്‍ബന്ധിത സാഹചര്യം മാത്രം പരിഗണിച്ചുകൊണ്ടാണ്. അപ്പോള്‍ പിന്നെ അടച്ചതില്‍ കൂടുതല്‍ ഈടാക്കുക മാത്രമല്ല, വാഹനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചാല്‍ കുറച്ചുകൂടി കേടുപാടുകള്‍ മനപ്പൂര്‍വം വരുത്തി മൊത്തത്തില്‍ ക്ലൈം ചെയ്തെടുക്കുന്ന നാട്ടിലെ പതിവ് കാഴ്ചയെക്കുറിച്ച് ഞാന്‍ വിശദീകരിക്കേണ്ടതില്ലല്ലോ. കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ അംഗമായ ഒരാള്‍ക്ക് പോളിസിയുടെ ഭാഗമായി അടച്ച സംഖ്യയില്‍ കൂടുതല്‍ യാതൊന്നും തന്നെ ഇടാക്കല്‍ അനുവദനീയമല്ല. അത് പലിശ ഇനത്തിലാണ് ഉള്‍പ്പെടുക. അപ്രകാരം ചെയ്ത് പോയവര്‍ ഉണ്ടെങ്കില്‍ അവര്‍ തൗബ ചെയ്ത് മടങ്ങണം അല്ലാഹു നമ്മുടെ തെറ്റുകുറ്റങ്ങള്‍ മാപ്പാക്കിത്തരുമാറാകട്ടെ.

എന്നാല്‍ ഇവിടെ പരാമര്‍ശിക്കപ്പെടേണ്ട സുപ്രധാനമായ ഒരു കാര്യമുണ്ട്  മറ്റൊരാള്‍ മൂലം തനിക്ക് സംഭവിച്ച കേടുപാടുകള്‍ക്ക് അയാളില്‍ നിന്നും നഷ്ടപരിഹാരം ലഭിക്കാനുണ്ടെങ്കില്‍, അത് തനിക്ക് നല്‍കുന്നത് അയാളാണോ, അതല്ല അയാള്‍ പങ്കാളിയായ ഇന്‍ഷുറന്‍സ് കമ്പനിയാണോ എന്ന് ഞാന്‍ അന്വേഷിക്കേണ്ടതില്ല. കാരണം ഞാന്‍ നഷ്ടപരിഹാരത്തുക അര്‍ഹിക്കുന്നവനാണ്. അയാള്‍ അനിസ്‌ലാമികമായ മാര്‍ഗേണയാണ് അത് എനിക്ക് നല്‍കുന്നത് എങ്കില്‍ അതില്‍ അയാളാണ് കുറ്റക്കാരന്‍. ഇനി പോളിസി നിര്‍ബന്ധമാക്കുകയും നഷ്ടപരിഹാരത്തുക കോടതി മുഖാന്തരം ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് നേരിട്ട് ഈടാക്കുകയും ചെയ്യുന്ന നിയമം (തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി പോലെ)  ആണ് ഉള്ളതെങ്കില്‍ അത്തരം ഒരു സാഹചര്യത്തില്‍ പോളിസി എടുത്തവനെയും കുറ്റക്കാരന്‍ എന്ന് പറയാന്‍ സാധിക്കില്ല. കാരണം അവന്‍ അടച്ചതില്‍ കൂടുതല്‍ ക്ലൈം ചെയ്യാന്‍ ഉദ്ദേശിച്ചില്ലയെങ്കിലും കേസ് മുഖാന്തരം അത് സംഭവിക്കും.

മൂന്ന്: തന്‍റെ രാജ്യത്ത് ഇസ്‌ലാമിക നിയമപ്രകാരം നിഷിദ്ധങ്ങള്‍ കടന്നുവരാത്ത  ഒരു സംവിധാനമുണ്ടാക്കുവാന്‍ നാമോരോരുത്തരും പരിശ്രമിക്കേണ്ടതുണ്ട്. സത്യസന്ധമായ പരിശ്രമം നമ്മുടെ ഭാഗത്ത് നിന്നുണ്ടായാല്‍ വഴി തുറന്നുതരും എന്നത് അല്ലാഹുവിന്‍റെ വാഗ്ദാനമാണല്ലോ. കൂടുതല്‍ ബോധവല്‍ക്കരണ പ്രോഗ്രാമുകള്‍ ഇന്‍ ഷാ അല്ലാഹ് അതുമായി ബന്ധപ്പെട്ട് നടത്തണം. അല്ലാഹു തൗഫീഖ് നല്‍കട്ടെ.

ഇസ്‌ലാമികമായി അനുവദനീയമായ തരത്തിലുള്ള ഇന്‍ഷുറന്‍സ് സംവിധാനങ്ങള്‍ ഇന്ന് ലോകത്തിന്‍റെ പല ഭാഗങ്ങളിലും നിലവിലുണ്ട് അത്  മറ്റൊരവസരത്തില്‍ വ്യക്തമാക്കാം ഇന്‍ ഷാ അല്ലാഹ് …

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

3 thoughts on “ഇന്‍ഷൂറന്‍സ് അനുവദനീയമാണോ ?. അതിന്‍റെ ഇസ്‌ലാമിക വിധിയെന്ത്‌ ?. അമുസ്ലിം രാഷ്ട്രങ്ങളില്‍ ജീവിക്കുന്നവര്‍ എന്ത് ചെയ്യും ?.”

  1. Vehicle insurance ഹറാം ആവുമ്പോൾ, ഇപ്പൊ ഒരാൾക്ക് നിയമ പ്രകാരം വണ്ടി ഓടിക്കാൻ പറ്റില്ല! അല്ലെങ്കിൽ നമ്മൾ ഫൈൻ അടകേണ്ടി വരും, ഇനി അത് വണ്ടിപിടിക്കുമ്പോൾ ഒക്കെ അടക്കണം, അപ്പൊൾ എന്താണ് അതിന് ഒരു പ്രതിവിധി?

    Reply
    • നിങ്ങളുടെ എല്ലാ സംശയങ്ങളും പീസ് റേഡിയോ ഫീഡ്ബാക്ക് വഴി “അൽ ഇജാബ” പ്രോഗ്രാം സെലക്ട്‌ ചെയ്ത് വോയിസ്‌ ആയോ, ടെക്സ്റ്റ്‌ ആയോ ചോദിക്കാം.

      പീസ് റേഡിയോ നിങ്ങളുടെ മൊബൈലിൽ ലഭ്യമാകാൻ

      https://www.peaceradio.com/install

      Reply
  2. Assalamu alayakkum ഞാൻ ഒരു digital marketing student ആണ്. എന്റെ സംശയം ഞാൻ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണെങ്കിൽ ആ കമ്പനി പറയുന്നത് അനുസരിക്കണം.പക്ഷേ ആ കമ്പനി എന്നോട് ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെ മ്യൂസിക് അടങ്ങിയ വീഡിയോകൾ പബ്ലിഷ് ചെയ്യാൻ വേണ്ടി പറയുകയാണെങ്കിൽ അല്ലെങ്കിൽ അത് എനിക്ക് ചെയ്യേണ്ടി വന്നാൽ ഞാൻ എന്താണ് ചെയ്യേണ്ടത്. ഇസ്ലാമിക പരമായി മ്യൂസിക്കും സ്ത്രീകൾ അടങ്ങിയ ചിത്രങ്ങളും മറ്റുള്ളവരിലേക്ക് എത്തിക്കൽ ഹറാം ആണല്ലോ. ഞാനെന്തു ചെയ്യണം ഈ കാര്യം ഹറാമാണെങ്കിൽ അല്ലെങ്കിൽ എനിക്ക് അനുവദനീയമല്ലെങ്കിൽ ഞാൻ ഒരു ഭയവുമില്ലാതെ ഈ ഡിജിറ്റൽ മാർക്കറ്റിംഗ് ഒഴിവാക്കി മറ്റു ഭാഗത്തേക്ക് തിരിയുന്നതാണ്. Inshaallah
    Please reply or 9895493788

    Reply

Leave a Comment