ഞാൻ 5 വര്‍ഷം മുന്‍പ് ഒരു ഇൻഷുറൻസ് പോളിസി എടുത്തു. അത് നിഷിദ്ധമാണ് എന്നറിയില്ലായിരുന്നു. അത് ക്യാൻസൽ ചെയ്താൽ അടച്ച പകുതിപോലും കിട്ടില്ല. ഇനി മുതൽ അടക്കാതെ കാലാവധി ആവുമ്പോൾ എടുത്തൽ മതിയോ. അതോ ഇപ്പോൾ തന്നെ ക്യാൻസൽ ചെയ്ത് ഉള്ള കാശ് വാങ്ങികുകയാണോ വേണ്ടത് ?
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛
കണ്‍വെന്‍ഷനല്‍ ഇന്‍ഷുറന്‍സ് എന്തുകൊണ്ട് നിഷിദ്ധമാണ് എന്നതും നിയമം കൊണ്ട് നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ എന്ത് ചെയ്യും എന്നതും നാം വിശദീകരിച്ചിട്ടുണ്ട്.
ആമുഖമായി, മനസ്സിലാക്കിയത് പ്രാവര്‍ത്തികമാക്കാനും, കണ്‍വെന്‍ഷനല്‍ ഇന്‍ഷുറന്‍സ് സംവിധാനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനും താങ്കള്‍ കാണിച്ച താല്പര്യത്തിന് അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ആത്മാര്‍ത്ഥമായി അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും തൗബ ചെയ്ത് മടങ്ങുകയും ചെയ്യുക. അല്ലാഹു സ്വീകരിക്കുമാറാകട്ടെ..
താങ്കളെ സംബന്ധിച്ചിടത്തോളം തെറ്റാണ് എന്ന് മനസ്സിലാക്കിയ സ്ഥിതിക്ക് ആ സംവിധാനത്തിലേക്കുള്ള അടവ് തുടരാന്‍ പാടില്ല. താങ്കള്‍ ഇതുവരെ അടച്ച സംഖ്യ താങ്കള്‍ക്ക് തിരികെ വാങ്ങാവുന്നതാണ്. ഇനി താങ്കള്‍ സൂചിപ്പിച്ച പോലെ ഇപ്പോള്‍ അത് തിരികെ വാങ്ങുന്നത് പണം നഷ്ടപ്പെടാന്‍ ഇടവരുത്തും എന്നുണ്ടെങ്കില്‍ പിന്നീട് വാങ്ങിയാലും മതി. പക്ഷെ പിന്നീട് കാലാവധി തികഞ്ഞ ശേഷം അത് വാങ്ങുന്നത് താങ്കള്‍ നല്‍കിയ സംഖ്യയേക്കാള്‍ താങ്കള്‍ക്ക് തിരികെ ലഭിക്കുന്ന സാഹചര്യമോ, താങ്കള്‍ ആ ഇന്‍ഷുറന്‍സ് കരാറില്‍ തുടരുന്ന വ്യക്തിയായിത്തന്നെ പരിഗണിക്കപ്പെടുന്ന സാഹചര്യമോ ഉണ്ട് എങ്കില്‍ പാതി നഷ്ടപ്പെട്ടാലും, അതല്ല ഇനി മുഴുവന്‍ തുകയും നഷ്ടപ്പെട്ടാലും ഇപ്പോള്‍ തന്നെ ആ ഇടപാട് അവസാനിപ്പിക്കുക. അഥവാ ഇനി അടവ് തുടര്‍ന്നില്ലെങ്കിലും കമ്പനി താങ്കള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലൈം നല്‍കാന്‍ ബാധ്യസ്ഥരാകുന്ന സാഹചര്യമോ, താങ്കള്‍ അടച്ചതിനേക്കാള്‍ കൂടുതല്‍ പണം താങ്കള്‍ക്ക് തിരികെ ലഭിക്കുന്ന സാഹചര്യമോ നിലനില്‍ക്കാന്‍ ഇപ്പോള്‍ അത് കേന്‍സല്‍ ചെയ്യാതിരിക്കുന്നത് ഇടവരുത്തും എന്നുണ്ടെങ്കില്‍ പണം നഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എത്രയും പെട്ടെന്ന് ആ കരാര്‍ അവസാനിപ്പിക്കാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്. അതല്ല അടവ് തുടര്‍ന്നില്ലെങ്കില്‍ത്തന്നെ താങ്കള്‍ ഇന്‍ഷുറന്‍സ് പോളിസിയില്‍ തുടരുന്ന ആളായി പരിഗണിക്കപ്പെടാതിരിക്കുകയും, പിന്നീട് കാലാവധിക്ക് ശേഷം താങ്കള്‍ അടച്ച തുക മാത്രം താങ്കള്‍ക്ക് തിരികെ ലഭിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഉള്ളത് എങ്കില്‍ പണം കാലാവധിക്ക് ശേഷം പിന്‍വലിച്ചാല്‍ മതി. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍…. അല്ലാഹു അനുഗ്രഹിക്കട്ടെ …
അല്ലാഹു അനുഗ്രഹിക്കട്ടെ….
Abdu Rahman Abdul Latheef
Reference: fiqhussunna.com