മയ്യിത്തിന് അനന്തരാവകാശികളായി പെൺമക്കളും, ഭാര്യയും, ഒരു സഹോദരിയുമാണ് ഉള്ളതെങ്കിൽ സ്വത്ത് എങ്ങനെ ഓഹരി വെക്കണം ?​

മയ്യിത്തിന് അനന്തരാവകാശികളായി പെൺമക്കളും, ഭാര്യയും, ഒരു സഹോദരിയുമാണ് ഉള്ളതെങ്കിൽ സ്വത്ത് എങ്ങനെ ഓഹരി വെക്കണം ?

ചോദ്യം: എന്റെ ഭാര്യപിതാവ്  മരണപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് ആണ്മക്കളില്ല.  അഞ്ച് പെണ്മക്കളും ഉമ്മയും ജീവിച്ചിരിപ്പുണ്ട്. പിതാവിന് ഒരു സഹോദരിയും രണ്ട്  സഹോദരന്മാരും ഉണ്ട്. സഹോദരന്മാർ ജീവിച്ചിരിപ്പില്ല. ഒരു സഹോദരന് ഏഴു ആണും മൂന്നു പെണ്ണും ഉണ്ട്. മറ്റൊരു സഹോദരന് ഒരു ആണും രണ്ട് പെണ്ണും ഉണ്ട്. മരിച്ച  പിതാവിന് മൂന്ന് സെൻറ് സ്ഥലമുണ്ട്. ഈ സ്ഥലം എങ്ങനെയാണ് വീതിക്കേണ്ടത്?.അദ്ദേഹത്തിന്റെ സഹോദരിയുടെ   മക്കൾക്ക് ഈ സ്വത്തിൽ അവകാശമുണ്ടോ ?. ഈ കാര്യങ്ങൾ വ്യക്തമായി വിവരിച്ചു തരുവാൻ അപേക്ഷിക്കുന്നു…

 

ഉത്തരം:

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

 

  അതെ , മരണപ്പെട്ട മയ്യിത്തിന് ഒന്നിൽക്കൂടുതൽ പെണ്മക്കൾ ആണെങ്കിൽ സ്വത്തിന്റെ മൂന്നിൽ രണ്ടു ഭാഗം അവർക്കുള്ളതാണ്.  അതുപോലെ ഉമ്മ എന്ന് ചോദ്യത്തിൽ സൂചിപ്പിച്ചത് ആ പെൺകുട്ടികളുടെ ഉമ്മ അഥവാ മരണപ്പെട്ട മയ്യിത്തിൻറെ ഭാര്യയാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എപ്പോഴും നാം ജീവിച്ചിരിക്കുന്നവരുടെ മയ്യിത്തുമായുള്ള ബന്ധമാണ് പറയേണ്ടത്.എങ്കിലേ ശരിയായ രൂപത്തിൽ വിഹിതം വെക്കാൻ പറ്റൂ. ഏതായാലും മക്കളുള്ളതിനാൽ മയ്യിത്തിന്റെ ഭാര്യക്ക് എട്ടിലൊന്നും ഉണ്ടാകും. ബാക്കി വരുന്ന സ്വത്ത് ആ സഹോദരിക്കാണ്. സഹോദര മക്കൾക്ക് അതിൽ അവകാശമില്ല.  

 

ഒന്നുകൂടി വിശദമാക്കിയാൽ

 

മയ്യിത്തിന്റെ ആണ്മക്കളോ, ആണ്മക്കളുടെ മക്കളോ ഇല്ലാത്ത സ്ഥിതിക്ക് പെണ്മക്കളുടെ സാന്നിദ്ധ്യത്തിൽ മയ്യിത്തിന്റെ സഹോദരിയെ അസ്വബ ആയി കണക്കാക്കണം. അഥവാ ചോദ്യകർത്താവ് പറഞ്ഞ അവസ്ഥയിൽ പെൺകുട്ടികൾക്ക് മൂന്നിൽ രണ്ടും, മയ്യിത്തിന്റെ ഭാര്യക്ക് എട്ടിലൊന്നും  നൽകിയ ശേഷം ബാക്കിയുള്ളത് എത്രയാണോ അത് മയ്യിത്തിന്റെ സഹോദരിക്ക് ആയിരിക്കും. സഹോദര മക്കൾക്ക് ഒന്നും ലഭിക്കുകയില്ല. കാരണം സഹോദര ഗണത്തിൽ തന്നെ അസ്വബ ഉണ്ടായിരിക്കെ ‘സഹോദര മക്കൾ’  എന്ന ഗണത്തിലേക്ക് സ്വത്ത് പോകുകയില്ല.

 

 സഹോദരി എന്നത് ഇവിടെ ബാപ്പയും ഉമ്മയും ഒത്ത സഹോദരിയോ, അതല്ലെങ്കിൽ ബാപ്പ ഒത്ത സഹോദരിയോ ആണെങ്കിലാണ് ഇത്. എന്നാൽ ഉമ്മ മാത്രം ഒത്ത സഹോദരിക്ക് മയ്യിത്തിന്റെ പെണ്മക്കൾ ജീവിച്ചിരിക്കുന്ന സാഹചര്യത്തിൽ സ്വത്ത് ലഭിക്കില്ല. സാന്ദർഭികമായി സൂചിപ്പിച്ചു എന്ന് മാത്രം.

 

മറ്റു അനന്തരാവകാശികൾ ആരും ജീവിച്ചിരിക്കുന്നതായി ചോദ്യകർത്താവ് സൂചിപ്പിക്കാത്തതുകൊണ്ടാണ് ആ കാര്യം പരാമർശിക്കാത്തത്. മരണപ്പെട്ട വ്യക്തിയുടെ ആണ്മക്കളുടെ ആണ്മക്കളോ , പിതാവോ, വല്ല്യുപ്പയോ ജീവിച്ചിരിപ്പുണ്ടെങ്കിൽ മേല്പറഞ്ഞ സഹോദരിക്ക് സ്വത്ത് ലഭിക്കില്ല. അഥവാ മക്കൾ ഗണത്തിലോ, പിതൃ ഗണത്തിലോ ആണുങ്ങൾ ഉണ്ടെങ്കിൽ സഹോദര ഗണത്തിലേക്ക് സ്വത്ത് പോകില്ല.  

 

 

താങ്കൾ സൂചിപ്പിച്ചത് പ്രകാരം .. മയ്യിത്തിന്റെ പിതാവോ മാതാവോ ആ ഗണത്തിൽപ്പെടുന്നവരോ ജീവിച്ചിരിപ്പില്ല,  ആണ്മക്കളും ആണ്മക്കളുടെ മക്കളും ഇല്ല. പെൺമക്കളും ഭാര്യയും സഹോദരിയുമാണ് ജീവിച്ചിരിക്കുന്നവർ. എങ്കിൽ നാം പറഞ്ഞപോലെ പെൺമക്കൾക്ക് മൂന്ന് സെൻറ്റിൽ രണ്ട് സെൻറ്റും, ഭാര്യക്ക് മൂന്ന് സെൻറ്റിൻ്റെ എട്ടിലൊന്ന് അഥവാ 163.35 സ്‌ക്വയർ ഫിറ്റും,  ബാക്കി വരുന്നത്  അഥവാ 272.25 സ്‌ക്വയർ ഫീറ്റ് സഹോദരിക്കും എന്ന രൂപത്തിലാണ് അവകാശമുള്ളത്. സ്വത്ത് മൊത്തം വിലക്കെട്ടി വീതിച്ച് നൽകുകയാണ് പതിവായി ചെയ്യാറുള്ളത്.

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

1 thought on “മയ്യിത്തിന് അനന്തരാവകാശികളായി പെൺമക്കളും, ഭാര്യയും, ഒരു സഹോദരിയുമാണ് ഉള്ളതെങ്കിൽ സ്വത്ത് എങ്ങനെ ഓഹരി വെക്കണം ?​”

  1. Assalamualaikum,
    Pen makkal mathramulla oral thante veed jeevichrkunna kalath makaldeyum wifinteyum peril ezhthivekunnathinte vidi enthan??
    Ingne oru shareeath vidi ulld kond thante veedin avakasham ulla barthavnte aalkare kond budhimuttunna sthreekale kandu.
    3 pen makkalum mathapithakalum oru brotherum 2 sistersum und. Engne aan bagam vekal??

    Reply

Leave a Comment