P. F അമൗണ്ട് സകാത്ത് കണക്കു കൂട്ടുമ്പോള്‍ ഉള്‍പ്പെടുത്തണോ ?

P. F അമൗണ്ട് സകാത്ത് കണക്കു കൂട്ടുമ്പോള്‍ ഉള്‍പ്പെടുത്തണോ ?

ചോദ്യം: ഞാനൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. Provident Fund അഥവാ പി. എഫ് എന്ന നിലക്ക് എന്‍റെ ശമ്പളത്തില്‍ നിന്നും പിടിക്കപ്പെടുന്ന സംഖ്യക്ക് സകാത്ത് ബാധകമാണോ ?.കാരണം പിരിയുന്ന സമയത്ത് മാത്രമാണല്ലോ അത് ലഭിക്കുക.

ഉത്തരം:  

 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

Provident Fund നെപ്പറ്റി പലരും പല അഭിപ്രായമാണ് പറയാറുള്ളത്. ഏതായാലും വ്യത്യസ്ഥ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ചത്തിന്‍റെ അടിസ്ഥാനത്തില്‍ അത് ഒരു നിക്ഷേപമായാണ് മനസ്സിലാക്കാന്‍ സാധിച്ചത്. സാധാരന്‍ നിലക്ക് ഒരാളുടെ റിട്ടയര്‍മെന്റ് സമയത്താണ് അത് ലഭിക്കുക എങ്കില്‍കൂടി, ഒരാള്‍ക്ക് ചില പ്രത്യേക സാഹചര്യങ്ങളില്‍ അത് പിന്‍വലിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. ഉദാ: ചികിത്സ, മക്കളുടെ വിവാഹം, വീട് പണി തുടങ്ങിയ ആവശ്യങ്ങള്‍ക്കൊക്കെ അത് പലരും പിന്‍വലിക്കാറുണ്ട്. അതുകൊണ്ടുതന്നെ തീര്‍ത്തും തനിക്ക് അപ്രാപ്യമായ, പിരിയുമ്പോള്‍ മാത്രം ലഭിക്കുന്ന ഒരു സംഖ്യ എന്ന് അതിനെപ്പറ്റി പറയാന്‍ സാധിക്കില്ല. അതിനാല്‍ത്തന്നെ എല്ലാ വര്‍ഷവും ആ സംഖ്യക്ക് സകാത്ത് ബാധകവുമാണ്. ഇനി വാദത്തിന് വേണ്ടി അത് ലഭിക്കാനുള്ള ഒരു  കടമായി പരിഗണിച്ചാല്‍ത്തന്നെ, തിരികെ കിട്ടുമെന്ന് ഉറപ്പുള്ള കടത്തിന് സമയമെത്തിയിട്ടില്ലെങ്കില്‍ പോലും സകാത്ത് ബാധകമാണ് എന്നതാണ് നല്ലൊരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം എന്നതുകൂടി നാം വിലയിരുത്തേണ്ടതുണ്ട്. അതിനാല്‍ത്തന്നെ പി. എഫില്‍ ഉള്ള പണത്തിന് സകാത്ത് ബാധകമാണ് എന്നതാണ് ഈയുള്ളവന് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്.  അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.

എന്നാല്‍ പി. എഫില്‍ ഉള്ള തന്‍റെ നിക്ഷേപത്തിന് മാത്രമേ ഒരാള്‍ സകാത്ത് നല്‍കേണ്ടതുള്ളൂ. അതില്‍ വരുന്ന പലിശക്ക് അയാള്‍ സകാത്ത് നല്‍കേണ്ടതില്ല. അത് അയാള്‍ക്ക് അര്‍ഹപ്പെട്ടതുമല്ല. മറിച്ച് എന്ന് താന്‍ അത് കൈപ്പറ്റുന്നുവോ അതില്‍ നിന്നും പലിശ വേര്‍ത്തിരിച്ച്, അത് തന്‍റെ കയ്യില്‍ നിന്നും ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ പാവങ്ങള്‍ക്കോ, തനിക്ക് നേരിട്ട് പ്രയോജനപ്പെടാത്ത രൂപത്തിലുള്ള പൊതുകാര്യങ്ങള്‍ക്കോ ഒക്കെ നല്‍കാവുന്നതാണ്.

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

Leave a Comment