നബിജന്മദിനം_അനാചാരം.

….. ٱﻟْﻴَﻮْﻡَ ﺃَﻛْﻤَﻠْﺖُ ﻟَﻜُﻢْ ﺩِﻳﻨَﻜُﻢْ ﻭَﺃَﺗْﻤَﻤْﺖُ ﻋَﻠَﻴْﻜُﻢْ ﻧِﻌْﻤَﺘِﻰ ﻭَﺭَﺿِﻴﺖُ ﻟَﻜُﻢُ ٱﻹِْﺳْﻠَٰﻢَ ﺩِﻳﻨًﺎ ۚ….

“ഇന്ന് ഞാൻ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാൻ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.” (ഖു൪ആൻ :5/3)

നബിയുടെ(സ്വ) അവസാന കാലത്ത് അവതരിച്ച വിശുദ്ധ ഖു൪ആനിലെ ആയത്താണിത്. ഈ വചനം അവതരിച്ചതിന് ശേഷം ഏതാനും ചില ആയത്തുകൾ അവതരിച്ചിട്ടുണ്ടെങ്കിലും നിയമപരമായ പുതിയ വിധികളൊന്നും പിന്നീട് അവതരിക്കുകയുണ്ടായിട്ടില്ല. അല്ലാഹു അവന്റെ മതത്തെ – ഇസ്ലാമിനെ – പൂര്‍ത്തിയാക്കിയിട്ടുള്ള കാര്യമാണ് ഇതിലൂടെ അറിയിക്കുന്നത്.  അഥവാ മതത്തിൽ ആവശ്യമായ സര്‍വ്വ നിയമ നിര്‍ദ്ദേശങ്ങളും പ്രശ്‌ന പരിഹാരങ്ങളും  നല്‍കി കഴിഞ്ഞിരിക്കുന്നു. അതിൽ ഇനി ഒന്നും കൂട്ടുകയോ കുറക്കുകയോ ചെയ്യേണ്ടതില്ലെന്ന് ചുരുക്കം. 

നബി(സ്വ) പറഞ്ഞു : നിങ്ങളെ സ്വ൪ഗ്ഗത്തിലേക്ക് അടുപ്പിക്കുന്ന ഒരു കാര്യവും നിങ്ങള്‍ക്ക് ഞാൻ പറഞ്ഞുതരാതെ വിട്ടുപോയിട്ടില്ല. നിങ്ങളെ നരകത്തിൽ നിന്ന് അകറ്റുന്ന ഒരു കാര്യവും   പറഞ്ഞുതരാതെ പോയിട്ടില്ല. (ത്വബ്റാനി)

قال امام مالك : من ابتدع في الاسلام بدعه يراها حسنه فقد زعم ان محمدا ( صلى الله عليه وسلم ) خان الرسالة لان الله يقول ( اليوم أكملت لكم دينكم ) فما لم يكن يومئذ دينا فلا يكون اليوم دينا

   ഇമാം മാലിക് (റഹി) പറഞ്ഞു: ആരെങ്കിലും മതത്തിൽ പുതുതായി ഒരു കാര്യം ഉണ്ടാക്കുകയും അത് നല്ലതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്‌താൽ അവൻ മുഹമ്മദ്‌ നബി(സ്വ) ദൗത്യ നിര്‍വഹണത്തിൽ വഞ്ചന കാണിച്ചുവെന്ന് വാദിക്കുന്നവനാണ്. കാരണം അല്ലാഹു പറയുന്നു: ‘ഇന്ന് ഞാൻ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു’. അന്ന് ദീനല്ലാത്തത് എന്തൊക്കെയാണോ അത് ഇന്നും ദീനിൽ ഇല്ലാത്തതാണ്. (അൽ ഇഅതിസ്വാം)

മേൽ പറഞ്ഞിട്ടുള്ളതിൽ നിന്നും ചുരുക്കി ഇപ്രകാരം മനസ്സിലാക്കാം.

ദീനുൽ ഇസ്ലാമിന്റെ പൂ൪ത്തീകരണത്തിന് ശേഷമാണ് നബി(സ്വ) വഫാത്തായിട്ടുള്ളത്.

ദീനുൽ ഇസ്ലാമിൽ ഇനി എന്തെങ്കിലും കൂട്ടിച്ചേ൪ക്കുകയോ അതിൽ നിന്നും എന്തെങ്കിലും എടുത്തുമാറ്റുകയോ വേണ്ടതില്ല.

അല്ലാഹുവിൽ നിന്നും ലഭിച്ചിട്ടുള്ള എല്ലാ സന്ദേശങ്ങളും നബി(സ്വ) നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്.

നബിയുടെ(സ്വ) കാലത്ത് എന്തെല്ലാം ദീനാണോ അതെല്ലാം ഇന്നും ദീനാണ്. നബിയുടെ(സ്വ) കാലത്ത് എന്തെല്ലാം ദീൻ അല്ലയോ അതെല്ലാം ഇന്നും ദീനല്ല.

ദീനിലേക്ക്  എന്തെങ്കിലും പുതുതായി കൂട്ടിച്ചേ൪ത്ത് അത് നല്ലതാണെന്ന് വാദിക്കുന്ന പക്ഷം, നബി(സ്വ) തന്റെ ദൗത്യ നിര്‍വഹണത്തിൽ വഞ്ചന കാണിച്ചുവെന്നാണ് അവൻ പറയാതെ പറയുന്നത്. കാരണം ഈ നല്ല കാര്യം നബി(സ്വ) നമുക്ക് പറഞ്ഞു തന്നിട്ടില്ലല്ലോ എന്നാണ് അങ്ങനെ പറയുന്നതിലൂടെ സംഭവിക്കുന്നത്.

ഈ  തത്വം മുന്നിൽ വെച്ചുവേണം നബിദിനാഘോഷത്തിന്റെ ഇസ്ലാമികമായ മാനം  നാം മനസ്സിലാക്കേണ്ടത്.

ഇസ്ലാമിൽ രണ്ടേരണ്ട് ആഘോഷങ്ങൾ മാത്രമാണുള്ളത്.

ഈദുൽ ഫിത്വ്൪ (ചെറിയ പെരുന്നാൾ) : റമദാനിലെ വ്രതാനന്തരം ശവ്വാൽ ഒന്നിന് വിശ്വാസികള്‍ക്ക് ലഭിക്കുന്ന സന്തോഷത്തിന്റെ ദിനമാണത്.

ഈദുൽ അദ്ഹ (ബലി പെരുന്നാൾ) : ഇബ്രാഹീം നബിയുടേയും (അ) മകൻ ഇസ്മാഈൽ നബിയുടേയും (അ) ത്യാഗസ്മരണയിൽ ദുല്‍ഹജ്ജ് പത്തിന് വിശ്വാസികള്‍ക്ക് ലഭിക്കുന്ന സന്തോഷത്തിന്റെ ദിനമാണത്.

ഈ രണ്ട് ആഘോഷങ്ങളല്ലാതെ മൂന്നാമതൊരു ആഘോഷവും ഒരു മുസ്‌ലിമിനില്ല. നബി(സ്വ) അങ്ങനെയൊന്ന് കാണിച്ചു തന്നിട്ടില്ല എന്നുള്ളതാണ് അതിന്റെ കാരണം. നബി(സ്വ) ‘പ്രവാചകൻ’ എന്ന നിലയിൽ 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലും  ജീവിച്ചു. അതിനിടയിൽ ഒരിക്കല്‍പോലും നബി(സ്വ) തന്റെ ജന്മദിനം ആഘോഷിക്കുകയോ സ്വഹാബികളോട് ആഘോഷിക്കാൻ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല.

എങ്കില്‍പിന്നെ എന്നാണ് നബിദിനാഘോഷവും മൗലീദാഘോഷവും ആരംഭിച്ചതെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. നബിദിനാഘോഷമെന്ന പുത്തനാചാരം ആദ്യമായി ഉണ്ടാക്കിയത് പുത്തന്‍വാദികളും സ്വൂഫികളുമായ ഫാത്വിമിയാക്കളിലെ പ്രധാനി ഉമറുബ്‌നു മുഹമ്മദ് അല്‍മുല്ലയാണ്. അദ്ദേഹത്തെ പിന്‍പറ്റിയാണ് മുളഫ്ഫർ രാജാവ് അടക്കമുള്ള ശേഷക്കാർ ഇത് ചെയ്ത് പോന്നത്.

قال الامام سخاوي: ان عمل المولد حدث بعد قرون ثلاثة

ഇമാം സഖാവി പറയുന്നു: നിശ്ചയമായും ഈ മൗലീദ് കഴിക്കുന്ന സമ്പ്രദായം ഹിജ്റ മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം പുതുതായിട്ടുണ്ടായതാണ്. (സയ്യിദുല്‍ബഖരിയുടെ ഇആനത്തുത്വാലിബീൻ – 3/348)

രാജാക്കന്‍മാരിൽ നിന്നും ആദ്യമായി മൗലീദ് കഴിക്കുന്ന സമ്പ്രദായം പുതുതായി ഉണ്ടാക്കിയത് ‘അബൂസഊദി’ എന്നറിയപ്പെടുന്ന ആറാം നൂറ്റാണ്ടുകാരനായ മുളഫ൪ രാജാവാണ്. ഇ൪ബൽ രാജ്യത്തെ അധിപനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് അക്കാലത്ത് ‘ഹാഫിള്ബ്നു ദഹിയ്യത്ത് ‘ എന്നു പേരായ ഒരു പണ്ഢിതൻ ‘അത്തന്‍വീ൪ ഫീ മൗലിദിൽ ബഷീറിന്നദീ൪’ എന്ന പേരിൽ ഒരു മൗലിദ് രചിച്ചുകൊടുത്തു. മുളഫ൪ അതിന് സമ്മാനമായി ആയിരം ദീനാ൪ അയാള്‍ക്ക് നല്‍കി. (സയ്യിദുല്‍ബഖരിയുടെ ഇആനത്തുത്വാലിബീൻ – 3/365-366)

وَقَدْ سُئِلَ شَيْخُ الْإِسْلَامِ حَافِظُ الْعَصْرِ أبو الفضل ابن حجر عَنْ عَمَلِ الْمَوْلِدِ ، فَأَجَابَ بِمَا نَصُّهُ : أَصْلُ عَمَلِ الْمَوْلِدِ بِدْعَةٌ لَمْ تُنْقَلْ عَنْ أَحَدٍ مِنَ السَّلَفِ الصَّالِحِ مِنَ الْقُرُونِ الثَّلَاثَةِ ،

 ഇബ്നുഹജ൪ അസ്ഖലാനി (റ) നബിദിനാഘോഷത്തെ പറ്റി ചോദിക്കപ്പെട്ടു. അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു : നബി ജന്മദിനാഘോഷത്തിന്റെ അടിസ്ഥാനം  തന്നെ ബിദ്അത്താണ്. ആദ്യകാല മൂന്ന് നൂറ്റാണ്ടിലെ സലഫുസ്വാലിഹീങ്ങളായ മുൻഗാമികളിൽ ഒരാളിൽ നിന്നു പോലും അത് നിവേദനം ചെയ്തതായി വന്നിട്ടില്ല.(ഇമാം സുയൂത്തിയുടെ അൽ ഹാവി ലിൽ ഫതാവാ : 1/196)

ഇമാം ഫാക്കിഹാനി(റ) നബിദിനാഘോഷത്തെ പറ്റി ചോദിക്കപ്പെട്ടു. അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു: ‘മാന്യന്മാരായ പല സംഘങ്ങളിൽ നിന്നും, റബീഉൽ അവ്വൽ മാസത്തിൽ ജനങ്ങൾ ഇക്കാലത്ത് മൗലിദെന്ന പേര് പറഞ്ഞ് ഒരുമിച്ചുകൂടി പല ആചാരങ്ങളും നടത്തിവരുന്നുണ്ട്, ഇതിന് ശരീഅത്തിൽ വല്ല അടിസ്ഥാനവുമുണ്ടോ? എന്ന ചോദ്യം എനിക്കാവർത്തിച്ചു കിട്ടിക്കൊണ്ടിരിക്കുന്നു. അതിന് വ്യക്തവും സുദൃഢവുമായ ഒരു മറുപടിയാണവർ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് ഞാൻ പറയുകയാണ്, അല്ലാഹു അനുഗ്രഹിക്കട്ടെ: പരിശുദ്ധ ഖുർആനിലോ നബിയുടെ(സ്വ) സുന്നത്തിലോ ഇതിനൊരടിസ്ഥാനവും ഉള്ളതായി ഞാനറിയുന്നില്ല. മതകാര്യങ്ങളിൽ മാതൃകായോഗ്യരായ പൂർവികന്മാരെ പിന്തുടരുന്ന ആരും തന്നെ ഇത് പ്രവർത്തിച്ചതായി ഉദ്ധരിക്കപ്പെടുന്നുമില്ല. എന്നാലോ അടിസ്ഥാനരഹിതമായ പലതും കെട്ടിച്ചമച്ചുണ്ടാക്കുന്ന ചില ആൾക്കാരുടെ നിർമ്മിതവും ഏതോ തീറ്റക്കൊതിയന്മാരുടെ സ്വാർത്ഥതക്കൊപ്പിച്ച് കെട്ടിയുണ്ടാക്കിയ ബിദ്അത്തുമാകുന്നു ഇത്. ശറഇയായ വിധികൾ വെച്ചു നോക്കിയാൽ ഇത് ഹറാം അല്ലെങ്കിൽ അതിനോട് അടുത്ത കറാഹത്ത് എന്നീ രണ്ടു വകുപ്പുകളിൽ ഏതിലെങ്കിലും പെട്ടതായിരിക്കാനേ നിവൃത്തിയുള്ളൂ. അല്ലാഹുവിന്റെ തിരുസന്നിധിയി ൽ വെച്ച് എന്നോട് ചോദിക്കപ്പെട്ടാൽ അവിടെ വെച്ച് എനിക്ക് പറയാനുള്ള മറുപടി തന്നെയാണ് ഞാൻ ഈ പറഞ്ഞത്.’

(ഇമാം സുയൂത്തിയുടെ അൽ ഹാവി ലിൽ ഫതാവാ : 1/190)

قال الإمام ابن الحاج رحمه الله : فصل في المولد: ومن جملة ما أحدثوه من البدع، مع اعتقادهم أن ذلك من أكبر العبادات وأظهر الشعائر ما يفعلونه في شهر ربيع الأول من المولد وقد احتوى على بدع ومحرمات جملة

ഇമാം ഇബ്നുൽ ഹാജ് (റ) (വഫാത്ത് ഹിജ്റ: 737) പറയുന്നു: മൗലീദ് എന്നത് : അവർ പുതുതായുണ്ടാക്കിയ ബിദ്അത്തുകളിൽ ഒന്നാണ്. റബീഉൽ അവ്വൽ മാസത്തിൽ അവരാഘോഷിക്കുന്ന മൗലിദ് ഏറ്റവും വലിയ ഇബാദത്താണെന്നും ഇസ്‌ലാമിന്റെ ഏറ്റവും വലിയ ശിആറാണെന്നും അവർ കരുതുന്നുവെങ്കിലും അത് മൊത്തത്തിൽ ബിദ്അത്തുകളും ഹറാമുകളും അടങ്ങുന്ന പ്രവര്‍ത്തനമാണ്. (المدخل : 2/10)

قال الإمام الشاطبي : فمعلوم أن إقامة المولد على الوصف المعهود بين الناس بدعة محدثة وكل بدعة ضلالة, فالإنفاق على إقامة البدعة لا يجوز والوصية به غير نافذة بل يجب على القاضي فسخه 

ഇമാം ശാത്വിബി അൽ മാലിക്കി (റ) (വഫാത്ത് ഹിജ്റ 790) പറയുന്നു: ഇന്ന ആളുകൾ ആചരിക്കുന്നത് പോലെയുള്ള മൗലിദ് ആഘോഷം അത് പുത്തനാചാരമായ ബിദ്അത്താണ്. എല്ലാ ബിദ്അത്തുകളും വഴികേടാകുന്നു. അതുകൊണ്ടുതന്നെ ഒരു ബിദ്അത്ത് നടപ്പിലാക്കാൻ വേണ്ടി ധനം നല്‍കി സഹായിക്കാൻ പാടില്ല. ഇനി അപ്രകാരം ഒരാൾ തന്റെ മരണാനന്തരമുള്ള വസ്വിയത്തിൽ എഴുതി വച്ചാൽ പോലും ആ വസ്വിയത്ത് നടപ്പാക്കപ്പെടുകയില്ല. മറിച്ച് അത്തരം വസ്വിയത്തുകൾ ഖാളി അസാധുവാക്കണം. [ഫതാവശാത്വിബി : 203, 204]

لا نعلم ذلك -أي عمل المولد- ولو بإطعام الطعام عن السلف

അൽ ഇമാം അൽ ഹാഫിള് അബൂ സുര്‍അ അൽ ഇറാഖി (റ) (വഫാത്ത് : ഹിജ്റ 836)  പറയുന്നു:  അപ്രകാരം ചെയ്യൽ – അഥവാ മൗലിദ് ആഘോഷിക്കൽ – ഏറ്റവും ചുരുങ്ങിയ പക്ഷം ഭക്ഷണം വിതരണം ചെയ്തെങ്കിലും ആചരിക്കൽ മുന്‍ഗാമികൾ ആരെങ്കിലും ചെയ്തതായി നമുക്കറിയില്ല . (തശ്നീഫുൽ അദാ’ൻ : പേജ് : 136)

നബിദിനാഘോഷത്തെ അനുകൂലിച്ച പണ്ഢിതന്‍മാരാണ് ഇമാം സുയൂത്തി(റ), ഇമാം ഇബ്നു ഹജ൪ ഹൈത്തമി(റ), ഇമാം ക്വസ്ത്വല്ലാനി(റ) എന്നിവ൪. എന്നാൽ അവ൪ പോലും അത് ഹിജ്റ മുന്നൂറിന് ശേഷം വന്നതാണന്നാണ് പറഞ്ഞിട്ടുള്ളത്.  

أصل عمل المولد بدعة ، لم تنقل عن أحد من السلف الصالح من القرون الثلاثة، 

ഇമാം ഇബ്നു ഹജർ ഹൈതമി(റ) പറയുന്നു : മൌലൂദ് കർമ്മം അത് പുത്തനാചാരമാണ്. ആദ്യ മൂന്നു നൂറ്റാണ്ടുകളിൽ ജീവിച്ച സലഫുസ്സാലിഹീങ്ങളിൽ നിന്ന് ഇങ്ങനെ ഒന്ന് ഉണ്ടായി’ട്ടേയില്ല.

നമ്മുടെ കേരളത്തിൽ നബിദിനം ആഘോഷിക്കുന്നവ൪ തന്നെയും ഇത് സുന്നത്താണെന്ന് അവകാശപ്പെടുന്നില്ല. മാത്രമല്ല നബിദിനാഘോഷം ഹിജ്റ മുന്നൂറിന് ശേഷം ഉണ്ടായതാണെന്ന് അവ൪ അംഗീകരിക്കുകയും ചെയ്യുന്നു.

നബി തിരുമേനിയുടെ(സ്വ) കാലത്ത് ഏതെങ്കിലും പ്രവാചകന്റേയോ പുണ്യപുരുഷന്റേയോ ജന്‍മദിനം കൊണ്ടാടുന്ന സമ്പ്രദായം നിലവിലില്ല. അതുകൊണ്ടുതന്നെ അതിനെ കുറിച്ച് തിരുമേനി വ്യക്തമായി ഒന്നും നി൪ദ്ദേശിച്ചിട്ടുമില്ല. (അൽ മുഅല്ലിം മാസിക : 2006 ഏപ്രിൽ , പേജ് -7, ചീഫ് എഡിറ്റ൪ കെ.ടി. മാനുമുസ്ലിയാ൪) 

ഒരാൾ മൗലീദ് ആഘോഷത്തിനെപറ്റി ഇബ്നുഹജ൪ എന്നവരോട് ചോദിക്കുകയുണ്ടായി. ഇബ്നു ഹജ൪ മറുപടി പറഞ്ഞു: അടിസ്ഥാനപരമായി മൗലീദ് ബിദ്അത്താണ്. ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ മഹത്തുക്കളായ മുസ്ലീങ്ങളിൽ നിന്ന് കൈമാറി വന്ന ആചാരമല്ല അത് (സുന്നി വോയ്സ് – 2000 ജൂലായ് 16 , പേജ് 26).

‘മൗലീദ് കഴിക്കൽ മുമ്പ് പതിവില്ലാത്തതാ അത് ഹിജ്റ മുന്നൂറിന്ന് ശേഷം വന്നതാ എന്നും സഘാവി പറഞ്ഞതായ് കാണുന്നതാ അത് ഹലബി ഒന്നാം ഭാഗമിൽ നോക്കേണ്ടതാ’.(അൽ മവാഹിബുൽ ജലിയ്യ 3/50)

നമ്മുടെ നാടുകളിലെ പള്ളികളിൽ ജുമുഅ ഖുതുബയായി ഓതാറുള്ള ‘നുബാത്തി ഖുതുബയിൽ’ റബീഉൽ അവ്വൽ മാസത്തിലെ ഒറ്റ ഖുതുബയിലും നബിദിനാഘോഷത്തെ പറ്റിയുള്ള ഒരു സൂചന പോലുമില്ലെന്നുള്ളത് സാന്ദ൪ഭികമായി നാം മനസ്സിലാക്കേണ്ടതാണ്. നബിയുടെ(സ്വ) വഫാത്തിനെ കുറിച്ചുള്ള സൂചനകളാണ് ഈ മാസത്തിലെ ഖുതുബയിൽ പരാമ൪ശിച്ചിട്ടുള്ളത്. 

ആദ്യ മൂന്ന് നൂറ്റാണ്ടിൽ നബിദിനാഘോഷം ഉണ്ടായിരുന്നില്ലെന്നും മൂന്ന് നൂറ്റാണ്ടിന് ശേഷമാണ് നബിദിനാഘോഷം ഉണ്ടായതെന്നും വ്യക്തമാണ്. നബിദിനാഘോഷം നടത്തിയിട്ടില്ലാത്ത ആ മൂന്ന് നൂറ്റാണ്ട് ഏതാണെന്നും നാം മനസ്സിലാക്കേണ്ടതാണ്.

عَنْ عَبْدِ اللَّهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ خَيْرُ النَّاسِ قَرْنِي ثُمَّ الَّذِينَ يَلُونَهُمْ ثُمَّ الَّذِينَ يَلُونَهُمْ

നബി(സ്വ) പറഞ്ഞു: ജനങ്ങളിൽ ഏറ്റവും ഉത്തമർ എന്റെ നൂറ്റാണ്ടാണ്‌. പിന്നീട് അതിനുശേഷം വന്നവർ, പിന്നീട് അവര്‍ക്ക് ശേഷം വന്നവർ. (ബുഖാരി:2533)

നബിയിൽ (സ്വ)  നിന്ന്‌ ദീൻ നേരിട്ട് പഠിച്ച സ്വഹാബികൾ , സ്വഹാബികളെ നേരിൽ കണ്ട് അവരിലൂടെ ദീൻ പഠിച്ച താബിഉകൾ, താബിഉകളിൽ ദീൻ മനസ്സിലാക്കിയ തബഉത്താബിഉകൾ എന്നിവരാണ്  നബി(സ്വ) പറഞ്ഞിട്ടുള്ള ഉത്തമതലമുറ. ഇവരാണ്  ‘സ്വലഫുകൾ’ എന്നറിയപ്പെടുന്നത്.

നബിയോ(സ്വ) നിന്ന് ദീൻ പഠിച്ച സ്വഹാബികളോ ഉത്തമ നൂറ്റാണ്ടുകാരായ  മുസ്ലിംകളോ ചെയ്യാത്ത ഈ പുത്തനാചാരം ഇന്ന് നമ്മുടെ സമൂഹത്തിൽ വലിയ പ്രാധാന്യത്തോടെയാണ് ആളുകൾ കൊണ്ടാടുന്നത്. ഇസ്‌ലാം പഠിപ്പിക്കാത്ത ഇത്തരം ആഘോഷങ്ങൾ പലപ്പോഴും ഇതരമതങ്ങളിൽ നിന്നും കടമെടുത്തിട്ടുള്ളതാണ്. നാം മറ്റൊരു സമൂഹത്തിന്റെ ആചാരങ്ങൾ സ്വീകരിച്ചാൽ നാമും അവരിൽ പെട്ടവരാകുന്നതാണെന്ന വസ്തുത പലരും വിസ്മരിക്കുന്നു.

عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ ‏

ഇബ്‌നു ഉമറിൽ(റ) നിന്ന് നിവേദനം: നബി(സ്വ) പറയുന്നു : ആരെങ്കിലും ഏതെങ്കിലും ജനതയോട്‌ സാമ്യപ്പെട്ടാൽ അവൻ അവരില്‍പെട്ടവനാണ്‌.(അബൂദാവൂദ്‌:4031 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ لَتَتْبَعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ شِبْرًا شِبْرًا وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ ‏”‏‏.‏ قُلْنَا يَا رَسُولَ اللَّهِ الْيَهُودُ وَالنَّصَارَى قَالَ ‏”‏ فَمَنْ ‏”‏‏.

അബൂസഈദിൽ(റ) നിന്ന് നിവേദനം : നബി (സ്വ) പറഞ്ഞു: നിശ്ചയം നിങ്ങൾ നിങ്ങളുടെ മുന്‍ഗാമികളുടെ പാത പിന്തുടരുക തന്നെ ചെയ്യും. ചാണിന് ചാണായും മുഴത്തിന് മുഴമായും. എത്രത്തോളമെന്നാൽ അവ൪ ഒരു ഉടുമ്പിന്റെ ഇടുങ്ങിയ മാളത്തിലാണ് പ്രവേശിച്ചിരുന്നതെങ്കിൽ അവരെ പിന്‍പറ്റി നിങ്ങളും അതിൽ പ്രവേശിക്കുന്നതാണ്. അല്ലാഹുവിന്റെ ദൂതരേ മുന്‍ഗാമികളെന്നാൽ ജൂതക്രൈസ്തവരാണോ വിവക്ഷ എന്ന് ചോദിക്കപ്പെട്ടു. നബി (സ്വ) പറഞ്ഞു :  അവരല്ലാതെ പിന്നെ ആര്? (ബുഖാരി:7320)

നബിദിനാഘോഷത്തെ ഇങ്ങനെ എതി൪ക്കേണ്ടതുണ്ടോയെന്ന് ചിന്തിക്കുന്ന നല്ലവരായ സാധാരണക്കാരുണ്ട്. ബിദ്അത്തിന്റെ ഗൗരവം മനസ്സിലാക്കാത്തതുകൊണ്ടാണ് ആളുകളിൽ ഇങ്ങനെയൊരു ചിന്ത വരുന്നത്. ബിദ്അത്തെന്ന് പറഞ്ഞാൽ ഒരു സമാന്തര മതമാണ്. ബിദ്അത്തിന്റെ അനന്തരഫലത്തെ കുറിച്ച് ഗൗരവമായി കണ്ടിരുന്നുവങ്കിൽ ആരും ഇങ്ങനെ ചിന്തിക്കില്ലായിരുന്നു.

നമ്മുടെ ജീവിതത്തിൽ സംഭവിച്ച് പോയിട്ടുള്ള പാപങ്ങൾ പൊറുത്തുകിട്ടാൻ ആഗ്രഹിക്കുന്നവരും അതിന് വേണ്ടി പശ്ചാത്താപിക്കുന്നവരുമാണ് സത്യവിശ്വാസികൾ. എന്നാൽ ബിദ്അത്ത് ചെയ്തുവരുന്നയാളുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതല്ല.   

عَنْ أَنَسِ بْنِ مَالِكٍ قَالَ  قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ حَجَبَ التَّوْبَةَ عَنْ كُلِّ صَاحِبِ بِدْعَةٍ حَتَّى يَدَعَ بِدْعَتَهُ

അനസ് ബ്നു മാലികിൽ(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: എല്ലാ ബിദ്അത്തിന്റെ ആളുകളുടെയും പശ്ചാത്താപം (തൗബ) അല്ലാഹു തടഞ്ഞു വെച്ചിരിക്കുന്നു, അവൻ തന്റെ ബിദ്അത്ത് ഒഴിവാക്കുന്നതു വരെ. (ത്വബ്റാനി)

പരലോകത്ത്‌ ദാഹാർത്ഥനായി എത്തുമ്പോൾ വിശ്വാസികള്‍ക്ക് കുടിക്കുന്നതിനായി തിരുനബിയുടെ(സ്വ) കൈയ്യിൽ നിന്ന് ഹൗളുൽ കൗസറിലെ വെള്ളം ലഭിക്കും. എന്നാൽ ബിദ്അത്ത് ചെയ്യുന്നവ൪ക്ക് അതിൽ നിന്ന് കുടിക്കാൻ കഴിയില്ല.  അവരുടെയും നബിയുടേയും ഇടയിൽ മറ ഇടപ്പെടുന്നതാണ്. 

فَأَقُولُ إِنَّهُمْ مِنِّي‏.‏ فَيُقَالُ إِنَّكَ لاَ تَدْرِي مَا أَحْدَثُوا بَعْدَكَ‏.‏ فَأَقُولُ سُحْقًا سُحْقًا لِمَنْ غَيَّرَ بَعْدِي 

അപ്പോൾ ഞാൻ വിളിച്ചു പറയും: അവർ എന്നിൽ (എന്റെ സമുദായത്തൽ) പെട്ടവരാണല്ലോ. അന്നേരം പറയപ്പെടും: താങ്കള്‍ക്ക് ശേഷം അവർ (മതത്തിൽ) പുതുതായുണ്ടാക്കിയത് താങ്കൾ അറിയില്ല. തല്‍സമയം ഞാൻ പറയും: എനിക്ക് ശേഷം മതത്തെ (ബിദ്അത്തുകളുണ്ടാക്കി) വ്യതിയാനപ്പെടുത്തിയവർ ദൂരെപ്പോകൂ ദൂരെപ്പോകൂ.( ബുഖാരി:6584)

ബിദ്അത്തുകാ൪ക്ക് ഹൗളിൽ നിന്ന് കുടിക്കാൻ ലഭിക്കാത്തതിന്റെ കാരണം മതത്തിൽ നബി(സ്വ) പഠിപ്പിക്കാത്ത പുതിയ കാര്യങ്ങൾ അനുഷ്ഠിച്ചതാണ്‌. അവ൪ ബിദ്അത്തുകാരാണെന്ന് അറിയുമ്പോൾ നബിയുടെ(സ്വ) പ്രതികരണം കടുത്തതായിരിക്കുമെന്ന് ഈ ഹദീസിൽ നിന്നും മനസ്സിലാക്കാം. അതുകൊണ്ടാണ് നബി(സ്വ) ശക്തമായ രീതിയിൽ ബിദ്അത്തിനെ കുറിച്ച് താക്കീത് ചെയ്തിട്ടുള്ളത്.

وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ

നബി(സ്വ)പറഞ്ഞു: (മതത്തിൽ ഉണ്ടാക്കുന്ന) പുതിയ കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കണം. തീർച്ചയായും മതത്തിൽ പുതുതായി ഉണ്ടാക്കുന്ന എല്ലാ കാര്യങ്ങളും അനാചാരമാണ്‌.

എല്ലാ അനാചാരങ്ങളും വഴി കേടുമാണ്‌. (അബൂദാവൂദ്‌ :4607 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ ‏

ആയിശയിൽ(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നമ്മുടെ ഈ മതത്തിൽ, ആരെങ്കിലും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്. (ബുഖാരി:2697)

مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ ‏

നബി(സ്വ) പറഞ്ഞു: ആരെങ്കിലും നമ്മുടെ കല്‍പ്പനയില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്. (മുസ്ലിം:1718)

عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا خَطَبَ احْمَرَّتْ عَيْنَاهُ وَعَلاَ صَوْتُهُ وَاشْتَدَّ غَضَبُهُ حَتَّى كَأَنَّهُ مُنْذِرُ جَيْشٍ يَقُولُ ‏”‏ صَبَّحَكُمْ وَمَسَّاكُمْ ‏”‏ ‏.‏ وَيَقُولُ ‏”‏ بُعِثْتُ أَنَا وَالسَّاعَةَ كَهَاتَيْنِ ‏”‏ ‏.‏ وَيَقْرُنُ بَيْنَ إِصْبَعَيْهِ السَّبَّابَةِ وَالْوُسْطَى وَيَقُولُ ‏”‏ أَمَّا بَعْدُ فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللَّهِ وَخَيْرُ الْهُدَى هُدَى مُحَمَّدٍ وَشَرُّ الأُمُورِ مُحْدَثَاتُهَا وَكُلُّ بِدْعَةٍ ضَلاَلَةٌ ‏”

ജാബി൪ ബിൻ അബ്ദുള്ള(റ) നിന്ന് നിവേദനം: നബി(സ്വ)  ഖുതുബ നി൪വ്വഹിക്കുമ്പോൾ അവിടുത്തെ കണ്ണുകൾ ചുവക്കും, ശബ്ദം ഉയരും, രോഷം പ്രകടമാകും, ശത്രുവിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഒരു സേനാ നായകനെപ്പോലെ.. അവിടുന്ന് (ഖുതുബകളിൽ ഇപ്രകാരം) പറയാറുണ്ട് : നിശ്ചയം, ഏറ്റവും നല്ല സംസാരം അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഏറ്റവും നല്ല മാര്‍ഗം മുഹമ്മദിന്റെ മാര്‍ഗമാണ്. കാര്യങ്ങളിൽ ഏറ്റവും മോശം ബിദ്അത്തുകളാണ്. എല്ലാ ബിദ്അത്തുകളും വഴികേടുകളാണ്. (മുസ്ലിം:867)

എല്ലാ വ൪ഷവും റബീഉൽ അവ്വൽ 12 നാണ് നബിദിനം ആഘോഷിക്കുന്നത്. എന്നാൽ റബീഉൽ അവ്വൽ 12 നാണ് നബി ജനിച്ചതെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. വ൪ഷത്തെ കുറിച്ചും മാസത്തെ കുറിച്ചും ദിവസത്തെ കുറിച്ചും വരെ അഭിപ്രായ വ്യത്യാസമുണ്ട്. നബി(സ്വ) ജനിച്ചത് തിങ്കളാഴ്ച ദിവസമായിരുന്നു വെന്ന കാര്യത്തിൽ മാത്രമാണ് അഭിപ്രായ വ്യത്യാസമില്ലാത്തത്. 

എന്നാൽ നബി(സ്വ) വഫാത്തായത് റബീഉൽ അവ്വൽ 12 തിങ്കളാഴ്ചയാണ്. നബിദിനാഘോഷം നടത്തുന്നവ൪  നബി(സ്വ) ജനിച്ചതും നബി(സ്വ) വഫാത്തായതും റബീഉൽ അവ്വൽ 12 നാണെന്ന അഭിപ്രായക്കാരനാണ്. അവിടെയാണ് ഇമാം അബൂ അംറ് ഇബ്നുൽ അലാഇന്റെ (റ) വചനം നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടത്.

ഇമാം അബൂ അംറ് ഇബ്നുൽ അലാഅ്(റ)പറഞ്ഞു: റസൂൽ(സ്വ) ജനിച്ച അതേ റബീഉൽ അവ്വൽ മാസത്തിൽ തന്നെയാണ് അവിടുന്ന് വഫാത്തായത്. എങ്കിൽ ആ മാസത്തിൽ ദുഖിക്കുന്നതിനേക്കാൾ യോജിച്ചതല്ല സന്തോഷം.

عن عطاء بن أبي رباح عن النبي صلي الله عليه و سلم إذا أصيب أحدكم بمصيبة فليذكر مصيبته بي فإنها أعظم المصائب

അത്വാഅ് ബ്നു അബീറബാഹിൽ(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നിങ്ങളിൽ ആര്‍ക്കെങ്കിലും വല്ല പ്രയാസങ്ങളും ബാധിച്ചാൽ അവൻ എന്റെ മരണത്തെക്കുറിച്ച് ഓര്‍ക്കട്ടെ, കാരണം ദുരന്തങ്ങളിൽ ഏറ്റവും വലുത് അതാണ്‌. (സുനൻ അദ്ദാരിമി :1/40).

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ دَخَلْتُ عَلَى أَبِي بَكْرٍ ـ رضى الله عنه ـ فَقَالَ فِي كَمْ كَفَّنْتُمُ النَّبِيَّ صلى الله عليه وسلم قَالَتْ فِي ثَلاَثَةِ أَثْوَابٍ بِيضٍ سَحُولِيَّةٍ، لَيْسَ فِيهَا قَمِيصٌ وَلاَ عِمَامَةٌ‏.‏ وَقَالَ لَهَا فِي أَىِّ يَوْمٍ تُوُفِّيَ رَسُولُ اللَّهِ صلى الله عليه وسلم قَالَتْ يَوْمَ الاِثْنَيْنِ‏.‏ قَالَ فَأَىُّ يَوْمٍ هَذَا قَالَتْ يَوْمُ الاِثْنَيْنِ‏.‏ قَالَ أَرْجُو فِيمَا بَيْنِي وَبَيْنَ اللَّيْلِ

ആയിശയിൽ(റ) നിന്ന് നിവേദനം: അബൂബക്കർ(റ) രോഗിയായി കിടക്കുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ അടുത്ത് പ്രവേശിച്ചു. അപ്പോൾ ചോദിച്ചു: നബിയെ(സ്വ) നിങ്ങൾ എത്ര വസ്ത്രത്തിലാണ് കഫൻ ചെയ്തത്? ആയിശ(റ) പറഞ്ഞു: യമനിൽ നിര്‍മ്മിച്ച മൂന്ന് വെളുത്ത വസ്ത്രത്തിൽ . അതിൽ കുപ്പായവും തലപ്പാവും ഉണ്ടായിരുന്നില്ല. ഏത് ദിവസമാണ് നബി(സ) മരിച്ചത്? ആയിശ(റ) പറഞ്ഞു: തിങ്കളാഴ്ച ദിവസം. അബൂബക്കർ (റ) ചോദിച്ചു: ഇന്ന് ഏത് ദിവസമാണ്. ആയിശ(റ) പറഞ്ഞു: തിങ്കളാഴ്ചയാണ്. അദ്ദേഹം പറഞ്ഞു: രാത്രിയുടെയും എന്റെയും ഇടയിൽ ഞാൻ (മരിക്കുവാൻ) ആഗ്രഹിക്കുന്നു. (ബുഖാരി :1387)

അല്ലാഹു പവിത്രമാക്കിയ നാല് മാസങ്ങളിൽ റബീഉൽ അവ്വൽ ഇല്ലെന്നുള്ളതും സാന്ദ൪ഭികമായി മനസ്സിലാക്കേണ്ടതാണ്.

ﺇِﻥَّ ﻋِﺪَّﺓَ ٱﻟﺸُّﻬُﻮﺭِ ﻋِﻨﺪَ ٱﻟﻠَّﻪِ ٱﺛْﻨَﺎ ﻋَﺸَﺮَ ﺷَﻬْﺮًا ﻓِﻰ ﻛِﺘَٰﺐِ ٱﻟﻠَّﻪِ ﻳَﻮْﻡَ ﺧَﻠَﻖَ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽَ ﻣِﻨْﻬَﺎٓ ﺃَﺭْﺑَﻌَﺔٌ ﺣُﺮُﻡٌ ۚ

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്‍റെ അടുക്കൽ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു.

അവയിൽ നാലെണ്ണം (യുദ്ധം വിലക്കപ്പെട്ട) പവിത്ര മാസങ്ങളാകുന്നു. ……. (ഖു൪ആൻ : 9/36)

عَنْ أَبِي بَكْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : الزَّمَانُ قَدِ اسْتَدَارَ كَهَيْئَتِهِ يَوْمَ خَلَقَ السَّمَوَاتِ وَالأَرْضَ، السَّنَةُ اثْنَا عَشَرَ شَهْرًا، مِنْهَا أَرْبَعَةٌ حُرُمٌ، ثَلاَثَةٌ مُتَوَالِيَاتٌ ذُو الْقَعْدَةِ وَذُو الْحِجَّةِ وَالْمُحَرَّمُ، وَرَجَبُ مُضَرَ الَّذِي بَيْنَ جُمَادَى وَشَعْبَانَ 

അബീ ബക്റ  (റ) നിവേദനം: റസൂൽ (സ) പറഞ്ഞു: ” ഒരു വര്‍ഷം പന്ത്രണ്ട് മാസമാകുന്നു. അതിൽ നാലെണ്ണം പവിത്രമാക്കപ്പെട്ട മാസങ്ങളാണ്. അതിൽ മൂന്നെണ്ണം തുടര്‍ച്ചയായി വരുന്ന മാസങ്ങളാണ്, അഥവാ ദുല്‍ഖഅദ, ദുല്‍ഹിജ്ജ, മുഹര്‍റം. ജുമാദക്കും ശഅബാനിനും ഇടയിലുള്ള മുളറിന്റെ റജബുമാണത്.(ബുഖാരി:3197)

നബിദിനാഘോഷം ഹിജ്റ മുന്നൂറിന് ശേഷം വന്നതാണെന്നും അത് ബിദ്അത്താണെന്നും അത് ആഘോഷിക്കുന്നവ൪ക്കും വ്യക്തമായി അറിയാം. എന്നിട്ടും അവ൪ക്കാ൪ക്കും അതിൽ നിന്നും പിന്‍മാറാൻ കഴിയില്ലെന്ന് മാത്രമല്ല, നബിദിനാഘോഷം രണ്ട് പെരുന്നാളുകളേക്കാളും ലൈലത്തുൽ ഖദ്റിനേക്കാളും ശ്രേഷ്ടകരമെന്ന് വരെ പറയുന്ന അവസ്ഥയിലേക്ക് വരെ എത്തുകയും ചെയ്തു.   

നബിദിനം മുസ്ലിംകള്‍ക്ക് ആഘോഷമാണ്. പെരുന്നാളിനേക്കാൾ വലിയ ആഘോഷം. (രിസാല 1987 നവംബർ)

മുസ്ലിംകള്‍ക്ക് മുഹമ്മദ് നബിയുടെ(സ്വ) ജന്മ ദിനത്തേക്കാൾ ആനന്ദ ദായകമായ മറ്റൊരാഘോഷവുമില്ല.

(സിറാജ് :1994 ആഗസ്റ്റ് 20)

ചെറിയ പെരുന്നാളിനേക്കാളും ബലി പെരുന്നാളിനേക്കാളും പൊലിമയേറിയത് നബിദിനാഘോഷങ്ങളാണെന്ന് ദ്വീപുകളിലെ അന്തരീക്ഷം സാക്ഷ്യപ്പെടുത്തുന്നു. (ദി ഐലന്റ്  2009 ഏപ്രിൽ) 

കഴിഞ്ഞുപോയ രാത്രികളിൽ വെച്ച് ഏറ്റവും ശ്രേഷ്ടമേറിയത് നബി(സ്വ) ജനിച്ച രാത്രിയാകുന്നു. ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമേറിയ എന്ന് ഖു൪ആൻ പ്രസ്താവിച്ച ലൈലത്തുൽ ഖദ്റിനേക്കാൾ മഹത്വം ഉള്ളത് നബി(സ്വ) ജനിച്ച രാത്രിക്കാണ്. (സുന്നി അഫ്ഗാ൪ വാരിക : 2002 മാ൪ച്ച് 20, പേജ് – 25)

ഇബ്നു ഉമർ(റ) പറയുന്നു: ‘എല്ലാ ബിദ്അത്തും വഴിപിഴിവാണ്. ജനങ്ങള്‍ക്ക്‌ എത്ര നന്നായി തോന്നിയാലും’ (ദാരിമി)

അതെ, അല്ലാഹു പറഞ്ഞതെത്ര ശരി, പിശാച് ഇസ്ലാമികമല്ലാത്ത ആചാരങ്ങളെ അവ൪ക്ക് ഭംഗിയായി കാണിച്ച് കൊടുക്കുന്നു.