മയ്യിത്ത് കൊണ്ടുപോകുമ്പോൾ ദിക്റ് ചൊല്ലൽ

മയ്യിത്തിനെ പിന്തുടരുന്ന സന്ദര്‍ഭത്തിൽ  ചിലർ لا إله إلا الله എന്നും മറ്റുപല ദിക്റുകളും ചെല്ലുന്നത് കാണാം. തനിച്ച അനാചാരമാണിത്. നബി(സ)യുടെയും സ്വഹാബിവര്യന്മാരുടെയും, മദ്ഹബിന്റെ ഇമാമുകളുടെ ചര്യയേയും പരിഹസ്സിക്കലും അവഗണിക്കലുമാണിത്. ജനാസ കൊണ്ടു പോകുമ്പോൾ ഉച്ചത്തിലുള്ള ഈ ദിക്റ് ജാഥ ഇസ്ലാമിൽ  പെട്ടതാണോ ?. ഇസ്ലാമിൽ  ഇതിൻ വല്ല തെളിവും ഉണ്ടോ ..?

ഇല്ലേയില്ല ..

ഇസ്ലാമിൽ  ഇതിൻ ഒരു തെളിവും ഇല്ല .

മാത്രമല്ല നബി (സ) ഇത്തരത്തിൽ  ശബ്ദമുണ്ടാക്കി മയ്യിത്ത് കൊണ്ടുപോകുന്നതിനെ വിരോധിച്ചിട്ടുമുണ്ട്. നബി (സ)യിൽ  നിന്നും നേര്‍ക്ക് നേരെ ദീൻ പഠിച്ചു മനസ്സിലാക്കിയ സ്വഹാബത്തും സലഫുസ്സ്വാലിഹീങ്ങളും മൌനമായിട്ടാണ് ജനാസയെ അനുഗമിച്ചിരുന്നത് …

ഇതുമായി ബന്ധപ്പെട്ടു വന്നിട്ടുള്ള ചില ഹദീസുകൾ  പരിശോധിക്കാം

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «لَا تُتْبَعُ الْجَنَازَةُ بِصَوْتٍ، وَلَا نَارٍ

അബൂറൈറ നിവേദനം.നബി(സ്വ) പറഞ്ഞു. ജനാസയെ പിന്തുടരുമ്പോൾ യാതൊരു തരത്തിലുളള ശബ്ദവും അഗ്നിയും പാടില്ല (അബൂദാവൂദ്)

عَنْ زَيْدِ بْنِ أَرْقَمَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «إِنَّ اللهَ عَزَّ وَجَلَّ يُحِبُّ الصَّمْتَ عِنْدَ ثَلَاثٍ، عِنْدَ تِلَاوَةِ الْقُرْآنِ وَعِنْدَ الزَّحْفِ وَعِنْدَ الْجِنَازَةِ

സെയ്ദുബ്നു അർഖം നിവേദനം. നബി(സ്വ അരുളി. മൂന്ന് സന്ദർഭങ്ങളിൽ മൌനമാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്.   അതിലൊന്ന് ജനാസയുടെ അടുത്ത്.

(ത്വബ്റാനി)

عَنِ الْحَسَنِ قَالَ: أَدْرَكْتُ أَصْحَابَ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يستحِبُّونَ خَفْضَ الصَّوْتِ عِنْدَ الْجَنَائِزِ، وَعِنْدَ قِرَاءَةِ الْقُرْآنِ، وَعِنْدَ الْقِتَالِ

ഹസൻ(റ) പറയുന്നു. നബി(സ്വ)യുടെ സ്വഹാബിവര്യന്മാർ ജനാസയെ പിന്തുടരുമ്പോൾ ശബ്ദം ഗോപ്യമാക്കുന്നതിനെ ഇഷ്ടപ്പെടുന്നവരായിട്ടാണ് ഞാൻ ദർശിച്ചത്. അതുപോലെ ഖുർആൻ പാരായണം ചെയ്യുന്ന സമയത്തും യുദ്ധസന്ദർഭത്തിലും. ഈ അഭിപ്രായമാണ് ഞാനും സ്വീകരിക്കുന്നത്.

(മുസന്നഫ്)

عَنِ ابْنِ جُرَيْجٍ ، قَالَ: حُدِّثْتُأَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ إِذَا تَبِعَ الْجِنَازَةَ أَكْثَرَ السُّكَاتَ ، وَأَكْثَرَ حَدِيثَ نَفْسِهِ

( مصنف عبد الرزاق » كِتَابُ الْجَنَائِزِ » بَابُ خَفْضِ الصَّوْتِ عِنْدَ الْجِنَازَةَ )

ഇബ്നുജുറൈജ് നിവേദനം. നിശ്ചയം പ്രവാചകൻ ജനാസയെ അനുഗമിക്കുമ്പോൾ മൌനത്തെയും മനസ്സിനോടുളള വർത്തമാനത്തെയും വർധിപ്പിക്കാറുണ്ടെന്ന് എന്നോട് പറയപ്പെടുകയുണ്ടായി. (മുസന്നഫ്) 

അലി(റ) പറഞ്ഞു: അബൂസഈദെ! നീ നിന്റെ സ്നേഹിതന്റെ ജനാസയുടെ പിന്നിൽ  നടക്കുമ്പോൾ  മൌനം പാലിക്കുക. നിന്റെ മനസ്സിൽ  നീ ചിന്തിക്കുക. (ബസ്സാർ 480 )

ഇനി ജനാസയെ കൊണ്ട് പോകുമ്പോൾ ഏതെങ്കിലും തരത്തിലുളള ശബ്ദം ഉയർത്തുന്നതുമായി ബന്ധപ്പെട്ട ശാഫി മദ്ഹബിന്‍റെ നിലപാടെന്തെന്ന് നമുക്കൊന്ന് നോക്കാം…

ശാഫി മദ്’ഹബിലെ ആധികാരിക പണ്ഡിതനായ ഇമാം നവവി (റ) അൽ  അദ്കാർ എന്ന കിത്താബിൽ  പറയുന്നത് കാണുക;

اعلم أن الصوابَ المختارَ ما كان عليه السلفُ رضي الله عنهم: السكوتُ في حال السير مع الجنازة، فلا يُرفع صوتا بقراءة، ولا ذكر، ولا غير ذلك، والحكمة فيه ظاهرة، وهي أنه أسكنُ لخاطره، وأجمعُ لفكره فيما يتعلق بالجنازة، وهو المطلوبُ في هذا الحال، فهذا هو الحقّ، ولا تغترّنّ بكثرة من يُخالفه، فقد قال أبو عليّ الفُضيل بن عِياض رضي الله عنه ما معناه: الزمْ طرقَ الهدَى، ولا يضرُّكَ قلّةُ السالكين، وإياك وطرقَ الضلالة، ولا تغترَّ بكثرة الهالكين. وأما ما يفعله الجهلةُ من القراءة على الجنازة بدمشق وغيرها من القراءة بالتمطيط، وإخراج الكلام عن موضوعه، فحرام بإجماع العلماء، وقد أوضحت قبحه، وغلظ تحريمه، وفسق من تمكّن من إنكاره، فلم ينكره في كتابآداب القرّاء

” നീ അറിയണം! മതപരമായി ശരിയായതും മുസ്‌ലിംകൾ  തെരഞ്ഞെടുക്കേണ്ടതും സച്ഛരിതരായ മുന്‍ഗാമികളുടെ രീതിയും ജനാസയുടെ കൂടെ നടക്കുമ്പോൾ  മൗനം പാലിക്കുക എന്ന അവസ്ഥയാണ് ആയതിനാൽ  ഖുര്‍ആൻ പാരായണം ചെയ്തോ ദിക്’ർ ചൊല്ലിയോ മറ്റോ ശബ്ദം ഉയര്‍ത്തപ്പെടരുത്.”

അതിലുള്ള യുക്തിയും വ്യക്തമാണ്. ഈ അവസരത്തിൽ  മനുഷ്യൻ തന്‍റെ വിചാരങ്ങളെ അടക്കിനിര്‍ത്തി മയ്യിത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ  തന്‍റെ ചിന്തയെ ഏകീകരിക്കുക എന്നതാണ് അവനോടുള്ള കല്പന ഇപ്പറഞ്ഞത് മാത്രമാണ് സത്യം ഇതിനു വിരുദ്ധമായി ധാരാളം പേർ ചെയ്യുന്നത് കണ്ട് നീ അവരുടെ ചതിയിൽ  പെട്ടുപോകരുത് .

‘ഫുളയ്‌ലുബ്നു ഇയാള്’ പറഞ്ഞത് പോലെ :- സന്മാര്‍ഗ്ഗം നീ പിന്തുടരുക; ആ വഴിയിൽ  പ്രവേശിക്കുന്നവർ കുറവാകുന്നു എന്നത് നിനക്ക് പ്രയാസമാവരുത്. വഴികേടിന്റെ മാര്‍ഗ്ഗം നീ സൂക്ഷിക്കണം. ആ വഴിയിൽ  കടക്കുന്നവരുടെ ആള്‍പെരുപ്പം കണ്ട് നീ വഞ്ചിതനാവരുത് “

ശേഷം അദ്ദേഹം തുടരുന്നു :

“ഡമസ്കസിലും മറ്റും പല ജാഹിലുകളും ചെയ്തുകൊണ്ടിരിക്കുന്ന സമ്പ്രദായം ജനാസയുടെ മേൽ  ഖുര്‍ആൻ പാരായണം ചെയ്യലും , ഖുര്‍ആൻ വാക്യങ്ങളെ യഥാസ്ഥാനത്ത് നിന്നും പുറപ്പെടുവിക്കാതെയുള്ള നീട്ടി ഓതലും മുസ്ലിം പണ്ഡിതന്മാർ ഏകോപിച്ചു ഹാറാമാക്കിയതാണ്. അത് തിന്മയാണെന്നും ഹറാമാണെന്നും അത് തടയാൻ സാധിച്ചിട്ടും തടയാത്തവർ തെമ്മാടിയാണെന്നും ഖുര്‍ആൻ പാരായണം ചെയ്യുന്നവരുടെ മര്യാദകൾ  വിവരിക്കുന്ന കിത്താബിൽ  ഞാൻ വ്യക്തമായി പ്രധിപാദിച്ചിട്ടുണ്ട് .” (അൽ  അദ്കാർ : 136) 

ഇവിടെ ചില മുസ്ലിയാക്കന്മാർ പറയുന്ന പോലെ അനാവശ്യ ശബ്ദങ്ങൾ പാടില്ല ദിക്റും ഖുര്‍ആൻ ഓത്തും ആയിക്കോട്ടെ എന്നാണോ പറഞ്ഞത്….. അല്ലേയല്ല…

മയ്യിത്ത് കൊണ്ട്പോകുമ്പോൾ മൌനമായി കൊണ്ടുപോകണം

മയ്യിത്ത് കൊണ്ട് പോകുമ്പോൾ ശബ്ദമുയർത്താൻ പാടില്ല

ഖുർആൻ പാരായണം. ദിക്ർ ചൊല്ലൽ എന്നിവ പോലും പാടില്ല

മരണവുമായി ബന്ധപ്പെട്ട ചിന്തകളെ വർധിപ്പിക്കണം

അധികമാളുകളും ദിക്ർ ചൊല്ലി ശബ്ദമുയർത്തുന്നു എന്നത് കൊണ്ട് നാം വഞ്ചിതരാകരുത്.

ഖുർആൻ പാരായണവും ദിക്റുമൊക്കെ നല്ലതായിട്ടു കൂടി ഇത്തരം സന്ദർഭത്തിൽ റസൂൽ(സ്വ) മാതൃക കാണിക്കാത്തതുകൊണ്ട് ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്ന് ഇമാമുകൾ ഉണർത്തി.

ഇമാം നവവി (റ) അദ്ദേഹത്തിന്‍റെ ശറഹുൽ  മുഹദ്ധബ് എന്ന ഗ്രന്ഥത്തിൽ  പറയുന്നത് കാണുക

المستحب خفض الصوت في السير بالجنازة ومعها ، فلا يشتغلوا بشيء غير الفكر فيما هي لاقية وصائرة إليه ، وفي حاصل الحياة وأن هذا آخرها ولا بد منه وقد أفرد ابن المنذر في الإشراف والبيهقي في السنن الكبيرة بابا في هذه المسألة قال ابن المنذر : روينا عن قيس بن عباد ، بضم العين وتخفيف الباء ، قال : كان أصحاب رسول الله صلى الله عليه وسلم يكرهون رفع الصوت عند ثلاث : عند القتال ، وعند الجنائز ، وعند الذكر

( الكتب » المجموع شرح المهذب » كتاب الجنائز )

“മയ്യിത്തിന്‍റെ കൂടെയുള്ളപ്പോഴും മയ്യിത്ത് വഹിച്ചുകൊണ്ട്പോകുമ്പോഴും ശബ്ദം താഴ്ത്തലാണ് സുന്നത്ത് . മയ്യിത്ത് അഭിമുഖീകരിക്കുകയും അവൻ ആവുകയും മടങ്ങുകയും ചെയ്യുന്ന അവസ്ഥയെകുറിച്ചുള്ള ചിന്തയല്ലാതെ മറ്റൊന്നുകൊണ്ടും അവൻ വ്യാപ്രതനാവുകയും ചെയ്യരുത് .. ഉബാദിൽ  നിന്നുള്ള റിപ്പോര്‍ട്ടായി ഇബ്നു മുന്‍ദിർ പറയുന്നു : നബി (സ) യുടെ സഹാബികൾ  മൂന്ന് രംഗങ്ങളിൽ  ശബ്ദം ഉയര്‍ത്തുന്നതിനെ വെറുത്തിരുന്നു. ദിക്റുകൾ  ചൊല്ലുമ്പോഴും യുദ്ധരംഗത്തും മയ്യിത്തിന്‍റെ അടുത്തുവെച്ചുമായിരുന്നു അത് ..” (ശറഹുൽ  മുഹദ്ധബ്) 

മറ്റു ചില ഉദ്ധരണികൾ  കൂടി കൊടുക്കുന്നു.

എന്നാൽ  സുന്നത്ത്, മരണത്തെ കുറച്ചും അതിന്റെ ശേഷമുള്ളതിനെ കുറിച്ചും ചിന്തിക്കലാണ് (ബാഫളൽ ),

(ഹാശിയതുൽ  കുബ്ര 2 /76)

എന്നാൽ  സുന്നത്ത്, മരണം അതിനു ശേഷമുള്ള അവസ്ഥ ദുനിയാവിന്റെ നാശം എന്നിവയെക്കുറിച്ച് ചിന്തിക്കലാണ്.

(മഹല്ലി 1/437)

ഇവിടെ എല്ലാം തന്നെ മൌനം അവലംബിക്കലാണ് സുന്നത് എന്നാണ് പറയുന്നത്, അല്ലാതെ നല്ലത് പറയണം എന്ന് പറയുന്നില്ല. മാത്രമല്ല മരണം, ദുനിയാവിന്റെ ശേഷമുള്ള അവസ്ഥ എന്നിവയെ കുറിച്ചെല്ലാം ചിന്തിക്കാനുമാണ് പണ്ഡിതന്മാർ നമുക്ക് വിവരിച്ചു തരുന്നത്.

എന്നാൽ  പ്രമാണങ്ങളുടെ മുമ്പിൽ  മുട്ടുമടക്കേണ്ട അവസ്ഥ വരുമ്പോൾ  നമ്മുടെ ചില ഉസ്താദുമാർ ഈ പ്രമാണങ്ങളെ അര്‍ത്ഥം തെറ്റിച്ചും ദുര്‍വ്യാഖാനിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാറുണ്ട് .

അതിൽ  പെട്ട ഒന്നാണ് മയ്യിത്ത് കൊണ്ടുപോകുമ്പോൾ  പതുക്കെ ദിക്റ് ചൊല്ലാം എന്ന വാദം. ഇതിനായി ഇവർ ദുര്‍വ്യാഖ്യാനിക്കുന്നത് ഇമാം നവവിയുടെ “മയ്യിത്തിന്‍റെ കൂടെയുള്ളപ്പോഴും മയ്യിത്ത് വഹിച്ചുകൊണ്ട്പോകുമ്പോഴും ശബ്ദം താഴ്ത്തലാണ് സുന്നത്ത്” എന്ന വാചകത്തെയാണ്.

ശേഷം വരുന്ന “മയ്യിത്ത് അഭിമുഖീകരിക്കുകയും അവൻ ആവുകയും മടങ്ങുകയും ചെയ്യുന്ന അവസ്ഥയെകുറിച്ചുള്ള ചിന്തയല്ലാതെ മറ്റൊന്നുകൊണ്ടും അവൻ വ്യാപ്രതനാവുകയും ചെയ്യരുത്” എന്ന വാചകത്തെ മറച്ചു വെക്കുകയും ചെയ്യുന്നു

എന്നാൽ  അവരുടെ ഈ ദുര്‍വ്യാഖാനം അവര്‍ക്ക് തന്നെ എതിരാണ്. എന്തന്നാൽ  ഉദാഹരണത്തിൻ നമസ്കാരത്തിൽ  ഉറക്കെയും പതുക്കെയും ഒതേണ്ട പല ദിക്റുകളും ദുആകളും ഖുര്‍ആൻ വചനങ്ങളുമുണ്ട് .

ഉദാഹരണത്തിൻ നമസ്കാരത്തിന്‍റെ ആരംഭത്തിൽ  ചൊല്ലേണ്ട പ്രാരംഭ പ്രാര്‍ഥനയാണ് വജ്ജഹ്തു. ഇത് പതുക്കെയാണ് ചൊല്ലേണ്ടത്. ഇമാം ചൊല്ലുന്ന വജ്ജഹ്തു പിന്നിൽ  നില്‍ക്കുന്നവര്‍ക്കോ പിന്നിൽ  നില്‍ക്കുന്നവർ ചൊല്ലുന്നത് ഇമാമിനോ കേള്‍ക്കാൻ സാധ്യമല്ല. അതുപോലെ തന്നെ പിന്നിൽ  നില്‍ക്കുന്നവർ ചൊല്ലുന്നത് അവര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും കേള്‍ക്കാനോ കഴിയില്ല. ഇതാണ് പതുക്കെ ചൊല്ലുക എന്നതിന്‍റെ മാനം. എന്നാൽ  മയ്യിത്ത് കൊണ്ടുപോകുമ്പോഴുള്ള രീതി ഇതല്ല എന്നത് അവര്‍ക്കെന്നപോലെ എല്ലാവര്‍ക്കും അറിയാവുന്നതാണ് . മുന്നിൽ  നിന്നൊരാൾ  ഉറക്കെ ചൊല്ലുകയും, ചുറ്റുപാടുമുള്ളവർ കേള്‍ക്കെ മറ്റുള്ളവർ അത് ഏറ്റു ചൊല്ലുകയും ചെയ്യുന്ന ഒരു തികഞ്ഞ അനാചാരമാണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്നത് . പതുക്കെ ചൊല്ലാം എന്നവർ ദുര്‍വ്യാഖ്യാനിക്കുന്നെണ്ടെങ്കിലും അവരുടെ പ്രവര്‍ത്തി അവരുടെ ദുര്‍വ്യാഖ്യാനത്തോട് പോലും യോജിക്കുന്നില്ല എന്നത് പരമസത്യം .

പിന്നെയുള്ള മറ്റൊരുവാദം ഇപ്പഴത്തെ ജനങ്ങൾ  മയ്യിത്ത് കൊണ്ടുപോകുമ്പോൾ  മറ്റു സംസാരങ്ങളിലും നേരമ്പോക്കുകളിലും മുഴുകുന്നതിനെക്കാൾ  നല്ലത് ദിക്റ് ചൊല്ലൽ  അല്ലെ എന്നതാണ് .

എന്നാൽ  പില്‍കാലത്ത് വരുന്ന ജനങ്ങൾ  അവർ എങ്ങനെയായിരിക്കും എന്നത് അറിയുന്ന അല്ലാഹു ഇത്തരം ഒരു വഹിയ്യ് പ്രവാചകൻ നല്‍കുകയോ മറ്റോ ചെയ്തിട്ടില്ല . അല്ലാഹുവും അവന്‍റെ റസൂലും ചെയ്ത് കാണിച്ചു തന്ന രീതിയിൽ  പിന്നീട് മാറ്റം വരുത്തുക എന്നത് ഇസ്ലാമിൽ  അനുവധിനീയമല്ല , അത് എത്ര നല്ലതായി തോന്നിയാലും ശരി .

“ആരെങ്കിലും നല്ലതെന്ന പേരിൽ  ഒരു ബിദ്അത്ത് ചെയ്‌താൽ  മുഹമ്മദ്‌ നബി(സ) തന്റെ രിസാലത്തിൽ  വഞ്ചന കാണിച്ചു എന്ന് അവൻ വാദിക്കുന്നുവെന്നാണ് അതിന്നര്‍ത്ഥം”

ഇമാം മാലിക് (റ) ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.

(സൂറത്ത് മാഇദ :3)

യാതൊരു വിശദീകരണത്തിനും പഴുതില്ലാത്ത വിധം മതത്തിന്റെ സമ്പൂര്‍ണത ഈ ആയത്തിൽ  നിന്നും വ്യക്തമാണല്ലോ? എങ്കിലും, ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് പ്രസിദ്ധ സുന്നി പണ്ഡിതനായ കെ വി മുഹമ്മദ് മുസ്‌ലിയാർ കൂറ്റനാട് അദ്ദേഹ ത്തിന്റെ ഖുര്‍ആൻ വ്യാഖ്യാനത്തിലെഴുതിയ വരികൾ  സാന്ദര്‍ഭികമായി ഇവിടെ ഉദ്ധരിക്കട്ടെ:

“ദീൻ പൂര്‍ത്തിയാക്കി എന്നുവെച്ചാൽ  ദീനിൽ  വിശ്വസിക്കേണ്ടതും ആചരിക്കേണ്ടതും എന്തൊക്കെയാണോ അതെല്ലാം അറിയിച്ചുതന്നുകഴിഞ്ഞു, ഇപ്പോൾ  നിലവിൽ  വന്നിട്ടുള്ള രൂപം ഇസ്‌ലാമിന്റെ പൂര്‍ണ രൂപമാണ് എന്നത്രെ. അതിനാൽ  ഇനിമേൽ  യാതൊരു കാരണവശാലും അതിൽ  യാതൊരു മാറ്റവും വരുത്തരുത്.” (ഫത്ഹുറഹ്മാൻ 2/23)

ആയിശ(റ) നിവേദനം: നബി(സ) പറഞ്ഞു:

“നമ്മുടെ ഈ മതത്തിൽ , ആരെങ്കിലും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാൽ  അത് തള്ളപ്പെടേണ്ടതാണ്.”

(സ്വഹീഹുൽ  ബുഖാരി. ഹദീസ് നമ്പർ: 2697, സ്വഹീഹ് മുസ്‌ലിം. നമ്പർ: 1718)

അബൂഹുറൈറ(റ) നിവേദനം. നബി(സ) പറഞ്ഞു:

“എന്റെ സമുദായത്തിലെ എല്ലാവരും സ്വര്‍ഗത്തിൽ  പ്രവേശിക്കും. വിസമ്മതിച്ചവർ ഒഴികെ! അപ്പോൾ  അവർ (സ്വഹാബികൾ ) ചോദിച്ചു: ആരാണ് വിസമ്മതിച്ചവർ? നബി(സ) പറഞ്ഞു: ആര് എന്നെ അനുസരിച്ചുവോ (എന്റെ കല്‍പ്പനകൾ  ജീവിതത്തിൽ  പ്രാവര്‍ത്തികമാക്കിയോ) അവർ സ്വര്‍ഗത്തിൽ  പ്രവേശിച്ചു. ആര് എന്നോട് അനുസരണക്കേട് കാണിച്ചുവോ അവർ എന്നെ വിസമ്മതിച്ചു.”

(സ്വഹീഹുൽ  ബുഖാരി. ഹദീസ് നമ്പർ: 7280)

അബൂഹുറൈറ(റ) നിവേദനം. നബി (സ) പറഞ്ഞു:

“ഞാൻ നിങ്ങൾക്ക് വല്ല കാര്യവും നിരോധിച്ചാൽ  അതു നിങ്ങൾ  വര്‍ജ്ജിക്കുക. ഞാൻ നിങ്ങളോട് എന്തെങ്കിലും കല്‍പിച്ചാൽ  പരമാവധി അത് പ്രവര്‍ത്തിക്കുകയും ചെയ്യുക.”

(സ്വഹീഹുൽ  ബുഖാരി : 8288, സ്വഹീഹ് മുസ്‌ലിം: 1337)

“കാര്യങ്ങളിൽ  വെച്ച് ഏറ്റവും മോശമായത് പുതു നിര്‍മ്മിതങ്ങളാണ്. (ബിദ്അത്തുകളാണ്), എല്ലാ ബിദ് അത്തുകളും വഴികേടുമാണ്.”

(സ്വഹീഹ് മുസ്‌ലിം, ഹദീസ് നമ്പർ: 867)

“നമ്മുടെ നിര്‍ദ്ദേശമില്ലാതെ ആരെങ്കിലും ഒരു കാര്യം പ്രവര്‍ത്തിച്ചാൽ  അത് തള്ളിക്കളയേണ്ടതാണ്.”

(സ്വഹീഹ് മുസ്‌ലിം, ഹദീസ് നമ്പർ: 1718)

സഹോദരന്മാരെ……

പ്രമാണങ്ങളിലേക്ക് മടങ്ങുക, പ്രമാണമനുസരിച്ച് ജീവിക്കുക

അല്ലാഹു അനുഗ്രഹിക്കട്ടെ ..

ആമീൻ…..