വൈവാഹിക നിയമങ്ങൾ
അബ്ദുൽ ലത്തീഫ് സുല്ലമി മാറഞ്ചേരി
ആമുഖമായി രണ്ടുവാക്ക്
ശിഥിലമായ കുടുംബബന്ധങ്ങൾ. കണ്ണീരിൽ കുതിർന്ന മനസ്സുകൾ…. നരകിച്ചു ജീവിക്കുന്ന കണക്കറ്റ് ജനങ്ങൾ. ഇതിന് പരിഹാരം തേടുന്ന ജനത ഇത് ഇന്നിന്റെ ഒരു തീരാദുഃഖം ആയി മാറിയിരിക്കുകയാണ്. കുടുംബജീവിതത്തിന് അടിത്തറ പാകുന്ന വിവാഹം. അവിടെ ശ്രദ്ധിക്കുകയും ഉണ്ടാക്കിയെടുക്കുകയും ചെയ്യേണ്ടതായ നിർദ്ദേശങ്ങളും നിയമങ്ങളും പാലിക്കുന്നതിൽ കാണിക്കുന്ന അശ്രദ്ധ ഇതു മാത്രമാണ് മേൽപറയപ്പെട്ട പ്രശ്നങ്ങളുടെ കാരണം. അവയ്ക്കുള്ള പരിഹാരമാകട്ടെ മനുഷ്യനെ സൃഷ്ടിച്ച സൃഷ്ടാവ് കുടുംബജീവിതത്തിൽ അനിവാര്യമായും ഉണ്ടായിരിക്കണമെന്ന് കൽപ്പിച്ച നിർദ്ദേശങ്ങളിലേക്ക് തിരിച്ചു പോവുക എന്നുള്ളതുമാണ്.
വൈവാഹിക ജീവിത വിഷയത്തിൽ രചിക്കപ്പെട്ട ഗ്രന്ഥങ്ങൾ മലയാളത്തിൽ കുറച്ചൊന്നുമല്ല. എന്നാൽ പ്രസ്തുത ഗ്രന്ഥങ്ങളിൽ കാണാൻ കഴിഞ്ഞിട്ടില്ലാത്ത പല വിഷയങ്ങളും ജനങ്ങൾ അറിയേണ്ടത് ആയിട്ടുണ്ട്. ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും വെളിച്ചംവീശുന്ന ഇസ്ലാമിക ശരീഅത്ത് വിവാഹത്തെയും ദാമ്പത്യ മര്യാദകളെയും അവഗണിച്ചിട്ടില്ല.
വൈവാഹിക ജീവിതം ഖുർആനിനെയും നബിചര്യയും അടിസ്ഥാനത്തിൽ പ്രതിപാദിക്കാൻ ഉള്ള ഒരു ശ്രമമാണ് ഇവിടെ നടത്തിയിട്ടുള്ളത്. കുറ്റമറ്റ ഹദീസുകൾ മാത്രമാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത് ബുഖാരിയിലും മുസ്ലിമിലും വന്നിട്ടുള്ളത് അല്ലാത്ത ഹദീസുകൾ നാസ്വിറുദ്ദീൻ അൽബാനി(റ) സ്വഹീഹാണ് എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് മാത്രമാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. അവതന്നെ ഹദീസ് നമ്പറും ഗ്രന്ഥത്തിന്റെ പേരും അടിക്കുറിപ്പായി ചേർത്തിട്ടുമുണ്ട്.
ഇത് കുറ്റമറ്റതാണെന്ന് അവകാശപ്പെടുന്നില്ല. പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നവരോട് നന്ദി ഉണ്ടായിരിക്കും. ഇതിന്റെ രചനയിൽ സഹായിച്ചിട്ടുള്ളവരോടുള്ള കടപ്പാടുകൾ ഓർമ്മിക്കുകയും പ്രതിഫലത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. നാഥാ ഇതൊരു സൽകർമ്മമായി സ്വീകരിച്ച് സഹകരിച്ച എല്ലാവർക്കും പ്രതിഫലം നൽകേണമേ(ആമീൻ).
റിയാദ്
23/08/2005
അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി
റിയാദ്, സൗദി അറേബ്യ.