ഓർമകളുടെ തീരത്ത്
കെ ഉമ്മർ മൗലവി
രണ്ടാം പതിപ്പിന്റെ മുഖവുര
“ഓർമകളുടെ തീരത്ത്’ വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. കോപ്പികൾ തീർന്നിട്ട് രണ്ടുവർഷം കഴിഞ്ഞുവെന്ന് പറയാം”.
രണ്ടാം പതിപ്പിറക്കാൻ തീരുമാനിച്ചു. ദഅ്വ ബുക്സ് പ്രസാധനമേറ്റെടുത്തു. ഒന്നാം പതിപ്പിൽ വന്നുപോയ അക്ഷരത്തെറ്റുകളെപ്പറ്റി പരാതികൾ വല്ലാതെ ഉയർന്നു വന്നിരുന്നു. 2002 ലെ എറണാകുളം മുജാഹിദ് സമ്മേളനത്തിൽ പ്രകാശനം ചെയ്യണമെന്ന് തീരുമാനിച്ചിരുന്നതുകൊണ്ട് അൽപം ധതികൂട്ടേണ്ടി വന്നു. എ.എ. ഹമീദ് സാഹിബായിരുന്നു കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നത്. ആ സമയത്ത് അദ്ദേഹം രോഗം മൂർഛിച്ച് ഒരുമാസത്തിലധികം കിടപ്പിലുമായി. പൂഫ് കൃത്യമായി നോക്കാൻ കഴിഞ്ഞില്ല. അന്ന് ഞാൻ നാട്ടിൽ ഉണ്ടായിരുന്നുമില്ല. അതാണ് അത്രയും തെറ്റുകൾ വരാൻ കാരണം.
സലഫീ ആദർശ വ്യതിരിക്തത ബോധ്യമാക്കിത്തന്നത് ഈ പുസ്തകമാണ് എന്നതാണ് അനേകർ ചൂണ്ടിക്കാണിച്ച് ഒരു വസ്തുത. കേരളത്തിലെ പ്രസ്ഥാനചരിത്രത്തിന്റെ ഒരേകദേശ ചിത്രം വരച്ചുകാട്ടിയെന്നതും പഴയകാല പ്രസ്ഥാന നായകരെ പരിചയപ്പെടുത്തി എന്നതുമാണ് ചിലരെആകർഷിച്ചത്. പുതിയ തലമുറ അവശ്യം അറിയേണ്ട സുപ്രധാന വിവരങ്ങളുണ്ട് എന്നതാണ് ചിലർ ശ്രദ്ധിച്ചത്. എല്ലാവരും ഐക്യകണ്ന അഭിപ്രായപ്പെട്ടത് മനോഹരമായ, തുല്യതയില്ലാത്ത ഇതിന്റെ ശൈലി തന്നെയാണ്. രചനയിലെ ആത്മാർത്ഥതയാണ് ഇതിനെ എല്ലാവരുടേയും ഹൃദയത്തോടടുപ്പിച്ചത്. പല തവണ ആവർത്തിച്ചു വായിച്ചുകൊണ്ടിരിക്കുന്നവർ, ദിവസേന കുറേശെ സ്ഥിരമായി വായിക്കുന്നവർ, ഈ ഗ്രന്ഥം വായിച്ചു തീർന്നതോടെ സലഫീ ആദർശമുൾക്കൊണ്ട് പ്രവർത്തകരായവർ. ഇങ്ങനെ പലരെയും അറിയാൻ കഴിഞ്ഞു. പലരെയും നേരിൽ പരിചയപ്പെട്ടു. സർവശക്തന് അളവറ്റ സ്തുതി!
അമുസ്ലിംകളായ വായനക്കാരുടെ ശ്രദ്ധ ഈ പുസ്തകത്തിന് ലഭിച്ചട്ടുണ്ട് എന്ന കാര്യം പ്രത്യേകം ശ്രദ്ധയർഹിക്കുന്നു. മതരംഗത്ത് പ്രവർത്തിച്ച ഒരു പണ്ഡിതന്റെ ഓർമ്മകുറിപ്പുകൾ ഈ നിലയിൽ ആകർഷിക്കപ്പെട്ടത് കൗതുകകരമാണ്. വിശ്വാസികളല്ലാത്തവരെയും നിർമതരെയും ആകർഷിക്കാൻ കഴിഞ്ഞുവെന്നത് അനുഭവമാണ്. കേരളത്തിലെ അറിയപ്പെട്ട ഒരു സാമൂഹ്യചിന്തകനും സാഹിത്യനിരൂപകനുമായ ഒരു എഴുത്തുകാരൻ മാതൃഭൂമി ദിനപത്രത്തിൽ “അടുത്ത കാലത്ത് തന്നെ ഏറ്റവും ആകർഷിച്ച പുസ്തകം’ എന്ന നിലയ്ക്ക് “ഓർമകളുടെ തീരത്തി’നെ വിലയിരുത്തിയത് ഇവിടെ ചൂണ്ടിക്കാണിക്കുന്നത് പ്രസക്തമാണെന്നാണെന്റെ വിചാരം. അത് പ്രതത്തിൽ വായിച്ച് ധാരാളം അമുസ്ലിംകൾ പുസ്തകം ആവശ്യപ്പെട്ട് ബന്ധപ്പെട്ടു. കോപ്പികൾ തീർന്നുപോയതുകൊണ്ട് കൈവശമുള്ളവരിൽ നിന്നും വാങ്ങി വായിക്കണമെന്ന് പറയേണ്ടി വന്നു. അത്രയും താലപര്യത്തോടെയാണവർ ആവശ്യപ്പെട്ടത്.
ചില പരാമർശങ്ങളെക്കുറിച്ച് അവ ഒഴിവാക്കാമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട് എന്ന കാര്യം മറച്ചുവെക്കുന്നില്ല. വാചകങ്ങൾ
ആവർത്തിച്ചത്, വാക്കുകൾ വിട്ടുപോയത്, അങ്ങനെ അബദ്ധങ്ങളും വന്നിട്ടുണ്ട്. അവയെല്ലാം ശരിയാക്കുകയും അക്ഷരത്തെറ്റുകളുടെ ഘോഷയാത്ര പരമാവധി തിരുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ പ്രസാധനത്തിൽ പങ്കുവഹിച്ചവർക്കെല്ലാം അർഹമായ പ്രതിഫലം
പടച്ചവൻ നൽകട്ടെ.
32 വർഷം എന്റെ പിതാവ് കെ.ഉമർ മൗലവിയുടെ സന്തതസഹചാരിയും സൽസബീൽ സഹപ്രതാധിപരും സുദീർഘമായ വർഷങ്ങളിലൂടെ ഈ ഗ്രന്ഥത്തിന്റെ മാറ്റർ തയ്യാറാക്കുകയും ചെയ്ത എ.എ. ഹമീദ് സാഹിബ് (കൊച്ചി) ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് അഞ്ചു വർഷമായി. എല്ലാ കാര്യങ്ങൾക്കും പ്രചോദനവും ആവേശവും നിരന്തരം നൽകിയിരുന്ന പ്രിയപ്പെട്ട ഉമ്മകഴിഞ്ഞ വർഷം യാത്രയായി. അവർക്കെല്ലാം റബ്ബ് മഗ്ഫിറത്തും മർഹമത്തും നൽകട്ടെ. അവരോടൊപ്പം സ്വർഗത്തിൽ കണ്ടുമുട്ടാനും ഒരുമിച്ചുകൂടാനും റബ്ബ് തൗഫീഖ് നൽകട്ടെ.
മുഹർറം 14-1430 മുബാറക് ബ്ൻ ഉമർ
ജനുവരി 11-2009 തിരൂർക്കാട്