നമസ്കാരം ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ രണ്ടാമത്തേതാണല്ലോ നമസ്കാരം. അത് ഒഴിവാക്കിയവന് ഇസ്ലാമിൽ സ്ഥാനമില്ല. ഇന്ന് നമസ്കാരത്തിന്റെ കാര്യത്തിൽ പൊതുവെ മുസ്ലിംകളിൽ ഉത്സാഹം കാണുന്നുണ്ടെങ്കിലും നമസ്കാരം ഉപേക്ഷിക്കുന്ന മുസ്ലിംകളും കുറവല്ല.
നമസ്കരിക്കുന്നവരിൽ തന്നെ പലരും തോന്നുന്ന സമയത്തും ഏർപ്പാടുകളിൽ നിന്നെല്ലാം ഒഴിഞ്ഞിരിക്കുമ്പോഴും വീട്ടിലിരുന്നുമൊക്കെയാണത് നിർവഹിക്കുന്നത്. നമസ്കാരം കൃത്യസമയത്ത് ജമാഅത്തായി നിർവഹിക്കുന്നതിന്റെ പുണ്യത്തെ ക്കുറിച്ചോ അങ്ങനെ നിർവഹിക്കാതിരുന്നാൽ സംഭവിക്കാൻ
പോകുന്ന കാലാകാല നഷ്ടത്തെക്കുറിച്ചോ പലരും അശ്രദ്ധയിലാണ്.
ഭൂമിയിലെ ചെറിയ തിരക്കുകൾക്കിടയിൽ പരലോകത്തിലേക്കുള്ള വലിയ ലാഭക്കച്ചവടങ്ങൾ അശ്രദ്ധകൊണ്ട് നഷ്ടപ്പെട്ടുപോവുന്നതിനെ ചൊല്ലിയുള്ള ഒരുണർത്തലാണ് ഈ ലഘുകൃതി. അല്ലാഹു നമ്മളിൽ നിന്ന് ഈ സൽകർമ്മം സ്വീകരിക്കുമാറാകട്ടെ.
“വിശ്വാസികളായ എന്റെ ദാസന്മാരോട് നീ പറയുക: അവർ നമസ്കാരം മുറപോലെ നിർവഹിക്കുകയും, നാം അവർക്ക് നൽകിയ ധനത്തിൽ നിന്ന് യാതൊരു ക്രയവിക്രയവും ചങ്ങാത്തവും നടക്കാത്ത ഒരു ദിവസം വരുന്നതിന് മുമ്പായി രഹസ്യമായും പരസ്യമായും അവർ (നല്ല വഴിയിൽ) ചെലവഴിക്കുകയും ചെയ്തു കൊള്ളട്ടെ.” (ഖുർആൻ 14: 31)
“തീർച്ചയായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും, നമസ്കാരം മുറപോലെ നിർവഹിക്കകയും, നാം കൊടുത്തിട്ടുള്ളതിൽ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവർ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു.” (ഖുർആൻ 35: 29)
“സഹനവും നമസ്കാരവും മൂലം (അല്ലാഹുവിന്റെ) സഹായം തേടുക. അത് (നമസ്കാരം) ഭക്തന്മാരല്ലാത്തവർക്ക് വലിയ പ്രയാസമുള്ള കാര്യം തന്നെയാകുന്നു.” (ഖുർആൻ 2: 45)
അല്ലാഹു പറയുന്നു:
“[…] എന്നെ ഓർമിക്കുന്നതിനായി നമസ്കാരം മുറപോലെ നിർവഹിക്കുകയും ചെയ്യുക.” (ഖുർആൻ 20: 14)
“[…] തീർച്ചയായും നമസ്കാരം സത്യവിശ്വാസികൾക്ക് സമയം നിർണയിക്കപ്പെട്ട ഒരു നിർബന്ധ ബാധ്യതയാകുന്നു.” (ഖുർആൻ 4: 103)
ഇസ്ലാം മനുഷ്യനോട് പറയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം യഥാർത്ഥത്തിൽ ആരാധിക്കപ്പെടുവാൻ അർഹൻ അല്ലാഹു മാത്രമേ ഉള്ളു എന്നാണ്. സർവ്വ പ്രവാചകൻമാരുടെയും പ്രധാനപ്പെട്ട പ്രബോധന ദൗത്യ മാണിത്. لا اله الاالله محمد رسول الله എന്ന് അംഗീകരിച്ച് അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിച്ച് ജീവിക്കാൻ തയ്യാറാവുന്ന ഒരു മുസ്ലിം നിർബന്ധമായും നിർവഹിക്കേണ്ട ആരാധനകളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് നമസ്കാരം. വിശേഷബുദ്ധിയുള്ള പ്രായപൂർത്തിയായ ഓരോ മുസ്ലിമിനും അഞ്ച് നേരത്തെ നമസ്കാരം നിർബന്ധമാകുന്നു. ആരോഗ്യമുള്ളപ്പോൾ മാത്രമല്ല, യാത്രയിലും രോഗാവസ്ഥയിലും നമസ്കാരം ഉപേക്ഷിക്കുവാൻ പാടില്ലെന്നാണ് വിശ്വാസികളോടുള്ള കർശന നിർദ്ദേശം. നമസ്കാരം സമയം നിർണയിക്കപ്പെട്ട ബാധ്യതയാക്കി കൽപ്പിക്കുകയും സമയമാകുന്നതോടെ തന്നെ അത് നിർവഹിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. മാത്രമല്ല, നമസ്കാരം സ്ഥാപിച്ച് നിലനിർത്തുന്നവരായാണ് ഖുർആൻ വിശ്വാസികളെ പരിചയപ്പെടുത്തുന്നത്. വിശ്വാസികളുടെ പിതാവായ ഇബ്രാഹിം നബി(അ) അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് ഖുർആനിൽ ഇങ്ങനെ കാണാം:-
“എന്റെ രക്ഷിതാവേ, എന്നെ നമസ്കാരം മുറപ്രകാരം നിർവ്വഹിക്കുന്നവനാക്കേണമേ. എന്‍റെ സന്തതികളില്‍ പെട്ടവരെയും (അപ്രകാരം ആക്കേണമേ) […]” (വി.ഖുർആൻ 14: 40)
തിരുനബി ഇളവ് നൽകിയിട്ടില്ലാത്ത മുഴുവൻ ആളുകളും ബാങ്ക് കേൾക്കുന്നുവെങ്കിൽ പള്ളിയിലെത്തി ജമാഅത്തിൽ പങ്കെടുക്കൽ നിർബന്ധമാണ്. എന്നാൽ പലരും അതിൽ അലംഭാവം കാണിക്കുന്നുണ്ട്. വിശുദ്ധ ഖുർആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിൽ ജമാഅത്ത് നമസ്കാരം ഓരോ വ്യക്തികളും നിർവഹിക്കേണ്ട നിർബന്ധ ബാധ്യതയാകുന്നു എന്നാണ് വിശ്വാസികൾ മനസ്സിലാക്കേണ്ടത്.
നമസ്കാരത്തിന്റെയും അത് ജമാഅത്തായി നിർവഹിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് വിശുദ്ധ ഖുർആനും നബി(സ്വ)യും നൽകിയ നിർദ്ദേശങ്ങളാണ് താഴെ വിവരിക്കുന്നത്.
ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനം നബി(സ്വ) യോട് ചോദിക്കപ്പെട്ടു. “ഏത് പ്രവർത്തനമാണ് ഏറ്റവും ശ്രേഷ്ഠമായത്?” തിരുനബി പറഞ്ഞു: “നമസ്കാരം അതിന്റെ സമയത്ത് നിർവഹിക്കലാകുന്നു.” (ബുഖാരി)
നബി(സ്വ) പറഞ്ഞു: “നിങ്ങളുടെ മക്കളോട് ഏഴാമത്തെ വയസ് മുതൽ നമസ്ക്കാരം കൊണ്ട് ഉപദേശിക്കുക. പത്താം വയസ്സിൽ നമസ്ക്കരിക്കുന്നില്ലെങ്കിൽ അവരെ ശാസിക്കുകയും ചെയ്യുക.” (ബുഖാരി )
വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും അതിർവരമ്പ് — ജാബിർ ( رضي الله عنه) വിൽ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: “വിശ്വാസത്തിനും കുഫ്റിനും (നിഷേധത്തിനും) ഇടയിലുള്ള വ്യത്യാസമാണ് നമസ്കാരം.” (മുസ്ലിം). ഇസ്ലാമിനും കുഫ്റിനും ഇടക്കുള്ള അതിർവരമ്പാണ് നമസ്ക്കാരം, അഥവാ അത് ഉപേക്ഷിക്കുന്നത് കുഫ്റാണെന്ന് സാരം.
നമസ്കാരം അല്ലാഹുവുമായിട്ടുള്ള രഹസ്യ സംഭാഷണം — നബി(സ്വ) പറഞ്ഞു: “നിങ്ങൾ ആരെങ്കിലും നമസ്കരിക്കുകയാണെങ്കിൽ അവൻ തന്റെ രക്ഷിതാവുമായി രഹസ്യ സംഭാഷണത്തിലാകുന്നു.” (ബുഖാരി)
നമസ്കാരം ദീനിന്റെ സ്തംഭം — നബി(സ്വ) പറഞ്ഞു: “കാര്യങ്ങളിൽ പ്രധാനപ്പെട്ടത് ഇസ്ലാമാകുന്നു. അതിന്റെ സ്തംഭം നമസ്കാരവും. അതിന്റെ കടിഞ്ഞാൺ ധർമസമരവുമാണ്.” (തിർമിദി)
നമസ്കാരം പ്രകാശമാണ് — നബി(സ്വ) പറഞ്ഞു: “നമസ്കാരം പ്രകാശമാണ്.” (മുസ്ലിം)
പ്രയാസപ്പെട്ടിട്ടാണെങ്കിലും പ്രതിഫലം നേടുക — നബി(സ്വ) അരുളി: “കപട വിശ്വാസികൾക്ക് ഇശാ, സുബഹ് എന്നി രണ്ട് നമസ്കാരത്തെക്കാൾ ഭാരമേറിയ വേറൊരു നമസ്കാരവുമില്ല. എന്നാൽ അതിനുള്ള പ്രതിഫലം അവർ അറിഞ്ഞിരുന്നുവെങ്കിൽ ഇഴഞ്ഞുകൊണ്ടെങ്കിലും അവരതിന് എത്തുമായിരുന്നു.” (ബുഖാരി, മുസ്ലിം)
നമസ്ക്കാരം തിന്മയെയും നീചവൃത്തിയെയും തടയുന്നു — വിശുദ്ധ ഖുർആനിൽ പറയുന്നു:
“(നബിയേ) വേദഗ്രന്ഥത്തിൽ നിന്നും നിനക്ക് ബോധനം നൽകപ്പെട്ടത് ഓതിക്കേൾപ്പിക്കുകയും നമസ്കാരം മുറപോലെ നിർവഹിക്കുകയും ചെയ്യുക. തീർചയായും നമസ്കാരം നീചവൃത്തിയിൽ നിന്നും, നിഷിദ്ധ കർമ്മത്തിൽ നിന്നും തടയുന്നു. […]”
(വി. ഖുർആൻ 29:45)
നമസ്കാരം മനസിന് കരുത്ത് നൽകുന്നു — വിശുദ്ധ ഖുർആൻ പറയുന്നു:
“സഹനവും നമസ്കാരവും മൂലം (അല്ലാഹുവിന്റെ) സഹായം തേടുക.” (വി. ഖുർആൻ 2: 45)
ജമാഅത്ത് നമസ്കാരത്തിന് ശ്രഷ്ഠത കൂടുതലുണ്ട് — നബി(സ്വ) അരുളി: “ജമാഅത്തായി നമസ്കരിക്കുന്നത് ഒറ്റക്ക് നമസ്കരിക്കുന്നതിനേക്കാൾ 27 ഇരട്ടി ശ്രേഷ്ഠതയുള്ളതാകുന്നു.” (ബുഖാരി, മുസ്ലിം)
ജമാഅത്ത് നമസ്കാരം അന്ധതയുള്ളവർക്കുപോലും ഒഴിവില്ല — “രണ്ട് കണ്ണിനും കാഴ്ച്ചയില്ലായിരുന്ന മഹാനായ
അബ്ദുളളാഹിബ്നു ഉമ്മുമക്തൂം ( رضي الله عنه ) തനിക്ക് ജമാഅത്തിന് എത്താനുളള പ്രയാസം ഒരിക്കൽ നബി(സ്വ) യോട് ഉണർത്തുകയുണ്ടായി. തന്റെ കൈപിടിക്കാൻ ആളില്ല, പളളിയിലേക്കുളള വഴിയാണെങ്കിൽ ദുർഘടം, ക്ഷുദ്ര ജീവികളും കാണും. അത് കൊണ്ട് ജമാഅത്തിനെത്തുന്നതിൽ നിന്ന് ഒഴിവ് നൽകണമെന്ന് അപേക്ഷിച്ചു. നബി(സ്വ) ഒഴിവ് നൽകി. അദ്ദേഹം തിരിഞ്ഞ് നടക്കുമ്പോൾ നബി(സ്വ) ചോദിച്ചു: “താങ്കൾ ബാങ്ക് കേൾക്കാറുണ്ടോ?” ഉണ്ടെന്ന് മറുപടി ലഭിച്ചപ്പോൾ അവിടുന്ന് പറഞ്ഞു, “എന്നാൽ വരിക തന്നെ വേണം.” (മുസ്ലിം, അബൂദാവൂദ്)
അന്ധനായ ഒരു അനുയായിക്ക് പോലും ജമാഅത്ത് നമസ്കാരത്തിന് ഇളവ് നൽകാൻ നബി(സ്വ) തയ്യാറാവാത്തത് സംഘടിത നമസ്കാരത്തിന്റെ പ്രാധാന്യത്തെ ചൂണ്ടികാണിക്കുന്നു.
ജമാഅത്ത് നമസ്കാരം ഉപേക്ഷിക്കുന്നവർക്കുള്ള താക്കീത് — അല്ലാഹുവാണ് സത്യം, നമസ്കാരത്തിന് മുമ്പ് വിറക് കെട്ടുകൾ ശേഖരിച്ച് വെക്കണമെന്ന് ഞാൻ കരുതുന്നു. തുടർന്ന് ബാങ്ക് വിളിക്കുകയും നമസ്കാരം നിർവഹിക്കുയും ചെയ്യും. പിന്നീട് ജമാഅത്തിന് പങ്കെടുക്കാത്തവരുടെ വീടുകൾ കത്തിച്ചുകളഞ്ഞാലോ എന്നും. (അകാരണമായി ജമാഅത്ത് നമസ്കാരം ഉപേക്ഷിക്കുന്നവന് സ്വന്തം വീട്ടിൽ കഴിയാൻ അർഹതയില്ലെന്നർത്ഥം), അല്ലാഹുവാണ് സത്യം. കൊഴുത്ത ഒരു ഇറച്ചികഷ്ണമോ രണ്ട് തടിച്ച എല്ലുകളോ കിട്ടുമെന്ന് കണ്ടാൽ ഇശാ നമസ്കാരത്തിന് അവർ പങ്കെടുക്കുമായിരുന്നു. (ബുഖാരി, മുസ്ലിം )
മലക്കുകൾ പ്രാർത്ഥിക്കും — നബി(സ്വ) പറഞ്ഞു: “ഒരാൾ നമസ്കാരത്തെ പ്രതീക്ഷിച്ചിരിക്കുമ്പോഴെല്ലാം അയാൾക്ക് നമസ്കാരത്തിന്റെ പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കുന്നതാണ്. മലക്കുകൾ അദ്ദേഹത്തിന് വേണ്ടി ഇപ്രകാരം ദുആ ചെയ്തതുകൊണ്ടിരിക്കും. “അല്ലാഹുവേ ഇവന് പൊറുത്തുകൊടുക്കേണമേ, ഇവനോട് കരുണ കാട്ടേണമേ.” (നമസ്കാരം നിർവഹിച്ച ശേഷവും) അതേ സ്ഥലത്ത് തന്നെ വുളുവോടെ ഇരിക്കുമ്പോഴെല്ലാം മലക്കുകൾ ഈ ദുആ ചെയ്തു കൊണ്ടിരിക്കുന്നതാണ്.” (ബുഖാരി).
പാപങ്ങൾ പൊറുക്കപ്പെടും — നബി(സ്വ) പറയുകയുണ്ടായി, “ആരെങ്കിലും നമസ്കാരത്തിന് വുളു ചെയ്യുന്നതു പോലെ പരിപൂർണമായി വുളു ചെയ്ത് നമസ്കാര സ്ഥലത്തേക്ക് നടന്ന് പുറപ്പെടുകയും നിർബന്ധ നമസ്കാരം ജമാഅത്തായി പള്ളിയിൽ വെച്ച് നമസ്കരിക്കുകയും ചെയ്യുകയാണെങ്കിൽ അവന്റെ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.” (മുസ്ലിം)
നബി(സ്വ) പറയുന്നു: “നിങ്ങളിൽ ഒരുവന്റെ വീടിന് മുമ്പിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന നദിയിൽ അഞ്ചുനേരവും കുളിക്കുകയാണെങ്കിൽ അയാളിൽ അഴുക്കുകൾ വല്ലതും അവശേഷിച്ചിരിക്കുമോ? എന്താണ് നിങ്ങളുടെ അഭിപ്രായം?” അവർ പറഞ്ഞു: “അയാളിൽ യാതൊരു അഴുക്കും ബാക്കിയാകില്ല.” അവിടുന്ന് അരുളി, “അതാണ് അഞ്ച് നേരങ്ങളിലെ നമസ്കാരത്തിന്റെ ഉദാഹരണം. മുഴുവൻ പാപങ്ങളും അതുവഴി അല്ലാഹു നീക്കിത്തരുന്നു.” (ബുഖാരി, മുസ്ലിം)
സ്വർഗത്തിൽ ഉന്നത സ്ഥാനം ലഭിക്കും — നബി(സ്വ) അരുളി: “ആരെങ്കിലും രാവിലെയും വൈകുന്നേരവും പള്ളിയിലേക്ക് പോവുകയാണെങ്കിൽ രാവിലെയും വൈകുന്നേരവും പോകുമ്പോഴെല്ലാം അവന് സ്വർഗത്തിൽ അതിഥികൾക്ക് ഒരുക്കിക്കൊടുക്കുന്നതുപോലെയുള്ള ഉന്നത സ്ഥാനം ഒരുക്കിക്കൊടുക്കുന്നതാണ്.” (ബുഖാരി, മുസ്ലിം)
ഓരോ കാലടിക്കും പാപം പൊറുക്കുകയും പദവി ഉയർത്തുകയും ചെയ്യും — നബി(സ്വ) പറയുകയുണ്ടായി: “ആരെങ്കിലും സ്വന്തം വീട്ടിൽ നിന്ന് ശുദ്ധി വരുത്തിക്കൊണ്ട് അല്ലാഹു നിർബന്ധമാക്കിയ ഏതെങ്കിലും ഫർള് നമസ്കാരം നിർവഹിക്കുവാൻ പള്ളിയിലേക്ക് പുറപ്പെട്ടാൽ ഒരു കാലടിക്ക് പാപങ്ങൾ പൊറുക്കപ്പെടുകയും അടുത്ത കാലടിക്ക് അവന്റെ പദവി ഉയർത്തുകയും ചെയ്യുന്നതാണ്.” (മുസ്ലിം)
നേരത്തെ പുറപ്പെടുന്നവന് കൂടുതൽ പ്രതിഫലം — നബി(സ്വ) പറഞ്ഞു: “ബാങ്കിനും ഒന്നാമത്തെ സ്വഫ്ഫിനുമുള്ള പ്രതിഫലം ജനങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ അത് നറുക്കിലൂടെയല്ലാതെ ലഭിക്കുകയില്ലായെങ്കിൽ നറുക്കിടാൻ അവർ തയ്യാറാകും. അതുപോലെ നമസ്കാരത്തിന് നേരത്തെ എത്തിച്ചേരുന്നതിനുള്ള പ്രതിഫലം അറിയുകയാണെങ്കിൽ അവരതിന് മത്സരിക്കുകയും ചെയ്യുമായിരുന്നു.
ഇശാ, സുബഹ് എന്നീ നമസ്കാരത്തിനുള്ള പ്രതിഫലം മനസിലാക്കിയിരുന്നുവെങ്കിൽ അത് കരസ്ഥമാക്കുവാൻ
വേണ്ടി മുട്ടിൽ ഇഴഞ്ഞുകൊണ്ടെങ്കിലും അവരെത്തുമായിരുന്നു.” (ബുഖാരി,മുസ്ലിം )
നമസ്കാരം പ്രതീക്ഷിച്ചിരിക്കുന്നവൻ നമസ്ക്കാരത്തിലാണ് — നബി(സ്വ) പറഞ്ഞിരിക്കുന്നു: “തന്റെ കുടുംബത്തിലേക്ക് മടങ്ങുവാൻ ആഗ്രഹമുണ്ടായിട്ടും നമസ്കാരം പ്രതിക്ഷിച്ചിരിക്കുന്നവൻ നമസ്കരിച്ചുകൊണ്ടിരിക്കുന്നവനെ പോലെ (പ്രതിഫലാർഹനാണ്).” (ബുഖാരി, മുസ്ലിം)
ജമാഅത്ത് നമസ്കാരത്തിൽ ഹാജരായി ‘ആമീൻ’ പറയുന്നതിന്റെ മഹത്വം — നബി(സ്വ) അരുളി: “(നമസ്കാരത്തിന്റെ ഫാത്വിഹയിൽ) ഇമാമിനൊപ്പം ആരെങ്കിലും ആമീൻ പറയുകയാണെങ്കിൽ മലക്കുകൾ ആകാശത്ത് നിന്ന് ആമീൻ പറയുന്നതാണ്. മലക്കുകളുടെ ആമീനിനോട് യോജിക്കുകയാണെങ്കിൽ അവന്റെ
മുൻകഴിഞ്ഞ (ചെറു) പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.” (ബുഖാരി)
അല്ലാഹുവിന്റെ സംരക്ഷണത്തിൽ — നബി(സ്വ) അരുളി: “ആരെങ്കിലും സുബഹ് നമസ്കരിച്ചാൽ അവൻ അല്ലാഹുവിന്റെ സംരക്ഷണത്തിലാണ്. അവന്റെ സംരക്ഷണം ലഭിക്കുവാൻ അല്ലാഹു പിന്നെ നിങ്ങളോട് ഒന്നും ആവശ്യപ്പെടുന്നില്ല.” (മുസ്ലിം)
പരലോകത്ത് സമ്പൂർണ്ണ പ്രകാശം — നബി(സ്വ) അരുളി: “പളളിയിലേക്ക് ഇരുട്ടിൽ പോകുന്നവർക്ക് പരലോകത്ത് സമ്പൂർണ്ണ പ്രകാശം കൊണ്ട് സന്തോഷവാർത്ത അറിയിക്കുക.” (അബൂദാവൂദ്, തിർമിദി)
അഥവാ ഇരുട്ടാണെങ്കിലും പള്ളിയിൽ ജമാഅത്തിന് എത്തുന്നതാണ് പുണ്യം.
സ്വർഗം നേടാൻ — നബി(സ്വ) പറഞ്ഞു: “നമസ്കാരത്തെ നിർബന്ധ ബാദ്ധ്യതയായി കാണുന്നവ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്.” (അബൂദാവൂദ്, തിർമിദി)
നബി(സ്വ) അരുളി: “ആരെങ്കിലും ബറദയിനി (അസറും സുബ്ഹിയും) നമസ്കരിച്ചാൽ അവന് സ്വർഗമുണ്ട്.” (ബുഖാരി, മുസ്ലിം)
മറ്റു നമസ്കാരങ്ങളെപ്പോലെ തന്നെ ഇവ രണ്ടിന്റെ കാര്യത്തിലും സമയനിഷ്ഠ പാലിക്കണമെന്നർത്ഥം.
നരകത്തിൽ നിന്നും സംരക്ഷണം — നബി(സ്വ) പറഞ്ഞു: “സൂര്യൻ ഉദിക്കുന്നതിന് മുമ്പും സൂര്യൻ അസ്തമിക്കുന്നതിന് മുമ്പും ആരെങ്കിലും നമസ്കരിക്കുകയാണെങ്കിൽ അവൻ നരകത്തിൽ പ്രവേശിക്കുകയില്ല. അതായത് സുബഹ്, അസറും. (മുസ്ലിം)
“സത്യവിശ്വാസികളേ, വെളളിയാഴ്ച്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാൽ അല്ലാഹുവെപ്പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങൾ വേഗത്തിൽ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങൾക്ക് ഉത്തമം, നിങ്ങൾ കാര്യം മനസ്സിലാക്കുന്നുവെങ്കിൽ.” (വി. ഖുർആൻ 62: 9)
“ജുമുഅകളിൽ പങ്കെടുക്കാതിരിക്കുന്ന സ്വഭാവം ജനങ്ങൾ അവസാനിപ്പിക്കട്ടെ. അല്ലാത്തപക്ഷം അവരുടെ ഹൃദയങ്ങളിൽ അല്ലാഹു സീൽ വെക്കുകയും പിന്നീട് അവർ അശ്രദ്ധരായ ജനങ്ങളിൽ പെട്ടുപോവുകയും ചെയ്യുന്നതാണ്.” (മുസ്ലിം)
രോഗിയുടെ നമസ്കാരം.
സാധിക്കുന്നവർ നിന്ന് കൊണ്ടാണ് നമസ്കരിക്കേണ്ടത്. നിൽക്കാൻ കഴിയാത്തവിധം ക്ഷീണമോ രോഗമോ പിടിപ്പെട്ടാൽ ഇരിക്കാൻ കഴിയുമെങ്കിൽ ഇരുന്നും. അതിന് കഴിയില്ലെങ്കിൽ കിടന്നും നമസ്കരിക്കണം.
ഇംറാനുബുന് ഹുസൈൻ (رضي الله عنه) നിവേദനം: “നബി(സ്വ) പറയുകയുണ്ടായി. “നീ നിന്ന് കൊണ്ട് നമസ്കരിക്കുക. അതിന് കഴിയില്ലെങ്കിൽ ഇരുന്നുകൊണ്ട് അതിന് കഴിയില്ലെങ്കിൽ കിടന്ന് കൊണ്ട്. (ബുഖാരി)
സ്വർഗത്തിലേക്കുള്ള പാതയിൽ നബി(സ്വ) പറയുകയുണ്ടായി — “തഖ് വയുള്ളവരുടെ വീടാണ് പള്ളി, ആരുടെയെങ്കിലും വീട് പള്ളിയാണെങ്കിൽ അല്ലാഹു അവനെ ആത്മാവ് കൊണ്ടും കാരുണ്യം കൊണ്ടും ഏറ്റെടുത്തിരിക്കുന്നു. അതുപോലെ അല്ലാഹുവിന്റെ തൃപ്തിയുടെ ഗേഹമായ സ്വർഗത്തിലേക്കുള്ള പാത മുറിച്ചുകടക്കുകയും ചെയ്യുന്നതാണ്.”
നമസ്കാരത്തിന്റെ സമ്പൂർണതയ്ക്ക് അത്യധികം ശ്രെദ്ധയോടെയും അവധാനതയോടെയു നിർവഹിക്കേണ്ടതാണ് നമസ്കാരം — നബി(സ്വ) പറഞ്ഞു: “ആളുകൾ നമസ്കാരത്തിനിടയിൽ മുകളിലേക്ക് നോക്കുന്ന സമ്പ്രദായം മതിയാക്കുക തന്നെവേണം. അല്ലെങ്കിൽ ആ കണ്ണ് അവരിലേക്ക് മടങ്ങുകയില്ല.” (മുസ്ലിം)
നമസ്കാര സമയത്ത് മുകളിലേക്ക് നോക്കുന്നത് നിഷിദ്ധമാണെന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ് — ചിലയാളുകൾ നമസ്ക്കാര സമയത്ത് വസ്ത്രം കയറ്റി വയ്ക്കുകയും മറ്റു സമയങ്ങളിൽ നെരിയാണിക്ക് താഴെ വലിച്ചിഴക്കുകയും ചെയ്യുന്നത് കാണാം. എന്നാൽ നബി(സ്വ)യുടെ ഈ കല്പന എല്ലാ സമയത്തേക്കും ബാധകമാണെന്ന് ഓർക്കുക.
“നെരിയാണിയും കഴിഞ്ഞ് താഴ്ന്നിട്ടുളള വസ്ത്രത്തിന്റെ ഭാഗം നരകത്തിലാണ്.” (ബുഖാരി)
“മൂന്ന് കൂട്ടർ അല്ലാഹു അന്ത്യനാളിൽ അവരെ നോക്കുകയോ അവരെ ശുദ്ധമാക്കുകയോ ഇല്ല. അവർക്ക് വേദനിക്കുന്ന ശിക്ഷയുണ്ട്. ഈ വചനം നബി(സ്വ) മൂന്ന് പ്രാവശ്യം ആവർത്തിച്ചു പറഞ്ഞു. അബൂദർ (رضي الله عنه) ചോദിച്ചു: “അവർ ആശയറ്റവരും നഷ്ട്ടകാരികളും തന്നെ. എന്നാൽ അവർ ആരാണ് റസൂലെ?” അവിടുന്ന് പറഞ്ഞു, “വസ്ത്രം താഴ്ത്തി ഉടുക്കുന്നവൻ, നൽകിയ ദാനധർമങ്ങൾ എടുത്തുപറയുന്നവൻ, കളള സത്യം ചെയ്ത് ചരക്ക് വിറ്റഴിക്കുന്നവൻ.” (മുസ്ലിം)
അനസ് ( رضي الله عنه ) ഉദ്ധരിക്കുന്നു: നബി(സ്വ) നമസ്കാരത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ഞങ്ങളുടെ നേരെ തിരിഞ്ഞുകൊണ്ട് പറയുമായിരുന്നു. “അണികൾ ചേർത്ത് നേരെ നിൽക്കുക.” (ബുഖാരി, മുസ്ലിം)
“നിങ്ങൾ അണികൾ നേരെയാക്കുക, അത് നമസ്കാരത്തിന്റെ പൂർണതയുടെ ഭാഗമാണ്.” (ബുഖാരി, മുസ്ലിം)
അണികളിൽ വിടവും വളവുമില്ലാതെ നിൽക്കുന്ന കാര്യം രണ്ടും മൂന്നും തവണ പറയുമായിരുന്നു. നബി(സ്വ) ഒരിക്കൽ ഞങ്ങളുടെ അടുത്ത് നിന്ന് പറഞ്ഞു. “മലക്കുകൾ റബ്ബിന്റെ മുമ്പിൽ അണിനിൽക്കുന്ന പോലെ നിങ്ങൾക്ക് നിന്നുകൂടെ?” ഞങ്ങൾ ചോദിച്ചു, “മലക്കുകൾ റബ്ബിന്റെ അടുത്ത് എങ്ങിനെയാണ് നിൽക്കുക?” നബി(സ്വ) പറഞ്ഞു. “അവർ അകലം കുറച്ച് വിടവ് നികത്തി നിൽക്കും.” (മുസ്ലിം)
ഇമാമിന്റെ പിറകിൽ നിൽക്കുന്നവർ രണ്ട് വശത്തേക്കും തുല്യമായ നിലയിൽ നിൽക്കണം, ഒരു വശത്ത് കൂടുതൽ പേരും മറുവശത്ത് കുറച്ചുമാകുന്ന സ്ഥിതി വരരുത്.
അനസ് (رضي الله عنه) പറഞ്ഞു: ഒരിക്കൽ നബി(സ്വ) ഞങ്ങൾക്ക് ഇമാമായി നമസ്കരിച്ച ശേഷം തിരിഞ്ഞ്നിന്നുകൊണ്ട് പറഞ്ഞു, “ജനങ്ങളേ ഞാൻ നിങ്ങളുടെ ഇമാമാണ് സുജൂദിലോ, റുക്കൂഇലോ, നിർത്തത്തിലോ നമസ്കാരം അവസാനിപ്പിക്കുന്നതിലോ നിങ്ങൾ എന്നെ മുൻകടക്കരുത്.” (മുസ്ലിം)
അബൂഹുറയ്റ (رضي الله عنه) നിവേദനം: “ഇമാമിന് മുമ്പ് തല ഉയർത്തുന്നവനെ കഴുതക്കോലത്തിലാക്കുന്നത് അവൻ ഭയപ്പെടുന്നില്ലെ.” (മുസ്ലിം)
നബി(സ്വ) പറഞ്ഞു: “നീ സുജൂദ് ചെയ്യുമ്പോൾ കൈപ്പത്തി നിലത്ത് വെക്കുക. കൈമുട്ട് ഉയർത്തിപ്പിടിക്കുക.” (മുസ്ലിം)
കൈമുട്ടുകൾ നിലത്ത് പരത്തിവെച്ച് സുജൂദ് ചെയ്യുന്ന സമ്പ്രദായം നബി(സ്വ)യോ സഹാബാക്കളോ സ്വീകരിച്ചിട്ടില്ല. അത് സുജൂദിന്റെ പൂർണതക്ക് ഭംഗം വരുത്തുന്നതാണ്. യഥാർത്ഥ സുജൂദിന്റെ രീതി നബി(സ്വ) വിവരിച്ചതാണ് മേൽ ഹദീസിൽ നാം വായിച്ചത്. അപ്പോൾ അതിന് വിപരീതമായി സുജൂദ് ചെയ്യുന്നത് നബി ചര്യക്ക് വിരുദ്ധമാകുമെന്ന് തീർച്ച.
നമസ്കാരത്തിന്റെ മഹത്വത്തിനും സമ്പൂർണതക്കും നിരക്കാത്ത അച്ചടക്ക രാഹിത്യങ്ങളെക്കുറിച്ചാണ് മേൽ ഉദ്ദരിച്ച നബി വചനങ്ങൾ വിവരിക്കുന്നത്. അതിനാൽ നാം ശ്രദ്ധിക്കുക. നിസാരമായി അവഗണിച്ച് തള്ളുന്ന മഹാ അബദ്ധങ്ങളിൽ നിന്ന് രക്ഷപ്പെടുക.
നമസ്കാരത്തിലിതുവരെ ചിട്ടയില്ലായിരുന്നുവെങ്കിൽ ചിട്ടയിൽ തുടങ്ങുക. മരണം വരെ അഞ്ച് നേരം പളളിയിൽ പോയി ജമാഅത്തായി നമസ്കരിക്കുവാൻ അല്ലാഹു നമുക്കേവർക്കും തൗഫീഖ് നൽകുമാറാകട്ടെ എന്ന പ്രാർത്ഥനയോടെ.
“അന്നത്തെ ദിവസം (കർമങ്ങൾ) തൂക്കി കണക്കാക്കുന്നത് സത്യമായിരിക്കും. അപ്പോൾ ആരുടെ തുലാസുകൾ ഘനം തൂങ്ങിയോ അവരാണ് വിജയികൾ. ആരുടെ തുലാസുകൾ ഘനം കുറഞ്ഞുവോ അവരാണ് ആത്മനഷ്ടം നേരിട്ടവർ. നമ്മുടെ ദൃഷ്ടാന്തങ്ങളുടെ നേരെ അവർ അന്യായം കൈക്കൊണ്ടിരുന്നതിന്റെ ഫലമത്രെ അത്.” (വി. ഖുർആൻ 7: 8,9)
“ഒരു ഉറ്റ ബന്ധുവും മറ്റൊരു ഉറ്റ ബന്ധുവിനോട് (അന്ന്) യാതൊന്നും ചോദിക്കുകയില്ല. അവർക്ക് അന്യോന്യം കാണിക്കപ്പെടും, തന്റെ മക്കളെയും ഭാര്യയെയും സഹോദരനെയും തനിക്ക് അഭയം നൽകിയിരുന്ന തന്റെ ബന്ധുക്കളെയും ഭൂമിയിൽ ഉള്ള മുഴുവൻ ആളുകളെയും പ്രായശ്ചിത്തമായി നൽകിക്കൊണ്ട് ആ ദിവസത്തെ ശിക്ഷയിൽ നിന്ന് മോചനം തേടുകയും എന്നിട്ട് അതവനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നെങ്കിൽ എന്ന് കുറ്റവാളി ആഗ്രഹിക്കും. സംശയം വേണ്ട തീർച്ചയായും അത് ആളികത്തുന്ന നരകമാകുന്നു.” (വി. ഖുർആൻ 70: 10, 16)