വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം. (പാഠം : അഞ്ച്)

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം.

പാഠം : അഞ്ച്  വീട്ടു ജോലിയിലെ പ്രവാചക മാതൃക

 

كَانَ يَكُونُ فِي مِهْنَةِ أَهْلِ…..

നബി (സ) ആണല്ലോ നമ്മുടെ ജീവിത മാതൃക. ഏതു കാര്യത്തിലും അവിടുത്തെ മാതൃക നമ്മുടെ മുന്നിലുണ്ട്. ഉപദേശങ്ങൾ നൽകുക മാത്രമല്ല സ്വജീവിതത്തിൽ അത് പ്രാവർത്തിതമാക്കിയും നബി (സ) മാതൃക കാണിച്ചിട്ടുണ്ട്. ഭരണാധികാരി, ആത്മീയ ഭൗതിക മേഖലകളിലെ നേതാവ് , ന്യായാധിപൻ, പരിഷ്കർത്താവ് ….. ഇതെല്ലാം ആയിരിക്കെ തന്നെ കുടുംബത്തിലും പ്രവാചകൻ (സ)ഉത്തമ മാതൃക കാണിച്ചിട്ടുണ്ട്. പ്രവാചകനിൽ നിങ്ങൾക്ക് മാതൃകയുണ്ട് എന്ന അല്ലാഹുവിന്റെ വചനത്തിൽ (അഹ്സാബ്: 21 )ഇതെല്ലാം ഉൾക്കൊള്ളുന്നുമുണ്ട്.

എങ്ങിനെയായിരുന്നു പ്രവാചകന്റെ വീട്ടിലെ പെരുമാറ്റം?
എന്തൊക്കെയാണ് അവിടുന്ന് വീട്ടിൽ ചെയ്ത ജോലികൾ?
ഭാര്യമാരെ ഏതു വിധത്തിലാണ് പ്രവാചകൻ (സ) സഹായിച്ചത്?
ഇതൊക്കെ നമ്മളൊന്ന് അറിയണ്ടേ?
അറിഞ്ഞാൽ മാത്രം മതിയോ?
പോര. കുറച്ചൊക്കെ നമ്മളും ആ മാതൃക സ്വീകരിക്കേണ്ടേ?

തീർച്ചയായും. നമ്മൾ വലിയ ജോലിത്തിരക്കുള്ള വരായിരിക്കാം. വലിയ ബിസിനസുകാരനാവാം. അധ്യാപകനാവാം. കൂലി തൊഴിലാളിയാവാം. ഡോക്ടറാവാം. എഞ്ചിനീയറാവാം അങ്ങിനെയങ്ങിനെ പലതുമാവാം.
അതുകൊണ്ട് എനിക്ക് വീട്ടുജോലികളിലൊന്നും ശ്രദ്ധിക്കാൻ സമയമില്ല. ഇതായിരിക്കും നമ്മുടെ പക്ഷം. ശരി. ഇപ്പോഴോ?
ഭൂരിപക്ഷം പുരുഷന്മാരും വീട്ടിലാണ്. എന്താണ് പണി? ഒന്നുമില്ല, എന്നാണെങ്കിൽ പ്രവാചകൻ (സ) യുടെ മാതൃക സ്വീകരിക്കുന്നവരാണെങ്കിൽ നമുക്ക് പണിയുണ്ട്.
അതെന്തൊക്കെയാണ് എന്നു നോക്കാം

وقد سئلت عَائِشَة رضي الله عنها : ” مَا كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَعْمَلُ فِي بَيْتِهِ؟ فقَالَتْ: كَانَ بَشَرًا مِنَ الْبَشَرِ يَفْلِي ثَوْبَهُ ، وَيَحْلُبُ شَاتَهُ ، وَيَخْدُمُ نَفْسَهُ ” .
رواه أحمد (26194) ، وصححه الألباني في “الصحيحة” (671)

മഹതി ആയിശ (റ) അടുക്കൽ വന്ന് ഒരാൾ ചോദിച്ചു:
നബി(സ) എന്തൊക്കെയാണ് വീട്ടിൽ ചെയ്യാറുണ്ടായിരുന്നത്?
ആയിശ (റ) പറഞ്ഞു: “അവിടുന്ന് ഒരു സാധാരണക്കാരൻ ചെയ്യുന്നതു പോലെ, വസ്ത്രം അലക്കാറുണ്ട്. , ആടിനെ കറക്കാറുണ്ട്, സ്വന്തം കാര്യങ്ങൾ ഒറ്റക്ക് നിർവ്വഹിക്കാറുണ്ട്.

നോക്കൂ! ഏഴാകാശങ്ങൾക്കപ്പുറത്തേക്ക് യാത്രപോയ, ഇരു ലോകത്തും മനുഷ്യരുടെ നേതാവായ …..തിരുനബി (സ) സ്വന്തം വീട്ടിൽ ആരായിരുന്നു എന്ന് ഈ ഹദീസിൽ നിന്ന് ഗ്രഹിക്കാം. വസ്ത്രമലക്കുന്ന നേതാവ് ! തിരുനബിയിൽ മാത്രമേ അതു നാം കാണൂ. കാരണം പ്രവാചന്റെ വിനയമായിരുന്നു അതിനു കാരണം. ആടിനെ കറക്കുന്നു! മേയ്ക്കുന്നു ! പരിചരിക്കുന്നു ! നമ്മൾ ചിന്തിക്കുന്നുണ്ടാവും ഇതിനൊക്കെ നമുക്കെവിടെ സമയമെന്ന്? ഉണ്ടെങ്കിൽ ചെയ്യുമോ എന്നു കൂടി കൂടെ ഒന്ന് ആലോചിച്ച് നോക്കൂ!
സ്വന്തം കാര്യങ്ങൾ സ്വന്തമായി ചെയ്യാറുള്ള പ്രവാചകനിൽ നമുക്ക് മാതൃകയില്ലേ? അപ്പോഴും നമുക്ക് ന്യായമുണ്ട്. വീട്ടിൽ ജോലിക്കാറുണ്ട്. എനിക്ക് ജോലി തിരക്കുണ്ട്. ശരി. ഇപ്പോഴോ? വീട്ടിലിരിക്കുന്നു. നബിയുടെ മാതൃക നടപ്പിലാക്കാൻ പറ്റിയ സമയം. ഈ പറയുന്നത് ആൺ പെൺ വ്യത്യാസമില്ലാതെ മുഴുവൻ വിശ്വാസികളോടുമാണ്. കാരണം പ്രവാചക മാതൃക വിശ്വാസികൾക്കുള്ളതാണ്. അവരാണത് നടപ്പിലാക്കേണ്ടത്.

തീർന്നില്ല. മറ്റൊരു ഹദീസ് ശ്രദ്ധിക്കുക.
عَنِ الأَسْوَدِ ، قَالَ: ” سَأَلْتُ عَائِشَةَ مَا كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَصْنَعُ فِي بَيْتِهِ؟ قَالَتْ: كَانَ يَكُونُ فِي مِهْنَةِ أَهْلِهِ – تَعْنِي خِدْمَةَ أَهْلِهِ – فَإِذَا حَضَرَتِ الصَّلاَةُ خَرَجَ إِلَى الصَّلاَةِ “
البخاري (676)
“അസ്വദ് (റ) പറയുന്നു: ഞാൻ ആയിശ (റ) യോട് ചോദിച്ചു: നബി(സ) എന്തൊക്കെയാണ് വീട്ടിൽ ചെയ്തിരുന്നത്? ആയിശ (റ) മറുപടി പറഞ്ഞു: “അദ്ദേഹം വീട്ടുകാരെ സഹായിച്ചു കൊണ്ടിരിക്കും. നമസ്ക്കാര സമയമായാൽ നമസ്കരിക്കാൻ പോവും!”
നോക്കൂ! സ്വന്തം ഭാര്യമാരെ വീട്ടുജോലിയിൽ സഹായിക്കുന്ന പ്രവാചകൻ!
ഇതിൽ നമുക്ക് മാതൃകയില്ലേ? ഉണ്ട്. എന്തു ന്യായം പറഞ്ഞ് നാം ഊരാൻ ശ്രമിച്ചാലും ഈ അവസ്ഥയിൽ അതിനവസരമില്ല. ഇണകൾക്കിടയിൽ ഇണക്കം കൂടാനും മക്കൾക്ക് മാതൃകയാവാനും അതിലൂടെ കഴിയും.
വീട്ടിൽ നമ്മുടെ ഇണകൾ എന്തൊക്കെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്? രാവിലെ മുതൽ രാത്രിവരെ അവർ ഡ്യൂട്ടിയിൽ തന്നെയാണ്!
നമ്മുടെ ജോലിക്ക് സമയമുണ്ട്. വെക്കേഷനുണ്ട്. ലീവുണ്ട്. എന്നാൽ വീട്ടുണ്ടോലിക്കോ? ഇതൊന്നുമില്ല.എന്നിട്ടും അവർക്ക് പരാതിയൊന്നുമില്ല. എന്നു വിചാരിച്ച് സഹായിച്ചു കൂടാ എന്നില്ല. ആയിശ (റ) യുടെ വീടു നോക്കൂ! മക്കളില്ല. നബി (സ)യും ആയിശ (റ) യും മാത്രം.എന്നിട്ടും പ്രവാചകൻ (സ)സഹായിച്ചു. നമ്മുടെയൊക്കെ വീട്ടിലെന്താണവസ്ഥ?
അതുകൊണ്ട് , വീട്ടിലുമുണ്ട് ചില പ്രവാചക മാതൃകകൾ . അത് പാലിക്കേണ്ടവർ നമ്മളാണ്. അതു പാലിച്ചാൽ പുണ്യവുമുണ്ട്.വീട്ടിലിരിക്കുന്ന ഈ വേളകൾ അതിനൊരവസരവുമാണ്.
അല്ലാഹു അനുഗ്രഹിക്കട്ടെ!

(നന്മ പകർന്നു നൽകൽ
നന്മയാണ് )

2 thoughts on “വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം. (പാഠം : അഞ്ച്)”

Leave a Reply to Niba Cancel reply