
◼നബിദിനത്തിന്റെ പേരിൽ മുടങ്ങാതെ നടന്നുവരുന്ന ഒരാചാരമാണ് മൗലിദ് പാരായണം ചെയ്യൽ.മങ്കൂസ് മൗലിദും ശർറഫൽ അനാമും ബുർദയുമാണ് ഈ കാലയളവിൽ കാര്യമായി പാരായണം ചെയ്യപ്പെടാറുള്ളതെങ്കിലും മങ്കൂസ് മൗലിദാണ് കൂടുതൽ പ്രചാരമായിട്ടുള്ളത്.റബീഉല്‍ അവ്വലില്‍ പ്രത്യേകമായും വിദേശയാത്ര, ആണ്‍കുട്ടികളുടെ സുന്നത്ത് കല്യാണം, വിവാഹത്തിന്റെ രണ്ടു ദിവസം മുമ്പ്,ഗൃഹപ്രവേശം തുടങ്ങിയ അവസരങ്ങളിലും ഓതിവരുന്ന ഗദ്യപദ്യ സമ്മിശ്രമായ രചനയാണ് മന്‍ക്വൂസ് മൗലിദ്.സൈനുദീൻ മഖ്ദൂം ഒന്നാമന്റെയോ, രണ്ടാമന്റെയോ രചനയോ, അല്ലെങ്കിൽ ഇമാം ഗസ്സാലി തങ്ങളുടെ കൃതിയുടെ ചുരുക്ക രൂപമാണോ മൻകൂസ് മൗലിദ് എന്നത് തർക്കത്തിലിരിക്കുന്ന വിഷയമാണ്.
◼പുണ്യപാരായണത്തിന് ഖുര്‍ആനല്ലാത്ത ഒരു കൃതിയോ കാവ്യമോ മുസ്‌ലിംകള്‍ക്കില്ല. നബി(സ)യോടുളള സ്നേഹത്തിന്റെയും മദ്ഹിന്റെ യും പേരിൽ എന്നു വിശ്വസിച്ചു കൊണ്ട്, വർണനയുടെ അതിശയോക്തി നിറഞ്ഞ പ്രസ്തുത മൗലീദുകൾ ചൊല്ലിക്കൊണ്ടിരിക്കുന്ന വര്‍ക്ക് അത് കുറ്റമറ്റതാണെന്നും അവയിലടങ്ങി യിട്ടുള്ളതെല്ലാം നബി(സ) യെ കുറിച്ചുള്ള മദ്ഹുകൾ മാത്രമാണ് എന്നതാണ് വിശ്വാസം. കാരണം, മുസ്ല്യാക്കൻമാരും പണ്ഡിതൻമാരും അവരെ അപ്രകാരമാണ് തെറ്റിദ്ധരിപ്പിച്ചിട്ടുള്ളത്.
◼യഥാർത്ഥത്തിൽ ഏറെ ഭക്തിബഹുമാനങ്ങളോടെ വുളുവെടുത്ത് വട്ടത്തിലിരുന്ന്, മുസല്ലവിരിച്ച്,ചന്ദനത്തിരി കത്തിച്ചു വെച്ച് തലയിണമേൽ വേറൊരു വിരിപ്പ് വിരിച്ച് അതിൻമേൽ മൗലിദ് കിത്താബ് വെച്ച് ഈണത്തിൽ ആടിപ്പാടി ഓതുന്ന
മൗലിദുകളുടെ ഉള്ളടക്കത്തിലേക്ക് കടന്നു ചെന്നാൽ ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന കുഫ്റും,അല്ലാഹു ഒരിക്കലും പൊറുക്കാത്ത മഹാപാപമായ ശിർക്കും ചില വരികളിലൂടെ കണ്ണോടിക്കുമ്പോൾ അതിൽ പതിയിരിക്കുന്നത് കാണാൻ കഴിയും. അതോടൊപ്പം പ്രവാചകൻമാരെ കുറിച്ചും മറ്റു മഹാത്മാക്കളെ കുറിച്ചും അതിരുകവിഞ്ഞ പ്രശംസകളും(മദ്ഹ്)അതിൽ സ്ഥലം പിടിച്ചിട്ടുണ്ട്.
◼നബി(സ)യുടെ പേരിൽ ഏറ്റവും പ്രചാരത്തിലുള്ള മൻകൂസ് മൗലിദ് കിതാബിൽ കാണുന്ന ഇസ്ലാമിക വിരുദ്ധ വശങ്ങൾ പലതരത്തിലുള്ളവയാണ്.
1. നബി(സ)യെ പുകഴ്ത്തി പുകഴ്ത്തി അല്ലാഹുവോളം ഉയർത്തുന്ന വരികൾ.
2. പ്രവാചകൻ(സ)യോട് പ്രാർത്ഥിക്കുന്ന വരികൾ.
3. പ്രവാചകൻ(സ)യോട് പാപമോചനം തേടുന്നവ.
4. നബി(സ)യോട് ശുപാർശ തേടുന്നവ.
5. നബി(സ)യുടെ പേരിൽ പലവിധ കെട്ടുകഥകൾ പ്രചരിപ്പിക്കുന്നവ.
◼മങ്കൂസ് മൗലിദിൽ നബി(സ)യോട് പാപമോചനത്തിനുവേണ്ടി പ്രാർത്ഥിക്കുന്നത് കാണുക:
ارتكبت على لخطا غير حصر و عدد
لك أشكو فيه يا سيدي خير النبي
♻(‘ഇർത്തകബ്തു അലൽഖത്വ ഗൈറഹസ്‌രിൻ വഅദദ്
ലക അശ്കൂ ഫീഹിയാ സൈയ്യിദീ ഖൈറന്നബീ’) ♻
അർത്ഥം:
❎’ഞാൻ എണ്ണവും കണക്കുമ്മില്ലാതെ ധാരാളം തെറ്റുകൾ ചെയ്തുപോയി.നബിമാരിൽ ഉത്തമനായവരേ, അങ്ങയോട് ഞാൻ ആവലാതി ബോധിപ്പിക്കുന്നു’❎
എന്നാൽ,അള്ളാഹു ഖുർആനിലൂടെ പറയുന്നത് പാപം പൊറുക്കാൻ
അള്ളാഹുവല്ലാതെ മറ്റാരുമില്ല എന്നാണ്.
وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَنْ يَغْفِرُ الذُّنُوبَ إِلَّا اللَّهُ وَلَمْ يُصِرُّوا عَلَىٰ مَا فَعَلُوا وَهُمْ يَعْلَمُونَ
✅വല്ല നീചകൃത്യവും ചെയ്യുകയോ, തങ്ങളോടുതന്നെ എന്തെങ്കിലും അതിക്രമം കാണിക്കുകയോ ചെയ്താല്‍ അപ്പോള്‍തന്നെ അല്ലാഹുവെ ഓര്‍ക്കുന്നവരാണവര്‍; തങ്ങളുടെ പാപങ്ങള്‍ക്ക്മാപ്പിരക്കുന്നവരും.പാപങ്ങള്‍ പൊറുക്കാന്‍ അല്ലാഹുവല്ലാതെ ആരുണ്ട്? അവരൊരിക്കലും തങ്ങള്‍ ചെയ്തുപോയ തെറ്റുകളില്‍ ബോധപൂര്‍വം ഉറച്ചുനില്‍ക്കുകയി ല്ല.✅ (ആലു ഇമ്രാൻ:135)
‘പാപമോചനം അള്ളാഹുവിനോട് മാത്രമേ തേടാവൂ’എന്ന് അള്ളാഹു പറയുന്നു. പക്ഷെ,മൗലിദിൽ അള്ളാഹു അല്ലാത്തവരോട് തേടിയിരിക്കുന്നു. തെറ്റു ചെയ്‌താല്‍ അതിന്റെ പരിഹാരത്തിന്ന് നിങ്ങള്‍ എന്നോട് അപേക്ഷിക്കുക എന്നുപദേശിച്ചു കൊണ്ടല്ല നബി(സ്വ)വിട പറഞ്ഞ ത്. അത്തരം സംസ്‌കാരം അവിടുന്ന് പ്രചരിപ്പിച്ചി ട്ടില്ല. എന്നാല്‍ പാപമോചനത്തിന്ന് റസൂലിനോട് തേടാന്‍ ക്വുര്‍ആനിന്റെ കല്‍പനയുണ്ട് എന്ന് സ്ഥാപിക്കാന്‍ സമസ്‌ത പണ്‌ഡിതന്മാര്‍ സൂറ:നിസാഇലെ 64>മത്തെ ആയത്തായ ഈ ആയത്തിന്റെ കഷ്‌ണം ദുര്‍വ്യാഖ്യാനം ചെയ്യുന്നു.
وَمَآ أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ ٱللَّهِ ۚ وَلَوْ أَنَّهُمْ إِذ ظَّلَمُوٓا۟ أَنفُسَهُمْ جَآءُوكَ فَٱسْتَغْفَرُوا۟ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُوا۟ ٱللَّهَ تَوَّابًۭا رَّحِيمًۭا
“അല്ലാഹുവിന്‍റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും,എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു .”(Surat:4, Verse:64)
‘വലൗ അന്നഹും ഇള്ളലമൂ അന്‍ഫുസഹും ജാഊക്ക, അവര്‍ തെറ്റു ചെയ്‌ത് നിന്നെ സമീപിച്ചാല്‍’ എന്നാണര്‍ത്ഥം. ഇതിന്റെ പൂര്‍ണമായ അര്‍ഥവും അതിന്റെ മുകളിലുള്ള ആയത്തുകളില്‍ പറഞ്ഞ പശ്ചാത്തലവും മനസ്സിലാക്കിയാല്‍ ഇതില്‍ പ്രവാചകന്മാരോട് എല്ലാ പാപികളും തെറ്റ് ഏറ്റുപറഞ്ഞ് പാപമോചനം തേടണമെന്ന ആശയമല്ല കിട്ടുക.ആദ്യം ഇപ്പറഞ്ഞ പദങ്ങളുള്ള ആയത്തിന്റെ അര്‍ഥം പൂര്‍ണമായി പരിശോധിക്കാം.സമസ്‌ത നേതാവായിരുന്ന കെ.വി. മുഹമ്മദ് മുസ്‌ല്യാര്‍ കൂറ്റനാട് ഇതിന്ന് ശരിയായ രീതിയില്‍ പരിഭാഷ നല്‍കിയിട്ടുണ്ട്.
“അല്ലാഹു നിര്‍ദ്ദേശിച്ചിരിക്കകൊണ്ട്, അനുസരി ക്കപ്പെടേണ്ടതിന്നു വേണ്ടിയല്ലാതെ ഒരു റസൂലിനെ യും നാം അയച്ചിട്ടില്ല. സ്വന്തത്തോടു തന്നെ ദ്രോഹം ചെയ്‌തപ്പോള്‍,അവര്‍ താങ്കളുടെ അടുത്ത് വരികയും എന്നിട്ട് അല്ലാഹുവോട് പൊറുക്കുവാന്‍ അപേക്ഷിക്കുകയും അല്ലാഹുവിന്റെ റസൂലും അവര്‍ക്ക് പൊറുക്കുവാന്‍ പ്രാര്‍ഥിക്കുകയും ചെയ്‌തിരുന്നുവെങ്കില്‍ തങ്ങളുടെ തൗബ സ്വീകരി ക്കുന്നവനും ഏറ്റവും കരുണ ചെയ്യുന്നവനുമായി അല്ലാഹുവിനെ അവര്‍ക്കു കാണാമായിരുന്നു.” (വി.ക്വു:4:64-കെ.വി.മുഹമ്മദ് മുസ്‌ല്യാര്‍)
ഇതില്‍ റസൂലിനോട് തേടുക എന്ന ഒരു പദം പോലുമില്ല.പാപികളും റസൂലും അല്ലാഹുവോട് പ്രാര്‍ഥിക്കുന്ന കാര്യമാണ് പറഞ്ഞത്. ഇതില്‍ മൂന്നു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
1.റസൂല്‍(സ) ജീവിച്ചിരിപ്പുള്ളപ്പോള്‍ സമീപിക്കാനാ ണ് പറഞ്ഞത്.
2.എല്ലാ പാപികളും റസൂലിന്റെയടുക്കല്‍ പോകണ മെന്നല്ല.
3.അനുസരിക്കപ്പെടാനായി അല്ലാഹു നിയോഗിച്ച റസൂല്‍ ഉണ്ടായിരിക്കെ, അവിടത്തോട് വിധി തേടാതെ,ഇസ്‌ലാമിന്റെ ശത്രുക്കളോട് വിധി തേടാന്‍ പോയ കപടന്‍മാരെപ്പറ്റിയാണ് ഇതില്‍ പറഞ്ഞത്.
ഇതിന്റെ പശ്ചാത്തലം തൊട്ടുമുകളിലുള്ള സൂക്തത്തിന്റെ വ്യാഖ്യാനക്കുറിപ്പില്‍ കൂറ്റനാട് മുസ്‌ല്യാര്‍ വിവരിക്കുന്നതു കാണുക. “കപടവേഷമിട്ടു നടന്നിരുന്ന മുനാഫിഖുകള്‍ക്ക് ഏതെങ്കിലും നിലക്കുള്ള വിപത്തു നേരിട്ടാല്‍ അവര്‍ നബിയെത്തന്നെ സമീപിക്കുമായിരുന്നു. എന്നിട്ട് “ഞങ്ങള്‍ അങ്ങയെ വിട്ട് മറ്റൊരാളുടെ അടുക്കലേക്കു പോയത് ഇസ്‌ലാമിലോ അങ്ങയിലോ വിശ്വാസമില്ലാഞ്ഞിട്ടല്ല; എല്ലാവരുമായി യോജിച്ചുകഴിയുക എന്ന നല്ല കാര്യം ഉദ്ദേശിച്ചതുകൊണ്ടു മാത്രമാണ് എന്നെല്ലാം വ്യാജമായി തട്ടിവിടും. ആ കാപട്യം തുറന്നുകാട്ടുകയാണിവിടെ ചെയ്യുന്നത്.”
(4:63ന്ന് കൂറ്റനാട് കെ.വി. മുഹമ്മദ് മുസ്‌ല്യാര്‍ നല്‍കിയ വ്യാഖ്യാനം.)
മുനാഫിക്വുകള്‍ ഈ കാപട്യം വെടിഞ്ഞ് മനസ്സു നന്നാക്കി തങ്ങള്‍ക്കുവേണ്ടി അല്ലാഹുവോട് പ്രാര്‍ഥിക്കാന്‍ റസൂലിനോട് ആവശ്യപ്പെടുകയും അവരും റസൂലും അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്‌തിരുന്നുവെങ്കില്‍ അല്ലാഹു പൊറുക്കുമായിരുന്നു എന്നാണ് പറഞ്ഞത്. ഇനി തര്‍ക്കത്തിലിരിക്കുന്ന “വലൗ അന്നഹും ഇളളലമൂ…”എന്ന പ്രയോഗമുള്ള ആയത്തിന്ന് അദ്ദേഹം നല്‍കിയ വ്യാഖ്യാനം കാണുക:
“നബി(സ്വ)യെ അനുസരിക്കണമെന്ന് കല്‍പിച്ചതായി അല്‍പം മുമ്പ് നാം കണ്ടുവല്ലോ. ഇത് ഒരു പുത്തന്‍ സിദ്ധാന്തമല്ല.ഞാന്‍ അയച്ച ഏതൊരു റസൂലിനെയും അനുസരിക്കണമെന്ന് അദ്ദേഹത്തിന്റെ ജനതക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അല്ലാഹു ഉണര്‍ത്തുന്നു. നബിയെ വിട്ട് താഗൂത്തിന്റെയടുക്കല്‍ കേസ് പറയാന്‍ പോയവര്‍ അതുമൂലം തങ്ങളോടുതന്നെ വമ്പിച്ച ദ്രോഹമാണ് ചെയ്‌തത്. അങ്ങേയറ്റം നീതിയോടും സത്യസന്ധതയോടും കൂടി വിധി കല്‍പിക്കുന്ന ശത്രുക്കളാല്‍പോലും അംഗീകരിക്കപ്പെടുന്ന നബി(സ്വ)യെ അവര്‍ അവഗണിച്ചുവെന്നത് നിസ്സാര കാര്യമാണോ? എന്നാല്‍ അതൊരു കുറ്റമാണെന്നുപോലും അവര്‍ ഗ്രഹിച്ചില്ല.ഇനി സംഭവിച്ചുപോയി എങ്കില്‍ അപ്പോള്‍ തന്നെ നബിയുടെ അടുക്കല്‍ വന്ന് കുറ്റം സമ്മതിച്ച് ആത്മാര്‍ത്ഥമായി അല്ലാഹുവോട് പാപമോചനത്തിന്നപേക്ഷിക്കുകയും നബിയും അവര്‍ക്കുവേണ്ടി പൊറുക്കലിന്ന് തേടുകയും ചെയ്‌തിരുന്നുവെങ്കില്‍ അവന്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കുമായിരുന്നു. പക്ഷേ അവര്‍ വ്യാജം പറഞ്ഞും കള്ളസത്യം ചെയ്‌തും നബിയെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ് ചെയ്‌തത്.പൂര്‍വ്വ വേദങ്ങളില്‍ നബിയെക്കുറിച്ച് പ്രതിപാദനങ്ങളുണ്ടായിട്ടുംനേര്‍ക്കുനേരെ അവിടത്തെ പദവികളും സ്ഥാനങ്ങളും ഗ്രഹിക്കാന്‍ കഴിഞ്ഞിട്ടും ആ കപടന്‍മാര്‍ ഈ നയത്തില്‍നിന്ന് പിന്തിരിഞ്ഞില്ല” (കെ.വി.മുഹമ്മദ് മുസ്‌ല്യാര്‍ കൂറ്റനാട്. വിശുദ്ധ ക്വുര്‍ആന്‍ വ്യാഖ്യാനം. വാ 1. പേ. 583, 584)
നബി (സ്വ)യെ കബളിപ്പിച്ച കപടന്‍മാരെപ്പറ്റിയാണ് പറഞ്ഞതെന്നും നാം ഇന്ന് പാപം ചെയ്‌താല്‍ റസൂലിനോട് പറയണമെന്ന ആശയം ഇതിലില്ലെന്നും മനസ്സിലായല്ലോ.
ഇനി കഷ്ടപാടുകൾ നീക്കാൻ നബി(സ)യോടു പ്രാർത്ഥിക്കുന്ന വരികൾ കാണുക:
ياسيّد السادات جأتك قاصدا- ارجو حماك فلا تخيب مقصد
قدحل بي ما قد علم من الأذى- ولظلم والضعف شديد فأسعد
♻(‘യാ സയ്യിദസ്സാദാത്തി ജി’അ്ത്തുക ഖ്വസ്വിദാ- ‘ അർജ്ജൂ ഹിമാക ഫലാ തുഖ’യ്യിബ് മഖ്‌സ്വദീ….
ഖദ് ഹല്ല ബീ മാ ഖദ് അലിംത മിനൽ അദാ- വള്ളുൽമി വ ള്ളു’അ്ഫി ശ്‌ശദീദി ഫ അസ്‌അദീ)♻
അർത്ഥം:
‘നേതാക്കളിൽ നേതാവായവരെ, അങ്ങയെ ഉദ്ദെശിച്ചുകൊണ്ട് ഞാനിതാ അങ്ങയുടെ അടുക്കൽ, വന്നിരിക്കുന്നു. അങ്ങയുടെ സരക്ഷണം ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ ഉദ്ദേശം അങ്ങ് പരാജയപ്പെടുത്തരുതേ, ഉപദ്രവം,അക്രമം, ശക്ത്തമായ ബലഹീനത തുടങ്ങി അങ്ങേക്കു അറിയാവുന്ന വിഷമ സന്ധികൾ എന്നെ ബാധിച്ചിരിക്കുന്നു. അതിനാൽ അങ്ങ് എന്നെ സഹായിക്കണമേ’
എന്നാൽ നബി(സ) യുടെ അവസ്ഥ എന്താണെന്ന് അള്ളാഹു ഖുർആനിലൂടെ പറയുന്നത് കാണുക:
قُلْ لَا أَمْلِكُ لِنَفْسِي نَفْعًا وَلَا ضَرًّا إِلَّا مَا شَاءَ اللَّهُ ۚ وَلَوْ كُنْتُ أَعْلَمُ الْغَيْبَ لَاسْتَكْثَرْتُ مِنَ الْخَيْرِ وَمَا مَسَّنِيَ السُّوءُ ۚ إِنْ أَنَا إِلَّا نَذِيرٌ وَبَشِيرٌ لِقَوْمٍ يُؤْمِنُونَ
✅പറയുക:”ഞാന്‍ എനിക്കു തന്നെ ഗുണമോ ദോഷമോ വരുത്താന്‍ കഴിയാത്തവനാണ്. അല്ലാഹു ഇച്ഛിച്ചതുമാത്രം നടക്കുന്നു.എനിക്ക് അഭൌതിക കാര്യങ്ങള്‍ അറിയുമായിരുന്നെങ്കില്‍ നിശ്ചയമായും ഞാന്‍ എനിക്കു തന്നെ അളവറ്റ നേട്ടങ്ങള്‍ കൈവരുത്തുമായിരുന്നു. ദോഷങ്ങള്‍ എന്നെ ഒട്ടും ബാധിക്കുമായിരുന്നുമില്ല. എന്നാല്‍ ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്.വിശ്വസിക്കുന്ന ജനത്തിന് ശുഭവാര്‍ത്ത അറിയിക്കുന്നവനും.”✅ (അഅ്റാഫ്:188)
മാത്രവുമല്ല അല്ലാഹു വരുത്തുന്ന ഗുണമോ,ദോഷമോ തട്ടിമാറ്റാൻ ആർക്കും കഴിയില്ലന്നും അല്ലാഹു പറയുന്നു
وَإِنْ يَمْسَسْكَ اللَّهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ ۖ وَإِنْ يُرِدْكَ بِخَيْرٍ فَلَا رَادَّ لِفَضْلِهِ ۚ يُصِيبُ بِهِ مَنْ يَشَاءُ مِنْ عِبَادِهِ ۚ وَهُوَ الْغَفُورُ الرَّحِيمُ
✔അല്ലാഹു നിനക്കു വല്ല വിപത്തും വരുത്തുന്നുവെങ്കില്‍ അതു തട്ടിമാറ്റാന്‍ അവനല്ലാതാരുമില്ല. അവന്‍ നിനക്കു വല്ല ഗുണവും ഉദ്ദേശിക്കുന്നുവെങ്കില്‍ അവന്റെ അനുഗ്രഹം തട്ടിമാറ്റാനും ആര്‍ക്കുമാവില്ല.തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.)✔ (യൂനസ്:107)
ഇവിടെ നബി(സ)യെ അള്ളാഹുവോടു പങ്ക്ചേർത്തിരിക്കുന്നു.
എങ്കിൽ പിന്നെ പ്രശ്ന പരിഹാരങ്ങൾക്കും ആഗ്രഹ സഫലീകരണങ്ങൾക്കും നാം എന്തു ചെയ്യണം
അല്ലാഹു പറയുന്നു:
وَقَالَ رَبُّكُمُ ٱدْعُونِىٓ أَسْتَجِبْ لَكُمْ ۚ إِنَّ ٱلَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِى سَيَدْخُلُونَ جَهَنَّمَ دَاخِرِينَ
“നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ.ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം.എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്ന താണ്; തീര്‍ച്ച.” (സൂറ:ഗാഫിർ:60),
ഇക്കാര്യം സൂറ:ജിന്നിൽ ഒന്നു കൂടി വിശദീകരിക്കുന്നു.
قُلْ إِنَّمَآ أَدْعُوا۟ رَبِّى وَلَآ أُشْرِكُ بِهِۦٓ أَحَدًۭا
“(നബിയേ,)പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.” (സൂറ:ജിന്ന് 20)
തിരുനബി(സ)നമ്മെ പഠിപ്പിച്ചു:
الدُّعَاءُ هُوَ الْعِبَادَةُ
‘പ്രാർത്ഥന അത് തന്നെയാണ് ആരാധന’ (തുർമുദി)
പ്രാർത്ഥനയുടെ എല്ലാ അംശങ്ങളും സൃഷ്ടാവിന് മാത്രം അവകാശപ്പെട്ടതാണ്.അത് സൃഷ്ടിയിലേക്ക് തിരിക്കുവാൻ നമുക്ക് അവകാശമില്ല.
അപ്പോൾ പ്രാർത്ഥന എന്ന ആരാധന അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ എന്നതാണ് ഇസ്ലാം മതത്തിന്റെ അടിസ്ഥാനം.
നബി(സ)യോട് ശഫാഅത്ത്(ശുപാർശ) തേടുന്ന വരികൾ:
“അശ്‌ശഫാഅത്ത ഹബ്‌ലനാ
ഫില്‍ക്വിയാമത്തി മുശ്‌ഫിക്വന്‍
വാഹ്‌ലനാ ഇന്‍ളാ അയാ
സയ്യിദീ ഖൈറന്നബീ”
അർത്ഥം:
പ്രവാചക ശ്രേഷ്‌ഠരേ, അന്ത്യനാളില്‍ അങ്ങ് ഞങ്ങളുടെ മേല്‍ കനിഞ്ഞ് താങ്കള്‍ ഞങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യേണമേ.അത് നഷ്‌ടപ്പെട്ടാല്‍ ഞങ്ങളുടെ ദുഃഖം മഹാഭയാനകം തന്നെ.
എന്റെ നേതാവേ! ഉത്തമ നബിയേ!
പ്രവാചകന്ന് അല്ലാഹു ശുപാര്‍ശക്ക് അനുമതി കൊടുക്കുമെങ്കിലും അതിന്ന് അവിടത്തോട് ഈ ലോകത്തുവെച്ച് അപേക്ഷിക്കാന്‍ പാടില്ല. അപ്പോള്‍ മുസ്‌ല്യാക്കള്‍ ചോദിക്കാറ് “ദുനിയാവിലെ ശിര്‍ക്ക് പരലോകത്ത് തൗഹീദാകുമോ?” എന്നാണ്.
പരലോകത്തുവെച്ച് ജനങ്ങളും നബി(സ്വ)യും തമ്മില്‍ കണ്ടുമുട്ടും. ജനങ്ങള്‍ പരസ്‌പരം കണ്ടുമുട്ടുകയും തിരിച്ചറിയുകയും ചെയ്യും. ആ സാഹചര്യത്തോട് ഒരു നിലക്കും തുല്യമല്ലല്ലോ മരണപ്പെട്ട നബിയോട് ഈ ലോകത്തുവെച്ചുള്ള തേട്ടം.
ശുപാർശ ചോദിക്കുന്ന മറ്റൊരു വരി:
അൻത മുൻജീനാ ഖദൻ മിൻ ശഫാഅതിക സ്സഫാമൻ ലനാ മിസ് ലുക യാ സയ്യിദീ ഖൈറന്നബീ
അർത്ഥം:
എന്റെ നേതാവേ, തങ്ങളെപ്പോലെ ഞങ്ങൾക്കാരുണ്ട്? അങ്ങയുടെ ആത്മാർത്ഥ ശുപാർശയാൽ നാളെ ഞങ്ങളെ രക്ഷപ്പെടുത്തുന്നത് അങ്ങ് തന്നെയാണ്.
ഖുർആൻ പറയുന്നു:
……….مَن ذَا ٱلَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِۦ ۚ………..
……………….അവന്‍റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? ….. .
(അൽബഖറ:255)
َ إِنَّ رَبَّكُمُ ٱللَّهُ ٱلَّذِى خَلَق ٱلسَّمَٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍۢ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۖ يُدَبِّرُ ٱلْأَمْرَ ۖ مَا مِن شَفِيعٍ إِلَّا مِنۢ بَعْدِ إِذْنِهِۦ ۚ ذَٰلِكُمُ ٱللَّهُ رَبُّكُمْ فَٱعْبُدُوهُ ۚ أَفَلَا تَذَكَّرُونَ
തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളും ഭൂമിയും ആറു ദിവസങ്ങളിലായി സൃഷ്ടിക്കുകയും,പിന്നീട് കാര്യങ്ങള്‍ നിയന്ത്രിച്ചു കൊണ്ട് സിംഹാസനസ്ഥനാവുകയും ചെയ്ത അല്ലാഹുവാകുന്നു. അവന്‍റെ അനുവാദത്തിന് ശേഷമല്ലാതെ യാതൊരു ശുപാര്‍ശക്കാരനും ശുപാര്‍ശ നടത്തുന്നതല്ല. അവനത്രെ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? (യൂനുസ്:3)
يَوْمَئِذٍۢ لَّا تَنفَعُ ٱلشَّفَٰعَةُ إِلَّا مَنْ أَذِنَ لَهُ ٱلرَّحْمَٰنُ وَرَضِىَ لَهُۥ قَوْلًا
അന്നേ ദിവസം പരമകാരുണികന്‍ ആരുടെ കാര്യത്തില്‍ അനുമതി നല്‍കുകയും ആരുടെ വാക്ക് തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നുവോ അവന്നല്ലാതെ ശുപാര്‍ശ പ്രയോജനപ്പെടുകയില്ല. (ത്വാഹാ:109)
يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يَشْفَعُونَ إِلَّا لِمَنِ ٱرْتَضَىٰ وَهُم مِّنْ خَشْيَتِهِۦ مُشْفِقُونَ
അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്‍ തൃപ്തിപ്പെട്ടവ ര്‍ക്കല്ലാതെ അവര്‍ ശുപാര്‍ശ ചെയ്യുകയില്ല. അവരാകട്ടെ, അവനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരാകുന്നു. (അമ്പിയാഅ:28)
പരലോകത്തെ ശഫാഅത്തിൽ നാം ഉൾപ്പെടണമെങ്കിൽ ആദ്യമായി അല്ലാഹു നമ്മെ തൃപ്തിപ്പെട്ടിരിക്കണമെന്നും, അപ്രകാരം തന്നെ ചെയ്യുന്ന ആൾക്കും അല്ലാഹുവിന്റെ പ്രത്യേക തൃപ്തിയും അനുവാദവും ലഭിക്കണമെന്നും മേൽവചനങ്ങൾ വ്യക്തമാക്കുന്നു. ഇവിടെ നാം അടിവരയിട്ടു മനസ്സിലാക്കേണ്ട വിഷയം, പ്രവാചകന്ന് അല്ലാഹു ശുപാര്‍ശക്ക് അനുമതി കൊടുക്കുമെങ്കിലും അത് ലഭിക്കണമെ ങ്കിൽ നബി(സ)യോട് ചോദിക്കുക യല്ല; അല്ലാഹു വിനോടാണ് ചോദിക്കേണ്ടത് എന്നതാണ്. അടിസ്ഥാനപരമായ മാനദണ്ഡങ്ങൾ അവഗണിച്ചു കൊണ്ടാണ് മൗലിദുകളിലെ ശഫാഅത്തിനെ പരിചയപ്പെടുത്തുന്നത്.
നോക്കൂ. ഇവിടെയെല്ലാം വഫാത്തായ നബി(സ)യെ വിളിച്ച് പ്രാർത്ഥിക്കുകയാണ് ചെയ്യുന്നത്.”എന്റെ എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അറിയുന്ന നബിയേ”,”എന്റെ അഭയ കേന്ദ്രമേ “,”നരകത്തിൽ നിന്ന് രക്ഷപ്പെടുത്തുന്ന രക്ഷകാ-എന്നെ രക്ഷിക്കണേ”,
“എനിക്ക് ശഫാഅത്ത് നൽകണേ”…എന്നിങ്ങനെ നബി തങ്ങളോടാണ് താണുകേണ് തേടുന്നത്. ഇവിടെ നാം ഏത് സ്വീകരിക്കണം! മൗലിദോ? അതോ ഖുർആനോ!?
ഈ മൗലിദിൽ അള്ളാഹുവിന്റെ ഖുർആനെ പുഛ്ചിച്ച് തള്ളുകയാണ് ചെയ്യുന്നത്. അതിന് ഉദാഹരണം നോക്കാം.
واستغاث به نوحٌ فنجى من الردى
(‘വതഗാസ ബിഹീ നൂഹൻ ഫനജാ മിനര്റദാ’)
നൂഹ് നബി(അ) മുഹമ്മദ് നബി(സ)യോട് സഹായാഭ്യർത്‌ഥന നടത്തി പ്രാർത്‌ഥിച്ചു. അതിനാൽ ജലപ്രളയത്തിൽനിന്ന് രക്ഷപ്പെട്ടു.
എന്നാൽ ഖുർആന്റെ പ്രസ്താവന മൗലിദിനെതിരാണ്….
അള്ളാഹുവിന്റെ മേൽനോട്ടത്തിൽ കപ്പൽ സഞ്ചരിച്ചുവെന്നും, അള്ളാഹു തന്നെയായിരുന്നു പ്രളയം അവസാനിപ്പിച്ചതെന്നുമാണ്.
അള്ളാഹു പറയുന്നു:
وَحَمَلْنَاهُ عَلَىٰ ذَاتِ أَلْوَاحٍ وَدُسُرٍ.
✅നൂഹിനെ നാം പലകകളും കീലങ്ങളുമുള്ള കപ്പലില്‍ കയറ്റി.✅
تَجْرِي بِأَعْيُنِنَا جَزَاءً لِمَنْ كَانَ كُفِرَ
✅അത് നമ്മുടെ മേല്‍നോട്ടത്തിലാണ് നീങ്ങിയിരുന്നത്. ജനം നിഷേധിച്ചു തള്ളിയവന്നുള്ള പ്രതിഫലമാണത്.✅
(അൽ ഖമർ:13,14)
وَقِيلَ يَا أَرْضُ ابْلَعِي مَاءَكِ وَيَا سَمَاءُ أَقْلِعِي وَغِيضَ الْمَاءُ وَقُضِيَ الْأَمْرُ وَاسْتَوَتْ عَلَى الْجُودِيِّ ۖ وَقِيلَ بُعْدًا لِلْقَوْمِ الظَّالِمِينَ
☘”അപ്പോള്‍ കല്‍പനയുണ്ടായി:”ഓ ഭൂമി,നിന്നിലെ വെള്ളമൊക്കെ നീ കുടിച്ചുതീര്‍ക്കൂ. ആകാശമേ, മഴ നിര്‍ത്തൂ.”വെള്ളം വറ്റുകയും കല്‍പന നടപ്പാവുകയും ചെയ്തു. കപ്പല്‍ ജൂദി പര്‍വതത്തിന്മേല്‍ ചെന്നു നിന്നു.അപ്പോള്‍ ഇങ്ങനെ അരുളപ്പാടുണ്ടായി: അക്രമികളായ ജനതക്കു നാശം!”☘ (ഹൂദ് :44)
മാത്രവുമല്ല,നൂഹ് നബി(അ) പ്രാർത്ഥിച്ചതും അള്ളാഹുവിനോടാണെന്ന് അള്ളാഹു ഖുർആനിലൂടെ പറയുന്നു.
قَالَ رَبِّ انْصُرْنِي بِمَا كَذَّبُونِ
✅നൂഹ് പ്രാര്‍ഥിച്ചു: “എന്റെ നാഥാ, ഈ ജനം എന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു. അതിനാല്‍ നീയെനിക്കു തുണയായുണ്ടാകേണമേ.”✅
فَأَوْحَيْنَا إِلَيْهِ أَنِ اصْنَعِ الْفُلْكَ بِأَعْيُنِنَا وَوَحْيِنَا فَإِذَا جَاءَ أَمْرُنَا وَفَارَ التَّنُّورُ ۙ فَاسْلُكْ فِيهَا مِنْ كُلٍّ زَوْجَيْنِ اثْنَيْنِ وَأَهْلَكَ إِلَّا مَنْ سَبَقَ عَلَيْهِ الْقَوْلُ مِنْهُمْ ۖ وَلَا تُخَاطِبْنِي فِي الَّذِينَ ظَلَمُوا ۖ إِنَّهُمْ مُغْرَقُونَ
അപ്പോള്‍ നാമദ്ദേഹത്തിന് ഇങ്ങനെ ബോധനം നല്‍കി: നമ്മുടെ മേല്‍നോട്ടത്തിലും നമ്മുടെ നിര്‍ദേശമനുസരിച്ചും നീയൊരു കപ്പലുണ്ടാക്കുക. പിന്നെ നമ്മുടെ കല്‍പനവരും. അപ്പോള്‍ അടുപ്പി ല്‍നിന്ന് ഉറവ പൊട്ടും. അന്നേരം എല്ലാ വസ്തുക്കളില്‍നിന്നും ഈരണ്ട് ഇണകളെയും കൂട്ടി അതില്‍ കയറുക. നിന്റെ കുടുംബത്തെയും അതില്‍ കയറ്റുക. അവരില്‍ ചിലര്‍ക്കെതിരെ നേരത്തെ വിധി വന്നുകഴിഞ്ഞി ട്ടുണ്ട്. അവരെ ഒഴിവാക്കുക. അക്രമികളുടെ കാര്യം എന്നോട് പറഞ്ഞുപോകരുത്. ഉറപ്പായും അവര്‍ മുങ്ങിയൊടുങ്ങാന്‍ പോവുകയാണ്.
فَإِذَا اسْتَوَيْتَ أَنْتَ وَمَنْ مَعَكَ عَلَى الْفُلْكِ فَقُلِ الْحَمْدُ لِلَّهِ الَّذِي نَجَّانَا مِنَ الْقَوْمِ الظَّالِمِينَ
✅”അങ്ങനെ നീയും നിന്നോടൊപ്പമുള്ളവരും കപ്പലില്‍ കയറിക്കഴിഞ്ഞാല്‍ നീ പറയുക: “അക്രമികളില്‍ നിന്ന് ഞങ്ങളെ രക്ഷിച്ച അല്ലാഹുവിന് സ്തുതി.”✅
وَقُلْ رَبِّ أَنْزِلْنِي مُنْزَلًا مُبَارَكًا وَأَنْتَ خَيْرُ الْمُنْزِلِينَ
നീ വീണ്ടും പറയുക: “എന്റെ നാഥാ, അനുഗൃഹീതമായ ഒരിടത്ത് നീയെന്നെ ഇറക്കിത്തരേണമേ. ഇറക്കിത്തരുന്നവരില്‍ ഏറ്റവും ഉത്തമന്‍ നീയാണല്ലോ.”
(മുഅ്മിനൂൻ:26-29)
നബി(സ)യോട് പ്രർത്ഥിക്കാൻ അർഹതയുണ്ടെന്ന് വരുത്താൻ ഇനിയും ഇതുപോലുള്ള ചില നുണകൾ മൗലൂദിന്റെ വ്യക്തിത്വമായി കാണാം.
وهوالذي نوسل به آدم عليه السلام
(‘വഹുവല്ലദീ തവസ്സല ബിഹീ ക ആദം അലൈഹിവസ്സലാം’)
മുഹമ്മദ് നബി(സ)യെകൊണ്ട് ആദം(അ) ഇടതേടി പ്രാർത്ഥിച്ചു. എന്നാൽ അള്ളാഹു ഖുർ ആനിലൂടെ പറയുന്നു:
فَتَلَقَّىٰ آدَمُ مِنْ رَبِّهِ كَلِمَاتٍ فَتَابَ عَلَيْهِ ۚ إِنَّهُ هُوَ التَّوَّابُ الرَّحِيمُ
അപ്പോള്‍ ആദം തന്റെ നാഥനില്‍ നിന്ന് ചില വചനങ്ങള്‍ അഭ്യസിച്ചു. അതുവഴി പശ്ചാത്ത പിച്ചു. അല്ലാഹു അതംഗീകരിച്ചു. തീര്‍ച്ചയായും ഏറെ മാപ്പരുളുന്നവനും ദയാപരനുമാണവന്‍. (അൽ ബഖറ:37)
ആ വചനങ്ങൾ എന്തായിരുന്നു എന്ന് അള്ളാ ഹു വ്യക്തമാക്കുന്നു;
قَالَا رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ
ഇരുവരും പറഞ്ഞു: “ഞങ്ങളുടെ നാഥാ! ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം കാണിച്ചിരിക്കുന്നു. നീ മാപ്പേകുകയും ദയ കാണിക്കുകയും ചെയ്തില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നഷ്ടം പറ്റിയവരായിത്തീരും (അഅ്റാഫ്:23)
ഇവിടെയും ഖുർആനെ കളവാക്കുകയാണ് മങ്കൂസ് മൗലിദിൽ.
ചിന്തിക്കുക സഹോദരങ്ങളേ,
ഖുർആനെ കള്ളമാക്കി തള്ളുന്ന ഇതുപോലുള്ള മൗലിദുകൾ ഇനിയും നാം നെഞ്ചിലേറ്റി നടക്കണോ?
فَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِآيَاتِهِ ۚ إِنَّهُ لَا يُفْلِحُ الْمُجْرِمُونَ
അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയോ അവന്റെ വചനങ്ങളെ കള്ളമാക്കി തള്ളുകയോ ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്?പാപികള്‍ ഒരിക്കലും വിജയിക്കുകയില്ല. (യൂനുസ്:17)
وَلَا تَكُونَنَّ مِنَ الَّذِينَ كَذَّبُوا بِآيَاتِ اللَّهِ فَتَكُونَ مِنَ الْخَاسِرِينَ
“അല്ലാഹുവിന്റെ പ്രമാണങ്ങളെ കള്ളമാക്കി തള്ളിയവരിലും നീ അകപ്പെടരുത്. അങ്ങനെ സംഭവിച്ചാല്‍ നീ പരാജിതരുടെ കൂട്ടത്തില്‍ പെട്ടുപോകും.” (യൂനുസ്:95)
مَثَلُ الَّذِينَ كَفَرُوا بِرَبِّهِمْ ۖ أَعْمَالُهُمْ كَرَمَادٍ اشْتَدَّتْ بِهِ الرِّيحُ فِي يَوْمٍ عَاصِفٍ ۖ لَا يَقْدِرُونَ مِمَّا كَسَبُوا عَلَىٰ شَيْءٍ ۚ ذَٰلِكَ هُوَ الضَّلَالُ الْبَعِيدُ
“തങ്ങളുടെ നാഥനെ കള്ളമാക്കിത്തള്ളിയവരുടെ ഉദാഹരണമിതാ: അവരുടെ പ്രവര്‍ത്തനങ്ങള്‍, കൊടുങ്കാറ്റുള്ള നാളില്‍ കാറ്റടിച്ചു പാറിപ്പോയ വെണ്ണീറുപോലെയാണ്. അവര്‍ നേടിയതൊന്നും അവര്‍ക്ക് ഉപകരിക്കുകയില്ല. ഇതുതന്നെയാണ് അതിരുകളില്ലാത്ത മാര്‍ഗഭ്രംശം” (ഇബ്രാഹീം:18)
ഇനിയും പല തെറ്റുകൾ ഇതിൽ ഉണ്ട്. നബി(സ)യെ മദ്‌ഹ് ചെയ്യുന്നു എന്ന ഓമന പേരിലാണ് ഇതെല്ലാം. നബി(സ)യെ ഉള്ളത് പറഞ്ഞ് പുകഴ്ത്താം. പക്ഷെ, മൗലിദിൽ. ഏറെയും അതിരുവിട്ട പുകഴ്ത്തലാണ്. നബി(സ)യെ അതിരു വിട്ട് പുകഴ്ത്തുമ്പോൾ, മേൽകണ്ടതു പോലെ ഖുർഃആനെയും ഹദീസിനെയും കളവാ ക്കുന്നു. നബി (സ) യെ പറ്റിയും കളവുപറയുന്നു. തന്നെ അതിരുവിട്ട് പുകഴ്ത്തുന്നത് നബി(സ) നിരോധിച്ചി രിക്കുന്നു:
“ക്രിസ്ത്യാനികൾ മർയമിന്റെ മകനെ (യേശുവിനെ) അതിരുകടന്ന് പുകഴ്ത്തിയതു പോലെ നിങ്ങൾ എന്നെ അതിരുകടന്ന് പുകഴ്ത്തരുത്. തീർച്ചയായും ഞാൻ അവന്റെ ദാസൻ മാത്രമാണ്. അതിനാൽ നിങ്ങൾ (എന്നെ) അള്ളാഹുവിന്റെ ദാസൻ എന്നും അവന്റെ പ്രവാചകൻ എന്നും പറയുക”. (ബുഖാരി)
“ആരെങ്കിലും എന്റെ മേൽ മനപ്പൂർവ്വം കളവ് പറഞ്ഞാൽ അവന്റെ ഇരിപ്പിടം നരകത്തിൽ അവൻ പ്രതീക്ഷിച്ചുകൊള്ളട്ടെ” (ബുഖാരി)
മൗലിദിൽ മദ്‌ഹുണ്ട്, ഒപ്പം നുണയും ശിർക്കുമുണ്ട്,തേനായാലും വിഷം കലർന്നുവെന്ന റിഞ്ഞാൽ ഉപേക്ഷിക്കുകയാണെല്ലോ ബുദ്ധി. ഇതൊക്കെ മനസ്സിലായിട്ടും അത് അങ്ങീകരി ക്കാതെ ചിലർ പറയാറുണ്ട്: “ഞങ്ങളുടെ കാരണവ ന്മാർ മുതൽ ഞങ്ങൾ ചെയ്തുവരുന്നതാണു ഇത്.അവർ നരകത്തിൽ ആണെങ്കിൽ ഞങ്ങളും അവിടെ ആയിക്കൊള്ളട്ടെ .
ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും ഇത് ഉപേക്ഷിക്കാൻ ഞങ്ങൾ തയ്യാറല്ല.”എന്ന്.
അവരെപറ്റി അള്ളാഹു പറയുന്നു:
وَإِذَا قِيلَ لَهُمُ اتَّبِعُوا مَا أَنْزَلَ اللَّهُ قَالُوا بَلْ نَتَّبِعُ مَا أَلْفَيْنَا عَلَيْهِ آبَاءَنَا ۗ أَوَلَوْ كَانَ آبَاؤُهُمْ لَا يَعْقِلُونَ شَيْئًا وَلَا يَهْتَدُونَ
അല്ലാഹു ഇറക്കിത്തന്ന സന്ദേശം പിന്‍പറ്റാന്‍ ആവശ്യപ്പെട്ടാല്‍ അവര്‍ പറയും: “ഞങ്ങളുടെ പൂർവ പിതാക്കള്‍ പിന്തുടർന്നുകണ്ട പാതയേ ഞങ്ങള്‍ പിൻപറ്റുകയുള്ളൂ.” അവരുടെ പിതാക്കള്‍ ചിന്തിക്കുകയോ നേർവഴി പ്രാപിക്കുകയോ ചെയ്യാത്തവരായിരുന്നിട്ടും! (അല്‍ബഖറ:170)
നാഥാ,ഞങ്ങൾ അറിയാതെ ചെയ്ത തെറ്റുകൾ നീ ഞങ്ങൾക്ക് പൊറുത്ത് തരേണമേ. ഞങ്ങൾക്ക് സത്യം മനസ്സിലാക്കി, അതുൾക്കൊണ്ട് ജീവിക്കാൻ നീ അനുഗ്രഹം നൽകേണമേ… (ആമീൻ)
Assalamu alaikkum
Nammalk valla sangdavum vannal nammal nammalude uppayodum ummayodum parayillee. Apol athinekalum nammal snehikkendath nammude pravajakane allee appol aa pravajakanod sangadam parayunnathil enthanu thett. Athengane aanu dua aakunnath
https://zameelapp.com/applink/index.php?os=a&t=3&i=52&sc=246&f=1&ln=en
സഹോദരാ ഒരാൾക്ക് സങ്കടമോ പ്രയാസമോ വന്നാൽ ജീവിച്ചിരിക്കുന്ന മാതാപിതാക്കളോട് പറയാറുള്ളത് ശരി തന്നെ. എന്നാൽ ഈ മാതാപിതാക്കൾ മരിച്ച് കബറിലാണെങ്കിൽ അവരോട് പോയി ആളുകൾ രക്ഷ തേടി പ്രാർത്ഥിക്കുമോ?
താങ്കൾ ആത്മാർത്ഥമായി ചിന്തിച്ചുക്കുക. അള്ളാഹു നമ്മെ എല്ലാവരെയും നേർവഴിയിലാക്കട്ടെ