നബി(സ്വ)യുടെ മേൽ സ്വലാത്ത് ചൊല്ലൽ ഏറെ പുണ്യമുള്ള ഒരു കർമ്മമാകുന്നു. നബി(സ്വ)യുടെ മേൽ സ്വലാത്ത് ചൊല്ലാന്‍ വേണ്ടി അല്ലാഹു സത്യവിശ്വാസികളോട് കല്പിച്ചിട്ടുള്ളതായി കാണാവുന്നതാണ്.
إِنَّ ٱللَّهَ وَمَلَٰٓئِكَتَهُۥ يُصَلُّونَ عَلَى ٱلنَّبِىِّ ۚ يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ صَلُّواْ عَلَيۡهِ وَسَلِّمُواْ تَسۡلِيمًا
തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക. (ഖു൪ആന്‍: 33/56)

صلوة (സ്വലാത്ത്) എന്ന വാക്കിന് അനുഗ്രഹം, ആശീര്‍വ്വാദം, പ്രാര്‍ത്ഥന എന്നൊക്കെ അര്‍ത്ഥം വരും. അല്ലാഹു നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചെയ്യുന്നു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹു മലക്കുകളോട് നബി(സ്വ)യെ പ്രശംസിച്ചുകൊണ്ടിരിക്കുന്നു എന്നാണ്. മലക്കുകള്‍ നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവ൪ നബിക്ക്(സ്വ) വേണ്ടി പ്രാ൪ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്നാണ്. ഇമാം ബുഖാരി(റ) തന്റെ സ്വഹീഹില്‍ അബുല്‍ ആലിയയില്‍ നിന്നും അപ്രകാരമാണ് ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അല്ലാഹു മലക്കുകളുടെ അടുക്കല്‍ വെച്ച് നബി(സ്വ)യെ പ്രശംസിച്ചുകൊണ്ടിരിക്കുന്നുവെന്നും ആ പ്രശംസകള്‍ വ൪ദ്ധിപ്പിക്കുന്നതിന് വേണ്ടി മലക്കുകള്‍ പ്രാ൪ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്നും സത്യവിശ്വാസികളും അപ്രകാരം പ്രാ൪ത്ഥിക്കണമെന്നും ചുരുക്കം.
يُصَلُّونَ (യുസ്വല്ലൂന) എന്നാല്‍ ‘അനുഗ്രഹത്തിനായി പ്രാ൪ത്ഥിക്കുകയെന്നാണ്’ വിവക്ഷയെന്ന് ഇബ്നു അബ്ബാസി(റ)യില്‍ നിന്ന് ഇമാം ബുഖാരി(റ) തന്നെ ഉദ്ധരിക്കുന്നുണ്ട്. അല്ലാഹു നബി(സ്വ)ക്ക് അനുഗ്രഹവും കാരുണ്യവും നല്‍കുന്നുവെന്നും നബി(സ്വ)ക്ക് അനുഗ്രഹവും കാരുണ്യവും ലഭിക്കുന്നതിന് വേണ്ടി മലക്കുകള്‍ പ്രാ൪ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്നും സത്യവിശ്വാസികളും അപ്രകാരം പ്രാ൪ത്ഥിക്കണമെന്നും താല്പര്യം.
ഇവയില്‍ ഏറ്റവും അനുയോജ്യമായത് അബുല്‍ ആലിയയില്‍ നിന്നു ഉദ്ധരിച്ചതാണെന്ന് ഇബ്നു ഹജറുൽ അസ്ഖലാനി(റ) തന്റെ ഫത്ഹുൽ ബാരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ഇബ്നുല്‍ ഖയ്യിം(റ), ശൈഖ് ഉഥൈമീന്‍(റ) എന്നിവരെല്ലാം ഈ അഭിപ്രായക്കാരാണ്.
اللَّهُمَّ صَلِّ عَلَى مُحَمَّدٍ (അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിൻ) എന്നാൽ, ‘അല്ലാഹുവേ നീ മുഹമ്മദ് നബിയെ പ്രശംസിക്കണമേ’ എന്നാണ്. നാം സ്വലാത്ത് ചൊല്ലിയില്ലെങ്കിലും അല്ലാഹു നബിയെ പ്രശംസിച്ചു കൊണ്ടിരിക്കുന്നതാണ്. അപ്പോള്‍ പുതിയ ഒരു കാര്യത്തിനുള്ള പ്രാ൪ത്ഥനയല്ല ഇത്, മറിച്ച് നിലവിലുള്ള പ്രശംസിച്ച് പറയലിനെ വ൪ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രാ൪ത്ഥനയാണിത്.
وقال الحليمي في الشعب معنى الصلاة على النبي صلى الله عليه وسلم تعظيمه فمعنى قولنا اللهم صل على محمد عظم محمدا والمراد تعظيمه في الدنيا بإعلاء ذكره وإظهار دينه وابقاء شريعته وفي الآخرة باجزال مثوبته وتشفيعه في أمته وابداء فضيلته بالمقام المحمود وعلى هذا فالمراد بقوله تعالى صلوا عليه ادعوا ربكم بالصلاة عليه
നബിയുടെ(സ്വ) മേലുള്ള സ്വലാത്ത് എന്നാൽ നബി(സ്വ)യെ പുകഴ്ത്തലാണ്. اللَّهُمَّ صَلِّ عَلى محمدٍ (അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിൻ) എന്നാൽ, ‘അല്ലാഹുവേ നീ മുഹമ്മദ് നബിയെ പുകഴ്ത്തേണമേ’ എന്നാണ്. അത് ഐഹിക ജീവിതത്തിൽ അദ്ദേഹത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കലും അദ്ദേഹത്തിലുടെ പൂർത്തീകരിക്കപ്പെട്ട മതത്തിന്റെ സ്വീകാര്യത പ്രകടമാക്കലും (വർദ്ധിപ്പിക്കലും), അദ്ദേഹം നൽകിയ ശരീഅത്തിനെ നിലനിർത്തലുമാണ്. പാരത്രിക ജീവിതത്തിലാകട്ടെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകലും, തന്റെ സമുദായത്തിനുള്ള ശുപാർശക്കുള്ള അവസരം നൽകലും, മഖാമൻ മഹ്മൂദൻ എന്ന പദവിയിൽ അദ്ദേഹത്തിനെ ഉന്നതനാക്കലുമാണ്. അതിനാൽ ‘സ്വല്ലൂ അലൈഹി’ എന്ന് പറയുമ്പോൾ ഇവക്കെല്ലാമുള്ള പ്രാർത്ഥനയാണ് അതിലടങ്ങിയിട്ടുള്ളത്. (ഫത്ഹുൽ ബാരി : 11/156)
ഇമാം ഇബ്നുല്‍ ഖയ്യിം(റ) പറയുന്നു: നബി(സ്വ)ക്ക് വേണ്ടി സ്വലാത്ത് ചൊല്ലാന്‍ അല്ലാഹു കല്‍പ്പിക്കുന്നതിന്റെ ഉദ്ദേശ്യം, അല്ലാഹുവും മലക്കുകളും എന്തൊരു സ്വലാത്താണോ നി൪വ്വഹിക്കുന്നത് അതിനായി പ്രാ൪ത്ഥിക്കാനാണ് എന്നാണ്. അതായത് അദ്ദേഹത്തെ പുകഴ്ത്തുകയും അദ്ദേഹത്തിന്റെ മഹത്വവും ശ്രേഷ്ടതയും പ്രകടമാക്കലും അദ്ദേഹത്തെ ബഹുമാനിക്കലും അദ്ദേഹത്തിന് അല്ലാഹുവുമായുള്ള സാമീപ്യത്തെ അധികരിപ്പിക്കാന്‍ ഉദ്ദേശിക്കലുമാണ്. അത് അല്ലാഹു അദ്ദേഹത്തിന് നല്‍കിയ ആദരവുകളെ എടുത്ത് പറയലും അതിനായി അല്ലാഹുവോട് തേടലുമാണ്. പ്രസ്തുത തേട്ടത്തേയും പ്രാ൪ത്ഥനയേയുമാണ് ഇവിടെ സ്വലാത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്. (ജലാഉല്‍ അഫ്ഹാം ഫിസ്സ്വലാത്തി അലാ ഖൈരില്‍ അനാം)
ശൈഖ് ഉഥൈമീന്‍(റ) പറയുന്നു: “ഈ വിഷയത്തില്‍ പറയപ്പെട്ടിട്ടുള്ള ഏറ്റവും നല്ല അഭിപ്രായം അബുല്‍ ആലിയയുടേതാണ്. അദ്ദേഹം പറഞ്ഞു: ‘പ്രവാചക(സ്വ)ന്റെ മേലുള്ള അല്ലാഹുവിന്റെ സ്വലാത്ത് ഉന്നതമായ (മലക്കുകളുടെ) സംഘത്തില്‍ വെച്ച് അദ്ദേഹത്തെ പ്രശംസിക്കലാണ്. ‘അല്ലാഹുമ്മ സ്വല്ലി അലൈഹി’ എന്ന് പറയുന്നതിന്റെ അര്‍ത്ഥം ‘അല്ലാഹുവേ, ഉന്നതമായ സംഘത്തില്‍ വെച്ച് അദ്ദേഹത്തെ പ്രശംസിക്കണേ’, എന്നാണ്. അതായത് അല്ലാഹുവിന്റെ സമീപസ്ഥരായ മലക്കുകളുടെ അടുത്ത് വെച്ച്.’” (അശ്ശറഹുല്‍ മുമ്തിഉ : 3/163)
സ്വലാത്തിന്റെ ഭാഷാര്‍ത്ഥങ്ങളില്‍ പെട്ട ഈ രണ്ട് നിര്‍വചനങ്ങളും സ്വീകരിച്ചാലും പരസ്പര വിരുദ്ധമാകുന്നില്ലെന്നതാണ് വസ്തുത.