
ഹിജാബ്: ഖുർആൻ എന്ത് പറയുന്നു?
ഹിജാബ് എന്താണന്ന ചോദ്യം എല്ലായിടത്തു നിന്നും ഉയരുന്നു.
സാധാരണക്കാർ മുതൽ ഗവർണർവരെ ഇത് സംബന്ധിച്ച് സംസാരിക്കുന്നു.
എന്താണ് സ്ത്രീകൾക്ക് ഇസ്ലാം കല്പിച്ച വസ്ത്രം ?
വ്യക്തികൾ എന്തു പറയുന്നുവെന്നതല്ല പ്രധാനം.
അടിസ്ഥാന പ്രമാണമായ വിശുദ്ധ ഖുർആൻ എന്താണ് ഈ വിഷയത്തിൽ വ്യക്തമാക്കിയത് എന്നതാണ് വിവേകമുള്ളവർ അന്വേഷിക്കേണ്ടത്.
മുസ്‌ലിം സ്ത്രീകളുടെ വേഷം സംബന്ധിച്ച് ഖുർആനിലെ രണ്ട് വചനങ്ങളുടെ പരിഭാഷയും അതിൻ്റെ വ്യാഖ്യാനവുമാണ് താഴെ ചേർക്കുന്നത്.
മുൻവിധിയില്ലാതെ വായിക്കൂ.
വെളിച്ചം വരുമ്പോൾ ഇരുട്ട് നീങ്ങും തീർച്ച.
വചനം ഒന്ന്:
അധ്യായം: അന്നൂർ
വചനം: 31 ൻ്റെ പരിഭാഷ
“സത്യവിശ്വാസികളായ സ്ത്രീകളോടും: അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുവാനും, അവരുടെ ഭംഗി – അതില്‍നിന്നു പ്രത്യക്ഷമാകുന്നതല്ലാതെ – വെളിപ്പെടുത്താതിരിക്കുവാനും പറയുക. അവര്‍, തങ്ങളുടെ മക്കനകള്‍ [ശിരോവസ്ത്രങ്ങള്‍] അവരുടെ മാര്‍വ്വിടങ്ങളില്‍കൂടി ആക്കിക്കൊള്ളുകയും ചെയ്യട്ടെ.
അവര്‍ തങ്ങളുടെ ഭംഗി (താഴെ പറയുന്നവര്‍ക്കല്ലാതെ) വെളിപ്പെടുത്തുകയും ചെയ്യരുത്; അവരുടെ ഭര്‍ത്താക്കള്‍ക്കോ, പിതാക്കള്‍ക്കോ, ഭര്‍ത്താക്കളുടെ പിതാക്കള്‍ക്കോ, തങ്ങളുടെ പുത്രന്‍മാര്‍ക്കോ, ഭര്‍ത്താക്കളുടെ പുത്രന്‍മാര്‍ക്കോ, സഹോദരന്‍മാര്‍ക്കോ, സഹോദരന്‍മാരുടെ പുത്രന്‍മാര്‍ക്കോ, സഹോദരികളുടെ പുത്രന്‍മാര്‍ക്കോ, തങ്ങളുടെ സ്ത്രീകള്‍ക്കോ, തങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയിട്ടുള്ളവര്‍ക്കോ, പുരുഷന്‍മാരില്‍നിന്ന് (ലൈംഗിക) മോഹമില്ലാത്ത അനുചരന്‍മാര്‍ക്കോ സ്ത്രീ രഹസ്യങ്ങളെപ്പറ്റി മനസ്സിലായിട്ടില്ലാത്ത കുട്ടികള്‍ക്കോ അല്ലാതെ. തങ്ങളുടെ അലങ്കാരത്തില്‍നിന്നു മറച്ചുവെക്കുന്നത് അറിയപ്പെടുവാന്‍വേണ്ടി അവര്‍ തങ്ങളുടെ കാലുകള്‍ കൊട്ടുകയും ചെയ്യരുത്. നിങ്ങളെല്ലാവരും – ഹേ, സത്യവിശ്വാസികളേ – അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിക്കുവിന്‍! നിങ്ങള്‍ക്ക് വിജയം ലഭിച്ചേക്കാം.”
മേൽ വചനത്തിൻ്റെ വ്യാഖ്യാനം
وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا (അവരുടെ ഭംഗിയില്‍നിന്നു പ്രത്യക്ഷമാകുന്നതല്ലാതെ വെളിവാക്കരുത്) എന്ന് പറഞ്ഞുവല്ലോ. زِينَة (സീനത്ത്) എന്ന പദത്തിനാണ് ‘ഭംഗി’ എന്ന് അര്‍ത്ഥം കല്‍പിച്ചിരിക്കുന്നത്. ഈ പദത്തിന് ‘സൗന്ദര്യം, അലങ്കാരം, ഭംഗി, അഴക്’ എന്നൊക്കെ അര്‍ത്ഥം പറയാം. ശാരീരികമായ ഭംഗി മാത്രമല്ല, ആഭരണം, സുറുമ, ചായം, മുതലായ ഉപകരണങ്ങള്‍ മൂലമോ വസ്ത്രാലങ്കാരങ്ങള്‍കൊണ്ടോ ഉണ്ടാകുന്ന ഭംഗിയും ഇതില്‍ ഉള്‍പ്പെടുമെന്നത്രെ ആയത്തിന്റെ നാനാവശങ്ങളും നോക്കുമ്പോള്‍ മനസ്സിലാക്കേണ്ടത്. കുപ്പായത്തിന്റെ മാര്‍വ്വിടത്തില്‍കൂടി പ്രത്യക്ഷപ്പെടുന്ന ഭാഗവും, കഴുത്തു, തോള്‍, മുടി എന്നിവയും കാണപ്പെടാതിരിക്കുവാനായി മാര്‍വ്വിടത്തില്‍കൂടി തല മക്കന തൂക്കിയിടണം (وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ) എന്ന് പറയുമ്പോള്‍ ശരീരത്തിന്റെ ഭാഗങ്ങള്‍ ‘സീനത്തി’ല്‍ ഉള്‍പ്പെട്ടതാണെന്ന് വ്യക്തമാകുന്നു. കാലില്‍ ധരിക്കുന്ന തള മുതലായ ആഭരണങ്ങളുടെ കിലുക്കം കേള്‍ക്കുവാന്‍ വേണ്ടി കാല്‍കൊട്ടരുത് (…وَلَا يَضْرِبْنَ بِأَرْجُلِهِنَّ) എന്ന് പറയുമ്പോള്‍, ആഭരണത്തിലും ‘സീനത്തു’ണ്ടെന്ന് വന്നു. നമസ്കാരവേളയില്‍ നല്ല വസ്ത്രങ്ങള്‍ ധരിക്കുവാനും മറ്റും ഉപദേശിച്ചുകൊണ്ട് ‘എല്ലാ നമസ്കാരവേളയിലും നിങ്ങള്‍ നിങ്ങളുടെ ‘സീനത്തു’ എടുത്തുകൊള്ളണം’ (خُذُواْ زِينَتَكُمْ عِندَ كُلِّ مَسْجِدٍ) എന്നാണ് ഒരിടത്ത് അല്ലാഹു പറഞ്ഞിരിക്കുന്നത്. ഇതില്‍നിന്നെല്ലാം ഈ സംഗതി ശരിക്കും മനസ്സിലാക്കാമല്ലോ.
‘ഭംഗിയില്‍ നിന്നു പ്രത്യക്ഷമാകുന്ന ഭാഗം’ (مَا ظَهَرَ مِنْهَا) വെളിവാക്കുന്നതിനു വിരോധമില്ലെന്നു ആയത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. ഏതാണ് ഈ ഭാഗം? പലരും പല വിധത്തില്‍ ഇത് വ്യാഖ്യാനിക്കാറുണ്ടെങ്കിലും – ആയത്തില്‍നിന്നു പ്രത്യക്ഷത്തില്‍ മനസ്സിലാകുന്നതും, പ്രസ്തുത വ്യാഖ്യാനങ്ങളുടെ ആകെ സാരവും മുമ്പില്‍വെച്ചു നോക്കുമ്പോള്‍ – സാധാരണ നിലക്ക് മറക്കുവാന്‍ പ്രയാസപ്പെട്ട ഭാഗങ്ങളാണ് അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെന്നു കാണാം. നടക്കുമ്പോഴും, ജോലികള്‍ എടുക്കുമ്പോഴുമെല്ലാം മുന്‍കൈകളും, മുഖവും മറക്കുന്നത് വിഷമമാണെന്ന് പറയേണ്ടതില്ല. ഇത് കൊണ്ടാണ് മിക്ക പണ്ഡിതന്‍മാരും ഇവിടെ കൈപടങ്ങളും മുഖവും ഒഴികെ’ എന്ന് വ്യഖ്യാനം നല്‍കുന്നത്. സ്ത്രീക്ക് പ്രായപൂര്‍ത്തി വന്നാല്‍ പിന്നെ അവളുടെ മുന്‍കൈകളും മുഖവുമല്ലാതെ വെളിപ്പെടുത്തുന്നത് നന്നല്ലെന്നു കാണിക്കുന്ന ഒരു നബിവചനം അബൂദാവൂദ് (رحمه الله) നിവേദനം ചെയ്തിട്ടുള്ളതും ഇവിടെ പ്രസ്താവ്യമാകുന്നു: സഹാബികളും താബിഇകളുമായ പല മഹാന്‍മാരില്‍നിന്നും മേപ്പടി വ്യാഖ്യാനം നിവേദനം ചെയ്യപ്പെട്ടിട്ടുമുണ്ട്.
ഏതായാലും, മറക്കുവാന്‍ വിഷമമില്ലാത്ത തള, വള, അരഞ്ഞാണ്‍, കണ്ഠാഭരണങ്ങള്‍ മുതലായവ അന്യപുരുഷന്‍മാര്‍ക്കിടയില്‍ വെളിപ്പെടുത്തുന്നതും സൗന്ദര്യത്തെ ദ്വിഗുണീകരിച്ചു കാണിക്കുകയോ, ശരീരാകൃതിയെ ചിത്രീകരിച്ച് കാണിക്കുകയോ ചെയ്യുന്ന വസ്ത്രങ്ങള്‍ അണിഞ്ഞ് പുരുഷന്‍മാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നതും പാടില്ലാത്തതാകുന്നു. ശരീരം കണ്ടാല്‍ ഒരുപക്ഷേ അറപ്പ് തോന്നിപ്പോയേക്കുന്ന സ്ത്രീകള്‍, വസ്ത്രാഭരണങ്ങള്‍ മൂലം കാമ്യമായ രൂപത്തില്‍ പ്രത്യക്ഷപ്പെടാറുണ്ടെന്ന വസ്തുത ഏവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ടാണ് – 60-ാം വചനത്തില്‍ വരുന്നതുപോലെ – കിഴവികളായ സ്ത്രീകള്‍പോലും അവരുടെ ഭംഗികളെ വെളിപ്പെടുത്താതെ മറക്കുകയാണ് നല്ലതെന്ന് അല്ലാഹു പ്രത്യേകം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.
മേല്‍പറഞ്ഞ എല്ലാത്തരം ഭംഗികളെയും മറക്കുവാന്‍ വേണ്ടിയാണ്, സ്ത്രീകള്‍ അന്യര്‍ക്കിടയില്‍ പ്രവേശിക്കുമ്പോള്‍ ‘ജില്‍ ബാബ്’ (ശരീരം പൊതുവില്‍ മറക്കുന്ന വലിയ വസ്ത്രം) ധരിക്കണമെന്നും കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഇതിനെപ്പറ്റി സൂ: അഹ്സാബ് 59-ല്‍ കൂടുതല്‍ വിവരം കാണാം. إن شاء الله
ഏതെങ്കിലും ന്യായത്തെയോ വ്യാഖ്യാനത്തെയോ അടിസ്ഥാനമാക്കി പര്‍ദ്ദാ നിയമത്തില്‍നിന്ന് കഴിയുന്നതും ഒഴിഞ്ഞുമാറുവാന്‍ ശ്രമിക്കുന്നതിനു പകരം ഖുര്‍ആന്റെയും ഹദീസിന്റെയും വ്യക്തമായ താല്‍പര്യങ്ങളെ കഴിവതും നടപ്പില്‍ വരുത്തുവാന്‍ ശ്രമിക്കുകയാണ് സത്യവിശ്വാസികള്‍ ചെയ്യേണ്ടത്. ഖുര്‍ആന്‍ വചനം അവതരിച്ച വര്‍ത്തമാനം അറിയേണ്ടുന്ന താമസം മാത്രം – അപ്പോഴേക്കും മുഹാജിറുകളായ സ്ത്രീകള്‍ അവരുടെ വസ്ത്രങ്ങള്‍ എടുത്ത് കീറലുണ്ടാക്കി മുഖമക്കനയായി ഉപയോഗിച്ചിരുന്നുവെന്ന് ആയിശാ (رضي الله عنها) അവരെപ്പറ്റി പ്രശംസിച്ചു പറയുകയുണ്ടായിട്ടുണ്ട്. (رواه البخاري وغيره). നേരെമറിച്ച് ഇന്ന് നമ്മുടെ നിലയോ? മുഖമക്ക്ന ധരിക്കുന്നതുതന്നെ പലര്‍ക്കും ഒരു പോരായ്മയായിത്തീര്‍ന്നിരിക്കുകയാണ്. വേറൊരു വശത്ത് അവരെക്കൊണ്ട് അത് വര്‍ജ്ജിപ്പിക്കുവാനുമുള്ള ന്യായവാദങ്ങളും സംരംഭങ്ങളും നടമാടിക്കൊണ്ടിരിക്കയും ചെയ്യുന്നു.!
ഖുർആൻ വചനം: 2
അധ്യായം: അഹ്സാബ്
വചനം നമ്പർ:59 ൻ്റെ പരിഭാഷ
“ഹേ, നബിയേ!
നിന്‍റെ ഭാര്യമാരോടും, പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും പറയുക: അവര്‍ തങ്ങളുടെമേല്‍ തങ്ങളുടെ മേലാടകളില്‍നിന്നും (കുറെഭാഗം) താഴ്ത്തിയിട്ടു കൊള്ളണമെന്നും. അവര്‍ (തിരിച്ച്) അറിയപ്പെടുവാന്‍ വളരെ എളുപ്പമുള്ളതാണ്. അപ്പോഴവര്‍ക്കു ശല്യംബാധിക്കുകയില്ല. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.”
മേൽ വചനത്തിൻ്റെ വ്യാഖ്യാനം
റസൂല്‍(സ്വ) തിരുമേനിക്കും, സത്യവിശ്വാസികള്‍ക്കും ശല്യമുണ്ടാക്കുന്നതിനെപ്പറ്റി ശക്തിമത്തായ താക്കീതു ചെയ്തശേഷം, അവരുടെ പരിശുദ്ധതയും മാന്യതയും കാത്തുരക്ഷിക്കുന്നതിനാവശ്യമായ ചില നിയമനിര്‍ദ്ദേശങ്ങളാണ് ഈ വചനത്തില്‍ അല്ലാഹു വ്യക്തമാകുന്നത്. അമുസ്‌ലിം സ്ത്രീകളെയും, ചാരിത്ര്യശുദ്ധിയില്‍ താല്‍പര്യമില്ലാത്ത സ്ത്രീകളുടെയും വേഷവിധാനങ്ങളില്‍നിന്നും വ്യത്യസ്തമായ ഒരു നിലപാടു മുസ്‌ലിം സ്ത്രീകളുടെ വേഷവിധാനത്തില്‍ ആചരിക്കേണ്ടതുണ്ടെന്നു ഈ വാക്യം ചൂണ്ടിക്കാട്ടുന്നു. വീട്ടിലായിരിക്കുമ്പോള്‍ ഉപയോഗിക്കാറുള്ള കുപ്പായം, മക്കന, ഉടുതുണി മുതലായവക്കുപുറമെ, വെളിയില്‍ പോകുമ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ – നബി(സ്വ)യുടെ വീട്ടുകാര്‍ വിശേഷിച്ചും – ശരീരം മറയത്തക്ക ഒരു വസ്ത്രം ധരിച്ചിരിക്കണമെന്നു അതു ശാസിക്കുകയും ചെയ്യുന്നു. ഈ ശാസനയില്‍ അടങ്ങിയ യുക്തിയും അല്ലാഹു നമുക്കു വിവരിച്ചുതരുന്നു. ഇങ്ങിനെ ശരീരം മൂടിമറച്ച ഒരു സ്ത്രീയെ കാണുമ്പോള്‍, അവള്‍ ഒരു മുസ്‌ലിംസ്ത്രീയാണെന്നും, ചാരിത്രശുദ്ധിയില്‍ താല്‍പര്യമുള്ള മാന്യസ്ത്രീയാണെന്നും എല്ലാവര്‍ക്കും മനസ്സിലാകും. അഥവാ മറ്റുള്ളവരില്‍നിന്ന് ഇവരെ വേഗം തിരിച്ചറിയുവാന്‍ ഇതു കാരണമാകുന്നു. മാത്രമല്ല, ഹൃദയശുദ്ധിയും, സ്വഭാവഗുണവുമില്ലാത്ത ആളുകള്‍ അന്യസ്ത്രീകളുമായി കണ്ടുമുട്ടുമ്പോള്‍ ഉണ്ടായേക്കാനിടയുള്ള ശല്യങ്ങള്‍ക്കു – അഹിത്മായ പെരുമാറ്റങ്ങള്‍ക്കും സംസാരങ്ങള്‍ക്കും – ഇതു തടസ്സമായിത്തീരുകയും ചെയ്യും. (ذَٰلِكَ أَدْنَىٰ أَن يُعْرَفْنَ فَلَا يُؤْذَيْنَ)
‘ജില്‍ബാബു’ (جلباب) എന്ന പദത്തിന്‍റെ ബഹുവചനമാണ് ‘ജലാബീബ്’ (جلابيب) മേലാട എന്നു ഇതിനു അര്‍ത്ഥം പറയാം. പ്രധാന തഫ്സീറുകളിലും, അറബി നിഘണ്ടുക്കളിലും ഈ വാക്കിനു കൊടുത്തിട്ടുള്ള അര്‍ത്ഥങ്ങളില്‍ പരസ്പരം അക്ഷരവ്യത്യാസം കാണാമെങ്കിലും സാരത്തില്‍ ഏതാണ്ടെല്ലാം യോജിക്കുന്നുണ്ട്, ‘മക്കനയെക്കാള്‍ വലിയ വസ്ത്രം, മൂടിപ്പുതക്കുന്നുതു, പുതപ്പു, മുഖമൂടി (ആളെ തിരിച്ചറിയാതിരിക്കാന്‍വേണ്ടി തലയും മുഖവും മൂടുന്നതു), ശരീരം മുഴുവന്‍ മറക്കുന്ന വസ്ത്രം, കുപ്പായത്തിനും മക്കനക്കും മീതെയായി സ്ത്രീകള്‍ ചുറ്റിപ്പുതക്കുന്ന മൂടുപടം, മുകളില്‍നിന്നു അടിവരെ മറക്കുന്നതു, വിശാലമായ വസ്ത്രം’ എന്നൊക്കെയാണ് അവ.(*). ‘മേല്‍മൂടി, മേലാട, ചുറ്റിപ്പുത, മേലങ്കി, മൂടുവസ്ത്രം’ മുതലായ വാക്കുകളില്‍ മലയാളത്തില്‍ ഇതിനു വിവര്‍ത്തനം നല്‍കപ്പെടുന്നു. (**). ‘അവരുടെമേല്‍ താഴ്ത്തിയിടണം’ (يُدْنِينَ عَلَيْهِنَّ)എന്നു അല്ലാഹു പറഞ്ഞ വാക്കു ശ്രദ്ധേയമാകുന്നു. ശരീരം മുഴുവനും – തലയും, കഴുത്തും, മുഖവും അടക്കം – ‘ജില്‍ബാബു’ കൊണ്ടു മൂടി മറക്കേണ്ടതുണ്ടെന്നാണ് പ്രത്യക്ഷത്തില്‍ ഇതില്‍നിന്നു വരുന്നത്. പക്ഷേ, സൂറത്തുന്നൂര്‍ 31-ആം വചനത്തില്‍നിന്നും, അതിന്‍റെ വ്യാഖ്യാനത്തില്‍നിന്നുമായി, സ്ത്രീയുടെ മുഖവും കൈപടങ്ങളും മറക്കല്‍ നിര്‍ബ്ബന്ധമല്ലെന്നു നാം കണ്ടു. അതുകൊണ്ടു ഇവിടെയും, മുന്‍കയ്യും മുഖവും നിര്‍ബ്ബന്ധത്തില്‍നിന്നു ഒഴിവാണെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. സാധാരണനിലയിലാകുമ്പോള്‍ മാത്രമാണ് സൂറത്തുന്നൂറില്‍ മുഖം ഒഴിവാക്കപ്പെട്ടിരിക്കുന്നതെന്നും, വെളിയില്‍ പോകുമ്പോള്‍ മുഖവും മറക്കേണ്ടതുണ്ടെന്നാണ് ഈ വചനത്തിന്‍റെ താല്‍പര്യമെന്നും, എങ്കിലും കണ്ണിന്‍റെ കാഴ്ചക്കു ഭംഗംവരാത്തവണ്ണം കണ്ണുകള്‍ അതില്‍നിന്നു ഒഴിവാക്കണമെന്നും സഹാബികളും, താബിഉകളും അടക്കമുള്ള പല മഹാന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ടുതാനും. الله اعلم
————
(*).ثوب كبير من الخملر, الملحفة, الملحاف, القناع, ثوب يتر جميع البدن, الملاثة, التي تشتمل بها المرأة فوق الدزع والخمار ما يستر من فوق الى اسفل, الثوب الواسع ونحوها
(**). Gown, Flowing outer garment എന്നു ‘ഖാമൂസ് അസ്-രീയിലും Smock, Women’s gown എന്നു ‘ഫറാഇദി’ലും കാണാം.
പര്‍ദ്ദയെക്കുറിച്ചു വന്നിട്ടുള്ള ഖുര്‍ആന്‍റെ പ്രസ്താവനകളും, നബിവചനങ്ങളും നിഷ്പക്ഷമായി പരിശോധിച്ചാല്‍ ഇവിടെ നാം സ്വീകരിക്കേണ്ടുന്ന നയം ഇതാണെന്നുകാണാം: സ്ത്രീകള്‍ മുഖം മറക്കണമെന്നോ മറക്കരുതെന്നോ സ്വതവേ നിര്‍ബ്ബന്ധമില്ല. സാധാരണഗതിയില്‍ ഈ രണ്ടിലൊന്നില്‍ നിര്‍ബ്ബന്ധം ചെലുത്തുവാനം പാടില്ല. പരിതസ്ഥിതികളുടെയോ, ചുറ്റുപാടിന്‍റെയോ വ്യത്യാസം അനുസരിച്ച് മുഖവും കഴിയുന്നത്ര മറക്കുന്നതു ചിലപ്പോള്‍ നന്നായിരിക്കുകയും, ചിലപ്പോള്‍ അത്യാവശ്യമായിത്തീരുകയും ചെയ്യും.(***).
(***).(دمشق) ഡമസ്കസ്കാരനായ മുഹമ്മദു നാസിറുദ്ദീന്‍ അല്‍ബാനീ (محمد ناصر الدين الالباني) എന്ന പണ്ഡിതന്‍ حجاب المرأة المسلم (മുസ്‌ലിം സ്ത്രീയുടെ പര്‍ദ്ദ) എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്രന്ഥത്തില്‍ ഖുര്‍ആന്‍റെയും, സുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍ പര്‍ദ്ദയുടെ നാനാവശങ്ങളെക്കുറിച്ച് സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴാണ് ഇതിന്‍റെ രണ്ടാംപതിപ്പു കാണുവാന്‍ സാധിച്ചത്. ഈ വിഷയകമായി വളരെ ചര്‍ച്ച നടത്തിയശേഷം അദ്ദേഹം ഈ അഭിപ്രായത്തിന്നാണ് മുന്‍ഗണന അതില്‍ നല്‍കിയിരിക്കുന്നത്. (الحمدلله).
സൂറത്തുന്നൂറില്‍വെച്ച് ഇസ്‌ലാമിലെ പര്‍ദ്ദയെപ്പറ്റി സവിസ്തരം വിവരിക്കപ്പെട്ടിട്ടുള്ളതുകൊണ്ടു ഇവിടെ കൂടുതല്‍ദീര്‍ഘിപ്പിക്കേണ്ടതില്ല. ഒരു കാര്യം ഒന്നുകൂടി ഓര്‍മ്മപ്പെടുത്തുന്നതു ഇന്നത്തെ പരിതസ്ഥിതിയില്‍ അധികപ്പറ്റാവുകയില്ല; ഇസ്‌ലാമിക സംസ്കാരങ്ങളെയും, ധാര്‍മ്മികമൂല്യങ്ങളെയും പുച്ഛിച്ചുകൊണ്ടുള്ള ഭൗതിക പരിഷ്കാരങ്ങളുടെ തേര്‍വാഴ്ച നിര്‍വിഘ്നം നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്തു – അറിഞ്ഞോ അറിയാതെയോ – മുസ്‌ലിം സ്ത്രീകളുടെ പര്‍ദ്ദയെ കഴിവതും വെട്ടിക്കുറക്കുവാനും, അതിനുവേണ്ടി ഖുര്‍ആനെയും സുന്നത്തിനെയും ദുര്‍വ്യാഖ്യാനം ചെയ്യുവാനും, മുസ്ലിംകളുടെ പര്‍ദ്ദാസമ്പ്രദായം അവരുടെ പുരോഗതിക്കു തടസ്സമാണെന്നു ഘോഷിക്കുവാനും മുതിരുന്ന പലരെയും ഇന്നു കാണാം. ഇവരുടെ കെണിവലയില്‍ അകപ്പെടാതിരിക്കുവാനും, അങ്ങിനെ, 57-ആം വചനത്തിലെ താക്കീതിനു പാത്രമായിത്തീരാതിരിക്കുവാനും ഓരോ സത്യവിശ്വാസിയും സൂക്ഷിക്കേണ്ടതാകുന്നു.’ والله الموفق.
( മുഹമ്മദ് അമാനി മൗലവിയുടെ പരിഭാഷയിൽ നിന്ന് )
മേൽ വിശദീകരണത്തിൽ നിന്ന് കാര്യം വ്യക്തമാണല്ലൊ. ഈ വേഷം മറ്റാർക്കും ശല്യമുണ്ടാക്കുന്നുമില്ല. ആരെയും നിർബന്ധിച്ച് ധരിപ്പിക്കുന്നില്ല. മത ശാസനകൾ സ്വമേധയാ ഉൾകൊണ്ട് തൃപ്തിപ്പെട്ടുകൊണ്ട് ധരിക്കുന്നവരെ മറ്റുള്ളവർ എന്തിന് കല്ലെറിയണം? പ്ലീസ്…. ഇതിൻ്റെ പേരിൽ നാം ഇന്ത്യക്കാർ ഭിന്നിക്കരുത്. ഓരോരുത്തരുടെയും വിശ്വാസം കാത്തുസൂക്ഷിച്ച് പരസ്പര വിശ്വാസത്തോടെ സൗഹൃദത്തോടെ നമുക്ക് മുന്നോട്ട് പോകാനാവട്ടെ.
ടി.കെ അഷറഫ്