
ദൈവത്തിന്റെ തെളിവും ജ്ഞാനമാര്‍ഗ രീതിയും
(ഭാഗം: 02)
പൊതുവില്‍ ദൈവത്തിന് തെളിവ് സമര്‍ഥിക്കുന്ന തത്ത്വശാസ്ത്ര യുക്തികളില്‍നിന്നും വിഭിന്നമായ നിലപാട് സ്വീകരിച്ച ഇസ്‌ലാമിക ചിന്തകനാണ് ഇബ്‌നു തൈമിയ്യ(റഹി). ദൈവത്തിന് ശാസ്ത്രത്തിന്റെയോ തത്ത്വശാസ്ത്രത്തിന്റെയോ തെളിവുകളുടെ പിന്‍ബലം വേണമെന്ന് വാദിക്കുമ്പോള്‍ ആദ്യത്തില്‍ തെളിവില്ലാത്തതും പിന്നീട് തെളിയിക്കപ്പെടേണ്ടതുമാണ് ദൈവമെന്ന് വരുന്നു. ഇങ്ങനെ തത്ത്വശാസ്ത്ര യുക്തിയെ ആശ്രയിച്ച് ദൈവം സ്ഥാപിക്കപ്പെടണമെന്ന ചിന്തക്കുതന്നെ ഇബ്‌നു തൈമിയ്യ എതിരായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട മൂന്നു കൃതികള്‍ ദൈവവുമായി ബന്ധപ്പെട്ട ഈ ജ്ഞാനശാസ്ത്ര രീതികളെ അവലോകനം ചെയ്യുന്നതാണ്.
അരിസ്‌റ്റോട്ടിലിയന്‍ ഗ്രീക്ക് തത്ത്വചിന്തകളെ അടിസ്ഥാനമാക്കിയുള്ള ജ്ഞാനമാര്‍ഗ യുക്തികളെ ഈ കൃതികളിലൂടെ അദ്ദേഹം വിമര്‍ശന വിധേയമാക്കിയിട്ടുള്ളതായി കാണാം. വാസ്തവത്തില്‍ സംശയവാദത്തില്‍നിന്നാണ് ഒന്നിനു തെളിവ് തേടേണ്ടിവരുന്നത്. എന്നാല്‍ പ്രാഥമികമായി യുക്തി സംശയിക്കപ്പെടേണ്ടതോ, പ്രത്യേകിച്ച് തെളിവ് അനിവാര്യമായതോ അല്ല എന്നതാണ് ഈ കൃതികളിലൂടെയെല്ലാം ഇബ്‌നു തൈമിയ്യ പ്രകടിപ്പിക്കുന്ന നിലപാട്.(14)
അദ്ദേഹം അറിവുകളെ തന്നെ രണ്ടായി തരംതിരിക്കുന്നു. ഒന്ന് ജ്ഞാനേന്ദ്രിയങ്ങള്‍ വഴി മനുഷ്യന്‍ ആര്‍ജിച്ചെടുക്കുന്ന അറിവെന്നും (Ilm Muktasab) രണ്ടാമത്തേത് മനുഷ്യനില്‍ നൈസര്‍ഗികമായിത്തന്നെ ഉള്ളടങ്ങിയ അറിവെന്നും (Ilm Daruri). ഇതില്‍ ആദ്യത്തേത് മനുഷ്യന്റെ ബൗദ്ധികശേഷിയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. എന്നാല്‍ ഈ ബൗദ്ധികശേഷിയെ സന്ദേഹവാദത്തോടെ സമീപിച്ചാല്‍ അത് പൂര്‍ണമായും വിശ്വാസയോഗ്യമല്ലെന്ന് തീര്‍ച്ചയായും വാദിക്കാമെന്ന് നാം കണ്ടതാണ്. അതിനാല്‍ മനുഷ്യന്റെ ജ്ഞാനേന്ദ്രിയങ്ങളെയോ ബൗദ്ധികശേഷിയെയോ യാഥാര്‍ഥ്യമറിയാനുള്ള ആത്യന്തിക മാനദണ്ഡങ്ങളായി സ്വീകരിക്കാന്‍ കഴിയില്ല. കൂടാതെ മനുഷ്യനെ ചില കപടയുക്തികള്‍ ആവര്‍ത്തിച്ച് പറയുന്നതിലൂടെ യാഥാര്‍ഥ്യബോധത്തില്‍നിന്നും കബളിപ്പിക്കാനും കഴിയുന്നു. ഭൂമിയുടെ ശരിയായ ആകൃതി പരന്നതാണെന്നും നാസ അടക്കമുള്ള ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ എന്തിനൊക്കെയോ വേണ്ടി മനുഷ്യരെ ഒന്നടങ്കം വഞ്ചിക്കുകയാണെന്നും ചില അന്യഗ്രഹ ജീവികളാണ് ലോകം ഭരിക്കുന്നതെന്നും തുടങ്ങി ചുറ്റുപാടുകള്‍ തന്നെ യാഥാര്‍ഥ്യമല്ലെന്നും എല്ലാം മിഥ്യയാണെന്നുംവരെ വിശ്വസിക്കുന്ന മനുഷ്യരുണ്ട്. ഇത് തെളിയിക്കുന്നത് ചില സന്ദേഹവാദങ്ങളെ മനുഷ്യനില്‍ ആവര്‍ത്തിച്ച് കുത്തിവെച്ചാല്‍ യാഥാര്‍ഥ്യബോധത്തില്‍നിന്നും അവരെ വ്യതിചലിപ്പിക്കാന്‍ കഴിയുമെന്നാണ്. നിരീശ്വരവാദം മനുഷ്യനിലേക്ക് ഇന്‍ജക്റ്റ് ചെയ്യപ്പെടുന്നതും സമാന മനഃശാസ്ത്രം ഉപയോഗിച്ചുതന്നെയാണ്. അഥവാ യുക്തിവാദമെന്ന പേരില്‍ ചില ദുര്‍ബല ന്യായങ്ങളും അബദ്ധവാദങ്ങളും ആവര്‍ത്തിച്ച് കുത്തിവെക്കുന്നതില്‍നിന്നു മാത്രമാണ് ദൈവനിഷേധികള്‍ ഉണ്ടാകുന്നത്. ചരിത്രപരമായി ഒരു നാസ്തിക ഭൂരിപക്ഷ നാഗരികതയോ സംസ്‌കാരമോ ഇല്ലാതിരുന്നതിന്റെ അടിസ്ഥാന കാരണവും അതാണ്.
ദൈവാസ്തിത്വത്തെ സംബന്ധിച്ച ബോധ്യം മനുഷ്യന്റെ യഥാര്‍ഥ്യബുദ്ധിയില്‍നിന്നും ഉണ്ടാകുന്നതാണ് എന്നതുകൊണ്ടുതന്നെ കൃത്രിമമായ പ്രോപ്പഗണ്ടകള്‍ മനുഷ്യനില്‍ പയറ്റിയല്ലാതെ നാസ്തികരെ ഉണ്ടാക്കാന്‍ പറ്റില്ല. ഇന്റര്‍നെറ്റിന്റെ വ്യാപനം വലിയതോതിലുള്ള മതപരിത്യാഗത്തിനും നാസ്തിക മുന്നേറ്റങ്ങള്‍ക്കും കാരണമാകുന്നുവെന്ന് വലിയവായില്‍ വീമ്പുപറയുന്ന നിരീശ്വര ബുദ്ധിജീവികള്‍ വാസ്തവത്തില്‍ ഇതിന്റെ മനഃശാസ്ത്ര യാഥാര്‍ഥ്യം അറിയാത്തവര് കൂടിയാണ്. ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്ന വലിയൊരു ശതമാനത്തെ ആ ചിന്താഗതിയിലേക്ക് എത്തിച്ചത് യൂട്യൂബ് വീഡിയോകള്‍ ആണെന്നാണ് പ്രൊഫ. ആഷ്‌ലി ലാന്‍ഡ്യത്തിന്റെ നേതൃത്വത്തില്‍ നടന്ന പഠനങ്ങള്‍ പറയുന്നത്.(15) യൂട്യൂബ് മാത്രമല്ല പൊതുവില്‍ സോഷ്യല്‍ മീഡിയകളില്‍നിന്നുണ്ടാകുന്ന പ്രധാന ആധുനിക പ്രതിസന്ധി അവയുപയോഗിച്ച് പ്രചരിപ്പിക്കപ്പെടുന്ന വ്യാജവാര്‍ത്തകളും പ്രോപ്പഗണ്ടകളുമാണ്. ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിച്ച് യാഥാര്‍ഥ്യത്തില്‍ വിശ്വാസമില്ലാത്ത മന്ദബുദ്ധികള്‍ സൃഷ്ടിക്കപ്പെടുന്നപോലെ മാത്രമെ നാസ്തികരും ഉണ്ടാകുന്നുള്ളൂ. പ്രത്യേകിച്ച് വലിയ സാമ്പത്തിക പിന്തുണകൂടി ഉണ്ടെങ്കില്‍ സ്‌റ്റേജ് കെട്ടിയും വീഡിയോ പിടിച്ചും യൂട്യൂബ് ചാനല്‍ തുടങ്ങിയും ഏത് സമൂഹത്തിന് ഇടയിലേക്കും ഈ രീതിക്ക് സംശയ ചിന്തകളെ ഇന്‍ജക്റ്റ് ചെയ്യാനാകും.
കേരളത്തില്‍ പല പേരുകളിലും അറിയപ്പെടുന്ന നാസ്തിക പ്രചാരണ സംഘങ്ങളുടെ നിലവാരവും ഇതൊക്കെത്തന്നെയാണ്. ഇന്റര്‍നെറ്റ് എന്ന ആധുനിക സംവിധാനത്തെ ഉപയോഗിച്ച് ഗുഢാലോചനാസിദ്ധാന്തക്കാര്‍ യാഥാര്‍ഥ്യലോകത്തെ സംബന്ധിച്ച് സാധാരണക്കാരില്‍ സംശയമുണ്ടാക്കുകയും മന്ദബുദ്ധികളെ നിര്‍മിക്കുകയും ചെയ്യുന്നപോലെത്തന്നെയാണ് ചില ആവര്‍ത്തിച്ചുള്ള നുണപ്രചാരണങ്ങളിലൂടെ ഈ നാസ്തികസംഘങ്ങള്‍ കുറച്ച് ദൈവസംശയരോഗികളെ ഉണ്ടാക്കുന്നത്. മനുഷ്യന്റെ ബൗദ്ധികശേഷിയെ കബളിപ്പിക്കാമെന്നതിന് വ്യക്തമായ കുറച്ച് ഉദാഹരണങ്ങളാണിവ. ഇബ്‌നു തൈമിയ്യയുടെ അഭിപ്രായത്തില്‍ തെറ്റാകാവുന്ന, എന്നാല്‍ ആര്‍ജിച്ചെടുക്കുന്ന അറിവെന്ന് ഇതിനെ പറയാം. സകല അറിവുകളും ആശ്രയിച്ച് നിലനില്‍ക്കുന്ന യാഥാര്‍ഥ്യത്തെ സംബന്ധിച്ച മനുഷ്യന്റെ പ്രാഥമികവും നൈസര്‍ഗികവുമായ അറിവാണ് ഏറ്റവും ആധികാരികമായതെന്നും ഇബ്‌നു തൈമിയ്യ പറയുന്നു. അത്തരം പ്രാഥമിക യുക്തികള്‍ക്ക് ആര്‍ജിച്ചെടുക്കുന്ന ദുര്‍ബലമായ ഒരു തെളിവിന്റെയും പിന്‍ബലവും ആവശ്യമില്ല. ഫിത്വ്‌റിയ്യായ അറിവ് എന്ന് ഇതിനെ അദ്ദേഹം വിശേഷിപ്പിക്കുന്നു. പ്രാഥമികമായ ഈ ബോധത്തില്‍നിന്നല്ലാതെ മനുഷ്യന് യാതൊന്നിനെയും ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ കഴിയില്ല. ഇവയ്ക്കുള്ള ചില ഉദാഹരണങ്ങള്‍ നോക്കാം:
(A) യാഥാര്‍ഥ്യത്തിനുള്ള തെളിവ്
യാഥാര്‍ഥ്യമെന്ന് നാം അനുഭവിക്കുന്ന കാര്യങ്ങള്‍ക്ക് എന്താണ് തെളിവെന്നു ചോദിച്ചാല്‍ ഒന്നുമില്ലെന്നതാണ് വാസ്തവം. തലച്ചോറിലേക്ക് ലഭിക്കുന്ന ചില രൂപത്തിലുള്ള വിവരങ്ങള്‍ മാത്രമാണ് നമ്മുടെ അനുഭവങ്ങളെ നിര്‍മിക്കുന്നത്. അത് യാഥാര്‍ഥ്യത്തില്‍നിന്നും നമുക്ക് നേര്‍ക്കുനേരെ ലഭിക്കുന്നതോ അതല്ലെങ്കില്‍ കൃത്രിമമായി മസ്തിഷ്‌കത്തിന് നല്‍കപ്പെടുന്നതോ ആകാം. ചിലപ്പോള്‍ എല്ലാം ആഴത്തിലുള്ള ഒരു സ്വപ്‌നാവസ്ഥയാകാം. അതുമല്ലെങ്കില്‍ ഉയര്‍ന്ന ബുദ്ധിവൈഭവമുള്ള ചില നാഗരിക ജീവികള്‍ കമ്പ്യൂട്ടര്‍ സിമുലേഷനുകള്‍ക്കകത്ത് നിര്‍മിച്ച ഒരു കൃത്രിമ ബുദ്ധി മാത്രമാകാം നാം. ഇങ്ങനെ നിരവധി സാധ്യതകള്‍ ഉണ്ടെന്നിരിക്കെ അവയൊന്നും ശരിയല്ലെന്നും ചുറ്റുപാടുകളെ സംബന്ധിച്ച അറിവുകള്‍ യാഥാര്‍ഥ്യമാണെന്നും നാം കരുതുന്നത് തെളിവുകളെ ആശ്രയിച്ചല്ല. മറിച്ച് അത് പ്രാഥമികവും നൈസര്‍ഗികവുമായ യുക്തിയാണ്. അതില്‍ നിന്നുകൊണ്ടേ പിന്നെ അറിവ് ആര്‍ജിക്കാന്‍ പോലും മനുഷ്യന് കഴിയൂ.
(B) സംശയിക്കാനുള്ള തെളിവ്
സര്‍വതിനെയും സംശയിക്കണം എന്ന സന്ദേഹവാദ യുക്തിയനുസരിച്ച് ഈ നിലപാടിനെ സ്വയം തന്നെയും സംശയിക്കാമല്ലോ. അതായത് എന്തിനുവേണ്ടി സംശയിക്കണം? സംശയിക്കുന്നത് യാഥാര്‍ഥ്യമറിയാനാണ്! എന്നാല്‍ വസ്തുനിഷ്ഠമായ മറ്റൊരു യാഥാര്‍ഥ്യം ഉണ്ട് എന്നതിന് എന്തു തെളിവാണ് പറയാന്‍ കഴിയുക? അഥവാ സംശയിക്കുകയെന്ന നിലപാട് തന്നെ അതിലൂടെ അറിയാനുള്ള യാഥാര്‍ഥ്യമുണ്ടെന്ന അനുമാനത്തില്‍നിന്നുണ്ടാകുന്നതാണ്. ആ അനുമാനത്തിന് സ്വയം തെളിവില്ലതാനും. അപ്പോള്‍ സംശയവാദത്തിനുതന്നെ തെളിവുകള്‍ക്കന്യമായ ഒരടിസ്ഥാന വിശ്വാസം അനിവാര്യമാണ്.
(C) സ്വയമുള്ള വിശ്വാസം
നിങ്ങളാരാണെന്ന സ്വയംബോധം സ്വന്തം മസ്തിഷ്‌കത്തിന്റെതന്നെ അറിവുകളും ഓര്‍മകളുമാണ്. മസ്തിഷ്‌കപരമായ ഈ വിവരങ്ങളെ ഏതെങ്കിലും തരത്തില്‍ പുനഃക്രമീകരിക്കുന്നതുകൊണ്ട് വ്യക്തിയുടെ ആത്മബോധത്തെ തന്നെ കബളിപ്പിക്കാനാകും. ഇങ്ങനെ നിങ്ങള്‍ ആരാണെന്ന സ്വയംബോധം തന്നെ മിഥ്യയാകാന്‍ സാധ്യതയുണ്ടെന്നിരിക്കെ അത് മിഥ്യയല്ലെന്ന് എപ്പോഴും കരുതുന്നത് ഒരു തെളിവിനെയും ആശ്രയിച്ചല്ല.
(D) മറ്റുള്ളവരിലുള്ള വിശ്വാസം
നമുക്ക് സമാനമായ ബോധമുള്ള (Conscious) വ്യക്തികള്‍തന്നെയാണ് മറ്റുള്ളവരുമെന്ന അറിവ് ഒരിക്കലും തെളിവുകളെ ആശ്രയിച്ചുള്ള ഒന്നല്ല. കാരണം ബോധം സ്വയം അനുഭവിക്കാന്‍ കഴിയുന്ന ഒന്നു മാത്രമാണ്. മറ്റൊരാളുടെ ബോധം നമുക്കനുഭവിക്കാനോ തെളിയിക്കാനോ കഴിയില്ല.
(E) പാപത്തിന്റെ തെളിവ്
പരസ്പരബന്ധമില്ലാതെ കിടക്കുന്ന ഏതൊരു നാഗരികതയുടെ ചരിത്രമെടുത്തു നോക്കിയാലും മോഷണവും കൊലയും പാപമാണെന്ന പൊതുധാരണ അവര്‍ക്കിടയിലെല്ലാം നിലനിന്നിരുന്നതായി കാണാം. അഞ്ചു വയസ്സുള്ളൊരു കൊച്ചിനെ കൊല്ലുന്നത് ശരിയാണോയെന്നു ചോദിച്ചാല്‍ ഏത് രാഷ്ട്രക്കാരനും സംശയലേശമന്യെ ശരിയല്ലെന്നു തന്നെ പറയും. ഈ പാപ-പുണ്യ ചിന്ത മനുഷ്യന്റെ നൈസര്‍ഗിക ബോധമായതുകൊണ്ടാണ് അങ്ങനെ.
(F) ലോജിക്കിലുള്ള വിശ്വാസം
ഏതൊരു കാര്യത്തെയും മനുഷ്യന്‍ അംഗീകരിക്കുന്നതുതന്നെ ലോജിക്കുമായി തട്ടിച്ചുനോക്കിയാണ്. എന്നാല്‍ ഈ യുക്തി വാസ്തവമായിരിക്കണം എന്നതിന് തെളിവൊന്നും പറയാന്‍ കഴിയില്ല. ഉദാഹരണത്തിന്, മൂന്നുകോടി പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്ത് നിലനില്‍ക്കുന്ന ഒരു ഗ്രഹത്തില്‍ ഒന്നും ഒന്നും കൂടിച്ചേര്‍ന്നാല്‍ രണ്ടാകുന്നതിന് പകരം മൂന്നാകും എന്ന് ആരെങ്കിലും വാദിച്ചാല്‍ അത് തെറ്റാണെന്ന് സ്വാഭാവികമായും തന്നെ നമ്മള്‍ തീര്‍പ്പിലെത്തും. അവിടെ ത്രികോണങ്ങള്‍ക്ക് ചതുര്‍ഭുജം ആണെന്നു വാദിച്ചാലും നാം അത് നിഷേധിക്കും. ഇത് പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്തെ ഗണിതശാസ്ത്ര സ്വഭാവം നേരിട്ടു നിരീക്ഷിക്കുന്നതില്‍ നിന്നെത്തുന്ന തീര്‍പ്പല്ല. മറിച്ച് പ്രാഥമിക യുക്തിയാണ്. അതിന് തെളിവിന്റെ ആവശ്യമില്ല.
ആര്‍ജിച്ചെടുക്കുന്ന ഒരു തെളിവും ഇല്ലാതെയും എന്നാല്‍ സകലതിനെയും ഉള്‍ക്കൊള്ളാന്‍ പ്രാഥമികമായി മനുഷ്യന്‍ അംഗീകരിച്ചിരിക്കേണ്ടതുമായ യുക്തിക്ക് ഉദാഹരണങ്ങളാണ് മുകളില്‍ പറഞ്ഞവ. ഇല്‍മുദ്ദരൂരി എന്ന് ഇബ്‌നുതൈമിയ്യ വിശേഷിപ്പിക്കുന്നത് ഇതിനെയാണ്. മനുഷ്യനില്‍ പ്രാഥമികവും നൈസര്‍ഗികവുമായി അടങ്ങിയിട്ടുള്ള ഈ അടിസ്ഥാനബോധത്തെ ഉള്‍ക്കൊള്ളാതെ യുക്തിചിന്ത സാധ്യമല്ല. ദൈവാസ്തിത്വത്തെ സംബന്ധിച്ച അറിവും ബോധവും ഈ രീതിക്ക് തന്നെ മനുഷ്യനില്‍ ഉള്ളടങ്ങിയ നൈസര്‍ഗികതയാണ്. അതിനാല്‍ പുറത്തുനിന്നും ആര്‍ജിച്ചെടുക്കുന്നതോ ബാഹ്യമായ തെളിവുകള്‍കൊണ്ട് തെളിയിക്കപ്പെടേണ്ടതോ അല്ല ദൈവം, മറിച്ച് ദൈവം സ്വയം തന്നെ തെളിവാണെന്ന (ദലീല്‍) അഭിപ്രായം അദ്ദേഹം പങ്കുവെക്കുന്നു.
മുകളില്‍ മനുഷ്യന്റെ നൈസര്‍ഗികമായ ബോധത്തിന് പറഞ്ഞ ഉദാഹരണങ്ങള്‍ നിരീക്ഷിച്ചാല്‍ അവ യാഥാര്‍ഥ്യങ്ങള്‍ക്കനുസരിച്ച് മനുഷ്യരില്‍ നിലനില്‍ക്കുന്ന ബഹിസ്ഫുരണങ്ങളാണെന്ന് (Meaningfal Representation of Realtiy) മനസ്സിലാകും. സകല പ്രപഞ്ചത്തിന്റെയും സൃഷ്ടിപ്പിലും സംവിധാനത്തിലും ദൈവത്തിന്റെ ഉദ്ദേശ്യമുണ്ടെന്ന ബോധവും സമാനമായ യാഥാര്‍ഥ്യബോധവും പ്രാഥമിക ബുദ്ധിയുമാണ്. ചരിത്രത്തില്‍ മനുഷ്യനാഗരികതകള്‍ ഏതെടുത്തു പരിശോധിച്ചാലും അവര്‍ ഒരു ദൈവത്തില്‍ വിശ്വസിച്ചവരായിരുന്നു എന്നുകാണാം. മനുഷ്യരില്‍ ഒന്നടങ്കം ഉള്ളടങ്ങിയിട്ടുള്ള ദൈവബോധത്തിന്റെ തെളിവാണിതെന്നാണ് ഇബ്‌നുതൈമിയ്യ നിരീക്ഷിക്കുന്നത്. ആധുനികശാസ്ത്രം ഈ ചിന്തകളെ കൂടുതല്‍ ശരിവെക്കുകയും ചെയ്യുന്നു. ദൈവം ഇല്ലെന്നാണ് നാസ്തികവാദമെങ്കില്‍ നാസ്തികര്‍ തന്നെയില്ലെന്നാണ് ശാസ്ത്രം തെളിയിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ഈ രംഗത്തെ പഠനം
പ്രശസ്തമാണ്. മനുഷ്യനില്‍ ഒന്നടങ്കം ദൈവാസ്തിത്വത്തിലുള്ള ബോധം നൈസര്‍ഗികമായി കാണപ്പെടുന്നതാണെന്നും അത് മനുഷ്യന്റെ തന്നെ പ്രാഥമിക യുക്തിയാണെന്നുമാണ് പഠനം തെളിയിക്കുന്നത്.(16)
ഓക്‌സിടോസിന്‍ ഹോര്‍മോണുകളുടെ ഉല്‍പാദനം മനുഷ്യനില്‍ ആത്മീയബോധത്തെ സൃഷ്ടിക്കുന്നതിനെ സംബന്ധിച്ച ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയുടെ പഠനമുണ്ട്.(17) നൈസര്‍ഗികമായ യുക്തിക്കനുസരിച്ച് ചിന്തിക്കുന്നത് (Intuitive Thinking) ദൈവവിശ്വാസത്തെ ശക്തിപ്പെടുത്തുന്നുവെന്നാണ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി മനഃശാസ്ത്ര വിഭാഗത്തിന്റെ നിരീക്ഷണം.(18) തീര്‍ത്തും ആന്തരികമായ പ്രാഥമികബുദ്ധി ദൈവവിശ്വാസമുള്‍ക്കൊള്ളുന്നതാണെന്ന് ഇതെല്ലാം തെളിയിക്കുന്നു. പ്രയാസഘട്ടങ്ങളിലും പ്രതിസന്ധികളിലും സ്വാഭാവികമായും മനുഷ്യന്‍ ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നതാണ് അംഗീകരിക്കപ്പെടുന്ന മറ്റൊരു വസ്തുത. മരണത്തെ സംബന്ധിച്ച ചിന്ത മനുഷ്യനില്‍ ദൈവാസ്തിത്വത്തിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതായി പറയുന്ന നിരവധി പഠനങ്ങളുണ്ട്. ദൈവവിശ്വാസംകൊണ്ട് ആശ്വസിപ്പിക്കപ്പെടുന്ന മനുഷ്യമനഃശാസ്ത്രത്തെയാണ് വാസ്തവത്തില്‍ മനുഷ്യനെ മയക്കുന്ന കറുപ്പാണ് മതമെന്നതുകൊണ്ട് കാള്‍മാര്‍ക്‌സ് ഉദ്ദേശിക്കുന്നത്. ജീവിത ദുരിതങ്ങളില്‍ മനുഷ്യന്‍ സ്വാഭാവികമായിത്തന്നെ ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. നൈസര്‍ഗികമായിത്തന്നെ മനുഷ്യനില്‍ ആശ്വാസമായി ദൈവവിശ്വാസം പ്രവര്‍ത്തിക്കുന്ന ഈ പ്രകൃതത്തെ മനസ്സിലാക്കിയതുകൊണ്ടാണ് കാള്‍മാര്‍ക്‌സ് മതത്തെ ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമെന്നും ആത്മാവില്ലാത്ത അവസ്ഥയിലെ ആത്മാവെന്നും വിശേഷിപ്പിച്ചത്. മതവുമായി ബന്ധപ്പെട്ട മനുഷ്യന്റെ സാമൂഹ്യ മനഃശാസ്ത്രത്തെ കേന്ദ്രമാക്കിയുള്ള ഓക്‌സ്‌ഫോര്‍ഡ് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡോ. ജസ്റ്റിന്‍ ബാരറ്റ് (Justin Barret) ദി ബോണ്‍ ബിലീവേഴ്‌സ് (The Born Believers) എന്ന പേരില്‍ ഒരു പുസ്തകം കൂടി രചിച്ചിട്ടുണ്ട്. മനുഷ്യന്‍ ജന്മനാതന്നെ ദൈവവിശ്വാസമുള്‍ക്കൊള്ളുന്ന ജീവിയാണെന്നാണ് തെളിവുസഹിതം അദ്ദേഹം ഇതില്‍ സമര്‍ഥിക്കുന്നത്.
അദ്ദേഹം എഴുതുന്നത് നോക്കുക: “That belief in god begins in childhood and typically continues into adulthood places it in the same class as believing in gravtiy, the continutiy of time, the predictabiltiy of natural laws.”
”ഗ്രാവിറ്റിയിലും സമയത്തിന്റെ മുന്നോട്ടുള്ള ചലനത്തിലും പ്രകൃതി നിയമങ്ങളുടെ സ്ഥിരതയിലും വിശ്വസിക്കുന്നപോലെത്തന്നെ ദൈവാസ്തിത്വത്തിലുള്ള അറിവ് ശൈശവത്തിലേ തുടങ്ങുന്നു.”
ജനിച്ചിട്ട് ഏതാനും ദിവസങ്ങള്‍ മാത്രം കഴിഞ്ഞ ഒരു കുഞ്ഞിന്റെ അടുത്തുനിന്ന് എന്തെങ്കിലും ശബ്ദമുണ്ടാക്കി നോക്കുക. കുഞ്ഞ് ആ ശബ്ദത്തിന്റെ ഉറവിടം അന്വേഷിക്കുന്നതായി കാണാം. ആ ശബ്ദത്തിന് പിന്നിലൊരു കാരണവും അതിനൊരു ഉല്‍പത്തി കേന്ദ്രവും ഉണ്ടാകണമെന്ന അറിവ് കുഞ്ഞില്‍ നൈസര്‍ഗികമായിത്തന്നെ ഉള്ളതുകൊണ്ടാണത്. യാഥാര്‍ഥ്യങ്ങളെ സംബന്ധിച്ച ഈ അടിസ്ഥാന ബോധ്യങ്ങളെ പോലെത്തന്നെയാണ് ദൈവാസ്തിത്വവും. അത് മനുഷ്യന്റെ പ്രാഥമികമായ അറിവും നൈസര്‍ഗിക യുക്തിയുമാണ്. ദൈവാസ്തിത്വത്തെ തെളിയിക്കുന്ന മറ്റു തത്ത്വശാസ്ത്രപരമായ വാദങ്ങളെല്ലാം ഈ അടിസ്ഥാനയുക്തിക്ക് ഉപോല്‍ബലകമായി നിലനില്‍ക്കുന്നവ മാത്രമാണെന്നാണ് ഇബ്‌നു തൈമിയ്യ(റഹി)യുടെ അഭിപ്രായം. അതിനാല്‍ ആ നിലയ്ക്ക് അവയെ ഉപയോഗിക്കാവുന്നതുമാണ്. ഇബ്‌നു തൈമിയ്യയാണ് ഈ രീതിക്ക് യുക്തിപരമായി ദൈവം വ്യക്തമാണെന്ന് അഭിപ്രായപ്പെട്ടതെങ്കിലും ഇത് കേവലം അദ്ദേഹത്തിന്റെതായ നിര്‍മിതിയല്ല. മറിച്ച് മനുഷ്യന്റെ ശുദ്ധപ്രകൃതം ഏകദൈവ ബോധത്തില്‍ അധിഷ്ഠിതമാണെന്ന ചിന്ത ഇസ്‌ലാമിക അധ്യാപനങ്ങളുടെ തന്നെ ഭാഗമാണുതാനും. മനുഷ്യരെല്ലാം ജനിക്കുന്നത് ശുദ്ധപ്രകൃതിയിലാണെന്നും അവര്‍ വ്യത്യസ്ത ആശയക്കാരാകുന്നത് സോഷ്യല്‍ കണ്ടീഷനിങ് വഴിയാണെന്നും പ്രവാചകന്‍ വിശദീകരിക്കുന്ന ഹദീഥുണ്ട്.(19) ‘അല്‍ഫിത്വ്‌റ’ എന്നാണ് ഈ നൈസര്‍ഗികാവസ്ഥയെ ഇസ്‌ലാം വിശേഷിപ്പിക്കുന്നത്. ഇസ്‌ലാം സ്വയംതന്നെയും മനുഷ്യന്റെ ശുദ്ധപ്രകൃതിയുടെ ഭാഗമാണെന്ന് പഠിപ്പിക്കുന്നു; അതിലേക്ക് ക്ഷണിക്കുന്നു.
”ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ച് നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷേ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.”(20)
ഈ പ്രാഥമികവും നൈസര്‍ഗികവുമായ യുക്തിയെയും ഫിത്‌റയെയും നിഷേധിക്കുന്നത് സ്വയം നിഷേധിക്കുന്നതിന് തുല്യമാണ്. കാരണം പ്രാഥമികമായ യുക്തിബോധത്തെ നിഷേധിച്ചുകൊണ്ട് ഒരു ജ്ഞാനാന്വേഷണംതന്നെ സാധ്യമല്ല. അത്തരമൊരു നിലപാട് അങ്ങേയറ്റത്തെ അപഹാസ്യതയാണുതാനും. അതിനാല്‍ റാഡിക്കല്‍ സ്‌കെപ്ടിസിസത്തിന്റെ കേവല മസ്തിഷ്‌ക സര്‍ക്കസുകള്‍ കൊണ്ട് പോലും നിഷേധിക്കാന്‍ കഴിയാത്തവണ്ണം ദൈവാസ്തിത്വം വ്യക്തമാണ്.
ശാഹുല്‍ പാലക്കാട്
നേർപഥം വാരിക