സന്ദേഹവാദവും ഇസ്‌ലാമിക ജ്ഞാനമാര്‍ഗരീതിയും

ദൈവാസ്തിത്വത്തെ നിരാകരിക്കാന്‍ തെളിവുകള്‍ ഒന്നുമില്ലെന്നു സമ്മതിക്കേണ്ടിവരികയും എന്നാല്‍ ദൈവത്തിന്റെ അസ്തിത്വം സംശയാസ്പദം തന്നെയാണെന്ന് വാദിക്കുകയും ചെയ്യുന്ന നാസ്തിക സമാനമായ ഒരു ചിന്തയായാണ് പൊതുവില്‍ ആധുനികലോകത്ത് സന്ദേഹവാദത്തെ ഉപയോഗിക്കുന്നത്. എന്നാല്‍ ദൈവത്തിന്റെ കാര്യത്തില്‍ മാത്രം സെലക്ടീവായി പ്രകടിപ്പിക്കപ്പെടുന്ന ഒരുതരം പ്രത്യേക സംശയസ്വഭാവംതന്നെ സംശയിക്കപ്പെടേണ്ടതാണ്. ഞങ്ങള്‍ നാസ്തികരെപ്പോലെ അന്ധമായ ദൈവനിഷേധം പറഞ്ഞുനടക്കുന്നവരല്ലെന്ന് പറയുന്നതിലൂടെ നിഷ്പക്ഷരെന്ന പൊതുബോധം ഉണ്ടാക്കുകയും അതിന്റെ മറവില്‍തന്നെ ദൈവത്തെ നിരാകരിക്കുകയും ചെയ്യുന്ന ഒരു പൊതുനിലപാടാണ് സന്ദേഹവാദമെന്ന പേരില്‍ പലരും കൊണ്ടുനടക്കുന്നതായി കണ്ടിട്ടുള്ളത്. വാസ്തവത്തില്‍ ദൈവാസ്തിത്വത്തെ സംശയിക്കാമെന്ന പേരില്‍ ഉന്നയിക്കപ്പെടുന്ന ജ്ഞാനശാസ്ത്രവാദങ്ങള്‍ (epistemic arguments) തിരിച്ചുപയോഗിച്ചാല്‍ ദൈവത്തെ മാത്രമല്ല മനുഷ്യാസ്തിത്വത്തെ പോലും കാര്യമായി സംശയിക്കാം. അതിലേക്ക് കടക്കുംമുമ്പ് സന്ദേഹവാദത്തിന്റെ ചരിത്രപരമായ പ്രകൃതവും നിലവാരവും പരിശോധിക്കാം.
സന്ദേഹവാദം
സംശയത്തോടെ മാത്രം അറിവുകളെ സ്വീകരിക്കുകയെന്ന പൊതുനിലപാടാണ് അടിസ്ഥാനപരമായി സന്ദേഹവാദം. ലോകത്തെ സംബന്ധിച്ച ശരിയായ അറിവാണ് മനുഷ്യന് ലഭിക്കുന്നത് എന്ന് പറയാന്‍ കഴിയില്ലെന്നു പറഞ്ഞ് തുടങ്ങുന്ന ഗ്രീക്ക് തത്ത്വചിന്തകര്‍ സ്വന്തം ജ്ഞാനേന്ദ്രിയങ്ങളെ പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് ഒരു കാര്യത്തിലും പൂര്‍ണമായ ഒരു ശരിയെ മനസ്സിലാക്കാന്‍ കഴിയില്ലെന്നുമുള്ള തീവ്രസന്ദേഹവാദത്തില്‍ എത്തുന്നു. SKEPTIKOS എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് സന്ദേഹവാദിയെന്ന അര്‍ഥം വരുന്ന SKEPTIC എന്ന പദത്തിന്റെ ഉല്‍പത്തി. അതിനാല്‍തന്നെ ഒരിക്കലും തൃപ്തിയാവാത്ത സംശയങ്ങളോടെ സകലതിനെയും കാണുന്ന മനുഷ്യരെ SKEPTIC(സന്ദേഹവാദി) എന്നു വിളിക്കുന്നു.
സന്ദേഹവാദത്തിന്റെ ചരിത്രഗതി പരിശോധിച്ചാല്‍ ദൈവത്തെ എന്നല്ല ഒന്നിലും പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ലെന്ന തീര്‍പ്പിലേക്കാണ് അതെത്തുന്നത് എന്നു കാണാം. എന്നിട്ടും ദൈവത്തെ മാത്രം വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്ന വാദത്തിന് ന്യായമായി സന്ദേഹവാദത്തെ ഉപയോഗിക്കുന്നതുകൊണ്ടാണ് അതൊട്ടും സത്യസന്ധമല്ലെന്നും സെലക്ടീവ് ആണെന്നും പറയുന്നത്.
ഇനി സന്ദേഹവാദത്തിന്റെ തീവ്രതയില്‍തന്നെ ലോകത്തെ സംബന്ധിച്ച് ചിന്തിച്ചുനോക്കുക. നമുക്ക് ലഭിക്കുന്ന അറിവുകളൊക്കെ വാസ്തവത്തില്‍ യഥാര്‍ഥമാണോ? ലഭിക്കുന്ന ഏതൊരു അറിവും നമ്മുടെതന്നെ ജ്ഞാനേന്ദ്രിയങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. എന്നാല്‍ ഇവയൊന്നും നല്‍കുന്നത് പ്രപഞ്ചത്തെ സംബന്ധിച്ച യഥാര്‍ഥ രൂപങ്ങളല്ല എന്നത് ഇന്ന് പൊതുവില്‍ അംഗീകൃതമായ ശാസ്ത്രസത്യമാണ്. ഉദാഹരണത്തിന് നിങ്ങളുടെ കണ്ണിന്റെ കാര്യംതന്നെയെടുക്കുക. അതുപയോഗിച്ച് നിങ്ങള്‍ ഈ ലോകത്തെ മുഴുവന്‍ കാണുന്നു. എന്നാല്‍ ചുറ്റുപാടുകളെ ഒരു പ്രത്യേക രീതിയില്‍ കാണുന്നത് അതീജീവനത്തിന് സഹായിക്കും എന്നതുകൊണ്ട് പരിണാമപരമായി രൂപപ്പെട്ടുവന്ന ഒന്നു മാത്രമാണത്. മറിച്ച് ശുദ്ധജലത്തെ മഞ്ഞനിറത്തില്‍ കാണുന്നത് ഏതെങ്കിലും തരത്തില്‍ പരിണാമപരമായി അതിജീവനത്തെ സഹായിക്കുമായിരുന്നുവെങ്കില്‍ നാം ഇന്ന് ജലത്തെ കാണുന്നത് മഞ്ഞനിറത്തിലായിരിക്കാം. പക്ഷികളടക്കമുള്ള മറ്റു ജീവികളുടെ കാര്യമെടുത്താല്‍ അവയുടെ കണ്ണിലൂടെ കാണുന്ന ലോകം നാം കാണുന്നതില്‍നിന്നും തികച്ചും വ്യത്യസ്തമായ നിറത്തിലാണ്.(2) അപ്പോള്‍ നാം അനുഭവിക്കുന്ന കാഴ്ച വസ്തുനിഷ്ഠമായ യാഥാര്‍ഥ്യമാണെന്ന് കരുതുന്നതില്‍ ഒരര്‍ഥവുമില്ല. നിറത്തിന്റെ കാര്യം മാത്രമല്ല, വസ്തുവിന്റെ രൂപത്തെയും പ്രകൃതത്തെയുമൊക്കെ സംബന്ധിച്ച് മനുഷ്യനേത്രം തെറ്റായ വിവരങ്ങള്‍ മസ്തിഷ്‌കത്തിന് നല്‍കാം. ഇത് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍സ് എന്ന് അറിയപ്പെടുന്നു.(3)
മറ്റുജ്ഞാനേന്ദ്രിയങ്ങളുടെ കാര്യവും ഇങ്ങനെത്തന്നെ. കൈകാലുകള്‍ തണുത്തിരിക്കുന്ന അവസ്ഥയില്‍ ഒരു നിശ്ചിത താപനിലയിലുള്ള വസ്തുവിനെ തൊട്ടാല്‍ അത് ചൂടുള്ളതായാകും അനുഭവപ്പെടുക. മറിച്ച് അതേ താപനിലയിലുള്ള വസ്തുവിനെത്തന്നെ ശരീരത്തിന് കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന സമയത്ത് തൊട്ടാല്‍ തണുത്തതായി തോന്നും.(4) ത്വക്ക് യാഥാര്‍ഥ്യത്തെ സംബന്ധിച്ച കൃത്യമായ വിവരങ്ങളല്ല നല്‍കുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണിത്. അതുകൊണ്ട്തന്നെ ത്വക്ക് എപ്പോഴും നല്‍കുന്ന വിവരങ്ങളെയും പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ല. ഗന്ധമനുഭവിക്കാനുള്ള മൂക്കിന്റെ കഴിവിലും ഈ പരിമിതിയുണ്ട്. ഒരു പ്രത്യേക സുഗന്ധം നിറഞ്ഞ മുറിയിലേക്ക് ആദ്യമായി കയറിച്ചെല്ലുകയാണെങ്കില്‍ തീക്ഷ്ണമായിത്തന്നെ ആ ഗന്ധം അനുഭവിക്കാന്‍ കഴിയും. എന്നാല്‍ ഏറെനേരം ആ മുറിയില്‍ത്തന്നെ ചെലവഴിച്ചാല്‍ സുഗന്ധത്തിന്റെ തീക്ഷ്ണത കുറഞ്ഞുവരുന്നതായി തോന്നുകയും കാര്യമായൊരു സുഗന്ധമായി അതിനെ തോന്നാതിരിക്കുകയും ചെയ്യും. ഇങ്ങനെ ഓരോ ജ്ഞാനേന്ദ്രിയത്തിനും അതിന്റെതായ പരിമിതികളുണ്ട്. അത് തെളിയിക്കുന്നത് ഒരു ജ്ഞാനേന്ദ്രിയത്തെയും പൂര്‍ണമായ ശരിയറിയാനുള്ള ഉപാധിയായി അംഗീകരിക്കാനാവില്ലെന്നാണ്.
കുറച്ചുകൂടി തീവ്രമായ സന്ദേഹവാദത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ ചുറ്റുപാടുകള്‍ക്കുതന്നെ തെളിവില്ലെന്നു സമര്‍ഥിക്കാം! ചുറ്റുപാടുകളെ സംബന്ധിച്ച ഏതൊരു വിവരവും മസ്തിഷ്‌കത്തിലൂടെ മാത്രമാണ് മനുഷ്യനറിയുന്നത് എന്നത് പൊതുവില്‍ അംഗീകൃതമായ ശാസ്ത്രസത്യമാണ്. കാഴ്ചയും കേള്‍വിയും അടക്കമുള്ള ഏതൊരു അറിവും ഒരുതരത്തിലുള്ള ഇലക്‌ട്രോ കെമിക്കല്‍ രൂപത്തില്‍ മസ്തിഷ്‌കത്തില്‍ എത്തുക വഴിയാണ് ഈ ജ്ഞാനേന്ദ്രിയ അനുഭൂതികളെല്ലാം മനുഷ്യനുണ്ടാകുന്നത്.എങ്കില്‍ ശരിക്കും ഒരു വസ്തുവിലേക്ക് നാം നോക്കുമ്പോള്‍ കണ്ണുകൊണ്ട് പുറംലോകത്തെ കാണുകയല്ല ചെയ്യുന്നത്. മറിച്ച് നാം കാണുന്നത് നമ്മുടെ തന്നെ മസ്തിഷ്‌കം കൊണ്ടാണെന്നു പറയാം. പുറത്തെ ലോകത്തിന്റെ തന്നെ ഒരു പ്രതിബിംബം മസ്തിഷ്‌കം വായിച്ചെടുക്കുകയാണ് ചെയ്യുന്നത്. മറ്റേതൊരു ജ്ഞാനേന്ദ്രിയ അനുഭൂതിയുടെ കാര്യവും ഇങ്ങനെത്തന്നെ.
ഇനി മറ്റൊരു തരത്തില്‍ ചിന്തിച്ചുനോക്കുക; പുറത്തെ ലോകത്തെ സംബന്ധിച്ച് ഇലക്‌ട്രോ കെമിക്കല്‍ രൂപത്തില്‍ മസ്തിഷ്‌കത്തിലേക്ക് ലഭിക്കുന്ന അറിവ് കൃത്രിമമായി നിര്‍മിക്കാന്‍ കഴിഞ്ഞാലോ? അത്തരമൊരു അവസ്ഥയെയാണ് BRAIN IN A VAT എന്ന ചിന്താപരീക്ഷണം മുന്നോട്ടുവെക്കുന്നത്. അഥവാ നിങ്ങളുടെ മസ്തിഷ്‌കത്തെ ഒരു സൂപ്പര്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുകയും ഒരു പ്രത്യേക കാഴ്ചയുണ്ടാകുമ്പോള്‍ സ്വാഭാവികമായും മസ്തിഷ്‌കത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന വൈദ്യുത ഉദ്ദീപനങ്ങള്‍ കൃത്രിമമായി മസ്തിഷ്‌കത്തിന് നല്‍കുകയും ചെയ്യുന്നുവെന്ന് കരുതുക. അപ്പോള്‍ നേര്‍ക്കുനേര്‍ ഒരു വസ്തുവിനെ കാണുന്ന അതേ അനുഭവം തന്നെയായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക.(5) ഇത് കാഴ്ചയുടെ കാര്യത്തില്‍ എന്നല്ല മറ്റേതൊരു ഇന്ദ്രിയാനുഭൂതിയുടെ കാര്യത്തിലും പ്രാവര്‍ത്തികമാണ്. അഥവാ ചുറ്റുപാടുകളെ സംബന്ധിച്ച അനുഭൂതികള്‍, യാഥാര്‍ഥ്യബോധം എന്നിവയെല്ലാം ഇങ്ങനെ കൃത്രിമമായി നിര്‍മിക്കാന്‍ കഴിയും.
അപ്പോള്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ഉണ്ടാകുന്ന ഏതൊരു അനുഭവവും യാഥാര്‍ഥ്യം തെന്നയാണെന്നതിന് എന്ത് തെളിവാണുള്ളത്? ദൈവമുണ്ടോ എന്നു സംശയിക്കുംപോലെത്തന്നെ നിങ്ങളുണ്ടോയെന്ന് മറ്റാര്‍ക്കും സംശയിക്കാം. നിങ്ങള്‍ അനുഭവിക്കുകയും ജീവിക്കുകയും ചെയ്യുന്ന ലോകം യാഥാര്‍ഥ്യമാണോ എന്ന് തീര്‍ച്ചയായും സംശയിക്കാനുള്ള ന്യായങ്ങളുണ്ട്. മസ്തിഷ്‌കത്തിന് തെറ്റായ ബോധങ്ങളും മനുഷ്യന് നല്‍കാം എങ്കില്‍ അത് ശരിയായ വിവരങ്ങള്‍ തന്നെയാണ് നല്‍കുന്നത് എന്നതിന് എന്തുതെളിവാണ് നല്‍കാന്‍ കഴിയുക? കുറച്ച് അന്യഗ്രഹ ജീവികള്‍ ഒരു ജാറിനകത്ത് സൂക്ഷിച്ചിരിക്കുന്ന നിങ്ങളുടെ മസ്തിഷ്‌കത്തിലേക്ക് കൃത്രിമമായി നല്‍കപ്പെടുന്ന ഉദ്ദീപനങ്ങള്‍ മാത്രമാണ് സകല അനുഭവങ്ങളും എന്നുവാദിച്ചാല്‍ അല്ലെന്ന് എങ്ങനെയാണ് തെളിയിക്കാന്‍ കഴിയുക?
മസ്തിഷ്‌കത്തെ സംശയിക്കാം എന്നതുകൊണ്ട്തന്നെ കടുത്ത സന്ദേഹവാദികള്‍ക്ക് സ്വയം തന്നെയും സംശയം തുടരാവുന്നതാണ്. നിങ്ങള്‍ ആരാണെന്ന സ്വയംബോധം വാസ്തവത്തില്‍ മസ്തിഷ്‌കത്തില്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്ന ഒരുതരത്തിലുള്ള അറിവുകളാണല്ലോ. എന്നാല്‍ തെറ്റായ അറിവുകള്‍ മസ്തിഷ്‌കത്തിനു നല്‍കി പുനഃക്രമീകരിക്കുന്നതുകൊണ്ട് നിങ്ങള്‍ മറ്റൊരു വ്യക്തിയാണെന്ന സ്വയംബോധവും കൃത്രിമമായി നിര്‍മിക്കാം. അപ്പോള്‍ നിങ്ങള്‍ നിങ്ങള്‍ തന്നെയാണെന്ന് എല്ലായ്‌പ്പോഴും എങ്ങനെയാണ് വിശ്വസിക്കുന്നത്? മറ്റു സാധ്യതകളെ ഫാള്‍സിഫൈ ചെയ്ത് സ്വയംബോധം യാഥാര്‍ഥ്യം ആണെന്ന് എമ്പിരിക്കല്‍ എവിടെന്‍സ് സമര്‍ഥിച്ചാണോ? അല്ലേയല്ല!
മസ്തിഷ്‌കത്തെ കൃത്രിമമായി പുനഃക്രമീകരീക്കുന്നതുകൊണ്ട് തെറ്റായ വ്യക്തിബോധം ഉണ്ടാകാം എന്ന ആശയത്തെ പ്രമേയമാക്കി Total Recall എന്ന പേരില്‍ 2012ല്‍ ഒരു സിനിമ പുറത്തിറങ്ങിയിട്ടുണ്ട്. സ്വപ്‌നത്തില്‍നിന്നും യഥാര്‍ഥ ജീവിതത്തെ വേര്‍തിരിക്കാന്‍ കഴിയാത്ത അവസ്ഥയെ പ്രമേയമാക്കി 2010ല്‍ പുറത്തിറങ്ങിയ മറ്റൊരു സിനിമയാണ് യാഥാര്‍ഥ്യമെന്ന് നാം കരുതുന്ന നിത്യജീവിതാവസ്ഥകള്‍ വാസ്തവത്തില്‍ യാഥാര്‍ഥ്യംതന്നെയാണോ എന്ന സംശയബോധമാണ് ഈ സിനിമ പ്രമേയമാക്കുന്നത്. സമാനമായ ഒരു സംശയാവസ്ഥ മുസ്‌ലിം തത്ത്വചിന്തകനായ ഇമാം ഗസ്സാലി പറഞ്ഞതായിട്ടുണ്ട്.
സ്വപ്‌നം കാണുമ്പോള്‍ അത് സത്യമായും സംഭവിക്കുന്നതായിട്ടാണ് ഏതൊരു മനുഷ്യനും മനസ്സിലാക്കുന്നത്. എന്നാല്‍ ഉണരുമ്പോള്‍ അത് വെറും മിഥ്യയായിരുന്നെന്ന് ബോധ്യമാകുന്നു. പക്ഷേ, യാഥാര്‍ഥ്യമെന്ന് നിലവില്‍ കരുതപ്പെടുന്ന അവസ്ഥ മാത്രം പൂര്‍ണമായും സത്യമാണെന്നു പറയാന്‍ കഴിയുന്നത് എങ്ങനെയാണെന്നാണ് ഇമാം ഗസ്സാലി ചോദിക്കുന്നത്.(6) സ്വപ്‌നം അനുഭവിക്കുമ്പോള്‍ പൂര്‍ണമായ സത്യമെന്ന് തോന്നുന്നെങ്കിലും ഉണരുമ്പോള്‍ അത് മിഥ്യയായിരുന്നുവെന്ന് മനസ്സിലാക്കുന്നു. എങ്കില്‍ യാഥാര്‍ഥ്യമെന്ന നിലവിലെ തോന്നല്‍ മാത്രം മിഥ്യയല്ലെന്ന് എങ്ങനെ പറയാന്‍ കഴിയും? ഈ അവസ്ഥയില്‍നിന്നും കൂടുതല്‍ യഥാര്‍ഥമായ മറ്റൊരവസ്ഥയിലേക്ക് മനുഷ്യന്‍ പുനരെഴുന്നേല്‍പിക്കപ്പെടില്ലാ യെന്ന് എന്തിനെ അടിസ്ഥാനമാക്കി പറയും? മനുഷ്യന്‍ കമ്പ്യൂട്ടര്‍ സിമുലേഷനുകള്‍ക്കകത്തെ സൃഷ്ടികള്‍ മാത്രമാകാം എന്നതാണ് മറ്റൊരു സാധ്യത. 1999ല്‍ പുറത്തിറങ്ങിയ The Mtarix എന്ന ചിത്രം ഈ ആശയം പ്രമേയമാക്കിയുള്ളതാണ്.
സ്വീഡിഷ് ഫിലോസഫറായ നിക്ക് ബോസ്‌ട്രോമിന്റെയും ബില്യണെയര്‍ എലോണ്‍ മസ്‌കിന്റെയും അഭിപ്രായത്തില്‍ മനുഷ്യജീവിതങ്ങള്‍ ചില കമ്പ്യൂട്ടര്‍ സിമുലേഷനുകളുടെ ഭാഗം മാത്രമായിരിക്കാന്‍ സാധ്യതകള്‍ ഉണ്ടെന്നാണ്.(7) നമ്മളില്‍നിന്നും ഭൗതികമായ പുരോഗതിയിലെത്തിയ മറ്റു അന്യഗ്രഹ നാഗരികതകള്‍ നിലനില്‍ക്കാമെന്നതുകൊണ്ടുതന്നെ കമ്പ്യൂട്ടര്‍ സിമുലേഷനുകള്‍ക്കകത്ത് നമ്മുടെ ബോധത്തെ അവര്‍ക്ക് നിര്‍മിക്കാന്‍ കഴിയുകയും ചെയ്യാമായിരിക്കാം.
ഇങ്ങനെ മനുഷ്യബോധം അനുഭവിക്കുന്നതൊന്നും യാഥാര്‍ഥ്യങ്ങള്‍ അല്ലാതിരിക്കാനുള്ള നിരവധി സാധ്യതകള്‍ ബാഹ്യമായി നിലനില്‍ക്കുന്നെങ്കില്‍ അനുഭവങ്ങള്‍ യാഥാര്‍ഥ്യങ്ങള്‍ തന്നെയാണെന്നതിനെ ഒരുതരത്തിലും തെളിയിക്കാന്‍ കഴിയില്ലെന്നതാണ് ജ്ഞാനശാസ്ത്രപരമായി ഉണ്ടാകാവുന്ന പ്രധാന പരിമിതി. അപ്പോള്‍ ചുറ്റുപാടുകളെ സംബന്ധിച്ച അറിവും അനുഭവവും യാഥാര്‍ഥ്യമാണെന്ന ബോധം വാസ്തവത്തില്‍ മനുഷ്യനില്‍ നൈസര്‍ഗികമായി ഉള്ളടങ്ങിയ ഒരു വിശ്വാസം മാത്രമാണ്. അനുഭവങ്ങള്‍ മിഥ്യയാകാവുന്നതിനുള്ള നിരവധി സാധ്യതകള്‍ ബാഹ്യമായി നിലനില്‍ക്കുമ്പോള്‍തന്നെ അതിനെയൊന്നും ഖണ്ഡിച്ചോ അവ യാഥാര്‍ഥ്യമാണെന്നതിന് തെളിവ് സമര്‍ഥിച്ചോ അല്ല നാം ജീവിക്കുന്നത്.
ഇത്തരമൊരു ജ്ഞാനശാസ്ത്ര പരിമിതിക്കകത്തുനിന്ന് ഒരുതരത്തിലും യാഥാര്‍ഥ്യമെന്താണെന്നതിന് തെളിവ് കണ്ടെത്താന്‍ കഴിയില്ലെന്നത് വളരെ വൈരുധ്യാത്മകമായ ഒരുവസ്ഥ കൂടിയാണ്. അഥവാ നാം അനുഭവിക്കുന്ന ലോകം യാഥാര്‍ഥ്യം ആണെന്നതിന് ഒരു തെളിവ് പറയണമെങ്കില്‍ ആ തെളിവ് യാഥാര്‍ഥ്യം ആണെന്നതിന് മറ്റൊരു തെളിവ് സമര്‍ഥിക്കേണ്ടി വരും! അങ്ങനെ സമര്‍ഥിക്കപ്പെടുന്ന തെളിവിനും ന്യായമായി മറ്റ് തെളിവുകളുടെ സാക്ഷ്യം വേണ്ടിവരും. ഈ പ്രശ്‌നം ഇങ്ങനെ അനന്തമായി പുറകോട്ടുപോകും എന്നല്ലാതെ ആത്യന്തികമായൊരു തെളിവും ഇല്ലെന്നാകുന്നു. കാരണം അനുഭവിക്കുന്നതെല്ലാം മിഥ്യയാകാനുള്ള സാധ്യതകളുള്ളതുകൊണ്ടുതന്നെ ലഭിക്കുന്ന ഏതൊരു തെളിവിനെയും യാഥാര്‍ഥ്യമെന്നും വസ്തുനിഷ്ഠമെന്നും പറയാന്‍ കഴിയില്ല. അതുകൊണ്ട് തെളിവും സന്ദേഹത്തിന്റെ കീഴില്‍ തന്നെയാകുന്നു. ആത്യന്തികമായി ഒന്നിനെയും യാഥാര്‍ഥ്യമെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്ന പ്രധാനപ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തതായിത്തന്നെ അപ്പോള്‍ നിലനില്‍ക്കുന്നു. ഇത് ശാസ്ത്രീയമായോ തത്ത്വശാസ്ത്രമുപയോഗിച്ചോ തീര്‍പ്പിലെത്താന്‍ കഴിയാത്ത വിഷയമാണ്. അതുകൊണ്ടാണ് ചരിത്രത്തില്‍ നിരവധി സന്ദേഹവാദ പ്രസ്ഥാനങ്ങള്‍ ഉണ്ടായത്. തത്ത്വശാസ്ത്രപരമായ ഈ ന്യായങ്ങളുടെ അടിസ്ഥാനത്തില്‍ സ്വന്തത്തെയല്ലാതെ മറ്റൊന്നിനെയും പൂര്‍ണമായി അംഗീകരിക്കാനാവില്ലെന്ന തീര്‍പ്പിലെത്തിയവരാണ് ഗ്രീക് തത്ത്വചിന്തയിലെ അഹംമാത്ര വാദികള്‍ (SOLIPSISTS).
സന്ദേഹവാദത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ചുറ്റുപാടുകളിലൊന്നും വിശ്വാസമില്ലാതായ വ്യക്തിയാണ് ബി.സി 270ല്‍ ജീവിച്ചിരുന്ന ഗ്രീക്ക് ഫിലോസഫറായ പൈറോ (Pyrrho). ജ്ഞാനേന്ദ്രിയങ്ങളിലൊന്നും കാര്യമായ വിശ്വാസമില്ലാതായ പൈറോ അപകടകാരികളായ നായകള്‍ക്കും ആഴത്തിലുള്ള മലമുനമ്പുകള്‍ക്കുമെല്ലാം നേരെ സഞ്ചരിക്കുമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന്റെ തന്നെ വിദ്യാര്‍ഥികളായിരുന്നു അത്തരം അപകടാവസ്ഥകളില്‍നിന്നും പൈറോയെ തടഞ്ഞിരുന്നത്. ഒരു അറിവും സംശയത്തില്‍നിന്നും മുക്തമല്ലെന്നു മാത്രമല്ല ഒരു കാര്യവും ശരിയാണെന്ന പൂര്‍ണതീര്‍പ്പില്‍ എത്താനാവില്ലെന്നും പൈറോ വാദിച്ചു.(8) സൂര്യനുദിച്ചശേഷവും അത് രാത്രിയെന്നോ പകലെന്നോ തീര്‍പ്പാക്കാതെ നാം കിടക്കയില്‍ തന്നെ ചെലവഴിക്കണം എന്നാണോ ഇവര്‍ വാദിക്കുന്നത് എന്ന ചോദ്യമുന്നയിച്ച് ഈ പൈറോണിയന്‍ ഫിലോസഫിയെ ഗാലന്‍ പരിഹസിച്ചിട്ടുണ്ട്. മറ്റൊരു സന്ദേഹവാദിയായി അറിയപ്പെടുന്ന സോക്രട്ടീസ് പറഞ്ഞ രസകരമായ വാദം ഇങ്ങനെയാണ്:
”എനിക്കാകെ അറിയാവുന്ന ഏകകാര്യം എനിക്കൊന്നുമറിയില്ലെന്നതാണ്” (The only thing I know, is that I know nothing); സന്ദേഹവാദത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിനില്‍ക്കുന്ന ആര്‍ക്കും സ്വയം പറയാന്‍ കഴിയുക ഇതുമാത്രമായിരിക്കും. തത്ത്വശാസ്ത്രപരമായി സന്ദേഹവാദത്തെ മനസ്സിലാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തൊളം ഏതൊരു അറിവിനെയും പൂര്‍ണമായി സ്വീകരിക്കാന്‍ കഴിയില്ല. ഫിലോസഫിക്കലായി സന്ദേഹവാദത്തെ മനസ്സിലാക്കിക്കൊടുത്ത സ്വന്തം അധ്യാപകരുടെ അസ്തിത്വത്തെപോലും അവിശ്വസിക്കുന്ന വരട്ടുവാദമെന്നാണ് ബി.സി 356ല്‍ ജീവിച്ചിരുന്ന അരിസ്റ്റിഫസിന്റെ സന്ദേഹവാദ വിമര്‍ശനം. തത്ത്വശാസ്ത്രരംഗത്ത് പ്രസിദ്ധമായ പ്രോട്ടഗോറസിന്റെതായി അറിയപ്പെടുന്ന മറ്റൊരു വാക്യവും സന്ദേഹവാദത്തോടു ചേര്‍ത്ത് പറയാവുന്നതാണ്. ‘സര്‍വതിന്റെയും അളവുപാത്രം മനുഷ്യനാണ്’ (Man is the measure of all things) എന്നു പറഞ്ഞതിലൂടെ വസ്തുനിഷ്ഠമായ സത്യങ്ങള്‍ ഒന്നും ഇല്ലെന്നും സര്‍വതും ആപേക്ഷികങ്ങള്‍ ആണെന്നും മനുഷ്യന്‍ അവന്റെ വ്യാഖ്യാനത്തിലുള്ള ശരിയെ തിരഞ്ഞെടുക്കുന്നു എന്നുമാണ് പ്രോട്ടഗോറസ് ഉദ്ദേശിച്ചതെന്ന് കരുതപ്പെടുന്നു. ഏതൊന്നിനെ സംബന്ധിച്ചും രണ്ടുതരത്തിലുള്ള വാദങ്ങള്‍ ഉന്നയിക്കാം എന്നതുകൊണ്ട് പ്രത്യേകിച്ച് ഏതെങ്കിലും ഒരു ശരിയുണ്ടെന്ന് പറയാന്‍ ആകില്ലെന്ന അദ്ദേഹത്തിന്റെ സിദ്ധാന്തമാണ് ആപേക്ഷികതാ വാദം (Relativism). അതിന്റെതന്നെ അടിസ്ഥാനത്തില്‍ എല്ലാ കാര്യങ്ങളും തുല്യനിലവാരത്തില്‍ ശരികളാണെന്നും പ്രോട്ടഗോസ് വിശ്വസിച്ചു.(9) എന്നാല്‍ ഇതേവാദംതന്നെ ഉപയോഗിച്ച് സര്‍വതും തുല്യനിലയില്‍ തെറ്റാണെന്ന് വാദിച്ച വ്യക്തിയായിരുന്നു സോഫിസ്റ്റ് തത്ത്വചിന്തകനായ ഗോര്‍ഗിയാസ് (Gorgias). ഇത്തരം തീവ്ര സന്ദേഹവാദങ്ങളെ മനസ്സിലാക്കിയതില്‍നിന്നും അവയെ ഖണ്ഡിക്കാന്‍ കഴിയില്ലെന്നു ബോധ്യപ്പെട്ട വ്യക്തികൂടിയാണ് പ്രശസ്ത തത്ത്വചിന്തകനായ റെനെ ദെക്കാര്‍ത്തെ.
താനൊഴികെ മറ്റൊന്നിന്റെയും അസ്തിത്വം പൂര്‍ണമായി തെളിയിക്കാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയതില്‍ നിന്നാണ് Cogito Ergosum എന്ന അദ്ദേഹത്തിന്റെ സുപ്രസിദ്ധ വാക്യമുണ്ടാകുന്നത്. I think there for I am ‘ഞാന്‍ ചിന്തിക്കുന്നു, അതിനാല്‍ ഞാനുണ്ട്’ എന്നര്‍ഥം. മറ്റെല്ലാം ഏതെങ്കിലും തരത്തിലുള്ള മിഥ്യയായ തോന്നലുകള്‍ ആണെന്ന് വന്നാല്‍പോലും അത്തരം തോന്നലുകള്‍ ഉണ്ടാകാന്‍ താന്‍ അടിസ്ഥാനപരമായി നിലനിന്നിരിക്കേണ്ടേ? അപ്പോള്‍ താന്‍ ചിന്തിക്കുന്നുണ്ട് എന്നതില്‍നിന്നും തന്റെ അസ്തിത്വം സ്വയം വ്യക്തമാണ്. എന്നാല്‍ മറ്റൊന്നിന്റെയും അസ്തിത്വത്തെ സംബന്ധിച്ച് ഈ ഉറപ്പ് പറയാന്‍ കഴിയില്ല ഇതാണ് ഈ വാചകംകൊണ്ട് ദെക്കാര്‍ത്തെ ഉദ്ദേശിച്ചത്.(10) എന്നാല്‍ താന്‍ നിലനില്‍ക്കുന്നുവെന്ന് സ്ഥാപിക്കാന്‍ ദെക്കാര്‍ത്തെ പറഞ്ഞ ഈ സുപ്രസിദ്ധ ന്യായത്തിനും മറുപടിയും ഖണ്ഡനങ്ങളുമുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് താന്‍ ചിന്തിക്കുന്നുണ്ടെന്ന തോന്നല്‍ ദെക്കാര്‍ത്തെയ്ക്ക് സ്വന്തം നിലയ്ക്ക് ഉണ്ടാകാത്തത് ആകാനുള്ള സാധ്യതകളും പറയാവുന്നതാണ്.
നിഴലുപോലെയോ അല്ലെങ്കില്‍ പ്രതിധ്വനിപോലെയോ മറ്റൊന്നിന്റെ ചിന്തയുടെ പകര്‍പ്പ് മാത്രമായി താന്‍ സ്വയം ചിന്തിക്കുന്നുണ്ടെന്ന തോന്നല്‍ ഉണ്ടായിക്കൂടേ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. അത്തരമൊരവസ്ഥയില്‍ സ്വന്തം അസ്തിത്വമോ സ്വയം ചിന്തയോ ഇല്ലെന്നാകും. ചുരുക്കത്തില്‍ സംശയിക്കാന്‍ നിന്നാല്‍ സംശയങ്ങള്‍ മാത്രം ബാക്കിയാകുന്ന അവസ്ഥയിലേക്കതെത്താം എന്നതിനുള്ള ഉദാഹരണമാണ് സന്ദേഹവാദത്തിന്റെ തന്നെ ചരിത്രം.
ഈ മായാവാദങ്ങള്‍ കേവലം ചരിത്രത്തിലോ തത്ത്വശാസ്ത്രത്തിലോ മാത്രം ഒതുങ്ങുന്നതല്ലതാനും. ആധുനിക ശാസ്ത്രം കൊണ്ടെത്തിക്കുന്നതും ആത്യന്തികമായ സത്യങ്ങളില്ലെന്ന യുക്തിയിലേക്കാണെന്ന് ക്വാണ്ടം മെക്കാനിക്‌സും റിലേറ്റിവിറ്റി തിയറിയും ഒക്കെ ഉദ്ധരിച്ച് പറയുന്ന വ്യാഖ്യാനങ്ങളുണ്ട്. ഡബിള്‍ സ്ലിറ്റ് എക്‌സ്‌പെരിമെന്റ് എന്നറിയപ്പെടുന്ന ക്വാണ്ടം ലോകത്തെ ഒരു സുപ്രസിദ്ധ പരീക്ഷണത്തെ ഉപയോഗിച്ച് ആത്യന്തിക സത്യങ്ങളില്ലെന്നും മനുഷ്യബോധമാണ് യാഥാര്‍ഥ്യത്തെ നിര്‍മിക്കുന്നതെന്നും വാദിക്കുന്നവരെ കാണാം.(11)
ക്വാണ്ടംലോകത്തെ അനിശ്ചിതത്വസ്വഭാവം മുതല്‍ കണികാതരംഗ സ്വഭാവങ്ങളെവരെ ഈ രീതിക്ക് വ്യാഖ്യാനിക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്നവരുണ്ട്. ദീപക് ചോപ്ര മുതല്‍ റോബര്‍ട്ട് ലാന്‍സവരെയുള്ള ആധുനിക ബുദ്ധിജീവികള്‍വരെ ഇതിന്റെ വക്താക്കളാണ്.
ഇതിനെല്ലാമുപരി സന്ദേഹവാദത്തിന് അതിന്റെതായ മനഃശാസ്ത്ര അനുകൂലനം കൂടെയുണ്ട്. അഥവാ ചില കാര്യങ്ങളെ സന്ദേഹിക്കാനുള്ള യുക്തി മനുഷ്യനെ ആവര്‍ത്തിച്ച് ബോധിപ്പിച്ചാല്‍ സാവധാനമെങ്കിലും അതിനോട് അടുക്കുന്ന മനഃശാസ്ത്രമാണ് മനുഷ്യനുള്ളത്. അതുകൊണ്ടാണ് സാമാന്യജനങ്ങള്‍ പൊട്ടത്തരമെന്ന് സ്വാഭാവികമായി വിലയിരുത്തുന്ന കാര്യങ്ങള്‍ സന്ദേഹവാദികള്‍ക്ക് മഹായുക്തിവാദങ്ങളാകുന്നത്. ഇന്റര്‍നെറ്റിന്റെയെല്ലാം വളര്‍ച്ചയോടെ അറിവ് കൂടുതലായി പ്രചരിക്കപ്പെട്ടു എന്നതുപോലെത്തന്നെ സംഭവിച്ച മറ്റൊരു കാര്യമാണ് ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ (Conspiracy theory) വ്യാപനവും.(12) ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള തുടര്‍ച്ചയായ ഇത്തരം പ്രചാരണങ്ങള്‍ കാരണമായി ഡൈനോസറുകള്‍ ജീവിച്ചിരുന്നതിനെ സംശയിക്കുന്നവര്‍ക്കും മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതില്‍ സംശയം പ്രകടിപ്പിക്കുന്നവര്‍ക്കും, നാസയെ സംശയിക്കുന്നവര്‍ക്കും, ഭൂമി യഥാര്‍ഥത്തില്‍ പരന്നതാണെന്ന് കരുതുന്നവര്‍ക്കും എല്ലാം ഇന്നു പ്രത്യേക സംഘടനകള്‍ പോലുമുണ്ട്. എല്ലാം ഇല്യുമിനാറ്റിയുടെ നിയന്ത്രണത്തിലാണെന്നു സംശയിക്കുകയും വാദിക്കുകയും ചെയ്യുന്നവര്‍ നമ്മുടെ കേരളത്തില്‍ പോലുമുണ്ട് എന്നതാണ് രസകരമായ മറ്റൊരു വസ്തുത. അമേരിക്കയില്‍ നടന്ന മറ്റൊരു പബ്ലിക് പോളിങ് അനുസരിച്ച് 12 ദശലക്ഷം അമേരിക്കക്കാര്‍ തങ്ങളെ അന്യഗ്രഹ ജീവികളായ ചില പല്ലി മനുഷ്യര്‍ ഭരിക്കുന്നതായിട്ടാണത്രെ വിശ്വസിക്കുന്നത്.(13)
ചില പ്രത്യേകതരത്തിലുള്ള യുക്തി ഉപയോഗിച്ച് എന്തിനെയെങ്കിലും സംബന്ധിച്ച സംശയബോധം മനുഷ്യരിലേക്ക് തുടര്‍ച്ചയായി ഇന്‍ജക്റ്റ് ചെയ്തുകൊണ്ടിരുന്നാല്‍ എത്ര കൃത്യമായ യാഥാര്‍ഥ്യത്തെയും നിഷേധിക്കുന്ന അബദ്ധത്തിലേക്ക് അവരെക്കൊണ്ടെത്തിക്കാം എന്നാണ് സന്ദേഹവാദത്തിന്റെ തന്നെ ചരിത്രവും വര്‍ത്തമാനവും നമുക്ക് പറഞ്ഞുതരുന്നത്. അപ്പോള്‍ മതവിരോധികളായ കുറച്ചധികം ഉത്തരാധുനിക മനുഷ്യര്‍ നിരന്നുനിന്ന് സെലക്ടീവായി മതത്തിനും ദൈവത്തിനും എതിരില്‍ തങ്ങളുടെ പ്രാകൃത സന്ദേഹവാദത്തിന്റെ യുക്തി ഛര്‍ദിച്ചാല്‍ കുറച്ചെങ്കിലും യാഥാര്‍ഥ്യബോധമില്ലാത്ത മനുഷ്യര്‍ ആ മാലിന്യചിന്തകളില്‍ പെട്ടുപോകുമെന്നത് യാഥാര്‍ഥ്യമാണ്. നവനാസ്തിക ചിന്തകള്‍ മനഃശാസ്ത്രപരമായ ഈ ഛര്‍ദിലുകള്‍ മാത്രമാകുന്നത് അങ്ങനെയാണ്.
ശാഹുല്‍ പാലക്കാട്
നേർപഥം വാരിക