നബി ചരിത്രം - 58: ഹിജ്റ അഞ്ചാം വർഷം [ഭാഗം: 08]

ഖന്തഖിലെ അത്ഭുത വിജയം.
ബനൂ ഖുറൈളക്കാരുടെ കരാർ ലംഘനവും കപടവിശ്വാസികൾ പേടിച്ചരണ്ട് വീടുകളിലേക്ക് ഒഴിഞ്ഞു മാറിയതും മദീന സഖ്യ കക്ഷികളാൽ ചുറ്റപ്പെട്ടതുമായ സാഹചര്യം വരികയും മുസ്ലിംകൾക്ക് പരീക്ഷണം ശക്തമാവുകയും ഉപരോധം വീണ്ടും മുന്നോട്ടു നീങ്ങുകയും ചെയ്തപ്പോൾ ഗത്വ്‌ഫാൻ ഗോത്രത്തിന്റെ രണ്ടു നേതാക്കളായ ഉയൈനതുബ്നു ഹിസ്വ്‌നിന്റെയും ഹാരിസുബ്നു ഔഫ് അൽ മിര്‌രിയുടെയും അടുക്കലേക്ക് ആളെ അയച്ചു. “നിങ്ങളും നിങ്ങളുടെ കൂടെയുള്ളവരും മദീനയിൽ നിന്നും മടങ്ങിപ്പോകുന്ന പക്ഷം മദീനയിലെ പഴങ്ങളുടെ മൂന്നിലൊന്ന് നിങ്ങൾക്ക് നൽകാം” എന്ന വ്യവസ്ഥയിൽ അവരുമായി കരാറുണ്ടാക്കി.
ഈ കരാറിനെ അവർ അംഗീകരിക്കുകയും ചെയ്തു. ഇപ്രകാരം ചെയ്യുന്നതിനു വേണ്ടി നബി ﷺ ഉദ്ദേശിച്ചപ്പോൾ സഅ്‌ദുബ്നു മുആദിرضي الله عنهനോടും സഅ്‌ദുബ്നു ഉബാദرضي الله عنهയോടും ഈ വിഷയത്തെക്കുറിച്ച് നബി ﷺ അഭിപ്രായം ചോദിച്ചു. അപ്പോൾ അവർ നബിﷺയോട് ചോദിച്ചു; അല്ലാഹുവിന്റെ പ്രവാചകരെ, നിങ്ങൾ ഒരു കാര്യം ഇഷ്ടപ്പെട്ടു സ്വയം ചെയ്യുകയാണോ അതോ നിർബന്ധമായും താങ്കൾ ചെയ്യേണ്ട നിലക്ക് അല്ലാഹു നിങ്ങളോട് കൽപിച്ചതാണോ ഇക്കാര്യം?. അതോ നിങ്ങൾ ഞങ്ങൾക്ക് വേണ്ടി ചെയ്യുകയാണോ? അപ്പോൾ നബി ﷺ ഇപ്രകാരം പറഞ്ഞു: “ഇതു ഞാൻ നിങ്ങൾക്ക് വേണ്ടി ചെയ്യുന്ന കാര്യമാണ്. അല്ലാഹുവാണ് സത്യം, അറബികൾ നിങ്ങളെ ഒന്നിച്ച് ആക്രമിക്കുന്നതും നിങ്ങളെ എല്ലാ ഭാഗത്തു നിന്നും അവർ കടിച്ചു കീറുന്നതുമായ നിങ്ങളുടെ ദുർബലാവസ്ഥ കണ്ടപ്പോൾ എനിക്ക് അങ്ങിനെ ചെയ്യാൻ തോന്നിയതാണ്”. അപ്പോൾ സഅദുബ്നു മുആദ്رضي الله عنه പറഞ്ഞു: “അല്ലാഹുവിന്റെ പ്രവാചകരെ, ഞങ്ങളും ഈ സമൂഹവും വും ഒരുകാലത്ത് അല്ലാഹുവിൽ പങ്കു ചേർക്കുന്നവരായിരുന്നു. വിഗ്രഹങ്ങളെ ആരാധിക്കുന്നവരായിരുന്നു. അന്നു പോലും മദീനയിലെ പഴങ്ങൾ കച്ചവടത്തിലൂടെയും സൽകാരത്തിലൂടെയുമല്ലാതെ ഭക്ഷിക്കാൻ അവർ ആഗ്രഹിച്ചിട്ടില്ല. ഇന്നാകട്ടെ അള്ളാഹു ഇസ്ലാം കൊണ്ട് ഞങ്ങൾക്ക് പ്രതാപം നൽകി. ഞങ്ങളെ അവൻ ആദരിച്ചു. ഇസ്ലാമിലേക്ക് ഞങ്ങൾക്ക് വഴി കാണിച്ചു തന്നു. ഇത്രയും അഭിമാനത്തിന്റെ സ്ഥാനത്ത് എത്തിയ നമ്മൾ, നമ്മുടെ സമ്പത്ത് ഇവർക്ക് നൽകുകയോ? അല്ലാഹുവാണ് സത്യം; അതിന്റെ ഒരു ആവശ്യവും ഇപ്പോൾ നമുക്കില്ല. അല്ലാഹുവാണ് സത്യം, അല്ലാഹു നമുക്കും അവർക്കും ഇടയിൽ തീരുമാനം എടുക്കുന്നത് വരെ വാളല്ലാതെ മറ്റൊന്നും നാം അവർക്ക് നൽകുകയില്ല”. അപ്പോൾ നബിﷺ പറഞ്ഞു നിങ്ങൾക്ക് നിങ്ങളുടെ നിലപാട് സ്വീകരിക്കാം.
ശേഷം നബി ഗത്വ്‌ഫാൻ കാരുമായുള്ള ചർച്ച അവസാനിപ്പിച്ചു. നബിയും സ്വഹാബിമാരും ഖന്തഖിൽ മുശ്‌രികുകൾക്കു അഭിമുഖമായി നിന്നു. ഉപരോധ കാലം മുഴുവൻ അമ്പെയ്തു കൊണ്ടിരുന്നു. ഒരു ദിവസം നബിﷺ ക്കും മുസ്ലിംകൾക്കും അസ്ർ നമസ്കാരം പോലും നിർവഹിക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായി. സൂര്യനസ്തമിച്ചതിനു ശേഷമാണ് അന്ന് അവർ നമസ്കരിച്ചത്. ഭയത്തിന്റെ സന്ദർഭത്തിൽ ഉള്ള നമസ്കാരത്തിലെ നിയമം ആ സന്ദർഭത്തിൽ പഠിപ്പിക്കപ്പെട്ടിരുന്നില്ല. അഹ്സാബിനു ശേഷം ഉണ്ടായ ദാതുർറഖാഅ് യുദ്ധത്തിലാണ് അതിന്റെ നിയമം പഠിപ്പിക്കപ്പെടുന്നത്. ഖുറൈശികൾ കാരണത്താൽ അസർ നമസ്കാരം വൈകി പ്പോയതിന്റെ പേരിൽ ഉമറുബ്നുൽ ഖത്താബ് رضي الله عنه ഖുറൈശികളെ ആക്ഷേപിച്ചു പറഞ്ഞതും സൂര്യാസ്തമയത്തിനു ശേഷം അസ്വ്‌റും പിന്നീട് മഗ്‌രിബും നമസ്കരിച്ചതും ഇമാം ബുഖാരിയുടെയും (596) മുസ്ലിമിന്റെയും (633) ഹദീസിൽ കാണാം.
കിടങ്ങ് ചാടിക്കടക്കുവാനുള്ള മുശ്രിക്കുകളുടെ ഓരോ ശ്രമവും വൃഥാവിലായി. ഖുറൈശികളിലെ ചില കുതിരപ്പടയാളികൾ അവരുടെ കുതിരപ്പുറത്ത് രംഗത്തു വന്നു. അംറുബ്നു അബ്ദു വുദ്ദ്, ഇക്‌രിമതുബ്നു അബീജഹൽ, ഹുബൈറതുബ്നു അബീ വഹബ്, നൗഫലുബ്നു അബ്ദുള്ള അൽ മഖ്സൂമി, ളറാറുബ്നുൽ ഖത്താബ്, തുടങ്ങിയവരായിരുന്നു അവർ. ചെറിയ ഒരു പഴുത് കണ്ടപ്പോൾ അതിലൂടെ അവർ മദീനക്കകത്തേക്ക് കയറി. എന്നാൽ സഹാബികൾ അവരെ വിട്ടില്ല. അലിയ്യുബ്നു അബീത്വാലിബ്رضي الله عنه അംറുബ്നു വുദ്ധിനെ കൊന്നു. സുബൈറുബ്നുൽ അവ്വാംرضي الله عنه നൗഫലുബ്നു അബ്ദുല്ലയെയും കൊന്നു. വാളു കൊണ്ട് ഒരു വെട്ടു കൊടുത്തതോടു കൂടി രണ്ടു കഷ്ണമായി വീണു. മുശ്രിക്കുകൾക്ക് ഇത് തീരെ സഹിച്ചില്ല. അംറുബ്നു വുദ്ധിന്റെ മൃതശരീരം ഞങ്ങൾക്ക് തിരിച്ചയച്ചു തരണമെന്നും അതിനു പകരമായി 10,000 ദിർഹം തരാമെന്നു പറഞ്ഞു കൊണ്ട് അവർ നബിയിലേക്ക് ആളെ അയച്ചു. അവരോടായി നബിﷺ ഇപ്രകാരം പറഞ്ഞു: “ഞങ്ങൾക്ക് അവരുടെ ശരീരവും ആവശ്യമില്ല പണവും ആവശ്യമില്ല”. ശേഷം നബിﷺതന്റെ അനുചരന്മാരോട് ഇപ്രകാരം പറഞ്ഞു. “അവരുടെ ശവം അവർക്ക് നൽകി കൊള്ളുക. നീചമായ ശവമാണത്. നാം ശവത്തിന്റെ വില തിന്നാറില്ല”. അങ്ങിനെ അവരെയും അവരുടെ പാട്ടിനു വിട്ടു.
ഇത്രയും ആളുകൾ കിടങ്ങ് നുഴഞ്ഞു കയറിയതിന്റെ പേരിൽ കൊല്ലപ്പെട്ടപ്പോൾ ബാക്കിയുള്ളവർ തങ്ങളുടെ സൈനിക താവളങ്ങളിലേക്ക് വിരണ്ടോടി. മൂന്ന് മുശ്രിക്കുകളാണ് ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടത് ആറ് മുസ്ലിങ്ങൾ ഷഹീദാവുകയും ചെയ്തു. സഅ്‌ദുബനു മുആദ്رضي الله عنه ആയിരുന്നു അതിൽ ഒരു വ്യക്തി. ഹുബാനുബ്‌നുൽ അറഖത് എറിഞ്ഞ ഒരു അമ്പ് സഅ്‌ദിന്റെ കൈത്തണ്ടയിൽ പോയി പതിക്കുകയായിരുന്നു. യുദ്ധ ശേഷം പള്ളിയിൽ അദ്ദേഹത്തിനു വേണ്ടി പ്രത്യേകമായ ഒരു ടെന്റ് തന്നെ കെട്ടി കൊടുത്തു. നബിﷺക്ക് സൗകര്യാർത്ഥം അടുത്തുപോയി സന്ദർശിക്കാൻ വേണ്ടിയായിരുന്നു അത്.(ബുഖാരി: 4122. മുസ്ലിം: 1769) ബനൂ ഖുറൈള യുദ്ധം നടന്നതിനു ശേഷമാണ് അദ്ദേഹം മരണപ്പെടുന്നത്. കയ്യിൽ ബാധിച്ച മുറിവ് പഴുത്ത് പൊട്ടിയായിരുന്നു മരണം. മുസ്ലിംകൾക്ക് പ്രയാസം ബാധിക്കുകയും ശക്തമായ ഭയം അനുഭവപ്പെടുകയും ചെയ്തപ്പോഴും അവർ ക്ഷമിക്കുകയും ഉറച്ചു നിൽക്കുകയും അല്ലാഹുവിനോട് ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയും ചെയ്തു. അതിന്റെ ഫലമായി അല്ലാഹുതആല അവരെ സഹായിക്കുകയും യുദ്ധം ആവശ്യമില്ലാതെ തന്നെ അവർക്ക് വിജയം നൽകുകയും ചെയ്തു.
മൂന്ന് രൂപത്തിലാണ് അല്ലാഹു ഈ യുദ്ധത്തിൽ സഖ്യകക്ഷികളെ പരാജയപ്പെടുത്തിയത്.
(ഒന്ന്) മുസ്‌ലിംകൾ അവരുടെ പ്രയാസത്തിലും ഭയപ്പാടിലും ശത്രുക്കളുടെ ആധിക്യത്തിലുള്ള വിഷമത്തിലും യുദ്ധത്തിനു വേണ്ടി അവർ ഒരുമിച്ചു കൂടിയ പ്രതിസന്ധിയിലും ഇരിക്കുന്ന വേളയിൽ അല്ലാഹു അത്ഭുതകരമായ ഒരു കാര്യം അവിടെ ഉണ്ടാക്കുകയുണ്ടായി. ഗത്വ്‌ഫാൻ ഗോത്രക്കാരനായ നഈമുബ്നു മസ്‌ഊദ്رضي الله عنهന്റെ ഇസ്ലാം സ്വീകരണമായിരുന്നു അത്. നഈമുബ്നു മസ്ഊദ്رضي الله عنه പറയുന്നു: സഖ്യകക്ഷികൾ പ്രവാചകനെതിരെ നീങ്ങിയപ്പോൾ ഞാനും എന്റെ സമൂഹത്തോടൊപ്പം നീങ്ങി. അന്ന് ഞാൻ എന്റെ മതത്തിൽ തന്നെയായിരുന്നു. നബിﷺ എന്നെക്കുറിച്ച് അറിയുന്ന ആളുമായിരുന്നു. അപ്പോൾ അല്ലാഹു എന്റെ ഹൃദയത്തിൽ ഇസ്ലാമിനെ ഇട്ടു തന്നു. എന്റെ സമൂഹത്തിന്റെ മുമ്പിൽ ഞാൻ അക്കാര്യം മറച്ചു വെക്കുകയും ചെയ്തു. അങ്ങിനെ മഗ്‌രിബ്നും ഇഷാക്കുമിടയിലായി ഞാൻ നബിﷺയുടെ അടുക്കൽ ചെന്നു. ആ സന്ദർഭത്തിൽ നബിﷺ നമസ്കരിക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾ നബിﷺ ഇരുന്നു. എന്നോട് ചോദിച്ചു; അല്ലയോ നഈം, താങ്കൾ എന്തിനു വന്നതാണ്? ഞാൻ പറഞ്ഞു: ഞാൻ നിങ്ങളിൽ വിശ്വസിക്കുവാൻ വേണ്ടി വന്നതാണ്. താങ്കൾ കൊണ്ടു വന്നത് സത്യമാണ് എന്നതിന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അതു കൊണ്ട് അല്ലാഹുവിന്റെ പ്രവാചകരെ, താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് എങ്കിൽ എന്നോട് കൽപിച്ചു കൊള്ളുക. അപ്പോൾ നബിﷺ പറഞ്ഞു: താങ്കൾ ഞങ്ങളിലെ ഒരാളാണ്. ഞങ്ങൾക്ക് വേണ്ടി താങ്കളുടെ കഴിവിന്റെ പരമാവധി പ്രതികരിക്കുക. യുദ്ധം എന്നു പറഞ്ഞാൽ തന്ത്രങ്ങളാണ്.
ഇതു കേട്ടതോടെ നഈമുബ്നു മസ്ഊദ്رضي الله عنه ബനൂ ഖൂറൈക്കാരുടെ അടുക്കലേക്ക് ചെന്നു. എന്നിട്ട് അവരോട് പറഞ്ഞു: എനിക്ക് നിങ്ങളോടുള്ള സ്നേഹം നിങ്ങൾക്കറിയാമോ? അവർ പറഞ്ഞു: നിങ്ങൾ സത്യമാണ് പറഞ്ഞത്. താങ്കൾ ഒരിക്കലും ഞങ്ങളുടെ അടുക്കൽ ആരോപണ വിധേയനല്ല. അപ്പോൾ അദ്ദേഹം പറഞ്ഞു: ഖുറൈശികളും ഗത്വ്‌ഫാൻ ഗോത്രക്കാരും നിങ്ങളെ പോലെയല്ല. മദീന നിങ്ങളുടെ രാജ്യമാണ്. അതിൽ നിങ്ങളുടെ സമ്പത്തുണ്ട്. നിങ്ങളുടെ സന്താനങ്ങളും സ്ത്രീകളുമുണ്ട്. അവിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക് അവരെ മാറ്റുവാൻ നിങ്ങൾക്ക് സാധിക്കുകയില്ല. ഖുറൈശികളും ഗത്വ്‌ഫാൻ കാരും ഇങ്ങോട്ട് വന്നിട്ടുള്ളത് മുഹമ്മദിനോടും അനുയായികളോടും യുദ്ധം ചെയ്യുവാൻ വേണ്ടിയാണ്. അവരുടെ ഭാര്യമാരും മക്കളും സന്താനങ്ങളും അവരുടെ രാജ്യത്ത് സുരക്ഷിതമാണ്. അവർ നിങ്ങളെപ്പോലെയല്ല. അവർക്ക് വല്ല വിജയവും ലഭിച്ചാൽ അവർ അതു കൊണ്ട് ആസ്വദിക്കും. അതല്ലാത്ത പക്ഷം അവർ അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകും. അതു കൊണ്ട് അവരുടെ നേതാക്കന്മാരിൽ നിന്ന് പണയമായി എന്തെങ്കിലും വാങ്ങുന്നതു വരെ നിങ്ങൾ അവരോടൊപ്പം ചേർന്ന് മദീനയിലുള്ള മുസ്ലിംകളോട് യുദ്ധം ചെയ്യരുത്. അവർ യുദ്ധക്കളം വിട്ട് പിരിഞ്ഞു പോകാതിരിക്കാൻ വേണ്ടിയാണ് ഞാൻ ഇക്കാര്യം പറയുന്നത്. അവർ നിങ്ങളെ വിട്ടു പിരിഞ്ഞു പോയാൽ നിങ്ങൾ മുഹമ്മദിനോട് ഒറ്റക്ക് അഭിമുഖീകരിക്കേണ്ടി വരും. നിങ്ങൾക്കാകട്ടെ അതിന് കഴിയുകയുമില്ല. അപ്പോൾ ബനൂഖുറൈളക്കാർ പറഞ്ഞു: നിങ്ങൾ പറഞ്ഞതാണ് ശരി.
ശേഷം നഈമുബ്നു മസ്ഊദ് رضي الله عنه അവിടെ നിന്നും പോവുകയും ഖുറൈശികളുടെ അടുത്ത് ചെല്ലുകയും ചെയ്തു. എന്നിട്ട് അബൂസുഫ്‌യാനോടും അദ്ദേഹത്തിന്റെ കൂടെയുള്ള ഖുറൈശികളായ അനുയായികളോടും ഇപ്രകാരം പറഞ്ഞു: എനിക്ക് നിങ്ങളോടുള്ള സ്നേഹത്തെക്കുറിച്ച് നിങ്ങൾക്കറിയാമല്ലോ. ഞാൻ മുഹമ്മദുമായി ബന്ധമില്ലാത്ത ആളാണ് എന്നും നിങ്ങൾക്കറിയാം. എനിക്ക് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. നിങ്ങളോടുള്ള ഗുണകാംക്ഷ കൊണ്ട് അത് നിങ്ങളെ അറിയിക്കുവാൻ ബാധ്യസ്ഥനാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷെ, ഞാൻ പറയുന്ന കാര്യങ്ങൾ നിങ്ങൾ രഹസ്യമാക്കി വെക്കണം. അപ്പോൾ ഖുറൈശികൾ പറഞ്ഞു: ഞങ്ങൾ അപ്രകാരം ചെയ്യാം. നഈം അവരോട് പറഞ്ഞു: മുഹമ്മദിനും ജൂതന്മാർക്കും ഇടയിലുണ്ടായ വിഷയത്തിൽ ജൂത സമൂഹം പ്രയാസത്തിലാണ് എന്ന് നിങ്ങൾക്കറിയാമല്ലോ. അവർ മുഹമ്മദിന്റെ അടുക്കലേക്ക് ആളെ അയച്ചിട്ടുണ്ട്. ഞങ്ങൾ ചെയ്ത പ്രവർത്തനത്തിൽ ഞങ്ങൾ ഖേദിക്കുന്നു എന്ന് അവർ മുഹമ്മദിനെ അറിയിച്ചിട്ടുണ്ട്. അതു കൊണ്ട് ഖുറൈശികളിൽ നിന്നും ഗത്വ്‌ഫാൻകാരിൽ നിന്നും ചില ആളുകളെ നിങ്ങളിലേക്ക് അയച്ചു തന്നാൽ നിങ്ങൾ തൃപ്തിപ്പെടുമോ? അങ്ങിനെ അവരുടെ തലയെടുക്കാൻ നിങ്ങൾക്ക് സാധിക്കും. പിന്നീട് ഞങ്ങൾ നിങ്ങളുടെ കൂടെ നിൽക്കുകയും ചെയ്യാം. അതോടു കൂടി ഖുറൈശികളെ പൂർണ്ണമായും നശിപ്പിക്കാൻ നമുക്ക് സാധിക്കും. എന്നൊക്കെയാണ് ജൂതന്മാർ മുഹമ്മദിനെ അറിയിച്ചിട്ടുള്ളത്. ഇക്കാര്യം പറയുവാൻ വേണ്ടി മുഹമ്മദിലേക്ക് അവർ ആളെ അയച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ നിങ്ങളിൽ നിന്ന് പണയമായിക്കൊണ്ട് ആളുകളെ അന്വേഷിച്ച് ജൂതന്മാർ വന്നാൽ ഒരാളെപ്പോലും നിങ്ങൾ കൊടുക്കരുത്. ഇതിനു ശേഷം നഈം ഗത്വ്‌ഫാൻ കാരുടെ അടുത്ത് ചെന്നു. എന്നിട്ട് പറഞ്ഞു: അല്ലയോ ഗത്വ്‌ഫാൻഫാൻ ഗോത്രക്കാരെ, നിങ്ങളെന്റെ ആളുകളാണ്. നിങ്ങളുടെ കുടുംബക്കാരാണ്. ജനങ്ങളിൽ ഏറ്റവും നന്നായി ഞാനിഷ്ടപ്പെടുന്നത് നിങ്ങളെയാണ്. എന്നിട്ട് ഖുറൈശികളോടു പറഞ്ഞതു പോലെ ഇവരോടും പറഞ്ഞു. ഏതൊരു കാര്യം പറഞ്ഞു കൊണ്ടാണോ ഖുറൈശികളെ ഭയപ്പെടുത്തിയത് അതേ കാര്യം ഇവരോടും പറഞ്ഞു. ഈ തന്ത്രത്തിന്റെ ഭാഗമായി മുശ്രിക്കുകളുടെയും ജൂതന്മാരുടെയും മനസ്സുകളിൽ അല്ലാഹു സംശയം ഇട്ടു കൊടുത്തു. ശത്രു പക്ഷം അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം വഞ്ചന ആരോപിക്കാൻ തുടങ്ങി. അതോടു കൂടി അവരുടെ ഐക്യം തകരുകയും അവർ ചിന്ന ഭിന്നമാവുകയും ചെയ്തു .
(രണ്ട്) സഖ്യ കക്ഷികൾക്കു നേരെ അല്ലാഹു ശക്തമായ കാറ്റിനെ അയച്ചു. അതി ശക്തമായ ഇരുട്ടും തണുപ്പും ഉള്ള രാത്രിയായിരുന്നു അത് .
അതോടെ സഖ്യകക്ഷികളുടെ അവസ്ഥയെല്ലാം മാറി. അവരുടെ പാത്രങ്ങൾ മറിഞ്ഞ് വീണു. വിളക്കുകൾ അണഞ്ഞു. ടെന്റുകളുടെ തൂണുകൾ പിഴുതെറിയപ്പെട്ടു. ശക്തമായ കാറ്റിൽ പിടിച്ചു നിൽക്കാൻ അവർക്ക് സാധിച്ചില്ല. സ്വന്തം ഒട്ടക കട്ടിലിലേക്കു പോലും പോകാൻ കഴിയാത്ത ദുരന്തകരമായ അവസ്ഥയാണ് സഖ്യകക്ഷികൾക്കുണ്ടായത്. മുശ്രിക്കുകൾക്കെതിരെ അള്ളാഹു അയച്ച അവന്റെ സൈന്യങ്ങളിൽ ഒരു സൈന്യമായിരുന്നു ഈ കാറ്റ്.
(മൂന്ന്) ശക്തമായ കാറ്റിനെ അല്ലാഹു അയച്ചതോടൊപ്പം അവന്റെ മറ്റൊരു സൈന്യമായ മലക്കുകളെയും അയച്ചു. സഖ്യകക്ഷികളെ ഈ മലക്കുകൾ കിടുകിടാ വിറപ്പിച്ചു. അവരുടെ ഹൃദയങ്ങളിൽ ഭയമിട്ടു കൊടുത്തു. പേടിയും അസ്വസ്ഥതയും പരിഭ്രമവും നിറഞ്ഞ ഒരു അവസ്ഥയിലേക്ക് സഖ്യകക്ഷികൾ മാറി. അല്ലാഹു വിശ്വാസികൾക്ക് സഹായമായിക്കൊണ്ട് അയച്ചു കൊടുത്ത ഈ രണ്ട് സൈന്യത്തെ സംബന്ധിച്ച് അല്ലാഹു അവരെ ഓർമ്മിപ്പിക്കുന്നത് കാണുക.
“സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് കുറെ സൈന്യങ്ങള്‍ വരികയും, അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളേയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു”.(അഹ്സാബ്:9)
“സഖ്യകക്ഷികളുടെ പരാജയം”
ഉപരോധത്തിന്റെ ദിവസങ്ങളിൽ ഒരു ദിവസം അബൂ സുഫ്‌യാനുബ്നു ഹർബും ഗത്വ്‌ഫാൻ ഗോത്രത്തിലെ നേതാക്കന്മാരും ഇക്‌രിമതുബ്നു അബീ ജഹലിനെയും ഖുറൈശികളിലെയും ഗത്വ്‌ഫാൻ ഗോത്രത്തിലെയും രണ്ട് ആളുകളെയും ബനൂഖുറൈളക്കാരിലേക്ക് അയച്ചു. എന്നിട്ട് അവരോട് ഇപ്രകാരം പറഞ്ഞു : നമ്മൾ ഒരു നില നിൽപ്പിന്റെ നാട്ടിൽ അല്ല ഇപ്പോൾ ഉള്ളത്. എല്ലാം നശിച്ച അവസ്ഥയിൽ നമ്മൾ എത്തിച്ചേർന്നിട്ടുണ്ട്. അതു കൊണ്ട് യുദ്ധത്തിനു വേണ്ടി നിങ്ങൾ ഒരുങ്ങിക്കൊള്ളുക. എങ്കിൽ മുഹമ്മദിനും നമുക്കും ഇടയിലുള്ള എല്ലാ കണക്കുകളും തീർക്കാൻ സാധിക്കും. അപ്പോൾ ബനൂഖുറൈളക്കാർ പറഞ്ഞു: ഇന്ന് ശനിയാഴ്ച ദിവസമാണ്. ഈ ദിവസത്തിൽ ഞങ്ങൾ ഒന്നും ചെയ്യാറില്ല. മാത്രവുമല്ല നിങ്ങളിൽ ചില ആളുകളെ പണയമായി ഞങ്ങൾക്ക് നൽകുന്നതു വരെ മുഹമ്മദിനെതിരെ ഞങ്ങൾ നിങ്ങളോടൊപ്പം യുദ്ധം ചെയ്യുകയുമില്ല. കാരണം യുദ്ധത്തിൽ നിങ്ങൾ പരാജയപ്പെട്ടു കഴിഞ്ഞാൽ ഞങ്ങളെ തനിച്ചാക്കി നിങ്ങൾ നിങ്ങളുടെ രാജ്യത്തേക്ക് ഓടിപ്പോകും എന്ന ഭയം ഞങ്ങൾക്കുണ്ട്. അപ്പോൾ ഞങ്ങൾ തനിച്ചാകും. ഞങ്ങൾക്കാകട്ടെ മുഹമ്മദിനോട് ഒറ്റയ്ക്ക് യുദ്ധം ചെയ്യാനുള്ള പ്രാപ്തിയും ഇല്ല.
ബനൂ ഖുറൈളക്കാർ പറഞ്ഞ ഈ മറുപടിയുമായി ദൂതന്മാർ അബൂസുഫ്‌യാനിന്റെ അടുത്തേക്ക് മടങ്ങി വന്നു.
അപ്പോൾ ഖുറൈഷികൾ പറഞ്ഞു: നഈമുബ്‌നു മസ്‌ഊദ് നേരത്തെ നമ്മളോട് പറഞ്ഞത് സത്യം തന്നെയാണ്. അതു കൊണ്ട് ബനൂഖുറൈളക്കാരിലേക്ക് ആളെ അയച്ചു കൊണ്ട് ഇപ്രകാരം അറിയിക്കുക; ഞങ്ങളിൽ ഒരാളെപ്പോലും പണയമായി നിങ്ങൾക്ക് നൽകുകയില്ല. ഇത് കേട്ടപ്പോൾ ബനൂ ഖുറൈളക്കാർ പറഞ്ഞു: നഈമുബ്‌നു മസ്‌ഊദ് നമ്മോട് പറഞ്ഞത് സത്യം തന്നെയാണ്. അങ്ങിനെ അല്ലാഹു രണ്ടു കൂട്ടരെയും നിന്ദിച്ചു. അവരുടെ കാര്യത്തിൽ ഭിന്നത ഉണ്ടാക്കി. ഇരു കൂട്ടരും പരസ്പര സഹായത്തിൽ നിന്നും നിരാശരായി. വിശ്വാസികൾക്ക് യുദ്ധം ഇല്ലാതെ തന്നെ അല്ലാഹു വിജയം നൽകുകയും ചെയ്തു.
“സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക് അല്ലാഹു യുദ്ധത്തിന്‍റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.”(അഹ്സാബ്: 25)
പേടിയോടെയും പ്രയാസത്തിന്റെയും ഈ ഘട്ടങ്ങളിലെല്ലാം നബിയും സ്വഹാബിമാരും റബ്ബുൽ ആലമീനായ അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവനോട് സഹായം തേടി ക്കൊണ്ടിരിക്കുകയായിരുന്നു. സഹായം ഇറക്കിത്തരാൻ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. അബ്ദുല്ലാഹിബ്നു അബി ഓഫ് പറയുന്നു: “നബി ﷺ സഖ്യകക്ഷികൾക്കെതിരെ ഇപ്രകാരം പ്രാർത്ഥിച്ചു; “ഖുർആൻ ഇറക്കിയ അല്ലാഹുവേ, വേഗത്തിൽ വിചാരണചെയ്യുന്ന അല്ലാഹുവേ, സഖ്യ കക്ഷികളെ നീ പരാജയപ്പെടുത്തേണമേ. അല്ലാഹുവേ അവരെ നീ പരാജയപ്പെടുത്തണമേ. അവരെ നീ തകർത്തു കളയണമേ.” (ബുഖാരി: 4115 .മുസ്ലിം :1743 )
നബിﷺയുടെ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചു. കാറ്റിനെയും മലക്കുകളെയും നിയോഗിച്ച് അല്ലാഹു ശത്രു പക്ഷത്തെ ആട്ടിയോടിച്ചു.
അഹ്‌സാബ് സന്ദർഭത്തിൽ നബിﷺ ഇപ്രകാരം പറഞ്ഞിരുന്നതായി അബൂഹുറൈറ പറയുന്നു: ” ആരാധനക്കർഹനായി അല്ലാഹു അല്ലാതെ മറ്റൊരാളും ഇല്ല. അവന്റെ സൈന്യത്തെ അവൻ ശക്തിപ്പെടുത്തി. തന്റെ അടിമകളെ അവൻ സഹായിച്ചു. സഖ്യകക്ഷികളെ അവൻ പരാജയപ്പെടുത്തി. അവനുശേഷം മറ്റൊന്നുമില്ല (ബുഖാരി: 4114. മുസ്ലിം: 2724) സഖ്യ കക്ഷികൾക്കു നേരെ അല്ലാഹു കാറ്റിനെ അയച്ചപ്പോൾ സഖ്യ കക്ഷികളുടെ അവസ്ഥ എന്ത് എന്ന് അറിയാൻ വേണ്ടി നബി ഹുദൈഫതുൽ യമാനിرضي الله عنهയെ അവരിലേക്ക് അയച്ചു. ഹുദൈഫ رضي الله عنه പറയുന്നു: ” ഖന്തക്ക് ദിവസം ഞങ്ങൾ നബിﷺ യോടൊപ്പമായിരുന്നു. രാത്രി നമസ്കാരം നിർവഹിച്ച ശേഷം ഞങ്ങളിലേക്ക് തിരിഞ്ഞിരുന്നു കൊണ്ട് നബിﷺ ചോദിച്ചു; സഖ്യ കക്ഷികൾക്ക് എന്തുപറ്റി എന്നു പോയി അന്വേഷിച്ചു വരുന്ന ആൾക്ക് അള്ളാഹു സ്വർഗ്ഗം നൽകും. അപ്പോൾ ആരും എണീറ്റില്ല നബിﷺ അവിടെ നിന്നും എണീറ്റ് വീണ്ടും നമസ്കാരത്തിലേക്ക് നിന്നു. നമസ്കാര ശേഷം ഞങ്ങളിലേക്ക് തിരിഞ്ഞിരുന്നു കൊണ്ട് ചോദിച്ചു സഖ്യ കക്ഷികൾക്ക് എന്തുപറ്റി എന്നറിയാൻ ആര് പോയി വരും? അവൻ സ്വർഗ്ഗത്തിൽ എന്റെ കൂട്ടുകാരനാകുവാൻ അല്ലാഹുവോട് ഞാൻ പ്രാർത്ഥിക്കും. അപ്പോഴും ഭയം കാരണം ആരും എണീറ്റില്ല. ശക്തമായ വിശപ്പും ശക്തമായ തണുപ്പും ഉണ്ടായിരുന്നു. ആരും എഴുന്നേൽക്കുന്നില്ല എന്ന് കണ്ടപ്പോൾ നബിﷺ എന്നെ വിളിച്ചു. നബിﷺ എന്നെ വിളിച്ചപ്പോൾ എണീറ്റ് ചെല്ലുകയല്ലാതെ മറ്റു നിർവാഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ട് എന്നോട് പറഞ്ഞു: അല്ലയോ ഹുദൈഫാ, നീ ചെല്ല്. എന്നിട്ട് ആളുകൾക്ക് എന്ത് സംഭവിച്ചു? അവിടെ ഇപ്പോൾ എന്ത് ചെയ്യുന്നു? എന്ന് നീ പരിശോധിക്കുക. തിരിച്ച് ഞങ്ങളുടെ അടുക്കലേക്ക് വരുന്നതു വരെ മറ്റൊന്നും ചെയ്യരുത്.
ഹുദൈഫ رضي الله عنه പറയുന്നു: അങ്ങിനെ ഞാൻ പോയി. സഖ്യകക്ഷികളുടെ അടുത്തെത്തി. കാറ്റും മലക്കുകളും അവിടെ ചെയ്യേണ്ടതൊക്കെ ചെയ്യുന്നുണ്ട്. അവരുടെ പാത്രങ്ങളോ തിയ്യോ അവരുണ്ടാക്കിയ ടെന്റുകളോ ഒന്നും നിലനിൽക്കുന്നില്ല. ഈ സന്ദർഭത്തിൽ അബൂ സുഫ്‌യാൻ അവരുടെ കൂട്ടത്തിൽ നിന്ന് എണീറ്റ് നിന്നു കൊണ്ട് പറഞ്ഞു: അല്ലയോ ഖുറൈശികളെ, ഓരോരുത്തരും അവനവന്റെ കൂടെ ആരാണ് ഉള്ളത് എന്ന് ശരിക്ക് പരിശോധിക്കുക. ഹുദൈഫرضي الله عنه പറയുന്നു: ഈ സന്ദർഭത്തിൽ ഞാൻ എന്റെ അടുത്തു നിൽക്കുന്ന ആളുടെ കൈ പിടിച്ചു. എന്നിട്ട് ഞാൻ ചോദിച്ചു; നിങ്ങളാരാണ്? അപ്പോൾ അയാൾ പറഞ്ഞു’ ഞാൻ ഇന്നയാളുടെ മകൻ ഇന്നയാളാണ്. ശേഷം അബൂസുഫ്‌യാൻ ഇപ്രകാരം പറഞ്ഞു: അല്ലയോ ഖുറൈശികളെ, അല്ലാഹുവാണ് സത്യം; നിങ്ങൾ ഒരിക്കലും നിങ്ങളുടെ രാജ്യത്ത് അല്ല. നമ്മൾ പാടെ തകർന്നിരിക്കുന്നു. ബനൂഖുറൈളക്കാർ നമ്മോടുള്ള കരാർ ലംഘിച്ചിരിക്കുന്നു. നമുക്ക് ഇഷ്ടമില്ലാത്ത പല കാര്യങ്ങളുമാണ് അവരിൽ നിന്നും നാം കണ്ടു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഉണ്ടായ കാറ്റും നിങ്ങളെല്ലാവരും കണ്ടതാണല്ലോ. അല്ലാഹുവാണ് സത്യം, നമ്മുടെ പാത്രങ്ങളോ നമ്മുടെ തീയോ ഒന്നും നില നിൽക്കുന്നില്ല. നമ്മൾ ഉണ്ടാക്കിയ ടെന്റുകൾ പോലും നമുക്കു വേണ്ടി നിലനിൽക്കുന്നില്ല. അതു കൊണ്ട് എല്ലാവരും പുറപ്പെട്ടു കൊള്ളുക. ഞാനും ഇവിടെ നിന്ന് പുറപ്പെടുകയാണ് ശേഷം തന്റെ ഒട്ടകത്തിന്റെ അടുക്കലേക്ക് ചെന്നു. എന്നിട്ട് അതിന്റെ പുറത്ത് കയറി ഇരുന്നു….
ഹുദൈഫ رضي الله عنه പറയുന്നു: ഞാൻ നബിﷺയുടെ അടുക്കൽ ചെന്നു. അപ്പോൾ നബിﷺ ഭാര്യമാർക്ക് വേണ്ടി ഉണ്ടാക്കപ്പെട്ട ടെന്റിൽ രോമത്താലുള്ള വസ്ത്രം ചുറ്റി നമസ്കരിക്കുകയായിരുന്നു. എന്നെ നബിﷺ തന്റെ ടെന്റിലേക്ക് പ്രവേശിപ്പിച്ചു. നബിﷺയുടെ കൂടെ ഉണ്ടായിരുന്ന മുണ്ടിന്റെ അറ്റം എന്നിലേക്ക് ഇട്ട ശേഷം റുകൂഅ് ചെയ്യുകയും സുജൂദ് ചെയ്യുകയും ചെയ്തു. സലാം വീട്ടിയപ്പോൾ ഞാൻ നബിﷺയുടെ കാര്യങ്ങൾ പറഞ്ഞു. ഖുറൈശികൾ ചെയ്ത കാര്യം ഗത്വ്‌ഫാൻ ഗോത്രക്കാർ കേട്ടു. അതോടെ അവർ അവരുടെ രാജ്യത്തേക്ക് മടങ്ങുകയും ചെയ്തു. നേരം പുലർന്നപ്പോൾ നബിﷺ പറഞ്ഞു: “ഇനി നാം അവരോട് യുദ്ധം ചെയ്യും. അവർ നമ്മോട് യുദ്ധത്തിനു വരികയില്ല. നാം അവരിലേക്ക് അങ്ങോട്ട് പോകും.” ഈ സന്ദർഭത്തിൽ അല്ലാഹു നബിﷺക്കും വിശ്വാസികൾക്കും വിജയം നൽകിയിരുന്നു. ഖന്തക്ക് യുദ്ധത്തിന്റെ പ്രയാസങ്ങളിൽ നിന്നും അല്ലാഹു അവർക്ക് കൺകുളിർമ നൽകിയിരുന്നു (ബുഖാരി: 4109)
ശേഷം കാര്യങ്ങളെല്ലാം നബിﷺ പറഞ്ഞത് പോലെത്തന്നെയായി. അവർ ഒരിക്കലും പിന്നീട് നബിﷺയോട് യുദ്ധം ചെയ്യാൻ വന്നിട്ടില്ല. പ്രവാചകത്വത്തിന്റെ അടയാളങ്ങളിൽ ഒന്നായിരുന്നു ഇത്. ശേഷം നബിﷺ തന്റെ അനുചരന്മാരോട് അവരുടെ വീടുകളിലേക്ക് മടങ്ങിപ്പോകാൻ പറഞ്ഞു. ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു… എന്ന് മുദ്രാ വാക്യം ഉയർത്തി ക്കൊണ്ടായിരുന്നു അവർ വീടുകളിലേക്ക് മടങ്ങിയത് (ബുഖാരി: 4114) അതി ശക്തമായ തണുപ്പും വിശപ്പും സുദീർഘമായ ഉപരോധവും കാരണം കഠിനമായ ക്ഷീണത്തോടെയായിരുന്നു അവർ മദീനയിലേക്ക് മടങ്ങിയത്. വീടുകളിൽ എത്തിയ ശേഷം ആയുധങ്ങളെല്ലാം അവിടെ വെച്ചു. ഖന്തഖിൽ നിന്ന് അവർ പിരിഞ്ഞു പോയത് ബുധനാഴ്ച ദിവസമായിരുന്നു.
ഫദ്‌ലുല്‍ ഹഖ് ഉമരി