നബി ചരിത്രം – 57

നബി ചരിത്രം - 57: ഹിജ്റ അഞ്ചാം വർഷം [ഭാഗം: 07]

മുസ്ലിംകൾ സഖ്യ കക്ഷികൾക്കു നേരെ.

നബിയും സഹാബികളും കൂടി ശത്രുക്കളുമായി ഏറ്റു മുട്ടാൻ പുറപ്പെട്ടു. സൈന്യം തങ്ങളുടെ പിൻ ഭാഗം സൽഅ്‌ പർവതത്തിനു നേരെയും മുഖം ഭാഗം ശത്രുക്കൾക്ക് നേരെയും ആക്കി. കിടങ്ങാകട്ടെ ശത്രുക്കൾക്കും അവർക്കും ഇടയിലായിരുന്നു. മൂവായിരത്തോളം വരുന്ന സ്വഹാബികളാണ് അന്ന് പുറപ്പെട്ടത്. കുട്ടികളെയും സ്ത്രീകളെയും അവർ വീടുകൾക്കുള്ളിലാക്കി. മദീനയുടെ ഉത്തരവാദിത്വം അബ്ദുല്ലാഹിബിന് ഉമ്മി മഖ്തൂമിനെ رضي الله عنه ഏൽപ്പിച്ചു. നമസ്കാരത്തിൽ ഇമാം നിൽക്കുവാനുള്ള നിർദ്ദേശവും അദ്ദേഹത്തിനു തന്നെയായിരുന്നു. മുഹാജിറുകളുടെ പതാക നബി ﷺ സൈദുബ്നു ഹാരിസയുടെ رضي الله عنه കയ്യിൽ നൽകി. അൻസാറുകളുടെ പതാക സഅ്‌ദ്ബ്നു ഉബാദرضي الله عنهടെ കയ്യിലും നൽകി. ശത്രുവുമായി അഭിമുഖീകരിക്കേണ്ടി വന്നാൽ ഒരു കോഡ് എന്ന നിലക്ക് “ഹമുൻ ലാ യുൻസ്വറൂൻ” എന്ന് ഉറക്കെ പറയുവാനും പറഞ്ഞു.

സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്‍റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്‌. അതവര്‍ക്ക് വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.(അഹ്സാബ് 22)

നബിﷺക്ക് വേണ്ടി ചെറിയ ഒരു ടെന്റുണ്ടാക്കി. ഒരു സംഘം അൻസ്വാറുകൾ അതിനു പാറാവ് നിൽക്കുകയും ചെയ്തു. മുശ്‌രിക്കുകൾ വൻ സൈന്യവുമായി വന്നു. അവർ മദീനയിലെത്തിയപ്പോൾ ഖന്തക്ക് കണ്ട് ഞെട്ടിപ്പോയി. അത് ചാടിക്കടക്കുവാനുള്ള പല ശ്രമങ്ങളും അവർ നടത്തിയെങ്കിലും എല്ലാം നിഷ്ഫലമായി. കിടങ്ങ് ചാടിക്കടക്കുവാനുള്ള ഓരോ ശ്രമങ്ങളും അവർ നടത്തുമ്പോൾ ഇപ്പുറത്തു നിന്നും മുസ്ലിംകൾ അവരെ അമ്പെയ്ത് തുരത്താൻ ശ്രമിക്കുമായിരുന്നു. ഇരുപതിൽ ചില്ലാനം ദിവസങ്ങൾ ഇതേ അവസ്ഥ തുടർന്നു. പരസ്പരം അമ്പെയ്യുക എന്നുള്ളതല്ലാതെ യുദ്ധം ഉണ്ടായില്ല.

ഈ അവസരത്തിൽ അബൂസുഫ്‌യാൻ ജൂതന്മാരുടെ നേതാവായ ഹുയയ്യുബ്നു അഖ്തബിനോട് ബനൂഖുറൈള യിലേക്ക് ചെല്ലുവാനും എന്നിട്ട് മുഹമ്മദും അവരുമായുള്ള കരാർ മുറിക്കുവാനും തയ്യാറാണോ എന്ന് ചോദിക്കുവാൻ ആവശ്യപ്പെട്ടു. അതോടൊപ്പം മുഹമ്മദിനെതിരെ നിങ്ങളോടൊപ്പം കൂടണമെന്നും ആവശ്യപ്പെടാൻ പറഞ്ഞു. ഹുയയ്യുബ്നു അഖ്തബ് ബനൂ ഖുറൈളയിലെത്തി. അവരുടെ നേതാവായ കഅ്‌ബുബ്നു അസദിന്റെ അടുക്കൽ ചെന്ന് ഈ വിഷയത്തിൽ സംസാരിച്ചു. തുടക്കത്തിൽ കഅ്‌ബുബ്നു അസദ് വിസമ്മതം കാണിച്ചുവെങ്കിലും ഹുയയ്യിന്റെ ആവർത്തിച്ചാവർത്തിച്ചുള്ള ആവശ്യപ്പെടുൽ കാരണം അവരുടെ കൂടെ പോകാൻ സമ്മതം മൂളി. ഹുയയ്യ് പറഞ്ഞു: എന്തുപറ്റി കഅ്‌ബേ നിങ്ങൾക്ക്?!. എല്ലാ നന്മയുടെയും അഭിമാനത്തിന്റെയും കാരണവുമായിക്കൊണ്ടല്ലേ ഞാൻ നിങ്ങളിലേക്ക് വന്നിട്ടുള്ളത്. ഖുറൈശി പ്രമുഖന്മാരെയല്ലേ ഞാൻ താങ്കളിലേക്ക് കൊണ്ടു വന്നിട്ടുള്ളത്. ഗത്വ്‌ഫാൻ ഗോത്രത്തിന്റെ നേതാക്കന്മാരും വലിയവരുമല്ലേ താങ്കളുടെ മുമ്പിൽ എത്തിയിട്ടുള്ളത്. മുഹമ്മദിനെയും അവന്റെ കൂടെയുള്ളവരെയും എന്നെന്നേക്കുമായി നശിപ്പിക്കുന്നതുവരെ അവർ ഇവിടെത്തന്നെ ഉണ്ടാകും എന്ന് എനിക്ക് വാക്ക് നൽകിയിട്ടുണ്ട്. ഇതു കേട്ടപ്പോൾ കഅ്‌ബുബ്നു അസദ് പറഞ്ഞു: അല്ലാഹുവാണ് സത്യം, പ്രതാപം കൊണ്ടല്ല മറിച്ച് നിന്ദ്യത കൊണ്ടാണ് നീ വന്നിട്ടുള്ളത്. എന്നെ എന്റെ പാട്ടിനു വിടുക. മുഹമ്മദിൽ നിന്ന് സത്യ സന്ധതയും കരാർ പാലനവുമല്ലാതെ മറ്റൊന്നും ഞാൻ കണ്ടിട്ടില്ല. അല്ലാഹുവാണ് സത്യം, അവന്റെ ദീനിൽ പ്രവേശിക്കാൻ അവൻ ഞങ്ങളെ നിർബന്ധിച്ചിട്ടില്ല. ഞങ്ങളുടെ സമ്പത്ത് അവൻ തട്ടിയെടുത്തിട്ടില്ല. മുഹമ്മദിന്റെ വിഷയത്തിലോ അവനുമായുള്ള ഇടപാടുകളുടെ വിഷയത്തിലോ ഒരു പ്രതികാര നടപടി സ്വീകരിക്കേണ്ടുന്ന ആവശ്യം ഞങ്ങൾക്ക് വന്നിട്ടില്ല. അതു കൊണ്ട് ഇപ്പോൾ നീ ഞങ്ങളെ ക്ഷണിക്കുന്നത് നാശത്തിലേക്കാണ്. ശേഷം കഅ്‌ബ് തന്റെ ഗോത്രക്കാരനായ അംറുബ്നു സഅ്‌ദിനോട് സംസാരിച്ചു. മുഹമ്മദുമായുള്ള കരാറിൽ ഉറച്ചു നിൽക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞു കൊടുത്തു. മുഹമ്മദിനെ നമ്മൾ ഒരിക്കലും വഞ്ചിക്കരുത് എന്നും പറഞ്ഞു. എന്നാൽ ഹുയയ്യ് കഅ്‌ബ് ബ്നു അസദിനെ വിട്ടില്ല. ഓരോന്നും പറഞ്ഞ് പിറകെ കൂടിക്കൊണ്ടേയിരുന്നു. അവസാനം കരാർ ലംഘനത്തിന് കഅ്‌ബും തയ്യാറായി. എന്നാൽ കഅ്‌ബ് ഒരു നിബന്ധന ഇപ്രകാരം പറഞ്ഞിരുന്നു” ഖുറൈശികളും ഗത്വ്‌ഫാൻ ഗോത്രക്കാരും മക്കയിലേക്ക് തിരിച്ചു പോവുകയും മുഹമ്മദിനെയും അനുയായികളെയും പിടികൂടാനും നശിപ്പിക്കാനും അവർക്ക് കഴിയാതെ വരികയും ചെയ്താൽ മുഹമ്മദിന്റെ സംരക്ഷണത്തിലേക്കും കരാറിലേക്കും നീയും പ്രവേശിക്കണം. ഹുയയ്യ് ഇത് സമ്മതിച്ചു.

അങ്ങിനെ കഅ്‌ബുബ്നു അസദ് തന്റെ കരാർ ലംഘിച്ചു. തനിക്കും മുഹമ്മദിനും ഇടയിലുള്ള കരാറുകളിൽ നിന്നെല്ലാം ഒഴിവായി. മദീനയുടെ തെക്കു കിഴക്കു ഭാഗത്തായിരുന്നു ഖുറൈളക്കാർ താമസിച്ചിരുന്നത്. ബനൂ ഖുറൈളക്കാർ വന്ന് നബിയുമായി എഴുതിയ കരാർ കീറിക്കളഞ്ഞു. മുസ്‌ലിംകൾക്കെതിരെ യുദ്ധം ചെയ്യാൻ അവർ ഖുറൈശികൾക്കും ഗത്വ്‌ഫാൻ കാർക്കും ഒപ്പം കൂടി. കാരണം മുസ്ലിംകൾ നാനാ ഭാഗത്തുനിന്നും ചുറ്റപ്പെട്ടതായി അവർ കണ്ടു. അവർ നാശത്തിലേക്ക് അടുത്തിട്ടുണ്ടെന്നും ഖുറൈളക്കാർ ചിന്തിച്ചു. അതു കൊണ്ടു തന്നെ സമ്പത്തും ആയുധങ്ങളും നൽകി സഖ്യ കക്ഷികളെ അവർ സഹായിച്ചു.

ബനൂ ഖുറൈളക്കാർ കരാർ ലംഘിച്ച വിവരം നബിﷺ അറിഞ്ഞപ്പോൾ സുബൈറുബ്നുൽ അവ്വാംرضي الله عنهനെ അവരിലേക്ക് അയക്കുകയുണ്ടായി. പെട്ടന്ന് ഉണ്ടായതും ഗൗരവകരമായതുമായ ഈ വാർത്ത ശരിയാണോ എന്ന് പരിശോധിക്കാൻ വേണ്ടിയായിരുന്നു അദ്ദേഹത്തെ അങ്ങോട്ട് അയച്ചത്. ജാബിർرضي الله عنه പറയുന്നു: “അഹ്സാബ് യുദ്ധ ദിവസം നബിﷺ ഇപ്രകാരം ചോദിച്ചു; ജനങ്ങളെക്കുറിച്ചുള്ള (ബനൂഖുറൈളക്കാരെക്കുറിച്ച്) വിവരങ്ങൾ ആരാണ് നമുക്ക് കൊണ്ടുവന്നു തരിക? അപ്പോൾ സുബൈർ رضي الله عنه പറഞ്ഞു: ഞാൻ തയ്യാറാണ്. നബിﷺ ഇതേ ചോദ്യം വീണ്ടും ആവർത്തിച്ചു. അപ്പോൾ സുബൈർرضي الله عنه പറഞ്ഞു: ഞാൻ തയ്യാറാണ്. മൂന്നാമത്തെ തവണയും നബിﷺ ഇതേ ചോദ്യം ചോദിച്ചപ്പോൾ ഞാൻ തയ്യാറാണ് എന്ന മറുപടി സുബൈർ رضي الله عنهതന്നെയായിരുന്നു പറഞ്ഞിരുന്നത്. അപ്പോൾ നബിﷺ ഇപ്രകാരം പറഞ്ഞു: എല്ലാ നബിമാർക്കും അനുയായികൾ (ഹവാരിയ്യുകൾ) ഉണ്ട് എന്റെ അനുയായി സുബൈറാണ്.(ബുഖാരി: 4113. മുസ്ലിം: 2415)

കരാർ ലംഘിച്ച ബനൂ ഖുറൈളക്കാരുടെ ചതിയെ ഒന്നു കൂടി ഉറപ്പു വരുത്താൻ വേണ്ടി സഅ്‌ദുബ്നു മുആദ് رضي الله عنه നേയും (ഔസ് ഗോത്രത്തിന്റെ നേതാവായിരുന്നു ഇദ്ദേഹം) സഅ്‌ദുബ്നു ഉബാദയെയും رضي الله عنه  (ഖസ്റജ് ഗോത്രത്തിന്റെ നേതാവാണ് ഇദ്ദേഹം) വീണ്ടും അയക്കുകയുണ്ടായി. അവരുടെ കൂടെ അബ്ദുല്ലാഹിബ്നു റവാഹ رضي الله عنه , ഖവാതുബ്നു ജുബൈർ رضي الله عنه  എന്നിവരെയും അയച്ചു. അവരോട് നബിﷺ ഇപ്രകാരം പറഞ്ഞു: നിങ്ങൾ ചെല്ലുക. എന്നിട്ട് ആളുകളെക്കുറിച്ച് കേട്ട വാർത്ത സത്യമാണോ അല്ലയോ എന്ന് അന്വേഷിക്കുക. അവരെക്കുറിച്ച് കേട്ട വാർത്ത സത്യമാണെങ്കിൽ അത് എനിക്ക് നിങ്ങൾ രഹസ്യമായി അറിയിച്ചു തരണം. ജനങ്ങൾക്കിടയിൽ അത് പ്രചരിപ്പിക്കരുത്. ഇനി ബനൂ ഖുറൈളക്കാർ അവരുടെ കരാറിൽ തന്നെ കുറച്ചു നിൽക്കുന്നുവെങ്കിൽ അത് ജനങ്ങൾക്കിടയിൽ പരസ്യപ്പെടുത്തുകയും ചെയ്യുക.

നബിﷺ നിയോഗിച്ച സ്വഹാബികൾ എല്ലാവരും ചേർന്ന് ബനൂ ഖുറൈളയിൽ എത്തി. അവിടെ ചെന്ന് നോക്കുമ്പോൾ കേട്ടതിനേക്കാളെല്ലാം പരിതാപകരമായ അവസ്ഥയിലായിരുന്നു കാര്യങ്ങൾ. ഞങ്ങൾക്കും മുഹമ്മദിനും ഇടയിൽ ഒരു ബന്ധവുമില്ല, ഒരു കരാറും ഇല്ല എന്ന് അവർ തുറന്നു പറഞ്ഞു. സ്വഹാബികൾ അല്പ സമയം അവരുമായി ചർച്ചകൾ നടത്തി. എന്നാൽ ബനൂഖുറൈളക്കാർ അവരുടെ ചതിയിൽ തന്നെ പിടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ സഅ്‌ദുബ്നു മുആദും رضي الله عنه സഅ്‌ദുബ്നു ഉബാദയും رضي الله عنه അവരുടെ കൂടെ ഉണ്ടായിരുന്നവരും നബിﷺയുടെ അടുക്കലേക്ക് തിരിച്ചു പോന്നു.

നബിﷺയോട് അവർ സലാം പറഞ്ഞ ശേഷം നടന്ന വിവരങ്ങളെല്ലാം അറിയിച്ചു. അവർ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, അവർ മഹാ ചതിയാണ് ചെയ്തിട്ടുള്ളത്. അപ്പോൾ നബിﷺ പറഞ്ഞു: “അല്ലാഹു അക്ബർ! മുസ്ലിം സമൂഹമേ നിങ്ങൾ സന്തോഷിച്ചു കൊള്ളുക”. നബിﷺ തന്റെ വസ്ത്രം കൊണ്ട് മുഖം പൊത്തിപ്പിടിക്കുകയും ശേഷം സുദീർഘമായ സമയം ചെരിഞ്ഞു കിടക്കുകയും ചെയ്തു. നബി ﷺഇപ്രകാരം കിടക്കുന്നത് കണ്ടപ്പോൾ സ്വഹാബത്തിന്റെ വേദനയും ഭയവും കൂടി വന്നു. ബനൂ ഖുറൈളയിൽ നിന്നും നന്മയുള്ള വാർത്തയല്ല വന്നിട്ടുള്ളത് എന്ന് അവർ മനസ്സിലാക്കുകയും ചെയ്തു. ശേഷം നബി ﷺ തന്റെ തല ഉയർത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: “അല്ലാഹുവിന്റെ സഹായം കൊണ്ടും അവന്റെ ഭാഗത്തു നിന്നുള്ള വിജയം കൊണ്ടും നിങ്ങൾ സന്തോഷിച്ചു കൊള്ളുക”. ഈ സന്ദർഭത്തിൽ സഖ്യ കക്ഷികൾക്കെതിരെ നബിﷺ പ്രാർത്ഥിക്കുകയും ചെയ്തു. “ഖുർആൻ ഇറക്കിയ അല്ലാഹുവേ, വേഗത്തിൽ വിചാരണ ചെയ്യുന്ന അല്ലാഹുവേ, സഖ്യ കക്ഷികളെ നീ പരാജയപ്പെടുത്തണമേ. അല്ലാഹുവേ അവരെ നീ പരാജയപ്പെടുത്തേണമേ, അവരെ നീ വിറപ്പിച്ചു കളയേണമേ. (ബുഖാരി: 4115. മുസ്ലിം: 1744)

ഈ പ്രാർത്ഥന കൂടി കേട്ടപ്പോൾ സ്വഹാബത്തിന്റെ പ്രയാസങ്ങൾ ശക്തമായി. അവർക്ക് ഭയം കൂടി കൂടി വന്നു. കാര്യങ്ങളെല്ലാം ഇടുങ്ങിപ്പോയതു പോലെയായി. കുട്ടികളുടെയും സ്ത്രീകളുടെയും കാര്യത്തിൽ അവർക്ക് ഭയം തോന്നി. മുകളിലൂടെയും താഴ് ഭാഗത്തു കൂടിയും സഖ്യ കക്ഷികൾ ഇരച്ചു കയറുകയാണ്. അവരുടെ കണ്ണുകൾ അഞ്ചിപ്പോയി. ഹൃദയം തൊണ്ടക്കുഴിയിലേക്കെത്തി. ഈ ഒരു രംഗത്തെ അല്ലാഹു ഓർമ്മിപ്പിക്കുന്നത് കാണുക.

“സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് കുറെ സൈന്യങ്ങള്‍ വരികയും, അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളേയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു. നിങ്ങളുടെ മുകള്‍ ഭാഗത്തു കൂടിയും നിങ്ങളുടെ താഴ്ഭാഗത്തു കൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും, നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച് പോകുകയും ചെയ്തിരുന്ന സന്ദര്‍ഭംഅവിടെ വെച്ച് വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു. (അഹ്സാബ് 9- 11)

എന്നാൽ വലിയ വിഷമഘട്ടങ്ങളും പ്രതിസന്ധിയുടെ സന്ദർഭങ്ങളും നേരിടുമ്പോൾ എന്ത് സമീപനമാണ് സ്വീകരിക്കേണ്ടത് എന്ന കൃത്യമായ തർബിയത് അള്ളാഹു നടത്തിയിട്ടുണ്ട്. എല്ലാ കാര്യങ്ങളുടെയും കടിഞ്ഞാൺ അല്ലാഹുവിന്റെ കൈകളിൽ മാത്രമാണ് എന്ന് അവർ മനസ്സിലാക്കണം. സഹായങ്ങൾ മുഴുവനും അല്ലാഹുവിന്റെ ഭാഗത്തു നിന്ന് മാത്രമാണ് എന്ന് അവർക്ക് ബോധ്യപ്പെടണം. അതിനുള്ള മാർഗ്ഗങ്ങളാണ് അല്ലാഹു സ്വീകരിച്ചത്.

“തീര്‍ച്ചയായും ഞാനും എന്‍റെ ദൂതന്‍മാരും തന്നെയാണ് വിജയം നേടുക. എന്ന് അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു”(മുജാദല: 21)

മുസ്ലിംകൾക്ക് ബാധിച്ച ശക്തമായ ഭയം, അസഹ്യമായ വിശപ്പ്, കഠിനമായ തണുപ്പ്, ഇതിനെല്ലാം പുറമെ കാപട്യം ഒരുമിച്ചു കൂടിയ രംഗം കൂടിയായിരുന്നു അഹ്സാബ് യുദ്ധം. മുനാഫിക്കുകൾ വല്ലാതെ രംഗത്ത് വന്ന ഒരു രംഗം കൂടിയായിരുന്നു ഇത്. ഹൃദയങ്ങളിൽ രോഗമുള്ള ആളുകൾ പലതും പറയാൻ തുടങ്ങി. ചിലർ ഇപ്രകാരം പറഞ്ഞു: “നമ്മൾ കിസ്റയുടെയും ഖൈസറിന്റെയും ശേഖരങ്ങൾ സ്വന്തമാക്കുമെന്ന് മുഹമ്മദ് നമുക്ക് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ സ്വന്തം കാര്യത്തിൽ പോലും പോലും നിർഭയത്വം ഇല്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ നമ്മൾ എത്തിച്ചേർന്നിട്ടുള്ളത്. മലമൂത്ര വിസർജനത്തിനു പോലും പേടിയോടു കൂടി പുറത്തു പോകേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്”. മുനാഫിക്കുകളുടെ വാക്കുകളായിരുന്നു ഇതെല്ലാം.

ചില ആളുകൾ നബിﷺ യോട് വീട്ടിലേക്ക് മടങ്ങിപ്പോകട്ടെ എന്ന് പോലും അനുവാദം ചോദിച്ചു വന്നിട്ടുണ്ട്. ഞങ്ങളുടെ വീടുകൾ മദീനക്ക് പുറത്താണെന്നും വീടുകൾ സുരക്ഷിതമല്ല എന്നും വീട്ടിൽ പലതും നടക്കാൻ സാധ്യതയുണ്ട് എന്നും… അങ്ങനെ പലതും പറഞ്ഞു കൊണ്ട് വീട്ടിലേക്ക് രക്ഷപ്പെടാനുള്ള മാർഗം തേടി പ്രവാചകന്റെ അടുക്കൽ പലരും വന്നിട്ടുണ്ടായിരുന്നു. അനുവാദം ചോദിച്ചു വന്ന ആളുകൾക്കൊക്കെ നബി ﷺ  അനുവാദം കൊടുക്കുകയും ചെയ്തു. ആരെയും തടഞ്ഞു വെച്ചില്ല. മുനാഫിക്കുകളുടെ ഈ മനസ്ഥിതിയെ സംബന്ധിച്ച് അല്ലാഹു വിശദീകരിക്കുന്നത് കാണുക.

“നമ്മോട് അല്ലാഹുവും അവന്‍റെ ദൂതനും വാഗ്ദാനം ചെയ്തത് വഞ്ചനമാത്രമാണെന്ന് കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം. യഥ്‌രിബുകാരേ! നിങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ. എന്ന് അവരില്‍ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദര്‍ഭം. ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നു എന്ന് പറഞ്ഞു കൊണ്ട് അവരില്‍ ഒരു വിഭാഗം (യുദ്ധരംഗം വിട്ടുപോകാന്‍) നബിയോട് അനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന് മാത്രം. അതിന്‍റെ (മദീനയുടെ) വിവിധ ഭാഗങ്ങളിലൂടെ (ശത്രുക്കള്‍) അവരുടെ അടുത്ത് കടന്നു ചെല്ലുകയും, എന്നിട്ട് (മുസ്ലിംകള്‍ക്കെതിരില്‍) കുഴപ്പമുണ്ടാക്കാന്‍ അവരോട് ആവശ്യപ്പെടുകയുമാണെങ്കില്‍ അവരത് ചെയ്തു കൊടുക്കുന്നതാണ്‌. അവരതിന് താമസം വരുത്തുകയുമില്ല. കുറച്ച് മാത്രമല്ലാതെ. തങ്ങള്‍ പിന്തിരിഞ്ഞ് പോകുകയില്ലെന്ന് മുമ്പ് അവര്‍ അല്ലാഹുവോട് ഉടമ്പടി ചെയ്തിട്ടുണ്ടായിരുന്നു. അല്ലാഹുവിന്‍റെ ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നതാണ്‌.(അഹ്‌സാബ്: 12- 15)

ജനങ്ങൾക്ക് നേരിട്ട പരീക്ഷണവും അവരുടെ ബുദ്ധി മുട്ടുകളും, ഭയവും കണ്ടപ്പോൾ നബിﷺ അവരോട് ഇപ്രകാരം പറഞ്ഞു: “എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം ഇപ്പോൾ നിങ്ങൾ അനുഭവിക്കുന്ന ഈ പ്രയാസത്തിൽ നിന്നും അല്ലാഹു നിങ്ങൾക്ക് വിശാലത നൽകുക തന്നെ ചെയ്യും. കഅ്‌ബാലയത്തിങ്കൽ ചെന്ന് നിർഭയത്വത്തോടു കൂടി ത്വവാഫ് ചെയ്യുമെന്നും കഅ്‌ബയുടെ താക്കോലുകൾ അല്ലാഹു എനിക്ക് നൽകുമെന്നും കിസ്‌റയെയും കൈസറിനെയും അല്ലാഹു നശിപ്പിക്കുക തന്നെ ചെയ്യുമെന്നും അവരുടെ സമ്പത്ത് അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കപ്പെടുക തന്നെ ചെയ്യുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു”.(ദലാഇലുലുന്നുബുവ്വ: – ബൈഹഖി: 3/402)

കുതിരപ്പടയാളികളെ നബി ﷺ മദീനയുടെ പാറാവിന് വേണ്ടി പറഞ്ഞയച്ചു. ഉച്ചത്തിൽ തക്ബീർ വിളിക്കുവാൻ അവരോട് കൽപ്പിക്കുകയും ചെയ്തു. മദീനയിലെ വീടുകളിലുള്ള സ്ത്രീകളെയും കുട്ടികളെയും ബനൂ ഖുറൈളക്കാർ എന്തെങ്കിലും ചെയ്യുമോ എന്നുള്ള പേടി മൂലമാണ് ആളുകൾ ഉണ്ടെന്ന് അറിയിക്കാൻ വേണ്ടി ഉച്ചത്തിൽ തക്ബീർ വിളിക്കാൻ നബിﷺ കൽപ്പിച്ചത്.

ഫദ്‌ലുല്‍ ഹഖ് ഉമരി

Leave a Comment