ധീരനായ പുത്രന്‍

ധീരനായ പുത്രന്‍

ഇത് വളരെ പണ്ട് നടന്ന ഒരു കഥയാണ്. കൊള്ളക്കാര്‍ തേര്‍വാഴ്ച നടത്തുന്ന കാലം. അന്ന് മനുഷ്യരെ അടിമകളാക്കി വില്‍പന നടത്തുന്ന സമ്പ്രദായം നിലനിന്നിരുന്നു. അത്‌കൊണ്ടു തന്നെ കൊള്ളക്കാര്‍ കവര്‍ച്ച ചെയ്യുവാനും ആളുകളെ തട്ടിക്കൊണ്ട് പോകുവാനുമായി വഴിയോരങ്ങളില്‍ പതുങ്ങിയിരിക്കാറുണ്ടായിരുന്നു.

ഒരു ദിവസം എന്തോ ആവശ്യത്തിന് പോകുകയായിരുന്ന പാവപ്പെട്ട ഒരു മനുഷ്യനെ കൊള്ളക്കാര്‍ പിടിച്ചുവെച്ചു. കൊള്ളക്കാരുടെ തലവന്‍ പറഞ്ഞു: ”നിങ്ങളെ അടിമച്ചന്തയില്‍ വില്‍ക്കാതിരിക്കണമെങ്കില്‍ നൂറ് സ്വര്‍ണ നാണയം തരണം.”

”എന്റെ പക്കല്‍ യാതൊന്നുമില്ല. എന്നെ വിട്ടയക്കണം” വൃദ്ധന്‍ യാചനാ സ്വരത്തില്‍ പറഞ്ഞു.

”എങ്കില്‍ നിങ്ങളെ ഞാന്‍ തടവുകാരനാക്കുകയാണ്” തലവന്‍ പറഞ്ഞു.

”എങ്കില്‍ എനിക്ക് ഈ വിവരം വീട്ടില്‍ അറിയിക്കണം. അവര്‍ എന്തെങ്കിലും വഴി കണ്ടെത്തുമോ എന്ന് നോക്കട്ടെ” വൃദ്ധന്‍ പറഞ്ഞു.

വൃദ്ധന്‍ കാര്യങ്ങളെല്ലാം വിശദമാക്കുന്ന ഒരു കത്ത് എഴുതി. ”എനിക്കറിയാം എന്നെ സ്വതന്ത്രനാക്കുവാനുള്ള ധനം കണ്ടെത്തുവാന്‍ നിങ്ങള്‍ക്ക് കഴിയില്ല എന്ന്. എനിക്ക് ഇങ്ങനെയൊരു വിപത്ത് സംഭവിച്ചിരിക്കുന്നു എന്ന് നിങ്ങളെ അറിയിക്കുവാന്‍ മാത്രമാണ് ഞാനിത് എഴുതുന്നത്” എന്നാണ് അയാള്‍ കത്തിന്റെ അവസാനത്തില്‍ എഴുതിയത്.

ഈ വൃദ്ധന് ധീരനും ബുദ്ധിമാനുമായ ഒരു മകനുണ്ടായിരുന്നു. അവന്റെ കയ്യിലാണ് കത്ത് കിട്ടിയത്. ഉടനെ അവന്‍ കൊള്ളക്കാരുടെ സങ്കേതം തേടി യാത്രയായി. കൊള്ളക്കാരെ കണ്ടെത്തിയപ്പോള്‍ അവന്‍ പറഞ്ഞു:

”മോചന ദ്രവ്യം നല്‍കാതെ നിങ്ങള്‍ എന്റെ പിതാവിനെ വിട്ടയക്കില്ല എന്ന് എനിക്കറിയാം. ഞാന്‍ നിങ്ങളോട് അതിന് യാചിക്കുന്നുമില്ല. അദ്ദേഹം വൃദ്ധനും ദുര്‍ബലനുമാണ്. അദ്ദേഹത്തെ അടിമച്ചന്തയില്‍ വിറ്റാല്‍ നിങ്ങള്‍ക്ക് വലിയ തുകയൊന്നും കിട്ടാന്‍ പോകുന്നില്ല. പകരം നിങ്ങള്‍ എന്നെ എടുത്തോളൂ. അദ്ദേഹത്തെ വിട്ടയക്കൂ. എന്നെ വിറ്റാല്‍ നിങ്ങള്‍ക്ക് നല്ല തുക ലഭിക്കാതിരിക്കില്ല. ഞാന്‍ നല്ല ആരോഗ്യവാനും യുവാവുമാണ്.”

ഇതു കേട്ട കൊള്ളക്കാര്‍ അമ്പരപ്പോെട പരസ്പരം നോക്കി. ആ ഓഫര്‍ അവര്‍ക്ക് നന്നായി ഇഷ്ടപ്പെടുകയും ചെയ്തു. നേതാവിനോട് വിവരം പറയട്ടെ എന്നായി കൊള്ളക്കാര്‍. കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ കൊള്ളത്തലവനും അത്ഭുതമായി. കേട്ടത് വിശ്വസിക്കുവാന്‍ അയാള്‍ക്കായില്ല. അയാള്‍ യുവാവിനെ കാണുവാനെത്തി. യുവാവ് അയാളോട് നേരിട്ട് അക്കാര്യം പറഞ്ഞു.

കൊള്ളത്തലവന്‍ യുവാവിന്റെ ചുമലില്‍ കൈവെച്ചുകൊണ്ട് പറഞ്ഞു: ”ഭൂമിയില്‍ ഇപ്പോഴും ഇതുപോലുള്ള ധീരന്മാരായ, പിതാവിനു വേണ്ടി ത്യാഗം സഹിക്കുവാന്‍ തയ്യാറുള്ള മക്കള്‍ ജീവിച്ചിരിപ്പുണ്ടല്ലേ?  നിന്നെ ഞാന്‍ അഭിനന്ദിക്കുന്നു. നീ കാരണം നിന്റെ പിതാവിനെ ഞാന്‍ വിട്ടുതരുന്നു. നിങ്ങള്‍ രണ്ടുപേരും സ്വതന്ത്രരാണ്. നിങ്ങള്‍ക്ക് പോകാം.”

ആപത്തില്‍നിന്നും രക്ഷപ്പെട്ട സന്തോഷത്തോടെ പിതാവും മകനും വീട്ടിലേക്ക് തിരിച്ചു.

 

റാശിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

ഒരു ജീവിയെയും ഉപദ്രവിക്കരുത്

ഒരു ജീവിയെയും ഉപദ്രവിക്കരുത്

ഹാജറയും സാറയും അടുത്ത കൂട്ടുകാരികളാണ്. ഹാജറ മതബോധമുള്ള കുടുംബത്തിലെ കുട്ടിയായതിനാല്‍ സാറയെക്കാള്‍ മികച്ച സ്വഭാവവും നല്ല അറിവും അവള്‍ക്കുണ്ടായിരുന്നു. അവര്‍ രണ്ടുപേരും സ്‌കൂളില്‍ പോകുന്നതും വരുന്നതും ഒരുമിച്ചായിരുന്നു.

ഒരുദിവസം രണ്ടുപേരും സകൂളില്‍ നിന്ന് മടങ്ങിവരുമ്പോള്‍ വഴിയിരികില്‍ ഒരു കിളിക്കുഞ്ഞ് മരണാസന്നയായി കിടക്കുന്നത് കണ്ടു. അതിനെ ഉറുമ്പുകള്‍ പൊതിഞ്ഞിരുന്നു. 

ഹാജറ പറഞ്ഞു: ”പാവം കിളിക്കുഞ്ഞ്. അത് ചാകാനായിട്ടുണ്ട്. നമുക്കതിനെ രക്ഷിക്കാം. അല്‍പം വെള്ളം കൊടുക്കാം.”

അപ്പോള്‍ സാറ പറഞ്ഞു: ”നിനക്ക് വേറെ പണിയൊന്നുമില്ലേ? വെറുതെ സമയം കളയുന്നു.”

”നീ ഈ പറയുന്നത് ശരിയല്ല. ദാഹിക്കുന്ന ഏത് ജീവിക്കും വെള്ളം നല്‍കി ദാഹമകറ്റുന്നത് പുണ്യകര്‍മമാണെന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്” ഹാജറ പറഞ്ഞു.

”നേരാണോ നീ പറയുന്നത്?” സാറ അത്ഭുതത്തോടെ ചോദിച്ചു. 

”അതെ, ദാഹിച്ചു വലഞ്ഞ നായക്ക് കിണറ്റിലിറങ്ങി വെളളം നല്‍കിയ മനുഷ്യന്‍ അക്കാരണത്താല്‍ സ്വര്‍ഗാവകാശിയായെന്ന് നബി ﷺ പറഞ്ഞത് നീ പഠിച്ചിട്ടില്ലേ?”

ഇതും ചോദിച്ച് ഹാജറ കിളിക്കുഞ്ഞിനെ കയ്യിലെടുത്തു. അതിന്റെ ശരീരത്തിലുണ്ടായിരുന്ന ഉറുമ്പുകളെയെല്ലാം തട്ടിക്കളഞ്ഞു. ബാഗിലുണ്ടായിരുന്ന വാട്ടര്‍ബോട്ടിലില്‍ നിന്ന് അല്‍പം വെള്ളം അതിന്റെ വായില്‍ ഒഴിച്ചുകൊടുത്തു. അത് വെള്ളം കുടിച്ചിറക്കി. അന്നേരമാണ് തള്ളപ്പക്ഷി മുകളില്‍ വട്ടമിട്ടു പറക്കുന്നത് അവര്‍ കണ്ടത്. കുറച്ചപ്പുറത്ത് മരത്തില്‍ നിന്ന് ചാടിയ കിളിക്കൂട് കിടക്കുന്നത് അപ്പോഴാണ് അവരുടെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ ഹാജറ കിളിക്കുഞ്ഞിനെ ആ കൂട്ടില്‍ വെച്ചു. ഉറുമ്പുകള്‍ പോകുകയും വെള്ളം അകത്തു ചെല്ലുകയും ചെയ്തതിനാല്‍ കിളിക്കുഞ്ഞ് ഉഷാറായി. അത് പതുക്കെ കൂട്ടില്‍ എഴുന്നേറ്റ് നിന്നു. അവര്‍ അല്‍പം മാറി നിന്നപ്പോള്‍ തള്ളപ്പക്ഷി കൂട്ടില്‍ പറന്നിറങ്ങി. അത് തന്റെ കൊക്കിനിടയില്‍ വെച്ചിരുന്ന തീറ്റ കുഞ്ഞിന്റെ വായില്‍ വച്ചുകൊടുത്തു. കുറച്ചു നേരം ആ രംഗം നോക്കിനിന്ന ശേഷം ഹാജറയും സാറയും വീട്ടിലേക്ക് മടങ്ങി. 

പിറ്റേ ദിവസം സ്‌കൂളിലേക്ക് പോകുമ്പോള്‍ സാറ പറഞ്ഞു: ”ഇന്നലെ നീ കിളിക്കുഞ്ഞിനെ രക്ഷിച്ച കാര്യമായിരുന്നു ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്റെ മനസ്സു നിറയെ. ഞാന്‍ ഇതുവരെ ജന്തുക്കളെ ഉപദ്രവിച്ചിട്ടേയുള്ളൂ. ഇനി ഞാന്‍ ഒന്നിനെയും ഉപദ്രവിക്കില്ല.”

ഹാജറക്ക് അത് കേട്ടപ്പോള്‍ വലിയ സന്തോഷമായി. അവള്‍ പറഞ്ഞു: ”നമ്മള്‍ ഒരു കാര്യം തെറ്റാണെന്ന് അറിഞ്ഞാല്‍ പിന്നെ അത് ആവര്‍ത്തിക്കരുത്. അറിയാതെ ചെയ്തത് അല്ലാഹു പൊറുത്തുതരും.”

”ഞാന്‍ എന്റെ വീട്ടില്‍ വരുന്ന ഒരു പാവം പൂച്ചയെ കല്ലെടുത്തെറിഞ്ഞ് കുറെ വേദനിപ്പിച്ചിട്ടുണ്ട്. അതുപോലെ ഓന്തിനെയും അരണയെയും കാണുമ്പോള്‍ എറിയാറുണ്ട്. അതൊക്കെ ഒരു രസത്തിന് ചെയ്യുന്നതാണ്” സാറ ദുഃഖത്തോടെ പറഞ്ഞു.

”നീ മാത്രമല്ല, പല കുട്ടികളും ചെയ്യുന്ന കാര്യമാണിത്. പൂച്ചയെ കെട്ടിയിട്ട് ഭക്ഷണം നല്‍കാതെ കൊന്ന ഒരു സ്ത്രീ നരകത്തിലാണെ് നബി ﷺ പറഞ്ഞത് ജന്തുക്കളെ ഉപദ്രവിക്കുന്നതിന്റെ ഗൗരവം എത്രമാത്രമുണ്ടെന്ന് അറിയിക്കുന്നു” ഹാജറ പറഞ്ഞു.

അപ്പോഴേക്കും അവര്‍ സ്‌കൂളിലെത്തി. സലാം പറഞ്ഞുകൊണ്ട് രണ്ടു പേരും അവരവരുടെ ക്ലാസ്സുകളിലേക്ക് പോയി.  

 

അസ്‌റ അബ്ദുല്‍ ഹയ്യ്
നേർപഥം വാരിക

അല്ലാഹുവിന് നന്ദി കാണിക്കുക നാം

അല്ലാഹുവിന് നന്ദി കാണിക്കുക നാം

ഹംദ മോളുടെ പ്രിയപ്പെട്ട ഇത്താത്തയാണ് സഹദിയ.

ഇത്താത്തയുടെ കൂടെ ഭക്ഷണം കഴിക്കാനാണ് ഹംദ മോള്‍ക്ക് ഇഷ്ടം.

ഇണങ്ങിയും പിണങ്ങിയും ഭക്ഷണം കഴിക്കുന്നതിനിടയില്‍ സഹദിയ കഥകള്‍ പറഞ്ഞു കൊടുക്കും.

അന്ന് സഹദിയ മദ്‌റസ വിട്ടു വന്ന് ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോഴേക്കും ഹംദ മോള്‍ കഴിക്കാന്‍ തുടങ്ങിയിരുന്നു.

”ബിസ്മില്ലാഹ് എന്ന് പറഞ്ഞ് കൊണ്ട് മാത്രമെ ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ. നീ ബിസ്മി ചൊല്ലിയോ?” സഹദിയ ചോദിച്ചു.

”ഇല്ല, ഞാന്‍ ചൊല്ലിയില്ല” ഹംദ പറഞ്ഞു. 

അപ്പോള്‍ സഹദിയ പറഞ്ഞു: ”ബിസ്മി ചൊല്ലാന്‍ മറന്ന് ഭക്ഷണം കഴിച്ച് തുടങ്ങിയാല്‍ ‘ബിസ്മില്ലാഹി അവ്വലുഹു വആഖിറുഹു’ എന്നാണ് പറയേണ്ടത്. ഹംദ മോള്‍ അത് പോലെ പറഞ്ഞു.

”ബിസ്മില്ലാഹ്’ എന്ന് എന്തിനാ പറയുന്നത്” ഹംദ മോളുടെ സംശയം.

ഈ ചോദ്യം കേട്ടപ്പോള്‍ സഹദിയക്ക് ചിരിവന്നു. 

ഉസ്താദിനോട് ഇതേ ചോദ്യം സഹദിയ ചോദിച്ചിരുന്നു. 

ഉസ്താദ് പറഞ്ഞ മറുപടി ഓര്‍ത്തെടുത്ത് കൊണ്ട് സഹദിയ പറഞ്ഞു:

”അല്ലാഹുവാണ് നമുക്ക് ഭക്ഷണം തരുന്നത്. ഭക്ഷണം കഴിക്കാന്‍ ഉണ്ടായിട്ടും കഴിക്കാന്‍ കഴിയാത്തവരും ഭക്ഷണം കഴിക്കാന്‍ കിട്ടാതെ പ്രയാസപ്പെടുന്നവരും എത്രയോ ലോകത്തുണ്ട്. അല്ലാഹു നല്‍കിയ വലിയ അനുഗ്രഹമാണ് ഭക്ഷണം. അതിനാല്‍ ഭക്ഷിക്കുമ്പോഴും കുടിക്കുമ്പോഴുമെല്ലാം നാം അവന്റെ നാമത്തില്‍ ആരംഭിക്കണം.”

”ഭക്ഷണം കഴിക്കാന്‍ ഇല്ലാത്തവരുടെ കാര്യം കഷ്ടമാ അല്ലേ, ഇത്താത്താ?” 

”അതെ. ഇല്ലാത്തവരെ ഉള്ളവര്‍ സഹായിക്കണം.”

”പിന്നെ ഭക്ഷണം കഴിക്കുമ്പോള്‍ നാം എന്താണ് ശ്രദ്ധിക്കേണ്ടത്?”

”വലത് കൈകൊണ്ട് മാത്രമേ ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ. കുടിക്കുമ്പോഴും വലത് കൈ കൊണ്ട് മാത്രമേ പാടുള്ളൂ. നമുക്ക് ആവശ്യത്തിന് വേണ്ടുന്ന ഭക്ഷണമേ പ്ലേറ്റില്‍ എടുക്കാന്‍ പാടുള്ളൂ. ബാക്കിയാക്കി വെറുതെ കളയരുത്. പ്ലേറ്റിലുള്ളത് മുഴുവന്‍ കഴിച്ച് വിരലുകളില്‍ പിടിച്ചിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ നക്കിത്തുടക്കണം.”

ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോള്‍ ഇത്താത്ത പറഞ്ഞു. 

”നേരത്തെ പറഞ്ഞത് ഓര്‍മയുണ്ടല്ലോ. ലോകത്ത് കുറേയാളുകള്‍ ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുന്നുണ്ട്. കുറേയാളുകള്‍ ഭക്ഷണം ഉണ്ടായിട്ടും കഴിക്കാന്‍ പറ്റാതെ രോഗികളായി കിടക്കുന്നുണ്ട്. അല്ലാഹു നമുക്ക് ഭക്ഷണവും തന്നു; കഴിക്കാനുള്ള അവസരവും തന്നു. അതിനാല്‍ അല്ലാഹുവിന് നമ്മള്‍ നന്ദി പറയണം. അവനെ സ്തുതിക്കണം. ഇത്താത്ത പറയുന്നത് പോലെ മോളും പറയണം. അല്‍ഹംദുലില്ലാഹ്.”

”അല്‍ഹംദുലില്ലാഹ്” ഹംദമോള്‍ അതേറ്റു പറഞ്ഞു.

 

അശ്‌റു പുളിമ്പറമ്പ്
നേർപഥം വാരിക

സല്‍മാനുല്‍ ഫാരിസി (റ) യുടെ ആത്മകഥ

സല്‍മാനുല്‍ ഫാരിസി (റ) യുടെ ആത്മകഥ

(ഭാഗം: 2)

അങ്ങനെ ഞാന്‍ നസ്വീബിനിലെ പുരോഹിതന്റെ കൂടെ താമസമാരംഭിച്ചു. സിറിയയിലെയും മൗസ്വിലിലെയും പുരോഹിതന്മാരെപ്പോലെ അദ്ദേഹവും ശ്രേഷ്ഠനായിരുന്നു. ആ പുണ്യാളനോടൊപ്പം ഞാന്‍ കഴിച്ചുകൂട്ടി. എന്നാല്‍, ഏറെ കഴിഞ്ഞില്ല; മരണം അദ്ദേഹത്തെ തേടി വന്നിറങ്ങി. അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു:

”ഗുരുവര്യരേ, മൗസ്വിലിലെ പുരോഹിതന്‍ കല്‍പിച്ചതനുസരിച്ചാണ് ഞാന്‍ താങ്കളുടെ അടുക്കലെത്തിയത്. ഞാന്‍ ആരെ ആത്മീയ ഗുരുവാക്കുവാനാണ് താങ്കള്‍ നിര്‍ദേശിക്കുന്നത്? എന്താണ് എന്നോട് കല്‍പിക്കുന്നത്?”

അദ്ദേഹം പറഞ്ഞു: ”മകനേ, അല്ലാഹുവാണെ സത്യം! നീ എത്തിച്ചേരുവാന്‍, നമ്മുടെ ആദര്‍ശമുള്ള ആരും അവശേഷിക്കുന്നതായി നാം അറിയില്ല അമ്മൂരിയ്യ ദേശത്തുള്ള ഒരു പുരോഹിതനൊഴികെ. നിനക്കിഷ്ടമാണെങ്കില്‍ അവിടം പ്രാപിക്കുക.”

അദ്ദേഹം മരണം വരിച്ച് മണ്‍മറഞ്ഞപ്പോള്‍ ഞാന്‍ അമ്മൂരിയ്യയിലെ പുരോഹിതന്റെ അടുക്കല്‍ ചെന്നു. ഞാന്‍ എന്റെ വിവരങ്ങള്‍ പറഞ്ഞു. നസ്വീബീനിലെ പുരോഹിതന്റെ വിവരങ്ങള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.

അദ്ദേഹം പറഞ്ഞു: ”എന്നോടൊത്ത് കഴിഞ്ഞോളൂ.”

സിറിയയിലെയും മൗസ്വിലിലെയും നസ്വീബീനിലെയും പുരോഹിതന്മാരെപ്പോലുള്ള ഒരു സന്മാര്‍ഗിയായിരുന്നു അദ്ദേഹവും. ഞാന്‍ അദ്ദേഹത്തോടൊപ്പം താമസമാരംഭിച്ചു. അവിടെവെച്ച് ഞാന്‍ സമ്പാദിക്കുവാന്‍ തുടങ്ങി. അങ്ങനെ ആടുകളും മാടുകളും എനിക്ക് സമ്പാദ്യമായി ഉണ്ടായി.

അങ്ങനെയിരിക്കെ മരണം അദ്ദേഹത്തേയും തേടിയെത്തി. മരണശയ്യയിലായ അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു:

”ഗുരുശ്രേഷ്ഠരേ, സിറിയ, മൗസ്വില്‍, നസ്വീബീന്‍, എന്നിവിടങ്ങളിലെ പുരോഹിതന്മാരുടെ ആജ്ഞാനുവര്‍ത്തിയായി ജീവിച്ച ഞാന്‍ അവസാനമായാണ് അങ്ങയുടെ അടുക്കലെത്തിയത്. ഇനി ഞാന്‍ ആരെ ആത്മീയ ഗുരുവാക്കുവാനാണ് താങ്കള്‍ നിര്‍ദേശിക്കുന്നത്? എന്താണ് എന്നോട് കല്‍പിക്കുന്നത്?”

”മകനേ, നീ എത്തിച്ചേരുവാന്‍ കല്‍പിക്കാവുന്ന ആരും ആദര്‍ശ ശുദ്ധരായി ഉള്ളത് ഞാന്‍ അറിയില്ല. എന്നാല്‍, ഇബ്‌റാഹീം പ്രവാചകന്റെ ഋജുമാര്‍ഗവുമായി, ഒരു പ്രവാചകന്റെ നിയോഗത്തിന് നാളുകളടുത്തിരിക്കുന്നു. അറബികളുടെ നാട്ടില്‍നിന്ന് അദ്ദേഹം പ്രവാചകനായി പുറപ്പെടും. കറുത്ത കല്ലുകള്‍ പാകപ്പെട്ട രണ്ട് കുന്നുകള്‍ക്കിടയില്‍ ഈത്തപ്പനകള്‍ വിളയുന്ന നാട്ടിലേക്ക് അദ്ദേഹം പലായനം ചെയ്ത് അഭയാര്‍ഥിയായി എത്തും. അദ്ദേഹത്തെ തിരിച്ചറിയുവാന്‍ വ്യക്തമായ ചില അടയാളങ്ങളുണ്ടായിരിക്കും. അദ്ദേഹം പാരിതോഷികം ഭക്ഷിക്കും. സ്വദക്വയായി കിട്ടുന്ന മുതല്‍ ഭക്ഷിക്കില്ല. അദ്ദേഹത്തിന്റെ ഇരുചുമലുകള്‍ക്കിടയില്‍ പ്രവാചകത്വ മുദ്രയുണ്ടായിരിക്കും. ആ നാട്ടിലേക്ക് എത്തിച്ചേരുവാന്‍ കഴിയുമെങ്കില്‍ അതിനുള്ള ശ്രമംനടത്തുക.”

അങ്ങനെ അദ്ദേഹവും മരിച്ച് മണ്‍മറഞ്ഞു. അമ്മൂരിയ്യ ദേശത്ത് ഞാന്‍ താമസിച്ചുകൊണ്ടിരിക്കെ, അറബികളിലെ കെല്‍ബ് ഗേത്രത്തില്‍ ഒരു വിഭാഗം കച്ചവടക്കാരായി അവിടെയെത്തി. ഞാന്‍ അവരോട് പറഞ്ഞു: ”അറബികളുടെ നാട്ടിലേക്ക് നിങ്ങള്‍ എന്നെ കൂടെക്കൂട്ടുക. പകരമായി എന്റെ ആടുകളെയും മാടുകളെയും ഞാന്‍ നിങ്ങള്‍ക്കു തരാം.”

അവര്‍ സമ്മതിച്ചു. ഞാന്‍ ആടുമാടുകളെ നല്‍കി. അവര്‍ എന്നെയുംകൊണ്ട് യാത്രയായി. വാദീ അല്‍ക്വുറാ എന്ന സ്ഥലത്തെത്തിയപ്പോള്‍ അവര്‍ എന്നോട് ക്രൂരത കാണിച്ചു; അഥവാ അവര്‍ എന്നെ ഒരു ജൂതന് അടിമയായി വിറ്റു. അയാളുടെ അടിമയായി ഞാന്‍ അയാളോടൊത്ത് കൂടി. അവിടെ ഞാന്‍ ഈത്തപ്പനകള്‍ കണ്ടു. വരാനിരിക്കുന്ന പ്രവാചകന്റെ ആഗമനഭൂമി ഇതായിരിക്കട്ടെ എന്ന് ഞാന്‍ കൊതിച്ചു. പക്ഷേ, അവിടം അതായിരുന്നില്ല. അടിമയായി ഞാന്‍ ജോലിചെയ്തുകൊണ്ടിരിക്കെ ഒരിക്കല്‍, മദീനയിലെ ജൂത ഗോത്രമായ ബനൂക്വുറയ്‌ളക്കാരില്‍പെട്ട യജമാനന്റെ പിതൃവ്യപുത്രന്‍ വന്നു. അയാള്‍ എന്നെ വിലയ്ക്ക് വാങ്ങി മദീനയിലേക്ക് കൊണ്ടുപോയി. അല്ലാഹുവാണേ, മദീന കണ്ടമാത്രയില്‍ അമ്മൂരിയ്യയിലെ പുരോഹിതന്‍ വര്‍ണിച്ചതെല്ലാം മനസ്സില്‍ തെളിഞ്ഞു. മദീനയെ ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ അവിടെ താമസവുമാക്കി.

അല്ലാഹു പ്രവാചകനെ നിയോഗിക്കുകയും അദ്ദേഹം മക്കയില്‍ വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടുകയും ചെയ്തിരുന്നു. അടിമവേലയുടെ തിരക്കില്‍ ഞാന്‍ അദ്ദേഹത്തെക്കുറിച്ച് ഒന്നും കേട്ടതേയില്ല!

പിന്നീട് പ്രവാചകന ﷺ മദീനയിലേക്ക് പലായനം ചെയ്തു. അല്ലാഹുവാണേ, ഞാന്‍ ഈത്തപ്പന ത്തലപ്പിലിരുന്ന് ചില ജോലികള്‍ ചെയ്യുകയായിരുന്നു. യജമാനന്‍ താഴെയിരിക്കുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ ഒരു പിതൃവ്യപുത്രന്‍ വന്നുകൊണ്ട് പറഞ്ഞു:

”മദീനക്കാര്‍ക്ക് നാശം! കാരണം, അവര്‍ മക്കയില്‍നിന്നും ഇന്ന് ആഗതനായ ഒരു വ്യക്തിയുടെ ചുറ്റും കൂടിയിരിക്കുന്നു. ആഗതന്‍ പ്രവാചകനാണെന്ന് അവര്‍ വാദിക്കുകയും ചെയ്യുന്നു.”

അത് കേട്ടതോടെ എനിക്ക് വിറയല്‍ തുടങ്ങി. താഴെയിരിക്കുന്ന യജമാനന്റെ തലമുകളില്‍ വീണേക്കു മോ എന്നുപോലും ഞാന്‍ ഭയന്നു. ഞാന്‍ ഈത്തപ്പനയില്‍ നിന്ന് താഴെയിറങ്ങി.

യജമാനന്റെ ബന്ധുവോട് ഞാന്‍ ചോദിച്ചു: ”താങ്കള്‍ എന്താണ് പറയുന്നത്? താങ്കള്‍ എന്താണ് പറയുന്നത്?”

അതോടെ എന്റെ യജമാനന് അരിശംമൂത്തു. തന്റെ കൈചുരുട്ടി അയാള്‍ എന്നെ അതിശക്തമായി പ്രഹരിച്ചുകൊണ്ട് പറഞ്ഞു: ”ഇതില്‍ നിനെക്കെന്ത് കാര്യം? നീ നിന്റെ പണി ചെയ്യ്…”

ഞാന്‍ പറഞ്ഞു: ”ഒന്നുമില്ല. കാര്യം തിരക്കിയെന്നു മാത്രം!”

ഞാന്‍ ശേഖരിച്ച അല്‍പം ഭക്ഷണം എന്റെ കയ്യിലുണ്ടായിരുന്നു. വൈകുന്നേരമായപ്പോള്‍ ഞാന്‍ അതെടുത്ത് തിരുദൂതരുടെ അടുത്തേക്ക് പോയി. അദ്ദേഹം മദീനക്കടുത്ത ക്വുബാ എന്ന സ്ഥലത്തായിരുന്നു. അദ്ദേഹത്തിനരികിലേക്ക് പ്രവേശിച്ച് ഞാന്‍ പറഞ്ഞു:

”താങ്കള്‍ ഒരു നല്ല മനുഷ്യനാണെന്ന് എനിക്കറിയാം. താങ്കളുടെ കൂടെ അപരിചിതരും അത്യാവശ്യക്കാരുമായ അനുചരന്മാരുമുണ്ട്. എന്റെ അടുക്കല്‍ അല്‍പം ഭക്ഷണമുണ്ട്. അത് സ്വദക്വ (ദാനം) ചെയ്യുവാനുള്ളതാണ്. ആരെക്കാളും ഇതിന് അര്‍ഹര്‍ നിങ്ങളാണെന്നതിനാല്‍ ഞാന്‍ ഇത് അങ്ങയുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.”

പ്രവാചകന ﷺ അനുചരന്മാരോട് പറഞ്ഞു: ”നിങ്ങള്‍ ഭക്ഷിക്കുക.” അദ്ദേഹം ഭക്ഷിക്കാതെ കൈ വലിച്ചു. ഞാന്‍ മനസ്സില്‍ പറഞ്ഞു; ഇത് (വേദപണ്ഡിതന്‍ മൊഴിഞ്ഞ) ഒരു അടയാളമാണ്.

ഞാന്‍ മടങ്ങി. മറ്റൊരിക്കല്‍ അല്‍പം ഭക്ഷണം ശേഖരിച്ചു. അപ്പോഴേക്കും പ്രവാചകന ﷺ ക്വുബായില്‍നിന്ന് മദീനയിലേക്ക് താമസം മാറ്റിയിരുന്നു. ഞാന്‍ അവിടേക്ക് ചെന്നുകൊണ്ട് പറഞ്ഞു:

”ഞാന്‍ താങ്കള്‍ക്ക് സ്വദക്വ തന്നു. പക്ഷേ, താങ്കള്‍ അത് ഭക്ഷിച്ചില്ല. ഇത് പാരിതോഷികമാണ്. ഇത് നല്‍കി താങ്കളെ ഞാന്‍ ആദരിക്കുന്നു.”

തിരുദൂതര്‍ അതില്‍നിന്ന് ഭക്ഷിച്ചു. അദ്ദേഹത്തോടൊപ്പം അനുചരന്മാരും ഭക്ഷിച്ചു. ഞാന്‍ മനസ്സില്‍ പറഞ്ഞു; ഇത് (വേദ പണ്ഡിതന്‍ മൊഴിഞ്ഞ) രണ്ടാമത്തെ അടയാളമാണ്.

മറ്റൊരിക്കല്‍ ഞാന്‍ പ്രവാചകന്റെ ﷺ അടുക്കല്‍ ചെന്നു. അദ്ദേഹം ബക്വീഅ്  ക്വബ്ര്‍സ്ഥാനില്‍ ഒരു അനുചരനെ മറമാടുന്ന ചടങ്ങിലായിരുന്നു. രണ്ട് പുതപ്പുകള്‍ ധരിച്ച് അദ്ദേഹം അനുചരന്മാരോടൊപ്പം ഇരിക്കുകയായിരുന്നു. ഞാന്‍ അദ്ദേഹത്തിന് ചുറ്റും വട്ടമിട്ട് നടന്നു. വേദപണ്ഡിതന്‍ വര്‍ണിച്ച പ്രവാചകത്വമുദ്ര അദ്ദേഹത്തിന്റെ മുതുകിലുണ്ടോ എന്ന് പരതുകയായിരുന്നു ഞാന്‍. അദ്ദേഹത്തിന് ചുറ്റും വട്ടമിട്ട് നടന്ന് പരതുന്നത് കണ്ടപ്പോള്‍ എന്തോ ഉറപ്പുവരുത്തുകയാണെന്ന് പ്രവാചകന് ബോധ്യപ്പെട്ടു. അദ്ദേഹം തന്റെ പുതപ്പ് മുതുകില്‍ നിന്ന് നീക്കിയിട്ടു. ഞാന്‍ മുദ്ര കണ്ടു. എനിക്ക് അദ്ദേഹത്തെ മനസ്സിലായി. ഞാന്‍ അദ്ദേഹത്തിലേക്ക് കുനിഞ്ഞ് വീണു. അദ്ദേഹത്തെ ചുംബിച്ചു. എനിക്ക് കരച്ചിലടക്കാനായില്ല.

റസൂല ﷺ പറഞ്ഞു: ”അല്‍പം മാറിനില്‍ക്കൂ.”

ഞാന്‍ മാറിനിന്ന് എന്റെ കഥ പറഞ്ഞു. അനുചരന്മാര്‍ അത് കേള്‍ക്കണമെന്നതില്‍ റസൂല ﷺ ഏറെ താല്‍പര്യം കാണിക്കുകയുണ്ടായി.”

ഇസ്‌ലാമിന്റെ പുത്രനായി സല്‍മാന്‍(റ) ഏറെ നാളുകള്‍ ജീവിച്ചു. സത്യാന്വേഷണ തൃഷ്ണയായിരുന്നു അദ്ദേഹത്തില്‍ മികച്ചുനിന്ന സ്വഭാവമെന്ന് പരാമൃഷ്ട കഥ നമ്മോടോതുന്നു. വിശ്വാസ ദൃഢതയും വിജ്ഞാനവും കൈമുതലാക്കി ജീവിച്ച സല്‍മാന്‍(റ) തികഞ്ഞ വിനയവും വിരക്തിയുമുള്ള വ്യക്തിയായിരുന്നു. സല്‍മാന്‍(റ) രോഗബാധിതനായി മരണശയ്യയിലാണെന്നറിഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ സഅ്ദും(റ) ഇബ്‌നുമസ്ഊദും(റ) അദ്ദേഹത്തെ സന്ദര്‍ശിച്ചു. അപ്പോള്‍ സല്‍മാന്‍(റ) കണ്ണീരൊഴിക്കി. അവര്‍ ചോദിച്ചു:

”സല്‍മാന്‍ താങ്കള്‍ എന്തിനാണ് കരയുന്നത്?”

 അദ്ദേഹം പറഞ്ഞു: ”ഭൗതിക ജീവിതത്തില്‍ നിങ്ങളുടെ സമ്പാദ്യം ഒരു പഥികന്റെ പാഥേയം കണക്കിന് മതിയെന്ന തിരുനബി ﷺ യുടെ നമ്മോടുള്ള വസ്വിയ്യത്ത് നാം പാലിച്ചുവോ എന്ന ആലോചനയാണ് എന്നെ കരയിപ്പിക്കുന്നത്.”

ഉസ്മാന്‍(റ)വിന്റെ ഖിലാഫത്തില്‍ മദാഇന്‍ ദേശത്ത് വെച്ചായിരുന്നു ഈ സംഭവം. മരണശേഷം അദ്ദേഹം അവശേഷിപ്പിച്ച സമ്പാദ്യം എണ്ണിത്തിട്ടപ്പെടുത്തി. ഇരുപത്തിമൂന്ന് ദിര്‍ഹം മാത്രമായിരുന്നു അത്.

 

അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
നേർപഥം വാരിക

സഹകരിക്കുവാന്‍ ശീലിക്കുക

സഹകരിക്കുവാന്‍ ശീലിക്കുക

ഫൈസലും ശരീഫയും അജ്മലും ജുമാനയും നല്ല സന്തോഷത്തിലാണ്. അമ്മാവന്റെ മക്കളായ ഫസീലയും സ്വഫ്‌വാനും വിരുന്നുവന്നതാണ് സന്തോഷത്തിന് കാരണം. സ്‌കൂള്‍ ഇല്ലാത്തതിനാല്‍ ഇഷ്ടം പോലെ കളിക്കാം. എല്ലാവരും വര്‍ത്തമാനത്തില്‍ മുഴുകി ഇരിക്കുമ്പോഴാണ് ഉമ്മ ചായയുമായി വന്നത്. 

അന്നേരമാണ് കോൡഗ് ബെല്‍ മുഴങ്ങിയത്. ”ആരാണെന്ന് ചെന്ന് നോക്കൂ ൈഫസലേ” ഉമ്മ പറഞ്ഞു. കതക് തുറന്നു നോക്കിയപ്പോള്‍ പുറത്ത് എളാപ്പയുടെ മകന്‍ അലിക്കാക്ക. അലിക്കാക്ക സലാം പറഞ്ഞ് അകത്തേക്ക് പ്രവേശിച്ചു. 

‘എന്തൊക്കെയുണ്ട് അലീ വിശേഷം? നിന്നെ കുറെ കാലമായല്ലോ ഇതിലെയൊക്കെ കണ്ടിട്ട്’  ഉമ്മ ചായ പകരുന്നതിനിടക്ക് അന്വേഷിച്ചു. അലിക്കാക്ക വിശേഷിച്ചൊന്നുമില്ലെന്ന് പറഞ്ഞു. ശരീഫയും, ജുമാനയും ഇരിക്കാന്‍ സ്ഥലമില്ലാതെ നിന്നു കുടിക്കുകയായിരുന്നു. അലിക്കാക്ക സലീനയോട് പറഞ്ഞു:

”അല്‍പം നീങ്ങിയിരുന്ന് കൊടുക്ക്. അവര്‍ അവിടെ ഇരിക്കട്ടെ. നിന്ന് തിന്നുന്നതും നിന്ന് കുടിക്കുന്നതും നല്ലതല്ല. മറ്റുള്ളവര്‍ക്ക് കൂടി ഇരിക്കാന്‍ കഴിയത്തക്കവിധം ഒതുങ്ങിയിരിക്കണം. ഇസ്‌ലാമിക മര്യാദ ഇതാണ്” അലിക്കാക്ക പറഞ്ഞു.

”കുട്ടികളല്ലേ, സാരമില്ല. അവര്‍ ചിലപ്പോള്‍ മറന്നെന്ന് വരും” ഉമ്മ പറഞ്ഞു. 

”മുതിര്‍ന്നവര്‍ പോലും ഇത്തരം മര്യാദകള്‍ പാലിക്കാന്‍ ശ്രദ്ധിക്കാറില്ല. ഒരു ദിവസം ഞങ്ങള്‍ തീവണ്ടിയില്‍ പോകുമ്പോള്‍ അഞ്ചു പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ നാല് യുവാക്കള്‍ വിസ്തരിച്ചങ്ങനെ ഇരിക്കുന്നു. ഒരു വൃദ്ധനും പിഞ്ചുകുഞ്ഞിനെ എടുത്ത സ്ത്രീയുമൊക്കെ പ്രയാസപ്പെട്ട് നില്‍ക്കുന്നത് അവര്‍ കാണാത്ത മട്ടില്‍ ഇരിക്കുകയാണ്. അല്‍പം നീങ്ങിയാല്‍ ഒരാള്‍ക്ക് കൂടി ആ സീറ്റില്‍ ഇരിക്കാം. കുറച്ച് അപ്പുറത്തായിരുന്ന ഞാന്‍ എഴുന്നേറ്റ് വൃദ്ധനെ വിളിച്ച് അവിടെയിരുത്തി” അലിക്കാക്ക പറഞ്ഞു.

”മുഹമ്മദ് നബി ﷺ പഠിപ്പിച്ചിട്ടുള്ളത് നീങ്ങിയിരുന്ന് സഹകരിക്കണമെന്നാണ് എന്ന് ഉസ്താദ് പറഞ്ഞുതന്നിട്ടുണ്ട്” ജുമാന പറഞ്ഞു. 

”തീര്‍ച്ചയായും അങ്ങനെത്തന്നെയാണ്. കൂടെ യാത്ര ചെയ്യുന്നവരുടെയും കൂടെ ഇരിക്കുന്നവരുടെയുമെല്ലാം  ബുദ്ധിമുട്ടിക്കാതിരിക്കുവാനും നാം ശ്രദ്ധിക്കണം. പുകവലി പാടില്ല എന്ന് എഴുതി വെച്ച സ്ഥലങ്ങളില്‍പോലും പലരും പുകവലിക്കുന്നത് കാണാം. മറ്റുള്ളവര്‍ക്കുണ്ടാകുന്ന ശല്യത്തെപ്പറ്റി അവര്‍ ഓര്‍ക്കുന്നില്ല. കോട്ടുവായിടുമ്പോള്‍ കൈ കൊണ്ട് വായ പൊത്തണമെന്ന് ഇസ്‌ലാം നിര്‍ദേശിച്ചിട്ടുള്ളത് കൂട്ടുകാര്‍ക്ക് ശല്യമുണ്ടാക്കരുതെന്ന് കരുതിയാണ്” അലിക്കാക്ക പറഞ്ഞു.

”വഴിവക്കിലും ആളുകള്‍ വിശ്രമിക്കുന്ന തണലിലും ഫലവൃക്ഷങ്ങളുടെ ചുവട്ടിലും മൂത്രിക്കുകയോ കാഷ്ടിക്കുകയോ ചെയ്യരുതെന്ന് നബി ﷺ പറഞ്ഞിട്ടുണ്ടല്ലോ. മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കരുതെന്നല്ലേ അതുകൊണ്ട് ഉദ്ദേശിക്കുന്നത്?” ഫൈസല്‍ ചോദിച്ചു. 

”അതെ” അലിക്കാക്ക പറഞ്ഞു. 

”എന്റെ കൂട്ടുകാരന്‍ മുബ്തസിം മൂത്രിച്ചാല്‍ കഴുകാറില്ല” സ്വഫ്‌വാന്‍ പറഞ്ഞു. 

”വൃത്തിയുള്ളവനായിരിക്കണം മുസ്‌ലിം. മൂത്രം മാലിന്യമാണ്. അത് വസ്ത്രത്തിലും ശരീരത്തിലും ആകാതെ നാം സൂക്ഷിക്കണം” അലിക്കാക്ക പറഞ്ഞു.

എല്ലാവരും അലിക്കാക്കയുടെ ചുറ്റും കൂടി. ഇനി ഒരു കഥ പറയണം എന്ന് ഒന്നിച്ച് ആവശ്യപ്പെട്ടു.

കഥപറയാനായി നാളെ ഒഴിഞ്ഞുവരാം. ഇന്ന് അല്‍പം തിരക്കുണ്ട് എന്ന് പറഞ്ഞ് അലിക്കാക്ക യാത്ര പറഞ്ഞിറങ്ങി. 

”എന്തായാലും വരണേ” കുട്ടികള്‍ ഒരുമിച്ച് പറഞ്ഞു. നാളെ നല്ലൊരു കഥ കേള്‍ക്കാമല്ലോ എന്ന സന്തോഷത്തില്‍ ചിലര്‍ വായനയിലും ചിലര്‍ കളിയിലും മുഴുകി.   

 

അഫ്‌വാന ബിന്‍ത്ത് ലത്തീഫ്
നേർപഥം വാരിക

വഞ്ചന കാണിക്കുന്നവന്‍ യഥാര്‍ഥ മുസ്‌ലിമല്ല

വഞ്ചന കാണിക്കുന്നവന്‍ യഥാര്‍ഥ മുസ്‌ലിമല്ല

നഗരത്തിലെ പ്രശസ്തമായ ഹോട്ടല്‍. സമയം ഉച്ചയോടടുക്കുന്നു. നല്ല തിരക്കുണ്ട്. നന്നായി വസ്ത്രം ധരിച്ച, കണ്ടാല്‍ വളരെ മാന്യനെന്ന് തോന്നിക്കുന്ന ഒരാള്‍ അന്നേരം ഹോട്ടലിലേക്ക് കയറിച്ചെന്നു. 

”എന്തു വേണം സാര്‍” സപ്ലയര്‍ ചോദിച്ചു.

”നന്നായി പൊരിച്ച ബ്രഡ്ഡും സലാഡും” അയാള്‍ മറുപടി പറഞ്ഞു.

ഭക്ഷണം മുമ്പിലെത്തിയ പാടെ അയാള്‍ കഴിക്കുവാന്‍ തുടങ്ങി. 

”ആഹ്… എന്റെ പല്ല്” ഒന്നു കടിച്ചയുടന്‍ അയാള്‍ ഉറക്കെ ശബ്ദിച്ചു.

അന്നേരം കയ്യില്‍ ബാഗുമായി ഒരാള്‍ അവിടെ കടന്നുവന്നു.

”എന്താണ് പല്ലുവേദനയോ?” അയാള്‍ ചോദിച്ചു.

”അതെ ശക്തമായ വേദന. ഭക്ഷണം കഴിക്കുവാന്‍ കഴിയുന്നില്ല.”

ഉടനെ അയാള്‍ ബാഗില്‍ നിന്നും ഒരു ചെറിയ കുപ്പിയെടുത്ത് അതിലുള്ള ദ്രാവകം പഞ്ഞിയിലാക്കി പല്ല് വേദനയുള്ളയാള്‍ക്ക് കൊടുത്തു. എന്നിട്ട് ഉറക്കെ പറഞ്ഞു:

”ഇത് വേദനയുള്ള ഭാഗത്ത് വെക്കുക. ഉടനെ വേദന മാറും.”

അയാള്‍ അത് വാങ്ങി വേദനയുള്ള ഭാഗത്ത് വെച്ചു.

”ഹോ… അത്ഭുതം! വേദന പമ്പകടന്നു” ആശ്ചര്യത്തോടെ അയാള്‍ പറഞ്ഞു. 

ഇതെല്ലാം ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആളുകള്‍ മരുന്നുകാരന്റ ചുറ്റും കൂടി. പെട്ടെന്ന് വേദന മാറ്റുന്ന അത്ഭുത മരുന്ന് എല്ലാവര്‍ക്കും വേണമായിരുന്നു. നിമിഷങ്ങള്‍ക്കകം മരുന്നെല്ലാം തീര്‍ന്നു. 

 മരുന്നുകാരനും പല്ലുവേദനക്കാരനും സ്ഥലം വിട്ടു. രണ്ടുപേരും നേരെ പോയത് റെയില്‍വെ സ്‌റ്റേഷനിലേക്കായിരുന്നു. ടിക്കറ്റെടുത്ത് പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ കാത്തിരിക്കെ പല്ലുവേദനക്കാരന്‍ പറഞ്ഞു:

 ”ഇന്നത്തെ എന്റെ അഭിനയം എങ്ങനെയുണ്ടായിരുന്നു?”

”കലക്കി! എത്ര വേഗത്തിലാണ് മരുന്നെല്ലാം വിറ്റുതീര്‍ന്നത്. എന്റെ വാചകമടികൂടിയുള്ളതുകൊണ്ടാണ് ആളുകളൊക്കെ മരുന്ന് വാങ്ങിയതെന്ന് മറക്കേണ്ട” മരുന്നുകാരന്‍ പറഞ്ഞു.

അങ്ങനെ രണ്ടുപേരും ലാഭത്തിന്റെ കണക്ക് കൂട്ടുന്നതിനിടയിലാണ് ഏതാനും പോലീസുകാര്‍ അവരെ സമീപിച്ചത്. 

”നിങ്ങള്‍ രണ്ടു പേരരെയും അറസ്റ്റു ചെയ്യാന്‍ വന്നതാണ് ഞങ്ങള്‍” ഒരു പോലീസുകാരന്‍ ഗൗരവത്തില്‍ പറഞ്ഞു.

ഞങ്ങളെ അറസ്റ്റ് ചെയ്യുകയോ. ഞങ്ങള്‍ ആരെയും കൊന്നിട്ടൊന്നുമില്ലല്ലോ. പിന്നെ എന്തിനാ ഞങ്ങളെ അറസ്റ്റ് ചെയ്യുന്നത്?” മരുന്നുകാരന്‍ പേടിച്ചു വിറച്ചുകൊണ്ട് ചോദിച്ചു. 

”രോഗം പെട്ടെന്നു മാറുമെന്ന് പറഞ്ഞും അഭിനയിച്ച് കാണിച്ചും ഒരുപാടുപേരെ നിങ്ങള്‍ ചതിച്ചില്ലേ? മരുന്ന് വാങ്ങിയ പലരും പരാതിയുമായി ഞങ്ങളെ സമീപിച്ചിട്ടുണ്ട്.” 

രണ്ടു പേര്‍ക്കും ഒന്നും പറയുവാനുണ്ടായിരുന്നില്ല. 

”നിങ്ങളുടെ മതമേതാണ്?” ഒരു പോലീസുകാരന്‍ ചോദിച്ചു.

”ഞങ്ങള്‍ മുസ്‌ലിംകളാണ്” അവര്‍ ഒന്നിച്ചാണത് പറഞ്ഞത്.

അത് കേട്ടപ്പോള്‍ പോലീസുകാരന് ദേഷ്യം വന്നു.

”എന്നിട്ടാണോ നിങ്ങള്‍ ഈ ദുഷിച്ച പണി ചെയ്തത്?”

അവര്‍ ഇരുവരും പകച്ചുനിന്നു.

”നമ്മെ വഞ്ചിച്ചവന്‍ നമ്മില്‍ പെട്ടവനല്ല എന്ന് മുഹമ്മദ് നബി ﷺ പറഞ്ഞത് നിങ്ങള്‍ക്കറിയില്ലേ? വഞ്ചനകാണിക്കുന്നവന്‍ യഥാര്‍ഥ മുസ്‌ലിമല്ലെന്ന്. എന്നിട്ടും ജനങ്ങളെ ചതിച്ച് മുസ്‌ലിംകളാണെന്നും പറഞ്ഞ് നടക്കുന്നു.”

രണ്ടു പേരെയും പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. കൂട്ടുകാരേ, ഒരു മുസ്‌ലിമിന് ആരെയും വഞ്ചിക്കുവാന്‍ അനുവാദമില്ല. ജീവിതത്തില്‍ ഒരിക്കലും ആരെയും വഞ്ചിക്കരുത്.

 

റാഷിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

അങ്ങ് ദൂരെ…!

അങ്ങ് ദൂരെ...!

‘കളി നിര്‍ത്ത് കൂട്ടരേ; ദേ, ആരോ വരുന്നുണ്ട്’ ദൂരെ നിന്ന്  മിഠായിപ്പൊതികളുമായി, മെലിഞ്ഞ് അവശരായ കുഞ്ഞുങ്ങള്‍ക്കിടയിലേക്ക് വരുന്ന യുവാവിനെ ചൂണ്ടി നൂറ പറഞ്ഞു.

‘ഹായ് അങ്കിള്‍, ഞാന്‍ നൂറ!’ ഒരു എട്ടു വയസ്സുകാരിയുടെ എല്ലാ നിഷ്‌ക്കളങ്കതയോടെയും നദീതീരത്തെ കളികള്‍ പെട്ടെന്ന് അവസാനിപ്പിച്ച് നൂറ അദ്ദേഹത്തെ വരവേറ്റു.

‘ഹായ്, കൂട്ടുകാരേ… എല്ലാവരും വരൂ. നിങ്ങള്‍ക്ക് ഒരുപാട് മിഠായികളുമായിട്ടാ അങ്കിള്‍ വന്നിരിക്കുന്നെ.’

ഇഷ്ടപ്പെട്ട മിഠായികള്‍ കിട്ടിയ ആവേശത്തില്‍, എല്ലാവര്‍ക്കും അത് വീതിച്ചു കൊടുക്കുന്ന തിരക്കിലായിരുന്നു നൂറ.

‘അതെന്താ, അവിടെ ആ കുട്ടി മാത്രം തനിച്ചിരിക്കുന്നത്?’ ഒറ്റക്ക് വിഷമിച്ച് മാറിയിരിക്കുന്ന കുഞ്ഞ് ഹവ്വയെ നോക്കി അദ്ദേഹം ചോദിച്ചു.

‘അത് ഹവ്വ. രണ്ടു ദിവസമായി അവള്‍ ഒന്നും കഴിച്ചിട്ടില്ല. ഹവ്വയുടെ വീട്ടില്‍ ഹവ്വയുടെ ഉമ്മയും അനിയനുമുണ്ട്. അവരും ഒന്നും കഴിച്ചുകാണില്ല’ നൂറ പറഞ്ഞു.

‘എങ്കില്‍ നമുക്ക് ആദ്യം ഹവ്വയുടെ വീട്ടില്‍ പോകാം. മിഠായികളും ഭക്ഷണപ്പൊതികളും എടുത്തോളൂ. എല്ലാവര്‍ക്കും കൊടുക്കാം’ മിഠായികളും ഭക്ഷണപ്പൊതികളും എടുത്ത് അവരെല്ലാവരും ഹവ്വയുടെ വീട്ടിലേക്ക് പോയി.

പഴകി തുരുമ്പ് പിടിച്ച, കുറച്ച് ഉയരമുള്ള തകരങ്ങള്‍ ഭിത്തിയാക്കിയ, ഓലകൊണ്ട് മേഞ്ഞ, മൂന്നാളുകള്‍ക്ക് വളരെ കഷ്ടപ്പെട്ട് മാത്രം കഴിയാവുന്ന ചോര്‍ന്നൊലിക്കുന്ന ഒരു കൂരയിലായിരുന്നു ഹവ്വയുടെ കുടുംബത്തിന്റെ താമസം! ഹവ്വയെ കണ്ടതും ഭയത്തോടെ പെട്ടെന്ന് അവളെ അകത്തേക്ക് വിളിച്ചുകയറ്റി, കതകെന്ന് പറയാവുന്ന തകരഷീറ്റ് നീക്കിക്കൊണ്ട് ഹവ്വയുടെ ഉമ്മ കരഞ്ഞുപറഞ്ഞു: ‘വേണ്ട! ആരും വരേണ്ട! ഇവിടേക്ക് ദയവുചെയ്ത് ആരും വരേണ്ട. ഞങ്ങള്‍ക്കിപ്പൊ ഇവിടെ സ്വാതന്ത്ര്യമുണ്ട്, സമാധാനമുണ്ട്. ദയവുചെയ്ത് ഈ ഇന്ത്യയുടെ മണ്ണിലെങ്കിലും ഞങ്ങളെ ജീവിക്കാനനുവദിക്കണം.’

ഹവ്വയുടെ ഉമ്മയുടെ നിലവിളി കേട്ട്, ഭക്ഷണപ്പൊതികള്‍ അവിടെ വെച്ചതിന് ശേഷം നൂറ പെട്ടെന്ന് അദ്ദേഹത്തെയും കൂട്ടി പുറത്തേക്കിറങ്ങി.

‘മോളേ നൂറാ, നമുക്കിനി നൂറയുടെ വീട്ടില്‍ പോയാലോ? നൂറയുടെ ഉമ്മയും ഉപ്പയും വല്ലതും കഴിച്ചു കാണുമോ?’ നൂറയോടായി അദ്ദേഹം ചോദിച്ചു.

‘തീര്‍ച്ചയായും പോകാം! വരൂ അങ്കിള്‍’ അദ്ദേഹത്തിന്റെ കൈ പിടിച്ച് നൂറ ധൃതിയില്‍ കൂട്ടിക്കൊണ്ടുപോയി. നേരെ പോയത് യമുനാ നദിയുടെ തീരത്തേക്കായിരുന്നു.

‘ഇതെന്താ ഇവിടെ?’ അദ്ദേഹം ആശ്ചര്യത്തോടെ ചോദിച്ചു. ഉത്തരമായി അവളില്‍നിന്ന് ഒരു തേങ്ങലാണുയര്‍ന്നത്. പിന്നെ നദിയിലേക്ക് കൈ ചൂണ്ടിക്കൊണ്ട് അവള്‍ പറഞ്ഞു:

‘ദേ, അവിടെ… അങ്ങ് ദൂരെയാണ് എന്റുമ്മ, എന്റെ പൊന്നുപ്പ, എന്റെ ഭയ്യ… എല്ലാവരും. നന്നായി വിശക്കുന്നുണ്ടാകും അവര്‍ക്ക്; ഒരുപാട് നാളായിക്കാണില്ലേ ഭക്ഷണമൊക്കെ കഴിച്ചിട്ട്. ഈ നദിയില്ലേ, ഇതിങ്ങനെ ഒരുപാട് ദൂരം ഒഴുകിയൊഴുകി അവസാനം ഒരുനാള്‍ കടലില്‍ പോയി ചേരില്ലേ? അന്ന് ഞാന്‍ ഇവിടെ നിന്ന് കൊടുത്തയക്കാറുള്ള മിഠായികളെല്ലാം അവര്‍ക്ക് കിട്ടും… ഈ യമുനയോട് ഞാന്‍ എന്നും പറയാറുള്ള എല്ലാ കഥകളും അവള്‍ അവിടെച്ചെന്ന് അവരോട് പറയുന്നുണ്ടാകും; എന്നാലും, അവരിപ്പോ, എന്നെക്കാണാത്തതുകൊണ്ട് എന്നെയോര്‍ത്ത് വിഷമിച്ചിരിക്കുകയാവും.’

സ്വന്തക്കാരായി ആരും ജീവിച്ചിരിപ്പില്ലാത്ത നൂറയുടെ വാക്കുകള്‍ കേട്ടപ്പോള്‍ അയാളുടെ കണ്ണുകള്‍നിറഞ്ഞൊഴുകി. റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി അറിയാതെ അയാളുടെ ഉള്ളില്‍നിന്നും പ്രാര്‍ഥനയുയര്‍ന്നു.

 

ശഹ്ബാസ് കെ. അബ്ബാസ്, ഒറ്റപ്പാലം
നേർപഥം വാരിക

യഥാര്‍ഥ കൂട്ടുകാരന്‍

യഥാര്‍ഥ കൂട്ടുകാരന്‍

സ്‌കൂളിലെ ഏറ്റവും വികൃതിയായ കുട്ടിയായിരുന്നു മുനീബ്. കൊച്ചുകുട്ടികളെ വല്ലാതെ ഉപദ്രവിക്കും. അവരുടെ ഭക്ഷണം എടുത്ത് കഴിക്കും. അവരുടെ പുസ്തകങ്ങള്‍ സ്ഥലം മാറ്റിവെച്ച് പ്രയാസപ്പെടുത്തും. ചുരുക്കിപ്പറഞ്ഞാല്‍ സ്‌കൂളില്‍ എല്ലാവരും അവനെ വെറുത്തു. എന്നിട്ടും അവന്‍ വികൃതി അവസാനിപ്പിച്ചില്ല.

പഠിക്കുന്ന കാര്യത്തില്‍ അവന് ഒരു ഉത്സാഹവുമില്ല. എന്നും നേരം വൈകിയേ സ്‌കൂളിലെത്തൂ. മിക്ക ദിവസവും അധ്യാപകരില്‍നിന്ന് അടിവാങ്ങും. 

മുനീബിന്റെ ക്ലാസില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയാണ് അഹ്മദ്. അത്യുത്സാഹശാലി. പാഠമെല്ലാം നന്നായി പഠിക്കും. എല്ലാ പരീക്ഷകളിലും ഉയര്‍ന്ന മാര്‍ക്ക് വാങ്ങും. സ്‌പോര്‍ട്‌സിലും മിടുമിടുക്കന്‍. അതുകൊണ്ടുതന്നെ അവനെ എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്.

ഒരു ദിവസം ക്ലാസ് ടീച്ചര്‍ അഹ്മദിന ആദരിക്കുന്ന ചടങ്ങ് ക്ലാസില്‍ സംഘടിപ്പിച്ചു. എല്ലാ കുട്ടികള്‍ക്കും പഠനത്തില്‍ താല്‍പര്യമുണ്ടാക്കലായിരുന്നു ടീച്ചറുടെ ലക്ഷ്യം. അഹ്മദിന്റെ കഴുത്തില്‍ ടീച്ചര്‍ തന്നെ മെഡല്‍ ചാര്‍ത്തിയപ്പോള്‍ അവന് വല്ലാത്ത സന്തോഷമായി. അവന്‍ അതിന് നന്ദി പറഞ്ഞു.

എന്നാല്‍ മുനീബിന് ഇത് ഇഷ്ടമായില്ല. അവന്റെ മനസ്സില്‍ അസൂയ നിറഞ്ഞു. അഹ്മദിന്റെ മെഡല്‍ തട്ടിയെടുക്കണമെന്ന് മുനീബ് തീരുമാനിച്ചു. അഹ്മദ് വീട്ടിലേക്ക് മടങ്ങവെ മുനീബ് അവനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മെഡല്‍ ആവശ്യപ്പെട്ടു. ഇത് എനിക്ക് എന്റെ ടീച്ചര്‍ എനിക്ക് സമ്മാനിച്ചതാണ്, തരില്ല എന്ന് അഹ്മദ് പറഞ്ഞു.  

മുനീബ് അവന്റെ മേല്‍ ചാടിവീണ് മെഡല്‍ തട്ടിപ്പറിച്ചെടുത്തു. അഹ്മദ് ദുഃഖിതനായി വീട്ടിലേക്ക് മടങ്ങി. ആരോടും അവന്‍ ഈ സംഭവം പറഞ്ഞില്ല.

അതിനു ശേഷം കുറെ ദിവസങ്ങള്‍ കഴിഞ്ഞു. മുനീബ് സ്‌കൂളില്‍ വന്നുകണ്ടില്ല. കുട്ടികള്‍ അതില്‍സന്തോഷിച്ചു. അവന്റെ ഉപദ്രവമില്ലാതെ പഠിക്കാമല്ലോ. അവന്‍ ഒരിക്കലും സ്‌കൂളിലേക്ക് മടങ്ങിവരരുതെന്ന് അവര്‍ ആഗ്രഹിച്ചുപോയി.

എന്നാല്‍ അവനെ കാണാത്തതില്‍ അഹ്മദിന് അസ്വസ്ഥതയായി. അവന്‍ കൂട്ടുകാരോട് പറഞ്ഞു: ”നമുക്ക് എന്തായാലും അവന്റെ വീട്ടിലൊന്ന് പോകണം. ചിലപ്പോള്‍ അവന് വല്ല രോഗം പിടിപെട്ടിട്ടുണ്ടാകും.” 

”അഹ്മദ്, നാം അതിന് ഒരുങ്ങേണ്ട. അവന്‍ അലഞ്ഞുതിരിഞ്ഞ് നടക്കാന്‍ പഠനം നിര്‍ത്തിയതായിരിക്കും” കൂട്ടുകാര്‍ പറഞ്ഞു.

”എന്നാല്‍ ഞാന്‍ തനിയെ പോകും” അഹ്മദ് ഉറപ്പിച്ചു പറഞ്ഞു.

”എന്നാല്‍ നിന്റെ കൂടെ ഞാനും വരാം” അഹ്മദിന്റെ അടുത്ത കൂട്ടുകാരനായ ആമിര്‍ പറഞ്ഞു.

രണ്ടുപേരും മുനീബിന്റെ വീട്ടിലെത്തി. കോളിംഗ് ബെല്ലടിച്ചപ്പോള്‍ മുനീബിന്റെ ഉമ്മ പുഞ്ചിരിയോടെ കതക് തുറന്നു. അഹ്മദ് സലാം പറഞ്ഞു. ഉമ്മ സലാം മടക്കിക്കൊണ്ട് അവരെ അകത്തേക്ക് ഷണിച്ചു.

”എന്താണ് മുനീബിനെ സ്‌കൂളിലേക്ക് കാണാത്തത്?” ആമിര്‍ ചോദിച്ചു. 

ഉമ്മ ദുഃഖത്തോടെ പറഞ്ഞു: ”കടുത്ത പനിയായിരുന്നു. ഇപ്പോള്‍ ശരീരവേദന കാരണം എഴുന്നേല്‍ക്കാന്‍ പോലും വയ്യാതെ കിടക്കുകയാണ്. മരുന്ന് കുടിക്കുന്നുണ്ട്. കുറെ ദിവസങ്ങള്‍ പിടിക്കും ഭേദമാകുവാന്‍ എന്നാണ് ഡോക്ടര്‍ പറഞ്ഞത്.” 

അഹ്മദും ആമിറും മുനീബ് കിടക്കുന്ന മുറിയിലേക്ക് ചെന്നു. അഹ്മദിനെ കണ്ടപ്പോള്‍ മുനീബ് ദുഖഃത്തോടെ തലതാഴ്ത്തി.

”സാരമില്ല മുനീബ്. ഞാന്‍ നിനക്ക് മാപ്പ് തന്നിരിക്കുന്നു. നിന്റെ അസുഖം അല്ലാഹു വേഗം ഭേദമാക്കിത്തരട്ടെ” അഹ്മദ് മുനീബിന്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു.

”ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ് എന്നാണല്ലോ നബി ﷺ പഠിപ്പിച്ചിട്ടുള്ളത്. സഹോദരന് മാപ്പു നല്‍കല്‍ നമ്മുടെ കടമയല്ലേ?” ആമിര്‍ കൂട്ടിച്ചേര്‍ത്തു. 

അവര്‍ പരസ്പരം സന്തോഷത്താല്‍ കെട്ടിപ്പിടിച്ച് കരഞ്ഞു. മുനീബ് അഹ്മദിന്റെ മെഡല്‍ തിരിച്ചുകൊടുക്കുവാന്‍ ഒരുങ്ങി.

”വേണ്ട. അത് നിന്റെ കയ്യില്‍ തന്നെ ഇരിക്കട്ടെ. നമ്മുടെ സൗഹൃദത്തിന്റെ അടയാളമായി നീ തന്നെ അത് സൂക്ഷിക്കുക” അഹ്മദ് പറഞ്ഞു. 

കൂട്ടുകാര്‍ തിരിച്ചുപോകും മുമ്പ് ഇനി മുതല്‍ താന്‍ നല്ല കുട്ടിയായി മാറും എന്ന് മുനീബ് അവര്‍ക്ക് വാക്കുകൊടുത്തു.

 

റാഷിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

ഹാദിയയുടെ വിജയം

ഹാദിയയുടെ വിജയം

ആ വീട്ടിലെ മൂന്ന് മക്കളില്‍ ഇളയവളാണ് ഹാദിയ. ഉപ്പയും ഉമ്മയും ജോലിക്കാരാണ്. രാവിലെ വീട്ടില്‍നിന്നും പോയാല്‍ വൈകുന്നേരമാണ് തിരിച്ചുവരിക. ഹാദിയയുടെ രണ്ട് സഹോദരങ്ങളും വികൃതിക്കുട്ടികളാണ്. ഹാദിയയെ കളിയാക്കലാണ് അവരുടെ പ്രധാനപ്പെട്ട വിനോദം. പലപ്പോഴും ശാരീരികമായി വേദനിപ്പിക്കുകയും ചെയ്യും.

വേനലവധി കാലത്താണ് അവള്‍ ഏറെ പ്രയാസപ്പെട്ടത്. ഉപ്പയും ഉമ്മയും ജോലിക്കു പോയാല്‍ ഹാദിയയും സഹോദരങ്ങളും മാത്രമാണ് വീട്ടില്‍. സഹോദരങ്ങള്‍ സന്ദര്‍ഭം മുതലാക്കി ഹാദിയയെ ഉപദ്രവിക്കും. അവള്‍ നിത്യവും ഉമ്മയോട് പരാതി പറയും. അവര്‍ അതൊന്നും അത്ര കാര്യമാക്കിയില്ല. കുട്ടികളല്ലേ, അല്‍പസ്വല്‍പമൊക്കെ വികൃതി കാട്ടാതിരിക്കുമോ, അതും വീട്ടില്‍ മറ്റാരുമില്ലെങ്കില്‍ പ്രത്യേകിച്ചും എന്നായിരുന്നു അവരുടെ ചിന്ത.

ഉപ്പയോട് പരാതി പറഞ്ഞപ്പോള്‍ അദ്ദേഹം ഹാദിയയെ സമാധാനിപ്പിക്കുവാന്‍ അവള്‍ കേള്‍ക്കെ അവളുടെ സഹോദങ്ങളെ ശകാരിച്ചു. അത്രമാത്രം. അവള്‍ പിന്നെ ആരോടും ആവലാതി പറയാന്‍ പോയില്ല. 

എന്നാല്‍ സഹോദരങ്ങള്‍ വികൃതി അവസാനിപ്പിച്ചില്ല. അവരുടെ കളിയാക്കല്‍ കേള്‍ക്കുമ്പോള്‍ അവള്‍ക്ക് ദേഷ്യം വരും. എന്നാല്‍ മറുത്തൊന്നും പറയില്ല. അവള്‍ മൗനമായി കരയും. അത് കാണുമ്പോള്‍ അവര്‍ കളിയാക്കലിന് ശക്തി കൂട്ടും. ചിലപ്പോള്‍ തോണ്ടുകയോ പിച്ചുകയോ ചെയ്യും. 

അതോടെ അവള്‍ അവരില്‍നിന്ന് മനഃപൂര്‍വം ഒഴിഞ്ഞുമാറി നടക്കാന്‍ തുടങ്ങി. അവര്‍ എന്തെങ്കിലും പറയുമ്പോഴേക്കും ഹാദിയ റൂമില്‍ കയറി വാതിലടക്കും. അവര്‍ പിന്തിരിഞ്ഞാല്‍ മാത്രം പുറത്തിറങ്ങും. 

ഒരു ദിവസം മദ്‌റസയില്‍നിന്നും മടങ്ങിവന്ന ശേഷം പതിവു പോലെ സ്‌കൂളിലെ ഓരോ കാര്യം പറഞ്ഞ് സഹോദരങ്ങള്‍ വഴക്കിന് തുടക്കം കുറിച്ചു. ഉടന്‍ തന്നെ ഹാദിയ റൂമില്‍ പ്രവേശിച്ച് വാതിലടച്ചു.ഒരുപാട് സമയം കഴിഞ്ഞിട്ടും അവള്‍ പുറത്തിറങ്ങിവരുന്നത് കാണുന്നില്ല. മുറിക്കകത്തുനിന്നും ഒരു ശബ്ദവും കേള്‍ക്കുന്നുമില്ല. സഹോദരങ്ങള്‍ക്ക് പേടിയായി. അവര്‍ വാതിലില്‍ മുട്ടി. ‘ഇനി ഞങ്ങള്‍ കളിയാക്കില്ല, ബുദ്ധിമുട്ടിക്കില്ല… സോറി’ അവര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.

അവള്‍ക്ക് അവരെ നന്നായി അറിയാം. അവര്‍ തല്‍ക്കാലം ഒന്നും ചെയ്യില്ല. എന്നാല്‍ കുറച്ചു കഴിഞ്ഞാല്‍ തനിസ്വഭാവം കാണിക്കും. അന്നേരം താന്‍ പിന്നെയും റൂമിലേക്ക് മടങ്ങേണ്ടിവരും.ദുഃഖിതയായി തനിച്ചിരിക്കേണ്ടിവും. 

സഹോദരങ്ങള്‍ അവള്‍ മുറിയില്‍ എന്തെടുക്കുന്നു എന്നറിയാനുള്ള ആകാംക്ഷയിലാണ്. അവള്‍ മിണ്ടുന്നില്ല. അവര്‍ക്ക് ഒന്നും കാണാനും പറ്റുന്നില്ല. അന്ന് കുറെ വൈകി മാത്രമാണ് അവള്‍ മുറിയില്‍നിന്നും പുറത്തുവന്നത്. ഇത് പിന്നെ സ്ഥിരം പതിവായി. ഹാദിയ ആരോടും പരാതി പറയാനും പോയില്ല. 

ഒരു ദിവസം മദ്‌റസ വിട്ട് ഹാദിയ വീട്ടില്‍ വന്നത് വളരെ സന്തോഷവതിയായിട്ടാണ്. ഉമ്മയും ഉപ്പയും ജോലിക്ക് പോകുവാന്‍ ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്. 

”ഉമ്മാ, ക്വുര്‍ആന്‍ ഹിഫ്ദ് മത്സരത്തില്‍ എനിക്കാണ് ഒന്നാം സ്ഥാനം” ഹാദിയ ആഹ്ലാദത്തോടെ വിളിച്ചു പറഞ്ഞു.

”നിനക്ക് ഒന്നാം സ്ഥാനമോ? അതും ഹിഫ്ദില്‍?” ഉമ്മ അത്ഭുതത്തോടെ ചോദിച്ചു.

”ശരിയാണ് ഉമ്മാ, അവള്‍ കാണാതെ ഓതുന്നത് കേട്ട് മദ്‌റസയിലെ എല്ലാവരും അത്ഭുതപ്പെട്ടു” ഹാദിയയുടെ മൂത്ത സഹോദരന്‍ പറഞ്ഞു.

”അതിന് നീ എന്നാണ് ക്വുര്‍ആന്‍ ഇത്രയധികം മനഃപാഠമാക്കിയത്?” ഉപ്പ ചോദിച്ചു.

അപ്പോള്‍ ഹാദിയ സംഭവം വിവരിച്ചുകൊടുത്തു. സഹോദരങ്ങളുടെ ശല്യത്തില്‍നിന്നും രക്ഷപ്പെടാനായി ഒരുദിവസം മുറിയില്‍ കയറി സങ്കടപ്പെട്ടുകൊണ്ട് കുറെ നേരം ഇരുന്നപ്പോഴാണ് മുന്നിലെ മേശപ്പുറത്തുള്ള ക്വുര്‍ആന്‍ ശ്രദ്ധയില്‍ പെട്ടത്. വെറുതെ ഇരിക്കുന്നതിനെക്കാളും നല്ലതാണല്ലോ എന്ന വിചാരത്താല്‍ മദ്‌റസയില്‍നിന്ന് പഠിച്ച ഭാഗങ്ങള്‍ പാരായണം ചെയ്തു. മണിക്കൂറുകളോളം കതകടച്ചിരിക്കുന്ന സമയത്ത് മനഃപാഠമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അങ്ങനെ മദ്‌റസയില്‍ നടന്ന മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടി. 

ഉപ്പയും ഉമ്മയും സഹോദരങ്ങളും ഇത് കേട്ട് ആശ്ചര്യപ്പെട്ടു. അവളെ അനുമോദനങ്ങള്‍കൊണ്ട് പൊതിഞ്ഞു. തങ്ങള്‍ ചെയ്തത് തെറ്റായിരുന്നെങ്കിലും അതുകൊണ്ട് ഇങ്ങനെയൊരു ഗുണമുണ്ടായല്ലോ എന്ന് സഹോദരങ്ങള്‍ ആശ്വസിച്ചു. ഇനി മുതല്‍ തങ്ങള്‍ നല്ല കുട്ടികളാകുമെന്നും ഹാദിയയെ പോലെ സമയം നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുമെന്നും അവര്‍ പ്രതിജ്ഞ ചെയ്തു. 

 

റാഷിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

നന്ദിയും ക്ഷമയും

നന്ദിയും ക്ഷമയും

വാഫിമോന്‍ വളരെ സന്തോഷത്തോടെ വീട്ടിലേക്ക് ഓടിയെത്തി.

 ‘ഉമ്മാ, ഉപ്പാ, എനിക്ക് എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് ഉണ്ട്.’ 

അത് പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. വളരെ കഷ്ടപ്പെട്ട് പഠിച്ച് വാങ്ങിയ വിജയമാണത്. ഉറക്കമില്ലാത്ത നാളുകള്‍ക്കുള്ള സമ്മാനം.

‘നന്നായി മോനേ, അല്‍ഹംദുലില്ലാഹ്’- അല്ലാഹുവിനെ സ്തുതിച്ച് കൊണ്ട് പിതാവ് അവന്റെ അടുത്തേക്ക് വന്നു. 

ചുമലില്‍ കൈവെച്ചുകൊണ്ട് അദ്ദേഹം സൗമ്യഭാവത്തില്‍ ചോദിച്ചു: ‘മോനേ, നീ ഉറക്കമൊഴിച്ചിരുന്നു പഠിച്ചു. അതിന്റെ ഗുണം നിനക്ക് കിട്ടി. എന്നാല്‍ നീ നിന്റെ റബ്ബിന് വേണ്ടി ഒരു രാത്രിയെങ്കിലും ഉറക്കമൊഴിച്ചിട്ടുണ്ടോ?’

അവന് അതിന് മറുപടിയുണ്ടായിരുന്നില്ല. തഹജ്ജുദ് നമസ്‌കരിക്കുവാന്‍ ഉപ്പ വിളിച്ചിട്ടും എനിക്ക് പഠിക്കണം എന്നു പറഞ്ഞ് വായനയില്‍ മുഴുകിയിരുന്നത് അവന്‍ ഓര്‍ത്തു.

‘അല്ലാഹു നിന്നെ പൂര്‍ണ ആരോഗ്യവാനാക്കി, ബുദ്ധിശക്തിയും ഓര്‍മശക്തിയും നല്‍കി. ആ റബ്ബിന് നന്ദി ചെയ്യല്‍ നിന്റെ കടമയാണ്.’

മരണത്തിന് ശേഷമുള്ള ജീവിതമാണ് ശാശ്വതമെന്നും ലഭിച്ച നേട്ടത്തിന് നന്ദി കാണിക്കണമെന്നും അദ്ദേഹം മകനെ ഉപദേശിച്ചു. വാഫിമോന് ഉപ്പ പറഞ്ഞതിന്റെ ഗൗരവം മനസ്സിലായി. ഇനി മുതല്‍ താന്‍ നന്ദിയും അനുസരണയുമുള്ള കുട്ടിയായി ജീവിക്കുമെന്ന് അവന്‍ ഉറപ്പിച്ചു.

നേര്‍പഥത്തിന്റെ വായനക്കാരായ കൂട്ടുകാരേ, നിങ്ങളില്‍ പല പ്രായക്കാരുമുണ്ടാകും. എല്ലാവരും മനസ്സിലാക്കുവാന്‍ ചില കാര്യങ്ങള്‍ പറയട്ടെ.

ജീവിതം ഒരു പരീക്ഷണവേദിയാണ.് അതില്‍ വിജയിക്കേണ്ടത് ഓരോ മുസ്‌ലിമിന്നും അനിവാര്യമാണ്. ‘നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവര്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍’ (67:2) എന്നാണ് അല്ലാഹു ക്വുര്‍ആനിലൂടെ നമ്മെ അറിയിച്ചിട്ടുള്ളത്. 

നബിമാരും അവരുടെ അനുയായികളും നിരവധി പരീക്ഷണങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. അവരെല്ലാം ക്ഷമിച്ചു. നമ്മുടെ നബി മുഹമ്മദ് ﷺ യും സ്വഹാബികളും മര്‍ദിക്കപ്പെട്ടു. അവര്‍ ക്ഷമിച്ചു. സ്വന്തം നാടും വീടും വിട്ട് മദീനയിലേക്ക് പലായനം ചെയ്തു. 

പ്രവാചകന്‍മാര്‍ അവര്‍ നേരിട്ട പരീക്ഷണങ്ങളിലെല്ലാം ക്ഷമയിലൂടെ വിജയം കൈവരിച്ചവരാണ്. പ്രതിന്ധികളില്‍ തളരാതെ ദൃഢവിശ്വാസത്തോടെ മുന്നോട്ട് പോയാല്‍ അല്ലാഹു കൈവെടിയുകയില്ല.

ഇബ്‌റാഹീം നബിൗ തന്റെ മകനായ ഇസ്മാഈലിനെ അല്ലാഹുവിന്റെ കല്‍പനപ്രകാരം ബലിയറുക്കുവാന്‍ തയ്യാറായ കാര്യം കൂട്ടുകാര്‍ പഠിച്ചിട്ടുണ്ടാകുമല്ലോ. ആ സംഭവം നമുക്ക് ക്വുര്‍ആനില്‍ ഇങ്ങനെ വായിക്കാം: ”എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്‌നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ കാണുന്നു. അതുകൊണ്ട്‌നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവന്‍ പറഞ്ഞു: എന്റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്. അങ്ങനെ അവര്‍ ഇരുവരും (കല്‍പനക്ക്) കീഴ്‌പെടുകയും, അവനെ നെറ്റി (ചെന്നി) മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം! നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ! ഇബ്‌റാഹീം, തീര്‍ച്ചയായും നീ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്. തീര്‍ച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്”(37:102-107).

പരീക്ഷണത്തില്‍ അവര്‍ വിജയിച്ചു. മകനെ ബലിയറുക്കേണ്ടെന്നും പകരം ഒരു മൃഗത്തെ ഹറുത്താല്‍ മതിയെന്നും അല്ലാഹു അവരെ സന്തോഷവര്‍ത്ത അറിയിക്കുകയും ചെയ്തു. 

മുഹമ്മദ് നബി ﷺ  പറയുന്നു: ‘സത്യവിശ്വാസിയുടെ കാര്യം അത്ഭുകരം തന്നെ. നിശ്ചയം അവന്റെ എല്ലാം അവന് ഗുണകരമാണ്. സത്യവിശ്വാസിയല്ലാത്ത ഒരാള്‍ക്കും അതില്ല. അവന് വല്ല നന്മയും വന്ന്‌ചേര്‍ന്നാല്‍ അവന്‍ നന്ദി ചെയ്യും. അപ്പോള്‍ അത് അവന് ഗുണകരമാണ്. വല്ല വിപത്തും അവന് വന്ന് ചേര്‍ന്നാല്‍ അവന്‍ ക്ഷമിക്കും. അപ്പോള്‍ അതും അവന് ഗുണകരമാണ്’ (മുസ്‌ലിം).

കുട്ടികളേ, ക്ഷമ മഹത്തായ ഒരു അനുഗ്രഹമാണ്. ക്ഷമകൊണ്ട് അളവറ്റ അനുഗ്രഹങ്ങള്‍ നേടിയെടുക്കുവാന്‍ നമുക്ക് സാധിക്കും. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളേ, നിങ്ങള്‍ സഹനവും നമസ്‌കാരവും മുഖേന അല്ലാഹുവിനോട് സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു’ (ക്വുര്‍ആന്‍ 2:153).

ബുദ്ധിമാനായ മനുഷ്യന്‍ എത്രവലിയ പരീക്ഷണം നേരിട്ടാലും ക്ഷമപാലിക്കും. കോപിക്കുകയോ സങ്കടപ്പെടുകയോ ഇല്ല. അതെല്ലാം അല്ലാഹുവിന്റെ വിധിയാണെന്ന് അവന്‍ മനസ്സിലാക്കും. ക്ഷമിച്ചാലും ഇല്ലെങ്കിലും സംഭവിക്കേണ്ടത് സംഭവിക്കും. ക്ഷമിച്ചാല്‍ പ്രതിഫലമുണ്ട്. വിപത്ത് സംഭവിക്കുമ്പോള്‍ ക്ഷമ കൈക്കൊള്ളുകയും ‘ഇന്നാലില്ലാഹി വഇന്നാ ഇലയ്ഹി റാജിഊന്‍’ എന്ന് പറയുകയും ചെയ്യുന്നവര്‍ക്ക് റബ്ബിന്റെ അനുഗ്രഹവും കരുണയും ലഭിക്കും. വീട്ടിലും സ്‌കൂളിലും മറ്റെല്ലാ സ്ഥലങ്ങളിലും ക്ഷമ കാണിച്ചുകൊണ്ട് ജീവിക്കുവാന്‍ നാം പഠിക്കണം.

 

കെ.എ. ബഷീര്‍
നേർപഥം വാരിക