ദാവൂദ് നബി (അ) – 03

ദാവൂദ് നബി (അ) - 03

നിപുണനായ ഭരണാധികാരി

പക്ഷികളുടെ പ്രകീര്‍ത്തനം 

ദാവൂദ് നബി(അ)ക്ക് വേറെയും ധാരാളം അനുഗ്രഹങ്ങള്‍ അല്ലാഹു നല്‍കിയിരുന്നു. ക്വുര്‍ആന്‍ പറയുന്നത് കാണുക:

”തീര്‍ച്ചയായും ദാവൂദിന് നാം നമ്മുടെ പക്കല്‍നിന്ന് (ധാരാളം) അനുഗ്രഹം നല്‍കുകയുണ്ടായി. (നാം നിര്‍ദേശിച്ചു) ഹേ, പര്‍വതങ്ങളേ, നിങ്ങള്‍ അദ്ദേഹത്തോടൊപ്പം (കീര്‍ത്തനങ്ങള്‍) ഏറ്റുചൊല്ലുക. പക്ഷികളേ, നിങ്ങളും…” (ക്വുര്‍ആന്‍ 34:10). 

ദാവൂദ്(അ) അല്ലാഹുവിനെ പ്രകീര്‍ത്തിക്കുമ്പോള്‍ കൂടെ പക്ഷികളും പര്‍വതങ്ങളും ഉണ്ടായിരുന്നു. പക്ഷികളും പര്‍വതങ്ങളും തസ്ബീഹ് ചൊല്ലുന്നു എന്നത് അല്ലാഹുവിന്റെ വചനമാണ്. അതിനെ നിഷേധിക്കുന്നവന്‍ സത്യവിശ്വാസിയല്ല. ഇപ്രകാരം വിശ്വസിച്ചേ പറ്റൂ. ഇതേ കാര്യം അല്ലാഹു മറ്റൊരിടത്തും പറഞ്ഞിട്ടുണ്ട്:

”ദാവൂദിനോടൊപ്പം കീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്ന നിലയില്‍ പര്‍വതങ്ങളെയും പക്ഷികളെയും നാം കീഴ്‌പെടുത്തിക്കൊടുത്തു”(ക്വുര്‍ആന്‍ 21:79).

ഈ സൂക്തത്തിലും പക്ഷികളും പര്‍വതങ്ങളും അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നുണ്ടെന്നാണല്ലോ പറയുന്നത്. പക്ഷേ, അവയുടെ പ്രകീര്‍ത്തനം എങ്ങനെയാണെന്ന് നമുക്ക് അറിയില്ല. അല്ലാഹുവിനെ പക്ഷികളും പര്‍വതങ്ങളും മാത്രമല്ല പ്രകീര്‍ത്തിക്കുന്നത്. അല്ലാഹു പറയുന്നത് കാണുക:

”ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു. യാതൊരു വസ്തുവും അവനെ സ്തുതിച്ച് കൊണ്ട് (അവന്റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷേ, അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു” (ക്വുര്‍ആന്‍ 17:44).

അല്ലാഹുവിനെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്യാത്ത യാതൊന്നും ഈ പ്രപഞ്ചത്തില്‍ ഇല്ലെന്നതാണ് ക്വുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നത്. എന്നാല്‍ അത് എപ്രകാരമാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയില്ല. 

ഇത്തരം കാര്യങ്ങള്‍ക്കെല്ലാം ഭൗതിക വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നവരുണ്ട്. പര്‍വത വിഭവങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സൗകര്യപ്പെടുത്തിക്കൊടുത്തു. പക്ഷി വര്‍ഗത്തിലെ വിവിധ ഇനങ്ങളെ നാട്ടിന്റെ അഭിവൃദ്ധിക്കു വേണ്ടി ഉപയോഗപ്പെടുത്തുവാന്‍ സൗകര്യം ചെയ്തു കൊടുത്തു… എന്നൊക്കെയാണ് ഈ പറഞ്ഞവയുടെ ഉദ്ദേശം എന്ന് ഇവര്‍ ജല്‍പിക്കുന്നു. ഈ ദുര്‍വ്യാഖ്യാനം നാം തള്ളിക്കളയേണ്ടതാകുന്നു. കാരണം, ക്വുര്‍ആന്‍ പലയിടങ്ങളിലായി ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ള കാര്യത്തെ ഇങ്ങനെ വ്യാഖ്യാനിക്കുവാന്‍ യാതൊരു തെളിവുമില്ല. 

ക്വുര്‍ആനില്‍ മറ്റൊരിടത്ത് പറയുന്നത് കാണുക: 

”സന്ധ്യാസമയത്തും സൂരേ്യാദയ സമയത്തും സ്‌തോത്രകീര്‍ത്തനം നടത്തുന്ന നിലയില്‍ നാം പര്‍വതങ്ങളെ അദ്ദേഹത്തോടൊപ്പം കീഴ്‌പെടുത്തുക തന്നെ ചെയ്തു. ശേഖരിക്കപ്പെട്ട നിലയില്‍ പറവകളെയും (നാം കീഴ്‌പെടുത്തി). എല്ലാം തന്നെ അദ്ദേഹത്തിങ്കലേക്ക് ഏറ്റവും അധികം വിനയത്തോടെ തിരിഞ്ഞവയായിരുന്നു” (ക്വുര്‍ആന്‍ 38:18,19).

ഈ വചനത്തിലും മലകളുടെയും പക്ഷികളുടെയും പ്രകീര്‍ത്തനത്തെ പറ്റി വ്യക്തമാക്കുന്നു. മാത്രമല്ല, അതിന്റെ സമയം വരെ അല്ലാഹു നമുക്ക് പറഞ്ഞു തന്നിരിക്കുന്നു. തീര്‍ന്നില്ല, അവ ദാവൂദ്(അ)ന് വിനയം കാണിക്കുന്നവയായിരുന്നു എന്നും പറഞ്ഞിരിക്കുന്നു. പൂര്‍ണമായ അനുസരണയോടെയായിരുന്നു അവ നിലകൊണ്ടിരുന്നത് എന്നല്ലേ നമുക്ക് ഇതെല്ലാം മനസ്സിലാക്കിത്തരുന്നത്?!

തസ്ബീഹ് എങ്ങനെ?

എങ്ങനെയാണ് പക്ഷികളുടെയും മലകളുടെയും പ്രകീര്‍ത്തനം? എങ്ങനെയെന്ന് നമുക്കറിയില്ല. ഒരു കാര്യത്തിന്റെ നിജസ്ഥിതി നമുക്ക് അറിയില്ല എന്നതിനാല്‍ അങ്ങനെയൊരു കാര്യമില്ല എന്നു പറയുന്നത് യുക്തിക്കും ബുദ്ധിക്കും നിരക്കാത്തതാണ്. ക്വുര്‍ആനില്‍ അല്ലാഹു പറഞ്ഞ കാര്യം എന്താണെങ്കിലും അത് അപ്രകാരം അംഗീകരിക്കുക എന്നതായിരിക്കണം വിശ്വാസിയുടെ നിലപാട്.

അല്ലാഹു അവന്റെ സൃഷ്ടികളില്‍ അവന്റെ ഉദ്ദേശ്യം ഏതും നടപ്പിലാക്കാന്‍ കഴിവുള്ളവനാണ്. ഇന്ന് നാം നമ്മുടെ നാവ് കൊണ്ടാണ് സംസാരിക്കുന്നത്. എന്നാല്‍ ക്വിയാമത്ത് നാളില്‍ നമ്മുടെ മറ്റു ചില അവയവങ്ങള്‍ സംസാരിക്കുമെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. 

”തങ്ങളുടെ തൊലികളോട് അവര്‍ പറയും: നിങ്ങളെന്തിനാണ് ഞങ്ങള്‍ക്കെതിരായി സാക്ഷ്യം വഹിച്ചത്? അവ (തൊലികള്‍) പറയും: എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചതാകുന്നു. ആദ്യതവണ നിങ്ങളെ സൃഷ്ടിച്ചത് അവനാണല്ലോ. അവങ്കലേക്കുതന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു” (ക്വുര്‍ആന്‍ 41:21).

ക്വിയാമത്ത് നാളില്‍ മനുഷ്യരുടെ തൊലികള്‍ സംസാരിക്കുമെന്നാണ് ഈ സൂക്തം നമ്മെ അറിയിക്കുന്നത്. അതെങ്ങനെ സംഭവിക്കുന്നു? അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നത് ചെയ്യാന്‍ കഴിയുന്നവനാണെന്ന മറുപടിയേ നമുക്ക് പറയാന്‍ കഴിയൂ. ഇതിലൊന്നും അവിശ്വസനീയമായി യാതൊന്നുമില്ല. ഇനി ഹദീഥുകളില്‍ സ്ഥിരപ്പെട്ട് വന്ന ചില അത്ഭുതങ്ങള്‍ കാണുക:

ജാബിറുബ്‌നു സമുറ(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ റസൂല്‍ﷺ പറഞ്ഞു: ‘ഞാന്‍ പ്രവാചകനായി അയക്കപ്പെടുന്നതിന് മുമ്പ് എന്നോട് സലാം പറഞ്ഞിരുന്ന മക്കയിലെ ഒരു കല്ലിനെ എനിക്ക് അറിയാം. തീര്‍ച്ചയായും ഇപ്പോഴും എനിക്ക് അതിനെ അറിയുന്നതാകുന്നു” (മുസ്‌ലിം).

നബിﷺക്ക് മിമ്പര്‍ നിര്‍മിക്കപ്പെടുന്നതിനു മുമ്പ് അദ്ദേഹം ഖുത്വുബ പറയാന്‍ കയറിനിന്നിരുന്ന മരത്തടി ചെറിയ കുട്ടികളെ പോലെ കരഞ്ഞ സംഭവം ഇമാം ബുഖാരി ഉദ്ധരിക്കുന്നുണ്ട്.

കല്ല് എങ്ങനെയാണ് സലാം പറയുക, മരത്തടി കരയുകയോ, ഇതെങ്ങെന വിശ്വസിക്കും, ഇതൊക്കെ അസംഭവ്യമാണ് എന്നെല്ലാം ചിലര്‍ പറയാറുണ്ട്. ഇതൊക്കെ വിവരക്കേടാണെന്ന് അവര്‍ ജല്‍പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവര്‍ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്; സലാം പറഞ്ഞ കല്ലിനെപ്പറ്റി നബിﷺയാണ് നമുക്ക് പറഞ്ഞുതന്നത്. മരത്തടി കരഞ്ഞതിന് അവിടുത്തെ അനുചരന്മാരും സാക്ഷികളാണ്. മരം കരയുകയോ?  കല്ല് സംസാരിക്കുകയോ? എന്നെല്ലാം വല്ലവനും നമ്മോട് ചോദിച്ചാല്‍ യാതൊരു സംശയവും കൂടാതെ നാം പറയും അതെ എന്ന്. കാരണം ഒരിക്കലും കളവ് പറയാത്ത നബിﷺയാണ് ഇത് നമ്മെ അറിയിച്ചത്.  

പ്രവാചകന്മാരിലൂടെ അല്ലാഹു പ്രകടമാക്കുന്ന മുഅ്ജിസത്തുകളില്‍ വിശ്വസിക്കാന്‍ ചിലരൊക്കെ വിമുഖത കാണിക്കാറുണ്ട്. ആര്‍ക്കും സ്വന്തമായി ചെയ്യാന്‍ കഴിയാത്തതും സാധാരണ സൃഷ്ടികളുടെ കരങ്ങളാല്‍ നടന്നുവരാറില്ലാത്തതുമായ കാര്യങ്ങളാണ് മുഅ്ജിസത്ത്. മുഅ്ജിസത്ത് എന്ന അറബി പദത്തിന് നാം സാധാരണ മലയാളത്തില്‍ അര്‍ഥം പറയുന്നത് തന്നെ അസാധാരണ സംഭവം എന്നാണല്ലോ. മുഅ്ജിസത്തുകളുടെ പ്രത്യേകത മറ്റുള്ളവര്‍ക്കൊന്നും ചെയ്യാന്‍ കഴിയാത്തതും സാധാരണ നടപ്പില്‍ വരാത്തതുമായ സംഭവങ്ങളാണ് എന്നതാണ്. അവ നമ്മുടെ കേവല ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. വിശ്വാസികള്‍ക്ക് അവ നന്നായി ഉള്‍ക്കൊള്ളുവാനും അവരുടെ വിശ്വാസത്തിന് കരുത്ത് പകരാന്‍ അവ നിമിത്തമാവുകയും ചെയ്യും. ദാവൂദ് നബി(അ)യുടെ  കൂടെ മലകളും പക്ഷികളും തസ്ബീഹ് ചൊല്ലാന്‍ ഒരുമിച്ചിരുന്നു എന്നത് അദ്ദേഹത്തിലൂടെ അല്ലാഹു പ്രകടമാക്കിയ മുഅ്ജിസത്തായിരുന്നു.  പക്ഷികളും മലകളും തസ്ബീഹ് നടത്തിയത് മനസ്സിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇതും അദ്ദേഹത്തിന്റെ പ്രകൃത്യായുള്ള കഴിവില്‍ പെട്ടതല്ല. 

ധാരാളം അറിവ് നല്‍കപ്പെട്ടു 

”ദാവൂദിനും സുലൈമാന്നും നാം വിജ്ഞാനം നല്‍കുകയുണ്ടായി. തന്റെ വിശ്വാസികളായ ദാസന്മാരില്‍ മിക്കവരെക്കാളും ഞങ്ങള്‍ക്ക് ശ്രേഷ്ഠത നല്‍കിയ അല്ലാഹുവിന് സ്തുതി എന്ന് അവര്‍ ഇരുവരും പറയുകയും ചെയ്തു” (ക്വുര്‍ആന്‍ 27:15).

ദാവൂദ് നബി(അ)യുടെയും സുലൈമാന്‍ നബി(അ)യുടെയും ചരിത്രത്തില്‍നിന്ന് പല കാര്യങ്ങളും നമുക്ക് മനസ്സിലാക്കാനുണ്ട്. 

ദാവൂദ് നബി(അ)ക്ക് അല്ലാഹുവിന്റെ ദീനിനെക്കുറിച്ച് നല്ല അവഗാഹം ഉണ്ടായിരുന്നു. രാജ്യഭരണം എങ്ങനെ ശരിയായ രൂപത്തില്‍ കൈകാര്യം ചെയ്യാമെന്ന അറിവും അല്ലാഹു അദ്ദേഹത്തിന് നല്‍കി. അതുകൊണ്ട് തന്നെ നാല്‍പത് വര്‍ഷത്തോളം തന്റെ സൈന്യത്തിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയും കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയും തന്റെതായ നൈപുണ്യം തെളിയിച്ച് ദാവൂദ്(അ) ആ നാട്ടില്‍ ഭരണം നടത്തി.

ഇത്രയെല്ലാം പദവികള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടും അല്ലാഹുവിനോടുള്ള ബാധ്യത നിറവേറ്റുന്നതില്‍ തെല്ലും വീഴ്ച വരുത്തിയില്ല. അല്ലാഹുവിനെ ആരാധിക്കുന്നതില്‍ അദ്ദേഹം ധാരാളം സമയം ഉപയോഗപ്പെടുത്തിയിരുന്നു. രാജ്യഭരണം നിര്‍വഹിക്കുന്നതോടൊപ്പം ദാവൂദ് നബി(അ) നിത്യവൃത്തിക്കായി തൊഴില്‍ ചെയ്തിരുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. ഈ സദ്ഗുണം അദ്ദേഹത്തില്‍ ഉള്ളതിനാല്‍ അല്ലാഹു അദ്ദേഹത്തെ ഏറെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്:

”(നബിയേ,) അവര്‍ പറയുന്നതിനെപ്പറ്റി നീ ക്ഷമിച്ചു കൊള്ളുക. നമ്മുടെ കൈയ്യൂക്കുള്ള ദാസനായ ദാവൂദിനെ നീ അനുസ്മരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അദ്ദേഹം (ദൈവത്തിങ്കലേക്ക്) ഏറ്റവും അധികം ഖേദിച്ചുമടങ്ങിയവനാകുന്നു” (ക്വുര്‍ആന്‍ 38:17).

‘നമ്മുടെ ദാസന്‍’ എന്ന പ്രയോഗം തന്നെ അദ്ദേഹത്തിന് അല്ലാഹുവിങ്കലുള്ള സ്വീകാര്യതയും സ്ഥാനവും അറിയിക്കുന്നുണ്ട്.

‘ദല്‍ അയ്ദി’ എന്നതിനാണ് ‘കയ്യൂക്കുള്ളവന്‍’ എന്ന് അര്‍ഥം നല്‍കിയിരിക്കുന്നത്. ‘ദല്‍ അയ്ദി’എന്ന പദത്തിന് ‘ധാരാളം കൈകളുള്ള’ എന്നതാണ് നേര്‍ക്കുനേരെയുള്ള അര്‍ഥം. അപ്പോള്‍ അതിന്റെ ഉദ്ദേശ്യം അദ്ദേഹം എല്ലാ കാര്യങ്ങള്‍ക്കും പ്രാപ്തനും ശക്തനുമായിരുന്നു എന്നാകുന്നു.

അല്ലാഹുവിന്റെ പ്രവാചകന്മാര്‍ പാപസുരക്ഷിതരാണെന്ന് നാം മുമ്പ് വിവരിച്ചിരുന്നു. അവര്‍ അല്ലാഹുവിനോട് ഏറെ വിനീതവിധേയരുമായിരുന്നു. അല്ലാഹുവിനോടുള്ള കടമകള്‍ നിറവേറ്റുന്നതില്‍ വല്ല വീഴ്ചയും സംഭവിച്ചിട്ടുണ്ടാകുമോ, സംഭവിക്കുമോ എന്ന ഭയവും ഭക്തിയും അവര്‍ക്ക് എപ്പോഴുമുണ്ടായിരുന്നു. അതിനാല്‍ തന്നെ അവര്‍ ധാരാളമായി അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുന്നവരായിരുന്നു. ദാവൂദ് നബി(അ)യെ പറ്റി ‘തീര്‍ച്ചയായും അദ്ദേഹം ഏറ്റവും അധികം ഖേദിച്ചുമടങ്ങിയവനാകുന്നു’ എന്നു പറഞ്ഞത് ശ്രദ്ധിക്കുക.

പ്രവാചകത്വം, രാജഭരണം, കായികബലം, അറിവ് തുടങ്ങിയവ കൊണ്ടെല്ലാം അനുഗ്രഹിക്കപ്പെട്ട മഹാനായ  ദാവൂദ്(അ) അതിന്റെ പേരില്‍ അല്‍പം പോലും അഹങ്കരിച്ചില്ല. അല്ലാഹുവിനോടുള്ള  കടപ്പാടുകള്‍ നിറവേറ്റി നന്ദിയുള്ള ദാസനായി ജീവിക്കുവാന്‍ അദ്ദേഹം പരിശ്രമിച്ചു. നബിﷺ പറയുന്നത് കാണുക:

അബ്ദുല്ലാഹിബ്‌നു അംറ്(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ”എന്നോട് അല്ലാഹുവിന്റെ റസൂല്‍ﷺ പറഞ്ഞു: ‘അല്ലാഹുവിന് ഏറ്റവും പ്രിയമുള്ള നോമ്പ് ദാവൂദിന്റെ നോമ്പാകുന്നു. അദ്ദേഹം ഒരു ദിവസം നോമ്പ് പിടിക്കുകയും ഒരു ദിവസം നോമ്പ് എടുക്കാതിരിക്കുകയും ചെയ്യും. അല്ലാഹുവിന് ഏറ്റവും പ്രിയമുള്ള നമസ്‌കാരം ദാവൂദിന്റെ നമസ്‌കാരമാകുന്നു. അദ്ദേഹം രാത്രിയുടെ പകുതി ഉറങ്ങുകയും എന്നിട്ട് അതിന്റെ മൂന്നില്‍ ഒന്ന് നില്‍ക്കുകയും (നമസ്‌കരിക്കുകയും) അതിന്റെ ആറില്‍ ഒന്ന് ഉറങ്ങുകയും ചെയ്യുന്ന ആളായിരുന്നു” (ബുഖാരി, മുസ്‌ലിം).

നിര്‍ബന്ധ നോമ്പിനെ കുറിച്ചോ നിര്‍ബന്ധനമസ്‌കാരത്തെ കുറിച്ചോ അല്ല ഇവിടെ നബിﷺ നമുക്ക് അറിയിച്ചു തരുന്നത്; ഐച്ഛികമായ ആരാധനകളെ കുറിച്ചാണ്. എല്ലാ ദിവസവും ഐച്ഛികമായ നോമ്പ് നോല്‍ക്കാതെ ഇടവിട്ടുള്ള ദിവസങ്ങളില്‍ നോമ്പ് നോല്‍ക്കുന്നു. രാത്രിയുടെ മുഴുവന്‍ സമയവും നമസ്‌കാരത്തില്‍ മുഴുകി സ്വന്തത്തെ പീഡിപ്പിച്ചില്ല. കണ്ണിനോടും ഇണയോടുമെല്ലാമുള്ള ബാധ്യതകള്‍ നിര്‍വഹിച്ചു. എന്നാല്‍ രാത്രിയില്‍ ദീര്‍ഘമായി നമസ്‌കരിക്കുവാനും സമയം കണ്ടെത്തിയിരുന്നു. അപ്രകാരമുള്ള നോമ്പും രാത്രി നമസ്‌കാരവും അല്ലാഹുവിന് ഏറെ ഇഷ്ടമുള്ളതാണെന്ന് നബിﷺ ഇതിലൂടെ നമുക്ക് വിവരിച്ചു തരുന്നു.

മഹാനായ അംറുബ്‌നുല്‍ ആസ്വ്(റ)വുമായി ബന്ധപ്പെട്ട ഒരു സംഭവം ഇതിന്റെ കൂടെ നാം വായിക്കേണ്ടതുണ്ട്.

അബ്ദുല്ലാഹിബ്‌നു അംറ്(റ) പറഞ്ഞു: ”അല്ലാഹുവാണെ സത്യം! ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം പകല്‍ മുഴുവന്‍ നോമ്പ് എടുക്കുക തന്നെ ചെയ്യുന്നതാണ്. (അതുപോലെ) രാത്രി മുഴുവന്‍ നമസ്‌കരിക്കുകയും ചെയ്യും എന്ന് ഞാന്‍ പറയുന്നതായ വിവരം അല്ലാഹുവിന്റെ ദൂതന് അറിയിക്കപ്പെടുകയുണ്ടായി. അങ്ങനെ ഞാന്‍ നബിﷺനോട് പറഞ്ഞു: ‘എന്റെ ഉമ്മയെയും ഉപ്പയെയും അങ്ങേക്ക് സമര്‍പ്പിക്കുന്നു. ഞാന്‍ അങ്ങനെ പറഞ്ഞിരിക്കുന്നു.’ അപ്പോള്‍ നബിﷺ പറഞ്ഞു: ‘തീര്‍ച്ചയായും നിനക്ക് അത് (തുടര്‍ത്തിക്കൊണ്ടുപോകാന്‍) സാധിക്കുകയില്ല. അതിനാല്‍ നീ നോമ്പ് എടുക്കുകയും നോമ്പ് ഒഴിവാക്കുകയും ചെയ്യുക. രാത്രിയില്‍ നമസ്‌കരിക്കുകയും ഉറങ്ങുകയും ചെയ്യുക. (അതിനായി) മാസത്തില്‍ മൂന്ന് ദിവസങ്ങളില്‍ നോമ്പ് എടുക്കുകയും ചെയ്യുക. അപ്പോള്‍ തീര്‍ച്ചയായും അത് (ഒരോന്നും) പത്തിന് തുല്യമാകുന്നതാകുന്നു. അത് ഒരു വര്‍ഷത്തെ നോമ്പിന് തുല്യവുമാകുന്നു.’ (അപ്പോള്‍) ഞാന്‍ പറഞ്ഞു: ‘തീര്‍ച്ചയായും എനിക്ക് അതിനെക്കാള്‍ ശ്രേഷ്ഠമായി ചെയ്യാന്‍ കഴിയുന്നതാകുന്നു.’ നബിﷺ പറഞ്ഞു: ‘എന്നാല്‍ നീ ഒരു ദിവസം നോമ്പെടുക്കുകയും രണ്ട് ദിവസം നോമ്പ് ഒഴിവാക്കുകയും ചെയ്യുക.’ ഞാന്‍ പറഞ്ഞു: ‘തീര്‍ച്ചയായും എനിക്ക് അതിനെക്കാള്‍ ശ്രേഷ്ഠമായി ചെയ്യാന്‍ കഴിയുന്നതാകുന്നു.’ നബിﷺ പറഞ്ഞു: ‘എന്നാല്‍ നീ ഒരു ദിവസം നോമ്പെടുക്കുകയും ഒരു ദിവസം നോമ്പ് ഒഴിവാക്കുകയും ചെയ്യുക. അതാകുന്നു ദാവൂദ്(അ)ന്റെ നോമ്പ്. അതാകുന്നു നോമ്പുകളില്‍ ശ്രേഷ്ഠമായതും.’ ഞാന്‍ പറഞ്ഞു: ‘തീര്‍ച്ചയായും എനിക്ക് അതിനെക്കാള്‍ ശ്രേഷ്ഠമായി ചെയ്യാന്‍ കഴിയുന്നതാകുന്നു.’ നബിﷺ പറഞ്ഞു: ‘അതിനെക്കാള്‍ ശ്രേഷ്ഠമായത് ഇല്ല”  (ബുഖാരി).

ഭരണ നൈപുണ്യം, ആധിപത്യം

ദാവൂദ് നബി(അ)ക്ക് അല്ലാഹു നല്‍കിയ ഒരു പ്രത്യേക അനുഗ്രമായിരുന്നു ഭരണത്തിലെ നൈപുണ്യം. ക്വുര്‍ആന്‍ പറയുന്നത് കാണുക.

”അദ്ദേഹത്തിന്റെ ആധിപത്യം നാം സുശക്തമാക്കുകയും അദ്ദേഹത്തിന് നാം തത്ത്വജ്ഞാനവും തീര്‍പ്പു കല്‍പിക്കുവാന്‍ വേണ്ട സംസാരവൈഭവവും നല്‍കുകയും ചെയ്തു” (ക്വുര്‍ആന്‍ 38:20).

ദാവൂദ് നബി(അ)യുടെ ഭരണകാലത്ത് ആ നാട് വളരെ കെട്ടുറപ്പുള്ള ഒരു അവസ്ഥയിലായിരുന്നു. അദ്ദേഹത്തിന്റെ സൈന്യം ഏത് കാര്യത്തിനും സുസജ്ജമായി നിലകൊണ്ടു. പ്രവാചകത്വവും തത്ത്വജ്ഞാനവും സംസാര വൈഭവവുമെല്ലാം അല്ലാഹു അദ്ദേഹത്തിന് നല്‍കി. 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ദാവൂദ് നബി (അ) – 02​

ദാവൂദ് നബി (അ) - 02

യുദ്ധം ജയിക്കുന്നു

യുദ്ധത്തിന്റെ അവസാന ഘട്ടമായപ്പോഴേക്കും വിശ്വാസദൗര്‍ബല്യം അവരില്‍ ഒരു ചെറു സംഘത്തെയല്ലാതെ ത്വാലൂത്തിന്റെ കൂടെ നിര്‍ത്തിയില്ല. അവരുടെ എണ്ണത്തെ കുറിച്ച് സ്വഹാബികള്‍ പറയുന്നത് നോക്കൂ.

അബൂഇസ്ഹാക്വ്(റ)ല്‍ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ”നബിﷺയുടെ സ്വഹാബിമാര്‍ ബദ്‌റില്‍ പങ്കെടുത്തവരെ പറ്റി എന്നോട് പറഞ്ഞിട്ടുണ്ടെന്ന് ബറാഅ്(റ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. നിശ്ചയമായും അവര്‍ ത്വാലൂത്തിന്റെ ആള്‍ക്കാരുടെ എണ്ണത്തിന്റെ അത്രയായിരുന്നു; (അഥവാ) അദ്ദേഹത്തിന്റെ കൂടെ ആ നദി വിട്ടുകടന്നവര്‍. (അവര്‍) മൂന്നൂറ്റിപ്പത്തില്‍ പരം പേരാണ് ഉണ്ടായിരുന്നത്” (ബുഖാരി). 

എണ്‍പതിനായിരം പേരുണ്ടായിരുന്ന അവര്‍ മൂന്ന് പരീക്ഷണം കഴിഞ്ഞപ്പോഴേക്കുംമുന്നൂറ്റിപ്പത്തില്‍ പരം പേര്‍ മാത്രമുള്ള ഒരു കൊച്ചു സംഘമായി മാറി. അപ്പോഴാണ് ആ കൂട്ടത്തിലെ വിശ്വാസികള്‍ അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ചും അവനില്‍ ഭരമേല്‍പിച്ചും ജാലൂത്തിനെ നേരിടാന്‍ തീരുമാനിച്ചത്.

ഇസ്‌ലാമിക സമൂഹത്തില്‍ അല്ലാഹു പല പരീക്ഷണങ്ങളും നടത്തിക്കൊണ്ടിരിക്കും. കാലം കുറെ കഴിയുമ്പോള്‍ വിശ്വാസ വ്യതിയാനം സംഭവിച്ച് ഒന്നിച്ച് പോകുമ്പോള്‍ ആ കൂട്ടത്തില്‍ എല്ലാ ചപ്പും ചവറും ഉണ്ടാകുമല്ലോ. അതെല്ലാം ഈ മഹത്തായ സംഘത്തില്‍ നിന്ന് ഇല്ലാതെയാകാന്‍ അല്ലാഹു വ്യത്യസ്ത രീതിയില്‍ പരീക്ഷണം നടത്തും. അങ്ങനെ നല്ലതും ചീത്തയും വേര്‍തിരിക്കപ്പെടും. അല്ലാഹു നല്ലതും ചീത്തയും വേര്‍തിരിക്കുന്നതിനെ പറ്റി പറഞ്ഞത് നോക്കൂ.

”നല്ലതില്‍ നിന്ന് ദുഷിച്ചതിനെ വേര്‍തിരിച്ചു കാണിക്കാതെ, സത്യവിശ്വാസികളെ നിങ്ങളിന്നുള്ള അവസ്ഥയില്‍ അല്ലാഹു വിടാന്‍ പോകുന്നില്ല…” (ക്വുര്‍ആന്‍ 3:179).

ക്ഷമയോടെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉറച്ച് നില്‍ക്കുന്നവരെ അല്ലാഹു സഹായിക്കും. അല്ലാഹുവിന്റെ സഹായം ലഭിക്കാന്‍ കാരണമാകുന്ന ഈമാന്‍ നമുക്കുണ്ടോ എന്നതാണ് നാം വിലയിരുത്തേണ്ടത്.

എണ്ണത്തില്‍ കുറവുള്ള ത്വാലൂത്തിന്റെ സംഘം അല്ലാഹുവിന്റെ സഹായത്തിനായി പ്രാര്‍ഥിക്കുകയും ചെയ്തു. വാളും തോക്കും ബോംബുമല്ല യഥാര്‍ഥ ആയുധം; അല്ലാഹുവിലുള്ള ശരിയായ വിശ്വാസവും ആ വിശ്വാസത്തില്‍ നിന്നും ഉയരുന്ന പ്രാര്‍ഥനയുമാണ്. അതിനോളം വലിയ ആയുധം മറ്റൊന്നില്ല. ജാലൂത്തിനെ എതിരിടാനായി തയ്യാറായ ആ കൊച്ചു സംഘം അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ തുടങ്ങി.

”അങ്ങനെ അവര്‍ ജാലൂത്തിനും സൈന്യങ്ങള്‍ക്കുമെതിരെ പോരിനിറങ്ങിയപ്പോള്‍ അവര്‍ പ്രാര്‍ഥിച്ചു: ഞങ്ങളുടെ നാഥാ! ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞുതരികയും ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിര്‍ത്തുകയും സത്യനിഷേധികളായ ജനങ്ങള്‍ക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ” (ക്വുര്‍ആന്‍ 2:250).

ജാലൂത്തിന്റെ സംഘം സര്‍വായുധ സജ്ജരാണല്ലോ. അവരോട് ഏറ്റുമുട്ടാന്‍ അല്ലാഹുവിന്റെ സഹായം കൂടിയേ തീരൂ. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടാന്‍ കടുത്ത ക്ഷമയും ആവശ്യമാണ്. അതിനായി അവര്‍ അല്ലാഹുവിനോട് ദുആ ചെയ്യുകയും ചെയ്തു. അവരുടെ പ്രാര്‍ഥനയിലെ ആവശ്യങ്ങള്‍ ഓരോന്നും നാം നന്നായി മനസ്സിലാക്കേണ്ടതുണ്ട്. ആദ്യം തന്നെ അവര്‍ ചോദിച്ചത് ‘ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞു തരേണമേ’ എന്നാണ് ‘നീ ഞങ്ങളെ ക്ഷമാലുക്കളില്‍ ചേര്‍ക്കണേ’ എന്നല്ല. പിന്നെ ആവശ്യപ്പെട്ടത് ‘ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചുനിര്‍ത്തണേ’ എന്നാണ്. യുദ്ധക്കളത്തില്‍  പതര്‍ച്ചയില്ലാതെ നിലകൊള്ളാനുള്ള തേട്ടം. ‘സത്യനിഷേധികളായ ജനങ്ങള്‍ക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കേണമേ’ എന്നതാണ് പ്രാര്‍ഥനയുടെ അവസാനത്തിലുള്ളത്. അല്ലാഹുവിന്റെ സഹായത്തില്‍ ആത്മാര്‍ഥമായി പ്രതീക്ഷയര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ഥനയാണിത്. 

ജാലൂത്തിനെതിരിലുള്ള വിശ്വാസികളുടെ പ്രാര്‍ഥന അല്ലാഹു കേട്ടു. പിന്നീട് എന്താണ് സംഭവിച്ചത്?

”അങ്ങനെ അല്ലാഹുവിന്റെ അനുമതിപ്രകാരം അവരെ (ശത്രുക്കളെ) അവര്‍ പരാജയപ്പെടുത്തി. ദാവൂദ് ജാലൂത്തിനെ കൊലപ്പെടുത്തി. അദ്ദേഹത്തിന് അല്ലാഹു ആധിപത്യവും ജ്ഞാനവും നല്‍കുകയും താന്‍ ഉദ്ദേശിക്കുന്ന പലതും പഠിപ്പിക്കുകയും ചെയ്തു. മനുഷ്യരില്‍ ചിലരെ മറ്റു ചിലര്‍ മുഖേന അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ ഭൂലോകം കുഴപ്പത്തിലാകുമായിരുന്നു. പക്ഷേ, അല്ലാഹു ലോകരോട് വളരെ ഉദാരനത്രെ” (ക്വുര്‍ആന്‍ 2:251).

അങ്ങനെ വിശ്വാസികള്‍ക്കെതിരില്‍ സര്‍വായുധ സജ്ജരായി പുറപ്പെട്ട ജാലൂത്തിനെയും പട്ടാളത്തെയും അല്ലാഹുവിന്റെ അനുവാദപ്രകാരം ത്വാലൂത്തും സംഘവും പരാജയപ്പെടുത്തി.

ദാവൂദ് നബി(അ)യുടെ ചരിത്രത്തിലേക്കാണ് ഇനി നാം പ്രവേശിക്കുന്നത്. ഇവിടെ മുതലാണ് അദ്ദേഹത്തിന്റെ പേര് അല്ലാഹു വെളിപ്പെടുത്തുന്നത്.

ത്വാലൂത്തിന്റെ സൈന്യത്തില്‍ ചെറുപ്പക്കാരനായ ദാവൂദ്(അ) ഉണ്ടായിരുന്നു. അന്ന് അദ്ദേഹം നബിയായിരുന്നില്ല. അദ്ദേഹത്തിന്റെ അന്നത്തെ പ്രായം പതിനേഴ് വയസ്സായിരുന്നു എന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹമാണ് ജാലൂത്തെന്ന ശത്രു സേനയുടെ നേതാവിനെ നിലം പരിശാക്കിയത്. 

യുദ്ധഭൂമിയില്‍ ജാലൂത്ത് ഇറങ്ങി വന്ന് ആരുണ്ട് എന്നോട് എതിരിടാന്‍ എന്ന് മുസ്‌ലിം പക്ഷത്തെ വെല്ലുവിളിച്ചു. ആ വെല്ലുവിളിയെ ദാവൂദ്(അ) എന്ന ചെറുപ്പക്കാരന്‍ തെല്ലും പേടിയില്ലാതെ സ്വീകരിച്ചു.

ആ യുദ്ധത്തില്‍ അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ സഹോദരന്മാരും ഉണ്ടായിരുന്നു. കൂട്ടത്തില്‍ ചെറുത് ദാവൂദ് ആയിരുന്നു. ഇളയ സഹോദരനാണ് ജാലൂത്തിന്റെ വെല്ലുവിളി സ്വീകരിച്ചിരിക്കുന്നത്. ജാലൂത്ത് ദാവൂദ്(അ) വെല്ലുവിളി സ്വീകരിച്ചതിനെ നീരസത്തോടെയാണ് കണ്ടത്. 

അവന്‍ പറഞ്ഞു: ‘നീ ചെറിയ കുട്ടിയല്ലേ?’ 

ദാവൂദ്: ‘ഞാന്‍ തന്നെയാണ് വരുന്നത്.’ 

ജാലൂത്ത് പറഞ്ഞു: ‘എങ്കില്‍ ഇങ്ങോട്ട് വരിക.’ 

അങ്ങനെ ദാവൂദ്(അ) ജാലൂത്തിനെതിരില്‍ പുറപ്പെട്ടു. 

ജാലൂത്ത് ചോദിച്ചു: ‘നീ ചെറിയ കുട്ടിയല്ലേ? നിനക്ക് എങ്ങനെ എന്നോട് യുദ്ധം ചെയ്യാനാകും?’ 

അപ്പോള്‍ ദാവൂദ്(അ) പറഞ്ഞു: ‘ഞാന്‍ നിന്നെ കൊല്ലും!’ 

ഈ വാക്ക് ജാലൂത്തിനെ ദേഷ്യംപിടിപ്പിച്ചു. അവന്‍ ദാവൂദിനെ വെട്ടാന്‍ ഉദ്ദേശിച്ചു. ദാവൂദ്(അ) അതിനെ തടഞ്ഞു. എന്നിട്ട് തന്റെ കയ്യിലുണ്ടായിരുന്ന കല്ല് ചുഴറ്റി അവനെ എറിഞ്ഞു. അത് അവന് നന്നായി ഏറ്റു. അങ്ങനെ അവന്‍ വീഴുകയും മരണപ്പെടുകയും ചെയ്തു. ഇത് കണ്ട് ജാലൂത്തിന്റെ പട്ടാളം വിരണ്ടോടി. മുസ്‌ലിംകള്‍ അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞു. അങ്ങനെ ജാലൂത്തിന്റെ സൈന്യം ആ യുദ്ധത്തില്‍ പരാജയപ്പെട്ടു. 

ഈ യുദ്ധത്തിന് ശേഷം അല്ലാഹു ദാവൂദി(അ)ന് നല്‍കിയ സ്ഥാനവും മഹത്ത്വ വും ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അല്ലാഹു അദ്ദേഹത്തിന് ആധിപത്യവും ഹിക്മതും (ജ്ഞാനം) നല്‍കി എന്ന് ക്വുര്‍ആന്‍ 2:251ല്‍ പറയുന്നു. ‘ഹിക്മത്’ എന്നതിന്റെ വിവക്ഷ പ്രവാചകത്വമാണ് എന്നാണ് ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ (മുഫസ്സിറുകള്‍) പറയുന്നത്. അഥവാ അദ്ദേഹത്തെ അല്ലാഹു രാജാവും പ്രവാചകനുമാക്കി. അതോടൊപ്പം അല്ലാഹു ഉദ്ദേശിച്ചവയെല്ലാം അദ്ദേഹത്തെ അവന്‍ പഠിപ്പിക്കുകയും ചെയ്തു. പക്ഷികളുടെ ഭാഷ അറിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അങ്ങനെ പല കഴിവുകളും ജ്ഞാനങ്ങളും അല്ലാഹു അദ്ദേഹത്തിന് നല്‍കി. ഇന്‍ശാ അല്ലാഹ്, അവയെ പറ്റി സന്ദര്‍ഭോചിതം വിവരിക്കുന്നതാണ്. 

ത്വാലൂത്ത്-ജാലൂത്ത് യുദ്ധത്തെ കുറിച്ച് വിവരിച്ചതിന് ശേഷം അല്ലാഹു ഒരു പൊതു തത്ത്വം നമ്മെ അറിയിച്ചു: ‘മനുഷ്യരില്‍ ചിലരെ മറ്റു ചിലര്‍ മുഖേന അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ ഭൂലോകം കുഴപ്പത്തിലാകുമായിരുന്നു.’

ഭൂമിയിലാകമാനം കുഴപ്പങ്ങളും അക്രമങ്ങളും അനീതിയും നടമാടുന്നതിനെ തടയിടാന്‍ അല്ലാഹു സ്വീകരിക്കുന്ന മാര്‍ഗമാണിത്. 

ത്വാലൂത്തെന്ന മഹാനായ വ്യക്തിത്വത്തിന്റെ നേതൃത്വത്തിലാണ് ജാലൂത്തിനെതിരിലുള്ള യുദ്ധത്തിന് ഇറങ്ങി പുറപ്പെട്ടതെങ്കിലും, ആ നേതൃത്വത്തിന്‍ കീഴില്‍ അച്ചടക്കത്തോടെയും അനുസരണയോടെയും ഉണ്ടായിരുന്ന കേവലം ഒരു യുവാവ് മാത്രമായിരുന്നു ദാവൂദ് എന്ന വ്യക്തി. ശത്രുപക്ഷത്തിന്റെ നേതാവായ ജാലൂത്തിനെ വധിച്ചതിന് ശേഷം ആ നാടിന്റെ നായകത്വം അദ്ദേഹത്തിലേക്കാണ് വന്നത്. അതോടൊപ്പം പ്രവാചകത്വം എന്ന മഹത്തായ പദവിയും അല്ലാഹു അദ്ദേഹത്തിന് നല്‍കി.

പ്രവാചകത്വവും അധികാരവും ലഭിച്ചപ്പോഴും വ്യക്തിപരമായി അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്ന പരിശുദ്ധിയും വീട്ടുവീഴ്ചയും അദ്ദേഹം നിലനിര്‍ത്തിപ്പോന്നു. അധികാരം ലഭിച്ചപ്പോള്‍ അത് ഉപയോഗിച്ച് മറ്റുള്ളവരെ ചൂഷണം ചെയ്ത് അദ്ദേഹം ജീവിച്ചില്ല. അല്ലാഹു അദ്ദേഹത്തിന് നല്‍കിയ അറിവും ആരോഗ്യവും ഉപയോഗപ്പെടുത്തി നിത്യവൃത്തിക്കായി അധ്വാനിച്ചു എന്നാണ് മുഹമ്മദ് നബിﷺ ദാവൂദ്(അ)നെ പറ്റി നമുക്ക് പഠിപ്പിച്ച് തരുന്നത്.

മിക്വ്ദാം(റ)വില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ﷺ പറഞ്ഞു: ”തന്റെ കൈകൊണ്ട് പ്രവര്‍ത്തിച്ചതില്‍ നിന്ന് ഭക്ഷിക്കുന്നതിനെക്കാള്‍ നല്ലതായ ഒരു ആഹാരവും ഒരാളും തീരെ കഴിച്ചിട്ടില്ല. തീര്‍ച്ചയായും അല്ലാഹുവിന്റെ പ്രവാചകന്‍ ദാവൂദ്(അ) തന്റെ കൈകൊണ്ട് ജോലി ചെയ്ത് ഭക്ഷിക്കുന്നയാളായിരുന്നു” (ബുഖാരി). 

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ﷺ പറഞ്ഞു: ”തീര്‍ച്ചയായും ദാവൂദ് നബി(അ) തന്റെ കൈകൊണ്ട് ജോലി ചെയ്യുന്നതില്‍നിന്നല്ലാതെ ഭക്ഷിക്കാത്ത ആളായിരുന്നു” (ബുഖാരി).

ജനങ്ങള്‍ക്ക് ഏറെ പ്രയാജനം സിദ്ധിക്കുമാറ്, പില്‍ക്കാലത്തുകാര്‍ക്കും ഏറെ പ്രയോജനം ലഭിച്ച ഒരു അറിവുകൊണ്ടാണ് ദാവൂദ്(അ) അനുഗ്രഹിക്കപ്പെട്ടത്. ദാവൂദ്(അ)ന് അല്ലാഹു നല്‍കിയ ആ അനുഗ്രഹം എന്തായിരുന്നു എന്ന് ക്വുര്‍ആന്‍ പറയുന്നത് കാണുക:

”നിങ്ങളുടെ (ഇടയിലുണ്ടാകുന്ന) പടയില്‍ നിങ്ങളെ കാത്തുരക്ഷിക്കുവാനായി നിങ്ങള്‍ക്ക് വേണ്ടി പടച്ചട്ട നിര്‍മാണം അദ്ദേഹത്തിന് നാം പഠിപ്പിച്ചുകൊടുക്കുകയും ചെയ്തിരിക്കുന്നു. എന്നിട്ട് നിങ്ങള്‍ കൃതജ്ഞത കാണിക്കുന്നവരാണോ?” (ക്വുര്‍ആന്‍ 21:80).

യുദ്ധങ്ങളില്‍ ശത്രുവിനെ പ്രതിരോധിക്കാന്‍ പടയങ്കിയും പടച്ചട്ടയുമെല്ലാം ആവശ്യമാണല്ലോ. ആധുനിക കാലത്ത് യുദ്ധത്തിനായി തീ തുപ്പുന്ന ബോംബുകള്‍, ഒരു രാജ്യത്തെ മുഴുവനായും നശിപ്പിക്കുവാനും വരുംതലമുറകളെ പോലും ദോഷകരമായി ബാധിക്കുന്ന രൂപത്തിലുള്ള ആണവായുധങ്ങള്‍, വിദൂര രാജ്യങ്ങളെ ബോംബിട്ടു നശിപ്പിക്കുവാനുള്ള മിസൈലുകള്‍ തുടങ്ങിയവയാണല്ലോ ഉപയോഗിക്കുന്നത്. ഇതെല്ലാം അടുത്തകാലത്ത് മാത്രം കണ്ടുപിടിക്കപ്പെട്ടവയാണ്. മുമ്പ് അമ്പുകളും വാളുകളുമൊക്കെയാണ് ഉണ്ടായിരുന്നത്. അവയില്‍ നിന്ന് രക്ഷനേടാനുള്ള ഏകവഴിയായിരുന്നു ഇരുമ്പു കവചങ്ങള്‍ ധരിക്കല്‍. അവ ധരിക്കലും അവ ധരിച്ച് പോരാടലും വലിയ പ്രയാസകരമായ കാര്യമായിരുന്നു. എന്നാല്‍ ധരിക്കുവാനോ ഉപയോഗപ്പെടുത്തുവാനോ പ്രയാസമില്ലാത്ത രൂപത്തില്‍ പടച്ചട്ട നിര്‍മിക്കുവാന്‍ അല്ലാഹു ദാവൂദ് നബി(അ)യെ പഠിപ്പിച്ചു. അത് അല്ലാഹു അദ്ദേഹത്തിന് നല്‍കിയ ഒരു മുഅ്ജിസത് (ദൈവികദൃഷ്ടാന്തം) ആയിരുന്നു.

അല്ലാഹു പറയുന്നു: ”…അദ്ദേഹത്തിന് നാം ഇരുമ്പിനെ മയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. (നാം കല്‍പിച്ചു) പൂര്‍ണ വലുപ്പമുള്ള കവചങ്ങള്‍ നിര്‍മിക്കുകയും അതിന്റെ കണ്ണികള്‍ ശരിയായ അളവിലാക്കുകയും… ചെയ്യുക എന്ന്…” (ക്വുര്‍ആന്‍ 34:10,11).

സാധാരണ ഗതിയില്‍ ഇരുമ്പിനെ നാം വിചാരിക്കുന്ന രൂപത്തിലേക്ക് മാറ്റണമെങ്കില്‍ ശക്തമായ തീയിലിട്ട് പഴുപ്പിക്കേണ്ടതുണ്ട്. എന്നാല്‍ ദാവൂദ്(അ) സാധാരണ നാം മാവ് കുഴക്കുന്നത് പോലെ ഇരുമ്പ് കുഴച്ച് അദ്ദേഹം വിചാരിക്കുന്ന രൂപത്തിലേക്ക് മാറ്റിയിരുന്നു. അത്ഭുതമല്ലേ ഇത്?! ഇത് ദാവൂദ്(അ)ലൂടെ അല്ലാഹു പ്രകടമാക്കിയ ഒരു ദൃഷ്ടാന്തമായിരുന്നു. 

ക്വതാദഃ(റ) പറയുന്നത് കാണുക: ”ആദ്യമായി പടച്ചട്ട നിര്‍മിച്ചത് ദാവൂദ്(അ) ആയിരുന്നു. നിശ്ചയമായും (അത് ആദ്യകാലത്ത് ഒന്നാകെയുള്ള ചില) പലകകള്‍ ആയിരുന്നു. എന്നാല്‍ അതിന് ആദ്യമായി (കൃത്യമായ) കണ്ണികള്‍ നല്‍കിയതും അതിന് തോത് നിശ്ചയിച്ചതും അദ്ദേഹമായിരുന്നു” (ക്വുര്‍ത്വുബി).

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ദാവൂദ് നബി (അ) – 01​

ദാവൂദ് നബി (അ) - 01

പരിശുദ്ധ ക്വുര്‍ആനില്‍ പതിനാറ് സ്ഥലങ്ങളില്‍ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പ്രവാചകനാണ് ദാവൂദ്(അ). പ്രവാചകത്വപദവിയും രാജപദവിയും ഒന്നിച്ച് നല്‍കപ്പെട്ട ആദ്യത്തെ നബിയുമാണ് ദാവൂദ്(അ). നാല്‍പത് കൊല്ലത്തോളം അദ്ദേഹം ഭരണം നടത്തി എന്ന് പറയപ്പെടുന്നു.

ദാവൂദ്(അ)യുടെ ചരിത്രത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി, ചില കാര്യങ്ങള്‍ നമുക്ക് ആമുഖമായി മനസ്സിലാക്കാനുണ്ട്.

മൂസാനബി(അ)യുടെ കൂടെ ഒരു ശുശ്രൂഷകനായും, യാത്രകളിലും മറ്റും ഉണ്ടായിരുന്ന ഒരു നബിയായിരുന്നു യൂശഅ്ബ്‌നു നൂന്‍(അ). ഫലസ്തീനില്‍ പ്രവേശിച്ച ഇസ്‌റാഈല്യര്‍ മൂസാ(അ)ക്ക് ശേഷം യൂശഅ്(അ)ന്റെ കൂടെയാണ് ജീവിച്ചുപോന്നിരുന്നത്. അങ്ങനെ അദ്ദേഹത്തിന്റെ മരണം വരെ ബനൂഇസ്‌റാഈല്യര്‍ യൂശഅ്(അ)ന്റെ നിയന്ത്രണത്തിലായിരുന്നു. ഫലസ്തീനില്‍ എത്തിയ ശേഷം അവരിലെ ഓരോ ഗോത്രക്കാര്‍ക്കും അവരുടെ താമസ സ്ഥലം നിര്‍ണയിച്ച് കൊടുത്തു. അതുപോലെ അവരിലെ ഓരോ ഗോത്രക്കാരിലും ഓരോ ന്യായാധിപരെ നിശ്ചയിച്ച് കൊടുത്തിരുന്നു. ആ ന്യായാധിപന്മാര്‍ പ്രവാചകന്മാരുടെ നിര്‍ദേശപ്രകാരം കാര്യങ്ങള്‍ നിയന്ത്രിച്ചു പോന്നു. 

മൂസാ(അ)ന്റെ കാലശേഷം നാല് നൂറ്റാണ്ട് കഴിഞ്ഞ് ഏതാണ്ട് പകുതിയാകുന്നത് വരെ അവരില്‍ രാജാക്കന്മാര്‍ ഉണ്ടായിരുന്നില്ല. അവരിലേക്ക് അല്ലാഹു പ്രവാചകന്മാരെ അയക്കുകയും ആ പ്രവാചകന്മാര്‍ നിയമിക്കുന്ന ന്യായാധിപന്മാരെ പിന്തുടരുകയുമായിരുന്നു പതിവ്. പ്രവാചകന്മാര്‍ അവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. ചില കാലങ്ങളില്‍ പ്രവാചകന്മാര്‍ തന്നെ ന്യായാധിപന്മാരായി നിലനിന്നു പോരുകയും ചെയ്തിരുന്നു.

കാലക്രമേണ ഇസ്‌റാഈല്‍ മക്കളില്‍ ബിംബാരാധന ഉടലെടുത്തു. അല്ലാഹുവിന് പുറമെ ആരാധ്യ വസ്തുക്കളായി പല പ്രതിഷ്ഠകളെയും അവര്‍ സ്ഥാപിച്ചു. അതിന്റെ പേരില്‍ അല്ലാഹു അവരെ ശിക്ഷിക്കുകയുണ്ടായി. ഇസ്‌റാഈല്‍ മക്കളെ നിയന്ത്രിക്കുന്ന മര്‍ദക ഭരണകൂടത്തെ അല്ലാഹു അവരില്‍ കൊണ്ടുവന്നുകൊണ്ടായിരുന്നു അവരില്‍ ശിക്ഷ നടപ്പിലാക്കിയത്.

ഇടക്കാലത്ത് അമാലിക്വ എന്ന വിഭാഗം ഭരണാധികാരം ഏറ്റടുത്തു. അമ്മോന്യര്‍, മെദ്യാനികള്‍, ഫെലസ്ത്യര്‍, മോവാബ്യര്‍ മുതലായ അമാലിക്വ വര്‍ഗക്കാരും ഇസ്‌റാഈല്‍ വര്‍ഗവും തമ്മില്‍ പല യുദ്ധങ്ങളും നടക്കുകയുണ്ടായി. നാലാം നൂറ്റാണ്ടില്‍ ഫെലിസ്ത്യരുമായുണ്ടായ യുദ്ധത്തില്‍ ഇസ്‌റാഈല്യര്‍ക്ക് ദാരുണമായ പരാജയം നേരിട്ടു. മാത്രമല്ല, തങ്ങളുടെ വിജയവും രക്ഷയും ഉദ്ദേശിച്ചു കൊണ്ട് തങ്ങള്‍ ഒപ്പം കൊണ്ടുപോയിരുന്ന നിയമ പെട്ടകം എന്നറിയപ്പെടുന്ന താബൂത്തും തൗറാത്തും ഫെലസ്ത്യര്‍ പിടിച്ചെടുത്തു കൊണ്ടുപോയി. ഇതുമൂലം അവര്‍ വമ്പിച്ച വിലാപത്തിലാവുകയും അവരുടെ വീര്യവും ശൗര്യവും നശിക്കുകയും ചെയ്തു.

ഇക്കാലത്ത് ഇസ്‌റാഈല്യരില്‍ പ്രവാചകന്മാര്‍ ഉണ്ടായിരുന്നില്ല. പ്രവാചക പാരമ്പര്യമുണ്ടായിരുന്ന കുടുംബത്തിലെ ഒരു സ്ത്രീ ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു. കുഞ്ഞിന് ഷംവീല്‍ എന്ന് പേരിടുകയും ചെയ്തു. ഒരു പ്രവാചകന്‍ ഞങ്ങളില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചവരായിരുന്നു അന്നുള്ളവര്‍. അവരുടെ ആ പ്രാര്‍ഥനക്ക് ഉത്തരം കിട്ടി എന്ന അര്‍ഥത്തിലാണത്രെ കുഞ്ഞിന് അപ്രകാരം നാമം വിളിച്ചത്. ഷംവീല്‍ എന്നതിന് സ്വംവീല്‍ എന്നും ആ പേര് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് പിന്നീട് പ്രവാചകത്വവും സിദ്ധിച്ചു. അദ്ദേഹം അവരുടെ പ്രവാചകനും ന്യായാധിപനുമായിത്തിര്‍ന്നു.

അദ്ദേഹത്തിന് വാര്‍ധക്യം പിടിപെട്ടപ്പോള്‍ തങ്ങളെ നയിക്കുവാനും യുദ്ധത്തിലും മറ്റും നേതൃത്വം നല്‍കുവാനും പ്രാപ്തനായ ഒരു ന്യായാധിപന്റെ അഭാവം അവര്‍ മുന്‍കൂട്ടി മനസ്സിലാക്കി. അതിനാല്‍ അവര്‍ ആ പ്രവാചകനോട് ഒരു രാജാവിനെ നിയോഗിച്ചു തരണമെന്ന് ആവശ്യപ്പെട്ടു.

ഒരു രാജാവ് നിലവില്‍ വന്നാല്‍ അവരിലുണ്ടാകുന്ന പ്രതികരണം എപ്രകാരമായിരിക്കുമെന്ന് അവരുമായി ഇടപഴകിയ ആ പ്രവാചകന് ഊഹിക്കാമല്ലോ. നിങ്ങള്‍ പിന്മാറി അനുസരണക്കേട് കാണിച്ചേക്കുമോ എന്ന ചോദ്യം അദ്ദേഹം ചോദിക്കുവാനുള്ള കാരണം അതായിരുന്നു. (സംഭവം വഴിയെ വിവരിക്കുന്നതാണ്, ഇന്‍ശാ അല്ലാഹ്). ഇല്ല എന്നൊക്കെ അവര്‍ പറഞ്ഞെങ്കിലും അവസാനം സംഭവിച്ചത് ആ പ്രവാചകന്റെ സംശയം പോലെ തന്നെയായിരുന്നു. ക്വുര്‍ആന്‍ അതു സംബന്ധമായി വിവരിക്കുന്നത് കാണുക: 

മൂസായുടെ ശേഷം ഉണ്ടായിരുന്ന ചില ഇസ്‌റാഈലീ പ്രമുഖര്‍ തങ്ങളുടെ പ്രവാചകനോട്, ഞങ്ങള്‍ക്കൊരു രാജാവിനെ നിയോഗിച്ച് തരൂ. (അദ്ദേഹത്തിന്റെ നേതൃത്വത്തില്‍) ഞങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തുകൊള്ളാം എന്ന് പറഞ്ഞ സന്ദര്‍ഭം നീ അറിഞ്ഞില്ലേ? അദ്ദേഹം (പ്രവാചകന്‍) ചോദിച്ചു: നിങ്ങള്‍ക്ക് യുദ്ധത്തിന്ന് കല്‍പന കിട്ടിയാല്‍ നിങ്ങള്‍ യുദ്ധം ചെയ്യാതിരുന്നേക്കുമോ? അവര്‍ പറഞ്ഞു: ഞങ്ങളുടെ താമസസ്ഥലങ്ങളില്‍ നിന്നും സന്തതികള്‍ക്കിടയില്‍ നിന്നും ഞങ്ങള്‍ പുറം തള്ളപ്പെട്ട സ്ഥിതിക്ക് ഞങ്ങള്‍ക്കെങ്ങനെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാതിരിക്കാന്‍ കഴിയും? എന്നാല്‍ അവര്‍ക്ക് യുദ്ധത്തിന് കല്‍പന നല്‍കപ്പെട്ടപ്പോഴാകട്ടെ അല്‍പം പേരൊഴിച്ച് (എല്ലാവരും) പിന്മാറുകയാണുണ്ടായത്. അല്ലാഹു അക്രമകാരികളെപ്പറ്റി (നല്ലവണ്ണം) അറിയുന്നവനാകുന്നു” (ക്വുര്‍ആന്‍ 2:246).

മൂസാ നബി(അ)ക്ക് ശേഷം ബനൂഇസ്‌റാഈല്യരിലെ പൗരപ്രമാണിമാരുടെ അവസ്ഥയെ പറ്റി നബിക്ക് അല്ലാഹു വിവരിച്ചു കൊടുക്കുകയാണ്. ആ പ്രധാനികള്‍ അവരിലേക്ക് അല്ലാഹു അയച്ച പ്രവാചകനോട് (ആ പ്രവാചകന്റെ പേര് ക്വുര്‍ആന്‍ വെളിപ്പെടുത്തിയിട്ടില്ല. ചരിത്രത്തില്‍ ഷംവീല്‍ എന്ന പേരിലാണ് ആ പ്രവാചകന്‍ അറിയപ്പെടുന്നത്) അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാന്‍ വേണ്ടി ഞങ്ങള്‍ക്ക് നേത്യത്വം നല്‍കാന്‍ കഴിവുള്ള ഒരു രാജാവിനെ നിശ്ചയിച്ചു തന്നാലും എന്ന് ആവശ്യപ്പെട്ടു. അവരുടെ സ്വഭാവം നന്നായി അറിയുന്നതിനാല്‍ ആ പ്രവാചകന്‍ അവരോട് ചോദിച്ചു: നിങ്ങള്‍ ആവശ്യപ്പെട്ടത് പോലെ നിങ്ങള്‍ക്ക് യുദ്ധത്തിനുള്ള അനുവാദം ലഭിച്ചാല്‍ നിങ്ങള്‍ പിന്തിരിയുമോ? അവര്‍ ആ പ്രവാചകനോട് തിരിച്ചു ചോദിച്ചു: ഞങ്ങള്‍ എങ്ങനെ യുദ്ധം ചെയ്യാതിരിക്കും? യുദ്ധം ചെയ്യാതിരിക്കുവാന്‍ ഞങ്ങള്‍ക്ക് ഒരു ന്യായവും ഇല്ലല്ലോ. മാത്രവുമല്ല, യുദ്ധം ചെയ്യാനുള്ള സാഹചര്യമാണല്ലോ ഞങ്ങള്‍ക്കുള്ളത്. അവരുടെ സാഹചര്യവും അവര്‍ വിശദീകരിച്ചു. ഞങ്ങളെ ഞങ്ങളുടെ വീടുകളില്‍ നിന്നും സന്താനങ്ങളില്‍ നിന്നും പുറത്താക്കി. അവരോട് യുദ്ധം ചെയ്യുന്നതിന് ഞങ്ങള്‍ക്ക് ഒരേയൊരു തടസ്സമേ ഉള്ളൂ. അതായത്, യുദ്ധത്തിന്‌നേതൃത്വം നല്‍കാന്‍ ഒരു രാജാവില്ല. ഇതായിരുന്നു അവരുടെ ആദ്യത്തെ പ്രതികരണം.

പ്രവാചകന്റെ സംശയത്തെ ബലപ്പെടുത്തുന്നതായിരുന്നു പിന്നീട് അവരുടെ അവസ്ഥ. യുദ്ധത്തിനുള്ള കല്‍പന വന്നപ്പോള്‍ പലരും പിന്തിരിഞ്ഞു. കുറച്ച് പേര്‍ മാത്രം ആ കല്‍പന സ്വീകരിക്കുയും ചെയ്തു.

അവര്‍ ആ പ്രവാചകനോട് രാജാവിനെ നിശ്ചയിച്ചു തരാന്‍ ആവശ്യപ്പെട്ടിരുന്നല്ലോ. അല്ലാഹു അവരുടെ ആശക്കൊത്ത് അവര്‍ക്ക് ഒരു രാജാവിനെ നല്‍കുകയും ചെയ്തു. അപ്പോള്‍ അവരില്‍ എന്താണ് സംഭവിച്ചത്?

അവരോട് അവരുടെ പ്രവാചകന്‍ പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക് ത്വാലൂതിനെ രാജാവായി നിയോഗിച്ചു തന്നിരിക്കുന്നു. അവര്‍ പറഞ്ഞു: അയാള്‍ക്കെങ്ങനെ ഞങ്ങളുടെ രാജാവാകാന്‍ പറ്റും? രാജാധികാരത്തിന് അയാളെക്കാള്‍ കൂടുതല്‍ അര്‍ഹതയുള്ളത് ഞങ്ങള്‍ക്കാണല്ലോ. അയാള്‍ സാമ്പത്തിക സമൃദ്ധി ലഭിച്ച ആളുമല്ലല്ലോ. അദ്ദേഹം (പ്രവാചകന്‍) പറഞ്ഞു: അല്ലാഹു അദ്ദേഹത്തെ നിങ്ങളെക്കാള്‍ ഉല്‍കൃഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. കൂടുതല്‍ വിപുലമായ ജ്ഞാനവും ശരീരശക്തിയും നല്‍കുകയും ചെയ്തിരിക്കുന്നു. അല്ലാഹു അവന്റെ വകയായുള്ള ആധിപത്യം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്  കൊടുക്കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു” (2:247).

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നതിന് ഒരു രാജാവ് ഇല്ലാത്തതിന്റെ കുറവേ ഞങ്ങള്‍ക്ക് ഉള്ളൂ എന്ന രൂപത്തില്‍ സംസാരിച്ചവരായിരുന്നല്ലോ അവര്‍. കരുത്തനായ ഒരു രാജാവ് അവര്‍ക്ക് വേണം എന്നതായിരുന്നു അവരുടെ ആവശ്യം. അല്ലാഹുവിന്റെ കല്‍പന പ്രകാരം ആ പ്രവാചകന്‍ അവരുടെ താല്‍പര്യത്തിന് അനുസരിച്ച് ത്വാലൂത്തിനെ അവരുടെ രാജാവാക്കി നിശ്ചയിച്ചു. അപ്പോള്‍ അവരുടെ നിറം മാറി.

ത്വാലൂത്തിനെ അവരുടെ രാജാവായി അല്ലാഹു തെരഞ്ഞെടുത്തപ്പോള്‍ അവര്‍ക്ക് അത് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല. അവര്‍ ത്വാലൂത്തിനെ രാജാവായി തൃപ്തിയോടെ സ്വീകരിച്ചതുമില്ല. രാജപദവി അവരുടെ കുടുംബത്തില്‍ നിന്നായിരിക്കുമെന്നായിരുന്നു അവര്‍ വിചാരിച്ചിരുന്നത്. അവര്‍ വിചാരിച്ചത് പോലെ അത് സംഭവിച്ചില്ല. അപ്പോള്‍ അവര്‍ പറഞ്ഞു: ഇവനെങ്ങനെ ഞങ്ങളെ ഭരിക്കാന്‍ സാധിക്കും? അവനെക്കാള്‍ അധികാരത്തിന് അര്‍ഹര്‍ ഞങ്ങളാണല്ലോ. ഒരു രാജാവ് ആകണമെങ്കില്‍ രാജ പാരമ്പര്യം വേണ്ടേ? അത് ഇവനില്ലല്ലോ. അല്ലെങ്കില്‍ പ്രവാചക പാരമ്പര്യം വേണം. അതും ഇവന് ഇല്ലല്ലോ. ഇവന്‍ ഒരു സാധാരണ കുടുംബത്തില്‍ പിറന്നവനാണ്. രാജ പാരമ്പര്യവും പ്രവാചക പാരമ്പര്യവുമെല്ലാം ഉള്ള ഞങ്ങള്‍ ഇവിടെ ഉള്ളപ്പോള്‍ ത്വാലൂത്തിനെ രാജാവായി നിശ്ചയിക്കുന്നത് ശരിയല്ല. ഇതായിരുന്നു ത്വാലൂത്തിനെ രാജാവായി അംഗീകരിക്കാതിരിക്കാനുള്ള ഇവരുടെ ന്യായം.

ത്വാലൂത്ത് ഒരു സാധാരണക്കാരനാണല്ലോ. രാജാവ് ആകണമെങ്കില്‍ കുറച്ചൊക്കെ സമ്പത്ത് വേണമല്ലോ. അതും ഞങ്ങള്‍ക്ക് തന്നെയാണ് ത്വാലൂത്തിനെക്കാള്‍ കൂടുതല്‍. ഇതായിരുന്നു അവരുടെ മറ്റൊരു ന്യായം. ത്വാലൂത്തിനെ രാജാവായി അംഗീകരിക്കാന്‍ കൂട്ടാക്കാതെ വന്നപ്പോള്‍ അവരുടെ പ്രവാചകന്‍ അവരോട് പറഞ്ഞു: ത്വാലൂത്തിനെ രാജാവായി തെരഞ്ഞെടുത്തത് അല്ലാഹുവാണ്. അല്ലാഹുവാണ് ആര്‍ക്ക് അധികാരം നല്‍കണം, ആരില്‍ നിന്ന് അധികാരം നീക്കം ചെയ്യണം എന്ന് നന്നായി അറിയുന്നവന്‍. അവന്‍ തെരഞ്ഞെടുത്ത ഒരാളെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് എന്ത് അധികാരമാണ് ഉള്ളത്? അല്ലാഹു തെരഞ്ഞെടുത്തവനെ നിങ്ങള്‍ പിന്തുടരുക. ഇതായിരുന്നു അവര്‍ക്ക് ആ പ്രവാചകന്‍ നല്‍കിയ ഒന്നാമത്തെ മറുപടി. 

വീണ്ടും തുടര്‍ന്നു: സമ്പത്ത് അദ്ദേഹത്തില്‍ കുറവാണെങ്കിലും എല്ലാവരെയും ഭരിക്കാന്‍ മാത്രം പോന്ന വിശാലമായ അറിവും നല്ല ശരീരവും അല്ലാഹു നല്‍കിയിട്ടുണ്ട്. സമ്പത്തിനെക്കാളും വലിയ നേട്ടം നല്ല അറിവും ആരോഗ്യവുമാണ്. അത് രണ്ടും ഉള്ളവര്‍ക്കേ സമ്പത്ത് നേരാംവണ്ണം കൈകാര്യം ചെയ്യാന്‍ കഴിയൂ.

രാജാധികാരത്തിന്റെ സാക്ഷാല്‍ ഉടമ അല്ലാഹുവാണല്ലോ. അതില്‍ നിന്ന് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ നല്‍കും. അതിനെ ചോദ്യംചെയ്യാന്‍ നാം ആളല്ല. അല്ലാഹു വളരെ വിശാലനും എല്ലാ കാര്യത്തെ പറ്റിയും നന്നായി അറിയുന്നവനുമാകുന്നു. ഇതെല്ലാം കേട്ടപ്പോള്‍ മനസ്സില്ലാ മനസ്സോടെ അവര്‍ ത്വാലൂത്തിന്റെ അധികാരത്തെ സമ്മതിച്ചു. ത്വാലൂത്തിന്റെ അധികാരത്തെ അവര്‍ സമ്മതിച്ചെങ്കിലും അവര്‍ക്കത് ഉള്‍കൊള്ളാന്‍ പ്രയാസമായിരുന്നു. ആ സംശയത്തെ നീക്കുവാനായി അവരോട് വീണ്ടും ആ പ്രവാചകന്‍ തുടര്‍ന്നു:

അവരോട് അവരുടെ പ്രവാചകന്‍ പറഞ്ഞു: ത്വാലൂതിന്റെ രാജാധികാരത്തിനുള്ള തെളിവ് ആ പെട്ടി നിങ്ങളുടെ അടുത്ത് വന്നെത്തുക എന്നതാണ്. അതില്‍ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള മനഃശാന്തിയും മൂസായുടെയും ഹാറൂന്റെയും കുടുംബങ്ങള്‍ വിട്ടേച്ചുപോയ അവശിഷ്ടങ്ങളുമുണ്ട്. മലക്കുകള്‍ അത് വഹിച്ച് കൊണ്ടുവരുന്നതാണ്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിസ്സംശയം നിങ്ങള്‍ക്കതില്‍ മഹത്തായ ദൃഷ്ടാന്തമുണ്ട്” (ക്വുര്‍ആന്‍ 2:248).

താബൂത്തും തൗറാത്തും നഷ്ട്ടപ്പെട്ടതില്‍ ദുഃഖിതരായിരുന്നല്ലോ അവര്‍. അവരുടെ ആ പേടകവും തൗറാത്തും ത്വാലൂത്ത് നിങ്ങള്‍ക്ക് തിരിച്ചുകൊണ്ടുവരുന്നതാണ്. അത് നിങ്ങള്‍ക്ക് ത്വാലൂത്തിന്റെ അധികാരത്തിലെ സംശയത്തെ ഇല്ലാതെയാക്കുവാന്‍ സഹായകമാകുന്നതുമാണ്.

താബൂത്ത് എന്ന അവരുടെ പേടകം അവരില്‍ നിന്ന് ശത്രുക്കള്‍ പിടിച്ച് കൊണ്ട് പോയതാണണല്ലോ. അത് അവരുടെ പക്കല്‍ ഉണ്ടായിരുന്നപ്പോഴെല്ലാം അവര്‍ക്ക് വിജയമുണ്ടെന്ന് അവര്‍ വിശ്വസിക്കുകയും ചെയ്തിരുന്നു. ആ പേടകം നിങ്ങളുടെ യാതൊരു പരിശ്രമവും ആവശ്യമില്ലാത്ത വിധം മലക്കുകള്‍ നിങ്ങള്‍ക്ക് വഹിച്ചു കൊണ്ടുവരുന്നതായിരിക്കും. ആ പേടകത്തില്‍ അല്ലാഹുവില്‍ നിന്നുള്ള സമാധാനവും ഉണ്ടായിരിക്കുന്നതാണ്. അതുപോലെ മൂസാകുടുംബവും ഹാറൂന്‍ കുടുംബവും അവശേഷിപ്പിച്ചതും അതില്‍ ഉണ്ടായിരിക്കുന്നതാണ്. തൗറാത്തിന്റെ പകര്‍പ്പാണെന്നും അല്ലെങ്കില്‍ അത് എഴുതിയ ചില പലകകളോ അതിന്റെ കഷ്ണങ്ങളോ ആകാം എന്നും അല്ലെങ്കില്‍ മൂസാ(അ)ന്റെയും ഹാറൂന്‍(അ)ന്റെയും വടികള്‍ ആകാം എന്നും അല്ലെങ്കില്‍ അവരുടെ വസ്ത്രങ്ങള്‍ ആകാം എന്നുമെല്ലാം അതിനെ പറ്റി പണ്ഡിതന്മാര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മലക്കുകള്‍ അതിനെ വഹിച്ചുകൊണ്ടുവരുന്നതാണ് എന്നതിനെ വിശദീകരിച്ച് ഇമാം ക്വതാദഃ(റ) പറയുന്നത് മലക്കുകള്‍ അത് ത്വാലൂത്തിന്റെ വീട്ടില്‍ കൊണ്ടുവന്നു വെച്ചു എന്നാണ്. ഒന്നോ രണ്ടോ പശുക്കളെ കെട്ടിയ ഒരു വണ്ടിയില്‍ മലക്കുകള്‍ അത് കൊണ്ടുവന്നു എന്ന് ഇമാം സൗരി(റഹി)യില്‍ നിന്നും നിവേദനം വന്നിട്ടുണ്ട്. ഏതായാലും താബൂത്തിന്റെ വരവ് ത്വാലൂത്തിന്റെ രാജത്വത്തിനു തെളിവും അടയാളവും തന്നെയായിരുന്നു.

വീണ്ടും അല്ലാഹു അവരെ പരീക്ഷിച്ചു. ഓരോ ജനതയിലും അല്ലാഹു പല രൂപത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുന്നത്, അവരില്‍ ശുദ്ധീകരണം വരുത്തുന്നതിന് വേണ്ടിയായിരുന്നല്ലോ.

അവര്‍ക്ക് യുദ്ധത്തിനുള്ള കല്‍പന കിട്ടിയതിനാല്‍ അവര്‍ യുദ്ധത്തിനുള്ള പുറപ്പാടിലാണ്. യുദ്ധത്തിന് പോകുമ്പോള്‍ അയോഗ്യരുണ്ടായാല്‍ വിജയം ലഭിക്കില്ല. നല്ല കരുത്തരായ ആളുകളെ അല്ലാഹു തെരഞ്ഞെടുക്കും. അതിനായി ഇടക്കിടെ ചില പരീക്ഷണങ്ങള്‍ അവര്‍ നേരിടേണ്ടി വന്നു. ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നത് ഏറെ ശ്രദ്ധേയമാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാന്‍ അവര്‍ ആഗ്രഹിച്ചു. എന്നാല്‍ അതിന് അവര്‍ക്ക് തടസ്സമായിട്ടുള്ളത് നേതൃത്വം നല്‍കാന്‍ ഒരു രാജാവ് ഇല്ല എന്നതായിരുന്നു. അവര്‍ അപ്രകാരം അവരുടെ പ്രവാചകനോട് ആവശ്യപ്പെടുമ്പോള്‍ അവരുടെ എണ്ണം എണ്‍പതിനായിരം ആയിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ഒരു പരീക്ഷണം എന്ന നിലക്ക് യുദ്ധം നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍ കുറെ പേര്‍ പേടിച്ച് പിന്തിരിഞ്ഞു. ഒരു വലിയ ശുദ്ധീകരണം അവര്‍ക്കിടയില്‍ അപ്പോള്‍ നടന്നു. അങ്ങനെ എണ്‍പതിനായിരത്തില്‍ നിന്ന് കുറെ എണ്ണം കുറഞ്ഞു.

യുദ്ധമുഖത്തേക്ക് പോകുമ്പോള്‍ ശരിയായ ഈമാന്‍ ഇല്ലാത്തവരാണെങ്കില്‍ വലിയ പരാജയം ഏറ്റുവാങ്ങേണ്ടി വരും. അഥവാ യുദ്ധത്തിന് പോകുന്നവര്‍ വിശ്വാസം അടിയുറച്ചവരായിരിക്കണം. അതിനായി അടുത്ത ഒരു പരീക്ഷണം അവരില്‍ നടക്കുകയാണ്.

ഇസ്‌റാഈല്യരില്‍ അച്ചടക്കരാഹിത്യവും വിശ്വാസ ദൗര്‍ബല്യവും ഉള്ളവരും രാജാവിനെ കുറിച്ച് ആശങ്ക പുലര്‍ത്തുന്നവരും ത്യാഗസന്നദ്ധരല്ലാത്തവരും ഉണ്ടായിരിക്കുമല്ലോ. അങ്ങനെയുള്ളവരെയും നിഷ്‌കളങ്കരെയും രണ്ടായി തന്നെ വേര്‍തിരിക്കപ്പെടണം. അതിനായി അല്ലാഹു അവരെ ഒരു പരീക്ഷണം നടത്തി.

അങ്ങനെ സൈന്യവുമായി പുറപ്പെട്ടപ്പോള്‍ ത്വാലൂത് പറഞ്ഞു: അല്ലാഹു ഒരു നദി മുഖേന നിങ്ങളെ പരീക്ഷിക്കുന്നതാണ്…” (ക്വുര്‍ആന്‍ 2:248).

ത്വാലൂത്ത് തന്റെ കൂടെയുള്ളവരുമായി യുദ്ധത്തിന് യാത്രയായി. അവര്‍ സഞ്ചരിക്കുന്ന വഴിയില്‍ പ്രസിദ്ധമായ ഒരു നദിയുണ്ടായിരുന്നു; ജോര്‍ദാന്‍ നദി. ഫലസ്തീനില്‍ ഇന്നും ഒഴുകിക്കൊണ്ടിരിക്കുന്ന നദിയാണത്. ആ നദിയില്‍ നിന്ന് പിരിഞ്ഞ് ഒഴുകിക്കൊണ്ടിരുന്ന പല പോഷക നദികളും ഉണ്ടായിരുന്നു. അതിലെ ഒരു നദി മുറിച്ച് കടന്നിട്ട് വേണം ത്വാലൂത്തിനും സംഘത്തിനും ശത്രുക്കളോട് അടരാടാന്‍ പോകാന്‍. ഇനി ശത്രുക്കളുടെ മുന്നില്‍ എത്തുമ്പോള്‍ വളരെ കറകളഞ്ഞ വിശ്വാസികളാകണം ഉണ്ടാകേണ്ടത്. അതിനായി അവരെ പരീക്ഷിക്കുന്നതിനായി ത്വാലൂത്ത് അവരോട് പറഞ്ഞു: അല്ലാഹു നിങ്ങളെ ഒരു നദി മുഖേന പരീക്ഷിക്കുന്നതാണ്.ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നു: നല്ല ഉഷ്ണവും ദാഹവും ഉള്ള സന്ദര്‍ഭത്തിലായിരുന്നു അവരുടെ യാത്ര. 

അത്തരം ഒരു സന്ദര്‍ഭത്തില്‍ നദി മുറിച്ച് കടക്കുമ്പോള്‍ അതില്‍ നിന്ന് കുടിക്കരുതെന്ന് പറയുമ്പോള്‍ അത് വലിയ പരീക്ഷണം തന്നെയാണ്. വെള്ളത്തിന് ആവശ്യമുള്ളപ്പോള്‍ ആര് അത് ഒഴിവാക്കും എന്ന് അറിയുന്നതിലാണല്ലോ പരീക്ഷണമുള്ളത്. അതിനാല്‍ ആ നദി മുഖേന അല്ലാഹു അവരെ പരീക്ഷിക്കുന്നതാണെന്ന് ത്വാലൂത്ത് അവരോട് പറഞ്ഞു. പരീക്ഷണം എങ്ങനെയാണെന്നും അദ്ദേഹം അവരെ അറിയിച്ചു:

”…അപ്പോള്‍ ആര്‍ അതില്‍ നിന്ന് കുടിച്ചുവോ അവന്‍ എന്റെ കൂട്ടത്തില്‍ പെട്ടവനല്ല. ആരതു രുചിച്ച് നോക്കാതിരുന്നുവോ അവന്‍ എന്റെ കൂട്ടത്തില്‍ പെട്ടവനാകുന്നു. എന്നാല്‍ തന്റെ കൈകൊണ്ട് ഒരിക്കല്‍ മാത്രം കോരിയവന്‍ ഇതില്‍ നിന്ന് ഒഴിവാണ്…”(2:249).

ആര് ആ നദിയില്‍ നിന്ന് തന്റെ കൈകൊണ്ട് ഒരു കോരലിനപ്പുറം കുടിക്കുന്നുവോ അവര്‍ എന്റെ കൂടെ പുറപ്പെടേണ്ടതില്ല. അവര്‍ക്ക് സൈന്യത്തില്‍ സ്ഥാനമില്ല. നല്ല ചൂടും ദാഹവും ഉള്ള കാലമാണല്ലോ. തീരെ കുടിക്കാതെ പ്രയാസപ്പെടുത്തിയില്ല. ഒരു കോരല്‍ അവര്‍ക്ക് അനുവദിച്ചു. എന്നാല്‍ അതിനപ്പുറം അവര്‍ക്ക് അനുവദിച്ചതുമില്ല. എന്താണ് അവരില്‍ സംഭവിച്ചെതന്ന് കാണുക:

”…അവരില്‍ നിന്ന് ചുരുക്കം പേരൊഴികെ അതില്‍ നിന്ന് കുടിച്ചു…”(2:249).

കുറെ പേര്‍ രാജാവിന്റെ കല്‍പനയെ അനുസരിക്കാതെ ഇഷ്ടാനുസരണം അതില്‍ നിന്നും വെള്ളം കുടിച്ചു. അതോടെ സൈന്യത്തിലെ എണ്ണം കുറഞ്ഞു. ഓരോ പരീക്ഷണത്തിലും വിശ്വാസത്തിന്റെ ദൗര്‍ബല്യം കാരണം എണ്ണം കുറഞ്ഞുകൊണ്ടേയിരുന്നു. എണ്‍പതിനായിരം പേരുണ്ടായിരുന്ന ഇവര്‍ യുദ്ധത്തിന്റെ സമയത്ത് എത്ര പേരായി ചുരുങ്ങി എന്ന് നബി വിവരിച്ചു തരുന്നുണ്ട്.

രാജാവിന്റെ കല്‍പന അനുസരിച്ചവരെ മാത്രമായി കൊണ്ട് രാജാവ് അവരെയും കൊണ്ട് പുറപ്പെട്ടു. 

”…അങ്ങനെ അദ്ദേഹവും കൂടെയുള്ള വിശ്വാസികളും ആ നദി കടന്നു കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: ജാലൂതി(ഗോലിയത്ത്)നെയും അവന്റെ സൈന്യങ്ങളെയും നേരിടാന്‍ മാത്രമുള്ള കഴിവ് ഇന്ന് നമുക്കില്ല…” (ക്വുര്‍ആന്‍ 2:249).

നദി മുറിച്ചുകടന്ന് ശത്രുക്കളുടെ ഭാഗത്ത് അവര്‍ എത്തി. ശത്രുപാളയത്തിന്റെ സേനാ നായകനാണ് ജാലൂത്ത്. അയാളോടാണ് ഇവര്‍ക്ക് പോരാടാനുള്ളത്. അയാളും അയാളുടെ സൈന്യവും സര്‍വ യുദ്ധ സന്നാഹങ്ങളോടെയും നില്‍ക്കുന്നിടത്തേക്കാണ് ത്വാലൂത്തും സംഘവും എത്തുന്നത്. ഈ യുദ്ധ സന്നദ്ധരായ സൈന്യത്തെ കണ്ടപ്പോള്‍ വിശ്വാസം ഉറക്കാത്തവര്‍ക്ക് വീണ്ടും പതര്‍ച്ച തുടങ്ങി. അവര്‍ പേടിച്ചു. അവര്‍ അത് പ്രകടിപ്പിക്കുകയും ചെയ്തു. ഈ വലിയ സംഘത്തോട് നാം എങ്ങനെ പോരാടും? യുദ്ധക്കോപ്പുകളുമായി തയ്യാറെടുത്ത് നില്‍ക്കുകയാണ് ജാലൂത്തും സംഘവും. നമുക്ക് അവരോട് പോരാടാന്‍ കഴിയില്ല എന്നും പറഞ്ഞ് കുറെ പേര്‍ വീണ്ടും പിന്‍മാറി. എന്നാല്‍ ഉറച്ച വിശ്വാസമുള്ള ആളുകള്‍ ഒരു പതര്‍ച്ചയും കൂടാതെ പ്രഖ്യാപിച്ചു: 

”…തങ്ങള്‍ അല്ലാഹുവുമായി കണ്ടുമുട്ടേണ്ടവരാണ് എന്ന വിചാരമുള്ളവര്‍ പറഞ്ഞു: എത്രയെത്ര ചെറിയ സംഘങ്ങളാണ് അല്ലാഹുവിന്റെ അനുമതിയോടെ വലിയ സംഘങ്ങളെ കീഴ്‌പെടുത്തിയിട്ടുള്ളത്! അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു”(ക്വുര്‍ആന്‍ 2:249).

പരലോകത്ത് അല്ലാഹുവിനെ കണ്ടുമുട്ടണം എന്ന് ആഗ്രഹിക്കുന്ന വിശ്വാസം ഉറച്ചവരായ ആ നല്ലവര്‍ അവരോട് പറഞ്ഞു: ആള്‍ബലത്തിലോ ആയുധബലത്തിലോ അല്ലല്ലോ വിജയം. ആരെല്ലാം ഒന്നിച്ചാലും അല്ലാഹുവിന്റെ സംഘത്തെ പരാജയപ്പെടുത്താന്‍ അല്ലാഹുവിന്റെ അനുവാദമില്ലാതെ നടക്കില്ല. അതിനാല്‍ ധൈര്യമായി നാം മുന്നോട്ട് വരിക. യഥാര്‍ഥത്തില്‍ ഈമാന്‍ മനസ്സില്‍ ദൃഢമായവര്‍ക്ക് അല്ലാഹുവിന്റെ ദീനിന് വേണ്ടി യുദ്ധം ചെയ്യുന്നതിന് എതിര്‍കക്ഷിയുടെ അംഗബലമോ ആയുധബലമോ ഒന്നും ഭീതിപ്പെടുത്തുന്നതായില്ല.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 26

മൂസാ നബി (അ) - 26

മൂസാനബി(അ)യുടെ മരണം

മൂസാനബി(അ)യെ ജനങ്ങള്‍ ഉപദ്രവിച്ചത്

മൂസാ നബി(അ)യെ തന്റെ സമൂഹം നിരന്തരം ദ്രോഹിച്ചിരുന്നു. മാനസികമായി അദ്ദേഹത്തെ അവര്‍ വളരെ പ്രയാസപ്പെടുത്തിയിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രവാചകത്വത്തില്‍ വിശ്വസിക്കാത്തവരാണ് ഏറെ പീഡിപ്പിച്ചിരുന്നത്. എന്നാല്‍ തന്റെ കൂടെ കൂടിയവരില്‍ നിന്നും കുത്തുവാക്കുകളും പരിഹാസങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അതിനെ സംബന്ധിച്ച് ക്വുര്‍ആന്‍ സൂചന നല്‍കുന്നത് കാണുക:

”സത്യവിശ്വാസികളേ, നിങ്ങള്‍ മൂസാനബിയെ ശല്യപ്പെടുത്തിയവരെപ്പോലെയാകരുത്. എന്നിട്ട് അല്ലാഹു അവര്‍ പറഞ്ഞതില്‍ നിന്ന് അദ്ദേഹത്തെ മുക്തനാക്കുകയും ചെയ്തു അദ്ദേഹം അല്ലാഹുവിന്റെ അടുക്കല്‍ ഉത്കൃഷ്ടനായിരിക്കുന്നു” (ക്വുര്‍ആന്‍ 33:69).

‘നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്‌തോ, ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണ,്’ ‘ഞങ്ങള്‍ക്ക് ഒരേ പോലുള്ള ഭക്ഷണം പോരാ, വ്യത്യസ്തത വേണം,’ ‘അല്ലാഹുവിനെ പരസ്യമായി കാണാതെ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കില്ല’ എന്നൊക്കെ പറഞ്ഞ് അവര്‍ മൂസാ നബി(അ)യെ പ്രയാസപ്പെടുത്തിയിട്ടുണ്ട്. അതൊക്കെ നാം മുമ്പ് വിവരിച്ചതാണ്. ഏതായിരുന്നാലും എങ്ങനെയെല്ലാം അവര്‍ ദ്രോഹിച്ചുവോ, അതില്‍ നിന്നെല്ലാം അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തിയിരിക്കുന്നു എന്നാണ് ക്വുര്‍ആന്‍ പറഞ്ഞിരിക്കുന്നത്. അതിന് പുറമെ മറ്റൊരു ഉപദ്രവത്തെ പറ്റി നബിﷺ നമുക്ക് വിവരിച്ച് തന്നിട്ടുണ്ട്.

ബനൂഇസ്‌റാഈല്യര്‍ നഗ്‌നത പ്രകടമാക്കി, പരസ്പരം നോക്കിക്കൊണ്ടായിരുന്നു കുളിച്ചിരുന്നത്. എന്നാല്‍ മൂസാ(അ) അങ്ങനെയായിരുന്നില്ല. അദ്ദേഹം ലജ്ജയുള്ള ആളായിരുന്നു. നബിﷺ അദ്ദേഹത്തെ അവര്‍ ഉപദ്രവിച്ചതിനെ സംബന്ധിച്ച് പറയുന്നത് കാണുക:

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ റസൂല്‍ﷺ പറഞ്ഞു: ‘തീര്‍ച്ചയായും മൂസാ ലജ്ജയുള്ളവനും (നഗ്‌നത മുഴുവനും) മറയ്ക്കുന്നവനുമായിരുന്നു. അദ്ദേഹത്തിന്റെ ലജ്ജ കാരണം തൊലിയില്‍ നിന്നും യാതൊന്നും കാണപ്പെടുമായിരുന്നില്ല. അങ്ങനെ ബനൂ ഇസ്‌റാഈല്യരില്‍ നിന്ന് അദ്ദേഹത്തെ ഉപദ്രവിക്കുന്നവര്‍ അദ്ദേഹത്തെ ഉപദ്രവിച്ചു. എന്നിട്ട് അവര്‍ പറഞ്ഞു: ‘മൂസാ ഇങ്ങനെ മറച്ചുവെക്കുന്നത്, അവന്റെ തൊലിയില്‍ പാണ്ടുപോലുള്ള ന്യൂനത നിമിത്തമോ അല്ലെങ്കില്‍ അദ്ദേഹത്തിന് വൃഷണവീക്കം ഉള്ളത് കൊണ്ടോ അല്ലെങ്കില്‍ അദ്ദേഹത്തിന് വേറെന്തോ ഒരു കുഴപ്പം ഉള്ളത് കൊണ്ടോ ആണ്.” (അത് ആളുകള്‍ കാണാതിരിക്കാനാണ് മൂസാ(അ) മറ സ്വീകരിച്ച് കുളിക്കുന്നത് എന്നായിരുന്നു അവര്‍ പറഞ്ഞത്).

ഏതായിരുന്നാലും, മൂസാനബി(അ)യെ കുറിച്ച് അവര്‍ നടത്തിയ ആരോപണത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തുവാന്‍ അല്ലാഹു ഉദ്ദേശിച്ചു.

”മൂസായെ പറ്റി അവര്‍ പറയുന്നതില്‍ നിന്നും അല്ലാഹു അദ്ദേഹത്തെ മുക്തനാക്കുവാന്‍ ഉദ്ദേശിച്ചു. അങ്ങനെ അദ്ദേഹം ഒരു ദിവസം ഒറ്റക്കായിരുന്നു. അങ്ങനെ തന്റെ വസ്ത്രം ഒരു കല്ലില്‍ വെച്ചു. പിന്നീട് കുളിച്ചു. കുളി കഴിഞ്ഞപ്പോള്‍ വസ്ത്രം എടുക്കാനായി മുന്നോട്ടു വന്നു. (അപ്പോള്‍ ആ) കല്ല് അദ്ദേഹത്തിന്റെ വസ്ത്രവുമായി ഓടി. അപ്പോള്‍ മൂസാ(അ) തന്റെ വടിയുമായി കല്ലിന് പിറകെ പുറപ്പെട്ടു. എന്നിട്ട് ‘കല്ലേ എന്റെ വസ്ത്രം, കല്ലേ എന്റെ വസ്ത്രം’ എന്ന് വിളിച്ച് പറയുകയും ചെയ്തു. അങ്ങനെ അദ്ദേഹം ബനൂ ഇസ്‌റാഈല്യരിലെ പ്രമാണിമാരിലേക്ക് എത്തുന്നത് വരെ പോയി.”

”അങ്ങനെ അവര്‍ അദ്ദേഹത്തെ അല്ലാഹു ഏറ്റവും നല്ല രൂപത്തില്‍ സൃഷ്ടിച്ചതായി, നഗ്‌നാവസ്ഥയില്‍ കാണുകയുണ്ടായി. അവര്‍ പറയുന്നതില്‍ നിന്നും അല്ലാഹു അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു. കല്ല് നില്‍ക്കുകയും തന്റെ വസ്ത്രം എടുക്കുകയും അത് ധരിക്കുകയും ചെയ്തു. എന്നിട്ട് തന്റെ വടികൊണ്ട് ആ കല്ലിനെ ശക്തിയായി അടിച്ചു. അല്ലാഹുവാണ് സത്യം, അദ്ദേഹത്തിന്റെ അടികൊണ്ട് ആ കല്ലില്‍ ആറോ ഏഴോ അടയാളങ്ങള്‍ ഉണ്ടായി.

അതാണ് അല്ലാഹു (സൂറത്തുല്‍ അഹ്‌സാബ് 69ല്‍) പറഞ്ഞത്: ‘സത്യവിശ്വാസികളേ, നിങ്ങള്‍ മൂസാനബിയെ ശല്യപ്പെടുത്തിയവരെപ്പോലെയാകരുത്. എന്നിട്ട് അല്ലാഹു അവര്‍ പറഞ്ഞതില്‍ നിന്ന് അദ്ദേഹത്തെ മുക്തനാക്കുകയും ചെയ്തു. അദ്ദേഹം അല്ലാഹുവിന്റെ അടുക്കല്‍ ഉത്കൃഷ്ടനായിരിക്കുന്നു” (ബുഖാരി).

നബിﷺയെ ജനങ്ങള്‍ ഏതെങ്കിലും രൂപത്തില്‍ വിഷമിപ്പിക്കുമ്പോഴെല്ലാം മൂസാ നബി(അ)യെ അദ്ദേഹത്തിന്റെ ജനത വിഷമിപ്പിച്ചത് എടുത്തു പറയാറുണ്ടായിരുന്നു എന്ന് നമുക്ക് ഹദീഥുകളില്‍ കാണാം. ഒരു സംഭവം കാണുക:

ഇബ്‌നു മസ്ഊദ്(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ”റസൂല്‍ﷺ ഒരു സമ്പത്ത് വീതിക്കുകയായിരുന്നു. അപ്പോള്‍ അന്‍സ്വാറുകളില്‍ ഒരാള്‍ പറഞ്ഞു: ‘അല്ലാഹുവാണ് സത്യം! മുഹമ്മദ് ഇതുകൊണ്ട് അല്ലാഹുവിന്റെ മുഖം ഉദ്ദേശിക്കുന്നില്ല.’ അപ്പോള്‍ ഞാന്‍ റസൂല്‍ﷺയുടെ അടുത്തു ചെന്നു. എന്നിട്ട് ഞാന്‍ അത് നബിയെ അറിയിച്ചു. അപ്പോള്‍ നബിﷺയുടെ മുഖം വിവര്‍ണമായി. നബിﷺ പറയുകയും ചെയ്തു: ‘അല്ലാഹു മൂസാ(അ)ന് കരുണ ചൊരിയട്ടെ. ഇതിലേറെ എത്ര (കാരണങ്ങള്‍)കൊണ്ട് അദ്ദേഹം ദ്രോഹിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം ക്ഷമിക്കുകയുണ്ടായി” (ബുഖാരി).

വാനാരോഹണ യാത്രയില്‍ നബിﷺ കണ്ടുമുട്ടിയത്

നാം ഇന്ന് അഞ്ച് നേരം നമസ്‌കരിക്കുന്നത്, അഞ്ചായി ചുരുക്കപ്പെട്ടതില്‍ അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം മൂസാനബി(അ)ക്കും പങ്കുണ്ട്. നബിﷺയുടെ ജീവിതത്തില്‍ ഉണ്ടായ അത്ഭുതമായിരുന്നു ഇസ്‌റാഅ്, മിഅ്‌റാജ് യാത്ര. വാനലോകത്തിലൂടെയുണ്ടായ ‘മിഅ്‌റാജ്’ യാത്രയില്‍ വെച്ച് അല്ലാഹു ഈ സമുദായത്തിന് അമ്പത് നേരത്തെ നമസ്‌കാരം നിര്‍ബന്ധമാക്കുകയുണ്ടായി.

ആ സംഭവവുമായി ബന്ധപ്പെട്ട ഹദീഥിന്റെ ഭാഗം കാണുക:

”…അങ്ങനെ അല്ലാഹു എന്റെ ഉമ്മത്തിന് അമ്പത് നേരത്തെ നമസ്‌കാരം നിര്‍ബന്ധമാക്കി. അങ്ങനെ അതുമായി ഞാന്‍ മടങ്ങി. ഞാന്‍ മൂസായുടെ അരികിലൂടെ നടക്കുമ്പോള്‍ അദ്ദേഹം ചോദിച്ചു: ‘എന്താണ് അല്ലാഹു താങ്കളുടെ ഉമ്മത്തിന് നിര്‍ബന്ധമാക്കിയത്?’ ഞാന്‍ പറഞ്ഞു: ‘അമ്പത് നേരത്തെ നമസ്‌കാരം.’ അദ്ദേഹം പറഞ്ഞു: ‘നീ നിന്റെ റബ്ബിലേക്ക് മടങ്ങുക, (കാരണം) തീര്‍ച്ചയായും നിന്റെ സമുദായത്തിന്അത് സാധ്യമല്ല.’ അങ്ങനെ ഞാന്‍ മടങ്ങി. അങ്ങനെ അത് പകുതിയാക്കി നിശ്ചയിച്ചു. അങ്ങനെ ഞാന്‍ മൂസായിലേക്ക് മടങ്ങി. ഞാന്‍ പറഞ്ഞു: ‘അത് പകുതിയാക്കിയിരിക്കുന്നു.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘നീ നിന്റെ രക്ഷിതാവിലേക്ക് മടങ്ങുക. തീര്‍ച്ചയായും നിന്റെ ഉമ്മത്തിന് അത് സാധ്യമല്ല.’ അങ്ങനെ ഞാന്‍ മടങ്ങി.എന്നിട്ട് അല്ലാഹു പറഞ്ഞു: ‘അത് അഞ്ചാകുന്നു. അത്(പ്രതിഫലത്തില്‍) അമ്പതാകുന്നു. (ഇനി) എന്റെ അടുക്കല്‍ വാക്ക് മാറ്റപ്പെടുന്നതല്ല.’ അങ്ങനെ ഞാന്‍ മൂസായിലേക്ക് മടങ്ങി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘നീ നിന്റെ രക്ഷിതാവിലേക്ക് മടങ്ങുക.’ അപ്പോള്‍ ഞാന്‍ പറഞ്ഞു: എന്റെ രക്ഷിതാവില്‍ നിന്ന് ഞാന്‍ ലജ്ജിക്കുന്നു” (ബുഖാരി).

അഞ്ച് നേരത്തെ നമസ്‌കാരത്തിന് അമ്പത് നേരത്തെ നമസ്‌കാരത്തിന്റെ പ്രതിഫലമാക്കി അല്ലാഹു നമ്മോട് കാരുണ്യം കാണിച്ചതില്‍ മൂസാനബി(അ)യുടെ പ്രത്യേകമായ ഇടപെടല്‍ നാം കാണുകയുണ്ടായി.

അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുവാനായി ഈ സംഭവം തെളിവായി ചിലര്‍ ദുര്‍വ്യാഖ്യാനിക്കാറുണ്ട്. മരണപ്പെട്ട മൂസാനബി(അ)യോട് മുഹമ്മദ് നബിﷺ സഹായം തേടി എന്നും മൂസാ(അ) നബിﷺയെ സഹായിച്ചു എന്നും അതിനാല്‍ നമുക്കും പ്രയാസത്തിന്റെ സമയത്ത് മരണപ്പെട്ട മഹാത്മാക്കളോട് തേടാം എന്നും ഇവര്‍ ജല്‍പിക്കുന്നു. വാസ്തവത്തില്‍ ഇവിടെ എന്ത് പ്രാര്‍ഥനയാണ് ഉണ്ടായത്? അല്ലെങ്കില്‍ പ്രാര്‍ഥനയുടെ പരിധിയില്‍ വരുന്ന എന്ത് സഹായ തേട്ടമാണ് ഇവിടെ ഉണ്ടായത്? ജീവനോടെ തന്റെ മുന്നില്‍ കണ്ട മൂസാ നബി(അ)യോട് നബിﷺ സംസാരിച്ചു എന്നല്ലേ ഇവിടെയുള്ളൂ. അതല്ലാതെ കേള്‍വിയുടെയും അറിവിന്റെയും പരിധിക്കപ്പുറത്തുള്ള മൂസാനബി(അ)യെ വിളിച്ച് ‘മൂസാ നബിയേ, അല്ലാഹു ഇതാ എന്റെ ഉമ്മത്തിന് അമ്പത് നേരത്തെ നമസ്‌കാരം നിര്‍ബന്ധമാക്കിയിരിക്കുന്നു. അത് ലഘൂകരിച്ച് കിട്ടാനായി അങ്ങ് എന്നെ സഹായിക്കണേ’ എന്ന് നബിﷺ തേടിയിട്ടില്ലല്ലോ. ഈ സംഭവത്തെ മരണപ്പെട്ടവരെ വിളിക്കാന്‍ തെളിവാക്കുന്നവരുടെ തെളിവില്ലായ്മയാണ് നമുക്ക് മനസ്സിലാക്കിത്തരുന്നത്. 

മൂസാനബി(അ)യുടെ വഫാത്ത്

നബിﷺ, മൂസാ(അ)യുടെ വഫാത്തുമായി ബന്ധപ്പെട്ട ഒരു സംഭവം നമുക്ക് വിവരിച്ചു തന്നിട്ടുണ്ട്. ഇസ്‌ലാമിന്റെ ശത്രുക്കളും ഹദീഥുകളെ പരിഹസിക്കുന്നവരും നിഷേധിക്കുന്നവരും ഇമാം ബുഖാരിയെ ആക്ഷേപിക്കുന്നവരും പൊക്കിപ്പിടിക്കുന്ന ഒരു സംഭവമാണ് അത്.

മൂസാ(അ)യുടെ പ്രായമൊന്നും ക്വുര്‍ആനോ സുന്നത്തോ നമുക്ക് അറിയിച്ച് തന്നിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തോടനുബന്ധിച്ചുണ്ടായ അത്ഭുതകരമായ ഒരു സംഭവം ഹദീഥുകളില്‍ വന്നിട്ടുണ്ട്. സംഭവം ഇങ്ങനെ:

മൂസാ(അ)യുടെ അടുക്കല്‍ മലക്കുല്‍ മൗത്ത് വന്നപ്പോള്‍ അദ്ദേഹത്തിനത് മനസ്സിലായില്ല. ശത്രുക്കളില്‍ നിന്നും കൂടെയുള്ളവരില്‍ നിന്നുമെല്ലാം പലരൂപത്തിലുള്ള വിഷമതകളും അനുഭവിച്ചു കൊണ്ടിരിക്കുന്ന വ്യക്തിത്വമായിരുന്നല്ലോ അദ്ദേഹം. അങ്ങനെയുള്ള ഒരു സന്ദര്‍ഭത്തില്‍, മൂസാ(അ) തന്റെ വീട്ടില്‍ കതകടച്ച് തനിച്ചിരിക്കുമ്പോഴാണ് മലക്കുല്‍മൗത്ത് അദ്ദേഹത്തിന്റെ അടുത്ത് വരുന്നത്. വന്നതാകട്ടെ, മനുഷ്യരൂപത്തിലും. അദ്ദേഹം എങ്ങനെയാണ് തന്റെ വീട്ടില്‍ കയറിയതെന്ന് അദ്ദേഹത്തിന് മനസ്സിലായില്ല. 

എന്നിട്ട് (മലക്ക്) അദ്ദേഹത്തോട് പറഞ്ഞു: ”താങ്കളുടെ രക്ഷിതാവിന് ഉത്തരം നല്‍കുവിന്‍.”

ഞാന്‍ നിന്റെ ആത്മാവിനെ പിടിക്കാനാണ് വന്നിരിക്കുന്നത്. അല്ലാഹുവിലേക്ക് മടങ്ങാന്‍ തയ്യാറായിക്കൊള്ളുക എന്നെല്ലാമാണ് ആഗതന്‍ പറയുന്നത്. അനുവാദം കൂടാതെ ആരെങ്കിലും തന്റെ വീട്ടില്‍ കയറിവരികയും ഭീഷണിപ്പെടുത്തുകയും ചെയ്യുമ്പോള്‍ ആരും പേടിക്കുമല്ലോ. മൂസാ(അ)ന് മറഞ്ഞ കാര്യങ്ങളൊന്നും അറിയില്ലാത്തതിനാല്‍ വന്നത് മലക്കാണെന്ന് അദ്ദേഹത്തിന് മനസ്സിലായതുമില്ല. ഇസ്ലാമിക ഭരണമുള്ള ഒരു നാട്ടില്‍, അനുവാദം കൂടാതെ വീട്ടില്‍ ഒരാള്‍ കയറുകയും എന്നിട്ട് ഭീഷണി മുഴക്കുകയും ചെയ്യുമ്പോള്‍ അയാളെ വീട്ടുടമ വല്ലതും ചെയ്താല്‍ അതിനെതിരില്‍ ഭരണാധികാരിക്ക് പ്രതികാരം ചെയ്യാന്‍ അനുവാദമില്ലെന്നാണ് ഇസ്‌ലാമിക നിയമം.

ഏതായിരുന്നാലും മൂസാ(അ)യുടെ അടുക്കലേക്ക് അല്ലാഹു മലക്കിനെ മനുഷ്യരൂപത്തില്‍, ഒരു പരീക്ഷണമെന്നോണം അയച്ചു. മൂസാ(അ)നെ അപ്പോള്‍ മരിപ്പിക്കണമെന്നത് അല്ലാഹു ഉദ്ദേശിച്ചിട്ടില്ല. മലക്ക് വന്നു. തന്റെ വീട്ടില്‍ തനിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ കൊലവിളി നടത്തി ഒരാള്‍ വന്നാല്‍ കഴിയും വിധം ആരും തടയുമല്ലോ.  മൂസാനബി(അ)യുടെ അടുക്കലേക്ക് മനുഷ്യ രൂപത്തില്‍ മലക്ക് വന്നപ്പോള്‍ അത് തന്നെ സംഭവിച്ചു. 

നബിﷺ പറഞ്ഞു: ”അപ്പോള്‍ മൂസാ(അ) മലക്കുല്‍ മൗത്തിന്റെ കണ്ണിന് ഒരു അടി വെച്ചുകൊടുത്തു. അങ്ങനെ അത് പൊട്ടി.”

മലക്കുല്‍ മൗത്തിന്റെ കണ്ണ് പൊട്ടി എന്നതിന്റെ ഉദ്ദേശ്യം, വന്ന ആ മനുഷ്യരൂപത്തിന്റെ കണ്ണ് പൊട്ടി എന്നാണ്. എന്നിട്ട് മലക്കുല്‍ മൗത്ത് അല്ലാഹുവിലേക്ക് മടങ്ങി. 

നബിﷺ പറഞ്ഞു: ”അങ്ങനെ മലക്ക് അല്ലാഹുവിലേക്ക് മടങ്ങി. എന്നിട്ട് പറഞ്ഞു: ‘മരണം ഉദ്ദേശിച്ചിട്ടില്ലാത്ത നിന്റെ ഒരു ദാസനിലേക്ക് എന്നെ നീ അയച്ചല്ലോ. നിശ്ചയമായും അദ്ദേഹം എന്റെ കണ്ണ് പൊട്ടിച്ചിരിക്കുന്നു.” 

നബിﷺ പറഞ്ഞു: ”അല്ലാഹു അദ്ദേഹത്തിന് അദ്ദേഹത്തിന്റെ കണ്ണ് തിരികെ നല്‍കി.”

മരണത്തെ ഉദ്ദേശിച്ചാണ് അല്ലാഹു മലക്കിനെ അയച്ചതെങ്കില്‍ മലക്കിനെ അല്ലാഹു തനതായ രൂപത്തില്‍ അയക്കുമായിരുന്നു. അപ്പോള്‍ മൂസാ നബി(അ)ക്ക് അത് മനസ്സിലാകുകയും ചെയ്യുമായിരുന്നു. മാത്രവുമല്ല, അല്ലാഹു പ്രവാചകന്മാരെ മരിപ്പിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ അവര്‍ക്ക് തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കും എന്ന് നബിﷺ പറഞ്ഞിട്ടുമുണ്ട്.

നബിﷺ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: ”നിശ്ചയമായും ഒരു നബിയും മരണപ്പെടുകയില്ല. അവരോട് ഇഹലോകമാണോ പരലോകമാണോ തെരഞ്ഞെടുക്കുന്നത് എന്ന് അനുവാദം ചോദിക്കപ്പെടുന്നത് വരെ.” (ബുഖാരി).

എന്നാല്‍ ഒരു മനുഷ്യന്റെ രൂപത്തില്‍ അക്രമസ്വഭാവത്തില്‍ ചെല്ലുമ്പോള്‍ സ്വാഭാവികമായും ഒരു മനുഷ്യന്‍ പ്രതികരിക്കുന്ന ഒരു പ്രതികരണം മാത്രമായിരുന്നു അത്.

നബിﷺ വിവരിക്കുന്നു: ”അല്ലാഹു പറഞ്ഞു: ‘നീ എന്റെ അടിമയിലേക്ക് മടങ്ങുക. എന്നിട്ട് ചോദിക്കുക: നീ ഐഹിക ജീവിതം ഉദ്ദേശിക്കുന്നുവോ? തീര്‍ച്ചയായും നീ ഐഹിക ജീവിതത്തെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഒരു കാളയുടെ പുറത്ത് താങ്കളുടെ കൈ വെക്കുക. എന്നിട്ട് താങ്കളുടെ കൈ വെക്കുന്ന സ്ഥലങ്ങളില്‍ എത്ര രോമങ്ങളുണ്ടോ, അതിനനുസരിച്ച് ഓരോ രോമത്തിനും ഓരോ വര്‍ഷം എന്ന തോതില്‍ ആയുസ്സ് വര്‍ധിപ്പിച്ചു തരുന്നതാണ്.”

ജീവിക്കാനുള്ള കൊതികൊണ്ടല്ല മൂസാ(അ) മലക്കിനെ അടിച്ചതെന്ന് ഈ ഭാഗം നമുക്ക് വ്യക്തമാക്കി ത്തരുന്നുണ്ട്. കാരണം, ജീവിതമാണോ മരണമാണോ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ മൂസാ(അ) നേരത്തെ പ്രതികരിച്ചത് പോലെ പ്രതികരിച്ചിട്ടില്ല. മലക്കിനോട് അല്ലാഹു ചോദിക്കാന്‍ പറഞ്ഞത് പ്രകാരം മലക്ക് ചോദിച്ചു. ജീവിക്കാന്‍ കൊതിയുള്ള ആളായിരുന്നെങ്കില്‍ നല്ല രോമങ്ങളുള്ള കാളയെ ആണല്ലോ അദ്ദേഹം തിരയുക. എന്നാല്‍ മൂസാ(അ) അദ്ദേഹത്തോട് ചോദിക്കുകയാണ്:

”പിന്നെ എന്താണ് സംഭവിക്കുക?”

മലക്ക് പറഞ്ഞു: ”പിന്നീട് നിങ്ങള്‍ മരിക്കുന്നതാണ്.”

അദ്ദേഹം പറഞ്ഞു: ”എന്നാല്‍ ഇപ്പോള്‍ തന്നെ, ഏറ്റവും അടുത്ത സമയം തന്നെ.”

തുടര്‍ന്ന് അദ്ദേഹം ഇപ്രകാരം പ്രാര്‍ഥിച്ചു: ”എന്റെ രക്ഷിതാവേ, ഈ പരിശുദ്ധ ഭൂമിയില്‍ നിന്ന് എന്നെ നീ മരിപ്പിക്കേണമേ.”

ഈ സംഭവം ഇമാം ബുഖാരിയുടെ സ്വഹീഹില്‍ നമുക്ക് കാണാവുന്നതാണ്. തല്‍പര കക്ഷികള്‍ പ്രചരിപ്പിക്കും പ്രകാരം അവിശ്വസനീയമായതോ, ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതോ ആയ യാതൊന്നും ഇവിടെ സംഭവിച്ചിട്ടുമില്ല. ഉണ്ടെങ്കില്‍ തന്നെയും വഹ്‌യിന്റെ മീതെ സ്വന്തം ബുദ്ധിക്ക് സ്ഥാനമില്ല.

മൂസാനബി(അ)യുടെ പ്രാര്‍ഥനയുടെ ഫലമായി അല്ലാഹു അദ്ദേഹത്തെ വഫാത്താക്കുകയും ചെയ്തു. എവിടെയാണ് അദ്ദേഹത്തിന്റെ ക്വബ്ര്‍ സ്ഥിതി ചെയ്യുന്നത് എന്ന് നമുക്ക് അറിയാന്‍ സാധിച്ചിട്ടില്ല. മൂസാ(അ) ക്വബ്‌റില്‍ വെച്ച് നമസ്‌കരിക്കുന്നതായി നബിﷺ ഇസ്‌റാഅ്-മിഅ്‌റാജ് യാത്രയില്‍ കണ്ടിട്ടുണ്ടെന്ന് ഹദീഥില്‍ വന്നിട്ടുണ്ടല്ലോ.

പ്രവാചകന്മാരുടെ ക്വബ്‌റായി ഇന്ന് അറിയപ്പെട്ടിടത്തോളം മദീനയിലുള്ള മുഹമ്മദ് നബിﷺയുടെ ക്വബ്‌റിന്റെ സ്ഥാനം മാത്രമെ നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കൂ.

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 25

മൂസാ നബി (അ) - 25

ആരാണ് ഖദ്വിര്‍(അ)?

ഖദ്വിര്‍(അ)നെ പറ്റി പണ്ഡിതന്മാര്‍ നടത്തിയ ചില ചര്‍ച്ചകളും സമൂഹത്തില്‍ അദ്ദേഹത്തെക്കുറിച്ച് നിലവിലുള്ള ചില തെറ്റായ വിശ്വാസത്തെയും കുറിച്ചാണ് ഇനി വിവരിക്കാന്‍ പോകുന്നത്. 

എന്ത്‌കൊണ്ട് ‘ഖദ്വിര്‍’ എന്ന നാമം?

‘ഖദ്വിര്‍’ എന്ന പദത്തിന് ‘പച്ച’ എന്ന് അര്‍ഥമുണ്ട്. എന്താണ് അദ്ദേഹത്തിന് അപ്രകാരം ഒരു നാമം വിളിക്കപ്പെടാന്‍ കാരണം എന്ന് ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീഥില്‍ വന്നിട്ടുണ്ട്.

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ”നിശ്ചയമായും അദ്ദേഹം ഖദ്വിര്‍ എന്ന് വിളിക്കപ്പെട്ടത്, അദ്ദേഹം ഉണങ്ങിയ പുല്ലിനരികില്‍ ഇരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പുറകില്‍ നിന്ന് അവയുടെ അടിഭാഗത്തുനിന്ന് പച്ച വര്‍ണത്തില്‍ ഉയര്‍ന്നുവന്നു (എന്നതിനാലാണ്).”

ഖദ്വിര്‍(അ)ന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു അത്ഭുതമായിരുന്നു അത്.

നബിയോ വലിയ്യോ?

ഖദ്വിര്‍(അ) നബിയാണോ, അതല്ല അല്ലാഹുവിലേക്ക് അടുപ്പം കിട്ടിയ വലിയ്യാണോ എന്ന ചര്‍ച്ച പണ്ഡിതന്മാര്‍ക്കിടയില്‍ നടന്നിട്ടുണ്ടെന്ന് നാം മുമ്പ് പറഞ്ഞിരുന്നുവല്ലോ. പണ്ഡിതന്മാരില്‍ ഭൂരിപക്ഷവും അദ്ദേഹം ഒരു പ്രവാചകനും (നബി) ദൂതനുമാണ് (റസൂല്‍) എന്ന അഭിപ്രായക്കാരാകുന്നു. മൂസാ(അ)-ഖദ്വിര്‍(അ) സംഭവത്തിലെ പല സന്ദര്‍ഭങ്ങളും അതിന് തെളിവായി അവര്‍ സ്വീകരിച്ചിട്ടുമുണ്ട്.

മൂന്ന് സംഭവങ്ങളുടെയും വ്യാഖ്യാനം നല്‍കിയതിന് ശേഷം ഖദ്വിര്‍(അ) പറഞ്ഞത് ”അതൊന്നും എന്റെ അഭിപ്രായ പ്രകാരമല്ല ഞാന്‍ ചെയ്തത്” എന്നായിരുന്നു എന്ന് നാം മനസ്സിലാക്കിയതാണല്ലോ. ഈ പ്രയോഗം തന്നെ അദ്ദേഹം പ്രവാചകനാണെന്നതിന് മതിയായ തെളിവാണെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്.

അല്ലാഹു മൂസാനബി(അ)യോട് താങ്കളെക്കാള്‍ അറിവുള്ള ഒരാള്‍ ഉണ്ട് എന്ന് പറഞ്ഞതിന് ശേഷം അദ്ദേഹത്തെയും തേടിയാണല്ലോ മൂസാ(അ) യാത്രയായത്. പിന്നീട് അദ്ദേഹത്തെ കണ്ട സന്ദര്‍ഭത്തെക്കുറിച്ച് അല്ലാഹു പറഞ്ഞത് ഇപ്രകാരമായിരുന്നു: 

”അപ്പോള്‍ അവര്‍ രണ്ടുപേരും നമ്മുടെ ദാസന്മാരില്‍ ഒരാളെ കണ്ടെത്തി. അദ്ദേഹത്തിന് നാം നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം(റഹ്മത്ത്) നല്‍കുകയും നമ്മുടെ പക്കല്‍നിന്നുള്ള ജ്ഞാനം നാം അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്” (ക്വുര്‍ആന്‍ 18:65).

ഒരു പ്രവാചകനെക്കാള്‍ കൂടുതല്‍ അറിവുള്ളവരായി പ്രവാചകന്മാരല്ലാതെ വേറൊരാള്‍ ഉണ്ടായിരിക്കാന്‍ സാധ്യതയില്ലല്ലോ. അപ്പോള്‍ മൂസാനബി(അ)യെക്കാള്‍ അറിവുള്ള ഒരാള്‍ ഉണ്ട് എന്ന്പറയുമ്പോള്‍ അതിനര്‍ഥം ഖദ്വിര്‍(അ) പ്രവാചകനാണ് എന്നായിരിക്കും. അതുപോലെ തന്നെ പ്രവാചകനെക്കാള്‍ സ്ഥാനമുള്ള ഒരു വലിയ്യും ഉണ്ടായിരിക്കില്ലല്ലോ. ഇതെല്ലാം ഖദ്വിര്‍(അ) പ്രവാചകന്‍ തന്നെയാണെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ സൂക്തത്തിലെ ‘റഹ്മത്ത്’ എന്ന പദത്തിന്റെ ഉദ്ദേശം വഹ്‌യ് (ദിവ്യബോധനം) ആണെന്നും പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്.  സന്ദര്‍ഭങ്ങളും തെളിവുകളും അദ്ദേഹം നബിയായിരുന്നു എന്നതിലേക്ക് തന്നെയാണ് വെളിച്ചം തരുന്നത്.

എന്നാല്‍ പ്രവാചകനല്ല എന്ന അഭിപ്രായവും പണ്ഡിതന്മാര്‍ക്കിടയില്‍ ഉണ്ട് എന്നതും നാം മറന്ന് പോകരുത്. 

ഖദ്വിര്‍(അ)നെ ഒരു വലിയ്യായിട്ട് കാണുകയും അങ്ങനെത്തന്നെയാകണം എന്ന് വാശി കാണിക്കുകയും ചെയ്യന്നവരുണ്ട്. അവര്‍ക്ക് അതിന് പിന്നില്‍ ചില ദുരുദ്ദേശങ്ങളും ഉണ്ട്. ദുരുദ്ദേശങ്ങളില്ലാതെയും വലിയ്യാണെന്ന് പറഞ്ഞവരുണ്ടെന്ന് നാം നേരത്തെ സൂചിപ്പിച്ചു. 

ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപനങ്ങളില്‍ നിന്നും തികച്ചും വേറിട്ട് പല വിശ്വാസങ്ങളും ലോകത്ത് പ്രചരിപ്പിക്കുന്ന പിഴച്ച കക്ഷികള്‍ ഉണ്ട്. പ്രവാചകന്മാരെക്കാള്‍ സ്ഥാനമുള്ള ഔലിയാഅ് ഉണ്ട് എന്നത് അത്തരക്കാര്‍ പ്രചരിപ്പിക്കുന്ന ഒരു അന്ധവിശ്വാസമാണ്. അവര്‍ പറയുന്നത് ‘ഔലിയാഅ് (അറിവിന്റെ) സാഗരത്തിലേക്ക് ഊളിയിട്ടപ്പോഴും അമ്പിയാഅ് സമുദ്രത്തിന്റെ തീരത്തിലായിരുന്നു’ എന്നാണ്. അല്ലാഹുവില്‍ നിന്നും നേരിട്ട് ചില പ്രത്യേക അറിവുകള്‍ ഇവര്‍ക്കെല്ലാം ലഭിക്കുന്നുണ്ടെന്നും അത് നബിമാര്‍ക്ക് കിട്ടിയിട്ടില്ലെന്നുമാണ് ചില പിഴച്ച കക്ഷികളുടെ വാദം. ഈ വാദം ഇസ്‌ലാമികമല്ലെന്ന് നാം ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്.

ഖാദിയാനികള്‍ ഈസാ(അ) മരണപ്പെട്ടു എന്ന് സ്ഥാപിക്കാന്‍ ക്വുര്‍ആന്‍ സൂക്തങ്ങള്‍ വളച്ചൊടിക്കുന്നത് നാം കണ്ടിട്ടുണ്ട്. അത് എന്തിന് വേണ്ടിയാണ്? ഈസാ(അ) മരിച്ചിട്ടില്ല എന്ന് വന്നാല്‍ മിര്‍സാ ഗുലാം നബിയായി വരുന്നതിനെ അവര്‍ക്ക് സ്ഥാപിക്കാന്‍ സാധിക്കില്ല. അതിനാല്‍ അവര്‍ക്ക് ഈസാ(അ) മരണപ്പെട്ടിരിക്കുന്നു എന്ന് സ്ഥാപിക്കേണ്ടതുണ്ട്. ഇതുപോലെ ഖദ്വിര്‍(അ) നബിയാണെന്ന് വിശ്വസിച്ചാല്‍ ചിലരുടെ ചില താല്‍പര്യങ്ങള്‍ നടക്കാതെ പോകും. അതിനാല്‍ അവര്‍ ഖദ്വിര്‍(അ) വലിയ്യാണന്നേ വിശ്വസിക്കൂ. നബിയാണെന്ന് സങ്കല്‍പിക്കാന്‍ പോലും അവര്‍ക്ക് കഴിയില്ല.  

അഹ്‌ലുസ്സുന്നഃ വല്‍ജമാഅഃയുടെ വിശ്വാസം പ്രവാചകന്മാരെക്കാള്‍ സ്ഥാനമുള്ള ഒരു വലിയ്യ് ഉണ്ടാകില്ല എന്നാണ്. എന്നാല്‍ നമ്മുടെ നാട്ടിലെ പല ത്വരീക്വത്തുകാരുടെയും വിശ്വാസം ഇതിനെതിരാണ്.  പ്രവാചകന്മാരെക്കാള്‍ വലിയ വലിയ്യ് ഉണ്ടാകുമോ? ഇബ്‌നു ഹജര്‍(റഹ്) പറയുന്നത് കാണുക:

”താങ്കളെക്കാള്‍ അറിവുള്ളവന്‍ എന്ന വാക്ക്, ഖദ്വിര്‍(അ) നബിയാണ്; അല്ല, നബിയും മുര്‍സലുമാണെന്നത് പ്രകടമാക്കുന്നു. അങ്ങനെയല്ലായിരുന്നുവെങ്കില്‍ ഏറ്റവും ഉയര്‍ന്ന ഒരു ആളെക്കാള്‍ വേറൊരാള്‍ക്ക് ഉന്നതന്‍ എന്ന ശ്രേഷ്ഠത കല്‍പിക്കല്‍ അനിവാര്യമാകുന്നു. അത് നിരര്‍ഥകമായ വാക്കാണല്ലോ” (ഫത്ഹുല്‍ബാരി).

”അദ്ദേഹം (ഖദ്വിര്‍) നബിയായിരിക്കുക എന്ന് വിശ്വസിക്കല്‍ അനിവാര്യമാക്കുന്നുണ്ട്. അങ്ങനെയല്ലെങ്കില്‍ ബാത്വിലിന്റെ കക്ഷികള്‍ അവരുടെ വാദത്തില്‍ കടിച്ച് തൂങ്ങും. (എന്താണ് അവരുടെ പിഴച്ച വാദം?) തീര്‍ച്ചയായും വലിയ്യ് നബിയെക്കാള്‍ ശ്രേഷ്ഠനാണ് (എന്നാകുന്നു). അത് ഒരിക്കലും അനുവദിച്ചുകൂടാ” (ഫത്ഹുല്‍ബാരി).

ഔലിയാഇന് വ്യത്യസ്ത പദവികള്‍ ഉണ്ടെന്നും അതില്‍ ഉയര്‍ന്ന പദവിയില്‍ എത്തിയവര്‍ ശരീഅത്തിന് എതിരായി വല്ലതും ചെയ്യുന്നത് കണ്ടാല്‍ അതിനെ നമുക്ക് ചോദ്യം ചെയ്യാന്‍ പാടില്ല എന്നുമൊക്കെയുള്ള പല വിതണ്ഡ വാദങ്ങളും ചില ത്വരീക്വത്തുകാര്‍ പ്രചരിപ്പിക്കുന്നുണ്ട്.  ഇതിന് തെളിവാക്കുന്നതോ ക്വുര്‍ആനിലെ മൂസാ(അ)-ഖദ്വിര്‍(അ) ചരിത്രവും! ഇവരുടെ വാദ പ്രകാരം ഖദ്വിര്‍(അ) വലിയ്യാണ്. ഖദ്വിര്‍(അ) ചെയ്ത കാര്യങ്ങളെക്കുറിച്ചൊന്നും ചോദിക്കരുത് എന്നായിരുന്നല്ലോ മൂസാനബി(അ)യോട് അദ്ദേഹം പറഞ്ഞിരുന്നത്. ത്വരീക്വത്തുകാര്‍ പറയുന്നത്; ഏറ്റവും ഉയര്‍ന്ന പദവിയില്‍ എത്തിയ ഒരു ശൈഖിനെ നാം കെണ്ടത്തുകയും അദ്ദേഹത്തിന്റെ ശിഷ്യനായി മാറുകയും ചെയ്താല്‍ പിന്നെ അദ്ദേഹത്തെ ചോദ്യം ചെയ്യാതെ, ജനാസ കുളിപ്പിക്കുന്നവന്റെ മുന്നില്‍ മയ്യിത്ത് എപ്രകാരം കിടന്ന് കൊടുക്കുമോ അങ്ങനെ നിന്ന് കൊടുക്കണം എന്നും ചോദ്യം ചെയ്യാതെ അദ്ദേഹത്തെ പിന്തുടരണം എന്നുമാണ്. എത്ര മാത്രം പിഴച്ച വിശ്വാസമാണിത്! അല്ലാഹു നമ്മെ ഇത്തരം കുഴപ്പങ്ങളില്‍ നിന്നും കാത്തു രക്ഷിക്കുമാറാകട്ടെ.

ഈ വിശ്വാസം ഉള്ളതിനാലാണ് ഇവിടെ നമസ്‌കരിക്കാത്ത വലിയ്യ് ഹറമില്‍ നമസ്‌കരിക്കുകയാണെന്നും റമദാനില്‍ ചായ കുടിക്കുന്ന വലിയ്യിനെ അല്ലാഹു കുടിപ്പിക്കുകയാണെന്നും കള്ള് കുടിക്കുന്ന വലിയ്യ് ശുദ്ധമായ തേനാണ് കുടിക്കുന്നത് എന്നുമൊക്കെ നിര്‍ലജ്ജം ജല്‍പിക്കുന്നത്.

കോഴിക്കോടിനടുത്തുള്ള സി.എം മടവൂര്‍ എന്ന ഇവരുടെ സങ്കല്‍പത്തിലെ വലിയ്യ് റമദാനില്‍ നോമ്പടുത്തവനെക്കൊണ്ട് നോമ്പ് മുറിപ്പിക്കുമായിരുന്നു. ഈയിടെ ഒരു മുസ്‌ല്യാര്‍ ഒരാളുടെ ചോദ്യത്തിന് നല്‍കിയ മറുപടി വിചിത്രമായിരുന്നു. ‘വലിയ്യ് മുറിപ്പിച്ച നോമ്പ് നോറ്റു വീട്ടേണ്ടതുണ്ടോ’ എന്നതായിരുന്നു ചോദ്യം. ‘നോറ്റുവീട്ടേണ്ടതില്ല’ എന്നായിരുന്നു മറുപടി.  ‘നോമ്പുകാരനായിരിക്കെ ഒരാള്‍ മറന്നുകൊണ്ട് ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താല്‍ അവന്‍ അത് പൂര്‍ത്തിയാക്കട്ടെ. കാരണം, അല്ലാഹുവാണ് അവനെ ഭക്ഷിപ്പിച്ചതും വെള്ളം കുടിപ്പിച്ചതും’ എന്ന് നബിﷺ പറഞ്ഞതാണ് ഇവര്‍ക്കുള്ള തെളിവ്. അപ്പോള്‍ അല്ലാഹു വെള്ളം കുടിപ്പിച്ചവന്‍ നോമ്പ് നോറ്റ് വീട്ടേണ്ടതില്ലല്ലോ. അതുപോലെ, വലിയ്യ് ചെയ്യുന്നത് അല്ലാഹുവിന്റെ കല്‍പന പ്രകാരമാണ്. അതിനാല്‍ ആ നോമ്പ് നോറ്റ് വീട്ടേണ്ടതില്ല!  എങ്ങനെയുണ്ട് തെളിവ് കണ്ടെത്തല്‍?!

ഈ പിഴച്ച വാദങ്ങള്‍ക്കെല്ലാം മൂസാ(അ)-ഖദ്വിര്‍(അ) സംഭവം തെളിവാക്കുന്നവര്‍ ക്വുര്‍ആനിലെ ചരിത്ര സംഭവങ്ങളെ അസ്ഥാനത്ത് ഉപയോഗിക്കുകയാണ് ചെയ്യുന്നത് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. 

ഇന്നും ജീവിച്ചിരിപ്പുണ്ടോ?

ഖദ്വിര്‍(അ) ആദംനബി(അ)യുടെ പുത്രനാണെന്നും ക്വിയാമത്ത് നാള്‍ വരെ ജീവിക്കുമെന്നും ഇവര്‍ വിശ്വസിക്കുന്നു. ദിക്‌റ്, സ്വലാത്ത് മജ്‌ലിസുകളില്‍ അദ്ദേഹം വരുന്നുണ്ടെന്നും ശൈഖ് ജീലാനിയുടെ കാലത്ത് അദ്ദേഹത്തിന്റെ അടുക്കല്‍ പത്തിരിയും പാലുമായി വന്നിട്ടുണ്ടെന്നും ഇരുവരും ഒന്നിച്ചിരുന്ന് അവ കഴിക്കുകയും കുടിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും ശൈഖ് ജീലാനി അദ്ദേഹത്തിന്റെ ശിഷ്യനായിട്ടുണ്ടെന്നുമെല്ലാം ഈ പിഴച്ച കക്ഷികള്‍ പ്രചരിപ്പിക്കുന്നു.

ഖദ്വിര്‍(അ) ഇന്നും ജീവിച്ചിരിപ്പുണ്ട് എന്ന് പറയുന്ന എല്ലാ ഹദീഥുകളും വ്യര്‍ഥമാണെന്നും സ്വീകാര്യയോഗ്യമായ പരമ്പരയോടെ ഒരു റിപ്പോര്‍ട്ടും വന്നിട്ടില്ലെന്നുമാണ് ഇതു സംബന്ധമായി പണ്ഡിതന്മാര്‍ വിവരിക്കുന്നത്. ഇബ്‌നു കഥീര്‍(റഹ്) പറയുന്നത് കാണുക:

”അദ്ദേഹം ഇന്നും ജീവിച്ചിരിപ്പുണ്ട് എന്ന് പറയുന്നവര്‍ അവലംബിക്കുന്ന ഈ റിപ്പോര്‍ട്ടുകളും കഥകളും എല്ലാ ഹദീഥുകളും അങ്ങേയറ്റം ദുര്‍ബലമകുന്നു. ഇതുപോലുള്ളതൊന്നും മതത്തില്‍ തെളിവാക്കാവതല്ല.”

ഇബ്‌നു കഥീര്‍(റഹ്) തന്റെ തഫ്‌സീറിലും ഈ വിഷയകമായി വന്നിട്ടുള്ള ഹദീഥുകളുടെ അസ്വീകാര്യത പറഞ്ഞിട്ടുണ്ട്. 

ഇബ്‌നു ഹജര്‍(റഹ്) പറയുന്നതും കാണുക: ”ഇല്യാസ്(അ) നബിﷺയുമായി സംഗമിച്ചിട്ടുണ്ടെന്ന് അനസ്(റ)വില്‍ നിന്ന് മക്ഹൂലി(റ)ന്റെ വഴിയിലൂടെ (ഉദ്ധരിച്ച്) ഇബ്‌നുഅബിദ്ദുന്‍യാ(റ) പറഞ്ഞിട്ടുണ്ട്. (അതില്‍ അനസ്(റ) പറയുന്നത്) ‘ഇല്‍യാസ്(അ) നബിﷺയുടെ കാലം വരെ അവശേഷിക്കുന്നത് സംഭവ്യമാണെങ്കില്‍ ഖദ്വിര്‍(അ) അവശേഷിക്കുന്നതും സംഭവ്യമാകുമല്ലോ.’ ഇതാണ് അദ്ദേഹം പറഞ്ഞതിന്റെചുരുക്കം. (ഇതിന്) അബുല്‍ ഖത്വാബ് ഇബ്‌നു ദഹ്‌യ മറുപടി നല്‍കി: ‘അതിലേക്ക് സൂചന നല്‍കുന്ന വഴികള്‍ ഒന്നും തന്നെ സ്വീകാര്യമായി വന്നിട്ടില്ല. (അതുപോലെ) ഖദ്വിര്‍(അ), അല്ലാഹു വിവരിച്ചു തന്നതുപോലെ മൂസാ(അ)ന്റെ കൂടെയല്ലാതെ ഏതെങ്കിലും പ്രവാചകന്മാരോടു കൂടെ സംഗമിച്ചു എന്നതും സ്ഥിരപ്പെട്ടതല്ല.’ ഇബ്‌നു ദഹ്‌യ പറയുന്നു: ‘അദ്ദേഹം (ഇന്നും) ജീവിച്ചിരിക്കുന്നു എന്ന് പറഞ്ഞ് വന്നിട്ടുള്ള റിപ്പോര്‍ട്ടുകളില്‍ ഒന്നു പോലും സ്വഹീഹായി വന്നിട്ടില്ല. അതില്‍ നിവേദകന്മാര്‍ ഏകോപിച്ചിരിക്കുന്നു.’ അത്തരം വാര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തവരെ പറ്റി അദ്ദേഹം സംസാരിച്ചിട്ടുണ്ട്. (എന്നാല്‍) അവരുടെ ന്യൂനതയെ പറ്റി അദ്ദേഹം സംസാരിച്ചിട്ടില്ല. ഒന്നുകില്‍ അദ്ദേഹത്തിന് അത് അറിയാത്തതിനാലോ (ആ റിപ്പോര്‍ട്ടര്‍മാരൊന്നും പ്രസിദ്ധരല്ലെന്നര്‍ഥം) അഹ്‌ലുല്‍ ഹദീഥിന്റെ അടുക്കല്‍ അവരെ സംബന്ധിച്ച് വ്യക്തമായി അറിയുന്നതിനാലോ ആകാം” (അസ്സഹ്‌റുന്നള്ര്‍ ഫീ ഹാലില്‍ ഖദ്വിര്‍).

ഖദ്വിര്‍(അ) ഇന്നും നമുക്കിടയില്‍ വരുന്നുണ്ട് എന്ന് വിശ്വസിക്കുന്ന പലരെയും കാണാം. ഹസ്തദാനം ചെയ്യുമ്പോള്‍ എല്ലുണ്ടോ എന്ന് അറിയാന്‍ വിരലില്‍ പിടിക്കുന്നവരുണ്ട്; എല്ലില്ലെങ്കില്‍ അത് ഖദ്വിര്‍(അ) ആണെന്നാണ് പോലും വിശ്വാസം!

‘മന്‍ഖൂസ് മൗലിദ്; ചോദ്യവും മറുപടിയും’ എന്ന പുസ്തകത്തില്‍ കെ.എം അബൂബക്കര്‍ മുസ്‌ല്യാര്‍ കല്ലൂര്‍ എഴുതുന്നത് കാണുക: ”ഖിള്ര്‍(അ), ഇമാം അബൂഹനീഫ തങ്ങള്‍ ഫിക്വ്ഹ് മസ്അല പഠിപ്പിക്കുന്ന സദസ്സില്‍ എല്ലാ ദിവസവും സ്വുബ്ഹിക്കു ശേഷം ചെന്ന് ഇല്‍മ് ശരീഅഃ പഠിക്കുന്നവരായിരുന്നു. അതിനിടയില്‍ ഇമാം അബൂഹനീഫ(റ) മരണപ്പെട്ടു. തുടര്‍ന്ന് ഖിള്ര്‍(അ) ഇമാം അബൂഹനീഫ(റ)യുടെ ആത്മാവിനെ ഖബറിലുള്ള ജഡത്തിലേക്ക് മടക്കുവാനും തന്റെ ശരീഅത്ത് പഠനം പൂര്‍ത്തിയാക്കാനുള്ള സൗകര്യം നല്‍കാനും വേണ്ടി അല്ലാഹുവിനോട് ദുആ ചെയ്തു. അതു ഫലമായി പതിവു പ്രകാരം എല്ലാ ദിവസവും സ്വുബ്ഹിക്കു ശേഷം ഖിള്ര്‍(അ) ഇമാം അബൂ ഹനീഫ(റ)യുടെ ഖബറിന്റെ അരികെ വരികയും ഖബറില്‍ നിന്ന് ശരീഅത്ത് നിയമങ്ങളെ കേട്ട് പഠിക്കുകയും ചെയ്തിരുന്നു” (പേ.35). 

ഖദ്വിര്‍(അ) അബൂഹനീഫ(റഹ്)യുടെ അടുത്ത് വന്ന് കര്‍മശാസ്ത്രം (ഫിക്വ്ഹ്)  പഠിക്കാറുണ്ടായിരുന്നെന്നും അങ്ങനെയിരിക്കെ ഇമാം അവര്‍കള്‍ മരണപ്പെട്ടപ്പോള്‍, അല്ലാഹുവേ എന്റെ ശരീഅഃ കോഴ്‌സ് പഠനം പൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ അബൂഹനീഫ(റഹ്)യുടെ ആത്മാവിനെ ക്വബ്‌റിലേക്ക് (പഠനം പൂര്‍ണമാകുന്നത് വരെ) തിരിച്ച് നല്‍കണമെന്നു പ്രാര്‍ഥിച്ചുവെന്നും, അതിന്റെ ഫലമായി പതിനഞ്ച് കൊല്ലത്തോളം ക്വബ്‌റില്‍ നിന്ന് അബൂഹനീഫ(റ) പറയുന്നത് കേട്ട് ഖദ്വിര്‍(അ) പഠിച്ചുവെന്നും പച്ചയായ കളവ് മഹാന്മാരുടെ പേരില്‍ വെച്ച് കെട്ടുകയാണ് ചെയ്തിരിക്കുന്നത്. സ്വീകാര്യ യോഗ്യമായ യാതൊരു പരമ്പരയും ഇല്ലാതെ, നിര്‍മിത കഥകളിലൂടെ ഇത്തരം അന്ധവിശ്വാസങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിനെ നാം തിരിച്ചറിയേണ്ടതുണ്ട്.

അതുപോലെ, ചില ത്വരീക്വത്തുകാര്‍ ഞങ്ങള്‍ക്ക് ‘ഖിദ്വ്ര്‍ നബി പഠിപ്പിച്ചതാണ്’ എന്നും പറഞ്ഞ് ചില ശബ്ദങ്ങള്‍ മാത്രം പുറപ്പെടുവിച്ച് ദിക്‌റ് എന്ന പേരില്‍ ഒച്ചയിടാറുണ്ട്. ഇതെല്ലാം കള്ളത്തരങ്ങളും സ്വയം നിര്‍മിതിയുമാണെന്നും മഹാനായ ഖദ്വിര്‍(അ) ഇതിനൊന്നും ഉത്തരവാദിയല്ലെന്നും നാം മനസ്സിലാക്കുക.

ചുരുക്കത്തില്‍, ഏത് വിഷയത്തിലും നമ്മുടെ നിലപാട്, പ്രമാണങ്ങള്‍ പഠിപ്പിക്കുന്നിടത്ത് നില്‍ക്കുക എന്നതായിരിക്കണം. അതിനപ്പുറമുള്ളത് തള്ളിക്കളയണം. ഖദ്വിര്‍(അ)ന്റെ വിഷയത്തിലും ഈ സമീപനം തന്നെയാണ് നമുക്ക് ഉണ്ടായിരിക്കേണ്ടത്.

 
ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 24​

മൂസാ നബി (അ) - 24

അക്ഷമയും വേര്‍പാടും

”അനന്തരം അവര്‍ ഇരുവരും പോയി. അങ്ങനെ അവര്‍ ഇരുവരും ഒരു രാജ്യക്കാരുടെ അടുക്കല്‍ ചെന്നപ്പോള്‍ ആ രാജ്യക്കാരോട് അവര്‍ ഭക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍ ഇവരെ സല്‍കരിക്കുവാന്‍ അവര്‍ വൈമനസ്യം കാണിക്കുകയാണ് ചെയ്തത്. അപ്പോള്‍ പൊളിഞ്ഞുവീഴാന്‍ ഉദ്ദേശിക്കുന്ന ഒരു മതില്‍ അവര്‍ അവിടെ കണ്ടെത്തി. ഉടനെ അദ്ദേഹം അത് നേരെയാക്കി. മൂസാ പറഞ്ഞു: താങ്കള്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിന്റെ പേരില്‍ താങ്കള്‍ക്ക് വല്ല പ്രതിഫലവും വാങ്ങാമായിരുന്നു” (ക്വുര്‍ആന്‍ 18:77).

മൂന്നാമത്തെ  സംഭവമാണിത്. മൂസാനബി(അ)യും ഖദ്വിര്‍(അ)യും നടന്ന് ഒരു അന്യനാട്ടിലെത്തി. അവര്‍ ആ നാട്ടുകാരോട് ഭക്ഷണം ആവശ്യപ്പെട്ടു.

(അതിഥിയെ സല്‍കരിക്കല്‍ ഇസ്‌ലാം പ്രോല്‍സാഹിപ്പിക്കുന്ന ഒരു പുണ്യകര്‍മമാണ്. വന്നയാളെ മൂന്ന് ദിവസം അതിഥിയായി പരിഗണിക്കുകയും സല്‍കരിക്കുകയും ചെയ്യല്‍ ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ള ആതിഥ്യ മര്യാദയില്‍ പെട്ടതാണ്. ആ മൂന്ന് ദിവസത്തിനിടയില്‍ നിങ്ങള്‍ എന്തിന് വന്നു എന്ന് പോലും ചോദിക്കാന്‍ അവകാശമില്ല. ആ മൂന്ന് ദിവസം അയാളുടെ അവകാശവും ശേഷമുള്ളത് ആതിഥേയര്‍ നല്‍കുന്ന ധര്‍മവുമാകുന്നു എന്നാണ് നബിﷺ നമ്മെ പഠിപ്പിച്ചിരിക്കുന്നത്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമുള്ളവര്‍ അവരുടെ അതിഥികളെ ആദരിക്കട്ടെ എന്ന് നബിﷺ അരുളിയിട്ടുമുണ്ട്).

രണ്ടുപേരെയും ആ നാട്ടിലുള്ളവര്‍ അതിഥികളായി പരിഗണിച്ചില്ല. ചോദിച്ചിട്ടും ഭക്ഷണം നല്‍കിയില്ല. അങ്ങനെ അവര്‍ അവിടെ നിന്നും തിരിഞ്ഞു നടക്കുമ്പോഴാണ് തകര്‍ന്നു വീഴാറായ ഒരു മതില്‍ കാണുന്നത്.  

ക്വുര്‍ആന്‍ അതിനെക്കുറിച്ച് പറഞ്ഞത് ‘അപ്പോള്‍ പൊളിഞ്ഞുവീഴാന്‍ ഉദ്ദേശിക്കുന്ന ഒരു മതില്‍ അവര്‍ അവിടെ കണ്ടെത്തി’ എന്നാണ്. മതില്‍ ‘ഉദ്ദേശിച്ചു’ എന്നാണ് പ്രയോഗം. ആലങ്കാരികമെന്നോ, ഭാഷയിലെ ഒരു പ്രയോഗമാണെന്നോ അതിനെപ്പറ്റി നാം പറയേണ്ടതില്ല. കാരണം, ക്വുര്‍ആന്‍ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അത് എങ്ങനെയാണെന്ന് നമുക്ക് അറിയുകയുമില്ല. ഉഹ്ദ് മലയെപ്പറ്റി ‘ഈ പര്‍വതം നമ്മെ സ്‌നേഹിക്കുന്നു, നാം അതിനെയും സ്‌നേഹിക്കുന്നു’ എന്ന് അവിടുന്ന് പറയുകയുണ്ടായി. അപ്പോള്‍ മലയുടെ സ്‌നേഹം എങ്ങനെയാണ്  എന്ന് നമുക്ക് അറിയില്ല. നാം അതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കേണ്ടതില്ല. ഇതുപോലെ വേറെയും സംഭവങ്ങള്‍ ഹദീഥില്‍ കാണുവാന്‍ സാധിക്കും. വിസ്താരഭയത്താല്‍ അതിലേക്ക് കടക്കുന്നില്ല. 

ആ മതില്‍ കണ്ട ഖദ്വിര്‍(അ) അതിനെ ശരിപ്പെടുത്തി. അത് എങ്ങനെയാണ് ചെയ്തതെന്ന് ക്വുര്‍ആന്‍ നമുക്ക് അറിയിച്ച് തന്നിട്ടില്ല. ചിലപ്പോള്‍ തന്റെ കൈകൊണ്ട് അതിനെ നിവര്‍ത്തിയതാകാം. അല്ലെങ്കില്‍ അതിന്റെ കേടുപാടുകള്‍ തീര്‍ത്ത് ശരിയാക്കിയതും ആകാം. ഏതായാലും ഖദ്വിര്‍(അ) അത് ശരിപ്പെടുത്തി. ഇത് കണ്ടപ്പോള്‍ മൂസാ(അ) ചോദിച്ചു: ‘ഭക്ഷണം ചോദിച്ചപ്പോള്‍ നല്‍കാത്ത ഈ നാട്ടുകാരുടെ ഒരു മതില്‍ വീഴാറായത് കണ്ടപ്പോള്‍ ഒരു കൂലിയും വാങ്ങാതെ നിങ്ങള്‍ ശരിപ്പെടുത്തിയതെന്തിനാണ്? നിങ്ങള്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങള്‍ക്ക് അവരില്‍ നിന്ന് അതിനുള്ള കൂലിയെങ്കിലും വാങ്ങായിരുന്നു.’ വളരെ ശ്രദ്ധിച്ച് ആദരവോടെയാണ് മൂസാ(അ) ചോദിച്ചത്.

ഇനി ഒന്നും ചോദിക്കില്ലെന്നും ചോദിച്ചാല്‍ തന്നെ കൂടെ കൂട്ടേണ്ടതില്ലെന്നും മൂസാ(അ) ഖദ്വിര്‍(അ)ന്  വാക്ക് നല്‍കിയതാണല്ലോ. ഖദ്വിര്‍(അ) പറഞ്ഞു:

”അദ്ദേഹം പറഞ്ഞു: ഇത് ഞാനും താങ്കളും തമ്മിലുള്ള വേര്‍പാടാകുന്നു. ഏതൊരു കാര്യത്തിന്റെ  പേരില്‍ താങ്കള്‍ക്ക് ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ അതിന്റെ പൊരുള്‍ ഞാന്‍ താങ്കള്‍ക്ക് അറിയിച്ച് തരാം” (ക്വുര്‍ആന്‍ 18:78).

‘ഇനി നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല. നമുക്ക് ഇവിടെ വെച്ച് വേര്‍പിരിയാം. യാത്രക്കിടയില്‍ നിങ്ങള്‍ക്ക് അസഹ്യമായ ചില സംഭവങ്ങള്‍ ഉണ്ടായല്ലോ. അവയുടെ പൊരുളെന്തെന്ന് ഞാന്‍ വിശദീകരിച്ചുതരാം’ എന്ന് മൂസാനബി(അ)യോട് ഖദ്വിര്‍(അ) പറഞ്ഞു. ഈ സംഭവം പറഞ്ഞു തരുന്ന നബിﷺ പറയുകയാണ്:

”അവരുടെ രണ്ടുപേരുടെയും കഥകള്‍ അല്ലാഹു നമുക്ക് കൂടുതല്‍ പറഞ്ഞു തരുന്നതുവരെ മൂസാ(അ) (കുറച്ച് കൂടി) ക്ഷമിച്ചിരുന്നെങ്കില്‍ എന്ന് നാം കൊതിച്ചുപോയി.”

ശേഷം, ഖദ്വിര്‍(അ) മൂസാനബി(അ)ക്ക് ഓരോ സംഭവത്തെ കുറിച്ചും വിവരിച്ച് കൊടുക്കാന്‍ തുടങ്ങി:

”എന്നാല്‍ ആ കപ്പല്‍ കടലില്‍ ജോലിചെയ്യുന്ന ഏതാനും ദരിദ്രന്മാരുടെതായിരുന്നു. അതിനാല്‍ ഞാനത് കേടുവരുത്തണമെന്ന് ഉദ്ദേശിച്ചു. (കാരണം) അവരുടെ പുറകെ എല്ലാ (നല്ല) കപ്പലും ബലാല്‍ക്കാരമായി പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു” (ക്വുര്‍ആന്‍ 18:79).

ആദ്യ സംഭവം കപ്പലിന്റെ പലക മാറ്റിയതായിരുന്നുവല്ലോ. അതിന്റെ കാരണം മൂസാനബി(അ)ക്ക് ഖദ്വിര്‍(അ) വിവരിച്ചുകൊടുത്തു. 

ആ കപ്പല്‍ പാവങ്ങളുടെതായിരുന്നു എന്ന് പറഞ്ഞല്ലോ. ഇവിടെ സ്വാഭാവികമായും നമുക്ക് ഒരു സംശയം വന്നേക്കാം; കപ്പലിന്റെ ഉടമസ്ഥരായവര്‍ എങ്ങനെയാണ് പാവങ്ങളാവുക? ആ കപ്പലിന്റെ ആളുകളെക്കുറിച്ച് അല്ലാഹു തുടര്‍ന്ന് പറയുന്നത് അവര്‍ സമുദ്രത്തില്‍ ജോലി ചെയ്യുന്നവരാണ് എന്നാണല്ലോ. ആളുകളെ കയറ്റിയോ, മത്സ്യബന്ധനം നടത്തിയോ ഒക്കെ ജീവിതമാര്‍ഗം തേടുന്നവരാണ് അവര്‍ എന്നര്‍ഥം. 

‘പാവങ്ങള്‍’ എന്ന അര്‍ഥത്തില്‍ ക്വുര്‍ആന്‍ ‘മിസ്‌കീന്‍’ എന്നും ‘ഫക്വീര്‍’ എന്നും  പ്രയോഗിച്ചിട്ടുണ്ട്. രണ്ടിന്റെയും ഉദ്ദേശ്യത്തില്‍ വ്യത്യസ്തത കാണാനും കഴിയും. രണ്ടും ഒരേ സ്ഥലത്ത് വന്ന വചനമാണ് താഴെ കൊടുക്കുന്നത്:

”ദാനധര്‍മങ്ങള്‍ (നല്‍കേണ്ടത്) ദരിദ്രന്മാര്‍ക്കും അഗതികള്‍ക്കും… (ലില്‍ ഫുക്വറാഇ വല്‍ മസാകീന്‍)” (ക്വുര്‍ആന്‍ 9:60).

ഈ രണ്ട് വിഭാഗക്കാരില്‍ സകാത്തിന് ഏറ്റവും അര്‍ഹര്‍ മിസ്‌കീനുകളെക്കാള്‍ ഫക്വീറുമാരാകുന്നു എന്ന് മനസ്സിലാക്കാം.

‘ഫക്വീര്‍’ എന്ന് പറഞ്ഞാല്‍ ഒന്നുമില്ലാത്തവരാണ്. ക്വുര്‍ആന്‍ പറയുന്നു:

”സ്വന്തം വീടുകളില്‍ നിന്നും സ്വത്തുക്കളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട മുഹാജിറുകളായ ദരിദ്രന്മാര്‍ക്ക്  (അവകാശപ്പെട്ടതാകുന്നു ആ ധനം)” (ക്വുര്‍ആന്‍ 59:8).

മുഹാജിറുകളിലെ ഫക്വീറുമാരെ കുറിച്ചാണ് ഇൗ വചനത്തില്‍ പരാമര്‍ശിക്കുന്നത്. അവര്‍ വീടും പറമ്പുമില്ലാത്ത, കടുത്ത ദരിദ്രന്മാരാണ്. ഇപ്രകാരം പ്രയാസം അനുഭവിച്ച് ജീവിക്കുന്നവരാണ് യഥാര്‍ഥ ഫക്വീറുമാര്‍. ഇവരാണ് സകാത്തിന്റെ അവകാശികളില്‍ ഒരു വിഭാഗം. രണ്ടാമത് പറഞ്ഞത് മിസ്‌കീന്‍മാരെ പറ്റിയാണല്ലോ. എന്താണ് അവരുടെ പ്രത്യേകത? അവര്‍ക്ക് പേരിന് ജോലിയും വരുമാനവുമെല്ലാം ഉണ്ടാകും. എന്നാല്‍ ജീവിതായോധനത്തിന് മതിയായ വരുമാനമുണ്ടാകില്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാത്തവരായിരിക്കും അവര്‍. തങ്ങളുടെ ഇല്ലായ്മ അവര്‍ ആരെയും അറിയിക്കുകയുമില്ല. അവര്‍ക്കും സകാത്തില്‍ നിന്ന് നല്‍കണം എന്നാണ് ക്വുര്‍ആന്‍ കല്‍പിക്കുന്നത്.

ഖദ്വിര്‍(അ) കേട് വരുത്തിയ കപ്പലിന്റെ അവകാശികള്‍ മിസ്‌കീന്മാരാണ് എന്നാണല്ലോ ക്വുര്‍ആന്‍ പറഞ്ഞത്. അഥവാ അവര്‍ കപ്പലിന്റെ ഉടമകള്‍ തന്നെയാണ്. എന്നാല്‍ അത് മുഖേന ധന്യരാകാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ജീവിതം മുന്നോട്ട് നയിക്കുവാന്‍ പ്രയാസമനുഭവിക്കുന്നരാണ് അവര്‍.

ഈ പാവങ്ങളുടെ പിന്നില്‍ ഒരു ദുഷ്ടനായ രാജാവ് വരുന്നുണ്ട്. അയാള്‍ നല്ല കപ്പലുകളെല്ലാം അയാളുടെ പട്ടാളത്തിന്റെ സഹായത്തോടെ പിടിച്ചെടുക്കുന്നവനാണ്. ആ രാജാവ് ഈ കപ്പലിന്റെ  അരികിലൂടെ വരുമ്പോള്‍ കാണുക അതിന് ന്യൂനതയുള്ളതായിട്ടാണ്. അതിനാല്‍ ഈ പാവങ്ങളുടെ കപ്പല്‍ അയാള്‍ പിടിച്ചെടുക്കില്ല. രാജാവ് അവരെ വിട്ടുകടന്നാല്‍ ആ പലക പൂര്‍വ സ്ഥിതിയില്‍ വെച്ച് ശരിപ്പെടുത്തുകയും ചെയ്യാമല്ലോ. അപ്രകാരം ഖദ്വിര്‍(അ) പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

സഈദ് ബ്‌നു ജുബയ്ര്‍(റ) പറഞ്ഞു: ഇബ്‌നു അബ്ബാസ് (ഇപ്രകാരം) ഓതാറുണ്ടായിരുന്നു: ”അവരുടെ മുന്നില്‍ (അമാമഹും) എല്ലാ നല്ല കപ്പലും ബലാല്‍ക്കാരമായി പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു.” നേരത്തെ നാം കണ്ടത് ‘വറാഅഹും’ (അവരുടെ പിന്നില്‍) എന്നാണ്. രണ്ട് രൂപത്തിലും പാരായണം ഉണ്ട്. ഇവിടെ രണ്ടിന്റെയും ഉദ്ദേശം ഒന്നാണെന്ന് മുഫസ്സിറുകള്‍ വിവരിച്ചിതായി കാണാം. ക്വുര്‍ആനില്‍ ഈ നിലയ്ക്കുള്ള പ്രയോഗം കാണാവുന്നതാണ്. 

അവരുടെ യാത്രയിലെ രണ്ടാമത്തെ സംഭവത്തിന്റെ വിശദീകരണം ഖദ്വിര്‍(അ) മൂസാനബി(അ)ക്ക് നല്‍കുന്നത് കാണുക:

”എന്നാല്‍ ആ ബാലനാകട്ടെ അവന്റെ മാതാപിതാക്കള്‍ സത്യവിശ്വാസികളായിരുന്നു. എന്നാല്‍ അവന്‍ അവരെ അതിക്രമത്തിനും അവിശ്വാസത്തിനും നിര്‍ബന്ധിതരാക്കിത്തീര്‍ക്കുമെന്ന് നാം ഭയപ്പെട്ടു. അതിനാല്‍ അവര്‍ക്ക് അവരുടെ രക്ഷിതാവ് അവനെക്കാള്‍ സ്വഭാവശുദ്ധിയില്‍ മെച്ചപ്പെട്ടവനും കാരുണ്യത്താല്‍ കൂടുതല്‍ അടുപ്പമുള്ളവനുമായ ഒരു സന്താനത്തെ പകരം നല്‍കണം എന്നു നാം ആഗ്രഹിച്ചു” (ക്വുര്‍ആന്‍ 18:81).

ആ കുട്ടിയുടെ മാതാപിതാക്കള്‍ വിശ്വാസികളായിരുന്നു; കുട്ടിയാകട്ടെ അവിശ്വാസിയും. ഇബ്‌നു അബ്ബാസ്(റ)വിന്റെ ക്വിറാഅത്ത് കുട്ടി അവിശ്വാസിയായിരുന്നു എന്നതിന് ബലം നല്‍കുന്നുമുണ്ട്.

അദ്ദേഹം ഇപ്രകാരം പാരായണം ചെയ്യാറുണ്ടായിരുന്നു: ”എന്നാല്‍ ആ ബാലനാകട്ടെ, അവന്‍ അവിശ്വാസിയും അവന്റെ മാതാപിതാക്കള്‍ സത്യവിശ്വാസികളുമായിരുന്നു.” 

ഈ മാതാപിതാക്കള്‍ക്ക് അവന്‍ പ്രയാസം ഉണ്ടാക്കുമെന്ന് ഭയപ്പെട്ടതിനാലാണ് നാം അവനെ കൊന്നു കളഞ്ഞത്. അങ്ങനെ പേടിക്കാനുള്ള കാരണം, അവര്‍ ഇരുവരും അവനെ അങ്ങേയറ്റം സ്‌നേഹിക്കുന്നവരും  അവന്‍ എന്ത് പറഞ്ഞാലും ചെയ്ത് കൊടുക്കുന്നവരായിരുന്നു. അപ്പോള്‍ അവന്‍ വളര്‍ന്ന് വലുതായാല്‍ അവന്‍ അവരോട് അവിശ്വാസികാളാകാന്‍ കല്‍പിച്ചാല്‍ അതും അവര്‍ അനുസരിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ അവര്‍ അവിശ്വാസം സ്വീകരിച്ചാല്‍ അവരുടെ പരലോകം നഷ്ടമാകുമല്ലോ. അതിനാലാണ് നാം അവനെ കൊന്നത്. കുട്ടിയെ കൊല്ലലും മാതാപിതാക്കള്‍ സത്യവിശ്വാസം ഒഴിവാക്കി അവിശ്വാസം സ്വീകരിക്കലും പ്രയാസകരമായ കാര്യമാണ്. എന്നാല്‍ രണ്ടില്‍ ഗുരുതരം വിശ്വാസം നഷ്ടപ്പെടുത്തലാണല്ലോ. അപ്പോള്‍ അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം ആ കുട്ടിയെ അദ്ദേഹം കൊന്നു. ഇനി മൂന്നാമത്തെ സംഭവം.

”ആ മതിലാണെങ്കിലോ, അത് ആ പട്ടണത്തിലെ അനാഥരായ രണ്ട് ബാലന്മാരുടെതായിരുന്നു. അതിനു ചുവട്ടില്‍ അവര്‍ക്കായുള്ള ഒരു നിധിയുണ്ടായിരുന്നു. അവരുടെ പിതാവ് ഒരു നല്ല മനുഷ്യനായിരുന്നു. അതിനാല്‍ അവര്‍ ഇരുവരും യൗവനം പ്രാപിക്കുകയും എന്നിട്ടവരുടെ നിധി പുറത്തെടുക്കുകയും ചെയ്യണമെന്ന് താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചു. താങ്കളുടെ രക്ഷിതാവിന്റെ കാരുണ്യം എന്ന നിലയിലത്രെ അത്. അതൊന്നും എന്റെ അഭിപ്രായ പ്രകാരമല്ല ഞാന്‍ ചെയ്തത്. താങ്കള്‍ക്ക് ഏത് കാര്യത്തില്‍ ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ അതിന്റെ പൊരുളാകുന്നു അത്” (ക്വുര്‍ആന്‍ 18:82).

ആ വീഴാറായ മതില്‍, പട്ടണത്തിലെ രണ്ട് അനാഥരായ മക്കളുടെതായിരുന്നു. അത് കേവലം ഒരു മതിലല്ല. അതിന് ഒരു പ്രത്യേകതയുണ്ട്. അതിന് ചുവട്ടില്‍ സ്വര്‍ണവും വെള്ളിയും അടങ്ങുന്ന നിധി നിക്ഷേപങ്ങള്‍ ഉണ്ട്.

ഈ മക്കളുടെ പിതാവ് നല്ലൊരു മനുഷ്യനായിരുന്നു. നല്ല മനുഷ്യന്മാരുടെ പാരമ്പര്യത്തില്‍ ഉണ്ടായവരാണ് ഈ രണ്ട് മക്കളും. അവരുടെ പിതാവ് എന്ന് പറയുമ്പോള്‍; നേരെ പിതാവല്ല. അവരുടെ ഏഴാമത്തെ ഉപ്പാപ്പയാണെന്നും പത്താമത്തെ ഉപ്പാപ്പയാണെന്നും പറയപ്പെടുന്നുണ്ട്. എത്രയോ കാലം മുമ്പ് മരണപ്പെട്ട് പോയ സ്വാലിഹായ മനുഷ്യനാണ് അദ്ദേഹം.  എത്രയോ തലമുറകള്‍ക്ക് മുമ്പ് ചെയ്ത ഒരു പ്രവര്‍ത്തനത്തിന്റെ നേട്ടമാണ് ഈ രണ്ട് അനാഥ മക്കള്‍ക്ക് ലഭിക്കുന്നത്. അത് അല്ലാഹു അവരിലൂടെ ചെയ്ത ഒരു കാരുണ്യമായിരുന്നു. നാം ചെയ്യുന്ന ഒരു നന്മയുടെ ഗുണം ചിലപ്പോള്‍ എത്രയോ കാല ശേഷം വരുന്ന മക്കള്‍ക്ക് അനുഭവിക്കാവുന്ന നിലക്ക് അല്ലാഹു കരുണ ചെയ്യാനുള്ള സാധ്യത നാം വിസ്മരിച്ചുകൂടാ. 

എന്തിനാണ് ഖദ്വിര്‍(അ) മതില്‍ നേരെയാക്കിയത്? ആ മതില്‍ നിലംപൊത്തിയാല്‍, അതിന് താഴെയുള്ള നിധി ശേഖരം ആ നാട്ടുകാര്‍ കാണും. ആ നാട്ടുകാരുടെ സ്വഭാവം എങ്ങനെയാണെന്ന് വിശന്ന് ചെന്ന മൂസാനബി(അ)യും ഖദ്വിര്‍(അ)യും ഭക്ഷണം ചോദിച്ചപ്പോള്‍ അവര്‍ സ്വീകരിച്ച സമീപനത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാമല്ലോ. ഈ നിധി കൂമ്പാരം കണ്ടാല്‍ എന്തായിരിക്കും അവരുടെ അവസ്ഥ?! അനാഥ മക്കള്‍ക്ക് അത് ലഭിക്കുമോ? ഒരിക്കലുമില്ല. മക്കള്‍ക്കാകട്ടെ, അവരോട് മല്ലിട്ടും തര്‍ക്കിച്ചും അവരുടെ സ്വത്ത് നേടിയെടുക്കാനുള്ള പക്വതയും പ്രായവും ആയിട്ടുമില്ല. ബാലന്മാരാണല്ലോ അവര്‍. അപ്പോള്‍ അവര്‍ക്ക് പ്രായപൂര്‍ത്തിയെത്തിയാല്‍ അവര്‍ക്കത് ലഭിക്കണമെങ്കില്‍ ആ മതില്‍ തകരാതെ നില്‍ക്കുകയും വേണം. അങ്ങനെ നിലനിര്‍ത്തിയത് അല്ലാഹു അവരോട് കാണിച്ച കാരുണ്യമാണെന്ന് പറയേണ്ടതില്ലല്ലോ. 

മൂന്ന് സംഭവത്തിന്റെയും വിശദീകരണം നല്‍കിയതിന് ശേഷം ഖദ്വിര്‍(അ) പറഞ്ഞു; ഞാന്‍ ഈ കാര്യങ്ങളെല്ലാം ചെയ്തത് എന്റെ സ്വന്തം തീരുമാന പ്രകാരമോ, ഇഷ്ട പ്രകാരമോ അല്ല, അല്ലാഹു എനിക്ക് നല്‍കിയ നിര്‍ദേശ പ്രകാരമാണ് ചെയ്തത്. ഇതാണ് നീ അക്ഷമ കാണിച്ച കാര്യങ്ങളുടെ നിജസ്ഥിതി.

ഇവിടെ ക്വുര്‍ആനിലെ ഒരു പ്രയോഗം നാം ശരിക്കും ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും പാരായണത്തില്‍ തന്നെ തെറ്റ് വരാന്‍ സാധ്യതയുള്ള ഒരു ഭാഗമായതിനാല്‍ ആ പ്രയാഗത്തെ സംബന്ധിച്ച് ചിലത് പറയുകയാണ്.

”അദ്ദേഹം പറഞ്ഞു: ഇത് ഞാനും താങ്കളും തമ്മിലുള്ള വേര്‍പാടാകുന്നു. ഏതൊരു കാര്യത്തിന്റെ  പേരില്‍ താങ്കള്‍ക്ക് ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ (മാലംതസ്തത്വിഅ്) അതിന്റെ ഈ പൊരുള്‍ ഞാന്‍ താങ്കള്‍ക്ക്  അറിയിച്ച് തരാം” (ക്വുര്‍ആന്‍ 18: 78).

”താങ്കള്‍ക്ക് ഏത് കാര്യത്തില്‍ ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ (തസ്ത്വിഅ്) അതിന്റെ പൊരുളാകുന്നു അത്” (ക്വുര്‍ആന്‍ 18:82).

ആദ്യവചനത്തില്‍ ‘തസ്തത്വിഅ്’ എന്നും രണ്ടാമത്തേതില്‍ ‘തസ്ത്വിഅ്’ എന്നുമാണുള്ളത്. അര്‍ഥം രണ്ട് പദത്തിനും ഒന്നു തന്നെയാണെങ്കിലും പാരായണ സമയത്ത് നാം ഈ നേരിയ വ്യത്യാസം ശ്രദ്ധിക്കണം.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 23

മൂസാ നബി (അ) - 23

ജ്ഞാനമാര്‍ഗത്തില്‍ ഒരു യാത്ര

താന്‍ തിരഞ്ഞുനടന്ന ജ്ഞാനിയെ മൂസാ(അ) കണ്ടു. മൂസാനബി(അ) അദ്ദേഹത്തിന് സലാം പറഞ്ഞു. അപ്പോള്‍ ഖദ്വിര്‍(അ) തന്റെ മുഖത്ത് നിന്നും വസ്ത്രം നീക്കി. അദ്ദേഹം സലാം മടക്കുകയും ചെയ്തു. (എന്നിട്ട്) ചോദിച്ചു: ‘നിങ്ങള്‍ ആരാണ്?’ മൂസാ(അ) പറഞ്ഞു: ‘(ഞാന്‍) ബനൂഇസ്‌റാഈല്യരുടെ മൂസാ.’ അദ്ദേഹം ചോദിച്ചു: ‘എന്തുമായിട്ടാണ് താങ്കള്‍ വന്നിരിക്കുന്നത്?’ മൂസാ(അ) പറഞ്ഞു:’സന്മാര്‍ഗജ്ഞാനത്തില്‍ നിന്ന് താങ്കള്‍ക്ക് പഠിപ്പിക്കപ്പെട്ടതില്‍ നിന്ന് എന്നെ താങ്കള്‍ പഠിപ്പിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ വന്നിരിക്കുന്നത്.’

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങെനയാണുള്ളത്: ‘…അങ്ങനെ മൂസാ(അ) അദ്ദേഹത്തിന് സലാം പറഞ്ഞു. അപ്പോള്‍ ഖദ്വിര്‍(അ) ചോദിച്ചു: ‘നിങ്ങള്‍ (നില്‍ക്കുന്ന ഈ) സ്ഥലത്ത് സലാം പറയലോ?’ അദ്ദേഹം (വീണ്ടും) ചോദിച്ചു: ‘ബനൂഇസ്‌റാഈല്യരുടെ മൂസയാണോ?’  മൂസാ(അ) പറഞ്ഞു: ‘അതെ, സന്മാര്‍ഗജ്ഞാനത്തില്‍ നിന്ന് താങ്കള്‍ക്ക് പഠിപ്പിക്കപ്പെട്ടതില്‍ നിന്ന് എന്നെ താങ്കള്‍ പഠിപ്പിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ വന്നിരിക്കുന്നത്.’  

ബനൂഇസ്‌റാഈല്യരിലേക്ക് മൂസാ എന്ന പ്രവാചകന്‍ നിയോഗിക്കപ്പെടുമെന്ന അറിവ്  അല്ലാഹു അദ്ദേഹത്തിന് നല്‍കിയിരുന്നു എന്ന് ഈ ചോദ്യം വ്യക്തമാക്കുന്നു. എന്നാല്‍ തന്റെ മുന്നില്‍ നില്‍ക്കുന്നത് മൂസാ(അ)യാണെന്ന് അദ്ദേഹത്തിന് മനസ്സിലായില്ല.

ശരീരം മുഴുവന്‍ വസ്ത്രം കൊണ്ട് മൂടിപ്പുതച്ച് കിടക്കുകയാണ് ഖദ്വിര്‍(അ). സലാം പറയുന്നത് കേട്ടപ്പോള്‍ അദ്ദേഹം വസ്ത്രം മുഖത്ത് നിന്ന് നീക്കി. അദ്ദേഹത്തിന് അത്ഭുതമായി. താന്‍ വസിക്കുന്ന ഈ നാട്ടില്‍ ഒരാള്‍ സലാം പറയുകയോ?! അങ്ങനെ ഒരാളെ അദ്ദേഹത്തിന് പരിചയം തന്നെയില്ലായിരുന്നു. മൂസാ(അ) തന്നെ പരിചയപ്പെടുത്തി. പരിചയപ്പെട്ടതിന് ശേഷം വന്ന കാര്യം തിരക്കി. മൂസാ(അ) വന്നതിന്റെ ലക്ഷ്യം അറിയിച്ചു. 

അല്ലാഹുവിന് മാത്രമെ മറഞ്ഞ കാര്യങ്ങള്‍ അറിയൂ എന്ന് സോദാഹരണം നമ്മള്‍ വിവരിച്ചതാണ്.  അതിന് ഈ സംഭവവും തെളിവ് നല്‍കുന്നുണ്ട്. മൂസാ(അ)ന് ഖദ്വിര്‍(അ) എവിടെയാണ് താമസിക്കുന്നതെന്ന് അറിഞ്ഞില്ല. മൂസാ(അ) വന്നതെന്തിനാണെന്നും അദ്ദേഹം ആരാണെന്നും ഖദ്വിര്‍(അ)നും അറിഞ്ഞില്ല. 

അല്ലാഹു പറയുന്നു: ”മൂസാ അദ്ദേഹത്തോട് പറഞ്ഞു: താങ്കള്‍ക്ക് പഠിപ്പിക്കപ്പെട്ട സന്മാര്‍ഗജ്ഞാനത്തില്‍ നിന്ന് എനിക്ക് താങ്കള്‍ പഠിപ്പിച്ചുതരുന്നതിന്നായി ഞാന്‍ താങ്കളെ അനുഗമിക്കട്ടെ?” (ക്വുര്‍ആന്‍ 18:66).

അല്ലാഹു അദ്ദേഹത്തിന് പ്രത്യേകം കാരുണ്യം ചെയ്യുകയും ചില അറിവുകള്‍ നല്‍കുകയും ചെയ്തിട്ടുള്ളത് മൂസാ(അ)ന് അറിയാം; അത് അല്ലാഹു നേരത്തെ അറിയിച്ചതുമാണ്. അതിനാലാണ് ‘താങ്കള്‍ക്ക് പഠിപ്പിക്കപ്പെട്ട സന്മാര്‍ഗജ്ഞാനത്തില്‍ നിന്ന് എനിക്ക് താങ്കള്‍ പഠിപ്പിച്ചുതരുന്നതിന്നായി ഞാന്‍ താങ്കളെ അനുഗമിക്കട്ടെ?’ എന്ന് ചോദിച്ചത്.

ആ സന്ദര്‍ഭത്തില്‍ ഖദ്വിര്‍(അ) മൂസാനബി(അ)യോട് ഇങ്ങനെ ചോദിച്ചതായി ഹദീഥില്‍ കാണാം:

 ”(മൂസാ), നിന്റെ കൈകളില്‍ ഉള്ള തൗറാത്ത് നിനക്ക് മതിയാകുന്നതല്ലേ? ഓ, മൂസാ! നിനക്ക് വഹ്‌യും വരുന്നുണ്ടല്ലോ.” മൂസാ(അ) സ്വയം പരിചയപ്പെടുത്തിയതില്‍നിന്ന് ഇക്കാര്യമെല്ലാം ഖദ്വിര്‍(അ) മനസ്സിലാക്കിയിരുന്നു എന്നര്‍ഥം. 

ബനൂഇസ്‌റാഈല്യരിലേക്ക് അയക്കപ്പെട്ട പ്രവാചകനാണല്ലോ മൂസാ(അ). തൗറാത്ത് കൈകളില്‍ ഉണ്ട്, വഹ്‌യും വരുന്നുണ്ട്. പിന്നെ എന്തിനാണ് അറിവ് തേടുന്നതിനായി ഇത്രയും ദൂരം താണ്ടി എന്റെ അടുത്തേക്ക് വന്നത് എന്നതാണ് ഖദ്വിര്‍(അ)ന്റെ ചോദ്യം.

ഒരു പ്രത്യേക കാര്യത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ തിരിക്കുകയാണ്: 

ഈ സംഭവം നബിﷺ വിവരിക്കുന്നതിന്റെ തുടക്കം നാം ശ്രദ്ധിച്ചുവല്ലോ. ‘അല്ലാഹുവിന്റെ റസൂലായ മൂസാ(അ)’ ജനങ്ങളെ ഉദ് ബോധിപ്പിക്കുകയായിരുന്നു എന്ന് പറഞ്ഞിട്ടാണല്ലോ നബിﷺ ഈ സംഭവത്തിന്റെ വിവരണം തുടങ്ങുന്നത്. ആ പ്രസംഗത്തിന് ശേഷം ഒരാള്‍ മൂസാനബി(അ)യെ വിളിക്കുന്നതും ‘ഓ, അല്ലാഹുവിന്റെ ദുതരേ’ എന്നായിരുന്നു. അഥവാ, ഈ സന്ദര്‍ഭത്തില്‍ അദ്ദേഹം റസൂലാണെന്ന് ജനങ്ങള്‍ക്ക് അറിയാമായിരുന്നു. മാത്രവുമല്ല, ഖദ്വിര്‍(അ) മൂസാനബി(അ)യോട് ‘ബനൂഇസ്‌റാഈല്യരുടെ മൂസാ അല്ലേ എന്നും, നിങ്ങളുടെ കൈകളില്‍ തൗറാത്ത് ഉണ്ട്, നിങ്ങള്‍ക്ക് വഹ്‌യും വരുന്നുണ്ട്, അത് പോരേ’ എന്നും ചോദിക്കുന്നുണ്ട്. ഇതില്‍നിന്നെല്ലാം നമുക്ക് ഒരു കാര്യം വ്യക്തമാണ്; മൂസാ(അ) ഖദ്വിര്‍(അ)ന്റെ അടുത്ത് ചെല്ലുമ്പോള്‍ തന്നെ അദ്ദേഹം പ്രവാചകനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം നബിﷺയുടെ വിവരണത്തില്‍ നിന്ന് വളരെ വ്യക്തമാണ്.

ചിലര്‍ ചില വിശ്വാസങ്ങള്‍ സ്വയം നിര്‍മിക്കുകയും അതിനായി ക്വുര്‍ആനിനെയും സുന്നത്തിനെയും ദുര്‍വ്യാഖ്യാനിച്ച് വളച്ചൊടിക്കുകയും ചെയ്യാറുണ്ട്. സ്വയം നിര്‍മിച്ച അവരുടെ വിശ്വാസത്തിന് എതിരാകുന്ന ക്വുര്‍ആന്‍ സൂക്തങ്ങളോ ഹദീഥുകളോ കണ്ടാല്‍ അതിനെ അവരുടെ ഇഷ്ടത്തിനനുസരിച്ച് കോട്ടിമാട്ടുകയും ചെയ്യും. അതിന് ഉദാഹരണമാണ് മൂസാ(അ)യുടെയും ഖദ്വിര്‍(അ)യുടെയും ഈ സംഭവം.

‘ജുമുഅഃ ഒരു പഠനം’ എന്ന നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍ എഴുതിയ പുസ്തകത്തില്‍ ഈ വിഷയത്തില്‍ വലിയ ഒരു കളവ് എഴുതിയിട്ടുണ്ട്. അദ്ദേഹം എഴുതിയ ആ വരികള്‍ അപ്രകാരം എടുത്ത് ഉദ്ധരിക്കുന്നില്ല. ആവശ്യക്കാര്‍ക്ക് പുസ്തകം ലഭ്യമാണ്. അല്ലെങ്കില്‍ ആ പുസ്തകത്തില്‍ അങ്ങനെ എഴുതിയിട്ടില്ലെന്ന് വിശ്വസിക്കുന്നവര്‍ക്ക് അത് പരസ്യപ്പെടുത്തുകയും ആവാം. കളവിന്റെ ചുരുക്കം ഇപ്രകാരമാണ്: ‘മൂസാ(അ)യുടെയും ഖദ്വിര്‍(അ)യുടെയും ഈ സംഭവത്തില്‍ നിന്ന് അവര്‍ക്ക് ചില മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞില്ല എന്ന് മനസ്സിലാകുന്നു. അതിനര്‍ഥം മഹാന്മാര്‍ക്ക് മറഞ്ഞ കാര്യങ്ങള്‍ അറിയില്ലെന്നാണ് എന്ന് ചിലര്‍ വാദിക്കാറുണ്ട്. ആ വാദം ശരിയല്ല. കാരണം, അന്ന് മൂസാ പ്രവാചകനാണെന്നതിന് യാതൊരു തെളിവും ഇല്ല. അന്ന് മൂസാ(അ) മജ്മഉല്‍ ബഹ്‌റയ്‌നിയില്‍ പഠിക്കുന്ന കാലമായിരുന്നു.’ 

നെല്ലിക്കുത്ത് മുസ്‌ലിയാര്‍ ഈ എഴുതിയത് പച്ചയായ കളവാണെന്ന് ഈ സംഭവം വായിക്കുന്ന ആര്‍ക്കും ബോധ്യമാകും. മഹാന്മാര്‍ക്ക് മറഞ്ഞ കാര്യങ്ങള്‍ യഥേഷ്ടം അറിയാന്‍ കഴിയും എന്ന് പ്രചരിപ്പിക്കാനാണ് സത്യത്തെ മൂടിവെച്ച് ഇപ്രകാരം കളവ് പറയുന്നത്. 

ഇനി സംഭവത്തിലേക്ക് തന്നെ നമുക്ക് തിരിച്ചു വരാം. ഖദ്വിര്‍(അ) മൂസാ(അ)നോട് വീണ്ടും പറയുകയാണ്:

”തീര്‍ച്ചയായും എനിക്കുള്ള അറിവ് നീ അത് അറിയല്‍ നിനക്ക് അനിവാര്യമാക്കുന്നതല്ല. നിനക്കുള്ള അറിവ് ഞാന്‍ അത് അറിയല്‍ എനിക്കും അനിവാര്യമാക്കുന്നതല്ല.” മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം:

”ഖദ്വിര്‍(അ) മൂസാ(അ)യോട് ചോദിച്ചു: ‘ഓ, മൂസാ! തീര്‍ച്ചയായും ഞാന്‍ അല്ലാഹു അവന്റെ അറിവില്‍ നിന്ന് എനിക്ക് പഠിപ്പിച്ച് തന്നിട്ടുള്ള അറിവിലാണ് ഉള്ളത്. അത് നിനക്ക് അറിയില്ല. (അത്‌പോലെ) നീ അല്ലാഹു അവന്റെ അറിവില്‍ നിന്ന് നിനക്ക് പഠിപ്പിച്ചുതന്നിട്ടുള്ള അറിവിലാണ് ഉള്ളത്. അത് ഞാനും അറിയുന്നില്ല.”

രണ്ടുപേര്‍ക്കും പരസ്പരം അറിയാത്ത ചില കാര്യങ്ങളുണ്ടെന്ന് ഇരുവര്‍ക്കും ബോധ്യമായി. രണ്ടുപേരും ഒരുമിക്കാന്‍ തീരുമാനിച്ചു. പക്ഷേ, ഖദ്വിര്‍(അ) ഒരു ഉപാധി വെച്ചു. 

”അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ക്ക്

എന്റെ കൂടെ ക്ഷമിച്ച് കഴിയാന്‍ സാധിക്കുകയേ ഇല്ല. താങ്കള്‍ സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത ഒരു വിഷയത്തില്‍ താങ്കള്‍ക്കെങ്ങനെ ക്ഷമിക്കാനാകും?” (ക്വുര്‍ആന്‍ 18:68).

എന്റെ കൂടെ നിങ്ങള്‍ക്ക് നില്‍ക്കാന്‍ കഴിയുമോ എന്ന് എനിക്ക് അറിയില്ല. കാരണം ഇനി നടക്കാന്‍ പോകുന്ന പല സംഭവങ്ങളുടെ രഹസ്യം എന്താണെന്ന് നിങ്ങള്‍ക്ക് അറിയില്ല. അപ്പോള്‍ നിങ്ങള്‍ പലതും ചോദിക്കും. അത് നമുക്ക് പ്രയാസമാകും. അങ്ങനെ ചോദിക്കാതെ എല്ലാം കണ്ടും കേട്ടും ക്ഷമയോടെ കൂടെ നില്‍ക്കാന്‍ സാധിക്കുമെങ്കില്‍ മൂസാ, നിങ്ങള്‍ എന്റെ കൂടെ കൂടുന്നതിന് എനിക്ക് വിരോധമില്ല എന്നിങ്ങനെ ഖദ്വിര്‍(അ) പറഞ്ഞു.

അങ്ങനെ പ്രയാസങ്ങളൊക്കെ ഉണ്ടെങ്കില്‍ തല്‍ക്കാലം ഞാന്‍ നിങ്ങളോടൊപ്പം ഇല്ല എന്നൊന്നും പറഞ്ഞ് മൂസാ(അ) ഒഴിവായില്ല. 

”അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം ക്ഷമയുള്ളവനായി താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്. ഞാന്‍ താങ്കളുടെ ഒരു കല്‍പനയ്ക്കും എതിര്‍ പ്രവര്‍ത്തിക്കുന്നതല്ല” (ക്വുര്‍ആന്‍ 18:69).

ഇന്‍ശാ അല്ലാഹ്… നിങ്ങളോട് അനുസരണക്കേട് കാണിക്കാതെ, എല്ലാം ക്ഷമിച്ച് നിങ്ങളുടെ കൂടെ ഞാന്‍ നില്‍ക്കാം എന്ന് മൂസാ(അ) പറഞ്ഞു.

അടുത്ത സമയത്ത് എന്താണ് സംഭവിക്കുക എന്നത് അല്ലാഹുവിന് മാത്രമാണല്ലോ അറിയുക. അതിനാല്‍ തന്നെ, ഭാവിയില്‍ ഒരു കാര്യത്തെ പറ്റി നാം തീരുമാനം എടുക്കുമ്പോള്‍ അവിടെയെല്ലാം ഇന്‍ശാ അല്ലാഹു (അല്ലാഹു ഉദ്ദേശിച്ചാല്‍) എന്ന് പറയുക എന്നത് ഒരു മര്യാദയായി നാം മനസ്സിലാക്കണം. മൂസാ(അ) അത് പറയാന്‍ മറന്നില്ല. യഥാര്‍ഥ വിശ്വാസികള്‍ക്കേ അത് ആത്മാര്‍ഥമായി പറയാനും അതില്‍ ഉറച്ചു നില്‍ക്കാനും സാധിക്കുകയുള്ളൂ. പലരും അത് ഉരുവിടാറുള്ളത് അതിന്റെ അര്‍ഥവും ആശയവും ഉള്‍ക്കൊള്ളാതെ തമാശ രൂപത്തിലാണ്. അത് ഏറെ ഗൗരവമുള്ള കാര്യമായി നാം മനസ്സിലാക്കണം.

മൂസാനബി(അ)യുടെ പ്രതികരണം കേട്ടപ്പോള്‍ ഖദ്വിര്‍(അ) ഒന്നുകൂടെ അത് ഉറപ്പ് വരുത്താനായി, തന്റെ കൂടെ കൂടുമ്പോള്‍ സ്വീകരിക്കേണ്ട സമീപനം അറിയിച്ചു.

”അദ്ദേഹം പറഞ്ഞു: എന്നാല്‍ താങ്കള്‍ എന്നെ അനുഗമിക്കുന്ന പക്ഷം യാതൊരു കാര്യത്തെപ്പറ്റിയും താങ്കള്‍ എന്നോട് ചോദിക്കരുത്; അതിനെപ്പറ്റിയുള്ള വിവരം ഞാന്‍ തന്നെ താങ്കള്‍ക്കു  പറഞ്ഞുതരുന്നത് വരെ”(ക്വുര്‍ആന്‍ 18:70).

ആ നിര്‍ദേശം മൂസാ(അ) സ്വീകരിച്ചു. അങ്ങനെ ഇരുവരും യാത്ര പുറപ്പെടുകയാണ്:

”തുടര്‍ന്ന്  അവര്‍ രണ്ട് പേരും കപ്പലില്‍ കയറിയപ്പോള്‍ അദ്ദേഹം അത് ഓട്ടയാക്കിക്കളഞ്ഞു. മൂസാ പറഞ്ഞു: അതിലുള്ളവരെ മുക്കിക്കളയുവാന്‍ വേണ്ടി താങ്കളത് ഓട്ടയാക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഗുരുതരമായ ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തത്” (ക്വുര്‍ആന്‍ 18:71).

അവര്‍ രണ്ടുപേരും പോയി എന്നാണ് ക്വുര്‍ആന്‍ പ്രയോഗിച്ചത്. വാസ്തവത്തില്‍ അവര്‍ മൂന്നു പേരാണല്ലോ; മൂസാ(അ), യൂശഅ്(അ), ഖദ്വിര്‍(അ). ഇവിടെ യുശഅ്(അ)നെ എണ്ണിയിട്ടില്ല. അതിനെ സംബന്ധിച്ച് പണ്ഡിതന്മാര്‍ പറയുന്നത്; ‘ഇവിടത്തെ പ്രധാന വിഷയം മൂസാ(അ)യും ഖദ്വിര്‍(അ)യും  ആണ്. അവരിലാണല്ലോ ഈ സംഭവം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് അവരുടെ കാര്യം മാത്രം എടുത്തു പറഞ്ഞു എന്നേയുള്ളൂ. യൂശഅ്(അ)യും അവരുടെ കൂടെ ഉണ്ട് എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്’ എന്നാണ്. 

ഹദീഥില്‍ ഇങ്ങനെ കാണാം: ”അങ്ങനെ അവര്‍ ഇരുവരും സമുദ്ര തീരത്തിലൂടെ നടന്നു. അപ്പോള്‍ (അവരുടെ അരികിലൂടെ) ഒരൂ കപ്പല്‍ സഞ്ചരിച്ചു. അപ്പോള്‍ അവര്‍ ഇരുവരും അവരോട് (കപ്പലില്‍ ഉള്ളവരോട്) അവരെ അതില്‍ കയറ്റാന്‍ പറഞ്ഞു. അപ്പോള്‍ അവര്‍ക്ക് (കപ്പലില്‍ ഉള്ളവര്‍ക്ക്) ഖദ്വിര്‍(അ)നെ തിരിച്ചറിഞ്ഞു. (കപ്പലില്‍ കയറ്റിയതിനുള്ള) തുകയൊന്നും കൂടാതെ അവര്‍ അവരെ ഇരുവരെയും (അതില്‍) കയറ്റി.” 

മറ്റൊരു റിപ്പോര്‍ട്ടില്‍ ”അങ്ങനെ അവര്‍ ഇരുവരും കടല്‍ തീരത്തിലൂടെ നടന്നു. അപ്പോള്‍ അവരുടെ (ഇവിടെ അവര്‍ മൂന്നുപേരും ഉണ്ടെന്ന് മനസ്സിലാക്കാവുന്ന ‘ബിഹിം’ എന്ന പദമാണ് പ്രയോഗിച്ചിരിക്കുന്നത്) അരികിലൂടെ ഒരു കപ്പല്‍ നീങ്ങി. അപ്പോള്‍ ഖദ്വിര്‍(അ) തിരിച്ചറിയപ്പെട്ടു. അങ്ങനെ അവര്‍ അവരെ അവരുടെ കപ്പലില്‍ കൂലി ഇല്ലാതെ കയറ്റുകയും ചെയ്തു.”

ആ സമയത്ത് അവിടെ നടന്ന ഒരു സംഭവം നബിﷺ നമുക്ക് പറഞ്ഞു തരുന്നു:

”കപ്പലിന്റെ അറ്റത്ത് ഒരു കുരുവി വന്ന് ഇരുന്നു. എന്നിട്ട് അത് അതിന്റെ കൊക്ക് സമുദ്രത്തില്‍ ഒന്ന് മുക്കി. ഈ കാഴ്ച കണ്ട ഖദ്വിര്‍(അ) മൂസാ(അ)യോട് പറഞ്ഞു: എന്റെ അറിവും നിന്റെ അറിവും മുഴുവന്‍ സൃഷ്ടികളുടെ അറിവും അല്ലാഹുവിന്റെ അറിവില്‍ ഈ കുരുവി അതിന്റെ കൊക്ക് കൊണ്ട് മുക്കി എടുത്ത അളവല്ലാതെ ഇല്ല.”

സമുദ്രത്തിലെ വെള്ളവും ആ പറവയുടെ കൊക്കിലെ വെള്ളവും തമ്മിലുള്ള അളവിന്റെ അത്രയും വ്യത്യാസമുണ്ട് അല്ലാഹുവിന്റെ അറിവും കോടാനുകോടി സൃഷ്ടികളുടെ അറിവും തമ്മില്‍ എന്നര്‍ഥം.  

കപ്പലില്‍ കയറിയ ശേഷം അവിശ്വസനീയമായ ആ സംഭവം നടന്നു. ഖദ്വിര്‍(അ) ഒരു മഴു എടുത്ത് കപ്പലിന് ദ്വാരം ഉണ്ടാക്കുന്നു! ‘ഒരു കൂലിയും വാങ്ങാതെ നമ്മെ കപ്പലില്‍ കയറ്റിയ ഒരു ജനതയല്ലേ, (എന്നിട്ട്) അവരുടെ കപ്പല്‍ (തകര്‍ക്കാനായി) താങ്കള്‍ മഴു എടുത്തു. അതിലെ ആളുകളെ മുക്കിക്കൊല്ലുംവിധം അതിന് ഒരു ഓട്ടയിടുകയും ചെയ്തു.’

 നേരത്തെ ഖദ്വിര്‍(അ)യുമായി ചെയ്ത കരാര്‍ മൂസാ(അ) മറന്ന് പോയി. പെട്ടെന്ന് അപകടകരമായ ഈ കാഴ്ച കണ്ടപ്പോള്‍ അദ്ദേഹം അതിനെ ചോദ്യം ചെയ്തു. അവരെ മുക്കിക്കൊല്ലുകയില്ല എന്ന് മൂസാനബി(അ)ക്ക് അറിയാം. കാരണം, കപ്പല്‍ മുങ്ങിയാല്‍ എല്ലാവരും അപകടത്തില്‍ പെടുമല്ലോ. പക്ഷേ, എന്തിനാണ് കപ്പലിന്റെ ഒരു പലക മഴുകൊണ്ട് കൊത്തിയെടുത്തത് എന്ന് മൂസാനബി(അ)ക്ക് അറിയണം. കപ്പലിന്റെ ഒരു ഭാഗത്തെ പലക എടുത്ത് കളഞ്ഞതിലൂടെ തിരയടിച്ച് വെള്ളം അകത്തേക്ക് ഇരച്ച് കയറാനും കപ്പല്‍ മുങ്ങാനും സാധ്യതയുണ്ടല്ലോ. ഈ സംശയമെല്ലാം മൂസാനബി(അ)ക്ക് ഉണ്ട്. അതിനാലാണ് മൂസാ(അ) അപ്രകാരം ചോദിച്ചത്. ഈ ചോദ്യത്തോടെ മൂസാ(അ) ഖദ്വിര്‍(അ)ന് നല്‍കിയ കരാറില്‍ വീഴ്ച സംഭവിച്ചു. അത് മനപ്പൂര്‍വമല്ലാത്തതിനാല്‍ അദ്ദേഹം അതില്‍ കുറ്റക്കാരനുമല്ല. അത് അല്ലാഹുവിന്റെ ഒരു തീരുമാനമായിരുന്നു. ഖദ്വിര്‍(അ) മൂസാ(അ)നോട് ചോദിച്ചു:

”…തീര്‍ച്ചയായും താങ്കള്‍ക്ക്  എന്റെ  കൂടെ ക്ഷമിച്ചുകഴിയാന്‍ സാധിക്കില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ?” (ക്വുര്‍ആന്‍ 18:72).

ഉടനെ മൂസാ(അ) പറഞ്ഞു: ”…ഞാന്‍ മറന്നുപോയതിന് താങ്കള്‍ എന്റെ  പേരില്‍ നടപടി എടുക്കരുത്. എന്റെ കാര്യത്തില്‍ വിഷമകരമായ യാതൊന്നിനും താങ്കള്‍ എന്നെ നിര്‍ബന്ധിക്കുകയും ചെയ്യരുത്” (ക്വുര്‍ആന്‍ 18:73).

അല്ലാഹുവും നമ്മളും തമ്മിലുള്ള കരാറില്‍ മറന്ന് കൊണ്ട് വല്ല വീഴ്ചയും സംഭവിച്ചാല്‍ അതിന്റെ പേരില്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ ഇപ്രകാരം അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കപ്പെട്ടവരാണല്ലോ നാം: ‘ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ…’

ഈ പ്രാര്‍ഥനയും മൂസാ(അ) ഖദ്വിര്‍(അ)നോട് പറഞ്ഞതും ചേര്‍ത്ത് അല്ലാഹുവിന് പുറമെ മഹാത്മാക്കളോടും തേടാം എന്നതിന് തെളിവാക്കുന്നവരുണ്ട്. ഈ രണ്ട് വചനങ്ങളിലും പദങ്ങള്‍ ഏതാണ്ട് ഒരുപോലെയാണെങ്കിലും രണ്ടും രണ്ട് രൂപത്തിലുള്ള അപേക്ഷയാണ്. ഒന്ന് ഒരു സൃഷ്ടിയോട് മറന്ന് കൊണ്ട് ചെയ്ത ഒരു വീഴ്ചയാണ്. അതിന്റെ പേരില്‍ എന്നെ ശിക്ഷിക്കരുതെന്നാണ് മൂസാ(അ) പറഞ്ഞതിന്റെ ഉദ്ദേശ്യം. ആ രൂപത്തില്‍ നമ്മില്‍ വല്ല വീഴ്ചയും സംഭവിച്ചാല്‍ നമ്മളും ഇപ്രകാരം  പറയാറുണ്ടല്ലോ. ഞാന്‍ മറന്നതാണ്, അതിനാല്‍ എന്നോട് ദേഷ്യപ്പെടരുത്, എന്നെ ശിക്ഷിക്കരുത് എന്നൊക്കെ പറഞ്ഞാല്‍ അതിനെ പ്രാര്‍ഥനയായി കാണാറില്ല ആരും. ഇതെല്ലാം അല്ലാഹുവിനോട് ചോദിക്കുന്നത് പോലെയുള്ള ചോദ്യമാണെന്ന് ആരും പറയാറുമില്ലല്ലോ. എന്നാല്‍ ഈ ആളുകള്‍ ഇത് രണ്ടും ഒരുപോലെയാണെന്ന് പറഞ്ഞ്, മഹാത്മാക്കളോടും അല്ലാഹുവിനോട് ചോദിക്കുന്നത് പോലെ പാപങ്ങള്‍ പൊറുത്തു കിട്ടാന്‍  ചോദിക്കാം എന്ന് വാദിക്കുന്നു. ഖദ്വിര്‍(അ)ന്റെ കേള്‍വിയുടെ പരിധിക്ക് അപ്പുറത്ത് നിന്ന് അഭൗതികമായ മാര്‍ഗത്തിലൂടെയുള്ള ഒരു തേട്ടമാണ് അവിടെ സംഭവിച്ചെതെങ്കില്‍ ഇവരുടെ വാദത്തെ അത് ശരിവെക്കുമായിരുന്നു. 

ഖദ്വിര്‍(അ)നോട് മൂസാ(അ) അപ്രകാരം ഒരു അപേക്ഷ നടത്തിയപ്പോള്‍ അദ്ദേഹം അത് ശരിവെക്കുകയും ചെയ്തു. വീണ്ടും യാത്ര തുടര്‍ന്നു.

”അനന്തരം അവര്‍ ഇരുവരും പോയി. അങ്ങനെ ഒരു ബാലനെ അവര്‍ കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം അവനെ കൊന്നുകളഞ്ഞു. മൂസാ പറഞ്ഞു: നിര്‍ദോഷിയായ ഒരാളെ മറ്റൊരാള്‍ക്കു പകരമായിട്ടല്ലാതെ താങ്കള്‍ കൊന്നുവോ? തീര്‍ച്ചയായും നിഷിദ്ധമായ ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തിട്ടുള്ളത്” (ക്വുര്‍ആന്‍ 18:74).

കപ്പലില്‍ നിന്നും അവര്‍ ഇരുവരും ഇറങ്ങിയ ശേഷം കടല്‍ തീരത്തിലൂടെ നടക്കുമ്പോള്‍ ഒരു ബാലന്‍ മറ്റു കുട്ടികളുടെ കൂടെ കളിക്കുന്നത് കാണുകയാണ്. ഖദ്വിര്‍(അ) ആ കുട്ടിയെ പിടിച്ച് കൊന്നുകളഞ്ഞു. നബിﷺ പറഞ്ഞത് പോലെ, ഈ സംഭവം ആദ്യത്തേതിനെക്കാള്‍ കടുത്തതായിരുന്നു. ഇത് കണ്ട മൂസാ(അ) കരാര്‍ വീണ്ടും മറന്നു. അദ്ദേഹത്തോട് ചോദിച്ചു: എന്തിനാണ് ഈ പാവം കുട്ടിയെ താങ്കള്‍ കൊന്നത്? അപരാധമൊന്നും ചെയ്യാത്ത കുഞ്ഞിനെ കൊന്നത് കണ്ട മൂസാനബി(അ)ക്ക് വലിയ വിഷമമായി. നേരത്തെ ചോദിച്ചതിനെക്കാള്‍ ഒന്നുകൂടി ശക്തമായ ശൈലിയിലായിരുന്നു നബി(അ)യുടെ ചോദ്യം. അതിന് ഖദ്വിര്‍(അ) നല്‍കിയ മറുപടിയും കുറച്ച് ശക്തിയുള്ളതായിരുന്നു:

”അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ക്ക്  എന്റെ  കൂടെ ക്ഷമിച്ച് കഴിയുവാന്‍ സാധിക്കുകയേ ഇല്ല എന്ന് ഞാന്‍ താങ്കളോട് പറഞ്ഞിട്ടില്ലേ?”

ഖദ്വിര്‍(അ) രണ്ട് സന്ദര്‍ഭത്തിലായി നല്‍കിയ മറുപടിയിലെ ശൈലിയില്‍ മാറ്റം കാണുന്നില്ലേ? ആദ്യം പറഞ്ഞതില്‍ തീര്‍ച്ചയായും താങ്കള്‍ക്ക് ‘എന്റെ കൂടെ ക്ഷമിച്ചുകഴിയാന്‍ സാധിക്കില്ല’ എന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ എന്നാണുള്ളത്. രണ്ടാമത്തെതില്‍ ‘എന്റെ  കൂടെ ക്ഷമിച്ച് കഴിയുവാന്‍ സാധിക്കുകയേ ഇല്ല’ എന്നും. ഇവിടെ ‘നിന്നോടല്ലേ ഞാന്‍ പറഞ്ഞത്’ എന്ന രൂപത്തില്‍ ഒരു കാര്‍ക്കശ്യ ശൈലി ദൃശ്യമാണ്. 

ഖദ്വിര്‍(അ)ന്റെ മറുപടി കേട്ടപ്പോള്‍ മൂസാ(അ) വളരെ വിനീതനായി നിന്നു. ഞാന്‍ ചോദിച്ചത് ശരിയായില്ല എന്ന് അദ്ദേഹത്തിന് ബോധ്യമായി. ഉടനെ മൂസാ(അ) ഖദ്വിര്‍(അ)നോട് പറഞ്ഞു:

”…ഇതിന് ശേഷം വല്ലതിനെപ്പറ്റിയും ഞാന്‍ താങ്കളോട് ചോദിക്കുകയാണെങ്കില്‍ പിന്നെ താങ്കള്‍ എന്നെ സഹവാസിയാക്കേണ്ടതില്ല. എന്നില്‍ നിന്ന് താങ്കള്‍ക്ക്  ന്യായമായ കാരണം കിട്ടിക്കഴിഞ്ഞു” (ക്വുര്‍ആന്‍ 18:76).

വളരെ വിനയത്തോടെയായിരുന്നു മൂസാനബി(അ)യുടെ മറുപടി. ഇനിയും ക്ഷമയോടെ നിങ്ങളോടൊപ്പം എനിക്ക് നില്‍ക്കാന്‍ കഴിയില്ലെങ്കില്‍ എന്നെ കൂടെ കൂട്ടേണ്ടതില്ലെന്നും ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് മതിയായ കാരണം കിട്ടിക്കഴിഞ്ഞിരിക്കുന്നു എന്നും സമ്മതിച്ചു. എന്നാല്‍ അറിവിനോടുള്ള താല്‍പര്യം മൂലം ‘ഞാന്‍ ഇനി നിങ്ങളോടൊപ്പം വരുന്നില്ല’ എന്ന് അദ്ദേഹം പറഞ്ഞില്ല. 

ഖദ്വിര്‍(അ) അത് സമ്മതിച്ചു. വീണ്ടും അവര്‍ യാത്ര തുടര്‍ന്നു.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 22​

മൂസാ നബി (അ) - 22

മൂസാ(അ)യും ഖദ്വിര്‍(അ)യും

മൂസാനബി(അ)യുടെ ജീവിതത്തില്‍ ഏറെ പ്രസക്തമായ ഒരു യാത്ര നടന്നത് വിശുദ്ധ ക്വുര്‍ആനില്‍  (സൂറഃ അല്‍കഹ്ഫില്‍) വിവരിക്കുന്നുണ്ട്. ആ യാത്രയെ സംബന്ധിച്ചാണ് നാമിനി വിവരിക്കുന്നത്. 

ചരിത്രപരമായ ആ യാത്രയുടെ സാഹചര്യവും സന്ദര്‍ഭവും ആണ് ആദ്യമായി നാം അറിയേണ്ടത്. ആ യാത്രക്കു കാരണമായിത്തീര്‍ന്നത് എന്താണെന്ന് ക്വുര്‍ആന്‍ പ്രതിപാദിച്ചിട്ടില്ല. എന്നാല്‍ നബിﷺയുടെ വചനങ്ങളില്‍ അത് സംബന്ധമായി വന്നിട്ടുമുണ്ട്. ബുഖാരിയിലും മുസ്‌ലിമിലും വിശദമായി തന്നെ ആ വിവരണം നമുക്ക് കാണുവാന്‍ സാധിക്കുന്നതാണ്.

ക്വുര്‍ആന്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കുവാനാണല്ലോ നബിﷺ നിയോഗിതനായത്. അത്‌കൊണ്ടു തന്നെ ക്വുര്‍ആനില്‍ നിന്ന് നേരിട്ട് മനസ്സിലാക്കാന്‍ കഴിയാത്ത പല കാര്യങ്ങളും നബിﷺയുടെ വിശദീകരണത്തിലൂടെ നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. അത് അല്ലാഹു നമുക്ക് ചെയ്ത് തന്നിട്ടുള്ള വലിയ ഒരു അനുഗ്രഹമാണ്. 

അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുന്നു: എന്നോട് ഉബയ്യ്ബ്‌നു കഅ്ബ് പറഞ്ഞു; നബിﷺ പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതനായ മൂസാ(അ) ഒരു ദിവസം ജനങ്ങളെ ഉദ്‌ബോധിപ്പിക്കുകയായിരുന്നു. അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയും ഹൃദയം ലോലമാകുകയും ചെയ്യുന്നത് വരെ (ഉദ്‌ബോധിപ്പിച്ചു).”

ആ ഉദ്‌ബോദനത്തിലെ വിഷയം എന്തായിരുന്നു എന്ന് ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീഥില്‍ വന്നിട്ടുണ്ട്. അല്ലാഹുവിന്റെ ദിവസങ്ങളെ സംബന്ധിച്ച് അവരെ അദ്ദേഹം ഉദ്‌ബോധിപ്പിക്കുകയായിരുന്നു, (ആ ദിവസങ്ങളില്‍ അല്ലാഹു ചെയ്യുന്ന അവന്റെ അനുഗ്രഹങ്ങളെയും പരീക്ഷണങ്ങളെയും പറ്റി). അടിമകള്‍ അല്ലാഹുവിനോട് ചെയ്യേണ്ടുന്ന കടമകളെയും കടപ്പാടുകളെയും പറ്റിയുള്ള ഒരു പ്രസംഗമായിരുന്നു അത്. ആ പ്രസംഗം അവരുടെ കണ്ണുകളെ നനയിപ്പിക്കുന്നതും ഹൃദയങ്ങളെ ലോലമാക്കുന്നതുമായിരുന്നു. അത്രയും ഭക്തി സാന്ദ്രമായ ഒരു ഉദ്‌ബോധനമായിരുന്നു അത്. 

(പ്രസംഗത്തിന് ശേഷം) അദ്ദേഹം ഒന്ന് മാറി. അപ്പോള്‍ അദ്ദേഹത്തെ ഒരാള്‍ കണ്ടു. എന്നിട്ട് അയാള്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഭൂമിയില്‍ അങ്ങയെക്കാളും കൂടുതല്‍ അറിവുള്ളവര്‍ വല്ലവരും ഉണ്ടോ?’ (മുസാ(അ)) പറഞ്ഞു: ‘ഇല്ല.’

മൂസാനബി(അ)യുടെ വൈജ്ഞാനികമായ ആ സംസാരം കേട്ടപ്പോള്‍ അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകും; മൂസാ(അ)യെക്കാള്‍ അറിവുള്ളവര്‍ ഉണ്ടാകില്ലെന്ന്. അതിനാലാകാം ഇങ്ങനെ ചോദിച്ചത്. മൂസാ(അ) ആ ചോദ്യത്തിന് ഇല്ല എന്ന് മറുപടിയും നല്‍കി. മൂസാനബി(അ)ക്ക് അന്ന് ഭൂമിയില്‍ അദ്ദേഹത്തെക്കാള്‍ അറിവുള്ള ഒരാളെയും പരിചയമില്ല. അതിനാലാണ് ‘ഇല്ല’ എന്ന് മറുപടി നല്‍കിയത്. 

തന്റെ അറിവിനെ അല്ലാഹുവിലേക്ക് മടക്കാത്തതിന്റെ പേരില്‍ അല്ലാഹു അദ്ദേഹത്തെ ആക്ഷേപിച്ചു.

പറയപ്പെട്ടു: ‘അല്ല (ഉണ്ട്).’ അദ്ദേഹം ചോദിച്ചു: ‘രക്ഷിതാവേ, എങ്കില്‍ (അദ്ദേഹം) എവിടെയാണ്?’ അല്ലാഹു പറഞ്ഞു: ‘രണ്ട് സമുദ്രങ്ങള്‍ സംഗമിക്കുന്നിടത്ത്.’ മൂസാ(അ) പറഞ്ഞു: ‘രക്ഷിതാവേ, ആ സ്ഥലം എനിക്ക് അറിയുന്നതിനായി നീ എനിക്ക് ഒരു അടയാളം നിശ്ചയിച്ച് തരുമോ?’

തന്നെക്കാള്‍ വലിയ അറിവുള്ള ഒരാള്‍ ഉണ്ടെന്ന വിവരം അറിഞ്ഞപ്പോള്‍ അതിനെ മൂസാ(അ) അത് നിഷേധിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്തില്ല. നിലവില്‍ തന്നെക്കാള്‍ അറിവുള്ള ഒരാളെ പറ്റി അദ്ദേഹത്തിന് അറിവില്ലായിരുന്നു. അതുകൊണ്ട് ‘അല്ലാഹു അഅ്‌ലം’ (അല്ലാഹുവാണ് നന്നായി അറിയുന്നവന്‍) എന്ന് പറയലായിരുന്നു പൂര്‍ണാര്‍ഥത്തില്‍ അതിനുള്ള മറുപടി. അപ്രകാരം ചെയ്യാത്തതിനാലാണ് അല്ലാഹു മൂസാ(അ)യെ തിരുത്തിയത്. 

തന്നെക്കാള്‍ അറിവുള്ള ഒരാള്‍ രണ്ട് സമുദ്രങ്ങള്‍ സംഗമിക്കുന്നിടത്തുണ്ട് എന്ന് അറിഞ്ഞപ്പോള്‍ മൂസാനബി(അ)ക്ക് ആവേശമായി. അദ്ദേഹത്തിന്റെ മനസ്സില്‍ വലിയ ആകാംക്ഷയായി. അദ്ദേഹത്തെ സന്ദര്‍ശിക്കാനും അദ്ദേഹത്തില്‍നിന്ന് വിജ്ഞാനം നേടാനും ആഗ്രഹമായി. ആ പ്രദേശത്തേക്ക് പോകുവാന്‍ ഒരു അടയാളം നിശ്ചയിച്ച് തരുമോ എന്ന് മൂസാ(അ) അല്ലാഹുവിനോട് ചോദിച്ചു. 

അല്ലാഹു പറഞ്ഞു: ‘താങ്കള്‍ ഒരു ജീവനില്ലാത്ത മത്സ്യത്തെ എടുക്കുക. അതില്‍ ആത്മാവ് ഊതപ്പെടുന്നതാണ്.’ മുസ്‌ലിന്റെ റിപ്പോര്‍ട്ടില്‍ ‘ഉപ്പ് തേച്ച മത്സ്യം’ എന്ന് പ്രത്യേകം വന്നിട്ടുണ്ട്. ‘അങ്ങനെ അതുമായി നീ പോകുക. ഒരു സ്ഥലത്ത് എത്തുമ്പോള്‍ അതിന് അല്ലാഹു ജീവന്‍ നല്‍കുന്നതും അവിടെ വെച്ച് അത് പിടഞ്ഞ് നഷ്ടപ്പെട്ട് പോകുന്നതുമാണ്. ആ മത്സ്യം എവിടെ വെച്ച് നീയുമായി ബന്ധം മുറിയുന്നുവോ അവിടെയാണ് അദ്ദേഹം ഉണ്ടാകുക’- ഇതാണ് അല്ലാഹു മൂസാനബി(അ)ക്ക് നല്‍കിയ അടയാളം. 

അങ്ങനെ മൂസാ(അ) ഒരു മത്സ്യത്തെ പിടിച്ചു. അതിനെ ഒരു കൊട്ടയില്‍ ആക്കി. എന്നിട്ട് അദ്ദേഹം തന്റെ ഭൃത്യനോട് പറഞ്ഞു: ‘ഈ മത്സ്യം എവിടെ വെച്ചാണോ നിന്നോട് വേര്‍പിരിയുന്നത്, അത് എന്നെ അറിയിക്കുവാനല്ലാതെ നിന്നോട് ഞാന്‍ മറ്റൊന്നിനും നിര്‍ബന്ധിക്കുന്നതല്ല.’

അല്ലാഹു അറിയിച്ചത് പ്രകാരം മൂസാ(അ) ഒരു മത്സ്യത്തെ പിടിച്ചു. എന്നിട്ട് ഓലകൊണ്ടോ മറ്റോ ഉണ്ടാക്കിയിട്ടുള്ള ഒരു കൊട്ടയില്‍ അതിനെ ഇടുകയും ചെയ്തു. ദീര്‍ഘമായ യാത്രയും തനിച്ച് പോകുന്നത് പ്രയാസകരവും ആയതിണാല്‍ ഒരു ഭൃത്യനെ സഹായത്തിനായി കൂടെ കൂട്ടുകയും ചെയ്തിരുന്നു. ആ ചെറുപ്പക്കാരന്‍ യുശഅ്ബ്‌നു നൂന്‍(അ) ആണെന്ന് ചില നിവേദനങ്ങളില്‍ വന്നിരിക്കുന്നു. യൂശഅ്(അ)ന്റെപേര് ക്വുര്‍ആന്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ചില ഹദീഥുകളില്‍ വന്നിട്ടുണ്ട്. 

ഭൃത്യനായ യൂശഅ്(അ)ന്റെ കൂടെ മൂസാ(അ) യാത്ര പുറപ്പെട്ടു. ആ മത്സ്യത്തെ ശ്രദ്ധിക്കുന്ന കാര്യം മൂസാ(അ) അദ്ദേഹത്തെയാണ് ഏല്‍പിച്ചിരുന്നത്. അദ്ദേഹത്തോട് ആ മത്സ്യം എവിടെ വെച്ചാണോ നഷ്ടപ്പെടുന്നത്, അപ്പോള്‍ തന്നെ ആ വിവരം എന്നെ അറിയിക്കണം എന്ന് കല്‍പിക്കുകയും ചെയ്തു. ഇതല്ലാത്ത മറ്റൊന്നും ഞാന്‍ നിന്നെ ഏല്‍പിക്കുന്നില്ലെന്നും പറഞ്ഞു.

യൂശഅ്(അ) പറഞ്ഞു: കുറെ കാര്യങ്ങളൊന്നും എന്നെ നിങ്ങള്‍ ഏല്‍പിച്ചിട്ടില്ലല്ലോ. ഈ മത്സ്യം നഷ്ടമാകുന്നത് എവിടെവെച്ചാണോ അവിടെവെച്ച് താങ്കളെ അറിയിക്കുന്നതാണ്. അല്ലാഹു പറയുന്നു:

”മൂസാ തന്റെ ഭൃത്യനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) ഞാന്‍ രണ്ട് കടലുകള്‍ കൂടിച്ചേരുന്നിടത്ത് എത്തുകയോ, അല്ലെങ്കില്‍ സുദീര്‍ഘയമായ ഒരു കാലഘട്ടം മുഴുവന്‍ നടന്ന് കഴിയുകയോ ചെയ്യുന്നത് വരെ ഞാന്‍ (ഈ യാത്ര) തുടര്‍ന്ന്  കൊണ്ടേയിരിക്കും” (ക്വുര്‍ആന്‍ 18:60).

മൂസാ നബി(അ)യുടെ അറിവിനോടുള്ള ഈ താല്‍പര്യം മുസ്‌ലിംകള്‍ക്ക് അറിവ് അന്വേഷിച്ച് പോകുന്നതില്‍ പ്രേരണയാകേണ്ടതുണ്ട്. മൂസാ(അ) അല്ലാഹുവിന്റെ സന്ദേശം ലഭിച്ചുകൊണ്ടിരിക്കുന്ന പ്രവാചകനാണ്; അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്ത ‘ഉലുല്‍അസ്മില്‍’ മഹാനുമാണ്. ഈ ക്വുര്‍ആന്‍ വചനത്തെ വിവരിക്കുന്നിടത്ത് പണ്ഡിതന്മാര്‍ ഇപ്രകാരം രേഖപ്പെടുത്തിയതായി കാണാം. 

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: ”അല്ലാഹുവാണ് സത്യം. അവനല്ലാതെ ഒരു ആരാധ്യനില്ല. അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ഇറക്കപ്പെട്ട ഏതൊരു അധ്യായവും, അത് എവിടെ ഇറങ്ങി എന്ന് നന്നായി അറിയുന്നവനാണ് ഞാന്‍. അല്ലാഹുവിന്റെ കിതാബിലെ ഒരു സൂക്തവും അത് ഏത് കാര്യത്തിലാണ് ഇറങ്ങിയതെന്ന് ഞാന്‍ അറിയാത്തവനായിട്ടല്ലാതെ ഇറങ്ങിയിട്ടില്ല. അല്ലാഹുവിന്റെ കിതാബിനെ സംബന്ധിച്ച് എന്നെക്കാള്‍ നന്നായി അറിയുന്ന ഒരാളുണ്ടെന്ന് ഞാന്‍ അറിയുകയാണെങ്കില്‍ (ഞാന്‍) ഒട്ടകത്തെ തയ്യാറാക്കി അതില്‍ കയറി അവിടേക്ക് എത്തുമായിരുന്നു” (ബുഖാരി).

അല്ലാഹുവിന്റെ കിതാബിനെ സംബന്ധിച്ച് അവഗാഹമായ അറിവുള്ള മഹാനായിരുന്നു അബ്ദുല്ലാഹ്(റ). ക്വുര്‍ആനിനെ സംബന്ധിച്ച് അദ്ദേഹത്തിന് ലഭിച്ചിട്ടില്ലാത്ത വല്ല അറിവിനെ സംബന്ധിച്ചുമുള്ള വാര്‍ത്ത കേട്ടാല്‍ അവിടേക്ക് എന്ത് പ്രയാസവും സഹിച്ച് അദ്ദേഹം എത്തുമായിരുന്നു. ഈ വിജ്ഞാന ത്വര ഇന്ന് നമ്മില്‍ എത്ര പേര്‍ക്കുണ്ട് എന്ന് നാം സ്വയം വിലയിരുത്തേണ്ടതുണ്ട്. 

ആധുനിക യുഗത്തില്‍ അറിവ് വിരല്‍ തുമ്പുകളിലാണ്. യഥാര്‍ഥത്തില്‍ അറിവ് സ്വീകരിക്കേണ്ടത് ഗുരുമുഖത്ത് നിന്നാണ്. മറ്റുള്ളതിനെയൊക്കെ കണ്ടെത്താനുള്ള മാര്‍ഗങ്ങളായിട്ടേ നാം കാണാവൂ. ഇന്റര്‍നെറ്റിനെ മാത്രം ആശ്രയിച്ച് അറിവ് നേടുകയും ഗുരുനാഥന്മാരെയും പണ്ഡിതന്മാരെയും ആശ്രയിക്കാതെ ലഭിക്കുന്ന ആ അറിവിനെ അവലംബിക്കുകയും ചെയ്യുന്നത് പലപ്പോഴും അപകടത്തിലേക്കാണ് നയിക്കുക. ക്വുര്‍ആന്‍ പഠിക്കാന്‍ ‘ഉലൂമുല്‍ ക്വുര്‍ആന്‍’ എന്ന ശാഖയുണ്ട്. അത് അറിയുന്ന ഒരാള്‍ ക്വുര്‍ആന്‍ വിവരിക്കുന്നത് പോലെയാകില്ല അത് അറിയാത്ത ഒരാള്‍ ക്വുര്‍ആന്‍ വിവരിക്കുന്നത്. ഹദീഥിനെ അറിയാന്‍ ‘ഉസ്വൂലുല്‍ ഹദീഥ്’ എന്ന നിദാനശാസ്ത്രമുണ്ട്. അത് അറിയാത്തവന്‍ ഹദീഥിനെ കുറിച്ച് വിവരിക്കുമ്പോള്‍ അപകടം സംഭവിക്കുക സ്വാഭാവികം. കര്‍മശാസ്ത്രത്തിന്റെ കാര്യവും അങ്ങനെത്തന്നെ. 

ഒരു ഉദാഹരണം കാണുക: അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)വിന്റെ വാക്കുകള്‍ നാം ബുഖാരിയില്‍ നിന്ന് ഉദ്ധരിച്ചല്ലോ. ഈ റിപ്പോര്‍ട്ടില്‍ ‘അബ്ദുല്ലാഹ്’ എന്നേ വന്നിട്ടുള്ളൂ. അപ്പോള്‍ എങ്ങനെയാണ് അബ്ദുല്ലാഹിബ്‌നു മസ്ഊദ് എന്ന് നാം തെളിയിച്ച് പറഞ്ഞത്? അബ്ദുല്ലാഹ് എന്ന് ഹദീഥിലെ സനദില്‍ കണ്ടാല്‍ അത് അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) ആണെന്നത് ഉസ്വൂലുല്‍ ഹദീഥിലെ തത്ത്വമാണ്. ഇത് അറിയാത്ത ഒരാള്‍ അത് അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) എന്ന് കരുതാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ മറ്റേതെങ്കിലും അബ്ദുല്ലാഹിലേക്ക് ചേര്‍ത്തിപ്പറയാന്‍ സാധ്യതയുണ്ട്. അങ്ങനെ അറിയാതെ സ്വഹാബിമാരുടെ പേരില്‍ കളവ് പറയുന്ന അവസ്ഥയുണ്ടാകും. അതിനാലാണ് നല്ല ഗുരുമുഖത്ത് നിന്ന് തന്നെയാകണം അറിവ് സ്വീകരിക്കേണ്ടത് എന്ന് പറയുന്നത്.

”അങ്ങനെ അവര്‍ അവ (കടലുകള്‍) രണ്ടും കൂടിച്ചേരുന്നിടത്തെത്തിയപ്പോള്‍ തങ്ങളുടെ മത്സ്യത്തിന്റെ കാര്യം മറന്നുപോയി. അങ്ങനെ അത് കടലില്‍ (ചാടി) അത് പോയ മാര്‍ഗം ഒരു തുരങ്കം (പോലെ) ആക്കിത്തീര്‍ത്തു” (ക്വുര്‍ആന്‍ 18:61).

അവരുടെ യാത്ര പറയപ്പെട്ട ആ രണ്ട് സമുദ്രങ്ങളുടെ സംഗമ സ്ഥാനത്ത് എത്തി. പക്ഷേ, അവര്‍ രണ്ട് പേരും അവരുടെ അടുക്കലുള്ള മത്സ്യത്തിന്റെ കാര്യം മറന്നിരുന്നു. മത്സ്യം സമുദ്രത്തില്‍ ചാടി. അത് അവര്‍ അറിഞ്ഞതുമില്ല. എന്നാല്‍ ആ മത്സ്യം സമുദ്രത്തിലൂടെ പോയ മാര്‍ഗം ഒരു തുരങ്കം പോലെ ആയി മാറിയിരുന്നു. അത് വിശദീകരിച്ച് കൊണ്ട് നബിﷺ പറയുകയാണ്:

”അവര്‍ രണ്ട് പേരും ഒരു പാറക്കെട്ടില്‍ എത്തിച്ചേരുന്നത് വരെ (അവരുടെ യാത്ര എത്തി). ഇരുവരും ഒന്ന് താല ചായ്ച്ചു. അങ്ങനെ ഇരുവരും ഉറങ്ങുകയും ചെയ്തു. കൊട്ടയിലുള്ള മത്സ്യം പിടക്കാന്‍ തുടങ്ങി. അത് കൊട്ടയില്‍ നിന്ന് പുറത്ത് ചാടി സമുദ്രത്തില്‍ വീണു. (അങ്ങനെ അത് കടലില്‍ (ചാടി) അത് പോയ മാര്‍ഗം ഒരു തുരങ്കം (പോലെ) ആക്കിത്തീര്‍ത്തു). മത്സ്യം പോയ വഴിയെ തൊട്ട് അല്ലാഹു വെള്ളത്തിന്റെ ഒഴുക്കിനെ പിടിച്ചു നിര്‍ത്തി. അങ്ങനെ അത് ഒരു ചെറിയ മാളം പോലെ ആയിത്തീര്‍ന്നു.

ഇരുവരും യാത്രാക്ഷീണത്താല്‍ ഉറങ്ങിപ്പോയി. യൂശഅ്(അ) പെട്ടെന്ന് ഉണര്‍ന്ന് നോക്കുമ്പോള്‍ കൊട്ടയില്‍ മത്സ്യം പിടക്കുന്നത് കണ്ടു. ആ സമയം വരെയും മത്സ്യത്തിന് ജീവനില്ലായിരുന്നല്ലോ. അല്ലാഹു അറിയിച്ച പ്രകാരം അതിന് ജീവന്‍ കിട്ടിയിരിക്കുന്നു. അങ്ങനെ അത് ആ കൊട്ടയില്‍ കിടന്ന് പിടഞ്ഞ് പുറത്ത് ചാടുകയും സമുദ്രത്തില്‍ ഊളിയിട്ട് പോകുകയും ചെയ്തു. അത് പോയ വഴിക്ക് വെള്ളത്തെ ഒഴുക്കാതെ അല്ലാഹു നിശ്ചലമാക്കുകയും ഒരു ചെറിയ മാളം പോലെ അത് ആയിത്തീരുകയും ചെയ്തു. 

”മത്സ്യം പിടക്കുന്ന വേളയില്‍ മൂസാ(അ) ഉറങ്ങുകയായിരുന്നു. അപ്പോള്‍ ഭൃത്യന്‍ (മനസ്സില്‍) പറഞ്ഞു: ‘ഞാന്‍ അദ്ദേഹം ഉണരുന്നത് വരെ ഉണര്‍ത്തുകയില്ല.’ ഉണര്‍ന്നപ്പോള്‍ ആ വിവരം അറിയിക്കാന്‍ അദ്ദേഹം മറക്കുകയും ചെയ്തു. മത്സ്യം സമുദ്രത്തില്‍ പ്രവേശിക്കുന്നത് വരെ പിടയുകയും ചെയ്തു. അങ്ങനെ സമുദ്രത്തില്‍ (അത് പോയ സ്ഥലത്ത്) അതിന്റെ ഒരു അടയാളം ഉണ്ടായിത്തീരുന്നത് വരെ അല്ലാഹു സമുദ്രത്തിന്റെ ഒഴുക്കിനെ അതിനെ തൊട്ട് പിടിച്ച് വെക്കുകയും ചെയ്തു. എന്നോട് അംറ് പറഞ്ഞു: ‘കല്ലില്‍ ഉണ്ടാകുന്നത് പോലെ അതിന്റെ അടയാളം ഇപ്രകാരം ആയിത്തീര്‍ന്നു’ എന്ന് പറഞ്ഞ് നബിﷺ തന്റെ ചൂണ്ടുവിരലുകളും തള്ളവിരലുകളും ചേര്‍ത്ത് അവക്കിടയില്‍ ഒരു വട്ടക്കണ്ണി ഉണ്ടാക്കുകയും ചെയ്തു.”

മത്സ്യം പോയത് യൂശഅ് അറിഞ്ഞതാണ്. വിവരം മൂസാ(അ) ഉണര്‍ന്നാലുടന്‍ പറയണമെന്ന് കരുതിയതാണ്. എന്നാല്‍ ഉറക്കം നീണ്ടപ്പോള്‍ അദ്ദേഹം മറന്നുപോയി. 

”മൂസാ ഉണര്‍ന്നപ്പോള്‍ മത്സ്യത്തെ കുറിച്ചുള്ള വാര്‍ത്ത അറിയിക്കാന്‍ അദ്ദേഹത്തിന്റെ കൂട്ടുകാരന്‍ മറന്നു. അങ്ങനെ അടുത്ത ദിവസം ആകുന്നത് വരെ രണ്ടു പേരും അവരുടെ ആ ദിവസത്തിലെ ബാക്കിയുള്ള പകലിലും രാത്രിയിലും യാത്ര തുടര്‍ന്നു. മൂസാ(അ) ഭൃത്യനോട് പറഞ്ഞു: നമ്മുടെ ഈ യാത്ര നിമിത്തം നമുക്ക് ക്ഷീണം നേരിട്ടിരിക്കുന്നു” (ക്വുര്‍ആന്‍ 18:62).

ഉറക്കില്‍ നിന്നും എഴുന്നേറ്റപ്പോള്‍ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടുണ്ടാകില്ല എന്നു വിചാരിച്ച് ഇരുവരും യാത്ര തുടര്‍ന്നു. കുറെ ദൂരം യാത്ര ചെയ്തപ്പോള്‍ മൂസാനബി(അ)ക്ക് വിശക്കാന്‍ തുടങ്ങി. യാത്രക്ക് തയ്യാറെടുക്കുന്ന സമയത്ത് തന്നെ അവര്‍ ഭക്ഷണം കരുതിയിരുന്നു. ഭൃത്യനോട് പ്രാതല്‍ കഴിക്കാനായി ഭക്ഷണം എടുക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ അദ്ദേഹം ഇപ്രകാരം മറുപടി നല്‍കി:

”അവന്‍ പറഞ്ഞു: താങ്കള്‍ കണ്ടുവോ? നാം ആ പാറക്കല്ലില്‍ അഭയം പ്രാപിച്ച സന്ദര്‍ഭത്തില്‍ ഞാന്‍ ആ മത്സ്യത്തെ മറന്നുപോകുക തന്നെ ചെയ്തു. അത് പറയാന്‍ എന്നെ മറപ്പിച്ചത് പിശാചല്ലാതെ മറ്റാരുമല്ല. അത് കടലിലൂടെ സഞ്ചരിച്ച വഴി ഒരു അത്ഭുതമാക്കിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു” (ക്വുര്‍ആന്‍ 18:63).

യൂശഅ്(അ) മൂസാനബി(അ)യോട് ആ മത്സ്യം ചാടിപ്പോയ സമയവും അത് പോയപ്പോള്‍ സമുദ്രത്തില്‍ വന്ന മാറ്റവുമെല്ലാം വിവരിച്ചു. ഈ കാര്യം എന്നെ നിങ്ങളെ ഓര്‍മപ്പെടുത്താതെ മറപ്പിച്ച് കളഞ്ഞത് പിശാചാണ് എന്ന് ഖേദത്തോടെ പറയുകയും ചെയ്തു.

സഹോദരന്‍ മറന്നതിന്റെ പേരില്‍ മൂസാ(അ) അദ്ദേഹത്തോട് ദേഷ്യപ്പെടുകയൊന്നും ചെയ്തില്ല. കാരണം, മറവി എല്ലാവര്‍ക്കും സംഭവിക്കുന്നതാണല്ലോ.

മൂസാനബി(അ) തിരിച്ചുപോകാന്‍ തീരുമാനിച്ചു. അങ്ങനെ ഇരുവരും തിരിഞ്ഞ് നടക്കുകയാണ്. മൂസാ(അ) ഇപ്രകാരം പറയുകയും ചെയ്തു.

”…അതുതന്നെയാണ് നാം തേടിക്കൊണ്ടിരുന്നത്. ഉടനെ അവര്‍ രണ്ട് പേരും തങ്ങളുടെ കാല്‍പാൂടുകള്‍ നോക്കിക്കൊണ്ട് മടങ്ങി”(ക്വുര്‍ആന്‍ 18:64).

അവര്‍ വന്ന വഴി തെറ്റിപ്പോകാതിരിക്കാന്‍ അവരുടെ കാല്‍പാടുകളെ നോക്കി നടന്നു. നബിﷺ പറയുന്നു:

”അവര്‍ ഇരുവരും ആ പാറയുള്ളിടത്ത് എത്തുന്നതു വരെ അവരുടെ കാല്‍പാടുകളെ പിന്തുടര്‍ന്ന് നടന്നു.”

അല്ലാഹു പറയുന്നു: ”അപ്പോള്‍ അവര്‍ രണ്ടുപേരും നമ്മുടെ ദാസന്മാരില്‍ ഒരാളെ കണ്ടെത്തി. അദ്ദേഹത്തിന് നാം നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം നല്‍കുകയും നമ്മുടെ പക്കല്‍ നിന്നുള്ള ജ്ഞാനം നാം അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്”(ക്വുര്‍ആന്‍ 18:65).

അപ്പോള്‍ അല്ലാഹുവിന് ഇഷ്ടമുള്ള അവന്റെ ഒരു ദാസനെ അവിടെ വെച്ച് ഇരുവരും കാണുകയാണ്. നബിﷺ ആ രംഗം വിവരിക്കുന്നു:

”അപ്പോഴതാ, വസ്ത്രം കൊണ്ട് ശരീരം മുഴുക്കെ മൂടിപ്പുതച്ച് ഒരാള്‍ കിടക്കുന്നു.”

മുസ്‌ലിമിന്റെ റിപ്പോര്‍ട്ടില്‍ ‘അപ്പോഴതാ ഖദ്വിര്‍ ശരീരം മുഴുവന്‍ വസ്ത്രം കൊണ്ട് മൂടി ഉറങ്ങുന്നു” എന്നാണുള്ളത്.

ക്വുര്‍ആനില്‍ ‘ഒരു അടിമ’ എന്നാണ് പറഞ്ഞിട്ടുള്ളത്. ആ അടിമയുടെ പേര് ഹദീഥില്‍ ഖദ്വിര്‍ എന്ന് വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഖദ്വിര്‍ എന്നും ഖിദ്വ്ര്‍ എന്നും വായനയുണ്ട്. എന്നാല്‍ ഹദീഥുകളില്‍ ഖദ്വിര്‍ എന്ന പരാമര്‍ശമാണ് അധികവും കാണുന്നത്.

 പ്രവാചകന്മാരുടെ പേര് പറയുന്ന കൂട്ടത്തില്‍ ക്വുര്‍ആനില്‍ ഇദ്ദേഹത്തിന്റെ പേര് വന്നിട്ടില്ല. എന്നാല്‍ ഹദീഥുകളില്‍ അദ്ദേഹം പ്രവാചകനാണെന്നതിന് വലിയ സൂചനയും ഉണ്ട്. അദ്ദേഹം ഒരു വലിയ്യ് ആണെന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഒരു പ്രവാചകനാണ് എന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്.

അല്ലാഹു തന്റെ ആ അടിമക്ക് ധാരാളം കാരുണ്യം ചെയ്തിട്ടുണ്ടെന്നും ക്വുര്‍ആന്‍ സ്പഷ്ടമാക്കിയിരിക്കുന്നു. അതോടൊപ്പം അല്ലാഹു ചില പ്രത്യേക അറിവും അദ്ദേഹത്തിന് പകര്‍ന്ന് കൊടുത്തിട്ടുണ്ട്. 

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

Q1

പാപമോചനത്തിന്‍റെ വഴികള്‍

മനുഷ്യര്‍ പാപങ്ങള്‍ ചെയ്യുന്നവരാണ്. പാപങ്ങള്‍ മനുഷ്യ ജീവിതത്തില്‍ ഉണ്ടാക്കുന്ന അനന്തര ഫലങ്ങള്‍ വളരെ വലിയതാണ്. ജീവിതത്തില്‍ ചെയ്ത് പോയ പാപങ്ങള്‍ പൊറുക്കപ്പെടുന്നതിന് ധാരാളം വഴികള്‍ ഇസ്‌ ലാം പഠിപ്പിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

1 / 19

അഞ്ച് നേരം കുളിക്കുന്നവന്‍റെ ശരീരത്തില്‍ അഴുക്കുകളില്ലാത്ത പോലെ …………………………. ഒരുവന്‍റെ പാപങ്ങളെ മായ്ക്കും ?

2 / 19

സദസ്സ് പിരിയുമ്പോഴുള്ള പ്രാര്‍ത്ഥനയുടെ മഹത്വം എന്ത് ?

3 / 19

നിങ്ങള്‍ രാവിലും  പകലിലും തിന്‍മകള്‍ ചെയ്യുന്നു, ഞാന്‍ പാപങ്ങള്‍ മുഴുവന്‍ പൊറുത്ത് തരും. നിങ്ങള്‍ എന്നോട് ……………………….. ഞാന്‍ നിങ്ങള്‍ക്ക് പൊറുത്ത് തരാം.

4 / 19

നബി صلى الله عليه وسلم പറഞ്ഞു: നീ തിന്‍മക്ക് ശേഷം നന്‍മ തുടര്‍ത്തുക. എങ്കില്‍ നന്‍മ ………………………………? (തിര്‍മിദി)

5 / 19

ആരെങ്കിലും ഒരു ദിവസം നൂറ് പ്രാവശ്യം …………………………. ചൊല്ലിയാല്‍ അവന്റെ പാപങ്ങള്‍ കടലിലെ നുരയോളം ഉണ്ടെങ്കിലും പൊറുക്കപ്പെടും. (ബുഖാരി, മുസ്ലിം)

6 / 19

നിശ്ചയം നന്‍മകള്‍ തിന്‍മകളെ ………………………………. ആക്കും. (വിശുദ്ധ ക്വുര്‍ആന്‍)

7 / 19

നമസ്കാരത്തില്‍ ഒരാളുടെ  ആമീന്‍ പറയല്‍ മലക്കുകളുടെ ആമീനുമായി യോജിച്ചാല്‍ …………………..?

8 / 19

നമസ്കാര ശേഷം സുബ് ഹാനല്ലാഹ്, അല്‍ഹംദു ലില്ലാഹ്, അല്ലാഹു അക്ബര്‍ എന്നിവ 33 തവണയും
لا إله إلا الله وحده لا شريك له، له الملكُ وله الحمدُ وهو على كل شيءٍ قدير എന്ന് ഒരു തവണയും പറഞ്ഞാല്‍ ലഭിക്കുന്ന പ്രതിഫലം എന്ത് ?

9 / 19

ഇമാം റുകൂഇല്‍നിന്ന് ഉയരുകയും سَمِعَ الله لِمَنْ حَمِدَه എന്ന് പറയുകയും ചെയ്‌താല്‍ മഅ”മൂം …………………… എന്ന് പറയുന്നത് മലക്കുകളുടെ പറച്ചിലുമായി യോജിച്ച് വന്നാല്‍ അവന്റെ മുമ്പ് ചെയ്ത പാപങ്ങള്‍ പൊറുക്കപ്പെടും . (ഹദീസ്)

10 / 19

രണ്ട് ജുമുഅകള്‍ക്കിടയിലെ പാപങ്ങള്‍ പൊറുക്കപ്പെടാന്‍ കാരണമാകുന്ന കര്‍മം ഏത് ?

 

11 / 19

മരം ഇല പൊഴിക്കുന്നത് പോലെ പാപങ്ങള്‍ കൊഴിഞ്ഞു പോകാന്‍ കാരണമാകുന്ന ഒരു കാര്യമാണ് ……………………………?

12 / 19

ആരെങ്കിലും 100 തവണ ………………………… എന്ന് ചൊല്ലിയാല്‍ അവന് ആയിരം നന്‍മകള്‍ രേഖപ്പെടുത്തപ്പെടും, അല്ലെങ്കില്‍ അവനില്‍ നിന്ന് ആയിരം തിന്‍മകള്‍ മായ്ക്കപ്പെടും. (മുസ്ലിം)

13 / 19

ആരെങ്കിലും ഭക്ഷണം കഴിച്ചിട്ട് الحمدُ لله الذي أطعمَني هذا ورزَقنيه من غير حولٍ مني ولا قوةٍ എന്ന് പറഞ്ഞാല്‍ അവന് ലഭിക്കുന്നതെന്ത്?

14 / 19

ആശൂറാഅ” നോമ്പിന്‍റെ പ്രതിഫലം എന്ത് ?

 

15 / 19

ഒരു മുസ്ലിമിന് മനപ്രയാസമോ, ദുഖമോ , ഉപദ്രവമോ, ക്ലേശമോ സംഭവിച്ചാല്‍ അത് മുഖേന അവന് ………………………………

16 / 19

റബ്ബ് പറയും: ഞാന്‍ നിങ്ങളെ (മലക്കുകളെ) സാക്ഷികളാക്കി പറയുന്നു: നിശ്ചയം ഞാന്‍ അവര്‍ക്ക് പൊറുത്ത് കൊടുത്തിരിക്കുന്നു. (ബുഖാരി, മുസ്ലിം)  ഇത് ആരെക്കുറിച്ച് പറഞ്ഞതാണ്.

17 / 19

അറഫാ നോമ്പിന്‍റെ പ്രത്യേകത എന്ത് ?

 

18 / 19

ഒരു ഉംറ മുതല്‍ അടുത്ത……………….വരെ അവക്കിടയിലുള്ള (പാപങ്ങള്‍ക്ക്) പ്രായശ്ചിത്തമാണ്. (ഹദീസ്)

19 / 19

മുമ്പ് ചെയ്ത പാപങ്ങള്‍ പൊറുക്കപ്പെടാന്‍ കാരണമാകുന്ന കര്‍മങ്ങള്‍ അടയാളപ്പെടുത്തുക?

Your score is

മൂസാ നബി (അ) – 21

മൂസാ നബി (അ) - 21

ക്വാറൂനിന്റെ ദുരന്തം

അനേകം അനുഗ്രഹങ്ങള്‍ക്കും തെളിവുകള്‍ക്കും സാക്ഷികളായ ബനൂഇസ്‌റാഈല്യര്‍ ഒരിക്കല്‍ പോലും നന്ദി കാണിക്കുവാന്‍ തയ്യാറായില്ല. അതു കാരണത്താല്‍ അവരുടെ ഹൃദയം കല്ലിനെ പോലും തോല്‍പിക്കും വിധം കടുത്തതായി മാറി. 

മൂസാനബി(അ)യുടെ കാലത്ത് അധികാരത്തിന്റെ ഹുങ്ക് കൊണ്ട് ധിക്കാരം കാണിച്ച, ലോകം കണ്ട ഏറ്റവും വലിയ ധിക്കാരിയായ ഫിര്‍ഔനിന്റെ പതനത്തെക്കുറിച്ച് നാം മനസ്സിലാക്കിയല്ലോ. അധികാരത്തിന്റെ അഹങ്കാരം മൂത്തതിനാലുള്ള പതനത്തിന്റെ ഉദാഹരണമാണ് ഫിര്‍ഔനെങ്കില്‍ സമ്പന്നതയാല്‍ അഹങ്കാരം നടിച്ചതിന്റെ ഫലമായി നശിപ്പിക്കപ്പെട്ടതിന്റെ ഉദാഹരണമാണ് ക്വാറൂന്‍. മൂസാനബി(അ)യുടെ ജനതയില്‍ പെട്ടവന്‍ തന്നെയാണ് ക്വാറൂനും. അല്ലാഹു പറയുന്നു:  

”തീര്‍ച്ചയായും ക്വാറൂന്‍ മൂസായുടെ ജനതയില്‍ പെട്ടവനായിരുന്നു. എന്നിട്ട് അവന്‍ അവരുടെ നേരെ അതിക്രമം കാണിച്ചു. തന്റെ ഖജനാവുകള്‍ ശക്തന്മാരായ ഒരു സംഘത്തിനുപോലും ഭാരമാകാന്‍ തക്കവണ്ണമുള്ള നിക്ഷേപങ്ങള്‍ നാം അവന് നല്‍കിയിരുന്നു. അവനോട് അവന്റെ ജനത ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ:) നീ പുളകം കൊള്ളേണ്ട. പുളകം കൊള്ളുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുകയില്ല. അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക. ഐഹികജീവിതത്തില്‍ നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്മ ചെയ്തത് പോലെ നീയും നന്മ ചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നതല്ല. ക്വാറൂന്‍ പറഞ്ഞു: എന്റെ കൈവശമുള്ള വിദ്യകൊണ്ട് മാത്രമാണ് എനിക്കിതു ലഭിച്ചത്. എന്നാല്‍ അവന്നു മുമ്പ് അവനെക്കാള്‍ കടുത്ത ശക്തിയുള്ളവരും കൂടുതല്‍ സംഘബലമുള്ളവരുമായിരുന്ന തലമുറകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന് അവന്‍ മനസ്സിലാക്കിയിട്ടില്ലേ? തങ്ങളുടെ പാപങ്ങളെ പറ്റി കുറ്റവാളികളോട് അന്വേഷിക്കപ്പെടുന്നതല്ല” (ക്വുര്‍ആന്‍ 28:76-78).

ക്വാറൂനിന് അഹന്തക്ക് പ്രേരകമായത് തന്റെ സമ്പത്തായിരുന്നു. ക്വാറൂന്‍ ചരിത്രത്തില്‍ അറിയപ്പെട്ട വലിയ ഒരു ധനാഢ്യനാണ്. മൂസാനബി(അ)യുടെ കുടുംബത്തില്‍ പെട്ടവനായിരുന്നു അവനെന്നും പറയപ്പെടുന്നു.

മൂസാനബി(അ)യുടെ കൂടെ തുടക്കത്തില്‍ അവന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൂടെ കൂടിയാല്‍ ഭൗതികമായ സ്ഥാനമാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന ചിന്തയായിരുന്നു അതിനു പിന്നില്‍. 

സമ്പത്തിന്റെയും അധികാരത്തിന്റെയും ഗര്‍വില്‍ അല്ലാഹുവിനോടും അവന്റെ ദൂതനോടും  ദീനിനോടും വെല്ലുവിളി നടത്തിയാല്‍ അല്ലാഹു അവരെ വെറുതെ വിടില്ല എന്ന് ക്വാറൂനിന്റെയും ഫിര്‍ഔനിന്റെയും ചരിത്രം നമ്മെ പഠിപ്പിക്കുന്നു. അന്ത്യനാള്‍ വരെയുള്ളവര്‍ക്ക് ഇത് ഒരു മുന്നറിയിപ്പും താക്കീതുമാണ്. 

ക്വാറൂനിനെ സംബന്ധിച്ച് ക്വുര്‍ആനില്‍ അധിക പരാമര്‍ശം ഇല്ല. മൂസാനബി(അ)യുടെ ശത്രുക്കളുടെ പേര് പറയുന്ന കൂട്ടത്തില്‍ ക്വാറൂനിന്റെയും പേര് കാണാന്‍ സാധിക്കും.

”ക്വാറൂനെയും ഫിര്‍ഔനെയും ഹാമാനെയും (നാം നശിപ്പിച്ചു). വ്യക്തമായ തെളിവുകളും കൊണ്ട് മൂസാ അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. അപ്പോള്‍ അവര്‍ നാട്ടില്‍ അഹങ്കരിച്ച് നടന്നു. അവര്‍ (നമ്മെ) മറികടക്കുന്നവരായില്ല” (ക്വുര്‍ആന്‍ 29:39).

ക്വാറൂന്‍ മൂസാനബി(അ)യോട് എത്രമാത്രം ശത്രുത കാട്ടിയിരുന്നു എന്നത് ഫിര്‍ഔനിന്റെ കൂടെ അവന്റെ പേര് ചേര്‍ത്തിപ്പറഞ്ഞതില്‍ നിന്ന് തന്നെ മനസ്സിലാക്കാം. 

ക്വാറൂന്‍ മൂസാനബി(അ)യുടെ കൂടെ ആദ്യനാളുകളില്‍ കൂടിയവനും ഫിര്‍ഔന്‍ എന്ന അഹങ്കാരിയെ അല്ലാഹു വെള്ളത്തില്‍ മുക്കി നശിപ്പിക്കുന്നതിന് ദൃക്‌സാക്ഷിയായവനും കൂടിയാണ്. എന്നാല്‍ തന്റെ ഭൗതികമായ ലക്ഷ്യം നേടാന്‍ കഴിയാതെ വന്നപ്പോള്‍ ക്വാറൂന്‍ തന്റെ പണവും അനുയായി വൃന്ദത്തിന്റെയും പരിചാരകരുടെയും വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും മറ്റും എണ്ണവും വണ്ണവും മോടിയുമെല്ലാം ചൂണ്ടിക്കാട്ടി ‘ഇതെല്ലാം എനിക്കേയുള്ളൂ’ എന്ന് അഹങ്കരിച്ചു. മൂസാനബി(അ)യുടെ തൗഹീദീ പ്രബോധനത്തിന് തടയിടാന്‍ അവന്‍ ശ്രമിച്ചു.

ഒരാളുടെ അവസാനം എങ്ങനെയായിരിക്കുമെന്ന് അല്ലാഹുവിനേ അറിയൂ. ആദ്യം വിശ്വാസിയാവുകയും പിന്നീട് പ്രവാചകനോട് പ്രത്യക്ഷമായും പരോക്ഷമായും ശത്രുത കാണിച്ച് വഴികേടിലാവുകയും ചെയ്തവനാണല്ലോ ക്വാറൂന്‍. അത് നമുക്കൊരു പാഠമാണ്; എപ്പോഴും നാം നമ്മുടെ ഹൃദയത്തെ ദീനില്‍ ഉറപ്പിച്ച് നിര്‍ത്താനായി അല്ലാഹുവോട് പ്രാര്‍ഥിക്കണം. എത്രയോ ആളുകള്‍ സത്യത്തിന് വേണ്ടി ത്യാഗം സഹിക്കുകയും പിന്നീട് വഴിതെറ്റി അധഃപതനത്തില്‍ ജീവിതം നയിച്ച് മരണമടയുകയും ചെയ്യുന്നുണ്ട്. അതിനാല്‍ നമ്മുടെ അവസാനം ഏറ്റവും നല്ല രൂപത്തില്‍ ആകാന്‍ നാം പ്രാര്‍ഥിക്കണം.

ക്വാറൂനിന്റെ ധാരണ, അവന്റെ സമ്പത്തിന്റെ ബലത്തിലാണ് മൂസാ(അ) നിലനില്‍ക്കുന്നത് എന്നായിരുന്നു. ഞാനൊന്ന് മാറി നിന്നാല്‍ മൂസാ(അ)യുടെ ശക്തി ക്ഷയിക്കുമെന്നും അവന്‍ ധരിച്ചു. എന്നിട്ട് അവന്‍ മൂസാനബി(അ)ക്കും വിശ്വാസികള്‍ക്കുമെതിരില്‍ തിരിഞ്ഞു. അതിരുവിട്ട് പെരുമാറാന്‍ തുടങ്ങി. അവന്റെ സഹായങ്ങളെല്ലാം അവന്‍ അവസാനിപ്പിച്ചു. നീ ഇനി എന്ത് ചെയ്യും എന്ന് എനിക്കൊന്ന് കാണണം എന്ന് പറഞ്ഞ് മൂസാനബി(അ)യെ അവന്‍ വെല്ലുവിളിച്ചു.

അല്ലാഹു ഏതൊരാള്‍ക്ക് അനുഗ്രഹം നല്‍കുന്നതും ഉള്ളതില്‍ കുറവ് വരുത്തുന്നതും അവരെ പരീക്ഷിക്കുന്നതിന് വേണ്ടിയാണല്ലോ. ക്വാറൂനിന് അല്ലാഹു പരീക്ഷിക്കാനായി ഭൗതിക സൗകര്യങ്ങള്‍ എമ്പാടും നല്‍കി. പക്ഷേ, ആ അനുഗ്രഹങ്ങള്‍ക്കൊന്നും അവന്‍ നന്ദി കാണിച്ചില്ല. 

അല്ലാഹുവാണ് നമുക്ക് എല്ലാം നല്‍കിയത്. അവനാണ് നല്ല സ്വഭാവത്തെയും സംസ്‌കാരത്തെയും ഉപജീവനത്തെയും നമുക്ക് വീതിച്ച് തന്നത്. നബിﷺയുടെ ഒരു വചനം കാണുക:

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)വില്‍ നിന്ന് നിവേദനം; നബിﷺ പറഞ്ഞു: ”തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ക്കിടയില്‍ നിങ്ങളുടെ ഉപജീവനം വീതിച്ചത് പോലെ നിങ്ങളുടെ സ്വഭാവങ്ങളും നിങ്ങള്‍ക്കിടയില്‍ വീതിച്ചിരിക്കുന്നു. (അതുപോലെ) അല്ലാഹു അവന് ഇഷ്ടമുള്ളവര്‍ക്കും ഇഷ്ടമില്ലാത്തവര്‍ക്കും സമ്പത്ത് നല്‍കുകയും വിശ്വാസത്തെ അവന് ഇഷ്ടമില്ലാത്തവര്‍ക്ക് നല്‍കാതിരിക്കുകയും ചെയ്തിരിക്കുന്നു”(അദബുല്‍ മുഫ്‌റദ്). 

ക്വാറൂനിന്റെ താക്കോല്‍ കൂട്ടങ്ങള്‍ അവരിലെ മല്ലന്മാര്‍ക്ക് പോലും വഹിക്കാന്‍ കഴിയാത്തതായിരുന്നു. അപ്പോള്‍ അവന്റെ സമ്പത്ത് എത്ര ഉണ്ടായിരിക്കും!

അവന്റെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കണ്ഠാഭരണങ്ങളുടെയും നിധികള്‍ ആണ് ഇതിന്റെ ഉദ്ദേശം എന്ന് അഭിപ്രായപ്പെട്ട ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും ഉണ്ട്. ഏതായിരുന്നാലും അവന്‍ അതിസമ്പന്നനായിരുന്നു എന്ന് വ്യക്തം. 

മൂസാനബി(അ)യുടെ കൂടെ തുടക്കത്തില്‍ അവന്‍ കൂടിയിരുന്നുവല്ലോ. ആ സമയത്ത് അവന്‍ നല്ല രൂപത്തില്‍ ജീവിച്ചു. എന്നാല്‍ പിന്നീട് അവന്റെ ധനം കൊണ്ട് അവന്‍ തോന്നിവാസവും അക്രമവും  അഹന്തയും കാണിക്കാന്‍ തുടങ്ങി. അവന്‍ അതിരുവിട്ട് ജീവിച്ചപ്പോള്‍ മൂസാനബി(അ)യും കൂടെയുണ്ടായിരുന്നവരും അവനെ നന്നാകുവാന്‍ ഉപദേശിച്ചു.

അല്ലാഹു നല്‍കിയ അനുഗ്രഹം ഇഷ്ടാനുസരണം കൈകാര്യം ചെയ്യുന്നതിലെ അസൂയ കാരണമാണ് ഇവര്‍ തന്നെ ഉപദേശിക്കുന്നതെന്ന് വിചാരിക്കാതിരിക്കാന്‍ അവര്‍ അവനോട്  ഇങ്ങനെയും പറഞ്ഞു:

”അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക. ഐഹികജീവിതത്തില്‍ നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്മ ചെയ്തത് പോലെ നീയും നന്മ ചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നതല്ല” (ക്വുര്‍ആന്‍ 28:77).

അവര്‍ അവനെ ഉപദേശിച്ചതിലെ ചുരുക്കം ഇതാണ്: ‘ഇഹലോക ജീവിതം നിശ്ചിത അവധി വരെ മാത്രമാണ്. പലതും നല്‍കപ്പെട്ട എത്രയോ വലിയവന്മാര്‍ നിന്ദ്യരായി അല്ലാഹുവിലേക്ക് മടക്കപ്പെട്ടിട്ടുണ്ട്. ഐഹിക ജീവിതത്തില്‍ തനിക്ക് കിട്ടിയ സമ്പത്ത് കെട്ടിപ്പിടിച്ച് ഇവിടെത്തന്നെ കഴിച്ചുകൂട്ടാന്‍ സാധിക്കില്ല. മരണപ്പെട്ട് അല്ലാഹുവിലേക്ക് മടങ്ങേണ്ടതുണ്ട്. ആ മടക്കം എപ്പോഴാണ് ഓരോരുത്തര്‍ക്കും സംഭവിക്കുക എന്ന് ഒരാള്‍ക്കും അറിയില്ല. അത് നിനക്ക് വന്നെത്തുന്നതിന് മുമ്പായി അല്ലാഹു നിനക്ക് നല്‍കിയത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിച്ച് അവന്റെ തൃപ്തി നേടുക. അല്ലാഹു നിനക്ക് നല്‍കിയത് മുഴുവനും നീ ചെലവഴിക്കണമെന്ന് ഞങ്ങള്‍ നിന്നോട് പറയുന്നില്ല. ഐഹിക ജീവിതത്തില്‍ നിനക്ക് ആവശ്യമായത് നീ അനുഭവിക്കുകയും ചെയ്ത് കൊള്ളുക. നീ തീരെ ഭൗതിക സൗകര്യങ്ങള്‍ അനുഭവിക്കരുത് എന്നൊന്നും ഞങ്ങള്‍ നിന്നോട് പറയുന്നില്ല. പാവപ്പെട്ടവരെ സഹായിച്ചും അവര്‍ക്ക് നന്മകള്‍ ചെയ്തും അല്ലാഹുവിലേക്ക് നീ അടുക്കുക. അല്ലാഹു നിനക്ക് നല്‍കിയ സമ്പത്ത് മുഖേന നീ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാതിരിക്കുകയും ചെയ്യുക. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.’

സമ്പത്തിന്റെ ആധിക്യം പലരെയും ഇപ്രകാരം വഴികേടിലേക്ക് എത്തിക്കുന്നതാണ്. ദരിദ്രനായിരിക്കുമ്പോള്‍ പള്ളികളില്‍ ജമാഅത്തിന് പങ്കെടുത്തവന്‍ സമ്പന്നനാകുമ്പോള്‍ നമസ്‌കാരം പാടെ ഉപേക്ഷിക്കുന്നു. വിനീതനായി പുഞ്ചിരി തൂകി ആളുകളെ അഭിമുഖീകരിച്ചിരുന്നവന്‍ കാശ് കൂടിയപ്പോള്‍ആളുകളുടെ മുഖത്ത് നോക്കാതാകുന്നു! ഇത്തരം സ്വഭാവക്കാര്‍ക്ക് അല്ലാഹു ക്വുര്‍ആനിലൂടെ പല സ്ഥലങ്ങളില്‍ താക്കീത് നല്‍കിയിട്ടുണ്ട്. അതില്‍ പെട്ട ഒരു ഭാഗം കാണുക:

”നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായി തീരുന്നു. തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍. തീര്‍ച്ചയയായും നിന്റെ രക്ഷിതാവിലേക്കാണ് മടക്കം” (ക്വുര്‍ആന്‍ 96:6-8).

ഭൗതികാനുഗ്രഹങ്ങള്‍ ലഭിച്ചതിനാല്‍ അല്ലാഹുവിനെ മറക്കുകയും അതിരുവിട്ട് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ധാരാളമുണ്ട്. അല്ലാഹു നമ്മെ ഓരോരുത്തരെയും ഏത് സാഹചര്യത്തിലും അല്ലാഹുവിനോട് വിധേയപ്പെട്ട് ജീവിക്കുന്നവരില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ, ആമീന്‍.

ക്വാറൂനിന്ന് നന്മ മാത്രം ആഗ്രഹിച്ച് ഉപദേശം നല്‍കിയ വിശ്വാസികളോട് ക്വാറൂനിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: 

”…എന്റെ കൈവശമുള്ള വിദ്യകൊണ്ട് മാത്രമാണ് എനിക്കിതു ലഭിച്ചത്…” 

തുടര്‍ന്ന് അല്ലാഹു പറയുന്നു: ”എന്നാല്‍ അവന്നു മുമ്പ് അവനെക്കാള്‍ കടുത്ത ശക്തിയുള്ളവരും കൂടുതല്‍ സംഘബലമുള്ളവരുമായിരുന്ന തലമുറകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന് അവന്‍ മനസ്സിലാക്കിയിട്ടില്ലേ? തങ്ങളുടെ പാപങ്ങളെ പറ്റി കുറ്റവാളികളോട് അന്വേഷിക്കപ്പെടുന്നതല്ല” (ക്വുര്‍ആന്‍ 28:78).

തന്റെ യോഗ്യതകൊണ്ടു മാത്രമാണ് ഇതെല്ലാം തനിക്കു കിട്ടിയത് എന്നാണ് അവന്റെ വാദം. അതിനാല്‍ തന്നെ തന്റെ സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യണം എന്ന് എനിക്ക് നിങ്ങളെക്കാള്‍ നന്നായി അറിയാം എന്ന് അവന്‍ ന്യായീകരണം നടത്തി. 

ഉപദേശ നിര്‍ദേശങ്ങളെല്ലാം ക്വാറൂന്‍ തള്ളിക്കളഞ്ഞു. ധിക്കാരത്തില്‍ അവന്‍ ഉറച്ചുനിന്നു. ഒടുവില്‍ അവന്‍ വിശ്വാസികളെ പ്രകോപിപ്പിക്കും വിധം ഒരു പ്രകടനം നടത്താന്‍ തീരുമാനിച്ചു. അവന്‍ അവന്റെ വാഹന വ്യൂഹത്തെ അവര്‍ക്കു മുന്നില്‍ ഹാജറാക്കി. ലഭ്യമായതില്‍ വെച്ച് ഏറ്റവും മുന്തിയ വസ്ത്രം അവന്‍ അണിഞ്ഞു. ഭൂമിയിലൂടെ വലിച്ചിഴച്ച് നടക്കുന്ന വിലകൂടിയ വസ്ത്രം ധരിച്ച് അഹങ്കാരത്തോടെ അവന്‍ നടന്നു. സകല ആടയാഭരണങ്ങളുമായി അവന്‍ അണിഞ്ഞൊരുങ്ങി. കിരീടം വെച്ചു. അംഗരക്ഷകരെ കൂടെ കൂട്ടി. 

”അങ്ങനെ അവന്‍ ജനമധ്യത്തിലേക്ക് ആര്‍ഭാടത്തോടെ ഇറങ്ങിപ്പുറപ്പെട്ടു. ഐഹികജീവിതം ലക്ഷ്യമാക്കുന്നവര്‍ അത് കണ്ടിട്ട് ഇപ്രകാരം പറഞ്ഞു: ക്വാറൂന് ലഭിച്ചത് പോലുള്ളത് ഞങ്ങള്‍ ക്കുമുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. തീര്‍ച്ചയായും അവന്‍ വലിയ ഭാഗ്യമുള്ളവന്‍ തന്നെ!”(ക്വുര്‍ആന്‍ 28:79).

ക്വാറൂനിന്റെ ആ പ്രകടനം കണ്ടപ്പോള്‍ തങ്ങള്‍ക്കും അങ്ങനെയൊക്കെയാകാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ചിലര്‍ ആശിച്ചു പോയി; അവര്‍ ഭൗതിക തല്‍പരരായിരുന്നു. എന്നാല്‍ ചിലര്‍ ഇങ്ങനെയാണ് പറഞ്ഞത്:

”ജ്ഞാനം നല്‍കപ്പെട്ടിട്ടുള്ളവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് നാശം! വിശ്വസിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അല്ലാഹുവിന്റെ പ്രതിഫലമാണ് കൂടുതല്‍ ഉത്തമം. ക്ഷമാശീലമുള്ളവര്‍ക്കല്ലാതെ അത് നല്‍കപ്പെടുകയില്ല” (ക്വുര്‍ആന്‍ 28:80).

‘ക്വാറൂനിന് കിട്ടിയതുപോലെ നിങ്ങള്‍ക്കും ലഭിക്കാത്തതില്‍ നിങ്ങള്‍ പരിതപിക്കുകയാണോ? അതിന്നുവേണ്ടി മോഹിക്കുകയാണോ? എന്നാല്‍ അല്ലാഹുവിന്റെ അടുക്കലുള്ള പ്രതിഫലമാണ് ഏറ്റവും ഉത്തമമായത്. വിശ്വാസം ശരിയാക്കുകയും സല്‍കര്‍മങ്ങള്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്ക് പരലോകത്ത് ലഭിക്കാനുള്ളതിനെ അപേക്ഷിച്ച് ക്വാറൂനിന് ഇപ്പോള്‍ ലഭിച്ചത് വളരെ നിസ്സാരമാണ്’ എന്നെല്ലാം വിവേകമതികള്‍ അവരോട് പ്രതികരിച്ചു. 

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ക്ഷമിച്ച് കഴിയുന്നവര്‍ക്കേ സ്വര്‍ഗം നേടാന്‍ സാധിക്കൂ. അല്ലാഹുവിന്റെപ്രീതിയും പൊരുത്തവും കാംക്ഷിച്ച് ത്യജിക്കേണ്ടവ ത്യജിക്കുവാനും നിര്‍വഹിക്കേണ്ടവ നിര്‍വഹിക്കുവാനും കഴിയണമെങ്കില്‍ ക്ഷമ അനിവാര്യമാണ്.

ദുര്‍നടപ്പുകാരായ ആളുകളോട് ഗുണകാംക്ഷാനിര്‍ഭരമായ മനസ്സോടെ അവരുടെ ചെയ്തികളില്‍ നിന്ന് വിരമിക്കുവാനായി വിശ്വാസികള്‍ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിയത് നാം കണ്ടല്ലോ. അപ്രകാരം സംസാരിക്കുവാനുള്ള ഭാഗ്യത്തെ കുറിച്ചാണ് ‘ക്ഷമാശീലമുള്ളവര്‍ക്കല്ലാതെ അത് നല്‍കപ്പെടുകയില്ല’ എന്ന് പറഞ്ഞതെന്നും വിവരിക്കപ്പെട്ടിട്ടുണ്ട്.

ക്വാറൂനിന്റെ പര്യവസാനത്തെക്കുറിച്ച് അല്ലാഹു പറയുന്നു: 

”അങ്ങനെ അവനെയും അവന്റെ ഭവനത്തെയും നാം ഭൂമിയില്‍ ആഴ്ത്തിക്കളഞ്ഞു. അപ്പോള്‍ അല്ലാഹുവിന് പുറമെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവന്നുണ്ടായില്ല. അവന്‍ സ്വയം രക്ഷിക്കുന്നവരുടെ കൂട്ടത്തിലുമായില്ല” (ക്വുര്‍ആന്‍ 28:81).

അവനെയും അവന്റെ കൊട്ടാരത്തെയും അല്ലാഹു ഭൂമിയില്‍ ആഴ്ത്തിക്കളഞ്ഞു. ജനം നോക്കി നില്‍ക്കെയാണ് ഇതെല്ലാം സംഭവിക്കുന്നത്. ഭൗതികാനുഗ്രഹങ്ങളൊന്നും അവന് രക്ഷയായില്ല. അവന്റെസമ്പാദ്യം കണ്ട് കൂടെ കൂടിയവര്‍ രക്ഷപ്പെടുത്താനുണ്ടായില്ല. ആര്‍ക്കും സഹായിക്കാന്‍ കഴിയാത്ത വിധം ഭൂമി അവനെ വിഴുങ്ങി. 

അഹങ്കരിക്കുകയും അല്ലാഹുവിനോട് നന്ദികേട് കാണിക്കുകയും ചെയ്യുന്നവര്‍ക്ക് എന്നും ഒരു പാഠമാണ് ക്വാറൂനിന്റെ ദുരന്തപര്യവസാനം. അല്ലാഹുവിനോട് നന്ദികേട് കാണിക്കുന്നവരെ പിടികൂടാന്‍ അല്ലാഹു അശക്തനല്ല. ക്വാറൂനിന്റെ അന്ത്യം നോക്കിക്കണ്ട ആളുകളുടെ പ്രതികരണം കാണുക: 

”ഇന്നലെ അവന്റെ സ്ഥാനം കൊതിച്ചിരുന്നവര്‍ (ഇന്ന്) ഇപ്രകാരം പറയുന്നവരായിത്തീര്‍ന്നു: അഹോ! കഷ്ടം! തന്റെ ദാസന്മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്  അല്ലാഹു ഉപജീവനം വിശാലമാക്കികൊടുക്കുകയും (താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത്) ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. ഞങ്ങളോട് അല്ലാഹു ഔദാര്യം കാണിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളെയും അവന്‍ ആഴ്ത്തിക്കളയുമായിരുന്നു. അഹോ, കഷ്ടം! സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല” (ക്വുര്‍ആന്‍ 28:82).

ഇന്നലെവരെ ക്വാറൂനിന്റെ ഭൗതിക സൗകര്യങ്ങള്‍ കണ്ട്, ഞങ്ങള്‍ക്കും അങ്ങനെ ഒന്ന് കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചവര്‍ അതിലെ അപകടം തിരിച്ചറിഞ്ഞു. 

ക്വാറൂനിന്റെ ചരിത്രം വിവരിച്ചത് അവസാനിപ്പിക്കുമ്പോള്‍ അല്ലാഹു ഒരു പാഠം എന്ന നിലയ്ക്ക് നമ്മെ ഇപ്രകാരം അറിയിക്കുന്നു:

”ഭൂമിയില്‍ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാകുന്നു ആ പാരത്രിക ഭവനം നാം ഏര്‍പെടുത്തിക്കൊടുക്കുന്നത്. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും” (ക്വുര്‍ആന്‍ 28:83).

അഹങ്കാരത്തോടെ അല്ലാഹുവിനെയും അവന്റെ പ്രവാചകന്മാരെയും അവന്റെ മതത്തെയും മതത്തിന്റെ ചിഹ്നങ്ങളെയും പുച്ഛിച്ചും പരിഹസിച്ചും ജീവിക്കുന്നവര്‍ക്ക് ഭൂമിയില്‍ എത്ര സൗകര്യം ലഭിച്ചാലും വിശ്വാസികള്‍ നിരാശപ്പെടുകയോ വ്യാകുലപ്പെടുകയോ ചെയ്യേണ്ടതില്ല. അതെല്ലാം താല്‍ക്കാലികമാണ്. ആത്യന്തികവിജയം സത്യത്തിന്റെ മാര്‍ഗത്തില്‍ നിലകൊള്ളുന്നവര്‍ക്കാണ്.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക