അനന്തരഫല സിദ്ധാന്തം, നീതിശാസ്ത്രം, ഇസ്‌ലാം

അനന്തരഫല സിദ്ധാന്തം, നീതിശാസ്ത്രം, ഇസ്‌ലാം

നിങ്ങള്‍ ഒരു റെയില്‍വേ ട്രോളിയുടെ നിയന്ത്രണസ്ഥാനത്ത് ഇരിക്കുന്നുവെന്ന് കരുതുക. അത് സഞ്ചരിച്ച് ഒരിടത്ത് എത്തിയപ്പോള്‍ ട്രാക്കില്‍ അഞ്ച് മനുഷ്യര്‍ കിടക്കുന്നത് കാണുന്നു. ട്രോളി അതിന്റെ പാതയിലൂടെ നേരെ പോവുകയാണെങ്കില്‍ തീര്‍ച്ചയായും ആ അഞ്ച് മനുഷ്യരും മരിക്കും. നിങ്ങള്‍ക്ക് തടയാന്‍ ആകെ ചെയ്യാവുന്നത് ഒരു സ്വിച്ച് അമര്‍ത്തുക മാത്രമാണ്. അത് അമര്‍ത്തിയാല്‍ ട്രോളി അടുത്ത ട്രാക്കിലേക്ക് തിരിയും. എന്നാല്‍ അങ്ങനെ തിരിക്കുന്നതുകൊണ്ട് അവിടെ ട്രാക്കില്‍ പണിയെടുക്കുന്ന ഒരു മനുഷ്യന്‍ കൊല്ലപ്പെടും.

അപ്പോള്‍ നിങ്ങള്‍ക്ക് അവശേഷിക്കുന്ന രണ്ട് തീരുമാനങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:

1) ട്രോളി അതിന്റെ സ്വാഭാവിക പാതയിലൂടെ സഞ്ചരിക്കട്ടെ, താന്‍ അതില്‍ ഇടപെടുന്നില്ലെന്ന് തീരുമാനിക്കാം. പക്ഷേ, അതുകൊണ്ട് അഞ്ചുപേര്‍ മരിക്കും.

2) അതില്‍ ഇടപെട്ട് ട്രോളിയെ മറ്റൊരു പാതയിലേക്ക് തിരിച്ച് അഞ്ചുപേരെ രക്ഷിക്കാം. പക്ഷേ അടുത്ത ട്രാക്കിലുള്ള നിരപരാധിയായ ഒരു മനുഷ്യന്‍ കൊല്ലപ്പെടും. ഇതില്‍ ഏത് ഓപ്ഷനായിരിക്കും നിങ്ങള്‍ തിരഞ്ഞെടുക്കുക? സ്വാഭാവികമായും കൂടുതല്‍ ആളുകള്‍ ഒന്നാമത്തെ ഓപ്ഷനായിരിക്കും തിരഞ്ഞെടുക്കുക.

ട്രോളിയുടെ സ്വാഭാവിക സഞ്ചാര പാതയില്‍നിന്നും തിരിച്ചാല്‍ ഒരാള്‍ കൊല്ലപ്പെടുന്നുണ്ട് എങ്കില്‍ കൂടി മറ്റു അഞ്ചുപേരെ അതുവഴി രക്ഷിക്കാം. സമാന സാഹചര്യത്തെ കൃത്രിമമായി നിര്‍മിച്ച് മനഃശാസ്ത്രജ്ഞനായ ഡേവിഡ് നവരെറ്റിന്റെ (David navarette) നേതൃത്വത്തില്‍ നടത്തിയ പഠനം പറയുന്നത് പങ്കെടുത്ത 147 പേരില്‍ 90 ശതമാനവും ഓപ്ഷന്‍ ഒന്ന് തിരഞ്ഞെടുത്തുവെന്നാണ്.(1) അഥവാ ട്രോളിയെ വഴിമാറ്റി വിട്ടാല്‍ ഒരാള്‍ കൊല്ലപ്പെടുന്നുവെങ്കില്‍ കൂടി അഞ്ച് പേരെ രക്ഷിക്കുന്നതാണ് ശരി എന്നതാണ് കൂടുതല്‍ പേരുടെയും തീരുമാനം. കൂടുതല്‍ പേരെ രക്ഷിക്കുക എന്ന കൂടുതല്‍ മാനവികമായ അനന്തര ഫലം സൃഷ്ടിക്കുന്നത് കൊണ്ടാണ് ഇവിടെയിത് നൈതികമാകുന്നത്.

ധാര്‍മികതയുമായി ബന്ധപ്പെട്ട സംവാദ മണ്ഡലത്തിലേക്ക് ‘ട്രോളി പ്രോബ്ലം’ എന്നറിയപ്പെടുന്ന ഈ ചിന്താപരീക്ഷണം കൊണ്ടുവരുന്നത് 1967ല്‍ തത്ത്വചിന്തകനായ ഫിലിപ്പാ ഫുടാണ്. മികച്ച കോണ്‍സിക്വന്‍സിനെ നിര്‍മിക്കുന്നതാണ് ധാര്‍മികമായി ശരിയെന്ന ചിന്തയെ(Consequentialism) സ്ഥാപിക്കാന്‍ ഇതിനെ ഉപയോഗിച്ചുപോരുന്നു. ഇതനുസരിച്ച് ഒരു കാര്യത്തെ ശരിയെന്നോ തെറ്റെന്നോ നിര്‍ണയിക്കുന്നത് കേവലമായ ആ കര്‍മത്തെ മാത്രം നോക്കിയല്ല, മറിച്ച് അനന്തരഫലമെന്താണോ അതനുസരിച്ചാണ്.

ഉദാഹരണത്തിന് മദ്യപാനമെന്ന ശീലത്തെ നോക്കുക. മദ്യപിക്കുക എന്ന കര്‍മത്തെ മാത്രം കേവലമായി കണ്ടാല്‍ അതില്‍ തെറ്റൊന്നുമില്ല. കാരണം മദ്യപിക്കുന്ന വ്യക്തിക്ക് മാനസികമായ സന്തോഷവും ലഹരിയും അനുഭൂതിയുമാണ് അതുകൊണ്ട് പ്രത്യക്ഷത്തില്‍ ലഭിക്കുന്നത്. അപ്പോള്‍ അത് തെറ്റാവുന്നത് പ്രത്യക്ഷ സുഖങ്ങള്‍ക്ക് അപ്പുറമുള്ള മോശപ്പെട്ട കോണ്‍സിക്വന്‍സുകളെ നിര്‍മിക്കാന്‍ കാരണമാകുന്നത് കൊണ്ടാണ്. മദ്യം വ്യക്തിയുടെ ആരോഗ്യനിലയും മാനസികനിലയും നശിപ്പിക്കുന്നു, കുടുംബബന്ധങ്ങളെയും സാമൂഹ്യബന്ധങ്ങളെയും തകര്‍ക്കുന്നു. ഇത്തരം നെഗറ്റീവായ കോണ്‍സിക്വന്‍സ് സംഭവിക്കുന്നതിന് വലിയ കാലയളവുകള്‍ വേണ്ടിവരാം. എന്നാല്‍കൂടി അതിനെയും ഉള്‍കൊണ്ടേ ധാര്‍മികമായ ശരിതെറ്റുകളെ നിര്‍വചിക്കാന്‍ കഴിയൂ എന്ന ചിന്തയാണ് ചുരുക്കത്തില്‍ കോണ്‍സിക്വന്‍ഷലിസം (Consequentialism).

എന്നാല്‍ ലിബറല്‍ ഫിലോസഫികള്‍ ഇത്തരം ലോങ്ങ് ടേം++(long term) കോണ്‍സിക്വന്‍സുകളെ കാണുന്നില്ലായെന്നത് അതിന്റെ വലിയ പരിമിതിയാണ്. വ്യക്തിസ്വാതന്ത്ര്യം, സമത്വം തുടങ്ങിയ രണ്ടു വാക്കുകളെ മൂല്യങ്ങളുടെ അടിത്തറയായി കാണുന്ന ലിബറലിസം പക്ഷേ, അത്തരം സ്വാതന്ത്ര്യങ്ങളുടെ അതിരുവിട്ട പ്രയോഗംകൊണ്ട് സമൂഹത്തിനും വ്യക്തികള്‍ക്കും ഉണ്ടായേക്കാവുന്ന നെഗറ്റീവായ അനന്തരഫലങ്ങളെ കാണുന്നില്ല. അതുകൊണ്ടുതന്നെ സ്വതന്ത്ര രതിയോ സ്വവര്‍ഗ രതിയോ ലഹരി ഉപഭോഗമോ ലിബറല്‍ ലോകത്ത് തിന്മകള്‍ അല്ലെന്ന് മാത്രമല്ല വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗങ്ങളായ ശരികളുമാകുന്നു.

ലിബറല്‍ പ്രത്യയശാസ്ത്രത്തിന്റെ പ്രധാന പരിമിതിയിതാണ്. അതിന് വ്യക്തിസ്വാതന്ത്ര്യം മഹത്ത്വമാണ് എന്ന കേവല വര്‍ത്തമാനത്തിനപ്പുറം സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗങ്ങള്‍ മനസ്സിലാക്കാനോ പ്രതിരോധിക്കാനോ പരിഹാരം കാണാനോ കഴിയുന്നില്ല. ലിബറല്‍ലോകം മുന്നോട്ടുവയ്ക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന് ഒരു സംഭവം മാത്രം ഉദാഹരിക്കാം: സൂക്ഷിച്ചുവച്ചിരുന്ന പോണോഗ്രഫിക് മാഗസിനുകളും ടാപ്പുകളും നശിപ്പിച്ചതിന് അമേരിക്കന്‍ കോടതി മാതാപിതാക്കള്‍ക്ക് വിധിച്ച നഷ്ടപരിഹാരം ഇരുപത്തിരണ്ടര ലക്ഷം രൂപ വരും.(2) 40 വയസ്സായ മകന്റെ പരാതിയിലാണ് വിധിയെന്നോര്‍ക്കണം. കേവലം വ്യക്തിസ്വാതന്ത്ര്യത്തിന്റെ മാത്രം ലെന്‍സില്‍ നോക്കിയാല്‍ ഇതില്‍ തെറ്റ് പറയാനാവില്ല എന്നതാണ് കോടതിയെ ഈ വിധിക്ക് പ്രേരിപ്പിച്ചത്.

എന്നാല്‍ 40 വയസ്സിലും വൈവാഹിക ബന്ധത്തിലോ കുടുംബ ബന്ധത്തിലോ താല്‍പര്യം കാണിക്കാതെ പോണോഗ്രഫിക്ക് അടിമപ്പെട്ടു ജീവിക്കുന്ന മകനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമായിരിക്കാം മാതാപിതാക്കളെ സംബന്ധിച്ച് അത്. ലിബറല്‍ ലോകത്ത് ഇത് മഹാപാതകമാകുന്നത് കേവല വ്യക്തിസ്വാതന്ത്ര്യത്തിന് അപ്പുറം സമൂഹത്തിന്റെയോ വ്യക്തിയുടെയോ മാനസികാരോഗ്യം ലിബറലിസത്തിന്റെ ലക്ഷ്യമല്ലാത്തത് കൊണ്ടാണ്. വൈവാഹികബന്ധം അടിമത്തവും സ്വാതന്ത്ര്യനിഷേധവുമാണെന്ന് തുടങ്ങുന്ന ലിബറല്‍ ജീവികളുടെ വര്‍ത്തമാനങ്ങളും ഒറ്റപ്പെടലിന്റെ വാര്‍ധക്യത്തിനപ്പുറം അനാഥശവമായി ജീവിതം അവസാനിക്കുന്നതില്‍ വ്യക്തികളെ കൊണ്ടെത്തിക്കുന്നു. കേവല സ്വതന്ത്രവാദങ്ങള്‍ സമൂഹങ്ങളെയും വ്യക്തികളെയും നശിപ്പിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന് ഇതില്‍നിന്നും വ്യക്തമാണ്.

തല്‍സ്ഥാനത്ത് ഇസ്‌ലാമിലേക്ക് വരാം. ഇസ്‌ലാം ഓരോ കര്‍മത്തിന്റെയും കോണ്‍സിക്വന്‍സിനെക്കൂടി കണ്ട് നൈതികതയെ നിര്‍ണയിക്കുന്ന ദര്‍ശനമാണ്. അത് കളവുപറയുന്നത് തെറ്റാണെന്ന് പഠിപ്പിക്കുന്നതോടൊപ്പംതന്നെ അങ്ങനെ കളവ് പറയുന്നതുകൊണ്ട് വലിയ നന്മയുണ്ടാകുമെങ്കില്‍ അഥവാ വലിയൊരു തിന്മയെ തടയുമെങ്കില്‍ ആ ഘട്ടത്തില്‍ അതിന് അനുമതി നല്‍കുന്നു. മോഷണം തെറ്റാണെന്നും അതിന് കടുത്ത ശിക്ഷയുണ്ടെന്നും പറയുമ്പോള്‍തന്നെ വിശപ്പ് സഹിക്കവയ്യാതെ ഒരാള്‍  ആഹാരസാധനം അനുവാദമില്ലാതെ എടുത്തു ഭക്ഷിച്ചാല്‍ മോഷ്ടാവിനുള്ള ശിക്ഷ അയാള്‍ക്ക് വിധിക്കുന്നില്ല. പന്നിമാംസം നിഷിദ്ധമാണെങ്കിലും സ്വന്തം ജീവന്‍ നിലനിര്‍ത്താനുള്ള ആഹാരം എന്ന നിലയ്ക്ക് ആപത്ഘട്ടങ്ങളില്‍ അത് കഴിക്കുന്നതിനു വിലക്കില്ല. ഒരു മനുഷ്യനെ വധിക്കുന്നത് മഹാപാതകമാണെങ്കിലും യുദ്ധ സാഹചര്യത്തില്‍ ശത്രുവിനെ വധിക്കേണ്ട അനിവാര്യത ഉണ്ടായെങ്കില്‍ അത് തെറ്റല്ല.

ഇവിടെയെല്ലാം തെറ്റെന്ന് പൊതുവില്‍ കരുതപ്പെടുന്ന കര്‍മങ്ങള്‍കൊണ്ടാണെങ്കിലും അനന്തരഫലമായി ഉണ്ടാകുന്നത് ഒരു നന്മയാണ്. കോണ്‍സിക്വന്‍സ് നന്മയായതുകൊണ്ട് തന്നെ അത് തെറ്റല്ലാതെയുമാകുന്നു. കോണ്‍സിക്വന്‍ഷലിസത്തിന്റെ ഈ നൈതിക തത്ത്വശാസ്ത്രത്തെ ഇസ്‌ലാം തിരിച്ചും പ്രയോഗിക്കുന്നത് കാണാം. അഥവാ കോണ്‍സിക്വന്‍സിനനുസരിച്ച് ചില കാര്യങ്ങള്‍ വലിയ തിന്മകളുമാവാം.

ഉദാഹരണത്തിന് രണ്ട് വ്യക്തികളെ നോക്കുക. ആദ്യത്തെ ആള്‍ വ്യഭിചരിച്ചു, രണ്ടാമത്തെ വ്യക്തി വ്യഭിചരിച്ചില്ല. എന്നാല്‍ വ്യഭിചാരം തിന്മയല്ലെന്നും അതൊരു വ്യക്തിസ്വാതന്ത്ര്യമാണെന്നും താല്‍പര്യമുള്ളവര്‍ക്ക് അതാകാമെന്നും സമൂഹത്തില്‍ പ്രചരിപ്പിച്ചു. ഇതില്‍ ആരാണ് വലിയ തെറ്റുകാരന്‍?

തെറ്റ് ചെയ്തവനോ? അതിന് സാമൂഹ്യ അംഗീകാരം ഉണ്ടാക്കാന്‍ ശ്രമിച്ച ആളോ? കോമണ്‍സെന്‍സ് അനുസരിച്ച് ആ കര്‍മം ചെയ്ത ആളാണ് വലിയ തെറ്റുകാരന്‍ എന്ന് പറയാമെങ്കിലും ഇസ്‌ലാമിന്റെ കോണ്‍സിക്വന്‍ഷ്യല്‍ വീക്ഷണമനുസരിച്ച് വ്യഭിചാരത്തിന് സാമൂഹിക അംഗീകാരം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ച വ്യക്തിയാണ് വലിയ തെറ്റുകാരന്‍. കാരണം വ്യഭിചരിച്ച വ്യക്തി ആ ഒരു തെറ്റുമാത്രമാണ് ചെയ്തത്. അത് മഹാപാതകം ആയിരിക്കെതന്നെ പരസ്യമാകാത്തിടത്തോളം ശരീഅത്തിന്റെ വിധി അനുസരിച്ചുള്ള കടുത്ത ശിക്ഷകള്‍ പോലുമുണ്ടാകില്ല. എന്നാല്‍ വ്യഭിചാരത്തിന് സാമൂഹ്യ അംഗീകാരം ഉണ്ടാക്കാന്‍ ശ്രമിച്ച വ്യക്തി ഒരേസമയം അനേകം മനുഷ്യരെ ആ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ആ പ്രേരണകൊണ്ട് സമൂഹത്തില്‍ എത്രപേര്‍ സ്വാധീനിക്കപ്പെട്ടോ അത്രയും തന്നെ ആ മനുഷ്യന്‍ കുറ്റക്കാരനാകുന്നു. ഇവിടെയും തെറ്റിന്റെ തീവ്രത അതിന്റെ കോണ്‍സിക്വന്‍സിനെ കൂടി ഉള്‍ക്കൊണ്ടേ നിര്‍ണയിക്കാന്‍ കഴിയൂ എന്നതാണ് ഇസ്‌ലാമിന്റെ നിലപാട്.

ഇനി ഇതനുസരിച്ച് ഇസ്‌ലാം എങ്ങനെ ലിബറല്‍ലോക മൂല്യങ്ങളുമായി വൈരുധ്യത്തില്‍ ആകുന്നുവെന്ന ചര്‍ച്ചയിലേക്ക് വരാം. അനന്തരഫലത്തെകൂടി ഉള്‍ക്കൊണ്ട് നൈതികതയെ നിര്‍ണയിക്കുന്ന ദര്‍ശനമായതുകൊണ്ട് തന്നെ ഇസ്‌ലാമിന് ഒരിക്കലും തെറ്റായ കോണ്‍സിക്വന്‍സുകളെ നിര്‍മിച്ചേക്കാവുന്ന വ്യക്തിസ്വാതന്ത്ര്യങ്ങളെ അംഗീകരിക്കാനാവില്ല. മനുഷ്യസ്വാതന്ത്ര്യത്തെ അംഗീകരിക്കുമ്പോള്‍തന്നെ നിയന്ത്രണങ്ങളും വിലക്കുകളും വേണ്ടയിടങ്ങളില്‍ ഇസ്‌ലാം ഇടപെടുകയും ചെയ്യുന്നു. ഉദാഹരണത്തിന് അധിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യത്തിലേക്ക് വരാം. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് കേരളത്തിലെ ഒരു പ്രധാന നാസ്തിക ചിന്തകന്‍ യു.എ.ഇയില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. സകല മതങ്ങളെയും തെറിയധിക്ഷേപം നടത്തുന്നത് അവിടത്തെ നിയമം അനുസരിച്ചുതന്നെ തെറ്റായതുകൊണ്ട് പിടിക്കപ്പെട്ടതാണ്.

എന്നാല്‍ അത്തരം തെറിവര്‍ത്തമാനങ്ങളെ മുമ്പും പിന്തുണയ്ക്കുക മാത്രം ചെയ്തിട്ടുള്ള കേരളീയ യുക്തിവാദി സമൂഹവും ലിബറലുകളും ആ വ്യക്തിയെ ന്യായീകരിച്ച് രംഗത്ത് വന്നു. മതങ്ങളെ തെറി പറയുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന് കീഴില്‍ വരുമെന്നതുകൊണ്ടുതന്നെ ലിബറല്‍ മൂല്യമനുസരിച്ച് അയാള്‍ ചെയ്യുന്നത് ശരി മാത്രമാണെന്നും അതിന് ശിക്ഷിക്കുന്നത് അപരിഷ്‌കൃത നിയമമാണെന്നുമായിരുന്നു ലിബറല്‍പക്ഷ വാദങ്ങള്‍.

എന്നാല്‍ സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നിപ്പിനും വെറുപ്പിനും വര്‍ഗീയതയ്ക്കും കലാപങ്ങള്‍ക്ക് പോലുമാണ് അത്തരം അമിതസ്വാതന്ത്ര്യം വഴിവെക്കുന്നത് എന്നതുകൊണ്ടുതന്നെ മൊത്തം സമൂഹത്തിന്റെയും ഗുണനിലവാരം ലക്ഷ്യംവയ്ക്കുന്ന ദര്‍ശനം എന്ന നിലയ്ക്ക് ഇത്തരം കേവല വ്യക്തിസ്വാതന്ത്ര്യങ്ങളെ ഇസ്‌ലാമിന് അംഗീകരിക്കാന്‍ കഴിയില്ല. ഇസ്‌ലാം ചില വ്യക്തിസ്വാതന്ത്ര്യങ്ങള്‍ക്ക് തടയിടുന്നത് അതിന്റെ മോശപ്പെട്ട അനന്തരഫലങ്ങള്‍ കൂടി വിലയിരുത്തിയാണ്.

ഇസ്‌ലാം വ്യക്തിസ്വാതന്ത്ര്യത്തിന് തടയിടുന്നുണ്ടെന്ന ലിബറല്‍ വിമര്‍ശനങ്ങള്‍ ബാലിശമാകുന്നത് ഈ യുക്തിയെ മനസ്സിലാക്കാത്തത് കൊണ്ടാണെന്ന് പറയാം. ഇസ്‌ലാം സ്വതന്ത്രരതിയെ എതിര്‍ക്കുന്നത് വ്യക്തികളെയും കുടുംബ ബന്ധങ്ങളെയും സാമൂഹ്യഘടനയെയും അത് അപനിര്‍മിക്കുന്നുവെന്ന നെഗറ്റീവ് കോണ്‍സിക്വന്‍സ് ഉള്ളതുകൊണ്ടാണ്.

അര്‍ധനഗ്‌നമായ രീതിയില്‍ വസ്ത്രം ധരിക്കുന്നത് സ്ത്രീകള്‍ക്ക് വിലക്കുന്നതിനു പിന്നില്‍ സ്ത്രീയെ വെറും സെക്ഷ്വല്‍ ഒബ്ജക്റ്റ് ആയി കാണുകയും അങ്ങനെ സ്ത്രീകളെ ചൂഷണം ചെയ്യുകയും ചെയ്യുന്ന പുരുഷാധിപത്യ ചിന്തകളോടുള്ള എതിര്‍പ്പുകൂടിയുണ്ടെന്ന് മനസ്സിലാക്കാം. സമൂഹത്തിന്റെ ഭാവിയേയും കാര്യങ്ങളുടെ അനന്തരഫലത്തെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ദര്‍ശനത്തിന് മാത്രമെ മെച്ചപ്പെട്ട സമൂഹങ്ങളെ സൃഷ്ടിക്കാന്‍ കഴിയൂ. ഇസ്‌ലാമിന് അത് കഴിയുമ്പോള്‍ ലിബറലിസം വ്യക്തികളുടെ കേവല നൈമിഷിക താല്‍പര്യങ്ങളെ പരമമായ ശരിയായി കാണുന്നു. കോണ്‍സിക്വന്‍സുകളെ കാണുന്നില്ല എന്നതുകൊണ്ടു തന്നെ ധാര്‍മികമായി ലിബറലിസം പരാജയമാണ്.

ഡിയൊണ്ടോളജി (Deontological ethics)

ഒരു ഉദാഹരണത്തില്‍നിന്നു തുടങ്ങാം. നിങ്ങള്‍ അറിയപ്പെടുന്ന ഒരു സര്‍ജനാണെന്ന് കരുതുക. നിങ്ങളുടെ അടുക്കല്‍ മരണാസന്നരായ അഞ്ചുതരം രോഗികളുണ്ട്. അഞ്ചുപേരുടെയും വ്യത്യസ്ത അവയവങ്ങള്‍ മാറ്റിവെച്ചില്ലെങ്കില്‍ അവര്‍ വൈകാതെ മരിക്കും.

ഈ അവസ്ഥയില്‍ നിങ്ങളുടെ അടുത്ത് ഒരു ക്ലൈന്റ് വരുന്നു. പ്രത്യേകിച്ച് ഒരു രോഗവും ഇല്ലാത്ത ഇയാള്‍ തന്റെ മാസാവസാന ചെക്കപ്പിന് വന്നതാണ്. പരിശോധിച്ചപ്പോള്‍ മരിക്കാന്‍ കിടക്കുന്ന അഞ്ചുപേര്‍ക്കും യോജിച്ചതാണ് ഈ മനുഷ്യന്റെ അവയവങ്ങള്‍ എന്ന് നിങ്ങള്‍ക്ക് മനസ്സിലാകുന്നു. ഈ ഒരു മനുഷ്യനെ കൊന്ന് ആ അവയവങ്ങള്‍ മറ്റു അഞ്ച് പേര്‍ക്കുമായി മാറ്റിവയ്ക്കുന്നതുകൊണ്ട് അഞ്ചു പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയും. എങ്കില്‍ ഇതില്‍ നിങ്ങള്‍ ഏതു സ്വീകരിക്കും?

1) ഒരാളെ കൊന്ന് അഞ്ചുപേരുടെ ജീവന്‍ രക്ഷിക്കുമോ?

2) ഒരാളെ വെറുതെ വിട്ട് അഞ്ചുപേരെയും മരിക്കാന്‍ വിട്ടുകൊടുക്കുമോ?

അഞ്ചുപേരും മരിക്കട്ടെ എന്ന തീരുമാനത്തില്‍ ഒരാളെ കൊല്ലാതിരിക്കുക തന്നെയാവും ചെയ്യുക. ഈയൊരു ധാര്‍മിക നിലപാടിനെയാണ് ‘ഡിയൊണ്ടോളജി’ എന്ന് പറയുന്നത്. അഥവാ അഞ്ചുപേരെ രക്ഷിക്കാന്‍ കഴിഞ്ഞാലും ഒരു നിരപരാധിയെ അതിനായി കൊല്ലുന്നത് തന്നെയാണ് തെറ്റ്. ഇവിടെ ഒരാളെ കൊല്ലുന്നതുകൊണ്ടുള്ള കോണ്‍സിക്വന്‍സ് വലിയ നന്മയായിരിക്കെതന്നെ ആ കര്‍മം തെറ്റാകുന്നു. മനുഷ്യന് പാലിക്കേണ്ടതായ നൈതിക ബാധ്യതകള്‍ (moral dtuy) ഉണ്ടെന്ന ചിന്തയാണിത്.(3) ഒരു കര്‍മം സ്വന്തം നിലയ്ക്കുതന്നെ തെറ്റാണെന്ന് ഡിയൊണ്ടോളജി പറയുമ്പോള്‍ അനന്തരഫലം അനുസരിച്ചാണ് നന്മയും തിന്മയും ഇരിക്കുന്നതെന്ന് കോണ്‍സിക്വന്‍സലിസവും പറയുന്നു. പരസ്പരവിരുദ്ധങ്ങളായി കണക്കാക്കുന്ന ധാര്‍മിക നിലപാടുകളാണിവ.

എന്നാല്‍ ഇവയ്ക്കിടയിലുള്ള വൈരുധ്യങ്ങളെ പരിഹരിച്ച് രണ്ട് ധാര്‍മിക സിദ്ധാന്തങ്ങളെയും പ്രയോഗിക്കാന്‍ ഇസ്‌ലാമിന് കഴിയുന്നുണ്ട്. അഥവാ അനന്തരഫലത്തിന് അനുസരിച്ചും ഒരു നൈതികതയെ ഇസ്‌ലാം കാണുന്നത് ഡിയൊണ്ടോളജിക്കലായാണ് എന്ന് പറയാം. ഒരു കാര്യത്തിന് മോശപ്പെട്ട അനന്തരഫലങ്ങള്‍ ഉണ്ടാകുമെങ്കില്‍ അത് ധാര്‍മികമായ തെറ്റാണെന്ന് കോണ്‍സിക്വന്‍സലിസം അനുസരിച്ച് പറയുന്നല്ലോ. എന്നാല്‍ മറ്റൊരാള്‍ക്ക് മോശമാകുന്നത് കൊണ്ട് താന്‍ എന്തിന് ആ കര്‍മത്തെ ഒരു തെറ്റായി വിലയിരുത്തണമെന്ന ചോദ്യം ഭൗതികവാദത്തിന്റെ യുക്തിപ്പുറത്ത് ഒരാള്‍ക്ക് ചോദിക്കാം. ഉദാഹരണത്തിന് മോഷണം തെറ്റായ കോണ്‍സിക്വന്‍സ് ഉണ്ടാക്കിയെങ്കില്‍തന്നെ മോഷ്ടിച്ച വ്യക്തിക്ക് ലാഭവും മോഷ്ടിക്കപ്പെട്ട വ്യക്തിക്ക് നഷ്ടവുമാണ് സംഭവിക്കുന്നത്. ഒരു ഭൗതികവാദിക്ക്  ഇതില്‍ ആരുടെ ലാഭനഷ്ടത്തിനും കൂടെ നില്‍ക്കുകയും ചെയ്യാം. അപ്പോള്‍ മോശപ്പെട്ട കോണ്‍സിക്വന്‍സ് ഉണ്ടായ സംഭവത്തില്‍തന്നെ ആരുടെ പക്ഷമാണ് തെറ്റും ശരിയുമെന്ന് പറയുന്നത് ഒരു കര്‍മം തെറ്റാണെന്ന ഡിയൊണ്ടോളജിക്കല്‍ നൈതികത അനുസരിച്ചാണ്. ഈ രീതിക്കാണ് ഇസ്‌ലാം കോണ്‍സിക്വന്‍സലിസത്തെയും  ഡിയൊണ്ടോളജിയെയും അംഗീകരിക്കുന്നതും ഉപയോഗിക്കുന്നതും.

ഡിയൊണ്ടോളജിക്കല്‍ എത്തിക്‌സ് കൂടുതല്‍ ഇസ്‌ലാമുമായി ചേര്‍ന്നുനില്‍ക്കുന്ന നൈതിക സങ്കല്‍പമാണ്. അഥവാ അടിസ്ഥാനപരമായി മനുഷ്യന്‍ ലംഘിക്കാന്‍ പാടില്ലാത്ത വിലക്കുകളും അനുസരിക്കേണ്ട മര്യാദകളും ഉത്തരവാദിത്തങ്ങളും ഉണ്ടെന്ന ചിന്തയാണിത്. അതേസമയം ഭൗതികവാദത്തിന്റെ യുക്തിയുമായി ഒരുതരത്തിലും ഇത് യോജിക്കുന്നില്ല. കാരണം ഡിയൊണ്ടോളജി അനുസരിച്ച് ഒരു കാര്യം ശരിയോ തെറ്റോ ആകുന്നത് പ്രത്യേകിച്ച് ഒരു ഭൗതികമായ കാരണംകൊണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ ഭൗതികമാത്രവാദത്തില്‍ നിന്നുകൊണ്ട് ഒരു ശരിയും തെറ്റുമില്ല. എന്നാല്‍ നിത്യജീവിതത്തില്‍ ഡിയൊണ്ടോളജിയെ അംഗീകരിക്കാതൊരു ധാര്‍മികജീവിതം തന്നെ സാധ്യമല്ല താനും. ഈ വൈരുധ്യമാണ് പല നാസ്തികരെയും ധാര്‍മികരഹിതരാക്കുന്നത് എന്നും കാണാം. അംഗ വൈകല്യങ്ങളോടെ ജനിക്കുന്ന കൊച്ചുകുഞ്ഞുങ്ങളെ കൊല്ലുന്നതില്‍ ധാര്‍മികമായ ശരികേട് ഒന്നുമില്ലെന്നു വാദിക്കാന്‍ പീറ്റര്‍ സിംഗറിനെ പോലുള്ള വലിയ ഭൗതികവാദിക്ക് കഴിയുന്നത് ലംഘിക്കാന്‍ പാടില്ലാത്ത പാപങ്ങള്‍ ഉണ്ടെന്ന ചിന്തയെ അദ്ദേഹം നിരാകരിക്കുന്നതുകൊണ്ടാണ്. അങ്ങനെ കൊല്ലാം എന്നതിന് ന്യായമായി പീറ്റര്‍ സിംഗര്‍ പറയുന്ന ന്യായം തന്നെ കോണ്‍സിക്വന്‍ഷലിസമാണെന്ന് കാണാം.(4) അംഗവൈകല്യത്തോടെ ജനിക്കുന്ന കുഞ്ഞ് സ്വാഭാവികമായും മാതാപിതാക്കള്‍ക്ക് വലിയൊരു കാലയളവിനുള്ള ബാധ്യതയും വിഷമവും ആയിരിക്കുമെന്ന് പറയുന്ന പീറ്റര്‍ സിംഗര്‍ അത് മോശപ്പെട്ട കോണ്‍സിക്വന്‍സ് ആണെന്ന് സ്ഥാപിക്കുന്നു.

തല്‍സ്ഥാനത്ത് അംഗവൈകല്യങ്ങളോടെ ജനിക്കുന്ന കുഞ്ഞിനെ കൊന്നുകളഞ്ഞാല്‍ അധികം വൈകാതെ മറ്റൊരു ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുകയും അതുവഴി സന്തോഷമുള്ള ഒരു ജീവിതം ആവുകയും ചെയ്യാമെന്നുകൂടെ പീറ്റര്‍ സിംഗര്‍ പറയുന്നത് ഭൗതികമായ അനന്തരഫലങ്ങളെ മാത്രം വിലയിരുത്തിയാണ്. കോണ്‍സിക്വന്‍സ് മാത്രം നോക്കിയാണ് ശരിയും തെറ്റും നിശ്ചയിക്കുന്നതെങ്കില്‍ കൂടുതല്‍ സന്തോഷത്തിന് ഒരു കുഞ്ഞിനെ കൊല്ലുന്നതില്‍ തെറ്റൊന്നുമില്ലെന്നും പറയാമെന്നതിന്റെ ജീവിക്കുന്ന തെളിവാണ് ആധുനിക നാസ്തിക ലോകത്തെ ഒരു പ്രധാന ആചാര്യന്‍ തന്നെ. ഭൗതികമായ ന്യായത്തിനപ്പുറം ആത്യന്തികമായ ശരിതെറ്റുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും മനുഷ്യന്‍ അത് പാലിക്കേണ്ടവന്‍ ആണെന്നുമുള്ള വീക്ഷണം ഭൗതികവാദ യുക്തിയില്‍നിന്നു സാധ്യമല്ലാത്തതിന്റെ കാരണങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം

1) എന്താണ് ധാര്‍മികത എന്ന് വിശദീകരിക്കാന്‍ കഴിയുന്നില്ല.

2) ധാര്‍മികതയ്ക്ക് ഒരു സോഴ്‌സ് പറയാനാകുന്നില്ല.

3) എന്തിനു ധാര്‍മികമായ ഒരു വ്യവസ്ഥയെ പിന്‍പറ്റണമെന്നതിനുള്ള ന്യായം ഭൗതിക വാദത്തിന്റെ കാഴ്ചപ്പാടില്‍നിന്ന് കണ്ടെത്താനാവുന്നില്ല.

മുകളില്‍ പറഞ്ഞ വൈരുധ്യങ്ങളെ പരിഹരിച്ചുകൊണ്ടുതന്നെ ഒരു ധാര്‍മിക വ്യവസ്ഥയെ സ്ഥാപിക്കാന്‍ ഇസ്‌ലാമിനു കഴിയുന്നു എന്നത് ശ്രദ്ധേയമാണ്. അത്തരമൊരു നൈതിക വ്യവസ്ഥക്ക് കീഴൊതുങ്ങലും അനുസരിക്കലുമാണ് ഇസ്‌ലാം എന്ന പദത്തിന് നേര്‍ക്കുനേരെയുള്ള അര്‍ഥം തന്നെയും.

തത്ത്വശാസ്ത്രപരമായി ഡിയൊണ്ടോളജിയെ വികസിപ്പിക്കാന്‍ ശ്രമിച്ച വ്യക്തിയാണ് ഇമ്മാനുവല്‍ കാന്റ്. ഒരു കര്‍മത്തെ ശരിയും തെറ്റുമാക്കുന്നത് എന്താണെന്ന ചോദ്യത്തിന് കാന്റ് നല്‍കുന്ന ഉത്തരം ആ കര്‍മം കൊണ്ട് വ്യക്തിയുടെ ഉദ്ദേശ്യമെന്ത് എന്നതിനെ അടിസ്ഥാനമാക്കിയേ അത്തരം നൈതിക വിലയിരുത്തലുകള്‍ സാധ്യമാകൂവെന്നാണ്.(5)

കര്‍മങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നത് നിയ്യത്ത് അനുസരിച്ചാണെന്ന പ്രവാചക വചനത്തിന് സാമ്യമുള്ളതാണ് ധാര്‍മികതയെ സംബന്ധിച്ച് ഇമ്മാനുവല്‍ കാന്റ് എത്തുന്ന സംഗ്രഹവും എന്നത് ശ്രദ്ധേയമാണ്

ശാഹുല്‍ പാലക്കാട്

നേർപഥം വാരിക

സഅ്ദുബ്നു മുആദ്(റ)

സഅ്ദുബ്നു മുആദ്(റ)

അല്ലാഹുവിന്‍റെ റസൂലിന് ﷺ ഒരിക്കല്‍ ഒരു പട്ടുവസ്ത്രം ലഭിച്ചു, അതിന്‍റെ സൗന്ദര്യവും മൃദുലതയും അനുചരന്മാരെ അത്ഭുതപ്പെടുത്തി.  അപ്പോള്‍ റസൂല്‍ ﷺ പറഞ്ഞു: “സംശയമില്ല, സ്വര്‍ഗത്തില്‍ സഅ്ദുബ്നു മുആദിന് ലഭിക്കുന്ന തൂവാലകള്‍ ഇതിനെക്കാള്‍ മികച്ചതാണ്.”

മദീനയിലെ ഔസ് ഗോത്രത്തിന്‍റെ നേതാവായിരുന്നു സഅ്ദുബ്നു മുആദ്(റ). അക്വബ ഉടമ്പടിക്ക് ശേഷം മദീനയിലേക്ക് പ്രബോധന ചുമതലയുമായി പ്രവാചകന്‍ ﷺ മിസ്വ്ഹബ് ഇബ്നു ഉമൈറി(റ)നെ നിയോഗിച്ചു. മിസ്വ്ഹബി(റ)ന്‍റെ പ്രബോധനം അറിഞ്ഞ സഅ്ദുബ്നു മുആദ്(റ) തന്‍റെ സഹോദരനായിരുന്ന ഉസൈദുബ്നു ഹുദയ്റി(റ)നോട് പറഞ്ഞു: “നിങ്ങള്‍ക്കറിയാമോ, മക്കയില്‍നിന്ന് വന്നവര്‍ നമ്മുടെ പൂര്‍വികരുടെ വിശ്വാസം നശിപ്പിക്കാനും മദീനയിലെ ജനങ്ങളുടെ മനസ്സിനെ മലിനമാക്കാനുമാണ് വന്നിരിക്കുന്നത്. അതിനാല്‍ അവര്‍ എന്താണ് ചെയ്യുന്നതെന്ന് അറിയുകയും അവര്‍ ചെയ്യുന്നതില്‍ നിന്ന് അവരെ തടയുകയും വേണം.”

തുടര്‍ന്ന് രണ്ടുപേരും മിസ്വ്ഹബി(റ)ന്‍റെ അടുത്തെത്തി; അദ്ദേഹത്തോട് തര്‍ക്കിച്ചു. മദീന വിട്ട് പോകുവാന്‍ അവര്‍ ആവശ്യപ്പെട്ടു. മിസ്വ്ഹബ്(റ) സൗമ്യമായി പറഞ്ഞു: “എന്തുകൊണ്ടാണ് എനിക്ക് പറയാനുള്ളത് നിങ്ങള്‍ കേള്‍ക്കാത്തത്? ഇത് നന്മയാണെകില്‍ അത് നിങ്ങള്‍ക്ക് സ്വീകരിക്കാം, അല്ലെങ്കില്‍ ഞങ്ങള്‍ തിരിച്ചുപോകാം.” തുടര്‍ന്ന് അദ്ദേഹം ചില ക്വുര്‍ആന്‍ സൂക്തങ്ങള്‍ പാരായണം ചെയ്തു. ഇസ്ലാമിനെക്കുറിച്ച്, ഏകദൈവാരാധനയെക്കുറിച്ച്, ബിംബാരാധനയുടെ നിരര്‍ഥകതയെക്കുറിച്ച് വിവരിച്ചു. നബി ﷺ യെ സംബന്ധിച്ച് പറഞ്ഞുകൊടുത്തു. എല്ലാം സസൂക്ഷ്മം കേട്ട ആ സഹോദരങ്ങള്‍ ഇസ്ലാം സ്വീകരിച്ചു.

31ാം വയസ്സിലാണ് സഅ്ദ്(റ) ഇസ്ലാമിലേക്ക് കടന്നുവരുന്നത്. അത് മദീനയില്‍ വലിയ സ്വാധീനം സൃഷ്ടിച്ചു. ഒരുപാടുപേര്‍ അദ്ദേഹത്തിനു പിറകിലായി ഇസ്ലാമിലേക്ക് വന്നു.

ബദ്ര്‍യുദ്ധ സന്ദര്‍ഭം. സ്വഹാബികള്‍ യുദ്ധത്തിന് ഒരുങ്ങിവന്നതല്ല. അതുകൊണ്ട് തന്നെ അവരുടെ കയ്യില്‍ ആവശ്യമുള്ള ആയുധങ്ങളോ ആള്‍ബലമോ ഉണ്ടായിരുന്നില്ല. മുഹാജിറുകളുമായി ചര്‍ച്ച ചെയ്ത ശേഷം പ്രവാചകന്‍ ﷺ അന്‍സ്വാറുകളുടെ അഭിപ്രായം അറിയാന്‍ തീരുമാനിച്ചു. കാരണം അക്വബ ഉടമ്പടിയിലുള്ളത് ‘മദീനയില്‍ പ്രവാചകനെ സംരക്ഷിക്കും’ എന്നാണ്. ബദ്ര്‍ മദീനക്ക് പുറത്തുള്ള സ്ഥലമാണ്.

നബി ﷺ പറഞ്ഞു: “ജനങ്ങളേ, നിങ്ങളുടെ അഭിപ്രായം പറയൂ.” ഈ സന്ദര്‍ഭത്തില്‍ സഅ്ദുബ്നു മുആദ്(റ)  പറഞ്ഞു: “അല്ലാഹുവിന്‍റെ റസൂലേ, നിങ്ങള്‍ ഞങ്ങളെ ഉദ്ദേശിച്ചത് പോലെയുണ്ടല്ലോ?” നബി ﷺ പറഞ്ഞു: “അതെ.”

അപ്പോള്‍ സഅ്ദ്(റ) പറഞ്ഞു: “ഞങ്ങള്‍ താങ്കളില്‍ വിശ്വസിച്ചു. താങ്കളെ സത്യപ്പെടുത്തി. താങ്കള്‍ കൊണ്ടുവന്നത് സത്യമാണെന്ന് ഞങ്ങള്‍ അംഗീകരിച്ചു. ഞങ്ങള്‍ താങ്കള്‍ പറയുന്നത് കേള്‍ക്കാമെന്നും അനുസരിക്കാമെന്നും കരാര്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് എന്തൊന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത് അതിലേക്ക് നീങ്ങിക്കൊള്ളുക. ഞങ്ങള്‍ താങ്കളോടൊപ്പം ഉണ്ട്. ഒരു കടല്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഞങ്ങളോട് അതിലേക്ക് ഇറങ്ങാന്‍ പറഞ്ഞാല്‍ അങ്ങയോടൊപ്പം ഞങ്ങളും ഇറങ്ങും. ഞങ്ങളില്‍ ഒരാള്‍ പോലും പിന്തിരിയില്ല. നാളെ ശത്രുക്കളെ കണ്ടുമുട്ടുന്നതില്‍ ഞങ്ങളില്‍ ഒരാളും അനിഷ്ടക്കാരല്ല. ഞങ്ങള്‍ യുദ്ധത്തില്‍ ക്ഷമാലുക്കളാണ്. ഏറ്റുമുട്ടുന്നതില്‍ ആത്മാര്‍ഥതയുള്ളവരാണ്. അങ്ങയുടെ കണ്ണുകള്‍ക്ക് കുളിര്‍മ നല്‍കുന്ന കാര്യങ്ങള്‍ അല്ലാഹു ഞങ്ങളിലൂടെ താങ്കള്‍ക്ക് കാണിച്ചുതന്നേക്കാം. അതുകൊണ്ട് അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ താങ്കള്‍ ഞങ്ങളെയുംകൊണ്ട് മുന്നോട്ടുനീങ്ങിക്കൊള്ളുക.”

പ്രവാചകന്‍ ﷺ വിഷമിച്ച അനവധി സന്ദര്‍ഭങ്ങളില്‍ സഅ്ദ്(റ) ആശ്വാസമേകുന്ന വാക്കുകള്‍ നല്‍കിയിട്ടുണ്ട്. ഉഹ്ദ് യുദ്ധ ദിവസം ഖാലിദുബ്നു വലീദി(റ)ന്‍റെ നേതൃത്വത്തില്‍ പിന്തിരിഞ്ഞോടിയ മുശ്രിക്കുകള്‍ ആക്രമണം നടത്തുകയും സ്വഹാബികള്‍ പിന്തിരിഞ്ഞോടുകയും ചെയ്തപ്പോള്‍ പ്രവാചകന് കാവലായി നിന്നവരില്‍ സഅ്ദുബ്നു മുആദും(റ) ഉണ്ടായിരുന്നു.

മദീനയില്‍ മുസ്ലിംകള്‍ ഏറ്റവും പ്രയാസമനുഭവിച്ച സന്ദര്‍ഭത്തിലായിരുന്നു ഖന്തക്ക് യുദ്ധം. കരാര്‍ ലംഘനം നടത്തിയ ബനൂനളീര്‍ ഗോത്രത്തെ പ്രവാചകന്‍ ﷺ മദീനയില്‍നിന്ന് പുറത്താക്കി. പുറത്താക്കപ്പെട്ട ബനൂനളീര്‍ ഗോത്രത്തിലെ ചിലര്‍ മക്കയില്‍ ചെന്ന് മുശ്രിക്കുകളുമായി സംസാരിച്ചു. ക്വുറൈശികള്‍, യഹൂദികള്‍, ബനൂനളീര്‍, ഗത്വ്ഫാന്‍  തുടങ്ങിയ വിഭാഗങ്ങള്‍ മുസ്ലിംകള്‍ക്ക് എതിരെ സഖ്യം ചേര്‍ന്ന് മദീന ആക്രമിക്കാന്‍ തീരുമാനിച്ചു.

മുസ്ലിംകള്‍ക്ക് പരീക്ഷണം ശക്തമാവുകയും ഉപരോധം വീണ്ടും മുന്നോട്ടുനീങ്ങുകയും ചെയ്തപ്പോള്‍ ഗത്വ്ഫാന്‍ ഗോത്രത്തിന്‍റെ നേതാക്കളുടെ അടുക്കലേക്ക് പ്രവാചകന്‍ ആളെ അയച്ചു. ‘നിങ്ങളും നിങ്ങളുടെ കൂടെയുള്ളവരും മദീനയില്‍നിന്നും മടങ്ങിപ്പോകുന്നപക്ഷം മദീനയിലെ പഴങ്ങളുടെ മൂന്നിലൊന്ന് നിങ്ങള്‍ക്ക് നല്‍കാം’ എന്ന വ്യവസ്ഥയില്‍ അവരുമായി കരാറുണ്ടാക്കി. ഈ കരാറിനെ അവര്‍ അംഗീകരിക്കുകയും ചെയ്തു.

ഇപ്രകാരം ചെയ്യുന്നതിനുവേണ്ടി നബി ﷺ സഅ്ദുബ്നു മുആദി(റ)നോടും സഅ്ദുബ്നു ഉബാദ (റ)യോടും അഭിപ്രായം ചോദിച്ചു. അപ്പോള്‍ അവര്‍ നബി ﷺ യോട് ചോദിച്ചു: “അല്ലാഹുവിന്‍റെ പ്രവാചകരേ, നിങ്ങള്‍ ഒരു കാര്യം ഇഷ്ടപ്പെട്ടു സ്വയം ചെയ്യുകയാണോ അതല്ല നിര്‍ബന്ധമായും താങ്കള്‍ ചെയ്യേണ്ട നിലയ്ക്ക് അല്ലാഹു നിങ്ങളോട് കല്‍പിച്ചതാണോ ഇക്കാര്യം? അതോ നിങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി ചെയ്യുകയാണോ?”

അപ്പോള്‍ നബി ﷺ ഇപ്രകാരം പറഞ്ഞു: “ഇതു ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ചെയ്യുന്ന കാര്യമാണ്. അല്ലാഹുവാണ് സത്യം, അറബികള്‍ നിങ്ങളെ ഒന്നിച്ച് ആക്രമിക്കുന്നതും നിങ്ങളെ എല്ലാ ഭാഗത്തുനിന്നും കടിച്ചുകീറുന്നതുമായ നിങ്ങളുടെ ദുര്‍ബലാവസ്ഥ കണ്ടപ്പോള്‍ എനിക്ക് അങ്ങനെ ചെയ്യാന്‍ തോന്നിയതാണ്.”

അപ്പോള്‍ സഅ്ദുബ്നു മുആദ്(റ) പറഞ്ഞു: “അല്ലാഹുവിന്‍റെ പ്രവാചകരേ, ഞങ്ങളും ഈ സമൂഹവും ഒരുകാലത്ത് അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവരായിരുന്നു. വിഗ്രഹങ്ങളെ ആരാധിക്കുന്നവരായിരുന്നു. അന്നുപോലും മദീനയിലെ പഴങ്ങള്‍ കച്ചവടത്തിലൂടെയും സല്‍ക്കാരത്തിലൂടെയുമല്ലാതെ ഭക്ഷിക്കാന്‍ അവര്‍ ആഗ്രഹിച്ചിട്ടില്ല. ഇന്നാകട്ടെ അല്ലാഹു ഇസ്ലാംകൊണ്ട് ഞങ്ങള്‍ക്ക് പ്രതാപം നല്‍കി. ഞങ്ങളെ അവന്‍ ആദരിച്ചു. ഇസ്ലാമിലേക്ക് ഞങ്ങള്‍ക്ക് വഴികാണിച്ചുതന്നു. ഇത്രയും അഭിമാനത്തിന്‍റെ സ്ഥാനത്ത് എത്തിയ നമ്മള്‍, നമ്മുടെ സമ്പത്ത് ഇവര്‍ക്ക് നല്‍കുകയോ? അല്ലാഹുവാണ് സത്യം; അതിന്‍റെ ഒരു ആവശ്യവും ഇപ്പോള്‍ നമുക്കില്ല. അല്ലാഹുവാണ് സത്യം, അല്ലാഹു നമുക്കും അവര്‍ക്കും ഇടയില്‍ തീരുമാനം എടുക്കുന്നതുവരെ വാളല്ലാതെ മറ്റൊന്നും നാം അവര്‍ക്ക് നല്‍കുകയില്ല.”

 അപ്പോള്‍ നബി ﷺ പറഞ്ഞു: “നിങ്ങള്‍ക്ക് നിങ്ങളുടെ നിലപാട് സ്വീകരിക്കാം.”

കരാറില്‍നിന്ന് പ്രവാചകന്‍ ﷺ പിന്‍മാറിയപ്പോള്‍ മദീനയെ ശത്രുക്കള്‍ ഉപരോധിച്ചു. എന്നാല്‍ ഉപരോധത്തെ പ്രതിരോധിക്കാന്‍ നേരത്തെതന്നെ ആസൂത്രണം ചെയ്തത് പ്രകാരം വലിയ കിടങ്ങുകള്‍ കീറി യുദ്ധത്തിന് തയാറായി നില്‍ക്കുകയായിരുന്നു. കിടങ്ങ് ചാടിക്കടക്കാന്‍ ശത്രുക്കള്‍ക്ക് സാധിച്ചില്ല. എന്നാല്‍ അവര്‍ അമ്പെയ്ത്ത് ആരംഭിച്ചു. സഅ്ദുബ്നു മുആദി(റ)ന്‍റെ കൈകളില്‍ അമ്പുതറച്ച് നിലയ്ക്കാതെ രക്തം പ്രവഹിക്കാന്‍ തുടങ്ങി.  

പള്ളിയോടുചേര്‍ന്ന് ഒരു ടെന്‍റ് കെട്ടി അവിടെ അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ കിടത്തി. സഅ്ദ്(റ) ദുആ ചെയ്തു: “അല്ലാഹുവേ, ക്വുറൈശികളുമായുള്ള യുദ്ധം ഇനിയും അവശേഷിക്കുന്നുവെങ്കില്‍ എന്‍റെ ആയുസ്സ് നീട്ടിത്തരണേ, കാരണം നിന്‍റെ ദൂതനെ മര്‍ദിക്കുകയും അവിശ്വസിക്കുകയും പുറത്താക്കുകയും ചെയ്ത ഒരു ജനതക്ക് വേണ്ടി പോരാടും പോലെ, മറ്റൊരു വര്‍ഗത്തിന് വേണ്ടിയും പോരാടാന്‍ എനിക്ക് താല്‍പര്യമില്ല. ഇനി, അവരുമായുള്ള യുദ്ധം നിലയ്ക്കുകയാണെങ്കില്‍ ഇന്നെനിക്ക് പറ്റിയ പരുക്ക് കാരണമായി എന്നെ നീ രക്തസാക്ഷികളില്‍ പെടുത്തണേ. ബനൂക്വുറൈളക്കാരുടെ കാര്യത്തില്‍ എന്‍റെ കണ്‍കുളിര്‍ക്കുന്നതുവരെ നീ എന്നെ മരിപ്പിക്കരുതേ!”

ഖന്തക്ക് യുദ്ധത്തില്‍ അല്ലാഹുവിന്‍റെ സഹായത്താല്‍ മുസ്ലിംകള്‍ വിജയിച്ചു. കരാര്‍ ലംഘനം നടത്തിയ ജൂതന്മാരെ വെറുതെ വിടാന്‍ പാടില്ലെന്ന് നബി ﷺ തീരുമാനിച്ചു. കാരണം മുസ്ലിംകളുമായി നിലവിലുള്ള കരാറിന് വിരുദ്ധമായി അവസരം കിട്ടുമ്പോഴെല്ലാം കരാര്‍ തെറ്റിക്കുന്നവരായിരുന്നു അവര്‍.

അവരുടെ കാര്യം സഅ്ദുബ്നു മുആദി(റ)ന്‍റെ തീരുമാനത്തിന് വിടണമെന്ന ആവശ്യമുയര്‍ന്നു. കാരണം ഇസ്ലാമിനുമുമ്പ് സഅ്ദു(റ)മായി ജൂതര്‍ സഖ്യത്തിലായിരുന്നു. നബി ﷺ യോടും ഇസ്ലാമിനോടും വഞ്ചന പതിവാക്കിയിരുന്ന ബനൂക്വുറൈളക്കാരുടെ തനിനിറം അറിയാമായിരുന്ന സഅ്ദ്(റ) വിധിച്ചു: “യോദ്ധാക്കളെ വധിക്കുക, സ്ത്രീകളെയും കുട്ടികളെയും യുദ്ധത്തടവുകാരായി പിടിക്കുക, സ്വത്ത് കണ്ടുകെട്ടുക.”

അധികം വൈകാതെ ആ സ്വഹാബി രക്തസാക്ഷിയായി. 7 വര്‍ഷം മാത്രമാണ് ഇസ്ലാം സ്വീകരിച്ച ശേഷം അദ്ദേഹം ജീവിച്ചത്. ഈ ചെറിയ കാലയളവിനുള്ളില്‍ അല്ലാഹുവിന്‍റെ തൃപ്തി നേടുവാന്‍ അദ്ദേഹത്തിന് സാധിച്ചു.

അനസ് ഇബ്നു മാലിക്(റ) പറയുന്നു: “സഅ്ദുബ്നു മുആദി(റ)ന്‍റെ ജനാസ വഹിച്ചക്കപ്പെട്ടപ്പോള്‍ കപടവിശ്വാസികള്‍ പറഞ്ഞു: “എത്ര മാത്രം നിസ്സാരമായ ഒരു ജനാസയാണ് ഇത്.”

ബനുക്വുറൈള ഗോത്രക്കാരുടെ വിഷയത്തില്‍ സഅ്ദി(റ)ന്‍റെ വിധി നടപ്പിലാക്കിയ ദേഷ്യത്തിലാണ് അവര്‍ അപ്രകാരം പറഞ്ഞത്. ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍ പ്രവാചകന്‍ ﷺ പറഞ്ഞു: “മലക്കുകളായിരുന്നു അദ്ദേഹത്തെ വഹിച്ചുപോയിരുന്നത്.”

ജാബിര്‍(റ) പറയുന്നു; നബി ﷺ പറഞ്ഞു: “സഅ്ദുബ്നു മുആദി(റ)ന്‍റെ വഫാത്ത് കാരണം അല്ലാഹുവിന്‍റെ അര്‍ശ് വിറകൊണ്ടു.”

മുഹമ്മദ് ശമീല്‍

നേർപഥം വാരിക

സ്വഫിയ്യ ബിന്‍ത് അബ്ദുല്‍ മുത്വലിബ്

സ്വഫിയ്യ ബിന്‍ത് അബ്ദുല്‍ മുത്വലിബ്

ഇസ്‌ലാമിലെ മഹിളകളില്‍ അതിപ്രധാന സ്ഥാനം അലങ്കരിച്ച, ഇസ്‌ലാമിനുവേണ്ടി വനിതകളില്‍ നിന്ന് ആദ്യമായി യുദ്ധരംഗത്ത് ഒരു അവിശ്വാസിയെ വധിച്ച മഹതിയാണ് സ്വഫിയ്യ ബിന്‍ത് അബ്ദുല്‍ മുത്ത്വലിബ്(റ). രണ്ട് ധീരരായ മുസ്‌ലിം പടനായകര്‍ക്ക് ജന്മം നല്‍കാന്‍ സാധിച്ച, നബി ﷺ യുടെ അമ്മായി എന്ന സ്ഥാനം ലഭിച്ച മഹതിയാണവര്‍.

എല്ലാ അര്‍ഥത്തിലും കുടുംബ മഹിമയില്‍ അവര്‍ മുന്നിട്ടുതന്നെ നിന്നു. അവരുടെ പിതാവ് അബ്ദുല്‍ മുത്ത്വലിബ് നബി ﷺ യുടെ പിതാമഹനും ക്വുറൈശി നേതാവും എല്ലാവരാലും ആദരിക്കപ്പെടുന്ന വ്യക്തിത്വവുമായിരുന്നു.; മാതാവാകട്ടെ നബി ﷺ യുടെ മാതൃസഹോദരിയായ ഹാല ബിന്‍ത് വഹബും.

ആദ്യഭര്‍ത്താവ് ഹാരിസ് ഇബ്‌നു ഹര്‍ബ്, അബൂസുഫുയാനി(റ)ന്റെ സഹോദരന്‍. ക്വുറൈശികളിലെ പ്രബല ഗോത്രമായ ഉമയ്യ ഗോത്രത്തിന്റെ നേതാക്കളിലൊരാള്‍. അദ്ദേഹം മരണപ്പെട്ടതിനു ശേഷമാണ് അവര്‍ മറ്റൊരു വിവാഹം കഴിക്കുന്നത്. അത് അവ്വാം ബിന്‍ത് ഖുവൈലിദിനെയായിരുന്നു. അദ്ദേഹമാകട്ടെ പ്രവാചക പത്‌നി ഖദീജ(റ)യുടെ സഹോദരനുമാണ്.

സ്വഫിയ്യ(റ)യുടെ മകനോ? സുബൈറുബിന്‍ അവ്വാം; റസൂലിന്റെ ആത്മസുഹൃത്തുക്കളില്‍ ഒരാള്‍! ഇങ്ങനെ രക്തബന്ധം കൊണ്ടും വിവാഹബന്ധം കൊണ്ടും റസൂലിനോട് ചേര്‍ന്നുനില്‍ക്കുന്ന മാറ്റാരെങ്കിലുമുണ്ടോ എന്ന് തോന്നുമാറ് മഹത്ത്വപൂര്‍ണമായ ജീവിതംകൊണ്ട് അനുഗ്രഹിക്കപ്പെട്ട വനിതയാണ് സ്വഫിയ്യ(റ).

തന്റെ മകന്‍ സുബൈര്‍ ചെറിയ കുഞ്ഞായിരിക്കുമ്പോള്‍ ഭര്‍ത്താവ് അവ്വാം മരണപ്പെടുകയുണ്ടായി. മകന്‍ സുബൈറിനെ ആ മാതാവ് ഏറെ ബുദ്ധിമുട്ടിയാണ് വളര്‍ത്തിയത്. ഏങ്കിലും അവര്‍ അവന് യുദ്ധതന്ത്രവും ആയോധന കലകളും അശ്വാരൂഢ ഭടത്വവും അഭ്യസിപ്പിച്ചു. അവന്‍ കളിച്ചുവളര്‍ന്നത് കുന്തങ്ങള്‍കൊണ്ടും അമ്പും വില്ലും നന്നാക്കിയുമായിരുന്നു. ഏത് ഭയചകിതമായ അന്തരീക്ഷത്തിലൂടെ കടന്നുപോകാനും പ്രതിസന്ധികളെ അതിജീവിക്കാനും അവര്‍ അവനെ പ്രാപ്തനാക്കി.

ചെറിയ വീഴ്ചകള്‍ക്ക് പോലും ആ മാതാവ് മകന് വേദനിക്കുന്ന ശിക്ഷകള്‍ നല്‍കി. പലരും അതില്‍ അവരെ ആക്ഷേപിച്ചു പറയുകയുണ്ടായി: ‘നിങ്ങള്‍ക്ക് എന്തോ പകയുള്ളത് പോലെയാണല്ലോ ആ കുട്ടിയെ നിങ്ങള്‍ ശിക്ഷിക്കുന്നത്. ഇതൊരു മാതാവിന്റെ പ്രവര്‍ത്തനമാണോ?”അവരുടെ മറുപടി ഇതായിരുന്നു: ‘എനിക്ക് എന്റെ പുത്രനോട് പകയാണെന്ന് പറയുന്നവര്‍ തനി വ്യാജമാണ് പറയുന്നത്, ഞാനവനെ അടിക്കുന്നത് അവന്‍ ബുദ്ധികൂര്‍മതയോടെ കാര്യങ്ങള്‍ അറിഞ്ഞു മനസ്സിലാക്കാനാണ്. തന്‍മൂലം അവന് സൈന്യങ്ങളെ പരാജയപ്പെടുത്താനും വിജയങ്ങള്‍ ആവര്‍ത്തിക്കാനുമാകും.’

 നബി ﷺ യെ അല്ലാഹു ദിവ്യബോധനം നല്‍കി പ്രവാചകനാക്കിയപ്പോള്‍, ജനങ്ങള്‍ക്കുള്ള താക്കീതുകാരനും മാര്‍ഗദര്‍ശിയുമായി മാറ്റിയപ്പോള്‍ ആദ്യം അദ്ദേഹത്തോട് അടുത്ത ബന്ധുക്കളില്‍നിന്നാണ് പ്രബോധനം ആരംഭിക്കാന്‍ പറഞ്ഞത്. അതനുസരിച്ച് നബി ﷺ അബ്ദുല്‍ മുത്ത്വലിബിന്റെ കുടുംബത്തെ സമീപിച്ചു. അവരിലെ മുതിര്‍ന്നവരെയും സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും നബി പ്രത്യേകം കാണുകയും വിളിച്ചുകൂട്ടുകയും ചെയ്തു. അവരെ അഭിസംബോധന ചെയ്ത കൂട്ടത്തില്‍ നബി ﷺ ആരംഭിച്ചത് ഇങ്ങനെയാണ്: ‘അല്ലയോ മുഹമ്മദിന്റെ മകള്‍ ഫാത്വിമാ… അല്ലയോ അബ്ദുല്‍ മുത്ത്വലിബിന്റെ മകള്‍ സ്വഫിയ്യാ… അല്ലയോ അബ്ദുല്‍ മുത്ത്വലിബിന്റെ കുടുംബമേ… അല്ലാഹുവിന്റെയടുക്കല്‍ നിങ്ങള്‍ക്കുവേണ്ടി യാതൊന്നും നേടിത്തരാന്‍ എനിക്കാവില്ല.’

പിന്നീട് നബി ﷺ സ്വഫിയ്യ(റ)യെ വ്യക്തിപരമായി ഇസ്‌ലാമിലേക്ക് കടന്നുവരാന്‍ പ്രേരിപ്പിക്കുകയും അവര്‍ അല്ലാഹുവിന്റെ പ്രകാശവഴിയിലേക്ക് കടന്നുവരികയും ചെയ്തു. ആ പ്രകാശം മറ്റുള്ളവര്‍ക്ക് പങ്ക് വെക്കാന്‍ അവര്‍ തയ്യാറായി. ഇസ്‌ലാമിക നിരയിലേക്ക് ആദ്യം കടന്നുവന്നവരുടെ കൂട്ടത്തില്‍ നമുക്ക് സ്വഫിയ്യ(റ)യെ കാണാം. അഭിമാന ബോധത്തോടെ അവര്‍ ഇസ്‌ലാമിനു വേണ്ടി നിലകൊണ്ടു.

സ്വഫിയ്യയും മകന്‍ സുബൈറും ഇസ്‌ലാമിക പ്രകാശത്തിന്റെ മുന്‍നിരയില്‍ തന്നെ സ്ഥാനമുറപ്പിച്ചു. ആദ്യകാലത്തെ വിശ്വാസികള്‍ ക്വുറൈശികളില്‍നിന്നേറ്റു വാങ്ങിയ എല്ലാ പീഡനങ്ങളും അവരും എല്‍ക്കേണ്ടിവന്നു.

പിന്നീട് നബി ﷺ ക്കും അനുചരന്മാര്‍ക്കും മദീനയിലേക്ക് പലായനം നടത്താന്‍ അല്ലാഹു അനുവാദം നല്‍കിയപ്പോള്‍ തന്റെ എല്ലാ ബന്ധങ്ങളും ഓര്‍മകളും സുഖസൗകര്യങ്ങളും മക്കയില്‍ ബാക്കിയാക്കി ആ ക്വുറൈശി പ്രമുഖ മദീനയെ ലക്ഷ്യം വെച്ച് ഹിജ്‌റക്ക് തയ്യാറായി; അല്ലാഹുവിന്റെ മതമനുസരിച്ചു ജീവിക്കുവാനുള്ള കൊതിയുമായി. ഓര്‍ക്കണം, ഒരു അറുപതു വയസ്സുകാരിയാണ് തന്റെ ജീവിതസന്ധ്യയില്‍ ഈ ത്യാഗത്തിന് മുതിരുന്നത്!

സ്വഫിയ്യ(റ)ക്ക് യുദ്ധരംഗത്ത് ഒരു പക്ഷേ, മറ്റൊരു മുസ്‌ലിം വനിതയ്ക്കും പറയാനാകാത്ത  ധീരതയുടെ ചരിത്രം പറയാനുണ്ടാകും. പ്രത്യേകിച്ചും ഉഹ്ദ്, ഖന്തഖ് യുദ്ധ വേളകളില്‍.

ഉഹ്ദ് യുദ്ധവേളയില്‍ സ്വഫിയ്യ(റ) പുറപ്പെട്ടത് ഒരുപറ്റം മുസ്‌ലിം സ്ത്രീകളുടെ കൂടെയായിരുന്നു. അവര്‍ തോല്‍പാത്രങ്ങളില്‍ വെള്ളം ശേഖരിച്ച് യുദ്ധഭൂമിയിലെ പടയാളികളെ കുടിപ്പിക്കുകയും, മുറിവേറ്റവരെ ശുശ്രൂഷിക്കുകയും, ഒടിഞ്ഞുപോയ അമ്പും വില്ലുമടക്കമുള്ള ആയുധങ്ങള്‍ ശരിയാക്കി കൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു. അതോടൊപ്പം അവര്‍ യുദ്ധത്തെ എല്ലാ അര്‍ഥത്തിലും വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തുകൊണ്ടിരുന്നു. അവരുടെ സഹോദര പുത്രന്‍കൂടിയായ മുഹമ്മദ് നബി ﷺ യാണല്ലോ യുദ്ധം നയിച്ചുകൊണ്ടിരുന്നത്. അവരുടെ സഹോദരന്‍ ഹംസ(റ), മകന്‍ സുബൈര്‍ ബിന്‍ അവ്വാം(റ) എന്നിവര്‍ യുദ്ധനിരയില്‍ മുമ്പില്‍ത്തന്നെ നിലക്കൊള്ളുന്നവരും.

അതിനൊക്കെ അപ്പുറം താനടക്കം എല്ലാവരും വിശ്വസിച്ചിരിക്കുന്ന ആദര്‍ശത്തിന്റെ, ഇസ്‌ലാമിന്റെ നിലനില്‍പ്പിനാണല്ലോ ഈ പോരാട്ടം. അതിനുവേണ്ടിയായിരുന്നല്ലോ മക്ക വിട്ട് അവര്‍ ഹിജ്‌റ ചെയ്തത്. ആ സ്വര്‍ഗ വഴിയിലാണല്ലോ ക്ഷമയോടെ അവര്‍ കാത്തിരിക്കുന്നതും.

യുദ്ധത്തിനിടയില്‍ റസൂലിന്റെ അടുക്കല്‍ പടയാളികളുടെ എണ്ണം വളരെ കുറവായ നിലയിലും മുശ്‌രിക്കുകളാവട്ടെ സര്‍വ സന്നാഹങ്ങളുമുപയോഗിച്ച് റസൂലിനെ നേരിട്ട് ആക്രമിക്കാന്‍ ഒരുങ്ങുന്നതും അവര്‍ കണ്ടു. അവരുടെ ധൈര്യവും സ്ഥൈര്യവും ഉണര്‍ന്നു, ആക്രമിക്കപ്പെട്ട ഒരു പെണ്‍സിംഹത്തിന്റെ കരുത്തോടെ അവര്‍ ചാടിയിറങ്ങി. പരിക്കേറ്റ ഒരു പടയാളിയില്‍നിന്ന് ആയുധങ്ങള്‍ എടുത്ത് യുദ്ധനിരയിലേക്ക് അവര്‍ കുതിച്ചു, തന്റെ കുതിരയെ ശക്തമായി മുന്നോട്ടു നയിച്ച് മുസ്‌ലിം സൈനികരോട് അവര്‍ ആക്രോശിച്ചു: ‘നിങ്ങള്‍ അല്ലാഹുവിന്റെ ദൂതനെ പരാജയപ്പെടുത്താന്‍ സമ്മതിച്ചുകൊടുക്കുകയാണോ?’

അവര്‍ മുന്നോട്ട് നീങ്ങുന്നത് കണ്ട പ്രവാചകന്‍ ആശങ്കപ്പെട്ടു. കാരണം അവരുടെ സഹോദരന്‍ കൂടിയായ തന്റെ പിതൃവ്യന്‍ ഹംസ(റ) കരളടക്കം പിച്ചിച്ചീന്തപ്പെട്ട് കിടക്കുന്ന യുദ്ധ ഭൂമിയാണ്. സുബൈറി(റ)നോട് നബി ﷺ ആഗ്യം കാണിച്ചു… ‘സുബൈര്‍, ഉമ്മ… സുബൈര്‍, ഉമ്മ…!’

സുബൈര്‍(റ) ഉമ്മയെ ഉച്ചത്തില്‍ വിളിച്ചു: ‘ഉമ്മാ…ഉമ്മാ…!’ അവര്‍ പ്രതികരിച്ചത് ‘അങ്ങോട്ട് മാറി നില്‍ക്ക്, നിനക്ക് ഉമ്മയില്ലെന്ന് കരുതിക്കോ’ എന്നായിരുന്നു!

മകന്‍ ഉമ്മയോട് വിളിച്ചു പറഞ്ഞു: ‘ഉമ്മാ! നബി ഉമ്മയോട് മടങ്ങിവരാന്‍ പറയുന്നു.’

അവര്‍ ചോദിച്ചു: ‘എന്തിന്? ഞാനറിഞ്ഞിട്ടുണ്ട് എന്റെ സഹോദരനടക്കം  മരിച്ച്, അംഗഭംഗം സംഭവിച്ച് കിടക്കുന്നുണ്ടെന്ന്. അതാകട്ടെ അല്ലാഹുവിന്റെ മാര്‍ഗത്തിലാണ്.’

ഇത് കേട്ട റസൂല്‍ ﷺ പറഞ്ഞു: ‘സുബൈര്‍, അവരെ സ്വതന്ത്രമായി വിടുക.’

സുബൈര്‍(റ) ആ ഉദ്യമത്തില്‍നിന്നും പിന്തിരിഞ്ഞു.

യുദ്ധം കഴിഞ്ഞു. യുദ്ധത്തിന്റെ കെടുതികള്‍ അവര്‍ക്ക് മുന്നില്‍ ദൃശ്യമായപ്പോള്‍ തന്റെ സഹോദരന്‍, ഇസ്‌ലാമിന്റെ മുന്നണിപ്പോരാളി, അല്ലാഹുവിന്റെ സിംഹം എന്നറിയപ്പെട്ട ഹംസ(റ)യുടെ മൃതദേഹം അവര്‍ കണ്ടു. അത് എല്ലാ യുദ്ധനിയമങ്ങളും അതിലംഘിച്ചവിധം വയര്‍ പിളര്‍ന്നതും, കരള്‍ കടിച്ചുതുപ്പിയതും, മൂക്കും ചെവിയും അരിഞ്ഞെടുത്തതും, മുഖം വികൃതമാക്കപ്പെട്ടതുമായിരുന്നു.

സഹോദരനുവേണ്ടി അല്ലാഹുവിനോട് പൊറുക്കലിനെതേടി ആ മഹതി പറഞ്ഞു: ‘ഇതൊക്കെ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ളതാണ്. ഞാന്‍ അവന്റെ വിധിയില്‍ തൃപ്തിപ്പെടുന്നു, കടിച്ചമര്‍ത്താനാകാത്ത വേദനയനുഭവിക്കുന്നുണ്ടെങ്കിലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഞാന്‍ ക്ഷമയോടെ നിലകൊള്ളും; ഇന്‍ശാ അല്ലാഹ്.’

എന്നാല്‍ ഖന്തക്ക് യുദ്ധവേളയില്‍ സ്വഫിയ്യയുടെ ധൈര്യം ഇസ്‌ലാമിക ലോകം വീണ്ടും ശ്രദ്ധിച്ചു. സാധാരണഗതിയില്‍ യുദ്ധസമയത്ത് നബി ﷺ സ്ത്രീകളെയും കുട്ടികളെയും കോട്ടക്കുള്ളില്‍ പാര്‍പ്പിച്ച് അവര്‍ക്ക് പരമാവധി സംരക്ഷണം കിട്ടുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. ഖന്തഖ് യുദ്ധത്തിനൊരുങ്ങുമ്പോള്‍ ഇപ്രകാരം തന്റെ ഭാര്യമാരെയും കുടുംബാംഗങ്ങളെയും മുസ്‌ലിം സഹോദരിമാരെയും ഹസ്സാന്‍ ബിന്‍ ഥാബിത്തി(റ)ന്റെ നിയന്ത്രണത്തിലുള്ള ഒരു കോട്ടക്കുള്ളിലാണ് സംരക്ഷണ കവചമൊരുക്കിയത്. ആ കോട്ട സുഭദ്രവും പെെട്ടന്ന് തകര്‍ക്കാനാവാത്തതുമായിരുന്നു

ഖന്തഖിലെ വലിയ വാരിക്കുഴികള്‍ക്കപ്പുറത്ത് മുസ്‌ലിം സൈന്യം ശത്രുക്കളെ പ്രതീക്ഷിച്ചിരുന്നപ്പോള്‍ അവര്‍ കോട്ടയില്‍നിന്നും അവിടെയുള്ള ആളുകളില്‍നിന്നും അശ്രദ്ധരായി. ഈ സമയത്താണ് സ്വഫിയ്യ(റ)യുടെ അസാമാന്യധൈര്യവും നേതൃശേഷിയും പ്രകടമായത്. പുലര്‍ച്ച മുതല്‍ ആ കോട്ടയുടെ  സംരക്ഷണം തീര്‍ത്ത് അവര്‍ ജാഗരൂകയായി നിലകൊണ്ടു.

ഇതിനിടയിലാണ് ഒരു ജൂതന്‍ ചാരപ്പണിക്കായി കോട്ടക്ക് ചുറ്റും കറങ്ങുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടത്. അവര്‍ക്ക് അതൊരു ചാരനാണെന്നും സ്ത്രീകള്‍ മാത്രമാണോ ഉള്ളിലുള്ളത്, അതല്ല അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ വല്ലവരുമുണ്ടോ എന്നറിയാനാണ് അയാളുടെ കറക്കമെന്നും മനസ്സിലായി. അപ്പോള്‍ സ്വഫിയ്യ(റ) ആത്മഗതം ചെയ്തു. ‘ഇതാ, ബനൂക്വുറൈള ഗോത്രം നബിയുമായുണ്ടാക്കിയ കരാര്‍ ലംഘിച്ചിരിക്കുന്നു. അവര്‍ ശത്രുപക്ഷത്തെ, അഥവാ ക്വുറൈശികളെയും സഖ്യകക്ഷികളെയും സഹായിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നു. ഇവിടെയാകട്ടെ മുസ്‌ലിം സൈന്യത്തിന്റെ സാന്നിധ്യമില്ലതാനും. മുസ്‌ലിം സൈന്യം ഖന്തഖ് ഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമയം, അവിടെ ശത്രുക്കളുടെ ആക്രമണം ഏത് സമയത്തും തുടങ്ങാനുമിടയുണ്ട്…’

ശത്രുക്കളെ സഹായിക്കാനായി ജൂതന്മാര്‍ മുസ്‌ലിം സ്ത്രീകളെയും കുട്ടികളെയും തടവിലാക്കാനിടയുണ്ടെന്ന് തിരിച്ചറിഞ്ഞ അവര്‍ തന്റെ മുഖമക്കന തലവഴി ചുറ്റിപ്പൊതിഞ്ഞ് അതിന്റെ അറ്റം വസ്ത്രത്തിനുള്ളിലേക്ക് ഇട്ടു. തുടര്‍ന്ന് മധ്യഭാഗത്ത് ഒരു കെട്ടും കെട്ടി ഒരു തടിക്കഷ്ണം ചുമലിലേറ്റി കോട്ട വാതിലിലേക്ക് ഇറങ്ങി. വളരെ പതിയെ കോട്ട വാതില്‍ തുറന്ന് ശത്രുവിന്റെ ശ്രദ്ധയില്‍ പതിയാതെ തനിക്ക് ആക്രമണത്തിന് പറ്റിയ ഒരു സ്ഥലത്ത് കയറിനിന്നു

ശത്രു കൃത്യസ്ഥലത്ത് എത്തിയാപ്പോള്‍ ഒട്ടും മനോബലം ചോരാതെ ആ തടിക്കഷ്ണം അയാളുടെ തലയിലിട്ടു. ആ ഒറ്റ ആക്രമണത്തില്‍ തന്നെ അയാളുടെ കഥ കഴിച്ചു. രണ്ടും മൂന്നും തവണ അയാളെ അടിച്ച് മരണം ഉറപ്പുവരുത്തി.

തുടര്‍ന്ന് അയാളുടെ തലയറുത്തെടുത്ത് കോട്ടക്ക് മുകളില്‍ പ്രദര്‍ശിപ്പിച്ചു. തങ്ങളുടെ കൂട്ടുകാരന്റെ തല കോട്ടക്ക് മുകളില്‍ കണ്ടപ്പോള്‍ ജൂതര്‍ പകച്ചുപോവുകയും മുഹമ്മദ് തന്റെ സ്ത്രീകളെ സംരക്ഷകരില്ലാതെ നിര്‍ത്തിപ്പോകുമെന്നാണോ നിങ്ങള്‍ ധരിച്ചിരിക്കുന്നത് എന്ന് പറഞ്ഞ് പരസ്പരം പഴിചാരുകയും ചെയ്തു.

ഈ ആത്മ ധൈര്യത്തിന്റെ, ഈ ക്ഷമയുടെ, ഈ മഹിതമായ പാരമ്പര്യത്തിന്റെ പേരാണ് സ്വഫിയ്യ(റ).

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര
നേർപഥം വാരി

 

 

മലമുകളിലെ നോമ്പ്

മലമുകളിലെ നോമ്പ്

മൂവായിരത്തോളം അടി ഉയരമുള്ള മലകള്‍ നിറഞ്ഞ പ്രദേശത്ത് ജോലിക്ക് എത്തിയത് നോമ്പിന് തലേന്നാള്‍. പ്രൊമോഷനോടുകൂടിയ സ്ഥലം മാറ്റം പ്രതീക്ഷിക്കാതെ! നോമ്പിന്റെ ആദ്യദിവസംതന്നെ പ്രയാസമായി. അത്താഴം കട്ടന്‍ചായയിലും തേങ്ങാബണ്ണിലും മറ്റും ഒതുങ്ങി.  

ആദ്യമായി ജോലിചെയ്യുന്ന പ്രദേശം. പേരിനുപോലും ആരെയും പരിചയമില്ലാത്ത ഇടം. ചെയ്ത് പരിചയമില്ലാത്ത ചില നിയമങ്ങളും ചട്ടങ്ങളുംകൂടി ഉള്ള ജോലി. മലമുകളിലെ കാലാവസ്ഥ അനുയോജ്യം. നാട്ടില്‍ ചുട്ടുപൊള്ളുന്ന നട്ടുച്ചക്ക് പോലും ഇവിടം ചൂടിന് തണുപ്പിനോട് ചായ്‌വ്. ഓഫീസിനോട് ചേര്‍ന്നുതന്നെ ക്വാര്‍ട്ടേഴ്‌സ്. ചുറ്റുമുള്ള ക്വാര്‍ട്ടേഴ്‌സുകളില്‍ സ്വന്തം വകുപ്പുജീവനക്കാര്‍ മാത്രം.

ക്വാര്‍േട്ടഴ്‌സില്‍ ഒപ്പം ഓഫീസിലെ സഹഓഫീസര്‍. സംസ്ഥാനത്തിന് പുറത്ത് ജോലിചെയ്ത പരിചയം. അദ്ദേഹത്തിന് പാചക വൈവിധ്യം കുറെവങ്കിലും ഉണ്ടാക്കുന്നവ രുചികരം. റമദാനിലെ പുണ്യം. പച്ചക്കറിയും മറ്റും നുറുക്കാനും പാത്രം മോറാനും മറ്റും സഹായിച്ച് ഞാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അത്താഴത്തിന് പഴങ്ങളോ ഉണങ്ങിയ നട്‌സോ മറ്റോ മതി എന്ന എന്റെ ലൈനിലേക്ക് അദ്ദേഹവും മാറി.

അടുത്ത് പള്ളികള്‍ ഇല്ല. ബാങ്കുവിളി കേള്‍ക്കുന്നില്ല, സ്വുബ്ഹിക്ക് പോലും! ഇടയ്ക്ക് സഹപ്രവര്‍ത്തകന്റെ മൊബൈലില്‍നിന്ന് ഈണത്തില്‍ വിശുദ്ധ ഹറമിലേതിനെ ഓര്‍മിപ്പിക്കുന്ന ബാങ്കിന്‍നാദം കേള്‍ക്കുമ്പോള്‍ വല്ലാത്ത ഇഷ്ടം. ഒപ്പം നഷ്ടബോധവും. മുറിയില്‍ ഒറ്റക്കോ സഹപ്രവര്‍ത്തകനൊപ്പമോ രാത്രി നമസ്‌കാരമടക്കം നിര്‍വഹിച്ച് തൃപ്തിയടയും.

ചില വൈകുന്നേരങ്ങളില്‍ സഹജീവിയുടെ കൂട്ടുകാര്‍ എത്തും. അവരിന്ന് എന്റെയും കൂട്ടുകാര്‍. കേന്ദ്ര, സംസ്ഥാന ജീവനക്കാരായ ഈ ക്രൈസ്തവ, ഹൈന്ദവ സൗഹൃദങ്ങള്‍ ഞങ്ങള്‍ക്ക് നോമ്പുതുറക്കാന്‍ അടുക്കളയില്‍ കാപ്പിയിട്ടും പഴംനുറുക്കിയും കൂടെ നിന്നു. റമദാനിലെ കാരുണ്യം.

ചൂടുള്ള കട്ടന്‍ചായയുടെ കൂടെ പുട്ടോ ഉപ്പുമാവോ കൂട്ടി നോമ്പ് തുറക്കുമ്പോള്‍ അറിയാതെ വീടിനെ ഓര്‍മിച്ച് പോകും. നിറവും മണവും രുചിയുമുള്ള പഴനീരുകളും പല രുചികൡലും രൂപത്തിലുമുള്ള എണ്ണപ്പലഹാരങ്ങളും നേര്‍ത്ത പത്തിരിയും കൊതിപ്പിക്കുന്ന മണമുള്ള ഇറച്ചിക്കറിയും നിറഞ്ഞ തീന്‍മേശ കണ്ണില്‍ പ്രത്യക്ഷപ്പെടും. ഒരു നെടുവീര്‍പ്പോടെ കടലക്കറിയില്‍ സായൂജ്യമടയും!

പള്ളിയില്‍ പൊറോട്ട പോത്തിറച്ചിസഹിതം കഴിച്ച് നോമ്പുതുറന്ന കഴിഞ്ഞ വര്‍ഷങ്ങളെപ്പറ്റി ഔദേ്യാഗികവാഹന സാരഥി ഓര്‍മിപ്പിക്കും. മുന്‍ ഓഫീസര്‍ വെജ് ഇഷ്ടപ്പെടുന്ന ആളായിരുന്നെങ്കിലും കൂട്ടിനു  പോകുന്ന സഹോദര സമുദായ അംഗമായ അദ്ദേഹമായിരുന്നു കൂടുതല്‍ ആസ്വദിച്ച് കഴിച്ചിരുന്നത് എന്ന് പറഞ്ഞുരസിക്കും.

ഇത്തവണ നോമ്പുതുറകള്‍ ഇല്ല, ഉള്ളത് നാമമാത്രവും. കോവിഡിന്റെ രണ്ടാംവരവ് കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കുന്നു.

വ്രതത്തിന്റെ പ്രതിഫലം നല്‍കുന്ന കരുണവറ്റാത്ത രക്ഷിതാവ് പ്രയാസത്തിനനുസരിച്ചത് തരാതിരിക്കില്ലല്ലോ. സഹകരിക്കുകയും സഹായിക്കുകയും ചെയ്യുന്നവരെ കാണാതിരിക്കില്ലല്ലോ. ഈ കാലവും കടന്നുപോകും. കടന്നുപോയേ തീരൂ…!

ഇബ്‌നു അലി എടത്തനാട്ടുകര

നേർപഥം വാരിക 

ക്വദ്‌റിന്റ രാവ്: മനുഷ്യായുസ്സിലെ അമൂല്യനിധി

ക്വദ്‌റിന്റ രാവ്: മനുഷ്യായുസ്സിലെ അമൂല്യനിധി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള പുത്തന്‍ സാങ്കേതികവിദ്യകള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിലൂടെ മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യം ഉയരുമെന്നും മരണത്തെ വൈകിപ്പിക്കാമെന്ന് വ്യാമോഹിക്കുകയും ചെയ്യുന്ന ആധുനികശാസ്ത്ര പുരോഗമന യുഗത്തിലും മാരകമായ പകര്‍ച്ചവ്യാധിയുടെ മുന്നില്‍ നിസ്സഹായരായി തളര്‍ന്നുവീഴുകയാണ് മനുഷ്യകുലം.

മരണപ്പെട്ടവരെ ഒരുനോക്ക് പോലും കാണാനാവാതെ ബന്ധുക്കള്‍ തീനാളങ്ങള്‍ക്കെറിഞ്ഞുകൊടുക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും ദയനീയതയും ആര്‍ത്തനാദങ്ങളും മനുഷ്യന്‍ എത്ര നിസ്സാരനാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു.

ജീന്‍ എഡിറ്റിംഗിലും രോഗപ്രതിരോധത്തിലുമുള്ള ഗവേഷണം ഊര്‍ജിതമാക്കാന്‍ കോടികള്‍ മുടക്കി തയ്യാറെടുപ്പുകള്‍ നടത്തിയിട്ടും സോപ്പുകുമിളകളില്‍ അലിഞ്ഞുപോകുന്ന നിസ്സാരമായ വൈറസിന് മുന്നില്‍ വാപൊളിച്ച് നില്‍ക്കുന്ന ശാസ്ത്രലോകത്തിന്റ മരണത്തെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ എത്ര ബാലിശമാണ്. ചിരഞ്ജീവിയായി മാറി ശാശ്വതമായ ജീവിതം നയിക്കാനാകുന്ന വിധം മരണത്തെ എന്നെന്നേക്കുമായി നിഷ്‌കാസനം ചെയ്യാന്‍ നൂറ്റാണ്ടുകളായി മനുഷ്യന്‍ പണവും അധ്വാനവും ചെലവഴിച്ച് കൊണ്ടിരിക്കുന്നു. നിഷ്ഫലമായ ഇത്തരം ശ്രമങ്ങള്‍ക്കപ്പുറം മനുഷ്യജീവിതത്തിന്റെ അര്‍ഥവും ലക്ഷ്യവും തിരിച്ചറിയാനുള്ള വിവേകവും ബുദ്ധിയുമാണ് മനുഷ്യന് വേണ്ടത്. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു അവന്റെ വചനങ്ങളിലൂടെ മാനവരാശിയെ അത് പഠിപ്പിക്കുന്നുണ്ട്.

”ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല” (ക്വുര്‍ആന്‍ 52:56).

മരണവും ജീവിതവും സൃഷ്ടിച്ചതിന്റെ ലക്ഷ്യവും അല്ലാഹു പഠിപ്പിക്കുന്നുണ്ട്:

”നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു” (ക്വുര്‍ആന്‍ 67:2).

അതിനാല്‍ മനുഷ്യായുസ്സിന്റെ നൈമിഷികതയെ വളരെ ഗൗരവത്തോടെ കാണുകയും പരിമിതമായ സമയത്തിന്റെ മൂല്യത്തെ തിരിച്ചറിയുകയും മരണത്തെ സദാസമയത്തും ഓര്‍ക്കുകയും കടമകള്‍ നിര്‍വഹിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നത് വിശ്വാസികളുടെ പ്രത്യേകതയാണ്.

അബൂശുറൈഹ്(റഹി) നടന്നുപോകവെ പെട്ടെന്ന് ഇരിക്കുകയും തട്ടംകൊണ്ട് മുഖം പൊത്തുകയും പിന്നീട് കരയുകയും ചെയ്തു. എന്താണ് താങ്കളെ കരയിപ്പിച്ചതെന്ന് അദ്ദേഹത്തോട് കൂടെ ഉണ്ടായിരുന്നവരിലൊരാള്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘എന്റെ ആയുസ്സിന്റ വേഗത്തെയും പ്രവര്‍ത്തനങ്ങളുടെ കുറവിനെയും അവധിയുടെ ആഗമനത്തെയും കുറിച്ച് ഞാന്‍ ചിന്തിച്ചു.’

മരണാനന്തര ജീവിതത്തില്‍ വിജയിക്കാനാവശ്യമായ വിശ്വാസ, കര്‍മാനുഷ്ഠാനങ്ങള്‍ മുഹമ്മദ് നബി ﷺ മാനവരാശിയെ പഠിപ്പിച്ചിട്ടുണ്ട്. അത് നിര്‍വഹിക്കുന്നതില്‍ വീഴ്ചവന്നിട്ടുണ്ടോ എന്ന ചിന്തയിലാണ് പൂര്‍വികരായ സജ്ജനങ്ങള്‍ പലപ്പോഴും കരഞ്ഞത്. ആയുസ്സിനുള്ളില്‍ കടന്നുവരുന്ന പുണ്യങ്ങളുടെ സീസണുകളിലും നിസ്സംഗതയും അലസതയും പിടികൂടുന്നുണ്ടോ എന്ന വേവലാതിയും ആശങ്കയും വിശ്വാസിയുടെ മനസ്സുകളില്‍ ഉള്‍കിടിലമുണ്ടാക്കും. പരിശുദ്ധ റമദാനിലെ ദിനരാത്രങ്ങള്‍ വിശ്വാസിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന മഹാസൗഭാഗ്യമാണ്.

അബൂഹുറയ്‌റ(റ) നിവേദനം; റസൂല്‍ ﷺ പറഞ്ഞു: ”നിങ്ങള്‍ക്ക് റമദാന്‍ വന്നെത്തിയിരിക്കുന്നു. അനുഗൃഹീത മാസം. അല്ലാഹു നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. അതില്‍ സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുകയും നരകകവാടങ്ങള്‍ അടക്കപ്പെടുകയും ചെയ്തിരിക്കുന്നു. പിശാചുക്കള്‍ ബന്ധനസ്ഥരാക്കപ്പെട്ടിരിക്കുന്നു. അതിലൊരു രാവുണ്ട്. ആയിരം മാസത്തെക്കാള്‍ ഉത്തമമാണത്” (നസാഈ).

ലൈലതുല്‍ ക്വദ്ര്‍

‘ക്വദ്ര്‍’ എന്നതിന്റെ ഭാഷാര്‍ഥം വിധിനിര്‍ണയം, മഹത്തായത്, കുടുസ്സായത്, പവിത്രമായത് എന്നൊക്കെയാണ്.

‘ലൈലതുല്‍ക്വദ്ര്‍’ എന്നതിന് ‘വിധിനിര്‍ണയത്തിന്റ രാവ്,’ ‘മഹത്തായ രാത്രി’ എന്നിങ്ങനെ അര്‍ഥം പറയാവുന്നതാണ്. ഇതിന് ഈ പേര് പറയാനുള്ള കാരണങ്ങളായി വിശദീകരിക്കപ്പെടുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്:

1) അതാത് വര്‍ഷങ്ങളിലെ കാര്യങ്ങള്‍ നിര്‍ണയിക്കുന്നത് ഈ രാത്രിയിലാണ്. അല്ലാഹു പറയുന്നു: ”ആ രാത്രിയില്‍ യുക്തിപൂര്‍ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു” (ക്വുര്‍ആന്‍ 44:4).

സൃഷ്ടിജാലങ്ങളുടെ വിധിനിര്‍ണയിക്കുന്നത് ഈ രാത്രിയിലാണ്. ജീവിതവും മരണവും ജയവും പരാജയവും സന്തോഷവും സന്താപങ്ങളും പ്രതാപവും നിന്ദ്യതയും എല്ലാം രേഖപ്പെടുത്തുന്നതും ഈ രാത്രിയിലാണ്.

2) പവിത്രതയും മഹത്ത്വവുമുള്ള രാത്രിയാണ്. ഇമാം നവവി(റഹി) പറയുന്നു: ”ലൈലതുല്‍ ക്വദ്‌റിന്റെ മഹത്ത്വവും ശ്രേഷ്ഠതയും കാരണമാണ് അതിനെ ആ പേര് വിളിക്കുന്നത്” (ശര്‍ഹു മുസ്‌ലിം)

അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു” (ക്വുര്‍ആന്‍ 44:3).

ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ”അനുഗൃഹീതമായ രാത്രി എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് ലൈലതുല്‍ ക്വദ്‌റാകുന്നു.”

3) വിധിയുമായി മലക്കുകള്‍ ഇറങ്ങിവരുന്നു.

4) നിര്‍ണിതമായ ഒരു സമൂഹത്തിന് നിശ്ചയിക്കപ്പെട്ട, ഒരു പ്രവാചകനില്‍ ഒരു മലക്കിലൂടെ നിര്‍ണയിക്കപ്പെട്ട ഒരു ഗ്രന്ഥം അവതരിച്ച രാത്രി ആയതിനാലാണ് എന്നും അഭിപ്രായപ്പെടുന്നു

5) ഇറങ്ങിവരുന്ന  മലക്കുകളുടെ ആധിക്യം കാരണമായി ഭൂമി കുടുസ്സായി അനുഭവപ്പെടുന്നതിനാലും ഈ പേര് വിളിക്കപ്പെടുന്നു.

ഇങ്ങനെ പല അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നുണ്ട്. ഇതെല്ലാം ആ രാത്രിയുടെ മഹത്ത്വവും പവിത്രതയും വിളിച്ചറിയിക്കുന്നു.

പരിശുദ്ധ ക്വുര്‍ആന്‍ അവതരിച്ചുവെന്നതാണ് അതിനെ മഹത്ത്വപ്പെടുത്തുന്നത്. ജിബ്‌രീലും (മറ്റു) മലക്കുകളും ഇറങ്ങിവരുന്നു എന്നതും  അതിന്റെ പ്രഭാതംവരെ സമാധാനവും നിര്‍ഭയത്വം വര്‍ഷിക്കുന്നുവെന്നതും ആ രാത്രിയുടെ മഹത്ത്വമാണ്.

ലൈലതുല്‍ ക്വദ്‌റിന്റ പ്രത്യേകതകള്‍

1) വിശുദ്ധ ക്വുര്‍ആന്‍ അവതീര്‍ണമായ രാത്രി:

മാനവരാശിയെ സന്‍മാര്‍ഗത്തിലേക്ക് നയിക്കാനായി അല്ലാഹു വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിച്ചത് ലൈലതുല്‍ ക്വദ്‌റിലാണ്. അവസാനനാള്‍വരെയുള്ള ജനങ്ങള്‍ക്കുള്ള മാര്‍ഗദര്‍ശനമാണിത്. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നാം അതിനെ ലൈലതുല്‍ ക്വദ്‌റില്‍ അവതരിപ്പിച്ചിരിക്കുന്നു” (ക്വുര്‍ആന്‍ 97:1).

2) ആയിരം മാസത്തെക്കാള്‍ ഉത്തമമായ രാത്രി:

അല്ലാഹു പറയുന്നു: ”ലൈലതുല്‍ ക്വദ്ര്‍ ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു” (ക്വുര്‍ആന്‍ 97:3).

പൂര്‍വസമുദായങ്ങളുടെ ആയുര്‍ദൈര്‍ഘ്യം ഇന്നത്തേതിനെക്കാള്‍ ദീര്‍ഘിച്ചതായിരുന്നു. നൂഹ് നബി (അ) 950 വര്‍ഷം പ്രബോധനം നടത്തിയതായി വിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ദീര്‍ഘമായ ആയുസ്സ് ലഭിച്ച മുന്‍സമൂഹങ്ങള്‍ അത് കൃത്യമായി നന്മയില്‍ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ അവരോളം എത്താന്‍ നൂറില്‍താഴെ വര്‍ഷം മാത്രം ആയുര്‍ദൈര്‍ഘ്യമുള്ള നമുക്ക് സാധിക്കുകയില്ല. എന്നാല്‍ അല്ലാഹു നീതിമാനാണ്. നമുക്ക് വര്‍ഷത്തില്‍ ഒരു രാത്രി സമ്മാനിച്ചുകൊണ്ട് ദീര്‍ഘമായ കാലയളവിലെ നന്മയുടെ പ്രതിഫലം കരസ്ഥമാക്കാനുള്ള അവസരം നല്‍കിയിരിക്കുന്നു. അല്ലാഹു പറയുന്നു:

”മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങിവരുന്നു. പ്രഭാതോദയംവരെ അത് സമാധാനമത്രെ” (ക്വുര്‍ആന്‍ 97:4,5).

സൂര്യാസ്തമയം മുതല്‍ സൂര്യോദയം വരെയുള്ള ഏതാനും മണിക്കൂറുകള്‍ ആയിരം മാസത്തെക്കാള്‍ ഉത്തമമാണ്. അഥവാ 83 വര്‍ഷവും 4 മാസവും! ഏതാനും മണിക്കൂറുകള്‍ക്കകം ഒരായുഷ്‌കാലം കൊണ്ട് നേടിയെടുക്കാവുന്ന എല്ലാ നന്മകളും പുണ്യങ്ങളും വാരിക്കൂട്ടാന്‍ സാധിക്കുമെന്ന്!

ഇമാം മുജാഹിദ്(റഹി) പറഞ്ഞു: ‘അതിലെ കര്‍മങ്ങളും നോമ്പുകളും നമസ്‌കാരങ്ങളുമെല്ലാം ആയിരം മാസം ചെയ്തതിനെക്കാള്‍ പുണ്യമുള്ളതാണ്.’

നന്‍മയും അനുഗ്രഹങ്ങളും കാരുണ്യവുമായി മലക്കുകള്‍ ഭൂമിയിലേക്കിറങ്ങുന്ന സൗഭാഗ്യത്തിന്റെയും സമാധാനത്തിന്റെയും രാവാണിത്. ഈ രാത്രിയെക്കുറിച്ച് മാത്രം പറയുന്ന ഒരു അധ്യായം തന്നെ ക്വുര്‍ആനിലുണ്ട് എന്നത് ഇതിന്റ മഹത്ത്വമാണ് സൂചിപ്പിക്കുന്നത്.

ലൈലതുല്‍ ക്വദ്‌റിലെ ആരാധനകള്‍ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടാന്‍ കാരണമാകും. നബി ﷺ പറഞ്ഞു: ”ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും ലൈലതുല്‍ ക്വദ്‌റില്‍ നിന്ന് നമസ്‌കരിച്ചാല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ അല്ലാഹു പൊറുത്തുകൊടുക്കും” (ബുഖാരി).

ലൈലതുല്‍  ക്വദ്ര്‍ എന്നാണ്?

ഈ വിഷയത്തില്‍ വ്യത്യസ്തമായ റിപ്പോര്‍ട്ടുകള്‍ കാണുവാന്‍ സാധിക്കും.

പ്രവാചകന്‍ ﷺ പറഞ്ഞു: ”ലൈലതുല്‍ ക്വദ്‌റിനെ നിങ്ങള്‍ റമദാനിന്റ അവസാന പത്തില്‍ പ്രതീക്ഷിച്ചു കൊള്ളുക” (ബുഖാരി, മുസ്‌ലിം).

ഇബ്‌നു ഉമര്‍(റ) നിവേദനം; അദ്ദേഹം പറഞ്ഞു: ”സ്വഹാബികളിലെ ഒരു വിഭാഗം റമദാനിലെ അവസാന ഏഴില്‍ ലൈലതുല്‍ ക്വദ്‌റിനെ സ്വപ്‌നത്തില്‍ കണ്ടതായി പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍ ﷺ പറഞ്ഞു: ‘നിങ്ങളുടെ കാഴ്ചയോട് ഞാന്‍ യോജിക്കുന്നു. അതിനാല്‍ അവസാനത്തെ ഏഴില്‍ ആരെങ്കിലും ലൈലതുല്‍ ക്വദ്‌റിനെ പ്രതീക്ഷിക്കുന്നുവെങ്കില്‍ 27ല്‍ പ്രതീക്ഷിച്ചുകൊള്ളട്ടെ” (ബുഖാരി, മുസ്‌ലിം).

ഈ വിഷയത്തില്‍ ഏറ്റവും പ്രബലമായ അഭിപ്രായം ലൈലതുല്‍ ക്വദ്ര്‍ റമദാന്‍ മാസത്തിലെ അവസാന പത്തിലെ ഒറ്റയായ രാത്രികളിലാണ് എന്നതാകുന്നു. ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ആഇശ(റ)യുടെ ഹദീഥ് ഇതാണ് സൂചിപ്പിക്കുന്നത്.

ആഇശ(റ) പറയുന്നു: ”നബി ﷺ റമദാനിലെ അവസാന പത്തില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്നു പറയും: ‘റമദാന്‍ അവസാന പത്തിലെ ഒറ്റരാത്രികളില്‍ നിങ്ങള്‍ ലൈലതുല്‍ ക്വദ്‌റിനെ പ്രതീക്ഷിച്ചുകൊള്ളുക.”

നബി ﷺ പറഞ്ഞു: ”ലൈലതുല്‍ ക്വദ്‌റിനെ റമദാനിന്റെ അവസാന പത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുക. അഥവാ ഒമ്പത് ബാക്കിയുള്ളപ്പോള്‍, ഏഴ് ബാക്കിയുള്ളപ്പോള്‍, അഞ്ച് ബാക്കിയുള്ളപ്പോള്‍”(ബുഖാരി).

ഇമാം ശാഫിഈ(റഹി) പറയുന്നു: ”എന്റെ വീക്ഷണത്തില്‍ ഇത് (ലൈലതുല്‍ ക്വദ്‌റിനെക്കുറിച്ചുള്ള വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍) വരാനുള്ള കാരണം-അല്ലാഹു ഏറ്റവും നന്നായി അറിയുന്നു-പ്രവാചകന്‍ തന്നോട് ചോദിക്കപ്പെടുന്നതിനനുസരിച്ച് മറുപടി പറഞ്ഞതാണ് എന്നതാണ്. (ഉദാഹരണത്തിന്) ‘ഇന്ന ദിവസം ഞങ്ങള്‍ ലൈലതുല്‍ ക്വദ്‌റിനെ കരുതി ഇരുന്നുകൊള്ളട്ടെ’ എന്നൊരാള്‍ ആരായുന്നു. അതിന് നബി ﷺ ‘അതെ, ഇന്ന ദിവസം നിങ്ങളതിനെ പ്രതീക്ഷിച്ചുകൊള്ളുക’ എന്ന് മറുപടി നല്‍കുന്നു” (ബഗവി, ശറഹുസ്സുന്നയില്‍ ഉദ്ധരിച്ചത്).

ചുരുക്കത്തില്‍, റമദാനിലെ അവസാന പത്തിലെ രാവുകളിലെല്ലാം; വിശിഷ്യാ ഒറ്റരാവുകളില്‍ ലൈലതുല്‍ ക്വദ്‌റിനെ പ്രതീക്ഷിക്കാവുന്നതാണ്.

ചില അടയാളങ്ങള്‍

1) സൂര്യന് പ്രഭാതകിരണങ്ങളുണ്ടാവില്ല.

ഉബയ്യുബ്‌നു കഅബ്(റ) നിവേദനം; നബി ﷺ പറഞ്ഞു: ”ലൈലതുല്‍ ക്വദ്‌റിനെ തുടര്‍ന്നുള്ള പ്രഭാതത്തില്‍ സൂര്യന്‍ കിരണങ്ങളില്ലാതെ ഉദിക്കുന്നതാണ്. അത് ഉയരുന്നതുവരെ ഒരു തളികപോലെ (കിരണമുക്തമായി) ആയിരിക്കും” (മുസ്‌ലിം).

2) അന്ന് തണുപ്പും ചൂടുമുണ്ടാവില്ല.

ഇബ്‌നു അബ്ബാസ്(റ) നിവേദനം; നബി ﷺ പറഞ്ഞു: ”ലൈലതുല്‍ ക്വദ്‌റിന്റെ രാത്രി ശാന്തവും പ്രസന്നവുമായ രാത്രിയാണ്. കടുത്ത ചൂടുള്ളതോ, എന്നാല്‍ വളരെ കുളിരുള്ളതോ അല്ല. അതിനെ തുടര്‍ന്നുള്ള പ്രഭാതത്തില്‍ സൂര്യന്‍ (താരതമ്യേന) ദുര്‍ബലവും ചുവന്നതുമായി കാണപ്പെടും”(ഇബ്‌നു ഖുസൈമ).

3) അന്ന് പ്രകാശപൂരിതമാകും.

വാസിലതുബ്‌നുല്‍ അസ്‌ക്വഅ്(റ) നിവേദനം; നബി ﷺ പറഞ്ഞു: ”ലൈലതുല്‍ ക്വദ്‌റിലെ രാവ് പ്രകാശപൂരിതമാകും. തണുപ്പും ചൂടും ഉണ്ടാകില്ല. കാര്‍മേഘവും മഴയും കാറ്റുമില്ല. നക്ഷത്രങ്ങളെ കൊണ്ട് ഏറുമുണ്ടാവില്ല”(ത്വബ്‌റാനി).

4) ധാരാളം മലക്കുകള്‍ ഭൂമിയിലേക്കിറങ്ങും.

അബൂഹുറയ്‌റ(റ) നിവേദനം; റസൂല്‍ ﷺ പറഞ്ഞു: ”തീര്‍ച്ചയായും ലൈലതുല്‍ ക്വദ്ര്‍ 27നോ 29നോ ആകുന്നു. തീര്‍ച്ചയായും മലക്കുകള്‍ ആ രാത്രിയില്‍ ഭൂമിയിലിറങ്ങും. അവര്‍ മണല്‍ തരിയോളമുണ്ടാകും” (അഹ്മദ്).

ലൈലതുല്‍ ക്വദ്‌റാണെന്ന് മനസ്സിലായാല്‍ വിശ്വാസി പറയേണ്ടതെന്തെന്ന് പ്രവാചകന്‍ ﷺ പഠിപ്പിക്കുന്നുണ്ട്:

ആഇശ(റ) പറഞ്ഞു: ”ഞാന്‍ പ്രവാചരോട് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഏതെങ്കിലും ഒരു രാവ് ലൈലതുല്‍ ക്വദ്‌റാണെന്ന് ഞാനറിഞ്ഞാല്‍ എന്താണ് പറയേണ്ടത്?’ പ്രവാചകന്‍ ﷺ പറഞ്ഞു: ‘നീ ഇങ്ങനെ പറയുക: അല്ലാഹുമ്മ ഇന്നക അഫുവ്വുന്‍, തുഹിബ്ബുല്‍ അഫ്‌വ. ഫഅ്ഫു അന്നീ” (തുര്‍മുദി).

ധന്യമാക്കാം ഈ പുണ്യരാവ്

മഹത്തായ ഈ പുണ്യരാവില്‍ പരമാവധി ആരാധനാകര്‍മങ്ങള്‍ നിര്‍വഹിച്ച് ധന്യരാകാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണം. അല്ലാഹു പറയുന്നു:

”നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്” (ക്വുര്‍ആന്‍ 3:133).

”നബി ﷺ അവസാനത്തെ പത്തായാല്‍ മുണ്ട് മുറുക്കിയുടുക്കുകയും രാത്രിയെ ജീവിപ്പിക്കുകയും കുടുംബത്തെ വിളിച്ചുണര്‍ത്തുകയും ചെയ്യുമായിരുന്നു” (ബുഖാരി, മുസ്‌ലിം).

ആഇശ(റ) പറഞ്ഞു: ”റസൂല്‍ ﷺ റമദാനിലെ അവസാനത്തെ പത്തില്‍ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് (ആരാധനകളാല്‍) അധ്വാനിക്കുമായിരുന്നു” (മുസ്‌ലിം).

ചില നിര്‍ദേശങ്ങള്‍

അവസാനത്തെ പത്ത് രാത്രികളിലും ഉണര്‍ന്നിരിക്കുക, കാരണം നബി ﷺ അവസാനത്തെ പത്ത് രാത്രികളെ ഉറങ്ങാതെ ആരാധനകളാല്‍ ജീവിപ്പിച്ചിരുന്നു. നാം കുടുംബത്തെ അതിനായി വിളിച്ചുണര്‍ത്തുകയും ആരാധനകള്‍ക്ക് പ്രോത്സാഹനം നല്‍കുകയും വേണം.

സുഫ്‌യാനുസ്സൗരി(റഹി) പറഞ്ഞു: ‘അവസാനത്തെ പത്തായാല്‍ രാത്രിയില്‍ കഠിന പ്രയത്‌നത്തിലാവുന്നതാണ് ഞാനേറെ ഇഷ്ടപ്പെടുന്നത്. കുടുംബത്തെയും കുട്ടികളെയും നമസ്‌കരിക്കാനായി ഉണര്‍ത്തുകയും അവര്‍ക്ക് സാധിക്കുന്നത്ര നിര്‍വഹിക്കുകയും വേണം.’

പ്രാര്‍ഥനകള്‍ വര്‍ധിപ്പിക്കണം. അകവും പുറവും വൃത്തിയാവണം. രാവിനെ പകലിനെ പോലെ സജീവമാക്കുകയും അശ്രദ്ധരാകാതിരിക്കുകയും ചെയ്യണം. സലഫുകള്‍ അവസാനത്തെ പത്തിലെ രാത്രികളില്‍ കുളിക്കുകയും സുഗന്ധം പൂശുകയും ചെയ്യുമായിരുന്നു.

അല്ലാഹു പറയുന്നു: ”നിന്റെ രക്ഷിതാവിന്റെ നാമം സ്മരിക്കുകയും, (മറ്റു ചിന്തകള്‍ വെടിഞ്ഞ്) അവങ്കലേങ്കു മാത്രമായി മടങ്ങുകയും ചെയ്യുക. ഉദയസ്ഥാനത്തിന്റെയും അസ്തമയസ്ഥാനത്തിന്റെയും രക്ഷിതാവാകുന്നു അവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ ഭരമേല്‍പിക്കപ്പെടേണ്ടവനായി അവനെ സ്വീകരിക്കുക” (ക്വുര്‍ആന്‍ 73:8,9).

അനാവശ്യമായ തര്‍ക്കവും ചര്‍ച്ചയും ചീത്തകാര്യങ്ങളിലുള്ള കൂടിച്ചേരലുകളും ഒഴിവാക്കുക. പശ്ചാത്തപിച്ച് മനസ്സ് ശുദ്ധിയാക്കുക. നിയ്യത്ത് നന്നാക്കുക. അല്ലാഹുവില്‍നിന്നുള്ള പ്രതിഫലം മാത്രം ഉദ്ദേശിച്ച് സല്‍കര്‍മങ്ങള്‍ അധികരിപ്പിക്കുക.

അല്ലാഹുവിനെക്കുറിച്ച് നല്ലതുമാത്രം വിചാരിക്കുകയും ആരാധനകള്‍ക്ക് അവനോടുള്ള ഇഷ്ടം കാരണമാവുകയും വേണം. ഏറെ ഇഷ്ടപ്പെടുന്നവരോട് മനസ്സുതുറക്കുന്നത് ഏറെ ആശ്വാസകരവും ആസ്വാദ്യകരവുമാണല്ലോ.

വിശുദ്ധ ക്വുര്‍ആന്‍ പാരായണം ചെയ്യുകയും അല്ലാഹുവിനെ ധാരാളമായി ഓര്‍ക്കുകയും സുജൂദുകള്‍ വര്‍ധിപ്പിക്കുകയും ചെയ്തുകൊണ്ട് അനുഗൃഹീതമായ രാത്രിയെ ധന്യമാക്കുക. റയ്യാന്‍ എന്ന കവാടത്തിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ ആശിക്കുകയും അതിനായി പ്രാര്‍ഥിക്കുകയും ചെയ്യുക.

മുജീബ് ഒട്ടുമ്മല്‍

നേർപഥം വാരിക 

അഹ്ലന്‍ റമദാന്‍

അഹ്ലന്‍ റമദാന്‍

റമദാന്‍ മാസമടുത്തല്ലോ

റഹ്മത്തിന്‍ ശഹ്റാണല്ലോ.

ക്വുര്‍ആന്‍ ഇറങ്ങിയ മാസമിതില്‍

നോമ്പതു നോല്‍ക്കല്‍ ഫറദാണേ.

റമദാന്‍ മാസം പകലില്‍ നാം

നോമ്പുള്ളോരായ് കഴിയേണം.

സ്വുബ്ഹി മുതല്‍ക്കു തുടങ്ങേണം,

മഗ്രിബുവരെയും തുടരേണം.

അതിന്‍റെയിടയില്‍ തിന്നരുതേ,

ദാഹം തീര്‍ക്കാന്‍ നോക്കരുതേ.

വാക്കുകള്‍ നന്നായ് സൂക്ഷിക്കാ

നല്ലതു മാത്രം ചൊല്ലീടാം.

വഴക്കുകൂടാന്‍ പോകരുതേ

നോമ്പിന്‍ കൂലി കളയരുതേ.

സമയത്തിന്‍ വിലയറിയേണം,

പാഴാക്കാതെയിരിക്കേണം.

നിസ്കാരത്തിന്‍ കാര്യത്തില്‍

നിഷ്ഠപുലര്‍ത്തണമെല്ലാരും.

സംഘനമസ്കാരത്തിന്നായ

പള്ളിയില്‍ പോകല്‍ ഗുണമാണേ.

ക്വുര്‍ആനിന്‍റെ മാസമിതില്‍

ക്വുര്‍ആന്‍ ഓതാം നന്നായി.

രാത്രിയിലുള്ള തറാവീഹ്-

നിസ്കാരത്തില്‍ കൂടേണേ.

അങ്ങനെയെല്ലാ നന്മകളു

ചെയ്യുന്നോരായ് മാറേണേ.

എങ്കില്‍ നാളെ സ്വര്‍ഗത്തില്‍

റയ്യാന്‍ എന്ന കവാടത്തില്‍

നമുക്ക് സ്വാഗതമരുളീടും

മലക്കുകള്‍, അത് ഓര്‍ക്കേണേ.

 

ഉസ്മാന്‍ പാലക്കാഴി

നേർപഥം വാരിക 

റമദാന്‍: ആത്മീയതയുടെ വസന്തകാലം

റമദാന്‍: ആത്മീയതയുടെ വസന്തകാലം

കോവിഡ് എന്ന മഹാമാരി പൂര്‍ണമായിട്ടും വിട്ടുമാറിയിട്ടില്ലാത്ത വേളയിലാണ് ഒരു റമദാന്‍കൂടി നമ്മിലേക്ക് ആഗതമാകുന്നത്. ലോക്ഡൗണില്‍പെട്ട് പള്ളികള്‍ അടഞ്ഞുകിടന്ന, വീടുകളില്‍ മാത്രം ആരാധനകളുമായി കഴിഞ്ഞുകൂടിയ റമദാനായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്. ഇക്കുറി അതില്‍നിന്ന് അല്‍പം ആശ്വാസമുണ്ട് എന്ന് സമാധാനിക്കാം.

വിശ്വാസികളുടെ മനസ്സില്‍ ആനന്ദത്തിരമാലകള്‍ തീര്‍ത്തുകൊണ്ടാണ് ഓരോ വര്‍ഷവും റമദാന്‍ കടന്നുവരുന്നത്. വിശ്വാസികളുടെ ഹൃദയം പ്രപഞ്ചസ്രഷ്ടാവിലേക്ക് കൂടുതല്‍ അടുക്കുന്ന അനിര്‍വചനീയമായ അനുഭവത്തിന്‍റെ രാപ്പകലുകളാണ് റമദാനിലേത്.

മാനവര്‍ക്ക് മാര്‍ഗദീപമായ ക്വുര്‍ആനിന്‍റെ പ്രഭയാല്‍ ആത്മീയതയുടെ ഉന്നതങ്ങളിലേക്ക് വിശ്വാസികള്‍ കയറിപ്പോകുന്ന പുണ്യമാസമാണത്. ആരാധനകളുടെ ആത്മാവ് തൊട്ടറിയുന്ന ദീര്‍ഘമായ നമസ്കാരം സംഘടിപ്പിക്കപ്പെടുന്ന എണ്ണംപറഞ്ഞ ദിനരാത്രങ്ങള്‍! അതെ, റമദാന്‍ വിശ്വാസികള്‍ക്ക് സ്വര്‍ഗപ്രവേശനത്തിന് അല്ലാഹു നല്‍കുന്ന അവസരമാണ്. അത് ഉപയോഗപ്പെടുത്തിയവര്‍ ഭാഗ്യവാന്‍മാര്‍. അതിന്‍റെ നന്മകളില്‍നിന്ന് വിദൂരമക്കപ്പെട്ടവര്‍ ഹതഭാഗ്യര്‍.

റമദാന്‍ വരുമ്പോള്‍ നമ്മള്‍ അറിയേണ്ട ചില കാര്യങ്ങളുണ്ട്. ഒരുക്കേണ്ട ചില ഒരുക്കങ്ങളുണ്ട്. തീരുമാനിക്കേണ്ട ചില തീരുമാനങ്ങളുണ്ട്. റമദാനിന്‍റെയും നോമ്പിന്‍റെയും മഹത്ത്വവും നോമ്പിന്‍റെ കര്‍മശാസ്ത്രവും അനിവാര്യമായും അറിയണം. മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാനായി അല്ലാഹു പ്രവാചകന്മാരിലൂടെ അവതരിപ്പിച്ചതാണ് വേദഗ്രന്ഥങ്ങള്‍. അപ്രകാരം അവന്‍ അവതരിപ്പിച്ച വേദഗ്രന്ഥങ്ങളുടെയെല്ലാം അവതരണം നടന്നത് റമദാനിലായിരുന്നു എന്ന് ഹദീസുകളില്‍ കാണാം. അന്തിമ വേദഗ്രന്ഥമായ ക്വുര്‍ആനിന്‍റെ അവതരണവും റമദാനിലാണ് സംഭവിച്ചത്. അത് ശഅ്ബാന്‍ പതിനഞ്ചിനാണ് എന്ന, ചിലരുടെ വാദം തീര്‍ത്തും പ്രമാണവിരുദ്ധമാണ്.

“ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍. അതുകൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നിന്‍റെ പേരില്‍ അല്ലാഹുവിന്‍റെ മഹത്ത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്) (ക്വുര്‍ആന്‍ 2:185).

റമദാന്‍ ആഗതമായാല്‍ പ്രകൃതിയില്‍തന്നെ ചില മാറ്റങ്ങള്‍ അല്ലാഹു വരുത്തുന്നുണ്ട്. സ്വര്‍ഗത്തിന്‍റെകവാടങ്ങള്‍ തുറക്കപ്പെടുന്നു. നരകകവാടങ്ങള്‍ അടക്കപ്പെടുന്നു. പിശാചുക്കളിലെ മല്ലന്മാര്‍ തടഞ്ഞുവെക്കപ്പെടുന്നു. നന്മകള്‍ വര്‍ധിക്കാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു.

ڇ’നന്മകള്‍ കൊതിക്കുന്നവരേ മുന്നോട്ടുവരൂ, തിന്മകള്‍ ആഗ്രഹിക്കുന്നവരേ തിന്മകള്‍ വര്‍ജിക്കൂ’ എന്ന് എല്ലാ ദിനത്തിലും ആകാശത്തില്‍നിന്ന് വിളിച്ചുപറയുന്നുണ്ട്. ഇത് റമദാനില്‍ മാത്രം സംഭവിക്കുന്ന ഒന്നാണ്. റമദാനിന്‍റെ എല്ലാ രാവുകളിലും ഒരു സംഘം ആളുകള്‍ക്ക് നരകത്തില്‍നിന്നും മോചനം നല്‍കി അവരെ സ്വര്‍ഗത്തിന്‍റെ ഉടമകളാക്കി മാറ്റുന്ന പ്രക്രിയ നടക്കുന്നുണ്ട്.

റമദാനിനെക്കുറിച്ച് ‘ശഹ്റുന്‍ മുബാറകുന്‍’ എന്നാണ് നബിതിരുമേനി ﷺ വിശേഷിപ്പിച്ചിട്ടുള്ളത്. അഥവാ ബറകത്ത് ഉള്ള (അനുഗൃഹീതമായ) മാസം എന്ന്. അതിലെ ഓരോ നിമിഷവും പുണ്യം നിറഞ്ഞതാണ്. നന്മകള്‍ക്ക് പറ്റിയ അന്തരീക്ഷം. ആയിരം മാസത്തെക്കാള്‍ പുണ്യം നേടാവുന്ന ലൈതുല്‍ ക്വദ്ര്‍ ഈ മാസത്തിലാണ്. അന്ന് വാനലോകത്തുനിന്ന് ജിബ്രീലും അല്ലാഹു ഉദ്ദേശിക്കുന്ന മലക്കുകളും ഇറങ്ങിവരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന സുവര്‍ണാവസരം.

“തീര്‍ച്ചയായും നാം ഇതിനെ (ക്വുര്‍ആനിനെ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു. പ്രഭാതോദയം വരെ അത് സമാധാനമത്രെ” (ക്വുര്‍ആന്‍ 97:1-5).

പാപമോചനത്തിന്‍റെ മാസമാണ് റമദാന്‍. തിന്മകള്‍ മനസ്സില്‍ തീര്‍ത്ത കറുത്തപാടുകളെ തൗബ (പശ്ചാത്താപം) കൊണ്ട് കഴുകിവൃത്തിയാക്കി ശുഭ്രവസ്ത്രം കണക്കെ ശുദ്ധിവരുത്താനുള്ള അവസരമാണത്. റമദാനിലൂടെ സഞ്ചരിച്ചിട്ടും തിന്മകള്‍ ബാക്കിവെക്കുന്നവര്‍ക്ക് നാശമുണ്ടെന്ന പ്രവാചകവചനം നാം ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. മനസ്സുരുകി, നേത്രങ്ങളെ നനച്ച്, ഹൃദയത്തെ ലോലമാക്കി റബ്ബിലേക്ക് നാം നീട്ടുന്ന കരങ്ങളെ അവന്‍ ഒരിക്കലം പരിഗണിക്കാതിരിക്കില്ല. കാരണം പശ്ചാത്തപിക്കുന്നവരെയാണ് അവന് ഏറെ ഇഷ്ടം.

റമദാനിലെ ഉംറക്കും ഏറെ പ്രാധാന്യമുണ്ട്. അതിന് ഹജ്ജിന്‍റെ പ്രതിഫലമുണ്ടെന്ന് നബി ﷺ പ്രസ്താവിച്ചതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. നബി ﷺ തറാവീഹ് നമസ്കരിച്ചത് റമദാനിലാണ്. വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെയും റമദാനിലെ രാത്രികളില്‍ നമസ്കരിക്കുന്നവര്‍ക്ക് പാപങ്ങള്‍ പൊറുക്കപ്പെടും എന്ന സന്തോഷവാര്‍ത്ത നബി ﷺ നല്‍കിയിട്ടുണ്ട്.

തറാവീഹിന്‍റെ റക്അത്തുകളുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ വിവാദങ്ങള്‍ക്ക് പ്രസക്തിയേയില്ല. നബി ﷺ എത്ര നമസ്കരിച്ചു എന്ന് വ്യക്തമായിരിക്കെ നാം പിന്നെ എന്തിന് തര്‍ക്കിക്കണം? അവിടുത്തെ പത്നി ആഇശ(റ) പറഞ്ഞ കാര്യം ഏറെ പ്രസിദ്ധമാണ്. ‘നബി ﷺ റമദാനിലോ അല്ലാത്തപ്പോഴോ രാത്രി പതിനൊന്നില്‍ കൂടുതല്‍ നമസ്കരിച്ചിരുന്നില്ല’ എന്നതാണത്. ഇമാം ബുഖാരി തറാവീഹിന്‍റെ അധ്യായത്തിലാണ് ഇത് ഉദ്ധരിക്കുന്നത് എന്നതുതന്നെ ഈ വിഷയത്തിലെ വിവാദങ്ങള്‍ക്ക് വിരാമം കുറിക്കാന്‍ മതിയായതാണ്.

റമദാനിലെ അവസാനത്തെ പത്തിലാണ് നബി ﷺ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നത്. ഏറെ പുണ്യമുള്ള ആരാധനയാണ് ഇഅ്തികാഫ്. റബ്ബിലേക്ക് ഒഴിഞ്ഞിരിക്കുന്ന പ്രസ്തുത ആരാധന ക്വബ്റിന്‍റെ ഏകാന്തതയെ അനുസ്മരിപ്പിക്കുന്നതാണ്!

റമദാനിലെ എല്ലാ രാവുകളിലും പ്രവാചകന്‍റെ അടുക്കല്‍ ജിബ്രീല്‍ വന്നിരുന്നു. അതുവരെ അവതരിപ്പിക്കപ്പെട്ട ക്വുര്‍ആനിന്‍റെ ഭാഗങ്ങള്‍ മുഴുവനായി ഓതിക്കേള്‍ക്കാനായിരുന്നു ആ വരവ്. എണ്ണപ്പെട്ട ദിനങ്ങള്‍ എന്നാണ് റമദാനിനെക്കുറിച്ച് അല്ലാഹു പറയുന്നത്. അഥവാ കുറഞ്ഞസമയം മാത്രം. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ കര്‍മങ്ങള്‍ ചെയ്യുന്നവര്‍ ആര് എന്നതാണ് റമദാനിലെ ഒരു പരീക്ഷണം.

റമദാനിലെ സുപ്രധാന ആരാധനയാണ് വ്രതം. ന്യായമായ ഒഴിവുകഴിവുകളില്ലാത്തവരെല്ലാം വ്രതമനുഷ്ഠിക്കണം. വ്രതം എന്ന ആരാധനാരീതി മുന്‍സമൂഹങ്ങളിലുമുണ്ടായിരുന്നു. മാസപ്പിറവി ദര്‍ശിക്കുന്നതിലൂടെയാണ് റമദാന്‍ മാസത്തിലേക്ക് നാം പ്രവേശിക്കുന്നത്. മാസത്തിന്‍റെ ആരംഭം ചന്ദ്രദര്‍ശനം പരിഗണിച്ചുതന്നെയാവണം. ഈ രംഗത്തെ, ചിലരുടെ നൂതനവാദങ്ങള്‍ പ്രമാണവിരുദ്ധവും അപ്രായോഗികവുമാണ് എന്ന കാര്യത്തില്‍ സംശയമില്ല.

സ്വര്‍ഗമാണ് വ്രതത്തിന്‍റെ പ്രതിഫലം. ‘വ്രതം എനിക്കുള്ളതാണ്; ഞാന്‍ അതിന് കൂലി നല്‍കും’ എന്ന,അല്ലാഹുവിന്‍റെ വാക്ക് ഈ ആരാധനയുടെ മഹത്ത്വം ഉദ്ഘോഷിക്കുന്നതാണ്. നരകത്തില്‍നിന്നുള്ള പരിചയാണ് യഥാര്‍ഥത്തില്‍ നോമ്പിലൂടെ നാം നേടുന്നത്. പരലോകയാത്രയില്‍ നാം കൂടെ കരുതേണ്ട തക്വ്വ എന്ന യാത്രാഭക്ഷണം ഒരുക്കി തയ്യറാക്കുന്ന കര്‍മമാണ് വ്രതം. ഭക്ഷണ പാനീയങ്ങള്‍ തൊട്ടുമുന്നില്‍ ഉണ്ടായിട്ടും അതില്‍നിന്ന് ഒന്നും തൊണ്ടക്കുഴിയിലേക്ക് ഇറക്കാതെ നാം കാണിക്കുന്ന സൂക്ഷ്മതയുടെ പേരാണ് തക്വ്വ എന്നത്. വുദൂഅ് ചെയ്യുമ്പോള്‍ വെള്ളം വായിലെത്തിയിട്ടും ഒരു തുള്ളിപോലും കീഴ്പോട്ട് ഇറങ്ങാതിരിക്കാന്‍ നാം കാണികുന്ന ജാഗ്രതയുടെ തുടര്‍ച്ചയാണ് ജീവിതത്തിലുടനീളം നാം തുടര്‍ത്തേണ്ടത്.

ദേഹേച്ഛകളില്‍നിന്നുള്ള മോചനമാണ് വ്രതത്തിലൂടെ വിശ്വാസി നേടുന്നത്. വിവാഹം കഴിക്കാനുള്ള സാഹചര്യം ഒത്തുവരാത്തവരോട് വ്രതമനുഷ്ഠിക്കാന്‍ മതം പറഞ്ഞത് ഈ അര്‍ഥത്തിലാണ്. ‘റയ്യാന്‍’ എന്ന സ്വര്‍ഗകവാടമാണ് വ്രതമനുഷ്ഠിച്ചവര്‍ക്കായി അല്ലാഹു ഒരുക്കിയിരിക്കുന്നത്.

സഅ്ലുബ്നു സഅ്ദ്(റ) നിവേദനം; നബി ﷺ അരുളി: “റയ്യാന്‍ എന്നു പേരുള്ള ഒരു കവാടം സ്വര്‍ഗത്തിലുണ്ട്. അത് നോമ്പുകാര്‍ക്കുള്ളതാണ്. അന്ത്യനാളില്‍ നോമ്പുകാര്‍ അതിലൂടെ പ്രവേശിക്കുന്നതാണ്. നോമ്പുകാരല്ലാതെ അവരോടൊപ്പം (അതിലൂടെ) ആരും പ്രവേശിക്കുന്നതല്ല. (ആ കവാടത്തിന്‍റെയടുത്ത് നിന്നും) ഇപ്രകാരം വിളിച്ചുപറയപ്പെടും: ‘എവിടെ നോമ്പുകാര്‍?’ അങ്ങനെ അവര്‍ മാത്രം പ്രവേശിക്കും. അവര്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ആ കവാടം അടക്കപ്പെടും. പിന്നീട് ഒരാളെയും അതിലൂടെ കടത്തിവിടുകയില്ല”(ബുഖാരി, മുസ്ലിം).

വ്രതം പരലോകത്ത് ശുപാര്‍ശകനായി എത്തും എന്ന് നബി ﷺ സന്തോഷവാര്‍ത്ത അറിയിച്ചിട്ടുണ്ട്.

നോമ്പുകാരന് ലഭിക്കുന്ന രണ്ടു സന്തോഷങ്ങള്‍ തുല്യതയില്ലാത്തതാണ്. വ്രതമവസാനിപ്പിക്കുമ്പോള്‍ ഒരു മഹാകര്‍മം പൂര്‍ത്തീകരിച്ച ആനന്ദം മനസ്സിനും ഭക്ഷണപാനീയങ്ങള്‍ ആഹരിക്കുന്നതിലൂടെ ലഭിക്കുന്ന ഉന്‍മേഷം ശരീരത്തിനും ലഭിക്കുന്നു. അതിനുപുറമെ നോമ്പുകാരനായി റബ്ബിന്‍റെയടുക്കല്‍ എത്തുമ്പോള്‍ അവന്‍റെ സ്വീകരണം വേറെയും!

ആത്മാവുള്ള വ്രതത്തിനേ പ്രതിഫലമുണ്ടാവൂ. നിയ്യത്ത് പ്രധാനംതന്നെയാണ്. അത് നാവുകൊണ്ട് ചൊല്ലിപ്പറയേണ്ടതില്ല. തെറ്റായ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാത്തവന്‍റെ വ്രതം വെറും പട്ടിണിയാണ്. നാവിനെ നിയന്ത്രിച്ചില്ലെങ്കില്‍ വ്രതം വേഗത്തില്‍ നിഷ്ഫലമാകും. അനാവശ്യമായ തര്‍ക്കങ്ങളും ശണ്ഠകളും നോമ്പിന്‍റ ആത്മാവിന് പരിക്കേല്‍പിക്കും. അതിനാല്‍ അറിഞ്ഞും ശ്രദ്ധിച്ചും വേണം നോമ്പിനെ മുന്നോട്ടു നയിക്കാന്‍.

റമദാനില്‍ നമുക്ക് നേടാവുന്ന പുണ്യങ്ങള്‍ നിരവധിയാണ്. ആ പുണ്യങ്ങള്‍ നേടാനുള്ള തീരുമാനങ്ങളും ക്രമീകരണങ്ങളുമാണ് ഈ അവസരത്തില്‍ നമുക്ക് ഉണ്ടാകേണ്ടത്. ചില സുപ്രധാന കാര്യങ്ങള്‍ താഴെ കൊടുക്കുന്നു:

1) മതപരമായ കാരണമില്ലാതെ ജമാഅത്ത് നമസ്കാരം ഒന്നും നഷ്ടപ്പെടുത്തില്ല എന്ന് പുരുഷന്മാര്‍ ഉറപ്പുവരുത്തുക.

2) ഏറ്റവും ചുരുങ്ങിയത് ഒരുതവണയെങ്കിലും ക്വുര്‍ആന്‍ ഓതിത്തീര്‍ക്കാനുള്ള തീരുമാനം കൈക്കൊള്ളുക. ദിനേന അരമണിക്കൂര്‍ ക്വുര്‍ആന്‍ ഓതിയാല്‍ ഒരുതവണ അനായാസേന ഓതിത്തീര്‍ക്കാവുന്നതാണ്. ഓരോ നമസ്കാരശേഷവും നാലുപേജ് ഓതിയാലും ഒരുമാസത്തിനുള്ളില്‍ ഒരുതവണ ഓതിത്തീര്‍ക്കുവാന്‍ സാധിക്കും.

3) സോഷ്യല്‍ മീഡിയ, പത്രം, ചാനലുകള്‍ എന്നിവയില്‍ നാം ചെലവഴിക്കുന്ന സമയം ഗണ്യമായി കുറക്കുക. അത്യാവശ്യ കാര്യങ്ങള്‍ മാത്രം അറിയാന്‍ ശ്രമിക്കുക. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

4) റവാതിബ് നമസ്കാരം, ദുഹാ നമസ്കാരം, തഹിയ്യത്ത് നമസ്കാരം പോലുള്ള സുന്നത്ത് നമസ്കാരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.

5) രാവിലെയും വൈകുന്നേരവുമുള്ള പ്രാര്‍ഥനകള്‍ പതിവായി നിര്‍വഹിക്കുക.

6) തറാവീഹ് നമസ്കാരം കഴിവതും ജമാഅത്തായി നിര്‍വഹിക്കാന്‍ ശ്രമിക്കുക.

7) സകാത്ത് കൊടുക്കാനുണ്ടെങ്കില്‍ റമദാനിന്‍റെ ആദ്യനാളുകളില്‍തന്നെ നല്‍കി ഉത്തരവാദിത്തം നിര്‍വഹിക്കുവാന്‍ ശ്രദ്ധിക്കുക.

8) ആദ്യനാളുകളിലെ ആവേശം അവസാനംവരെ കാത്തുസൂക്ഷിക്കുക.

9) പ്രാര്‍ഥനക്ക് ഉത്തരം കിട്ടുന്ന സമയങ്ങള്‍ ഏതൊക്കെയെന്നു പഠിച്ചറിഞ്ഞ് പ്രാര്‍ഥിക്കാന്‍ ശ്രമിക്കുക.

10) ദാനധര്‍മങ്ങള്‍ ധാരാളമായി നിര്‍വഹിക്കുക.

11) ദിക്റുകള്‍ വര്‍ധിപ്പിക്കുക.

12) അനാവശ്യകാര്യങ്ങളില്‍ സമയം പാഴാക്കാതിരിക്കുക.

13) ഉറക്കം അധികരിപ്പിക്കാതിരിക്കുക.

14) വലിയ പര്‍ച്ചേസ് ഉണ്ടെങ്കില്‍ റമദാനിനു മുമ്പ് നടത്തുക.

15) ഇത് എന്‍റെ അവസാനത്തെ നോമ്പാകാം എന്ന ചിന്തയില്‍ ആരാധനകള്‍ നിര്‍വഹിക്കുക.

16) നോമ്പ് തുറപ്പിക്കുന്നതിലെ പണ്യം ഗ്രഹിച്ച് അത് നേടാന്‍ പരിശ്രമിക്കുക.

17) പള്ളിയില്‍ കൂടുതല്‍ സമയം ചെലവഴിക്കുക

18) അവസാനത്തെ പത്തില്‍ ഇഅ്തികാഫിന് കഴിയുന്നവര്‍ അത് ചെയ്യുക. ചുരുങ്ങിയത് ഒരു രാത്രിയെങ്കിലും ഇഅ്തികാഫിന് പരിശ്രമിക്കുക

19) ഒറ്റക്കിരുന്ന് റബ്ബിനോട് തന്നില്‍ സംഭവിച്ചുപോയ തിന്മകള്‍ ഏറ്റുപറഞ്ഞ് പശ്ചാത്തപിച്ചുമടങ്ങുവാന്‍ സമയം കണ്ടെത്തുക.

20) ആരോഗ്യത്തോടെ റമദാന്‍ പൂര്‍ത്തീകരിക്കാനും ആരാധനകള്‍ സ്വീകരിക്കപ്പെടാനും ആത്മാര്‍ഥമായി  പ്രാര്‍ഥിക്കുക.

അബ്ദുല്‍ മാലിക് സലഫി

നേർപഥം വാരിക a

ബദ്ര്‍ നല്‍കുന്ന പാഠങ്ങള്‍

ബദ്ര്‍ നല്‍കുന്ന പാഠങ്ങള്‍

റമദാന്‍ മാസം ആഗതമായാല്‍ സത്യവിശ്വാസികളുടെ മനസ്സില്‍ ഓടിയെത്തുന്ന ഒരു സംഭവമാണ് ബദ്ര്‍യുദ്ധം. ഹിജ്റ രണ്ടാം വര്‍ഷം റമദാന്‍ മാസത്തില്‍,  ഇസ്ലാമിനെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയവരും മുസ്ലിംകളും തമ്മില്‍ മദീനക്കടുത്തുള്ള ബദ്റില്‍വെച്ചു നടന്ന ഏറെ ചരിത്രപ്രാധാന്യമുള്ള ഒരു യുദ്ധമാണത്. ഇസ്ലാമിക ചരിത്രത്തില്‍ അല്ലാഹുവിന്‍റെ നിശ്ചയപ്രകാരം ഏതാനും യുദ്ധങ്ങള്‍ക്ക് നബി ﷺ യും അനുയായികളും സാക്ഷ്യംവഹിച്ചിട്ടുണ്ടെങ്കിലും അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമാണ് ബദ്ര്‍ യുദ്ധം. ശത്രുക്കളില്‍നിന്ന് നബി ﷺ ക്ക് നേരെയുള്ള പരിഹാസവും ആരോപണങ്ങളും അക്രമവും എതിര്‍പ്പുകളും വര്‍ധിച്ച സാഹചര്യത്തിലാണ് ഈ യുദ്ധത്തിന് അല്ലാഹു അനുമതി നല്‍കിയത്.

സത്യാസത്യവിവേചനത്തിന്‍റെ ദിവസം

മുസ്ലിംകള്‍ വിജയം പുല്‍കിയ ബദ്ര്‍യുദ്ധ ദിനത്തെ ‘യൗമുല്‍ ഫുര്‍ക്വാന്‍’ (സത്യാസത്യവിവേചനത്തിന്‍റെ ദിവസം) എന്നാണ് ക്വുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ളത്.

അല്ലാഹു പറയുന്നു: “സത്യാസത്യ വിവേചനത്തിന്‍റെ ദിവസത്തില്‍ നമ്മുടെ ദാസന്‍റെമേല്‍ നാം അവതരിപ്പിച്ചതിലും നിങ്ങള്‍ വിശ്വസിച്ചുകഴിഞ്ഞിട്ടുണ്ടെങ്കി ല്‍ അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു”(ക്വുര്‍ആന്‍ 8:41).

‘ഏറ്റവും വലിയ പിടുത്തം നാം പിടിക്കുന്ന ദിവസം തീര്‍ച്ചയായും നാം ശിക്ഷാനടപടി സ്വീകരിക്കുന്നതാണ്’ എന്ന വചനത്തിലെ (44:16) ‘അല്‍ ബത്ശതുല്‍ കുബ്റാ’ (ഏറ്റവും വലിയ പിടുത്തം) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ബദ്ര്‍ യുദ്ധമാണെന്ന് ഇബ്നു മസ്ഊദ്(റ) അഭിപ്രായപ്പെട്ടതായി കാണാം.

സത്യസന്ധമായും ആത്മാര്‍ഥതയോടെയും വിശ്വാസം നിലനിര്‍ത്തിയവര്‍ക്കാണ് എക്കാലത്തും ശത്രുക്കളില്‍നിന്ന് പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്നിട്ടുള്ളത്.

നബി ﷺ പറഞ്ഞു: “ഏറ്റവും കഠിനമായ പരീക്ഷണം പ്രവാചകന്മാര്‍ക്കാണ്. പിന്നെ അവരെ പിന്‍പറ്റിയവര്‍ക്ക്, പിന്നെ അവരെ പിന്‍പറ്റിയവര്‍ക്ക്.” (ബുഖാരി).

ബദ്റിലേക്ക് പുറപ്പെട്ട നബി ﷺ ക്കും അനുചരന്മാര്‍ക്കും ആള്‍ബലവും ആയുധബലവുമല്ല ശക്തിപകര്‍ന്നത്. ഇവ രണ്ടും നന്നെ കുറവായിരുന്നു. ആദര്‍ശബലമാണ് വിജയത്തിന് തുണയായത്. മുന്നൂറോളം വരുന്ന മുസ്ലിം സൈന്യവും ആയിരത്തിലധികം വരുന്ന ശത്രുസൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ ഒരു വലിയ ദൃഷ്ടാന്തമായിട്ടാണ് ക്വുര്‍ആന്‍ വിവരിക്കുന്നത്.

അല്ലാഹു പറയുന്നു: “(ബദ്റില്‍) ഏറ്റുമുട്ടിയ ആ രണ്ടു വിഭാഗങ്ങളില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ട്. ഒരു വിഭാഗം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. മറുവിഭാഗമാകട്ടെ സത്യനിഷേധികളും. (അവിശ്വാസികള്‍ക്ക്) തങ്ങളുടെ ദൃഷ്ടിയില്‍ അവര്‍ (വിശ്വാസികള്‍) തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ് തോന്നിയിരുന്നത്. അല്ലാഹു താനുദ്ദേശിക്കുന്നവര്‍ക്ക് തന്‍റെ സഹായംകൊണ്ട് പിന്‍ബലം നല്‍കുന്നു. തീര്‍ച്ചയായും കണ്ണുള്ളവര്‍ക്ക് അതില്‍ ഒരു ഗുണപാഠമുണ്ട്” (ക്വുര്‍ആന്‍ 3:13).

ഇസ്ലാമിക പ്രമാണങ്ങളില്‍നിന്നും സ്വീകാര്യമായ ചരിത്രത്തില്‍നിന്നും ഈ യുദ്ധത്തെ വായിക്കുന്നവര്‍ക്ക് ജീവിതത്തില്‍ വെളിച്ചമേകുന്ന ധാരാളം ഗുണപാഠങ്ങള്‍ ഗ്രഹിക്കാന്‍ കഴിയും. അവയില്‍ ചിലത് സൂചിപ്പിക്കാം.

ബദ്രീങ്ങള്‍ പ്രാര്‍ഥിച്ചതും സഹായം തേടിയതും ആരോട്?

ഏത് അവസ്ഥയിലായിരുന്നാലും ശരി ഒരു സത്യവിശ്വാസി അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ട കാര്യങ്ങള്‍ അവനോട് മാത്രമെ ചോദിക്കാവൂ എന്നതിനും അതിലൂടെ മാത്രമെ ആഗ്രഹസാഫല്യം സാധ്യമാവുകയുള്ളൂ എന്നതിനുമുള്ള ഏറ്റവും വലിയ തെളിവാണ് ബദ്റില്‍ നടന്ന പ്രാര്‍ഥനയും സഹായതേട്ടവും സത്യത്തിന്‍റെ ആളുകള്‍ക്ക് അല്ലാഹു നല്‍കിയ വിജയവും.

അല്ലാഹു പറയുന്നു: “നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്ക് മറുപടി നല്‍കി” (ക്വുര്‍ആന്‍ 8:9).

നബി ﷺ ക്വിബ്ലക്ക് മുന്നിട്ട് രണ്ട് കൈകളും നീട്ടി ‘അല്ലാഹുവേ, എനിക്ക് നല്‍കിയ വാഗ്ദാനം നീ പൂര്‍ത്തിയാക്കേണമേ, അല്ലാഹുവേ ഈ ചെറുസംഘത്തെ നീ നശിപ്പിക്കരുത്’ എന്നാണ് തേടിയത്. എന്നാല്‍ ഈ മാതൃക പിന്‍പറ്റേണ്ടതിനു പകരം നമ്മുടെ നാട്ടിലെ മുസ്ലിംകളില്‍ അധികവും ഇതിനുവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതാണ് നാം കാണുന്നത്. ജനങ്ങളെ നേര്‍വഴിയില്‍ നയിക്കേണ്ട പണ്ഡിതന്മാര്‍ പ്രവാചക മാതൃകക്ക് വിരുദ്ധമായ സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. ബദ്റില്‍ രക്തസാക്ഷികളായ സ്വഹാബികളുടെ പേരില്‍ ഒരു മുസ്ലിയാര്‍ എഴുതി വിടുന്നത് കാണുക:

“ഏതേതു പ്രശ്നങ്ങളായിരുന്നാലും ശരി, ഐഹികമാകട്ടെ പാരത്രികമാകട്ടെ, ബദ്രീങ്ങളെ വിളിച്ച് സഹായം തേടിയാല്‍ തീര്‍ച്ചയായും സഹായം ലഭിക്കപ്പെടും. ഇസ്ലാമിക പ്രമാണങ്ങളില്‍ അതിന് മതിയായ രേഖകള്‍ സ്പഷ്ടമായിരിക്കെ അത് ശിര്‍ക്കാണെന്നു പറയുന്നവരുടെ തലക്കാണ് വട്ട്” (ബദ്ര്‍ മൗലിദ് പരിഭാഷയും വിവരണവും, പേജ്: 43).

പ്രമാണങ്ങള്‍ പഠിപ്പിച്ചതിന് വിപരീതം പ്രവര്‍ത്തിക്കുന്നവര്‍ യാതൊരു രേഖയും ചൂണ്ടിക്കാണിക്കാനില്ലാതെയാണ് ഈ അപകടം നിറഞ്ഞ വാദങ്ങള്‍ ഉന്നയിക്കുന്നതെന്ന് മനസ്സിലാക്കുക.  

ബദ്രീങ്ങള്‍ കാവല്‍ നല്‍കുന്നവരോ?

വിശ്വാസികള്‍ ഏതൊരു നന്മ തീരുമാനിച്ചാലും ഭരമേല്‍പിക്കേണ്ടത് അല്ലാഹുവിലാണ്. ബദ്റിലേക്ക് പുറപ്പെട്ട നബി ﷺ യും അനുയായികളും അല്ലാഹുവില്‍ മാത്രമാണ് തവക്കുലാക്കിയത് അഥവാ ഭരമേല്‍പിച്ചത്. ആ ബലം തന്നെയാണ് വിജയത്തിന് ഹേതുവായതും. അല്ലാഹു പറയുന്നു: “…അല്ലാഹു സത്യവിശ്വാസികളുടെ കൂടെ തന്നെയാണ്”(ക്വുര്‍ആന്‍ 8:19).

ഒരു വിശ്വാസി അല്ലാഹുവില്‍ ഭരമേല്‍പിച്ചാല്‍ രക്ഷിതാവായി അല്ലാഹുവിനെ അംഗീകരിക്കുക കൂടിയാണ് ചെയ്യുന്നത്. തവക്കുല്‍ അല്ലാഹുവില്‍ മാത്രമായിരിക്കണമെന്ന ഗുണപാഠം ഉള്‍ക്കൊള്ളേണ്ടതിനു പകരം ബദ്ര്‍ ശുഹദാക്കളുടെമേല്‍ തവക്കുലാക്കാനാണ് മുസ്ലിയാര്‍ പഠിപ്പിക്കുന്നതും വിശ്വസിപ്പിക്കുന്നതും.

“ഞങ്ങളുടെ നാഥാ, ബദ്ര്‍ ശുഹദാക്കളുടെ ബര്‍ക്കത്തുകൊണ്ട് ഞങ്ങളുടെ ആശകളെ നിറവേറ്റിത്തരേണമേ.. പരീക്ഷണങ്ങളെയും ക്ലേശങ്ങളെയും തടഞ്ഞുവെക്കേണമേ..ആശീര്‍വാദത്തോ ടെ ഞങ്ങളെ രക്ഷപ്പെടുത്തേണമേ” എന്ന തേട്ടവും (ബദ്ര്‍ മൗലിദ്, പേജ്: 42) മുസ്ലിയാര്‍ പഠിപ്പിക്കുന്നുണ്ട്!

ബദ്ര്‍ ശുഹദാക്കളുടെ നാമങ്ങള്‍ വീടുകളില്‍ എഴുതി കെട്ടിത്തൂക്കിയാല്‍ അതിലൂടെ കാവല്‍ ലഭിക്കുമെന്ന് കള്ളക്കഥകളിലൂടെ ഇവര്‍ പ്രചരിപ്പിക്കുന്നു. ബദ്ര്‍ മൗലിദില്‍ വന്ന ഒരു കഥ ഇങ്ങനെ വായിക്കാം:

“ഒരാള്‍  തന്‍റെ വീട്ടുവാതിലിന്‍റെ മേലെ കട്ടിലപ്പടിയില്‍ ബദ്രീങ്ങളുടെ നാമങ്ങള്‍ എഴുതിവെച്ച് പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി പുണ്യമക്കയിലേക്ക് യാത്രതിരിച്ചു. മോഷണ ശ്രമത്തിനിടെ ചില സംസാരവും ആയുധങ്ങളുടെ ചിലമ്പല്‍ ശബ്ദവും അവര്‍ കേട്ടു. ഉടനെ മോഷ്ടാക്കള്‍ സ്ഥലം വിട്ടു. രണ്ടാം ദിവസവും മൂന്നാം ദിവസവും മോഷ്ടാക്കള്‍ പ്രസ്തുത വീട്ടില്‍ മോഷണശ്രമം നടത്തിയെങ്കിലും ആദ്യ ദിവസത്തെ അനുഭവം ഉണ്ടായതിനാല്‍ നിരാശയോടെ മടങ്ങേണ്ടി വന്നു. ആള്‍താമസമില്ലാത്ത വീട്ടിലെ ഈ അനുഭവം മോഷ്ടാക്കളെ അത്ഭുതപ്പെടുത്തി. മോഷണശ്രമം അവര്‍ ഉപേക്ഷിച്ചു. വീട്ടുടമസ്ഥന്‍ പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിച്ചു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മോഷ്ടാക്കള്‍ അദ്ദേഹത്തെ സമീപിച്ചു ചോദിച്ചു: ‘താങ്കള്‍ ഹജ്ജിനു പുറപ്പെട്ടപ്പോള്‍ വീടിന്‍റെ സംരക്ഷണാര്‍ഥം എന്തായിരുന്നു ചെയ്തത്? അതൊന്നു പറഞ്ഞു തരണം.’ ‘വലാ യഊദുഹു ഹിഫ്ദ്വുഹുമാ വഹുവല്‍ അലിയ്യുല്‍ അദ്വീം’ എന്ന സൂക്തവും ബദ്രീങ്ങളുടെ നാമങ്ങളും എഴുതിവെച്ചതല്ലാതെ വേറെയൊന്നും ഞാന്‍ ചെയ്തിട്ടില്ലെന്ന് വീട്ടുടമസ്ഥന്‍ മറുപടി പറഞ്ഞു. ഇതുകേട്ട് മോഷ്ടാവ് പറഞ്ഞു: ‘മനസ്സിലായി, സംരക്ഷണ മരുന്ന് ലഭിച്ചു. അല്ലാഹുവിന് സ്തുതി” (സുന്നിഅഫ്കാര്‍, 2015 ജനുവരി).

ഇങ്ങനെയുള്ള നിര്‍മിതകഥകള്‍ പ്രചരിപ്പിക്കുന്നതുകൊണ്ട് ജനങ്ങള്‍ ശിര്‍ക്കില്‍ അകപ്പെടുന്നു എന്നതല്ലേ വാസ്തവം?

അല്ലാഹുവിന്‍റെ സഹായം ലഭിക്കുന്നവര്‍

അല്ലാഹുവിന്‍റെ അടിമകളെ സഹായിക്കുക എന്നത് അല്ലാഹുവിന്‍റെ ബാധ്യതയത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ നല്‍കും. അല്ലാഹു നല്‍കുന്ന സഹായത്തിന്‍റെ അവകാശികളാവാന്‍ അടിമകള്‍ ചെയ്യേണ്ടത് അവനെയും സഹായിക്കുക എന്നതാണ്. അതായത് മതത്തിന്‍റെ സംരക്ഷകരാവുക.

അല്ലാഹു പറയുന്നു: “…തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും…” (ക്വുര്‍ആന്‍ 22:40).

“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നതാണ്” (ക്വുര്‍ആന്‍ 47:7).

ബദ്റില്‍ മുസ്ലിം സൈന്യം ദുര്‍ബലമായിരുന്നു. വിശ്വാസത്തിന്‍റെ കാഠിന്യഫലമായി വ്യത്യസ്ത രീതിയിലുള്ള സഹായങ്ങളാണ് അല്ലാഹുവില്‍നിന്ന് ലഭ്യമായത്.

അല്ലാഹു പറയുന്നു: “നിങ്ങള്‍ ദുര്‍ബലമായിരിക്കെ ബദ്റില്‍ വെച്ച് അല്ലാഹു നങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക നിങ്ങള്‍ നന്ദിയുള്ളവരായേക്കാം.” (ക്വുര്‍ആന്‍ 3:123).

അല്ലാഹു നല്‍കിയ സഹായങ്ങളെക്കുറിച്ച് ക്വുര്‍ആന്‍ പറഞ്ഞുതരുന്നുണ്ട്:

ഒന്ന്). മലക്കുകളെ ഇറക്കി സഹായിച്ചു: അല്ലാഹു പറയുന്നു: “(നബിയേ) നിങ്ങളുടെ രക്ഷിതാവ് മൂവായിരം മലക്കുകളെ ഇറക്കിക്കൊണ്ട് നിങ്ങളെ സഹായിക്കുക എന്നത് നിങ്ങള്‍ക്ക് മതിയാവുകയില്ലേ എന്ന് സത്യവിശ്വാസികളോട് നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). (പിന്നീട് അല്ലാഹു വാഗ്ദാനം ചെയ്തു:) അതെ, നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും നിങ്ങളുടെ അടുക്കല്‍ ശത്രുക്കള്‍ ഈ നിമിഷത്തില്‍തന്നെ വന്നെത്തുകയുമാണെങ്കില്‍ നിങ്ങളുടെ രക്ഷിതാവ് പ്രത്യേക അടയാളമുള്ള അയ്യായിരം മലക്കുകള്‍ മുഖേന നിങ്ങളെ സഹായിക്കുന്നതാണ്. നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്തയായിക്കൊണ്ടും നിങ്ങളുടെ മനസ്സുകള്‍ സമാധാനപ്പെടുവാന്‍ വേണ്ടിയും മാത്രമാണ് അല്ലാഹു ആ പിന്‍ബലം നല്‍കിയത്. (സാക്ഷാല്‍) സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍നിന്നു മാത്രമാകുന്നു” (ക്വുര്‍ആന്‍ 3:124-126).

രണ്ട്). മുസ്ലിം സൈന്യം എണ്ണത്തില്‍ കുറവായിരുന്നു. ശത്രുക്കള്‍ നോക്കിയപ്പോള്‍ തങ്ങളുടെ ഇരട്ടിയുണ്ടെന്ന് തോന്നിക്കുംവിധം മുസ്ലിംകളില്‍ വര്‍ധനയുണ്ടായി. അല്ലാഹു പറയുന്നു: “…(അവിശ്വാസികള്‍ക്ക്) തങ്ങളുടെ ദൃഷ്ടിയില്‍ അവര്‍ (വിശ്വാസികള്‍) തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ് തോന്നിയിരുന്നത്…”(ക്വുര്‍ആന്‍ 3:13).

മൂന്ന്). മഴയിറക്കി സഹായിച്ചു. അല്ലാഹു പറയുന്നു: “അല്ലാഹു തന്‍റെ പക്കല്‍നിന്നുള്ള മനഃശാന്തിയുമായി നിങ്ങളെ നിദ്രാമയക്കംകൊണ്ട് ആവരണം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). നിങ്ങളെ ശുദ്ധീകരിക്കുന്നതിനും നിങ്ങളില്‍നിന്ന് പിശാചിന്‍റെ ദുര്‍ബോധനം നീക്കിക്കളയുന്നതിനും നിങ്ങളുടെ മനസ്സുകള്‍ക്ക് കെട്ടുറപ്പ് നല്‍കുന്നതിനും പാദങ്ങള്‍ ഉറപ്പിച്ച് നിര്‍ത്തുന്നതിനും വേണ്ടി അവന്‍ നിങ്ങളുടെ മേല്‍ ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞ് തന്നിരുന്ന സന്ദര്‍ഭവും (ഓര്‍ക്കുക)” (ക്വുര്‍ആന്‍ 8:11).

നാല്). ശത്രുക്കള്‍ക്ക് അല്ലാഹു ഭയം നല്‍കി. അല്ലാഹു പറയുന്നു: “നിന്‍റെ രക്ഷിതാവ് മലക്കുകള്‍ക്ക് ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്, അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്…” (ക്വുര്‍ആന്‍ 8:12).

അഞ്ച്). അല്ലാഹു തന്‍റെ വിജയ വാഗ്ദാനം പൂര്‍ത്തിയാക്കി. അല്ലാഹു പറയുന്നു: “സത്യത്തെ സത്യമായി പുലര്‍ത്തേണ്ടതിനും അസത്യത്തെ ഫലശൂന്യമാക്കിത്തീര്‍ക്കേണ്ടതി നുമത്രെ അത്. ദുഷ്ടന്മാര്‍ക്ക് അതെത്ര അനിഷ്ടകരമായാലും ശരി” (ക്വുര്‍ആന്‍ 8:8).

ദൃഢവിശ്വാസമുള്ളവര്‍ക്ക് സത്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ തുണയാകുന്ന സഹായം അല്ലാഹുവില്‍ നിന്ന് ലഭിക്കും എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണിത്.

അഹങ്കാരവും ലോകമാന്യവും ആപത്ത്

അല്ലാഹു വിലക്കിയ രണ്ട് ദുസ്സ്വഭാവങ്ങളാണ് അഹങ്കാരവും ലോകമാന്യവും. സത്യത്തെ നിരാകരിക്കലും ജനങ്ങളെ ചെറുതായി കാണലുമാണ് അഹങ്കാരം. എല്ലാ കാലത്തും പ്രവാചകന്മാര്‍ പ്രധാനമായും നേരിട്ട പരീക്ഷണം അഹങ്കാരികളില്‍നിന്നാണ്. അഹങ്കാരികള്‍ക്ക് എന്നും നാശം മാത്രമെ ഉണ്ടായിട്ടുള്ളൂ. കര്‍മങ്ങളില്‍ നിഷ്കളങ്കത ഇല്ലാതാവലാണ് ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രര്‍ത്തിച്ചാല്‍ ഉണ്ടാകുന്നത്. അത്തരം പ്രവര്‍ത്തനങ്ങള്‍ അല്ലാഹു ആരില്‍നിന്നും സ്വീകരിക്കുകയില്ല. ശത്രുസൈന്യം യുദ്ധത്തിന് പുറപ്പെട്ടത് ഈ രണ്ട് ദുര്‍ഗുണങ്ങളും പ്രകടിപ്പിച്ചുകൊണ്ടാണ്. അത് വിശ്വാസികളില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലെന്ന് അല്ലാഹു താക്കീത് നല്‍കുന്നുമുണ്ട്. അല്ലാഹു പറയുന്നു:

“ഗര്‍വ്വോട് കൂടിയും ജനങ്ങളെ കാണിക്കാന്‍ വേണ്ടിയും തങ്ങളുടെ വീടുകളില്‍നിന്ന് ഇറങ്ങിപ്പുറപ്പെട്ടവരെപ്പോലെ നിങ്ങളാകരുത്. അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു” (ക്വുര്‍ആന്‍ 8:47).

പിശാച് മനുഷ്യന്‍റെ മുഖ്യശത്രു

പിശാച് മനുഷ്യന്‍റെ മുഖ്യശത്രുവാണെന്ന് സംശയലേശമന്യെ അല്ലാഹു ബോധ്യപ്പെടുത്തിത്തന്ന യുദ്ധമാണ് ബദ്ര്‍. ചീത്ത പ്രവര്‍ത്തനങ്ങളില്‍ ആകര്‍ഷിച്ച് ചതിയില്‍ ചാടിക്കുക എന്നതാണ് പിശാചിന്‍റെ കുതന്ത്രം. ശത്രുപക്ഷത്തിന് അവരുടെ പ്രവര്‍ത്തനങ്ങളെ ശൈത്വാന്‍ ഭംഗിയാക്കി തോന്നിച്ചു. അവര്‍ ചതിയില്‍ അകപ്പെട്ടു, എന്ന് മാത്രമല്ല അവസാനം അവന്‍ പിന്തിരിയുകയും ചെയ്തു. അല്ലാഹു പറയുന്നു:

“ഇന്ന് ജനങ്ങളില്‍ നിങ്ങളെ തോല്‍പിക്കാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ സംരക്ഷകനായിരിക്കും എന്ന് പറഞ്ഞുകൊണ്ട് പിശാച് അവര്‍ക്ക് അവരുടെ ചെയ്തികള്‍ ഭംഗിയായി തോന്നിച്ച സന്ദര്‍ഭവും (ഓര്‍ക്കുക). അങ്ങനെ ആ രണ്ടു സംഘങ്ങള്‍ അന്യോന്യം കണ്ടുമുട്ടിയപ്പോള്‍ എനിക്ക് നിങ്ങളുമായി ഒരു ബന്ധവുമില്ല. തീര്‍ച്ചയായും നിങ്ങള്‍ കാണാത്ത പലതും ഞാന്‍ കാണുന്നുണ്ട്. തീര്‍ച്ചയായും ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനത്രെ എന്ന് പറഞ്ഞുകൊണ്ട് അവന്‍ (പിശാച്) പിന്മാറിക്കളഞ്ഞു” (ക്വുര്‍ആന്‍ 8;48).

മനുഷ്യന്‍റെമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ പിശാച് കിണഞ്ഞു ശ്രമിക്കും. ആത്മാര്‍ഥതയില്ലാത്ത വിശ്വാസികളെ അവന് പെട്ടെന്ന് പിഴപ്പിക്കുവാന്‍ സാധിക്കും. അല്ലാഹുവിനോടേ പ്രാര്‍ഥിക്കൂ എന്ന ആദര്‍ശം മുറുകെ പിടച്ചതിന്‍റെ പേരില്‍ ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുക്കുകയും രക്തസാക്ഷികളാവുകയും ചെയ്തവരെ വിളിച്ച് തേടുന്ന ദുരവസ്ഥയിലേക്ക് മുസ്ലിംകള്‍ എത്തിനില്‍ക്കുന്നുവെങ്കില്‍ അത് പിശാചിന്‍റെ വിജയമാണ്. പൈശാചികതയെ തോല്‍പിക്കാന്‍ കഴിയുന്ന വിശ്വാസ ദാര്‍ഢ്യമാണ് നോമ്പുകൊണ്ട് നാം നേടിയെടുക്കേണ്ടത്.

മൂസ സ്വലാഹി, കാര

നേർപഥം വാരിക 

വെളിച്ചത്തിലേക്കു നയിക്കുന്ന വേദഗ്രന്ഥം

വെളിച്ചത്തിലേക്കു നയിക്കുന്ന വേദഗ്രന്ഥം

വിശുദ്ധ ക്വുര്‍ആന്‍ മാനവസമൂഹത്തിനു വേണ്ടി പ്രപഞ്ചസ്രഷ്ടാവ് അവതരിപ്പിച്ച വേദഗ്രന്ഥമാണ്. എന്നാല്‍ ഈ ദൈവിക ഗ്രന്ഥത്തെക്കുറിച്ച് മനുഷ്യരിലധികവും അജ്ഞരാണ്. മിക്കവരും അതിനെമുസ്ലിംകളുടെ മാത്രം വേദഗ്രന്ഥമായി കണക്കാക്കുന്നു. ചിലരാകട്ടെ അജ്ഞതകാരണമോ തെറ്റുധാരണമൂലമോ അതിനെ തീവ്രവാദത്തിന്‍റെയും ഭീകരവാദത്തിന്‍റെയും പ്രഭവകേന്ദ്രമായി മുദ്രകുത്തി അവഗണിക്കുന്നു. മുസ്ലിംകളില്‍ പെട്ടവരില്‍തന്നെ അതിനെ കേവലം പാരായണത്തില്‍ ഒതുക്കിനിര്‍ത്തുന്നവരും അതുമായി ഒട്ടും ബന്ധം പുലര്‍ത്താത്തവരുമുണ്ട്. അതിന്‍റെ ആശയം പഠിക്കുവാനും മനസ്സിലാക്കുവാനും പലരും സമയം കണ്ടെത്തുന്നില്ല.

മാനവരാശിയെ എല്ലാവിധ അന്ധകാരങ്ങളില്‍നിന്നും പ്രകാശത്തിലേക്ക് നയിക്കുവാനാണ് അല്ലാഹു വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിച്ചത്: “നിങ്ങളെ ഇരുട്ടില്‍നിന്ന് പ്രകാശത്തിലേക്ക് കൊണ്ടുവരാന്‍വേണ്ടി തന്‍റെ ദാസന്‍റെ മേല്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ ഇറക്കിക്കൊടുക്കുന്നവനാണ് അവന്‍…”(ക്വുര്‍ആന്‍57:9).

“…മനുഷ്യരെ അവരുടെ രക്ഷിതാവിന്‍റെ അനുമതിപ്രകാരം ഇരുട്ടുകളില്‍നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചുതന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്‍റെ മാര്‍ഗത്തിലേക്ക്, ആകാശങ്ങളിലുള്ളതിന്‍റെയും ഭൂമിയിലുള്ളതിന്‍റെയും ഉടമയായ അല്ലാഹുവിന്‍റെ (മാര്‍ഗത്തിലേക്ക് അവരെ കൊണ്ടുവരാന്‍ വേണ്ടി)…” (ക്വുര്‍ആന്‍ 14:1,2).

ആറാം നൂറ്റാണ്ടില്‍ ഇരുളിന്‍റെ ലോകത്ത് ഇരുളടഞ്ഞ മനസ്സുമായി ജീവിച്ചിരുന്ന ഒരു ജനതതിയെ വെളിച്ചത്തിലേക്ക് നയിച്ചതും അവരുടെ മനസ്സുകളെ പ്രകാശമാനമാക്കിയതും ക്വുര്‍ആനായിരുന്നു. പാരമ്പര്യ വിശ്വാസങ്ങളെയും ആചാരങ്ങളെയും കയ്യൊഴിക്കുവാന്‍ അവര്‍ തയാറായത് വിശുദ്ധ ക്വുര്‍ആന്‍ അവരുടെ ചിന്തയെ തട്ടിയുണര്‍ത്തിയതുകൊണ്ടായിരുന്നു.

“തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. പരലോകത്തില്‍ വിശ്വസിക്കാത്തവരാരോ അവര്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട് എന്നും (സന്തോഷവാര്‍ത്ത അറിയിക്കുന്നു)” (ക്വുര്‍ആന്‍ 17:9,10).

വിശ്വാസത്തിന്‍റെയും സംസ്കാരത്തിന്‍റെയുമെന്നല്ല, മുഴുവന്‍ മേഖലകളിലും അധമത്വത്തിന്‍റെ പടുകുഴിയിലാണ്ടു കിടന്നിരുന്ന ഒരു സമൂഹത്തെ ലോകാവസാനംവരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും മാതൃകയാക്കാന്‍ പോന്ന ഉത്തമസമൂഹമാക്കി മാറ്റാന്‍ നബി(സ്വ)ക്ക് സാധിച്ചത് ക്വുര്‍ആനിന്‍റെ പിന്‍ബലം കൊണ്ടാണ്.

ക്വുര്‍ആന്‍ പഠിക്കല്‍ ഓരോരുത്തരുടെയും ബാധ്യതയാണെന്നതില്‍ സംശയമില്ല. അത് പഠനത്തിന് വളരെ എളുപ്പമുള്ളതാണ്. അല്ലാഹു തന്നെ അക്കാര്യം പറയുന്നത് കാണുക: “തീര്‍ച്ചയായും ആലോചിച്ച് മനസ്സിലാക്കുവാന്‍ ക്വുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?” (ക്വുര്‍ആന്‍ 54:32).

ക്വുര്‍ആന്‍ പഠിക്കുന്നവനും പഠിപ്പിക്കുന്നവനുമാണ് ഉത്തമന്‍ എന്നാണ് നബി(സ്വ) പറഞ്ഞിട്ടുള്ളത്. മനുഷ്യന്‍റെ ഇഹപരജീവിത വിജയത്തിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ഗ്രന്ഥം എന്ന നിലയ്ക്ക് അത് പഠിക്കല്‍ സത്യവിശ്വാസികളുടെ ബാധ്യതയാണ്. അതിലെ ഓരോ അക്ഷരവും പാരായണം ചെയ്താല്‍ അതിന് പ്രതിഫലം ലഭിക്കും എന്ന് നബി(സ്വ) പറഞ്ഞത് നാം ഓര്‍ക്കണം. ഒരു വിശ്വാസി ക്വുര്‍ആനുമായി അഭേദ്യമായ ബന്ധം ഉണ്ടായിരിക്കേണ്ടവനാണ്.

ടി.കെ.അശ്റഫ്

നേർപഥം വാരിക 

മനംമാറ്റത്തിന്‍റെ മാസം

മനംമാറ്റത്തിന്‍റെ മാസം

പ്രകൃത്യാ മനുഷ്യന്‍ കുറ്റവാസനയുള്ളവനാണ്. എത്ര ശ്രദ്ധിച്ചു ജീവിച്ചാലും അല്ലാഹുവിന്‍റെ കോപത്തിന്നു കാരണമായേക്കാവുന്ന കുറ്റങ്ങള്‍ വന്നുചേര്‍ന്നേക്കാം. ഈ പാപക്കറകള്‍ മൂലം മനസ്സ് മലിനമാവാതെ നിര്‍ത്താനാണ് വിവിധ ആരാധനാകര്‍മങ്ങള്‍ അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. ദിവസവും അഞ്ചുനേരം നിര്‍വഹിക്കുന്ന നിര്‍ബന്ധ നമസ്കാരങ്ങള്‍, ആഴ്ചയിലൊരിക്കല്‍ ജുമുഅ, വര്‍ഷത്തിലൊരിക്കല്‍ നോമ്പ്, ജീവിതത്തിലൊരിക്കല്‍ ഹജ്ജ് എന്നിവ പാപങ്ങള്‍ പൊറുത്തുതരുവാനും  മനുഷ്യനെ ശുദ്ധീകരിക്കുവാനുമാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.

നബി ﷺ പറഞ്ഞത് കാണുക: “ഒരാള്‍ ഒരു ദിവസം നോമ്പ് അനുഷ്ഠിച്ചാല്‍ അല്ലാഹു അവനെ നരകത്തില്‍നിന്ന് എഴുപത് വര്‍ഷത്തെ ദൂരം അകറ്റുന്നതാണ്” (ബുഖാരി, മുസ്ലിം).

‘അറിയാതെയും അബദ്ധത്തിലും മനുഷ്യരിലുണ്ടാവുന്ന ചെറിയ തിന്മകളെ പൊറുക്കാനും സഹായിക്കുന്നു’വെന്ന് ക്വുര്‍ആനിലും കാണാം

സാമൂഹ്യദ്രോഹപരമായ വന്‍കുറ്റങ്ങളെ പറ്റി ഇസ്ലാം പ്രത്യേകം താക്കീതു നല്‍കിയിട്ടുണ്ട്. അവ ആരാധനാകര്‍മങ്ങള്‍കൊണ്ട് മായ്ക്കപ്പെടുകയില്ല. മറിച്ച് അവയില്‍നിന്നും ഖേദിച്ചുമടങ്ങി ശിഷ്ടജീവിതത്തില്‍ ആവര്‍ത്തിക്കുകയില്ലെന്ന് ആത്മാര്‍ഥമായി പ്രതിജ്ഞയെടുക്കണം. അപ്രകാരം മറ്റുള്ളവരില്‍ നിന്നും വാങ്ങിയ കടബാധ്യതകള്‍ കഴിയുമെങ്കില്‍ കൊടുത്തുതീര്‍ക്കുകയോ പറഞ്ഞു പരിഹരിക്കുകയോ ചെയ്യണം. ദരിദ്രര്‍ക്ക് കൊടുക്കാന്‍ അല്ലാഹു നമ്മോട് കല്‍പിച്ച സകാത്തിന്‍റെ നിശ്ചിത വിഹിതവും കടബാധ്യതയാണ്. ഓരോ വര്‍ഷവും അത് കൊടുത്തുവീട്ടാതെ മറ്റെന്ത് സല്‍കര്‍മങ്ങള്‍ ചെയ്താലും ഈ കുറ്റങ്ങള്‍ അല്ലാഹു പൊറുത്തു തരുന്നതല്ല.

നിശ്ചിത ആരാധനാകര്‍മങ്ങള്‍ പാപമുക്തിക്ക് കാരണമാകുന്നതോടോപ്പം തിന്മകളില്‍നിന്ന് കരുതിക്കൂട്ടി വിട്ടുനില്‍ക്കുക, സഹജീവിക്കോ സമൂഹത്തിനോ നാടിനോ ദ്രോഹകരമാവുന്ന പ്രവൃത്തികള്‍  സൂക്ഷിക്കുക, ജനസേവനത്തില്‍ വ്യാപൃതരാവുക, പ്രാര്‍ഥനകളും പ്രകീര്‍ത്തങ്ങളും വര്‍ധിപ്പിക്കുക തുടങ്ങിയ സല്‍ഗുണങ്ങളും പാപങ്ങള്‍ പൊറുത്തുതരാന്‍ കാരണങ്ങളാണ്. ഇതിനെല്ലാം പുറമെ കരുണാവാരിധിയായ അല്ലാഹു അവന്‍റെ സൃഷ്ടികളോട് ഏറെ  ദയാലുവാണെന്ന വസ്തുതയും ഏറെ പ്രതീക്ഷക്ക് വകയുള്ളതാണ്.

അല്ലാഹു പറയുന്നു: “നബിയേ, പറഞ്ഞുകൊടുക്കുക; സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്‍റെ ദാസന്മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെ പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ച യായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും” (ക്വുര്‍ആന്‍ 39:53).

ഇത്രയൊക്കെ  ഇളവുകളും ആനുകൂല്യങ്ങളും പ്രതീക്ഷകളും നല്‍കിയിട്ടും പുറംതിരിഞ്ഞു ധിക്കാരത്തോടെ ജീവിക്കുന്നവര്‍ക്കാണ് അല്ലാഹു കഠിനശിക്ഷ ഒരുക്കിയിരിക്കുന്നത്. ഈ ശിക്ഷയെ പറ്റിയാണ് മനുഷ്യന്‍ ഭയപ്പെടേണ്ടത്

ചുവപ്പ് ലൈറ്റ് തെളിയുന്ന ഒരു ട്രാഫിക് ജംഗ്ഷനില്‍ ഏറെ ധൃതിപിടിച്ചു വണ്ടി ഓടിക്കുന്നവനായാലും പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തുന്നത് നാം കാണാറുണ്ട്. നിയമം ലംഘിച്ചു മറികടന്നാല്‍ ശിക്ഷയായി ആയിരമോ അഞ്ഞൂറോ പിഴ കിട്ടുമെന്നതാണ് കാരണം. ഒരു രാജ്യത്തെ അച്ചടക്കമുള്ള പൗരന്‍റെ ധര്‍മം കൂടിയാണത്. ഇതുപോലെ ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് പ്രപഞ്ചനാഥന്‍ വിലക്കുകളുടെ സിഗ്നലുകള്‍ നല്‍കിയിട്ടുണ്ട്. മനുഷ്യന്‍റെ ഇഹലോക വിജയത്തിന്നും പരലോകമോക്ഷത്തിന്നും ആവശ്യമായി പരിഗണിക്കേണ്ട കല്‍പനകളും നല്‍കിയിട്ടുണ്ട്. ഈ വിധിവിലക്കുകളെ അറിഞ്ഞും അംഗീകരിച്ചും ജീവിക്കുക എന്നതിനെയാണ് ‘അത്തക്വ്വാ’ (സൂക്ഷ്മത) എന്ന് നബി ﷺ പഠിപ്പിച്ചത്.

ഈ സൂക്ഷ്മതാബോധം വീണ്ടെടുക്കാന്‍ പറ്റിയ ആരാധനകളിലൊന്നാണ് നോമ്പ്. ഭക്ഷണ പാനീയങ്ങളും ദുര്‍വിചാരങ്ങളും ഒഴിവാക്കി ജീവിക്കുന്ന ഒരു മനസ്സ് നമുക്ക് നേടാനാവണം. അതാണ് നോമ്പ് ലക്ഷ്യമാക്കുന്നത്. ഈ മനംമാറ്റത്തിന്ന് റമദാന്‍ നോമ്പ് കാരണമായില്ലെങ്കില്‍ വലിയ നഷ്ടം തന്നെയാണുണ്ടാവുക. ‘ഒരാള്‍ക്ക് റമദാനിന്‍റെ നന്മകള്‍ നിഷേധിക്കപ്പെട്ടാല്‍ എല്ലാം നിഷേധിക്കപ്പെട്ടു.’ (അഹ്മദ്).

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

നേർപഥം വാരിക