സൃഷ്ടികളുടെ കഴിവ്; പരിധിയും പരിമിതിയും

സൃഷ്ടികളുടെ കഴിവ്; പരിധിയും പരിമിതിയും

മനുഷ്യരടക്കമുള്ള സൃഷ്ടികളുടെ കേള്‍വി, കാഴ്ച,  കൈകാലുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍, മറ്റു കഴിവുകള്‍ തുടങ്ങിയവ സൃഷ്ടിക്കുന്നത് ആരാണ് എന്നതിനെക്കുറിച്ച് ഇസ്‌ലാമിക ലോകത്ത് മൂന്ന് വീക്ഷണങ്ങളാണ് ഉള്ളത്:

1) എല്ലാം സൃഷ്ടിക്കുന്നത് അല്ലാഹുവാണ്. സൃഷ്ടികള്‍ക്ക് ഒരു സ്വാധീനവും ഇല്ല. ജബരിയ്യ എന്ന ബിദ്ഈ കക്ഷിയുടെ (നൂതനവാദികള്‍) വാദമാണിത്. കാറ്റില്‍ പറക്കുന്ന തൂവല്‍പോലെ ഒരു സ്വാധീനവും നമുക്ക് നമ്മുടെ പ്രവര്‍ത്തിയില്‍ ഇല്ല എന്ന ഈ വാദം അഹ്‌ലുസ്സുന്ന അംഗീകരിക്കുന്നില്ല. കാരണം പ്രവര്‍ത്തനങ്ങള്‍ നമുക്ക് ചെയ്യാനും ചെയ്യാതിരിക്കാനും കഴിയും.

ഉദാഹരണം; വിറവാതം പിടിപെട്ട ഒരാളുടെ കൈ എപ്പോഴും ചലിച്ചുകൊണ്ടിരിക്കും. അയാളുടെ കൈകള്‍ക്ക് ഒരു സ്വാധീനവും ഇല്ല. എന്നാല്‍ അങ്ങനെയൊരു രോഗമില്ലാത്തവരുടെ കൈകാലുകള്‍ ചലിപ്പിക്കുന്നത് അവര്‍ ഉദ്ദേശിക്കുന്നതിന് അനുസരിച്ചാണ്.

ഒരു വീടിന്റെ മുകളില്‍നിന്ന് താഴേക്ക് ഒരു വിഗ്രഹം തള്ളിയിടുന്നതുപോലെയല്ല ഒരാള്‍ സ്വയം ചാടുന്നത്. അയാള്‍ക്ക് ചാടാനും ചാടാതിരിക്കാനും കഴിയും. ഹൃദയമിടിപ്പ് പോലെയല്ല നാം കൈ ഉയര്‍ത്തുന്നത്; ഉദ്ദേശ്യമനുസരിച്ചാണ്.

2) മനുഷ്യരടക്കമുള്ള സൃഷ്ടികളുടെ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നത് അവര്‍തന്നെയാണ്. അല്ലാഹു അതില്‍ ഇടപെടുന്നില്ല, അതുകൊണ്ടാണ് പ്രതിഫലവും ശിക്ഷയും ഉള്ളത്.

‘മുഅ്തസില’ എന്ന ബിദ്ഈകക്ഷിയുടെ വാദമാണിത്. അഹ്‌ലുസ്സുന്ന ഈ ആശയവും അംഗീകരിക്കുന്നില്ല. കാരണം ക്വുര്‍ആന്‍ പറയുന്നത് പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നത് അല്ലാഹുവാണ് എന്നാണ്. തളര്‍ന്ന് കിടക്കുന്നവന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചാല്‍ അതിന് കഴിയില്ല. അയാളുടെ  മനസ്സ് അതിന് ആഗ്രഹിക്കുണ്ട്, പക്ഷേ, ഇച്ഛാനുസരണം എഴുന്നേല്‍ക്കുന്നില്ല.

3) ക്വുര്‍ആനിന്റെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തില്‍ അഹ്‌ലുസ്സുന്നയുടെ വിശ്വാസം സൃഷ്ടികളുടെ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നത് അല്ലാഹുവാണ്, എന്നാല്‍ അത് പ്രവര്‍ത്തിക്കാനും പ്രവര്‍ത്തിക്കാതിരിക്കാനുമുള്ള തിരഞ്ഞെടുപ്പിനുള്ള (ഇച്ഛാ)സ്വാതന്ത്ര്യം അല്ലാഹു അവന്  നല്‍കിയിരിക്കുന്നു എന്നാണ്.

അതായത് ഒരു കാര്യം ചെയ്യാനോ ചെയ്യാതിരിക്കാനോ അവന്‍ ഇച്ഛിക്കുമ്പോള്‍ (ഏതെലുമൊന്ന്തിരഞ്ഞെടുക്കുമ്പോള്‍) അല്ലാഹു അത് സൃഷ്ടിച്ച് നല്‍കുന്നു. അതുകൊണ്ടാണ് നന്മ ചെയ്യുന്നതിന് ഉത്തമമായ പ്രതിഫലവും തിന്മയ്ക്ക് ശിക്ഷയും ഉള്ളത്.

അല്ലാഹുവാണ് സൃഷ്ടികളുടെ പ്രവര്‍ത്തനങ്ങളും സൃഷ്ടിക്കുന്നത് എന്ന അഹ്‌ലുസ്സുന്നയുടെ വിശ്വാസംതന്നെയാണ് ആധുനിക ശാസ്ത്രത്തിന്റെ വീക്ഷണമെന്നു മനസ്സിലാക്കാം.

ആധുനിക ശാസ്ത്രത്തിന്റെ വീക്ഷണം

മനുഷ്യരുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ ജീവശാസ്ത്രം രണ്ടായി തിരിക്കുന്നു:

1. അനൈച്ഛിക പ്രവര്‍ത്തനങ്ങള്‍ (Involuntary actions)

ഹൃദയമിടിപ്പ്, കിഡ്‌നിയുടെ  പ്രവര്‍ത്തനം എന്നിവ പോലെ മനുഷ്യന്റെ ഇച്ഛക്ക് ഒരു സ്വാധീനവും ഇല്ലാതെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍. തലച്ചോറില്‍നിന്ന് നാഡികള്‍ വഴി ആവേഗങ്ങള്‍ വന്നാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളില്‍ മനുഷ്യന് ഒരു സ്വാധീനവും ഇല്ല. ഇവയ്ക്ക് ശിക്ഷയും പ്രതിഫലവും ഇല്ല. സ്വിച്ച് ഇട്ട ഫാനിലേക്ക് വയറിലൂടെ വൈദ്യുതി വന്ന് അത് കറങ്ങുന്നത് പോലെ, സ്റ്റാര്‍ട്ടാക്കിയ കാര്‍ ഡ്രൈവര്‍ ഓടിക്കുന്നത് പോലെ, ഇവിടെ ഫാനിന്റെയും കാറിന്റെയും ഇച്ഛക്കനുസരിച്ചല്ല ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

2. ഐച്ഛിക പ്രവര്‍ത്തനങ്ങള്‍ (Voluantary actions)

കൈകൊണ്ട് പ്രവര്‍ത്തിക്കുക, നടക്കുക, ഓടുക തുടങ്ങിയ മനുഷ്യന്റെ ഇച്ഛക്കനുസരിച്ച് ചെയ്യാനും ചെയ്യാതിരിക്കാനും സ്വാതന്ത്ര്യമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഐച്ഛിക പ്രവര്‍ത്തനം എന്ന് പറയുന്നത്. പക്ഷേ, ഈ പ്രവര്‍ത്തനം സൃഷ്ടിക്കുന്നതില്‍ മനുഷ്യന് ഒരു സ്വാധീനവും ഇല്ല. ചെയ്യാന്‍ ഇച്ഛിക്കുമ്പോള്‍ തലച്ചോറില്‍നിന്ന് ആവേഗങ്ങള്‍ നാഡി വഴി മസിലുകളിലും എല്ലുകളിലും എത്തി അവയെ ചലിപ്പിക്കുന്നു. പല രാസമാറ്റങ്ങളും ഭൗതിക മാറ്റങ്ങളും ഉണ്ടാകുന്നു.

അപ്പോള്‍ ഹൃദയമിടിപ്പ് പോലെയുള്ള അനൈച്ഛിക ചലനവും നടക്കുക, ഓടുക പോലുള്ള ഐച്ഛിക ചലനവും നടക്കുന്നതില്‍ മനുഷ്യന് ഒരു പങ്കുമില്ല, തലച്ചോറില്‍ ആവേഗങ്ങളുണ്ടായി അത്  മസിലുകളിലും എല്ലുകളിലും രാസ-ജൈവ മാറ്റമുണ്ടാക്കി നടക്കുന്നു. ഒന്ന് മനുഷ്യന്റെ ഇച്ഛക്ക് അനുസരിച്ചും മറ്റേത് അല്ലാതെയും നടക്കുന്നു.

മനുഷ്യന്റെ ഇച്ഛക്ക് അനുസരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങളും അല്ലാതെ നടക്കുന്ന പ്രവര്‍ത്തനങ്ങളും സൃഷ്ടിക്കുന്നത് അല്ലാഹുവാണ്. ഇച്ഛക്ക് അനുസരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലവും ശിക്ഷയും ഉണ്ട്. കാരണം അത് അവന്‍ ഇച്ഛിക്കുന്നു, തിരഞ്ഞെടുക്കുന്നു.

ഉദാ: ഒരാള്‍ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നു. മറ്റൊരാള്‍ അശ്ശീല മാസിക വായിക്കുന്നു.

ഈ രണ്ട് പ്രവര്‍ത്തനവും സൃഷ്ടിക്കുന്നത് അല്ലാഹുവാണ്. ബുക്കുകളിലെ അക്ഷരങ്ങളില്‍ തട്ടി പ്രകാശം കണ്ണില്‍ പതിച്ച് രാസമാറ്റമുണ്ടായി, ശ്രവണനാഡി വഴി ആവേഗങ്ങള്‍ തലച്ചോറില്‍ എത്തുമ്പോള്‍ അയാള്‍ കാണുന്നു, തലച്ചോറില്‍നിന്ന് ആവേഗം വന്ന് രാസ-ജൈവ മാറ്റമുണ്ടാക്കി വായന സാധ്യമാക്കുന്നു. ഇവ രണ്ടിലും നടക്കുന്ന ഈ രാസ-ജൈവ മാറ്റങ്ങള്‍ ചെയ്യുന്നത് മനുഷ്യനല്ല, അവന്‍ വായന ഇച്ഛിക്കുന്നു, അന്നേരം ഈ പ്രതിഭാസങ്ങള്‍ അല്ലാഹു സൃഷ്ടിക്കുന്നു. മനുഷ്യന്‍ ഇച്ഛിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്നതുകൊണ്ട് അവന് അത് പ്രതിഫലം ലഭിക്കുന്ന സമ്പാദ്യമായിത്തീരുന്നു. ഒരു ഫാന്‍ കറങ്ങുന്ന, കാര്‍ ഓടുന്ന പ്രവര്‍ത്തനം അവതന്നെ സൃഷ്ടിക്കുകയാണെന്ന് ആരും പറയില്ലല്ലോ.

ഒരാള്‍ ഒരു വടി രണ്ടായി മുറിക്കുന്നു. അയാളുടെ കൈയിന്റെ പ്രവര്‍ത്തനം സൃഷ്ടിക്കുന്നത് മുകളില്‍ പറഞ്ഞപോലെ അല്ലാഹുവാണ്. വിറകിലെ തന്‍മാത്രകളുടെ ആകര്‍ഷണബലം ഇല്ലാതാക്കി അവയെ വേര്‍പെടുത്തുന്നതും അല്ലാഹുവാണ്.

ഒരു വാഹനം ഓടിക്കുമ്പോള്‍ നടക്കുന്ന ആകെ പ്രവര്‍ത്തനങ്ങള്‍ ചിന്തിച്ചാല്‍, ഡ്രൈവറുടെ ആകെ സ്വാധീനം ഇച്ഛമാത്രം എന്ന് കാണാം, ബാക്കിയെല്ലാം സൃഷ്ടിക്കുന്നത് അല്ലാഹുവാണ്.

മുഅ്ജിസത്തും കറാമത്തും

സാധാരണ പ്രവര്‍ത്തനങ്ങളായ കേള്‍വി, കാഴ്ച, നടത്തം പോലുള്ള  കാര്യങ്ങള്‍ ചില കാരണങ്ങള്‍ വഴി അവയവങ്ങളിലൂടെയാണ് അല്ലാഹു സൃഷ്ടിക്കുന്നത്; കണ്ണ്, ചെവി, കൈകാലുകള്‍, ആവേഗം, തലച്ചോറ്, ശബ്ദം, പ്രകാശം, മസില്‍ പോലുള്ളവ മുഖേന.

ഈ കാരണങ്ങളില്ലാതെയും അല്ലാഹു ചില കാര്യങ്ങളെ സൃഷ്ടിക്കും. ഉദാ: പുരുഷബീജമില്ലാതെ മറ്‌യം ബീവി ഗര്‍ഭംധരിച്ചത്, ഈസാനബിൗ മരുന്നില്ലാതെ രോഗം മാറ്റിയത് പോലുള്ളവ. ഇവ പ്രവാചകന്‍മാരിലൂടെ പ്രകടമാകുമ്പോള്‍ അതിന് മുഅ്ജിസത്തെന്നു പറയുന്നു. അല്ലാഹു ആദരിച്ച് അവന്‍ ഇഷ്ടപ്പെടുന്ന വിശ്വാസിയിലൂടെ, അവന്റെ ഇച്ഛാനുസരണമല്ലാതെ വെളിപ്പെടുത്തുന്ന അത്ഭുത സംഭവങ്ങളെ കറാമത്ത് എന്നും പറയുന്നു.

 

ടി.പി അബ്ദുല്‍ ഗഫൂര്‍, വെള്ളിയഞ്ചേരി

നേർപഥം വാരിക 

നാര്‍ക്കോട്ടിക്: ഇസ്‌ലാമിക പ്രമാണങ്ങള്‍ എന്ത് പറയുന്നു?

നാര്‍ക്കോട്ടിക്: ഇസ്‌ലാമിക പ്രമാണങ്ങള്‍ എന്ത് പറയുന്നു?

മയക്കുമരുന്നിനെ ജിഹാദുമായി ചേര്‍ത്ത് ചര്‍ച്ചകള്‍ കാടുകയറുമ്പോള്‍ എന്താണ് മദ്യത്തെ സംബന്ധിച്ച് ക്വുര്‍ആനിന്റെയും പ്രവാചകാധ്യാപനങ്ങളുടെയും നിലപാടെന്ന് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ ചേര്‍ത്ത ക്വുര്‍ആനിക വചനവും അനുബന്ധ വിശദീകരണവും സഹായകമാകും:

 

അല്ലാഹു പറഞ്ഞു: ”സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നംവെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍നിന്നും നമസ്‌കാരത്തില്‍നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ വിരമിക്കുവാനൊരുക്കമുണ്ടോ? നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും സൂക്ഷിക്കുകയും ചെയ്യുക. ഇനി നിങ്ങള്‍ പിന്തിരിഞ്ഞുകളയുകയാണെങ്കില്‍ നമ്മുടെ ദൂതന്റെ ബാധ്യത വ്യക്തമായ രീതിയില്‍ സന്ദേശം എത്തിക്കുക മാത്രമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുക” (ക്വുര്‍ആന്‍ 5:90-92).

 

ഉപര്യുക്ത വിശുദ്ധവചനം പലനിലയ്ക്ക് മദ്യം നിഷിദ്ധമാണെന്ന് അറിയിക്കുന്നു.

 

1. ‘സത്യവിശ്വാസികളേ’ എന്ന അഭിസംബോധനയാലാണ് വിശുദ്ധ വചനം ആരംഭിച്ചിട്ടുള്ളത്. പ്രസ്തുത വിളി അറിയിക്കുന്നതാകട്ടെ ശേഷം വരുന്ന മതവിധി നടപ്പാക്കല്‍ സ്രഷ്ടാവിന് ഉത്തരമേകിയവര്‍ക്ക് നിര്‍ബന്ധമാണ് എന്നതാണ്.

 

2. മദ്യത്തെ ചൂതാട്ടത്തോടും പ്രതിഷ്ഠകളോടും പ്രശ്‌നംവെച്ച് നോക്കുവാനുള്ള അമ്പുകളോടുമാണ് ചേര്‍ത്ത് പറഞ്ഞത്. ഇവയെല്ലാം വന്‍പാപങ്ങളാണ്.

 

മദ്യം മഹാപാപമാണെന്നതിനാലും സകല തിന്മകളുടെയും താക്കോല്‍ എന്നതിനാലുമാണ് അവയെക്കാളെല്ലാം മദ്യത്തെ മുന്തിച്ചത്.

 

3. വിശുദ്ധ വചനത്തില്‍ മദ്യത്തെ ‘രിജ്‌സ്’ എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. മാലിന്യത്തിനും മ്ലേഛതയ്ക്കുമാണ് അറബിഭാഷയില്‍ ‘രിജ്‌സ്’ എന്ന് പറയുക.

 

4. ‘പൈശാചിക പ്രവൃത്തി’ എന്ന വിശേഷണംകൂടി അതിന് പ്രസ്തുത വചനത്തില്‍ പറയപ്പെട്ടു. പിശാചില്‍നിന്ന് തിന്മ മാത്രമെ ഉണ്ടാകൂ.

 

5. ‘അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക’ പ്രസ്തുത പ്രയോഗം അര്‍ഥമാക്കുന്നതാകട്ടെ ഒരു വസ്തുവില്‍നിന്ന് അകലുക, അതിനോടും അതിന്റെ അതിരുകളോടും അടുക്കാതിരിക്കുക എന്നൊക്കെയാണ്. മദ്യത്തില്‍നിന്ന് പാടെ അകലണമെന്ന് പ്രസ്തുത വചനം അറിയിക്കുമ്പോള്‍ എങ്ങനെയാണ് അതിനെ സമീപിക്കുക? മദ്യം ഹറാമാണെന്നതിന് ഏറ്റവും തെളിഞ്ഞ രേഖയാണ് ഈ പ്രയോഗം.

 

6. ‘നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം’ എന്നതുകൊണ്ടാണ് ഈ വചനം അവസാനിക്കുന്നത്. മദ്യത്തില്‍ നിന്ന് അകലുമ്പോഴാണ് വിജയം എന്ന് ഇതിലൂടെ ഉണര്‍ത്തുന്നു. എങ്കില്‍ മദ്യവുമായി ബന്ധപ്പെട്ട് തെറ്റുകളില്‍ അകപ്പെടല്‍ ദുരന്തവും പരാജയവും മാത്രമാണ്.

 

7. മദ്യപാനത്തെ തുടര്‍ന്നുണ്ടാകുന്ന കുഴപ്പങ്ങള്‍ ഈ വചനം വിവരിക്കുന്നത് ഇപ്രകാരമാണ്:

 

”പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും അല്ലാഹുവെ ഓര്‍മിക്കുന്നതില്‍നിന്നും നമസ്‌കാരത്തില്‍നിന്നും നിങ്ങളെ തടയുവാനും മാത്രമാണ്.”

 

8. ‘അതിനാല്‍ നിങ്ങള്‍ വിരമിക്കാന്‍ ഒരുക്കമുണ്ടോ?’ എന്ന ചോദ്യംകൊണ്ടാണ് അടുത്ത വചനം അല്ലാഹു അവസാനിപ്പിക്കുന്നത്. ഭീതിപ്പെടുത്തുവാനും മുന്നറിയിപ്പ് നല്‍കുവാനും വേണ്ടിയാണ് പ്രസ്തുത ചോദ്യം. അതുകൊണ്ടാണ് തിരുനബിയുടെ അനുചരന്മാര്‍ ഈ ചോദ്യം കേട്ടമാത്രയില്‍ ഞങ്ങള്‍ വിരമിച്ചിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്.

 

9. മദ്യം നിഷിദ്ധമാക്കിയ വചനത്തിന് തൊട്ടുപിറകെ അല്ലാഹു പറയുന്നു: ”നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും സൂക്ഷിക്കുകയും ചെയ്യുക. ഇനി നിങ്ങള്‍ പിന്തിരിഞ്ഞുകളയുകയാണെങ്കില്‍ നമ്മുടെ ദൂതന്റെ ബാധ്യത വ്യക്തമായരീതിയില്‍ സന്ദേശം എത്തിക്കുക മാത്രമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുക.”

 

മദ്യപാനം മതിയാക്കി അല്ലാഹുവിന്റെ ആജ്ഞയെ അനുധാവനം ചെയ്യേണ്ടുന്നതിന്റെ അനിവാര്യതയെയാണ് പ്രസ്തുത വചനം അറിയിക്കുന്നത്.

 

മദ്യത്താല്‍ പരീക്ഷിക്കപ്പെട്ട്, അത് നിഷിദ്ധമാക്കപ്പെടുന്നതിനുമുമ്പ് മരണപ്പെടുകയോ രക്തസാക്ഷിയാവുകയോ ചെയ്ത മഹത്തുക്കളുടെ വിഷയത്തില്‍ സ്വഹാബത്തിനുണ്ടായ ആശങ്കക്ക് ക്വുര്‍ആന്‍ അറുതിവരുത്തുന്നത് കാണുക:

 

”വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവര്‍ മുമ്പ് കഴിച്ചുപോയതില്‍ കുറ്റമില്ല. അവര്‍ അല്ലാഹുവെ സൂക്ഷിക്കുകയും വിശ്വസിക്കുകയും സല്‍പ്രവൃത്തികളിലേര്‍പ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍…” (ക്വുര്‍ആന്‍ 5:93).

 

പ്രവാചക വചനങ്ങളില്‍ എന്ത് പറയുന്നു?

 

മദ്യം നിഷിദ്ധവും നികൃഷ്ടവുമാണെന്നറിയിക്കുന്ന തിരുമൊഴികള്‍ ധാരാളമാണ്. ചിലത് താഴെ നല്‍കുന്നു.

 

1. മദ്യം രോഗമാണ്; രോഗശമനിയല്ല:

 

ഒരു വ്യക്തി നബി ﷺ യോട് മദ്യത്തെക്കുറിച്ച് ചോദിച്ചു. അപ്പോള്‍ തിരുമേനി അദ്ദേഹത്തോട് മദ്യം വിരോധിച്ചു. അദ്ദേഹം പറഞ്ഞു:

 

”ഞാന്‍ മരുന്നിനുവേണ്ടി മാത്രമാണ് അത് ഉണ്ടാക്കുന്നത്.” തിരുമേനി ﷺ പറഞ്ഞു: ”നിശ്ചയം അത് രോഗമാണ്, ഒരിക്കലും രോഗശമനിയല്ല.”

 

2. മദ്യം മ്ലേച്ഛവൃത്തികളുടെ മാതാവ്:

 

ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതര്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു: ‘മദ്യം നീചവൃത്തികളുടെ മാതാവും വന്‍പാപവുമാണ്. വല്ലവരും അത് കുടിച്ചാല്‍ അവന്റെ മാതാവിന്റെയും സഹോദരിയുടെയും മാതൃസഹോദരിയുടെയുംമേല്‍ അവന്‍ വീണെന്നിരിക്കും.”

 

3. മദ്യം സര്‍വ തിന്മകളുടെയും താക്കോല്‍:

 

അബുദ്ദര്‍ദാഇ(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ”എന്റെ ഇഷ്ടഭാജനം തിരുനബി എന്നോട് വസ്വിയ്യത്ത് ചെയ്തു: ‘താങ്കള്‍ മദ്യം കുടിക്കരുത്. കാരണം അത് എല്ലാ തിന്മകളുടെയും താക്കോലാകുന്നു, തീര്‍ച്ച.”  

 

4. ലഹരിയുണ്ടാക്കുന്നതെല്ലാം മദ്യമാണ്:

 

അബ്ദുല്ലാഹിബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതര്‍ ﷺ പറഞ്ഞു: ‘ലഹരിയുണ്ടാക്കുന്ന എല്ലാതും മദ്യമാകുന്നു. എല്ലാ ലഹരിയുണ്ടാക്കുന്നതും ഹറാമാകുന്നു.”

 

5. മദ്യം കുറച്ചാണെങ്കിലും ഹറാമാണ്:

 

ജാബിര്‍ ബിന്‍ അബ്ദുല്ല(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതര്‍ ﷺ പറഞ്ഞു: ‘കൂടുതല്‍ ഉപയോഗിച്ചാല്‍ ലഹരിയുണ്ടാക്കുന്നത് കുറച്ചാണെങ്കിലും ഹറാമാണ്.”

 

6. മദ്യവുമായി ബന്ധപ്പെട്ടവരെല്ലാം ശാപാര്‍ഹരാണ്:

 

അനസ് ഇബ്‌നു മാലികി(റ)ല്‍നിന്ന് നിവേദനം: ”അല്ലാഹുവിന്റെ റസൂല്‍ ﷺ മദ്യത്തിന്റെ വിഷയത്തില്‍ പത്ത് വിഭാഗത്തെ ശപിച്ചു; മദ്യം വാറ്റുന്നവന്‍, അത് ആര്‍ക്കുവേണ്ടി വാറ്റുന്നുവോ അയാള്‍, അത് കുടിക്കുന്നവന്‍, അത് വഹിച്ചെത്തിക്കുന്നവന്‍, ആര്‍ക്കുവേണ്ടി വഹിക്കുന്നുവോ അവന്‍, അത് വില്‍ക്കുന്നവന്‍, കുടിപ്പിക്കുന്നവന്‍, അതിന്റെ വില തിന്നുന്നവന്‍, അത് വിലയ്ക്ക് വാങ്ങുന്നവന്‍, ആര്‍ക്കുവേണ്ടി വിലയ്ക്കു വാങ്ങുന്നുവോ അവന്‍.”

 

7. മദ്യത്തിലൂടെയുള്ള സമ്പാദ്യം ഹറാമാണ്:

 

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: ”നിശ്ചയം അല്ലാഹുവിന്റെ ദൂതര്‍ പറഞ്ഞു: ‘നിശ്ചയം, അല്ലാഹു കള്ളും അതിന്റെ വിലയും ഹറാമാക്കിയിരിക്കുന്നു. ശവവും അതിന്റെ വിലയും ഹറാമാക്കിയിരിക്കുന്നു. പന്നിയും അതിന്റെ വിലയും ഹറാമാക്കിയിരിക്കുന്നു.”

 

8. മദ്യം വിളമ്പുന്ന സദ്യകളില്‍ ഇരിക്കാന്‍ പാടില്ല:

 

നബി ﷺ പറഞ്ഞതായി ഇബ്‌നു അബ്ബാസില്‍നിന്ന് നിവേദനം: ”വല്ലവനും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ മദ്യം സേവിക്കപ്പെടുന്ന തീന്‍മേശകളില്‍ അവന്‍ ഇരിക്കരുത്.”

 

9. വിശ്വാസത്തോടുകൂടി മദ്യപിക്കാനാവില്ല:

 

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: ”നിശ്ചയം, നബി ﷺ പറഞ്ഞു: ‘ഒരാള്‍ മദ്യപിക്കുമ്പോള്‍ വിശ്വാസിയായിക്കൊണ്ട് അയാള്‍ മദ്യപിക്കുകയില്ല.”

 

10. മദ്യപാനിക്കുള്ള ഇസ്‌ലാമിക ശിക്ഷ:

 

അലി(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ റസൂല്‍ ﷺ മദ്യത്തിന്റെ വിഷയത്തില്‍ നാല്‍പത് അടി നല്‍കി. അബൂബക്‌റും നാല്‍പത് അടി നല്‍കി. തന്റെ ഖിലാഫത്തിന്റെ തുടക്കത്തില്‍ ഉമറും അപ്രകാരമായിരുന്നു ശിക്ഷ നല്‍കിയിരുന്നത്. ശേഷം അദ്ദേഹം ശിക്ഷ എണ്‍പത് ആക്കി പൂര്‍ത്തീകരിച്ചു. എല്ലാം സുന്നത്താകുന്നു.”

 

11. മദ്യപാനിക്ക് സ്വര്‍ഗത്തിലെ വിശിഷ്ട പാനീയം നിഷിദ്ധം:

 

അബ്ദുല്ലാഹിബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം: ”വല്ലവനും ഇഹലോകത്ത് മദ്യപിച്ച് അതില്‍നിന്ന് പശ്ചാത്തപിട്ടില്ലായെങ്കില്‍ പരലോകത്തില്‍ അയാള്‍ക്ക് അത് നിഷേധിക്കപ്പെടും; അയാള്‍ അത് കുടിപ്പിക്കപ്പെടുകയില്ല.’

 

12. മദ്യപാനിക്ക് സ്വര്‍ഗം നിഷിദ്ധം:

 

അബ്ദുല്ലാഹിബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം: ”അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ‘മൂന്ന് കൂട്ടര്‍, അവരുടെമേല്‍ അല്ലാഹു സ്വര്‍ഗം ഹറാമാക്കിയിരിക്കുന്നു: മുഴുക്കുടിയന്‍, മാതാപിതാക്കളെ ദ്രോഹിക്കുന്നവന്‍, സ്വന്തം കുടുംബത്തില്‍ വൃത്തികേടിന് സമ്മതം നല്‍കുന്നവന്‍.”

 

13. മദ്യപാനിയുടെ നമസ്‌കാരം:

 

അബ്ദുല്ലാഹിബ്‌നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ”ബുദ്ധിയെ മൂടുന്നതെല്ലാം മദ്യമാകുന്നു. എല്ലാ ലഹരിയുണ്ടാക്കുന്നതും ഹറാമുമാകുന്നു. വല്ലവനും ലഹരിയുണ്ടാക്കുന്നത് കുടിച്ചാല്‍ അവന്റെ നാല്‍പത് പ്രഭാതങ്ങളിലെ നമസ്‌കാരം പാഴായി.”

 

സാമൂഹ്യവിഭജനം അരുത്

 

ക്വുര്‍ആനും പ്രവാചക വചനങ്ങളും ഇത്രമാത്രം ഗൗരവമുള്ള പാപമായി കാണുന്ന മദ്യത്തെയും മയക്കുമരുന്നിനെയും ഉപാധിയാക്കി ഇസ്‌ലാമിലേക്ക് ആരെങ്കിലും ആളെ ചേര്‍ക്കുമോ? ഒരിക്കലുമില്ല! ഇനി അങ്ങനെയുണ്ടങ്കില്‍ അത് ചെയ്യുന്നവരെ അറിയാന്‍ മുസ്‌ലിം സമുദായത്തിനും ആഗ്രഹമുണ്ട്. അവരെ നേരിടാന്‍ എല്ലാവര്‍ക്കും മുന്നില്‍ സമുദായമുണ്ടാകും.

 

ദൈവിക മാര്‍ഗത്തിലുള്ള കഠിനാധ്വാനമെന്ന അര്‍ഥത്തിലാണ് ക്വുര്‍ആനിലും നബിവചനങ്ങളിലുമെല്ലാം ‘ജിഹാദ്’ എന്ന് പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. അതല്ലാതെ അമുസ്‌ലിംകള്‍ക്കെതിരെ നടത്തുന്ന വര്‍ഗീയ അക്രമങ്ങള്‍ക്കോ വിഭാഗീയതക്കോ അല്ല ‘ജിഹാദ്’ എന്ന് പറയുന്നത്.

 

ഇസ്‌ലാം എന്നാല്‍ സമര്‍പ്പണം, സമാധാനം എന്നിങ്ങനെയാണര്‍ഥം. സര്‍വശക്തന് സ്വന്തം ജീവിതത്തെ സമര്‍പ്പിക്കുന്നതുവഴി ഒരാള്‍ നേടിയെടുക്കുന്ന സമാധാനമാണ് ഇസ്‌ലാം.

 

അല്ലാഹുവിന് സ്വന്തത്തെ സമര്‍പ്പിച്ചവനാണ് മുസ്‌ലിം. ഒരാള്‍ മുസ്‌ലിമാവുകയെന്നാല്‍ ദൈവിക മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജീവിതത്തെ പരിവര്‍ത്തിപ്പിക്കുക എന്നാണര്‍ഥം. ഈ പരിവര്‍ത്തനത്തിന്റെ മുളപൊട്ടേണ്ടത് മനസ്സിലാണ്. മനുഷ്യമനസ്സുകളില്‍ മാറ്റം ഉണ്ടാകാതെ മൗലികമായ യാതൊരു പരിവര്‍ത്തനവും സാധ്യമല്ലെന്നതാണ് ക്വുര്‍ആനിന്റെ വീക്ഷണം. അതുകൊണ്ടുതന്നെ നിര്‍ബന്ധിച്ച് ഒരാളെയും മതത്തില്‍ കൂട്ടുന്നതിനോട് അത് യോജിക്കുന്നില്ല.

 

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയരുമ്പോള്‍ വൈകാരികത മാറ്റിവെച്ച് വസ്തുതകള്‍ അറിയാന്‍ ശ്രമിക്കലാണ് നമ്മുടെ ബാധ്യത. വിവാദങ്ങള്‍ കത്തിച്ചുനിര്‍ത്തി നാടിന്റെ സൗഹാര്‍ദം തകര്‍ക്കുന്ന എല്ലാ ശ്രമങ്ങളെയും ചെറുത്ത് തോല്‍പിക്കാന്‍ നമുക്ക് കൈകോര്‍ക്കാം.

 

ടി.കെ.അശ്‌റഫ്

 

നേർപഥം വാരിക 

ലഹരിയില്‍ തകര്‍ന്നടിയുന്ന ജീവിതങ്ങള്‍

ലഹരിയില്‍ തകര്‍ന്നടിയുന്ന ജീവിതങ്ങള്‍

മനുഷ്യന്‍ സമാധാനകാംക്ഷിയാണ്, എന്നാല്‍ പ്രശ്‌ന സങ്കീര്‍ണമായ ആധുനിക ലോക സാഹചര്യത്തില്‍ സമാധാനം എന്നത് കിട്ടാക്കനിയായി മാറുന്നു എന്നതാണ് യാഥാര്‍ഥ്യം. അസ്വസ്ഥമായ മാനസ്സുമായി പ്രശ്‌നങ്ങളോട് മല്ലിട്ട് ജീവിതം തള്ളിനീക്കുന്നവരാണ് മനുഷ്യരില്‍ അധികപേരും. ജീവിതം ദുസ്സഹമാകുന്നു എന്ന് തോന്നുമ്പോള്‍ സമാധാനത്തിന് വേണ്ടി കുറുക്കുവഴികള്‍ തേടുക എന്നതാണ് പലരും അവലംബിക്കുന്ന രീതി. അതാവട്ടെ സര്‍വനാശത്തിലേക്കുള്ള ചുവടുവയ്പായി മാറുന്നു.

ലഹരി ഇത്തരത്തില്‍ ‘ടെന്‍ഷന്‍ മാറ്റാന്‍’ ഉപയോഗിക്കുന്ന ഒറ്റമൂലിയാണ് എന്നാണ് പലരും ന്യായീകരിക്കാറുള്ളത്. പുകയില ഉത്പന്നങ്ങളില്‍ തുടങ്ങി മദ്യവും മയക്കുമരുന്നുകളും ഈ ഒറ്റമൂലിയുടെ ഗണത്തില്‍ പടിപടിയായി കടന്നുവരികയാണ്. സൈ്വര്യജീവിതത്തില്‍നിന്നും സര്‍വനാശത്തിലേക്കുള്ള യാത്രയാണ് ലഹരി സമ്മാനിക്കുന്നതെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ നമുക്ക് ഏറെ പ്രയാസപ്പെടേണ്ടതില്ല; ലഹരി അനേകരുടെ ജീവിതത്തെ തകര്‍ത്തതിന്റെ ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും അത്രമാത്രമുണ്ട്.

ആസ്വാദനത്തിനുവേണ്ടിയാണ് ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് തുടങ്ങുന്നത് എന്നതാണ് മറ്റുചിലരുടെ വാദം. എന്നാല്‍ ആസ്വാദനത്തിനുവേണ്ടി തുടങ്ങുന്ന ലഹരിയുപയോഗം പതിയെ സ്വബോധം നഷ്ടപ്പെടുത്തുന്ന രീതിയിലേക്ക് മാറുന്നു. ആസ്വാദനം എന്നത് സ്വബോധം ഉണ്ടെങ്കിലല്ലേ സാധ്യമാകൂ? മാനസികനിലയെത്തന്നെ തകരാറിലാക്കുന്ന ഇത്തരം വസ്തുക്കള്‍ ആസ്വാദനം നല്‍കുന്നു എന്നത് കേവലം ന്യായീകരണം മാത്രമല്ലാതെ മറ്റെന്താണ്? അതിനെക്കാളുപരി മാനസിക, ശാരീരിക, സാമ്പത്തിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും അഭിമാനവും അതിലുപരി ജീവന്‍തന്നെയും നഷ്ടപ്പടാന്‍ ഇത് കാരണമാവുകയും ചെയ്യുന്നു. ലഹരിയുപയോഗത്താല്‍ മാരകരോഗങ്ങള്‍ക്കടിമപ്പെട്ട് ദുരിതജീവിതം പേറുന്നവരില്ലേ നമ്മുടെ ചുറ്റും? മാനസികനില തെറ്റിയവരായി മാറുന്ന പലരും ആര്‍ക്കും വേണ്ടാത്തവരായി തെരുവില്‍ അലഞ്ഞുനടക്കുന്നതും മറ്റും നാം പലപ്പോഴും കാണുന്നതാണ്. ചുരുക്കത്തില്‍, ലഹരി ജീവിതങ്ങള്‍ തകര്‍ക്കാന്‍ മാത്രമെ കാരണമാകൂ എന്ന തിരിച്ചറിവാണ് ആദ്യമായി വേണ്ടത്.

കേരളം പോലുള്ള വിദ്യാസമ്പന്നവും സംസ്‌കാര സമ്പന്നവുമായ ഒരു നാട്ടില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം കൂടിവരുന്നു എന്നത് ആശങ്കാജനകമാണ്. മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമായി മയക്കു മരുന്നുകളുടെ ഉപയോഗം കൂടിവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുമ്പ് ഏതാനും ഗ്രാം കഞ്ചാവ് പിടികൂടി എന്ന വാര്‍ത്തകളാണ് നാം കേട്ടിരുന്നതെങ്കില്‍ ഇന്നത് കിലോകളും ക്വിന്റലുകളുമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നത് ഗൗരവതരമാണ്. വ്യത്യസ്തയിനം ലഹരിവസ്തുക്കള്‍ പടര്‍ന്നുകയറുകയാണ്. കേരളം ലഹരിവസ്തു വിപണനത്തിന്റെ ഹബ്ബായി മാറുന്നുവോ എന്ന സംശയത്തിന് ബലം നല്‍കുന്ന രീതിയിലാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകള്‍. കോവിഡ് മഹാമാരി ജനത്തെ മുഴുവന്‍ വീട്ടിലടച്ചിട്ടിട്ടും ലഹരിവസ്തുക്കളുടെ ഒഴുക്ക് നിര്‍ബാധം തുടരുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. 2020 ഏപ്രില്‍ മുതല്‍ 2021 ജൂലൈവരെ 9094.66 കിലോ കഞ്ചാവാണ് കേരളത്തില്‍ വിവിധ ഇടങ്ങളില്‍നിന്ന് എക്‌സൈയും പോലീസും പിടിച്ചെടുത്തത്. കൂടാതെ ഹഷീഷ് ഓയില്‍, എംഡിഎംഎ, എല്‍എസ്ഡി തുടങ്ങിയ മാരക ലഹരിവസ്തുക്കള്‍ വേറെയും. കേരളത്തില്‍ ഇത്രയധികം ലഹരിവസ്തുക്കള്‍ വിറ്റഴിക്കാനുള്ള വിപണി ഉണ്ടെന്നത് അത്ഭുതാവഹമാണ്; അതോടൊപ്പം ആശങ്കാജനകവും.

അന്യസംസ്ഥാനങ്ങളില്‍നിന്നാണ് ലഹരിവസ്തുക്കള്‍ പ്രധാനമായും കേരളത്തിലേക്ക് എത്തുന്നത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, ഗോവ തുടങ്ങിയ സംസ്ഥാങ്ങളില്‍നിന്നാണ് പ്രധാനമായും റോഡ് മാര്‍ഗം ഇവ കേരളത്തിലേക്ക് കടത്തുന്നത്. സ്വകാര്യവാഹനങ്ങള്‍, അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ചരക്കുനീക്കം നടത്തുന്ന ലോറികള്‍, ടൂറിസ്റ്റ് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ എന്നിവയിലൊക്കെയാണ് ലഹരി കടത്തുന്നത്. പ്രത്യേക അറകളില്‍ സൂക്ഷിച്ചും നിതേ്യാപയോഗ സാധനങ്ങള്‍ എന്ന വ്യാജേനയും ലഹരിക്കടത്ത് സംഘങ്ങള്‍ കേരത്തിലേക്ക് മയക്കുമരുന്നുകള്‍ എത്തിക്കുന്നു. കഴിഞ്ഞ മാസം കൊച്ചിയില്‍ അറസ്റ്റിലായ സംഘം കുടുംബമെന്ന വ്യാജേന യാത്രചെയ്താണ് ലഹരി കടത്തിയിരുന്നത്. നിയമപാലകരുടെ കണ്ണില്‍ പൊടിയിടാന്‍ വിലകൂടിയ നായകളും ഇവരുടെ വാഹനത്തില്‍ ഉണ്ടായിരുന്നു. കൊച്ചിയിലെ ഈ കേസില്‍ പ്രതികളെ രക്ഷിക്കാനും പിടിച്ച ലഹരിവസ്തുക്കളുടെ അളവ് കുറച്ചുകാണിക്കുന്നതിനും ശ്രമം നടത്തിയത് കേസ് അട്ടിമറിക്കാന്‍ ഉന്നതങ്ങളില്‍ നടത്തുന്ന ഗൂഢാലോചനക്ക് തെളിവാണ്.

ഈയിടെ കര്‍ണാടകയില്‍ മരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസ് ശക്തമായ അന്വേഷണം നടത്തിവരികയാണ്. ബോളിവുഡ് സിനിമയുമായി ബന്ധമുള്ള പലരെയും ഇതിനകം ചോദ്യംചെയ്ത് കഴിഞ്ഞു. രണ്ട് കന്നഡ നടിമാര്‍ അറസ്റ്റിലുമായി. ഇവരെ ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഈ മാഫിയയുടെ കേരള ബന്ധം പുറത്ത് വരുന്നത്. കേരളത്തില്‍ 2019ല്‍ നിര്‍മിച്ച സിനിമകള്‍, അവയില്‍ എത്രയെണ്ണം വിജയിച്ചു തുടങ്ങിയ വിവരങ്ങള്‍ സ്‌പെഷ്യല്‍ബ്രാഞ്ച് ശേഖരിച്ചുവരികയാണ്. സിനിമാലോകത്ത് ലഹരിയുപയോഗം വ്യാപകമാണെന്ന് നിര്‍മാതാക്കളുടെ സംഘടനകളും മറ്റും നേരത്തെതന്നെ ആരോപണം ഉന്നയിച്ചതാണ്. ലഹരി പാര്‍ട്ടികളും മറ്റും കേരളത്തിലെ വിവിധയിടങ്ങളില്‍ നടക്കുന്നതിന്റെ വിവരങ്ങളും പലതവണ പുറത്ത് വന്നിട്ടുണ്ട്. ലഹരിക്കടത്തതുമായി ബന്ധപ്പെട്ട് എത്രയോ മലയാളികള്‍ ബംഗളുരു ജയിലില്‍ കഴിയുന്നുണ്ട്.

ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ കേരളത്തില്‍ ലഹരിയുപയോഗവും വിപണനവും കൂടിവരികയാണ് എന്നത് വെറും ആരോപണമല്ലെന്നും ഒരു യാഥാര്‍ഥ്യംതന്നെയാണ് എന്നും വ്യക്തമാകുന്നു. ലഹരിക്കടത്തും ഉപയോഗവും കൗമാരപ്രായക്കാരിലും യുവാക്കളിലുമാണ് കൂടുതല്‍ എന്നത് ഈ കേസുകളുടെ ആഴങ്ങളിലേക്ക് പോയാല്‍ ബോധ്യമാവുന്നതാണ്. ലഹരി ഒരുക്കുന്ന മഹാദുരന്തത്തില്‍ നമ്മുടെ പുതുതലമുറ അകപ്പെടുന്നത് ആശങ്കപ്പെടുത്തേണ്ടതുതന്നെയാണ്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും യുവാക്കള്‍ക്കിടയിലും ലഹരിയുപയോഗം കൂടുന്നതായി മനസ്സിലാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ വിദ്യാലങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ക്യാമ്പയിനും ബോധവത്കരണ പരിപാടികളും ആരംഭിച്ചത്. എന്നാല്‍ കൊറോണ വ്യാപനംമൂലം വിദ്യാലയങ്ങള്‍ അടഞ്ഞുകിടന്നിട്ടും ജോലിസ്ഥലങ്ങള്‍ പ്രവര്‍ത്തന രഹിതമായ നാളുകളിലും ലഹരിക്കടത്ത് നടക്കുന്നു എന്നത് സൂചിപ്പിക്കുന്നത് ലഹരിയുടെ കെണിയില്‍ പെട്ട നിരവധി ജീവിതങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട് എന്നതുതന്നെയാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളും ഓണ്‍ലൈന്‍ വിപണന സാധ്യതകളും ഇത്തരം സംഘങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് കൊണ്ടാവാം ലോക് ഡൗണ്‍ കാലയളവില്‍ പോലും ഇത്രയധികം മയക്കുമരുന്നുകള്‍ കേരളത്തിലേക്ക് എത്തിയത്.

സമീപകാലത്ത് നടന്ന പല കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും അപകടമരണങ്ങളും ബലാത്സംഗങ്ങളുമൊക്കെ ലഹരിവസ്തുക്കളുടെ ഉപയോഗം കാരണത്താല്‍ സംഭവിച്ചതാണെന്ന കാര്യം വ്യക്തമാണ്. ഇത്രയും വ്യാപകമായി നമ്മുടെ നാട്ടില്‍ ലഹരി ഉപയോഗവും വിപണനവും നടക്കുന്നതിന് തടയിടാന്‍ സര്‍ക്കാരിനും നിയമപാലകര്‍ക്കും സാധിക്കാതെ പോകുന്നത് എന്തുകൊണ്ട്?

കൊച്ചിയിലെ  കാക്കനാട് ലഹരി മരുന്ന് കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നതായി ആരോപണം നേരിടുന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുകയാണ്. അഡീഷണല്‍ എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.ശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു. സിഐ അടക്കം നാല് എക്‌സൈസ് ഉദ്യോഗസ്ഥരെ വിവിധയിടങ്ങളിലേക്ക് സ്ഥലംമാറ്റി. വേലിതന്നെ വിളവ് തിന്നുന്ന കാഴ്ച എത്ര ഭീകരമാണ്! സിനിമ, രാഷ്ട്രീയ, ബിസിനസ്, ഉദേ്യാഗസ്ഥ ബന്ധം ലഹരിമാഫിയകളെ നിര്‍ബാധം സംസ്ഥാനത്ത് വിലസാന്‍ സഹായിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് കാക്കനാട്ടെ ലഹരിവേട്ടയും തുടര്‍ന്ന് നടന്ന നാടകങ്ങളും എന്നുവേണം മനസ്സിലാക്കാന്‍. കേസില്‍ പ്രതിയായ ഒരു സ്ത്രീയെ ഒഴിവാക്കാന്‍ ശ്രമം നടക്കുമ്പോള്‍ അവളെ എന്തിന് ഒഴിവാക്കുന്നു എന്ന നിഷ്‌കളങ്ക ചോദ്യം കൂട്ടുപ്രതിയായ മറ്റൊരു സ്ത്രീ ചോദിച്ചത് ഉദേ്യാഗസ്ഥലോബിയുടെ കേസ് അട്ടിമറിക്കല്‍ നാടകത്തിന് നേര്‍സാക്ഷ്യമാണ്.

ലഹരിവസ്തുക്കള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്റ്റ്

മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികള്‍ക്കെതിരെ പ്രയോഗിക്കുന്ന നിയമമാണ് 1985ലെ എന്‍ഡിപിഎസ് ആക്റ്റ്. ഇത് വളരെ ശക്തമായ ഒരു കേന്ദ്ര ആക്റ്റാണ്. മയക്കുമരുന്നുകള്‍ വ്യാവസായിക അളവില്‍ കൈവശം വയ്ക്കുകയോ കടത്തിക്കൊണ്ടുവരികയോ ചെയ്യുന്ന ഒരു വ്യക്തിക്ക് 10 മുതല്‍ 20 വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം മുതല്‍ 2 ലക്ഷം രൂപവരെ പിഴ ശിക്ഷയും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ എന്‍ഡിപിഎസ് കേസിലെ കുറ്റകരമായ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞാല്‍ തടവുശിക്ഷയുടെ അളവ് 20 മുതല്‍ 40 വര്‍ഷം വരെയായി ഉയരും. ഒരിക്കല്‍ ഒരു ‘കൊമേഴ്‌സ്യല്‍ ക്വാണ്ടിറ്റി’ കേസില്‍ പിടിക്കപ്പെടുകയും അത് പ്രോസിക്യൂഷന് കോടതി മുമ്പാകെ തെളിയിക്കുവാന്‍ കഴിയുകയും ചെയ്താല്‍ എന്‍ഡിപിഎസ് ആക്റ്റ് പ്രകാരം വധശിക്ഷ വിധിക്കാവുന്നതാണ്. മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം നല്‍കുന്നതും മയക്കുമരുന്ന് കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതും മയക്കുമരുന്നിന്റെ വില്‍പനയും വിതരണവുമായി ബന്ധപ്പെട്ട കുറ്റകരമായ ഗൂഢാലോചനയില്‍ പങ്കെടുക്കുന്നതുമെല്ലാം ശിക്ഷാര്‍ഹമാണ്. മയക്കുമരുന്ന് പിടിച്ചെടുക്കുകയോ, അത് കൈവശം വയ്ക്കുകയോ ചെയ്യണമെന്നില്ല; പ്രതികള്‍ക്ക് അങ്ങനെയൊരു ഉദ്ദേശ്യം ഉണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ മാത്രം മതി.

ഇത്രയും ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കെയാണ് നമ്മുടെ നാട്ടില്‍ ലഹരിക്കടത്ത് മാഫിയയുടെ വിളയാട്ടം എന്നത് മുകളില്‍ സൂചിപ്പിച്ചതുപോലെ വേലി വിളവ് തിന്നുന്നതിന്റെ പരിണിതഫലം തന്നെയാണ് എന്നു വ്യക്തമാക്കുന്നു. ലഹരിയെ സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണ് പലരും ഉപയോഗിക്കുന്നത്. പെട്ടെന്ന് പണക്കാരനാവാനും ചുരുങ്ങിയ സമയംകൊണ്ട് കൂടുതല്‍ ലാഭം കൊയ്യാനും മനസ്സ് കൊതിക്കുന്ന ചെറുപ്പത്തെ ഇങ്ങനെയാണ് ഇത്തരം ലോബികള്‍ വലയയിലാക്കുന്നത്. നക്ഷത്ര ഹോട്ടലുകളില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികള്‍ ഇത്തരത്തില്‍ വന്‍ലാഭം കൊയ്യാനുള്ള മറ്റൊരു വേദിയാണ്. ‘മാന്യന്മാരും’ സമ്പന്നരുമായ ഉപഭോക്താക്കള്‍ക്ക് സാധാരണ ഉപഭോക്താക്കളെക്കാളും പത്തിരട്ടി ലാഭത്തിന് വില്‍ക്കാന്‍ സാധിക്കുന്ന സാഹചര്യം, നക്ഷത്ര ഹോട്ടലുകളില്‍ റെയ്ഡ് നടക്കാനുള്ള സാധ്യതക്കുറവ് എന്നിങ്ങനെ വിഐപി ലഹരി വില്‍പന മോഡലിംഗ്-സിനിമ മേഖലകളിലും മറ്റും നിലനില്‍ക്കുന്നുണ്ട്. ഒരു തലമുറയെ മുഴുവന്‍ നശിപ്പിക്കുകയാണ് ഈ അവിശുദ്ധകൂട്ടുകെട്ട്. നാടിന്റെ നാളെയുടെ നായകരാവേണ്ടവരെ ഷന്ധീകരിച്ച് ലാഭക്കൊതിയന്മാരായ രാക്ഷസന്മാര്‍ നാടിനെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന വസ്തുത മറന്നുപോകരുത്.

പലരും ഇത്തരം കേസുകളില്‍ പിടിക്കപ്പെടുമ്പോഴാണ് അവരുടെ കുടുംബക്കാരും സുഹൃത്തുക്കളും നാട്ടുകാരുംവരെ വിവരം അറിയുന്നത്. അതുകൊണ്ട്തന്നെ ഈ മാരകവിപത്തിനെതിരെ ശക്തമായ ബോധവത്കരണവും ചെറുത്തുനില്‍പും അനിവാര്യമാണ്. ഏതുതരം ലഹരിയും മനുഷ്യന്റെ നാശത്തിന് മാത്രമെ ഹേതുവാകൂ എന്ന തിരിച്ചറിവ് മുഴുവന്‍ ജനങ്ങള്‍ക്കും ഉണ്ടാവേണ്ടതുണ്ട്. ആഘോഷവേളകൡ കൂടുതല്‍ മദ്യം വില്‍ക്കാനും ബസ്സ്റ്റാന്റുകളില്‍ പോലും മദ്യശാലകള്‍ തുടങ്ങാനും വ്യഗ്രത കാട്ടുന്ന സര്‍ക്കാര്‍ എങ്ങനെ ആത്മാര്‍ത്ഥമായി ലഹരിമുക്ത കേരളത്തിനായി പരിശ്രമിക്കും എന്നത് ഒരു ചോദ്യമാണ്.

മയക്കുമരുന്ന് ഉപയോഗം പാടെ ഇല്ലാതാക്കുവാന്‍ സര്‍ക്കാരിനുകീഴില്‍ ‘വിമുക്തി’ എന്ന പദ്ധതി നിലവിലുണ്ടെന്ന കാര്യം ഓര്‍ക്കുക!

വിമുക്തി

മദ്യവര്‍ജനത്തിന് ഊന്നല്‍ നല്‍കിയും മയക്കുമരുന്നുകളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുകയും ലക്ഷ്യമിട്ടാണ് വിമുക്തി എന്ന ബോധവത്കരണ മിഷന് സര്‍ക്കാര്‍ രൂപംനല്‍കിയിട്ടുള്ളത്.

ലക്ഷ്യം

സമൂഹത്തിന്റെ സമസ്ത മേഖലകളിലും വ്യാപരിക്കുന്ന വിപത്തായി മാറിയിട്ടുളള മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗം കുറച്ചു കൊണ്ടുവരിക, ലഹരിവസ്തുക്കളുടെ ശേഖരണം, കടത്തല്‍ എന്നിവയുടെ ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യുക എന്നിവയാണ് പ്രധാനമായും വിമുക്തി മിഷനിലൂടെ ലക്ഷ്യമിടുന്നത്. സ്‌കൂളുകളിെലയും കോളേജുകളിലെയും ലഹരിവിരുദ്ധ ക്ലബ്ബുകള്‍, എസ്പിസി, കുടുംബശ്രീ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജന സമിതികള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥി, യുവജന, മഹിളാ സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തോടുകൂടി വിദ്യാര്‍ഥി-യുവജനങ്ങളെ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ ബോധ്യപ്പെടുത്തി വ്യാപക ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് ‘ലഹരി വിമുക്ത കേരളം’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുകയാണ് ‘വിമുക്തി’യുടെ ലക്ഷ്യം.

സംഘാടനം

ബഹു. മുഖ്യമന്ത്രി ചെയര്‍മാനും, എക്‌സൈസ് വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനും, നികുതി വകുപ്പ് സെക്രട്ടറി കണ്‍വീനറുമായ സംസ്ഥാന ഗവേണിംഗ് ബോഡിയും; എക്‌സൈസ് വകുപ്പ് മന്ത്രി ചെയര്‍മാനും, നികുതി വകുപ്പ് സെക്രട്ടറി വൈസ് ചെയര്‍മാനും എക്‌സൈസ് കമ്മീഷണര്‍ കണ്‍വീനറുമായ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നു.

ജില്ലാ തലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും, ജില്ലാ കളക്ടര്‍ കണ്‍വീനറും, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വൈസ് ചെയര്‍മാനുമായ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും; തുടര്‍ന്ന് ബ്ലോക്ക്, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്തുതലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡന്റ്‌ചെയര്‍മാനും, സെക്രട്ടറി കണ്‍വീനറുമായ സമിതിയും; വാര്‍ഡ്തലത്തില്‍ പൗരമുഖ്യന്‍ ചെയര്‍മാനും, വാര്‍ഡ് മെമ്പര്‍ കണ്‍വീനറുമായ സമിതിയും ഇതിനായി രൂപീകരിക്കേണ്ടതുണ്ട്.

പ്രവര്‍ത്തനം

സാമൂഹികമായ ക്രിയാത്മക ചുവടുവയ്പുകള്‍, സംസ്ഥാനതല വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചുതുടങ്ങിയവരെ തിരുത്തല്‍ പ്രക്രിയ, ലഹരി ഉത്പന്നങ്ങളുടെ ലഭ്യതയും വിപണവും ഇല്ലാതാക്കല്‍, പുനരധിവാസം എന്നീ പ്രവര്‍ത്തനങ്ങളാണ് വിമുക്തിയിലൂടെ വിഭാവനം ചെയ്തിട്ടുള്ളത്.

താഴെ തലംമുതല്‍ മുകള്‍ത്തട്ടുവരെ ലഹരി വിമോചന ശ്രമങ്ങളുമായി സംസ്ഥാനത്ത് വിമുക്തി സമിതികള്‍ ഉണ്ട്. ഇത് എത്ര ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് സര്‍ക്കാരും ജനപ്രതിനിധികളും ഉദേ്യാഗസ്ഥരും സഗൗരവം വിചിന്തനം നടത്തേണ്ടതുണ്ട്. നമ്മുടെ നാടിനെ കാര്‍ന്നുതിന്നുന്ന ഈ മഹാവിപത്തിനെതിരെ ശക്തമായ ജനകീയ ചെറുത്തുനില്‍പ് അത്യന്താപേക്ഷിതമാണ്. സാങ്കേതിക വിദ്യയുടെ സാന്നിധ്യം ഓരോ മനുഷ്യനെയും തികച്ചും ഒറ്റപ്പെട്ടവനാക്കിയിരിക്കുന്നു എന്ന യാഥാര്‍ഥ്യം നാം മറന്നുപോകരുത്. ഈ സാഹചര്യം മുതലെടുത്താണ് ലഹരി മാഫിയകള്‍ നമ്മുടെ കുട്ടികളെ വലയിലാക്കുന്നത്; ഘട്ടം ഘട്ടമായി അവരെ ലഹരിക്കടിമകളാക്കുകയും ജീവിതം തന്നെ ഇല്ലാതാക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നത്.

ഓരോ രക്ഷിതാവും കുടുംബവും സമൂഹവും മത, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളുമെല്ലാം തങ്ങളുടെ ഭാഗധേയം ഉത്തരവാദിത്തബോധത്തോടെയും ഗൗരവത്തോടെയും നിര്‍വഹിക്കേണ്ടതുണ്ട്. മത, ജാതി, വര്‍ഗ, വര്‍ണ, ദേശ വ്യത്യാസമന്യെ ഒരു തലമുറയെ ഷന്ധീകരിക്കാനുള്ള ശ്രമങ്ങള്‍ക്കു നേരെ കണ്ണടക്കുക എന്നത് സ്വയം നാശത്തിലേക്കുള്ള പ്രയാണമാവും. ലഹരിവിമുക്തമായ ഒരു നാട് എന്നത് സാധ്യമാവണമെങ്കില്‍ ഓരോരുത്തരും അവരവരുടെതായ ഉത്തരവാദിത്തം നിര്‍വഹിക്കണം. ലഹരി വിമുക്തി മുദ്രാവാക്യം മുഴക്കുകയും അതേസമയം മദ്യത്തെ ഏറ്റവും പ്രധാനമായ വരുമാനമാര്‍ഗമായി കാണുകയും ചെയ്യുന്ന സര്‍ക്കാരിന് ഈ രംഗത്ത് എത്രമേല്‍ ആത്മാര്‍ഥതയുണ്ടാവുമെന്നത് ആലോചനീയമാണ്.

ലഹരി എന്നത് ഒരു സാമൂഹിക ദുരന്തമാണ്. അതിന് മറ്റേതെങ്കിലും മാനം നല്‍കുന്നത് അവിവേകവും. ഓരോ നാടും സ്ഥാപനങ്ങളും ഭരണകൂടവും ഈ സാമൂഹിക ദുരന്തത്തിനെതിരെ ശക്തമായ ജാഗ്രത പുലര്‍ത്തിയേതീരൂ. പുതുതലമുറയെ ഭ്രാന്തന്മാരാക്കാനുള്ള കുത്സിത ശ്രമങ്ങള്‍ നടക്കുന്നത് കണ്ടില്ലെന്ന് നടിക്കാവതല്ല.

വല്ലപ്പോഴും പിടിക്കപ്പെടുന്ന ചെറിയ മീനുകളെക്കാള്‍ വമ്പന്‍ സ്രാവുകളെ അകത്താക്കാനാണ് ശ്രമിക്കേണ്ടത്. ചെറിയ നിയമലംഘനങ്ങള്‍ക്ക് പോലും പിഴചുമത്താന്‍ വ്യഗ്രത കാണിക്കുന്ന നിയമപാലകര്‍ നാട്ടില്‍ നിര്‍ബാധം നടക്കുന്ന ഇത്തരം ക്രൂരകൃത്യങ്ങളെ കണ്ടില്ലെന്നു നടിച്ചുകൂടാ.

നാസ്തികരുടെ ദയനീയാവസ്ഥ

സര്‍വതന്ത്ര സ്വതന്ത്രരാവാന്‍ വെമ്പല്‍കൊള്ളുന്ന നാസ്തികരും ലഹരിക്കെതിരെ ഒന്നും ഉരിയാടാനാവാതെ സ്തംഭിച്ചു നില്‍ക്കുകയാണ്. എന്തു പറഞ്ഞ് അവരെ തിരുത്തും, എന്തടിസ്ഥാനത്തില്‍ അത് തെറ്റാണെന്ന് പറയും എന്ന ആശയദാരിദ്ര്യം ഈ അവിവേകികളെ എന്നും വേട്ടയാടിക്കൊണ്ടിരിക്കും. സ്വതന്ത്ര ചിന്തയുടെ വഴിയെ ലഹരിയുടെയും സാമൂഹ്യദ്രോഹികളുടെയും അഴുക്കുചാലിലേക്ക് വഴുതിവീഴുകയാണ് പലരും. അവരുടെ അവസ്ഥയോര്‍ത്ത് സഹതാപമേയുള്ളൂ. ആരെങ്കിലും നശിക്കണമെന്ന് സന്മനസ്സുകള്‍ ഒരിക്കലും ആഗ്രഹിക്കുകയില്ല, നന്നാവണമെന്നേ ആഗ്രഹിക്കൂ. എന്നെയാരും ഉപദേശിക്കേണ്ട, നിയമങ്ങളുടെ ചട്ടക്കൂട്ടില്‍ തളച്ചിടാന്‍ നോക്കേണ്ട എന്നൊക്കെ അവിവേകം വിളമ്പുന്നവര്‍ തങ്ങള്‍ക്ക് ചുറ്റും നടക്കുന്ന ക്രൂരതകളും ദുരന്തങ്ങളും കാണണം എന്ന് അഭ്യര്‍ഥിക്കുന്നു. മനുഷ്യന്‍ സര്‍വതന്ത്ര സ്വതന്ത്രനല്ല; അങ്ങനെ ആവാനും സാധ്യമല്ല. സമൂഹത്തിന്റെ അനിവാര്യമായ കണ്ണികളാണ് ഓരോരുത്തരും. അതുകൊണ്ട്തന്നെ നമ്മുടെ മുഴുവന്‍ ഇടപെടലുകളും സമൂഹത്തില്‍ പ്രതിഫലിക്കും. അതിനാല്‍ എല്ലാവര്‍ക്കും സഹായകമാവുന്ന, പൊതുനന്മയില്‍ അധിഷ്ഠിതമായ നിയമങ്ങള്‍ അംഗീകരിച്ച് ജീവിക്കുകയാണ് വിവേകം. ഇല്ലെങ്കില്‍ മനുഷ്യരില്ലാത്ത ഏതെങ്കിലും ദ്വീപില്‍ പോയി സ്വാതന്ത്രലോകം പണിയുകയാണ് അത്തരക്കാര്‍ ചെയ്യേണ്ടത്. സക്രിയമായ ഒരു സാമൂഹിക സാഹചര്യത്തെ തകര്‍ത്തിക്കളയരുത്.

ലഹരിയും ഇസ്‌ലാമും

ലഹരി വര്‍ജിക്കുവാന്‍ ശക്തമായ ആഹ്വാനം നല്‍കുന്ന മതമാണ് ഇസ്‌ലാം. വിശുദ്ധ ക്വുര്‍ആനും പ്രവാചക വചനങ്ങളും ഈ വിപത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

”പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും അല്ലാഹുവെ ഓര്‍മിക്കുന്നതില്‍നിന്നും നമസ്‌കാരത്തില്‍നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍നിന്ന്)്യൂവിരമിക്കുവാന്‍ ഒരുക്കമുണ്ടോ?” (ക്വുര്‍ആന്‍ 5:91).

”ലഹരിയുണ്ടാക്കുന്നതെല്ലാം ‘ഖംറ്’ ആണ്, എല്ലാ ലഹരിയുണ്ടാക്കുന്നതും നിഷിദ്ധവുമാണ്,” ”ലഹരിയുണ്ടാക്കുന്നത് കുറച്ചാണെങ്കിലും നിഷിദ്ധമാണ്” തുടങ്ങിയ പ്രവാചക വചനങ്ങളും പരലോകത്ത് അവര്‍ക്ക് ലഭിക്കാനിരിക്കുന്ന ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പുകളും ഈ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതാണ്.

നാശത്തിലേക്ക് നയിക്കുന്ന, ജീവനും സ്വത്തും അഭിമാനവും നഷ്ടമാകുന്ന ലഹരിയുടെ വാതില്‍ കൊട്ടിയടക്കാനുള്ള ആര്‍ജവവും വിവേകവും എല്ലാവര്‍ക്കും ഉണ്ടാവണം.

ലഹരി; വിമോചനം സാധ്യമാണ്

സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ലഹരി വിമോചന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാരിന്റെ വിമുക്തി കേന്ദ്രങ്ങള്‍ കൂടാതെ വിവിധ മത, സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെ കീഴിലും ലഹരിയെന്ന വിപത്തില്‍നിന്ന് മോചന നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കുടുംബങ്ങള്‍ക്കും ആശ്വാസമായി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉറച്ചതീരുമാനവും കൃത്യമായ ജീവിതക്രമീകരണങ്ങളും അതിലെല്ലാമുപരി ജീവിത ലക്ഷ്യത്തെക്കുറിച്ചുള്ള തിച്ചറിവും ബോധ്യവും ഉണ്ടെങ്കില്‍ ലഹരിയെന്ന മാരക വിപത്തിനെ ജീവിതത്തില്‍നിന്നും എന്നെന്നേക്കുമായി തൂത്തെറിയാന്‍ സാധിക്കും. ബഹുഭൂരിപക്ഷം പേരും ലഹരിയുടെ ദുരന്തങ്ങളെക്കുറിച്ച് ബോധ്യമില്ലാതെയോ ചതിയില്‍ അകപ്പെട്ടോ ഈ ദുരന്തത്തിന്റെ ഇരകളായി മാറുകയാണ് എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ട്തന്നെ അവരെ വെറുക്കുന്നതിലും ഒറ്റപ്പെടുത്തുന്നതിലും അര്‍ഥമില്ല. അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരന്‍ നമുക്ക് കൈകോര്‍ക്കാം. സാമൂഹിക പ്രതിബദ്ധതയും സന്മനസ്സും ദൈവപ്രീതി കാംക്ഷിച്ചുള്ള ഇടപെടലും നമുക്കുണ്ടെങ്കില്‍ നാടിനെ ഈ ദുരന്തത്തില്‍നിന്നും കരകയറ്റാം.

 

നബീല്‍ പയ്യോളി

നേർപഥം വാരിക 

ഒളിച്ചുകടത്തപ്പെടുന്ന അപരവത്കരണം

ഒളിച്ചുകടത്തപ്പെടുന്ന അപരവത്കരണം

സാക്ഷരതാമിഷന്‍ നടത്തിയ പരീക്ഷയിലെ ഒരു ചോദ്യം വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. രണ്ടാംവര്‍ഷ ഹയര്‍ സെക്കന്ററി തുല്യതാ പരീക്ഷയുടെ സോഷ്യോളജി ചോദ്യപേപ്പറിലെ ചോദ്യമാണ് വിവാദത്തിലായിരിക്കുന്നത്. 2021 ഓഗസ്റ്റ് ഒന്‍പതാം തീയതി നടന്ന പരീക്ഷയിലെ നാല്‍പത്തിയാറാം നമ്പര്‍ ചോദ്യം ഇങ്ങനെയാണ്: ”ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ന്യൂനപക്ഷങ്ങള്‍ ഭീഷണിയോ? വിശദീകരിക്കുക.” രണ്ട് പുറത്തില്‍ ഉത്തരം എഴുതാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എട്ട് മാര്‍ക്കിന്റെതാണ് ചോദ്യം.

 

ചോദ്യം തങ്ങള്‍ തയ്യാറാക്കിയല്ലെന്നാണ് സാക്ഷരതാ മിഷന്‍ വിശദീകരിക്കുന്നത്. അതേസമയം ഹയര്‍ സെക്കന്ററി വകുപ്പ് പറയുന്നത് പരീക്ഷയുടെ നടത്തിപ്പ് ചുമതല മാത്രമാണ് തങ്ങള്‍ക്കുള്ളത് എന്നാണ്. വിവാദത്തില്‍ വിദ്യാഭ്യാസ വകുപ്പിനും സര്‍ക്കാരിനും എതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. തുല്യത കോഴ്‌സ് നടത്തുന്നത് സംസ്ഥാന സാക്ഷരതാ മിഷന്‍ ആണെങ്കിലും പരീക്ഷ നടത്തുന്നതും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയര്‍സെക്കന്ററി പരീക്ഷ ബോര്‍ഡ് തന്നെയാണ്. സാക്ഷരതാ മിഷന്‍ നല്‍കുന്ന ഹയര്‍സെക്കന്ററി അധ്യാപകരുടെ പാനലില്‍നിന്ന് ഹയര്‍സെക്കന്ററി വിഭാഗം ചോദ്യപ്പേപ്പര്‍ സ്വീകരിച്ചാണ് പരീക്ഷ നടത്തുന്നത്. സോഷ്യോളജി സിലബസില്‍ ഇങ്ങനെയൊരു ഭാഗമില്ലെന്നും ഈ ചോദ്യം സിലബസിന് പുറത്തുനിന്ന് മനപ്പൂര്‍വം ഉള്‍പ്പെടുത്തിയതാണെന്നും ആരോപണമുണ്ട്.

 

സംഘപരിവാര്‍ രാജ്യം ഭരിക്കുന്ന സമകാലിക സാഹചര്യത്തോട് ചേര്‍ത്ത് വായിക്കുമ്പോഴാണ് ഈ ചോദ്യത്തിന്റെ അപകടം ബോധ്യമാവുക. ഉത്തരസൂചിക പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാവണം എന്ന ആവശ്യം ഇതിനകം തന്നെ പലകോണുകളില്‍നിന്നും ഉയര്‍ന്നകഴിഞ്ഞു. എന്ത് ഉത്തരം എഴുതിയാലായിരിക്കും മാര്‍ക്ക് ലഭിക്കുക എന്നത് അറിയാനുള്ള അവകാശം കേരളീയ പൊതു സമൂഹത്തിനുണ്ട്. ഉത്തരസൂചിക പുറത്ത് വരുന്നതോടുകൂടി അതില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തിന്റെ ആഴം നമുക്ക് ബോധ്യപ്പെടും. എന്തായാലും ന്യുനപക്ഷങ്ങള്‍ക്കെതിരെ വാളോങ്ങി നില്‍ക്കുന്ന സംഘപരിവാരം രാജ്യത്തിന്റെ ഭരണം കയ്യാളുമ്പോള്‍, പ്രത്യേകിച്ച് പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പിലാക്കാനുള്ള കുത്സിതശ്രമം നടക്കുന്ന സാഹചര്യത്തില്‍ ന്യുനപക്ഷങ്ങള്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരാണെന്ന് പൊതുബോധം സൃഷ്ടിക്കുക എന്നതാണ് ഇത്തരം ഒരു ചോദ്യത്തിന് പിന്നില്‍ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ചരിത്രയാഥാര്‍ഥ്യങ്ങളെപ്പോലും തിരുത്തിയെഴുതാന്‍ ഭഗീരഥപ്രയത്‌നം നടക്കുന്ന ഇന്നിന്റെ സവിശേഷ സാഹചര്യത്തില്‍ അസത്യവും ഭീതിജനകവുമായ പൊതുബോധനിര്‍മിതിക്ക് വേണ്ടിയുള്ള ഇത്തരം ശ്രമങ്ങള്‍ ശക്തമായി എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്.

 

സാക്ഷരകേരളത്തിലാണ് ഇത് നടന്നത്; സംഘപരിവാറിന്റെ യുപിയിലല്ല എന്നോര്‍ക്കുമ്പോള്‍ ലജ്ജിച്ച് തലതാഴ്ത്തുകയാണ് മലയാളികള്‍. ന്യുനപക്ഷങ്ങളെ അപരവത്കരിച്ച് സവര്‍ണ രാജ്യം സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളെയും ജനാധിപത്യത്തിന്റെ സര്‍വ്വ സാധ്യതകളും ഉപയോഗിച്ച് ചെറുത്തതോല്‍പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ക്ക് ആവേശവും ഊര്‍ജവും കരുത്തും പകര്‍ന്ന് നല്‍കുകയും ചെയ്ത മലയാളമണ്ണില്‍ ഇത്തരം വിഭാഗീയ വിഷയങ്ങള്‍ക്ക് തലപൊക്കാന്‍ എങ്ങനെ സാധിക്കുന്നു എന്നത് ചിന്തനീയമാണ്. സത്യാനന്തര കാലത്തെ പൊതുബോധനിര്‍മിതി ഇരുട്ടിന്റെ ശക്തികള്‍ക്ക് എളുപ്പമാണ് എന്ന വസ്തുത നിലനില്‍ക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് ഔദേ്യാഗിക പരിവേഷം കൂടി ഇത്തരം വിഷജല്‍പനങ്ങള്‍ക്ക് ലഭിക്കുന്നു എന്നത് നിസ്സാരമായി കാണേണ്ട ഒന്നല്ല. ‘ഞാനറിയില്ല’ എന്ന് പറഞ്ഞു ഒഴിഞ്ഞുമാറാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനോ സാക്ഷരതാ മിഷനോ സര്‍ക്കാരിന് പൊതുവിലോ സാധ്യമല്ല. ജനങ്ങള്‍ ഭരണം ഏല്‍പിച്ചിരിക്കുന്നത് രാഷ്ട്രീയ നേതൃത്വത്തെയാണ്. അതുകൊണ്ട് അവര്‍ക്ക് തന്നെയാണ് ഭരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം.

 

കേരള പോലീസില്‍ സംഘപരിവാര്‍ ഗ്യാങ് പ്രവര്‍ത്തിക്കുന്നു എന്ന് ഭരണകക്ഷിയിലെ രണ്ടാമത്തെ ഏറ്റവും വലിയകക്ഷിയായ സിപിഐ ദേശീയ നേതാവും മലയാളിയും ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനിരാജ ആരോപിച്ചത് കഴിഞ്ഞയാഴ്ചയാണ്.

 

ഈ പ്രസ്താവന സിപിഐ കേരള ഘടകം നിഷേധിച്ചിട്ടുണ്ടെങ്കിലും മേല്‍ഘടകം നിഷേധിച്ചിട്ടില്ല. ഏതെങ്കിലും വിവരം കിട്ടിയിട്ടായിരിക്കാം ആനിരാജ പ്രതികരിച്ചതെന്നും എന്താണ് വിവരം കിട്ടിയതെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാമെന്നുമാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി. സംഘപരിവാര്‍ നടത്തുന്ന നിയമവിരുദ്ധവും സാമൂഹിക ദ്രോഹപരവുമായ നടപടികളോട് പോലീസിന്റെ സമീപനം അനവധി സംഭവങ്ങളിലൂടെ നമ്മള്‍ അറിഞ്ഞതാണ്. സംഘപരിവാര്‍ ശക്തികളോട് കാണിക്കുന്ന ഇത്തരം സമീപനം കേരളീയ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു എന്നതും നമ്മുടെ അനുഭവമാണ്. വ്‌ളോഗര്‍മാര്‍ നടത്തിയ നിയമലംഘനം അന്യസംസ്ഥാനത്താണെങ്കില്‍ പോലും നിയമനടപടി സ്വീകരിക്കാന്‍ വ്യഗ്രത കാണിക്കുന്ന കേരളപോലീസ് തന്നെ സഘ്പരിവാറുകാരന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആയുധപ്രദര്‍ശനം നടത്തിയത് ‘നോട്ട് ഇന്‍ കേരള’ എന്ന് പറഞ്ഞു കൈകഴുകുന്ന ‘നിഷ്‌കളങ്കത’ കാണാതെപോവരുത്. സംസ്ഥാന ഭരണകൂടത്തെ വാനോളം പുകഴ്ത്തുന്നവരും അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പോലീസും ആഭ്യന്തര വകുപ്പും സ്വീകരിക്കുന്ന ഇത്തരം നിലപാടുകളെ ഒരേപോലെ നിശിതമായി വിമര്‍ശിക്കുന്ന കാഴ്ചയാണ് പലപ്പോഴും കാണാറുള്ളത്.

 

ന്യൂനപക്ഷങ്ങള്‍ അനാവശ്യമായി ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നു എന്നും അവര്‍ അനര്‍ഹമായത് തട്ടിയെടുക്കുന്നു എന്നുമൊക്കെയുള്ള സംഘപരിവാര്‍ വിഷപ്രചാരണങ്ങള്‍ക്ക് വസ്തുനിഷ്ഠമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത്, അല്ലെങ്കില്‍ മൗനം പാലിച്ചത് കേരളീയ സമൂഹത്തില്‍ ഉണ്ടാക്കിയ മുറിവുണക്കാന്‍ ഇന്നും സാധിച്ചിട്ടില്ല. പ്രസ്തുത സാഹചര്യത്തില്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന ഇത്തരം നീക്കങ്ങള്‍ക്ക് തടയിടാനുള്ള ധാര്‍മിക ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുകയാണ് ജനാധിപത്യ ബോധമുള്ള സര്‍ക്കാര്‍ ചെയ്യേണ്ടത്.

 

ന്യൂനപക്ഷങ്ങളെ അപരവത്കരിക്കാനും അവരുടെ നേരെ നടക്കുന്ന ആസൂത്രിത ആക്രമണങ്ങളെ കണ്ടില്ലെന്ന് നടിക്കാനും മനഃസാക്ഷിയുള്ളവര്‍ക്ക് സാധിക്കുകയില്ല. രാജ്യത്ത് ഉണ്ടാവുന്ന ഏതൊരു പ്രതിസന്ധിയും ഏതെങ്കിലും ചെറുസംഘത്തെ മാത്രമെ ബാധിക്കുകയുള്ളൂ എന്ന് കരുതുന്നത് മൗഢ്യമാണ്. വര്‍ഗീയവും വംശീയവുമായ ഉന്മൂലനങ്ങളുടെ ചരിത്രത്താളുകള്‍ നമ്മോട് പറയുന്ന യാഥാര്‍ഥ്യം മറിച്ചാണ്. രാജ്യത്തുണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും തീര്‍ച്ചയായും ഓരോ പൗരനെയും നേരിട്ടോ അല്ലാതെയോ ബാധിക്കുകതന്നെ ചെയ്യും.

 

സംഘര്‍ഷഭരിതമായ സാമൂഹിക അന്തരീക്ഷം, അനാരോഗ്യകരമായ സാമൂഹിക സാഹചര്യങ്ങള്‍ എന്നിവ എല്ലാവരുടെയും ഉറക്കം കെടുത്തും. താല്‍ക്കാലിക ലാഭങ്ങള്‍ക്കപ്പുറം ഭാവിയില്‍ അതുണ്ടാക്കിയേക്കാവുന്ന ഗുരുതര പ്രത്യാഘാതങ്ങള്‍ ചിന്തിക്കുന്നതിനും അപ്പുറത്തേക്കായിരിക്കാം എന്നതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ട് ഇത്തരം വിഷവിത്തുകളെ മുളയിലേ നുള്ളുകയാണ് വിവേകമതികളായ ഭരണാധികാരികള്‍ ചെയ്യേണ്ടത്. അതിനുള്ള ആര്‍ജവം കേരള സര്‍ക്കാര്‍ കാണിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

 

നബീല്‍ പയ്യോളി

നേർപഥം വാരിക 

ഇസ്തിഗാസ; പ്രമാണപക്ഷവും സമസ്തപക്ഷവും

ഇസ്തിഗാസ; പ്രമാണപക്ഷവും സമസ്തപക്ഷവും

അഹ്‌ലുസ്സുന്നതി വല്‍ജമാഅയും ശിയാസുന്നികളും തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇസ്തിഗാസ. സൃഷ്ടി കഴിവിന്നധീനമായ കാര്യങ്ങള്‍ തന്നെ സാധിച്ചുകിട്ടാന്‍ അല്ലാഹുവിന്റെ സഹായം അനിവാര്യമായിരിക്കെ, സൃഷ്ടികഴിവിന്നതീതമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ മരണപ്പെട്ടവരോട് സഹായം തേടാമെന്ന് ഏറെ കാലമായി പ്രമാണങ്ങളെ മറയാക്കിയും അവയെ ദുര്‍വ്യാഖ്യാനം ചെയ്തും സമസ്തക്കാര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു . ഇവ്വിധം ചെയ്യുന്നത് തൗഹീദിന് എതിരും വലിയ പാതകവുമാണ്.

ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട ബദ്ര്‍ യുദ്ധവേളയില്‍ നബി ﷺ നടത്തിയ പ്രാര്‍ഥനയെ സംബന്ധിച്ച് ക്വുര്‍ആന്‍ പറയുന്നു: ”നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി” (ക്വുര്‍ആന്‍ 8:9).

ആരാധനയും അതിന്റെ ഇനങ്ങളും എന്താണെന്ന് സത്യസന്ധമായി സമൂഹത്തെ പഠിപ്പിക്കാത്തതിനാല്‍ അനുഗ്രഹദാതാവായ അല്ലാഹുവിനോട് സഹായം ചോദിക്കുന്നത് പേരിന് മാത്രമാക്കി ചൂഷണ കേന്ദ്രങ്ങളില്‍ അഭയം തേടി ഗതിമുട്ടുമ്പോള്‍ അവനെ വിളിക്കാമെന്ന നിലപാടിലാണ് ഇവര്‍ വളര്‍ത്തിയെടുത്ത സമൂഹം ഇന്നുള്ളത്.

അല്ലാഹു പറയുന്നു: ”അവന്റെതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. നിരന്തരമായിട്ടുള്ള കീഴ്‌വണക്കം അവന്ന് മാത്രമാകുന്നു. എന്നിരിക്കെ അല്ലാഹു അല്ലാത്തവരോടാണോ നിങ്ങള്‍ ഭക്തികാണിക്കുന്നത്? നിങ്ങളില്‍ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാകുന്നു. എന്നിട്ട് നിങ്ങള്‍ക്കൊരു കഷ്ടത ബാധിച്ചാല്‍ അവങ്കലേക്ക് തന്നെയാണ് നിങ്ങള്‍ മുറവിളികൂട്ടിച്ചെല്ലുന്നത്. പിന്നെ നിങ്ങളില്‍നിന്ന് അവന്‍ കഷ്ടത നീക്കിത്തന്നാല്‍ നിങ്ങളില്‍ ഒരു വിഭാഗമതാ തങ്ങളുടെ രക്ഷിതാവിനോട് പങ്കാളികളെ ചേര്‍ക്കുന്നു”(16:52-54).

ഈ സൂക്തത്തെ വിശദീകരിച്ചുകൊണ്ട് ഇമാം ത്വബ്‌രി(റഹി) പറയുന്നു: ”അപ്പോള്‍ അത്(പ്രശ്‌നം) നീങ്ങിക്കിട്ടാന്‍ അട്ടഹസിച്ച് അല്ലാഹുവിനോട് പ്രാര്‍ഥിച്ചും അവനോട് സഹായം തേടിയും അവനിലേക്ക് നിങ്ങള്‍ തിരിയുന്നു” (തഫ്‌സീറുത്ത്വബ്‌രി/വാള്യം 8).

ഇബ്‌നു കഥീര്‍(റഹി) പറയുന്നു: ”ആരാധനക്കര്‍ഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും അവന്‍ ഏകനും പങ്കുകാരില്ലാത്തവനും എല്ലാ വസ്തുക്കളുടെയും അധികാരിയും സ്രഷ്ടാവും രക്ഷിതാവും  അവന്‍ മാത്രമാണെന്നും ഇത് അറിയിക്കുന്നു.

ഉപകാരം, ഉപദ്രവം, അടിമകള്‍ക്ക് ലഭിക്കുന്ന ഉപജീവനം, സഹായം, സൗഖ്യം, അനുഗ്രഹം, നന്മ ഇതിന്റെയെല്ലാം ഉടമ അല്ലാഹുവാണ്. എന്നാല്‍ പരീക്ഷണ ഘട്ടങ്ങളില്‍ അതിനെ നീക്കിത്തരാന്‍ കഴിവുള്ളവന്‍ അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്ന് അറിഞ്ഞുതന്നെ നിങ്ങള്‍ അവനിലേക്ക് അഭയം തേടുകയും അത്തരം സന്ദര്‍ഭങ്ങളില്‍ പതിവായി അവനോട് സഹായം തേടുകയും ചെയ്യുന്നു” (ഇബ്‌നു കഥീര്‍/വാള്യം 2).

നബിമാരോടും വലിയ്യുകളോടും സഹായം തേടാം എന്ന വിശ്വാസം ഹിജ്‌റ മൂന്നാം തലമുറയുടെ അവസാനത്തില്‍ റാഫിളിയാക്കളായ ബുവൈഹികളിലാണ് പ്രകടമായത്. പിന്നീട് ശിയാ സുന്നികളിലേക്കും സ്വൂഫികളിലേക്കും അത് ഇഴഞ്ഞുകയറി. മരണപ്പെട്ടവര്‍ മറഞ്ഞ കാര്യങ്ങള്‍ അറിയുമെന്നും അവര്‍ പ്രപഞ്ചത്തില്‍ നിരുപാധികം കൈകാര്യം നടത്തുന്നുവെന്നും ക്വബ്‌റില്‍ അവര്‍ സാധാരണ ജീവിതത്തിലാണെന്നും സഹായം തേടുന്നവരുടെ വിളി അവര്‍ കേള്‍ക്കും തുടങ്ങിയ വാദങ്ങളാണ് അവര്‍ സ്ഥിരപ്പെടുത്താന്‍ നോക്കിയത്. ഈ പിഴച്ച വിശ്വാസത്തെ സ്ഥാപിക്കാന്‍ വേണ്ടി ഹിജ്‌റ ആറ്, ഏഴ് നൂറ്റാണ്ടുകളില്‍ സ്വൂഫികള്‍ ഗ്രന്ഥങ്ങള്‍വരെ രചിച്ചു!

അഹ്‌ലുസ്സുന്നയുടെ ഇമാമുമാരായ ഇബ്‌നു തൈമിയ്യ(റഹി), ഇബ്‌നുല്‍ ക്വയ്യിം(റഹി), ഇബ്‌നു അബില്‍ ഇസ്സല്‍ ഹനഫി(റഹി), അമീര്‍ അസ്സ്വന്‍ഹാനി(റഹി), ശൗകാനി(റഹി), ഇബ്‌നു അബ്ദില്‍ വഹ്ഹാബ്(റഹി), ഇബ്‌നു കഥീര്‍(റഹി), ബശീര്‍ അസ്സഅ്‌സവാനി(റഹി) തുടങ്ങിയവര്‍ പ്രാമാണികമായിത്തന്നെ ഇത്തരം ജല്‍പനങ്ങളുടെ മുനയൊടിച്ചവരാണ്.

മക്കാമുശ്‌രിക്കുകള്‍ ശിര്‍ക്ക് ചെയ്യാന്‍ ഉന്നയിച്ച കാരണങ്ങളല്ലാതെ മറ്റൊന്നും  ഇവര്‍ക്കും എടുത്ത് കാണിക്കാനില്ല. നബി ﷺ ക്ക് അല്ലാഹു നല്‍കിയ ഉപദേശമാണ് വിശ്വാസികള്‍ക്ക് സ്വീകരിക്കാനുള്ളത്. അല്ലാഹു പറയുന്നു:

”(നബിയേ,) പിന്നീട് നിന്നെ നാം (മത)കാര്യത്തില്‍ ഒരു തെളിഞ്ഞ മാര്‍ഗത്തിലാക്കിയിരിക്കുന്നു. ആകയാല്‍ നീ അതിനെ പിന്തുടരുക. അറിവില്ലാത്തവരുടെ തന്നിഷ്ടങ്ങളെ നീ പിന്‍പറ്റരുത്” (ക്വുര്‍ആന്‍ 45:18).

ഈ വചനത്തിന്റെ വിശദീകരണമായി ഇബ്‌നു കഥീര്‍ പറയുന്നു: ”അഥവാ, ഏക ഇലാഹായ താങ്കളുടെ രക്ഷിതാവില്‍നിന്ന് താങ്കള്‍ക്ക് വഹ്‌യ് നല്‍കപ്പെട്ടത് താങ്കള്‍ പിന്തുടരുക. മുശ്‌രിക്കുകളെ തൊട്ട് തിരിഞ്ഞ് കളയുകയും ചെയ്യുക” (ഇബ്‌നു കഥീര്‍/ വാള്യം 4).

ബറേല്‍വിസത്തെ ചാണിനു ചാണായി അനുകരിക്കുന്ന സമസ്തക്കാര്‍ ഈ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതിനായി എഴുതുന്നതും വാദിക്കുന്നതും ഇല്ലാത്ത തെളിവുകള്‍ ചോദിച്ച് വെല്ലുവിളിക്കുന്നതുമൊക്കെ എത്ര വലിയ അപരാധവും അസംബന്ധമാണ്. ഒരു മുസ്‌ലിയാര്‍ എഴുതിയത് കാണുക:

”മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായമര്‍ത്ഥിക്കുന്നത് ശിര്‍ക്കാണെന്ന് പറയാന്‍ ഒരൊറ്റ തെളിവെങ്കിലും കൊണ്ടുവരാമോ? എണ്‍പത് കൊല്ലം പഴക്കമുള്ള ചോദ്യമാണ്. സാധിക്കുമോ? ഇല്ല” (അല്ലാഹുവിന്റെ ഔലിയാക്കള്‍/സുലൈമാന്‍ സഖാഫി/പേജ് 162).

അല്ലാഹുവിനെയും അവന്റെ  ക്വുര്‍ആനിനെയുമാണ് ലേഖകന്‍ ഇതിലൂടെ വെല്ലുവിളിച്ചിട്ടിള്ളത്. അല്ലാഹു പറയുന്നു: ”അല്ലാഹുവോടൊപ്പം മറ്റുവല്ല ദൈവത്തെയും വിളിച്ച് പ്രാര്‍ഥിക്കുന്നപക്ഷം അതിന് അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ലതന്നെ  അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച” (ക്വുര്‍ആന്‍ 23:117).

ഇബ്‌നു കഥീര്‍(റഹി) പറയുന്നു: ”തന്നില്‍ പങ്ക് ചേര്‍ക്കുകയും തന്റെകൂടെ മറ്റുള്ളവരെ ആരാധിക്കുകയും ചെയ്യുന്നവര്‍ക്ക്  അല്ലാഹു താക്കീത് കൊടുക്കുകയാണിവിടെ. അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുന്നവന് പ്രമാണമില്ലെന്നും അല്ലാഹു ഇവിടെ അറിയിക്കുന്നു. അഥവാ അവന്‍ പറഞ്ഞതിന് അവന്റെ പക്കല്‍ യാതൊരു തെളിവുമില്ല” (ഇബ്‌നു കഥീര്‍/ വാള്യം 3).

 2021 ജൂലൈ രണ്ടാം ലക്കം ‘സുന്നിവോയ്‌സി’ല്‍ ഒരു മുസ്‌ലിയാര്‍ എഴുതിയത് കാണുക: ”എന്നാല്‍ ആത്മീയലോകത്ത് ഉന്നതങ്ങള്‍ കീഴടക്കിയ പുണ്യാത്മാക്കള്‍ സഹായിക്കുമെന്നും അവരോട് സഹായാര്‍ത്ഥന നടത്താമെന്നും ഇസ്‌ലാമിക പ്രമാണങ്ങള്‍ നിസ്സംശയം പറയുന്നുണ്ട്. സാധാരണക്കാര്‍ക്ക് സാധാരണ കഴിവാണെങ്കില്‍ അസാധാരണക്കാര്‍ക്ക് അസാധാരണ കഴിവായിരിക്കും. മുഅ്ജിസത്ത്, കറാമത്ത് കൊണ്ട് ജീവിതകാലത്ത് അമ്പിയാ, ഔലിയാക്കള്‍ക്ക് നമ്മെ സഹായിക്കാന്‍ കഴിയുമെങ്കില്‍ മരണ ശേഷവും സാധിക്കും. കാരണം മരണത്തോടെ മുഅ്ജിസത്ത്, കറാമത്തുകള്‍ മുറിയുന്നില്ല. എന്നാല്‍ ഇവയെല്ലാം കണ്ണടച്ച് നിഷേധിക്കുകയാണ് പുത്തന്‍വാദികള്‍ ചെയ്യുന്നത്” (പേജ് 14).

പ്രമാണങ്ങള്‍ പ്രകാരം ഈ പിഴച്ചവാദം തെളിയിക്കാന്‍ ഇവര്‍ക്കാവില്ല. പ്രമാണബദ്ധമായി കാര്യങ്ങള്‍ പറയുന്നവരെ ‘പുത്തന്‍ വാദികള്‍’ എന്നു മുദ്രകുത്തുകയും ചെയ്യും! നബി ﷺ ക്ക് മക്കാമുശ്‌രിക്കുകളില്‍നിന്ന് കേള്‍ക്കേണ്ടി വന്നതും ഇതുതന്നെയാണ്.

അമ്പിയാക്കളുടെ മുഅ്ജിസത്തും ഔലിയാക്കളുടെ കറാമത്തും സംഭവിക്കുന്നത് അവരുടെ ഇഷ്ടമനുസരിച്ചാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ മരണാനന്തരവും അവര്‍ സഹായിക്കുമെന്നും വിശ്വസിപ്പിക്കുക വഴി എന്തു മാത്രം വലിയ പിഴവിലേക്കാണിവര്‍ ജനങ്ങളെ വീഴ്ത്തിയിരിക്കുന്നത്! അല്ലാഹു പറയുന്നു:

”അല്ലാഹുവിന് പുറമെ അവന്ന് ഉപദ്രവമോ ഉപകാരമോ ചെയ്യാത്ത വസ്തുക്കളെ അവന്‍ വിളിച്ചു പ്രാര്‍ഥിക്കുന്നു. അതുതന്നെയാണ് വിദൂരമായ വഴികേട്” (ക്വുര്‍ആന്‍ 22:12).

ഇതിന്റെ വിശദീകരണത്തില്‍ ഇബ്‌നു കഥീര്‍(റഹി) പറഞ്ഞത് ശ്രദ്ധേയമാണ്:

”അഥവാ വിഗ്രഹങ്ങളും സമന്മാരുമായ (ആരാധ്യന്മാരോട്) അവന്‍ ഇസ്തിഗാസ ചെയ്യുകയും സഹായം തേടുകയും ഉപജീവനം ആവശ്യപ്പെടുകയും ചെയ്യുന്നു. അവയാകട്ടെ അവന് യാതൊരു ഉപകാരവും ഉപദ്രവവും ചെയ്യില്ല” (ഇബ്‌നു കഥീര്‍/വാള്യം 3).

സമൂഹത്തെ ഇസ്‌ലാമില്‍നിന്ന് അകറ്റാനുള്ള പുരോഹിതന്മാരുടെ ആത്മാര്‍ത്ഥത കാണുമ്പോള്‍ ഇവരുടെ തല തൊട്ടപ്പന്മാരെപ്പറ്റി ക്വുര്‍ആന്‍ പറഞ്ഞത് എത്ര യാഥാര്‍ത്ഥ്യം. അല്ലാഹു പറയുന്നു: ‘ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരുമെല്ലാം. അല്ലാഹുവിന് പുറമെ പങ്കാളികളെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ എന്തൊന്നിനെയാണ് പിന്‍പറ്റുന്നത്? അവര്‍ ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്. അവര്‍ അനുമാനിച്ച് (കള്ളം) പറയുക മാത്രമാണ് ചെയ്യുന്നത്.'(10:66)

ലേഖകന്‍ തന്റെ വാദത്തിന് തെളിവുദ്ധരിച്ചത് കാണുക: ”ഇമാം മുസ്‌ലിം(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ നബി ﷺ പറഞ്ഞു: ആരെങ്കിലും ഒരു സ്ഥലത്ത് ഇറങ്ങിയാല്‍ അല്ലാഹുവിന്റെ സൃഷ്ടികളുടെ ബുദ്ധിമുട്ടുകളില്‍നിന്ന് അല്ലാഹുവിന്റെ പരിപൂര്‍ണ്ണമായ കലിമത്തുകളോട് ഞാന്‍ കാവല്‍ തേടുന്നു എന്ന് ചൊല്ലട്ടെ. അപ്രകാരം ചെയ്താല്‍ ആ സ്ഥലത്ത് നിന്ന് അവന്‍ യാത്ര തിരിക്കുന്നതുവരെ യാതൊന്നും അവനെ ശല്യം ചെയ്യുന്നതല്ല. ഈ ഹദീസില്‍ പറഞ്ഞ കലിമാത്തുല്ലാഹിയുടെ വിവക്ഷ ഇമാം റാസി(റ) വിവരിക്കുന്നുണ്ട്. ആത്മീയലോകം ശാരീരികലോകത്ത് ആധിപത്യം പുലര്‍ത്തുന്നതാണെന്നും ശാരീരിക ലോകത്തെ നിയന്ത്രിക്കുന്നത് ആത്മീയലോകമാണെന്നും തത്ത്വശാസ്ത്രത്തില്‍ അവിതര്‍ക്കിതമായി സ്ഥിരപ്പെട്ടതാണ്. കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ് സത്യം എന്ന് അല്ലാഹു പറഞ്ഞതും അതാണ്. അതിനാല്‍ സമ്പൂര്‍ണമായ അല്ലാഹുവിന്റെ കലിമത്തുകളോട് ഞാന്‍ കാവല്‍ തേടുന്നു എന്ന വാചകം മോശമായ ആത്മാക്കളുടെ ശല്യം പ്രതിരോധിക്കാനായി മനുഷ്യരുടെ ആത്മാക്കള്‍ പരിശുദ്ധാത്മാക്കളോട് നടത്തുന്ന കാവല്‍ തേട്ടമാണ്. അതിനാല്‍ കലിമാത്തുല്ലാഹി എന്നതിന്റെ വിവക്ഷ പരിശുദ്ധാത്മാക്കളാകുന്നു” (പേജ് 15).

ഇസ്തിആദത്ത് ആരാധനയായതിനാല്‍ അല്ലാഹുവിനോട് മാത്രമെ ആകാവൂ. അല്ലാഹു പറയുന്നു: ‘നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്റെ കൈവശത്തിലാണ്. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ)” (ക്വുര്‍ആന്‍ 23:88).

മറ്റനേകം ആയത്തുകളും നിരവധി ഹദീസുകളും ഈ വിഷയത്തില്‍ കാണാവുന്നതാണ്. നബി ﷺ യോട് പ്രഖ്യാപിക്കുവാന്‍ അല്ലാഹു പറയുന്നു: ”(നബിയേ,) പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമെ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല. പറയുക: നിങ്ങള്‍ക്ക് ഉപദ്രവം ചെയ്യുക എന്നതോ (നിങ്ങളെ) നേര്‍വഴിയിലാക്കുക എന്നതോ എന്റെ അധീനതയിലല്ല. പറയുക: അല്ലാഹുവി(ന്റെ ശിക്ഷയി)ല്‍നിന്ന് ഒരാളും എനിക്ക് അഭയം നല്‍കുകയേ ഇല്ല; തീര്‍ച്ചയായും അവന്നു പുറമെ ഒരു അഭയസ്ഥാനവും ഞാന്‍ ഒരിക്കലും കണ്ടെത്തുകയില്ല” (ക്വുര്‍ആന്‍ 72:20-23).

”ഞങ്ങളുടെ മനസ്സുകളുടെ തിന്മയില്‍നിന്നും കര്‍മങ്ങളുടെ ദോഷത്തില്‍നിന്നും അല്ലാഹുവിനെ കൊണ്ട് ഞങ്ങള്‍ കാവല്‍തേടുന്നു” (തിര്‍മിദി) എന്ന് നബി ﷺ പഠിപ്പിച്ചിട്ടുമുണ്ട്.

സൂറതുല്‍ ഫാതിഹയുടെ വിശദീകരണത്തില്‍ ഇബ്‌നു കഥീര്‍(റഹി) പറയുന്നു: ”ഇസ്തിആദത്ത് എന്നാല്‍ തിന്മയുള്ളവയുടെ കുഴപ്പത്തില്‍നിന്ന് അല്ലാഹുവിലേക്ക് അഭയം തേടലും അവനിലേക്ക് ചേര്‍ന്ന് നില്‍ക്കലുമാകുന്നു” (ഇബ്‌നുകഥീര്‍/വാള്യം1).

അഹ്‌ലുസ്സുന്നയുടെ ഇമാമുമാരായ അഹ്മദുബ്‌നു ഹമ്പല്‍, ബുഖാരി, മുസ്‌ലിം, ഖുസൈമ, ബൈഹഖി, നവവി, ഇബ്‌നു ഹജര്‍ അല്‍അസ്ഖലാനി, ഇബ്‌നു തൈമിയ്യ(റഹി) എന്നിവര്‍ നബി ﷺ സൃഷ്ടിയെ കൊണ്ട് കാവല്‍ തേടിയിട്ടില്ലെന്ന് വിശദീകരിച്ചത് ഈ ഹദീഥിന്റെ വെളിച്ചത്തില്‍തന്നെയാണ്. അല്ലാഹുവിന്റെ വിശിഷ്ടമായ നാമങ്ങളും യാതൊരു ന്യൂനതയും കുറവുമില്ലാത്ത അവന്റെ ക്വുര്‍ആനുമാണ് കലിമാത്ത് കൊണ്ടുള്ള ഉദ്ദേശ്യമെന്ന് പണ്ഡിതന്മാര്‍ വിവരിച്ചിട്ടുമുണ്ട്. അതൊന്നും വായിക്കാതെ ഇമാം റാസി(റ) തന്റെ തഫ്‌സീറിന്റെ തുടക്കത്തില്‍ ഇസ്തിആദത്തിന്റെ രീതികളെപ്പറ്റി നടത്തിയ ചര്‍ച്ചയില്‍ ‘വചന ശാസ്ത്രം’ അടിസ്ഥാനപ്പെടുത്തി പറഞ്ഞതായ അഭിപ്രായത്തില്‍ മാത്രം മുസ്‌ലിയാര്‍ കടിച്ചുതൂങ്ങിയത് താല്‍ക്കാലിക രക്ഷക്ക് വേണ്ടിയാണ്. ഒറ്റപ്പെട്ട വ്യാഖ്യാനങ്ങളെ തൊണ്ടതൊടാതെ വിഴുങ്ങി പാമര ജനങ്ങളെ കബളിപ്പിക്കലാണോ പണ്ഡിത ധര്‍മം? ക്വുര്‍ആന്‍ നല്‍കിയ താക്കീത് കാണുക. അല്ലാഹു പറയുന്നു: ”വേദഗ്രന്ഥം നല്‍കപ്പെട്ടവരോട് നിങ്ങളത് ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കണമെന്നും നിങ്ങളത് മറച്ചുവെക്കരുതെന്നും അല്ലാഹു കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക). എന്നിട്ട് അവരത് (വേദഗ്രന്ഥം) പുറകോട്ട് വലിച്ചെറിയുകയും തുച്ഛമായ വിലയ്ക്ക് അത് വിറ്റുകളയുകയുമാണ് ചെയ്തത്. അവര്‍ പകരം വാങ്ങിയത് വളരെ ചീത്ത തന്നെ” (3:187).

ഇമാം റാസി(റഹി) ‘നമ്മുടെ വിശ്വാസത്തിന് അനുകൂലമായി പറഞ്ഞിട്ടുണ്ട്’ എന്ന് അണികളെ ബോധ്യപ്പെടുത്താനാണ് ലേഖകന്റെ ശ്രമമെങ്കില്‍ ‘അഴകുള്ള ചക്കയില്‍ ചുളയില്ല’ എന്ന പഴമൊഴി ഓര്‍ക്കുന്നതാകും നല്ലത്. തന്റെ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ഇത്തരം പ്രവര്‍ത്തനത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത് കാണുക: ”(ബിംബാരാധനയോട്) തുല്യമായ ഒരു പ്രവര്‍ത്തനമാണ് ഇക്കാലത്ത് അല്ലാഹുവിന്റെ സൃഷ്ടികളില്‍ നിരവധി പേര്‍ മഹാന്മാരുടെ ക്വബ്‌റുകളെ ബഹുമാനിക്കുന്നതില്‍ മുഴുകിയിരിക്കുന്നു എന്നത്. അവര്‍ ഈ ക്വബ്‌റുകളെ ബഹുമാനിച്ചാല്‍ ആ ക്വബ്‌റാളികള്‍ അവര്‍ക്കു വേണ്ടി അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യും എന്നാണവരുടെ വിശ്വാസം” (തഫ്‌സീറുല്‍ കബീര്‍/വാള്യം 17).

സത്യത്തിനുനേരെ അന്ധത നടിക്കുന്നവര്‍ അല്ലാഹുവിന്റെ ഈ താക്കീത് മനസ്സിലാക്കുന്നത് നന്നായിരിക്കും:

”വക്രതയില്ലാതെ (ഋജുമാനസരായി) അല്ലാഹുവിലേക്ക് തിരിഞ്ഞവരും അവനോട് യാതൊന്നും പങ്കുചേര്‍ക്കാത്തവരുമായിരിക് കണം (നിങ്ങള്‍). അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്നപക്ഷം അവന്‍ ആകാശത്തുനിന്ന് വീണത് പോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടുപോയി തള്ളുന്നു” (ക്വുര്‍ആന്‍ 22:31).

 

മൂസ സ്വലാഹി, കാര

നേർപഥം വാരിക 

മതം മനുഷ്യനന്മക്ക്

മതം മനുഷ്യനന്മക്ക്

(ഭാഗം: 02)

ഇനി, മേല്‍വിവരിച്ച ഇസ്‌ലാമിന്റെ അംഗീകാരത്തിന് ഏറ്റവും അനിവാര്യമായി എല്ലാ പ്രവാചകന്മാരും പഠിപ്പിച്ച ഒരു നിബന്ധനയെപ്പറ്റി പറയേണ്ടതുണ്ട്. നമ്മെ സൃഷ്ടിച്ചു പരിപാലിച്ചുകൊണ്ടിരിക്കുന്ന സര്‍വശക്തനും സര്‍വജ്ഞനുമായ യജമാനനെ നാം ആരാധിക്കണം, മറ്റാരെയും ആരാധിക്കരുത് എന്നുള്ളതാണത്. ഇതിന്റ കാരണം വളരെ വ്യക്തമാണ്. സ്രഷ്ടാവിനെ നാം ആരാധിക്കേണ്ടിവന്നതിന്റെ കാരണം അവന്‍ സ്രഷ്ടാവാണെന്നുള്ളത് തന്നെ. നിങ്ങളെ ആരാണോ സൃഷ്ടിച്ചത് അവനെ നിങ്ങള്‍ ആരാ ധിക്കണമെന്നാണ് എല്ലാ പ്രവാചകന്മാരും ഉപദേശിച്ചത്. നമ്മെ സൃഷ്ടിച്ചതാരാണെന്നു ചോദിച്ചാല്‍ നമ്മുടെ ജനനം സംബന്ധിച്ച് വളരെയധികം ക്ലേശങ്ങള്‍ അനുഭവിച്ച മാതാവ് ഞാനാണ് സൃഷ്ടിച്ചതെന്നു പറയുന്നില്ല. പിതാവും അതേല്‍ക്കുന്നില്ല. പിന്നെ ആരാകുന്നു? എവിടെ നോക്കിയാലും ആ സൃഷ്ടികര്‍ത്താവിനെ നേരില്‍ കാണാന്‍ കഴിയുന്നില്ല! അതിനാല്‍ സര്‍വലോകത്തെയും സൃഷ്ടിച്ച്, പരിപാലിച്ചു കൊണ്ടിരിക്കുന്ന അദൃശ്യനായ അല്ലാഹുതന്നെയാണ് നമ്മെയും സൃഷ്ടിച്ചതെന്ന് വിശ്വസിക്കാനേ നിവൃത്തിയുള്ളൂ. അവനെ ആരാധിക്കല്‍ നമ്മുടെ ആവശ്യവും കടമയും ആകുന്നു. അത് അവന്റെ അവകാശമാകുന്നു. എന്തുകൊണ്ടെന്നാല്‍ നമ്മുടെ രക്ഷക്കാവശ്യമായ കാര്യങ്ങള്‍ മിക്കതും നമ്മുടെ കെ എത്താത്ത അദൃശ്യമായ മേഖലയില്‍നിന്ന് അദൃശ്യമായ മാര്‍ഗത്തില്‍ ലഭിച്ചു കൊണ്ടിരിക്കുന്നു.

ഒരു ഉദാഹരണം; മഴ നമുക്ക് വളരെ ആവശ്യമാണ്. ഒരു കൊല്ലക്കാലം തികച്ച് മഴ പെയ്യാതിരുന്നാല്‍ നമ്മുടെ നാടാകെ കരിഞ്ഞുപോകും. ജീവികളെല്ലാം മരിച്ചുപോകും. അപ്പോള്‍ നമ്മുടെ ഗതി എന്തായിരിക്കും? അതുപോലെതന്നെ ഈ പെയ്യുന്നത് ഉപ്പുവെള്ളമായിത്തീരുകയാണെങ്കി ല്‍ നാം എന്തുചെയ്യും? വീടിന്റെ ഉള്ളിലേക്ക് ആവശ്യംപോലെ ശുദ്ധജലം കിട്ടുന്നതിന് ഒരു പരിപാടിയുണ്ടല്ലോ; വാട്ടര്‍ സപ്ലൈ ഓഫീസില്‍ അപേക്ഷ കൊടുക്കണം, മറ്റു വേണ്ടതെല്ലാം ചെയ്യണം. അപ്പോള്‍ പൈപ്പ് ലൈന്‍ കണക്ഷന്‍ കിട്ടും. എന്നാല്‍ കുറെക്കാലം മഴപെയ്യാതെ കിണറുകളിലും കുളങ്ങളിലും അണക്കെട്ടുകളിലും വെള്ളം വറ്റിപ്പോയാല്‍ അതിനുള്ള പരിഹാരം മഴ വര്‍ഷിക്കലാണല്ലോ. അതിന് എവിടെയാണ് നാം അപേക്ഷ കൊടുക്കേണ്ടത്? അതിന്റെ ഓഫീസ് അദ്യശ്യസ്ഥാനത്താകുന്നു. ഒരിക്കല്‍ മുഹമ്മദ് നബി ﷺ വെള്ളിയാഴ്ച പ്രാര്‍ഥനക്കു മുമ്പുള്ള പ്രസംഗം നടത്തിക്കൊണ്ടിരുന്നപ്പോള്‍ ഒരു ഗ്രാമീണന്‍ കയറിവന്നു. ‘അല്ലാഹുവിന്റെ പ്രവാചകരേ’ എന്ന് ഉറക്കെ വിളിച്ചു. ‘മഴയില്ലാതെ വളരെ കഷ്ടത്തിലായിരിക്കുന്നു. മഴക്കുവേണ്ടി പ്രാര്‍ഥിക്കണേ’ എന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു. അപ്പോള്‍ പ്രവാചകന്‍ ﷺ മഴക്ക് വേണ്ടി പ്രാര്‍ഥിച്ചു. തല്‍ക്ഷണം അന്തരീക്ഷത്തില്‍ കാര്‍മേഘങ്ങള്‍ വ്യാപിച്ചു. മഴ വര്‍ഷിക്കാന്‍ തുടങ്ങി. പിറ്റെ വെള്ളിയാഴ്ച ഇതുപോലെ തന്നെ പ്രവാചകന്‍ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ ആ ഗ്രാമീണന്‍ വീണ്ടും വന്നു. ‘അല്ലാഹുവിന്റെ പ്രവാചകരേ’ എന്ന് ഉറക്കെ വിളിച്ചു. ‘മഴ ആവശ്യംപോലെ കിട്ടിക്കഴിഞ്ഞു. ഇനിയും പെയ്താല്‍ ബുദ്ധിമുട്ടായിപ്പോകും. പരിസരങ്ങളിലേക്ക് മാറ്റിത്തരാന്‍ പ്രാര്‍ഥിക്കണേ’ എന്ന് പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍ അതിനുവേണ്ടി പ്രാര്‍ഥിച്ചു. മഴ നിലയ്ക്കുകയും ചെയ്തു. മഴയുടെ കാര്യം നിയന്ത്രിക്കുന്നതാരാണോ അവന്റെ സന്നിധിയിലേക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്നും ഇവിടെ മനസ്സിലായല്ലൊ.

ഇതുപോലെതന്നെ നമുക്കു നേരിട്ടേക്കാവുന്ന അപകടങ്ങള്‍ മിക്കതും നമുക്ക് തടുക്കാന്‍ കഴിയാത്തവയാണ്. അദൃശ്യമായ മേഖലയില്‍നിന്നാണവ വരുന്നത്. അവ സംഭവിക്കുന്നത് അദൃശ്യമായ മാര്‍ഗത്തിലുമാണ്. ഉദാഹരണം: കൊടുങ്കാറ്റ്; ഇതിന്റെ നിയന്ത്രണം എവിടെയാകുന്നു? ഇതിന്റെ കെടുതിയില്‍നിന്ന് നമുക്ക് രക്ഷ കിട്ടണം. എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്? ചുരുക്കത്തില്‍ നമ്മുടെ ആവശ്യങ്ങളും അപകടങ്ങളും നമുക്ക് ബന്ധപ്പെടാന്‍ സാധ്യമല്ലാത്ത അദൃശ്യമായ മേഖലയില്‍ അദൃശ്യമായ മാര്‍ഗത്തില്‍ നിയന്ത്രിക്കപ്പെടുന്നു. നാം എന്തു ചെയ്യും?

ഇതുവരെ പറഞ്ഞത് നമ്മുടെ ഭൗതിക ജീവിതത്തെ പരാമര്‍ശിക്കുന്ന കാര്യങ്ങളാകുന്നു. ഇതിനെക്കാള്‍ എത്രയോ പ്രധാനമായ മറ്റൊരു വിഷയംകൂടി ചിന്തിക്കേണ്ടതുണ്ട്. അതായത് നമ്മുടെ ജീവിതം മരണത്തോടുകൂടി കലാശിക്കുന്നില്ല. മറ്റൊരു ജീവിതത്തിലേക്കുള്ള കാല്‍വെപ്പാണ് മരണം. മനുഷ്യരെ സംബന്ധിച്ചിടത്തോളം പരലോകം വളരെ അനിവാര്യമാണ്. മനുഷ്യരുടെ സുഖത്തിനും രക്ഷക്കും വേണ്ടി പടച്ചതമ്പുരാന്‍ നിശ്ചയിച്ച പരിപാടിയാണത്. അങ്ങിനെ ഒന്നില്ലായിരുന്നുവെങ്കില്‍ മനുഷ്യരുടെ കാര്യം മഹാകഷ്ടത്തിലായിത്തീരുമായിരുന് നു. ഈ കാര്യത്തെ സംബന്ധിച്ച് മനുഷ്യരെ ഉണര്‍ത്തുവാന്‍ വേണ്ടിയാണ് പ്രവാചകന്മാരെ അല്ലാഹു അയച്ചത്. പ്രവാചകന്മാര്‍ വന്നിട്ട് നമുക്കെന്താണ് നേട്ടമുണ്ടായതെന്നു ചോദിച്ചാല്‍ ഏറ്റവും പ്രധാനമായ നേട്ടം പരലോകത്തിന്റെ വിവരം ലഭിച്ചതാണെന്ന് ഞാന്‍ പറയും. ആ കാര്യമറിയുവാന്‍ വേറെ യാതൊരു മാര്‍ഗവുമില്ല. എത്ര വലിയ മഹാപണ്ഡിതനായാലും അഗാധ ചിന്തകനായാലും തത്ത്വജ്ഞാനിയായാലും പരലോകത്തിന്റെ കാര്യം കണ്ടെത്തുക സാധ്യമല്ല. പ്രവാചകന്മാരില്‍നിന്ന് തന്നെയാണത് ലോകം അറിഞ്ഞത്. പരലോകത്തേക്ക് വേണ്ടി എങ്ങിനെയെല്ലാമാണ് നാം ഒരുങ്ങേണ്ടതെന്നും പ്രവാചകന്മാര്‍ പഠിപ്പിച്ചു. ചുരുക്കത്തില്‍ ഇഹലോകത്തും പരലോകത്തും നമുക്ക് രക്ഷ വേണം, സൗഖ്യം വേണം. അതിന് നാമെന്താണ് ചെയ്യേണ്ടത്?

സര്‍വലോക പരിപാലകനായ യജമാനനോട് പ്രാര്‍ഥിക്കുകയും അവന്റെ പ്രസാദം ലഭിക്കുവാന്‍ വേണ്ടി കഴിവില്‍ പെട്ടതെല്ലാം പ്രവര്‍ത്തിക്കുകയും ചെയ്യുകതന്നെ. ഇവിടെയാണ് ആരാധനയുടെ ആവശ്യം നേരിട്ടത്. ഏറ്റവും പ്രധാനമായ ആരാധന പ്രാര്‍ഥനതന്നെയാണ്. കര്‍മരൂപത്തിലും വാക്‌രൂപത്തിലും മാനസികമായുള്ള എല്ലാ ആരാധനകളുടെയും കഴമ്പ് പ്രാര്‍ഥനയാണ്. പ്രാര്‍ഥന മനുഷ്യസഹജമായ പ്രകൃതിവിശേഷവുമാണ്. എല്ലാ മനുഷ്യരും പ്രാര്‍ഥിക്കുന്നുണ്ട്. സ്വന്തം നിലക്കോ മറ്റുള്ളവരുടെ സഹായത്തോടുകൂടിയോ നിര്‍വഹിക്കുവാന്‍ കഴിയാത്തതും നമ്മുടെ കഴിവിന്റെ പരിധിക്കപ്പുറത്തുനിന്ന് സാധിച്ചുകിട്ടേണ്ടതുമായ കാര്യങ്ങള്‍ക്കായി വിനയപൂര്‍വം അപേക്ഷ സമര്‍പ്പിക്കുക എന്നതാണ് പ്രാര്‍ഥന. എല്ലാ മനുഷ്യരും ഈ സ്വഭാവമുള്ളവരാണ്. ദൈവനിഷേധികളായ യുക്തിവാദികള്‍ പോലും പ്രാര്‍ഥിക്കുന്ന അനുഭവമുണ്ടായിട്ടുണ്ട്. അവര്‍ക്ക് കേരളത്തില്‍ മന്ത്രിസഭ രൂപീകരിക്കുവാന്‍ അവസരം കിട്ടിയപ്പോള്‍ തിരുവനന്തപുരത്തേക്ക് പോകും വഴി പുന്നപ്രയിലേയും വയലാറിലേയും രക്തസാക്ഷിശവകുടീരങ്ങള്‍ സന്ദര്‍ശിക്കുകയും അവിടങ്ങളില്‍ ഏതാനും സമയം മൗനം ദീക്ഷിച്ച് തലകുനിച്ചുനിന്ന് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തതായറിഞ്ഞു. ആ സമയത്ത് അവരുടെ ഹൃദയങ്ങളില്‍നിന്നും ഒരു പ്രാര്‍ഥന ഉയര്‍ന്നിട്ടുണ്ടെന്നു ഞാന്‍ പറയുന്നു. ഞങ്ങളുടെ അധ്വാനഫലമായി അസംബ്ലിയില്‍ ഞങ്ങള്‍ക്ക് ഭൂരിപക്ഷം കിട്ടി. മന്ത്രിസഭ രൂപീകരിക്കുവാനുള്ള അവകാശം കിട്ടി. ഞങ്ങളിതാ അധികാരം ഏല്‍ക്കാന്‍ പോകുന്നു. നടത്താന്‍ ഞങ്ങള്‍ക്ക് കഴിയുമോ എന്ന് ഉറപ്പില്ല. അതിനു ഞങ്ങള്‍ക്ക് കഴിയുമാറാകണേ! ജനഹൃദയങ്ങളെ തൃപ്തിപ്പെടുത്തുമാറ് ഈ ഭരണഭാരം നിര്‍വഹിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയുമാറാകണേ എന്നാണ് ആ പ്രാര്‍ഥന. പക്ഷേ ആരോടാണ് പ്രാര്‍ഥിക്കുന്നതെന്ന് അവര്‍ക്കറിഞ്ഞുകൂടാ. ലക്ഷ്യമില്ലാത്ത പ്രാര്‍ഥന. എല്ലാ പ്രാര്‍ഥനകളും അല്ലാഹുവിനോട് മാത്രമായിരിക്കണമെന്നാണ് ഇസ്‌ലാംമതം ശക്തിയായി ശാസിക്കുന്നത്. ഇതില്‍ യാതൊരു നീക്കുപോക്കുമില്ല. അതുപോലെ മറ്റു എല്ലാ ആരാധനകളും അല്ലാഹുവിനു മാത്രം. നമ്മുടെ ഇഹലോകവും പരലോകവും രക്ഷപ്പെടുന്നതിനുള്ള മാര്‍ഗം അത് മാത്രമാകുന്നു. ഇതാണ് ‘ലാഇലാഹ ഇല്ലല്ലാഹു’ എന്ന കലിമയുടെ സാരം.

ഇനി ഒന്നുള്ളത്, എന്തെല്ലാം ആരാധനകളാണ് ചെയ്യേണ്ടതെന്ന് എവിടെനിന്നറിയാം? അഥവാ അല്ലാഹുവിന്റെ തൃപ്തിയും പരലോകമോക്ഷവും ലഭിക്കുന്നതിന് നാം എന്തെക്കെയാണ് ചെയ്യേണ്ടത്? ഈ വിഷയത്തില്‍ മനുഷ്യര്‍ക്ക് ഉപദേശം നല്‍കുവാനും മാതൃക കാണിച്ച് കൊടുക്കുവാനുമായി ധാരാളം പ്രവാചന്മാരെ മഹാകാരുണികനായ അല്ലാഹു അയച്ചിട്ടുണ്ട്. നൂഹ്, ഇബ്‌റാഹീം, മൂസാ, ഈസാ മുതലായവരെല്ലാം ആ കൂട്ടത്തില്‍പെട്ടവരാണ്. മുഹമ്മദ് നബി ﷺ അവസാനത്തെ പ്രവാചകനുമാണ്. എന്നാല്‍ മുന്‍കഴിഞ്ഞ പ്രവാചന്മാരുടെ ഉപദേശവും ജീവിത ചരിത്രങ്ങളും ശരിയായരൂപത്തില്‍ ഇന്ന് ലഭിക്കുക സാധ്യമല്ലാതായിത്തീര്‍ന്നിരിക് കുന്നു.

 ജീവിതത്തിന്റെ എല്ലാ തുറകളിലും ആവശ്യമായ മാതൃക മുഹമ്മദ് നബി ﷺ ഒഴിച്ച് വേറെ ഒരു പ്രവാചകനില്‍നിന്നും കിട്ടിയിട്ടുമില്ല. ഉദാഹരണം, ഭരണസംബന്ധമായ മാതൃക ഇബ്‌റാഹീം നബിയില്‍ നിന്നോ ഈസാനബിയില്‍നിന്നോ കിട്ടിയിട്ടില്ല. കാരണം അവരാരും ഭരണം നടത്തിയിട്ടില്ല. ദാവൂദ് നബിയും സുലൈമാന്‍ നബിയും ഭരണം നടത്തിയിട്ടുണ്ടെങ്കിലും വിശദവിവരം ലഭിക്കാന്‍ ഒരു മാര്‍ഗവുമില്ല. മുഹമ്മദ് നബി ﷺ യാകട്ടെ എല്ലാ തുറകളിലേക്കും മാതൃക കാണിച്ചിട്ടുണ്ട്. അദ്ദേഹം ദരിദ്രനായി ജീവിച്ചു. ധനികനായും ജീവിച്ചു. ഭര്‍ത്താവായി ജീവിച്ചു. പിതാവായി ജീവിച്ചു. സൈന്യ നായകനായി ജീവിച്ചു. ഭരണാധികാരിയായി ജീവിച്ചു യഥാര്‍ത്ഥ ദൈവ ഭക്തനായി ജീവിച്ചു. എല്ലാ രംഗങ്ങളിലും മാതൃക കാണിച്ചു. മാതൃക കാണിക്കുവാന്‍ സ്വയം നിവൃത്തിയില്ലാത്ത വിഷയങ്ങളില്‍ മറ്റുള്ളവര്‍ക്ക് ശിക്ഷണ നിര്‍ദ്ദേശങ്ങള്‍ നല്‍കി വീക്ഷിച്ചുകൊണ്ട് മാതൃക കാണിച്ചു. അതെല്ലാം ലോകാവസാനം വരെയുള്ളവര്‍ക്ക് തെളിഞ്ഞു കിട്ട ത്തക്കവണ്ണം രേഖപ്പെട്ടുകിടക്കുന്നു. ആരാധനാ കര്‍മ്മങ്ങളില്‍ മാത്രമല്ല എല്ലാ വിഷയങ്ങളിലും മുഹമ്മദ് നബിയുടെ മാതൃക കെടാത്ത വിളക്കുപോലെ ശോഭിച്ചുകൊണ്ടിരിക്കുന്നു.

മറെറാരു പ്രവാചകന്റെയും മാതൃകാ ജീവിതം നമുക്കിന്നു കിട്ടുവാന്‍ നിവൃത്തിയില്ല. അതിനാല്‍ മുഹമ്മദ് നബിയുടെ ദൗത്യം അംഗീകരിക്കുകയും മാതൃകാ ജീവിതം അനുകരിക്കുകയും ചെയ്യല്‍ ഇസ്‌ലാമില്‍ ഏറ്റവും മര്‍മ്മപ്രധാനമായ കാര്യമാകുന്നു. ഇതാണ് ‘മുഹമ്മദ് റസൂലുല്ലാഹ്” എന്ന വചനത്തിന്റെ സാരം ഈ രണ്ടു വചനങ്ങള്‍ ‘ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദ് റസൂലുല്ലാഹ്” മനസറിഞ്ഞു ചൊല്ലിയാല്‍ ഇസ്‌ലാംമതത്തില്‍ പ്രവേശനം ലഭിച്ചു. അതുവരെ ചെയ്തു പോയിട്ടുള്ള എല്ലാ പാപങ്ങളും പൊറുക്കപ്പെട്ടു. പരലോകത്ത് സ്വര്‍ഗത്തിന്നവകാശിയായി അതിന് ഹാനികരമായി യാതൊന്നിലും ഏര്‍പ്പെടാതെ മരണപ്പെട്ടാല്‍ അവന്‍ രക്ഷപ്പെട്ടു. സമയവും സൗകര്യവും അനുസരിച്ച് പല ബാദ്ധ്യതകളും നിര്‍വ്വഹിക്കേണ്ടതായി വരികയും ചെയ്യും. അല്ലാഹു അനുഗ്രഹിക്കട്ടെ.

 

കെ. ഉമര്‍ മൗലവി

നേർപഥം വാരിക 

ചില ഭിന്നശേഷി വിചാരങ്ങള്‍

ചില ഭിന്നശേഷി വിചാരങ്ങള്‍

പൊതുസമൂഹത്തിന് ഒരു വിചാരമുണ്ട്; കാഴ്ചയില്ലാത്ത ആളുകള്‍ക്ക് ഒന്നിനെപ്പറ്റിയും കൃത്യമായി അറിയില്ലെന്നും അവര്‍ക്ക് മുന്നില്‍ ഇരുട്ട് മാത്രമാണെന്നും സ്വന്തം ജന്മത്തെ പഴിച്ച് ജീവിതം തള്ളി നീക്കുന്നവരാണ് അവരെന്നും! എന്നാല്‍ യഥാര്‍ഥത്തില്‍ ഇതൊന്നുമല്ല അവര്‍. കിട്ടിയ ജീവിതം കൂടുതല്‍ സ്‌നേഹത്തോടെ കൂടുതല്‍ ആത്മാര്‍ഥതയോട ജീവിച്ചുതീര്‍ക്കുന്നവരാണ് അവര്‍.

 

അവര്‍ സ്വന്തം ജീവിതം ആസ്വദിച്ച്, തങ്ങളുടെ കഴിവില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ച് ഈ പ്രകൃതിയോടിണങ്ങി, പ്രകൃതിയെ അറിഞ്ഞ്, പ്രകൃതിയെ സ്‌നേഹിച്ച് ജീവിക്കുന്നവരാണ്. ഉദാഹരണത്തിന് ഒരു  ചെമ്പരത്തിപ്പൂവിനെ എടുക്കാം. അതിന് എത്ര ഇതളുകള്‍ ഉണ്ട് എന്ന് ചോദിച്ചാല്‍ കാഴ്ചയുള്ളവരില്‍ ചിലരൊക്കെ ഉത്തരം പറയും. എന്നാല്‍ അത്ര തന്നെയാണോ എന്ന് രണ്ടാമത് ഒരു ചോദ്യം വന്നാല്‍ അവര്‍ക്ക് കണ്‍ഫ്യൂഷനായി. എന്നാല്‍ കാഴ്ചയില്ലാത്ത ഒരു വ്യക്തിയോട് ചോദിച്ചാല്‍ അയാള്‍ക്ക് കൃത്യമായി ഉത്തരം നല്‍കാന്‍ കഴിയും. കാരണം കാഴ്ചയുള്ളവര്‍ ഒരു കാര്യം മനസ്സിലാക്കുവാന്‍ കാഴ്ചയെന്ന ഒരു ഇന്ദ്രിയം മാത്രമാണ് പലപ്പോഴും ഉപയോഗിക്കുന്നത്.  എന്നാല്‍ കാഴ്ചയില്ലാത്തവര്‍ മറ്റു പല ഇന്ദ്രിയങ്ങളും ഉപയോഗിച്ചാണ് ഒരു കാര്യത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. കാഴ്ചയുള്ള വ്യക്തികളെക്കള്‍ അധികം എന്നല്ല, കാഴ്ചയുള്ളവരെപ്പോലെ തന്നെ കാര്യങ്ങള്‍ മനസ്സിലാക്കുവാനും അതനുസരിച്ച് ജീവിക്കാനും കഴിവുള്ളവരാണ് അവരും.

 

പരിഷ്‌കൃതസമൂഹം എന്ന് മേനി നടിക്കുന്ന ആധുനികര്‍ക്ക്  ഒരു ഭിന്നശേഷി സൗഹൃദ സമൂഹം ഉണ്ടാക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ആളുകള്‍ക്കിടയിലെ തെറ്റിദ്ധാരണകള്‍ ഇന്നും നിലനില്‍ക്കുന്നു. ഒന്നിനും കൊള്ളാത്ത, ഒന്നും അറിയാത്തവരാണ് ഈ സമൂഹം എന്ന കഴ്ചപ്പാട്. മാറേണ്ടത് പരിഷ്‌കൃത സമൂഹമാണ്. കാരണം സ്വന്തം ജീവിതം അതിന്റെ പൂര്‍ണമായ അര്‍ഥത്തില്‍ ജീവിച്ചു തീര്‍ക്കുന്നവരാണ് ഇവര്‍.

 

 ഭിന്നശേഷിക്കാരെ കൈപിടിച്ച് നടത്തുകയല്ല; മറിച്ച് സ്വയം നടക്കാന്‍ അവരെ പ്രാപ്തരാക്കുകയും അതിനായി ഈ സമൂഹത്തെ സജ്ജമാക്കുകയുമാണ് വേണ്ടത്. വികലാംഗര്‍ എന്ന പേരുതന്നെ മാറ്റി  ഭിന്നശേഷിക്കാര്‍ എന്ന് വിളിക്കുന്ന ഇക്കൂട്ടരെ പലപ്പോഴും സാംസ്‌കാരികമായി സ്വീകാര്യതയില്ലാത്ത മറ്റുപല പേരുകള്‍ ഇട്ടാണ് ചിലര്‍ വിളിക്കുന്നത്. ഇത് സാക്ഷരരെന്ന് അഭിമാനിക്കുന്ന മലയാളികള്‍ക്ക് യോജിച്ചതല്ല. മാത്രമല്ല ഇത്തരം പ്രയോഗങ്ങള്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതും തന്റെ കഴിവുകൊണ്ട് മുന്നേറി വരുന്ന വ്യക്തികളുടെ അഭിമാനത്തെ ഹനിക്കുന്നതുമാണ്. രാഷ്ട്രീയ, സാംസ്‌കാരിക, മത നേതാക്കള്‍ വരെ ഇത്തരം പരാമര്‍ശങ്ങള്‍ അവരുടെ സംസാരങ്ങളില്‍ വരുത്തുന്നത് വളരെയധികം വിഷമമുണ്ടാക്കുന്ന കാര്യമാണ്.  

 

തന്റ അഭിമാനവും കഴിവിലുള്ള വിശ്വാസവും എല്ലാവര്‍ക്കും ഒരുപോലെയാണ്. ഈ പരിഗണന ഏതൊരു മനുഷ്യനും അര്‍ഹിക്കുന്നുണ്ട്. അത്തരത്തില്‍ ഒരു ചിന്തയാണ് ഇത് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചതും. തന്റെ വാക്കുകള്‍ മറ്റുള്ളവര്‍ക്ക് ഒരു മുറിവാകുമെങ്കില്‍ ആ വാക്ക് പറയാതിരിക്കുവാനുള്ള സാമാന്യമര്യാദയാണ് രാഷ്ട്രീയ, മത, സാംസ്‌കാരിക നേതാക്കള്‍ കാണിക്കേണ്ടത്. പലപ്പോഴും ഇല്ലാതെ പോകുന്നതും അതാണ്.

 

പൊതുസമൂഹത്തോട് എനിക്ക് ഒരു അഭ്യര്‍ഥനയേ ഉള്ളൂ; അവരും ജീവിച്ചോട്ടെ, മറ്റുള്ളവരെപ്പോലെ സ്വന്തം കഴിവിലും പരിശ്രമത്തിലും സ്വയം പര്യാപ്തരായി ഉയരങ്ങള്‍ കീഴടക്കികൊണ്ട്…

 

ഫിദ ഫാത്തിമ കെ.കെ

നേർപഥം വരിക 

സന്ദേഹവാദവും ഇസ്‌ലാമിക ജ്ഞാനമാര്‍ഗരീതിയും

സന്ദേഹവാദവും ഇസ്‌ലാമിക ജ്ഞാനമാര്‍ഗരീതിയും

ദൈവാസ്തിത്വത്തെ നിരാകരിക്കാന്‍ തെളിവുകള്‍ ഒന്നുമില്ലെന്നു സമ്മതിക്കേണ്ടിവരികയും എന്നാല്‍ ദൈവത്തിന്റെ അസ്തിത്വം സംശയാസ്പദം തന്നെയാണെന്ന് വാദിക്കുകയും ചെയ്യുന്ന നാസ്തിക സമാനമായ ഒരു ചിന്തയായാണ് പൊതുവില്‍ ആധുനികലോകത്ത് സന്ദേഹവാദത്തെ ഉപയോഗിക്കുന്നത്. എന്നാല്‍ ദൈവത്തിന്റെ കാര്യത്തില്‍ മാത്രം സെലക്ടീവായി പ്രകടിപ്പിക്കപ്പെടുന്ന ഒരുതരം പ്രത്യേക സംശയസ്വഭാവംതന്നെ സംശയിക്കപ്പെടേണ്ടതാണ്. ഞങ്ങള്‍ നാസ്തികരെപ്പോലെ അന്ധമായ ദൈവനിഷേധം പറഞ്ഞുനടക്കുന്നവരല്ലെന്ന് പറയുന്നതിലൂടെ നിഷ്പക്ഷരെന്ന പൊതുബോധം ഉണ്ടാക്കുകയും അതിന്റെ മറവില്‍തന്നെ ദൈവത്തെ നിരാകരിക്കുകയും ചെയ്യുന്ന ഒരു പൊതുനിലപാടാണ് സന്ദേഹവാദമെന്ന പേരില്‍ പലരും കൊണ്ടുനടക്കുന്നതായി കണ്ടിട്ടുള്ളത്. വാസ്തവത്തില്‍ ദൈവാസ്തിത്വത്തെ സംശയിക്കാമെന്ന പേരില്‍ ഉന്നയിക്കപ്പെടുന്ന ജ്ഞാനശാസ്ത്രവാദങ്ങള്‍ (epistemic arguments) തിരിച്ചുപയോഗിച്ചാല്‍ ദൈവത്തെ മാത്രമല്ല മനുഷ്യാസ്തിത്വത്തെ പോലും കാര്യമായി സംശയിക്കാം. അതിലേക്ക് കടക്കുംമുമ്പ് സന്ദേഹവാദത്തിന്റെ ചരിത്രപരമായ പ്രകൃതവും നിലവാരവും പരിശോധിക്കാം.

സന്ദേഹവാദം

സംശയത്തോടെ മാത്രം അറിവുകളെ സ്വീകരിക്കുകയെന്ന പൊതുനിലപാടാണ് അടിസ്ഥാനപരമായി സന്ദേഹവാദം. ലോകത്തെ സംബന്ധിച്ച ശരിയായ അറിവാണ് മനുഷ്യന് ലഭിക്കുന്നത് എന്ന് പറയാന്‍ കഴിയില്ലെന്നു പറഞ്ഞ് തുടങ്ങുന്ന ഗ്രീക്ക് തത്ത്വചിന്തകര്‍ സ്വന്തം ജ്ഞാനേന്ദ്രിയങ്ങളെ പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് ഒരു കാര്യത്തിലും പൂര്‍ണമായ ഒരു ശരിയെ മനസ്സിലാക്കാന്‍ കഴിയില്ലെന്നുമുള്ള തീവ്രസന്ദേഹവാദത്തില്‍ എത്തുന്നു. SKEPTIKOS എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് സന്ദേഹവാദിയെന്ന അര്‍ഥം വരുന്ന SKEPTIC എന്ന പദത്തിന്റെ ഉല്‍പത്തി. അതിനാല്‍തന്നെ ഒരിക്കലും തൃപ്തിയാവാത്ത സംശയങ്ങളോടെ സകലതിനെയും കാണുന്ന മനുഷ്യരെ SKEPTIC(സന്ദേഹവാദി) എന്നു വിളിക്കുന്നു.

സന്ദേഹവാദത്തിന്റെ ചരിത്രഗതി പരിശോധിച്ചാല്‍ ദൈവത്തെ എന്നല്ല ഒന്നിലും പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ലെന്ന തീര്‍പ്പിലേക്കാണ് അതെത്തുന്നത് എന്നു കാണാം. എന്നിട്ടും ദൈവത്തെ മാത്രം വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്ന വാദത്തിന് ന്യായമായി സന്ദേഹവാദത്തെ ഉപയോഗിക്കുന്നതുകൊണ്ടാണ് അതൊട്ടും സത്യസന്ധമല്ലെന്നും സെലക്ടീവ് ആണെന്നും പറയുന്നത്.

ഇനി സന്ദേഹവാദത്തിന്റെ തീവ്രതയില്‍തന്നെ  ലോകത്തെ സംബന്ധിച്ച് ചിന്തിച്ചുനോക്കുക. നമുക്ക് ലഭിക്കുന്ന അറിവുകളൊക്കെ വാസ്തവത്തില്‍ യഥാര്‍ഥമാണോ? ലഭിക്കുന്ന ഏതൊരു അറിവും നമ്മുടെതന്നെ ജ്ഞാനേന്ദ്രിയങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. എന്നാല്‍ ഇവയൊന്നും നല്‍കുന്നത് പ്രപഞ്ചത്തെ സംബന്ധിച്ച യഥാര്‍ഥ രൂപങ്ങളല്ല എന്നത് ഇന്ന് പൊതുവില്‍ അംഗീകൃതമായ ശാസ്ത്രസത്യമാണ്. ഉദാഹരണത്തിന് നിങ്ങളുടെ കണ്ണിന്റെ കാര്യംതന്നെയെടുക്കുക. അതുപയോഗിച്ച് നിങ്ങള്‍ ഈ ലോകത്തെ മുഴുവന്‍ കാണുന്നു. എന്നാല്‍ ചുറ്റുപാടുകളെ ഒരു പ്രത്യേക രീതിയില്‍ കാണുന്നത് അതീജീവനത്തിന് സഹായിക്കും എന്നതുകൊണ്ട് പരിണാമപരമായി രൂപപ്പെട്ടുവന്ന ഒന്നു മാത്രമാണത്. മറിച്ച് ശുദ്ധജലത്തെ മഞ്ഞനിറത്തില്‍ കാണുന്നത് ഏതെങ്കിലും തരത്തില്‍ പരിണാമപരമായി അതിജീവനത്തെ സഹായിക്കുമായിരുന്നുവെങ്കില്‍ നാം ഇന്ന് ജലത്തെ കാണുന്നത് മഞ്ഞനിറത്തിലായിരിക്കാം. പക്ഷികളടക്കമുള്ള മറ്റു ജീവികളുടെ കാര്യമെടുത്താല്‍ അവയുടെ കണ്ണിലൂടെ കാണുന്ന ലോകം നാം കാണുന്നതില്‍നിന്നും തികച്ചും വ്യത്യസ്തമായ നിറത്തിലാണ്.(2) അപ്പോള്‍ നാം അനുഭവിക്കുന്ന കാഴ്ച വസ്തുനിഷ്ഠമായ യാഥാര്‍ഥ്യമാണെന്ന് കരുതുന്നതില്‍ ഒരര്‍ഥവുമില്ല. നിറത്തിന്റെ കാര്യം മാത്രമല്ല, വസ്തുവിന്റെ രൂപത്തെയും പ്രകൃതത്തെയുമൊക്കെ സംബന്ധിച്ച് മനുഷ്യനേത്രം തെറ്റായ വിവരങ്ങള്‍ മസ്തിഷ്‌കത്തിന് നല്‍കാം. ഇത് ഒപ്റ്റിക്കല്‍  ഇല്യൂഷന്‍സ് എന്ന് അറിയപ്പെടുന്നു.(3)

മറ്റുജ്ഞാനേന്ദ്രിയങ്ങളുടെ കാര്യവും ഇങ്ങനെത്തന്നെ. കൈകാലുകള്‍ തണുത്തിരിക്കുന്ന അവസ്ഥയില്‍ ഒരു നിശ്ചിത താപനിലയിലുള്ള വസ്തുവിനെ തൊട്ടാല്‍ അത് ചൂടുള്ളതായാകും അനുഭവപ്പെടുക. മറിച്ച് അതേ താപനിലയിലുള്ള വസ്തുവിനെത്തന്നെ ശരീരത്തിന് കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന സമയത്ത് തൊട്ടാല്‍ തണുത്തതായി തോന്നും.(4) ത്വക്ക് യാഥാര്‍ഥ്യത്തെ സംബന്ധിച്ച കൃത്യമായ വിവരങ്ങളല്ല നല്‍കുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണിത്. അതുകൊണ്ട്തന്നെ ത്വക്ക് എപ്പോഴും നല്‍കുന്ന വിവരങ്ങളെയും പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ല. ഗന്ധമനുഭവിക്കാനുള്ള മൂക്കിന്റെ കഴിവിലും ഈ പരിമിതിയുണ്ട്. ഒരു പ്രത്യേക സുഗന്ധം നിറഞ്ഞ മുറിയിലേക്ക് ആദ്യമായി കയറിച്ചെല്ലുകയാണെങ്കില്‍ തീക്ഷ്ണമായിത്തന്നെ ആ ഗന്ധം അനുഭവിക്കാന്‍ കഴിയും. എന്നാല്‍ ഏറെനേരം ആ മുറിയില്‍ത്തന്നെ ചെലവഴിച്ചാല്‍ സുഗന്ധത്തിന്റെ തീക്ഷ്ണത കുറഞ്ഞുവരുന്നതായി തോന്നുകയും കാര്യമായൊരു സുഗന്ധമായി അതിനെ തോന്നാതിരിക്കുകയും ചെയ്യും. ഇങ്ങനെ ഓരോ ജ്ഞാനേന്ദ്രിയത്തിനും അതിന്റെതായ പരിമിതികളുണ്ട്. അത് തെളിയിക്കുന്നത് ഒരു ജ്ഞാനേന്ദ്രിയത്തെയും പൂര്‍ണമായ ശരിയറിയാനുള്ള ഉപാധിയായി അംഗീകരിക്കാനാവില്ലെന്നാണ്.

കുറച്ചുകൂടി തീവ്രമായ സന്ദേഹവാദത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ ചുറ്റുപാടുകള്‍ക്കുതന്നെ തെളിവില്ലെന്നു സമര്‍ഥിക്കാം! ചുറ്റുപാടുകളെ സംബന്ധിച്ച ഏതൊരു വിവരവും മസ്തിഷ്‌കത്തിലൂടെ മാത്രമാണ് മനുഷ്യനറിയുന്നത് എന്നത് പൊതുവില്‍ അംഗീകൃതമായ ശാസ്ത്രസത്യമാണ്. കാഴ്ചയും കേള്‍വിയും അടക്കമുള്ള ഏതൊരു അറിവും ഒരുതരത്തിലുള്ള ഇലക്‌ട്രോ കെമിക്കല്‍ രൂപത്തില്‍ മസ്തിഷ്‌കത്തില്‍ എത്തുക വഴിയാണ് ഈ ജ്ഞാനേന്ദ്രിയ അനുഭൂതികളെല്ലാം മനുഷ്യനുണ്ടാകുന്നത്.എങ്കില്‍ ശരിക്കും ഒരു വസ്തുവിലേക്ക് നാം നോക്കുമ്പോള്‍ കണ്ണുകൊണ്ട് പുറംലോകത്തെ കാണുകയല്ല ചെയ്യുന്നത്. മറിച്ച് നാം കാണുന്നത് നമ്മുടെ തന്നെ മസ്തിഷ്‌കം കൊണ്ടാണെന്നു പറയാം. പുറത്തെ ലോകത്തിന്റെ തന്നെ ഒരു പ്രതിബിംബം മസ്തിഷ്‌കം വായിച്ചെടുക്കുകയാണ് ചെയ്യുന്നത്. മറ്റേതൊരു ജ്ഞാനേന്ദ്രിയ അനുഭൂതിയുടെ കാര്യവും ഇങ്ങനെത്തന്നെ.

ഇനി മറ്റൊരു തരത്തില്‍ ചിന്തിച്ചുനോക്കുക; പുറത്തെ ലോകത്തെ സംബന്ധിച്ച് ഇലക്‌ട്രോ കെമിക്കല്‍ രൂപത്തില്‍ മസ്തിഷ്‌കത്തിലേക്ക് ലഭിക്കുന്ന അറിവ് കൃത്രിമമായി നിര്‍മിക്കാന്‍ കഴിഞ്ഞാലോ? അത്തരമൊരു അവസ്ഥയെയാണ് BRAIN IN A VAT എന്ന ചിന്താപരീക്ഷണം മുന്നോട്ടുവെക്കുന്നത്. അഥവാ നിങ്ങളുടെ മസ്തിഷ്‌കത്തെ ഒരു സൂപ്പര്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുകയും ഒരു പ്രത്യേക കാഴ്ചയുണ്ടാകുമ്പോള്‍ സ്വാഭാവികമായും മസ്തിഷ്‌കത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന വൈദ്യുത ഉദ്ദീപനങ്ങള്‍ കൃത്രിമമായി മസ്തിഷ്‌കത്തിന് നല്‍കുകയും ചെയ്യുന്നുവെന്ന് കരുതുക. അപ്പോള്‍ നേര്‍ക്കുനേര്‍ ഒരു വസ്തുവിനെ കാണുന്ന അതേ അനുഭവം തന്നെയായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക.(5) ഇത് കാഴ്ചയുടെ കാര്യത്തില്‍ എന്നല്ല മറ്റേതൊരു ഇന്ദ്രിയാനുഭൂതിയുടെ കാര്യത്തിലും പ്രാവര്‍ത്തികമാണ്. അഥവാ ചുറ്റുപാടുകളെ സംബന്ധിച്ച അനുഭൂതികള്‍, യാഥാര്‍ഥ്യബോധം എന്നിവയെല്ലാം ഇങ്ങനെ കൃത്രിമമായി നിര്‍മിക്കാന്‍ കഴിയും.

അപ്പോള്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ഉണ്ടാകുന്ന ഏതൊരു അനുഭവവും യാഥാര്‍ഥ്യം തെന്നയാണെന്നതിന് എന്ത് തെളിവാണുള്ളത്? ദൈവമുണ്ടോ എന്നു സംശയിക്കുംപോലെത്തന്നെ നിങ്ങളുണ്ടോയെന്ന് മറ്റാര്‍ക്കും സംശയിക്കാം. നിങ്ങള്‍ അനുഭവിക്കുകയും ജീവിക്കുകയും ചെയ്യുന്ന ലോകം യാഥാര്‍ഥ്യമാണോ എന്ന് തീര്‍ച്ചയായും സംശയിക്കാനുള്ള ന്യായങ്ങളുണ്ട്. മസ്തിഷ്‌കത്തിന് തെറ്റായ ബോധങ്ങളും മനുഷ്യന് നല്‍കാം എങ്കില്‍ അത് ശരിയായ വിവരങ്ങള്‍ തന്നെയാണ് നല്‍കുന്നത് എന്നതിന് എന്തുതെളിവാണ് നല്‍കാന്‍ കഴിയുക? കുറച്ച് അന്യഗ്രഹ ജീവികള്‍ ഒരു ജാറിനകത്ത് സൂക്ഷിച്ചിരിക്കുന്ന നിങ്ങളുടെ മസ്തിഷ്‌കത്തിലേക്ക് കൃത്രിമമായി നല്‍കപ്പെടുന്ന ഉദ്ദീപനങ്ങള്‍ മാത്രമാണ് സകല അനുഭവങ്ങളും എന്നുവാദിച്ചാല്‍ അല്ലെന്ന് എങ്ങനെയാണ് തെളിയിക്കാന്‍ കഴിയുക?

മസ്തിഷ്‌കത്തെ സംശയിക്കാം എന്നതുകൊണ്ട്തന്നെ കടുത്ത സന്ദേഹവാദികള്‍ക്ക് സ്വയം തന്നെയും സംശയം തുടരാവുന്നതാണ്. നിങ്ങള്‍ ആരാണെന്ന സ്വയംബോധം വാസ്തവത്തില്‍ മസ്തിഷ്‌കത്തില്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്ന ഒരുതരത്തിലുള്ള അറിവുകളാണല്ലോ. എന്നാല്‍ തെറ്റായ അറിവുകള്‍ മസ്തിഷ്‌കത്തിനു നല്‍കി പുനഃക്രമീകരിക്കുന്നതുകൊണ്ട് നിങ്ങള്‍ മറ്റൊരു വ്യക്തിയാണെന്ന സ്വയംബോധവും കൃത്രിമമായി നിര്‍മിക്കാം. അപ്പോള്‍ നിങ്ങള്‍ നിങ്ങള്‍ തന്നെയാണെന്ന് എല്ലായ്‌പ്പോഴും എങ്ങനെയാണ് വിശ്വസിക്കുന്നത്? മറ്റു സാധ്യതകളെ ഫാള്‍സിഫൈ ചെയ്ത് സ്വയംബോധം യാഥാര്‍ഥ്യം ആണെന്ന് എമ്പിരിക്കല്‍ എവിടെന്‍സ് സമര്‍ഥിച്ചാണോ? അല്ലേയല്ല!

മസ്തിഷ്‌കത്തെ കൃത്രിമമായി പുനഃക്രമീകരീക്കുന്നതുകൊണ്ട് തെറ്റായ വ്യക്തിബോധം ഉണ്ടാകാം എന്ന ആശയത്തെ പ്രമേയമാക്കി Total Recall എന്ന പേരില്‍ 2012ല്‍ ഒരു സിനിമ പുറത്തിറങ്ങിയിട്ടുണ്ട്. സ്വപ്‌നത്തില്‍നിന്നും യഥാര്‍ഥ ജീവിതത്തെ വേര്‍തിരിക്കാന്‍ കഴിയാത്ത അവസ്ഥയെ പ്രമേയമാക്കി 2010ല്‍ പുറത്തിറങ്ങിയ മറ്റൊരു സിനിമയാണ് യാഥാര്‍ഥ്യമെന്ന് നാം കരുതുന്ന നിത്യജീവിതാവസ്ഥകള്‍ വാസ്തവത്തില്‍ യാഥാര്‍ഥ്യംതന്നെയാണോ എന്ന സംശയബോധമാണ് ഈ സിനിമ പ്രമേയമാക്കുന്നത്. സമാനമായ ഒരു സംശയാവസ്ഥ മുസ്‌ലിം തത്ത്വചിന്തകനായ ഇമാം ഗസ്സാലി പറഞ്ഞതായിട്ടുണ്ട്.

സ്വപ്‌നം കാണുമ്പോള്‍ അത് സത്യമായും സംഭവിക്കുന്നതായിട്ടാണ് ഏതൊരു മനുഷ്യനും മനസ്സിലാക്കുന്നത്. എന്നാല്‍ ഉണരുമ്പോള്‍ അത് വെറും മിഥ്യയായിരുന്നെന്ന് ബോധ്യമാകുന്നു. പക്ഷേ, യാഥാര്‍ഥ്യമെന്ന് നിലവില്‍ കരുതപ്പെടുന്ന അവസ്ഥ മാത്രം പൂര്‍ണമായും സത്യമാണെന്നു പറയാന്‍ കഴിയുന്നത് എങ്ങനെയാണെന്നാണ് ഇമാം ഗസ്സാലി ചോദിക്കുന്നത്.(6) സ്വപ്‌നം അനുഭവിക്കുമ്പോള്‍ പൂര്‍ണമായ സത്യമെന്ന് തോന്നുന്നെങ്കിലും ഉണരുമ്പോള്‍ അത് മിഥ്യയായിരുന്നുവെന്ന് മനസ്സിലാക്കുന്നു. എങ്കില്‍ യാഥാര്‍ഥ്യമെന്ന നിലവിലെ തോന്നല്‍ മാത്രം മിഥ്യയല്ലെന്ന് എങ്ങനെ പറയാന്‍ കഴിയും? ഈ അവസ്ഥയില്‍നിന്നും കൂടുതല്‍ യഥാര്‍ഥമായ മറ്റൊരവസ്ഥയിലേക്ക് മനുഷ്യന്‍ പുനരെഴുന്നേല്‍പിക്കപ്പെടില്ലാ യെന്ന് എന്തിനെ അടിസ്ഥാനമാക്കി പറയും? മനുഷ്യന്‍ കമ്പ്യൂട്ടര്‍ സിമുലേഷനുകള്‍ക്കകത്തെ സൃഷ്ടികള്‍ മാത്രമാകാം എന്നതാണ് മറ്റൊരു സാധ്യത. 1999ല്‍ പുറത്തിറങ്ങിയ The Mtarix എന്ന ചിത്രം ഈ ആശയം പ്രമേയമാക്കിയുള്ളതാണ്.

സ്വീഡിഷ് ഫിലോസഫറായ നിക്ക് ബോസ്‌ട്രോമിന്റെയും ബില്യണെയര്‍ എലോണ്‍ മസ്‌കിന്റെയും അഭിപ്രായത്തില്‍ മനുഷ്യജീവിതങ്ങള്‍ ചില കമ്പ്യൂട്ടര്‍ സിമുലേഷനുകളുടെ ഭാഗം മാത്രമായിരിക്കാന്‍ സാധ്യതകള്‍ ഉണ്ടെന്നാണ്.(7) നമ്മളില്‍നിന്നും ഭൗതികമായ പുരോഗതിയിലെത്തിയ മറ്റു അന്യഗ്രഹ നാഗരികതകള്‍ നിലനില്‍ക്കാമെന്നതുകൊണ്ടുതന്നെ കമ്പ്യൂട്ടര്‍ സിമുലേഷനുകള്‍ക്കകത്ത് നമ്മുടെ ബോധത്തെ അവര്‍ക്ക് നിര്‍മിക്കാന്‍ കഴിയുകയും ചെയ്യാമായിരിക്കാം.

ഇങ്ങനെ മനുഷ്യബോധം അനുഭവിക്കുന്നതൊന്നും യാഥാര്‍ഥ്യങ്ങള്‍ അല്ലാതിരിക്കാനുള്ള നിരവധി സാധ്യതകള്‍ ബാഹ്യമായി നിലനില്‍ക്കുന്നെങ്കില്‍ അനുഭവങ്ങള്‍ യാഥാര്‍ഥ്യങ്ങള്‍ തന്നെയാണെന്നതിനെ ഒരുതരത്തിലും തെളിയിക്കാന്‍ കഴിയില്ലെന്നതാണ് ജ്ഞാനശാസ്ത്രപരമായി ഉണ്ടാകാവുന്ന പ്രധാന പരിമിതി. അപ്പോള്‍ ചുറ്റുപാടുകളെ സംബന്ധിച്ച അറിവും അനുഭവവും യാഥാര്‍ഥ്യമാണെന്ന ബോധം വാസ്തവത്തില്‍ മനുഷ്യനില്‍ നൈസര്‍ഗികമായി ഉള്ളടങ്ങിയ ഒരു വിശ്വാസം മാത്രമാണ്. അനുഭവങ്ങള്‍ മിഥ്യയാകാവുന്നതിനുള്ള നിരവധി സാധ്യതകള്‍ ബാഹ്യമായി നിലനില്‍ക്കുമ്പോള്‍തന്നെ അതിനെയൊന്നും ഖണ്ഡിച്ചോ അവ യാഥാര്‍ഥ്യമാണെന്നതിന് തെളിവ് സമര്‍ഥിച്ചോ അല്ല നാം ജീവിക്കുന്നത്.

ഇത്തരമൊരു ജ്ഞാനശാസ്ത്ര പരിമിതിക്കകത്തുനിന്ന് ഒരുതരത്തിലും യാഥാര്‍ഥ്യമെന്താണെന്നതിന് തെളിവ് കണ്ടെത്താന്‍ കഴിയില്ലെന്നത് വളരെ വൈരുധ്യാത്മകമായ ഒരുവസ്ഥ കൂടിയാണ്. അഥവാ നാം അനുഭവിക്കുന്ന ലോകം യാഥാര്‍ഥ്യം ആണെന്നതിന് ഒരു തെളിവ് പറയണമെങ്കില്‍ ആ തെളിവ് യാഥാര്‍ഥ്യം ആണെന്നതിന് മറ്റൊരു തെളിവ് സമര്‍ഥിക്കേണ്ടി വരും! അങ്ങനെ സമര്‍ഥിക്കപ്പെടുന്ന തെളിവിനും ന്യായമായി മറ്റ് തെളിവുകളുടെ സാക്ഷ്യം വേണ്ടിവരും. ഈ പ്രശ്‌നം ഇങ്ങനെ അനന്തമായി പുറകോട്ടുപോകും എന്നല്ലാതെ ആത്യന്തികമായൊരു തെളിവും ഇല്ലെന്നാകുന്നു. കാരണം അനുഭവിക്കുന്നതെല്ലാം മിഥ്യയാകാനുള്ള സാധ്യതകളുള്ളതുകൊണ്ടുതന്നെ ലഭിക്കുന്ന ഏതൊരു തെളിവിനെയും യാഥാര്‍ഥ്യമെന്നും വസ്തുനിഷ്ഠമെന്നും പറയാന്‍ കഴിയില്ല. അതുകൊണ്ട് തെളിവും സന്ദേഹത്തിന്റെ കീഴില്‍ തന്നെയാകുന്നു. ആത്യന്തികമായി ഒന്നിനെയും യാഥാര്‍ഥ്യമെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്ന പ്രധാനപ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തതായിത്തന്നെ അപ്പോള്‍ നിലനില്‍ക്കുന്നു. ഇത് ശാസ്ത്രീയമായോ തത്ത്വശാസ്ത്രമുപയോഗിച്ചോ തീര്‍പ്പിലെത്താന്‍ കഴിയാത്ത വിഷയമാണ്. അതുകൊണ്ടാണ് ചരിത്രത്തില്‍ നിരവധി സന്ദേഹവാദ പ്രസ്ഥാനങ്ങള്‍ ഉണ്ടായത്. തത്ത്വശാസ്ത്രപരമായ ഈ ന്യായങ്ങളുടെ അടിസ്ഥാനത്തില്‍ സ്വന്തത്തെയല്ലാതെ മറ്റൊന്നിനെയും പൂര്‍ണമായി അംഗീകരിക്കാനാവില്ലെന്ന തീര്‍പ്പിലെത്തിയവരാണ് ഗ്രീക് തത്ത്വചിന്തയിലെ അഹംമാത്ര വാദികള്‍ (SOLIPSISTS).

സന്ദേഹവാദത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ചുറ്റുപാടുകളിലൊന്നും വിശ്വാസമില്ലാതായ വ്യക്തിയാണ് ബി.സി 270ല്‍ ജീവിച്ചിരുന്ന ഗ്രീക്ക് ഫിലോസഫറായ പൈറോ (Pyrrho). ജ്ഞാനേന്ദ്രിയങ്ങളിലൊന്നും കാര്യമായ വിശ്വാസമില്ലാതായ പൈറോ അപകടകാരികളായ നായകള്‍ക്കും ആഴത്തിലുള്ള മലമുനമ്പുകള്‍ക്കുമെല്ലാം നേരെ സഞ്ചരിക്കുമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന്റെ തന്നെ വിദ്യാര്‍ഥികളായിരുന്നു അത്തരം അപകടാവസ്ഥകളില്‍നിന്നും പൈറോയെ തടഞ്ഞിരുന്നത്. ഒരു അറിവും സംശയത്തില്‍നിന്നും മുക്തമല്ലെന്നു മാത്രമല്ല ഒരു കാര്യവും ശരിയാണെന്ന പൂര്‍ണതീര്‍പ്പില്‍ എത്താനാവില്ലെന്നും പൈറോ വാദിച്ചു.(8) സൂര്യനുദിച്ചശേഷവും അത് രാത്രിയെന്നോ പകലെന്നോ തീര്‍പ്പാക്കാതെ നാം കിടക്കയില്‍ തന്നെ ചെലവഴിക്കണം എന്നാണോ ഇവര്‍ വാദിക്കുന്നത് എന്ന ചോദ്യമുന്നയിച്ച് ഈ പൈറോണിയന്‍ ഫിലോസഫിയെ ഗാലന്‍ പരിഹസിച്ചിട്ടുണ്ട്. മറ്റൊരു സന്ദേഹവാദിയായി അറിയപ്പെടുന്ന സോക്രട്ടീസ് പറഞ്ഞ രസകരമായ വാദം ഇങ്ങനെയാണ്:

”എനിക്കാകെ അറിയാവുന്ന ഏകകാര്യം എനിക്കൊന്നുമറിയില്ലെന്നതാണ്” (The only thing I know, is that I know nothing); സന്ദേഹവാദത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിനില്‍ക്കുന്ന ആര്‍ക്കും സ്വയം പറയാന്‍ കഴിയുക ഇതുമാത്രമായിരിക്കും. തത്ത്വശാസ്ത്രപരമായി സന്ദേഹവാദത്തെ മനസ്സിലാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തൊളം ഏതൊരു അറിവിനെയും പൂര്‍ണമായി സ്വീകരിക്കാന്‍ കഴിയില്ല. ഫിലോസഫിക്കലായി സന്ദേഹവാദത്തെ മനസ്സിലാക്കിക്കൊടുത്ത സ്വന്തം അധ്യാപകരുടെ അസ്തിത്വത്തെപോലും അവിശ്വസിക്കുന്ന വരട്ടുവാദമെന്നാണ് ബി.സി 356ല്‍ ജീവിച്ചിരുന്ന അരിസ്റ്റിഫസിന്റെ സന്ദേഹവാദ വിമര്‍ശനം. തത്ത്വശാസ്ത്രരംഗത്ത് പ്രസിദ്ധമായ പ്രോട്ടഗോറസിന്റെതായി അറിയപ്പെടുന്ന മറ്റൊരു വാക്യവും സന്ദേഹവാദത്തോടു ചേര്‍ത്ത് പറയാവുന്നതാണ്. ‘സര്‍വതിന്റെയും അളവുപാത്രം മനുഷ്യനാണ്’ (Man is the measure of all things) എന്നു പറഞ്ഞതിലൂടെ വസ്തുനിഷ്ഠമായ സത്യങ്ങള്‍ ഒന്നും ഇല്ലെന്നും സര്‍വതും ആപേക്ഷികങ്ങള്‍ ആണെന്നും മനുഷ്യന്‍ അവന്റെ വ്യാഖ്യാനത്തിലുള്ള ശരിയെ തിരഞ്ഞെടുക്കുന്നു എന്നുമാണ് പ്രോട്ടഗോറസ് ഉദ്ദേശിച്ചതെന്ന് കരുതപ്പെടുന്നു. ഏതൊന്നിനെ സംബന്ധിച്ചും രണ്ടുതരത്തിലുള്ള വാദങ്ങള്‍ ഉന്നയിക്കാം എന്നതുകൊണ്ട് പ്രത്യേകിച്ച് ഏതെങ്കിലും ഒരു ശരിയുണ്ടെന്ന് പറയാന്‍ ആകില്ലെന്ന അദ്ദേഹത്തിന്റെ സിദ്ധാന്തമാണ് ആപേക്ഷികതാ വാദം (Relativism). അതിന്റെതന്നെ അടിസ്ഥാനത്തില്‍ എല്ലാ കാര്യങ്ങളും തുല്യനിലവാരത്തില്‍ ശരികളാണെന്നും പ്രോട്ടഗോസ് വിശ്വസിച്ചു.(9) എന്നാല്‍ ഇതേവാദംതന്നെ ഉപയോഗിച്ച് സര്‍വതും തുല്യനിലയില്‍ തെറ്റാണെന്ന് വാദിച്ച വ്യക്തിയായിരുന്നു സോഫിസ്റ്റ് തത്ത്വചിന്തകനായ ഗോര്‍ഗിയാസ് (Gorgias). ഇത്തരം തീവ്ര സന്ദേഹവാദങ്ങളെ മനസ്സിലാക്കിയതില്‍നിന്നും അവയെ ഖണ്ഡിക്കാന്‍ കഴിയില്ലെന്നു ബോധ്യപ്പെട്ട വ്യക്തികൂടിയാണ് പ്രശസ്ത തത്ത്വചിന്തകനായ റെനെ ദെക്കാര്‍ത്തെ.

താനൊഴികെ മറ്റൊന്നിന്റെയും അസ്തിത്വം പൂര്‍ണമായി തെളിയിക്കാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയതില്‍ നിന്നാണ് Cogito Ergosum എന്ന അദ്ദേഹത്തിന്റെ സുപ്രസിദ്ധ വാക്യമുണ്ടാകുന്നത്. I think there for I am ‘ഞാന്‍ ചിന്തിക്കുന്നു, അതിനാല്‍ ഞാനുണ്ട്’ എന്നര്‍ഥം. മറ്റെല്ലാം ഏതെങ്കിലും തരത്തിലുള്ള മിഥ്യയായ തോന്നലുകള്‍ ആണെന്ന് വന്നാല്‍പോലും അത്തരം തോന്നലുകള്‍ ഉണ്ടാകാന്‍ താന്‍ അടിസ്ഥാനപരമായി നിലനിന്നിരിക്കേണ്ടേ? അപ്പോള്‍ താന്‍ ചിന്തിക്കുന്നുണ്ട് എന്നതില്‍നിന്നും തന്റെ അസ്തിത്വം സ്വയം വ്യക്തമാണ്. എന്നാല്‍ മറ്റൊന്നിന്റെയും അസ്തിത്വത്തെ സംബന്ധിച്ച് ഈ ഉറപ്പ് പറയാന്‍ കഴിയില്ല ഇതാണ് ഈ വാചകംകൊണ്ട് ദെക്കാര്‍ത്തെ ഉദ്ദേശിച്ചത്.(10) എന്നാല്‍ താന്‍ നിലനില്‍ക്കുന്നുവെന്ന് സ്ഥാപിക്കാന്‍ ദെക്കാര്‍ത്തെ പറഞ്ഞ ഈ സുപ്രസിദ്ധ ന്യായത്തിനും മറുപടിയും ഖണ്ഡനങ്ങളുമുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് താന്‍ ചിന്തിക്കുന്നുണ്ടെന്ന തോന്നല്‍ ദെക്കാര്‍ത്തെയ്ക്ക് സ്വന്തം നിലയ്ക്ക് ഉണ്ടാകാത്തത് ആകാനുള്ള സാധ്യതകളും പറയാവുന്നതാണ്.

നിഴലുപോലെയോ അല്ലെങ്കില്‍ പ്രതിധ്വനിപോലെയോ മറ്റൊന്നിന്റെ ചിന്തയുടെ പകര്‍പ്പ് മാത്രമായി താന്‍ സ്വയം ചിന്തിക്കുന്നുണ്ടെന്ന തോന്നല്‍ ഉണ്ടായിക്കൂടേ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. അത്തരമൊരവസ്ഥയില്‍ സ്വന്തം അസ്തിത്വമോ സ്വയം ചിന്തയോ ഇല്ലെന്നാകും. ചുരുക്കത്തില്‍ സംശയിക്കാന്‍ നിന്നാല്‍ സംശയങ്ങള്‍ മാത്രം ബാക്കിയാകുന്ന അവസ്ഥയിലേക്കതെത്താം എന്നതിനുള്ള ഉദാഹരണമാണ് സന്ദേഹവാദത്തിന്റെ തന്നെ ചരിത്രം.

ഈ മായാവാദങ്ങള്‍ കേവലം ചരിത്രത്തിലോ തത്ത്വശാസ്ത്രത്തിലോ മാത്രം ഒതുങ്ങുന്നതല്ലതാനും. ആധുനിക ശാസ്ത്രം കൊണ്ടെത്തിക്കുന്നതും ആത്യന്തികമായ സത്യങ്ങളില്ലെന്ന യുക്തിയിലേക്കാണെന്ന് ക്വാണ്ടം മെക്കാനിക്‌സും റിലേറ്റിവിറ്റി തിയറിയും ഒക്കെ ഉദ്ധരിച്ച് പറയുന്ന വ്യാഖ്യാനങ്ങളുണ്ട്. ഡബിള്‍ സ്ലിറ്റ് എക്‌സ്‌പെരിമെന്റ് എന്നറിയപ്പെടുന്ന ക്വാണ്ടം ലോകത്തെ ഒരു സുപ്രസിദ്ധ പരീക്ഷണത്തെ ഉപയോഗിച്ച് ആത്യന്തിക സത്യങ്ങളില്ലെന്നും മനുഷ്യബോധമാണ് യാഥാര്‍ഥ്യത്തെ നിര്‍മിക്കുന്നതെന്നും വാദിക്കുന്നവരെ കാണാം.(11)

ക്വാണ്ടംലോകത്തെ അനിശ്ചിതത്വസ്വഭാവം മുതല്‍ കണികാതരംഗ സ്വഭാവങ്ങളെവരെ ഈ രീതിക്ക് വ്യാഖ്യാനിക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്നവരുണ്ട്. ദീപക് ചോപ്ര മുതല്‍ റോബര്‍ട്ട് ലാന്‍സവരെയുള്ള ആധുനിക ബുദ്ധിജീവികള്‍വരെ ഇതിന്റെ വക്താക്കളാണ്.

ഇതിനെല്ലാമുപരി സന്ദേഹവാദത്തിന് അതിന്റെതായ മനഃശാസ്ത്ര അനുകൂലനം കൂടെയുണ്ട്. അഥവാ ചില കാര്യങ്ങളെ സന്ദേഹിക്കാനുള്ള യുക്തി മനുഷ്യനെ ആവര്‍ത്തിച്ച് ബോധിപ്പിച്ചാല്‍ സാവധാനമെങ്കിലും അതിനോട് അടുക്കുന്ന മനഃശാസ്ത്രമാണ് മനുഷ്യനുള്ളത്. അതുകൊണ്ടാണ് സാമാന്യജനങ്ങള്‍ പൊട്ടത്തരമെന്ന് സ്വാഭാവികമായി വിലയിരുത്തുന്ന കാര്യങ്ങള്‍ സന്ദേഹവാദികള്‍ക്ക് മഹായുക്തിവാദങ്ങളാകുന്നത്. ഇന്റര്‍നെറ്റിന്റെയെല്ലാം വളര്‍ച്ചയോടെ അറിവ് കൂടുതലായി പ്രചരിക്കപ്പെട്ടു എന്നതുപോലെത്തന്നെ സംഭവിച്ച മറ്റൊരു കാര്യമാണ് ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ (Conspiracy theory) വ്യാപനവും.(12) ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള തുടര്‍ച്ചയായ ഇത്തരം പ്രചാരണങ്ങള്‍ കാരണമായി ഡൈനോസറുകള്‍ ജീവിച്ചിരുന്നതിനെ സംശയിക്കുന്നവര്‍ക്കും മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതില്‍ സംശയം പ്രകടിപ്പിക്കുന്നവര്‍ക്കും, നാസയെ സംശയിക്കുന്നവര്‍ക്കും, ഭൂമി യഥാര്‍ഥത്തില്‍ പരന്നതാണെന്ന് കരുതുന്നവര്‍ക്കും എല്ലാം ഇന്നു പ്രത്യേക സംഘടനകള്‍ പോലുമുണ്ട്. എല്ലാം ഇല്യുമിനാറ്റിയുടെ നിയന്ത്രണത്തിലാണെന്നു സംശയിക്കുകയും വാദിക്കുകയും ചെയ്യുന്നവര്‍ നമ്മുടെ കേരളത്തില്‍ പോലുമുണ്ട് എന്നതാണ് രസകരമായ മറ്റൊരു വസ്തുത. അമേരിക്കയില്‍ നടന്ന മറ്റൊരു പബ്ലിക് പോളിങ് അനുസരിച്ച് 12 ദശലക്ഷം അമേരിക്കക്കാര്‍ തങ്ങളെ അന്യഗ്രഹ ജീവികളായ ചില പല്ലി മനുഷ്യര്‍ ഭരിക്കുന്നതായിട്ടാണത്രെ വിശ്വസിക്കുന്നത്.(13)

ചില പ്രത്യേകതരത്തിലുള്ള യുക്തി ഉപയോഗിച്ച് എന്തിനെയെങ്കിലും സംബന്ധിച്ച സംശയബോധം മനുഷ്യരിലേക്ക് തുടര്‍ച്ചയായി ഇന്‍ജക്റ്റ് ചെയ്തുകൊണ്ടിരുന്നാല്‍ എത്ര കൃത്യമായ യാഥാര്‍ഥ്യത്തെയും നിഷേധിക്കുന്ന അബദ്ധത്തിലേക്ക് അവരെക്കൊണ്ടെത്തിക്കാം എന്നാണ് സന്ദേഹവാദത്തിന്റെ തന്നെ ചരിത്രവും വര്‍ത്തമാനവും നമുക്ക് പറഞ്ഞുതരുന്നത്. അപ്പോള്‍ മതവിരോധികളായ കുറച്ചധികം ഉത്തരാധുനിക മനുഷ്യര്‍ നിരന്നുനിന്ന് സെലക്ടീവായി മതത്തിനും ദൈവത്തിനും എതിരില്‍ തങ്ങളുടെ പ്രാകൃത സന്ദേഹവാദത്തിന്റെ യുക്തി ഛര്‍ദിച്ചാല്‍ കുറച്ചെങ്കിലും യാഥാര്‍ഥ്യബോധമില്ലാത്ത മനുഷ്യര്‍ ആ മാലിന്യചിന്തകളില്‍ പെട്ടുപോകുമെന്നത് യാഥാര്‍ഥ്യമാണ്. നവനാസ്തിക ചിന്തകള്‍ മനഃശാസ്ത്രപരമായ ഈ ഛര്‍ദിലുകള്‍ മാത്രമാകുന്നത് അങ്ങനെയാണ്.

ശാഹുല്‍ പാലക്കാട്
നേർപഥം വാരിക

മതം മനുഷ്യനന്മക്ക്

മതം മനുഷ്യനന്മക്ക്

‘ദീന്‍’ എന്ന പദത്തിന് ‘നിയമം,’ ‘പ്രതിഫലം’ എന്നൊക്കെ ഭാഷാര്‍ഥങ്ങള്‍ ഉണ്ട്. എന്നാല്‍ സാങ്കേതികാര്‍ഥത്തില്‍ ‘മതം’ എന്നുതന്നെയാണ് പറയുന്നത്. മരണശേഷം മനുഷ്യന്റെ രക്ഷയും മോക്ഷവും ശാശ്വതമായിരിക്കേണ്ടതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളുടെ ആകത്തുകയാണ് മതം. ഇതേക്കുറിച്ച് ഒട്ടേറെ സങ്കല്‍പങ്ങളും ധാരണകളുമുണ്ട്. പക്ഷേ, യാഥാര്‍ഥ്യം ഒന്നേയുള്ളൂ. അതാണ് ഇസ്‌ലാം. ഈ പദത്തിന് ‘സമാധാനം,’ ‘അനുസരണം’ തുടങ്ങിയ ഭാഷാര്‍ഥങ്ങള്‍ ഉണ്ടെങ്കിലും ‘അര്‍പ്പണം’ എന്ന അര്‍ഥമാണ് ഏറ്റവും യോജ്യമായിട്ടുള്ളത്.

ഇസ്‌ലാം എന്നാല്‍ അര്‍പ്പണം എന്നാകുന്നു. അപ്പോള്‍ ഇസ്‌ലാം ദീന്‍ എന്നതിന്ന് അര്‍പ്പണത്തിന്റെ മതം എന്നായി. മറ്റേതൊരു മതവും അതുത്ഭവിച്ച സമുദായത്തിന്റെ പേരിലോ അതിന്റെ സ്ഥാപകന്റെയോ പ്രബോധകന്റെയോ പേരിലോ ആണ് അറിയപ്പെടുന്നത്; ക്രിസ്തുമതം, ബുദ്ധമതം എന്നിവപോലെ. എന്നാല്‍ ഇസ്‌ലാം മതം അങ്ങനെയല്ല. അതില്‍ ഏതെങ്കിലുമൊരു സമുദായത്തിന്റെയോ ഒരു പ്രവാചകന്റെയോ പരാമര്‍ശമില്ല. കാരണം എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്തതാണത്. മനുഷ്യവര്‍ഗത്തിന്നാകമാനം സ്വീകാര്യമായിട്ടുള്ളത്. അതിനാല്‍ യാതൊരു പ്രത്യേക ബന്ധവും സൂചിപ്പിക്കാതെ ഇസ്‌ലാം മതമെന്ന പൊതുവായ നാമം അല്ലാഹു നല്‍കിയിരിക്കുകയാണ്.

അര്‍പ്പണത്തിന്റെ മതമെന്നു നാം അര്‍ഥം പറഞ്ഞല്ലോ. എന്താണ് അര്‍പ്പിക്കേണ്ടത്? ആര്‍ക്കാണ് അര്‍പ്പിക്കേണ്ടത്? മനുഷ്യര്‍ക്ക് നേര്‍വഴി കാണിച്ചുകൊടുക്കുവാനായി അല്ലാഹു അവതരിപ്പിച്ച വേദങ്ങളില്‍വെച്ച് യാതൊരു വ്യത്യാസവും വരാതെ സുരക്ഷിതമായി നിലകൊള്ളുന്ന പരിശുദ്ധ ക്വര്‍ആനില്‍ അല്ലാഹു പറയുന്നു:

”നിശ്ചയമായും അല്ലാഹു സത്യവിശ്വാസികളില്‍നിന്ന് അവരുടെ ആത്മാക്കളെയും അവരുടെ മുതലുകളെയും വിലയ്‌ക്കെടുത്തിരിക്കുന്നു. അവര്‍ക്ക് സ്വര്‍ഗമുണ്ട് എന്നുള്ളതിന് പകരമായി” (തൗബ 111). അതായത്, സത്യവിശ്വാസികള്‍ക്ക് വേണ്ടി അല്ലാഹു ഒരു കച്ചവടം നടത്തിയിട്ടുണ്ടെന്ന് അല്ലാഹു പറയുന്നു. ചരക്ക് ആത്മാവും ധനവുമാണ്. വില നിശ്ചയിച്ചിരിക്കുന്നത് പരലോകത്ത് സ്വര്‍ഗവുമാണ്. ഇപ്പോള്‍ രണ്ടു ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടി. അര്‍പ്പിക്കേണ്ട വസ്തു ആത്മാവും ധനവും. അര്‍പ്പിക്കേണ്ടത് അല്ലാഹുവിന്ന്. ഇതാണ് ഇസ്‌ലാം. ഈ കച്ചവടം തൃപ്തിപ്പെട്ട് അംഗീകരിച്ചവനാണ് മുസ്‌ലിം. വിസമ്മതിച്ചവന്‍ മുസ്‌ലിമല്ല. ഈ ആശയം പരിശുദ്ധ വേദഗ്രന്ഥത്തില്‍ വിവിധ വാചകങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. ആത്മാവിനെ സംബന്ധിച്ച് പറഞ്ഞ ഒരു ഉദാഹരണം കാണുക:

”അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ചുകൊണ്ട് ആത്മാവിനെ വില്‍ക്കുന്നവരുണ്ട് മനുഷ്യരുടെ കൂട്ടത്തില്‍. അല്ലാഹു അടിമകളോട് വളരെ വാത്സല്യമുള്ളവനാകുന്നു” (അല്‍ബക്വറ 207).

മുസ്‌ലിമിനെ പറ്റിയാണ് ഈ വചനത്തില്‍ പറയുന്നത്. ആത്മവ്യാപാരമെന്ന് പറയുമ്പോള്‍ ശരീരത്തിന് യാതൊരു ബന്ധവും ഇല്ലാത്തതും ആത്മാവിനെ മാത്രം ബാധിക്കുന്നതുമായ കാര്യമാണെന്ന് ധരിക്കരുത്. ആത്മഹത്യ എന്നും ആത്മപ്രശംസ എന്നുമൊക്കെ പറയുന്നതുപോലെയാണിത്. ഈ വ്യാപാരം ഒരുവന്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ പിന്നെ ആവശ്യമായിട്ടുള്ളതെന്തെന്നാല്‍, തന്റെ ഉടമസ്ഥന്‍ അല്ലാഹുവാണെന്ന വിശ്വാസം ആദ്യമായി ഉള്‍ക്കൊള്ളണം. ഉടമസ്ഥനായ അല്ലാഹുവിന്റെ അനുവാദമനുസരിച്ചല്ലതെ തന്റെ ഇഷ്ടാനുസരണം യാതൊന്നും ചെയ്യുവാന്‍ ഒരുങ്ങരുത്.

കണ്ണ്, മൂക്ക്, ചെവി, കൈ, കാല്, തലച്ചോറ് മുതലായവയുടെയെല്ലാം ഉടമസ്ഥന്‍ അല്ലാഹുതന്നെയാണെന്നുള്ളതിനാല്‍ അല്ലാഹുവിന്റെ അനുവാദമില്ലാതെ വല്ലതും നോക്കുകയോ കേള്‍ക്കുകയോ സംസാരിക്കുകയോ നടക്കുകയോ ഇരിക്കുകയോ ചിന്തിക്കുകയോ ഒന്നും അരുത്. ഏതു വിഷയത്തിലും അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ചുകൊണ്ടേ ഇടപെടാവൂ. ഈ സൂക്ഷ്മത എല്ലായ്‌പ്പോഴും പാലിക്കണം. ആത്മാര്‍പ്പണത്തിന്റെ പ്രതികരണമാണത്. ഇതില്‍ വല്ല വ്യത്യാസവും വന്നുപോയാല്‍, ഉദാഹരണം: തനിക്കിഷ്ടമുള്ളതെല്ലാം സംസാരിക്കാന്‍ തനിക്ക് സ്വാതന്ത്ര്യമുണ്ട്; യാതൊരു നിയമവ്യവസ്ഥയും പരിഗണിക്കേണ്ടതില്ല എന്ന് ഒരാള്‍ വിചാരിക്കുന്നപക്ഷം ഉടമസ്ഥന്റെ സമ്മതം കൂടാതെ അനധികൃതമായി, അക്രമമായി കടന്നുപ്രവര്‍ത്തിച്ചു എന്നുവന്നു. അപ്പോള്‍ കച്ചവടം പിന്‍വലിച്ചുവെന്നര്‍ഥമായിത്തീരും. ചുരുക്കത്തില്‍ സംസാരം, നോട്ടം, കേള്‍വി, ഭക്ഷണപാനീയങ്ങള്‍, ലൈംഗിക വിഷയങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും അല്ലാഹുവിന്റെ അനുവാദവും തൃപ്തിയും അനുസരിച്ചല്ലാതെ മുസ്‌ലിമിന്നു യാതൊന്നും ചെയ്യാന്‍ നിവൃത്തിയില്ല.

ആത്മാര്‍പ്പണത്തെ സംബന്ധിച്ച് പറഞ്ഞ മറ്റൊരു വേദവാക്യം:

”പറയുക: നിശ്ചയമായും എന്റെ പ്രാര്‍ഥനയും എന്റെ ബലിയും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിനു വേണ്ടിയാകുന്നു” (അല്‍ആം 112).

എന്റെ ജീവിതവും എന്റെ മരണവും അല്ലാഹുവിനുവേണ്ടി ഞാന്‍ ജീവിക്കുന്നുവെന്ന് വെച്ചാല്‍; എന്റെ ജീവിതത്തില്‍ എനിക്ക് എന്തെങ്കിലും സാധിക്കണമെന്നുള്ള യാതൊരു ഉദ്ദേശവും എന്റെ ഇഷ്ടപ്രകാരം ഞാന്‍ കൈകൊണ്ടിട്ടില്ല. അല്ലാഹു എന്നില്‍നിന്ന് എന്താണോ തൃപ്തിപ്പെടുന്നത് അതാണ് എന്റെ ആവശ്യം; അതെത്ര പ്രയാസപ്പെട്ടതായാലും തരക്കേടില്ല. അതിനുവേണ്ടി എന്ത് കഷ്ടവും നഷ്ടവും സഹിച്ചു ത്യാഗം ചെയ്യുവാന്‍ ഞാനൊരുക്കമാണ്. അല്ലാഹു വെറുക്കുന്ന ഒരു കാര്യത്തില്‍ എനിക്കെത്ര ആവശ്യവും ആശയും തോന്നിയാലും അല്ലാഹു വെറുക്കുന്നു എന്ന ഏക കാരണത്താല്‍ ഞാനത് വര്‍ജിക്കുന്നതാകുന്നു. അല്ലാഹുവിന്റെ തൃപ്തി ലഭിക്കുന്ന മാര്‍ഗത്തില്‍ മരണത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നതാകുന്നു. അല്ലാഹുവിനുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുക എന്നതിന്റെ സാരമാണിത്. വ്യക്തിപരമായും കടുംബപരമായും സാമൂഹികമായും രാഷ്ട്രീയമായും രാഷ്ട്രാന്തരീയമായും മറ്റുമുള്ള എല്ലാ കാര്യങ്ങളിലും ഈ നിലപാടു കൈകൊള്ളേണ്ടതാകുന്നു. മനുഷ്യനും ദൈവവും തമ്മിലുള്ള സ്വകാര്യബന്ധത്തെ മാത്രം പരാമര്‍ശിക്കുന്ന ഒന്നാണ് മതമെന്നൊരു ധാരണ ചിലര്‍ക്കുണ്ട്. ഇസ്‌ലാം മതത്തെ സംബന്ധിച്ചിടത്തോളം അതൊരിക്കലും ശരിയല്ല.

മേല്‍ ഉദ്ധരിച്ച വേദവാക്യത്തില്‍ എന്റെ ജീവിതവും എന്റെ മരണവും അല്ലാഹുവിന് വേണ്ടി എന്നു പറഞ്ഞേടത്ത് അല്ലാഹുവിനെ സംബന്ധിച്ച് ഒരു വിശേഷണം പറഞ്ഞിട്ടുണ്ടല്ലോ; ‘ലോകരക്ഷിതാവായ’ എന്ന്. അത് വളരെ അര്‍ഥഗര്‍ഭവും കാര്യമാത്ര പ്രസക്തവുമായ പ്രയോഗമാകുന്നു. ഞാന്‍ അല്ലാഹുവിന് വേണ്ടി ജീവിക്കുന്നുവെന്ന് പറയുമ്പോള്‍ അല്ലാഹുവിന്ന് വല്ല നേട്ടവും ഉണ്ടാക്കിക്കൊടുക്കുവാന്‍ എന്നു തോന്നിപ്പോയേക്കാവുന്നതാണ്. എന്നാല്‍ അങ്ങനെ ഒന്ന് ഇവിടെയില്ല. അല്ലാഹുവിന് വല്ല പോരായ്മയുമുണ്ടെങ്കിലല്ലേ അതു നികത്തിക്കൊടുക്കേണ്ട പ്രശ്‌നം വരുന്നുള്ളൂ. അല്ലാഹു എല്ലാം തികഞ്ഞവനാകുന്നു. എല്ലാവരും അവനോട് തികഞ്ഞ അച്ചടക്കം പാലിച്ചാല്‍ അല്ലാഹുവിന് യാതൊരു നേട്ടവുമില്ല. എല്ലാവരും അവനോട് ധിക്കാരം കാണിച്ചാല്‍ അല്ലാഹുവിന്റെ മഹത്ത്വത്തിന് യാതൊരു കോട്ടവും ഇല്ല. നേട്ടവും കോട്ടവുമൊക്കെ നമുക്കുതന്നെയാകുന്നു. ലോകരക്ഷിതാവായ അല്ലാഹുവിന് വേണ്ടി ജീവിക്കുന്നുവെന്ന് പറയുമ്പോള്‍ മേല്‍സൂചിപ്പിച്ച തെറ്റിദ്ധാരണ ഒഴിവാകും. അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി ലോകത്ത് കഴിവില്‍പെട്ടിടത്തോളം നന്മ വരുത്തുക, അഥവാ എല്ലാവര്‍ക്കും കഴിയുന്ന ഗുണം ചെയ്തുകൊടുക്കുക എന്നും അര്‍ഥമാകും. അല്ലാഹുവിന്റെ സൃഷ്ടികള്‍ക്ക് കഴിവില്‍പെട്ട എല്ലാ ഗുണങ്ങളും ചെയ്തുകൊടുക്കല്‍ മുസ്‌ലിമിന്റെ ബാധ്യതയാണെന്ന് വരും. ആരെയും അന്യായമായും അകാരണമായും ദ്രോഹിക്കുവാന്‍ ഒരിക്കലും പാടില്ല. ഇസ്‌ലാം മതത്തിന്റെ അന്ത്യപ്രവാചകന്‍ ഈ വിഷയം വളരെ വിശദമായി നമ്മെ പഠിപ്പിച്ചിരിക്കുന്നു. എല്ലാ പ്രവാചകന്‍മാരും ഇതുപോലെ പഠിപ്പിച്ചവര്‍തന്നെയാണ്.

ഒരു നബിവചനം ശ്രദ്ധിക്കുക: ”ഒരു പെണ്ണ് ഒരു പൂച്ച കാരണത്താല്‍ നരകത്തില്‍ കടന്നു. അവള്‍ അതിനെ ബന്ധിച്ചു. എന്നിട്ട് അതിന് ഭക്ഷണം കൊടുത്തില്ല. ഭൂമിയിലെ പ്രാണികളെ പിടിച്ചുതിന്നാന്‍തക്ക നിലയില്‍ അതിനെ വിട്ടയച്ചതുമില്ല.” അതായത് പൂച്ച വീട്ടിനകത്തും അടുക്കളയിലും വലിയ ശല്യമുണ്ടാക്കുന്ന ജീവിയാണ്. ശല്യം ഒഴിവാക്കാനായി അതിനെ കൂട്ടിലിടുകയോ കെട്ടിയിടുകയോ ചെയ്യേണ്ടിവന്നാല്‍ അതിനു വിരോധമില്ല. പക്ഷേ, അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ ഭക്ഷണം നിങ്ങള്‍ തിന്നുകയും തീറ്റുകയും ചെയ്യുമ്പോള്‍ ആ പൂച്ചക്കും വിശപ്പടക്കാന്‍ കൊടുക്കണം. അതിന് സൗകര്യപ്പെടാത്ത പക്ഷം അതിനെ വിട്ടയക്കുക. ചുറ്റിനടന്ന് വല്ലതും പെറുക്കിത്തിന്നുകൊള്ളട്ടെ. ഇങ്ങനെയൊന്നും ചെയ്യാതെ അതിനെ ബന്ധിച്ച് കഷ്ടപ്പെടുത്തുന്നപക്ഷം നിങ്ങള്‍ നരകശിക്ഷ അനുഭവിക്കേണ്ടിവരുന്നതാകുന്നു. പ്രവാചക വചനത്തില്‍ പെണ്ണിനെ ആസ്പദമാക്കിയാണ് പറഞ്ഞിട്ടുള്ളത് എങ്കിലും നിയമം എല്ലാവര്‍ക്കും ബാധകമാണ്. അല്ലാഹുവിന്റെ നിയമനടപടികളില്‍ പക്ഷഭേദമില്ല. കുറ്റമായ സംഗതി ആരു ചെയ്താലും കുറ്റമാണ്. ഒരു പൂച്ചയെ ദ്രോഹിച്ചതിന്റെ കെടുതിയാണല്ലോ നാമിവിടെ കണ്ടത്. ഇനി ഇതിന്റെ മറുവശംകൂടി കാണുക. പ്രവാചകന്‍ ﷺ പറഞ്ഞു:

”ഒരു നായ കിണറിനുചുറ്റും നടന്നുകൊണ്ടിരിക്കെ ഇസ്രാഈല്‍ കുടുംബത്തില്‍പെട്ട ഒരു വേശ്യാസ്ത്രീ അതുകണ്ടു. നായ ദാഹിച്ചു വലഞ്ഞിരിക്കുകയാണെന്നവള്‍ മനസ്സിലാക്കി. അതിനു ദാഹശമനം വരുത്തിക്കൊടുക്കുന്നതില്‍ അല്ലാഹുവിന്റെ തൃപ്തിയെ അവള്‍ കാംക്ഷിച്ചു. അവള്‍ ഷൂ ഊരി അതില്‍ വെള്ളം കോരി നായയെ കുടിപ്പിച്ചു. തന്നിമിത്തം അവള്‍ക്ക് പൊറുത്തുകൊടുത്തു.” നോക്കുക! ദുര്‍വൃത്തികളില്‍ വെച്ച് ഏറ്റവും നീചമായ മഹാപാപം നിത്യത്തൊഴിലാക്കിയിരുന്ന ഒരാള്‍ക്ക് പാപമോചനം ലഭിച്ചത് നായക്ക് വെള്ളം കോരിക്കൊടുത്തതിന്റെ ഫലമായിട്ടാണെന്നു കാണുന്നു. ഇത്രവലിയ ഗുണം ഇതിനുണ്ടോ? തീര്‍ച്ചയായും ഉണ്ടെന്നാണ് ലോകത്തിന് കാരുണ്യമായി നിയോഗിക്കപ്പെട്ട അന്ത്യപ്രവാചകന്‍ ﷺ പഠിപ്പിച്ചിരിക്കുന്നത്. കാരണം വ്യക്തമാണ്. മുസ്‌ലിം അല്ലാഹുവിനുവേണ്ടി ജീവിക്കുന്നു. അല്ലാഹു എല്ലാ സൃഷ്ടികളുടെയും യജമാനനാകുന്നു. അതിനാല്‍ എല്ലാ സൃഷ്ടികള്‍ക്കും കഴിയുന്ന ഗുണം ചെയ്തുകൊടുക്കല്‍ മുസ്‌ലിമിന്റെ കടമയാകുന്നു. നാം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളുടെ ബന്ധുക്കളെയും ആശ്രിതരെയും സഹായിക്കുവാന്‍ ഉത്സാഹം തോന്നല്‍ സ്വാഭാവികമാണല്ലോ.

ഇസ്‌ലാമിന്റെ അന്ത്യപ്രവാചകന്റെ ഒരു തിരുവചനവും കൂടി കേള്‍ക്കുക: ”അല്ലാഹുവിന്ന് ആത്മാര്‍പ്പണം ചെയ്ത മുസ്‌ലിം വല്ലതും കൃഷി ചെയ്തുണ്ടാക്കിയാല്‍ അതില്‍നിന്ന് തിന്നുപോകുന്നതൊക്കെയും അയാളുടെവക ധര്‍മമാകുന്നു. അതില്‍നിന്ന് കളവുപോയാല്‍ അതും അയാളുടെവക ധര്‍മമാകുന്നു. അതില്‍നിന്ന് വല്ലതും മുറിച്ചെടുത്താല്‍ അതും അയാളുടെവക ധര്‍മമാകുന്നു. ഈ മൂന്ന് ഇനത്തിലും ധര്‍മമായിട്ടല്ലാതെ ഒന്നുമില്ല.”

ഈ വചനത്തിന്റെ ഉള്ളടക്കം ഒരു ഉദാഹരണത്തിലൂടെ വിശദമാക്കാം: ഒരു മുസ്‌ലിം, അതായത് അല്ലാഹുവിനുവേണ്ടി ആത്മാര്‍പ്പണം ചെയ്തവന്‍ ഒരു ചക്കക്കുരു പാകി. അത് മുളച്ചുപൊന്തി വളര്‍ന്നു പ്ലാവായി. അതിന്റെ ഇലകള്‍ ആട് തിന്നുന്നു. ചക്ക മനുഷ്യര്‍ തിന്നുന്നു. ചക്കയുടെ മടല്‍ മൃഗം തിന്നുന്നു. മരത്തില്‍ ചക്ക പഴുത്ത് പക്ഷികള്‍ കൊത്തിത്തിന്നുന്നു. ഇങ്ങനെ മനുഷ്യരും മൃഗങ്ങളും പറവകളും പലവിധത്തില്‍ തിന്നുന്നതൊക്കെയും ആ ചക്കക്കുരു പാകിയവന്റെ വക ധര്‍മമാകുന്നു. ആ പ്ലാവില്‍നിന്ന് ഒരു ചക്ക മോഷണം പോയാല്‍ അതും അയാളുടെ വക ധര്‍മമാകുന്നു. മോഷ്ടാവിന് കുറ്റമില്ലെന്നു ഇവിടെ ആരും അര്‍ഥമാക്കരുത്. ഓരോരുത്തര്‍ക്കും അവരവര്‍ ചെയ്തതുണ്ടായിരിക്കും. മോഷ്ടാവിന് മോഷണക്കുറ്റം. മുതല്‍ നഷ്ടപ്പെട്ടവന്നു നഷ്ടപരിഹാരം. ആ പ്ലാവിന്റെ അല്ലികളും കൊമ്പുകളുമെടുത്ത് തീ കത്തിച്ചാല്‍ അതും ആ വിത്ത് പാകിയവന്റെവക ധര്‍മമാകുന്നു. അവസാനം ആ മരം മുറിച്ച് പലകയും കഴുക്കോലും മറ്റുമായി ഈര്‍ന്ന് ഉപയോഗപ്പെടുത്തിയാല്‍ അതും അയാളുടെവക ധര്‍മമാകുന്നു. നോക്കുക! പുണ്യം സമ്പാദിക്കുവാനുള്ള മാര്‍ഗം ഇസ്‌ലാമില്‍ എത്ര എളുപ്പം! ഇതൊക്കെ ഇത്രത്തോളം വന്നതെന്തുകൊണ്ടെന്നാല്‍ മര്‍മപ്രധാനമായ ഒരു തത്ത്വം നേരത്തെ അംഗീകരിച്ചിട്ടുണ്ട്. ലോകരക്ഷിതാവായ അല്ലാഹുവിനുവേണ്ടി ജീവിക്കുക, അഥവാ ആത്മാര്‍പ്പണം ചെയ്യുക എന്ന തത്ത്വം. ഈ തത്ത്വത്തില്‍നിന്നുള്ള നീക്കങ്ങളും അതിന്റെ പ്രതികരണങ്ങളുമാണ് മുസ്‌ലിമിന്റെ സര്‍വവും

അല്ലാഹുവിന്ന് അര്‍പ്പിക്കേണ്ട രണ്ടാമത്തെ വസ്തു ധനമാണെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ. അതെങ്ങനെയെന്നാല്‍ ധനം മാതാപിതാക്കളില്‍നിന്നോ മറ്റോ അവകാശം കിട്ടിയതോ, കച്ചവടമോ കൃഷിയോ മുഖേന സമ്പാദിച്ചതോ, ന്യായമായനിലയില്‍ സംഭാവന ലഭിച്ചതോ ഏതായാലും ശരി, അതിന്റെ ഉടമസ്ഥത അല്ലാഹുവിന്ന് വിട്ടുകൊടുക്കുക, വ്യക്തികള്‍ക്ക് അനുവദിക്കപ്പെട്ട ഉടമസ്ഥാവകാശം ഇഷ്ടം പോലെ എന്തും ചെയ്യാമെന്ന അര്‍ഥത്തിലല്ല; സമ്മതം കൂടാതെ മറ്റുള്ളവര്‍ക്ക് അതില്‍ കയ്യിടുവാന്‍ അവകാശമില്ല എന്നും കൈവശക്കാരന് ക്രയവിക്രയം ചെയ്യാന്‍ അധികാരമുണ്ട് എന്നുമുള്ള അര്‍ഥത്തിലാണ്. അല്ലാഹുവിന്റെ സമ്മതത്തിനെതിരെ കൈകാര്യം ചെയ്യുവാന്‍ അധികാരമില്ല എന്ന ബോധം എപ്പോഴുമുണ്ടായിരിക്കണം. ഉടമസ്ഥാവകാശം അല്ലാഹുവിന്ന് വിട്ടുകൊടുത്താല്‍ പിന്നെ തനിക്ക് അത് തൊടാന്‍ പാടില്ലാതെ ആയിത്തീരുകയും തനിക്കും കുടുംബത്തിനും ജീവിതം മുട്ടിപ്പോവുകയും ചെയ്യുമെന്ന് ധരിക്കരുത്. ന്യായമായ നിലയില്‍ ആവശ്യത്തിന് ചെലവാക്കിക്കൊള്ളുവാന്‍ അല്ലാഹു അനുവദിച്ചിരിക്കുന്നു, അഥവാ ആജ്ഞാപിച്ചിരിക്കുന്നു. ഔദാര്യപൂര്‍വം അല്ലാഹു അനുവദിച്ചുതന്നു എന്നുള്ള ഉപകാര സ്മരണയോടുകൂടി സ്വന്തം ആവശ്യത്തിന് ചെലവഴിക്കുമ്പോള്‍ അതു സംബന്ധിച്ച് അല്ലാഹുവിന് നന്ദിപറയല്‍ സ്വാഭാവികമായി വന്നുകൂടുന്നതാണ്. ഇത് മുസ്‌ലിമിന്റെ ചിട്ടയുമാണ്. അഗതികള്‍ക്ക് ധര്‍മം കൊടുക്കുവാനും മനുഷ്യര്‍ക്ക് ഉപകാരപ്രദമായ മാര്‍ഗങ്ങളില്‍ ചെലവഴിക്കുവാനും അല്ലാഹു കല്‍പിച്ചിരിക്കുന്നു. ഇതിലൊക്കെയും അല്ലാഹുവിന്റെ തൃപ്തിയെ മാത്രമാണ് ഉന്നമാക്കേണ്ടത്. സല്‍ക്കീര്‍ത്തി ആഗ്രഹിച്ചുകൊണ്ടോ പ്രത്യുപകാരം കാംക്ഷിച്ചുകൊണ്ടോ ആയിപ്പോകരുത്. ധര്‍മം വാങ്ങിയവന്റെ നേരെ മേന്മനടിക്കുകയോ അതെടുത്തു പറഞ്ഞ് അവനെ ക്ലേശിപ്പിക്കുകയോ അരുത്. തന്റെ കടമ നിറവേറ്റിയതായി മാത്രമെ കണക്കാക്കാന്‍ പാടുള്ളു. ധനത്തിന്റെ ഉടമസ്ഥാവകാശം അല്ലാഹുവിന്ന് അര്‍പ്പിക്കുകയും അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം അത് കൈകാര്യം ചെയ്യുകയും ചെയ്താല്‍ ലോകത്തെ അലട്ടിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം ലഭിക്കുന്നതാകുന്നു.

ഇസ്‌ലാം എന്നതിന്റെ മര്‍മപ്രധാനമായ തത്ത്വമാണ് ഇതുവരെ പറഞ്ഞത്. ദൈവനിയുക്തരായ എല്ലാ പ്രവാചകന്മാരും ഈ തത്ത്വം തന്നെയാണ് ഉപദേശിച്ചത്. എല്ലാ പ്രവാചകന്മാരും മുസ്‌ലിംകളാണ്. അവരുടെ അനുയായികളും മുസ്‌ലിംകളാണ്. (അവസാനിച്ചില്ല)

 

കെ. ഉമര്‍ മൗലവി

 

നേർപഥം വരിക 

 

ചരിത്രസത്യത്തെ ഭയപ്പെടുന്നവര്‍

ചരിത്രസത്യത്തെ ഭയപ്പെടുന്നവര്‍

”പക്ഷേ, നമ്മുടെ വികലമായ ചരിത്രത്തില്‍ ഒരുവിഭാഗം വിസ്മരിക്കപ്പെട്ടിരിക്കുന്നു. പൂക്കോട്ടൂരിലെയും മേല്‍മുറിയിലെയും പാവനമണ്ണില്‍ പരതന്ത്ര്യത്തിനെതിരായി പടപൊരുതി ചോര ചിന്തിയ, വാഗണ്‍ ട്രാജടിയില്‍ ശ്വാസംമുട്ടി പിടഞ്ഞു പിടഞ്ഞു മരിച്ച, ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ തീതുപ്പുന്ന പീരങ്കികള്‍ക്ക് വിരിമാറുകാട്ടി പരലോകംപൂണ്ട സഹോദരന്മാര്‍ ഒരു വര്‍ഗീയ ലഹളയില്‍ പങ്കെടുത്ത ദേശദ്രോഹികളായിത്തീര്‍ന്നിരിക്കുന്നു! അവരെ ആദരിക്കണ്ട; അവശേഷിച്ച ആ സ്വാതന്ത്ര്യഭടന്മാര്‍ക്ക് താമ്രപത്രവും പെന്‍ഷനും നല്‍കണം. അവരെ അപമാനിക്കാതിരിക്കയെങ്കിലും ചെയ്തുകൂടേ?”

ഇ.മൊയ്തു മൗലവിയുടെ, ‘ഇന്ത്യന്‍ മുസ്‌ലിംകളും സ്വാതന്ത്യ പ്രസ്ഥാനവും’ എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ 1982ല്‍ സി.എച്ച് മുഹമ്മദ് കോയ സാഹിബ് എഴുതിയ വരികളാണിത്.  ചരിത്ര വസ്തുതകളെ കുഴിച്ച് മൂടാന്‍ ശ്രമിക്കുന്നവരുടെ പരിശ്രമങ്ങള്‍ ഏറെ മുമ്പേ തുടങ്ങിയിട്ടുണ്ട് എന്നതിന് ഈ വരികള്‍ സാക്ഷിയാണ്.

ഫാഷിസം എന്തിനാണ് യഥാര്‍ഥ ചരിത്രത്തെ ഇത്രമേല്‍ ഭയക്കുന്നത്? തങ്ങളുടെ പൂര്‍വികരുടെ ചെയ്തികളിലുള്ള ജാള്യം മൂലമാണെങ്കില്‍ അതിന് ചിലരുടെ പേര് വെട്ടിയാല്‍ മാത്രം പരിഹാരമാകുമോ?

മുസ്‌ലിം നാമമാണ് പ്രശ്‌നമെങ്കില്‍ ഇവിടംകൊണ്ട് ഇത് തീരുകയും ഇല്ല! ഇന്ത്യാഗേറ്റടക്കം പൊളിക്കേണ്ടിവരും. അവിടെയും അവസാനിക്കില്ല! ഇന്ത്യയിലെ മണ്ണു മുഴുവന്‍ മാന്തിയെടുത്ത് അറബിക്കടലില്‍ തള്ളേണ്ടിവരും! കാരണം, ഈ മണ്ണിന് ആ പോരാളികളുടെ ചോരയുടെ മണമുണ്ട്.

ചരിത്രം നിര്‍മിച്ചവര്‍തന്നെ ചരിത്രം പറയലാണ് നല്ലത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തന്നെ വിശദീകരിക്കട്ടെ:

”അവരും (ഹിന്ദുക്കളും) നമ്മെപോലെ കഷ്ടപ്പെടുന്നവരാണ്. ഞാന്‍ ഇന്നലെ ഒരു വിവരം അറിഞ്ഞു. ഇത് ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള ഒരു യുദ്ധമായി പുറം രാജ്യങ്ങളില്‍ പറയുന്നുണ്ടത്രെ. നമുക്ക് ഹിന്ദുക്കളോട് പകയില്ല. എന്നാല്‍ ഗവണ്‍മെന്റിനെ സഹായിക്കുകയോ ഗവണ്‍മെന്റിന്റെ ആള്‍ക്കാര്‍ക്ക് ഒറ്റുകൊടുക്കുകയോ ചെയ്താല്‍ നിര്‍ദയമായി അവരെ ശിക്ഷിക്കും. ഇത് മുസല്‍മാന്റെ രാജ്യമാകാന്‍ ആഗ്രഹമില്ല” (വാഗണ്‍ ട്രാജഡിപേജ് 62).

മലബാര്‍ സമരം ആര്‍ക്കെതിരെയായിരുന്നു എന്ന് ഇതില്‍നിന്ന് വ്യക്തം. ബ്രിട്ടീഷുകാരെ സഹായിച്ചവരെ മതം നോക്കാതെ അവര്‍ ശിക്ഷിച്ചിട്ടുണ്ട്. (ഇതിന്റെ മതപരമായ വിധി ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല).

ആനക്കയം കൂരിമണ്ണില്‍ ചേക്കുട്ടി ഇന്‍സ്‌പെക്ടര്‍, തിരൂരങ്ങാടിയിലെ അധികാരി കെ.ടി.മൂസക്കുട്ടി, ചോല ഉണ്ണീന്‍ എന്നിവര്‍ പോരാളികളുടെ പ്രതികാര നടപടിക്ക് വിധേയരായവരായിരുന്നു. ചേക്കുട്ടിയുടെ തല അറുക്കപ്പെട്ടിട്ടുണ്ട്.

‘അധികാരിച്ചേക്കുട്ടിന്റെ തലയവര്‍ മുറിച്ചു

അതുമൊരു കുന്തത്തിന്മേന്‍ അവര്‍ കുത്തിപ്പിടിച്ചു’

എന്ന പാട്ടിന്റെ പശ്ചാത്തലം അതാണ്.

മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിനെ ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്തത് മലബാര്‍ സമരത്തില്‍ പങ്കെടുത്തതിനാലായിരുന്നു എന്നത് സമരത്തിലെ ഹിന്ദുക്കളുടെ സാന്നിധ്യം വ്യക്തമാക്കുന്നുണ്ട്.

പുതിയ വീട്ടില്‍ രാമുണ്ണി നായരുടെ വീട് ചിലര്‍ കൊള്ളചെയ്ത വിവരം കുഞ്ഞഹമ്മദ് ഹാജിക്ക് ലഭിച്ചു. അവരെ മുഴുവന്‍ പിടിച്ച് തന്റെ മുന്നില്‍ ഹാജറാക്കാന്‍ അദ്ദേഹം കല്‍പിച്ചു. കൊള്ള മുതലുകള്‍ മുഴുവന്‍ മടക്കിക്കൊടുക്കാനും ഓരോരുത്തര്‍ക്കും ഇരുപത് അടി വീതം ശിക്ഷ നല്‍കാനും അദ്ദേഹം വിധിച്ചു. കുഞ്ഞാമു എന്ന വ്യക്തി മുതല്‍ തിരികെ കൊടുക്കാന്‍ കൂട്ടാക്കിയില്ല. അയാളെ 125 അടി അടിക്കാന്‍ കുഞ്ഞഹമ്മദ് ഹാജി കല്‍പിച്ചു.

അടിശിക്ഷ കഴിഞ്ഞതിനുശേഷം അയാളെ ഹാജിയാരുടെ മുമ്പാകെ ഹാജറാക്കി. അയാള്‍ കുറ്റം സമ്മതിച്ചു. കളവുമുതല്‍ കുഴിച്ചിട്ട സ്ഥലത്തുനിന്ന് മാന്തിയെടുത്ത് അവര്‍ക്ക് തിരികെ നല്‍കി. കെ.മാധവന്‍ നായര്‍ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. (മലബാര്‍ കലാപം, പേജ് 260).

പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട് എങ്കിലും മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നു എന്നതില്‍ യാതൊരു സംശയവുമില്ല. അതിനെ മാപ്പിളമാരുടെ മത ഭ്രാന്തായി മാത്രം ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് കുമാരനാശാന്റെ ‘ദുരവസ്ഥ’യുടെ അവസ്ഥയാണ് ഉണ്ടാവുക. ഇന്നല്ലെങ്കില്‍ നാളെ അത് തിരുത്തേണ്ടി വരും.

കുയിലിന്റെ നാദമാണ് മുഴങ്ങിക്കേള്‍ക്കുക; കൊതുകിന്റെ ചിറകടിയല്ല!

 

അബ്ദുല്‍ മാലിക് സലഫി

 

നേർപഥം വരിക