സ്വര്‍ണ്ണത്തിന്‍റെ സകാത്ത് സ്വര്‍ണ്ണത്തില്‍ നിന്ന് തന്നെ നല്‍കണോ ?. വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ക്കും തൂക്കത്തിന്‍റെ 2.5% തന്നെയാണോ സകാത്ത് നല്‍കേണ്ടത് ?.

സ്വര്‍ണ്ണത്തിന്‍റെ സകാത്ത് സ്വര്‍ണ്ണത്തില്‍ നിന്ന് തന്നെ നല്‍കണോ ?. വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ക്കും തൂക്കത്തിന്‍റെ 2.5% തന്നെയാണോ സകാത്ത് നല്‍കേണ്ടത് ?.

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

സ്വര്‍ണ്ണത്തിന്‍റെ സകാത്ത് സ്വര്‍ണ്ണത്തില്‍ നിന്നോ, തതുല്യമായ കറന്‍സിയില്‍ നിന്നോ നല്‍കിയാല്‍ മതി. ഒരാളുടെ കൈവശം 85 ഗ്രാമോ അതില്‍ കൂടുതലോ സ്വര്‍ണ്ണം ഉണ്ടെങ്കില്‍ മൊത്തം തൂക്കത്തിന്‍റെ 2.5% ശതമാനമാണ് സകാത്തായി നല്‍കേണ്ടത്. എന്നാല്‍ വില്പന ഉദ്ദേശിക്കുന്ന സ്വര്‍ണ്ണമാണ് എങ്കില്‍ അതിന്‍റെ മാര്‍ക്കറ്റ് വിലയുടെ 2.5% ആണ് സകാത്ത് നല്‍കേണ്ടത്. തൂക്കത്തിന്‍റെ 2.5% അല്ല. അഥവാ വില്പന ഉദ്ദേശിക്കുന്ന സ്വര്‍ണ്ണത്തിന് ആഭരണം, അമൂല്യമായ എന്തെങ്കിലും വസ്തു  എന്നിങ്ങനെ അതിന്‍റെ തൂക്കത്തെക്കാള്‍ വലിയ മൂല്യം അതിനുണ്ട് എങ്കില്‍, എത്ര വലിയ വിലയായാലും അതിന്‍റെ മാര്‍ക്കറ്റ്  വിലയുടെ 2.5% നല്‍കാന്‍ ഒരാള്‍ ബാധ്യസ്ഥനാണ്.

ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ലയോടുള്ള ചോദ്യവും മറുപടിയും ഇവിടെ കൊടുക്കുന്നു. ചോദ്യോത്തരത്തില്‍ ചില കാര്യങ്ങള്‍ പ്രത്യേകം പഠിക്കേണ്ടതായുണ്ട്. അത് ആദ്യം വ്യക്തമാക്കിയ ശേഷം ചോദ്യോത്തരം നല്‍കുന്നതായിരിക്കും കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ എളുപ്പം.

ഒന്ന്: തന്‍റെ ഉടമസ്ഥതയില്‍ നിലനില്‍ക്കുവാന്‍ ഉദ്ദേശിച്ചാണ്, അഥവാ വില്പന ഉദ്ദേശിച്ചു കൊണ്ടല്ല ഒരാള്‍ സ്വര്‍ണ്ണം വാങ്ങിക്കുന്നത് എങ്കില്‍, സ്വര്‍ണ്ണം എത്ര രൂപക്ക് ഒരാള്‍ വാങ്ങി എന്നതോ, അതിന്‍റെ വില എത്രയാണ് എന്നതോ അനുസരിച്ചല്ല, മറിച്ച് സകാത്ത് ബാധകമാകുന്ന സമയത്ത് കൈവശമുള്ള സ്വര്‍ണ്ണത്തിന് തൂക്കത്തിന്‍റെ 2.5% എന്ന അടിസ്ഥാനത്തിലാണ്  സകാത്ത് നല്‍കേണ്ടത്. ഉദാ: ഒരു പക്ഷെ വലിയ വിലകൊടുത്ത് വാങ്ങിയ ആഭരണമാണ് എങ്കിലും അതിലുള്ള സ്വര്‍ണ്ണത്തിന്‍റെ തൂക്കം കണക്കാക്കി അതിന്‍റെ രണ്ടര ശതമാനം നല്‍കാനാണ് ഒരാള്‍ ബാധ്യസ്ഥനാകുന്നത്.

രണ്ട്:  ഒരാള്‍ വില്പന ഉദ്ദേശിക്കുന്നതായ ആഭരണമാണ് എങ്കില്‍, ആഭരണം എന്ന നിലക്കോ മറ്റോ അതിലുള്ള സ്വര്‍ണ്ണത്തിന്‍റെ തൂക്കത്തെക്കാള്‍ വലിയ വില അതിനുണ്ട് എങ്കില്‍, ആ മാര്‍ക്കറ്റ് വിലയുടെ 2.5 % ആണ് അയാള്‍ സകാത്തായി നല്‍കേണ്ടത്. 

മൂന്ന് : ഒരാള്‍ക്ക് സ്വര്‍ണ്ണത്തില്‍ ബാധകമാകുന്ന സകാത്ത് സ്വര്‍ണ്ണമായോ, അതിന് തതുല്യമായ കറന്‍സിയോ ആയി നല്‍കാവുന്നതാണ്.

ചോദ്യം: ഞാന്‍ 500 ദീനാറിന് കുറച്ച് സ്വര്‍ണ്ണം വാങ്ങിച്ചു. ആ സ്വര്‍ണ്ണത്തിന് ഒരു വര്‍ഷം തികഞ്ഞു. ഞാന്‍ ആ അഞ്ഞൂറ് ദീനാറിന് ആണോ സകാത്ത് കൊടുക്കേണ്ടത് അതല്ല സകാത്ത് ബാധകമാകുന്ന സമയത്തുള്ള ആ സ്വര്‍ണ്ണത്തിന്‍റെ വില കണക്കാക്കിയാണോ ഞാന്‍ സകാത്ത് കൊടുക്കേണ്ടത് ?. അതായത് ഒരു വര്‍ഷത്തിന് ശേഷമുള്ള വില. കാരണം താങ്കള്‍ക്ക് അറിയാവുന്നത് പോലെ സ്വര്‍ണ്ണത്തിന്‍റെ വില കൂടുകയും കുറയുകയും ചെയ്യുമല്ലോ ?. 

ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ല നല്‍കിയ മറുപടി: “(قنية ، تملك) അഥവാ ഒരാള്‍ തന്‍റെ ഉടമസ്ഥതയില്‍ നിലനില്‍ക്കുക, ഉപയോഗവസ്തു എന്നീ  അര്‍ത്ഥത്തില്‍ (അതായത് വില്‍പനക്ക് വേണ്ടിയല്ലാതെ) ആണ് സ്വര്‍ണ്ണം ഉടമപ്പെടുത്തിയത് എങ്കില്‍ അയാള്‍ അതില്‍ നിന്നും 2.5 % സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാണ്. അതിന്‍റെ വിലയിലേക്ക് അയാള്‍ നോക്കേണ്ടതില്ല. കാരണം ആ സ്വര്‍ണ്ണത്തില്‍ നിന്നും സകാത്ത് നല്‍കുക എന്നതാണ് ബാധ്യത. ആ സകാത്ത് വേറെ വല്ല നാണയങ്ങളിലുമായാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ 2.5% (രണ്ടര ശതമാനം തൂക്കത്തിന്) താന്‍ സകാത്ത് നല്‍കാന്‍ ഉദ്ദേശിക്കുന്ന കറന്‍സികളില്‍ അപ്പോള്‍ എന്ത് വിലവരും  എന്ന് അന്വേഷിക്കുകയും അത് നല്‍കുകയും ചെയ്യുക. ഇനി ആ സ്വര്‍ണ്ണത്തില്‍ നിന്ന് സ്വര്‍ണ്ണമായിത്തന്നെ നല്‍കുകയാണ് എങ്കില്‍ അതിന്‍റെ വില അന്വേഷിക്കാതെ നേരെ സ്വര്‍ണ്ണം നല്‍കിയാല്‍ മതി. കാരണം തന്‍റെ സ്വര്‍ണ്ണത്തിന്‍റെ സകാത്ത് അയാള്‍  സ്വര്‍ണ്ണത്തില്‍ നിന്നും തന്നെ നല്‍കി.

എന്നാല്‍ ഒരാള്‍ വില്പനക്ക് വേണ്ടിയാണ് സ്വര്‍ണ്ണം വാങ്ങിച്ചത് എങ്കില്‍, അതിന്‍റെ വില വര്‍ദ്ധിക്കുമ്പോള്‍ വില്‍ക്കാം എന്നതാണ് അവന്‍റെ താല്പര്യമെങ്കില്‍ തന്‍റെ കൈവശമുള്ള സ്വര്‍ണ്ണത്തിന്‍റെ (അല്ലെങ്കില്‍ ആഭരണത്തിന്‍റെ) സകാത്ത് ബാധകമാകുന്ന സമയത്തെ മാര്‍ക്കറ്റ് വില അറിയാന്‍ അയാള്‍ ബാധ്യസ്ഥനാണ്. അതെത്ര തന്നെ വിലപിടിപ്പുള്ളതാണെങ്കിലും അതിന്‍റെ വിലയുടെ 2.5% സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാണ്.” – [http://ar.islamway.net/fatwa/7135]. 

അഥവാ ജ്വല്ലറിക്കാര്‍, സ്വര്‍ണ്ണക്കച്ചവടക്കാര്‍, പഴയ വിലപിടിപ്പുള്ള ആഭരണങ്ങളും നാണയങ്ങളും വില്പന നടത്തുന്നവര്‍ തുടങ്ങിയ ആളുകള്‍ അവരുടെ കൈവശമുള്ള സ്വര്‍ണ്ണത്തിന്‍റെ തൂക്കം നോക്കി അതിന്‍റെ 2.5% എന്ന നിലക്കല്ല, മറിച്ച് തങ്ങളുടെ കൈവശമുള്ള വില്പന വസ്തുക്കള്‍ മാര്‍ക്കറ്റ് റേറ്റ് അനുസരിച്ച് എത്ര വിലമതിക്കുന്നു എന്ന് കണക്കാക്കി, അതെത്ര വിലപിടിപ്പുള്ളതാണ് എങ്കിലും സകാത്ത് ബാധകമാകുന്ന സമയത്തെ അതിന്‍റെ വിലയുടെ 2.5% ആണ് സകാത്തായി നല്‍കേണ്ടത്.

എന്നാല്‍ ഒരാളുടെ കൈവശമുള്ള വില്പന ഉദ്ദേശിക്കാത്ത സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് അതിന്‍റെ തൂക്കത്തിന്‍റെ  2.5% നല്‍കിയാല്‍ മതി. അത് സ്വര്‍ണ്ണമായോ തതുല്യമായ കറന്‍സിയായോ നല്‍കാം

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

30 പവന്‍ സ്വര്‍ണ്ണമുണ്ട് ഞാന്‍ എത്ര സകാത്ത് കൊടുക്കണം ?. 3 പവന്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണ്. സകാത്ത് ആ സ്വര്‍ണ്ണത്തില്‍ നിന്ന് തന്നെ നല്‍കണോ ?.

30 പവന്‍ സ്വര്‍ണ്ണമുണ്ട് ഞാന്‍ എത്ര സകാത്ത് കൊടുക്കണം ?. 3 പവന്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണ്. സകാത്ത് ആ സ്വര്‍ണ്ണത്തില്‍ നിന്ന് തന്നെ നല്‍കണോ ?

ചോദ്യം: എന്‍റെ കയ്യില്‍ 30 പവന്‍ സ്വര്‍ണ്ണം ഉണ്ട്. അങ്ങനെയെങ്കില്‍ ഞാന്‍ കൊടുക്കേണ്ട സകാത്ത് എത്രയെന്ന് വ്യക്തമാക്കാമോ ?. അതില്‍ 3 പവന്‍ ഞാന്‍ സ്ഥിരം ഉപയോഗിക്കുന്ന സ്വര്‍ണ്ണം ആണ്. അതുപോലെ അതിന്‍റെ സകാത്ത് ആ സ്വര്‍ണ്ണത്തില്‍ നിന്ന് തന്നെ നല്‍കണോ അതോ അതിന്‍റെ വില നല്‍കിയാല്‍ മതിയോ ?.

ഉത്തരം: താങ്കളുടെ കൈവശം 85 ഗ്രാം അഥവാ ഏകദേശം പത്തരപവന്‍ സ്വര്‍ണ്ണം ഉണ്ടെങ്കില്‍ ഓരോ ഹിജ്റ വര്‍ഷം തികയുമ്പോഴും  കൈവശമുള്ള മുഴുവന്‍ സ്വര്‍ണ്ണത്തിന്‍റെയും 2.5% സകാത്ത് കൊടുക്കാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്. ഉപയോഗിക്കുന്ന സ്വര്‍ണ്ണത്തിന്‍റെ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടെങ്കിലും അതിനും സകാത്ത് ബാധകമാണ് എന്നതാണ് പ്രബലമായ അഭിപ്രായം. 

ഇനി താങ്കളുടെ സകാത്ത് എത്രയാണ് എന്നത് എങ്ങനെ കണക്കുകൂട്ടാം. ഒരു പവന്‍ 8 ഗ്രാം ആണ്. അതുകൊണ്ട് 30 പവന്‍ എന്നാല്‍ 30 x 8 = 240 ഗ്രാം. അതിന്‍റെ രണ്ടര ശതമാനമാണ് താങ്കള്‍ കൊടുക്കേണ്ടത്. രണ്ടര ശതമാനം ലഭിക്കാന്‍ 240നെ 40 കൊണ്ട് ഹരിച്ചാല്‍ മതി. 240 ÷ 40 = 6 ഗ്രാം. അതായത് മുക്കാല്‍ പവന്‍ സ്വര്‍ണമാണ് താങ്കള്‍ സകാത്തായി നല്‍കേണ്ടത്. അടുത്ത വര്‍ഷം ഹൗല്‍ തികയുമ്പോള്‍ താങ്കളുടെ കൈവശം എത്ര സ്വര്‍ണ്ണമാണോ ഉള്ളത് അതിന്‍റെ 2.5% സകാത്തായി നല്‍കണം.

ഇനി താങ്കളുടെ കൈവശമുള്ള സ്വര്‍ണ്ണം താങ്കള്‍ വില്‍ക്കാന്‍ വേണ്ടി ഉദ്ദേശിക്കുന്ന സ്വര്‍ണ്ണമാണ് എങ്കില്‍, അതിലടങ്ങിയ സ്വര്‍ണ്ണത്തിന്‍റെ തൂക്കത്തെക്കാള്‍ മൂല്യം അതിനുണ്ട് എങ്കില്‍ (ഉദാ: ഡയമണ്ട്, വിലപിടിപ്പുള്ള ആഭരണങ്ങള്‍), അതിന്‍റെ മാര്‍ക്കറ്റ് വിലയുടെ അഥവാ സകാത്ത് ബാധകമാകുന്ന സന്ദര്‍ഭത്തില്‍ താങ്കള്‍ അത് വില്‍ക്കുന്ന പക്ഷം ലഭിക്കാവുന്ന വില എത്രയാണോ അതിന്‍റെ 2.5% കൊടുക്കാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്. കാരണം കച്ചവടവസ്തുവിന് അതിന് സകാത്ത് ബാധകമാകുന്ന സമയത്തെ മാര്‍ക്കറ്റ് വിലയുടെ 2.5% മാണ് സകാത്തായി നല്‍കേണ്ടത്.

ഇനി അതിന്‍റെ സകാത്ത് ആ സ്വര്‍ണ്ണത്തില്‍ നിന്നുതന്നെ നല്‍കണോ അതല്ല അതിന്‍റെ വില നല്‍കിയാല്‍ മതിയോ എന്നത് സംബന്ധിച്ച് പറയാനുള്ളത് ആ സ്വര്‍ണ്ണത്തില്‍ നിന്ന് നല്‍കിയാലും മതി, നല്‍കേണ്ട വിഹിതത്തിന് തതുല്യമായ പണം നല്‍കിയാലും മതി എന്നതാണ്.

ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ല പറയുന്നു: “ആ സകാത്ത് വേറെ വല്ല നാണയങ്ങളിലുമായാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ 2.5% (രണ്ടര ശതമാനം തൂക്കത്തിന്) താന്‍ സകാത്ത് നല്‍കാന്‍ ഉദ്ദേശിക്കുന്ന കറന്‍സികളില്‍ അപ്പോള്‍ എന്ത് വിലവരും  എന്ന് അന്വേഷിക്കുകയും അത് നല്‍കുകയും ചെയ്യുക. ഇനി ആ സ്വര്‍ണ്ണത്തില്‍ നിന്ന് സ്വര്‍ണ്ണമായിത്തന്നെ നല്‍കുകയാണ് എങ്കില്‍ അതിന്‍റെ വില അന്വേഷിക്കാതെ നേരെ സ്വര്‍ണ്ണം നല്‍കിയാല്‍ മതി.” 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

സ്വന്തം പേരില്‍ വീടും സ്ഥലവും ഉള്ള ഒരാള്‍ കടക്കാരനാണ്. അയാള്‍ സകാത്തിന്‍റെ അവകാശിയാണോ ?

സ്വന്തം പേരില്‍ വീടും സ്ഥലവും ഉള്ള ഒരാള്‍ കടക്കാരനാണ്. അയാള്‍ സകാത്തിന്‍റെ അവകാശിയാണോ ?

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

വീടും ആ വീട് നില്‍ക്കുന്ന സ്ഥലവും ഒരാളുടെ അടിസ്ഥാന ആവശ്യത്തില്‍പ്പെട്ടതാണ്. അതുകൊണ്ട് വീടും സ്ഥലവും ഉള്ള ഒരാള്‍ സകാത്തിന് അര്‍ഹനാവാതിരിക്കണം എന്ന നിബന്ധനയില്ല. ഒരു പക്ഷെ കര്‍ഷകന് കൃഷിയിടം ഉണ്ടായിരിക്കാം. പക്ഷെ അതില്‍ നിന്നുള്ള വരുമാനം അയാളുടെയും കുടുംബത്തിന്‍റെയും ചിലവിന് തികഞ്ഞില്ലെന്ന് വരാം.

എന്നാല്‍ ഒരാളുടെ കൈവശം അയാളെപ്പോലുള്ള ഒരാള്‍ക്ക് അടിസ്ഥാനപരമായി ആവശ്യമുള്ളത് കഴിച്ച് സ്ഥലമോ സ്വത്ത് വകകളോ മിച്ചമുണ്ടെങ്കില്‍ അതുകൊണ്ട് അയാളുടെ കടം വീട്ടാനും ചിലവ് നടത്താനും അയാള്‍ ബാധ്യസ്ഥനാണ്. അതുകൊണ്ട് പൂര്‍ണമായും നിറവേറ്റാന്‍ സാധിക്കാത്ത പക്ഷം മാത്രമേ, സകാത്തില്‍ നിന്നും അയാള്‍ അര്‍ഹിക്കുകയുള്ളൂ.  സ്വയം കടങ്ങള്‍ വീട്ടാന്‍ പ്രാപ്തനായ ഒരാള്‍ കടക്കാരന്‍ എന്ന നിലയില്‍ സകാത്തിന്‍റെ അവകാശിയാവുകയില്ല. അതുകൊണ്ട് തന്‍റെ അടിസ്ഥാന ആവശ്യം കഴിഞ്ഞ് മിച്ചം വരുന്ന ഭൂമിയോ, മറ്റു സമ്പത്തോ അവന്‍റെ കൈവശം ഉണ്ട് എങ്കില്‍ അത് വിറ്റോ, വാടകക്ക് നല്‍കിയോ അവന്‍റെ ചിലവ് കഴിഞ്ഞുപോകാനും, കടം വീട്ടാനും അവന് സാധിക്കുമെങ്കില്‍ അവന്‍ സകാത്തിന് അര്‍ഹനല്ല.

 

ശൈഖ് ഇബ്നു ബാസ് റഹിമഹുല്ലയോട് ചോദിക്കപ്പെട്ടു:

ചോദ്യം: എനിക്ക് ഒരു സുഹൃത്തുണ്ട്. അവന്‍ ഒരു വീട് വാങ്ങിച്ചു. മൂന്ന് ലക്ഷം റിയാല്‍ അതിന് വിലയായി. അതിന്‍റെ മുഴുവന്‍ തുക നല്‍കാന്‍ അവന് സാധിച്ചില്ല. ഏകദേശം 50000 റിയാല്‍ അയാള്‍ കടക്കാരനാണ്. അയാള്‍ക്ക് അയാളുടെ പഴയ വീടും അതുപോലെ അയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലവുമുണ്ട്. അയാള്‍ സകാത്തിന് അര്‍ഹനാണോ ?.

ഉത്തരം: “അയാളുടെ ആവശ്യത്തിനുതകുന്ന വീട് ഉണ്ടായിട്ടും, വില്പന ഉദ്ദേശിച്ചുകൊണ്ടോ, അല്ലെങ്കില്‍ കൂടുതല്‍ സമ്പത്ത് വേണം എന്ന നിലക്കോ ആണ് അയാള്‍ ആ വീട് വാങ്ങിയത് എങ്കില്‍ അവന്‍ സകാത്തില്‍ നിന്നും അര്‍ഹിക്കുന്നില്ല. മറിച്ച് അവന്‍ ആ പുതിയ വീട് വിറ്റ് അവന്‍റെ മേലുള്ള കടം വീട്ടട്ടെ. അതല്ലെങ്കില്‍ മറ്റ് വല്ല രൂപത്തിലും അത് വീട്ടാനുള്ള മാര്‍ഗം അവന്‍ കണ്ടെത്തട്ടെ. കാരണം അവന്‍ ‘ഫഖീര്‍’ എന്ന ഗണത്തില്‍ പെടുന്നയാളല്ല. അവന് താമസിക്കാനുള്ള വീട് ഉള്ളതുകൊണ്ട്, അവന്‍ ആ പുതിയ വീട് വില്‍ക്കട്ടെ. അവന്‍റെ കടം വീട്ടുകയും ബാക്കി തുക അവന്‍റെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തു കൊള്ളട്ടെ. അയാള്‍ക്ക് താമസിക്കാനുള്ള വീടും, ഈ പുതിയ വീടും, സ്ഥലവും എല്ലാം ഉണ്ടായിരിക്കെ അയാളെ ‘ഫഖീര്‍’ എന്ന് പറയില്ല. സകാത്തിന് അര്‍ഹനാകുന്ന വ്യക്തി ഫഖീറായിരിക്കണം. അവന്‍റെ കാര്യങ്ങള്‍ നിറവേറ്റാനും, ആ സകാത്തിന്‍റെ ധനത്തെ അവലംബിക്കാതിരിക്കാനും സാധിക്കുന്ന സമ്പത്ത് അവന്‍റെ പക്കല്‍ ഇല്ലാതിരിക്കണം. നേരെ മറിച്ച്, വല്ല തൊഴിലില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടോ, ജോലിയില്‍ നിന്നും ലഭിക്കുന്ന ശമ്പളം കൊണ്ടോ അതെല്ലെങ്കില്‍ തന്‍റെ കൈവശമുള്ള വില്‍ക്കാന്‍ സാധിക്കുന്ന വസ്തുക്കള്‍ കൊണ്ടോ തന്‍റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഒരാള്‍ക്ക് സാധിക്കുമെങ്കില്‍ അയാള്‍ക്ക് സകാത്തില്‍ നിന്നും നല്‍കാന്‍ പാടില്ല.” – [http://www.binbaz.org.sa/noor/5105].

അതുകൊണ്ടുതന്നെ തന്‍റെ കൈവശം തന്‍റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉതകുന്ന സ്വത്ത് ഉള്ള ആള്‍ക്ക് സകാത്തില്‍ നിന്നും നല്‍കേണ്ടതില്ല. എന്നാല്‍ ഒരാള്‍ക്ക് സാമാന്യം അയാളെപ്പോലുള്ള ഒരാള്‍ക്ക് കഴിയാന്‍ ഉതകുന്ന ഒരു വീട് ഉണ്ട്. അയാളുടെ വരുമാനം അയാള്‍ക്ക് തികയുന്നില്ല. പാവപ്പെട്ടവാനാണ് എങ്കില്‍ അയാള്‍ക്ക് സകാത്തില്‍ നിന്നും നല്‍കാം. സ്വന്തമായി വീടുള്ള എത്ര എത്ര പാവപ്പെട്ട ആളുകള്‍ നമുക്ക് ചുറ്റും ഉണ്ട് ?!. വീടുണ്ട് എന്നതിനാല്‍ അവര്‍ സകാത്തിന് അര്‍ഹരാകാതാവുന്നില്ല. എന്നാല്‍ ഒരാള്‍ തനിക്ക് ആവശ്യമുള്ളതിനെക്കാള്‍ വലിയ പ്രൌഢമായ ഒരു വീട്ടില്‍ കഴിയുന്നു. അയാളെ സംബന്ധിച്ചിടത്തോളം ആ വീട് വിറ്റ് സാമാന്യം ബേധപ്പെട്ട ഒരു വീട്ടിലേക്ക് മാറിയാല്‍ അതുവഴി കിട്ടുന്ന സംഖ്യ കൊണ്ട് തന്‍റെ ആവശ്യങ്ങള്‍ നിറവേറപ്പെടുമെങ്കില്‍ സകാത്തിന് അയാള്‍ അര്‍ഹനല്ല. അതുപോലെത്തന്നെയാണ് സ്ഥലവും. ഒരു കര്‍ഷകന് സ്ഥലമുണ്ട് അയാള്‍ അതില്‍ കൃഷി ചെയ്യുന്നു. അതാണ്‌ അയാളുടെ അത്താണി. അയാള്‍ പാവപ്പെട്ടവനോ കടക്കാരനോ ആണ് എങ്കില്‍ സകാത്തില്‍ നിന്നും സഹായിക്കാം. സ്ഥലമുണ്ട് എന്നതുകൊണ്ട്‌ അയാള്‍ സകാത്തിന് അര്‍ഹനാകാതാവുന്നില്ല. എന്നാല്‍ വേറൊരാള്‍ക്ക് കൃഷിയിടമുണ്ട്. അയാള്‍ അത് കൃഷി ചെയ്യുന്നില്ല. അയാള്‍ അത് വില്‍ക്കുകയോ വാടകക്ക് നല്‍കുകയോ ചെയ്യുക വഴി അയാളുടെ ആവശ്യങ്ങള്‍ നിറവേറുമെങ്കില്‍ അയാള്‍ സകാത്തില്‍ നിന്നും അര്‍ഹിക്കുന്നില്ല. ഇനി അയാളുടെ കൈവശം മിച്ചമുള്ളത് ഉപയോഗിച്ചുകൊണ്ട് തന്‍റെ കടം വീട്ടാന്‍ അയാള്‍ പരിശ്രമിച്ചിട്ടും, കടം ബാക്കിയാവുകയാണെങ്കില്‍ അത്തരം ഒരു സാഹചര്യത്തില്‍ കടക്കാരന്‍ എന്ന നിലക്ക് അയാളെ സഹായിക്കാം എന്നല്ലാതെ സ്വന്തം അടിസ്ഥാന ആവശ്യങ്ങള്‍ കഴിച്ച് മിച്ചമുള്ള ആളുകള്‍ സകാത്തില്‍ നിന്നും അര്‍ഹിക്കുന്നില്ല.

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

ഒരാള്‍ക്ക് തന്‍റെ സകാത്ത് മക്കള്‍ക്കോ മാതാപിതാക്കള്‍ക്കോ നല്‍കാമോ ?. നല്‍കാന്‍ പാടില്ലാത്തതും നല്‍കാവുന്നതുമായ സാഹചര്യങ്ങള്‍ ഏവ ?.

ഒരാള്‍ക്ക് തന്‍റെ സകാത്ത് മക്കള്‍ക്കോ മാതാപിതാക്കള്‍ക്കോ നല്‍കാമോ ?. നല്‍കാന്‍ പാടില്ലാത്തതും നല്‍കാവുന്നതുമായ സാഹചര്യങ്ങള്‍ ഏവ ?

ചോദ്യം: പാവപ്പെട്ടവരായ മാതാപിതാക്കള്‍ക്കോ, മക്കള്‍ക്കോ സകാത്തില്‍ നിന്നും നല്‍കാമോ?. നല്‍കാന്‍ പാടില്ലാത്തതും പാടുളളതും ആയ സാഹചര്യങ്ങള്‍ ഏവ ?.

ഉത്തരം:  

 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

തന്‍റെ അവശ്യ ചിലവുകള്‍ കഴിഞ്ഞ് ധനം കൈവശം ഉണ്ടാവുകയും തന്‍റെ മാതാപിതാക്കള്‍ ആവശ്യക്കാര്‍ ആവുകയും ചെയ്‌താല്‍ അവര്‍ക്ക് ചിലവിന് നല്‍കല്‍ മക്കളുടെ ബാധ്യതയാണ്. അതുപോലെ പിതാവിന്‍റെ കൈവശം തന്‍റെ ആവശ്യം കഴിഞ്ഞ് പണം അവശേഷിക്കുകയും മകന് തന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ആവശ്യക്കാരനുമാണ് എങ്കില്‍ ചിലവിന് നല്‍കാന്‍ പിതാവും ബാധ്യസ്ഥനാണ്. അതുകൊണ്ടുതന്നെ മക്കള്‍ക്കോ അതുപോലെ മാതാപിതാക്കള്‍ക്കോ  സകാത്ത് നല്‍കാന്‍ പാടില്ല എന്നതാണ് അടിസ്ഥാനം. കാരണം അവര്‍ക്ക് അല്ലാതെത്തന്നെ ചിലവിന് നല്‍കാന്‍ ബാധ്യതപ്പെട്ടവരാണ്. 

ശൈഖ് ഇബ്നു ബാസ് (റ) പറയുന്നു: ” തന്‍റെ സകാത്ത് മകനോ, മകള്‍ക്കോ, ഉമ്മക്കോ, ഉപ്പക്കോ, വല്ല്യുപ്പമാര്‍ക്കോ നല്‍കല്‍ അനുവദനീയമല്ല. മറിച്ച് പാവപ്പെട്ടവരായ തന്‍റെ സഹോദരങ്ങള്‍, അമ്മാവന്മാര്‍, പിതൃവ്യന്മാര്‍ തുടങ്ങിയവര്‍ക്ക് നല്‍കുന്നതില്‍ തെറ്റില്ല.” – [http://www.binbaz.org.sa/noor/5075]. ഇവിടെ സഹോദരങ്ങള്‍ക്കും പിതൃവ്യനുമൊക്കെ നല്‍കാം എന്നത് ഒറ്റക്ക് താമസിക്കുന്ന തന്‍റെ സംരക്ഷണയിലല്ലാത്തവരെക്കുറിച്ചാണ്. മറിച്ച് തന്‍റെ കീഴില്‍ തന്‍റെ സംരക്ഷണത്തില്‍ കഴിയുന്ന സഹോദരങ്ങള്‍ക്ക് സകാത്തില്‍ നിന്നും നല്‍കാവതല്ല. കാരണം അവര്‍ക്ക് ചിലവിന് നല്‍കാന്‍ അവന്‍ ബാധ്യസ്ഥനാണ്. അത് മറ്റൊരു വിഷയമാണ്. സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം. 

എന്നാല്‍ ഈ വിഷയത്തില്‍ അല്പം വിശദീകരണം ആവശ്യമാണ്‌. മക്കള്‍ക്ക് ചിലവിന് നല്‍കല്‍ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധമാകുന്ന ഘട്ടങ്ങളില്‍ മക്കള്‍ക്കോ, മാതാപിതാക്കള്‍ക്ക് ചിലവിന് നല്‍കല്‍ മക്കളുടെ മേല്‍ നിര്‍ബന്ധമായി വരുന്ന സാഹചര്യങ്ങളില്‍ മാതാപിതാക്കള്‍ക്കോ  സകാത്തില്‍ നിന്ന് നല്‍കാന്‍ പാടില്ല. അഥവാ ഫഖീര്‍ മിസ്കീന്‍ എന്നീ ഗണങ്ങളില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് അവര്‍ സകാത്തിന് അര്‍ഹാരാകുന്നില്ല.

ഉദാ: മകന്‍ പാവപ്പെട്ടവനാണ്. പിതാവിന്‍റെ കയ്യില്‍ തന്‍റെ ആവശ്യത്തെക്കാള്‍ കൂടുതല്‍ സ്വത്തും ഉണ്ട് എങ്കില്‍ ഈ സാഹചര്യത്തില്‍ ആ മകന് ചിലവിന് കൊടുക്കാന്‍ ആ പിതാവ് ബാധ്യസ്ഥനാണ്. അത് സകാത്തിന്‍റെ തുകയില്‍ നിന്നും നല്‍കാന്‍ പാടില്ല. അഥവാ താന്‍ നല്‍കാന്‍ നിര്‍ബന്ധിതനായ സംഖ്യ സകാത്തില്‍ നിന്നും നല്‍കാന്‍ പാടില്ല എന്നര്‍ത്ഥം. ഈ വിഷയത്തില്‍ എല്ലാ പണ്ഡിതന്മാര്‍ക്കും എകാഭിപ്രായമാണ്. അതുപോലെ  പിതാവ് പാവപ്പെട്ടവനും മകന്‍ ചിലവിന് നല്‍കാന്‍ ബാധ്യസ്ഥനും ആകുന്ന സാഹചര്യത്തില്‍ ആ ചിലവ് സകാത്തില്‍ നിന്നും നല്കാവതല്ല. 

قال ابن المنذر :” وأجمعوا على أن الزكاة لا يجوز دفعها إلى الوالدين والولد ، في الحال التي يجبر الدافع إليهم ، على النفقة عليهم ” انتهى من ” الإجماع ” ( ص 57 ) .

 ഇമാം ഇബ്നുല്‍ മുന്‍ദിര്‍ പറയുന്നു: “ഒരാള്‍ തന്‍റെ മാതാപിതാക്കള്‍ക്കോ മക്കള്‍ക്കോ ചിലവിന് നല്‍കാന്‍ നിര്‍ബന്ധിതനാകുന്ന സാഹചര്യത്തില്‍ അവര്‍ക്ക് സകാത്തില്‍ നിന്നും നല്‍കാന്‍ പാടില്ല എന്നതില്‍ ഇജ്മാഅ് ഉണ്ട്” – [ഇജ്മാഅ്, പേജ്: 57].

അതു പോലെ സ്വയം ആവശ്യത്തിനുള്ള ധനം കൈവശമുള്ള മക്കള്‍ക്കോ  മാതാപിതാക്കള്‍ക്കോ നല്‍കുന്നതിനെ സംബന്ധിച്ച് ഞാന്‍ ഇവിടെ പരാമര്‍ശിക്കേണ്ടതില്ല. അവര്‍ സകാത്തിന്‍റെ അവകാശികളില്‍ പോലും പെടുന്നില്ല. സകാത്തിന്‍റെ അവകാശികളുടെ ഗണത്തില്‍ പെടുന്ന ഫഖീറോ, മിസ്കീനോ ആയ മക്കള്‍, മാതാപിതാക്കള്‍ എന്നിവരെക്കുറിച്ചാണ് നാം ചര്‍ച്ച ചെയ്യുന്നത്. അവര്‍ക്ക് ഒരാള്‍ ചിലവിന് നല്‍കാന്‍ ബാധ്യസ്ഥന്‍ ആണ് എങ്കില്‍ ആ ചിലവ് സകാത്തില്‍ നിന്നും നല്‍കാന്‍ പാടില്ല എന്ന് നമ്മള്‍ വ്യക്തമാക്കി. ഇനി ഒരാളുടെ കയ്യില്‍ ആ സകാത്തിന്‍റെ സംഖ്യയല്ലാതെ മറ്റൊന്നും അവശേഷിക്കാത്ത സാഹചര്യത്തില്‍ നല്‍കാമോ തുടങ്ങിയ കാര്യങ്ങള്‍ പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അത് വളരെ വിരളമായ അവസ്ഥകള്‍ ആയതിനാലും, പ്രത്യേകമായ ചില സാഹചര്യങ്ങള്‍ക്ക് മാത്രം ബാധകമായതിനാലും അതിവിടെ നാം ചര്‍ച്ച ചെയ്യുന്നില്ല. താഴെ നല്‍കിയ ശൈഖ് ഇബ്നു ബാസ് (റ) ഫത്’വയില്‍ അത് പരാമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്.

ഇനി അവര്‍ക്ക് ഫഖീര്‍, മിസ്കീന്‍ എന്നീ കാരണങ്ങളാലല്ലാതെ കടക്കാര്‍, മോചനക്കരാറില്‍ ഏര്‍പ്പെട്ട അടിമ തുടങ്ങിയ അര്‍ത്ഥത്തില്‍ സകാത്തില്‍ നിന്നും നല്‍കാം എന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്:

മക്കളോ, മാതാപിതാക്കളോ, ഭാര്യമാരോ (സ്വയം കടം വീട്ടാന്‍ സാധിക്കാത്ത രൂപത്തിലുള്ള) കടക്കാര്‍ ആണെങ്കില്‍, അതായത് സകാത്തില്‍ നിന്നും അര്‍ഹിക്കുന്ന കടക്കാര്‍ ആണെങ്കില്‍  അവരുടെ കടം വീട്ടാന്‍ സകാത്തില്‍ നിന്നും നല്‍കാം എന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. കാരണം മക്കളുടെ കടം വീട്ടുവാനുള്ള നിര്‍ബന്ധബാധ്യത മാതാപിതാക്കള്‍ക്കോ, മാതാപിതാക്കളുടെ കടം വീട്ടുവാനുള്ള നിര്‍ബന്ധബാധ്യത മക്കള്‍ക്കോ ഇല്ല, ഭാര്യയുടെ കടം വീട്ടുവാനുള്ള ബാധ്യത ഭര്‍ത്താവിനോ ഇല്ല. അവര്‍ അത് വീട്ടുന്നുവെങ്കില്‍ പരസ്പരം പുണ്യം ചെയ്യല്‍ മാത്രമാണത്.  അവര്‍ ആ കടം വീട്ടാന്‍ ബാധ്യസ്ഥരല്ല എന്നതുകൊണ്ടുതന്നെ കടക്കാര്‍ എന്ന നിലക്ക് അവര്‍ സകാത്ത് അര്‍ഹിക്കുന്നവര്‍ ആണ് എങ്കില്‍, ആ കടം വീട്ടാന്‍ സകാത്തില്‍ നിന്നും നല്‍കി സഹായിക്കാം. ഇനി കടത്തില്‍ നിന്നല്ലാതെത്തന്നെ ഒരാള്‍ക്ക് അവരെ സഹായിക്കാന്‍ പറ്റുമെങ്കില്‍ വളരെ നല്ലത്. പക്ഷെ തന്‍റെ മേലുള്ള നിര്‍ബന്ധ ബാധ്യത അല്ലാത്തതിനാല്‍ കടം കൊണ്ട് ബുദ്ധിമുട്ടുന്ന മക്കളെയും, മാതാപിതാക്കളെയും, ഭാര്യമാരെയും സകാത്തില്‍ നിന്നും സഹായിക്കാം എന്നതാണ് പ്രബലമായ അഭിപ്രായം: 

  “وقيد المالكية والشافعية وابن تيمية من الحنابلة الإعطاء الممنوع بسهم الفقراء والمساكين , أما لو أعطى والده أو ولده من سهم العاملين أو المكاتبين أو الغارمين أو الغزاة فلا بأس .

“മാലികീ മദ്ഹബിലും, ശാഫിഈ മദ്ഹബിലും, ഹംബലീ മദ്ഹബില്‍ ഇബ്നു തൈമിയ (റ) തിരഞ്ഞെടുത്ത അഭിപ്രായമനുസരിച്ചും (മക്കള്‍ക്കോ,  മാതാപിതാക്കള്‍ക്കോ, ഭാര്യക്കോ) സകാത്തില്‍ നിന്നും നല്‍കല്‍ നിഷിദ്ധമാണ് എന്നത് ഫഖീര്‍, മിസ്കീന്‍ എന്നീ ഗണങ്ങളില്‍ പരിമിതമാണ്. എന്നാല്‍ പിതാവിനോ മകനോ സകാത്തിന്‍റെ ഉദ്യോഗസ്ഥന്‍ എന്ന അര്‍ത്ഥത്തിലോ, അടിമ മോചനം എന്ന അര്‍ത്ഥത്തിലോ, കടക്കാര്‍ എന്ന അര്‍ത്ഥത്തിലോ, പട്ടാളക്കാര്‍ എന്ന അര്‍ത്ഥത്തിലോ നല്‍കപ്പെട്ടാല്‍ അത് നിഷിദ്ധമാകുന്നില്ല ” – [“الموسوعة الفقهية” (23/177)].

ശൈഖ് ഇബ്നു ബാസ് (റ) പറയുന്നു: “സകാത്തിന് അര്‍ഹരായ നിന്‍റെ ബന്ധു മിത്രാതികള്‍ക്ക് നല്‍കുന്നതാണ് ബന്ധുമിത്രാതികള്‍ അല്ലാത്ത അര്‍ഹരായ ആളുകള്‍ക്ക് നല്‍കുന്നതിനേക്കാള്‍ ഉത്തമം. കാരണം സകാത്തിന് അവകാശികളായ ബന്ധുമിത്രാതികള്‍ക്ക് നല്‍കുമ്പോള്‍ കുടുംബബന്ധം ചേര്‍ക്കലും സകാത്ത് നല്‍കലും രണ്ടും ലഭിക്കുന്നു. പക്ഷെ ആ ബന്ധുക്കള്‍ നീ ചിലവിന് നല്‍കാന്‍ ബാധ്യതപ്പെട്ട ആളുകള്‍ ആണ് എങ്കില്‍, നീ അവര്‍ക്ക് നല്‍കേണ്ട ചിലവിന് പകരമായി നിന്‍റെ ധനം സംരക്ഷിക്കാന്‍ സകാത്തില്‍ നിന്നും അത് നല്‍കിയാല്‍ അത് അനുവദനീയമല്ല. നീ പരാമര്‍ശിച്ച സഹോദരീ സഹോദരന്മാര്‍ പാവപ്പെട്ടവരാണ് എന്നിരിക്കട്ടെ, അവര്‍ക്ക് ചിലവിന് നല്‍കാന്‍ മാത്രം ധനം നിനക്കില്ല എങ്കില്‍ നിന്‍റെ സകാത്തില്‍ നിന്നും അവര്‍ക്ക് നല്‍കുന്നതില്‍ തെറ്റില്ല. അതുപോലെ ആ സഹോദരീ സഹോദരന്മാര്‍ (സ്വയം കടം വീട്ടാന്‍ സാധിക്കാത്ത) കടക്കാര്‍ ആണെങ്കില്‍, ആ കടം നീ നിന്‍റെ സകാത്തില്‍ നിന്നും വീട്ടുന്നുവെങ്കില്‍ അതും നിന്നെ സംബന്ധിച്ചിടത്തോളം അനുവദനീയമാണ്. കാരണം ഒരു ബന്ധുവിന്‍റെ കടം വീട്ടുക എന്നത് മറ്റൊരു ബന്ധുവിന്‍റെ മേല്‍ ബാധ്യതയില്ല. അതുകൊണ്ടുതന്നെ ആ കടം വീട്ടുക വഴി നിന്‍റെ സകാത്ത് വീടുന്നതാണ്. ഇനി അത് നിന്‍റെ പിതാവോ, മകനോ ആണെങ്കിലും ശരി അവര്‍ക്ക് കടം ഉണ്ടായിരിക്കുകയും അവര്‍ക്ക് സ്വയം അത് വീട്ടാന്‍ സാധിക്കുകയും ചെയ്യുന്നില്ലെങ്കില്‍ നിന്‍റെ സകാത്തില്‍ നിന്നും ആ കടം വീട്ടാവുന്നതാണ്. അഥവാ നിന്‍റെ പിതാവിന്‍റെ കടവും അതുപോലെ നിന്‍റെ മകന്‍റെ കടവും സകാത്തില്‍ നിന്നും വീട്ടാം. പക്ഷെ ആ കടം നീ അവര്‍ക്ക് നല്‍കേണ്ടതായ നിര്‍ബന്ധ ചിലവ് (ഭക്ഷണം, വസ്ത്രം, ചികിത്സ, പാര്‍പ്പിടം)  കാരണത്താല്‍ ഉണ്ടായതായിരിക്കാന്‍ പാടില്ല എന്ന നിബന്ധനയുണ്ട്.  നിന്‍റെ മേല്‍ നിര്‍ബന്ധമായ ചിലവിന് പണം കണ്ടെത്തിയത് മുഖേനയാണ് ആ കടം വന്നതെങ്കില്‍ അത് നിന്‍റെ സകാത്തില്‍ നിന്നും വീട്ടാന്‍ പാടില്ല. കാരണം താന്‍ നിര്‍ബന്ധമായും ചിലവിന് നല്‍കേണ്ടവര്‍ക്ക് അത് നല്‍കാതിരിക്കുകയും, പിന്നീട് അവര്‍ അതിനായി കടമെടുത്തത് തന്‍റെ സകാത്തില്‍ നിന്നും വീട്ടുകയും ചെയ്യുന്നത് സകാത്ത് നല്‍കാതിരിക്കാനുള്ള ഒരു തന്ത്രം പ്രയോഗിക്കലാകാന്‍ ഇടയുണ്ട്” – [http://www.binbaz.org.sa/fatawa/1548].

 

അതുപോലെ ശൈഖ് ഇബ്നു ഉസൈമീന്‍ (റ) പറയുന്നു:

دفع الزكاة إلى أصله وفرعه أعني آباءه وأمهاته وإن علوا ، وأبناءه وبناته وإن نزلوا إن كان لإسقاط واجب عليه لم تجزئه ، كما لو دفعها ليسقط عنه النفقة الواجبة لهم عليه إذا استغنوا بالزكاة ، أما إن كان في غير إسقاط واجب عليه ، فإنها تجزئه ، كما لو قضى بها ديناً عن أبيه الحي ، أو كان له أولاد ابن وماله لا يحتمل الإنفاق عليهم وعلى زوجته وأولاده ، فإنه يعطي أولاد ابنه من زكاته حينئذ ؛ لأن نفقتهم لا تجب عليه في هذه الحال

“തന്‍റെ ഉസൂലിനും അതുപോലെ ഫുറൂഇനും സകാത്തില്‍ നിന്നും നല്‍കുന്നത്, (അഥവാ മാതാപിതാക്കള്‍ വല്യുപ്പ വല്യുമ്മ എന്നിങ്ങനെ  മുകളിലോട്ടും, തന്‍റെ ആണ്‍ മക്കളും പെണ്‍മക്കളും അവരുടെ മക്കള്‍ എന്നിങ്ങനെ താഴോട്ടും) അവര്‍ക്ക് സകാത്തില്‍ നിന്നും നല്‍കുന്നത്, താന്‍ അവര്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ട വല്ല ബാധ്യതക്കും പകരമായാണ് എങ്കില്‍ അതുകൊണ്ട് അയാളുടെ സകാത്ത് വീടുകയില്ല. അതുപോലെ താന്‍ അവര്‍ക്ക് ചിലവിന് നല്‍കാന്‍ ബാധ്യസ്ഥനാകുന്നത് ഇല്ലാതാക്കാന്‍ വേണ്ടിയാണ് സകാത്തില്‍ നിന്നും നല്‍കുന്നത് എങ്കില്‍ അതും അനുവദനീയമല്ല. എന്നാല്‍ തന്‍റെ മേല്‍ ഉള്ള ബാധ്യതയല്ലാത്ത ഒരു കാര്യത്തിനാണ് നല്‍കിയത് എങ്കില്‍, ഉദാ: ജീവിച്ചിരിക്കുന്ന തന്‍റെ പിതാവിന്‍റെ കടം പോലുള്ള കാര്യങ്ങള്‍ക്കാണ് നല്‍കുന്നതെങ്കില്‍ സകാത്ത് വീടും. അതുപോലെ തന്‍റെ മകന് മക്കള്‍ ഉണ്ടായിരിക്കുകയും ഭാര്യക്കും, മക്കള്‍ക്കും കൂടി ചിലവിന് നല്‍കാന്‍ ഉള്ള വരുമാനം ആ മകന് ഇല്ലാതിരിക്കുകയും ചെയ്‌താല്‍, സകാത്തിന് അര്‍ഹരായ ആ മകന്‍റെ മക്കള്‍ക്ക് തന്‍റെ സകാത്തില്‍ നിന്നും നല്‍കുക എന്നതും അനുവദനീയമാണ്. കാരണം (മകന്‍ ജീവിച്ചിരിക്കെ) മകന്‍റെ മക്കള്‍ക്ക് ചിലവിന് നല്‍കാന്‍ അദ്ദേഹം ബാധ്യസ്ഥനല്ല എന്നതിനാലാണത.” – [മജ്മൂഉ ഫതാവ : 18/415].

അതുകൊണ്ട് മാതാപിതാക്കളോ, മക്കളോ, ഭാര്യമാരോ സ്വയം വീട്ടാന്‍ സാധിക്കാത്ത കടക്കാര്‍ ആയിരിക്കുകയും, ആ കടം അവരുടെ ദൈനംദിന ചിലവ് കാരണം ഉണ്ടായത് അല്ലാതിരിക്കുകയും ചെയ്‌താല്‍ അവരുടെ കടം വീട്ടാന്‍ തന്‍റെ സകാത്തില്‍ നിന്നും നല്‍കാം. അതുപോലെ തന്‍റെ കൈവശം അവര്‍ക്ക് നല്‍കാന്‍ സകാത്തിന്‍റെ പണമല്ലാതെ മറ്റൊന്നും അവശേഷിക്കാത്ത സാഹചര്യത്തിലും സകാത്തില്‍ നിന്നും  അവര്‍ക്ക് നല്‍കാം. അല്ലാത്ത പക്ഷം നല്‍കാന്‍ പാടില്ല എന്നതാണ് ഇതുമായി ബന്ധപ്പെട്ട് നാം മനസ്സിലാക്കേണ്ടത്.  

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

കച്ചവടം നഷ്ടത്തിലാണ്, നാല് ലക്ഷം നിക്ഷേപം തിരികെ ലഭിക്കാനുണ്ട്. മൂന്ന്‍ വര്‍ഷമായി കിട്ടിയിട്ടില്ല. സകാത്ത് എങ്ങനെ കണക്ക് കൂട്ടും ?.

കച്ചവടം നഷ്ടത്തിലാണ്, നാല് ലക്ഷം നിക്ഷേപം തിരികെ ലഭിക്കാനുണ്ട്. മൂന്ന്‍ വര്‍ഷമായി കിട്ടിയിട്ടില്ല. സകാത്ത് എങ്ങനെ കണക്ക് കൂട്ടും ?

ചോദ്യം:  ഞാൻ  എന്റെ ഒരു സുഹൃത്തിന്റെ കച്ചവടത്തിൽ 4 ലക്ഷം നിക്ഷേപിച്ചു . പക്ഷെ കുറച്ചു മാസങ്ങൾ കഴിന്നപ്പോൾ കച്ചവടം നഷ്ടത്തിലാണെന്ന് പറന്ന് എന്റെ സുഹൃത്ത് അത് വേറെ ആൾക്ക്‌ കൈമാറി. അവൻ പറന്നു നിന്റെ 4ലക്ഷം നിനക്ക് തിരിച്ചു തരാം പക്ഷെ കുറച്ചു സമയം വേണമെന്ന്. ഇപ്പോൾ ഏകദേശം 3 വര്ഷമായിട്ടും അവൻ ഒന്നും തിരിച്ച്‌ തന്നിട്ടില്ല. എന്റെ സകാത്ത് എങ്ങിനെ കണക്കു കൂട്ടണം ?.

 

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

 കച്ചവടത്തിന്‍റെ ലാഭനഷ്ടങ്ങളെ നോക്കിയല്ല സകാത്ത് ബാധകമാകുന്നത്. മറിച്ച് സകാത്ത് ബാധകമാകുന്ന നിബന്ധനകള്‍ ഉള്ള എല്ലാ സമ്പത്തിനും സകാത്ത് നിര്‍ബന്ധമായിരിക്കും. താങ്കളുടെ  വിഷയത്തില്‍ മറുപടി നല്‍കുന്നതിന് മുന്‍പ് ഒന്നുരണ്ട് കാര്യങ്ങള്‍ താങ്കളുടെ ചോദ്യവുമായി ബന്ധപ്പെട്ട് വ്യക്തമാക്കേണ്ടതുണ്ട്. നിങ്ങള്‍ ഒരു കച്ചവടത്തില്‍ പണം നിക്ഷേപിച്ചാല്‍ അതിന്‍റെ ലാഭം നിങ്ങള്‍ക്ക് ലഭിക്കുന്നത് പോലെത്തന്നെ അതിന്‍റെ നഷ്ടം സഹിക്കാനും നിങ്ങള്‍ ബാധ്യസ്ഥനാണ്. നേരെ മറിച്ച് ലാഭം ആവശ്യപ്പെടുകയും നഷ്ടമാകുന്ന പക്ഷം നിക്ഷേപിച്ച പണം മുഴുവനായും തിരികെ നല്‍കണം എന്ന് നിബന്ധന വെക്കുകയും ചെയ്യുന്ന കച്ചവടം പലിശയാണ്. കാരണം താങ്കള്‍ പൂര്‍ണമായും തിരികെ നല്‍കണം എന്ന ഉപാധിയോടെ മറ്റൊരാള്‍ക്ക് നല്‍കുന്ന പണം കടമാണ്. കടത്തിന് പുറമെ മുധാരണപ്രകാരം ഈടാക്കുന്ന എല്ലാ ഉപകാരവും പലിശയാണ്. 

കടവുമായി ബന്ധപ്പെട്ട പലിശയുടെ നിര്‍വചനം തന്നെ ഇപ്രകാരമാണ്:

كل قرض جر منفعة مشروطة فهو ربا

“മുന്‍ധാരണപ്രകാരം വല്ല ഉപകാരവും ഈടാക്കുന്ന ഏത് കടമായാലും അത് പലിശയാണ്”. 

താന്‍ നല്‍കുന്ന പണം സമയബന്ധിതമായോ, അല്ലാതെയോ തിരികെ  നല്‍കണം എന്ന ഉപാധിയോടെയാണ് ഒരാള്‍ തന്‍റെ പണം മറ്റൊരാള്‍ക്ക് നല്‍കുന്നത് എങ്കില്‍ അതിന് കടം എന്നാണ്പറയുക. അതിന് പകരമായി കടം നല്‍കുന്ന ആള്‍ അയാളില്‍ നിന്ന് എന്തെല്ലാം ഈടാക്കുന്നുവോ അതെല്ലാം പലിശയായി പരിഗണിക്കപ്പെടും. അത് പണമാണെങ്കിലും മറ്റു വല്ല വസ്തുക്കളാണെങ്കിലും ശരി. (ഈ വിഷയം ഈയുള്ളവന്‍ മറ്റൊരു ലേഖനത്തില്‍ വിശദീകരിച്ചിട്ടുണ്ട് അത് വായിക്കാന്‍: http://www.fiqhussunna.com/2016/05/blog-post_27.html ). 

അതുകൊണ്ടുതന്നെ കച്ചവടത്തിന് സ്വാഭാവികമായി നഷ്ടം സംഭവിച്ചതാണ് എങ്കില്‍ അതിന്‍റെ നഷ്ടം സഹിക്കാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്. ഇനി അയാളുടെ അനാസ്ഥ കൊണ്ടോ, ചെയ്യാന്‍ പാടില്ലാത്ത എന്തെങ്കില്‍ അയാള്‍ ചെയ്തതിനാലോ, അതല്ലെങ്കില്‍ ചെയ്യേണ്ട എന്തെങ്കിലും കാര്യം അയാള്‍ മനപ്പൂര്‍വം ചെയ്യാതിരുന്നതിനാലോ ആണ് ആ കച്ചവടം നഷ്ടത്തിലായത് എങ്കില്‍ അയാള്‍ വരുത്തി വച്ച നഷ്ടം തിരിച്ചു തരാന്‍ അയാള്‍ ബാധ്യസ്ഥനാണ്. അതുപോലെ നിങ്ങളുടെ കരാറില്‍ ഇല്ലാത്ത മറ്റെന്തെങ്കിലും കച്ചവടത്തിന് പണം ഉപയോഗിച്ചതിനാലാണ് നഷ്ടം സംഭവിച്ചത് എങ്കിലും അയാള്‍ അത് തരാന്‍ ബാധ്യസ്ഥനാണ്. ഉദാ: നിങ്ങള്‍ പണം നല്‍കിയത് അരിക്കച്ചവടത്തിനാണ്, പക്ഷെ അയാള്‍ നിങ്ങളുടെ അനുമതി ഇല്ലാതെ തുണിക്കച്ചവടം ചെയ്ത് കച്ചവടം നഷ്ടത്തിലായാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പണം തിരികെ നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. അതല്ലാതെ വിശ്വാസ്യതയോടെ കച്ചവടം ചെയ്യുമ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്ന നഷ്ടം സംഭവിച്ചതാണ് എങ്കില്‍ ആ നഷ്ടം സഹിക്കാന്‍ നിങ്ങളും ബാധ്യസ്ഥനാണ്. ഇനി നിങ്ങള്‍ പണമിറക്കുകയും അയാള്‍ തൊഴില്‍ ചെയ്യുകയുമാണ്‌ കരാര്‍ എങ്കില്‍ സ്വാഭാവികമായും സംഭവിക്കുന്ന നഷ്ടം മുഴുവനും നിങ്ങള്‍ക്കായിരിക്കും. മാത്രമല്ല ലാഭമുണ്ടെങ്കില്‍ അതില്‍ നിന്ന് മാത്രമേ അയാള്‍ വല്ലതും അര്‍ഹിക്കുന്നുമുള്ളൂ. കാരണം ലാഭം പങ്കുവെക്കാം എന്ന കരാറിലാണ് അയാള്‍ ആ തൊഴിലില്‍ ഏര്‍പ്പെട്ടത്. മാത്രമല്ല നിങ്ങളാണ് പൂര്‍ണമായും പണമിറക്കിയത്. അയാള്‍ അതില്‍ ലാഭത്തിന്‍റെ വിഹിതം പറ്റുന്ന വര്‍ക്കിംഗ് പാര്‍ട്ട്ണര്‍ മാത്രമാണ് എങ്കില്‍ കച്ചവടം നിര്‍ത്താന്‍ തീരുമാനിച്ചാല്‍ കച്ചവടത്തില്‍ അവശേഷിക്കുന്ന സംഖ്യയില്‍ നിന്നും മൂലധനം ഇറക്കിയ ആളുകള്‍ക്ക് അവരുടേതായ പണം തിരികെ നല്‍കിയതിനു ശേഷം വല്ലതും അവശേഷിക്കുന്നുണ്ടെങ്കില്‍ മാത്രമാണ് അയാള്‍ക്ക് വല്ലതും ലഭിക്കുക. അഥവാ മൂലധനം കഴിച്ചുള്ള സംഖ്യ മാത്രമേ ലാഭമായി കണക്കാക്കപ്പെടൂ. ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച   ചെയ്യപ്പെടേണ്ടതുണ്ട്. എല്ലാം ഇവിടെ പ്രതിപാദിക്കുക സാധ്യമല്ല.

മാത്രമല്ല അയാള്‍ ആ കച്ചവടം മറ്റൊരാള്‍ക്ക് മറിച്ചു വിറ്റതായി താങ്കള്‍ സൂചിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ താങ്കള്‍ അയാളുടെ കൂട്ടുകച്ചവടക്കാരനാണ്. താങ്കളുടെ അനുമതിയും അറിവുമില്ലാതെ അത് മറ്റൊരാള്‍ക്ക് മറിച്ചു വില്‍ക്കാന്‍ പാടില്ല. താങ്കള്‍ അത്തരത്തില്‍ ഉള്ള കാര്യങ്ങള്‍ക്ക് അയാള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെങ്കില്‍ അതില്‍ തെറ്റില്ലതാനും. അല്ലാത്ത പക്ഷം നിങ്ങളുടെ കൂട്ടുകച്ചവടം ഇസ്‌ലാമിക നിയമപ്രകാരം ഒരുപാട് വീഴ്ചകള്‍ ഉണ്ട്താനും. 

ഇനി മേല്‍വിശദീകരിച്ചത് പ്രകാരം താങ്കള്‍ക്ക് അയാള്‍ നിശ്ചിത സംഖ്യ നല്‍കാന്‍ ബാധ്യസ്ഥനാണ് എന്ന് കരുതുക. കച്ചവടം അവസാനിപ്പിച്ച ശേഷം അദ്ദേഹം താങ്കള്‍ക്ക് നല്‍കാനുള്ള പണം എന്ന നിലക്ക് അത് താങ്കള്‍ക്ക് ലഭിക്കുവാനുള്ള കടമാണ്. ലഭിക്കാനുള്ള കടത്തിന്‍റെ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ഥ അഭിപ്രായമുണ്ട്. പ്രബലമായ അഭിപ്രായമായി ഈയുള്ളവന് മനസ്സിലാക്കാന്‍ സാധിച്ചത് ലഭിക്കാനുള്ള കടത്തിന് അത് കൈപ്പറ്റിയ ശേഷമേ സകാത്ത് നിര്‍ബന്ധമാകുന്നുള്ളൂ എന്നതാണ്. ഇതാണ് ആഇശ (റ) , ഇബ്നു ഉമര്‍ (റ) തുടങ്ങിയവരില്‍ നിന്നും ഉദ്ദരിക്കപ്പെട്ടിട്ടുള്ളതും, അതുപോലെ ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ തിരഞ്ഞെടുത്തിട്ടുള്ളതുമായ അഭിപ്രായം. എന്നാല്‍ ഇമാം അബൂ ഹനീഫ (റ), ഇമാം ശാഫിഇ (റ), ഇമാം അഹ്മദ് (റ) തുടങ്ങിയവര്‍ തിരികെ കിട്ടും എന്ന് ഉറപ്പുള്ള കടമാണ് എങ്കില്‍ എല്ലാ വര്‍ഷവും അതിന് സകാത്ത് ബാധകമാണ് എന്ന അഭിപ്രായക്കാരാണ്. ശൈഖ് ഇബ്നു ബാസ് (റ), ശൈഖ് ഇബ്നു ഉസൈമീന്‍ (റ) തുടങ്ങിയവരും ഈ അഭിപ്രായക്കാരാണ്. ഇമാം മാലിക്ക് (റ) യുടെ അഭിപ്രായപ്രകാരം കച്ചവടസംബന്ധമായി ലഭിക്കാനുള്ള കടമാണ് എങ്കില്‍ കിട്ടുമെന്ന് ഉറപ്പുണ്ട് എങ്കില്‍ എല്ലാ വര്‍ഷവും അതിന് സകാത്ത് ബാധകമാണ്. അഥവാ ബഹുപൂരിപക്ഷം ഫുഖഹാക്കളും തിരികെ കിട്ടുമെന്ന് ഉറപ്പുള്ള കടത്തിന് സകാത്ത് ബാധകമാണ് എന്ന് അഭിപ്രായപ്പെടുന്നു. കാരണം അത് അയാളുടെ നിക്ഷേപം പോലെയാണ്. എന്നാല്‍ ചിലര്‍ അതത് വര്‍ഷം കൊടുക്കണോ, കിട്ടുമ്പോള്‍ കഴിഞ്ഞ വര്‍ഷങ്ങളിലേത് ഒരുമിച്ച് കൊടുത്താല്‍ മതിയോ എന്നതിലും വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട്. രണ്ടുമാവാം. 

ഇനി മൂന്ന്‍ വര്‍ഷമായി കിട്ടിയിട്ടില്ല എന്ന് താങ്കള്‍ പറഞ്ഞു. കിട്ടുമെന്ന് ഉറപ്പില്ലാത്ത കടമാണ് എങ്കില്‍, അഥവാ ഒന്നുകില്‍ തരാനുള്ളത്‌ നിഷേധിക്കുന്ന ഒരാളുടെ കയ്യിലോ, അതല്ലെങ്കില്‍ സാമ്പത്തികമായി തരാന്‍ സാധിക്കാത്ത ഒരാളുടെ കയ്യിലോ, അതുമല്ലെങ്കില്‍ പണമുണ്ടായിട്ടും തരാതെ പിടിച്ചുവെക്കുന്ന ആളുടെ കയ്യിലോ ആണ് താങ്കള്‍ക്ക് ലഭിക്കാനുള്ള കടമുള്ളത് എങ്കില്‍. നിങ്ങള്‍ ആവശ്യപ്പെട്ടിട്ടും കിട്ടാത്ത സാഹചര്യത്തില്‍ അതിന് സകാത്ത് ബാധകമല്ല. അത് എപ്പോള്‍ ലഭിക്കുന്നുവോ ആ വര്‍ഷത്തെ സകാത്തില്‍ കൂട്ടിയാല്‍ മതി. ഇനി അത് ലഭിക്കുമ്പോള്‍ തന്നെ ഒരു വര്‍ഷത്തെ മാത്രം സകാത്ത് കണക്കാക്കി നല്‍കുന്നുവെങ്കില്‍ വളരേ നല്ലതാണ്. അപ്രകാരം ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടു കാണാം.

ഏതായാലും താങ്കള്‍ ചെയ്യേണ്ടത്: കച്ചവടത്തില്‍ സംഭവിച്ച നഷ്ടം എപ്രകാരമുള്ളതാണ് എന്നും, താങ്കളുടെ സുഹൃത്തിന്‍റെ മനപ്പൂര്‍വമുള്ള കാരണത്താലല്ലാതെ സ്വാഭാവിക നഷ്ടം സംഭവിച്ചതാണ് എങ്കില്‍, നഷ്ടം കഴിച്ച് താങ്കള്‍ക്ക് എത്ര ലഭിക്കാനുണ്ട് എന്നും കണക്കാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കിട്ടുമെന്ന് ഉറപ്പില്ലാത്ത കടമാണ് എങ്കില്‍ അതിന് സകാത്ത് നല്‍കേണ്ടതില്ല. കിട്ടുന്ന സമയത്ത് ഒരു വര്‍ഷത്തെ സകാത്ത് മാത്രം നല്‍കിയാല്‍ മതി. മാത്രമല്ല കടം അത്യധികം ഗൗരവപരമായ കാര്യമാണ്. അതുകൊണ്ട് താങ്കളുടെ സുഹൃത്ത് ആ വിഷയത്തില്‍ അല്ലാഹുവിനെ ഭയക്കേണ്ടതുണ്ട്. കച്ചവടം മറ്റൊരാള്‍ക്ക് വിറ്റ സ്ഥിതിക്ക് താങ്കള്‍ക്ക് ലഭിക്കാനുള്ള വിഹിതം കണക്കാക്കി എത്രയും പെട്ടെന്ന് അത് നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനാണ്

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

P. F അമൗണ്ട് സകാത്ത് കണക്കു കൂട്ടുമ്പോള്‍ ഉള്‍പ്പെടുത്തണോ ?

P. F അമൗണ്ട് സകാത്ത് കണക്കു കൂട്ടുമ്പോള്‍ ഉള്‍പ്പെടുത്തണോ ?

ചോദ്യം: ഞാനൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. Provident Fund അഥവാ പി. എഫ് എന്ന നിലക്ക് എന്‍റെ ശമ്പളത്തില്‍ നിന്നും പിടിക്കപ്പെടുന്ന സംഖ്യക്ക് സകാത്ത് ബാധകമാണോ ?.കാരണം പിരിയുന്ന സമയത്ത് മാത്രമാണല്ലോ അത് ലഭിക്കുക.

ഉത്തരം:  

 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

Provident Fund നെപ്പറ്റി പലരും പല അഭിപ്രായമാണ് പറയാറുള്ളത്. ഏതായാലും വ്യത്യസ്ഥ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ചത്തിന്‍റെ അടിസ്ഥാനത്തില്‍ അത് ഒരു നിക്ഷേപമായാണ് മനസ്സിലാക്കാന്‍ സാധിച്ചത്. സാധാരന്‍ നിലക്ക് ഒരാളുടെ റിട്ടയര്‍മെന്റ് സമയത്താണ് അത് ലഭിക്കുക എങ്കില്‍കൂടി, ഒരാള്‍ക്ക് ചില പ്രത്യേക സാഹചര്യങ്ങളില്‍ അത് പിന്‍വലിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. ഉദാ: ചികിത്സ, മക്കളുടെ വിവാഹം, വീട് പണി തുടങ്ങിയ ആവശ്യങ്ങള്‍ക്കൊക്കെ അത് പലരും പിന്‍വലിക്കാറുണ്ട്. അതുകൊണ്ടുതന്നെ തീര്‍ത്തും തനിക്ക് അപ്രാപ്യമായ, പിരിയുമ്പോള്‍ മാത്രം ലഭിക്കുന്ന ഒരു സംഖ്യ എന്ന് അതിനെപ്പറ്റി പറയാന്‍ സാധിക്കില്ല. അതിനാല്‍ത്തന്നെ എല്ലാ വര്‍ഷവും ആ സംഖ്യക്ക് സകാത്ത് ബാധകവുമാണ്. ഇനി വാദത്തിന് വേണ്ടി അത് ലഭിക്കാനുള്ള ഒരു  കടമായി പരിഗണിച്ചാല്‍ത്തന്നെ, തിരികെ കിട്ടുമെന്ന് ഉറപ്പുള്ള കടത്തിന് സമയമെത്തിയിട്ടില്ലെങ്കില്‍ പോലും സകാത്ത് ബാധകമാണ് എന്നതാണ് നല്ലൊരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം എന്നതുകൂടി നാം വിലയിരുത്തേണ്ടതുണ്ട്. അതിനാല്‍ത്തന്നെ പി. എഫില്‍ ഉള്ള പണത്തിന് സകാത്ത് ബാധകമാണ് എന്നതാണ് ഈയുള്ളവന് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്.  അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.

എന്നാല്‍ പി. എഫില്‍ ഉള്ള തന്‍റെ നിക്ഷേപത്തിന് മാത്രമേ ഒരാള്‍ സകാത്ത് നല്‍കേണ്ടതുള്ളൂ. അതില്‍ വരുന്ന പലിശക്ക് അയാള്‍ സകാത്ത് നല്‍കേണ്ടതില്ല. അത് അയാള്‍ക്ക് അര്‍ഹപ്പെട്ടതുമല്ല. മറിച്ച് എന്ന് താന്‍ അത് കൈപ്പറ്റുന്നുവോ അതില്‍ നിന്നും പലിശ വേര്‍ത്തിരിച്ച്, അത് തന്‍റെ കയ്യില്‍ നിന്നും ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ പാവങ്ങള്‍ക്കോ, തനിക്ക് നേരിട്ട് പ്രയോജനപ്പെടാത്ത രൂപത്തിലുള്ള പൊതുകാര്യങ്ങള്‍ക്കോ ഒക്കെ നല്‍കാവുന്നതാണ്.

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

എന്‍റെ സഹോദരിക്ക് കടം കൊടുത്ത സ്വര്‍ണ്ണത്തില്‍ സകാത്ത് ബാധകമാണോ ?.

എന്‍റെ സഹോദരിക്ക് കടം കൊടുത്ത സ്വര്‍ണ്ണത്തില്‍ സകാത്ത് ബാധകമാണോ ?

ചോദ്യം: കയ്യിലുള്ള സ്വർണ്ണം എന്‍റെ  ഒരു സഹോദരിക്ക് ആവശ്യം വന്നപ്പോൾ, പണയം വെക്കരുത്, അത് വിറ്റ് കാര്യം നടത്തുക, പിന്നീട് തിരിച്ചു തരണം എന്ന കരാറിൽ ഞാൻ നല്കി. എങ്കിൽ ആ സ്വർണ്ണ ത്തിനു ഞാൻ സക്കാത്ത് നൽകേണ്ടതുണ്ടോ ?.

 

ഉത്തരം:

 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

 

 ആമുഖമായി പലിശക്ക് പണയം വെക്കരുത് എന്ന് ഉപദേശിച്ചതിനും, പ്രതിസന്ധി ഘട്ടത്തില്‍ തെറ്റുകളിലേക്ക് പോകാന്‍ ഇടവരുത്താതെ പ്രായോഗികമായി സഹോദരിയെ സഹായിച്ചതിനും അല്ലാഹു താങ്കള്‍ക്ക് തക്കതായ പ്രതിഫലം നല്‍കട്ടെ എന്ന് ആതാമാര്‍ത്ഥമായി പ്രാര്‍ഥിക്കുന്നു.

 

  വളരെ വിശാലമായ ചര്‍ച്ചയുള്ള ഏറെ ഇജ്തിഹാദിയായ മസ്അലകള്‍ കടന്നുവരുന്ന ഒരു വിഷയമാണ് കടവുമായി ബന്ധപ്പെട്ട സകാത്ത്. തിരികെ ലഭിക്കും എന്ന് ഉറപ്പുള്ള കടമാണ് എങ്കില്‍ അത് ലഭിക്കുവാനുള്ള അവധി എത്തിയിട്ടില്ലെങ്കിലും അതിന്‍റെ സകാത്ത് നിര്‍ബന്ധമാണ്‌ എന്നതാണ് ഒരുവിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം. കൂടുതല്‍ സൂക്ഷ്മത ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണ് ഏറെ ഉചിതം. തിരികെ ലഭിക്കും എന്ന് ഉറപ്പുള്ള കടമാണ് എങ്കില്‍, അഥവാ ആ കടം തിരികെ നല്‍കാനുണ്ട് എന്നംഗീകരിക്കുന്ന, തിരികെ നല്‍കാന്‍ സാധിക്കുന്ന ഒരാളുടെ കൈവശമാണ് അതുള്ളത് എങ്കില്‍ അതിന് എല്ലാ വര്‍ഷവും സകാത്ത് ബാധകമാണ് എങ്കിലും തിരികെ ലഭിക്കുമ്പോള്‍ എല്ലാ വര്‍ഷങ്ങളുടെയും കണക്കാക്കി ഒരുമിച്ച് നല്‍കിയാല്‍ മതി എന്നതാണ് ഇബ്നു ഉസൈമീന്‍ (റ) യുടെയും, ഇബ്നു ബാസ് (റ) യുടെയും അഭിപ്രായം. ഇമാം അബൂ ഹനീഫ (റ), ഇമാം അഹ്മദ് (റ), ഇമാം ശാഫിഇ (റ) തുടങ്ങിയവരെല്ലാം ലഭിക്കാനുള്ള കടത്തിന് സകാത്ത് ബാധകമാണ് എന്ന അഭിപ്രായക്കാരാണ്. തന്‍റെ കൈവശം അല്ലെങ്കിലും അത് തന്‍റെ നിക്ഷേപം പോലെയാണ് എന്നതിനാലാണത്. 

എന്നാല്‍ കടം നല്‍കിയ ധനത്തിന് സകാത്ത് ബാധകമല്ല എന്നതാണ് മറ്റൊരഭിപ്രായം. ഇബ്നു ഉമര്‍ (റ), ആഇശ (റ), ഇക്’രിമ (റ) തുടങ്ങിയവര്‍ ഈ അഭിപ്രായക്കാരാണ് എന്ന് കാണാം [الموسوعة الفقهية : 23/ 238, 239 ]. ശാഫിഈ മദ്ഹബിലെ പഴയ അഭിപ്രായവും ഇതാണ്. ഈ അഭിപ്രായമാണ് കൂടുതല്‍ പ്രബലമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റ) യുടെ അഭിപ്രായവും ഇതാണ്. കാരണം ഒരാള്‍ മറ്റൊരാള്‍ക്ക് കടം നല്‍കിയാല്‍ അയാള്‍ക്ക് സാവകാശം നല്‍കുക എന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിച്ച കാര്യമാണല്ലോ, സാവകാശം നല്‍കുക എന്നതോടൊപ്പം അതിന്‍റെ സകാത്ത് നല്‍കാന്‍ കൂടി ബാധ്യസ്ഥനാണ് എന്ന് പറയുമ്പോള്‍ അത് പരസ്പര വിപരീതമാണ്. മാത്രമല്ല ആ പണം സകാത്ത് ബാധകമാകുന്ന അവസ്ഥയില്‍ ആണ് ഉള്ളത് എങ്കില്‍ ആരാണോ അത് കൈവശം ഉള്ള ആള്‍ (അഥവാ കടം വാങ്ങിയ ആള്‍) അതിന്‍റെ സകാത്ത് നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനുമാണ്. ഒരു പണത്തിന് രണ്ട് സകാത്ത് ഉണ്ടാവുകയില്ലല്ലോ. അതുകൊണ്ടുതന്നെ ഈ പറഞ്ഞ അഭിപ്രായമാണ് കൂടുതല്‍ പ്രബലമായി മനസ്സിലാക്കാന്‍ സാധിക്കുന്നത

അതുകൊണ്ട് താങ്കള്‍ക്ക് താങ്കളുടെ സഹോദരിയില്‍ നിന്നും ലഭിക്കുവാനുള്ള സ്വര്‍ണ്ണത്തിന് സകാത്ത് ബാധകമല്ല. ഇനി ഒരാൾ നേരത്തെ പറഞ്ഞ പണ്ഡിതാഭിപ്രായങ്ങൾ മുൻ നിർത്തി കൂടുതൽ സൂക്ഷ്മത എന്ന അർത്ഥത്തിൽ നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആകാവുന്നതാണ്.  കാരണം ഈ അഭിപ്രായഭിന്നതയില്‍ നിന്നും പുറം കടക്കുന്നതോടൊപ്പം, തനിക്ക് ദുനിയാവിലും ആഖിറത്തിലും വര്‍ധനവ്‌ ലഭിക്കുന്ന ഒരു സല്‍കര്‍മ്മമാണ് സകാത്ത് എന്നിരിക്കെ അതൊരിക്കലും ഒരു നഷ്ടമായി കണക്കാക്കേണ്ടതുമില്ല.

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

ബന്ധുക്കള്‍ക്ക് സകാത്ത് കൊടുക്കാമോ ?. അയാള്‍ ശിര്‍ക്ക് ചെയ്യുന്ന ആളാണെങ്കിലോ ?.

ബന്ധുക്കള്‍ക്ക് സകാത്ത് കൊടുക്കാമോ ?. അയാള്‍ ശിര്‍ക്ക് ചെയ്യുന്ന ആളാണെങ്കിലോ ?

ചോദ്യം: എന്‍റെ ബന്ധുവായ ഒരാള്‍ അങ്ങേയറ്റം പാവപ്പെട്ട ഒരാളാണ്. അയാളാകട്ടെ ഖബറാരാധന നടത്തുന്ന ഒരു സുന്നിയുമാണ്. അയാള്‍ക്ക് സകാത്ത് നല്‍കാന്‍ പറ്റുമോ ?.

ഉത്തരം:

الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

ബന്ധുവായ ഒരാള്‍ (ഫഖീര്‍, മിസ്കീന്‍, കടക്കാരന്‍.. ) എന്നിങ്ങനെ സകാത്തിന് അര്‍ഹനായ അവകാശിയാണ് എങ്കില്‍ അയാള്‍ക്ക് സകാത്തില്‍ നിന്ന് നല്‍കാം. ബന്ധുവാണ് എന്നതുകൊണ്ട്‌ ഒരാള്‍ക്ക് സകാത്തിന് അര്‍ഹതയില്ലാതാവുകയില്ല. എന്നാല്‍ ഖബറാരാധന നടത്തുകയോ, അത് അംഗീകരിക്കുകയോ ചെയ്യുന്ന ശിര്‍ക്കന്‍ വിശ്വാസമുള്ള ആളുകള്‍ക്ക് സകാത്ത് കൊടുത്താല്‍ അത് വീടില്ല. അവരുടെ പിന്നില്‍ നിന്ന് നമസ്കരിക്കാനും പാടില്ല.

യഥാര്‍ത്ഥത്തില്‍ അത്തരം ശിര്‍ക്കന്‍ വിശ്വാസം വച്ച് പുലര്‍ത്തുന്നവരെ സംബന്ധിച്ച് ചോദ്യ കര്‍ത്താവ് ഉന്നയിച്ച സുന്നി എന്ന പ്രയോഗം ശരിയല്ല. (سني) അഥവാ സുന്നത്ത് എന്ന പദത്തിലേക്ക് (ياء النسبة) അതായത് ഒന്നിനെ ഒന്നിലേക്ക് ചേര്‍ത്തിപ്പറയാന്‍ ഉപയോഗിക്കുന്ന  (ي) എന്ന അക്ഷരം ഉപയോഗിച്ചതിലൂടെയാണ് സുന്നിയ് (സുന്നി) എന്ന പദം ഉണ്ടായത്. അഥവാ നബീ കരീം (ﷺ) യുടെ സുന്നത്തിനെ മുറുകെപ്പിടിക്കുന്ന സുന്നത്തിന്‍റെ ആള്‍ എന്നര്‍ത്ഥം. ഖബറാരാധന നടത്തുന്ന ആള്‍ എങ്ങനെ അതില്‍പ്പെടും ?!. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ….

സാന്ദര്‍ഭികമായി സൂചിപ്പിക്കേണ്ട ഒരു കാര്യം, മക്കള്‍ മാതാപിതാക്കള്‍ തുടങ്ങി താന്‍ നിര്‍ബന്ധമായും ചിലവിന് നല്‍കാന്‍ ബാധ്യസ്ഥരായവര്‍ക്കുള്ള ചിലവ് സകാത്തില്‍ നിന്നും നല്‍കിയാല്‍ സകാത്ത് വീടില്ല. എന്നാല്‍ സ്വയം കടം വീട്ടാന്‍ സാധിക്കാത്ത കടക്കാര്‍ ആണ് എങ്കില്‍ ആ ഇനത്തില്‍ താന്‍ ചിലവിന് കൊടുക്കുന്നവര്‍ക്കും സകാത്ത് നല്‍കാം . 


അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

ഡയമണ്ടിന്‍റെ സകാത്ത് എപ്രകാരം ?.

ഡയമണ്ടിന്‍റെ സകാത്ത് എപ്രകാരം ?

 ചോദ്യം : ഡയമണ്ടിന്‍റെ സകാത്ത് എപ്രകാരമാണ് ?.

ഉത്തരം : ഉപയോഗിക്കുന്ന ഡയമണ്ടിന് സകാത്ത് ബാധകമല്ല. എന്നാല്‍ വില്പന ഉദ്ദേശിക്കുന്ന ഡയമണ്ട് ആണെങ്കില്‍ ആണെങ്കില്‍ അതിന്‍റെ മാര്‍ക്കറ്റ് വിലയുടെ (അഥവാ സകാത്ത് കണക്കുകൂട്ടുന്ന സമയത്തെ അതിന്‍റെ വിലയുടെ) രണ്ടര ശതമാനം സകാത്തായി നല്‍കണം. തന്‍റെ കൈവശമുള്ള കറന്‍സിയുടെ മൂല്യം നഷ്ടപ്പെടും എന്ന് ഭയന്നുകൊണ്ട്‌ അതിനു പകരമായി വാങ്ങിവെക്കുന്ന ഡയമണ്ടുകള്‍ക്ക് സകാത്ത് ബാധകമാണ്. കാരണം തനിക്ക് എപ്പൊഴാണോ പണത്തിന് ആവശ്യം വരുന്നത് അപ്പോള്‍ വില്‍ക്കാം എന്നാണല്ലോ അതുകൊണ്ടയാള്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ അത് വില്‍പന വസ്തുവാണ്. സകാത്ത് കണക്കു കൂട്ടുന്ന സമയത്തെ (ഹൗല്‍ തികയുന്ന സമയത്തെ) മാര്‍ക്കറ്റ് വിലയുടെ രണ്ടരശതമാനമാണ് വില്പന വസ്തുവിന്‍റെ സകാത്ത്. വാങ്ങിച്ച വിലയല്ല കണക്കു കൂട്ടേണ്ടത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

 (കച്ചവട വസ്തുക്കളുടെ സകാത്ത്.)

ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) യോടുള്ള ചോദ്യവും അദ്ദേഹം നല്‍കിയ മറുപടിയും: 

ചോദ്യം: പൂര്‍ണമായും സ്വര്‍ണ്ണം കൊണ്ട് മാത്രം പണികഴിപ്പിക്കപ്പെടാത്ത, വിലപിടിപ്പുള്ള കല്ലുകളും വജ്രങ്ങളും പതിച്ച ആഭരണങ്ങളുടെ സകാത്ത് എപ്രകാരമാണ് ?. കല്ലുകളുടെ തൂക്കവും സ്വര്‍ണ്ണത്തോടൊപ്പം കൂട്ടുമോ ?. പലപ്പോഴും അവയെ സ്വര്‍ണ്ണത്തില്‍ നിന്നും വേര്‍തിരിച്ച് കൂട്ടുക എന്നത് പ്രയാസകരമാണ്.

ഉത്തരം: സ്വര്‍ണ്ണത്തിനാണ് സകാത്തുള്ളത്. കച്ചവടത്തിനുവേണ്ടി ഉള്ളവയല്ലെങ്കില്‍ വജ്രത്തിനും വിലപിടിപ്പുള്ള കല്ലുകള്‍ക്കും സകാത്ത് ബാധകമല്ല. മാലകളിലും മറ്റും ഈ രൂപത്തില്‍ സകാത്ത് ബാധകമാകുന്നവയും ബാധകമാകാത്തവയും ഉണ്ടെങ്കില്‍, അതുമായി ബന്ധപ്പെട്ട് അറിവുള്ള ആളുകളെ സമീപിച്ച് എത്രയാണ് അതിലടങ്ങിയ സ്വര്‍ണ്ണം എന്ന് (സൂക്ഷമതയോടെ ഏകദേശം) കണക്കാക്കണം. അത് നിസ്വാബ് എത്തുന്നുണ്ടെങ്കില്‍ (ഹൗല്‍ തികയുമ്പോള്‍) സകാത്ത് നല്‍കല്‍ നിര്‍ബന്ധമാണ്‌. ഇരുപത് മിസ്ഖാല്‍ ആണ് അതിന്‍റെ നിസ്വാബ്. സൗദി ജിനൈഹില്‍ പതിനൊന്ന് ജിനൈഹും ഒരു ജിനൈഹിന്‍റെ എഴില്‍ മൂന്നുമാണ് അതിന്‍റെ കണക്ക്. ഗ്രാമില്‍ 92 ഗ്രാം തൂക്കം വരും. (യഥാര്‍ത്ഥത്തില്‍ ശരിയായ തൂക്കം 85 ഗ്രാം ആണ്. ഗോതമ്പ് മണി വച്ചുകൊണ്ട് തൂക്കുമ്പോള്‍ ഗ്രാമില്‍ വരുന്ന തൂക്കമാണ് അഭിപ്രായ ഭിന്നതക്ക് കാരണം. എന്നാല്‍ അക്കാലത്തെ സ്വര്‍ണ്ണനാണയം തന്നെ ലഭിച്ചതുകൊണ്ട് തൂക്കം 85 ഗ്രാം ആണ് എന്നത് സുവ്യക്തമാണ് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കുക: സ്വര്‍ണ്ണത്തിന്‍റെ നിസ്വാബ് !. ). നിസ്വാബ് കൈവശം ഉണ്ടെങ്കില്‍ ഓരോ വര്‍ഷവും സകാത്ത് നല്‍കണം. രണ്ടര ശതമാനമാണ് അതില്‍ നിന്നും സകാത്തായി നല്‍കേണ്ടത്. അഥവാ ആയിരത്തിന് ഇരുപത്തഅഞ്ച് എന്ന തോതില്‍. ഉപയോഗിക്കുന്നതും മറ്റുള്ളവര്‍ക്ക് ഇടാന്‍ കൊടുക്കുന്നതും ഒക്കെയായ സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങളില്‍ (നിസ്വാബ് എത്തുന്നുവെങ്കില്‍ ഓരോ വര്‍ഷവും) രണ്ടര ശതമാനം നല്‍കണം എന്നതാണ് പണ്ഡിതന്മാരുടെ അഭിപ്രായങ്ങളില്‍ ഏറ്റവും ശരിയായ അഭിപ്രായം. എന്നാല്‍ വില്‍പന ഉദ്ദേശിക്കുന്ന ആഭരണമാണ് എങ്കില്‍ മറ്റു കച്ചവട വസ്തുക്കളെപ്പോലെത്തന്നെ കല്ലും സ്വര്‍ണ്ണവും അടക്കം മൊത്തം ആഭരണത്തിന്‍റെ മാര്‍ക്കറ്റ് വിലയുടെ രണ്ടര ശതമാനം സകാത്ത് നല്‍കല്‍ നിര്‍ബന്ധമാണ്‌. ഇതാണ് പൂരിപക്ഷാഭിപ്രായം. ഇതില്‍ ഇജ്മാഅ് ഉണ്ട് എന്നും ചില പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. – [ ഈ ഫത്വയുടെ അറബി ലഭിക്കാന്‍: http://www.binbaz.org.sa/node/1422 ].


അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com


വരുമാന നികുതി നല്‍കുന്ന ഒരാള്‍ സകാത്തില്‍ നിന്നും മുക്തനാണോ ?.

വരുമാന നികുതി നല്‍കുന്ന ഒരാള്‍ സകാത്തില്‍ നിന്നും മുക്തനാണോ ?

ചോദ്യം: വരുമാന നികുതി നല്‍കുന്ന ഒരാള്‍ സകാത്തില്‍ നിന്നും മുക്തനാണോ ?.


ഉത്തരം: നികുതി ആയി ഈടാക്കുന്ന പണം സകാത്തിന്‍റെ അവകാശികള്‍ക്ക് അല്ല നല്‍കുന്നത്. സൂറത്തു തൌബയിലെ 60 മത്തെ ആയത്തില്‍ അല്ലാഹു നിര്‍ദേശിച്ച അവകാശികള്‍ക്ക് നല്‍കിയാല്‍ മാത്രമേ സകാത്ത് വീടുകയുള്ളൂ. (സകാത്തിന്‍റെ അവകാശികള്‍)


ഗവണ്മെന്‍റ്  നല്‍കുന്ന സേവനങ്ങള്‍ക്കുള്ള വില ആളുകളില്‍ നിന്നും അവര്‍ക്കീടാക്കാം. പൊതുസ്വത്തുക്കള്‍ ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിന് ഉപയോഗിക്കാം. എന്നാല്‍ അധികാരമുപയോഗിച്ച് അനര്‍ഹമായി ആളുകളില്‍ നിന്നും പണം പിടിച്ചെടുക്കുന്നത് അധികഠിനമായ പാപമാണ്. ‘മക്സ്’ എന്നാണതിന് കര്‍മ്മശാസ്ത്രഭാഷയില്‍ പറയുക. വന്‍പാപങ്ങളില്‍ ഒന്നാണ് മക്സ്. ഇന്ന് നമ്മുടെ നാട് പുലര്‍ത്തിപ്പോരുന്ന സമ്പദ് വ്യവസ്ഥ പരിശോധിച്ചാല്‍ അത് പലിശയില്‍ അധിഷ്ടിതമായ സമ്പദ് വ്യവസ്ഥയാണ്‌. പലിശയില്‍ അധിഷ്ടിതമായ സമ്പദ് വ്യവസ്ഥ ക്രമേണ നികുതിയളവ് വര്‍ദ്ധിപ്പിക്കാനിടവരുത്തും. കാരണം പണമൊഴുക്ക് തടയാന്‍ കീന്‍സ് മുന്നോട്ട് വച്ച ഒരുപാതി നികുതി വര്‍ദ്ധനവാണല്ലോ. ഒടുവില്‍ താങ്ങാവുന്നതിലുമപ്പുറം നികുതി വര്‍ദ്ധനയുണ്ടാവുകയും ആളുകള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്യും. ഗ്രീസിലെ ഇന്നത്തെ അവസ്ഥ ഇതിനൊരു ഉത്തമ ഉദാഹരണമാണ്. അതിനാല്‍ത്തന്നെ ഇന്ന് പല രാജ്യങ്ങളും നടപ്പാക്കുന്ന ആളുകളെ കൊള്ളയടിക്കുന്ന രൂപത്തിലുള്ള നികുതി സമ്പ്രദായവും അതിനുള്ള കാരണങ്ങളും പഠനവിധേയമാക്കപ്പെടേണ്ടതുണ്ട്. മാത്രമല്ല പലിശയില്‍ അധിഷ്ടിതമായ സമ്പദ് വ്യവസ്ഥയും തന്‍മൂലമുണ്ടാകുന്ന അമിതമായ നികുതിയും സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന കാന്‍സറാണ്. സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം.


നികുതിയായി നല്‍കുന്ന പണം ഒരിക്കലും സകാത്തായി പരിഗണിക്കാന്‍ പറ്റില്ല. അത് സകാത്ത് എന്ന നിലക്ക് പിരിച്ചെടുക്കപ്പെടുന്നതോ, സകാത്തിന്‍റെ അവകാശികളായ ആളുകള്‍ക്ക് നല്‍കപ്പെടുന്നതോ അല്ല എന്നതു തന്നെ അതിനു കാരണം. അതിനാല്‍ത്തന്നെ നികുതി കഴിച്ച് ബാക്കിയുള്ള പണം നിസ്വാബ് എത്തുകയും അതിന് ഹൗല്‍ പൂര്‍ത്തിയാകുകയും ചെയ്യുമ്പോള്‍ സകാത്ത് നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്.


ഉദാ: നിങ്ങള്‍ സകാത്ത് നല്‍കാന്‍ കരുതി വെച്ചിരുന്ന പണത്തില്‍ നിന്നും ഒരാള്‍ മോഷണം നടത്തി എന്ന് കരുതുക. അവശേഷിക്കുന്ന പണം നിസ്വാബ് തികയുന്നുണ്ടെങ്കില്‍ ഹൗല്‍ പൂര്‍ത്തിയാകുന്ന സമയത്ത് അതിന്‍റെ സകാത്ത് നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്.  അത് നിങ്ങളുടെ സമ്പത്തില്‍ ദരിദ്രര്‍ക്കുള്ള അവകാശവും, ആരാധനയും, ഇസ്ലാമിന്‍റെ പഞ്ചസ്തംബങ്ങളില്‍ ഒന്നുമാണ്. അതിനാല്‍ മറ്റുരൂപത്തില്‍ പണം നഷ്ടപ്പെടുന്നത് അതിന് തടസ്സമാകരുത്. മാത്രമല്ല സകാത്ത് നല്‍കുന്നത് നിങ്ങളുടെ പാരത്രീക സമ്പത്തിനെയും ഭൗതിക സമ്പത്തിനെയും വളര്‍ത്തും. അതിനാല്‍ത്തന്നെ അതൊരു നഷ്ടമല്ല, നേട്ടമാണ്. അല്‍ഹംദുലില്ലാഹ്…


അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com