പക്ടി ഇടപാട് അനുവദനീയമാണോ, അതിന്‍റെ കര്‍മ്മശാസ്ത്ര വിധിയെന്ത്‌ ?!.​

പക്ടി ഇടപാട് അനുവദനീയമാണോ, അതിന്‍റെ കര്‍മ്മശാസ്ത്ര വിധിയെന്ത്‌ ?!.

കോഴിക്കോട് ഭാഗത്ത് സാധാരണ നടപ്പിലുള്ള ഒരു ഇടപാടാണ് പകുടി. അഥവാ ഒരാള്‍ നടത്തിക്കൊണ്ടിരിക്കുന്ന കട മറ്റൊരാള്‍ക്ക് കച്ചവടത്തിന് വേണ്ടി ഒഴിഞ്ഞുകൊടുക്കണമെങ്കില്‍ ഒരു നിശ്ചിത സംഖ്യ അവിടെ കച്ചവടം നടത്തിക്കൊണ്ടിരിക്കുന്ന ആള്‍ക്ക് കൊടുക്കണം. നല്ല കച്ചവടം ഉള്ള സ്ഥലം ആണെങ്കില്‍ അയാള്‍ ഒഴിയാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും…


ഉദാ: അഹ്മദ് ഒരു തിരക്കുള്ള നഗരത്തില്‍ കട നടത്തുന്നു എന്ന് കരുതുക. ആ കട നജീബ് ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നു. ഇവിടെ അഹ്മദ് ആ കടയില്‍ നിന്നും ഒഴിയണമെങ്കില്‍ ഒരു നിശ്ചിത സംഖ്യ ആവശ്യപ്പെടുന്നു. ഈ ആവശ്യപ്പെടുന്ന പണമാണ് പകുടി.


ഇതിന്‍റെ ശറഇയായ വിധി പലരും നേരത്തെ  ചോദിച്ചിരുന്നു.  ഇന്‍ ഷാ അല്ലാഹ് പരിശോധിച്ചിട്ട് പറയാം എന്നും പറഞ്ഞിരുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ശൈഖ് സുലൈമാന്‍ റുഹൈലി ഹഫിദഹുല്ലയുടെ കച്ചവടവുമായി ബന്ധപ്പെട്ട കര്‍മശാസ്ത്ര നിയമങ്ങള്‍ വിശദീകരിക്കുന്ന ക്ലാസില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. (سعر الخلو) എന്നാണ് അതിന് അറബിയില്‍ പറയുക. 


കച്ചവടം രണ്ടു താരമാണ്. ഒന്ന് വസ്തു വില്‍ക്കുക (بيع مال), രണ്ടാമത്തേത് ഉപകാരം വില്‍ക്കുക (بيع منفعة).  ഉപകാരം വില്‍ക്കുക എന്നാ ഗണത്തിലാണ് ഇത് പെടുക. അഥവാ ആ സ്ഥലത്ത് കച്ചവടം ചെയ്യുക എന്ന ഉപകാരത്തെ അയാള്‍ വില്‍ക്കുന്നു എന്നര്‍ത്ഥം. ഇത് അനുവദനീയമാണ്. പക്ഷെ അനുവടനീയമാകാന്‍ ഒരു നിബന്ധനയുണ്ട്. അതായത് പകുടി വാങ്ങി ഒഴിഞ്ഞു കൊടുക്കാന്‍ തയ്യാറാകുന്ന കച്ചവടക്കാരന്‍ ആ കടയുടെ ഉടമസ്ഥനുമായി നിലനില്‍ക്കുന്ന വാടകക്കരാര്‍ അവസാനിചിരിക്കാന്‍ പാടില്ല. കാരണം വാടകക്കരാര്‍ അവസാനിച്ചാല്‍ ഒഴിഞ്ഞു കൊടുക്കാന്‍ അയാള്‍ നിര്‍ബന്ധിതനാണല്ലോ..


സ്വാഭാവികമായും ഇപ്രകാരം ഒരു ഉപകാരത്തെ വില്പനക്ക് വെക്കുന്നുവെങ്കില്‍ സകാത്ത് കണക്കു കൂട്ടുന്ന സമയത്ത് തന്‍റെ കൈവശമുള്ള കച്ചവട വസ്തുക്കള്‍ പരിഗണിക്കുമ്പോള്‍ അതില്‍ ആ ഉപകാരത്തിന് പ്രതീക്ഷിക്കുന്ന മാര്‍ക്കറ്റ് വിലയും കണക്കില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അത് വില്‍ക്കാന്‍ തീരുമാനിക്കുമ്പോള്‍ മാത്രമേ കച്ചവട വസ്തു എന്ന ഗണത്തില്‍ പരിഗണിക്കപ്പെടുകയുള്ളൂ …. അഥവാ ഒരാള്‍ സ്വാഭാവികമായും കടയെടുക്കുമ്പോള്‍ പകുടി നല്‍കിയായിരിക്കും കട എടുത്തിട്ടുണ്ടാവുക. എന്നാല്‍ ഓരോ വര്‍ഷവും സകാത്ത് കണക്കു കൂട്ടുമ്പോള്‍ പകുടിയായി നല്‍കിയ പണം സകാത്ത് ബാധകമാകുന്ന പണത്തില്‍ ഉള്‍പ്പെടുത്തണം എന്നില്ല. എന്നാല്‍ എപ്പോഴാണോ മറ്റൊരാളില്‍ നിന്നും പകുടി വാങ്ങി ആ കട ഒഴിഞ്ഞു കൊടുക്കാന്‍ അയാള്‍ തീരുമാനിക്കുന്നത് അപ്പോള്‍ ഹൗല്‍ തികയുമ്പോള്‍ സകാത്ത് ബാധകമാകുന്ന പണത്തില്‍ അതും ഉള്‍പ്പെടുത്തേണ്ടതുണ്ട്. അഥവാ കച്ചവട വസ്തുവായി മാറിയാല്‍, സാധാരണ കച്ചവട വസ്തുക്കളുടെ സകാത്ത് എപ്രകാരമാണോ കണക്കു കൂട്ടുന്നത് അതുപോലെ ഇതിന്റെയും സകാത്ത് കണക്കു കൂട്ടണം എന്നര്‍ത്ഥം.


അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com


നാണയത്തിന്‍റെ മൂല്യത്തിന് സ്ഥിരത പാടേ നഷ്ടപ്പെടുന്നു… സെന്‍ട്രല്‍ ബാങ്കിന്‍റെ ഇടപെടലുകള്‍ക്കും പരാജയം….

നാണയത്തിന്‍റെ മൂല്യത്തിന് സ്ഥിരത പാടേ നഷ്ടപ്പെടുന്നു... സെന്‍ട്രല്‍ ബാങ്കിന്‍റെ ഇടപെടലുകള്‍ക്കും പരാജയം..

നമ്മുടെ കയ്യിലുള്ള നോട്ടുകള്‍ പരസ്പരം ചരക്കുകള്‍ കൈമാറാനുള്ള മാധ്യമവും, സാധനങ്ങളുടെ മൂല്യം അളക്കുന്ന അളവുകോലും, സൂക്ഷിച്ചു വെക്കാന്‍ സാധിക്കുന്ന മൂലധനവും ആയാണ് നമ്മുടെ സാമ്പത്തിക രംഗത്ത് കടന്നുവന്നത്

 പണത്തിന്‍റെ മാര്‍ക്കറ്റിലുള്ള ചലനങ്ങളെക്കുറിച്ച് വിക്കിപീഡിയ നല്‍കുന്ന വിവരണം: The main functions of money are distinguished as: a medium of exchange; a unit of account; a store of value;

 പക്ഷെ ഈ മൂന്നു രൂപത്തിലുള്ള ചലനങ്ങളെയും മുടക്കുന്ന രൂപത്തില്‍ പണത്തെ കച്ചവട വസ്തുവാക്കുകയാണ് പലിശ സംവിധാനം ചെയ്യുന്നത്. അഥവാ പണം തന്നെ പണത്തിനു പകരമായി വില്‍ക്കുന്നു. ഇത് നാണയത്തിന്‍റെ മൂല്യത്തിന് സ്ഥിരത ഇല്ലാതാക്കുന്നു. Demand / Supply അഥവാ ആവശ്യകതയും, ലഭ്യതയും അനുസരിച്ച് വസ്തുക്കളുടെ മൂല്യത്തില്‍ വിത്യാസം സംഭവിക്കുന്നപോലെ നാണയത്തിന്‍റെ മൂല്യത്തിനും വലിയ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നു. ഇത് നാണയത്തെ മറ്റുള്ള വസ്തുക്കളുടെ മൂല്യമളക്കുന്ന അളവുകോല്‍ എന്ന ദൗത്യം കൃത്യമായി നിര്‍വഹിക്കാന്‍ സാധിക്കാത്തതാക്കി മാറ്റുന്നു. കാരണം അളവുകോലിന്‍റെ മൂല്യം തന്നെ സ്ഥിരതയില്ലാത്തതായി മാറുമ്പോള്‍ വ്യവസ്ഥാപിതമായ മൂല്യനിര്‍ണയ മാധ്യമമായി അതിനെ ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്നു. അത് ആളുകള്‍ക്ക് നാണയത്തിലുള്ള വിശ്വാസ്യതയെ നഷ്ടപ്പെടുത്തുന്നു. അത് പരസ്പര വിനിമയത്തെയും ബാധിക്കുന്നു. മാത്രമല്ല ഉല്പാദന വസ്തുക്കള്‍ കൈമാറാന്‍ വേണ്ടിയുള്ള മാധ്യമമായി രംഗപ്രവേശനം ചെയ്ത നാണയം തന്നെ ഉല്പന്നമായി മാറുമ്പോള്‍ അവിടെ യഥാര്‍ത്ഥ ഉല്പന്നങ്ങളുടെ അഭാവം ഉണ്ടാകുന്നു. യഥാര്‍ത്ഥ ഉല്പന്നങ്ങളുടെ അഭാവം തൊഴിലില്ലായ്മക്കും, ഉല്പാദനക്കുറവ് വഴിയുണ്ടാകുന്ന വിലക്കയറ്റത്തിനും ഇടവരുത്തുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും ഒന്നിച്ചു വന്നാല്‍, കുറ്റകൃത്യങ്ങളില്‍ വന്‍തോതില്‍ വര്‍ധനവ്‌ ഉണ്ടാകുന്നു. മാത്രമല്ല നിക്ഷേപകര്‍ ഈ അവസരത്തില്‍ കൂടുതല്‍ സുരക്ഷിതമായ ഇടങ്ങള്‍ തേടിപ്പോകുന്നത് ‘വീഴാന്‍ പോകുമ്പോള്‍ ഒരു തള്ളും കൂടി’ എന്ന് പറയുന്നപോലെ സമ്പദ് വ്യവസ്ഥയെ ഒന്നുകൂടി പിടിച്ചുകുലുക്കുന്നു.

 പലിശയെന്ന സംവിധാനം സാമ്പത്തിക രംഗത്ത് ഉണ്ടാക്കുന്ന വിള്ളലുകള്‍ മാത്രം ഇത്രമാത്രം വലുതെങ്കില്‍, അതോടൊപ്പം അഴിമതിയും, കള്ളക്കച്ചവടവും, പൂഴ്ത്തിവെപ്പും മറ്റു സാമ്പത്തിക ക്രമക്കേടുകള്‍ കൂടിയാകുമ്പോള്‍ സാമ്പത്തിക രംഗം കൂപ്പുകുത്തിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ…

 ലോകരക്ഷിതാവിന്‍റെ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ അത് അനുഭവിച്ചേ തീരൂ ….

 يقول تعالى: (ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُمْ بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ)

” മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത്‌ നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്‍റെ ഫലം അവര്‍ക്ക്‌ ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്‌. അവര്‍ ഒരു വേള മടങ്ങിയേക്കാം “. [റൂം – 41].

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

 

ഇസ്‌ലാമിക സമ്പദ്ഘടന, നമ്മുടെ രാജ്യത്തിനും ഈ തിരിച്ചറിവ് ഉണ്ടായെങ്കിൽ!.

ഇസ്‌ലാമിക സമ്പദ്ഘടന, നമ്മുടെ രാജ്യത്തിനും ഈ തിരിച്ചറിവ് ഉണ്ടായെങ്കിൽ!.

വ്യവസ്ഥാപിതമായ ഏതൊരു സംവിധാനത്തിനും മാറ്റങ്ങൾക്ക് അധീതമായ ഘടകങ്ങളും, മാറ്റത്തിനും ചലനത്തിനും അധീനമായ ഘടകങ്ങളും ഉണ്ടാകും. ഉദാ: വാഹനം എന്ന ഒരു സംവിധാനം പരിശോധിച്ചാൽ അതിന്റെ ഒരുപാട് ഘടകങ്ങൾ ചലിക്കുന്നവയായും, ഒരുപാട് ഘടകങ്ങൾ നിശ്ചലമായും കാണാം. നിശ്ചലമായ  ഘടകങ്ങൾ ചലിക്കുന്ന ഘടകങ്ങളെ അതിസുന്ദരമായി നിയന്ത്രിക്കുന്ന അവസ്ഥാവിശേഷം ആണ് അവിടെ. മാറ്റങ്ങൾക്ക്‌ വിധേയമാകുന്ന ഘടകങ്ങളും, അവയെ നിയന്ത്രിക്കുന്ന മാറ്റങ്ങൾക്കധീതമായ ഘടകങ്ങളും സംഗമിക്കുമ്പോഴാണ് അത് വാഹനം എന്ന ഒരു വ്യവസ്ഥാപിത സംവിധാനമായി മാറുന്നത്.


എല്ലാ ഘടകങ്ങളും ചലിക്കുന്നവയോ, നിശ്ചലമായവയോ ആയിരുന്നെങ്കിൽ അതൊരിക്കലും തന്നെ ഒരു വ്യവസ്ഥാപിത സംവിധാനം ആകുമായിരുന്നില്ല. ഇവിടെയാണ്‌ ഇസ്ലാമിക സമ്പദ് വ്യവസ്ഥ എത്ര വ്യവസ്ഥാപിതമായ ഒരു സംവിധാനം ആണ് എന്ന് നമ്മൾ മനസ്സിലാക്കേണ്ടത്. ഒരിക്കലും മാറ്റങ്ങൾക്ക് വിധേയമാകാത്ത ഒരു പറ്റം നിയമസംഹിതകളും, ആ നിയമങ്ങൾ വഴി നിയന്ത്രിക്കപ്പെടുന്ന മാറ്റങ്ങൾക്ക് വിധേയമായ നിയമങ്ങളും ഒരുമിച്ചു ചേരുന്ന ഒരു സംവിധാനം ആയതിനാലാണ് ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ ഏത് കാലഘട്ടത്തിനും, ഏത്  സമൂഹത്തിനും അനുയോജ്യമായിത്തീരുന്നത്.

സമൂഹത്തിൻറെ സമ്പദ് വ്യവസ്ഥയെ തകർക്കുന്ന സർവ കാര്യങ്ങളെയും വിലക്കുകയും, സമ്പദ് വ്യവസ്ഥക്ക് ഗുണകരമാകുന്ന സർവ കാര്യങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അടിസ്ഥാന നിയമങ്ങൾ ഓരോ സമൂഹത്തിൻറെയും സമ്പദ് ഘടനയിലുണ്ടാകുന്ന മാറ്റത്തെ അതിസുന്ദരമായി നിയന്ത്രിക്കുന്നു.



സമൂഹത്തിൻറെ സമ്പദ് ഘടനയെ തകർക്കുന്ന പലിശ, ചൂതാട്ടം, കളവ്, ചതി, വഞ്ചന, അതുപോലെ മനുഷ്യ ജീവിതത്തെ തകർക്കുന്ന, മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ വില്പന, സമൂഹനന്മ ഹനിക്കപ്പെടുന്ന വ്യക്തി താല്പര്യങ്ങൾ ഇവയെല്ലാം ഇസ്ലാം നിഷിദ്ധമാക്കി.  മറുവശത്ത് സമൂഹത്തിൻറെ സമ്പദ്ഘടനയുടെ സുഗമമായ വളർച്ചക്കും   സുരക്ഷിതത്വത്തിനും ഉപോല്‍പലകമാകുന്ന നിർബന്ധ ദാനധർമ്മമായ സകാത്ത്, പുണ്യകരമായ മറ്റു ദാനധർമ്മങ്ങൾ, വഖഫ്, വസ്വിയ്യത്ത്, സമൂഹനന്മയെ ബാധിക്കാത്തതും നിഷിദ്ധങ്ങൾ കടന്നുവരാത്തതുമായ കച്ചവടങ്ങൾ ഇവയെയെല്ലാം പ്രോത്സാഹിപ്പിച്ചു.  ഈ മാറ്റമില്ലാത്ത നിയമങ്ങൾ മാറി വരുന്ന ഏത് കാലഘട്ടത്തിലെ സമ്പദ് രംഗങ്ങളെയും വ്യവസ്ഥാപിതമായി നിയന്ത്രിക്കുന്നു. ഏതൊരു സമ്പദ് ഘടനയുടെയും ജീവനാഡി പണം ആണ് എന്നതിൽ തർക്കമില്ലല്ലോ. മഴ ലഭിക്കുമ്പോൾ കൃഷി വളരുന്നത് പോലെയാണ്, പണമിറങ്ങുമ്പോൾ സമ്പദ് ഘടനയുടെ വളർച്ച. പക്ഷെ അതിൻറെ ലഭ്യതയെ ആവശ്യമനുസരിച്ച് നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. ഇവിടെയാണ്‌ അതിൻറെ ചലനത്തിന് തടസ്സമാകുന്ന കാര്യങ്ങളെ നിഷിദ്ധമാക്കുകയും, അതിന്റെ ചലനത്തെ എളുപ്പമാക്കുന്ന കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ ലോകജനതയെ അതിശയിപ്പിക്കുന്നത്.  നിഷിദ്ധങ്ങൾ ഒരു വശത്തും, ചെയ്യാൻ കല്പിക്കപ്പെട്ട കാര്യങ്ങൾ മറുവശത്തും നിന്നുകൊണ്ട് പണത്തിൻറെ ചലനത്തെ സമ്പദ്ഘടനയുടെ വളർച്ചക്ക് ഉപകാരപ്പെടുംവിധം നിയന്ത്രണ വിധേയമാക്കുന്നു.



വ്യക്തി താല്പര്യവും പൊതു താല്പര്യവും ഒരുപോലെ സംരക്ഷിക്കുക, അവ രണ്ടും വിപരീതമായി വരുമ്പോൾ പൊതു താല്പര്യത്തിന് മുൻഗണന നല്കുക. സ്വത്ത് ചിലവഴിക്കുന്നതിലും, സ്വത്ത് നിക്ഷേപമാക്കി സൂക്ഷിക്കുന്നതിലും അമിതത്വം കാണിക്കാതിരിക്കുക. ഇതര സാമ്പത്തിക ശാസ്ത്രങ്ങൾ പഠിപ്പിക്കുന്നത് പോലെ ഈ ലോകത്തെ ആസ്വാദനവും, ലാഭക്കൊതിയും ആയിരിക്കരുത് എന്റെ ലക്ഷ്യം. മറിച്ച് പാരത്രിക ജീവിതത്തിലെ വിജയമാണ് ശാശ്വത വിജയം. അന്യന്റെ അവകാശങ്ങൾ തുടങ്ങുന്നിടത്ത് എന്റെ സ്വാതന്ത്ര്യം അവസാനിക്കുന്നു.. തുടങ്ങിയ വിവർണ്ണനാതീതമായ അടിസ്ഥാന തത്വങ്ങൾ കൂടി ചേരുമ്പോൾ ഏത് പ്രതിസന്ധികളെയും അതിജയിക്കാൻ അത് പ്രാപ്തമാകുന്നു. അതെ ഇത് ദൈവത്തിൽനിന്നുള്ളതാണ് സകല മനുഷ്യനിർമ്മിത തത്വശാസ്ത്രങ്ങളെയും അത് അതിജയിക്കുക തന്നെ ചെയ്യും. ഇസ്‌ലാമിക സമ്പദ് ശാസ്ത്രത്തിലേക്കുള്ള ലോകജനതയുടെ ചുവടുമാറ്റം അതാണ്‌ വിളിച്ചറിയിക്കുന്നതും. ഇസ്‌ലാമിനോടുള്ള പകയും വിദ്വേശവും കാരണം കണ്ണടച്ച് ഇരുട്ടാക്കിയവർ പോലും ഇന്ന് തിരുത്തേണ്ടി വന്നിരിക്കുന്നു.  പ്രതിസന്ധികൾക്ക് പിറകെ പ്രതിസന്ധികൾ എന്നോണം വിളവു തിന്നുന്ന വേലികളായി ഇതര പ്രത്യയ ശാസ്ത്രങ്ങൾ മാറുമ്പോൾ ഇസ്‌ലാമിക പ്രത്യയ ശാസ്ത്രത്തിലേക്ക് ചുവടുമാറുകയല്ലാതെ സാമ്പത്തിക രംഗത്തിന് രക്ഷയില്ല എന്ന് ഹാർവാർഡ്‌ യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്രജ്ഞന്മാർ പോലും വിലയിരുത്തിയെങ്കിൽ അത് ഈ തിരിച്ചറിവിനാലാണ്.



1988 നോബൽ സമ്മാനം നേടിയ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ മൌറിസ് അലെ പോലും സാമ്പത്തിക പ്രതിസന്ധിക്ക് മൂല കാരണമായി എണ്ണിയ പലിശ , അമിതമായ കുടിശിക എന്നിവയെ പെറ്റമ്മയോളം സ്നേഹിക്കുന്ന നമ്മുടെ രാജ്യത്തിനും ഈ തിരിച്ചറിവ് ഉണ്ടായെങ്കിൽ എന്ന് നമുക്ക് ആശിക്കാം …


അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com


തലയുയര്‍ത്തി നില്‍ക്കുന്ന ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയും, തകര്‍ന്നടിയുന്ന മനുഷ്യനിര്‍മ്മിത സമ്പദ് വ്യവസ്ഥകളും.​

തലയുയര്‍ത്തി നില്‍ക്കുന്ന ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയും, തകര്‍ന്നടിയുന്ന മനുഷ്യനിര്‍മ്മിത സമ്പദ് വ്യവസ്ഥകളും.

മനുഷ്യ നിര്‍മ്മിത സമ്പദ് വ്യവസ്ഥകള്‍ പരാജയമാണെന്ന് കാലം തെളിയിക്കുകയാണ്. ആഡം സ്മിത്തിന്‍റെ ക്ലാസിക്കല്‍ തിയറി, ആല്ഫ്രെഡ്‌ മാര്‍ഷലിന്‍റെ നിയോ ക്ലാസിക്കല്‍ തിയറി, കീന്സിന്‍റെ കീന്‍സിയന്‍ തിയറി തുടങ്ങിയവയാണല്ലോ സാമ്പത്തിക രംഗത്ത് ഏറ്റു പിടിക്കപ്പെടുന്ന പ്രധാന മനുഷ്യ നിര്‍മ്മിത തിയറികള്‍. ആഡം സ്മിത്തിന്‍റെ ക്ലാസിക്കല്‍ തിയറി പരാജയമാണ് എന്നതിനാലും സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആ തിയറിക്ക് കഴിയുകയില്ല എന്നതിനാലുമാണ് ആല്ഫ്രെഡ്‌ മാര്‍ഷല്‍ അതില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തി ‘നിയോ ക്ലാസിക്കല്‍’ തിയറി ഉണ്ടാക്കിയത്. അതും പരാജയമാണ് എന്ന് അനുഭവിച്ച് അറിഞ്ഞപ്പോഴാണ് കീന്‍സ് തന്‍റെ തിയറി ആവിഷ്കരിക്കുന്നത്.


മുന്‍കാല തിയറികളില്‍ നിന്നും വ്യത്യസ്തമായി മാര്‍ക്കറ്റിനെ ഗവണ്മെന്റുകള്‍ നിയന്ത്രിക്കണമെന്നും, മാര്‍ക്കറ്റില്‍ പണത്തിന്‍റെ ലഭ്യത അമിതമായി ഉണ്ടാകുമ്പോള്‍ പലിശ നിരക്ക് കൂട്ടിയും ടാക്സ് വര്‍ദ്ധിപ്പിച്ചും മാര്‍ക്കറ്റില്‍ നിന്നും പണം പിന്‍വലിക്കണമെന്നും, മാര്‍ക്കറ്റില്‍ പണത്തിന്‍റെ ലഭ്യത കുറയുമ്പോള്‍ പലിശ നിരക്ക് കുറച്ചും ടാക്സ് കുറച്ചും പണം മാര്‍ക്കറ്റിലേക്ക് ഒഴുക്കണമെന്നുമാണ് കീന്‍സ് ആവിഷ്കരിച്ച തിയറിയുടെ ആകെച്ചുരുക്കം. പക്ഷെ മാര്‍ക്കറ്റില്‍ പണപ്പെരുപ്പവും, അതുമൂലമുണ്ടായ മൂല്യമിടിച്ചിലും ഒരു വശത്തും, അതേ സമയം തൊഴിലില്ലായ്മയും നിക്ഷേപക്കുറവും ഉല്പാദനക്കുറവും വിലക്കയറ്റവും മറുവശത്തും ഒരുമിച്ചു വന്നപ്പോള്‍ തങ്ങള്‍ പണം പിന്‍വലിക്കുകയാണോ വേണ്ടത് അതല്ല പണം മാര്‍ക്കറ്റിലേക്ക് ഒഴുക്കുകയാണോ വേണ്ടത് എന്ന് തീരുമാനിക്കാന്‍ സാധിക്കാതെ അന്താളിച്ചു നില്‍ക്കുന്ന RBI യുടെ അവസ്ഥ കാണുമ്പോള്‍ കീന്‍സ് തിയറിയുടെ പരാജയമാണ് ബോധ്യപ്പെടുന്നത്.


മുന്‍കാല തിയറികളുടെ പരാജയം നേരില്‍ കണ്ടിട്ടില്ലാത്ത ജനങ്ങളില്‍ പലരും തങ്ങള്‍ക്ക് ഗവണ്മെന്റുകളുടെ ഇടപെടലുകളില്ലാത്ത ക്ലാസിക്കല്‍ തിയറികളിലേക്ക് മടങ്ങിയാല്‍ മതി എന്ന ആവശ്യങ്ങള്‍ ഉന്നയിച്ചു തുടങ്ങിക്കഴിഞ്ഞു. പക്ഷെ അതിന്‍റെ പരാജയം മൂലമായിരുന്നു കീന്‍സ് തന്‍റെ തിയറി ആവിഷ്കരിച്ചത് തന്നെ എന്ന സത്യം അവരില്‍ പലര്‍ക്കുമറിയില്ല. ഇവിടെയാണ്‌ പ്രതിസന്ധികളെ തരണം ചെയ്യാന്‍ പര്യാപ്തമായ ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ പ്രസക്തമാകുന്നത്. സാമ്പത്തിക രംഗത്തെ പിടിച്ചു കുലുക്കുന്ന പലിശ, അനീതി, അക്രമം, ചൂതാട്ടം, പൂഴ്ത്തിവെപ്പ്, അന്യായമായി അന്യന്‍റെ മുതല്‍ ഭക്ഷിക്കല്‍, അമിത നികുതി, വഞ്ചന, മദ്യം, ഊഹക്കച്ചവടം, ലോട്ടറി………etc തുടങ്ങിയ എല്ലാ മാരക വിപത്തുക്കളെയും തളച്ചുകൊണ്ടും.


പകരം സാമ്പത്തിക രംഗത്തെ വളര്‍ത്തുന്ന നീതിയുക്തമായ കച്ചവടം, ഉല്പാദനത്തെ ആസ്പദമാക്കിയുള്ള നാണയ മൂല്യം, പൊതു സ്വത്തുക്കളും സ്വകാര്യ സ്വത്തുക്കളും സംരക്ഷിച്ചുകൊണ്ടുള്ള എന്നാല്‍ പൊതു താല്പര്യത്തിനു മുന്‍‌തൂക്കം നല്‍കിക്കൊണ്ടുള്ള സമ്പദ് വ്യവസ്ഥ. സകാത്തിനെപ്പോലെ അഥവാ ദരിദ്രന് ധനികന്‍റെ സ്വത്തില്‍ നിന്നും ഒരു നിശ്ചിത വിഹിതം അവന്‍റെ അവകാശമാണ് എന്നും അതുമുഖേന വളര്‍ത്തിയെടുക്കുന്ന സുരക്ഷിതമായ, മാനുഷിക, സാമൂഹിക താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന സമ്പദ് വ്യവസ്ഥ. ദാനധര്‍മ്മം, വഖഫ്, അനന്തരാവകാശ നിയമങ്ങള്‍, സാമ്പത്തിക ബാധ്യതകളിലെ നിയമങ്ങള്‍, കച്ചവടത്തില്‍ പാലിക്കപ്പെടേണ്ട നിയമങ്ങള്‍, പണം കേവലം തന്‍റെ സമ്പാദ്യമാണ് എന്ന ക്രൂരമായ സ്വാര്‍ത്ഥ ചിന്തയില്‍ നിന്നും പണം സൃഷ്ടാവ് നല്‍കിയതാണ് എന്നും തന്‍റെ ഇഷ്ടപ്രകാരമല്ല മറിച്ച് ദൈവ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് നന്മയില്‍ അതിഷ്ടിതമായി മാത്രം ചിലവഴിക്കെണ്ടാതാണ് സമ്പത്തെന്നും …….etc തുടങ്ങിയ സാമ്പത്തിക രംഗത്തെ വളര്‍ത്താനാവശ്യമായ നിയമനിര്‍ദേശങ്ങളാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. ഇസ്‌ലാമിക നിയമങ്ങള്‍ മുന്നോട്ട് വെക്കുന്ന സമ്പദ് വ്യവസ്ഥക്കുള്ള അംഗീകാരമാണ് ഇന്ന് ലോകവ്യാപകമായി വികസിത രാഷ്ട്രങ്ങള്‍ പോലും ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയെക്കുറിച്ച് പഠിക്കാനും അത് പ്രാവര്‍ത്തികമാക്കാനും നടത്തുന്ന പരിശ്രമങ്ങള്‍ വ്യക്തമാക്കുന്നത്. മുന്പ് വ്യക്തികള്‍ ഇസ്‌ലാം സ്വീകരിക്കുന്നു എന്ന് പറഞ്ഞിടത്ത് ഈയടുത്തുണ്ടായ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് ശേഷം ബാങ്കുകളും ധനവാണിജ്യ സ്ഥാപനങ്ങളും ഇസ്‌ലാം സ്വീകരിക്കുന്നു എന്ന് വേണം പറയാന്‍. കാടടക്കി വേദി വച്ച് ഇസ്‌ലാം നിഷ്കര്‍ഷിക്കുന്നു എന്ന കാരണം കൊണ്ട് മാത്രം ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയെ തള്ളിപ്പറയുന്ന വര്‍ഗീയ വാതികള്‍ വരും കാലങ്ങളില്‍ മനസ്സില്ലാമനസ്സോടെ അതിനെ അംഗീകരിക്കേണ്ടി വരുമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. വര്‍ഗീയതയെ മറയാക്കി കാര്യം നേടുന്ന പലിശ സംവിധാനങ്ങള്‍ക്കും സാമ്പത്തിക ചൂഷണത്തിന്‍റെ അപ്പൊസ്തലന്മാര്‍ക്കും ഇനി ഏറെ ആയുസില്ല. കാരണം സാമ്പത്തിക രംഗത്തിന്‍റെ ഉള്ളുകള്ളികള്‍ മനസ്സിലാക്കിയ ലോകം ഇന്ന് മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു


അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com


വളരുന്ന റിയൽ എസ്റ്റേറ്റ്‌ ബിസിനസും …തകരുന്ന കേരളീയ സമ്പത് വ്യവസ്ഥയും ,, ഒരു ഇസ്ലാമിക കാഴ്ചപ്പാട് …

വളരുന്ന റിയൽ എസ്റ്റേറ്റ്‌ ബിസിനസും ...തകരുന്ന കേരളീയ സമ്പത് വ്യവസ്ഥയും ,, ഒരു ഇസ്ലാമിക കാഴ്ചപ്പാട്

റിയൽ എസ്റ്റേറ്റ്‌ ബിസിനസുകൾ തലങ്ങും വിലങ്ങും പൊടിപൊടിക്കുകയാണല്ലോ കേരളത്തിൽ …. എന്നാൽ ഇതിന്റെ മതവിധി എന്ത് എന്ന് പരിശോധിക്കുവാൻ ആരും കൂടുതലൊന്നും പരിശ്രമിചിട്ടുണ്ടാവില്ല എന്ന് ഞാൻ കരുതുന്നു …. ടോക്കണ്‍ നല്കി അന്യന്റെ മുതൽ മറിച്ചു വിറ്റും ,,, കളവും, ചതിയും, വഞ്ചനയും നിറഞ്ഞു നില്ല്ക്കുകയും ചെയ്യുന്ന 70% റിയൽ എസ്റ്റേറ്റ്‌ ബിസിനസുകലെയുമല്ല ഞാൻ ഇവിടെ ഉദ്ദേശിക്കുന്നത്. കള്ളമില്ലാത്ത, തീർത്തും സത്യസന്ധമായ, മുഴുവൻ പണവും നൽകി സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത ഉടമസ്ഥാവകാശം പൂര്ണമായും നിയമപരമായി നേടിയതിനു ശേഷം നടത്തുന്ന, തീര്ത്തും ഇസ്ലാമികം എന്ന് നാമൊക്കെ കരുതുന്ന കച്ചവടം … അതിന്റെ ശരിയെ കുറിച്ചും, തെറ്റിനെ കുറിച്ചും ആരെങ്കിലും പഠിക്കാൻ തയ്യാറായിട്ടുണ്ടോ ?! എന്നാണു എന്റെ ചോദ്യം.

ആ വിഷയത്തിൽ ഒരു ഫത്’വ പറയാൻ അർഹതയുള്ള വ്യക്തിയുമല്ല ഞാൻ … എന്നാൽ എന്റെ പഠനങ്ങൾ എന്നെ കൊണ്ടെത്തിച്ച ചില യാഥാർത്ഥ്യങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുക എന്നത് മാത്രമാണ് എന്റെ ലക്‌ഷ്യം … വളരെ ഗൗരവത്തോടെ നിങ്ങൾ ഇതിനെ കാണണം … അല്ലാഹു അനുഗ്രഹിക്കട്ടെ ..

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ പെട്ടതാണല്ലോ, വായുവും, വെള്ളവും, ഭൂമിയും, ഭക്ഷണവും.

ഇതിൽ വില്പന വസ്തുക്കളായ വെള്ളമാകട്ടെ, ഭക്ഷനമാകട്ടെ അഥവാ ഒരു സമൂഹത്തിന്റെ വിശപ്പടക്കാൻ കാര്യമായും ഉപയോഗിക്കപ്പെടുന്ന ധാന്യങ്ങൾ (ഉദാ : അരി ). ഇവയെ വിലക്കയറ്റത്തിനു വേണ്ടി പിടിച്ചു വെക്കുന്നത് ഇസ്ലാം നിരോധിച്ചിട്ടുണ്ട് എന്നത് ഏവര്ക്കും അറിയാവുന്ന വസ്തുതയാണ്… എന്നാൽ മനുഷ്യന്റെ മറ്റൊരു അടിസ്ഥാന ആവശ്യമായ ഭൂമിയെ സമ്പന്നർ വില കയറ്റി വിൽക്കാൻ വേണ്ടി പിടിച്ചു വെക്കുകയും ചെയ്യുന്നത് ഇതുപോലെ തന്നെയാണ് …. മാത്രമല്ല വളരെ അപകടകരമായ സാമ്പത്തിക പ്രതിസന്ധിയിലെക്കാണ് ഇത് നമ്മെ നയിച്ചു കൊണ്ടിരിക്കുന്നത് ….

ഇന്ന് നാല്പത് ലക്ഷം മുതൽ നാല്പത് കോടി വരെ വിലയിട്ട് കച്ചവടങ്ങൾ നടക്കുന്നു … ഒരു പക്ഷെ അമേരിക്കയിൽ പോലും സ്ഥലത്തിന് ഇത്രയും വില ഉണ്ടാവില്ല .. ഇരിക്കട്ടെ .. ഇത്രയും വില കൊടുത്ത് ആ ഭൂമി വാങ്ങുന്ന ആൾ അവിടെ എന്ത് ബിസിനസ് ചെയ്താലാണ് അയാൾക്ക് ആ പണം തിരികെ കിട്ടുക ?!! …. സ്വാഭാവികമായും വല്ല സ്വർണ്ണഘനിയും അവിടെ നിന്നും കുഴിചെടുക്കേണ്ടി വരും .. താൻ മുടക്കിയ പണം ഒരിക്കലും തിരിച്ച് ലഭിക്കില്ല എന്നതുകൊണ്ട്‌ തന്നെ അയാൾ അവിടെ ഒന്നും ഉത്പാദിപ്പിക്കാൻ തയ്യാറാവുകയില്ല … ഇനിയും ആരെങ്കിലും വന്നു കുറച്ച് അധികം തുക പറയുന്നത് വരെ ആ ഭൂമി അങ്ങനെ കിടക്കും … പിന്നീട് അത് വാങ്ങിക്കുന്ന ആളുടെ അവസ്ഥയും ഇതു തന്നെ … ഇങ്ങനെ വാങ്ങുകയും മറിച്ച് വില്ക്കപ്പെടുകയും മാത്രം ചെയ്യുക വഴി ഉപയോഗ ശൂന്യമായിക്കൊണ്ടിരികുകയാണ് നമ്മുടെ വിലപ്പെട്ട ഭൂമി …. ഇത് നമ്മുടെ ഉത്പാദന ശേഷിയിൽ വലിയ കുറവ് വരുത്തുന്നു … ഉത്പാദന പ്രക്രിയകൾ കുറയുമ്പോൾ സ്വാഭാവികമായും മാർക്കറ്റിൽ എത്തുന്ന ഉത്പന്നങ്ങൾ കുറവായിരിക്കും … ഉത്പന്നങ്ങൾ കുറയുകയും ആവശ്യക്കാർ കൂടുകയും ചെയ്യുക വഴി വിലക്കയറ്റം ഉണ്ടാകുന്നു …. ഉത്പാദന ശേഷിയുള്ള കൃഷിയിടങ്ങളും, മറ്റു ബിസിനസ് സംരംഭങ്ങളും എല്ലാം ഇല്ലാതാകുക വഴി ജോലി സാധ്യതകൾ വലിയ തോതിൽ കുറയുന്നു. തൊഴിലില്ലായ്മ വര്ധിക്കുകയും അതോടൊപ്പം വിലക്കയറ്റം ഉണ്ടാവുകയും ചെയ്യുക വഴി … തങ്ങളുടെ കുടുംബം പോറ്റാൻ കഴിയാത്ത തൊഴിൽ രഹിതർ കുറ്റകൃത്യങ്ങൾക്കോ ആത്മഹത്യക്കോ മുതിരുന്നു ….. ഇത് വഴി നാട്ടിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നു .. നമ്മുടെ സമ്പത് വ്യവസ്ഥയെ തകർത്തു കൊണ്ടിരിക്കുന്ന പലിശ, ചതി , വഞ്ചന തുടങ്ങിയ നൂറു കൂട്ടം പ്രശ്ങ്ങൾ വേറെയും ഉണ്ട് എന്നത് അപകട നിലയെ തരണം ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നു എന്ന് തന്നെ പറയാം … കാരണം റവന്യൂ വകുപ്പോ മറ്റ് സർക്കാർ അധികാരികളോ ഇവയെക്കുറിച്ച് പഠിക്കാൻ തയ്യാറാവുന്നില്ല …..

ഭൂമി ആവശ്യമുള്ളവൻ മാത്രമേ ഭൂമി വാങ്ങിക്കാൻ പാടുള്ളൂ, വില്പനച്ചരക്കാക്കി പിടിച്ചു വച്ച് വില കയറ്റാൻ വേണ്ടി ഭൂമി വാങ്ങിക്കരുത് എന്നതാണ് ഇതിനു പരിഹാരം … അതുപോലെ കൃഷിയിടങ്ങൾ സംരക്ഷിക്കപ്പെടണം … നശിച്ചു കൊണ്ടിരിക്കുന്ന കേരളീയ ഭക്ഷ്യ സുരക്ഷയെ കുറിച്ച് പറയുകയാണ്‌ എങ്കിൽ ഒരുപാട് സമയം അതിനു വേണ്ടി തന്നെ ചിലവഴിക്കേണ്ടി വരും ….

ഭക്ഷ്യ സുരക്ഷയെയും , സമ്പത് വ്യവസ്ഥയെയും മാത്രമല്ല ഇന്നത്തെ റിയൽ എസ്റ്റെറ്റ് ബിസിനസ് തകർക്കുന്നത് ,, മനുഷ്യന്റെ മറ്റൊരു അടിസ്ഥാന ആവശ്യമായ പാർപ്പിടം എന്നത് ഇന്ന് വെറും ഒരു സ്വപ്നം മാത്രമായിത്തീരുകയാണ് … ഭൂമിയുടെ ലഭ്യതക്കുറവു കൊണ്ടാണ് എന്ന് ആരും കരുതരുത് … കേരളത്തിലെ ജനവാസ യോഗ്യമായ ഭൂമിയെ ജനസംഖ്യയെ ആസ്പദമാക്കി വീതിച്ചാൽ, നല്ലൊരു വിഹിതം തന്നെ ഓരോ പൌരനുമുണ്ടാകും … പക്ഷെ മനുഷ്യന്റെ ലാഭക്കൊതി അവന്റെ സാമൂഹ്യ ബോധത്തെക്കാൾ വളർന്നപ്പോൾ അത് തകർക്കുന്നത് അവൻ ജീവിക്കാനാ അനിവാര്യമായ ഒരു അന്തരീക്ഷത്തെയാണ് എന്ന് പലരും ചിന്തിക്കുന്നില്ല ,….

ഒരുപാട് വിഷയങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. വളരെ ചെറിയ ഒരു ഭാഗം സൂചിപ്പിച്ചു എന്ന് മാത്രം … ഉമർ (റ) കാലത്ത് കൃഷിയിടം കൈവശം വെക്കുന്ന ആൾ മൂന്നു വർഷത്തിൽ കൂടുതൽ അതിൽ കൃഷി ഇറക്കാതിരിക്കുകയോ , മറ്റുള്ളവന് കൃഷി ചെയ്യാൻ നൽകാതിരിക്കുകയോ ചെയ്‌താൽ അവന്റെ ഭൂമി ഭരണകൂടം പിടിച്ചെടുക്കും എന്ന അതി മനോഹരമായ നിയമമുണ്ടായിരുന്നു …. ആ നിയമം ഇന്ന് നിലവിലുണ്ടായിരുന്നേൽ 99.9% ഭൂമുതലാളിമാർക്കും ഒരുപക്ഷേ തങ്ങളുടെ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടാവും ..ഭൂമിക്കച്ച്ചവടം ഒരു തൊഴിലായി സ്വീകരിച്ചത് പൂർവകാല ഇസ്ലാമിക ചരിത്രത്തിൽ എവിടെയും കാണാൻ സാധിക്കില്ല ….

ഇത്തരം പ്രതിസന്ധികളെ സുന്ദരമായി കൈകാര്യം ചെയ്യാൻ അതിമനോഹരമായ നിയമങ്ങൾ ഇസ്ലാമിക സമ്പത് വ്യവസ്ഥ മുന്നോട്ട് വെക്കുന്നുണ്ട് …. പക്ഷെ പഠിക്കാൻ ആരും തയ്യാറാവുന്നില്ല എന്നത് സങ്കടകരം ….

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

മയ്യിത്തിന് അനന്തരാവകാശികളായി പെൺമക്കളും, ഭാര്യയും, ഒരു സഹോദരിയുമാണ് ഉള്ളതെങ്കിൽ സ്വത്ത് എങ്ങനെ ഓഹരി വെക്കണം ?​

മയ്യിത്തിന് അനന്തരാവകാശികളായി പെൺമക്കളും, ഭാര്യയും, ഒരു സഹോദരിയുമാണ് ഉള്ളതെങ്കിൽ സ്വത്ത് എങ്ങനെ ഓഹരി വെക്കണം ?

ചോദ്യം: എന്റെ ഭാര്യപിതാവ്  മരണപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് ആണ്മക്കളില്ല.  അഞ്ച് പെണ്മക്കളും ഉമ്മയും ജീവിച്ചിരിപ്പുണ്ട്. പിതാവിന് ഒരു സഹോദരിയും രണ്ട്  സഹോദരന്മാരും ഉണ്ട്. സഹോദരന്മാർ ജീവിച്ചിരിപ്പില്ല. ഒരു സഹോദരന് ഏഴു ആണും മൂന്നു പെണ്ണും ഉണ്ട്. മറ്റൊരു സഹോദരന് ഒരു ആണും രണ്ട് പെണ്ണും ഉണ്ട്. മരിച്ച  പിതാവിന് മൂന്ന് സെൻറ് സ്ഥലമുണ്ട്. ഈ സ്ഥലം എങ്ങനെയാണ് വീതിക്കേണ്ടത്?.അദ്ദേഹത്തിന്റെ സഹോദരിയുടെ   മക്കൾക്ക് ഈ സ്വത്തിൽ അവകാശമുണ്ടോ ?. ഈ കാര്യങ്ങൾ വ്യക്തമായി വിവരിച്ചു തരുവാൻ അപേക്ഷിക്കുന്നു…

 

ഉത്തരം:

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

 

  അതെ , മരണപ്പെട്ട മയ്യിത്തിന് ഒന്നിൽക്കൂടുതൽ പെണ്മക്കൾ ആണെങ്കിൽ സ്വത്തിന്റെ മൂന്നിൽ രണ്ടു ഭാഗം അവർക്കുള്ളതാണ്.  അതുപോലെ ഉമ്മ എന്ന് ചോദ്യത്തിൽ സൂചിപ്പിച്ചത് ആ പെൺകുട്ടികളുടെ ഉമ്മ അഥവാ മരണപ്പെട്ട മയ്യിത്തിൻറെ ഭാര്യയാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എപ്പോഴും നാം ജീവിച്ചിരിക്കുന്നവരുടെ മയ്യിത്തുമായുള്ള ബന്ധമാണ് പറയേണ്ടത്.എങ്കിലേ ശരിയായ രൂപത്തിൽ വിഹിതം വെക്കാൻ പറ്റൂ. ഏതായാലും മക്കളുള്ളതിനാൽ മയ്യിത്തിന്റെ ഭാര്യക്ക് എട്ടിലൊന്നും ഉണ്ടാകും. ബാക്കി വരുന്ന സ്വത്ത് ആ സഹോദരിക്കാണ്. സഹോദര മക്കൾക്ക് അതിൽ അവകാശമില്ല.  

 

ഒന്നുകൂടി വിശദമാക്കിയാൽ

 

മയ്യിത്തിന്റെ ആണ്മക്കളോ, ആണ്മക്കളുടെ മക്കളോ ഇല്ലാത്ത സ്ഥിതിക്ക് പെണ്മക്കളുടെ സാന്നിദ്ധ്യത്തിൽ മയ്യിത്തിന്റെ സഹോദരിയെ അസ്വബ ആയി കണക്കാക്കണം. അഥവാ ചോദ്യകർത്താവ് പറഞ്ഞ അവസ്ഥയിൽ പെൺകുട്ടികൾക്ക് മൂന്നിൽ രണ്ടും, മയ്യിത്തിന്റെ ഭാര്യക്ക് എട്ടിലൊന്നും  നൽകിയ ശേഷം ബാക്കിയുള്ളത് എത്രയാണോ അത് മയ്യിത്തിന്റെ സഹോദരിക്ക് ആയിരിക്കും. സഹോദര മക്കൾക്ക് ഒന്നും ലഭിക്കുകയില്ല. കാരണം സഹോദര ഗണത്തിൽ തന്നെ അസ്വബ ഉണ്ടായിരിക്കെ ‘സഹോദര മക്കൾ’  എന്ന ഗണത്തിലേക്ക് സ്വത്ത് പോകുകയില്ല.

 

 സഹോദരി എന്നത് ഇവിടെ ബാപ്പയും ഉമ്മയും ഒത്ത സഹോദരിയോ, അതല്ലെങ്കിൽ ബാപ്പ ഒത്ത സഹോദരിയോ ആണെങ്കിലാണ് ഇത്. എന്നാൽ ഉമ്മ മാത്രം ഒത്ത സഹോദരിക്ക് മയ്യിത്തിന്റെ പെണ്മക്കൾ ജീവിച്ചിരിക്കുന്ന സാഹചര്യത്തിൽ സ്വത്ത് ലഭിക്കില്ല. സാന്ദർഭികമായി സൂചിപ്പിച്ചു എന്ന് മാത്രം.

 

മറ്റു അനന്തരാവകാശികൾ ആരും ജീവിച്ചിരിക്കുന്നതായി ചോദ്യകർത്താവ് സൂചിപ്പിക്കാത്തതുകൊണ്ടാണ് ആ കാര്യം പരാമർശിക്കാത്തത്. മരണപ്പെട്ട വ്യക്തിയുടെ ആണ്മക്കളുടെ ആണ്മക്കളോ , പിതാവോ, വല്ല്യുപ്പയോ ജീവിച്ചിരിപ്പുണ്ടെങ്കിൽ മേല്പറഞ്ഞ സഹോദരിക്ക് സ്വത്ത് ലഭിക്കില്ല. അഥവാ മക്കൾ ഗണത്തിലോ, പിതൃ ഗണത്തിലോ ആണുങ്ങൾ ഉണ്ടെങ്കിൽ സഹോദര ഗണത്തിലേക്ക് സ്വത്ത് പോകില്ല.  

 

 

താങ്കൾ സൂചിപ്പിച്ചത് പ്രകാരം .. മയ്യിത്തിന്റെ പിതാവോ മാതാവോ ആ ഗണത്തിൽപ്പെടുന്നവരോ ജീവിച്ചിരിപ്പില്ല,  ആണ്മക്കളും ആണ്മക്കളുടെ മക്കളും ഇല്ല. പെൺമക്കളും ഭാര്യയും സഹോദരിയുമാണ് ജീവിച്ചിരിക്കുന്നവർ. എങ്കിൽ നാം പറഞ്ഞപോലെ പെൺമക്കൾക്ക് മൂന്ന് സെൻറ്റിൽ രണ്ട് സെൻറ്റും, ഭാര്യക്ക് മൂന്ന് സെൻറ്റിൻ്റെ എട്ടിലൊന്ന് അഥവാ 163.35 സ്‌ക്വയർ ഫിറ്റും,  ബാക്കി വരുന്നത്  അഥവാ 272.25 സ്‌ക്വയർ ഫീറ്റ് സഹോദരിക്കും എന്ന രൂപത്തിലാണ് അവകാശമുള്ളത്. സ്വത്ത് മൊത്തം വിലക്കെട്ടി വീതിച്ച് നൽകുകയാണ് പതിവായി ചെയ്യാറുള്ളത്.

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

സ്വത്ത് ഓഹരിവെക്കുന്നതിന് മുന്‍പ് അവകാശി മരണപ്പെട്ടാല്‍ അത് അയാളുടെ അനന്തരാവകാശികള്‍ക്ക് ലഭിക്കുമോ ?​

സ്വത്ത് ഓഹരിവെക്കുന്നതിന് മുന്‍പ് അവകാശി മരണപ്പെട്ടാല്‍ അത് അയാളുടെ അനന്തരാവകാശികള്‍ക്ക് ലഭിക്കുമോ ?

ചോദ്യം:  ഒരാളുടെ ഉമ്മ ജീവിച്ചിരിക്കെ അയാള്‍ മരണപ്പെട്ടു. അപ്പോള്‍ ഉമ്മ അയാളുടെ അനന്തരാവകാശിയാണല്ലോ. എന്നാല്‍ അദ്ദേഹത്തിന്‍റെ സ്വത്ത് അന്ന് ഓഹരി വച്ചില്ല. പിന്നീട് ഉമ്മയും മരണപ്പെട്ടു. ഇപ്പോഴാണ് അദ്ദേഹത്തിന്‍റെ സ്വത്ത് ഓഹരി വെക്കുന്നത്. ഉമ്മ മരണപ്പെട്ടതുകൊണ്ട് ഉമ്മയുടെ അവകാശം പരിഗണിക്കേണ്ടതുണ്ടോ ?. അതോ ആ വിഹിതം ഇപ്പോഴുള്ള ഉമ്മയുടെ അനന്തരാവകാശികള്‍ക്ക് നല്‍കണോ ?. 

 

ഉത്തരം: 

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

 

ഒരാള്‍ മരണപ്പെട്ടാല്‍ അധികം വൈകാതെത്തന്നെ ശറഅ് നിശ്ചയിച്ചത് പ്രകാരം അദ്ദേഹത്തിന്‍റെ സ്വത്ത് ഓഹരി വെക്കണം. അത് മയ്യിത്തിനോട് ജീവിച്ചിരിക്കുന്നവര്‍ നിറവേറ്റേണ്ട ഒരു കടമ കൂടിയാണ്.ചോദ്യത്തില്‍ സൂചിപ്പിച്ചത് പോലെ ഓഹരി വെക്കാന്‍ വൈകുകയും അവകാശികളില്‍ ആരെങ്കിലും മരണപ്പെടുകയും ചെയ്‌താല്‍ അവരുടെ ഓഹരി നഷ്ടപ്പെടുന്നില്ല. മറിച്ച് അവര്‍ക്ക് അര്‍ഹമായിരുന്ന ഓഹരി അവരുടെ മരണശേഷം അവരുടെ അനന്തരാവകാശികളിലേക്ക് പോകും. 

 

ഉദാ: ചോദ്യകര്‍ത്താവ് ചോദിച്ച ചോദ്യത്തിലെ പോലെ മരണപ്പെട്ട മകനില്‍ നിന്നും ഉമ്മക്ക് മരണപ്പെട്ട മകന്‍ മക്കളുള്ള വ്യക്തിയോ ഒന്നിലധികം സഹോദരങ്ങലുള്ള വ്യക്തിയോ ആണെങ്കില്‍ ആറിലൊന്നു (1/6) ലഭിക്കും. എന്നാല്‍ ആ അവകാശം വിഹിതമായി കൈവശപ്പെടുത്തുന്നതിന് മുന്‍പ് ആ ഉമ്മ മരണപ്പെട്ടാല്‍, വിഹിതം വെക്കുന്ന സമയത്ത് ആ ഉമ്മ ജീവിച്ചിരിക്കുന്നത് പോലെത്തന്നെ ആറിലൊന്ന് അവര്‍ക്ക് നല്‍കുകയും അത് അവരുടെ അനന്തരാവകാശികള്‍ക്ക് നല്‍കുകയും ചെയ്യണം. ഇത് പണ്ഡിതന്മാര്‍ക്കിടയില്‍ എകാഭിപ്രായമുള്ള കാര്യമാണ്. 

 

അഥവാ മരണം കൊണ്ട് ഒരാള്‍ക്ക് ലഭിക്കേണ്ടിയിരുന്ന അവകാശങ്ങള്‍ നഷ്ടപ്പെടുന്നില്ല എന്നര്‍ത്ഥം. ചോദ്യകര്‍ത്താവ് വളരെ വിചിത്രമായ രണ്ട്  ഉപചോദ്യങ്ങള്‍ കൂടെ അയച്ചുതന്നിരുന്നു. അതായത് ഉമ്മക്ക് അവകാശം നല്‍കുന്നത് അവരുടെ ജീവിതകാലത്തെ ചിലവിന് വേണ്ടിയല്ലേ. അവര്‍ മരണപ്പെട്ടാല്‍ അതുകൊണ്ടുതന്നെ അത് പരിഗണിക്കേണ്ടതില്ലല്ലോ എന്നതാണത്. ഈ വാദം തന്നെ തെറ്റാണ്. ഉമ്മ അവരുടെ ധനത്തില്‍ നിന്നും അവരുടെ ചിലവ് കഴിയണം എന്ന് എവിടെയും ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല. മാത്രമല്ല ഒരു സ്ത്രീക്ക്, മക്കള്‍ ഭര്‍ത്താവ് തുടങ്ങി ഉത്തരവാദപ്പെട്ട പുരുഷന്മാര്‍ രക്ഷാകര്‍ത്താക്കളായി ഉണ്ടെങ്കില്‍, അവര്‍ അവരുടെ ചിലവ് വഹിക്കാന്‍ പ്രാപ്തരാണ് എങ്കില്‍ അവരുടെ ചിലവ് അവര്‍ നിര്‍ബന്ധമായും വഹിച്ചിരിക്കണം. അഥവാ സ്ത്രീയുടെ മേല്‍ സാമ്പത്തിക ചിലവുകളോ ചുമതലകളോ ഇസ്‌ലാം അടിച്ചേല്‍പ്പിക്കുന്നില്ല. മറിച്ച് അവളുടെ ധനം അവര്‍ക്ക് വിനിയോഗിക്കുകയോ, ചിലവിനെടുക്കുകയോ, സൂക്ഷിച്ച് വെക്കുകയോ ഒക്കെ അവരുടെ ഇഷ്ടപ്രകാരം ചെയ്യാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. അതുകൊണ്ട് മേല്‍പ്പറഞ്ഞ വാദം ഒരിക്കലും നിലനില്‍ക്കുകയില്ല.

 

രണ്ടാമത്തെ വാദം ഉമ്മാക്ക് നല്‍കാന്‍ പറഞ്ഞത് ഉമ്മയില്ലെങ്കില്‍ പിന്നെയെന്തിനാ അവരുടെ അവകാശികള്‍ക്ക് നല്‍കുന്നത് എന്നതാണ്. അതെന്തുകൊണ്ടെന്നാല്‍ ആ ധനം ആ ഉമ്മക്ക് അവകാശമായി ലഭിക്കേണ്ടതാണ്. വിഹിതം വെച്ചു കൊടുക്കാത്തതിനാല്‍ മാത്രമാണ് അവര്‍ക്ക് ലഭിക്കാതെ പോയത്. ഇനി അവര്‍ക്ക് വിഹിതം വെച്ച് നല്‍കിയിരുന്നുവെങ്കില്‍ സ്വാഭാവികമായും അവര്‍ക്ക് ജീവിതകാലത്ത് അത് ഉപകരിക്കുകയും അവരുടെ ശേഷം സ്വാഭാവികമായി അവരുടെ അവകാശികളിലേക്ക് അത് പോകുകയും ചെയ്യുമായിരുന്നു. അത് മാത്രമാണ് ഇവിടെ സംഭവിക്കുന്നത്. അവരുടെ കാലശേഷം അവരുടെ സ്വത്ത് അവരുടെ അനന്തരാവകാശികള്‍ക്ക് പോകുന്നത് പോലെ അവര്‍ക്ക് ലഭിക്കാനുള്ള സ്വത്തുക്കളും അനന്തരാവകാശികളിലേക്ക് പോകുന്നു. ഉമ്മക്ക് ഒരാള്‍ ഒരാള്‍ ഒരു സംഖ്യ കൊടുക്കാനുണ്ട് എന്ന് കരുതുക. ഉമ്മയുടെ മരണശേഷം ആ സംഖ്യഅവരുടെ അനന്തരാവകാശികള്‍ക്ക് നല്‍കേണ്ടെ ?!. ഉറപ്പായും നല്‍കണം. ഉമ്മക്ക് കൊടുക്കാനുള്ളതായിരുന്നു അതുകൊണ്ട് അവര്‍ മരിച്ചതിനാല്‍ ഇനി നല്‍കേണ്ടതില്ല എന്ന്‍ നാം പറയില്ലല്ലോ. അതുകൊണ്ട് അവകാശങ്ങള്‍ നഷ്ടപ്പെട്ടുപോകുന്നില്ല എന്നത് നാം അടിവരയിട്ട് മനസ്സിലാക്കുക. അല്ലാഹുവിന്‍റെ നിയമങ്ങള്‍ നീതിപൂര്‍വ്വകമാണ്. പരിപൂര്‍ണമായി അതിന് നാം കീഴ്പ്പെടുക.

 

 

അല്ലാഹു പറയുന്നു: 

 

وَلِأَبَوَيْهِ لِكُلِّ وَاحِدٍ مِّنْهُمَا السُّدُسُ مِمَّا تَرَكَ إِن كَانَ لَهُ وَلَدٌ ۚ فَإِن لَّمْ يَكُن لَّهُ وَلَدٌ وَوَرِثَهُ أَبَوَاهُ فَلِأُمِّهِ الثُّلُثُ ۚ فَإِن كَانَ لَهُ إِخْوَةٌ فَلِأُمِّهِ السُّدُسُ ۚ مِن بَعْدِ وَصِيَّةٍ يُوصِي بِهَا أَوْ دَيْنٍ ۗ

 

“മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്‌. ഇനി അയാള്‍ക്ക്‌ സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന്‌ മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക്‌ സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന്‌ ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ്‌ ഇതെല്ലാം”. – [നിസാഅ്: 11].  

 

അതുകൊണ്ട് നേരത്തെ നല്‍കേണ്ട അവകാശം ഇപ്പോള്‍ നല്‍കുന്നു എന്നെ ഈ വിഷയത്തില്‍ ഉള്ളൂ. അല്ലാഹു അനുഗ്രഹിക്കട്ടെ. അകാരണമായി സ്വത്ത് ഭാഗിച്ച് അവകാശികള്‍ക്ക് എത്തിക്കാന്‍ ആരുടെയെങ്കിലും ഭാഗത്ത് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അവര്‍ അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കുകയും വേണം അവകാശികളോട് ക്ഷമ അപേക്ഷിക്കുകയും വേണം. അല്ലാഹു ഏറെ പൊറുക്കുന്നവനാണ്.  അല്ലാഹു നമുക്കേവര്‍ക്കും അവന്‍റെ സ്വര്‍ഗ്ഗത്തില്‍ ഉന്നതമായ സ്ഥാനം നല്‍കട്ടെ. ..

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

സ്വത്ത് പെണ്‍മക്കള്‍ക്ക് മാത്രം അല്ലെങ്കില്‍ ആണ്‍മക്കള്‍ക്ക് മാത്രം എന്നിങ്ങനെ വഖഫ് ചെയ്‌താല്‍ അത് സാധുവാണോ ?​

സ്വത്ത് പെണ്‍മക്കള്‍ക്ക് മാത്രം അല്ലെങ്കില്‍ ആണ്‍മക്കള്‍ക്ക് മാത്രം എന്നിങ്ങനെ വഖഫ് ചെയ്‌താല്‍ അത് സാധുവാണോ ?

ചോദ്യം: എന്‍റെ ഉമ്മ അവരുടെ സ്വത്ത്പൂര്‍ണമായും പെണ്‍മക്കളുടെ പേരില്‍ വഖഫ് ചെയ്തിരിക്കുന്നു. ഈ വഖഫ് സാധുവാണോ ?.

 

മറുപടി:

الحمد لله والصلاة والسلام على رسول الله ، وعلى آله وصحبه ومن والاه وبعد؛ 

 

നിങ്ങളുടെ വിഷയത്തില്‍ വ്യത്യസ്ഥ തലങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. 

 

ഒന്നാമതായി: ഒരാള്‍ക്ക് പൂര്‍ണമായും സ്വത്ത് വഖഫ് ചെയ്യാമോ ?.  എന്നുള്ളതാണ്. ഒരാള്‍ പൂര്‍ണ ആരോഗ്യവാനായിരിക്കുന്ന ഘട്ടത്തില്‍ തന്‍റെ സ്വത്ത് പൂര്‍ണമായും വഖഫ് ചെയ്യുന്നതില്‍ തെറ്റില്ല. കാരണം പൂര്‍ണ ആരോഗ്യവാനും അദ്ധ്വാനിക്കുവാന്‍ കഴിയുന്നവനും ആയിരിക്കെ തന്‍റെ സ്വത്ത് മുഴുവനായും ദാനം ചെയ്യല്‍ അനുവദനീയമായ കാര്യമാണ്. അബൂബക്കര്‍ (റ) തന്‍റെ സ്വത്ത് പൂര്‍ണമായും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നല്‍കിയ സംഭവം ഇതിന് തെളിവാണ്. എന്നാല്‍ ഒരാള്‍ക്ക് വാര്‍ദ്ധക്യ സാഹചമായ രോഗത്താലോ, മറ്റു രോഗങ്ങളാലോ മരണത്തെ പ്രതീക്ഷിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ തന്‍റെ സ്വത്ത് പൂര്‍ണമായും വഖഫ് ചെയ്യാനുള്ള അധികാരം അയാള്‍ക്കില്ല. തന്‍റെ സ്വത്തിന്‍റെ മൂന്നിലൊന്ന് നല്‍കാന്‍ മാത്രമേ അത്തരം സാഹചര്യത്തില്‍ അനുവാദമുള്ളൂ. അതുപോലെത്തന്നെ എന്‍റെ മരണശേഷം എന്ന നിലക്കുള്ള വസ്വിയത്തോ, വഖഫോ മുഴുവന്‍ സ്വത്തിന്‍റെ  മൂന്നിലൊന്നില്‍ കൂടാന്‍ പാടില്ല. ഇനി മുഴുവനായും അപ്രകാരം ചെയ്‌താല്‍ പോലും മൂന്നിലൊന്ന് മാത്രമേ അതില്‍ സാധുവാകുകയുള്ളൂ ബാക്കി അനന്തരാവകാശികള്‍ക്ക് ഉള്ളതാണ്. ഈ വിഷയങ്ങള്‍ നിങ്ങളുടെ കാര്യത്തില്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്. മരണശേഷം വഖഫാണ് എന്ന നിലക്കാണ് എങ്കില്‍ സ്വത്തിന്‍റെ മൂന്നിലൊന്ന് മാത്രമേ വഖഫായി പരിഗണിക്കാവൂ. സഅദ് ബിന്‍ അബീ വഖാസ് (റ) വിനോട് മരണശേഷം സ്വത്തിന്‍റെ മൂന്നില്‍ രണ്ട് അതല്ലെങ്കില്‍ പകുതി ദാനമായി വസ്വിയത്ത് ചെയ്യട്ടെ എന്നദ്ദേഹം ചോദിച്ചപ്പോള്‍, പാടില്ല മൂന്നിലൊന്ന് അതുതന്നെ ധാരാളമാണ്. ബാക്കി നിന്‍റെ അനന്തരാവകാശികള്‍ക്ക് ഉള്ളതാണ് എന്ന് നബി (സ) പഠിപ്പിച്ചതായിക്കാണാം.

 

രണ്ടാമതായി: മക്കളുടെ മേല്‍ വഖഫ് ചെയ്യല്‍ അനുവദനീയമാണ്. ഇസ്‌ലാമിക നിയമപ്രകാരം വഖഫ് സ്വത്ത് വില്‍ക്കാന്‍ പാടില്ല. അതുകൊണ്ടുതന്നെ മക്കള്‍ അത് വിറ്റ്‌ നശിപ്പിക്കാതെ അതിന്‍റെ ഉപകാരം അനുഭവിക്കാന്‍ വേണ്ടിയാണ് സാധാരണ നിലക്ക് മക്കള്‍ക്ക് വഖഫ് ചെയ്യാറുള്ളത്. എന്നാല്‍ മക്കളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക്, തോഴിളില്ലാത്തവര്‍ക്ക്, സാമ്പത്തിക പ്രയാസമനുഭവിക്കുന്നവര്‍ക്ക് എന്നിങ്ങനെയല്ലാതെ ആണ്മക്കള്‍ക്ക് മാത്രം, പെണ്മക്കള്‍ക്ക് മാത്രം, അതല്ലെങ്കില്‍ ചിലരെ മാറ്റിനിര്‍ത്തി ചിലര്‍ക്ക് എന്നിങ്ങനെ പ്രത്യേകമായി നല്‍കുന്ന വഖഫ് സാധുവല്ല.  അതിനാല്‍ത്തന്നെ പെണ്മക്കള്‍ക്ക് മാത്രം എന്ന നിലക്ക് നിങ്ങളുടെ ഉമ്മ എഴുതിയ വഖഫ് സാധുവല്ല. അത് മക്കള്‍ക്കിടയില്‍ നീതി പുലര്‍ത്തുക എന്ന നബി (സ) യുടെ കല്പനക്ക് എതിരാണ്.

 

ഇബ്നു ഉസൈമീന്‍ (റ) പറയുന്നു: “തന്‍റെ ആണ്‍കുട്ടികള്‍ക്ക് മാത്രമായി (അതല്ലെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി) വഖഫ് ചെയ്യല്‍ അനുവദനീയമല്ല. കാരണം അപ്രകാരം ഒരാള്‍ ചെയ്‌താല്‍ “നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും മക്കള്‍ക്കിടയില്‍ നീതി പുലര്‍ത്തുകയും ചെയ്യുക” എന്ന നബി വചനം അയാളുടെ മേല്‍ ബാധകമാകും. അതുകൊണ്ടുതന്നെ അപ്രകാരം ചെയ്യുക വഴി അയാള്‍ അല്ലാഹുവിനെ സൂക്ഷിക്കാത്ത ആളായി മാറും. മക്കളില്‍ ചിലര്‍ക്ക് മാത്രം നല്‍കി മറ്റുള്ളവരെ അവഗണിക്കുന്നതിനെ جور അഥവാ കൊടിയ അക്രമം/ അനീതി എന്നാണ് നബി (സ) പരാമര്‍ശിച്ചിട്ടുള്ളത്. ഞാന്‍ ഒരിക്കലും അനീതിക്ക് സാക്ഷി നില്‍ക്കുകയില്ലെന്നും നബി (സ) അതിനോട് കൂട്ടിച്ചേര്‍ത്തതായിക്കാണാം. തന്‍റെ പെണ്‍മക്കളെ അവഗണിച്ച് ആണ്‍ മക്കള്‍ക്ക് മാത്രം (അതുപോലെ നേരെ തിരിച്ചും) എന്ന നിലക്ക് ഒരാള്‍ വഖഫ് ചെയ്‌താല്‍ അത് അനീതിയാണ് എന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ഒരാള്‍ തന്‍റെ ആണ്‍മക്കള്‍ക്ക് വേണ്ടി മാത്രം വഖഫ് ചെയ്തുകൊണ്ട് മരണപ്പെട്ടാല്‍ പൂര്‍ണ ദാനമല്ലാത്തതിനാല്‍, അതായത് അതിന്‍റെ സ്വീകര്‍ത്താവിന് അതിന്‍റെ ഉപകാരമെടുക്കുക എന്നല്ലാതെ അത് വില്‍ക്കാനോ വാങ്ങാനോ കഴിയാത്ത വസ്തുവായതിനാല്‍ ഹംബലീ മദ്ഹബ് പ്രകാരം ആ വഖഫ് നിലനില്‍ക്കുമെങ്കിലും ശരിയായ അഭിപ്രായം ആ വഖഫ് നാം പൂര്‍ണമായും അസാധുവാക്കും. ഒരിക്കലും തന്നെ സാധുവായ ശരിയായ വഖഫായി അതിനെ പരിഗണിക്കുകയില്ല. (ഇതാണ് മറ്റു മദ്ഹബുകളുടെ അഭിപ്രായവും). അപ്രകാരം (അസാധുവായ വഖഫ് ചെയ്യപ്പെട്ട സ്വത്ത്) അനന്തരാവകാശികളുടെ അനന്തര സ്വത്തായി മടങ്ങുന്നതാണ്. കാരണം നബി (സ) ഇപ്രകാരം പറഞ്ഞിരിക്കുന്നു : “നമ്മുടെ കല്പനപ്രകാരമല്ലാത്ത ഒരു കര്‍മം ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അത് മടക്കപ്പെടുന്നതാണ്.” (സ്വീകാര്യമല്ല എന്നര്‍ത്ഥം). – (الشرح الممتع)

 

അതുകൊണ്ടുതന്നെ നിങ്ങളുടെ മാതാവ് ചെയ്തിട്ടുള്ള വഖഫ് അസാധുവാണ്. ആണ്‍ മക്കള്‍ക്ക് മാത്രം എന്നോ പെണ്‍മക്കള്‍ക്ക് മാത്രം എന്നോ വഖഫ് ചെയ്യാന്‍ പാടില്ല. തന്‍റെ മക്കളില്‍ തൊഴില്‍ രഹിതരായവര്‍, ദാരിദ്ര്യം അനുഭവിക്കുന്നവര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് എന്ന നിലക്ക് വഖഫ് ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍ അപ്രകാരമുള്ള ഒരു വഖഫ് അല്ല മേല്‍ പരാമര്‍ശിക്കപ്പെട്ട വഖഫ്. ഒരുപക്ഷെ നിങ്ങളുടെ നാട്ടില്‍ മരുമക്കത്തായ സമ്പ്രദായം നിലനിന്നിരുന്നതിനാലും ഉമ്മക്ക് ഈ വിഷയ സംബന്ധമായി അറിവില്ലാതിരുന്നതിനാലുമാകാം അവര്‍ അപ്രകാരം എഴുതിയത്.  ചോദ്യകര്‍ത്താവ് മരുമക്കത്തായ സമ്പ്രദായം നിലവില്‍ നിന്നിരുന്ന നാട്ടില്‍ നിന്നാണ് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അല്ലാഹു അവരുടെ വീഴ്ചകള്‍ അവര്‍ക്ക് മാപ്പാക്കിക്കൊടുക്കുകയും അവരുടെ നല്ല ഉദ്ദേശത്തിന് പ്രതിഫലം നല്‍കുകയും ചെയ്യുമാറാകട്ടെ. ‘വഖഫ് ചെയ്ത ആളുടെ എല്ലാ നിബന്ധനകളും നിറവേറ്റാന്‍ നാം ബാധ്യസ്ഥരാണ് അത് മതപരമായ നിയമങ്ങള്‍ക്ക് വിപരീതമാകുമ്പോഴോഴികെ’ എന്നത് വഖഫുമായി ബന്ധപ്പെട്ട ഒരടിസ്ഥാന തത്വമാണ്.  

 

നിങ്ങളുടെ വിഷയത്തില്‍ പ്രബലമായ അഭിപ്രായപ്രകാരം പരസ്പരം അനന്തരസ്വത്ത് എന്ന നിലക്ക് പങ്കിട്ടെടുക്കുകയോ, ഇനി വഖഫ് നിലനിര്‍ത്തുകയാണ് എങ്കില്‍ത്തന്നെ അതില്‍ ആണിന് മാത്രം അതല്ലെങ്കില്‍ പെണ്ണിന് മാത്രം എന്നിങ്ങനെ വിവേചനം കാണിക്കാതെ അത് ഉപയോഗപ്പെടുത്തുകയുമാണ് വേണ്ടത്. അഥവാ ആണുങ്ങള്‍ മാത്രം, അതല്ലെങ്കില്‍ പെണ്ണുങ്ങള്‍ മാത്രം അത് അനുഭവിക്കുക എന്നത് യാതൊരു കാരണവശാലും സാധുവാകുന്നില്ല. കാരണം അത് ശറഇയായ താല്പര്യത്തിന് എതിരാണ്. ഇനി മരണശേഷം എന്ന നിലക്കുള്ള വഖഫാണ് എങ്കില്‍ നിബന്ധനകള്‍പ്രകാരം സാധുവായ വഖഫായാല്‍ത്തന്നെ സ്വത്തിന്‍റെ മൂന്നിലൊന്നിന് മാത്രമേ വഖഫ് ബാധകമാകുകയുള്ളൂ. ബാക്കി അനന്തരസ്വത്തായി നിലനില്‍ക്കും. അല്ലാഹുവിന്‍റെ വജ്ഹ് ആഗ്രഹിച്ചുകൊണ്ട്‌ മതപരമായ തീരുമാനം സ്വീകരിക്കാന്‍ നമുക്കേവര്‍ക്കും അവന്‍ തൗഫീഖ് നല്‍കട്ടെ.അല്ലാഹുവാണ് എല്ലാം അറിയുന്നവന്‍…

 

മക്കള്‍ക്ക് സ്വത്ത് വഖഫ് ചെയ്യുന്നതുമായി ഒരു കൂട്ടര്‍ക്ക് നല്‍കി മറ്റൊരു കൂട്ടരെ  തഴയുന്ന വിവേചന മനോഭാവം പാടില്ല എന്നത്  ശൈഖ് ഇബ്നു ബാസ് നല്‍കിയ ഉപദേശം:

 

“ആണാകട്ടെ പെണ്ണാകട്ടെ തന്‍റെ മക്കളില്‍ നിന്ന് പ്രാരാബ്ദക്കാരായിട്ടുള്ളവര്‍ക്കും ശേഷം അവരുടെ സന്താനങ്ങള്‍ക്ക്, അവരുടെ സന്താനങ്ങള്‍ക്ക് എന്നിങ്ങനെ തുടര്‍ന്നുപോരും എന്ന നിലക്കുമാണ് (സന്താനങ്ങള്‍ക്ക്) വഖഫ് ചെയ്യുമ്പോള്‍ ചെയ്യേണ്ടത്. (അപ്രകാരം ചെയ്യപ്പെടുന്ന വഖഫില്‍) അല്ലാഹു ധനികരാക്കിയവര്‍ ദരിദ്രരായവരുമായി അത് പങ്കിടാന്‍ പാടില്ല.  സന്താനപരമ്പരയില്‍ അര്‍ഹരായവര്‍ എല്ലാം നശിച്ചുപോയാല്‍ ആ വഖഫിന്റെ ഉപകാരം പാവപ്പെട്ടവരെ സഹായിക്കാന്‍, പള്ളി ഉണ്ടാക്കാന്‍, തുടങ്ങിയ നല്ല മാര്‍ഗങ്ങളില്‍ പ്രയോജനപ്പെടുത്തും. (വഖഫ് ചെയ്തയാള്‍ അത് പ്രത്യേകമായി നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ ആ കാര്യത്തിലേക്കാണ് അത് പോകുക). അല്ലാഹു നിങ്ങള്‍ക്കും നമുക്കും തൗഫീഖ് നല്‍കട്ടെ”. – [http://www.binbaz.org.sa/node/2807].

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

ചെറിയ മകന് വീടും പറമ്പും ഉമ്മയുടെ മരണശേഷം ലഭിക്കും എന്ന് എഴുതി വെക്കാമോ ?

ചെറിയ മകന് വീടും പറമ്പും ഉമ്മയുടെ മരണശേഷം ലഭിക്കും എന്ന് എഴുതി വെക്കാമോ ?

ചോദ്യം: മാതാപിതാക്കള്‍ക്ക് നാല് മക്കള്‍. ഒരു പെണ്ണ്, മൂന്ന്‍ ആണ്‍മക്കള്‍. എല്ലാവരും പ്രായപൂര്‍ത്തിയായവരും വിവാഹിതരുമാണ്. പിതാവ് മരണപ്പെട്ട് സ്വത്ത് വീതം വെച്ചപ്പോള്‍ ആദ്യത്തെ മൂന്ന്‍ മക്കള്‍ക്കും പറമ്പ് ഓഹരിയായി നല്‍കി. ഏറ്റവും ചെറിയ മകന്‍റെ ഓഹരി വീടും അത് നില്‍ക്കുന്ന സ്ഥലവും മാതാവിന്‍റെ കാലശേഷം എന്ന് എഴുതിയിരിക്കുന്നു. ഈ കാലശേഷം എന്ന് എഴുതുന്ന രീതിക്ക് ഇസ്‌ലാമിക പിന്‍ബലം ഉണ്ടോ ?. മാതാവിന്‍റെ കാലത്തിന് മുന്‍പേ ഈ മകന്‍റെ കാലം കഴിഞ്ഞാല്‍ അവന്‍റെ കുടുംബത്തിന് എന്താണ് ഉണ്ടാകുക ?. 

 

  

ഉത്തരം:

 

 الحمد لله و الصلاة والسلام على رسول الله ، وعلى آله و صحبه ومن والاه، وبعد؛

 

അല്‍ഹംദുലില്ലാഹ്… മരണശേഷം സ്വത്ത് എങ്ങനെ വിഹിതം വെക്കണം എന്ന് വളരെ കൃത്യമായി അല്ലാഹു നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. അത് പ്രകാരം മുകളില്‍ പറഞ്ഞ സ്വത്ത് ഓഹരി വെക്കേണ്ടത് ഇപ്രകാരമാണ്:

 

മയ്യത്തിന്‍റെ ഭാര്യ, നാല് മക്കള്‍ (ഒരു പെണ്ണും മൂന്ന്‍ ആണും) ആണ് അനന്തരാവകാശികള്‍ ആയുള്ളത്.

 

മയ്യത്തിന്‍റെ മക്കള്‍ ജീവിച്ചിരിപ്പുള്ളതിനാല്‍ ഭാര്യക്ക്: 1/8 (എട്ടിലൊന്ന്).

ആണ്‍ പെണ്‍ മക്കള്‍ ഇവിടെ അസ്വബയാണ്. അതായത് നിര്‍ണ്ണിതമായ ഓഹരി നല്‍കേണ്ടവര്‍ക്ക് നല്‍കിയ ശേഷം ബാക്കി വരുന്ന മുഴുവന്‍ സ്വത്തിനും അര്‍ഹരാകുന്നവര്‍.  അതുകൊണ്ടുതന്നെ മുകളില്‍ സൂചിപ്പിച്ച സാഹചര്യത്തില്‍ എട്ടിലൊന്ന് നല്‍കിയ ശേഷം ബാക്കി വരുന്ന സ്വത്ത് ആണിന് പെണ്ണിന്‍റെ ഇരട്ടി എന്ന രൂപത്തില്‍ വിഹിതം വെക്കും. (മരണപ്പെട്ട മയ്യത്തിന്‍റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുള്ളതായി ചോദ്യകര്‍ത്താവ് സൂചിപ്പിച്ചിട്ടില്ല. അവര്‍ ജീവിച്ചിരിപ്പുണ്ട് എങ്കില്‍ ഓരോരുത്തര്‍ക്കും 1/6 (ആറിലൊന്ന്) വീതം ഉണ്ടാകും.

 

ചോദ്യകര്‍ത്താവ് ഉന്നയിച്ച സംഭവത്തില്‍ സ്വത്ത് വിഹിതം വെച്ചതില്‍ അപാകതകളുണ്ട്. ഒന്നിലധികം നിഷിദ്ധങ്ങള്‍ അതില്‍ കടന്നുവരുന്നുണ്ട്.

 

 

ഒന്ന്: മയ്യത്തിന്‍റെ സ്വത്ത് ഓഹരി വെക്കുമ്പോള്‍ ചില അനന്തരാവകാശികള്‍ക്ക് മാത്രം നല്‍കുകയും, മറ്റു ചിലരുടേത്, മറ്റൊരാളുടെ മരണത്തിന് ശേഷം എന്ന് നീട്ടി വെക്കുകയും ചെയ്യാന്‍ ഇസ്‌ലാമികമായി പാടില്ല. അത് ചോദ്യകര്‍ത്താവ് തന്നെ സൂചിപ്പിച്ചത് പോലെ അവകാശങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാകും. അതിനാല്‍ത്തന്നെ അത് അക്രമമാണ്. സാധാരണ നമ്മുടെ നാട്ടില്‍ പറയാറുള്ളത് പോലെ ‘ഉമ്മയെ അവന്‍ നോക്കാന്‍ വേണ്ടി’ എന്നതാണ് കാരണമായി പറയുന്നതെങ്കില്‍, ഉമ്മയെ നോക്കാന്‍ അവര്‍ക്കെല്ലാം തുല്യ ബാധ്യതയുണ്ട്. അത് ഇളയ പുത്രന്‍റെ മാത്രം ബാധ്യതയല്ല.

 

രണ്ട്: മയ്യത്തിന്‍റെ ഭാര്യയുടെ (അഥവാ അവരുടെ ഉമ്മയുടെ) ഓഹരിയെ സംബന്ധിച്ച് ഇതില്‍ പരാമര്‍ശമില്ല. മറിച്ച് ഒരു മകന് നല്‍കിയ സ്വത്തില്‍ അവന്‍റെ ഉമ്മയെ പങ്കാളിയാക്കിയിരിക്കുന്നു. ഇത് ഉമ്മയുടെയും, അതുപോലെ മകന്‍റെയും അവകാശങ്ങളില്‍ ഒരുപോലെയുള്ള കടന്നുകയറ്റമാണ്. ഉമ്മക്ക് തന്‍റെ അവകാശത്തില്‍ നിന്ന് പിന്‍വാങ്ങുകയും അത് നീതിപൂര്‍വകമായി മക്കള്‍ക്ക് നല്‍കുകയും ചെയ്യുന്നതില്‍ തെറ്റില്ല. പക്ഷെ അത് ജീവിതകാലത്ത് തന്നെ ആരോഗ്യത്തോടെ നില്‍ക്കുന്ന അവസ്ഥയില്‍ ചെയ്യണം.

 

മൂന്ന്‍:   ഉമ്മയുടെ മരണശേഷം ഇളയ മകന് ലഭിക്കും എന്നാണ് എഴുതിയിരിക്കുന്നത്. അഥവാ ശറഇന്‍റെ നിയമപ്രകാരം ഇത് വസ്വിയത്ത് ആണ്. കാരണം മരണശേഷം സ്വത്ത് ഇന്നയിന്ന രൂപത്തില്‍ നല്‍കണം എന്ന് എഴുതി വെക്കുന്നത് സാമ്പത്തികമായ വസ്വിയത്ത് ആണ്. മരണശേഷമേ അത് പ്രാബല്യത്തില്‍ വരൂ. പക്ഷെ അനന്തരാവകാശിയായ ഒരാള്‍ക്ക് വേണ്ടി സ്വത്ത് വസ്വിയത്ത് ചെയ്യാന്‍ പാടില്ല. അതിനാല്‍ത്തന്നെ ഇവിടെ ഉമ്മയുടെ മരണശേഷം മകന് എന്ന് എഴുതിയിരിക്കുന്നത്  അസാധുവായ വസ്വിയത്ത് ആണ്. നബി (സ) പറഞ്ഞു:

 

إن الله أعطى كل ذي حق حقه فلا وصية لوارث

“അല്ലാഹു ഓരോ അനന്തരാവകാശിക്കും അവരുടെ അവകാശങ്ങള്‍ കൃത്യമായി നിര്‍ണയിച്ചു നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അനന്തരാവകാശിയായ ഒരാള്‍ക്ക് വേണ്ടി വസ്വിയത്ത് ചെയ്യാന്‍ പാടില്ല.” – [തിര്‍മിദി: 2120 ,  അല്‍ബാനി : സ്വഹീഹ് صحيح الجامع : 1720 ].

അഥവാ തന്‍റെ അനന്തരാവകാശിയായ ആള്‍ക്ക് തന്‍റെ സ്വത്ത് വസ്വിയത്ത് ആയി എഴുതി വെക്കാന്‍ പാടില്ല.  അത് നിഷിദ്ധമാണ്. കാരണം മരണശേഷം അനന്തരാവകാശികള്‍ക്ക് അവരുടെ അനന്തരസ്വത്തില്‍ നിന്നുള്ള ഓഹരി അല്ലാഹു കൃത്യമായി നിര്‍ണ്ണയിച്ചിട്ടുണ്ട്. അതാണ്‌ അവര്‍ക്ക് ലഭിക്കുക. അതുകൊണ്ടുതന്നെ ഉമ്മയുടെ മരണശേഷം എന്ന നിലക്ക് എഴുതിവെച്ച വസ്വിയത്തിന് യാതൊരു പിന്‍ബലവുമില്ല. ഉമ്മയുടെ മരണശേഷം ഉമ്മയുടെ സ്വത്ത് ഉമ്മയുടെ അനന്തരാവകാശികള്‍ ആയ എല്ലാവര്‍ക്കും അര്‍ഹപ്പെട്ടതാണ്. ആ നിലക്ക് അത് ഇളയ മകന്‍റെ അവകാശം നഷ്ടപ്പെടാനുള്ള കാരണമാകും.

 

നാല്: ഒരാളുടെ വസ്വിയത്ത് (ഇവിടെ വസ്വിയത്ത് എന്നാല്‍ മരണശേഷം സ്വത്ത് നല്‍കുക എന്നതാണ് ഉദ്ദേശം എന്ന് സൂചിപ്പിച്ചുവല്ലോ)  അയാള്‍ക്ക് ഏത് സമയത്തും മാറ്റാം. അവകാശമായി ലഭിക്കേണ്ട സ്വത്ത് ഔദാര്യമായ വസ്വിയത്തിലേക്ക് ചേര്‍ക്കുന്നത് അവകാശം നഷ്ടപ്പെടാനുള്ള കാരണമായേക്കാം. ഇതും അക്രമമാണ്. അഥവാ അനന്തരാവകാശിക്ക് വസ്വിയത്ത് ചെയ്യുന്നു എന്ന നിഷിദ്ധവും, അവകാശമായി ലഭിക്കേണ്ട സ്വത്തിനെ എപ്പോഴും മാറ്റാവുന്ന മരണാനന്തരമുള്ള വസ്വിയത്ത് ആക്കി മാറ്റി എന്ന നിഷിദ്ധവും ഇവിടെ പ്രകടമാണ്.

 

മാത്രമല്ല ചോദ്യകര്‍ത്താവ് സൂചിപ്പിച്ച പോലെ ഈ ഇളയ മകന്‍ നേരത്തെ മരണപ്പെട്ടാല്‍ അത് കൂടുതല്‍ സ്വത്ത് തര്‍ക്കത്തിലേക്കും, ഒരുപക്ഷേ അദ്ദേഹത്തിന്‍റെ അനന്തരാവകാശികള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നഷ്ടപ്പെടാനുമെല്ലാം കാരണമാകുകയും ചെയ്തേക്കാം.

 

ശറഇന്‍റെ നിയമങ്ങള്‍ വളരെ വ്യക്തവും സ്പഷ്ടവുമാണ്. അതുകൊണ്ടുതന്നെ ചോദ്യകര്‍ത്താവിനോട് പറയാനുള്ളത് അല്ലാഹു കല്‍പിച്ച പ്രകാരമാണ് സ്വത്ത് വിഹിതം വെക്കേണ്ടത്. നേരത്തെ ഓഹരി വെച്ച രൂപം തിരുത്തി ഇപ്രകാരമാക്കുക:

 

മൊത്തം സ്വത്തിന്‍റെ എട്ടിലൊന്ന് മയ്യത്തിന്‍റെ ഭാര്യക്ക് (അഥവാ അവരുടെ ഉമ്മക്ക്) നല്‍കുക. ബാക്കി വരുന്ന സ്വത്ത് ആണിന് പെണ്ണിന്‍റെ ഇരട്ടി എന്ന രൂപത്തില്‍ വിഹിതം വെക്കുക. ഓരോരുത്തരുടെയും അവകാശങ്ങള്‍ ഇപ്പോള്‍ത്തന്നെ പതിച്ച് നല്‍കുക. ഒരുകൂട്ടര്‍ക്ക് മാത്രം നല്‍കുകയും, മറ്റൊരു കൂട്ടരുടേത് നീട്ടിവെക്കുകയും ചെയ്യാന്‍ പാടില്ല.

 

അവരുടെ ഉമ്മ സ്വത്ത് ആഗ്രഹിക്കുന്നില്ല എങ്കില്‍, അഥവാ മയ്യത്തിന്‍റെ ഭാര്യ   സ്വതാല്പര്യത്തോടെ തന്‍റെ വിഹിതം മക്കള്‍ എടുത്തോട്ടെ എന്ന് പറയുകയാണ്‌ എങ്കില്‍ അവിടെയും ചില നിബന്ധനകള്‍ ഉണ്ട്:

 

ഒന്ന്: അത് ഒരാള്‍ക്കായി മാത്രം നല്‍കാന്‍ പാടില്ല. കാരണം റസൂല്‍ (സ) പറഞ്ഞു : “നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും നിങ്ങളുടെ മക്കള്‍ക്കിടയില്‍ നീതി പുലര്‍ത്തുകയും ചെയ്യുക”. അതുകൊണ്ട് അത് അവര്‍ക്കിടയില്‍ എല്ലാവര്‍ക്കും തൃപ്തികരമായ രൂപത്തില്‍ വിഹിതം വെക്കുക. ഒരാള്‍ക്ക് സ്വതൃപ്തിയോടെ തന്‍റെ വിഹിതം മറ്റൊരാള്‍ക്ക് നല്‍കാം. 

 

രണ്ട്: തന്‍റെ സ്വത്ത് പൂര്‍ണമായും മക്കള്‍ക്ക് നല്‍കല്‍ അനുവദനീയമാകണമെങ്കില്‍ അവര്‍ ആരോഗ്യവതിയായിരിക്കണം. രോഗശയ്യയില്‍ മരണം പ്രതീക്ഷിച്ച് നില്‍ക്കുന്ന അവസ്ഥയിലായിരിക്കാന്‍ പാടില്ല. കാരണം മരണം പ്രതീക്ഷിക്കുന്ന രൂപത്തിലുള്ള രോഗം ബാധിച്ച് കിടപ്പിലാണെങ്കില്‍ അവര്‍ക്ക് മൂന്നിലൊന്നില്‍ കൂടുതല്‍ തന്‍റെ സ്വത്തില്‍ നിന്ന് ദാനം ചെയ്യല്‍ അനുവദനീയമല്ല.  സഅദ് (റ) വിനോട് നബി (സ) അത് വിലക്കിയിട്ടുണ്ട്.

 

 

عن سعد بن أبي وقاص رضي الله عنه قال : مرضت مرضا أشفيت منه، فأتاني رسول الله صلى الله عليه و سلم يعودني، فقلت: يا رسول الله، إن لي مالا كثيرا وليس يرثني إلا ابنتي، أفأتصدق بثلثي مالي ؟ ،  قال: لا ، قلت: فالشطر ، قال: لا ، قلت :  فالثلث ، قال: الثلث والثلث كثير ، إنك أن تترك ورثتك أغنياء خير لهم من أن تتركهم عالة يتكففون الناس.

സഅദ് ബിന്‍ അബീ വഖാസ് (റ) പറയുന്നു: “എനിക്ക്  മരണത്തെ മുന്നില്‍ക്കാണുന്ന രൂപത്തിലുള്ള അതികഠിനമായ രോഗം ബാധിച്ചു. ആ സന്ദര്‍ഭത്തില്‍ എന്നെ സന്ദര്‍ശിക്കാനായി റസൂല്‍ (സ) എന്‍റെ അരികിലേക്ക് വന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു: യാ റസൂലല്ലാഹ് .. എനിക്ക് ധാരാളം സമ്പാദ്യമുണ്ട്. എന്നാല്‍ എനിക്ക് അനന്തരാവകാശിയായി ഒരു മകള്‍ മാത്രമേ ഉള്ളൂ. ഞാന്‍ എന്‍റെ സ്വത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗം ദാനം ചെയ്യട്ടെ ?. നബി (സ) പറഞ്ഞു: പാടില്ല. ഞാന്‍ ചോദിച്ചു: എങ്കില്‍ പകുതി ?. അദ്ദേഹം പറഞ്ഞു: പാടില്ല. ഞാന്‍ ചോദിച്ചു: എങ്കില്‍ മൂന്നിലൊന്ന്. അദ്ദേഹം പറഞ്ഞു: മൂന്നിലൊന്ന് ആകാം. മൂന്നിലൊന്നുതന്നെ ധാരാളമാണ്.  നിന്‍റെ അനന്തരാവകാശികളെ ധനികരായി വിട്ടേച്ച് പോകുന്നതാണ്, മറ്റുള്ളവര്‍ക്ക് മുന്‍പില്‍ കൈനീട്ടുന്നവരായി അവരെ വിട്ടേച്ച് പോകുന്നതിനേക്കാള്‍ ഉത്തമം”.  – [നസാഇ: 3626, അല്‍ബാനി:സ്വഹീഹ്].

 

മക്കള്‍ മാത്രമായിരിക്കില്ലല്ലോ അവരുടെ അനന്തരാവകാശികള്‍. അതുകൊണ്ട് മരണം പ്രതീക്ഷിച്ച് കിടക്കുന്ന വേളയില്‍ സ്വത്ത് പൂര്‍ണമായും ദാനമായി നല്‍കുന്നത് നിഷിദ്ധമാണ്. അത് മക്കള്‍ക്കാണ് നല്‍കുന്നത് എങ്കില്‍പ്പോലും. എന്നാല്‍ ആരോഗ്യവാനായ വേളയില്‍ അബൂബക്കര്‍ (റ) ചെയ്തത് പോലെ  ഒരാള്‍ക്ക് തന്‍റെ സ്വത്ത് പൂര്‍ണമായും ദാനം നല്‍കാം. പക്ഷെ അത് മക്കള്‍ക്കാണ് നല്‍കുന്നത് എങ്കില്‍ നീതിപൂര്‍വകവും പരസ്പര തൃപ്തികരവുമായ രൂപത്തില്‍ നല്‍കണം എന്നത് പ്രത്യേകം ശ്രദ്ധിക്കണം. അത് ഏറെ വിശദീകരിക്കേണ്ട ഒരു വിഷയമാണ്. മറ്റൊരു അവസരത്തിലാകാം… ഇന്‍ ഷാ അല്ലാഹ്.

 

മൂന്ന്: തന്‍റെ സ്വത്ത് മരണശേഷം എന്ന രൂപത്തില്‍ അവര്‍ വസ്വിയത്ത് ചെയ്യുകയാണ് എങ്കില്‍ അത് അനന്തരാവകാശിയുടെ പേരിലാകുവാനോ, മൂന്നിലൊന്നില്‍ കൂടുതലാകുവാനോ പാടില്ല. മരണപ്പെടുന്ന വേളയില്‍ മയ്യത്തിന്‍റെ അനന്തരാവകാശിയായ ആള്‍ക്ക് മയ്യത്ത് സ്വത്ത് വസ്വിയത്ത് ചെയ്തിട്ടുണ്ടെങ്കില്‍ ആ വസ്വിയത്തിന് യാതൊരു വിലയുമില്ല. കാരണം ആ വസ്വിയത്ത് ശറഇന്‍റെ നിയമപ്രകാരം അസാധുവാണ്. അതുപോലെ മൂന്നിലൊന്നില്‍ കൂടുതല്‍ അനന്തരാവകാശിയല്ലാത്ത ഒരാള്‍ക്ക് വസ്വിയത്ത് ചെയ്ത് വെച്ചിട്ടുണ്ടെങ്കില്‍ അതില്‍ മൂന്നിലൊന്ന് മാത്രമേ നാം നല്‍കുകയുള്ളൂ. കാരണം മൂന്നിലൊന്നില്‍ കൂടുതല്‍ വസ്വിയത്ത് ചെയ്യുന്നത് നിഷിദ്ധമാണ്.

 

അതിനാല്‍ത്തന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം  മക്കള്‍ക്ക് സ്വത്ത്  നല്‍കുകയാണ് എങ്കില്‍ അത് മരണശേഷം എന്ന് എഴുതിവെക്കാന്‍ പാടില്ല. ജീവിതകാലത്ത് നല്‍കാം. മരണശേഷം ഒരോരുത്തര്‍ക്കും അനന്തരാവകാശ നിയമമനുസരിച്ച് മാത്രമാണ് നല്‍കുക. അതുപോലെ തന്‍റെ ചില മക്കള്‍ക്ക് നല്‍കിയത് പോലെ നീതിപൂര്‍വകമാന്‍ നല്‍കാത്തവര്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ അത് ജീവിതകാലത്ത് തന്നെ നല്‍കണം. ചിലര്‍ മരണശേഷം എന്ന് എഴുതി വെക്കുന്നത് കാണാം. എന്നാല്‍ ആ വസിയത്തിന് യാതൊരു സാധുതയുമില്ല. കാരണം അനന്തരാവകാശിക്ക് സ്വത്ത് വസ്വിയത്ത് ചെയ്യാന്‍ പാടില്ല. ചെയ്‌താല്‍ തന്നെ അതിന് യാതൊരു പരിഗണനയുമില്ല.

 

ഇവിടെ സാന്ദര്‍ഭികമായി സൂചിപ്പിക്കാനുള്ള മറ്റൊരു കാര്യം വീട് ഏറ്റവും ചെറിയ മകന് നല്‍കണം എന്നും , ഉമ്മയെ നോക്കേണ്ടത് അവനാണ് എന്നുമുള്ള ഒരു തെറ്റിദ്ധാരണ നമ്മുടെ നാട്ടില്‍ വ്യാപകമായി ഉണ്ട്. മറ്റ് അനന്തരാവകാശികള്‍ തൃപ്തിയോടെ വീട് അവന് നല്‍കുന്നുവെങ്കില്‍ അതില്‍ തെറ്റില്ല. അതല്ലയെങ്കില്‍ പരസ്പര തൃപ്തിയോടെ ഓഹരി വെക്കണം. ഒരാളുടെ ഓഹരി പണം നല്‍കി മറ്റൊരാള്‍ക്ക് വാങ്ങാം. എന്നാല്‍ സ്വത്ത് വിഹിതം വെക്കുമ്പോള്‍ വിട്ടുവീഴ്ചാ മനോഭാവം ഉണ്ടായിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം. 

 

ഇനി ഒരാള്‍ക്ക് വീടോ മറ്റോ നല്‍കുകയാണ് എങ്കില്‍, അതുമൂലം മറ്റുള്ളവരുടെ ഉമ്മയെയോ ഉപ്പയെയോ നോക്കേണ്ട ബാധ്യത അവിടെ അവസാനിക്കുന്നില്ല. അവരെ പരിചരിക്കാന്‍ മക്കളെല്ലാം ഒരുപോലെ കടപ്പെട്ടിരിക്കുന്നു.

 

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍…

 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

കടക്കാരനായ ബന്ധുവിന് സകാത്തില്‍ നിന്നും നല്‍കാമോ ?

കടക്കാരനായ ബന്ധുവിന് സകാത്തില്‍ നിന്നും നല്‍കാമോ ?

ചോദ്യം:  കുടുംബത്തിൽ വളരെ അടുത്ത ഒരാള് ഒരു കച്ചവടം തുടങ്ങുകയും

അദ്ദേഹത്തിന്‍റെ പാർട്ണർ ചില ക്രയ വിക്രയങ്ങൾ ചെയ്യുകയും,

സാമ്പത്തിക തിരിമറി നടത്തിയ കാരണം കൊണ്ട് അയാളെ പിരിച്ചു വിടുകയും കച്ചവടം ഈ സൂചിപ്പിച്ച ബന്ധു നടത്തി കൊണ്ട് പോകാൻ തീരുമാനിക്കുകയും ചെയ്തു. 

 

ബിസിനസ് നടത്തിപ്പിന് വേണ്ടി പലരിൽ നിന്നും വെക്തിപരമായി അദ്ദേഹം കടം വാങ്ങിയിട്ട് ഉണ്ടു,ബിസിനസ് ഇപ്പൊ നല്ല രീതിയിൽ ഒന്നും അല്ല നടന്നു പോകുന്നതും

 

ഈ അവസരത്തിൽ കുടുംബത്തിൽ പെട്ടവർക്ക് അദ്ദേഹത്തിന്റെ കടം വീടുവാൻ എന്ന നിലയിൽ സകാത്ത് പണം കൊടുക്കാൻ പറ്റുമോ ? 

 

അടുത്ത കാലത്ത് ഒന്നും കടം വീട്ടുവാൻ ഉള്ള തരത്തിൽ അല്ല ഇപ്പോയതെ ബിസിനെസ്സ് സാഹചര്യം കടക്കാരൻ സകാത്തിന്‍റെ അവകാശികൾ പെട്ടയാള്‍ ആണല്ലോ? ഉത്തരം നൽകണം എന്ന് ആപേക്ഷിച്ച് കൊണ്ട് നിർത്തുന്നു.

 

 

ഉത്തരം:

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

 

 ഒരു വ്യക്തി താങ്കള്‍ സൂചിപ്പിച്ച രൂപത്തില്‍ കടക്കാരനാവുകയും താമസം, ഭക്ഷണം, വസ്ത്രം എന്നിങ്ങനെ ആവശ്യകാര്യങ്ങള്‍ കഴിച്ച് തന്‍റെ സ്വന്തം സ്വത്തും സമ്പത്തും ഉപയോഗിച്ച് ആ കടം വീട്ടാന്‍ സാധിക്കാതെ വരികയും ചെയ്യുന്ന സാഹചര്യമാണ് എങ്കില്‍ അയാള്‍ക്ക് സകാത്തില്‍ നിന്നും കടം വീട്ടാനായി നല്‍കാം. കടക്കാരന്‍ എന്ന നിലക്ക് സകാത്തിന് അര്‍ഹനാകുന്ന വ്യക്തി ആ ഇനത്തില്‍ കിട്ടുന്ന പണം കടം വീട്ടാനായിത്തന്നെ ഉപയോഗിക്കുകയും വേണം.കടക്കാരന്‍ എന്ന നിലക്ക് സകാത്തിന് അര്‍ഹനാകുന്ന വ്യക്തി അടുത്ത ബന്ധുവാണെങ്കിലും സകാത്തില്‍ നിന്നും നല്‍കാം. കാരണം ഒരാളുടെ കടബാധ്യത ഒരിക്കലും മറ്റൊരാളുടെ മേല്‍ വരില്ല.

 

  

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com