ഇസ്ലാമിക് ബേങ്കുകളില്‍ ലോണ്‍ ഉണ്ടോ ?. അതനുവദനീയമാണോ ?.

ഇസ്ലാമിക് ബേങ്കുകളില്‍ ലോണ്‍ ഉണ്ടോ ?. അതനുവദനീയമാണോ ?

ചോദ്യം: അസ്സലാമു അലൈകും വ റഹ്മത്തുല്ല … സഹോദരാ , അറബ് നാടുകളിൽ നിലവിലുള്ള ഇസ്ലാമിക ബാങ്കുകളെ കുറിച്ചുള്ള ഇസ്ലാമിക വീക്ഷണം എന്താണ്?.

അത്തരം ബാങ്കുകളിൽ നിന്ന് ലോൺ എടുക്കുന്നത് അനുവദനീയമാകുമോ?.

 

 

ഉത്തരം: വ അലൈകുമുസ്സലാം വ റഹ്മതുല്ലാഹി വ ബറകാത്തുഹ് …

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

 

എനിക്കറിയാവുന്ന ഇസ്ലാമിക് ബേങ്കുകള്‍ കഴിവിന്‍റെ പരമാവധി സൂക്ഷമത പാലിക്കാന്‍ പ്രയത്നിക്കുന്നവരാണ്. ചില വിഷയങ്ങള്‍ അഭിപ്രായഭിന്നത ഉള്ളതോ സംശയാസ്പദമോ ഉണ്ടാകാം. ഒരുപക്ഷെ അത് നമ്മുടെ ഇടപാടിന്‍റെ രൂപത്തെക്കുറിച്ചുള്ള അറിവില്ലായ്മ കാരണത്താലുമാകാം. തെറ്റുകളും തിരുത്തപ്പെടേണ്ട കാര്യങ്ങളും ഉണ്ടാവുക സ്വാഭാവികമാണ്. ചില ബേങ്കുകള്‍ മറ്റു ചിലതിനേക്കാള്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കുന്നതും, ചിലത് കൂടുതല്‍ വീഴ്ചകള്‍ വരുത്തുന്നതുമായിരിക്കാം. ചിലത് ഇസ്ലാമിക നിയമങ്ങള്‍ പാലിക്കാതെ കേവലം പേരിന് മാത്രം ‘ഇസ്ലാമിക് ബേങ്ക്’ പറയുന്നവയും ഉണ്ടായിരിക്കാം. അപ്രകാരം വ്യക്തികളിലും ഉണ്ടാവുമല്ലോ. പക്ഷെ എല്ലാ ഇസ്ലാമിക് ബേങ്കുകളെയും അടച്ചാക്ഷേപിച്ച് കണ്‍വെന്‍ഷനല്‍ ബേങ്കുകളും ഇസ്ലാമിക് ബേങ്കുകളും തമ്മില്‍ വ്യത്യാസമില്ല, അല്ലെങ്കില്‍ എല്ലാ ഇസ്ലാമിക് ബേങ്കുകളും പലിശ ബേങ്കുകളും പേരില്‍ മാത്രമേ വ്യത്യാസമുള്ളൂ എന്നെല്ലാം  കുറ്റപ്പെടുത്തുന്നതും ദൗര്‍ഭാഗ്യകരവും അങ്ങേയറ്റം അക്കാര്യത്തില്‍ അജ്ഞതയുള്ളതുകൊണ്ടുമാണ്. അതിലുപരി ഇസ്ലാമികമായ ബദല്‍ സംവിധാനങ്ങളെ സാമ്പത്തിക രംഗത്ത് പരിപോഷിക്കാന്‍ വേണ്ടി പ്രയത്നിക്കുന്നവരെ അടച്ചാക്ഷേപിക്കലുമാണത്. കൂടുതല്‍ ഉഴിതമായ പരിഹാരങ്ങള്‍ കാണാനും വീഴ്ചകള്‍ പരിഹരിക്കാനും പണ്ഡിതന്മാരും ഇസ്ലാമിക സാമ്പത്തിക രംഗത്തെ വിദഗ്ദരും നടത്തുന്ന പരിശ്രമങ്ങള്‍ ശ്ലാഘനീയമാണ്. അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ. ചോദ്യകര്‍ത്താവിനെ ഉദ്ദേശിച്ചല്ല, മറിച്ച് ഇസ്ലാമിക് ബേങ്കുകളും പലിശ ബേങ്കുകളും തമ്മില്‍ വ്യത്യാസമില്ല എന്ന് നിരുപാധികം വിധി പ്രസ്ഥാവിക്കുന്ന ചിലരുടെ ആധിക്യം കാരണത്താല്‍  സാന്ദര്‍ഭികമായി സൂചിപ്പിച്ചുവെന്നുമാത്രം.

 

എന്നാല്‍ എല്ലാ ബേങ്കുകളെപ്പറ്റിയും അവ നല്ലത് എന്നോ മോശം എന്നോ ഒരു വിധി പറയുക എന്നത് വ്യക്തിപരമായി സാധ്യമാകുന്ന കാര്യമല്ല. നടത്തപ്പെടുന്ന ഇടപാടുകളുടെ വിവരത്തിനനുസരിച്ച് അവ ശരിയോ തെറ്റോ എന്ന് പറയാന്‍  സാധിക്കുകയെ ഉള്ളൂ.

 

ഇസ്ലാമിക് ബേങ്കുകളില്‍ ചോദ്യ കര്‍ത്താവ് സൂചിപ്പിച്ചത് പോലെ ലോണ്‍ ഇല്ല. ലോണ്‍ എന്നാ പ്രയോഗം ധാരാളം തെറ്റിദ്ധാരണകള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. ചോദ്യത്തില്‍ പോലും ആ തെറ്റിദ്ധാരണ നിഴലിക്കുന്നത് കാണാം. ലോണല്ല മറിച്ച് ഇസ്ലാമിക് ബേങ്കുകളില്‍ കച്ചവടമാണുള്ളത്. ധനം ആവശ്യമുള്ളവര്‍ക്ക് അത് ലഭിക്കാന്‍ കച്ചവടം മുഖേന പരിഹാരം കാണുകയാണ് ഇസ്ലാമിക് ബേങ്കുകള്‍ ചെയ്യുന്നത്. അത് വഴിയാണ് നിങ്ങള്‍ക്ക് പണം ലഭിക്കുന്നത്. അത് സാധാരണ ബേങ്കുകളിലെ ലോണ്‍ പോലെയല്ല. അഥവാ ബേങ്കിന്‍റെ ഉടമസ്ഥതയിലുള്ള ഒരു വസ്തു അവര്‍ നിങ്ങള്‍ക്ക് ഇന്സ്റ്റാള്‍മെന്‍റ് ആയി (അഥവാ കടമായി) വില്‍ക്കുന്നു. നിങ്ങള്‍ വാങ്ങിയ ആ വസ്തു ശേഷം (ബേങ്ക് അല്ലാത്ത) മറ്റൊരാള്‍ക്ക് റെഡി കാശിന് വില്‍ക്കുന്നു. ആ പണമാണ് നിങ്ങളുടെ അക്കൌണ്ടില്‍ വരുന്നത്. ഈ പറയപ്പെട്ട കച്ചവടം യാഥാര്‍ത്ഥ രൂപത്തില്‍ നടക്കുന്നുവെങ്കില്‍ ഈ ഇടപാടില്‍ തെറ്റില്ല. ഇതിനാണ് ‘തവറുഖ്’ എന്ന് പറയുന്നത്.  പലപ്പോഴും ബേങ്ക് എംപ്ലോയീസിന്‍റെ അനാസ്ഥയോ അപാകതയോ കാരണത്താലും, ഇടപാടുകാരുടെ അശ്രദ്ധ കാരണത്താലും ഈ ഇടപാടുകളുടെ വിശദാംശങ്ങള്‍ ഇടപാടുകാര്‍ അറിയാറില്ല. പക്ഷെ അവര്‍ ഒപ്പുവെക്കുന്ന പേപ്പറുകളില്‍ സത്യത്തില്‍ ഈ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് അറിഞ്ഞും മനസ്സിലാക്കിയും ചെയ്യുന്ന ഇടപാടുകള്‍ മനസ്സിലാക്കി ചെയ്യുക എന്നതാണ് ശരിയായ രീതി. അല്ലാഹു അനുഗ്രഹിക്കട്ടെ.

 

ഈ ഇടപാടിന് ശറഇയ്യായി ചില നിബന്ധനകളുണ്ട്:

 

1-  കേവലം പേരിന് നടക്കുന്ന യഥാര്‍ത്ഥത്തിലില്ലാത്ത കച്ചവടമാകാന്‍ പാടില്ല, മറിച്ച് യഥാര്‍ത്ഥത്തില്‍ കച്ചവടം നടക്കണം.

 

2- കടമായി നിങ്ങള്‍ക്ക് വസ്തു വിറ്റയാള്‍ക്ക് (അഥവാ ബേങ്കിനു തന്നെ) അതേ വസ്തു റെഡി കാശിന്  തിരികെ വില്‍ക്കരുത്. മറിച്ച് മറ്റൊരാള്‍ക്കേ അത് വില്‍ക്കാവൂ. അല്ലാത്ത പക്ഷം നബി (സ) വിലക്കിയ (بيع العينة) ‘ഈനത്ത് കച്ചവടം’ ആയി അത് മാറും.  

 

3- ആദ്യത്തെ കച്ചവടത്തില്‍ ബേങ്കുമായി ഉണ്ടാകുന്ന ബാധ്യത പിന്നീട് വര്‍ദ്ധിക്കത്തക്കതാകരുത്. അഥവാ നിങ്ങള്‍ ആദ്യം വസ്തു വാങ്ങിയപ്പോള്‍ ഉണ്ടായ കടബാധ്യത പിന്നീട് വര്‍ദ്ധിക്കുന്ന ബാധ്യതയാണ് എങ്കില്‍ അത് പലിശയായി മാറും.  

 

പൊതുവേ കുവൈറ്റിലെ എനിക്ക് നേരിട്ട് അറിയാവുന്ന ഇസ്ലാമിക് ബേങ്കുകള്‍ ഈ വ്യവസ്ഥകള്‍  പാലിക്കാറുണ്ട്. ഇവ പാലിക്കപ്പെടുന്നുവെങ്കില്‍ ഇടപാട് അനുവദനീയമാണ്. ഇനി പലപ്പോഴും ഉണ്ടാകാറുള്ള ഒരു സംശയം ഒരാള്‍ പണം തിരിച്ചടക്കാതിരുന്നാല്‍ ഇസ്ലാമിക് ബേങ്കുകള്‍ എന്ത് ചെയ്യും എന്നതാണ്.  ആദ്യത്തെ ഇടപാടില്‍ ബേങ്കിനു നല്‍കേണ്ടതായുണ്ടായ കടബാധ്യത ഒരാള്‍ അകാരണമായി കൃത്യസമയത്ത് തിരിച്ചടക്കാതിരുന്നാല്‍, കരാര്‍ തെറ്റിച്ചതുകൊണ്ട് ‘രണ്ടു വര്‍ഷം’ , ‘മൂന്ന്‍ വര്‍ഷം’ എന്നിങ്ങനെ  തിരിച്ചടക്കാന്‍ അയാള്‍ക്ക് നല്‍കിയിട്ടുള്ള സാവകാശം അയാളില്‍ നിന്നും എടുത്ത് കളയുകയും, മുഴുവന്‍ പണവും ഉടനെ ഒരുമിച്ചടക്കാന്‍ നിയമപരമായി അയാള്‍ ബാധ്യസ്ഥനാകുകയും ചെയ്യുകയാണ് പതിവ്. മാത്രമല്ല അയാളെ സാമ്പത്തിക ഇടപാടുകളില്‍ കൃത്യതയില്ലാത്തവരുടെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. പിന്നീട് ആ നാട്ടിലെ ഒരു ബേങ്കുകളിലും അയാള്‍ക്ക് ഇത്തരം ഇടപാടുകള്‍ സാധ്യമാവുകയില്ല. അതോടൊപ്പം അയാള്‍ക്കെതിരെ നിയമ നടപടി ഉണ്ടാകുന്നതും നിയമനടപടിക്ക് ആവശ്യമായി വരുന്ന ചിലവുകള്‍ അയാള്‍ വഹിക്കേണ്ടതുമായിരിക്കും. ചില ഘട്ടങ്ങളില്‍ നിയമനടപടിയുടെ ഭാഗമായി രാജ്യത്തിന് പുറത്തേക്ക് പോകുന്നത് പോലും അയാള്‍ക്ക് വിലക്കപ്പെടും. ഇതാണ് പൊതുവേ കടബാധ്യത തിരിച്ചടക്കാത്തവരെ നേരിടാന്‍ ഇസ്ലാമിക് ബേങ്കുകള്‍ സ്വീകരിക്കാറുള്ള ചില നടപടികള്‍. എന്നാല്‍ കട ബാധ്യത ഒരിക്കലും വര്‍ദ്ധിപ്പിക്കാറില്ല. തിരിച്ചടക്കാതെ വരുമ്പോള്‍ കടബാധ്യത വര്‍ധിപ്പിക്കല്‍ ഇസ്‌ലാമില്‍ അനുവദനീയവുമല്ല.

 

ഇനി മേല്‍ വിശദീകരിച്ച ഇടപാടിന് ഒരു ലളിതമായ ഉദാഹരണം നല്‍കാം: ഒരാള്‍ ഒരു വീട് വില്‍ക്കാന്‍ വച്ചിരിക്കുന്നു. അതിന് പത്ത് ലക്ഷം രൂപയാണ് വില. വാങ്ങിക്കുന്നവര്‍ അയാള്‍ക്ക് മുഴുവന്‍ തുകയും ഒന്നിച്ച് നല്‍കേണ്ടതില്ല. ഓരോ വര്‍ഷവും ഒരു ലക്ഷം എന്ന തോതില്‍ നല്‍കിയാല്‍ മതി. ഞാന്‍ ആ വീട് അയാളില്‍ നിന്നും വാങ്ങിച്ചു. ശേഷം മറ്റൊരാള്‍ക്ക് ആ വീട് ഞാന്‍ ഒമ്പത് ലക്ഷത്തിന് റെഡി കാശ് ആയി വിറ്റു. ഇപ്പോള്‍ എന്നെ സംബന്ധിച്ചിടത്തോളം ഒമ്പത് ലക്ഷം രൂപ കാശ് ആയി ലഭിച്ചു. എന്നാല്‍ ഞാന്‍ ആദ്യം ആ വീട് വാങ്ങിയ വകയില്‍ പത്ത് ലക്ഷം രൂപ കൊടുക്കാനുണ്ട്. ഓരോ വര്‍ഷം ഒരു ലക്ഷം എന്ന തോതില്‍ അത് ഞാന്‍ നല്‍കിയാല്‍ മതി. ഇവിടെ എനിക്ക് ഒമ്പത് ലക്ഷം രൂപ കാശ് ലഭിച്ചു, അതേ സമയം പത്ത് ലക്ഷം ഞാന്‍ മറ്റൊരാള്‍ക്ക് നല്‍കാനുമുണ്ട്. പക്ഷെ കേവലം കച്ചവടമാണ് നടന്നത്. ഇതുപോലെയുള്ള ഇടപാടാണ് ഇസ്ലാമിക് ബേങ്കുകള്‍ സാധാരണ ബേങ്കുകളിലെ പലിശ ലോണുകള്‍ക്ക് ബദലായി നടത്തുന്നത്. രേഖകള്‍ പരിശോധിച്ചാല്‍ അത് നിങ്ങള്‍ക്ക് മനസ്സിലാക്കാവുന്നതാണ്. അല്ലാഹു നമുക്ക് കച്ചവടം അനുവദിക്കുകയും പലിശ നിരോധിക്കുകയും ചെയ്തിരിക്കുന്നു.

 

എന്നാല്‍ ഇതോടൊപ്പം സൂചിപ്പിക്കേണ്ട മറ്റൊരു കാര്യം, പൊതുവേ അകാരണമായി കടം എടുക്കുക എന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നല്ല. അനിവാര്യ സാഹചര്യമുണ്ടെങ്കിലെ ഒരു മുസ്‌ലിം കടവുമായി ഇടപെടാവൂ. അതുതന്നെ തിരിച്ച് വീട്ടും എന്നാ ഉറച്ച തീരുമാനത്തോടെയും പ്രയത്നത്തോടെയും മാത്രം. ശഹീദിനു പോലും എല്ലാം അല്ലാഹു പൊറുത്ത് കൊടുക്കും കടമൊഴികെ എന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. അതുപോലെ ഒരാള്‍ക്ക് മൂന്ന്‍ ജീവിതം ലഭിക്കുകയും ആ മൂന്ന്‍ ജീവിതത്തിലും അയാള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെടുകയും ചെയ്‌താല്‍ പോലും കടക്കാരനാണ് എങ്കില്‍ അയാള്‍ക്ക് സ്വര്‍ഗ്ഗപ്രവേശം സാധ്യമല്ല എന്നും ഹദീസില്‍ കാണാം. ചിലര്‍ കടത്തിന്‍റെ വിഷയത്തില്‍ കാണിക്കുന്ന അനാസ്ഥ ഏറെ ഗൗരവപരമാണ്. കടം വര്‍ദ്ധിക്കുന്നത് ഒരാള്‍ കൂടുതല്‍ കളവ് പറയാന്‍ ഇടവരുത്തും എന്നും ഹദീസില്‍ കാണാം.

 

അതുപോലെ നബി (സ) പറഞ്ഞു: 

 

عَنِ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَفْسُ الْمُؤْمِنِ مُعَلَّقَةٌ مَا كَانَ عَلَيْهِ دَيْنٌ

 

അബൂഹുറൈറ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: “കടമുള്ളിടത്തോളം ഒരു വിശ്വാസിയുടെ ആത്മാവ് ബന്ധിക്കപ്പെട്ടിരിക്കും” – (മുസ്നദ് അഹ്മദ് : 10156).

 

ഇങ്ങനെ എത്രയെത്ര ഹദീസുകള്‍. അതുകൊണ്ട് നാം വളരെ ഗൗരവത്തോടുകൂടി കാണേണ്ട ഒന്നാണ് കടം. നബി (സ) കടത്തിന്‍റെ ആധിക്യത്തില്‍ നിന്നും അല്ലാഹുവില്‍ ശരണം തേടാറുണ്ടായിരുന്നു. അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ 

 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

2000 രൂപക്ക് പകരം 1800 രൂപ ചില്ലറ എന്ന തോതില്‍ ക്രയവിക്രയം നടത്തുന്നത് പലിശയാണ്.

2000 രൂപക്ക് പകരം 1800 രൂപ ചില്ലറ എന്ന തോതില്‍ ക്രയവിക്രയം നടത്തുന്നത് പലിശയാണ്.

ചോദ്യം: ഇപ്പോള്‍ നാട്ടില്‍ ചില്ലറക്ക് വലിയ ക്ഷാമമാണല്ലോ. ഒരാള്‍ 500 രൂപ കൊടുത്ത് 400 രൂപയുടെ ചില്ലറ, അതല്ലെങ്കില്‍ 2000 രൂപ കൊടുത്ത് 1800 രൂപയുടെ ചില്ലറ കൈപ്പറ്റുന്നതിന്‍റെ ഇസ്‌ലാമിക വിധിയെന്താണ് ?.

 

ഉത്തരം: 

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والااه ، وبعد؛

 

പണം പരസ്പരം കൈമാറ്റം ചെയ്യുമ്പോള്‍ ഉദാഹരണത്തിന് 500 രൂപക്ക് പകരം നൂറിന്‍റെ നോട്ടുകള്‍, രണ്ടായിരത്തിന് പകരം നൂറിന്‍റെ നോട്ടുകള്‍ എന്നിങ്ങനെ കൈമാറ്റം ചെയ്യുമ്പോള്‍, ഒരേ ഇനം നാണയങ്ങൾ  കൈമാറുമ്പോള്‍ പാലിക്കേണ്ട ശറഇയ്യായ രണ്ട് നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അത് പലിശയായി ഗണിക്കപ്പെടുന്നതാണ്. 

 

ഒന്നാമത്തെ നിബന്ധന: 500 രൂപക്ക് പകരമായി അതിന് തതുല്യമായ ചില്ലറ എന്ന നിലക്കോ, 2000 രൂപക്ക് പകരമായി അതിന് തത്തുല്യമായ ചില്ലറ എന്ന നിലക്കോ അല്ലാതെ കൈമാറ്റം ചെയ്യാന്‍ പാടില്ല. ഒരേ ഇനത്തില്‍ പെട്ട നാണയങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്യുമ്പോള്‍ (ഉദാ: രൂപയും രൂപയും പരസ്പരം കൈമാറുമ്പോള്‍) അതിന്‍റെ വാല്യൂ തുല്യമാകല്‍ നിര്‍ബന്ധമാണ്‌. അല്ലാത്തപക്ഷം അത് ربا الفضل അഥവാ ‘അതികമീടാക്കുന്ന പലിശ’ എന്ന ഗണത്തിലാണ് പെടുക. സ്വര്‍ണ്ണം പരസ്പരം മാറുമ്പോള്‍ തൂക്കം തുല്യമാകണം എന്ന നിബന്ധന ഈ ഇനത്തില്‍പ്പെടുന്നതാണ്. അഥവാ പഴയ സ്വര്‍ണ്ണം നല്‍കി അതിനേക്കാള്‍ കുറവ് തൂക്കം പുതിയ സ്വര്‍ണ്ണം വാങ്ങാന്‍ പാടില്ല. മറിച്ച് പഴയ സ്വര്‍ണ്ണം വിറ്റ്‌ പണം കൈപ്പറ്റിയ ശേഷമാണ് പുതിയ സ്വര്‍ണ്ണം വാങ്ങിക്കാവൂ. ഇല്ലയെങ്കില്‍ തൂക്കം വ്യത്യാസപ്പെട്ടാല്‍ അത് ‘അതികമീടാക്കുന്ന പലിശ’ എന്ന ഗണത്തില്‍ പലിശ ഇടപാടായി മാറും.  കാരണം സ്വര്‍ണ്ണവും വെള്ളിയുമെല്ലാം നാണയം എന്ന ഗണത്തിലാണ് ഇസ്‌ലാം കണക്കാക്കുന്നത്. നാണയത്തെ അതേ ഇനത്തില്‍പ്പെട്ട നാണയം കൊണ്ട് വ്യത്യസ്ഥ അളവില്‍ വില്‍ക്കുന്നത് അതിന്‍റെ മൂല്യത്തിന്‍റെ സ്ഥിരത നഷ്ടപ്പെടുത്തും.

 

രണ്ടാമത്തെ നിബന്ധന: നല്‍കുന്ന നോട്ടിന്‍റെ ചില്ലറ അപ്പപ്പോള്‍ തന്നെ കൈപ്പറ്റണം. അഥവാ രണ്ടായിരം രൂപയുള്ള ഒരാള്‍ അതിന് ബദലായി ചില്ലറ മറ്റൊരാളില്‍ നിന്നും മാറ്റുമ്പോള്‍ ആ രണ്ടായിരം കൈമാറുന്ന അവസരത്തില്‍ത്തന്നെ അതിന്‍റെ ചില്ലറ കൈപ്പറ്റണം. ഇല്ലയെങ്കില്‍ അത് ربا النسيئة അഥവാ കാലതാമാസത്തിന്‍റെ പലിശ എന്ന ഗണത്തില്‍പ്പെടും. സ്വര്‍ണ്ണം വാങ്ങിയാല്‍ അതിന്‍റെ വില അപ്പോള്‍ തന്നെ നല്‍കണം എന്നും, സ്വര്‍ണ്ണം കടം പറഞ്ഞ് വാങ്ങിക്കാന്‍ പാടില്ല എന്നും പറയുന്നതും ഈ ഇനം പലിശയില്‍ അത് പെടുമെന്നതിനാലാണ്. നാണയ ഇനത്തില്‍ പെടുന്നവ പരസ്പരം ക്രയവിക്രയം നടത്തുമ്പോള്‍ അപ്പപ്പോള്‍ കൈപ്പറ്റണം.

 

എന്നാല്‍ ഒരാള്‍ മറ്റൊരാള്‍ക്ക് ധനം കടമായി നല്‍കുന്നതിനെ ഈ രണ്ടാമത്തെ നിബന്ധന ബാധിക്കുന്നില്ല. കാരണം കടത്തില്‍ പരസ്പരമുള്ള കൈമാറ്റമോ ക്രയവിക്രയമോ അല്ല ഉദ്ദേശം, മറിച്ച് എതിര്‍കക്ഷിയെ സഹായിക്കുക എന്നതാണ് ലക്ഷ്യം. അതുകൊണ്ട് ഒരാള്‍ക്ക് കറന്‍സിയോ, സ്വര്‍ണ്ണമോ മറ്റു വസ്തുക്കളോ കടമായി നല്‍കുകയും പിന്നീട് താന്‍ എന്താണോ കടം നല്‍കിയത് സമാനമായ വസ്തു തിരികെ കൈപ്പറ്റുകയും ചെയ്യാം.

 

അതുപോലെത്തന്നെ രേഖയിലില്ലാത്ത പണം രേഖയുള്ളതാക്കാന്‍ ചുരുങ്ങിയ വിലക്ക് അവ വില്പന നടത്തുന്നതും പലിശ ഇനത്തിലാണ് പെടുക. ഉദാ: പഴയ ഒരു ലക്ഷം നോട്ടിന് പകരമായി പുതിയ അരലക്ഷം നോട്ട്, അതല്ലെങ്കില്‍ മറ്റു നിരക്കുകളില്‍ ഇപ്രകാരം കച്ചവടം നടത്തുന്നത് അനിസ്‌ലാമികവും പലിശയുമാണ്‌. 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

MLM – ‘മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്’ , ‘ചെയ്ന്‍ മാര്‍ക്കറ്റിംഗ്’ തുടങ്ങിയവയുടെ ഇസ്‌ലാമിക വിധി.

MLM - 'മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്' , 'ചെയ്ന്‍ മാര്‍ക്കറ്റിംഗ്' തുടങ്ങിയവയുടെ ഇസ്‌ലാമിക വിധി.

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗിനെ സംബന്ധിച്ച് ഈയിടെയായി ഒരുപാട് പേര്‍ ചോദിക്കുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ ഈ വിഷയം പണ്ഡിതന്മാര്‍ വളരെ വിശാലമായിത്തന്നെ അതിന്‍റെ എല്ലാ സാധ്യതകളും മുന്‍നിര്‍ത്തി ചര്‍ച്ച ചെയ്തിട്ടുണ്ട്. ആധികാരികമായ പണ്ഡിതസഭകളും പ്രഗല്‍ഭരായ പണ്ഡിതന്മാരും അത് നിഷിദ്ധമാണ് എന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. വളരെ സംക്ഷിപ്തമായിപ്പറഞ്ഞാല്‍: മാര്‍ക്കറ്റിംഗ് ശൃംഖലയില്‍ അംഗമാകാനും അതിന്‍റെ കമ്മീഷന്‍ ലഭിക്കാനും ആദ്യം സ്വയം പ്രോഡക്റ്റ് വാങ്ങുകയോ, അതെല്ലെങ്കില്‍ നിശ്ചിത സംഖ്യ അടക്കുകയോ ചെയ്യേണ്ടതായ രണ്ട് രൂപത്തിലുള്ള മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് സംരംഭങ്ങളും മതപരമായി നിഷിദ്ധമാണ്. ഉദാ: നിങ്ങള്‍ അതിന്‍റെ നെറ്റ് വര്‍ക്കില്‍ ഒരംഗമാകണം എങ്കില്‍ ആദ്യം നിങ്ങള്‍ അതിന്‍റെ ഒരു പ്രോഡക്റ്റ് വാങ്ങണം, ചില കമ്പനികളില്‍ നിശ്ചിത സംഖ്യ അടച്ച് അംഗത്വം എടുക്കണം (മണി ചെയ്ന്‍). ഇവ രണ്ടും നിഷിദ്ധം തന്നെയാണ്.  

പണ്ഡിതോചിതമായി ഈ വിഷയത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഓണ്‍ലൈനില്‍ ലഭ്യമായ ഏറ്റവും സുപ്രധാനമായ ഒരു ചര്‍ച്ച റിയാദിലെ ഇമാം യൂണിവേഴ്സിറ്റിയിലെ ‘തമയ്യുസ് റിസര്‍ച്ച് സെന്‍റര്‍’ നടത്തിയ ചര്‍ച്ചയാണ്.  അതില്‍ വിഷയം അവതരിപ്പിച്ച് സംസാരിച്ചവരെല്ലാം തെളിവുകള്‍ നിരത്തിക്കൊണ്ട്‌ MLM ബിസിനസ്സ് പാടില്ല എന്നാണ് പ്രസ്താവിച്ചത് എന്നതും ശ്രദ്ധേയമാണ്. ചര്‍ച്ചയുടെ ലിങ്ക് : https://www.youtube.com/watch?v=iJ3dKtkr4Zk

സാധാരണ മണി ചെയ്ന്‍ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നുവോ അതുപോലെത്തന്നെയാണ് പ്രോഡക്റ്റ് ഉള്ള മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികളും. സംഗതി നിയമപരമായി അനുവദനീയമാക്കാന്‍ അതില്‍ ഒരു പ്രോഡക്റ്റ് ചേര്‍ത്തു എന്ന് മാത്രമേ ഉള്ളൂ. കാരണം ഈ ശൃംഖലയുടെ നിലനില്‍പ്പിനോ ഈ രീതി പ്രവര്‍ത്തനക്ഷമമാകാനോ പ്രോഡക്റ്റ് എന്നത് ഒരു ആവശ്യമേ അല്ല.

ഉദാ: ഒരാള്‍ 10000 രൂപ മുടക്കി കുറച്ച് കോസ്മെറ്റിക്ക് സാധനങ്ങള്‍ അല്ലെങ്കില്‍ പ്രോട്ടീന്‍ പൌഡര്‍ വാങ്ങി ശൃംഖലയില്‍ അംഗമാകുന്നു. മറ്റു രണ്ടുപേരെക്കൂടി അയാള്‍ ചേര്‍ത്താല്‍ (അഥവാ അവരെക്കൊണ്ടു 10000 രൂപക്ക് മേല്‍ വസ്തു വാങ്ങിപ്പിച്ചാല്‍) അയാളുടെ ശൃംഖല വളരാന്‍ ആരംഭിക്കും. തന്‍റെ കീഴില്‍ നടക്കുന്ന വളര്‍ച്ചക്ക് കമ്മീഷന്‍ ലഭിക്കും. അതുകൊണ്ട് തന്നെ ചേര്‍ന്നവര്‍ ചേര്‍ന്നവര്‍ മറ്റുള്ളവരെ ചേര്‍ത്തണം. വളര്‍ച്ച നിന്നാല്‍ കമ്മീഷന്‍ ലഭിക്കില്ല.  പിന്നെ ചേരുന്നവര്‍ ഇതുപോലെ കമ്മീഷന്‍ മുന്നില്‍ക്കണ്ട് ആളുകളെക്കൊണ്ട് പ്രോഡക്റ്റ് വാങ്ങിപ്പിക്കണം. ഇതാണല്ലോ ശൈലി.. ഇവിടെ നിങ്ങള്‍ പ്രോഡക്റ്റ് ഇല്ലാതെ ഒരാള്‍ 10000 മാത്രം നല്‍കി അതില്‍ അംഗമാകുന്നു എന്ന് കരുതുക. ഒരു കുഴപ്പവും കൂടാതെ ഈ ശൃംഖല നിലനില്‍ക്കും. മുകളിലുള്ളവര്‍ക്ക് താഴെയുള്ളവര്‍ ചേരുന്നതിന് അനുസരിച്ച് ലാഭം നല്‍കാനും സാധിക്കും. അഥവാ പ്രോഡക്റ്റ് എന്നത് ഇവിടെ അത് നിയമ വിധേയമാക്കാനുള്ള ഉപാധി മാത്രമാണ്. അതുകൊണ്ടാണല്ലോ ജീവിതത്തില്‍ ഒരിക്കല്‍ പോലും ആവശ്യമില്ലാത്തതോ തങ്ങള്‍ ചിന്തിച്ചിട്ടില്ലാത്തതോ ആയ പ്രോഡക്റ്റുകള്‍ കമ്മീഷന്‍ എന്ന പ്രലോഭനം മുന്നില്‍ക്കണ്ട് ഭീമമായ സംഖ്യ നല്‍കി ആളുകള്‍ വാങ്ങിക്കൂട്ടുന്നത്. ഈയിടെ ഇങ്ങനെയുള്ള കമ്പനിയുടെ പ്രോട്ടീന്‍ പൌഡര്‍ വാങ്ങിയ ഒരു സഹോദരന്‍ പറഞ്ഞത് ഞാന്‍ അത് പശുവിന്‍റെ വെള്ളത്തില്‍ ചേര്‍ത്ത് കൊടുക്കാറാണ് എന്നതാണ്. അഥവാ ഞാന്‍ പറഞ്ഞുവന്നത് ശറഇയ്യായ കച്ചവടത്തില്‍ പ്രോഡക്റ്റ് – വില എന്നീ രണ്ട് കാര്യങ്ങള്‍ സുപ്രധാനമാണ്‌. അവയില്ലാതെ അത് നിലനില്‍ക്കുകയില്ല. എന്നാല്‍ MLM ല്‍ സത്യസന്ധമായിപ്പറഞ്ഞാല്‍ പ്രോഡക്റ്റ് വിലകൂടിയതാകട്ടെ, വിലയില്ലാത്തതാകട്ടെ അത് ഒരു വിഷയമേ അല്ല. കാരണം കമ്മീഷന്‍ എന്നതാണ് ശൃംഖലയില്‍ അംഗമാകാനുള്ള പ്രധാന കാരണം.

ഇനി തല്‍സ്ഥാനത്ത് നിങ്ങള്‍ 10000 രൂപക്ക് ഒരു പാക്കറ്റ് ചാണകം എന്ന് വച്ച് നോക്കൂ. അപ്പോഴും നിങ്ങള്‍ക്ക് പ്രോഡക്റ്റ് ചിലവഴിക്കാനും അംഗങ്ങളെ ചേര്‍ക്കാനും സാധിക്കും. കാരണം പ്രോഡക്റ്റ് ചാണകമായാലും അതില്‍ ചേരുന്ന അംഗങ്ങള്‍ക്ക് കൂടുതല്‍ അംഗങ്ങള്‍ ചെറുക വഴി കമ്മീഷന്‍ ലഭിക്കും എന്നതാണ് പ്രസക്തം. അഥവാ ഈ സംരഭത്തില്‍ ഇനി നല്‍കപ്പെടുന്ന വസ്തു ഗുണമേന്മ ഉള്ളതാണ് എങ്കില്‍പോലും അതിനെ ന്യായീകരിക്കാന്‍ കഴിയില്ല. കാരണം പ്രോഡക്റ്റ് എന്നത് ഇവിടെ ഒരു സുപ്രധാന ലക്ഷ്യം തന്നെയല്ല. തങ്ങള്‍ക്ക് ആവശ്യമുള്ളത് ആണെങ്കിലും അല്ലെങ്കിലും ആളുകള്‍ അതില്‍ അണികളാകാന്‍ പ്രോഡക്റ്റ് വാങ്ങിക്കുന്നതും അതുകൊണ്ടാണ്.

എന്നാല്‍ ഇസ്ലാമികമായ കച്ചവടത്തില്‍ ആളുകള്‍ വസ്തു വാങ്ങുന്നതും വിലനല്‍കുന്നതുമെല്ലാം  അതിന്‍റെ ഗുണമേന്മ അനുസരിച്ചും ആവശ്യഗത അനുസരിച്ചുമാണ്. ഒരാള്‍ക്ക് ഒരു കമ്പനിയുടെ പ്രോഡക്റ്റ്സ് വില്‍ക്കുന്നതിന് കമ്പനിക്ക് അയാള്‍ക്ക് കമ്മീഷന്‍ നല്‍കാം. മാത്രമല്ല തീര്‍ത്തും വസ്തു ആവശ്യമുള്ളവര്‍ക്ക് അത് വില്പന നടത്തിയേ അയാള്‍ക്ക് കമ്മീഷന്‍ കരസ്ഥമാക്കാന്‍ സാധിക്കുകയുള്ളൂ.

എന്നാല്‍ ആ കമ്മീഷന് അര്‍ഹനാകണമെങ്കില്‍ അയാള്‍ ആദ്യം ഒന്ന് വാങ്ങണം. ശേഷം വാങ്ങിക്കുന്നവര്‍ക്കെല്ലാം അവര്‍ മറ്റൊരാളെക്കൊണ്ട് വാങ്ങിപ്പിച്ചാല്‍ കമ്മീഷന്‍ ലഭിക്കും. ഇങ്ങനെ വാങ്ങിയവര്‍ വാങ്ങിയവര്‍ മറ്റൊരാളെക്കൂടി അതില്‍പെടുത്താന്‍ ശ്രമിക്കുന്നു. സ്വപ്നം കാണുന്ന കമ്മീഷനെപ്പറ്റി സൂചിപ്പിച്ച് വാചാലരായി പ്രോഡക്റ്റ് വാങ്ങിപ്പിക്കുന്നു. ഇനിയുള്ള ഭാവി MLM മാര്‍ക്കറ്റിംഗ് രീതിക്കാണ് എന്ന് പറഞ്ഞു ആളുകളെ വിശ്വസിപ്പിക്കുന്നു. ഇതുവഴി പിന്നീട് പിന്നീട് ചേരുന്നവരുടെ ധനം ആദ്യമാദ്യം ചേര്‍ന്നവര്‍ ഭക്ഷിക്കുന്നു. നിയമവിധേയമാക്കാന്‍ പ്രോഡക്റ്റ് ഉള്‍പ്പെടുത്തി എന്നതൊഴിച്ചാല്‍ മണി ചെയിന്‍ മാര്‍ക്കറ്റിംഗ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവോ അപ്രകാരം തന്നെയാണ് MLM ഉം പ്രവര്‍ത്തിക്കുന്നത്. കാരണം ആ പ്രോഡക്റ്റ് ഉപേക്ഷിച്ചാലും ഈ രീതി പ്രവര്‍ത്തനക്ഷമമായിരിക്കും. അതുകൊണ്ട് ഇത് ലാഭം എന്ന മനുഷ്യന്‍റെ സ്വാഭാവിക ആഗ്രഹത്തെ മുന്‍നിര്‍ത്തി തങ്ങളുടെ വസ്തുക്കള്‍ വിറ്റഴിച്ച് ഊറിച്ചിരിക്കുന്ന ഒരു ചൂഷണ രീതിയായല്ലാതെ ഇതിനെ കാണാന്‍ സാധികില്ല. 

ആധുനിക സാമ്പത്തിക വിഷയങ്ങളില്‍ ശ്രദ്ധേയനായ ശൈഖ് സാമി സുവൈലിം ഈ വിഷയത്തില്‍ അവതരിപ്പിച്ച പഠനം ശ്രദ്ധേയമാണ്. അദ്ദേഹം പറയുന്നു:

പിരമിഡ് മാര്‍ക്കറ്റിംഗ് സിസ്റ്റം (മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്) അതിന്‍റെ രീതിശാസ്ത്രം വളരെ ലളിതമാണ്. താന്‍ വാങ്ങിയതുപോലെ മറ്റുള്ളവരെയും (ആ കമ്പനിയുടെ പ്രോഡക്റ്റ് വാങ്ങാന്‍ പ്രേരിപ്പിച്ചാല്‍) തനിക്ക് അതിന്‍റെ കമ്മീഷന്‍ ലഭിക്കും എന്നതിനെ മുന്‍നിര്‍ത്തി ഒരാള്‍ ഒരു കമ്പനിയുടെ പ്രോഡക്റ്റ് വാങ്ങിക്കുന്നു. പിന്നെ അതില്‍ (അയാളുടെ പ്രേരണയാല്‍ പങ്കാളികളായവരും) അതുപോലെ മറ്റുള്ളവരെ അതില്‍ പങ്കാളികളാക്കാനും പ്രോഡക്റ്റ് വാങ്ങാനും പ്രേരിപ്പിക്കുകയും അതിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നു. അങ്ങനെ ആദ്യമാദ്യം ചേര്‍ന്നവര്‍ക്ക് (അതിന്‍റെ ഭാഗമായി) കൂടുതല്‍ കമ്മീഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നു.

താഴെ പറയുന്ന കാരണങ്ങളാല്‍ ഈ തരത്തിലുള്ള ഇടപാട് ഹറാം (നിഷിദ്ധം) ആണ്:

1- അത് ആളുകളുടെ ധനം അന്യായമായി ഭുജിക്കലാണ്.

2- ശറഇയ്യായി നിഷിദ്ധമായ غرر (ഊഹക്കച്ചവടം) അതില്‍ അധിഷ്ടിതമാണത്. 

ആളുകളുടെ ധനം അന്യായമായി ഭുജിക്കലാണ് എന്ന് പറയാന്‍ കാരണം:   ഈ രൂപത്തിലുള്ള ഒരു സംവിധാനം ‘ഒരാള്‍ക്ക് ലാഭം കൊയ്യണമെങ്കില്‍ മറ്റൊരാള്‍ നഷ്ടം സഹിക്കണം’ എന്ന മാനദണ്ഡപ്രകാരമല്ലാതെ പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല എന്നത് സുവ്യക്തമാണ്. അതിന്‍റെ വളര്‍ച്ച അവസാനിച്ചാലും ഇല്ലെങ്കിലും ഇപ്രകാരം തന്നെ. ഏത് സന്ദര്‍ഭത്തിലാകട്ടെ  അവസാനം അംഗങ്ങള്‍ ആകുന്നവര്‍ക്ക് നഷ്ടം സംഭവിക്കുക എന്നത് നിശ്ചയമാണ്. അതില്ലാതെ മുകളിലുള്ളവര്‍ക്ക് സ്വപ്നതുല്യമായ  ലാഭം കൊയ്യാനും സാധ്യമല്ല. (താഴോട്ട് താഴോട്ട് ശൃംഖല വ്യാപിക്കുക വഴി) ലാഭം കൊയ്യുന്നവര്‍ കുറച്ചും നഷ്ടം സംഭവിക്കുന്നവര്‍ കൂടുതലും ആയിരിക്കും. അഥവാ കൂടുതല്‍ പേരും നല്‍കിയ പണം കുറച്ച് പേര്‍ അനര്‍ഹമായി കരസ്ഥമാക്കി എന്ന് മാത്രം. വിശുദ്ധഖുര്‍ആന്‍ നിഷിദ്ധമായി പ്രസ്ഥാവിച്ച ജനങ്ങളുടെ ധനം അന്യായമായി ഭുജിക്കല്‍ ആണിത്. സാമ്പത്തിക വിദഗ്ദരുടെ ഭാഷയില്‍ (Zero-Sum Game) എന്നാണിതിന് പറയുക. അഥവാ ചിലര്‍ കൊയ്യുന്ന ലാഭം മറ്റു ചിലര്‍ക്കുണ്ടായ നഷ്ടം മാത്രമായിരിക്കും.

ഇനി ഊഹത്തില്‍ അധിഷ്ടിതം എന്ന് പറയാന്‍ കാരണം: ശറഇയ്യായി കച്ചവടത്തില്‍ നിഷിദ്ധമായ ഊഹം എന്ന് പറയുന്നത്. [هو بذل المال مقابل عوض يغلب على الظن عدم وجوده أو تحققه على النحو المرغوب] അഥവാ: കൂടുതലും ഉണ്ടാകാന്‍ ഇടയില്ല എന്ന് കരുതപ്പെടുന്നതോ, അല്ലെങ്കില്‍ ഉദ്ദേശിച്ച വിധം ലഭിക്കുമെന്ന് ഉറപ്പില്ലാത്തതോ ആയ ഒരു കാര്യത്തിന് പണം മുടക്കുക എന്നതാണ്. അതുകൊണ്ടാണ് ഫുഖഹാക്കള്‍ (غرر) എന്നാല്‍ ഒന്നുകില്‍ വലിയ ലാഭം അല്ലെങ്കില്‍ നഷ്ടം എന്നിങ്ങനെ രണ്ട് കാര്യങ്ങളില്‍ രണ്ടിനും ഒരുപോലെ സാധ്യതയുള്ളത് എന്ന് വിശേഷിപ്പിച്ചത്. ഈ പറയുന്ന മാര്‍ക്കറ്റിംഗില്‍ അംഗങ്ങലാകുന്നവരെല്ലാം അധികവും തങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ലാത്ത ‘വലിയ ലാഭം’ എന്നതിനെ മുന്നില്‍ കണ്ടാണ്‌ പങ്കാളികളാകുന്നത്.  

ചുരുക്കത്തില്‍: ഈ പറയുന്ന പിരമിഡ് മാര്‍ക്കറ്റിംഗ് (അംഗങ്ങളായി താഴോട്ട് വളരുന്ന മാര്‍ക്കറ്റിംഗ് ശൃംഖല) ആളുകളെ (ലാഭം എന്ന പ്രലോഭനം മുന്‍നിര്‍ത്തി) ചൂഷണം ചെയ്യുന്നതിലും ധനം അന്യായമായി അപഹരിക്കുന്നതിലും അധിഷ്ടിതമാണ്. കാരണം ഈ ശൃംഖല അനിശ്ചിതമായി ഒരിക്കലും നിലനില്‍ക്കുകയില്ല. അത് എപ്പോള്‍ നില്‍ക്കുന്നുവോ ആ സന്ദര്‍ഭത്തില്‍ ഒരുപാട് പേരുടെ നഷ്ടത്തിന്‍റെ ഫലമായി കുറച്ച് പേര്‍ ലാഭമുണ്ടാക്കി എന്നേ വരൂ. മാത്രമല്ല ശൃംഖലയില്‍ അംഗമാകുന്ന മുകളിലത്തെ കണ്ണികള്‍ക്ക് താഴത്തെ കണ്ണികളിലുള്ള ആളുകളുടെ നഷ്ടഫലമായി വലിയ ലാഭം എപ്പോഴും ഉണ്ടായിക്കൊണ്ടേ ഇരിക്കും. ഇനി ഈ സംരംഭം നിലച്ചില്ലെങ്കിലും അവസാനമവസാനം പങ്കാളികളാകുന്നവര്‍ എപ്പോഴും മുകളിലുള്ളവരെ അപേക്ഷിച്ച് നഷ്ടക്കാരായിരിക്കും. ഒരു പ്രോഡക്റ്റ് ഉണ്ട് എന്ന കാരണത്താല്‍ ഈ രീതി ഹലാല്‍ ആകുന്നില്ല. മറിച്ച് നിഷിദ്ധമായ ഒരു രീതി അനുവദനീയമാക്കാന്‍ സ്വീകരിച്ച ഒരു കുതന്ത്രമയെ അതിനെ കാണേണ്ടതുള്ളൂ. – [ശൈഖ് സാമി സുവൈലിം, മുകളിലെ വീഡിയോയില്‍ അദ്ദേഹത്തിന്‍റെ വിഷയാവതരണവും ഉണ്ട്]. 

മുസ്‌ലിം വേള്‍ഡ് ലീഗിന് കീഴിലുള്ള ‘മജ്മഉല്‍ ഫിഖ്ഹുല്‍ ഇസ്‌ലാമി’ (ISLAMIC FIQH COUNCIL) ഈ വിഷയ സംബന്ധമായി പഠനം നടത്തിയ ശേഷം പുറത്ത് വിട്ട തീരുമാനത്തിലും ഇത് നിഷിദ്ധമാണ് എന്നതാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്‌. അതിന്‍റെ ദൈര്‍ഘ്യം കാരണത്താല്‍ മതപരമായ വിധി വിലയിരുത്തുന്ന പ്രസക്ത ഭാഗം മാത്രം ഇവിടെ നല്‍കാം:

റബീഉല്‍ ആഖിര്‍ 17 ഹിജ്റ 1424 ന്, അതായത് 17/6/2003 ന്  ചേര്‍ന്ന യോഗത്തില്‍ (നമ്പര്‍: 3/24) ഇസ്‌ലാമിക് ഫിഖ്ഹ് കൗണ്‍സില്‍ എടുത്ത തീരുമാനം:

1- ‘ബിസിനസ്’ എന്ന പേരിലറിയപ്പെടുന്ന കമ്പനിയിലും അതുപോലെയുള്ള മറ്റു ‘ചെയ്ന്‍ മാര്‍ക്കറ്റിംഗ്’ (MLM) കമ്പനികളിലും ഭാഗവാക്കാകള്‍ നിഷിദ്ധവും അത് ചൂതാട്ടത്തില്‍ പെട്ടതുമാണ്. 

2- കമ്പനി അവകാശപ്പെടുന്നതുപോലെ ‘ബിസിനസ്’ എന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിക്കോ മറ്റു ‘ചെയ്ന്‍ മാര്‍ക്കറ്റിംഗ്’ (MLM) കമ്പനികള്‍ക്കോ (അവര്‍ നല്‍കുന്ന ലാഭം) ശറഇല്‍ അനുവദനീയമായ കമ്മീഷന്‍ (ബ്രോക്കറേജ്) എന്നതിനോട് യാതൊരു ബന്ധവുമില്ല. ഈ വിഷയത്തില്‍ അത്തരം കമ്പനികള്‍ അനുവദനീയമാണ് എന്ന് മറുപടി നല്‍കിയ പണ്ഡിതന്മാരെ, അത് കേവലം കമ്മീഷന്‍ (ബ്രോക്കറേജ്) മാത്രമാണ് എന്ന രൂപത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ കമ്പനികള്‍ പരിശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കാര്യങ്ങളെ വസ്തുതാപരമായല്ലാതെ മനസ്സിലാക്കുന്ന സാഹചര്യം അവര്‍ക്ക് ഈ വിഷയത്തില്‍ ഉണ്ടായിട്ടുണ്ട്. 

അതുകൊണ്ടുതന്നെ ഉത്തരവാദിത്തപ്പെട്ട അധികാരികളോട് ‘ചെയ്ന്‍ മാര്‍ക്കറ്റിംഗ്’ കമ്പനികള്‍ക്ക് നല്‍കിയ ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന് ഇസ്ലാമിക് ഫിഖ്ഹ് കൗണ്‍സില്‍ ആവശ്യപ്പെടുന്നു. ഇത്തരം കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ ഫിഖ്ഹ് കൌണ്‍സിലുമായി കൂടിയാലോചിച്ചിട്ടല്ലാതെ ലൈസന്‍സ് നല്‍കരുതെന്നും ആവശ്യപ്പെടുന്നു. – [By : ISLAMIC FIQH COUNCIL http://ar.islamway.net/fatwa/31900].

സൗദി അറേബ്യയിലെ പണ്ഡിത സഭ നല്‍കിയ മറുപടിയിലും ഇവ നിഷിദ്ധമാണ് എന്ന് സുവ്യക്തമായി പ്രസ്ഥാവിക്കുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇതിനെക്കുറിച്ച് അധികം പഠനവിധേയമാക്കുകയോ  ചര്‍ച്ച ചെയ്യുകയോ ചെയ്യാത്ത കേവലം തെറ്റിദ്ധരിപ്പിച്ച് നേടിയെടുത്ത ഒന്നോ രണ്ടോ ഒറ്റപ്പെട്ട ഫത്’വകളുമായി ഇതനുവദനീയമാണ് എന്ന് വാദിക്കാന്‍ ശ്രമിക്കുകയാണ് ഇതിന്‍റെ വക്താക്കള്‍. ആ ഫത്’വകളുടെ നിജസ്ഥിതി എന്ത് എന്നത് ഫിഖ്ഹ് കൗണ്‍സില്‍ തന്നെ വ്യക്തമാക്കുകയും ചെയ്തു. സാമ്പത്തിക വിഷയങ്ങളിലും കര്‍മ്മശാസ്ത്ര വിഷയങ്ങളിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള പണ്ഡിതന്മാരും, അതിലുപരി പണ്ഡിതസഭകളും എല്ലാം നിഷിദ്ധമാണ് എന്ന് പറഞ്ഞാലും തങ്ങള്‍ക്ക് അനുകൂലമായി വല്ലതും ലഭിക്കുമോ എന്ന് മാത്രം പരിശോധിക്കുന്നവരോട് മറ്റൊന്നും പറയാനില്ല. എല്ലാത്തിലുമുപരി ഞാന്‍ സമ്പാദിക്കുന്ന സമ്പാദ്യം ഹലാലാകണം എന്നതായിരിക്കട്ടെ സാമ്പത്തിക മേഖലയില്‍ നയിക്കുന്ന ഘടകം. അല്ലാതെ ഞാന്‍ ചെയ്യുന്നതെല്ലാം അനുവദനീയമാണ് എന്ന് എങ്ങനെയെങ്കിലും സ്ഥാപിച്ചെടുക്കണം എന്നതാണ് നമ്മുടെ ചിന്ത എങ്കില്‍ തീര്‍ച്ചയായും നാം അപകടത്തിലാണ്.  

താന്‍ പ്രവര്‍ത്തിക്കുന്നതിന് ലഭിക്കുന്ന കമ്മീഷന്‍ എന്ന അര്‍ത്ഥത്തില്‍ MLM കമ്പനിയില്‍ പങ്കാളിയാകുക വഴി ലഭിക്കുന്ന ധനം അനുവദനീയമാണ് എന്ന് തോന്നാമെങ്കിലും കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍ വഞ്ചനയും, ചതിയും ചൂഷണവും എല്ലാം അടങ്ങിയതാണ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് എന്ന് ആര്‍ക്കും മനസ്സിലാക്കാം. മാത്രമല്ല നമ്മുടെ കൊച്ചു കേരളത്തില്‍ വരെ ഇത്തരം കമ്പനികള്‍ക്കെതിരെ ധാരാളം കേസുകളും, അവ ചൂഷണം ചെയ്യുന്ന കമ്പനികളാണ് എന്ന് കോടതി പോലും പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. അഥവാ ശറഇയ്യായ വിശകലനങ്ങള്‍ക്കപ്പുറം സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അത് മനസ്സിലാക്കാവുന്നതേയുള്ളൂ.   ധാരാളം തട്ടിപ്പ് കേസുകൾ ഇത്തരം കമ്പനികൾക്കെതിരെ  കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ലേഖനത്തില്‍ സൂചിപ്പിച്ചത് പോലെ മണി ചെയ്ന്‍ സംവിധാനത്തിന്‍റെ മറ്റൊരു രൂപം എന്നേ ഇവയെ വിശേഷിപ്പിക്കാനാവൂ. ഈ വിഷയസംബന്ധമായ കൂടുതല്‍ വിശദീകരണം ആവശ്യമെങ്കില്‍ മറ്റൊരു സന്ദര്‍ഭാത്തില്‍ ആകാം.. അല്ലാഹു അനുഗ്രഹിക്കട്ടെ … 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

Extended Warranty വാങ്ങിക്കുന്നതിന്‍റെ ഇസ്‌ലാമിക വിധി.

Extended Warranty വാങ്ങിക്കുന്നതിന്‍റെ ഇസ്‌ലാമിക വിധി.

ചോദ്യം: വസ്തുക്കള്‍ വാങ്ങിക്കുമ്പോള്‍ Extended Warranty പണം കൊടുത്ത് വാങ്ങിക്കുന്നതിന്‍റെ വിധി എന്താണ് ?. ഉദാ: ഒരു മൊബൈല്‍ വാങ്ങിക്കുമ്പോള്‍ അതിന്‍റെ കൂടെ 1000 രൂപ കൂടി അധികം നല്‍കിയാല്‍ രണ്ട് വര്‍ഷം കൂടുതല്‍ വാറന്‍റി ലഭിക്കും. ഇത് ഇസ്‌ലാമികമായി അനുവദനീയമാണോ ?.

 

 

ഉത്തരം:

 

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

 

പണം കൊടുത്ത് Extended Warranty വാങ്ങിക്കുക എന്നുള്ളത് അനുവദനീയമല്ല. കാരണം അത് ചൂതാട്ടത്തില്‍ പെടുന്ന കാര്യമാണ്. ഒരു വസ്തു വാങ്ങിക്കുമ്പോള്‍ അതിന്‍റെ കൂടെ പ്രത്യേകമായി പണം നിശ്ചയിക്കാതെ വസ്തുവിന്‍റെ നിര്‍മ്മാണത്തില്‍ ഉള്ള അപാകതകള്‍ കാരണത്താലോ, കാര്യക്ഷമതയില്‍ ഉള്ള ന്യൂനതയാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്കോ ഒക്കെ    ലഭിക്കുന്ന വാറന്‍റി  അനുവദനീയമാണ്. കാരണം അത് ഒരാള്‍ നമുക്ക് നല്‍കുന്ന ‘വാക്ക്’ , ‘വാഗ്ദാനം’ എന്ന ഗണത്തില്‍ പെടുന്നതാണ്. എന്നാല്‍ അതേ വാറന്‍റി പ്രത്യേകമായി വില നല്‍കി വാങ്ങിക്കുമ്പോള്‍ അത് ചൂതാട്ടം എന്ന ഗണത്തില്‍പ്പെടുന്നു. 

 

ഒന്നിനോട് അനുബന്ധമായി വരുമ്പോള്‍ അനുവദിക്കപ്പെടുകയും എന്നാല്‍ വേറിട്ടതാകുമ്പോള്‍ നിഷിദ്ധമായിത്തീരുകയും ചെയ്യുന്ന കാര്യത്തില്‍പ്പെട്ടതാണ് വാറന്‍റി. കര്‍മ്മശാസ്ത്രത്തില്‍ يجوز تبعا ما لا يجوز استقلالا അഥവാ (സ്വതന്ത്രമായി അനുവദിക്കപ്പെടാത്ത കാര്യങ്ങള്‍ മറ്റൊന്നിന് ഉപോല്‍ഭലകമായി വരുമ്പോള്‍ അനുവദിക്കപ്പെടാം) എന്ന നിയമത്തിന്‍റെ ഗണത്തിലാണ് ഫുഖഹാക്കള്‍ അതിനെ എണ്ണിയിട്ടുള്ളത്.  ഒരു വസ്തു വില്‍ക്കപ്പെടുമ്പോള്‍ അതിന് ഒരു വര്‍ഷം, രണ്ട് വര്‍ഷം തുടങ്ങി ആ വസ്തു വാങ്ങിക്കുന്നതിനോട് ഉപോല്‍ബലകമായി പ്രത്യേക പണം ഈടാക്കാതെ നല്‍കപ്പെടുന്ന വാറന്‍റിയില്‍ തെറ്റില്ല. സാധാരണ നിലക്ക് വസ്തു ഉപയോഗിക്കുന്ന വ്യക്തിയുടെ മോശമായ ഉപയോഗം കാരണത്താലോ അശ്രദ്ധ കാരണത്താലോ വസ്തുവിന് സംഭവിക്കുന്ന കുഴപ്പങ്ങള്‍ക്ക് ഇപ്രകാരം വാറന്‍റി നല്‍കാറില്ല. വസ്തുവിന്‍റെ നിര്‍മ്മാണപ്പിഴവുകള്‍ പ്രവര്‍ത്തനത്തിലെ അപാകതകള്‍ തുടങ്ങിയവയാണ് ഈ ഇനത്തില്‍ വരാറ്. 

 

എന്നാല്‍ വസ്തുവിന് വാറന്‍റി ലഭിക്കണമെങ്കില്‍ ഒരു വിലയും, വാറന്‍റി ഇല്ലാതെ മറ്റൊരു വിലയും എന്ന നിലക്കോ, അതല്ലെങ്കില്‍ നിശ്ചിത തുക നല്‍കിയാല്‍ ഇത്ര സമയം വാറന്‍റി അധികരിപ്പിച്ച് നല്‍കും എന്ന നിലക്കോ, വെള്ളത്തില്‍ വീണാല്‍, സ്ക്രീന്‍ താഴെ വീണ് പൊട്ടിയാല്‍, വാഹനം അപകടത്തില്‍പ്പെട്ടാല്‍ എന്നിങ്ങനെ ഉപഭോക്താവിന്‍റെ കാരണങ്ങളാല്‍ ഉണ്ടാകുന്ന വീഴ്ചകള്‍ക്ക് നിശ്ചിത പണം നല്‍കി വാറന്‍റി സ്വീകരിക്കാം എന്ന നിലക്കോ ഒക്കെ  ആണ് ഡീല്‍ എങ്കില്‍ അവിടെ വാറന്‍റി ഉള്ള  ഡീല്‍ വാങ്ങിക്കുകയോ, പണമടച്ച് വാറന്‍റി നീട്ടുകയോ ചെയ്യുന്നത് നിഷിദ്ധമാണ്. 

 

അപകടം സംഭവിക്കുമോ ഇല്ലയോ എന്നുള്ളത് ഉറപ്പില്ലാത്ത കാര്യമാണ്. എന്നാല്‍ നിശ്ചിത സംഖ്യ നല്‍കുകയും അതിന് പകരമായി വാറന്‍റി നല്‍കുകയും ചെയ്യുമ്പോള്‍, അവിടെ ആ പണം നല്‍കുക വഴിയാണ്  കേടുപാടുകള്‍ സംഭവിച്ചാല്‍ നഷ്ടപരിഹാരം, സര്‍വീസ്, റീപ്ലേസ്മെന്‍റ് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കമ്പനി നമുക്ക് വാഗ്ദാനം ചെയ്യുന്നത്. അഥവാ അപകടം സംഭവിച്ചാല്‍ നമുക്കും ഇല്ലെങ്കില്‍ കമ്പനിക്കും നേട്ടമുണ്ടാകും.

 

ഇവിടെ സംഭവിക്കുമോ അതോ ഇല്ലയോ എന്ന് ഉറപ്പില്ലാത്ത ഒരു കാര്യത്തിന് ബദലായാണ് നാം പണം നല്‍കിയത്. ഇത് ശറഇല്‍ നിഷിദ്ധമായ ഇടപാടാണ്. ഇമാം മുസ്‌ലിം (റ) ഉദ്ദരിച്ച ഹദീസില്‍ ഇപ്രകാരം കാണാം: 

 

عن أبي هريرة رضي الله عنه قال : نهى رسول الله صلى الله عليه وسلم عن بيع الغرر

 

അബൂഹുറൈറ (റ) പറഞ്ഞു: “അല്ലാഹുവിന്‍റെ റസൂല്‍ (സ) ഊഹക്കച്ചവടം വിലക്കിയിരിക്കുന്നു.” – [സ്വഹീഹ് മുസ്‌ലിം:  3881]. 

 

താന്‍ വില നല്‍കുമ്പോള്‍ അതിന് പകരമായി ലഭിക്കുന്ന സേവനം അല്ലെങ്കില്‍ ഉല്‍പന്നം ലഭിക്കുമോ ഇല്ലയോ എന്ന് ഉറപ്പില്ലാത്തതോ, അതല്ലെങ്കില്‍ താന്‍ നല്‍കുന്ന പണത്തിന് പകരം ലഭിക്കുന്നത് എന്തായിരിക്കും എത്രയായിരിക്കും എന്നോ ഉറപ്പില്ലാത്ത കച്ചവടത്തിനാണ് بيع الغرر (ഊഹക്കച്ചവടം) എന്ന് പറയുന്നത്. വാറന്‍റി പണം നല്‍കി വാങ്ങിക്കുമ്പോള്‍ അത് ലഭിക്കുവാന്‍ ഇടവരുത്തുന്ന കാര്യം സ്വാഭാവികമായും ഊഹത്തില്‍ അധിഷ്ടിതമായ സംഭവിക്കുമോ എന്ന് ഉറപ്പില്ലാത്ത കാര്യങ്ങള്‍ ആയിരിക്കുമല്ലോ.

 

എന്നാല്‍ ഒരു വസ്തുവിന് ആ വസ്തുവിനോടൊപ്പം പ്രത്യേകമായ പണം നിശ്ചയിക്കാതെ അവര്‍ നല്‍കുന്ന വാറന്‍റി അനുവദനീയവുമാണ്. വസ്തു വാങ്ങിക്കുന്ന എല്ലാവര്‍ക്കും ഒരുപോലെ ആ വാഗ്ദാനം ലഭിക്കുകയും ചെയ്യുന്നു. അത് കേവലം وعد അഥവാ (വാഗ്ദത്തം) എന്ന ഗണത്തില്‍ പെടുന്നതാണ്. വസ്തുവിന്‍റെ ഗുണമേന്മയും വിശ്വാസ്യതയും അനുസരിച്ച് കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഒരു പ്രോമിസ് ആണ് അത്. അതിനനുസരിച്ച് വസ്തുവിന്‍റെ അടിസ്ഥാന വില അവര്‍ക്ക് വര്‍ദ്ധിപ്പിക്കുകയുമാകാം. അതേ പ്രോമിസ് വേറിട്ട വില്പന വസ്തു ആകുമ്പോഴാണ് അത് ഊഹക്കച്ചവടമായി മാറുന്നത്. ഇതേ മാനദണ്ഡം അനുസരിച്ചാണ് കണ്‍വെന്‍ഷനല്‍ ഇന്‍ഷുറന്‍സ് സംവിധാനവും നിഷിധമാകുന്നത്. അതുമായി ബന്ധപ്പെട്ട് കൂടുതല്‍ മനസ്സിലാക്കാന്‍ ഈ ലിങ്കില്‍ പോകാവുന്നതാണ്: http://www.fiqhussunna.com/2015/07/blog-post_23.html.

 

നാം വിശദീകരിച്ചതിന്‍റെ സാരാംശം:

 

വാറന്‍റികള്‍ രണ്ട് വിധമുണ്ട്: 

 

ഒന്ന്: വസ്തു വാങ്ങിക്കുമ്പോള്‍ വാറന്‍റിക്ക് പ്രത്യേകമായ വില നിശ്ചയിച്ച് അത് ഈടാക്കി വാറന്‍റി നല്‍കുന്ന രീതി. ഈ ഇനത്തില്‍ വേണമെങ്കില്‍  വാറന്‍റി ഉപേക്ഷിച്ച്, അല്ലെങ്കില്‍ Extended Warranty ഉപേക്ഷിച്ച് അതിന്‍റെ വില കസ്റ്റമര്‍ക്ക്  ലാഭിക്കാം. പണം നല്‍കി വാറന്‍റി വര്‍ദ്ധിപ്പിക്കുകയുമാകാം. ഈ ഇടപാട് നിഷിദ്ധവും ഊഹക്കച്ചവടത്തിലും ചൂതാട്ടത്തിലും പെട്ടതും ആണ്. വസ്തു കേടു വരാതിരിക്കുകയോ കേടു വരികയോ ചെയ്യാവുന്നതും, താന്‍ നല്‍കിയ പണത്തേക്കാള്‍ കൂടുതലോ, കുറവോ ആയ കേടുപാടുകള്‍ സംഭവിക്കാവുന്നതുമായ തീര്‍ത്തും ഊഹത്തില്‍ അധിഷ്ടിതമായ ഒരിടപാടാണിത്. ഇത് നിഷിദ്ധമാണ്. 

 

രണ്ട്: വസ്തു വാങ്ങിക്കുമ്പോള്‍ത്തന്നെ അതിന്‍റെ കൂടെ ലഭ്യമായ, പ്രത്യേകമായ തുക അധികം നല്‍കേണ്ടതില്ലാത്ത വാറന്‍റി. ഇവിടെ വാറന്‍റി എന്നുള്ളത് വസ്തുവില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന മറ്റൊരു ഇടപാട് അല്ല. മറിച്ച് വസ്തു വാങ്ങിക്കുന്ന ഇടപാടില്‍ത്തന്നെ അടങ്ങിയതാണ്. അതില്‍ വസ്തുവിന് ഉണ്ടാകാനിടയുള്ള ന്യൂനതകള്‍ (Defects), പ്രവര്‍ത്തനത്തിലെ അപാകതകള്‍ (Technical Errors) തുടങ്ങിയവ നിശ്ചിത കാലത്തേക്ക് നന്നാക്കി നല്‍കുമെന്നോ, വസ്തു മാറ്റി നല്‍കുമെന്നോ ഒക്കെ ഉറപ്പ് നല്‍കുന്ന വാറന്‍റിയായിരിക്കും ഇത്. ഉപഭോക്താവിന്‍റെ ഭാഗത്ത് നിന്നുള്ള വീഴ്ചകള്‍ കാരണത്താല്‍ വരുന്ന അപാകതകള്‍ ഇതില്‍ ഉള്‍പ്പെടാറില്ല. ഈ കരാര്‍  കര്‍മ്മശാസ്ത്രത്തില്‍ (ضمان العيب , ന്യൂനതക്ക് നഷ്ടപരിഹാരം ഉറപ്പ് നല്‍കല്‍) എന്ന ഗണത്തിലോ (ضمان العيب الذي لا يعلم إلا بالتجربة , ഉപയോഗിച്ച് നോക്കിയാലല്ലാതെ അറിയാന്‍ പറ്റാത്ത ന്യൂനതകളുടെ നഷ്ടപരിഹാരം ഉറപ്പ് നല്‍കല്‍) എന്ന ഗണത്തിലോ ആണ് ഫുഖഹാക്കള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടായാലും ഇത് അനുവദനീയമാണ്. 

 

ഇനി സ്വാഭാവികമായി ഉണ്ടാകുന്ന ഒരു ചോദ്യം ഞാന്‍ Extended Warranty പണം നല്‍കി വാങ്ങിക്കഴിഞ്ഞു. അന്നത് നിഷിദ്ധമാണ് എന്ന് അറിയില്ലായിരുന്നു. ഇനി എന്ത് ചെയ്യും എന്നതാണ്. ആത്മാര്‍ഥമായി തൗബ ചെയ്യുകയും അതിന്‍റെ ശറഇയായ വശം മനസ്സിലാക്കിയ സ്ഥിതിക്ക് ഇനി അതുമായി ബന്ധപ്പെടുകയില്ല എന്ന് ഉറച്ച തീരുമാനം എടുക്കുകയും ചെയ്യുകയാണ് വേണ്ടത്. അതോടൊപ്പം ആ Extended Warranty ഉപയോഗപ്പെടുത്താതിരിക്കുകയും ചെയ്യുക. എന്നാല്‍ വസ്തുവിന്‍റെ കൂടെ അഡീഷണല്‍ ചാര്‍ജ് നല്‍കാതെ സ്വാഭാവികമായി ലഭിച്ച വാറന്‍റി താങ്കള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതുമാണ്.

 

എന്നാല്‍ ഈ വിധി നിരുപാധികം  മൈന്‍റനന്‍സ് കൊണ്ട്രാക്റ്റുകള്‍ക്ക് ബാധകമാക്കാന്‍ കഴിയില്ല. മൈന്‍റനന്‍സ് കൊണ്ട്രാക്റ്റുകളെ സംബന്ധിച്ച് വിശദമായി വേറെത്തന്നെ വിശദീകരിക്കേണ്ടതുണ്ട്. കാരണം വ്യത്യസ്ഥ രൂപങ്ങളിലുള്ള  മൈന്‍റനന്‍സ് കൊണ്ട്രാക്റ്റുകളുണ്ട്. അവയില്‍ അനുവദനീയമായവയും അനുവദനീയമല്ലാത്തവയും ഉണ്ട്. അത് മറ്റൊരു ആര്‍ട്ടിക്കിളില്‍ വ്യക്തമാക്കാം ഇന്‍ ഷാ അല്ലാഹ്…

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

ഞാൻ 5 വര്‍ഷം മുന്‍പ് ഒരു ഇൻഷുറൻസ് പോളിസി എടുത്തു. അത് നിഷിദ്ധമാണ് എന്നറിയില്ലായിരുന്നു. അത് ക്യാൻസൽ ചെയ്താൽ അടച്ച പകുതിപോലും കിട്ടില്ല. ഇനി മുതൽ അടക്കാതെ കാലാവധി ആവുമ്പോൾ എടുത്തൽ മതിയോ. അതോ ഇപ്പോൾ തന്നെ ക്യാൻസൽ ചെയ്ത് ഉള്ള കാശ് വാങ്ങികുകയാണോ വേണ്ടത് ?.

ഞാൻ 5 വര്‍ഷം മുന്‍പ് ഒരു ഇൻഷുറൻസ് പോളിസി എടുത്തു. അത് നിഷിദ്ധമാണ് എന്നറിയില്ലായിരുന്നു. അത് ക്യാൻസൽ ചെയ്താൽ അടച്ച പകുതിപോലും കിട്ടില്ല. ഇനി മുതൽ അടക്കാതെ കാലാവധി ആവുമ്പോൾ എടുത്തൽ മതിയോ. അതോ ഇപ്പോൾ തന്നെ ക്യാൻസൽ ചെയ്ത് ഉള്ള കാശ് വാങ്ങികുകയാണോ വേണ്ടത് ?

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

 

കണ്‍വെന്‍ഷനല്‍ ഇന്‍ഷുറന്‍സ് എന്തുകൊണ്ട് നിഷിദ്ധമാണ് എന്നതും നിയമം കൊണ്ട് നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ എന്ത് ചെയ്യും എന്നതും  നാം വിശദീകരിച്ചിട്ടുണ്ട്. 

 

ആമുഖമായി, മനസ്സിലാക്കിയത് പ്രാവര്‍ത്തികമാക്കാനും, കണ്‍വെന്‍ഷനല്‍ ഇന്‍ഷുറന്‍സ് സംവിധാനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനും താങ്കള്‍ കാണിച്ച താല്പര്യത്തിന് അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ആത്മാര്‍ത്ഥമായി അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും തൗബ ചെയ്ത് മടങ്ങുകയും ചെയ്യുക. അല്ലാഹു സ്വീകരിക്കുമാറാകട്ടെ..

 

താങ്കളെ സംബന്ധിച്ചിടത്തോളം തെറ്റാണ് എന്ന് മനസ്സിലാക്കിയ സ്ഥിതിക്ക് ആ സംവിധാനത്തിലേക്കുള്ള അടവ് തുടരാന്‍ പാടില്ല. താങ്കള്‍ ഇതുവരെ അടച്ച സംഖ്യ താങ്കള്‍ക്ക് തിരികെ വാങ്ങാവുന്നതാണ്. ഇനി താങ്കള്‍ സൂചിപ്പിച്ച പോലെ ഇപ്പോള്‍ അത് തിരികെ വാങ്ങുന്നത് പണം നഷ്ടപ്പെടാന്‍ ഇടവരുത്തും എന്നുണ്ടെങ്കില്‍ പിന്നീട് വാങ്ങിയാലും മതി. പക്ഷെ പിന്നീട് കാലാവധി തികഞ്ഞ ശേഷം അത് വാങ്ങുന്നത് താങ്കള്‍ നല്‍കിയ സംഖ്യയേക്കാള്‍ താങ്കള്‍ക്ക് തിരികെ ലഭിക്കുന്ന സാഹചര്യമോ, താങ്കള്‍ ആ ഇന്‍ഷുറന്‍സ് കരാറില്‍ തുടരുന്ന വ്യക്തിയായിത്തന്നെ പരിഗണിക്കപ്പെടുന്ന സാഹചര്യമോ ഉണ്ട് എങ്കില്‍ പാതി നഷ്ടപ്പെട്ടാലും, അതല്ല ഇനി മുഴുവന്‍ തുകയും നഷ്ടപ്പെട്ടാലും ഇപ്പോള്‍ തന്നെ ആ ഇടപാട് അവസാനിപ്പിക്കുക. അഥവാ ഇനി അടവ് തുടര്‍ന്നില്ലെങ്കിലും കമ്പനി താങ്കള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലൈം നല്‍കാന്‍ ബാധ്യസ്ഥരാകുന്ന  സാഹചര്യമോ, താങ്കള്‍ അടച്ചതിനേക്കാള്‍ കൂടുതല്‍ പണം താങ്കള്‍ക്ക് തിരികെ ലഭിക്കുന്ന സാഹചര്യമോ നിലനില്‍ക്കാന്‍ ഇപ്പോള്‍ അത് കേന്‍സല്‍ ചെയ്യാതിരിക്കുന്നത് ഇടവരുത്തും എന്നുണ്ടെങ്കില്‍ പണം നഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എത്രയും പെട്ടെന്ന് ആ കരാര്‍ അവസാനിപ്പിക്കാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്. അതല്ല അടവ് തുടര്‍ന്നില്ലെങ്കില്‍ത്തന്നെ താങ്കള്‍ ഇന്‍ഷുറന്‍സ് പോളിസിയില്‍ തുടരുന്ന ആളായി പരിഗണിക്കപ്പെടാതിരിക്കുകയും, പിന്നീട് കാലാവധിക്ക് ശേഷം താങ്കള്‍ അടച്ച തുക മാത്രം താങ്കള്‍ക്ക് തിരികെ ലഭിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഉള്ളത് എങ്കില്‍ പണം കാലാവധിക്ക് ശേഷം പിന്‍വലിച്ചാല്‍ മതി. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍…. അല്ലാഹു അനുഗ്രഹിക്കട്ടെ …

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

പണയവ്യവസ്ഥയില്‍ അഥവാ കടത്തിന് ഈടായി വാങ്ങുന്ന വീടും കാറുമെല്ലാം ഉപയോഗിക്കല്‍ പലിശയാണ്

പണയവ്യവസ്ഥയില്‍ അഥവാ കടത്തിന് ഈടായി വാങ്ങുന്ന വീടും കാറുമെല്ലാം ഉപയോഗിക്കല്‍ പലിശയാണ്

الحمد لله ،  والصلاة والسلام على رسول الله ، وعلى آله وصحبه وبعد ؛

നമ്മുടെ നാട്ടില്‍ ധാരാളമായി കണ്ടുവരാറുള്ള ഒരിടപാടാണ് ഒരാള്‍ മറ്റൊരാള്‍ക്ക് കടം നല്‍കുകയും ആ കടം തിരിച്ച് നല്‍കുന്നത് വരെ അയാളുടെ വീടോ, കാറോ പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യുന്ന രീതി. പണയ വ്യവസ്ഥയില്‍ താമസിക്കുക, ഉപയോഗിക്കുക എന്നെല്ലാമാണതിന് പൊതുവേ പറയുക. 

ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് വിഷയത്തില്‍ കടന്നുവന്നേക്കാവുന്ന പദപ്രയോഗങ്ങളെ നാം പരിചയപ്പെടേണ്ടതുണ്ട്.

പണയവസ്തു : ഒരാള്‍ മറ്റൊരാള്‍ക്ക് കടം നല്‍കുമ്പോള്‍ ഈടായി ആവശ്യപ്പെടുന്ന വസ്തു. ഇതിനാണ് ഭാഷാപരമായി നാം പണയവസ്തു എന്ന് പറയുന്നത്. അഥവാ (العين المهونة)

കര്‍മശാസ്ത്രത്തില്‍ പണയം എന്നതിന്‍റെ നിര്‍വചനം: “കടക്കാരനില്‍ നിന്നും കടം തിരിച്ചുപിടിക്കാന്‍ സാധിക്കാതെ വന്നാല്‍, പ്രസ്തുത വസ്തുവില്‍ നിന്നോ അതിന്‍റെ വിലയില്‍ നിന്നോ കടം തിരിച്ചുപിടിക്കാനെന്നോണം കടത്തിന് ഗ്യാരണ്ടിയായി (ഈടായി) ഒരു വസ്തു വാങ്ങിക്കുക.”  അഥവാ (توثقة دين بعين) എന്നതാണ്.

[ഇത് മുന്‍പ് നമ്മള്‍ വിശദീകരിച്ചതാണ്. കൂടുതല്‍ മനസ്സിലാക്കാന്‍ ഈ ലേഖനം വായിക്കാം : പണയവും അതിന്‍റെ നിയമങ്ങളും – ശൈഖ് മുഹമ്മദ്‌ ബിന്‍ ഇബ്രാഹീം അതുവൈജിരി (ഹ). ]

മുകളില്‍ നല്‍കിയ നിര്‍വചനത്തില്‍ നിന്നും മനസ്സിലാക്കാം പണയവസ്തു ഉപയോഗിക്കുക എന്നതല്ല മറിച്ച് പണം കടമായി  നല്‍കിയ ആള്‍ക്ക് അത് തിരിച്ച് ലഭിക്കുമെന്ന ഉറപ്പിനാണ് ഇസ്‌ലാംപണയം അഥവാ ഈടായി ഒരു വസ്തു വാങ്ങിക്കുന്നത് അനുവദിച്ചത്.

ഇനിയാണ് പണയവസ്തു ഉപയോഗിക്കാനായി ഒരാള്‍ക്ക് കടം നല്‍കുകയും, ശേഷം അയാള്‍ പണം തിരിച്ച് നല്‍കുമ്പോള്‍ പണയവസ്തു തിരികെ കൊടുക്കുകയും ചെയ്യുന്ന രീതി പലിശയാണോ എന്നത് നാം പരിശോധിക്കേണ്ടത്. ഉദാ: ഒരാള്‍ മറ്റൊരാള്‍ക്ക് 5 ലക്ഷം രൂപ നല്‍കുന്നു, പകരം അയാളുടെ വീട്ടില്‍ താമസിക്കുന്നു. ആ 5 ലക്ഷം തിരിച്ച് നല്‍കുമ്പോള്‍ വീട് ഒഴിഞ്ഞു കൊടുക്കുന്നു. കേരളത്തില്‍ പൊതുവെയും കോഴിക്കോട് ഭാഗങ്ങളില്‍ പ്രത്യേകിച്ചും കണ്ടുവരുന്ന ഒരു രീതിയാണിത്. ഇത് പലിശയാണ്. അപ്രകാരം ചെയ്യല്‍ അനുവദനീയമല്ല. വളരെ വ്യാപകമായ ഒരു ഇടപാടായതുകൊണ്ട് എങ്ങനെ അത് പലിശയാകുന്നു എന്നത് അല്പം വിശദമായിത്തന്നെ വിശദീകരിക്കാം.

അത് വിശദീകരിക്കുന്നതിന് മുന്‍പ് കടവുമായി ബന്ധപ്പെട്ട പലിശയുടെ നിര്‍വചനം മനസ്സിലാക്കുക അനിവാര്യമാണ്: كل قرض جر نفعا فهو ربا “നല്‍കിയ പണത്തെക്കാള്‍ അധികമായി വല്ല ഉപകാരവും (നിബന്ധനപ്രകാരം / മുന്‍ധാരണയോടെ) തിരിച്ച് ലഭിക്കുന്ന എല്ലാ കടവും പലിശയാണ്”

ഇത് ഫുളാല ബിന്‍ ഉബൈദ് (റ) , ഇബ്നു അബ്ബാസ് (റ) , ഇബ്നു ഉമര്‍ (റ), ഉബയ്യ് ബ്ന്‍ കഅബ് (റ) തുടങ്ങിയ സ്വഹാബിമാരില്‍ നിന്നെല്ലാം അത് ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. – [ഇമാം ബൈഹഖിയുടെ  ,  2056  / السنن الصغرى  നോക്കുക].

അഥവാ ഞാന്‍ ഒരാള്‍ക്ക് നല്‍കുകയും,  അയാളില്‍ തിരിച്ച് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന ധനത്തിന് കടം എന്നാണ് പറയുക. ആ കടത്തിന് പുറമേ വല്ല ഉപകാരമോ, പണമോ ഈടാക്കിയാല്‍ അത് പലിശയാണ്.

നമുക്കറിയാം ഒരാള്‍ ഒരു വീട്ടില്‍ താമസിച്ചാല്‍ ആ വീട്ടിന്‍റെ വാടക കൊടുക്കണം. എന്നാല്‍ പ്രസ്തുത ഇടപാടില്‍ നാം കടം നല്‍കി എന്ന  കാരണത്താല്‍ അതിന്‍റെ വാടക അയാള്‍ ഒഴിവാക്കിത്തരുന്നു.ഇത് ആ കടത്തിന് പുറമെ നാം അധികമീടാക്കുന്ന പലിശയാണ്.

അതുകൊണ്ടുതന്നെ താന്‍ ഈടായി വാങ്ങി വച്ച പണയ വസ്തു ഉപയോഗിക്കുന്നുവെങ്കില്‍, ആ ഉപയോഗത്തിന് വരുന്ന വില നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. അതല്ലെങ്കില്‍ തനിക്ക് തിരികെ ലഭിക്കാനുള്ള കടത്തില്‍ നിന്നും തന്‍റെ ഉപയോഗത്തിനനുസരിച്ചുള്ള സംഖ്യ കുറക്കുകയുമാകാം.

ഇമാം ഇബ്നു ഖുദാമ റഹിമഹുല്ല പറയുന്നു:

وإذا انتفع المرتهن بالرهن باستخدام أو ركوب أو لبس أو استرضاع أو استغلال أو سكنى أو غيره حسب من دينه بقدر ذلك. قال أحمد: يوضع عن الراهن بقدر ذلك لأن المنافع ملك الراهن فإذا استوفى فعليه قيمتها في ذمته للراهن فيتقاص القيمة وقدرها من الدين ويتسقاطان

“താന്‍ നല്‍കിയ കടത്തിന് ഈടായി പണയ വസ്തു വാങ്ങിക്കുന്ന വ്യക്തി അതില്‍ കയറിക്കൊണ്ടോ, ധരിച്ചുകൊണ്ടോ , പാല്‍ കറന്നുകൊണ്ടോ, ഉപയോഗിച്ചുകൊണ്ടോ, താമസിച്ചുകൊണ്ടോ ഒക്കെ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ താന്‍ നല്‍കിയ കടത്തില്‍ നിന്നും ആ ഉപയോഗിച്ചത്തിനനുസരിച്ചുള്ള സംഖ്യ പിടിക്കപ്പെടും. ഇമാം അഹ്മദ് റഹിമഹുല്ല ഇപ്രകാരം പറഞ്ഞിരിക്കുന്നു: കടം വാങ്ങിയ വ്യക്തിയുടെ കടബാധ്യതയില്‍ നിന്നും താന്‍ (ഈടായി വാങ്ങിയ വസ്തു) ഉപയോഗിച്ചതിനനുസരിച്ചുള്ള  സംഖ്യ കുറക്കണം. കാരണം (ഈടായി വാങ്ങിയ വസ്തുവിന്‍റെ) ഉപകാരങ്ങള്‍ അയാളുടെ ഉടമസ്ഥതയിലുള്ളതാണ്. അയാളുടെ ഉടമസ്ഥതയിലുള്ളത് താന്‍ പ്രയോജനപ്പെടുത്തിയാല്‍ അതിന്‍റെ വില നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. അതുകൊണ്ടുതന്നെ താന്‍ പ്രയോജനപ്പെടുത്തിയതിന് നല്‍കേണ്ട വില അയാള്‍ തനിക്ക് നല്‍കാനുള്ള കട ബാധ്യതയില്‍ നിന്നും കുറക്കുകയും താന്‍ ഉപയോഗിച്ചതിനനുസരിച്ച് കടബാധ്യത ഇല്ലാതാകുകയും ചെയ്യും. ” – [അല്‍മുഗ്നി :  4/468].

അഥവാ പണയവസ്തു ഉപയോഗപ്പെടുത്തുന്നുവെങ്കില്‍ അതിന്‍റെ ഉടമസ്ഥന് താന്‍ ആ ഉപയോഗത്തിന്‍റെ തോതനുസരിച്ചുള്ള വിലനല്കണം എന്നര്‍ത്ഥം. എന്നാല്‍ താന്‍ നല്‍കിയ കടത്തിന്‍റെ പേരില്‍ പണയവസ്തു ഉപയോഗിക്കുന്നുവെങ്കില്‍ അത് പലിശയായി മാറും എന്നര്‍ത്ഥം.

ലജ്നതുദ്ദാഇമയുടെ ഫത്വായില്‍ ഇപ്രകാരം കാണാം: 

إن كانت هذه الأرض المرهونة رهنت في دين قرض ، فإنه لا يجوز للمرتهن الانتفاع بها مطلقا ؛ لكونه قرضا جر نفعا ، وكل قرض جر نفعا فهو ربا بإجماع أهل العلم

“ഈ പറഞ്ഞഭൂമി കടമിടപാടിന് ഈടായി നല്‍കിയതാണെങ്കില്‍, ഈടായി പണയവസ്തു വാങ്ങിയ വ്യക്തിക്ക്  (അഥവാ കടം നല്‍കിയ ആള്‍ക്ക്) നിരുപാധികം അത് ഉപയോഗിക്കാന്‍ പാടില്ല. കാരണം അത് നല്‍കിയ പണത്തേക്കാള്‍ അധികമായി വല്ല ഉപകാരവും ഈടാക്കുന്ന കടത്തിന്‍റെ ഇനത്തിലാണ് പെടുക. നല്‍കിയതിനേക്കാള്‍ കൂടുതല്‍ വല്ല ഉപകാരവും ഈടാക്കുന്ന കടങ്ങളെല്ലാം പലിശയാണ് എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഇജ്മാഅ് ഉണ്ട്” – [14/176-177].

മാത്രമല്ല ഇമാം ബുഖാരി ഉദ്ദരിക്കുന്ന ഹദീസില്‍ റസൂല്‍ (സ) പറയുന്നു:

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” الظهر يُرْكَبُ بِنَفَقَتِهِ إِذَا كَانَ مَرْهُونًا، وَلَبَنُ الدَّرِّ يُشْرَبُ بِنَفَقَتِهِ إِذَا كَانَ مَرْهُونًا ، وَعَلَى الَّذِي يَرْكَبُ وَيَشْرَبُ النَّفَقَةُ “

അബൂഹുറൈറ (റ) വില്‍ നിന്നും  നിവേദനം: റസൂല്‍ (സ) പറഞ്ഞു: “(ഒട്ടകം കുതിര തുടങ്ങിയവ) ഈട് അഥവാ പണയവസ്തു ആണെങ്കില്‍ അതിന് ചിലവിന് കൊടുക്കുന്ന തോതനുസരിച്ച് അതിന്‍റെ പുറത്തുകയറാം. (കറവമൃഗം) ഈട് അഥവാ പണയവസ്തു ആണെങ്കില്‍ അതിന് ചിലവിന് കൊടുക്കുന്ന തോതനുസരിച്ച് പാല്‍ കുടിക്കാം. അതിനെ സഞ്ചാരത്തിനോ, പാല്‍ കുടിക്കാനോ ഉപയോഗിക്കുന്നവന്‍ ആരോ അവനാണ് അതിന് ചിലവിന് നല്‍കേണ്ടത്.” – [ബുഖാരി : 2377].

അഥവാ കടത്തിന് ഈടായി നല്‍കിയ പണയവസ്തു ഒട്ടകമാണെങ്കില്‍ അതിന്‍റെ ചിലവ് യഥാര്‍ത്ഥത്തില്‍ നല്‍കേണ്ടത് ആ ഒട്ടകത്തിന്‍റെ ഉടമസ്ഥനാണ്. എന്നാല്‍ ഈട് വാങ്ങിയ ആള്‍ അതിന് ചിലവിന് കൊടുക്കുകയാണ് എങ്കില്‍ ആ ചിലവിന് കൊടുക്കുന്ന തോതനുസരിച്ച് ഉള്ള ഉപകാരം അയാള്‍ക്ക് ഉപയോഗിക്കാം. ഇതാണ് റസൂല്‍ (സ) പഠിപ്പിച്ചിട്ടുള്ളത്‌.

അഥവാ ഒരാള്‍ മറ്റൊരാള്‍ക്ക് കടം നല്‍കുകയും അതിന് ഈടായി ഒരു പശുവിനെ സ്വീകരിക്കുകയും ചെയ്‌താല്‍ ആ പശുവിന് ചിലവിന് കൊടുക്കുന്നതിന് തുല്യമായ അളവില്‍ അയാള്‍ക്ക് പാല്‍ കറക്കാം. എന്നാല്‍ അതില്‍കൂടുതല്‍ കറക്കുന്നുവെങ്കില്‍ അതിനുള്ള വില നല്‍കണം. അതുപോലെ ഒരാള്‍ ഈടായി സ്വീകരിച്ചത് ഒരു വീടാണ് എങ്കില്‍ അതില്‍ താമസിക്കുന്നതിന് അത്തരത്തിലുള്ള ഒരു വീട്ടില്‍ താമസിക്കുന്നതിന്‍റെ വില അഥവാ വാടക നല്‍കണം. കാരണം പശുവിന് ഭക്ഷണം നല്‍കുന്ന പോലെ ചിലവിന് നല്‍കേണ്ട സാഹചര്യം വീടിന്‍റെ വിഷയത്തില്‍ ഇല്ല. ചിലവിന് നല്‍കേണ്ട സാഹചര്യം ഉള്ള വിഷയത്തില്‍ത്തന്നെ ആ തോതനുസരിച്ച് മാത്രം ഉപകാരമെടുക്കാം എന്നത് നേരത്തെ വ്യക്തമാക്കിയല്ലോ.

ഇനി പലപ്പോഴും പലരും ഇതുമായി ബന്ധപ്പെട്ട് പലരും പറയാറുള്ള ന്യായീകരണങ്ങളും അതിനുള്ള മറുപടിയുമാണ്‌ താഴെ :

ഒന്ന്‍: ‘പരസ്പരം തൃപ്തിപ്പെട്ടുകൊണ്ടാണ് ഇത് ചെയ്യുന്നത്. അതിനാല്‍ കുഴപ്പമില്ല’. ഇതാണ് ഒരു ന്യായം. പക്ഷെ ഈ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. പരസ്പരം തൃപ്തിപ്പെട്ടതുകൊണ്ട് പലിശ അനുവദനീയമാകുകയോ, ഹറാമായ ഇടപാട് ഹലാലാകുകയോ ചെയ്യുകയില്ല.

രണ്ട്: നബി (സ) അദ്ദേഹത്തിന്‍റെ പടയങ്കി ജൂതന്‍റെ കൈവശം പണയം വച്ച് ഭക്ഷണം കടം വാങ്ങിയതായി ഹദീസില്‍ ഇല്ലേ. ജൂതന്‍ അത് ഉപയോഗിക്കാന്‍ വേണ്ടിയല്ലേ വാങ്ങിയിട്ടുണ്ടാവുക. ഈ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. അപ്രകാരം സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്. പക്ഷെ പണയത്തിന്‍റെ ശറഇയായ ഉദ്ദേശം അറിയാത്തതുകൊണ്ടാണ്‌ ഈ സംശയം ഉടലെടുത്തത്. കടം തിരിച്ചു നല്‍കാത്ത പക്ഷം ആ കടം ഈടാക്കാന്‍ വേണ്ടിയാണ് ഈട് നല്‍കുന്നത്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. രണ്ടാമതായി യുദ്ധം ചെയ്യുക എന്നതാണല്ലോ ഒരു പടയങ്കിയുടെ ഉപയോഗം. റസൂല്‍ (സ) യുദ്ധം ചെയ്യുവാനായി ഒരു ജൂതന് തന്‍റെ പടയങ്കി നല്‍കില്ല. അതുകൊണ്ടുതന്നെ അപ്രകാരം വാദിക്കുന്നതില്‍ അര്‍ത്ഥമില്ല. കടത്തിന് ഈടായി ആ കടം ഈടാക്കാന്‍ പ്രാപ്തമായ ഒരു വസ്തു നല്‍കുക മാത്രമാണ് ചെയ്തത്.

മൂന്ന്: മറ്റു ചിലര്‍ തങ്ങള്‍ വാടക നല്‍കുന്നുണ്ട് എന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി വളരെ തുച്ഛമായ വാടക നിശ്ചയിക്കുന്നത് കാണാം. ഉദാ: മുവായിരം രൂപ നാട്ടുനടപ്പനുസരിച്ച് വാടക വരുന്ന വീടിന് പണയവ്യവസ്ഥയില്‍ 500 രൂപ വാടക നിശ്ചയിച്ച് ഇടപാട് നടത്തുകയാണ് എങ്കില്‍ അതും നിഷിദ്ധമാണ്. ഹറാമുകള്‍ മറികടക്കാന്‍ തന്ത്രം പ്രയോഗിക്കുക എന്നുള്ളത് നേരിട്ട് ഹറാമുകള്‍ ചെയ്യുന്നതിനേക്കാള്‍ കുറ്റകരമാണ്. മറിച്ച് പണയവസ്തു ഉപയോഗിക്കുന്നയാള്‍ നാട്ടുനടപ്പനുസരിച്ച് അതിന് നല്‍കേണ്ട മിനിമം വാടക നല്‍കേണ്ടതുണ്ട്.

ഇനി ഇന്ന് നടക്കുന്ന ഇതൊനോട് സമാനമായ മറ്റൊരു ഇടപാട് കൂടി പറയാം. അതും നിഷിദ്ധമാണ്.

അഥവാ വാടകക്കോ മറ്റോ, ഫ്ലാറ്റ്, വീട്, കാറ് ഒക്കെ എടുക്കുന്ന സമയത്ത് സാധാരണ നാട്ടുനടപ്പനുസരിച്ച് നിലവിലുള്ള സെക്യൂരിറ്റി തുകയെക്കാള്‍ കൂടുതല്‍ ഓണര്‍ക്ക് നല്‍കിയാല്‍ അദ്ദേഹം വാടകയില്‍ ഇളവ് നല്‍കും. ഇതും നിഷിദ്ധമാണ്. കാരണം സെക്യൂരിറ്റിയായി നിക്ഷേപിക്കുന്ന പണം ഒരര്‍ത്ഥത്തില്‍ കടമാണ്. കാരണം ആ പണം ഇടപാടുകാരന് തിരിച്ചുകൊടുക്കാന്‍ ഓണര്‍ ബാധ്യസ്ഥനാണ്. എന്നാല്‍ താന്‍ കൂടുതല്‍ പണം കടമായി നല്‍കുക വഴി വാടകയില്‍ ഇളവ് ചെയ്തുകിട്ടും എന്ന് മാത്രം. സ്വാഭാവികമായും ആ ഇളവ് പലിശയാണ്.

ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ നിങ്ങള്‍ മറ്റൊരാള്‍ക്ക് നല്‍കുകയും തിരിച്ച് ആവശ്യപ്പെടുകയും ചെയ്യുന്ന ധനം ആണ് കടം. ആ കടത്തിന് പുറമെ, മുന്‍ധാരണപ്രകാരം ഈടാക്കുന്ന എല്ലാ ഉപകാരങ്ങളും പലിശയാണ്.

നിഷിദ്ധമായ ഇടപാടുകളില്‍നിന്നും വിട്ടു നില്‍ക്കാന്‍ നമുക്കേവര്‍ക്കും അല്ലാഹു തൗഫീഖ് നല്‍കട്ടെ …..

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

പൂച്ചയെ വിലകൊടുത്ത് വാങ്ങാൻ പാടുണ്ടോ ?.

പൂച്ചയെ വിലകൊടുത്ത് വാങ്ങാൻ പാടുണ്ടോ ?

الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

പൂച്ചയെ വളർത്തൽ അനുവദനീയമാണ്. എന്നാൽ പൂച്ചയെ വിലകൊടുത്ത് വാങ്ങാനോ വിൽക്കാനോ പാടില്ല. പൂച്ചയെ കച്ചവടം ചെയ്യാൻ പാടില്ല എന്നത് സ്വഹീഹായ ഹദീസിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.

ഇമാം മുസ്‌ലിം റഹിമഹുല്ലാഹ് ഉദ്ദരിച്ച ഒരു ഹദീസിൽ ഇപ്രകാരം കാണാം:

عَنْ أَبِي الزُّبَيْرِ قَالَ : سَأَلْتُ جَابِرًا عَنْ ثَمَنِ الْكَلْبِ وَالسِّنَّوْرِ قَالَ : زَجَرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ ذَلِكَ.

അബുസ്സുബൈറിൽ നിന്നും നിവേദനം: ഞാൻ ജാബിർ (റ) വിനോട് നായയുടെയും പൂച്ചയുടെയും വിലയായി ലഭിക്കുന്ന പണത്തെപ്പറ്റി ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: “നബി(ﷺ) അത് വിലക്കിയിട്ടുണ്ട്”. – [സ്വഹീഹ് മുസ്‌ലിം : 1569].

عَنْ جَابِرٍ بن عبد الله رضي الله عنهما قَالَ : نَهَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ ثَمَنِ الْكَلْبِ وَالسِّنَّوْرِ

ഇമാം അബൂ ദാവൂദ് ഉദ്ദരിച്ച മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം: ജാബിർ (റ) നിവേദനം: “നായയെയും പൂച്ചയെയും വിറ്റ് കിട്ടുന്ന പണം നബി (ﷺ) വിലക്കിയിട്ടുണ്ട്” – [അബൂദാവൂദ് : 3479. ശൈഖ് അൽബാനി റഹിമഹുല്ലാഹ് ഈ ഹദീസ് സ്വഹീഹാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്].

തത് വിഷയത്തിൽ അഭിപ്രായഭിന്നത ഉണ്ടെങ്കിലും ഈ ഹദീസുകളുടെ അടിസ്ഥാനത്തിൽ പൂച്ചയെ വില്പന നടത്തുന്നതും പണം കൊടുത്ത് വാങ്ങിക്കുന്നതും നിഷിദ്ധമാണ് എന്ന് മനസ്സിലാക്കാം.

നായയുടെ വിഷയത്തിലും അഭിപ്രായഭിന്നതയുണ്ട്. എന്നാൽ കൃഷിക്കും മാടുകൾക്കും കാവലിനായി ഉപയോഗിക്കുന്ന നായയും വേട്ട നായയും വിൽക്കുകയും വാങ്ങുകയുമാകാം എന്നതാണ് ശൈഖ് സുലൈമാൻ റുഹൈലി ഹഫിദഹുല്ലയുടെ അഭിപ്രായം. അദ്ദേഹം നേരത്തെ അത് പാടില്ല എന്ന നിലപാടിലായിരുന്നു എങ്കിലും പിന്നീട് അനുവദനീയമാണ് എന്ന് പറഞ്ഞതായിക്കാണാം. എന്നാൽ ശൈഖ് ഇബ്നു ഉസൈമീൻ റഹിമഹുല്ല അനുവദിക്കപ്പെട്ട ഉപയോഗങ്ങൾക്കാണെങ്കിൽ പോലും  നായയെ പണം കൊടുത്ത് വാങ്ങാൻ പാടില്ല എന്ന അഭിപ്രായക്കാരനാണ്. ശൈഖ് ഇബ്നു ബാസ് റഹിമഹുല്ലയും ഈ അഭിപ്രായക്കാരനാണ്. ഇനി ഒരാൾക്ക് അത് അനിവാര്യമായി വരുകയും പണം കൊടുത്തല്ലാതെ കിട്ടാത്ത സാഹചര്യം വരികയും ചെയ്‌താൽ അവിടെ അത് കച്ചവടം ചെയ്യുന്നവന്റെ മേലാണ് കുറ്റം. ഏതായാലും അലങ്കാരത്തിനും മറ്റുമായി വീടുകളിൽ വളർത്തു നായകൾ പാടില്ല എന്നതും, അവയെ വിലകൊടുത്ത് വാങ്ങാനോ വിൽക്കാനോ പാടില്ല എന്നതും ഏകാഭിപ്രായമുള്ള കാര്യമാണ്.

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

‘ഇന്‍സ്റ്റാള്‍മെന്‍റ്’ ആയി വില്‍ക്കുമ്പോള്‍ ‘റെഡി കാശ്’ വിലയെക്കാള്‍ കൂടുതല്‍ വില ഈടാക്കാം. (ഇന്‍സ്റ്റാള്‍മെന്‍റ് കച്ചവടം ഇസ്ലാമികവും അനിസ്‌ലാമികവും ആകുന്നത് എപ്പോള്‍ എന്ന് ഫിഖ്ഹിയായി ചര്‍ച്ച ചെയ്യുന്ന ലേഖനം).

'ഇന്‍സ്റ്റാള്‍മെന്‍റ്' ആയി വില്‍ക്കുമ്പോള്‍ 'റെഡി കാശ്' വിലയെക്കാള്‍ കൂടുതല്‍ വില ഈടാക്കാം.

(ഇന്‍സ്റ്റാള്‍മെന്‍റ് കച്ചവടം ഇസ്ലാമികവും അനിസ്‌ലാമികവും ആകുന്നത് എപ്പോള്‍ എന്ന് ഫിഖ്ഹിയായി ചര്‍ച്ച ചെയ്യുന്ന ലേഖനം)

الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

ഈയിടെ ഒരുപാട് വര്‍ദ്ധിച്ച് വന്നിട്ടുള്ള ഒരു കച്ചവടരൂപമാണ് ‘ഇന്‍സ്റ്റാള്‍മെന്‍റ് സെയില്‍’. റെഡി കാശ് നല്‍കി വാങ്ങുമ്പോള്‍ നല്‍കേണ്ട വിലയെക്കാള്‍ ഇന്‍സ്റ്റാള്‍മെന്‍റ് വഴി വാങ്ങുമ്പോള്‍ നല്‍കണം. ഇതിന്‍റെ ഇസ്‌ലാമിക വിധിയാണ് നാം ചര്‍ച്ച ചെയ്യുന്നത്.നമ്മുടെ നാട്ടില്‍ ഈ ഇടപാടിന്‍റെ ഇസ്‌ലാമിക വിധിയെക്കുറിച്ച് വ്യാപകമായ തെറ്റിദ്ധാരണ ഉണ്ട് എന്നതുകൊണ്ടുതന്നെ അല്പം ധൈര്‍ഗ്യമുണ്ടെങ്കില്‍ക്കൂടി കര്‍മ്മശാസ്ത്രപരമായ ഒരു വിശകലനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. 

ഒരു വസ്തു വാങ്ങിക്കുകയും അതിന്‍റെ പണം പിന്നീട് നല്‍കുകയും ചെയ്യുക എന്നുള്ളത് അനുവദിക്കപ്പെട്ട കാര്യമാണ്. അതില്‍ ആര്‍ക്കും ഒരുപക്ഷെ സംശയമുണ്ടാകില്ല. ആഇശ (റ) ഉദ്ദരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം:

عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا:” أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ اشْتَرَى طَعَامًا مِنْ يَهُودِيٍّ إِلَى أَجَلٍ، وَرَهَنَهُ دِرْعًا مِنْ حَدِيدٍ .”

ആഇശ (റ) യില്‍ നിന്നും നിവേദനം: “നബി(ﷺ) ഒരു ജൂതന്റെ കയ്യില്‍ നിന്നും അവധി പറഞ്ഞുകൊണ്ട് ഭക്ഷണം വാങ്ങിക്കുകയും, തന്‍റെ ഇരുമ്പുകൊണ്ടുള്ള പടയങ്കി അയാള്‍ക്ക് ഈടായി നല്‍കുകയും ചെയ്തു”. – [ബുഖാരി: 2068, മുസ്‌ലിം: 1603].

അതുകൊണ്ടുതന്നെ വില നല്‍കാന്‍ അവധി പറയുക എന്നതില്‍ തെറ്റില്ല. ഇനി അത് ഘടുക്കളായി നല്‍കുന്നതിലും തെറ്റില്ല. കാരണം: ആഇശ (റ) ബരീറ (റ) യെ മോചിപ്പിച്ച സമയത്ത് ഒമ്പത് ഊഖിയ (അതായത് നാല്പത് വെള്ളിനാണയം അടങ്ങിയ ഒന്‍പത് കിഴികള്‍) വിലയായി നിശ്ചയിച്ചുകൊണ്ട്, ഓരോ വര്‍ഷവും ഒരു ഊഖിയ നല്‍കാമെന്ന വ്യവസ്ഥയോടെ അവരെ വാങ്ങിച്ചതായി കാണാന്‍ സാധിക്കും [ബുഖാരി: 2168 നോക്കുക]. അതുകൊണ്ടുതന്നെ പണത്തിന് അവധി പറഞ്ഞുകൊണ്ടും അവ ഘടുക്കളായി നല്‍കിയും കച്ചവടം ചെയ്യുന്നതില്‍ തെറ്റില്ല.

എന്നാല്‍ അവധി നല്‍കിയുള്ള കച്ചവടത്തില്‍ റൊക്കം പണം നല്‍കി വാങ്ങുമ്പോള്‍ ഉള്ള വിലയെക്കാള്‍ ഈടാക്കാമോ എന്നതാണ് ചര്‍ച്ചാ വിഷയം. സുവ്യക്തമായി പരാമര്‍ശിക്കപ്പെടുന്ന തെളിവുകള്‍ ആ വിഷയത്തില്‍ വരാത്തത് കൊണ്ടുതന്നെ വളരെ ന്യൂനപക്ഷം ചില പണ്ഡിതന്മാര്‍ അത് അനുവദനീയമല്ല എന്ന് പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ തെറ്റില്ല എന്നതാണ് പ്രബലമായ അഭിപ്രായം. അതുതന്നെയാണ്  നാല് മദ്ഹബുകളുടെയും ബഹുപൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം.

ഉദാ: റെഡി കാശ് നല്‍കി വാങ്ങുമ്പോള്‍ അയ്യായിരം രൂപ വിലയുള്ള ഒരു വസ്തുവിന്, അതിന്‍റെ പണമടക്കാന്‍ ആറു മാസം അവധി നല്‍കുമ്പോള്‍ ആറായിരം രൂപ ഈടാക്കുക എന്നത് അനുവദനീയമാണ്. പക്ഷെ വസ്തുവിന്‍റെ വില്പന നടന്നു കഴിഞ്ഞാല്‍ പിന്നെ ആ കടബാധ്യത ഒരു കാരണവശാലും വര്‍ദ്ധിക്കില്ല. അഥവാ ആറു മാസം കൊണ്ട് പണം അടച്ചുതീര്‍ക്കാം എന്ന ഉപാധിയോടെ ആറായിരം രൂപക്ക് ഒരാള്‍ ആ വസ്തു വാങ്ങിച്ചാല്‍ ഒരു കാരണവശാലും പിന്നെ ആ കടബാധ്യത വര്‍ദ്ധിക്കുകയില്ല. അപ്രകാരം വര്‍ദ്ധിക്കുന്നുവെങ്കില്‍ അത് ഇസ്‌ലാമികമായി അനുവദിക്കപ്പെട്ട ഇന്‍സ്റ്റാള്‍മെന്‍റ് സെയില്‍ അല്ല.

കാരണം വില്പന നടന്നു കഴിഞ്ഞാല്‍ വില്പനക്കാരനും വാങ്ങിക്കുന്ന ആളും തമ്മിലുള്ള ഇടപാട് കടമിടപാടായി മാറും. ലഭിക്കുവാനുള്ള കടത്തിനാകട്ടെ അധികമായി ഒന്നും തന്നെ ഈടാക്കാനുള്ള അനുവാദം ഇസ്‌ലാമില്‍ ഇല്ല. അഥവാ കടബാധ്യത ഒരിക്കലും വര്‍ദ്ധിക്കില്ല. എന്നാല്‍ കച്ചവടം നടന്നു കഴിഞ്ഞതിന് ശേഷവും കടബാധ്യത വര്‍ദ്ധിക്കാനിടയുള്ള ഇന്‍സ്റ്റാള്‍മെന്‍റ് സെയില്‍ ആണ് എങ്കില്‍ അത് ഇസ്‌ലാമികമായി അനുവദനീയമല്ല.

 ഉദാ: ആറുമാസം കൊണ്ട് ആറായിരം രൂപ അടക്കുക എന്ന ഉപാധിയോടെ കച്ചവടം നടന്നു. വാങ്ങിച്ച ആള്‍ അടവ് തെറ്റിച്ചപ്പോള്‍ ആറായിരമുള്ളത് ആറായിരത്തി ഒരുനൂറോ, ഇരുനൂറോ തുടങ്ങി കടബാധ്യത വര്‍ദ്ധിക്കുന്നുവെങ്കില്‍ അത് ഇസ്‌ലാമികമായി നിഷിദ്ധമായ കച്ചവടമാണ്. അതുകൊണ്ടാണ് നമ്മുടെ നാട്ടിലുള്ള പൂരിഭാഗം ഇന്‍സ്റ്റാള്‍മെന്‍റ് സെയിലുകളും പലിശ ഗണത്തില്‍ പെടുന്ന ഹറാമായ ഇന്‍സ്റ്റാള്‍മെന്‍റ് ആണ് എന്ന് പറയുന്നത്.

ഇസ്‌ലാമികമായി ഇന്‍സ്റ്റാള്‍മെന്‍റ് സെയില്‍ അനുവദിപ്പെടാന്‍ ചില നിബന്ധനകളുണ്ട്: 

ഒന്ന്: കച്ചവടം തീര്‍പ്പാകുന്നതിന് മുന്‍പ് വിലയും കാലപരിധിയും  നിശ്ചയിക്കപ്പെടണം.

രണ്ട്: കച്ചവടം നടന്നു കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും കടബാധ്യത വര്‍ദ്ധിക്കുകയില്ല.

മൂന്ന്‍: അവധി നിഷിദ്ധമാക്കപ്പെട്ട കച്ചവടങ്ങളില്‍ ഇന്‍സ്റ്റാള്‍മെന്‍റ് പാടില്ല. ഉദാ: സ്വര്‍ണ്ണം ഇന്‍സ്റ്റാള്‍മെന്‍റ് ആയി വാങ്ങാന്‍ പാടില്ല. കാരണം സ്വര്‍ണ്ണം കറന്‍സി നല്‍കി വാങ്ങുമ്പോള്‍ ആ സദസ്സില്‍ വച്ച് തന്നെ കൈപ്പറ്റണം എന്ന നിബന്ധനയുണ്ട്. അതുപോലെത്തന്നെയാണ് വെള്ളിയും. സ്വര്‍ണ്ണം ആദ്യം  വാങ്ങി പണം പിന്നെ നല്‍കാം എന്ന് പറഞ്ഞാലും, പണം നല്‍കി സ്വര്‍ണ്ണം പിന്നെ വാങ്ങിച്ചോളാം എന്ന് പറഞ്ഞാലും അത് ‘ربا النسيئة’ അഥവാ കാലതാമസത്തിന്‍റെ പലിശ എന്ന ഇനത്തില്‍ പെടും. കാരണം അത് അപ്പപ്പോള്‍ത്തന്നെ പരസ്പരം കൈമാറിയിരിക്കണം ഇല്ലെങ്കില്‍ പലിശയാകും എന്ന് നബി(ﷺ) പഠിപ്പിച്ച ഇനത്തില്‍പ്പെട്ടതാണ്. അതുകൊണ്ട് സ്വര്‍ണ്ണവും വെള്ളിയും അതുപോലെ കറന്‍സികളും ഇന്‍സ്റ്റാള്‍മെന്‍റ് രീതിയില്‍ ആയി വില്‍ക്കാന്‍ പാടില്ല. റെഡി കാശ് നല്‍കി മാത്രമേ വാങ്ങാവൂ.

നാല്: ഹലാലായ വസ്തു ആയിരിക്കണം, ഉടമസ്ഥതയിലുള്ള വസ്തു ആയിരിക്കണം, കച്ചവടത്തിലേര്‍പ്പെടുന്നവര്‍ ശറഇയ്യായി ക്രയവിക്രയം നടത്താന്‍ യോഗ്യതയുള്ളവരായിരിക്കണം തുടങ്ങി സാധാരണ നിലക്ക് കച്ചവടത്തിന് ബാധകമാകുന്ന എല്ലാ നിബന്ധനകളും ഇന്‍സ്റ്റാള്‍മെന്‍റ് സെയിലിനും ബാധകമാണ്.

ഈ നിബന്ധനകളില്ലെങ്കില്‍ അത് ഇസ്‌ലാമികമായി അനുവദിക്കപ്പെടുകയില്ല.

ഇനി ഇന്‍സ്റ്റാള്‍മെന്‍റ് ആകുമ്പോള്‍ അതില്‍ റെഡി കാശ് വിലയെക്കാള്‍ കൂടുതല്‍ ഈടാക്കുന്നത് അനുവദനീയമാണ് എന്ന് പറയാന്‍ നമുക്ക് ഒരുപാട് തെളിവുകളുണ്ട്:

ഒന്ന്: നബി(ﷺ) അംറുബ്നുല്‍ ആസ് (റ) വിനോട് യുദ്ധസന്നാഹങ്ങള്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടു. ആവശ്യത്തിനുള്ള ഒട്ടകങ്ങള്‍ ലഭിക്കാതെ വന്നപ്പോള്‍ ഇപ്പോള്‍ ഒരൊട്ടകം നല്‍കുന്നവര്‍ക്ക് ബൈതുല്‍മാലിലെ ഒട്ടകങ്ങള്‍ വന്നാല്‍ രണ്ടൊട്ടകം നല്‍കാം എന്ന തോതില്‍ ആളുകളില്‍ നിന്ന് ഒട്ടകത്തെ വാങ്ങാന്‍ നബി(ﷺ) അദ്ദേഹത്തോട് കല്പിച്ചു. വില പിന്നീടാണ് നല്‍കുന്നത് എന്നതുകൊണ്ട്‌ തന്നെ രണ്ട് ഒട്ടകങ്ങള്‍ അവര്‍ക്ക് നല്‍കുന്നതായി ഈ ഹദീസില്‍ കാണാന്‍ സാധിക്കും. തത് സമയത്ത് റൊക്കം പണം നല്‍കി വാങ്ങുകയാണ് എങ്കില്‍ ഒരിക്കലും ഒരൊട്ടകത്തിന് രണ്ടൊട്ടകത്തിന്‍റെ വില വരികയില്ലല്ലോ. അപ്പോള്‍ അവിടെ പണം പിന്നീട് നല്‍കുന്നത് കൊണ്ട് കുറച്ചധികം നബി(ﷺ) നല്‍കാന്‍ തയ്യറായി എന്നത് വ്യക്തമാണ്. ആ ഹദീസ് വ്യത്യസ്ഥ സനദുകളിലൂടെ ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അതില്‍ അധിക സനദുകളിലും ന്യൂനതകളുണ്ട്. എന്നാല്‍ സ്വീകാര്യയോഗ്യമായ സനദായി ശൈഖ് അല്‍ബാനി (റഹിമഹുല്ല) രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് ആണ് താഴെ കൊടുക്കുന്നത്. നമുക്കറിയാവുന്നത് പോലെ അംറുബ്നു ശുഐബ് അദ്ദേഹത്തിന്‍റെ പിതാവില്‍ നിന്നും, അദ്ദേഹം അദ്ദേഹത്തിന്‍റെ പിതാവില്‍ നിന്നും ഉദ്ദരിക്കുന്ന ഹദീസ് ഹസനായ ഹദീസ് ആണ് എന്നതാണ് പ്രബലമായ അഭിപ്രായം. അത് ഹസനാണ് എന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ റഹിമഹുല്ലയും രേഖപ്പെടുത്തിയിട്ടുണ്ട്:

عن ابن جريج أن عمرو بن شعيب . أخبره عن أبيه عن عبد الله بن عمرو بن العاص : ” أن رسول الله صلى الله عليه وسلم أمره أن يجهز جيشا قال عبد الله بن عمرو : وليس عندنا ظهر قال : فأمره النبي صلى الله عليه وسلم أن يبتاع ظهرا إلى خروج المصدق فابتاع عبد الله بن عمرو البعير بالبعيرين وبأبعرة إلى خروج المصدق بأمر رسول الله صلى الله عليه وسلم ”  – أخرجه البيهقي والدارقطني وعنه ( 5 / 287 – 288 )

ഇബ്നു ജുറൈജില്‍ നിന്നും നിവേദനം. അംറു ബ്നു ശുഐബ് തന്നോട് ഇപ്രകാരം പറഞ്ഞു: അദ്ദേഹം അദ്ദേഹത്തിന്‍റെ പിതാവില്‍ നിന്നും, അദ്ദേഹം അദ്ദേഹത്തിന്‍റെ പിതാവില്‍ നിന്നും, അദ്ദേഹം അബ്ദുല്ലാഹ് ബിന്‍ അംറു ബ്നു ആസില്‍ നിന്നും ഉദ്ദരിക്കുന്നു: “നബി(ﷺ) അദ്ദേഹത്തോട് പടയൊരുക്കങ്ങള്‍ നടത്താന്‍ കല്പിച്ചു. അബ്ദുല്ലാഹ് ബ്ന്‍ അംറു ബ്നുല്‍ ആസ് (റ) പറയുന്നു: അപ്പോള്‍ ഞങ്ങളുടെ പക്കല്‍ ആവശ്യാനുസരണമുള്ള ഒട്ടകങ്ങള്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍ നബി(ﷺ) അദ്ദേഹത്തോട് സ്വദഖയുടെ (ഒട്ടകങ്ങള്‍) വരുമ്പോള്‍ (വില നല്‍കാം) എന്ന ഉപാധിയോടെ   ഒട്ടകങ്ങളെ വാങ്ങാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ അബ്ദുല്ലാഹ് ബ്ന്‍ അംറു ബ്നുല്‍ ആസ് (റ) നബി(ﷺ) യുടെ കല്പനപ്രകാരം ‘സ്വദഖയുടെ വിഹിതം വന്നാല്‍ ഒരൊട്ടകം നല്‍കുന്നവര്‍ക്ക് രണ്ടോ അതില്‍കൂടുതലോ ഒട്ടകങ്ങള്‍ വില  നല്‍കാം എന്ന ഉപാധിയോടെ (പടയൊരുക്കത്തിനാവശ്യമായ) ഒട്ടകങ്ങളെ വാങ്ങി”. – [ ദാറഖുത്വനി: 5/287 – 288 

ഒരുപക്ഷെ ഇവിടെ ഒട്ടകത്തിന് പകരമായി രണ്ടൊട്ടകങ്ങള്‍ നല്‍കാം എന്നല്ലേ നബി(ﷺ) പറഞ്ഞത്. അതെങ്ങനെ അവധി നല്‍കിക്കൊണ്ടുള്ള കച്ചവടത്തിന് കൂടുതല്‍ പണം ഈടാക്കാനുള്ള തെളിവാകും എന്ന് ചിലര്‍ പറഞ്ഞേക്കാം. ഈ ഹദീസിന്‍റെ മറ്റു റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍, അബ്ദുല്ലാഹ് ബ്ന്‍ അംറുബ്നുല്‍ ആസ് (റ) വിന്‍റെ അടുത്തേക്ക് ചില ആളുകള്‍ വന്നുകൊണ്ട്‌ ഇപ്രകാരം പറയുന്നത് കാണാം: “ഞങ്ങള്‍ സ്വര്‍ണ്ണ നാണയങ്ങളോ വെള്ളി നാനയങ്ങളോ ഒന്നും കൈവശമില്ലാത്തിടത്തായിരിക്കും, അപ്പോള്‍ വില പിന്നീട് നല്‍കാം എന്ന് അവധി പറഞ്ഞുകൊണ്ട് ഞങ്ങള്‍ ഒട്ടകത്തെയും ആടിനെയുമൊക്കെ കച്ചവടം ചെയ്യും. അതില്‍ താങ്കളുടെ അഭിപ്രായം എന്താണ്. അപ്പോള്‍ നബി(ﷺ) യുടെ കാലത്ത് ഉണ്ടായ ഈ സംഭവം അദ്ദേഹം ഉദ്ദരിക്കുന്നതായി കാണാം. ഒരിക്കലും ഒരൊട്ടകം റൊക്കം പണം നല്‍കി വാങ്ങുമ്പോള്‍ രണ്ട് ഒട്ടകങ്ങളുടെ വില വരില്ലല്ലോ. എന്നാല്‍ പണം പിന്നീട് നല്‍കാം എന്ന് പറഞ്ഞപ്പോള്‍ രണ്ട് ഒട്ടകം വിലയായി നിശ്ചയിച്ചത് ഇവിടെ ശ്രദ്ധേയമാണ്. അതോടൊപ്പം ദീനാറും ദിര്‍ഹമും അവധി പറഞ്ഞുകൊണ്ടുള്ള കച്ചവടത്തെയും അബ്ദുല്ലാഹ് ബ്ന്‍ അംറു (റ) അപ്രകാരം തന്നെയാണ് കണക്കാക്കിയത് എന്നും കാണാന്‍ സാധിക്കും. 

രണ്ട് : കച്ചവടം ഉറപ്പിക്കുന്നതിന് മുന്‍പ് വില്‍ക്കുന്നയാള്‍ക്കും, വാങ്ങിക്കുന്നയാള്‍ക്കും തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നബി(ﷺ) നല്‍കിയിട്ടുണ്ട്:

عن حكيم بن حزام رضي الله عنه، عن النبي صلى الله عليه وسلم قال:  “البيِّعانِ بالخيار ما لم يتفرَّقا، فإن صدقا وبيَّنا بورك لهما في بيعهما، وإن كذبا وكتما محقت بركة بيعهما”. – متفق عليه.

ഹകീം ബിന്‍ ഹിസാം (റ) നിവേദനം: നബി(ﷺ) പറഞ്ഞു: “വില്‍ക്കുന്നവനും വാങ്ങുന്നവനും (കച്ചവടമുറപ്പിച്ച്) വേര്‍പ്പിരിയുന്നതിന് മുന്‍പ് തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അവര്‍ സത്യസന്തതയും സുതാര്യതയും കാത്തുസൂക്ഷിക്കുന്നുവെങ്കില്‍ അവരുടെ കച്ചവടത്തില്‍ അല്ലാഹു ‘ബര്‍ക്കത്ത്’ ചൊരിയും. ഇനി കളവ് പറഞ്ഞുകൊണ്ടും കാര്യങ്ങള്‍ മൂടിവെച്ചുകൊണ്ടുമാണ് അവര്‍ കച്ചവടം ചെയ്യുന്നതെങ്കില്‍ അവരുടെ  കച്ചവടത്തിന്‍റെ ബര്‍ക്കത്ത് തന്നെ നീക്കം ചെയ്യപ്പെടും”. – [മുത്തഫഖുന്‍ അലൈഹി].

ഒരാള്‍ക്ക് കച്ചവടം നടക്കുന്നതിന് മുന്‍പ് അയാളുടെ ഉടമസ്ഥതയിലുള്ള വസ്തുവിന്‍റെ വില നിശ്ചയിക്കാനുള്ള അധികാരമുണ്ട്‌. അത് അവധി നല്‍കികൊണ്ടോ അല്ലാതെയോ ആകട്ടെ. കച്ചവടം ഉറപ്പിച്ച് പിരിയുന്ന വരെ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം രണ്ടുപേര്‍ക്കും നബി(ﷺ) നല്‍കിയിട്ടുണ്ട്.

മൂന്ന്:  നബി(ﷺ) അനുവദിച്ചതും ഹദീസുകളില്‍ വ്യക്തമായി പരാമര്‍ശിക്കപ്പെട്ടതുമായ കാര്യമാണ് ‘സലം കച്ചവടം’. അഥവാ കൃഷിക്കാരന് നേരത്തെ പണം നല്‍കുകയും, ശേഷം അയാള്‍ കൃഷി ചെയ്യുന്ന കൃഷി വിള മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടത് പ്രകാരം പണം നല്‍കിയ ആള്‍ക്ക് നല്‍കുകയും ചെയ്യുന്ന കച്ചവടമാണ് ‘സലം’. 

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ : قَدِمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَدِينَةَ وَهُمْ يُسْلِفُونَ بِالتَّمْرِ السَّنَتَيْنِ وَالثَّلَاثَ، فَقَالَ : مَنْ أَسْلَفَ فِي شَيْءٍ فَفِي كَيْلٍ مَعْلُومٍ ، وَوَزْنٍ مَعْلُومٍ، إِلَى أَجَلٍ مَعْلُوم.

ഇബ്നു അബ്ബാസ് (റ) നിവേദനം. അദ്ദേഹം പറഞ്ഞു:  നബി(ﷺ) മദീനയിലേക്ക് കടന്നു വന്നപ്പോള്‍ അവര്‍ രണ്ടു വര്‍ഷത്തേക്കും മൂന്ന് വര്‍ഷത്തേക്കുമൊക്കെ കാരക്കക്ക് (മുന്‍കൂട്ടി പണം നല്‍കിക്കൊണ്ട്) സലം കച്ചവടം ചെയ്യാറുണ്ടായിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ” (ആരെങ്കിലും മുന്‍കൂട്ടി പണം നല്‍കിക്കൊണ്ട്) ‘സലം കച്ചവടം’ ചെയ്യുകയാണെങ്കില്‍, കൃത്യമായ അളവ് നിര്‍ണ്ണയിച്ചുകൊണ്ടും, കൃത്യമായ തൂക്കം നിര്‍ണ്ണയിച്ചുകൊണ്ടും, കൃത്യമായ അവധി നിര്‍ണയിച്ചുകൊണ്ടുമാണ് ‘സലം  കച്ചവടം’ ചെയ്യേണ്ടത്”. – [ബുഖാരി : 2086].

ഈ സലം കച്ചവടത്തിന് ഇന്‍സ്റ്റാള്‍മെന്‍റ് സെയിലുമായി സാമ്യതയുണ്ട്. അതായത് വിള ആവശ്യമുള്ള ആള്‍ കര്‍ഷകന് മുന്‍കൂട്ടി പണം നല്‍കുന്നു. അതുകൊണ്ട് അയാള്‍ക്ക് കുറഞ്ഞ വിലയില്‍ വിള ലഭിക്കുന്നു. കര്‍ഷകനാകട്ടെ പണം മുന്‍കൂട്ടി ലഭിക്കുന്നത് കൊണ്ട് കൃഷി ചെയ്യല്‍ എളുപ്പമാകുകയും ചെയ്യുന്നു. ഇതായിരുന്നു സലം കച്ചവടം അവിടെ വ്യാപിക്കാനുണ്ടായ കാരണം. അതില്‍ കച്ചവടക്കാരനും കൃഷിക്കാരനും ഒരുപോലെ നേട്ടമുണ്ടായിരുന്നു. ഇനി ഇതെങ്ങനെ ഇന്‍സ്റ്റാള്‍മെന്‍റ് കച്ചവടത്തില്‍ റെഡി കാശിനേക്കാള്‍ കൂടുതല്‍ വില ഈടാക്കല്‍ അനുവദനീയമാണ് എന്നതിനുള്ള തെളിവാകുന്നു എന്നാണ് നാം പരിശോധിക്കുന്നത്.

സലം കച്ചവടത്തില്‍ പണം മുന്‍കൂട്ടി നല്‍കുന്നു. വസ്തു പിന്നീടാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ വസ്തുവിന്‍റെ വിലയില്‍ മുന്‍കൂട്ടി പണം നല്‍കിയ ആള്‍ക്ക് ഇളവ് ലഭിക്കുന്നു. അപ്പോള്‍ പണം മുന്‍കൂട്ടി നല്‍കുന്നത് കൊണ്ട് ഇവിടെ ലഭിക്കുന്ന ഇളവ് ശ്രദ്ധേയമാണ്. ഇന്‍സ്റ്റാള്‍മെന്‍റ് കച്ചവടത്തിലാകട്ടെ വസ്തു മുന്‍കൂട്ടി നല്‍കുന്നു. പണം പിന്നീടാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ വസ്തുവിന് കൂടുതല്‍ വില ഈടാക്കാം. അതുകൊണ്ടാണ് ‘സലം കച്ചവടം’ റെഡി കാശ് വിലയേക്കാള്‍ ഇന്‍സ്റ്റാള്‍മെന്‍റ് വില ഈടാക്കാന്‍ തെളിവാണ് എന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്താന്‍ കാരണം. അതില്‍ ഒന്ന് നിഷിദ്ധമാണ് എന്ന് വന്നാല്‍ മറ്റേതും നിഷിദ്ധമാണ് എന്ന് പറയേണ്ടി വരും. സലം കച്ചവടം അനുവദനീയമാണ് എന്നതില്‍ സ്പഷ്ടമായ തെളിവും ഇജ്മാഉം ഉണ്ട്താനും.

നാല്:  ഒരു വസ്തുവിന് അതിന്‍റെ റൊക്കം പണം നല്‍കി വാങ്ങുന്നതിനേക്കാള്‍ വില അവധി നിശ്ചയിച്ച് വാങ്ങുമ്പോള്‍ നല്‍കേണ്ടി വരും എന്ന കാര്യത്തില്‍ ആര്‍ക്കും യാതൊരു തര്‍ക്കവുമില്ല. വളരെക്കാലം മുതല്‍ക്കേ ആളുകള്‍ കച്ചവട രംഗത്ത് പാലിച്ചുപോരുന്ന ഒരു രീതിയാണത്. തന്‍റെ വസ്തു വില്‍ക്കുമ്പോള്‍ കച്ചവടം ഉറപ്പിക്കുന്നതിന് മുന്‍പ് അതിന്‍റെ വില നിര്‍ണയിക്കാനുള്ള അനുവാദം അതിന്‍റെ ഉടമസ്ഥന് ഉണ്ട് എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. എന്നാല്‍ സര്‍വവ്യാപകമായി നിലവിലുള്ള ഈ കച്ചവടം അനുവദനീയമല്ല എന്ന് പറയാന്‍ യാതൊരു തെളിവുമില്ല. നമുക്കറിയാം അടിസ്ഥാനപരമായി കച്ചവടങ്ങള്‍ എല്ലാം അനുവദനീയമാണ് അത് നിഷിദ്ധമാണ് എന്നതിന് വ്യക്തമായ തെളിവ് ലഭിക്കുന്നത് വരെ. ഇത് പാടില്ല എന്ന് പറഞ്ഞ വളരെ ന്യൂനപക്ഷം വരുന്ന പണ്ഡിതന്മാര്‍ക്ക് തങ്ങളുടെ വാദത്തിനുള്ള പ്രബലമായ തെളിവ് ഹാജരാക്കാന്‍ സാധിച്ചിട്ടില്ല. ഇതിന്  പലിശയുമായി സാമ്യതയുണ്ട് എന്നതാണ് അവരുടെ വാദം. എന്നാല്‍ ഇത് കച്ചവടമാണ്. വില്‍ക്കുന്നവനും വാങ്ങുന്നവനും തമ്മില്‍ മുന്‍കൂട്ടി യാതൊരു കടബാധ്യതയും ഇല്ല. മാത്രമല്ല പലിശയില്‍ നിന്നും വ്യത്യസ്ഥമായി വസ്തുവിന്‍റെ വില്പനയാണ് ഇവിടെ നടക്കുന്നത്. പലിശക്കരാറില്‍ നിന്നും വ്യത്യസ്ഥമായി പ്രൊഡക്റ്റ് ആണ് ഈ കരാറിലെ അടിസ്ഥാന ബിന്ദു എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല വില്പന നടന്നു കഴിയുമ്പോള്‍ വില്പനക്കാരനും വാങ്ങിക്കുന്നവനും തമ്മില്‍ ഉള്ള ബന്ധം കടബാധ്യതയായി മാറുന്നു. അതുകൊണ്ടാണ് കച്ചവടം നടന്നുകഴിഞ്ഞാല്‍ പിന്നെ ഒരിക്കലും ആ കടബാധ്യത വര്‍ദ്ധിക്കാന്‍ പാടില്ല എന്ന് നാം പ്രത്യേകം സൂചിപ്പിച്ചത്. അപ്പോള്‍ വാങ്ങിക്കുന്നയാള്‍ അടവ് കൃത്യമായി അടച്ചില്ലെങ്കിലോ എന്നാണ്

ചോദ്യമെങ്കില്‍, അതിന് വേണ്ട മുന്‍കരുതല്‍ വില്‍ക്കുന്നയാള്‍ അല്ലെങ്കില്‍ സ്ഥാപനം മുന്‍കൂട്ടി എടുത്തിരിക്കണം എന്നാണ് പറയാനുള്ളത്. സാധാരണ അതിന് ചെയ്യാറുള്ളത് അയാളുടെ ബാങ്ക് വഴി സാലറിയില്‍ നിന്നു തന്നെ ഘടുക്കള്‍ പിടിക്കുക എന്നുള്ളതാണ്. അതുകൊണ്ടാണ് ഇസ്‌ലാമികമായി ഇന്‍സ്റ്റാള്‍മെന്‍റ് സെയില്‍ നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ സാലറി സര്‍ട്ടിഫിക്കറ്റും മറ്റും കൃത്യമായി പരിശോധിച്ച ശേഷം മാത്രം ഇന്‍സ്റ്റാള്‍മെന്‍റ് അനുവദിക്കുന്നത്. മാത്രമല്ല വ്യക്തികളുടെയോ വസ്തുക്കളുടെയോ ഗ്യാരണ്ടി ആവശ്യപ്പെട്ടുകൊണ്ടും സുരക്ഷ ഉറപ്പാക്കാം. അപ്പോഴും തങ്ങള്‍ക്ക് ലഭിക്കാനുള്ള തുകയില്‍ കൂടുതല്‍ ഒന്നും തന്നെ ഈടാക്കാന്‍ പാടില്ല.

ആധുനിക കാലഘട്ടത്തില്‍ ജീവിച്ച പ്രമുഖ സലഫീ പണ്ഡിതന്മാരെല്ലാം ഇത് അനുവദനീയമാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ശൈഖ് ഇബ്നു ബാസ് റഹിമഹുല്ല പറയുന്നു: 

എന്നോട് ചോദിക്കപ്പെട്ട ഒരു ചോദ്യം ഇപ്രകാരമാണ്: നൂറ് റിയാല്‍ വില വരുന്ന ഒരു പാക്കറ്റ് പഞ്ചസാര, വിലക്ക് അവധി നിശ്ചയിച്ചുകൊണ്ട് നൂറ്റി അന്‍പത് റിയാലിന് വില്‍ക്കാന്‍ പാടുണ്ടോ ?.

അതുമായി ബന്ധപ്പെട്ട് പറയാനുള്ളത്, അത് അനുവദനീയമായ ഇടപാടാണ്. റൊക്കം പണം നല്‍കിയുള്ള കച്ചവടവും, അവധി പറഞ്ഞുള്ള കച്ചവടവും ഒരുപോലെയല്ല.  അത് അനുവദനീയമാണ് എന്നതില്‍ ഏകാഭിപ്രായമുള്ളത് പോലെ മുസ്‌ലിംകള്‍ ഇക്കാലം വരെ ഈ ഒരിടപാട് ചെയ്തുപോരുന്നുണ്ട്.

വിലക്ക് അവധി പറഞ്ഞുകൊണ്ട് കച്ചവടം ചെയ്യുമ്പോള്‍കൂടുതല്‍ പണം ഈടാക്കുന്നത് അനുവദനീയമല്ല എന്ന് വളരേ ഒറ്റപ്പെട്ട ചില പണ്ഡിതാഭിപ്രായങ്ങളുണ്ട്. അത് പലിശയാണ് എന്നാണവര്‍ ധരിച്ചത്. അവരുടെ അഭിപ്രായത്തിന് യാതൊരു സാധുതയുമില്ല. യഥാര്‍ത്ഥത്തില്‍ ആ ഇടപാടിന് പലിശയുമായി യാതൊരു ബന്ധവുമില്ല. കാരണം കച്ചവടക്കാരന്‍ അതിന്‍റെ വില നല്‍കാന്‍ അവധി നല്‍കിയപ്പോള്‍, അദ്ദേഹത്തിന് കൂടുതല്‍ വില നല്‍കി ആ വസ്തു വാങ്ങിക്കുന്നതില്‍ അദ്ദേഹത്തിനും പ്രയോജനമുണ്ട്  എന്നതുകൊണ്ടാണ് അപ്രകാരം നല്‍കാന്‍ തയ്യാറായത്. (വില നല്‍കാന്‍) തനിക്ക് കുറച്ച് സാവകാശം കിട്ടുമെന്ന ഉപകാരം കണക്കിലെടുത്തുകൊണ്ടും, റെഡി കാശ് നല്‍കി വാങ്ങാന്‍ തനിക്കാവാത്തതിനാലുമാണ് വാങ്ങിക്കുന്നവന്‍ കൂടുതല്‍ വില നല്‍കാന്‍ തയ്യാറായത്. അതുകൊണ്ട് ഈ ഇടപാട് വില്‍ക്കുന്നവനും വാങ്ങിക്കുന്നവനും പ്രയോജനകാരമാണ്.

ഇത് അനുവദനീയമാണ് എന്ന് സൂചിപ്പിക്കുന്ന ഹദീസ് നബി (ﷺ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടുമുണ്ട്. അബ്ദുല്ലാഹ് ബിന്‍ അം റു ബ്നുല്‍ ആസ് (റ) വിനെ പടയൊരുക്കം നടത്താനായി ഏല്‍പ്പിച്ച സമയത്ത് അദ്ദേഹം ഒരൊട്ടകം ഇപ്പോള്‍ നല്‍കിയാല്‍ പിന്നീട് രണ്ടൊട്ടകങ്ങള്‍ നല്‍കാം എന്ന തോതില്‍ അവധി പറഞ്ഞുകൊണ്ട്  ഒട്ടകങ്ങളെ വാങ്ങിച്ചിരുന്നു.  (ഈ ഹദീസിന്‍റെ പൂര്‍ണരൂപം മുകളില്‍ എന്‍റെ വിശദീകരണത്തില്‍ ആദ്യത്തെ തെളിവായി ഞാന്‍ നല്‍കിയിട്ടുണ്ട്).

അതുപോലെ ഈ ഇടപാട് അല്ലാഹുവിന്‍റെ ഈ ആയത്തിന്‍റെ പൊതു ആശയത്തില്‍ ഉള്‍ക്കൊള്ളുന്ന ഒരു അനുവദിക്കപ്പെട്ട ഒരിടപാടാണ്. അല്ലാഹു പറയുന്നു: 

يَا أَيُّهَا الَّذِينَ آمَنُواْ إِذَا تَدَايَنتُم بِدَيْنٍ إِلَى أَجَلٍ مُّسَمًّى فَاكْتُبُوهُ

“സത്യവിശ്വാസികളേ, ഒരു നിശ്ചിത അവധിവെച്ചു കൊണ്ട്‌ നിങ്ങള്‍ അന്യോന്യം വല്ല കടമിടപാടും നടത്തിയാല്‍ നിങ്ങള്‍ അത്‌ എഴുതി വെക്കേണ്ടതാണ്‌”. – [അല്‍ബഖറ: 282].

മുകളിലെ ആയത്തില്‍ സൂചിപ്പിക്കപ്പെട്ട, അനുവദനീയമായ  കടമിടപാടുകളില്‍ പെട്ടതാണ് ഈ കച്ചവട രീതിയും. അതുപോലെത്തന്നെ ഇത് ‘സലം’ കച്ചവടത്തിന്‍റെ അതേ ഗണത്തില്‍പ്പെട്ടതുമാണ്. കാരണം സലം കച്ചവടത്തില്‍ അത് അനുവദിക്കപ്പെട്ട കൃഷിവിളകളില്‍ കച്ചവടക്കാരന്‍ ധാന്യങ്ങള്‍ പിന്നീട് നല്‍കാം എന്ന ഉറപ്പോടുകൂടി പണം മുന്‍കൂട്ടി സ്വീകരിച്ച് കച്ചവടം നടത്തുന്നു. സലം കരാര്‍ ഉറപ്പിക്കുന്ന വേളയില്‍ ഉള്ള വിലയെക്കാള്‍ കുറഞ്ഞ വിലയില്‍ ആണ് വാങ്ങിക്കുന്നയാള്‍ക്ക് ധാന്യം ലഭിക്കുക. കാരണം പണം മുന്‍കൂട്ടി നല്‍കുന്നതിനാലും ധാന്യം അവധി നിശ്ചയിച്ചുകൊണ്ട് ലഭിക്കുന്നതിനാലുമാണത്. ‘സലം’ അനുവദനീയമാണ് എന്നുള്ളത് ‘ഇജ്മാഅ്’ ഉള്ള കാര്യമാണ്. സലം കച്ചവടത്തിന്‍റെ നേര്‍ വിപരീതത്തിലുള്ള ഒരു രീതിയാണ് ഇവിടെ നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. (സലമില്‍ പണം ആദ്യം നല്‍കുകയും വസ്തു പിന്നീട് ലഭിക്കുകയും ചെയ്യുന്നതിനാല്‍ വസ്തു കുറഞ്ഞ വിലക്ക് നല്‍കുന്നു. ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയത്തിലാകട്ടെ വസ്തു ആദ്യം ലഭിക്കുകയും പണം പിന്നീട് നല്‍കുകയും ചെയ്യുന്നതിനാല്‍ കൂടുതല്‍ വില ഈടാക്കുന്നു എന്നേയുള്ളൂ. രണ്ടും ഒരുപോലെയാണ്. അതുകൊണ്ടുതന്നെ രണ്ടും സലമിന്‍റെ അതേ വിധി തന്നെയാണ് ഇതിനും). – [ഫത്’വയുടെ പൂര്‍ണരൂപവും അറബിയും ലഭിക്കാന്‍ ഈ ലിങ്കില്‍ പോകുക. http://www.binbaz.org.sa/node/3884].

ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ലയോടുള്ള ചോദ്യവും അദ്ദേഹം നല്‍കുന്ന മറുപടിയും: 

ചോദ്യം: ഒരാള്‍ തന്‍റെ കൈവശമുള്ള കാറുകള്‍ ഇന്‍സ്റ്റാള്‍മെന്‍റ് രൂപത്തില്‍ വില്‍ക്കാനായി ഷോറൂമില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതിന്‍റെ യഥാര്‍ത്ഥ വിലയെക്കാള്‍ പതിനയ്യായിരം റിയാല്‍ അതികം നല്‍കിക്കൊണ്ട്, അഥവാ മുപ്പത്തയ്യായിരം റിയാല്‍ റെഡി കാശ് വിലയുള്ള കാറിന് പതിനയ്യായിരം അധികം നല്‍കി മൊത്തം അന്‍പതിനായിരം റിയാല്‍ ഇന്‍സ്റ്റാള്‍മെന്‍റ് ആയി അടക്കം എന്ന നിലക്ക് ഞാന്‍ വാങ്ങുകയാണ് എങ്കില്‍ ആ കച്ചവടത്തിന്‍റെ വിധി എന്താണ് ?.

ഉത്തരം : ” റെഡി കാശ് വിലയെക്കാള്‍ കൂടുതല്‍ വില നല്‍കിക്കൊണ്ട് അവധിക്ക് വസ്തു വാങ്ങുന്നതില്‍ (ഇന്‍സ്റ്റാള്‍മെന്‍റ് രൂപത്തില്‍) തെറ്റില്ല. വില അധികം നല്‍കിയാലല്ലാതെ ആളുകള്‍ വസ്തു അവധിക്ക് നല്‍കുകയില്ലല്ലോ. വില അധികം നല്‍കിയില്ലെങ്കില്‍ ഒരാളും റെഡി കാശിനല്ലാതെ  പിന്നെ ആരും  അവധി നല്‍കിക്കൊണ്ട് ആരും വില്‍പന നടത്തില്ല. അത് പണമില്ലാത്ത  ആളുകളെ വളരെയധികം ദോശകരമായി ബാധിക്കും. ഇന്‍സ്റ്റാള്‍മെന്‍റ് ആയും, സാവകാശം നല്‍കിക്കൊണ്ടും വില ഈടാക്കുന്ന കച്ചവട രീതി ആളുകള്‍ക്ക് വളരെയധികം  ആശ്വാസം നല്‍കുന്നുണ്ട്. അത് ആളുകള്‍ക്ക് ആവശ്യവുമാണ്. അതുകൊണ്ട് ഇന്‍ ഷാ അല്ലാഹ് അതില്‍ യാതൊരു കുഴപ്പവുമില്ല. പക്ഷെ അമിതമായ രൂപത്തില്‍ വില വര്‍ദ്ധിപ്പിക്കരുത്. ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന പരിധിയിലേ വില വര്‍ദ്ധിപ്പിക്കാവൂ. ഈ രൂപത്തില്‍ അമിതമായ വില ഈടാക്കരുത്. അമിതമായ വില ഈടാക്കുക എന്നുള്ളത് വെറുക്കപ്പെട്ടതാണ്. ദരിദ്രന്‍റെ ആവശ്യത്തെ ചൂഷണം ചെയ്തുകൊണ്ട് കച്ചവടക്കാരന്‍ അമിതമായ വില ഈടാക്കുകയെന്നത്, മുസ്‌ലിമിനെ ഉപദ്രവിക്കലാണ്. അതുകൊണ്ട് തന്നെ അമിതമായ വില ഈടാക്കുക എന്നത് വെറുക്കപ്പെട്ട കാര്യമാണ്. ഏതായാലും അടിസ്ഥാനപരമായി ചോദിക്കപ്പെട്ട കച്ചവടം അനുവദനീയമാണ്. ” – [ഈ ഫത്’വയുടെ അറബി ശ്രവിക്കാന്‍ ഈ ലിങ്കില്‍ പോകുക: http://www.alfawzan.af.org.sa/node/4201 ].

ഏതായാലും കച്ചവടം നടന്നു കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും ആ കടബാധ്യത വര്‍ദ്ധിപ്പിക്കാന്‍ പാടില്ല എന്നതില്‍ പണ്ഡിതന്മാര്‍ക്ക് ഏകാഭിപ്രായമാണ്. അതായത് രണ്ട് ലക്ഷം റെഡി കാശ് വിലവരുന്ന ഒരു കാര്‍ രണ്ട് ലക്ഷത്തി ഇരുപത്തയ്യായിരം രൂപക്ക് രണ്ട് വര്‍ഷത്തെ അവധിയോടുകൂടി  ഇന്‍സ്റ്റാള്‍മെന്‍റ് രൂപത്തില്‍ നമ്മള്‍ വാങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഒരു കാരണവശാലും രണ്ടുലക്ഷത്തി ഇരുപത്തയ്യായിരം എന്ന കടബാധ്യത വര്‍ദ്ധിക്കില്ല. അഥവാ കച്ചവടം നടക്കുന്നതിന് മുന്‍പ് വിലയില്‍ മാറ്റം വരുത്താനുള്ള അനുമതി കച്ചവടം നടന്നു കഴിഞ്ഞാല്‍ ഇല്ല. കാരണം കച്ചവടം നടന്നു കഴിഞ്ഞാല്‍ പിന്നെ വാങ്ങിക്കുന്നയാളും വില്‍ക്കുന്നയാളും തമ്മിലുള്ള ബാധ്യത കടബാധ്യതയായി മാറി. കടബാധ്യത വര്‍ദ്ധിപ്പിക്കല്‍ പലിശയാണ്. അതുകൊണ്ടാണ് നമ്മുടെ നാട്ടില്‍ പൊതുവേ പ്രചാരത്തിലുള്ള ഇന്‍സ്റ്റാള്‍മെന്‍റ് രീതി നിഷിദ്ധമാണ് എന്ന് പറയാന്‍ കാരണം. കസ്റ്റമര്‍ പെയ്മെന്‍റ് തെറ്റിച്ചാല്‍ അവര്‍ കടബാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് പലിശയാണ്. മറിച്ച് കസ്റ്റമര്‍ പെയ്മെന്‍റ് തെറ്റിച്ചാല്‍ എന്തുചെയ്യുമെന്ന മുന്‍കരുതല്‍ മുന്‍കൂട്ടി എടുക്കുകയാണ് വേണ്ടത്. സെക്യൂരിറ്റി വാങ്ങുക, സാലറിയില്‍ നിന്നും ഇന്‍സ്റ്റാള്‍മെന്‍റ് നേരിട്ട് ഈടാക്കുക, വലിയ സംഖ്യക്ക് വ്യക്തികളെ സെക്യൂരിറ്റി ആയി ആവശ്യപ്പെടുക, അകാരണമായി ഇന്‍സ്റ്റാള്‍മെന്‍റ് തെറ്റിക്കുന്ന സമയത്ത് നിയമ നടപടി എടുക്കാനുള്ള പെയ്പ്പറുകള്‍ തയ്യാറാക്കുക  തുടങ്ങി ഒരുപാട് മാര്‍ഗങ്ങള്‍ അതിനുണ്ട് താനും

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

സ്വര്‍ണ്ണാഭരണങ്ങള്‍ വാടകക്ക് നല്‍കാമോ ?.

സ്വര്‍ണ്ണാഭരണങ്ങള്‍ വാടകക്ക് നല്‍കാമോ ?

الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

ഇന്നലെ 5/8/2015ന് റിയാദില്‍ വച്ച് നടന്ന ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചുള്ള സെമിനാറില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഹലാലായ ഉപയോഗങ്ങള്‍ക്ക് വേണ്ടി വാടകക്ക് നല്‍കുന്നതിനെ സംബന്ധിച്ച് ചോദിക്കപ്പെട്ടിരുന്നു. ജ്വല്ലറിയില്‍ ഡിസ്പ്ലേ ചെയ്യാന്‍ ആഭരണങ്ങള്‍ നല്‍കി അതിന് വാടക ഈടാക്കാമോ എന്നതായിരുന്നു ചോദ്യം. കൂടുതല്‍ പരിശോധിച്ച് അത് വ്യക്തമാക്കാം എന്ന് പറഞ്ഞിരുന്നു. അതാണ്‌ ഇവിടെ കുറിക്കുന്നത്.

ഹലാലായ ഉപയോഗങ്ങള്‍ക്ക് സ്വര്‍ണ്ണാഭരണങ്ങളാകട്ടെ വെള്ളിയാഭരണങ്ങളാകട്ടെവാടകക്ക് നല്‍കുന്നതില്‍ തെറ്റില്ല. ജ്വല്ലറിയില്‍ ആഭരണങ്ങളുടെ പ്രദര്‍ശനാര്‍ത്ഥം നല്‍കുന്നത് ഈ ഇനത്തില്‍ പെട്ടതാണ്. എന്നാല്‍ സ്ത്രീ സൗന്ദര്യം പ്രദര്‍ശിപ്പിച്ചുകൊണ്ട് വ്യാപാരം നടത്തുന്ന ജ്വല്ലറികളുമായി ഒരു നിലക്കും വിശ്വാസികള്‍ സഹകരിക്കാന്‍ പാടില്ല. അതുപോലെ അന്യപുരുഷന്മാര്‍ക്ക് മുന്‍പില്‍ സ്ത്രീസൗന്ദര്യം പ്രദര്‍ശിപ്പിക്കാനായുള്ള ആവശ്യത്തിനും വാടകക്ക് നല്‍കല്‍ നിഷിദ്ധമാണ്.

കല്യാണവേളയില്‍ സ്ത്രീക്ക് ധരിക്കാനുള്ള സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങള്‍ ഒന്നോ രണ്ടോ ആഴച്ചക്ക് വാടകക്ക് നല്‍കുന്നതിനെ സംബന്ധിച്ച് ലിജ്നതുദ്ദാഇമയോടുള്ള ചോദ്യത്തിന് അവര്‍ നല്‍കുന്ന മറുപടി:

 ഉത്തരം: “സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങളോ ഇതര ആഭരണങ്ങളോ നിര്‍ണ്ണിതമായ സമയത്തേക്ക് നിശ്ചിത വാടക നിശ്ചയിച്ചുകൊണ്ട് വാടകക്ക് നല്‍കല്‍ അടിസ്ഥാനപരമായി അനുവദനീയമാണ്. വാടകയുടെ സമയം പൂര്‍ത്തിയായാല്‍ വാടകക്കെടുത്തയാള്‍ ആഭരണങ്ങള്‍ തിരിച്ച് നല്‍കണം. വാടകക്ക് നല്‍കുന്ന ആഭരണങ്ങള്‍ക്ക് ഈട് വാങ്ങിവെക്കുന്നതിലും തെറ്റില്ല”. – [ഇതിന്‍റെ അറബി ലഭിക്കാന്‍ ഈ ലിങ്കില്‍ പോകുക : http://www.alifta.net/Fatawa/FatawaChapters.aspx?languagename=ar&View=Page&PageID=5514&PageNo=1&BookID=3 ].

  എന്നാല്‍ ഇവിടെമനസ്സിലാക്കേണ്ട ഒരു കാര്യം ഒരിക്കലും കല്യാണവേളയില്‍ സ്ത്രീ ആഭരണങ്ങള്‍ അണിഞ്ഞൊരുങ്ങി അന്യ പുരുഷന്മാര്‍ക്ക് മുന്നില്‍ പ്രദര്‍ശന വസ്തുവാകുന്നത് ഹറാമാണ്. ആണും പെണ്ണും ഇടകലര്‍ന്നുള്ള നമ്മുടെ നാട്ടിലെ കല്യാണസ്വീകരണങ്ങളും ഹറാം തന്നെയാണ് എന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ സ്ത്രീകള്‍ക്ക് പ്രത്യേകം ഒരുക്കിയ സൗകര്യത്തില്‍ അവര്‍ക്ക് അലങ്കാരമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ അണിയാം. അത് വാടകക്കെടുത്തും അണിയാം. സ്വര്‍ണ്ണാഭരണങ്ങള്‍ ഹലാലായ ആവശ്യത്തിന് വാടകക്കെടുക്കുന്നതും നല്‍കുന്നതും തെറ്റില്ല. അതാണ്‌ ഫത്’വയില്‍ സൂചിപ്പിക്കപ്പെട്ടത്.

 എന്നാല്‍ സ്വര്‍ണ്ണാഭരണങ്ങള്‍ സാമ്പത്തിക ആവശ്യത്തിന് ഉപയോഗിക്കാനായി, അഥവാ അത് വിറ്റ് പണമാക്കി ഉപയോഗിക്കാനും, ശേഷം തിരിച്ചു നല്‍കാനും ആവശ്യപ്പെട്ടുകൊണ്ട് ഒരാള്‍ക്ക് കടം നല്‍കിയാല്‍, നല്‍കിയ സ്വര്‍ണ്ണത്തേക്കാള്‍ കൂടുതല്‍ യാതൊന്നും തന്നെ ഈടാക്കാന്‍ പാടില്ല. കാരണം അത് കടമാണ്. ഒരാള്‍ക്ക് സ്വര്‍ണ്ണം കടം നല്‍കിയാല്‍, നല്‍കിയ തൂക്കത്തേക്കാള്‍ കൂടുതല്‍ യാതൊന്നും ഈടാക്കാന്‍ പാടില്ല. ഉദാ: ഞാന്‍ ഒരാള്‍ക്ക് അയാളുടെ സാമ്പത്തിക ആവശ്യത്തിനായി പത്ത് പവന്‍ നല്‍കി എന്ന് കരുതുക. അയാളില്‍ നിന്ന് തിരിച്ച് പത്ത് പവനില്‍ കൂടുതല്‍ യാതൊന്നും തന്നെ ഈടാക്കാന്‍ പാടില്ല. മാത്രമല്ല സ്വര്‍ണ്ണം കടം നല്‍കിയാല്‍ അത് സ്വര്‍ണ്ണമായിത്തന്നെ തിരിച്ചു നല്‍കണം.

 അതോടൊപ്പം മനസ്സിലാക്കേണ്ട ഒരു കാര്യം സ്വര്‍ണ്ണാഭരണം ഒരാളുടെ കയ്യില്‍ നിന്ന് വാങ്ങിക്കുകയാണ് എങ്കില്‍ അതിന്‍റെ വില നല്‍കാതെ കടം പറഞ്ഞ് വാങ്ങിക്കല്‍ പലിശയാണ്. ഉദാ: ജ്വല്ലറിയില്‍ നിന്ന് പത്ത് പവന്‍ സ്വര്‍ണ്ണം പണം പിന്നെ നല്‍കാം എന്ന ഉപാധിയോടെ വാങ്ങിച്ചാല്‍ അത് പലിശയാണ്. കാരണം നബി (സ) സ്വര്‍ണ്ണവും നാണയവും കൈമാറ്റം ചെയ്യുന്ന സന്ദര്‍ഭത്തില്‍ അപ്പപ്പോള്‍ കൈമാറ്റം ചെയ്യണം എന്ന നിബന്ധന പഠിപ്പിച്ചിട്ടുണ്ട്. ഇല്ലയെങ്കില്‍ അത് ‘രിബന്നസീഅ’ അഥവാ ‘കാലതാമസത്തിന്‍റെ പലിശ’ എന്ന ഇനത്തിലാണ് പെടുക.

 നേരത്തെ സ്വര്‍ണ്ണം കടം നല്‍കാം എന്ന് പറഞ്ഞതും ഇതും തമ്മില്‍ തെറ്റിദ്ധാരണ ഉണ്ടാകേണ്ടതില്ല. ജ്വല്ലറിക്കാരന്‍ നിങ്ങള്‍ അയാള്‍ക്ക് പത്ത്  പവന്‍ തന്നെ തിരിച്ച് നല്‍കിയാല്‍ മതി എന്ന ഉപാധിയോടെ പത്ത് പവന്‍ നല്‍കിയാല്‍ അത് കടമാണ്. അത് അനുവദനീയമാണ്. പക്ഷെ ജ്വല്ലറിക്കാര്‍ നിങ്ങള്‍ക്ക് പത്ത് പവന്‍ നല്‍കി, പത്ത് പവന്‍ തിരിച്ച് തന്നാല്‍ മതി എന്ന് പറയുമെന്ന് ഞാന്‍ കരുതുന്നില്ല.  എന്നാല്‍ പത്ത് പവന്‍ നല്‍കി അതിന്‍റെ പണം പിന്നെ നല്‍കിയാല്‍ മതി എന്ന് പറഞ്ഞാല്‍ അത് കച്ചവടമാണ്. പണം റൊക്കം തതവസരത്തില്‍ തന്നെ കൊടുക്കാതെ സ്വര്‍ണ്ണം കച്ചവടം ചെയ്യുന്നത് നബി (സ) വിലക്കുകയും പലിശയുടെ കൂട്ടത്തില്‍ എണ്ണുകയും ചെയ്ത കാര്യമാണ്. അതുപോലെ പഴയ സ്വര്‍ണ്ണം 8 പവന്‍ നല്‍കി പുതിയ സ്വര്‍ണ്ണം 7 പവന്‍ വാങ്ങുന്ന എക്സ്ചേഞ്ച്‌ രീതിയും നിഷിദ്ധമാണ്. അത് ‘രിബല്‍ ഫദ്ല്‍’ അഥവാ ‘അധികമീടാക്കുന്ന പലിശ’ എന്ന ഇനത്തിലാണ് പെടുക. നബി (സ) പറഞ്ഞു : “നിങ്ങള്‍ സ്വര്‍ണ്ണത്തെ സ്വര്‍ണ്ണത്തിന് പകരമായി തുല്യ തൂക്കമായിട്ടല്ലാതെ കൈമാറ്റം ചെയ്യരുത്”. അത് പലിശയാണ് എന്ന് സൂചിപ്പിക്കുന്ന ധാരാളം ഹദീസുകള്‍ കാണാം. പഴയ സ്വര്‍ണ്ണം വിറ്റ് അതിന്‍റെ വില കൈപ്പറ്റിയതിനു ശേഷം, പുതിയ സ്വര്‍ണ്ണം അതിന്‍റെ വിലകൊടുത്ത് വാങ്ങുക എന്നതാണ് ഇസ്‌ലാമികമായി അനുവദിക്കപ്പെട്ട രീതി. സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം.

 

 അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

കച്ചവടത്തില്‍ നിന്നും പിന്മാറിയാല്‍ അഡ്വാന്‍സ് തിരികെ നല്‍കേണ്ടതുണ്ടോ ?.

കച്ചവടത്തില്‍ നിന്നും പിന്മാറിയാല്‍ അഡ്വാന്‍സ് തിരികെ നല്‍കേണ്ടതുണ്ടോ ?

അഡ്വാന്‍സ് ആയി നല്‍കുന്ന പണം തിരിച്ച് നല്‍കില്ല എന്ന ധാരണ വില്‍ക്കുന്നയാളും വാങ്ങുന്നയാളും തമ്മില്‍ മുന്‍കൂട്ടിയുണ്ടെങ്കില്‍ അഡ്വാന്‍സ് തിരിച്ച് കൊടുക്കേണ്ടതില്ല. 


വാങ്ങിക്കുന്ന ആള്‍ കച്ചവട ഇടപാടില്‍ ഏര്‍പ്പെടുന്നത്  ഗൗരവത്തോടെത്തന്നെയാണ് എന്ന് ഉറപ്പാക്കാനാണല്ലോ അഡ്വാന്‍സ് വാങ്ങുന്നത്. വില്‍ക്കുന്നയാള്‍ക്കും വാങ്ങിക്കുന്നയാള്‍ക്കും അഡ്വാന്‍സ് കൊണ്ട് പ്രയോജനമുണ്ട്. വില്പനക്കാരനെ സംബന്ധിച്ചിടത്തോളം കബളിപ്പിക്കപ്പെടാതിരിക്കാനും, അന്യായമായി അയാളുടെ കച്ചവടം തടസ്സപ്പെടുത്തപ്പെടാതിരിക്കാനും, അതുപോലെ വാങ്ങിക്കുന്ന ആളെ സംബന്ധിച്ചിടത്തോളം വസ്തു മറ്റാരെങ്കിലും വാങ്ങിപ്പോകാതെ താന്‍ ഉദ്ദേശിക്കുന്ന സാവകാശം ലഭിക്കാനും അഡ്വാന്‍സ് സഹായകമാണ്. എന്നാല്‍ അഡ്വാന്‍സ് നല്‍കിയ വ്യക്തിക്ക് വേണ്ടി കാത്തുനില്‍ക്കുന്നത് വില്പനക്കാരന്‍റെ മറ്റു കച്ചവടത്തെ തടയുമെന്നതിനാലും, ഒരുപക്ഷെ അയാള്‍ക്കതുകൊണ്ട് നഷ്ടം സംഭവിച്ചേക്കാം എന്നതിനാലും അഡ്വാന്‍സ് നല്‍കിയ ആളുടെ കാരണത്താല്‍ കച്ചവടം നടന്നില്ലെങ്കില്‍ അയാള്‍ ആ അഡ്വാന്‍സിന് അര്‍ഹനാണ്. എന്നാല്‍ പിന്നീട് അതിനെചൊല്ലി തര്‍ക്കം ഉണ്ടാകാതിരിക്കാനാണ് നേരത്തെ തന്നെ കച്ചവടം മുടങ്ങിയാല്‍ അഡ്വാന്‍സ് തിരികെ നല്‍കില്ല എന്ന ധാരണ മുന്‍കൂട്ടി ഉണ്ടായിരിക്കണം എന്ന് പറയാന്‍ കാരണം.


ലിജ്നതുദ്ദാഇമയോട് ഇത് സംബന്ധമായി ചോദിക്കപ്പെട്ട ഒരു ചോദ്യവും അതിന് അവര്‍ നല്‍കിയ മറുപടിയും:

 

ചോദ്യം: കച്ചവടക്കാരന് കസ്റ്റമറില്‍ നിന്നും അഡ്വാന്‍സ് വാങ്ങാമോ ?. (വസ്തു) വാങ്ങിക്കുന്നവന്‍ വാക്ക് പാലിക്കാതിരിക്കുകയോ, കച്ചവടത്തില്‍ നിന്നും പിന്മാറുകയോ ചെയ്‌താല്‍ അഡ്വാന്‍സ് ആയി വാങ്ങിയ പണം തിരിച്ച് കൊടുക്കാതെ കച്ചവടക്കാരന് അതെടുക്കാമോ ?. ശറഇയ്യായി അതനുവദനീയമാണോ ?.


ഉത്തരം: ചോദ്യത്തില്‍ സൂചിപ്പിച്ചത് പോലെ (അഡ്വാന്‍സ് നല്‍കിയ ആള്‍ കച്ചവടത്തില്‍ നിന്നും പിന്മാറുകയോ, വാക്ക് ലംഘിക്കുകയോ ചെയ്‌താല്‍)  കച്ചവടക്കാരന് അഡ്വാന്‍സ് എടുക്കാം. കച്ചവടത്തില്‍ നിന്നും പിന്മാറിയാല്‍ അഡ്വാന്‍സ് തിരിച്ച് നല്‍കില്ല എന്ന ധാരണ മുന്‍കൂട്ടി രണ്ടുപേര്‍ക്കും ഉണ്ടെങ്കില്‍ അഡ്വാന്‍സ് തിരിച്ച് നല്‍കേണ്ടതില്ല എന്നതാണ് പണ്ഡിതന്മാര്‍ക്ക് ഈ വിഷയത്തിലുള്ള രണ്ടഭിപ്രായങ്ങളില്‍ ഏറ്റവും ശരിയായ അഭിപ്രായം. –


[ഫത്’വയില്‍ ഒപ്പ് വെച്ചത്: അബ്ദുല്‍ അസീസ്‌ ബിന്‍ ബാസ് (റഹിമഹുല്ല), അബ്ദുറസാഖ് അഫീഫി (ഹഫിദഹുല്ല), അബ്ദല്ലാഹ് ബിന്‍ ഗുദയ്യാന്‍ (റഹിമഹുല്ല).]


എന്നാല്‍ ഇത്തോടൊപ്പം മനസ്സിലാക്കേണ്ട ഒരു കാര്യം, വില്പനക്കാരന്‍റെ വീഴ്ച കൊണ്ടോ, അതല്ലെങ്കില്‍ രണ്ടുപേരുടേതുമല്ലാത്ത ഒരു കാരണത്താലോ ആണ് കച്ചവടം മുടങ്ങിയതെങ്കില്‍ അഡ്വാന്‍സ് തുക തിരികെ നല്‍കേണ്ടതാണ്.


അതായത് വാങ്ങിക്കാനായി അഡ്വാന്‍സ് നല്‍കിയ വ്യക്തി വാഗ്ദത്തം ലംഘിക്കുകയോ, കച്ചവടത്തില്‍ നിന്ന് പിന്മാറുകയോ ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ അഡ്വാന്‍സ് തിരികെ നല്‍കാതിരിക്കാന്‍ നിര്‍വാഹമുള്ളൂ എന്നര്‍ത്ഥം. അതാകട്ടെ മുന്‍കൂട്ടി ധാരണ ഉണ്ടായിരിക്കുകയും ചെയ്യണം….



അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com