ഇല്മിന്‍റെ പ്രാധാന്യവും, ത്വാലിബുല്‍ ഇല്മ് അറിയേണ്ടതും !.

ഇല്മിന്‍റെ പ്രാധാന്യവും, ത്വാലിബുല്‍ ഇല്മ് അറിയേണ്ടതും !.

الحمد لله وحده، والصلاة والسلام على من لا نبي بعده وعلى آله وصحبه ، أما بعد

وَسِيقَ الَّذِينَ اتَّقَوْا رَبَّهُمْ إِلَى الْجَنَّةِ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا وَفُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا سَلَامٌ عَلَيْكُمْ طِبْتُمْ فَادْخُلُوهَا خَالِدِينَ

“തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവര്‍ സ്വര്‍ഗത്തിലേക്ക് കൂട്ടം കൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിന്റെ കവാടങ്ങള്‍ തുറന്നു വെക്കപ്പെട്ട നിലയില്‍ അവര്‍ അതിന്നടുത്ത്‌ വരുമ്പോള്‍ അവരോടു അതിന്റെ കാവല്‍ക്കാര്‍ പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു. അതിനാല്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ പ്രവേശിച്ചു കൊള്ളുക.” [സുമര്‍: 73].

 അതെ നമ്മെളെല്ലാവരും ആഗ്രഹിക്കുന്ന ആ വിവര്‍ണ്ണനാതീതമായ വിജയം കയ്യിലൊതുക്കാന്‍ ശ്വാസവായുവിനെക്കാള്‍ നമുക്കനിവാര്യമായ ഒന്നുണ്ട്. അതാണ്‌ അറിവ്. പണവും സ്വത്തും സമ്പാദിച്ചു കൂട്ടാനും അധികാരം വെട്ടിപ്പിടിക്കാനുമുള്ള ആര്‍ത്തിയില്‍ മനുഷ്യര്‍ അധപതിക്കുമ്പോള്‍, വെറും താല്‍ക്കാലിക വിഭവമായ ഐഹിക ജീവിതത്തെ പരമാവധി ആസ്വദിക്കാന്‍ മനുഷ്യന്‍ പാടുപെടുമ്പോള്‍, അതില്‍ നിന്നെല്ലാം വ്യത്യസ്തനായി  പാരത്രികലോകത്തെ സ്ഥിരവാസത്തിനുള്ള ഭവനമൊരുക്കാന്‍ പ്രേരിപ്പിക്കുന്നതും, തന്‍റെ രക്ഷിതാവിനെയും അവന്‍റെ അധ്യാപനങ്ങളെയും അടുത്തറിയാന്‍ സാധിക്കുന്നതും, സന്ദേഹമില്ലാതെ ആശയക്കുഴപ്പങ്ങളില്ലാതെ പ്രവാചകന്മാര്‍ വഴികാട്ടിയ മാര്‍ഗത്തില്‍ ഉറച്ചു നിന്ന് വിശ്വാസിയായി മരണപ്പെടാന്‍ സാധിക്കുന്നതുമായ അറിവ്.  ആ അറിവ് കരസ്ഥമാക്കാന്‍ നാമോരോരുത്തരും പരിശ്രമിക്കേണ്ടതുണ്ട്.

മതപരമായി പഠിക്കുവാനും വളരുവാനും ഇന്ന് ഒട്ടനവധി അവസരങ്ങളുണ്ട്. പ്രത്യേകിച്ചും  ഇസ്ലാമിക വിശ്വാസവുമായി ബന്ധപ്പെട്ടുള്ള അഖീദ പഠനം,  ഇസ്ലാമിക കര്‍മ ശാസ്ത്ര പഠനവും അതിനോടനുബന്ധിച്ചുള്ള  ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം, ഇസ്ലാമിക് ജേര്‍ണലിസം, ഇസ്ലാമിക കുടുംബ നിയമങ്ങള്‍, ഇസ്ലാമിക് ജുഡീശ്യറി തുടങ്ങിയ വ്യത്യസ്ത വിഷയങ്ങള്‍.ഹദീസ് നിഥാന ശാസ്ത്രം, തഫ്സീര്‍, ഉലൂമുല്‍ ഖുര്‍ആന്‍…….  ഇങ്ങനെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ എണ്ണിയാലൊടുങ്ങാത്ത പഠന സാധ്യതകള്‍. ഉയര്‍ന്നു ചിന്തിക്കാനും ആത്മ സമര്‍പ്പണത്തിനും വിദ്യാര്‍ഥികള്‍ തയ്യാറായാല്‍ അവര്‍ക്കതിനുള്ള അവസരങ്ങള്‍ തുറന്നു കിട്ടുക തന്നെ ചെയ്യും ഇന്‍ ഷാ അല്ലാഹ് !.

ഇമാം ഇബ്നുല്‍ ജൗസി (رحمه الله) പറയുന്നു:

لقد غفل طلاب الدنيا عن اللذة فيها ، واللذة فيها شرف العلم

“ദുനിയാവിനെ തേടി നടക്കുന്നവര്‍ ദുനിയാവിലെ ഏറ്റവും വലിയ ആസ്വാദനത്തെക്കുറിച്ച് അശ്രദ്ധരാണ്. ആ ആസ്വാദനമാകട്ടെ മഹത്വകരമായ അറിവാകുന്നു.”

  അതിയായ ആഗ്രഹത്തോടെയും ആത്മാര്‍ഥതയോടെയും മതപഠനത്തിനായി മുന്നോട്ടു വരുന്ന വിദ്യാര്‍ഥികള്‍ക്ക് മംഗളം. അല്ലാഹുവിന്‍റെ മഹത്തായ ഒരനുഗ്രഹമാണത്. ഒരു മഹാ ഭാഗ്യം. പ്രവാചകന്മാരുടെ അനന്തരാവകാശികള്‍ ആണവര്‍. പ്രവാചകന്മാര്‍ അനന്തര സ്വത്തായി വിട്ടേച്ചു പോയത് ദീനാറോ ദിര്‍ഹമോ അല്ല. മറിച്ച് അറിവാണ്.

ആ അനന്തര സ്വത്ത് കരസ്ഥമാക്കുക അത്ര എളുപ്പമല്ല. ഒരുപാട്  കടമ്പകള്‍ കടക്കേണ്ടതുണ്ട്. ആത്മാര്‍ത്ഥവും നിഷ്കളങ്കവുമായ കഠിനപരിശ്രമവും ക്ഷമയും, സൂക്ഷ്മതയും അതിന്നാവശ്യമാണ്.  പൊതുവേ ഓരോ വിദ്യാര്‍ഥിയും പാലിച്ചിരിക്കേണ്ട ഒരുപാട്   മര്യാദകളില്‍ ചില കാര്യങ്ങളെ മാത്രമാണ് ഇവിടെ സൂചിപ്പിക്കുന്നത് :

  ഒന്ന്: ആത്മാര്‍ഥമായ പ്രാര്‍ത്ഥന.

ഒരു വിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആയുധമാണ് പ്രാര്‍ത്ഥന. പ്രാര്‍ഥിക്കാതെ അഹന്ത നടിക്കുന്നവനെ അല്ലാഹു പരിഗണിക്കുകയില്ല. അല്ലാഹു പറയുന്നു: 

قُلْ مَا يَعْبَأُ بِكُمْ رَبِّي لَوْلا دُعَاؤُكُمْ

“(നബിയേ) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ് ” [ ഫുര്‍ഖാന്‍: 77].

ഉപകാരപ്രദമായ അറിവ് വര്‍ധിപ്പിച്ചു കിട്ടാനും, അതനുസരിച്ച് തന്റെ ജീവിതത്തെ ക്രമപ്പെടുത്താനും നാം സദാ പ്രാര്‍ഥിക്കണം. വിശുദ്ധ ഖുര്‍ആനില്‍  അറിവ് വര്‍ധിച്ചു കിട്ടാന്‍ പ്രാര്തിക്കണമെന്നത് പ്രത്യേകം ഉണര്ത്തുന്നുണ്ട്.

അല്ലാഹു പറയുന്നു:

وَقُلْ رَبِّ زِدْنِي عِلْمًا

“….’എന്റെ രക്ഷിതാവേ, എനിക്ക് നീ ജ്ഞാനം വര്‍ദ്ധിപ്പിച്ചു തരേണമേ’ എന്ന് നീ പറയുകയും ചെയ്യുക” [ ത്വാഹാ: 114].മാത്രമല്ല അറിവ് വര്‍ദ്ധിപ്പിച്ചു തരാന്‍ പ്രാര്‍ഥിക്കുന്നതിനോടൊപ്പം, ഏറ്റവും ശരിയായ ഉറവിടത്തില്‍ നിന്നാണ് താന്‍ അറിവ് സ്വീകരിക്കുന്നത് എന്ന് ഓരോ വിദ്യാര്‍ഥിയും ഉറപ്പ് വരുത്തുകയും അതിനായി സദാ അല്ലാഹുവോട് പ്രാര്‍ഥിക്കുകയും വേണം.

മഹാനായ ഇബ്നു സീരീന്‍ (رحمه الله) പറയുന്നു : ” നിങ്ങള്‍ നേടുന്ന ഈ അറിവ് അത് നിങ്ങളുടെ മതമാണ്‌. ആയതിനാല്‍ തന്നെ ആരില്‍ നിന്നുമാണ് അത് സ്വീകരിക്കുന്നത് എന്ന് സൂക്ഷ്മമായി പരിശോധിച്ചുകൊള്ളുക “.

പരിശ്രമിക്കുക ഒപ്പം സദാ അല്ലാഹുവിനോട് പ്രാര്‍ഥിക്കുക. ആ പ്രാര്‍ത്ഥന ആത്മാര്‍ഥമാണെങ്കില്‍ തീര്‍ച്ചയായും സര്‍വശക്തന്‍ അതിനുത്തരം നല്‍കും. അതേ നമ്മുടെ രക്ഷിതാവ് പറയുന്നു :

وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ

“നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ് തീര്‍ച്ച ” [ മുഅ്മിന്‍: 60 ].

  രണ്ട്: നിയ്യത്ത് നന്നാക്കുക.

  ഏതൊരു വിശ്വാസിയുടെ സല്‍കര്‍മ്മവും അല്ലാഹുവിന്റെ പക്കല്‍ സ്വീകാര്യയോഗ്യമാകണമെങ്കില്‍ ചില നിബന്ധനകള്‍ പാലിച്ചിരിക്കണം. ഒന്ന്‍: ‘ഇഖ്‌ലാസ്’,  രണ്ട്:  ‘ഇത്തിബാഉ റസൂല്‍ ‘. അഥവാ നിഷ്കളങ്കമായി അല്ലാഹുവിന്‍റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് അനുഷ്ടിക്കപ്പെടുന്നതും പ്രവാചകന്‍റെ ചര്യ പിന്പറ്റിക്കൊണ്ടുള്ളതുമാകണം. എങ്കില്‍ മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ.

وَمَنْ أَحْسَنُ دِينًا مِمَّنْ أَسْلَمَ وَجْهَهُ لِلَّهِ وَهُوَ مُحْسِنٌ وَاتَّبَعَ مِلَّةَ إِبْرَاهِيمَ حَنِيفًا ۗ وَاتَّخَذَ اللَّهُ إِبْرَاهِيمَ خَلِيلًا

അല്ലാഹു പറയുന്നു: “സദ്‌വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്പ്പെടുത്തുകയും, നേര്‍ മാര്‍ഗത്തിലുറച്ചുനിന്നുകൊണ്ട് ഇബ്രാഹീമിന്റെ മാര്‍ഗ്ഗത്തെ പിന്തുടരുകയും ചെയ്തവനേക്കാള്‍ ഉത്തമ മതക്കാരന്‍ ആരുണ്ട്? അല്ലാഹു ഇബ്രാഹീമിനെ സുഹ്രത്തായി സ്വീകരിച്ചിരിക്കുന്നു.” [നിസാഅ്: 125].

 ഈ ആയത്തില്‍ “സദ്‌വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്പ്പെടുത്തുക” എന്നത് കൊണ്ടുദ്ദേശിക്കുന്നത് ഇഖ്‌ലാസാണ്. എല്ലാ കര്‍മങ്ങളിലുമെന്ന പോലെ അറിവ് തേടുന്നതിലും നിയ്യത്തിനു വളരെയധികം പ്രാധാന്യമുണ്ട്. ജനങ്ങളുടെ ഇടയില്‍ പേരിനും പ്രശസ്തിക്കുമെല്ലാം കാരണമായിത്തീരുന്ന ഒന്നാണ് അറിവ് എന്നതുകൊണ്ട്‌ തന്നെ അല്ലാഹുവിന്‍റെ  പ്രീതി ആഗ്രഹിക്കുന്നതില്‍ നിന്നും ദുന്‍യവിയായ സ്ഥാനമാനങ്ങളെ ആഗ്രഹിക്കുന്നതിലേക്ക് നമ്മുടെ ഉദ്ദേശ്യത്തെ വഴിതിരിച്ചുവിടാന്‍ പിശാച് ആവത് ശ്രമിച്ചു കൊണ്ടിരിക്കും. ഉദ്ദേശ്യം പിഴച്ചുപോയാല്‍ നമ്മള്‍ ചെയ്യുന്ന കര്‍മം സ്വീകരിക്കപ്പെടുകയില്ല എന്നതിലുപരി നമ്മള്‍ ശിക്ഷാര്‍ഹരായി മാറുകയും ചെയ്യുമെന്നതാണ് ഏറ്റവും അപകടകരം.

قال رسول الله ـ صلى الله عليه وسلم: (من تعلم العلم ليباهي به العلماء، أو يماري به السفهاء، أو يصرف به وجوه النّاس إليه أدخله الله جهنم) رواه ابن ماجه عن أبي هريرة وصححه الألباني

പ്രവാചകന്‍(صلى الله عليه وسلم) പറയുന്നു : ” പണ്ഡിതന്മാരെ കൊച്ചാക്കാന്‍ വേണ്ടിയോ, അവിവേകികളോട് തര്‍ക്കിക്കാന്‍ വേണ്ടിയോ, ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയോ ആണ് ഒരാള്‍ അറിവ് തെടുന്നതെങ്കില്‍   അവനെ അല്ലാഹു കത്തിജ്വലിക്കുന്ന നരകത്തില്‍ പ്രവേശിപ്പിക്കും”. [ ഇബ്നു മാജ – അല്‍ബാനി/സ്വഹീഹ്].

  അതുപോലെ ഇബ്നു മസ്ഊദ് (رضي الله عنه) പറയുന്നു: “പ്രവര്‍ത്തികമാക്കപ്പെടുന്നില്ലെങ്കില്‍ വാക്കുകള്‍ക്ക് യാതൊരു പ്രയോജനവുമില്ല. ഇനി വാക്കുകളും പ്രവര്‍ത്തിയുമെല്ലാം ഉണ്ടെങ്കിലും ശരിയായ നിയ്യത്തില്ലെങ്കില്‍ അവ രണ്ടും ഉപകാരപ്പെടില്ല. ഇനി നല്ല നിയ്യത്തും, വാക്കും, പ്രവര്‍ത്തിയും എല്ലാമുണ്ട് പക്ഷെ പ്രവാചകചര്യയില്‍ പെടാത്ത പ്രവര്‍ത്തനമാണ് എങ്കില്‍ അവയൊന്നും തന്നെ ഉപകാരപ്പെടില്ല”. [ജവാമിഉല്‍ ഉലൂമി വല്‍  ഹികം]

ഒരാളുടെ വാക്കുകളും പ്രവര്‍ത്തികളുമെല്ലാം സ്വീകാര്യയോഗ്യമാവണമെങ്കില്‍ ‘ഇഖ്‌ലാസും’, ‘ഇത്തിബാഉ റസൂലും’ അനിവാര്യമാണ് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. അല്ലെങ്കില്‍ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടില്ല എന്ന് മാത്രമല്ല ശിക്ഷ ലഭിക്കുകയും ചെയ്യും. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ .. ആമീന്‍..

അതുകൊണ്ട് നാം ഇടയ്കിടെ നമ്മുടെ നിയ്യത്തിനെ പുനര്‍പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. ഒരു പ്രവര്‍ത്തി ചെയ്യുന്നതിനേക്കാള്‍ പ്രയാസകരമായ കാര്യമാണ് ആ പ്രവര്‍ത്തി ചെയ്യുമ്പോഴുള്ള നിയ്യത്ത് നന്നാക്കുക എന്നുള്ളത്.

 യൂസുഫ് ബ്നു അസ്ബാത്വ് (رحمه الله) പറയുന്നു: “ഒരു കര്‍മം ചെയ്യുമ്പോഴുള്ള കഠിന പരിശ്രമത്തെക്കാളും ബുദ്ധിമുട്ടുകളെക്കാളും പ്രയാസകരമാണ് ആ കര്‍മം ചെയ്യുമ്പോഴുള്ള തന്റെ സദുദ്ദേശ്യത്തെ പിഴച്ചു പോകാതെ സംരക്ഷിക്കുക എന്നുള്ളത്”.

നിയ്യത്ത് നന്നാക്കാന്‍ ഒരു വിദ്യാര്‍ഥി പാലിച്ചിരിക്കേണ്ട ഒരുപാട് മര്യാദകളുണ്ട്. അദ്ധ്യാപകരോടും സഹപാടികളോടുമുള്ള ബഹുമാനം, വിനയം, താഴ്മ, സ്നേഹം അതുപോലെ താന്‍ പഠിച്ച അറിവ് സ്വന്തം ജീവിതത്തില്‍  പ്രാവര്‍ത്തികമാക്കല്‍, സന്മനസ്സോടെ അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കല്‍ തുടങ്ങിയവയെല്ലാം അതില്‍ പെടുന്നു. ഇത് വിശദമായി മനസ്സിലാക്കാന്‍ അറിവിന്‍റെയും പണ്ഡിതന്മാരുടെയും പ്രാധാന്യവും സ്ഥാനവുമെല്ലാം സൂചിപ്പിക്കുന്ന പുസ്തകങ്ങള്‍ ധാരാളമായി വായിക്കണം. جامع بيان العلم وفضله  എന്ന ഇബ്നു അബ്ദുല്‍ ബര്‍ (رحمه الله)  വിന്‍റെ ഗ്രന്ഥം ഇതില്‍ സുപ്രധാനമാണ്‌. അത്തരം ഗ്രന്ഥങ്ങള്‍ വായിക്കുക വഴി വിദ്യാര്‍ഥികള്‍ക്ക് അറിവിനോടുള്ള ഇഷ്ടവും ആദരവുമെല്ലാം വര്‍ധിക്കും. സച്ചരിതരായ മുന്‍കാല പണ്ഡിതന്മാരുടെ ജീവ ചരിത്രവും അറിവ് നേടാനായി അവര്‍ സഹിച്ച ത്യാഗങ്ങളുമെല്ലാം അറിഞ്ഞിരിക്കേണ്ടതും  ലക്ഷ്യബോധമുള്ള ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.

  മൂന്ന്‍: നേടിയ അറിവ് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക.

പ്രാവര്‍ത്തികമാക്കുന്നതിനു വേണ്ടിയാണല്ലോ നാം അറിവ് തേടുന്നത്. അറിവ് വര്‍ധിക്കുന്നതിനനുസരിച്ച് അത് ജീവിതത്തില്‍ പകര്‍ത്തുന്നവനാണ് യഥാര്‍ത്ഥ വിദ്യാര്‍ഥി. ആത്മാര്‍ത്ഥമായി അറിവ് തേടുന്നവന്‍റെ ജീവിതത്തില്‍ അത് വരുത്തുന്ന മാറ്റങ്ങള്‍ പ്രകടമായിരിക്കും.

ഹസന്‍ (رضي الله عنه) പറയുന്നു: ” അറിവ് തേടുന്നവന്‍ അതിന്‍റെ ഫലം തന്‍റെ  നാവിലും , കൈയിലും, നോട്ടത്തിലും, ഭയഭക്തിയിലും, നമസ്കാരത്തിലും, പരലോക വിജയത്തോടുള്ള തന്‍റെ അമിതമായ താല്പര്യത്തിലുമെല്ലാം അത് പ്രതിഫലിച്ചു കാണാന്‍ ഒട്ടും വൈകിക്കുകയില്ല” [സുനനുദ്ധാരിമി- 1/118].

മനസ്സിന്‍റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന്, തന്‍റെ കര്‍മങ്ങളിലൂടെ അത് പ്രതിഫലിക്കുമ്പോഴാണ് അറിവ് യദാര്‍ത്ഥത്തില്‍ അറിവായി മാറുന്നത്. 

ഇമാം ശാഫിഇ (رحمه الله) പറയുന്നു: ” മനപ്പാഠമാക്കി വെക്കപ്പെടുന്നവയല്ല അറിവ്. മറിച്ച് ഉപകാരപ്പെടുന്നവയേതാണോ അതാണ്‌ അറിവ്” [ഹുല്‍യതുല്‍ ഔലിയാഅ്: 9/123]. മനപ്പാഠമാക്കേണ്ടതില്ല എന്നല്ല. ഒരാള്‍ കുറേ മനപ്പാഠമാക്കിയത് കൊണ്ട് മാത്രം അറിവാകുന്നില്ല, മറിച്ച് അയാളുടെ പ്രവര്‍ത്തനങ്ങളില്‍ ആ അറിവ് പ്രതിഫലിക്കേണ്ടതുണ്ട് എന്നാണിതര്‍ത്ഥമാക്കുന്നത്.

മാത്രമല്ല പരലോകത്തു വച്ച് ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ അടിമക്ക്  തന്‍റെ കാലുകള്‍ മുന്നോട്ട് വെക്കാന്‍ കഴിയുകയില്ല എന്ന് പ്രദിപാദിക്കപ്പെട്ട ഹദീസ് നമുക്ക് ഏവര്‍ക്കും അറിയാമല്ലോ. അന്നേ ദിവസം ചോദിക്കപ്പെടുന്ന ഒരു ചോദ്യമാണ് “നീ അറിഞ്ഞ കാര്യങ്ങളില്‍ നീ എന്ത് പ്രവര്‍ത്തിച്ചു ?! ” എന്നുള്ളത്. തങ്ങള്‍ക്ക് അറിവ് വന്നെത്തുമ്പോള്‍ ഒട്ടും വൈകിക്കാതെ അത് പിന്തുടര്‍ന്നിരുന്ന സ്വഹാബത്തിന്‍റെ ചരിത്രം എത്രയോ നമുക്ക് മുന്നിലുണ്ട്. അതെ പ്രവാചകന്‍റെയും,  സ്വഹാബത്തിന്‍റെയും പാത

പിന്തുടരുന്നതില്‍ തന്നെയാണ് നന്മയുള്ളത്.

നാല്: പ്രമാണബദ്ധമായി നേടിയ അറിവ് കുറച്ചാണെങ്കില്‍ പോലും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുക:

അല്ലാഹു പറയുന്നു :

(وَمَنْ أَحْسَنُ قَوْلًا مِمَّنْ دَعَا إِلَى اللَّهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ. )

 അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്‌ലിമീങ്ങളില്‍ പെട്ടവനാകുന്നു എന്ന് പറയുകയും ചെയ്തവനേക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മാറ്റാരുണ്ട് – [ ഫുസ്വിലത്‌ – 33]

പ്രവാചകന്‍ (صلى الله عليه وسلم) പറയുന്നു:

من دل على خير فله فله مثل أجر فاعله

“ആരെങ്കിലും ഒരാള്‍ക്ക് ഒരു നന്മ കാണിച്ചുകൊടുത്താല്‍ അത് പ്രവര്‍ത്തിച്ചവന് ലഭിക്കുന്ന പ്രതിഫലത്തിന് സമാനമായ പ്രതിഫലം അവനും ലഭിക്കുന്നു” – [ സ്വഹീഹ് മുസ്‌ലിം]

അതുപോലെ പ്രവാചകന്‍ (صلى الله عليه وسلم)  പറഞ്ഞു:

من دعا إلى هدى كان له من الأجر مثل أجور من تبعه لا ينقص ذلك من أجورهم شيئا

“ആരെങ്കിലും ഒരാളെ ഒരു സല്‍പ്രവര്‍ത്തിയിലേക്ക് ക്ഷണിച്ചാല്‍, ആ ക്ഷണം സ്വീകരിക്കുന്നവരുടെ പ്രതിഫലത്തിന് തുല്യമായ പ്രതിഫലം ക്ഷണിക്കുന്നവനും ലഭിക്കും. അതുമൂലം അവരില്‍ ഏതെങ്കിലും ഒരാളുടെ പ്രതിഫലത്തിന് യാതൊരു കുറവും സംഭവിക്കില്ല.” – [സ്വഹീഹ് മുസ്‌ലിം]

മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം :

فوالله لأن يهدي الله بك رجلا واحدا خير لك من حمر النعم

” വല്ലാഹി !, നീ മുഖേന ഒരാള്‍ക്കെങ്കിലും അല്ലാഹു ഹിദായത്ത് നല്‍കുകയാണ് എങ്കില്‍ അതാണ്‌ ചുവന്ന ഒട്ടകം ലഭിക്കുന്നതിനേക്കാള്‍ നിനക്കുത്തമം ” [സ്വഹീഹുല്‍ ബുഖാരി].

ഇബ്നു ബാസ് (رحمه الله) പറയുന്നു : ” ലോകത്തിന്‍റെ ഏത് കോണുകളിലായാലും അറിവുള്ളവര്‍ ദഅവത്തില്‍ വ്യാപൃതരാവണം. വായുവിലായാലും, ട്രയിനിലായാലും, കാറിലായാലും, കപ്പലിലായാലും എപ്പോഴാണോ തങ്ങള്‍ക്ക് ദഅവത്തിന് അവസരം ലഭിക്കുന്നത് സദുപദേശം നല്‍കിക്കൊണ്ടും കാര്യങ്ങള്‍ പറഞ്ഞുകൊടുത്തുകൊണ്ടും  മതവിദ്യാര്‍ഥികള്‍ അത് ഉപയോഗപ്പെടുത്തണം. ദഅവത്തില്‍ ഭാഗവാക്കാകാന്‍ കഴിയുക എന്നത് വലിയ ഒരു സൗഭാഗ്യമാണ്”.[كتاب : فتاوى علماء بلد الحرام]

എന്നാല്‍ അറിവില്ലാതെ ദഅവത്ത് നടത്താന്‍ പാടില്ല. മതത്തില്‍ തങ്ങള്‍ക്ക് അറിവില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുക എന്നുള്ളത് കഠിനമായ ശിക്ഷ ലഭിക്കുന്ന പാപമായാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. അപ്പോള്‍ താന്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്നത് എന്തോ അത് വളരെ ചെറിയ  അറിവായാലും പ്രമാണബദ്ധമായി മനസ്സിലാക്കിയ കാര്യം ആവണം. അതുപോലെത്തന്നെ എല്ലാ കാര്യവും പഠിച്ച് മനസ്സിലാക്കി ഇല്‍മ് പൂര്‍ത്തിയായ ഒരാള്‍ക്കേ ദഅവത്ത് പാടുള്ളൂ എന്ന ധാരണയും തെറ്റാണ്. ആ ധാരണ പ്രമാണങ്ങള്‍ക്ക് വിരുദ്ധവുമാണ്. മറിച്ച് താന്‍ തന്‍റെ സഹോദരനെ ക്ഷണിക്കുന്ന വിഷയമേതോ അത് അല്ലാഹുവും അവന്‍റെ പ്രവാചകനും പഠിപ്പിച്ചതാണ് എന്ന് ക്ഷണിക്കുന്നവന് ബോധ്യമുണ്ടാകണം എന്നതാണ് ശരിയായ വീക്ഷണം. ഒരാള്‍ക്ക് വുളു എടുക്കാന്‍ അറിയുമെങ്കില്‍ വുളു എടുക്കാന്‍ അറിയാത്തവന് അത് പഠിപ്പിച്ചു കൊടുക്കാം, ഒരാള്‍ക്ക് നമസ്കരിക്കാന്‍ അറിയുമെങ്കില്‍ നമസ്കാരം അറിയാത്തവന് അത് പഠിപ്പിച്ചുകൊടുക്കാം. ഇപ്രകാരം താന്‍ മനസ്സിലാക്കിയ ഒരു നന്മ തന്‍റെ സഹോദരന് കൂടി മനസ്സിലാക്കിക്കൊടുക്കുക എന്നത് ഏറെ പുണ്യകരമായ ഒരു സംഗതിയാണ്. മാത്രമല്ല തനിക്ക് അറിയാവുന്ന ഒരു അറിവ് തന്‍റെ സഹോദരനുമായി പങ്കുവെക്കുന്നതിന് പകരം അത് മൂടിവെക്കുകയാണ് എങ്കില്‍ അത് കുറ്റകരമാണ്താനും.

ശൈഖ് ഇബ്ന്‍ ബാസ് (رحمه الله) പറയുന്നു : “ഇതൊക്കെ ഞാന്‍ ചെയ്യേണ്ടതല്ല. മറ്റുള്ളവര്‍ ചെയ്യട്ടെ എന്ന് പറഞ്ഞുകൊണ്ട് ഒരു മതവിദ്യാര്‍ഥി  മാറി നില്‍ക്കരുത് എന്നാണ് എനിക്ക് ഉപദേശിക്കാനുള്ളത്. തന്‍റെ കഴിവും അറിവും അനുസരിച്ച് അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുകയാണ് അവന്‍ ചെയ്യേണ്ടത്. അതോടൊപ്പം തനിക്ക് കഴിയാത്ത കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യരുത്. മറിച്ച് തനിക്കുള്ള അറിവിന്‍റെ തോതനുസരിച്ച് അവന്‍ അല്ലാഹുവിലേക്ക് ക്ഷണിക്കട്ടെ. പറയുന്ന കാര്യങ്ങള്‍ പ്രമാണബദ്ധമായിരിക്കുവാനും അല്ലാഹുവിന്‍റെ മേല്‍ അറിവില്ലാത്ത കാര്യങ്ങള്‍ സംസാരിക്കാതിരിക്കുവാനും അങ്ങേയറ്റം സൂക്ഷിക്കേണ്ടതുണ്ട് “. [كتاب : فتاوى علماء بلد الحرام]

അതുപോലെ പ്രബോധകന്മാര്‍ അല്ലാഹുവിന്‍റെ പ്രീതി മാത്രം ആഗ്രഹിക്കുന്നവര്‍ ആയിരിക്കണം. സ്വാലിഹ് ആലു ശൈഖ് (ഹഫിദഹുല്ലാഹ്)  പറയുന്നു : ” തന്‍റെ ദഅവത്ത് സ്വീകരിക്കുന്ന ആളുകളുടെ ആദിക്യത്തില്‍ വഞ്ചിതനാകുന്നവനോ അവരുടെ കുറവില്‍ ആവലാതിപ്പെടുന്നവനോ അല്ല പ്രബോധകന്‍.

മറിച്ച് തന്‍റെ പ്രബോധനം നന്നാക്കുവാനും, അത് ദൈവിക മാര്‍ഗദര്‍ശനത്തിലും, പ്രവാചക ചര്യയിലും, ഉള്‍ക്കാഴ്ചയിലും അധിഷ്ടിതമായിരിക്കുവാനും ശ്രദ്ധ ചെലുത്തുന്നവനായിരിക്കണം പ്രബോധകന്‍ ” [مقالات متنوعة لمعالي الشيخ صالح بن عبد العزيز آل الشيخ]

ഷെയ്ഖ് സ്വാലിഹ് അല്‍ ഫൌസാനും, ഉബൈദ് അല്‍ ജാബിരിയുമൊക്കെ (حفظهم الله ) അവതാരിക എഴുതിയ -മന്ഹജുസ്സലഫ് ഫി ദ്ദഅവത്തി ഇലല്ലാഹ്- എന്ന ഫവാസ് ബിന്‍ ഹുലൈല്‍ അസ്സുഹൈമിയുടെ പുസ്തകതില്‍ വന്ന ഒരു ഭാഗത്തിന്‍റെ സംക്ഷിപ്ത രൂപം കാണുക :

” പ്രബോധനം ചെയ്യുന്നവര്‍ വളരെയധികം സൂക്ഷിക്കണം .. തങ്ങളില്‍ വരുന്ന അപാകതകള്‍ കാരണം മറ്റുള്ളവര്‍ സത്യത്തില്‍ നിന്നും അകന്നു പോകാന്‍ ഇടയാക്കരുത്… മാന്യമായും ഇസ്ലാമിക മര്യാദയോട് കൂടിയും മാത്രമേ അവര്‍ തങ്ങളുടെ വീക്ഷണങ്ങള്‍ അവതരിപ്പിക്കാവൂ.. എതിരാളി എത്ര മോശമായ രീതി സ്വീകരിച്ചാലും അതേ നാണയത്തില്‍ മറുപടി പറയുക എന്നത് ഒരിക്കലും അഹ്ലുസ്സുന്നയുടെ രീതിയല്ല… എത്ര അവഹേളനങ്ങള്‍ സഹിച്ചാലും ക്ഷമിച്ചു കൊണ്ടും തന്‍റെ എതിരാളിയുടെ നന്മ മാത്രം ആഗ്രഹിച്ചു കൊണ്ടും സൗമ്യതയോടെ ആദര്‍ശം തുറന്നു പറയുക എന്നതാണ് സലഫുകളുടെ രീതി. പ്രബോധകന്‍ എതിരാളികള്‍ തീര്‍ക്കുന്ന പ്രകോപനങ്ങള്‍ക്കിരയാവരുത്.

ഇനി തന്‍റെ വികാരം നിയന്ത്രിക്കാന്‍ പറ്റാത്തവരും നമ്മളിലുണ്ടാവാം .. പൊതു പ്രബോധന രംഗങ്ങളില്‍ നിന്നും മാറി നിന്ന് ആദര്‍ശത്തിന് വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുകയും തന്നെക്കൊണ്ട് കഴിയുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കുകയുമാണ് അവര്‍ ചെയ്യേണ്ടത്. പൊതു പ്രബോധനത്തില്‍ അവരില്‍ നിന്ന് വരുന്ന വികാരപരമായ സമീപനങ്ങള്‍ ഒരു പക്ഷെ ഇസ്ലാമികാധ്യാപനങ്ങളെ മറികടക്കാന്‍ ഇടയുണ്ട്. ഇത് പ്രബോധനത്തിന്റെ മുന്നേറ്റത്തെ തന്നെ ബാധിച്ചേക്കാം. ഇനി തന്‍റെ വികാരത്തെ ക്ഷമ കൊണ്ടും, ഗുണകാംഷ കൊണ്ടും തടുത്തു നിര്‍ത്താന്‍ സാധിക്കുമെങ്കില്‍ ഇസ്ലാമിക മര്യാദകള്‍ കാത്തു സൂക്ഷിച്ചു കൊണ്ട് അവര്‍ പ്രബോധനം ചെയ്തു കൊള്ളട്ടെ….. “.

അല്ലാഹുവിന്‍റെ നിയമ നിര്‍ദേശങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കുവാനും മനസ്സിലാക്കുവാനും അത് ജീവിതത്തില്‍ പകര്‍ത്തുവാനും അല്ലാഹു തൗഫീഖ് നല്‍കട്ടെ. അല്ലാഹു നേരിലേക്കും നന്മയിലേക്കും നമ്മെ ഓരോരുത്തരെയും വഴി നടത്തട്ടെ.

وصلى الله وسلم على عبده ورسوله نبينا محمد وآله وصحبه. والسلام عليكم ورحمة الله 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

ഖുസൈമ ബിന്‍ സാബിത് (റ) വിന്റെ കഥ…

ഖുസൈമ ബിന്‍ സാബിത് (റ) വിന്റെ കഥ...

കഥ തുടങ്ങുന്നതിനു മുന്പ് :

    സാമ്പത്തിക ഇടപാടുകളില്‍ തര്‍ക്കമുണ്ടായാല്‍ രണ്ടു സാക്ഷികളെ ഹാജരാക്കണം. അല്ലെങ്കില്‍ ഒരാണിനെയും രണ്ടു പെണ്ണുങ്ങളെയും ഹാജരാക്കണം. അതുമല്ലെങ്കില്‍ ഒരാളെ ഹാജരാക്കുകയും അതോടൊപ്പം പരാതിക്കാരന്‍ കോടതി മുന്‍പാകെ സത്യം ചെയ്യുകയും വേണം…..etc (വിശദാംശത്തിലേക്ക് കടക്കുന്നില്ല).  ഇത് നമുക്കെല്ലാവര്‍ക്കും അറിയാം… എന്നാല്‍ ഒറ്റക്ക് ഒരു വിഷയത്തില്‍ സാക്ഷി പറയാന്‍ പ്രവാചകന്‍(സ) അനുമതി നല്‍കി ആദരിച്ച ഒരു സ്വഹാബിയുണ്ട്…. അദ്ദേഹം ഒരാള്‍ മാത്രം സാക്ഷ്യപ്പെടുത്തിയാല്‍ തന്നെ അതനുസരിച്ച് വിധി വരും… പ്രവാചകന്‍(സ) അങ്ങനെ അദ്ധേഹത്തെ ആദരിക്കാന്‍ ഇട വരുത്തിയ ഒരു അര്‍ത്ഥവത്തായ കഥയുമുണ്ട്….

ചോദ്യം: ആരാണ് ആ സ്വഹാബി ??

ഉത്തരം: ഖുസൈമ ബിന്‍ സാബിത്(റ). 

അദ്ധേഹത്തിന്റെ കഥ :

നബി (സ) ഒരിക്കല്‍ ഒരു അഅറാബിയില്‍ നിന്നും ഒരു കുതിരയെ വാങ്ങി. അയാള്‍ക്ക് പണം നല്‍കാന്‍ വേണ്ടി ആ കുതിരയയെയുമായി തന്നെ പിന്തുടരാന്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രവാചകന്‍(സ) അല്പം ധൃതിയില്‍ മുന്നില്‍ നടന്നു. അഅറാബിയാകട്ടെ കുതിരയയേയും കൊണ്ട് സാവധാനം പിന്നിലും നടന്നു. വില്പനക്കുള്ള കുതിരയാണെന്ന് കരുതി ആളുകള്‍ കുതിരക്ക് വില പറയാന്‍ തുടങ്ങി. പ്രവാചകന്‍(സ) കുതിരയെ വാങ്ങിച്ച കാര്യം അവര്‍ അറിഞ്ഞിരുന്നില്ല. അഅറാബിയാകട്ടെ അക്കാര്യം മിണ്ടിയതുമില്ല. ജനങ്ങള്‍ വലിയ വില പറയുന്നത് കേട്ടപ്പോള്‍ അഅറാബിയുടെ മനസ് മാറി. ഇതൊന്നുമറിയാതെ മുന്നില്‍ നടന്നു നീങ്ങുന്ന പ്രവാചകനോട്(സ) ‘ഏ മനുഷ്യാ… നിങ്ങള്‍ ഇത് വാങ്ങുന്നുണ്ടെങ്കില്‍ വാങ്ങിക്ക്. അല്ലെങ്കില്‍ ഞാനിതിവര്‍ക്ക് വില്‍ക്കും’ എന്നയാള്‍ വിളിച്ചു പറഞ്ഞു.

അത് കേട്ട പ്രവാചകന്‍(സ) ആശ്ചര്യത്തോടെ പറഞ്ഞു: ‘ഞാനത് താങ്കളില്‍ നിന്നും നേരത്തെ തന്നെ വാങ്ങിയതല്ലേ.. അതിന്റെ പണം താങ്കള്‍ക്ക് തരാന്‍ വേണ്ടി താങ്കളെന്നോടൊപ്പം വാരുകയാണല്ലോ’ …

അഅറാബി : ‘അല്ലാഹുവാണ് സത്യം ഞാന്‍ താങ്കള്‍ക്കതിനെ വിറ്റിട്ടില്ല’…

പ്രവാചകന്‍(സ) : ‘അല്ല. ഉറപ്പായിട്ടും താങ്കള്‍ എനിക്കതിനെ വിറ്റതാണല്ലോ !’.

അഅറാബി : എന്നാല്‍ ഞാന്‍ താങ്കള്‍ക്ക് ഇതിനെ വിറ്റു എന്നതിന് ആരെങ്കിലും സാക്ഷിയുണ്ടോ ?!..

ഇത് കണ്ടു നിന്ന ഖുസൈമ ബിന്‍ സാബിത് (റ) പറഞ്ഞു: ‘താങ്കള്‍ അത് അദ്ദേഹത്തിന് വിറ്റു എന്നതിന് ഞാന്‍ സാക്ഷിയാണ്’.

അത്ഭുതത്തോടെ പ്രവാചകന്‍(സ) ഖുസൈമയുടെ അടുത്തേക്ക് നീങ്ങി. എന്നിട്ട് ചോദിച്ചു: ഞാനത് വാങ്ങിക്കുമ്പോള്‍ താങ്കള്‍ അവിടെ ഉണ്ടായിരുന്നില്ലല്ലോ ! പിന്നെ എങ്ങനെയാണ് താങ്കള്‍ എനിക്ക് വേണ്ടി സാക്ഷി പറയുക !..

ഖുസൈമ പറഞ്ഞു : താങ്കള്‍ക്ക് അല്ലാഹു അവതരിപ്പിച്ചിട്ടുള്ളതില്‍ വിശ്വസിക്കുന്നവനാണ് ഞാന്‍. താങ്കള്‍ സത്യമല്ലാതെ പറയുകയില്ല എന്നും എനിക്കുറപ്പാണ്…. അദ്ധേഹത്തിന്റെ അര്‍ത്ഥവത്തായ ആ മറുപടി കേട്ട പ്രവാചകന്‍(സ) അവിടെ വച്ച് പ്രഖ്യാപിച്ചു: ” മന്‍ ശഹിദ ലഹു ഖുസൈമ ഫഹുവ ഹസ്ബുഹ് – ഖുസൈമ ആര്‍ക്കെങ്കിലും സാക്ഷി പറയുന്നുവെങ്കില്‍ അവന് മറ്റു സാക്ഷികളുടെ ആവശ്യമില്ല “.

അദ്ദേഹത്തിനു മാത്രമുള്ള ഒരു അംഗീകാരമാണിത് .. ഒരുപാട് പാഠങ്ങള്‍ ഇതില്‍ നിന്നും പഠിക്കാനുണ്ട്..

1- പ്രവാചകന്റെ(സ) വിനയം , സത്യസന്ധത , തന്റെ ഭാഗത്താണ് സത്യം എന്ന പൂര്‍ണ ബോധ്യമുണ്ടായിട്ടും ഖുസൈമ അദ്ദേഹത്തിന് വേണ്ടി സാക്ഷ്യം പറഞ്ഞപ്പോള്‍ ‘കച്ചവട സമയത്ത് അവിടെയില്ലാത്ത നീ എന്തര്‍ത്ഥത്തിലാണ് എനിക്ക് സാക്ഷി പറയുന്നത് എന്ന അദ്ധേഹത്തിന്റെ ചോദ്യം ഏറെ അല്ഭുതപ്പെടുതുന്നില്ലേ… തീര്‍ച്ചയായും അതില്‍ നമുക്കൊരുപാട് പഠിക്കാനുണ്ട്.

2- ഖുസൈമയുടെ മറുപടിയാണ് ഏറെ ചിന്തിപ്പിക്കുന്ന മറ്റൊരു കാര്യം: “അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ് ” എന്ന സാക്ഷ്യ വചനം സാക്ഷാല്‍ക്കരിക്കേണ്ടത് എപ്രകാരമാണ് എന്ന്‍ കൃത്യമായ പഠിപ്പിക്കുന്ന മറുപടി.. പ്രവാചകനില്‍(സ) വിശ്വസിക്കുന്നവനാണ് എന്ന് ജനസമക്ഷം വിളിച്ചു പറയുകയും, യുക്തിയുടെ മറ പിടിച്ച് പ്രവാചക വചനങ്ങള്‍ തള്ളുകയും ചെയ്യുന്നവരും, പാണ്ഡിത്യ ഭാവം ചമഞ്ഞ് പ്രവാചകന്റെ(സ) സുന്നത്തുകളെ പരിഹസിക്കുന്നവരും ധാരാളമുള്ള ഈ കാലഘട്ടത്തില്‍ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട മറുപടി..

3- സ്വഹാബിമാരില്‍ ചിലര്‍ക്ക് പ്രവാചകന്‍(സ) പ്രത്യേകമായി നല്‍കുന്ന ആനുകൂല്യങ്ങളും ആദരവുകളും മറ്റു സ്വഹാബത്തുമായോ മറ്റു ആളുകളുമായോ ഖിയാസ് ചെയ്യാന്‍ പാടില്ല എന്ന കര്‍മശാസ്ത്ര നിയമത്തിന് പണ്ഡിതന്മാര്‍ തെളിവ് ഉദ്ധരിക്കുന്ന ഒരു ഹദീസ് കൂടിയാണ് ഇത്. ഖുസൈമയെക്കാള്‍ ശ്രേഷ്ഠരായ മറ്റു സ്വഹാബത്തിനു പോലും ഈ ആനുകൂല്യം ഉണ്ടായിരുന്നില്ല. കൂടുതല്‍ വിശദമായി ചര്‍ച്ച ചെയ്യേണ്ട ഒരു കര്‍മ ശാസ്ത്ര വിഷയമാണ്. സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം..

 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

ആരാണ് മുആവിയ ബ്നു അബീ സുഫ്’യാന്‍ (റ) ?!.

ആരാണ് മുആവിയ ബ്നു അബീ സുഫ്'യാന്‍ (റ) ?!

ശ്രേഷ്ഠരായ സ്വഹാബി വര്യന്മാരില്‍ പ്രഗല്‍ഭരായ ഒരാളാണ് മുആവിയ (رضي الله عنه). പ്രവാചക പത്നി ഉമ്മു ഹബീബ (رضي الله عنها) യുടെ സഹോദരന്‍. അബൂ സുഫ്‌യാന്‍ (رضي الله عنه) വിന്‍റെ മക്കളാണ് ഉമ്മു ഹബീബയും മുആവിയയും.

“മുആവിയ (رضي الله عنه)വിനെയും അബ്ദുല്ലാഹിബ്നു ഉമര്‍(رضي الله عنه)വിനെയും സത്യവിശ്വാസികളുടെ അമ്മാവന്മാര്‍ എന്ന് വിളിച്ചുകൊള്ളട്ടെ എന്ന് ഇമാം അഹ്മദിനോട്‌ ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: അതെ വിളിച്ചുകൊള്ളുക. കാരണം മുആവിയ (رضي الله عنه) പ്രവാചക പത്നി ഉമ്മു ഹബീബ (رضي الله عنها) യുടെയും, ഇബ്നു ഉമര്‍(رضي الله عنه) പ്രവാചക പത്നി ഹഫ്സ്വ (رضي الله عنها)യുടെയും സഹോദരങ്ങളാണ് എന്ന് ഇമാം അഹ്മദ് മറുപടി നല്‍കുകയുണ്ടായി ”  [അസ്സുന്ന – ഖല്ലാല്‍ വോ:2 പേജ് 433]

അതുപോലെ വിശുദ്ധഖുര്‍ആന്‍ രേഖപ്പെടുത്തി വെച്ചിരുന്ന കുത്താബുല്‍ വഹ്’യില്‍ ഉള്‍പ്പെട്ട ആളാണ്‌ അദ്ദേഹം.   മുആവിയ (رضي الله عنه)  ആര് എന്നോ അദ്ദേഹത്തിന്‍റെ ശ്രേഷ്ടത എന്ത് എന്നോ  ഇന്ന് പല സഹോദരങ്ങള്‍ക്കും അറിയില്ല. ഈ അറിവില്ലായ്മ കാരണം ഇഖ്’വാനികളും ഖുത്ബിയാക്കളും റാഫിദിയാക്കളും പടച്ചുവിടുന്ന കള്ളക്കഥകള്‍ അറിഞ്ഞോ അറിയാതെയോ പലരും ശരിയാണ് എന്ന് ധരിച്ചു പോകുന്നു. മാത്രമല്ല സ്വഹാബത്തിനെ കുറിച്ച് മലയാളത്തില്‍ രചിക്കപ്പെട്ട ഒട്ടുമിക്ക ഗ്രന്ഥങ്ങളും എടുത്ത് പരിശോധിച്ചാല്‍ കള്ളക്കഥളും, റാഫിദിയാക്കളുടെ ആരോപണങ്ങളും ചേര്‍ത്ത് മുആവിയ (رضي الله عنه) വിനെ പ്രത്യക്ഷമായോ പരോക്ഷമായോ വിമര്‍ശിക്കുന്നതായി കാണാം …

എന്നാല്‍ അബ്ദുല്ലാഹിബ്നു ഉമര്‍ (رضي الله عنه) ഉദ്ദരിക്കുന്ന, മുആവിയ (رضي الله عنه) സ്വര്‍ഗാവകാശിയാണ് എന്ന് സൂചിപ്പിക്കുന്ന ഹദീസ് കാണാം പ്രവാചകന്‍ (ﷺ) പറഞ്ഞു :  “കോണ്‍സ്റ്റാന്‍റിനോപ്പ്ള്‍ കീഴടക്കുന്ന ആദ്യത്തെ സൈന്യത്തിന്‍റെ പാപങ്ങളെല്ലാം അല്ലാഹു പൊറുത്ത് കൊടുത്തിരിക്കുന്നു”.  മുആവിയ (رضي الله عنه) വിന്‍റെ കാലത്ത് അദ്ദേഹത്തിന്‍റെ സൈന്യമാണ്‌  കോണ്‍സ്റ്റാന്‍റിനോപ്പ്ള്‍ തുറക്കാന്‍ ആദ്യമായി പോരാട്ടം നയിച്ചത്. യസീദ് ബിന്‍ മുആവിയ ആയിരുന്നു സൈന്യാധിപന്‍. ഹുസൈന്‍ (رضي الله عنه) വും, അബൂ അയ്യൂബ് അല്‍ അന്‍സ്വാരി (رضي الله عنه) വും ആ കൊടിക്കീഴില്‍ അണിനിരന്നവരായിരുന്നു.

അതുപോലെ അല്ലാഹുവിന്‍റെ പ്രവാചകന്‍(ﷺ) മുആവിയ (رضي الله عنه) വിനു വേണ്ടി പ്രാര്‍ഥിച്ചു. അദ്ദേഹം പറഞ്ഞു: ” അല്ലാഹുവേ നീ മുആവിയക്ക്  മാര്‍ഗദര്‍ശനം നല്‍കേണമേ, അദ്ദേഹത്തെ നേര്‍മാര്‍ഗത്തിലേക്കുള്ള വഴികാട്ടി ആക്കേണമേ. അദ്ദേഹത്തെ നീ സന്മാര്‍ഗദര്‍ശിയും, അതിന്‍റെ പ്രചാരകനും ആക്കി മാറ്റേണമേ ” [ഹസന്‍ – തിര്‍മിദി].

മുആവിയ (رضي الله عنه) വിന്‍റെ ശ്രേഷ്ഠത വിവരിക്കുന്ന ധാരാളം ഹദീസുകള്‍ ഇതുപോലെ കാണാന്‍ സാധിക്കും. ഒരുപാട് ഹദീസുകള്‍ അതുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട് താനും.

ഉസ്മാന്‍ (رضي الله عنه) വിന്‍റെ മരണശേഷം അലി (رضي الله عنه) വിനും മുആവിയ (رضي الله عنه) വിനും ഇടയില്‍ ഉണ്ടായ ചില വീക്ഷണ വിത്യാസങ്ങള്‍ കളവുകളും കെട്ടുകഥകളും ചേര്‍ത്ത് അവതരിപ്പിച്ച് സ്വഹാബത്തിനെ ഇകഴ്ത്തുകയാണ് പലപ്പോഴും അഹ്ലുല്‍ബിദഅയുടെയും  ഖുതുബിയാക്കളുടെയും ജോലി. എന്നാല്‍ അലി (رضي الله عنه) വിന്‍റെ വീക്ഷണത്തെ അംഗീകരിച്ച ആളുകളെയും, മുആവിയ (رضي الله عنه) വിന്‍റെ വീക്ഷണത്തെ അംഗീകരിച്ച ആളുകളെയും കുറിച്ച് അല്ലാഹുവിന്‍റെ പ്രവാചകന്‍ (ﷺ) പറഞ്ഞത് കാണുക : ഹസന്‍ (رضي الله عنه) വിനെ കുറിച്ച് പ്രവാചകന്‍ പറഞ്ഞു ” എന്‍റെ ഈ മകന്‍ സയ്യിദാണ്. അവനെക്കൊണ്ട്‌ അല്ലാഹു സത്യവിശ്വാസികളില്‍ രണ്ട് മഹത്തായ വിഭാഗങ്ങള്‍ക്കിടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കും ” .. ഇവിടെ സത്യവിശ്വാസികളില്‍ പെട്ട മഹത്തായ രണ്ടു വിഭാഗങ്ങള്‍ എന്ന് പ്രവാചകന്‍ (ﷺ) അവരെക്കുറിച്ച് പറഞ്ഞത് വ്യക്തമാണ് താനും ..

അതുപോലെ മറ്റൊരു ഹദീസില്‍ പ്രവാചകന്‍ (ﷺ) ഇപ്രകാരം പറഞ്ഞു : നിങ്ങള്‍ എന്‍റെ സ്വഹാബത്തിനെ ചീത്ത വിളിക്കരുത്. നിങ്ങള്‍ എന്‍റെ സ്വഹാബത്തിനെ ചീത്ത വിളിക്കരുത്. എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം. നിങ്ങള്‍ ഉഹ്ദ് മലയോളം സ്വര്‍ണ്ണം ദാനം ചെയ്‌താല്‍ പോലും സ്വഹാബത്ത് ദാനം ചെയ്ത ഒരു കൈകുംബിളിനോളം വരുകയില്ല എന്ന് മാത്രമല്ല അതിന്‍റെ പകുതിപോലും തികയുകയില്ല”   – [ബുഖാരി – മുസ്‌ലിം]

അതുപോലെ മുഅമിനീങ്ങളുടെ മാതാവായ ആഇശ (رضي الله عنها) പറയുന്നു : ” പ്രവാചകന്‍റെ സ്വഹാബത്തിനു വേണ്ടി പാപമോചനം തേടാനാണ് അവരോട് കല്പിക്കപ്പെട്ടത്. പക്ഷെ അവരാകട്ടെ അവരെ ചീത്ത വിളിച്ചു ” [സ്വഹാബത്തിന്‍റെ ശ്രേഷ്ടതയെ കുറിച്ച് ഇമാം അഹ്മദ് ഉദ്ദരിച്ചത്- സ്വഹീഹ്]

അതുപോലെ അല്ലാഹു പറയുന്നു :

وَالسَّابِقُونَ الأَوَّلُونَ مِنَ الْمُهَاجِرِينَ وَالأَنْصَارِ وَالَّذِينَ اتَّبَعُوهُمْ بِإِحْسَانٍ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الأَنْهَارُ خَالِدِينَ فِيهَا أَبَدًا ذَلِكَ الْفَوْزُ الْعَظِيمُ

” മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും  ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു.  താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും  ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം” [ തൗബ-100].

അതുകൊണ്ട് സ്വഹാബത്തിനെ നിന്ദിക്കുന്നവരെയും കൊച്ചാക്കുന്നവരെയും കണ്ടാല്‍ അവര്‍ സത്യത്തിന്‍റെ വക്താക്കളല്ല എന്ന് മനസ്സിലാക്കുക.

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

 

ബേങ്കിൽ നിന്നും ലഭിക്കുന്ന പലിശ, ബേങ്ക് തന്നെ ഈടാക്കുന്ന സർവീസ് ചാർജുകൾക്കും മറ്റും ഉപയോഗിക്കാമോ ?.

ബേങ്കിൽ നിന്നും ലഭിക്കുന്ന പലിശ, ബേങ്ക് തന്നെ ഈടാക്കുന്ന സർവീസ് ചാർജുകൾക്കും മറ്റും ഉപയോഗിക്കാമോ ?

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

പലിശ രഹിത ബേങ്കുകൾ ഇല്ലാത്ത ഇടങ്ങളിൽ ആവശ്യമായി വരുകയാണ് എങ്കിൽ മാത്രമേ പലിശ ബേങ്കുകളിൽ അക്കൗണ്ട് തുടങ്ങാവൂ.  ആ അൽകൗണ്ടിൽ നിന്നും നമുക്ക് ലഭിക്കുന്ന പലിശയാകട്ടെ യാതൊരു നിലക്കും നമുക്ക് ഉപയോഗിക്കാൻ പാടില്ല. ബേങ്ക് ഈടാക്കുന്ന സർവ്വീസ് ചാർജുകൾക്ക് അത് നൽകുക എന്നാൽ നാം ആ പലിശയുടെ ധനം സ്വയം ഉപയോഗിക്കലാണ്. കാരണം നാം ഉപയോഗിക്കുന്ന സർവീസുകൾക്ക് അതിൻ്റെ ഫീസ് നൽകുക എന്നത് സ്വാഭാവിക പ്രക്രിയയാണ്. അത് നാം നമ്മുടെ ധനത്തിൽ നിന്നും നൽകണം. അത് പലിശയായി അക്കൗണ്ടിൽ വന്ന ധനത്തിൽ നിന്നും നൽകുമ്പോൾ നാം ആ പലിശ സ്വയം ഉപയോഗിക്കുന്നു. അതുകൊണ്ട് അത് നിഷിദ്ധമാണ്, യാതൊരു കാരണവശാലും അനുവദനീയമാകുന്നില്ല.

പലിശയുടെ പാപ ഗൗരവം നമുക്കറിയാമല്ലോ. 

عن عبد الله بن حنظلة رضي الله عنه قال : قال رسول الله صلى الله عليه وسلم : درهم ربا يأكله الرجل وهو يعلمه أشد من ستة وثلاثين زنية

അബ്ദുല്ലാഹ് ഇബ്നു ഹന്‍ദല (റ) പറയുന്നു: പ്രവാചകന്‍ (സ) പറഞ്ഞു: ” അറിഞ്ഞു കൊണ്ട് ഒരാള്‍ ഭക്ഷിക്കുന്ന പലിശയുടെ ഒരു ദിര്‍ഹം പോലും, മുപ്പത്തി ആറ് വ്യഭിചാരങ്ങളെക്കാള്‍ കഠിനമായ പാപമാണ് ” (റവാഹു അഹ്മദ് : 21957).

അതുകൊണ്ട് നമ്മുടെ അൽകൗണ്ടിൽ വരുന്ന പലിശ യാതൊരു നിലക്കും സ്വയം പ്രയോജനപ്പെടുത്താൻ പാടില്ല. അത് تخلص ചെയ്യുക അഥവാ നിർധനരോ നിരാലംബരോ ആയ പാവപ്പെട്ടവർക്ക് നൽകി കയ്യിൽ നിന്നും ഒഴിവാക്കുകയാണ് ചെയ്യേണ്ടത്. ഒരു സ്വദഖ എന്ന നിലക്കല്ല അർഹമല്ലാത്തതും കയ്യിൽ നിന്നും ഒഴിവാക്കപ്പെടേണ്ടതുമായ ഒന്നാണ് എന്ന അർത്ഥത്തിലാണ് അത് നാം കയ്യിൽ നിന്നും ഒഴിവാക്കുന്നത്. അതുകൊണ്ടുതന്നെ നാം നൽകുന്ന ധർമ്മമാണ് എന്ന് സ്വീകർത്താവിന് തോന്നാത്ത വിധത്തിൽ ആളറിയാതെ നൽകലാണ് ഉചിതം. മാത്രമല്ല നാം നൽകേണ്ട സ്വദഖകൾക്ക് പകരമായി ഇതിനെ കാണുകയും ചെയ്യരുത്.

അൽകൗണ്ടിൽ വരുന്ന പലിശ എന്ത് ചെയ്യണം എന്ന് തെളിവ് സഹിതം നാം മുൻപ് വിശദീകരിച്ചിട്ടുണ്ട്. അത് ഇവിടെ ആവർത്തിക്കുന്നു: 

നിര്‍ബന്ധിത സാഹചര്യത്തിലോ,അറിവില്ലായ്മ കാരണത്താലോ കയ്യില്‍ വന്ന പലിശയെ ഏത്രൂപത്തില്‍ തന്‍റെ കൈകളില്‍ നിന്നും നീക്കം ചെയ്യണം എന്നതിനെക്കുറിച്ച് പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. 

التخلص من المال الحرام , അഥവാ ഹറാമായ മുതലില്‍ നിന്നും തന്‍റെ (സമ്പത്തിനെ) മുക്തമാക്കല്‍ എപ്രകാരം എന്നത് ചര്‍ച്ചചെയ്യുന്നിടത്താണ് പണ്ഡിതന്മാര്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുള്ളത്.

ചില ആളുകള്‍ ബേങ്കില്‍ നിന്നും അത് സ്വീകരിക്കാതെ അത് ബേങ്കിന് തന്നെ തിരിച്ചു നല്‍കുക എന്ന് പറയുന്നതായി കാണാം. ഇത് യഥാര്‍ത്ഥത്തില്‍ ശരിയല്ല. കാരണം വേണ്ട എന്നെഴുതി നൽകിയാൽ ബേങ്കുകള്‍ ആ പണം സ്വീകരിക്കുകയില്ല. അവര്‍ ആ പണം വല്ല ട്രസ്റ്റുകള്‍ക്കും മറ്റും നല്‍കുകയാണ് ചെയ്യുക.  അതാകട്ടെ  പലപ്പോഴും ഇസ്ലാമിക ആദര്‍ശങ്ങൾക്കോ വിശ്വാസങ്ങൾക്കോ ഒക്കെ വിപരീതമായ ആദര്‍ശങ്ങള്‍ വച്ചുപുലര്‍ത്തുന്ന ട്രസ്റ്റുകൾക്കോ സംഘടനകൾക്കോ ഒക്കെയായിരിക്കാം നല്കപ്പെടുന്നതും . ഏതായാലും ബേങ്കിന് തന്നെ അത് തിരിച്ചു നല്‍കുക എന്ന അഭിപ്രായം വളരേ ദുര്‍ബലമാണ് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. മാത്രമല്ല കുവൈറ്റില്‍ ഉണ്ടായ ഒരു സംഭവം എന്‍റെ അദ്ധ്യാപകന്‍ ഒരിക്കല്‍ പറഞ്ഞു തന്നിട്ടുണ്ട്. അതായത് സ്വിസ്സ് ബേങ്കില്‍ ACCOUNT ഉള്ള ഒരു പണക്കാരന്‍ ഇനി എനിക്ക് നിങ്ങള്‍ പലിശയിനത്തില്‍ പണം നല്‍കേണ്ടതില്ല എന്ന് അവര്‍ക്ക് കത്തെഴുതി. ഏതാണ്ട് രണ്ട് വര്‍ഷം കഴിഞ്ഞ് അദ്ദേഹത്തിന് യൂറോപ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മിഷിനറി ട്രസ്റ്റില്‍ നിന്നും താങ്കള്‍ നല്‍കിയ സംഭാവനക്ക് വളരെ നന്ദി എന്ന്‍ സൂചിപ്പിച്ചുകൊണ്ടുള്ള കത്ത് വന്നു. ഇനി ബേങ്കിന് തന്നെ അത് തിരിച്ചുനല്‍കുക എന്ന്പണ്ഡിതന്മാരില്‍ ചിലരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ അത് ആ പണം പിന്നീട് എന്തിനുവേണ്ടി ഉപയോഗിക്കപ്പെടുന്നു എന്ന അറിവ് ലഭിക്കുന്നതിന് മുന്‍പാണ്. ഇനി ബേങ്ക് എടുക്കുന്നു എന്നു തന്നെ സങ്കല്പിക്കുക. നമ്മള്‍ പിന്‍വലിച്ചാലും ഇല്ലെങ്കിലും ആ പലിശ അവിടെ രൂപപ്പെടുന്നുണ്ട്. അത് അവര്‍ വീണ്ടും പലിശ സംവിധാനം ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുകയാണ് ചെയ്യുക.അതുകൊണ്ട് ബേങ്കിന് അത് തിരിച്ചു നകുക എന്ന അഭിപ്രായം ശരിയല്ല. അത് ബേങ്കുകൾക്ക് തന്നെ തിരിച്ചു നൽകുകയോ, അത് തൻറെ അക്കൗണ്ടിൽ നിന്നും എടുത്ത് കളയാതിരിക്കുകയോ ചെയ്യരുത് എന്ന് കണിശമായിത്തന്നെ പല പണ്ഡിതന്മാരുംപറഞ്ഞിട്ടുമുണ്ട്. ശൈഖ് ഫലാഹ് ഇസ്മാഈൽ മൻദകാർ ഹഫിദഹുല്ലയിൽ നിന്നും ഇപ്രകാരം നേരിട്ട് തന്നെ അറിയാൻ സാധിച്ചിട്ടുമുണ്ട്.

ഇബ്നു ബാസ് (റ) യുടെ ഒരു ഫത്’വയില്‍ ഇപ്രകാരം കാണാം :

” നിനക്ക് ബേങ്കില്‍ നിന്നും ലഭിച്ചിട്ടുള്ള പലിശ നീ ഭക്ഷിക്കുകയോ,ബേങ്കിന് തിരികെ നല്‍കുകയോ ചെയ്യരുത്. മറിച്ച് അത് ഏതെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുക. പാവപ്പെട്ടവര്‍ക്ക് ദാനം നല്‍കുകയോ, ബാത്റൂമുകള്‍ പോലെയുള്ള കാര്യങ്ങളുടെ നിര്‍മ്മാണത്തിനായോ, കടം തിരിച്ചടക്കാതെ പ്രയാസപ്പെടുന്ന പാവപ്പെട്ടവര്‍ക്കോ നല്‍കുക. നീ അതില്‍ നിന്നും പാപമോചനം തേടുകയും ചെയ്യുക “. – [ ഫതാവ ഇബ്ന്‍ ബാസ് :3978].

ശേഷം അദ്ദേഹം പലിശയുടെ ഗൌരവത്തെക്കുറിച്ചും അതുമായിബന്ധപ്പെട്ട് ഒരിക്കലും ബന്ധപ്പെടരുത് എന്നതിനെക്കുറിച്ചും  വിശദീകരിക്കുന്നുണ്ട്. ആ ഫത്’വയുടെ ചോദ്യത്തിനനുസൃതമായ ഒരു സാഹചര്യമല്ല നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത് എന്നതിനാല്‍ തന്നെ അതിന്‍റെ പൂര്‍ണ രൂപം ഇവിടെ നല്‍കുന്നില്ല. ആവശ്യമുള്ളവര്‍ക്ക് അത് പരിശോധിക്കാവുന്നതാണ്.

ഏതായാലും നിഷിദ്ധമായ ധനം കയ്യില്‍ നിന്നും നീക്കം ചെയ്യുന്നവ്യത്യസ്ത മാര്‍ഗങ്ങളെക്കുറിച്ച് അദ്ദേഹം ഇവിടെ പ്രതിപാദിച്ചു. അതില്‍ ഓരോന്നും പ്രത്യേകം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

ഒന്ന്:  “നിനക്ക് ബേങ്കില്‍ നിന്നും ലഭിച്ചിട്ടുള്ള പലിശ നീ ഭക്ഷിക്കരുത്”. അഥവാ ആ പണത്തിന്‍റെ ഉപകാരം ഒരു നിലക്കും നമ്മള്‍ക്ക് കരസ്ഥമാക്കാന്‍ പാടില്ല. നമ്മള്‍ ചിലവിന്നല്‍കുന്നവരുടെ ചിലവിലേക്കായും അത് മാറ്റിവെക്കാന്‍ പാടില്ല. മറിച്ച് ഒരുനിലക്കും അതിന്‍റെ ഉപകാരം നമ്മളിലേക്ക് മടങ്ങാത്ത രൂപത്തില്‍ നമ്മുടെ കയ്യില്‍ നിന്നും അത് പൂര്‍ണമായി നീക്കം ചെയ്യണം.

രണ്ട്: “ബേങ്കിന് തിരികെ നല്‍കുകയോ ചെയ്യരുത്” -ഇതിന്‍റെകാരണം നമ്മള്‍ മുകളില്‍ വിശദീകരിച്ചതാണ്. അഥവാ അപ്രകാരം ചെയ്യുന്നത് ശര്‍റു വര്‍ദ്ധിക്കാനേ ഉപകരിക്കൂ. ഇന്ന് ഈവിഷയത്തില്‍ പണ്ഡിതന്മാര്‍ക്ക് ഏതാണ്ട് ഏകാഭിപ്രായം ആണ്. കാരണം ഇന്നത്തെ സാഹചര്യത്തില്‍ അത് ശര്‍റു വര്‍ദ്ധിപ്പിക്കാനേ ഉപകരിക്കൂ എന്നത് വ്യക്തമാണ്. അത് വ്യക്ത്മാകുന്നതിന്  മുന്പ് പറയപ്പെട്ടിട്ടുള്ള അഭിപ്രായങ്ങള്‍ അതിനാല്‍ തന്നെ ഇവിടെ പ്രസക്തമല്ല. 

മൂന്ന്: “മറിച്ച് അത് ഏതെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുക. ഇവിടെ അത് ഒരു നന്മ ചെയ്യുകയാണ് എന്ന നിയ്യത്തോടെയും,  അതിന്‍റെ പ്രതിഫലം ലഭിക്കട്ടെ എന്നഉദ്ദേശ്യത്താലും ഒരു പുണ്യകര്‍മ്മമെന്ന നിലക്ക് ദാനം ചെയ്യണമെന്നാണ് ശൈഖ് പറഞ്ഞത് എന്ന് ആരും തെറ്റിദ്ധരിക്കരുത്. കാരണം  പ്രതിഫലമാഗ്രഹിച്ചുകൊണ്ടുള്ള ദാനധര്‍മ്മത്തിന് ആ പണം ഉപയോഗിക്കാന്‍ പാടില്ല എന്നതില്‍ പണ്ഡിതന്മാര്‍ക്ക് ഏകാഭിപ്രായം ആണ്. മാത്രമല്ല അല്ലാഹു പരിശുദ്ധനാണ്‌. പരിശുദ്ധമായതല്ലാത്ത ഒന്നും അവന്‍ സ്വീകരിക്കുകയില്ല.അതുകൊണ്ടുതന്നെ തന്‍റെ കയ്യില്‍ അനര്‍ഹമായി വന്ന പണം തന്‍റെ കൈവശത്തില്‍ നിന്നും നീക്കം ചെയ്യുക എന്ന ഉദ്ദേശത്തോടെ അത് ഒഴിവാക്കുക എന്ന അര്‍ത്ഥത്തിലാണ് അത് അത്തരം കാര്യങ്ങള്‍ക്ക് നല്‍കേണ്ടത്. 

എന്നിട്ടദ്ദേഹം അത് നീക്കം ചെയ്യേണ്ട സംഗതികള്‍ക്ക്ഉദാഹരണമായി പറഞ്ഞത് : “പാവപ്പെട്ടവര്‍ക്ക് ദാനം നല്‍കുക” . ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ട്. ശൈഖ് സുലൈമാന്‍ റുഹൈലി ഹഫിദഹുല്ല ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല. ഇത് അദ്ദേഹത്തിന്‍റെഉത്തരത്തില്‍ വ്യക്തമാണ്. മാത്രമല്ല ദര്‍സിനു ഇടക്കുള്ള വിശ്രമ സമയത്ത് എന്‍റെ കൂട്ടുകാരനായ അള്‍ജീരിയക്കാരന്‍ തൗഫീഖ് അദ്ദേഹത്തോട് ഒന്നുകൂടി ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അത് പാവപ്പെട്ടവര്‍ക്ക് നല്‍കുക എന്ന അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല എന്ന് ഒന്നുകൂടി അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. 

എന്നാല്‍ ശൈഖ് ഇബ്ന്‍ ബാസ് റഹിമഹുല്ല പറഞ്ഞിട്ടുള്ള ഈഅഭിപ്രായം വളരെ പ്രബലമായ അഭിപ്രായമായാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത് والله أعلم . കാരണം പ്രമാണങ്ങളില്‍ ഈ അഭിപ്രായത്തിന് സമാനമായ തെളിവുകള്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഒരുപക്ഷെ ആ തെളിവുകള്‍ ആകാം ഇബ്നു ബാസ് റഹിമഹുല്ല അപ്രകാരം പറയാന്‍ അവലംഭിച്ചത് :

തെളിവ് ഒന്ന്:  അന്‍സാരികളില്‍ പെട്ട ഒരു സ്വഹാബി റിപ്പോര്‍ട്ട് ചെയ്യുന്നു:  ഒരിക്കല്‍ പ്രവാചകന്‍ (സ) യും ഞങ്ങളും ഒരു ജനാസ നമസ്കാരം കഴിഞ്ഞ് മടങ്ങുന്ന അവസരത്തില്‍ ഒരു ഖുറൈഷിസ്ത്രീ പ്രവാചകന്‍റെ അടുക്കല്‍ വന്നു പറഞ്ഞു :  പ്രവാചകരേ,ഇന്നാലിന്ന സ്ത്രീ താങ്കളെയും കൂടെയുള്ളവരെയും ഭക്ഷണത്തിന് ക്ഷണിക്കുന്നു. അങ്ങനെ അദ്ദേഹം ക്ഷണിക്കപ്പെട്ട സ്ഥലത്തേക്ക് നടന്നു. കൂടെ ഞങ്ങളും നടന്നു. ഞങ്ങള്‍ കുട്ടികള്‍ കുട്ടികള്‍ ഇരിക്കാറുള്ളതുപോലെ ഉപ്പമാരുടെ മടിയില്‍ ഇരുന്നു. അങ്ങനെ ഭക്ഷണം കൊണ്ടുവരപ്പെട്ടു. പ്രവാചകന്‍ (സ) ഭക്ഷണത്തളികയില്‍ഭക്ഷിക്കാനായി കൈവച്ചു. അപ്പോള്‍ മറ്റുള്ളവരും കൈവച്ചു. എന്നാല്‍ എന്തോ ഒരു പന്തികേടുള്ളതുപോലെ പ്രവാചകന്‍ (സ) താന്‍ കഴിച്ച ഉരുള താഴോട്ടിറക്കാതെ  വായില്‍ തന്നെ വച്ചുനില്‍ക്കുന്നത് സ്വഹാബത്തിന്റെ ശ്രദ്ധയില്‍ പെട്ടു. അപ്പോള്‍ മുതിര്‍ന്നവര്‍ തളികയില്‍ നിന്നും കയ്യെടുത്തു. പക്ഷെ ഞങ്ങള്‍കുട്ടികള്‍ കഴിക്കുന്നത് അവര്‍ ശ്രദ്ധിച്ചില്ല. അതവരുടെ ശ്രദ്ധയില്‍പെട്ടപ്പോള്‍ അവര്‍ തങ്ങളുടെ കയ്യില്‍ പിടിച്ചു. ഞങ്ങളുടെകയ്യിലുണ്ടായിരുന്ന ഭക്ഷണം അവര്‍ തളികയിലേക്ക് തന്നെ തട്ടി. അങ്ങനെ അവര്‍ ഞങ്ങളുടെ കയ്യില്‍ പിടിച്ചുകൊണ്ട് പ്രവാചകന്‍ (സ) എന്താണ് ചെയ്യുന്നത് എന്ന് ശ്രദ്ധിക്കാന്‍ തുടങ്ങി. അങ്ങനെ പ്രവാചകന്‍ (സ) തന്‍റെ വായിലുള്ള ഭക്ഷണം പുറത്തേക്ക് കളഞ്ഞു. എന്നിട്ടദ്ദേഹം പറഞ്ഞു : ” ഉടമസ്ഥന്‍റെ അനുവാദമില്ലാതെ എടുത്ത ആടാണല്ലോ ഇത് ” . അപ്പോള്‍ ആ സ്ത്രീ പറഞ്ഞു : “അല്ലയോ പ്രവാചകരേ, താങ്കള്‍ക്കും കൂടെയുള്ളവര്‍ക്കും ഭക്ഷണം നല്‍കണം എന്ന് ഞാന്‍ ഒരുപാട് നാളായി കരുതുന്നു. അങ്ങനെ ഞാന്‍ ബഖീഇലേക്ക് ആടിനെ വാങ്ങിക്കാന്‍ ആളെ വിട്ടു. പക്ഷെ അവിടെ ആടുണ്ടായിരുന്നില്ല. അപ്പോഴാണ്‌ ഇന്നലെ ആമിര്‍ ബ്നു അബീ വഖാസ് (റ) ഒരു ആടിനെ വാങ്ങിയത് ഓര്‍ത്തത്. അങ്ങനെ ബഖീഇല്‍ ആട് ലഭ്യമല്ല അതുകൊണ്ട് താങ്കള്‍ ഇന്നലെ വാങ്ങിയ ആടിനെ ആ വിലക്ക്  എനിക്ക് നല്‍കുമോ എന്ന് ചോദിക്കാനായി ഞാന്‍ ഒരാളെ പറഞ്ഞുവിട്ടു. പക്ഷെ അയാള്‍ അവിടെ ചെന്നപ്പോള്‍ ആമിറിനെ കണ്ടില്ല. അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ അവിടെ ഉണ്ടായിരുന്നു. അവര്‍ ഞാന്‍ പറഞ്ഞുവിട്ട ആള്‍ക്ക് ആടിനെ നല്‍കി ഇതാണ് സംഭവിച്ചത്. അത് പറഞ്ഞപ്പോള്‍ പ്രവാചകന്‍ (സ) പറഞ്ഞു: ” നിങ്ങള്‍ അത്തടവുകാര്‍ക്ക് ഭക്ഷണമായി നല്‍കുക ” – [ അഹ്മദ് – അല്‍ബാനി,ഇസ്നാദുഹു സ്വഹീഹ് ].

ഇതില്‍ നിന്നും പ്രവാചകന്‍ (സ) അവരെ അത് കഴിക്കാന്‍ വിലക്കുകയും, എന്നാല്‍ തടവുകാര്‍ക്ക് ഭക്ഷണമായി നല്‍കാന്‍ പറയുകയും ചെയ്തു.

തെളിവ് രണ്ട് : അതുപോലെ അബൂബക്കര്‍ (റ) വുമായി ബന്ധപ്പെട്ട് ഒരു ഹദീസ് ഇമാം അഹ്മദും നസാഇയുമെല്ലാം ഉദ്ദരിച്ചിട്ടുണ്ട് :

 

         ألم   

1. അലിഫ്‌-ലാം-മീം

غُلِبَتِ الرُّومُ

2. റോമക്കാര്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു

.فِي أَدْنَى الْأَرْضِ وَهُمْ مِنْ بَعْدِ غَلَبِهِمْ سَيَغْلِبُونَ

3. അടുത്തനാട്ടില്‍ വെച്ച്‌. തങ്ങളുടെ പരാജയത്തിനു ശേഷം അവര്‍ വിജയം നേടുന്നതാണ്‌.

 

എന്നീ ആയത്തുകള്‍ ഇറങ്ങിയപ്പോള്‍ മുശ്’രികീങ്ങള്‍ ആആയത്തുകളെ കളവാക്കുകയും, റോമിന് വിജയം കിട്ടുകയില്ല എന്നും പറയുകയുണ്ടായി. അപ്പോള്‍ അബൂബക്കര്‍ (റ) പ്രവാചകന്‍റെ അനുവാദത്തോടെ അത് സംഭവിക്കുമെന്ന്അവരുമായി ബെറ്റ് വച്ചു. അങ്ങനെ അല്ലാഹു റോമുകാര്‍ക്ക് വിജയം നല്‍കിയപ്പോള്‍ അബൂബക്കര്‍ ആ ബെറ്റ് വഴി കിട്ടിയ പാരിതോഷികവുമായി പ്രവാചകന്‍റെ അടുത്ത് വന്നു. അപ്പോള്‍ പ്രവാകന്‍ (സ) പറഞ്ഞു: ” ഇത് അന്യായമായ മുതലാണ്‌, അത് നീദാനം നല്കിയേക്കുക”. മുസ്ലിമീങ്ങള്‍ അവര്‍ക്കല്ലാഹു നല്‍കിയ വിജയത്തില്‍ ഏറെ സന്തോഷിച്ചു (ഇത് ഖിമാര്‍ വിജയിച്ചതിനെ കുറിച്ചല്ല. മറിച്ച് ആയത്തില്‍ പറഞ്ഞ പ്രവചനം സത്യമായതിനെപ്പറ്റി സന്തോഷിചതിനെ സൂചിപ്പിച്ചുകൊണ്ട്പറഞ്ഞതാണ്).  പ്രവാചകന്‍ (സ) അബൂബക്കര്‍ (റ) വിന് ബെറ്റ് വെക്കാന്‍ അനുവാദം നല്‍കിയതിന് ശേഷം ഖിമാര്‍ നിഷിദ്ധമാക്കിക്കൊണ്ടുള്ള ആയത്ത് അവതരിച്ചിരുന്നു ” -[ മുസ്നദ് അഹ്മദ് 2495 , തിര്‍മിദി 2551, അല്‍ബാനി : സ്വഹീഹ്]. 

ആ സമയത്ത് ബെറ്റ് വെക്കല്‍ ( ഖിമാര്‍ )നിഷിദ്ധമാക്കിക്കൊണ്ടുള്ള ആയത്ത് ഇറങ്ങിയിട്ടില്ലായിരുന്നു.പക്ഷെ അദ്ദേഹം അത് നടത്തി പണം കൈവശം വന്നപ്പോഴേക്കും അത് അന്യായമായ പണം ആണ് എന്ന് സൂചിപ്പിക്കുന്ന  ഖിമാറിനെ നിഷിദ്ധമാക്കിക്കൊണ്ടുള്ള ആയത്ത് ഇറങ്ങുകയും ചെയ്തു. എന്നാല്‍ പ്രവാചകന്‍ (സ) ആ മുതല്‍ ഭക്ഷിക്കുന്നതില്‍ നിന്ന് അബൂ ബക്കര്‍ (റ) വിനെ വിലക്കുകയും അത് ദാനം നല്‍കാന്‍ കല്പിക്കുകയും ചെയ്തതായി കാണാം.

ഇബ്നു ഉസൈമീന്‍ റഹിമഹുല്ലയോട് അന്യായമായ ധനം എങ്ങനെ കയ്യില്‍ നിന്നും നീക്കം ചെയ്യണം എന്നാ ചോദ്യത്തിന്അദ്ദേഹം നല്‍കിയ മറുപടിയില്‍ കാണാം .. അദ്ദേഹം പറയുന്നു :  ” ഉടമസ്ഥന്‍ തന്നെ അറിഞ്ഞുകൊണ്ട് നല്‍കുന്നപലിശപോലെയുള്ള നിഷിദ്ധമായ ഇടപാടുകള്‍ വഴി വരുന്ന അതിന്‍റെ ഉടമസ്ഥന് തന്നെ തിരിച്ച് നല്‍കേണ്ടതില്ല

ഫത്’വയുടെ പൂർണരൂപം: ” കളവ്, മോഷണം, അക്രമിച്ചെടുക്കൽ തുടങ്ങി ഒരാളുടെ സമ്പത്ത് ആരെങ്കിലും അന്യായമായി അപഹരിച്ചതാണെങ്കിൽ, അതിൻറെ ഉടമസ്ഥനെ തനിക്കറിയുമെങ്കിൽ എന്ത് പ്രയാസം സഹിച്ചും, എത്ര പണിപ്പെട്ടും അതയാൾക്ക് എത്തിക്കണം. കാരണം അവകാശി ആരെന്നു അറിവുള്ള, ഒരു മുസ്ലിമിന് അവകാശപ്പെട്ട സ്വത്താണത്. ഒന്നുകിൽ വിശ്വസ്ഥരായ ആളുകൾ മുഖേനയോ. അതല്ലെങ്കിൽ തപാൽ വഴിയോ,മറ്റേതെങ്കിലും രൂപത്തിലോ അതയാൾക്ക് നിർബന്ധമായും എത്തിച്ചിരിക്കണം. എന്നാൽ അതിൻറെ ഉടമസ്ഥൻ ആരെന്നു അറിയാതെ വരുന്ന പക്ഷം, ഉദാ: ഒരു മനുഷ്യൻ പലരുടെയും പണംഅപഹരിക്കുകയും അവരാരൊക്കെയാണ്‌ എന്ന് അറിയാൻ പറ്റാതെ വരികയും ചെയ്‌താൽ, അത് തന്‍റെ കയ്യില്‍ നിന്നും ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ അതിന്‍റെ പ്രതിഫലം അതിന്‍റെ യഥാര്‍ഥ അവകാശികള്‍ക്ക് ലഭിക്കട്ടേ എന്ന ഉദ്ദേശ്യപ്രകാരം ദാനംനല്‍കേണ്ടതാണ്.  അതിന്‍റെ അവകാശികള്‍ ആരെന്ന് തനിക്കറിയില്ലെങ്കിലും അവരെക്കുറിച്ച്  അല്ലാഹുവിന് കൃത്യമായിഅറിയാമല്ലോ. എന്നാല്‍ ആ പണം നല്‍കപ്പെടുന്നവനെ (സ്വീകരിക്കുന്ന പാവപ്പെട്ടവന്‍) സംബന്ധിച്ചിടത്തോളം അത് അനുവദനീയമായ പണമാണ്. അത് സ്വീകരിക്കുന്നതില്‍  നിഷിദ്ധം കടന്നുവരുന്നുവെന്ന് പ്രയാസപ്പെടേണ്ടതില്ല. അവനെ സംബന്ധിച്ചിടത്തോളം ആരെന്നറിവില്ലാത്ത ആ ഉടമസ്ഥനിൽ നിന്നും ലഭിക്കുന്നത് പോലെത്തന്നെയാണ് ഇയാളിൽ നിന്ന് ലഭിക്കുന്നതും. ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അന്യായമായി കൈവശപ്പെടുത്തിയ മുതലുകളുടെ വിഷയത്തിലാണ്  ആ വ്യക്തിയെ അറിയില്ലെങ്കില്‍ അയാള്‍ക്ക് പ്രതിഫലം ലഭിക്കട്ടെ എന്ന ഉദ്ദേശ്യത്തോടെ ദാനം ചെയ്യേണ്ടത്.

എന്നാൽ പലിശ ഇടപാടുകൾ പോലെയുള്ള പരസ്പര ധാരണയോടെ മറ്റുള്ളവരിൽ നിന്നും കൈവശപ്പെടുത്തുന്ന ഹറാമായ സമ്പത്ത് ആണെങ്കിൽ അതയാൾക്ക് തന്നെ തിരിച്ചു നൽകാന്‍ പാടില്ല. മറിച്ച് (പ്രതിഫലമാഗ്രഹിക്കാതെ) ‘തന്റെ കയ്യിൽ നിന്നും ഒഴിവാക്കുക’ എന്ന ഉദ്ദേശ്യത്തോടുകൂടി ധർമ്മം ചെയ്യുകയാണ് വേണ്ടത്. മാത്രമല്ല പരസ്പര ധാരണയോടെകൈവശം വന്ന ഹറാമായ സമ്പത്താണ്‌ എങ്കില്‍ ആരില്‍ നിന്നാണോ അത് ലഭിച്ചത് അയാള്‍ക്ക് നന്മയായിരേഖപ്പെടുത്തപ്പെടട്ടെ എന്ന ഉദ്ദേശ്യപ്രകാരം നല്‍കുവാനും  പാടില്ല. മറിച്ച് തന്റെ കയ്യിൽ നിന്നും അതൊഴിവാക്കുക എന്നത് മാത്രമായിരിക്കണം അപ്രകാരം ചെയ്യുന്നവന്റെ നിയ്യത്ത്. അതാർക്കാണോ നൽകപ്പെടുന്നത് (പാവപ്പെട്ടവന്‍) അവനെ സംബന്ധിച്ചിടത്തോളം അത് അനുവദനീയമായ സമ്പത്താണ്‌ ” .

المصدر :

مكتبة الفتاوى : فتاوى نور على الدرب (نصية) : البيوع 

المصدر :

مكتبة الفتاوى : فتاوى نور على الدرب (نصية) : البيوع

من موقع فضيلة الشيخ محمد بن صالح العثيمين رحمه الله

എന്നാൽ ഒരാൾ അത് സ്വയം ഉപയോഗിക്കുവാനോ, താൻ ചിലവിന് നൽകൽ നിർബന്ധമായ തൻറെ ആശ്രിതർക്കത് നൽകുവാനോ പാടില്ല. ഇവിടെ ഇത് സ്വദഖയായിപരിഗണിക്കപ്പെടുന്നുമില്ല. കയ്യിൽ നിന്ന് ഒഴിവാക്കുക എന്നത് മാത്രമാണ് ഉദ്ദേശ്യം. അതിനൊട്ട് പ്രതിഫലവും ലഭിക്കുകയില്ല. എന്നാൽ ഹറാമായ സമ്പത്ത് നിർബന്ധിത സാഹചര്യത്തിൽ കൈവശം വരുന്ന ഒരാൾ ഇപ്രകാരം ചെയ്യുന്നുവെങ്കിൽ, തൻറെ സമ്പത്തിൽ ഹറാം കൂടിക്കലരാതിരിക്കാൻ അയാള് കാണിക്കുന്ന സൂക്ഷ്മതക്കും, അതിൽ നിന്നൊരു ചില്ലിക്കാശുപോലും ഉപയോഗിക്കാതെ പൂർണമായും ഒഴിവാക്കാനുള്ള നല്ല മനസ്സിനും അയാൾക്ക് പ്രതിഫലം ലഭിക്കും. 

ഹറാമായ പണം മുസ്ലിമീങ്ങളുടെ പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ, കുളിമുറി, കക്കൂസ്, റോഡ്‌ തുടങ്ങി  ആദരണീയമല്ലാത്ത പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യുക എന്ന് പണ്ഡിതന്മാർ പറഞ്ഞ ഭാഗം മനസ്സിലാക്കുമ്പോൾ സുപ്രധാനമായ ഒരു നിബന്ധന കൂടി അതോടൊപ്പം മനസ്സിലാക്കേണ്ടതുണ്ട്. അതായത് തനിക്ക് നേരിട്ട് ഉപകാരം ലഭിക്കുന്ന പൊതു ആവശ്യങ്ങൾക്ക് ആ പണം ഉപയോഗിക്കാൻ പാടില്ല. ഉദാ: തന്റെ വീട്ടിലേക്ക് പോകുന്ന പൊതുവഴി നന്നാക്കാൻ, അവിടെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാൻ തുടങ്ങിയ കാര്യങ്ങൾക്ക് അത് ഉപയോഗിക്കാൻ പാടില്ല. പൊതു ആവശ്യങ്ങൾക്ക് നൽകുന്ന സാഹചര്യത്തിൽത്തന്നെ തനിക്ക് ഉപകാരം ലഭിക്കുന്ന പൊതു ആവശ്യങ്ങൾ നോക്കി അതിനു നൽകൽ നിഷിദ്ധമാണ്.

അല്ലാഹു അനുഗ്രഹിക്കട്ടെ ….

ഇനി ധാരാളം പണം കൈവശമുള്ളവർ അത് ബേങ്കിൽ നേരിട്ട് നിക്ഷേപിക്കാതെ അത് സ്വർണ്ണമാക്കി ലോക്കറിൽ സൂക്ഷിക്കുകയാണ് എങ്കിൽ. അത്രയെങ്കിലും പലിശയിൽ നിന്നും മോചനം നേടാൻ സാധിക്കും. ലോക്കർ ഉപയോഗിക്കുന്നതിനു നൽകുന്ന ഫീസ്‌ നമ്മൾ ഉപയോഗപ്പെടുത്തുന്ന സർവീസിന് ബദലായി നൽകുന്നതായതിനാൽ  ഈ ഇടപാടിൽ പലിശകടന്നുവരുന്നില്ല. മാത്രമല്ല സ്വർണ്ണനിക്ഷേപമാകുമ്പോൾ തൻറെ അധ്വാനത്തിന്റെ യഥാർത്ഥ മൂല്യം നഷ്ടപ്പെടാതെ സംരക്ഷിക്കുവാനും സാധിക്കുന്നു.

ഇനി കഴിവതും പണം കുമിഞ്ഞുകൂടിക്കിടക്കാത്ത രൂപത്തിൽ ഉപകാരപ്രദമായ ഉത്പാദന പ്രക്രിയകളിൽ ഉപയോഗപ്പെടുത്തുക. അത് സമ്പത്തിനെ വർദ്ധിപ്പിക്കുകയും അനാവശ്യമായി  ബേങ്കിൽ നിക്ഷേപിക്കുന്നതിനെയും ഇല്ലാതാക്കുവാൻ സഹായകമാകും.

ഇനി നിങ്ങളുടെ കൈവശം ഹറാമായ നിങ്ങൾക്ക് സ്വയം ഉപയോഗിക്കൽ അനുവദനീയമല്ലാത്ത പലിശയുടെ ധനമോ മറ്റോ ഉണ്ടെങ്കിൽ നമ്മുടെ നാട്ടിലെ ചാരിറ്റി പ്രവർത്തനങ്ങളിൽ ഉദാത്തമായ മാതൃക കാഴ്ചവെക്കുന്ന ഷെൽറ്റർ ഇന്ത്യയുമായി ബന്ധപ്പെട്ട് അവർക്ക് നൽകുകയാണ് എങ്കിൽ അങ്ങേയറ്റം പ്രാരാബ്ധക്കാരും പ്രയാസപ്പെടുന്നവരുമായ ആളുകളിലേക്ക് ആ പണം എത്തിച്ച് അവർക്കൊരു സഹായമാകാനും നിങ്ങളുടെ കയ്യിൽ നിന്ന് അത് നീക്കം ചെയ്യാനും നിങ്ങൾക്ക് സാധിക്കും.

🏦BANK DETAILS

1⃣-Bank= S B I

A/C Name= SHELTER INDIA

A/C NO= 67372245338

Type = Current

IFSC =SBIN0070443

Branch =CHERUKAVU ADB

♻♻♻♻♻♻♻

2⃣-Bank =FEDERAL BANK

Name =SHELTER INDIA

A/C NO =20670200001093

Type =Current

IFSC= FDRL0002067

Branch= PULIKKAL

 

♦♦♦♦♦♦♦♦♦♦

SHELTER INDIA CHARITABLE TRUST

REG: 249/15

Pulikkal,Malappuram

Pin 673637

📧 mail@shelterindia.org

📥 www.shelterindia.org

 

CONTACT NUMBERS: 

1⃣ Abdu Rahiman Manoli Secretary SheIter India 9744668855

2⃣ Dr.Shabeel Chairman SheIter India 9447197486 [Whatsapp]

3⃣ Admin Shelter India 9061099550

4⃣Shelter India Office 04832793450

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

അക്കൗണ്ടിൽ വരുന്ന പലിശയുടെ പണം ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് നൽകാമോ ?.

അക്കൗണ്ടിൽ വരുന്ന പലിശയുടെ പണം ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് നൽകാമോ ?

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

വലിയ പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ വേണ്ടി നാമൊരുമിച്ച് പരിശ്രമിക്കുന്ന സാഹചര്യമാണല്ലോ കേരളത്തിലുള്ളത്. ഒരു മുസ്‌ലിമിന് പലിശയുമായി ബന്ധപ്പെടാനോ പലിശയുമായി ബന്ധപ്പെടാനോ പാടില്ലാത്തതിനാല്‍ അവന്‍റെ അക്കൗണ്ടില്‍ വരുന്ന പലിശ ഉപയോഗിക്കാറില്ല. അത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാമോ എന്നതാണ് ചോദ്യം.

അക്കൗണ്ടില്‍ വരുന്ന പലിശയുടെ പണം ദാനധര്‍മ്മം എന്ന ഉദ്ദേശത്തോടെയല്ലാതെ തന്‍റെ കയ്യില്‍ നിന്നും ഹറാമായ ധനം നീക്കം ചെയ്യുക അര്‍ത്ഥത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാം. അത് സ്വദഖയായി പരിഗണിക്കുകയില്ല. തന്‍റെ കൈവശം ഹലാലല്ലാത്ത മാര്‍ഗേണ വരുന്ന ഏതൊരു ധനവും തനിക്ക് ഉപയോഗിക്കല്‍ നിഷിദ്ധമാണ്. എന്നാല്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്കോ ദുരിതാശ്വാസത്തിനോ ഒക്കെ നല്‍കിക്കൊണ്ടാണ് അത് നീക്കം ചെയ്യേണ്ടത്. 

മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ അവശ്യമായ സാഹചര്യം എന്ന നിലക്കേ പലിശ ബേങ്കില്‍ അക്കൌണ്ട് തുറക്കാവൂ. ഇനി അക്കൗണ്ട് തുറന്നാൽത്തന്നെ തന്‍റെ അക്കൗണ്ടില്‍ വരുന്ന പലിശപ്പണം തൻ്റെ കയ്യിൽ നിന്നും നീക്കം ചെയ്യുകയും ചെയ്യണം. പ്രളയത്തിൽ പ്രയാസപ്പെടുന്നവരും നിരാലംബരുമായ ആളുകൾക്ക് അത് നൽകുക വഴി തൻ്റെ കയ്യിൽ നിന്ന് അത് ഒഴിവാക്കുന്നതോടൊപ്പം അവർക്കൊരു സഹായമാകുകയും ചെയ്യും..

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

ബേങ്ക് അക്കൗണ്ടില്‍ വരുന്ന പലിശ ടാക്സ്/ ഇന്‍ഷുറന്‍സ് തുടങ്ങിയവ അടക്കാന്‍ ഉപയോഗിക്കാമോ ?.

ബേങ്ക് അക്കൗണ്ടില്‍ വരുന്ന പലിശ ടാക്സ്/ ഇന്‍ഷുറന്‍സ് തുടങ്ങിയവ അടക്കാന്‍ ഉപയോഗിക്കാമോ ?

ചോദ്യം: ബാങ്കില്  വരുന്ന നോര്‍മല്‍ (NOT FIXED  DEPOSIT )പലിശ നമുക്ക്  എങ്ങനെ ഉപയോഗിക്കാം? നമുക്ക് വാഹനത്തിന്‍റെ  ടാക്സ്‌ / ഫൈന്‍/ പാര്‍ക്കിംഗ് ഫീ /  ഇന്‍ഷുറന്‍സ് തുടങ്ങിയവ  അടക്കാന്‍ ഉയോഗികമോ ? (OR) വേറേ എന്തെങ്കിലും കാര്യത്തിനു ഉപയോഗിക്കാമോ ?. 

 

 

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

 

 നിങ്ങളുടെ അക്കൗണ്ടില്‍ പലിശയുടെ ധനം സ്വന്തത്തിന് നേട്ടമുണ്ടാക്കുന്നതായ ഒരു കാര്യത്തിനും ഉപയോഗിക്കാന്‍ പാടില്ല. ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ടവയെല്ലാം ഈ പലിശയുടെ ധനം താങ്കളുടെ കൈവശം വന്നില്ലെങ്കിലും താങ്കള്‍ നല്‍കേണ്ടവയാണല്ലോ. അതുകൊണ്ട് അതിന് ഈ പലിശപ്പണത്തെ ഉപയോഗിക്കുന്നുവെങ്കില്‍ അവിടെ യഥാര്‍ത്ഥത്തില്‍ ആ പലിശപ്പണം നിങ്ങള്‍ സ്വീകരിക്കുന്നതിന് തതുല്യമാണ്. അതുകൊണ്ടുതന്നെ  തന്നിലേക്ക് പ്രയോജനം മടങ്ങുന്ന ഒരു രൂപത്തിലും അക്കൗണ്ടില്‍ വരുന്ന പലിശയുടെ ധനം ഉപയോഗിക്കാവുന്നതല്ല.

 

എന്നാല്‍ തന്‍റെ തൃപ്തിയോടെയല്ലാതെ തന്‍റെ കൈവശം വരുന്ന ധനം അത് പാവപ്പെട്ടവര്‍ക്ക് ധര്‍മ്മം ചെയ്യുകയാണ് ചെയ്യേണ്ടത്. ദാനധര്‍മ്മം എന്ന ഗണത്തിലല്ല മറിച്ച് അനുവദനീയമല്ലാത്ത മാര്‍ഗത്തില്‍ വന്ന ധനം തന്റെ കയ്യില്‍ നിന്നും നീക്കം ചെയ്യുക എന്ന ഗണത്തിലാണ് അത് പെടുന്നത്. പാവപ്പെട്ടവര്‍ക്ക് അവരുടെ കയ്യിലേക്ക് അത് ലഭിക്കുന്നത് ഹറാമായ മാര്‍ഗത്തിലൂടെ അല്ലാത്തതിനാല്‍ അവര്‍ക്ക് അത് വിനിയോഗിക്കുന്നതിന് കുഴപ്പമില്ലതാനും.  ഇതാണ് ഈ വിഷയത്തിലെ പ്രമാണബദ്ധമായ നിലപാട്.

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

മുൻകൂട്ടി കരാർ ചെയ്ത കൂടിയ പൈസക്ക് നാട്ടിൽ നിന്നും വാഹനം ഇൻസ്റ്റാൾ മെന്റിന് എടുക്കാമോ. അടവു തെറ്റിയാൽ മാത്രമേ പ ലിശ വരുന്നുള്ളൂ ?.

മുൻകൂട്ടി കരാർ ചെയ്ത കൂടിയ പൈസക്ക് നാട്ടിൽ നിന്നും വാഹനം ഇൻസ്റ്റാൾ മെന്റിന് എടുക്കാമോ. അടവു തെറ്റിയാൽ മാത്രമേ പ ലിശ വരുന്നുള്ളൂ ?

 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ؛ وبعد،

റെഡി കാശിനേക്കാള്‍ കൂടിയ വിലക്ക് ഇന്‍സ്റ്റാള്‍മെന്‍റ് ആയി കാര്‍ വാങ്ങുന്നതിനോ, വില്‍ക്കുന്നതിനോ മതപരമായ വിലക്കില്. പക്ഷെ കച്ചവടം നടന്നു കഴിഞ്ഞാല്‍ അടവ് തെറ്റിയാല്‍പ്പോലും വില വര്‍ദ്ധിക്കുവാനോ കടബാധ്യത വര്‍ദ്ധിക്കുവാനോ പാടില്ല. 

എന്നാല്‍ താങ്കള്‍ സൂചിപ്പിച്ചത് ഇസ്‌ലാമികമായി അനുവദനീയമായ ഇന്‍സ്റ്റാള്‍മെന്‍റ് രീതിയല്ല. മറിച്ച് പലിശക്കരാറാണ്. ഇസ്‌ലാമികമായ ഇന്‍സ്റ്റാള്‍മെന്‍റ് കച്ചവടത്തില്‍ വാഹനത്തിന്‍റെ ഉടമയാണ് വാങ്ങിക്കുന്ന ആള്‍ക്ക് പണം പിന്നീട് നല്‍കിയാല്‍ മതി എന്ന ഉപാധിയോടെ വാഹനം വില്‍ക്കുന്നത്. അതുപോലെ കച്ചവടം നടന്നു കഴിഞ്ഞാല്‍ ഏത് സാഹചര്യത്തിലും കടബാധ്യത വര്‍ദ്ധിക്കുകയുമില്ല. എന്നാല്‍ താങ്കള്‍ പരാമര്‍ശിച്ചതു പോലെ നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ള ഇടപാടുകളില്‍ ഭൂരിഭാഗവും ഏതെങ്കിലും ഫിനാന്‍സ് സ്ഥാപനങ്ങള്‍ ആ വാഹനത്തിന്‍റെ ഉടമസ്ഥര്‍ക്ക് നിങ്ങള്‍ക്ക് ബദലായി റെഡി കാശ് നല്‍കുകയും, പകരം അവര്‍ക്ക് നിങ്ങള്‍ കൂടുതല്‍ സംഖ്യ അടച്ച് കൊടുക്കുകയും ചെയ്യേണ്ട ഇടപാടാണ്. നിങ്ങള്‍ക്ക് വില്‍ക്കുന്നതിന് മുന്‍പ് വാഹനം അവര്‍ ഉടമപ്പെടുത്തുകയോ വാങ്ങിക്കുകയോ ചെയ്യുന്നില്ല. ഇത് പലിശ തന്നെയാണ്. രണ്ടാമതായി അവര്‍ക്ക് നിങ്ങള്‍ നല്‍കാനുള്ള കടത്തിന് അടവ് തെറ്റിയാല്‍ ഇത്ര എന്ന തോതില്‍ പലിശ ഈടാക്കുന്നു. അതുകൊണ്ടുതന്നെ പ്രത്യക്ഷമായി പലിശയടങ്ങിയ ഒരു കരാറാണിത്. അതിനാല്‍ത്തന്നെ അത് അനുവദനീയമല്ല. 

അല്ലാഹു പറയുന്നു :

يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ*فَإِنْ لَمْ تَفْعَلُوا فَأْذَنُوا بِحَرْب مِنَ اللَّهِ وَرَسُولِهِ وَإِنْ تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لا تَظْلِمُونَ وَلا تُظْلَمُونَ

” സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവശേഷിക്കുന്ന  പലിശയില്‍ നിന്നും  പൂര്‍ണമായും വിട്ടുകളയുകയും ചെയ്യുക. നിങ്ങള്‍ യഥാര്‍ത്ഥ വിശ്വാസികള്‍ ആണെങ്കില്‍, നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്‍റെയും റസൂലിന്റെയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമരപ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ച് മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്ക് തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത് ” [അല്‍ ബഖറ – 278,279]. 

 പലിശയുമായി ഇടപെടുന്നവരെല്ലാം പാപത്തില്‍ തുല്യരാണ് എന്ന് ഹദീസില്‍ കാണാം :

عَنْ جَابِرٍ رضي الله عنه قَالَ : لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا ، وَمُؤْكِلَهُ ، وَكَاتِبَهُ ، وَشَاهِدَيْهِ ، وَقَالَ هُمْ سَوَاءٌ

ജാബിര്‍ ബിന്‍ അബ്ദുല്ലയില്‍ നിന്നും നിവേദനം, അദ്ദേഹം പറഞ്ഞു: “പലിശ തിന്നുന്നവനെയും, തീറ്റിക്കുന്നവനെയും (അടക്കുന്നവനെയും), അത് എഴുതി വെക്കുന്നവനെയും, അതിന് സാക്ഷി നില്‍ക്കുന്നവരെയും പ്രവാചകന്‍(സ) ശപിച്ചിരിക്കുന്നു” . എന്നിട്ടദ്ദേഹം പറഞ്ഞു : ” അവരെല്ലാം ഒരുപോലെയാണ് ” . [സ്വഹീഹ് മുസ്ലിം]. 

അതുകൊണ്ട് അപ്രകാരം വാഹനം വാങ്ങിക്കുന്നത് അനുവദനീയമല്ല. ചില ആളുകള്‍ അടവ് തെറ്റിയാല്‍ മാത്രമേ പലിശ വരൂ. അടവ് തെറ്റാതെ നോക്കിയാല്‍ മതി എന്ന് പറയാറുണ്ട്‌. ഇത് അവരുടെ ഈ വിഷയ സംബന്ധമായ അജ്ഞത കൊണ്ടാണ്. കാരണം ഒന്ന് ഇവിടെ വാഹനം വില്‍ക്കുന്നവരും, ഫിനാന്‍സ് നല്‍കുന്നവരും രണ്ടും രണ്ടു തന്നെയാണ്. ഫിനാന്‍സ് നല്‍കുന്നവര്‍ വാഹനം ഉടമപ്പെടുത്തുന്നില്ല. നിങ്ങള്‍ റെഡി കാശ് ആയി നല്‍കേണ്ട പണം താല്‍ക്കാലികമായി അവിടെ നല്‍കി നിങ്ങളെ സഹായിക്കുകയും അതിന് നിങ്ങളില്‍ നിന്നും പലിശ ഈടാക്കുകയുമാണ്‌ അവര്‍ പ്രാഥമികമായിത്തന്നെ ചെയ്യുന്നത്. അതുകൊണ്ട് അടവ് തെറ്റിയിട്ടില്ലെങ്കിലും ഇത് പലിശ തന്നെയാണ്. രണ്ടാമതായി അടവ് തെറ്റിയാല്‍ കൂടുതല്‍ പണം ഈടാക്കും എന്നത് പലിശയാണ്.  അടവ്തെറ്റുക എന്നത് ഭാവിയില്‍ സംഭവിക്കുന്ന ഒന്നാണ്. അത് സംഭവിക്കുകയില്ല എന്ന്  ഉറപ്പിച്ചു പറയാന്‍ നമുക്കാര്‍ക്കും തന്നെ സാധിക്കുകയില്ല. അതിനാല്‍ അപ്രകാരമുള്ള ഒരു കരാറില്‍ അങ്ങനെ ഉണ്ടാവുകയില്ല എന്ന അര്‍ത്ഥത്തില്‍ പങ്കാളിയാവാന്‍ സാധിക്കുകയില്ല. അഥവാ ഭാവിയില്‍ ഇന്ന നിബന്ധനപ്രകാരം പലിശ ഈടാക്കും എന്ന് വന്നാല്‍ത്തന്നെ ആ ഇടപാട്  അനിസ്‌ലാമികമാകും എന്നര്‍ത്ഥം. നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന മിക്ക ഇന്‍സ്റ്റാള്‍മെന്‍റ് കച്ചവടങ്ങളും അനിസ്‌ലാമികമാകുന്നത് ഇക്കാരണങ്ങളാലാണ്. അപ്രകാരം വസ്തുക്കള്‍ വാങ്ങിക്കല്‍ മാത്രമല്ല വില്‍ക്കലും നിഷിദ്ധമാണ്. ഇസ്‌ലാമികമായ രീതിയില്‍ നിയമപരമായിത്തന്നെ നമ്മുടെ നാട്ടില്‍ ഇന്‍സ്റ്റാള്‍മെന്‍റ് കച്ചവടം നടത്താന്‍ സാധിക്കും. പക്ഷെ അതിന് പലപ്പോഴും മുസ്‌ലിം കച്ചവടക്കാര്‍ തന്നെ ശ്രമിക്കുന്നില്ല എന്നതാണ് വാസ്ഥവം.  അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍..

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

കൊമേര്‍ഷ്യല്‍ ബേങ്കുകള്‍ നല്‍കുന്ന ഗിഫ്റ്റുകള്‍ സ്വീകരിക്കാമോ ?.

കൊമേര്‍ഷ്യല്‍ ബേങ്കുകള്‍ നല്‍കുന്ന ഗിഫ്റ്റുകള്‍ സ്വീകരിക്കാമോ ?

 الحمد لله والصلاة والسلام على رسول الله وعى آله وصحبه ومن والاه، وبعد؛

 പലിശ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബേങ്കുകളുമായി നിര്‍ബന്ധിത സാഹചര്യത്തിലല്ലാതെ ബന്ധപ്പെടാന്‍ തന്നെ പാടില്ല.  അതുകൊണ്ടുതന്നെ ഇസ്‌ലാമിക ബേങ്കുകള്‍ നിലവിലുള്ള രാഷ്ട്രത്തിലാണ് താങ്കള്‍ ജീവിക്കുന്നത് എങ്കില്‍ പലിശ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബേങ്കുകളുമായി ബന്ധപ്പെടരുത് എന്ന് സാന്ദര്‍ഭികമായി ഉണര്‍ത്തട്ടെ.

ഇനി ഇസ്‌ലാമിക് ബേങ്കിംഗ് നിലവിലില്ലാത്ത രാഷ്ട്രത്തില്‍ കൊമേര്‍ഷ്യല്‍ ബേങ്കുകളുമായി ഒരാള്‍ക്ക് ബന്ധപ്പെടേണ്ടി വരുകയാണ് എങ്കില്‍ അത്തരം അവസരത്തില്‍ അവര്‍ നല്‍കുന്ന ഗിഫ്റ്റുകളെ രണ്ടായി തിരിക്കാം. ഏത് തരത്തിലുള്ള ഗിഫ്റ്റുകള്‍ ആണ് എങ്കിലും അത് നമുക്ക് ഉപയോഗപ്പെടുത്താന്‍ പാടില്ല. പക്ഷെ ചിലത് നമുക്ക് സ്വീകരിച്ച്, تخلص അഥവാ സ്വയം ഉപയോഗിക്കാന്‍ പാടില്ലാത്തത് ആയതിനാല്‍ കൈവെടിയുക എന്ന അര്‍ത്ഥത്തില്‍  പാവപ്പെട്ട ആളുകള്‍ക്കോ, നമുക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നത് എന്ന് നമുക്ക് അറിവില്ലാത്തതോ ആയ പൊതു ആവശ്യങ്ങള്‍ക്കോ അവ നല്‍കാം.

അവര്‍ നല്‍കുന്ന ഗിഫ്റ്റുകള്‍ രണ്ട് വിധമുണ്ട്. ഒന്ന്  അവരുടെ പ്രൊമോഷന്‍ അഥവാ പരസ്യം അടങ്ങുന്ന ഗിഫ്റ്റുകള്‍, ഉദാ: ക്ലോക്ക്, ഓഫീസ് സെറ്റ്, കലണ്ടര്‍, കീച്ചെയ്ന്‍ ,പേന ….etc ഇത്തരം ഗിഫ്റ്റുകള്‍ ഒരിക്കലും തന്നെ കൈപ്പറ്റാനോ, കൈപ്പറ്റിയ ശേഷം മറ്റുള്ളവര്‍ക്ക് നല്‍കാനോ പാടില്ല. കാരണം അത് അവരുടെ പരസ്യം വഹിക്കുന്നതിനാല്‍ ആ തിന്മക്ക് കൂടുതല്‍ പ്രചാരണം നല്‍കാന്‍ കാരണമാകുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അത് മറ്റുള്ളവര്‍ക്ക് നല്‍കലും അനുവദനീയമല്ല. എന്നാല്‍ അതിലെ പരസ്യങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്ന രൂപത്തില്‍ ഉള്ളവയാണ് എങ്കില്‍ അത് നീക്കം ചെയ്ത ശേഷം പാവപ്പെട്ടവര്‍ക്ക് നല്‍കാം.

രണ്ടാമത്: ഇന്ന് ചില ബേങ്കുകള്‍ നറുക്കെടുപ്പിലൂടെ ചില ഉപഭോക്താക്കളെ തിരഞ്ഞെടുത്ത് നല്‍കുന്ന, പണം, സ്വര്‍ണ്ണം തുടങ്ങിയ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ആണ് എങ്കില്‍ അത് സ്വീകരിക്കുകയും അത് പാവപ്പെട്ട ആളുകള്‍ക്ക് ഉപകാരപ്രദമാകുംവിധം അവര്‍ക്ക് നല്‍കുകയോ, അതല്ലെങ്കില്‍ നമുക്ക് നേരിട്ട് പ്രയോജനപ്പെടും എന്നറിയാത്തതായ പൊതുപ്രവര്‍ത്തനങ്ങള്‍ക്കോ നല്‍കുകയാണ് ചെയ്യേണ്ടത്. അതുപോലെ പാവപ്പെട്ട ആളുകള്‍ക്ക് വീട് വെക്കാന്‍, ശൗചാലയം പണിയാന്‍, ചികിത്സക്ക്  എന്നിങ്ങനെയൊക്കെ ആ പണം ഉപയോഗപ്പെടുത്താം. ഒരിക്കലും തന്നെ ബേങ്കിന് തിരികെ നല്‍കാന്‍ പാടില്ല. ചിലര്‍ അത് പലിശക്ക് കടമെടുത്ത ആളുകളുടെ പലിശ വീട്ടാന്‍ വേണ്ടി ഉപയോഗിക്കുക എന്ന് പറയാറുണ്ട്‌. അതിനോട് നിരുപാധികം യോജിക്കാന്‍ സാധിക്കില്ല. കാരണം പലിശക്കെടുക്കുന്നവന്‍ സ്വാഭാവികമായും കുടുങ്ങും എന്നതുറപ്പാണ്. ആ പ്രവര്‍ത്തി ചെയ്യുന്നവര്‍ക്ക് ഒരു പ്രോത്സാഹനമായി ആ പണം പ്രയോജനപ്പെടുത്തേണ്ടതില്ല. എന്നാല്‍ അറിവില്ലാതെ പലിശയുമായി ബന്ധപ്പെട്ടു പോയ ആളുകള്‍ക്കോ, കേസ്, രോഗം മൂര്‍ച്ചിച്ച അവസ്ഥ തുടങ്ങി അത്യധികം നിര്‍ബന്ധിത സാഹചര്യത്തില്‍ മറ്റൊരു വഴിയുമില്ലാതെ അതുമായി ബന്ധപ്പെടാന്‍ നിര്‍ബന്ധിതരായിപ്പോയ ആളുകള്‍ക്കോ ഒക്കെ അവര്‍ അത് കാരണത്താല്‍ ബുദ്ധിമുട്ടുന്നവരും, തങ്ങള്‍ പലിശയുമായി ബന്ധപ്പെട്ടുപോയതില്‍ പശ്ചാത്താപമുള്ളവരും, ഇനി ബന്ധപ്പെടാന്‍ സാധ്യതയില്ലാത്തവരുമാണ് എങ്കില്‍ അവരുടെ കടവും പലിശയുമെല്ലാം വീട്ടാന്‍ അത് ഉപയോഗപ്പെടുത്താം എന്ന് മാത്രം. അതല്ലാതെ പലിശ അടക്കാന്‍ അതുപയോഗിക്കുക എന്ന രൂപത്തില്‍ പലിശയെ പ്രോത്സാഹിപ്പിക്കുന്ന വിപത്തായി അത് മാറരുത്. 

അതുപോലെ ‘നമുക്ക് നേരിട്ട് പ്രയോജനപ്പെടുമോ എന്നറിയാത്തതായ പൊതുപ്രവര്‍ത്തനങ്ങള്‍ക്ക്’ എന്ന് പ്രത്യേകം എടുത്ത് പറയാന്‍ കാരണം, നമ്മുടെ വീട്ടിലേക്ക് പോകുന്ന റോഡ്‌, അതല്ലെങ്കില്‍ നമ്മള്‍ പ്രയോജനപ്പെടുത്തുന്ന ഒരു പൊതു സംവിധാനം മെച്ചപ്പെടുത്താന്‍ വേണ്ടി അത് നമ്മള്‍ ഉപയോഗപ്പെടുത്തരുത്. കാരണം അത് നമ്മള്‍ തന്നെ ആ പലിശപ്പണം ഉപയോഗിക്കലാണ്. എന്നാല്‍ നമ്മള്‍ അത് ഒരു പൊതു അതോറിറ്റിക്കോ, പൊതുപ്രവര്‍ത്തകര്‍ക്കോ കൈമാറുകയും അവര്‍ നമ്മുടെ അറിവോടെയല്ലാതെ ആ പണം നമുക്ക് പ്രയോജനമുള്ള ഏതെങ്കിലും പൊതുകാര്യങ്ങളില്‍ ഉപയോഗപ്പെടുത്തുകയും ചെയ്‌താല്‍ അതില്‍ തെറ്റില്ല. എന്നാല്‍ നമുക്ക് നേരിട്ട് പ്രയോജനപ്പെടും എന്നറിയാവുന്നതായ  പോതുകാര്യങ്ങള്‍ക്ക് അത് നല്‍കാന്‍ പാടില്ല.

മാത്രമല്ല നിങ്ങളുടെ കൈവശമുള്ള ഹറാമായ ധനം മതപരമായ മാനങ്ങള്‍ പാലിച്ചുകൊണ്ട്‌ കയ്യില്‍ നിന്നും നീക്കം ചെയ്യാനും, അര്‍ഹിക്കുന്ന ആളുകളെ മനസ്സിലാക്കി അവരെ കടക്കെണിയില്‍ നിന്നും മോചിപ്പിക്കാനുമൊക്കെ  ഉതകുന്ന സംവിധാനം അല്‍ഹംദുലില്ലാഹ് ഷെല്‍ട്ടര്‍ ഇന്ത്യയുടെ കീഴില്‍  ‘ആന്‍റി ഇന്‍ററസ്റ്റ്‌ മൂവ്മെന്റ്’ എന്ന പേരില്‍ ഉണ്ട്. അതുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് toshelterindia@gmail.com എന്ന അഡ്രസില്‍ മെയില്‍ ചെയ്യുകയോ, 0091-9061099550 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. ഷെല്‍റ്റര്‍ സംവിധാനങ്ങളുമായി ബന്ധപ്പെട്ട മതപരമായ എന്തെങ്കിലും കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുവാനോ നിര്‍ദേശങ്ങള്‍ അറിയിക്കാനോ ഉണ്ടെങ്കില്‍ ഫിഖ്ഹുസ്സുന്നയിലെ ഇമെയില്‍ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

ACCOUNTING, CA തുടങ്ങിയ കോഴ്സുകള്‍ പഠിക്കുന്നത് അനുവദനീയമോ ?

ACCOUNTING, CA തുടങ്ങിയ കോഴ്സുകള്‍ പഠിക്കുന്നത് അനുവദനീയമോ ?

 

നിരുപാധികം അത് നിഷിദ്ധമെന്നോ, അനുവദനീയമെന്നോ വിധി പറയുന്നതിനു പകരം വിശദമായി പറയേണ്ടതാണ് ഈ വിഷയം. ഇസ്ലാമികമായി അനുവദനീയമല്ലാത്ത പലിശ സംവിധാനത്തെ കുറിച്ചും, നികുതി സംവിധാനത്തെക്കുറിച്ചുമെല്ലാം അതില്‍ പഠിക്കേണ്ടി വരുന്നു എന്നതും, ഇന്ന് ഇത്തരം ജോലി ചെയ്യുന്ന ആളുകളില്‍ പലര്‍ക്കും അത്തരം നിഷിദ്ധമായ സംഗതികളുമായി ഇടപെടേണ്ടി വരുന്നു എന്നുള്ളതുമാണ് ഈ സംശയത്തിന്‍റെ ആധാരം എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇതിന്‍റെ പഠനവുമായി ബന്ധപ്പെട്ട വശവും, ജോലിയുമായി ബന്ധപ്പെട്ട വശവും വ്യത്യസ്ഥമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. മാത്രമല്ല  ഇത് കേവലം ഈ കോഴ്സുകളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. ഇന്നത്തെ സാഹചര്യത്തില്‍ പല പഠന ഗവേഷണ മേഖലകളിലും ഇതേ പ്രശ്നം വരുന്നുണ്ട്. അതുകൊണ്ട് ഓരോ കോഴ്സുകളെക്കുറിച്ചും പ്രത്യേകം പ്രത്യേകം ചര്‍ച്ച ചെയ്യുന്നതിനേക്കാള്‍ അത്തരം വിഷയങ്ങള്‍ പഠിക്കുന്നതിന്‍റെ വിധി എന്ത് എന്നത് പൊതുവേ ചര്‍ച്ച ചെയ്യുന്നതായിരിക്കും നല്ലത്.

 

 

ആദ്യം പഠനവുമായി ബന്ധപ്പെട്ടുള്ള ഭാഗം ചര്‍ച്ച ചെയ്യാം. മുകളില്‍ സൂചിപ്പിച്ചത് പോലുള്ള ഭൗതികപഠനങ്ങളില്‍ പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ള നിലപാട് ഇതാണ്:  ആ പഠനങ്ങളില്‍ അടങ്ങിയിട്ടുള്ള നിഷിദ്ധങ്ങളെക്കുറിച്ച് അത് പഠിക്കുന്ന വിദ്യാര്‍ഥി ബോധവാന്‍ ആയിരിക്കണം. ആ നിഷിദ്ധങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുവാനോ, അതിന്‍റെ പ്രചാരകന്‍ ആകുവാനോ പാടില്ല.

 

മറിച്ച് അത് പഠിക്കുന്നതിലെ ഉദ്ദേശ്യം:

 

1- അതിന്‍റെ ഉപകാരപ്രദമായ വശം പ്രയോജനപ്പെടുത്തി, ഹലാലായ ജോലി ചെയ്യാന്‍.

 

2- അതിന്‍റെ ന്യൂനതകളും അജയ്യതയും മനസ്സിലാക്കാന്‍.

 

3- അതിനെ എതിര്‍ക്കാന്‍.

 

4- ഇസ്‌ലാമിക നിയമങ്ങള്‍ അത്തരം കാര്യങ്ങളില്‍ നിന്നും എപ്രകാരം വ്യത്യസ്ഥമാകുന്നു എന്നത് മനസ്സിലാക്കാന്‍.

 

5- ഇസ്‌ലാമിക അദ്ധ്യാപനങ്ങളുടെ അജയ്യത മനസ്സിലാക്കാന്‍.

 

 തുടങ്ങി ഇത്തരം ഉദ്ദേശ്യങ്ങള്‍ക്ക് അവ പഠിക്കാം. പക്ഷെ അത് ഒരിക്കലും തന്നെ പഠിതാവിന്‍റെ മതബോധത്തെയോ, മതപരമായ ചിട്ടയെയോ, അല്ലാഹുവുമായുള്ള അവന്‍റെ കടമകളെയോ ബാധിക്കാന്‍ പാടില്ല. ഈ നിബന്ധനകള്‍ പാലിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമാണ് അത് അനുവദനീയമാകുക.

 

സമാനമായ വിഷയത്തില്‍ ശൈഖ് ഇബ്ന്‍ ബാസ് (റ) യോട് ചോദിക്കപ്പെട്ട ഒരു ചോദ്യം പ്രസക്തമാണ്‌. നമുക്കറിയാവുന്നപോലെ ഇന്നത്തെ  നിയമ സംഹിതകളില്‍ പലതും ഇസ്ലാമികമായി അംഗീകരിക്കാന്‍ സാധിക്കാത്ത  കാര്യങ്ങളാണല്ലോ. എന്നാല്‍ ഒരു മുസ്‌ലിം വിദ്യാര്‍ഥി നിയമ പഠനം നടത്തുന്നത് അനുവദനീയമാണോ എന്ന ചോദ്യത്തിന് ശൈഖ് ഇബ്നു ബാസ് (റ) നല്‍കിയ മറുപടി ശ്രദ്ധേയമാണ്. അതില്‍ പലിശയുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളെക്കുറിച്ചും അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്:

 

ചോദ്യം: ഇന്നത്തെ (ഇസ്‌ലാമികമായി അനുവദനീയമല്ലാത്ത കാഴ്ചപ്പാടുകള്‍ അടങ്ങിയ) നിയമപഠനത്തെ കുറിച്ചും, അത് പഠിപ്പിക്കുന്നതിനെ കുറിച്ചും ഉള്ള ഇസ്‌ലാമിക വിധി എന്താണ് ?!.

 

ഉത്തരം:  അത്തരം നിയമങ്ങള്‍ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്ന ആളുകള്‍ രണ്ട് രൂപത്തിലാണ് :

 

ഒന്നാമത്തെ വിഭാഗം: അതിന്‍റെ യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ വേണ്ടിയോ, ഇസ്‌ലാമിക നിയമങ്ങള്‍ക്ക് അവയുടെ മേലുള്ള ശ്രേഷ്ഠത മനസ്സിലാക്കാന്‍ വേണ്ടിയോ, അതല്ലെങ്കില്‍ അതിലടങ്ങിയ ഇസ്ലാമികമായി തെറ്റില്ലാത്ത വശങ്ങളെക്കുറിച്ച് മനസ്സിലാക്കി അത് തനിക്ക് സ്വയം പ്രയോജനപ്പെടുത്താനോ, മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുവാന്‍ വേണ്ടിയോ ഒക്കെ അത് പഠനം നടത്തുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് എങ്കില്‍ മതപരമായി അതില്‍ തെറ്റില്ല എന്നാണ്  ഞാന്‍ മനസ്സിലാക്കുന്നത്. അതില്‍ തെറ്റില്ല എന്നു മാത്രമല്ല അതു പഠിക്കുക വഴി അതിന്‍റെ ന്യൂനതകളും കുറവുകളും മനസ്സിലാക്കി ഇസ്‌ലാമിക നിയമങ്ങളുടെ ശ്രേഷ്ഠതയും അജയ്യതയും സ്ഥാപിക്കാന്‍ സാധിക്കുന്നുവെങ്കില്‍ അത് പ്രശംസനീയവും പ്രതിഫലാര്‍ഹാവുമായ കാര്യമാണ്. അഥവാ പലിശയുടെ നിയമങ്ങള്‍, കള്ളിന്‍റെ ഇനങ്ങള്‍, ചൂതാട്ടത്തിന്‍റെ ഇനങ്ങള്‍ തുടങ്ങിയ വികലമായ കാര്യങ്ങളെക്കുറിച്ച് അത്തരം കാര്യങ്ങള്‍ ഹറാമാണ് എന്ന വിശ്വാസത്തോടെയും തിരിച്ചരിവോടെയും കൂടി, അവയുടെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാനും, അവയുടെ മതവിധി മനസ്സിലാക്കാനും, മറ്റുള്ളവര്‍ക്ക് അത് പ്രയോജനപ്പെടാനും വേണ്ടി പഠനം നടത്തുന്ന ആളുകളുടെ അതേ ഹുക്മാണ് അല്ലാഹുവിന്‍റെ നിയമങ്ങള്‍ക്ക് വിപരീതമായ നിയമങ്ങള്‍ ഹറാമാണ് എന്ന വിശ്വാസത്തോടെയും, തിരിച്ചരിവോടെയും, അത്തരം നിയമങ്ങളെക്കുറിച്ച് നിയമപഠനം നടത്തുന്ന ആളുകള്‍ക്കും. (അഥവാ മുകളില്‍ സൂചിപ്പിച്ച രൂപത്തില്‍ ആണെങ്കില്‍ അത് അനുവദനീയമാണ്).

 

ഒരിക്കലും തന്നെ അവരെ സിഹ്ര്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ആളുകളുമായി താരതമ്യം ചെയ്യാന്‍ പാടില്ല. കാരണം  സിഹ്റില്‍ ശിര്‍ക്കും പിശാചിനുള്ള ആരാധനയും എല്ലാം അടങ്ങിയിട്ടുള്ളതിനാല്‍ അത് حرام لذاته (സ്വതവേ നിഷിദ്ധമായത്) ആണ്. അഥവാ അത് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് ശിര്‍ക്കിലൂടെയും, അതിനിഷിദ്ധമായ കാര്യങ്ങളിലൂടെയുമല്ലാതെ അത് പഠിക്കുക ഒരിക്കലും സാധ്യമല്ല.

 

എന്നാല്‍ മനുഷ്യനിര്‍മ്മിതമായ (അനിസ്ലാമികമായ കാഴ്ചപ്പാടുകള്‍ അടങ്ങിയ) നിയമങ്ങളെ, അത് അനുവദനീയമായിക്കാണുകയോ, അതുപ്രകാരമാണ് നിയമങ്ങള്‍ നടപ്പാക്കപ്പെടേണ്ടത് കരുതുകയോ ചെയ്യാതെ, മതപരമായി അനുവദനീയമായ ഒരു കാരണത്തിന് വേണ്ടി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് അതുപോലെയല്ല.

 

രണ്ടാമത്തെ വിഭാഗം: അല്ലാഹു അനുവദിച്ചിട്ടില്ലാത്ത നിയമങ്ങളെ അവ നിഷിദ്ധമാണ് എന്ന ബോധ്യത്തോടു കൂടിത്തന്നെ, അത് നടപ്പാക്കാന്‍ വേണ്ടിയോ, മറ്റുള്ളവര്‍ക്ക് അത് നടപ്പാക്കുന്നതില്‍ സഹായകമാകാന്‍ വേണ്ടിയോ ആണ് ഒരാള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് എങ്കില്‍. അതായത് അത് തെറ്റാണ് എന്നറിയാമായിരുന്നിട്ടും തന്‍റെ ഇച്ഛയും പണത്തോടുള്ള ആര്‍ത്തിയും ആണ് അപ്രകാരം ചെയ്യുന്നതിന് പ്രേരകമായതെങ്കില്‍ ഈ വിഭാഗത്തില്‍ പെടുന്ന ആളുകള്‍ ഫാസിഖീങ്ങള്‍ ആണ്. അവരില്‍ ഫിസ്ഖും, ളുല്‍മും, കുഫ്റും എല്ലാമുണ്ട്. പക്ഷെ അവ كفر أصغر , فسق أصغر ,ظلم أصغر , അഥവാ ഇസ്‌ലാമില്‍ നിന്നും പുറത്ത് പോകാത്ത രൂപത്തിലുള്ള ചെറിയ കുഫ്റും, ഫിസ്ഖും, ളുല്‍മുമാണ്. ഈ വിഭാഗം ഇസ്ലാമിന്‍റെ വൃത്തത്തില്‍ നിന്നും പുറത്ത് പോകുന്നില്ല.  പണ്ഡിതന്മാര്‍ക്കിടയില്‍ ഏറെ സുപരിചിതമായ ഒരു കാര്യമാണിത്. ഇബ്നു അബ്ബാസ് (റ) , ത്വാഊസ് (റ), അത്വാഅ്(റ), മുജാഹിദ് (റ) തുടങ്ങി സലഫുകളിലും ഖലഫുകളിലും ഒരുപാട് പേര്‍ (അല്ലാഹുവിന്‍റെ നിയമം കൊണ്ടല്ലാതെ വിധിക്കുന്നതിനെ നിഷിദ്ധമായി കാണുകയും എന്നാല്‍ അപ്രകാരം വിധിക്കുകയും ചെയ്യുന്നവരുടെ കുഫ്ര്‍, (കുഫ്ര്‍ അസ്ഗര്‍) അഥവാ ഇസ്‌ലാമില്‍ നിന്നും പുറത്ത് പോകാത്ത കുഫ്ര്‍ ആണ് എന്ന്‍ പറഞ്ഞിട്ടുള്ളവരാണ്. – (തത് വിഷയവുമായി ബന്ധപ്പെട്ട് ശൈഖ് ഇബ്നു ബാസ് (റ) നടത്തിയ ചര്‍ച്ച പൂര്‍ണമായും വായിക്കാന്‍ ഈ ലിങ്കില്‍ പോകുക http://www.ibnbaz.org.sa/mat/2497)   

 

 

ശൈഖിന്‍റെ ഈ വിശദീകരണത്തില്‍ നിന്നും കാര്യം വളരെ വ്യക്തമാണ്. അഥവാ അനിസ്‌ലാമികമായ വ്യവസ്ഥകളെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയത് കൊണ്ട് മാത്രം ഒരു പഠനം നിഷിദ്ധമാകുന്നില്ല. എന്നാല്‍ അവ പഠിക്കുന്നത് എന്തിനു വേണ്ടി എന്നതാണ് സുപ്രധാനം.

 

1- പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് അത് നടപ്പിലാക്കാനും, അനിസ്ലാമികമായ ജോലി സമ്പാദിക്കാനും ആണെങ്കില്‍ അത് നിഷിദ്ധമാണ്. വളരെ വലിയ പാപവുമാണ്.

 

2- പഠിക്കുന്നത് അതിലുള്ള അനുവദനീയമായ വശങ്ങളെക്കുറിച്ച് അറിയാനും മനസ്സിലാക്കാനും, അതുവഴി മുസ്ലിമീങ്ങള്‍ക്ക് ഉപകാരപ്പെടും വിധം അനുവദനീയമായ ജോലി ചെയ്യലും ആണെങ്കില്‍ അത് അനുവദനീയമാണ്. ഇനി ഒരുപക്ഷെ ആ വിഷയത്തില്‍ ചിലരെങ്കിലും അവഗാഹം നേടല്‍  മുസ്ലിമീങ്ങളെ സംബന്ധിച്ചിടത്തോളം അനിവാര്യമായി വരുന്നുവെങ്കില്‍ ഒരുവേള ‘ഫര്‍ള് കിഫായ’ എന്ന ഗണത്തിലേക്ക് പോലും ഭൗതിക വിഷയങ്ങള്‍ എത്തും. ചര്‍ച്ച നീളുമെന്നതിനാല്‍ ആ ഭാഗം ഇപ്പോള്‍ വിശദീകരിക്കുന്നില്ല.

 

3- പഠിക്കുന്ന വ്യക്തി അതിന്‍റെ ഇസ്‌ലാമിക കാഴ്ചപ്പാടിനെക്കുറിച്ചും, അതില്‍ അനുവദനീയവും നിഷിദ്ധവുമായതേത് എന്നതിനെ സംബന്ധിച്ചും പഠിക്കുവാന്‍ കൂടി തയ്യാറാവേണ്ടതുണ്ട്. സാമ്പത്തിക രംഗം മനുഷ്യന് ഒഴിച്ചുകൂടാന്‍ കഴിയാത്ത രംഗമായതിനാല്‍ അത്തരം രംഗങ്ങളില്‍ പല തരത്തിലുള്ള അനിസ്‌ലാമിക കച്ചവടങ്ങളിലും മുസ്ലിമീങ്ങള്‍ അറിഞ്ഞോ അറിയാതെയോ  ഭാഗവാക്കാകാറുണ്ട്. അത്തരം മേഖലകളില്‍ ഇസ്ലാമികവും, അനിസ്ലാമികവും വേര്‍ത്തിരിച്ച് മനസ്സിലാക്കിക്കൊടുക്കാനും, ഇസ്‌ലാമിക നിയമം എങ്ങനെ അനിസ്‌ലാമിക സമ്പദ് നിയമങ്ങളെക്കാള്‍ പ്രായോഗികമാണ് എന്ന് മനസ്സിലാക്കിക്കൊടുക്കാനുമെല്ലാം രണ്ട് മേഖലകളെക്കുറിച്ചും അറിവുള്ള ആളുകളെ ഇന്ന് ധാരാളമായി ആവശ്യമുണ്ട് താനും…

 

 

ജോലിയെ സംബന്ധിച്ച് ഉള്ള നിലപാട്: മുകളിലെ വിശദീകരണത്തില്‍ നിന്ന് തന്നെ ഇതില്‍ ഒരു വ്യക്തമായ കാഴ്ചപ്പാട് നിങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടായിരിക്കണം. അഥവാ മുകളില്‍ സൂചിപ്പിച്ച പോലുള്ള കോഴ്സുകള്‍ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്നത് പോലും ഹറാമായ ജോലിക്ക് വേണ്ടി ആയിരിക്കരുത് എന്ന് പറഞ്ഞതില്‍ നിന്നും, അത്തരം ജോലികള്‍ തീര്‍ത്തും പാടില്ല എന്നത് വ്യക്തമാണല്ലോ …

 

 

അതോടൊപ്പം സൂചിപ്പിക്കാനുള്ള രണ്ട് സുപ്രധാന കാര്യങ്ങള്‍:

 

 1- കേവലം ഭൌതിക താല്പര്യങ്ങള്‍ മാത്രം മുന്നില്‍ കാണുന്ന രക്ഷിതാക്കള്‍ക്കും, വിദ്യാര്‍ഥികള്‍ക്കും തങ്ങള്‍ക്കുള്ള ന്യായീകരണം എന്ന നിലക്ക് ഉപയോഗപ്പെടുത്താന്‍ വേണ്ടി രചിക്കപ്പെട്ട ഒരു ലേഖനമല്ല ഇത്. അതിനാല്‍ തന്നെ തങ്ങള്‍ക്ക് ആവശ്യമുള്ളത് മാത്രം എടുക്കുക എന്ന സമീപനത്തോടെ ഈ ലേഖനത്തെ കാണരുത്. മറിച്ച് മതപരമായ ഒരു വിധി ചര്‍ച്ച ചെയ്യുന്ന ഒരു ലേഖനമായി കാണുകയും സൂചിപ്പിക്കപ്പെട്ട ഓരോ കാര്യങ്ങളും വസ്തുനിഷ്ടമായി മനസ്സിലാക്കുകയും ചെയ്യുക.

 

2- കുട്ടികളെ പഠിപ്പിക്കാന്‍ വേണ്ടി വിടുമ്പോള്‍ അവരുടെ വിശ്വാസവും ദീനും സംരക്ഷിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഒരുക്കുകയും അതിനുതകുന്ന തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യേണ്ടത് ഒരു രക്ഷിതാവിന്‍റെ ബാധ്യതയാണ്. പ്രവാചകന്‍ (സ) പറഞ്ഞത് പോലെ : ” നിങ്ങളില്‍ ഓരോരുത്തരും ഉത്തരവാദിത്വം ഏല്‍പ്പിക്കപ്പെട്ടവരാണ്. നിങ്ങളില്‍ ഉത്തരവാദിത്തം ഏല്‍പ്പിക്കപ്പെട്ടവരെക്കുറിച്ച് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും ” … അതിനാല്‍ തങ്ങളുടെ മക്കളുടെ കാര്യത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, കേവലം അവരുടെ ഭൗതിക നേട്ടങ്ങള്‍ മാത്രം ലക്ഷ്യമാക്കാതിരിക്കുകയും ചെയ്യുക. അതിനാല്‍ തന്നെ ഭൗതികപരമായ അറിവ് നേടാന്‍ അവര്‍ക്ക് നല്‍കുന്ന പ്രോത്സാഹനം മതപരമായ അറിവ് നേടാനും നല്‍കുക. അല്ലാഹു നമുക്ക് സ്വാലിഹീങ്ങളായ സന്താനങ്ങളെ നല്‍കുമാറാകട്ടെ …

 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

ഇന്‍ഷൂറന്‍സ് അനുവദനീയമാണോ ?. അതിന്‍റെ ഇസ്‌ലാമിക വിധിയെന്ത്‌ ?. അമുസ്ലിം രാഷ്ട്രങ്ങളില്‍ ജീവിക്കുന്നവര്‍ എന്ത് ചെയ്യും ?.

ഇന്‍ഷൂറന്‍സ് അനുവദനീയമാണോ ?. അതിന്‍റെ ഇസ്‌ലാമിക വിധിയെന്ത്‌ ?. അമുസ്ലിം രാഷ്ട്രങ്ങളില്‍ ജീവിക്കുന്നവര്‍ എന്ത് ചെയ്യും ?

الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

ഇന്ന് ലോകത്ത് പൂരിഭാഗമുള്ള ഇന്‍ഷുറന്‍സ് സംവിധാനങ്ങളും അനിസ്ലാമികമാണ്. പ്രത്യേകിച്ച് നമ്മുടെ നാട്ടിലുള്ള ഇന്‍ഷുറന്‍സ് സംവിധാനങ്ങള്‍. നാട്ടില്‍ ഇന്ന് ലഭ്യമായ ഇന്‍ഷുറന്‍സ് സംവിധാനങ്ങളില്‍  ഇസ്‌ലാമികമായി അനുവദനീയമായ ഏതെങ്കിലും ഒന്നുള്ളതായി എനിക്കറിയില്ല.

സാധാരണ കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സുകള്‍ അനിസ്ലാമികമാണ് എന്ന് പറയാന്‍ ഒരുപാട് കാരണങ്ങളുണ്ട്.

ഒന്ന്: അതില്‍ ചൂതാട്ടം അടങ്ങിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് സംവിധാനത്തിന്‍റെ പ്രവര്‍ത്തന രീതി മനസ്സിലാക്കിയാല്‍ അത് വ്യക്തമാകും. ഉദാ: കേരളത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് വാഹന മാര്‍ഗം പോകുന്ന ഒരാള്‍ ഒരു സ്ഥാപനത്തെയോ ഒരു വ്യക്തിയെയോ ആയിരം രൂപ ഏല്പിക്കുന്നു. താന്‍ സുരക്ഷിതമായി ഡല്‍ഹിയില്‍ എത്തിയാല്‍ ആ ആയിരം രൂപ ആ വ്യക്തിക്ക് അതല്ലെങ്കില്‍ സ്ഥാപനത്തിന് എടുക്കാം. തനിക്ക് വല്ല അപകടവും സംഭവിച്ചാല്‍ അതിന്‍റെ നഷ്ടപരിഹാരം നല്‍കണം. ഇവിടെ രണ്ടിലൊരാള്‍ പണത്തിനായി തന്‍റെ ഭാഗ്യ പരീക്ഷണം നടത്തുകയാണ്. ഈ രണ്ടു പേരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഈ ഇടപാട് കൊണ്ട് ലാഭമുണ്ടാകും. അതുപോലെ ഒരാള്‍ക്ക് നഷ്ടവും. ഇത് ചൂതാട്ടമാണ് എന്നത് വിശദീകരിക്കേണ്ട ആവശ്യമുണ്ട് എന്ന് കരുതുന്നില്ല.

രണ്ട്: അതില്‍ പലിശയുണ്ട്. കാരണം താന്‍ ഒരാള്‍ക്ക് നല്‍കുന്ന പണം തിരികെ നല്‍കണം എന്ന് ഒരാള്‍ ആവശ്യപ്പെടുകയാണ് എങ്കില്‍ അത് കര്‍മശാസ്ത്ര വീക്ഷണത്തില്‍ കടമാണ്. തിരികെത്തരണം എന്ന ഉപാതിയോടെ ഒരാള്‍ മറ്റൊരാള്‍ക്ക് നല്‍കിയ പണത്തിന് പുറമെ മറ്റെന്ത് നല്‍കണമെന്ന്  അയാളോട് ഉപാതി വെക്കുകയാനെങ്കിലും അത് പലിശ ഇനത്തില്‍ പെടും. കടവുമായി ബന്ധപ്പെട്ട പലിശയുടെ നിര്‍വചനം തന്നെ: മുന്‍ധാരണപ്രകാരം  നല്‍കിയതില്‍ കൂടുതല്‍ വല്ലതും തിരികെ ഈടാക്കുന്ന എല്ലാ കടവും പലിശയാണ്’. അതിനാല്‍ത്തന്നെ അപകട സമയത്ത് താന്‍ നല്‍കിയ പണവും അതില്‍കൂടുതലും തിരികെ നല്‍കണമെന്ന ഉപാതിപ്രകാരമുള്ള കരാര്‍ പലിശക്കരാറാണ്. കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ ഇത്തരത്തില്‍ പലിശ അടങ്ങിയതിനാല്‍ത്തന്നെ അത് നിഷിദ്ധവുമാണ് . 

ഇതില്‍പുറമെ ഇനിയും കാരണങ്ങള്‍ പണ്ഡിതന്മാര്‍ വിശദീകരിച്ചതായിക്കാണാം.

ഇന്ത്യയെ പോലെയുള്ള ഇസ്‌ലാമിക ഇന്‍ഷുറന്‍സ് സംവിധാനങ്ങള്‍ നിലവിലില്ലാത്ത രാജ്യങ്ങളിലെ ആളുകള്‍ ഇനിയെന്ത് ചെയ്യും എന്നതാണ് അടുത്ത ചോദ്യം : 

നമ്മുടെ നാടിനെപ്പോലെ ചില രാജ്യങ്ങളില്‍ വാഹന ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്‌. അതാകട്ടെ അനിസ്‌ലാമിക രീതിയിലുള്ള ഇന്‍ഷുറന്‍സ് സംവിധാനവും. ചില രാജ്യങ്ങളില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്‌. ഇങ്ങനെ പല രാജ്യങ്ങളും പല രൂപത്തിലുള്ള ഇന്‍ഷുറന്‍സ് സ്കീമുകളും എടുക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നു.

ഇസ്‌ലാമികമായ ഒരു സംവിധാനം നിലവിലുള്ള നാടാണ് എങ്കില്‍ അവിടെ ആ ഒരു സംവിധാനത്തില്‍ മാത്രമേ പോളിസി എടുക്കാവൂ. എന്നാല്‍ ഇസ്‌ലാമികമായ ഒരു സംവിധാനം ഇല്ലെങ്കിലോ ?!. അത്തരം ഒരു സാഹചര്യത്തെയാണ് നാം ചര്‍ച്ച ചെയ്യുന്നത്.

അത്തരം ഒരു സാഹചര്യത്തില്‍ ഒരു മുസ്‌ലിം എടുക്കേണ്ട നിലപാട് പണ്ഡിതന്മാര്‍ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്:

ഒന്ന്: നിയമം കൊണ്ടും അധികാരം കൊണ്ടും നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥ ഇല്ലെങ്കില്‍ ഒരിക്കലും അനിസ്‌ലാമികമായ ഒരു പോളിസിയിലും  അംഗമാകാന്‍ പാടില്ല. അംഗമായവരുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് പോളിസി കേന്‍സല്‍ ചെയ്യണം. ഇനി ഇതുവരെ അടച്ച പണം നഷ്ടപ്പെട്ടാല്‍ പോലും.

രണ്ട്: നിയമം കൊണ്ട് ഭരണകൂടം നിര്‍ബന്ധിക്കുന്ന ഒന്നാണ് എങ്കില്‍ (ഉദാ: നമ്മുടെ നാട്ടിലെ വാഹന ഇന്‍ഷുറന്‍സ്) അതില്‍ ഏറ്റവും ചുരുങ്ങിയ പോളിസി മാത്രം എടുക്കുക. അഥവാ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രം. കാരണം കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ ഒരാള്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ അംഗമായാല്‍ത്തന്നെ അടച്ച പണത്തേക്കാള്‍ കൂടുതല്‍ യാതൊന്നും തിരിച്ച് ഈടാക്കാന്‍ ഇസ്‌ലാമികമായി അയാള്‍ക്ക് അനുവാദമില്ല. ഇനി ഫുള്‍ കവര്‍ ഇന്‍ഷുറന്‍സ് എടുക്കല്‍ ഒരു രാജ്യം നിര്‍ബന്ധമാക്കി എന്നിരിക്കട്ടെ ഇസ്‌ലാമിക സംവിധാനമല്ലെങ്കില്‍ അടച്ച പണത്തെക്കാള്‍ യാതൊന്നും ഈടാക്കാന്‍ അയാള്‍ക്ക് അനുവാദമില്ല. പോളിസിയില്‍ പങ്കാളിയാകാന്‍ തന്നെ അനുവദിക്കപ്പെട്ടത് നിര്‍ബന്ധിത സാഹചര്യം മാത്രം പരിഗണിച്ചുകൊണ്ടാണ്. അപ്പോള്‍ പിന്നെ അടച്ചതില്‍ കൂടുതല്‍ ഈടാക്കുക മാത്രമല്ല, വാഹനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചാല്‍ കുറച്ചുകൂടി കേടുപാടുകള്‍ മനപ്പൂര്‍വം വരുത്തി മൊത്തത്തില്‍ ക്ലൈം ചെയ്തെടുക്കുന്ന നാട്ടിലെ പതിവ് കാഴ്ചയെക്കുറിച്ച് ഞാന്‍ വിശദീകരിക്കേണ്ടതില്ലല്ലോ. കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ അംഗമായ ഒരാള്‍ക്ക് പോളിസിയുടെ ഭാഗമായി അടച്ച സംഖ്യയില്‍ കൂടുതല്‍ യാതൊന്നും തന്നെ ഇടാക്കല്‍ അനുവദനീയമല്ല. അത് പലിശ ഇനത്തിലാണ് ഉള്‍പ്പെടുക. അപ്രകാരം ചെയ്ത് പോയവര്‍ ഉണ്ടെങ്കില്‍ അവര്‍ തൗബ ചെയ്ത് മടങ്ങണം അല്ലാഹു നമ്മുടെ തെറ്റുകുറ്റങ്ങള്‍ മാപ്പാക്കിത്തരുമാറാകട്ടെ.

എന്നാല്‍ ഇവിടെ പരാമര്‍ശിക്കപ്പെടേണ്ട സുപ്രധാനമായ ഒരു കാര്യമുണ്ട്  മറ്റൊരാള്‍ മൂലം തനിക്ക് സംഭവിച്ച കേടുപാടുകള്‍ക്ക് അയാളില്‍ നിന്നും നഷ്ടപരിഹാരം ലഭിക്കാനുണ്ടെങ്കില്‍, അത് തനിക്ക് നല്‍കുന്നത് അയാളാണോ, അതല്ല അയാള്‍ പങ്കാളിയായ ഇന്‍ഷുറന്‍സ് കമ്പനിയാണോ എന്ന് ഞാന്‍ അന്വേഷിക്കേണ്ടതില്ല. കാരണം ഞാന്‍ നഷ്ടപരിഹാരത്തുക അര്‍ഹിക്കുന്നവനാണ്. അയാള്‍ അനിസ്‌ലാമികമായ മാര്‍ഗേണയാണ് അത് എനിക്ക് നല്‍കുന്നത് എങ്കില്‍ അതില്‍ അയാളാണ് കുറ്റക്കാരന്‍. ഇനി പോളിസി നിര്‍ബന്ധമാക്കുകയും നഷ്ടപരിഹാരത്തുക കോടതി മുഖാന്തരം ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് നേരിട്ട് ഈടാക്കുകയും ചെയ്യുന്ന നിയമം (തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി പോലെ)  ആണ് ഉള്ളതെങ്കില്‍ അത്തരം ഒരു സാഹചര്യത്തില്‍ പോളിസി എടുത്തവനെയും കുറ്റക്കാരന്‍ എന്ന് പറയാന്‍ സാധിക്കില്ല. കാരണം അവന്‍ അടച്ചതില്‍ കൂടുതല്‍ ക്ലൈം ചെയ്യാന്‍ ഉദ്ദേശിച്ചില്ലയെങ്കിലും കേസ് മുഖാന്തരം അത് സംഭവിക്കും.

മൂന്ന്: തന്‍റെ രാജ്യത്ത് ഇസ്‌ലാമിക നിയമപ്രകാരം നിഷിദ്ധങ്ങള്‍ കടന്നുവരാത്ത  ഒരു സംവിധാനമുണ്ടാക്കുവാന്‍ നാമോരോരുത്തരും പരിശ്രമിക്കേണ്ടതുണ്ട്. സത്യസന്ധമായ പരിശ്രമം നമ്മുടെ ഭാഗത്ത് നിന്നുണ്ടായാല്‍ വഴി തുറന്നുതരും എന്നത് അല്ലാഹുവിന്‍റെ വാഗ്ദാനമാണല്ലോ. കൂടുതല്‍ ബോധവല്‍ക്കരണ പ്രോഗ്രാമുകള്‍ ഇന്‍ ഷാ അല്ലാഹ് അതുമായി ബന്ധപ്പെട്ട് നടത്തണം. അല്ലാഹു തൗഫീഖ് നല്‍കട്ടെ.

ഇസ്‌ലാമികമായി അനുവദനീയമായ തരത്തിലുള്ള ഇന്‍ഷുറന്‍സ് സംവിധാനങ്ങള്‍ ഇന്ന് ലോകത്തിന്‍റെ പല ഭാഗങ്ങളിലും നിലവിലുണ്ട് അത്  മറ്റൊരവസരത്തില്‍ വ്യക്തമാക്കാം ഇന്‍ ഷാ അല്ലാഹ് …

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com