നബി ചരിത്രം – 11

നബി ചരിത്രം – 11: പരിഹാസങ്ങളും ദുരാരോപണങ്ങളും

പരിഹാസങ്ങളും ദുരാരോപണങ്ങളും

മുഹമ്മദ് നബിﷺയുടെ പ്രബോധനങ്ങള്‍ മക്കയില്‍ പ്രകടമായ മറ്റു പ്രബോധനങ്ങളെ പോലെത്തന്നെ വളരെ പെട്ടെന്ന് അവസാനിക്കുമെന്നാണ് ക്വുറൈശികള്‍ കരുതിയത്. എന്നാല്‍ നബിﷺ തന്റെ പ്രബോധനം പരസ്യമാക്കുകയും വിഗ്രഹാരാധനക്കെതിരെ സംസാരിക്കാന്‍ തുടങ്ങുകയും വിഗ്രഹങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യുവാന്‍ കഴിയില്ല എന്ന സത്യം ജനങ്ങളോട് തുറന്നു പറയുകയും ചെയ്തതോടുകൂടി ക്വുറൈശികള്‍ അപകടം മണത്തു. ഈ പ്രബോധനം ഇങ്ങനെ മുന്നോട്ടു പോയാല്‍ എല്ലാ വീടുകളിലും കയറിച്ചെല്ലുമെന്നും എന്നും നിലനില്‍ക്കുമെന്നും അവര്‍ തിരിച്ചറിഞ്ഞു. അതിനാല്‍ ക്വുറൈശികള്‍ തുടക്കത്തില്‍ നബിﷺയോട് സന്ധിയാകാന്‍ ശ്രമിച്ചു. പ്രവാചകനെതിരെ ഒന്നും പ്രവര്‍ത്തിക്കാന്‍ അവര്‍ തുനിഞ്ഞില്ല. പക്ഷേ, ഏകനായ അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്ന് ശക്തമായി പ്രഖ്യാപിച്ചപ്പോള്‍ പ്രവാചകനോട് അവര്‍ക്ക് വെറുപ്പും വിദ്വേഷവും തോന്നിത്തുടങ്ങി. 

പ്രവാചകന്റെ പിതൃവ്യന്‍ അബൂത്വാലിബ് ഒഴികെ മറ്റുള്ളവരെല്ലാം പ്രവാചകനെതിരില്‍ അണിനിരക്കുകയും ശത്രുത പ്രകടിപ്പിക്കുകയും ചെയ്തു. അബൂത്വാലിബാകട്ടെ പ്രവാചകന് വേണ്ടി നിലകൊള്ളുകയും ശത്രുക്കളില്‍ നിന്ന് പ്രവാചകനെ തടയുകയും ചെയ്തു. അല്ലാഹുവിന്റെ കല്‍പന പ്രകാരം നബിﷺ തന്റെ ദൗത്യവുമായി മുന്നോട്ടു നീങ്ങി. വിഗ്രഹാരാധനയുടെ നിരര്‍ഥമകത ജനങ്ങളെ ഉണര്‍ത്തിക്കൊണ്ടിരുന്നു. പ്രവാചകത്വത്തിന്റെ നാലാം വര്‍ഷത്തിലായിരുന്നു ഇതെല്ലാം. തങ്ങള്‍ക്ക് പരിചയമില്ലാത്ത കാര്യങ്ങള്‍ കേട്ടപ്പോള്‍ പ്രവാചകന്റെ പ്രബോധനത്തെ അതിശക്തമായ നിലയില്‍ അവര്‍ എതിര്‍ക്കുകയും വെറുക്കുകയും ചെയ്തു. തുടര്‍ന്ന് പ്രവാചകനെയും അനുചരന്മാരെയും ഇല്ലായ്മ ചെയ്യുക എന്നുള്ളത് അവരുടെ ഒരു ലക്ഷ്യമായി മാറുകയും ചെയ്തു. 

”എന്നാല്‍ സത്യനിഷേധികള്‍ ദുരഭിമാനത്തിലും കക്ഷിമാത്സര്യത്തിലുമാകുന്നു. അവര്‍ക്ക് മുമ്പ് എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചു. അപ്പോള്‍ അവര്‍ മുറവിളികൂട്ടി. എന്നാല്‍ അത് രക്ഷപ്രാപിക്കാനുള്ള സമയമല്ല. അവരില്‍ നിന്നുതന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്തു വന്നതില്‍ അവര്‍ക്ക് ആശ്ചര്യം തോന്നിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു. ഇവന്‍ പല ദൈവങ്ങളെ ഒരൊറ്റ ദൈവമാക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഇത് ഒരു അത്ഭുതകരമായ കാര്യം തന്നെ! അവരിലെ പ്രധാനികള്‍ (ഇപ്രകാരം പറഞ്ഞു കൊണ്ട്) പോയി: നിങ്ങള്‍ മുന്നോട്ട് പോയിക്കൊള്ളുക. നിങ്ങളുടെ ദൈവങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ ക്ഷമാപൂര്‍വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. തീര്‍ച്ചയായും ഇത് ഉദ്ദേശപൂര്‍വം ചെയ്യപ്പെടുന്ന ഒരു കാര്യം തന്നെയാകുന്നു. അവസാനത്തെ മതത്തില്‍ ഇതിനെ പറ്റി ഞങ്ങള്‍ കേള്‍ക്കുകയുണ്ടായിട്ടില്ല. ഇത് ഒരു കൃത്രിമസൃഷ്ടി മാത്രമാകുന്നു” (സ്വാദ്: 2-7)

പൂര്‍വ പിതാക്കളോടുള്ള അന്ധമായ അനുകരണമയിരുന്നു പ്രവാചകനെ അവര്‍ എതിര്‍ക്കുവാനും നിഷേധിക്കാനുമുള്ള പ്രധാന കാരണം. ഈ അന്ധമായ അനുകരണമാകട്ടെ ജാഹിലിയ്യത്തിന്റെയും പൈശാചികതയുടെയും ഭാഗമാണ്. അല്ലാഹു പറയുന്നു:

”അല്ലാഹു അവതരിപ്പിച്ചതിനെ നിങ്ങള്‍ പിന്തുടരൂ എന്ന് അവരോട് പറയപ്പെട്ടാല്‍; അല്ല, ഞങ്ങളുടെ പിതാക്കള്‍ എന്തൊന്നില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടുവോ അതിനെയാണ് ഞങ്ങള്‍ പിന്തുടരുക എന്നായിരിക്കും അവര്‍ പറയുക. പിശാച് ജ്വലിക്കുന്ന നരകശിക്ഷയിലേക്കാണ് അവരെ ക്ഷണിക്കുന്നതെങ്കില്‍ പോലും (അവരതിനെ പിന്തുടരുകയോ?)” (ലുക്മാന്‍: 21)

മനുഷ്യനും സത്യത്തിനും ഇടയില്‍ വരുന്ന വലിയ ഒരു മറയാണ് പൂര്‍വപിതാക്കളെ അന്ധമായി പിന്‍പറ്റുക എന്നത്. കാരണം തങ്ങളുടെ മതത്തെ അവരുടെ പിതാക്കളില്‍ നിന്നാണ് ചിന്തയോ ആലോചനയോ ഇല്ലാതെ അവര്‍ സ്വീകരിച്ചത്. നാട്ടില്‍ കാലങ്ങളായി നിലവിലുള്ള സമ്പ്രദായങ്ങളും അനന്തരമായി തങ്ങള്‍ക്ക് ലഭിച്ച വിശ്വാസ ആചാരങ്ങളും നബിമാര്‍ എതിര്‍ത്തു എന്നുള്ളതാണ് ഓരോ കാലഘട്ടത്തിലും പ്രവാചകന്മാര്‍ക്ക് എതിരായി പ്രവര്‍ത്തിക്കാന്‍ നിഷേധികളെ പ്രേരിപ്പിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തെറ്റാണ് എന്ന് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ അതിലേക്ക് ശ്രദ്ധകൊടുക്കാന്‍ പോലും അവര്‍ തയ്യാറുണ്ടായിരുന്നില്ല. മറിച്ച് തെറ്റുകള്‍ ബോധ്യപ്പെടുത്തിക്കൊടുക്കുന്നവരെ എതിര്‍ക്കുകയും തങ്ങളുടെ നാടിന്റെ വിശ്വാസാചാരങ്ങളെ ശക്തിപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു അവര്‍. 

”അല്ല, ഞങ്ങളുടെ പിതാക്കള്‍ ഒരു മാര്‍ഗത്തില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ കാല്‍പാടുകളില്‍ നേര്‍മാര്‍ഗം കണ്ടെത്തിയിരിക്കയാണ് എന്നാണ് അവര്‍ പറഞ്ഞത്. അതുപോലെത്തന്നെ നിനക്ക് മുമ്പ് ഏതൊരു രാജ്യത്ത് നാം താക്കീതുകാരനെ അയച്ചപ്പോഴും ഞങ്ങളുടെ പിതാക്കളെ ഒരു മാര്‍ഗത്തില്‍ നിലകൊള്ളുന്നവരായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു; തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ കാല്‍പാടുകളെ അനുഗമിക്കുന്നവരാകുന്നു എന്ന് അവിടെയുള്ള സുഖലോലുപന്‍മാര്‍ പറയാതിരുന്നിട്ടില്ല”(അസ്സുഖ്‌റുഫ്: 22,23). 

മുഹമ്മദ് നബിﷺയുടെ സത്യസന്ധത അബൂത്വാലിബ് മനസ്സിലാക്കിയിരുന്നു. മുഹമ്മദ് നബിﷺക്ക് വേണ്ടി അദ്ദേഹം പ്രതിരോധിക്കുകയും നബിയോട് സ്‌നേഹം കാണിക്കുകയും നന്മ ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. ശിര്‍ക്കില്‍ നിലകൊള്ളുന്നുവെങ്കിലും അബൂത്വാലിബിനെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും ഇഷ്ടമുള്ളത് പ്രവാചകനായിരുന്നു. ഇത് അല്ലാഹുവിന്റെ ഒരു പരീക്ഷണത്തിന്റെ ഭാഗം കൂടിയാണ്. പ്രകൃത്യായുള്ള ഒരു പ്രത്യേകമായ സ്‌നേഹമായിരുന്നു അബൂത്വാലിബിന് മുഹമ്മദ് നബിയോട് ഉണ്ടായിരുന്നത്. ഒരിക്കലും മതപരമായ മാര്‍ഗത്തിലുള്ള സ്‌നേഹം ആയിരുന്നില്ല അത്. അബൂത്വാലിബ് തന്റെ ജനതയുടെ പാരമ്പര്യ മതത്തില്‍ തന്നെ തുടര്‍ന്നു വന്നതും അല്ലാഹുവിന്റെ യുക്തിയുടെ ഒരു ഭാഗമായിരുന്നു. അബൂത്വാലിബ് ഇസ്‌ലാം സ്വീകരിച്ചിരുന്നുവെങ്കില്‍ അമുസ്ലിംകള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കോ കല്‍പനകള്‍ക്കോ ഒരു സ്ഥാനവും ഉണ്ടാകുമായിരുന്നില്ല. മാത്രവുമല്ല അവര്‍ അദ്ദേഹത്തെ ഭയപ്പെടുകയോ ആദരിക്കുകയോ ചെയ്യുമായിരുന്നില്ല. 

മുഹമ്മദ് നബിﷺ കൊണ്ടുവന്ന ആദര്‍ശം സത്യമാണ് എന്നത് മക്കയിലെ നിഷേധികളുടെ മനസ്സുകളില്‍ ഉണ്ടായിരുന്നു. പക്ഷേ, അവര്‍ തങ്ങളുടെ ഇച്ഛകള്‍ക്ക് മുന്‍ഗണന നല്‍കി. തങ്ങളുടെ പൂര്‍വ പിതാക്കളെ അന്ധമായി അനുകരിക്കുന്നതിന് അവര്‍ ആധികാരികത കല്‍പിച്ചു. നബിﷺയെ പിന്‍പറ്റുന്നതിനെ അവഗണിക്കുകയും ചെയ്തു. 

”(നബിയേ,) അവര്‍ പറയുന്നത് നിനക്ക് വ്യസനമുണ്ടാക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും നമുക്ക് അറിയാം. എന്നാല്‍ (യഥാര്‍ഥത്തില്‍) നിന്നെയല്ല അവര്‍ നിഷേധിച്ചു തള്ളുന്നത്. പ്രത്യുത, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെയാണ് ആ അക്രമികള്‍ നിഷേധിക്കുന്നത്” (അല്‍അന്‍ആം: 33).

മുഹമ്മദ് നബിﷺ തന്റെ പ്രബോധനത്തില്‍ ഉറച്ചുനില്‍ക്കുന്നതും തങ്ങളുടെ ആരാധനാ വസ്തുക്കളുടെ ന്യൂനതകള്‍ എടുത്തുപറയുന്നതും ക്വുറൈശികളിലെ സത്യനിഷേധികള്‍ കണ്ടു. അബൂത്വാലിബ് നബിﷺയുടെ കൂടെ നില്‍ക്കുകയും സഹായിക്കുകയും അദ്ദേഹത്തെ തങ്ങള്‍ക്ക് ഏല്‍പിച്ചു തരാതിരിക്കുകയും ചെയ്യുന്നത് അവരുടെ ദേഷ്യം വര്‍ധിക്കാന്‍ കാരണമായി. താമസിയാതെ ക്വുറൈശികളിലെ പ്രധാനികെളല്ലാവരും അബൂത്വാലിബിന്റെ അടുക്കലേക്ക് ചെല്ലുകയാണ്. ഉത്ബത്, ശൈബത്, അബൂസുഫ്‌യാന്‍, അബുല്‍ ബുഖ്തരി, അസ്വദ്ബ്‌നുല്‍ മുത്ത്വലിബ്, അബൂജഹല്‍, അംറുബ്‌നു ഹിഷാം, വലീദുബ്‌നു മുഗീറ, നബീഹ്, മുനബ്ബിഹ്, ആസ്വുബ്‌നു വാഇല്‍ തുടങ്ങിയവരായിരുന്നു ആ പ്രധാനികള്‍. അവര്‍ പറഞ്ഞു: ‘അല്ലയോ അബൂത്വാലിബ്! താങ്കളുടെ സഹോദരപുത്രന്‍ ഞങ്ങളുടെ ആരാധ്യവസ്തുക്കളെ അസഭ്യം പറയുന്നു. ഞങ്ങളുടെ മതത്തെ മോശമാക്കി പറയുന്നു. ഞങ്ങളുടെ ചിന്തകള്‍ ഭോഷത്തരമായി ചിത്രീകരിക്കുന്നു. ഞങ്ങളുടെ പിതാക്കന്മാര്‍ വഴിപിഴച്ചവരെന്നു പറയുന്നു. ഞങ്ങളില്‍നിന്നും മുഹമ്മദിനെ തടയണം. അല്ലെങ്കില്‍ താങ്കള്‍ ഞങ്ങള്‍ക്കിടയില്‍ നിന്ന് മാറിനില്‍ക്കണം. കാരണം മുഹമ്മദിന്റെ ആദര്‍ശത്തിന് എതിരില്‍ ഞങ്ങള്‍ എന്തൊരു നിലപാടിലാണ് ഉള്ളത് അതേ നിലപാടില്‍ തന്നെയാണ് താങ്കളും ഉള്ളത്. അതുകൊണ്ട് മുഹമ്മദിന്റെ കാര്യം നോക്കാന്‍ ഞങ്ങള്‍ മതിയായവരാണ്.’ 

അബൂത്വാലിബ് മാന്യമായ നിലയില്‍ നല്ല വാക്കുകള്‍ പറഞ്ഞുകൊണ്ട് അവരെ പിരിച്ചുവിട്ടു. അവരാകട്ടെ അബൂത്വാലിബിന്റെ മറുപടി പ്രതീക്ഷിച്ചുകൊണ്ട് പിരിഞ്ഞുപോവുകയും ചെയ്തു. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ”വലീദുബ്‌നു മുഗീറ നബിﷺയുടെ അടുക്കലേക്ക് വന്നു. നബിﷺ അദ്ദേഹത്തിന് ക്വുര്‍ആന്‍ ഓതിക്കേള്‍പിച്ചു. അതോടെ വലീദിന്റെ മനസ്സ് ഒന്ന് ലോലമായി. ഇത് അറിഞ്ഞപാടെ അബൂജഹല്‍ വലീദിനെ കാണാന്‍ ചെന്നു. എന്നിട്ട് പറഞ്ഞു: ‘അങ്ങയുടെ ജനത അങ്ങേക്കുവേണ്ടി സമ്പത്ത് ഒരുക്കൂട്ടുകയാണ്.’ വലീദ് ചോദിച്ചു: ‘എന്തിനാണത്?’ അബൂജഹല്‍ പറഞ്ഞു: ‘താങ്കള്‍ക്ക് നല്‍കുവാന്‍ വേണ്ടി. നിങ്ങള്‍ മുഹമ്മദിന്റെ അടുക്കലേക്ക് ചെന്ന വിവരം ഞങ്ങള്‍ അറിഞ്ഞിട്ടുണ്ട്.’ അപ്പോള്‍ വലീദ് പറഞ്ഞു: ‘അല്ലയോ അബൂജഹല്‍, ഞാന്‍ വലിയ ഒരു സമ്പന്നനാണ് എന്ന് ക്വുറൈശികള്‍ക്ക് അറിയാമല്ലോ.’ (എനിക്കു പണത്തിന് ആവശ്യം ഇല്ല എന്നര്‍ഥം) അപ്പോള്‍ അബൂജഹല്‍ പറഞ്ഞു: ‘എങ്കില്‍ മുഹമ്മദിനെ വെറുക്കുന്ന രൂപത്തില്‍ എന്തെങ്കിലും മുഹമ്മദിനെ കുറിച്ച് പറയൂ.’ അപ്പോള്‍ വലീദ് പറഞ്ഞു: ‘ഞാന്‍ എന്തു പറയാനാണ്? അല്ലാഹുവാണ് സത്യം! നിങ്ങളുടെ കൂട്ടത്തില്‍ എന്നെക്കാള്‍ കവിത അറിയാവുന്ന ആരും തന്നെയില്ല. കവിതകളുടെ ഈണങ്ങളും താളങ്ങളും എന്നെപ്പോലെ അറിയാവുന്ന മറ്റൊരാളും ഇവിടെ ഇല്ല. ജിന്നുകളുടെ കവിതകള്‍ പോലും അറിയുന്നവനാണ് ഞാന്‍. അല്ലാഹുവാണ് സത്യം! മുഹമ്മദില്‍ നിന്ന് ഞാന്‍ കേട്ടത് ഇതൊന്നുമല്ല. അല്ലാഹുവാണ് സത്യം! മുഹമ്മദില്‍ നിന്ന് ഞാന്‍ കേട്ട വാക്കുകള്‍ക്ക് ഒരു മാധുര്യമുണ്ട്. അതിലൊരു ഒഴുക്കുണ്ട്. അതിന്റെ മുകള്‍ഭാഗം ഫലം നിറഞ്ഞതാണ്. അതിന്റെ താഴ്ഭാഗം ശക്തമായ ഒഴുക്കുള്ളതാണ്. അത് ഉയര്‍ന്നുകൊണ്ടിരിക്കും. അതിന്റെ മുകളില്‍ മറ്റൊന്നും ഉയരുകയില്ല. അതിന്റെ താഴെയുള്ള എല്ലാറ്റിനെയും അത് തകര്‍ത്തുകളയും.’ 

ഇതെല്ലാം കേട്ടപ്പോള്‍ അബൂജഹല്‍ പറഞ്ഞു: ‘മുഹമ്മദിനെതിരെ എന്തെങ്കിലുമൊന്ന് പറയാതെ നിന്റെ ആളുകള്‍ നിന്റെ കാര്യത്തില്‍ ഒരിക്കലും തൃപ്തിപ്പെടുകയില്ല.’ 

അപ്പോള്‍ വലീദ് പറഞ്ഞു: ‘എങ്കില്‍ എന്നെ വിട്ടേക്കൂ. ഞാനൊന്നു ചിന്തിക്കട്ടെ.’ 

അല്‍പനേരം ചിന്തിച്ച ശേഷം വലീദ് പറഞ്ഞു: ‘ഇത് ഒരു സിഹ്‌റാണ്. ആരോ സിഹ്‌റ് ചെയ്ത സ്വാധീനമാണ്.’ 

ഈ വിഷയത്തിലാണ് വിശുദ്ധ ക്വുര്‍ആനിലെ ഈ വചനങ്ങള്‍ അവതരിച്ചത്:

”എന്നെയും ഞാന്‍ ഏകനായിക്കൊണ്ട് സൃഷ്ടിച്ച ഒരുത്തനെയും വിട്ടേക്കുക. അവന്ന് ഞാന്‍ സമൃദ്ധമായ സമ്പത്ത് ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. സന്നദ്ധരായി നില്‍ക്കുന്ന സന്തതികളെയും. അവന്നു ഞാന്‍ നല്ല സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു. പിന്നെയും ഞാന്‍ കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ മോഹിക്കുന്നു. അല്ല, തീര്‍ച്ചയായും അവന്‍ നമ്മുടെ ദൃഷ്ടാന്തങ്ങളോട് മാത്സര്യം കാണിക്കുന്നവനായിരിക്കുന്നു. പ്രയാസമുള്ള ഒരു കയറ്റം കയറാന്‍ നാം വഴിയെ അവനെ നിര്‍ബന്ധിക്കുന്നതാണ്. തീര്‍ച്ചയായും അവനൊന്നു ചിന്തിച്ചു, അവനൊന്നു കണക്കാക്കുകയും ചെയ്തു. അതിനാല്‍ അവന്‍ നശിക്കട്ടെ. എങ്ങനെയാണവന്‍ കണക്കാക്കിയത്? വീണ്ടും അവന്‍ നശിക്കട്ടെ, എങ്ങനെയാണവന്‍ കണക്കാക്കിയത്? പിന്നീട് അവനൊന്നു നോക്കി. പിന്നെ അവന്‍ മുഖം ചുളിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്തു. പിന്നെ അവന്‍ പിന്നോട്ട് മാറുകയും അഹങ്കാരം നടിക്കുകയും ചെയ്തു. എന്നിട്ടവന്‍ പറഞ്ഞു: ഇത് (ആരില്‍ നിന്നോ) ഉദ്ധരിക്കപ്പെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല. ഇത് മനുഷ്യന്റെ വാക്കല്ലാതെ മറ്റൊന്നുമല്ല” (അല്‍മുദ്ദസ്സിര്‍: 11-25).

നബിﷺ തന്റെ പ്രബോധന പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടേയിരുന്നു. അല്ലാഹുവിന്റെ ദീനിനെ ഉറക്കെ പ്രഖ്യാപിച്ചും അതിലേക്കു ക്ഷണിച്ചും അദ്ദേഹം മുന്നേറി. അങ്ങനെയിരിക്കെ ഹജ്ജിന്റെ സമയം വന്നു. ഹജ്ജിനു വരുന്നവര്‍ പ്രവാചകനെ കാണുമെന്നും പ്രവാചകന്റെ കാര്യങ്ങള്‍ അവര്‍ അറിയുമെന്നും ക്വുറൈശികള്‍ മനസ്സിലാക്കി. ‘മുഹമ്മദും ഹജ്ജിനു വരുന്നവരും തമ്മില്‍ കണ്ടു മുട്ടാതിരിക്കാന്‍ എന്തുണ്ട് മാര്‍ഗം’ എന്ന് അവര്‍ കൂടിയാലോചന നടത്തി. കാരണം മുഹമ്മദിന്റെ വാക്കുകള്‍ ഹജ്ജിനു വരുന്നവരില്‍ സ്വാധീനം ഉണ്ടാക്കും. ക്വുറൈശികളിലെ എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ് മുഹമ്മദ് സത്യസന്ധനും വിശ്വസ്തനുമാണ് എന്നുള്ളത്. അതുകൊണ്ടുതന്നെ മുഹമ്മദ് ഒരു സാഹിര്‍ (മാരണക്കാരന്‍) ആണ് എന്ന് പറയാം എന്ന വിഷയത്തില്‍ അവര്‍ എല്ലാവരും യോജിച്ചു. 

ക്വുറൈശി നേതാക്കള്‍ ഈ അഭിപ്രായത്തില്‍ യോജിച്ചതിനുശേഷം അത് നടപ്പിലാക്കുവാന്‍ വേണ്ടി ഇറങ്ങിത്തിരിച്ചു. ഹജ്ജിനു വേണ്ടി ആളുകള്‍ വരുന്ന വഴികളില്‍ അവര്‍ ഇരുന്നു. ആരെ കണ്ടാലും അവര്‍ പറയും: ‘മുഹമ്മദിനെ സൂക്ഷിക്കണം. മുഹമ്മദ് എന്ന് പറയുന്ന വ്യക്തി ഇവിടെയുണ്ട്.’ മുഹമ്മദ് നബിﷺയില്‍ നിന്നും ആളുകളെ അകറ്റിക്കളയാനുള്ള ശ്രമമായിരുന്നു അത്. അബൂലഹബ് ആയിരുന്നു ഇതിന്റെ മുന്നിലുണ്ടായിരുന്നത്. ഉക്കാദ ചന്തയിലും ദുല്‍മിജന്നയിലും ആളുകളെ പിന്തുടര്‍ന്നുകൊണ്ട് നബിﷺ ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന ആദര്‍ശത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുമായിരുന്നു. അല്ലാഹുവിങ്കല്‍ നിന്നും നിയോഗിക്കപ്പെട്ട പ്രവാചകനാണ് ഞാന്‍ എന്ന് ജനങ്ങളോട് പറയുമായിരുന്നു. 

അബൂലഹബ് പ്രവാചകനെ പിന്തുടര്‍ന്നുകൊണ്ട് പറയും: ‘അല്ലയോ ജനങ്ങളേ, മുഹമ്മദിനെ അനുസരിക്കരുത്. മുഹമ്മദ് പറയുന്നത് കേള്‍ക്കരുത്. അവന്‍ മതം മാറിയവനാണ്. അവന്‍ നുണയനാണ്.’ 

ഹജ്ജ് കഴിഞ്ഞ് ജനങ്ങള്‍ തിരിച്ചുപോയതോടുകൂടി അറേബ്യന്‍ രാജ്യത്ത് മുഴുവന്‍ പ്രവാചന്‍ﷺ സംസാരവിഷയമായി. അറബികള്‍ മുഴുവന്‍ മുഹമ്മദിനെതിരെ പടനയിക്കുമോ എന്ന പേടിയും അബൂത്വാലിബിന് ഉണ്ടായി. അബൂതാലിബിന്റെ സുദീര്‍ഘമായ കവിതകള്‍ ഈ വിഷയത്തിലുണ്ട്.മുഹമ്മദ് നബിﷺ  തന്റെ പ്രബോധന പ്രവര്‍ത്തനത്തില്‍ മുന്നേറുകയാണെന്നും അല്ലാഹുവിലേക്കുള്ള ക്ഷണത്തില്‍ നിന്നും ഒരു കാര്യവും അദ്ദേഹത്തെ തടയുന്നില്ലെന്നും അബൂത്വാലിബിനോടുള്ള സംസാരത്തില്‍ ഒരു ഗുണവുമില്ലെന്നും മനസ്സിലാക്കിയ ക്വുറൈശികള്‍ മുഹമ്മദ് നബിﷺ യെ എതിരിടാന്‍ മറ്റു ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചു; ജനങ്ങളെ ‘മുഹമ്മദിന്റെ ദൈവത്തില്‍’നിന്നും അകറ്റുവാനും വെറുപ്പുണ്ടാക്കുവാനും ആവശ്യമായ മാര്‍ഗങ്ങള്‍. 

1) ക്വുര്‍ആനിനെ സംബന്ധിച്ച് കളവുകള്‍ പ്രചരിപ്പിക്കുക എന്നുള്ളതാണ് അവര്‍ സ്വീകരിച്ച ഒന്നാമത്തെ മാര്‍ഗം. മുഹമ്മദ് നബിﷺ യുടെ പ്രബോധനം ആളുകള്‍ ശ്രദ്ധിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. അവര്‍ പ്രചരിപ്പിച്ച ഒരു ദുരാരോപണം ഇപ്രകാരമായിരുന്നു: 

”ഒരു മനുഷ്യന്‍ തന്നെയാണ് അദ്ദേഹത്തിന് (നബിക്ക്) പഠിപ്പിച്ചുകൊടുക്കുന്നത് എന്ന് അവര്‍ പറയുന്നുണ്ടെന്ന് തീര്‍ച്ചയായും നമുക്കറിയാം. അവര്‍ ദുസ്സൂചന നടത്തിക്കൊണ്ടിരിക്കുന്നത് ഏതൊരാളെപ്പറ്റിയാണോ ആ ആളുടെ ഭാഷ അനറബിയാകുന്നു. ഇതാകട്ടെ സ്പഷ്ടമായ അറബി ഭാഷയാകുന്നു” (അന്നഹ്ല്‍: 103).

ക്വുര്‍ആനിന്റെ ഉദ്ഭവത്തെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ സംശയം ഉണ്ടാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ആരോപണം ഉന്നയിച്ചത്. 

മുഹമ്മദ് നബിയെ സംബന്ധിച്ചും ചില ബാലിശമായ വാദങ്ങളുമായി അവര്‍ മുന്നോട്ടു വന്നു: ”അവര്‍ പറഞ്ഞു: ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക് എന്ത് കൊണ്ട് ഒരു മലക്ക് ഇറക്കപ്പെടുന്നില്ല?” (അല്‍ഫുര്‍ക്വാന്‍: 7). 

2) ക്വുര്‍ആനിനെ സംബന്ധിച്ച് ഇത് പഴമക്കാരുടെ കെട്ടുകഥകളാണെന്ന് പ്രചരിപ്പിക്കലായിരുന്നു അവര്‍ സ്വീകരിച്ച രണ്ടാമത്തെ മാര്‍ഗം. ഇതിന്റെ മുമ്പിലുണ്ടായിരുന്നത് നള്‌റുബ്‌നുല്‍ ഹാരിസ് എന്ന വ്യക്തിയായിരുന്നു. ഇയാള്‍ നബിﷺ യോടുള്ള ശത്രുത വെളിവാക്കുകയും അദ്ദേഹത്തെ വല്ലാതെ ദ്രോഹിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. പഴയകാല പേര്‍ഷ്യന്‍ രാജാക്കന്മാരുടെ കഥകള്‍ അയാള്‍ക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ മുഹമ്മദ് നബിﷺ  ഒരു സദസ്സില്‍ ചെന്നുനിന്നാല്‍ അതിന് പിറകെ ഇയാള്‍ വന്നുകൊണ്ട് പറയും: ‘മുഹമ്മദിനെക്കാള്‍ നന്നായി പറയുവാന്‍ കഴിവുള്ളവനാണ് ഞാന്‍. മുഹമ്മദ് പറയുന്നതെല്ലാം പുരാണങ്ങളാണ്.’ ഇത് പറഞ്ഞശേഷം തന്റെ സംസാരം ആരംഭിക്കും. ഈ വ്യക്തിയെക്കുറിച്ചാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത്:

”വ്യാജവാദിയും അധര്‍മകാരിയുമായ ഏതൊരാള്‍ക്കും നാശം. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ തനിക്ക് ഓതിക്കേള്‍പിക്കപ്പെടുന്നത് അവന്‍ കേള്‍ക്കുകയും എന്നിട്ട് അത് കേട്ടിട്ടില്ലാത്തത് പോലെ അഹങ്കാരിയായിക്കൊണ്ട് ശഠിച്ചു നില്‍ക്കുകയും ചെയ്യുന്നു. ആകയാല്‍ അവന്ന് വേദനയേറിയ ശിക്ഷയെ പറ്റി സന്തോഷവാര്‍ത്ത അറിയിച്ചുകൊള്ളുക. നമ്മുടെ തെളിവുകളില്‍ നിന്ന് വല്ലതും അവന്‍ അറിഞ്ഞാലോ അവനത് ഒരു പരിഹാസവിഷയമാക്കിക്കളയുകയും ചെയ്യും. അത്തരക്കാര്‍ക്കാകുന്നു അപമാനകരമായ ശിക്ഷ” (അല്‍ജാഥിയ: 7-9).

3) മുഹമ്മദ് നബിﷺ യെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുക എന്നതായിരുന്നു ക്വുറൈശികള്‍ സ്വീകരിച്ച മൂന്നാമത്തെ മാര്‍ഗം. അവര്‍ മുഹമ്മദ് നബിﷺ യെയും വിശുദ്ധ ക്വുര്‍ആനിനെയും പരിഹസിക്കാനായി ഇറങ്ങി. സത്യമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തടയുകയും മുസ്ലിംകളെ നിന്ദിക്കലുമായിരുന്നു ലക്ഷ്യം. മുസ്‌ലിംകളുടെ മനശ്ശക്തി ക്ഷയിപ്പിക്കുക, ഇസ്‌ലാമിനെ സംബന്ധിച്ച് അവരുടെ മനസ്സില്‍ സംശയം ജനിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഇതിന് പിന്നിലുണ്ടായിരുന്നു. ചിലര്‍ നബിﷺ യെ ഭ്രാന്തന്‍ എന്ന് ആക്ഷേപിച്ചു:

”അവര്‍ (അവിശ്വാസികള്‍) പറഞ്ഞു: ഹേ; ഉല്‍ബോധനം അവതരിപ്പിക്കപ്പെട്ടിട്ടുള്ള മനുഷ്യാ! തീര്‍ച്ചയായും നീ ഒരു ഭ്രാന്തന്‍ തന്നെ” (അല്‍ഹിജ്ര്‍: 6)

മറ്റുചിലര്‍ മാരണക്കാരന്‍ എന്നും കളവ് പറയുന്നവനെന്നും വിശേഷിപ്പിച്ചു: 

”അവരില്‍ നിന്നുതന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്തു വന്നതില്‍ അവര്‍ക്ക് ആശ്ചര്യം തോന്നിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു” (അസ്സ്വാദ്: 4). 

കവി എന്നു പറഞ്ഞും ചിലര്‍ ആക്ഷേപിച്ചു: ”എന്നാല്‍ അവര്‍ പറഞ്ഞു: പാഴ്കിനാവുകള്‍ കണ്ട വിവരമാണ് (മുഹമ്മദ് പറയുന്നത്). (മറ്റൊരിക്കല്‍ അവര്‍ പറഞ്ഞു:) അല്ല, അതവന്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്. (മറ്റൊരിക്കല്‍ അവര്‍ പറഞ്ഞു:) അല്ല; അവനൊരു കവിയാണ്. എന്നാല്‍ (അവന്‍ പ്രവാചകനാണെങ്കില്‍) മുന്‍ പ്രവാചകന്‍മാര്‍ ഏതൊരു ദൃഷ്ടാന്തവുമായാണോ അയക്കപ്പെട്ടത് അതുപോലൊന്ന് അവന്‍ നമുക്ക് കൊണ്ടു വന്നു കാണിക്കട്ടെ” (അല്‍ അമ്പിയാഅ്: 5) 

മുഹമ്മദ് നബിﷺ  അവര്‍ക്ക് ക്വുര്‍ആന്‍ ഓതിക്കൊടുക്കുമ്പോഴെല്ലാം നബിയെ അവര്‍ പരിഹസിക്കും: ”അവര്‍ പറഞ്ഞു: നീ ഞങ്ങളെ എന്തൊന്നിലേക്ക് വിളിക്കുന്നുവോ അത് മനസ്സിലാക്കാനാവാത്ത വിധം ഞങ്ങളുടെ ഹൃദയങ്ങള്‍ മൂടികള്‍ക്കുള്ളിലാകുന്നു. ഞങ്ങളുടെ കാതുകള്‍ക്ക് ബധിരതയുമാകുന്നു. ഞങ്ങള്‍ക്കും നിനക്കുമിടയില്‍ ഒരു മറയുണ്ട്. അതിനാല്‍ നീ പ്രവര്‍ത്തിച്ച് കൊള്ളുക. തീര്‍ച്ചയായും ഞങ്ങളും പ്രവര്‍ത്തിക്കുന്നവരാകുന്നു.” (അല്‍ഫുസ്സ്വിലത്: 5). 

മരണശേഷം മറ്റൊരു ജീവിതമുണ്ട് എന്ന് പറയുമ്പോഴും അവര്‍ പരിഹാസത്തില്‍ തന്നെയായിരുന്നു:

”നീ അത്ഭുതപ്പെടുന്നുവെങ്കില്‍ അവരുടെ ഈ വാക്കത്രെ അത്ഭുതകരമായിട്ടുള്ളത്: ഞങ്ങള്‍ മണ്ണായിക്കഴിഞ്ഞിട്ടോ? ഞങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടുക തന്നെ ചെയ്യുമോ?…” (അര്‍റഅ്ദ്: 5). 

മുഹമ്മദ് നബിﷺ യെ പരിഹസിക്കുന്നവരുടെ നേതാവായിരുന്നു അബൂജഹല്‍. എല്ലാ സദസ്സുകളിലും ആ വ്യക്തി കടന്നുവരും. എന്നിട്ട് ഇപ്രകാരം പറയും: ”മുഹമ്മദ് പറയുന്നത് സത്യമാണെങ്കില്‍ ആകാശലോകത്ത് നിന്നും ഞങ്ങള്‍ക്കു മേല്‍ ഒരു ചരല്‍മഴ വര്‍ഷിപ്പിച്ച് താ.” 

ഇക്കാര്യം അല്ലാഹു പറഞ്ഞുതരുന്നത് കാണുക: ”അല്ലാഹുവേ, ഇതു നിന്റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ നീ ഞങ്ങളുടെ മേല്‍ ആകാശത്ത് നിന്ന് കല്ല് വര്‍ഷിപ്പിക്കുകയോ, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വേദനാജനകമായ ശിക്ഷ കൊണ്ടുവരികയോ ചെയ്യുക എന്ന് അവര്‍ (അവിശ്വാസികള്‍) പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക). എന്നാല്‍ നീ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. അവര്‍ പാപമോചനം തേടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല” (അല്‍അന്‍ഫാല്‍:32, 33). 

അബൂലഹബിന്റെ ഭാര്യ ഉമ്മുജമീല്‍ നബിﷺ യെ പരിഹസിച്ചുകൊണ്ട് പറഞ്ഞു: ”നിന്റെ കൂടെയുള്ള പിശാച് നിന്നില്‍ നിന്നും വിട്ടുപോയിരിക്കും എന്നാണ് ഞാന്‍ കരുതുന്നത്. രണ്ടു മൂന്ന് ദിവസമായി പിശാച് അടുക്കുന്നതായി കണ്ടിട്ടില്ല.” അപ്പോള്‍ അല്ലാഹു ഇപ്രകാരം അവതരിപ്പിച്ചു: 

”പൂര്‍വാഹ്‌നം തന്നെയാണ് സത്യം. രാത്രി തന്നെയാണ് സത്യം; അത് ശാന്തമാവുമ്പോള്‍. (നബിയേ,) നിന്റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല” (അദ്ദ്വുഹാ:1-3).

ആയുധംകൊണ്ട് കുത്തിയാല്‍ ഉണ്ടാകുന്ന മുറിവിനെക്കാള്‍ പ്രയാസമുണ്ടാക്കുന്നതാണ് നാവുകൊണ്ടുള്ള പരിഹാസത്തിന്റെ മുറിവുകള്‍. പ്രത്യേകിച്ചും മാന്യരും നല്ലവരുമായ ആളുകളെക്കുറിച്ച് പരിഹസിച്ച് പറയുമ്പോള്‍ അത് അവരെ ഏറെ വേദനിപ്പിക്കും. ദിവസങ്ങള്‍ക്ക് മുമ്പ് മുഹമ്മദ് നബിﷺ യെ പുകഴ്ത്തുകയും വിശ്വസ്തനായി കാണുകയും ചെയ്തിരുന്ന അതേ ആളുകള്‍ അവരുടെ നാവുകൊണ്ടുതന്നെ കളവ് പറയുന്നവനെന്നും ഭ്രാന്തനെന്നും മാരണക്കാരനയന്നും പറഞ്ഞു പരിഹസിക്കുമ്പോള്‍ അത് നിസ്സാരമായ ഒരു കാര്യമല്ല. പക്ഷേ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍; അവന്റെ തൃപ്തിക്കുവേണ്ടിയാണ് ഇതൊക്കെ അനുഭവിക്കേണ്ടിവരുന്നത് എന്നുള്ള കാരണത്താല്‍ മുഹമ്മദ് നബിﷺ യെ സംബന്ധിച്ചിടത്തോളം ഇതെല്ലാം വളരെ നിസ്സാരമായിരുന്നു. ജനങ്ങള്‍ക്കറിയാത്ത പലതും ദിവ്യബോധനം വഴി നബിﷺ  അറിയുന്നു എന്നുള്ളതാണ് പരിഹാസങ്ങളെയും ഉപദ്രവങ്ങളെയും ക്ഷമയോടെയും സഹനത്തോടെയും അഭിമുഖീകരിക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അല്ലാഹു നബിﷺ യെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയും ക്ഷമിക്കുവാനുള്ള മാനസികാവസ്ഥ നബിക്ക് നല്‍കിക്കൊണ്ടിരിക്കുകയും ചെയ്തു:

”അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് നിമിത്തം നിനക്ക് മനഃപ്രയാസം അനുഭവപ്പെടുന്നുണ്ട് എന്ന് തീര്‍ച്ചയായും നാം അറിയുന്നുണ്ട്. ആകയാല്‍ നിന്റെ രക്ഷിതാവിനെ സ്തുതിച്ച് കൊണ്ട് നീ സ്‌തോത്രകീര്‍ത്തനം നടത്തുകയും നീ സുജൂദ് ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക. ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നത് വരെ നീ നിന്റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക” (അല്‍ഹിജ്ര്‍: 97-99). 

പരീക്ഷണങ്ങളും പ്രയാസങ്ങളും ശക്തമാകുമ്പോള്‍ എല്ലാം ക്ഷമിക്കുവാനുള്ള കല്‍പന അല്ലാഹു തആലാ നല്‍കിക്കൊണ്ടായിരുന്നു: ”ആകയാല്‍ നീ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. ദൃഢവിശ്വാസമില്ലാത്ത ആളുകള്‍ നിനക്ക് ചാഞ്ചല്യം വരുത്താതിരിക്കുകയും ചെയ്യട്ടെ” (അര്‍റൂം: 60). 

പരിഹാസങ്ങള്‍ക്കും ദ്രോഹങ്ങള്‍ക്ക് മുമ്പില്‍ അങ്ങേയറ്റത്തെ ക്ഷമ അനിവാര്യമാണ്. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ കാലുകള്‍ ചലിപ്പിക്കേണ്ടി വരും. ശരീരത്തെ വേദനിപ്പിക്കേണ്ടി വരും. ഹൃദയങ്ങള്‍ക്ക് വേദനയുണ്ടാക്കുന്ന കാര്യങ്ങള്‍ കേള്‍ക്കേണ്ടിവരും. എങ്കില്‍ മാത്രമെ അല്ലാഹുവിന്റെ ദീനിനെ പ്രകടമാക്കുവാന്‍ സാധിക്കുകയുള്ളൂ. 

ഉര്‍വ്വത്ബ്‌നു സുബൈറി(റ)ല്‍ നിന്നും നിവേദനം: ആഇശ(റ) അദ്ദേഹത്തോട് പറഞ്ഞു: ആഇശ(റ) നബിﷺ യോട് ചോദിച്ചു: ”അല്ലാഹുവിന്റെ പ്രവാചകരേ, ഉഹ്ദ്‌യുദ്ധ ദിവസത്തില്‍ താങ്കള്‍ക്കുണ്ടായ പ്രയാസം പോലെ മറ്റൊരു പ്രയാസമുള്ള ദിവസം താങ്കള്‍ക്ക് ഉണ്ടായിട്ടുണ്ടോ?” അപ്പോള്‍ നബിﷺ  പറഞ്ഞു: ”നിന്റെ ജനതയില്‍നിന്ന് എനിക്ക് പലതും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. അക്വബയുടെ ദിവസം ഞാന്‍ അനുഭവിച്ചതാണ് ഏറ്റവും പ്രയാസമായിട്ടുള്ളത്. ഇബ്‌നു അബ്ദില്ലാഹിബ്‌നു അബ്ദികുലൈലിന്റെ അടുത്തേക്ക് ചെന്നു. പക്ഷേ, എന്റെ പ്രബോധനം അയാള്‍ സ്വീകരിച്ചില്ല. ദുഃഖിതനായിക്കൊണ്ട് ഞാന്‍ അവിടെ നിന്നും തിരിച്ചുപോന്നു. ക്വര്‍നുസ്സആലിബില്‍ വെച്ചാണ് എനിക്ക് ശരിക്കും ബോധം തെളിഞ്ഞത്. അപ്പോള്‍ ഞാന്‍ തല ഉയര്‍ത്തി നോക്കി. ആ സന്ദര്‍ഭത്തില്‍ അതാ ഒരു മേഘം എനിക്ക് തണലായി നില്‍ക്കുന്നു. ഞാന്‍ നോക്കിയപ്പോള്‍ ആ മേഘത്തില്‍ ജിബ്‌രീലിനെ കണ്ടു. ജിബ്രീല്‍ എന്നെ വിളിച്ചു കൊണ്ട് പറഞ്ഞു: ‘നിന്റെ ജനത നിന്നോട് പറഞ്ഞത് അല്ലാഹു കേട്ടിരിക്കുന്നു. അവര്‍ നിനക്ക് നല്‍കിയ മറുപടിയും അല്ലാഹു കേട്ടിരിക്കുന്നു. മലകളുടെ മലക്കിനെ നിങ്ങളിലേക്ക് നിയോഗിച്ചിരിക്കുകയാണ് അല്ലാഹു. താങ്കള്‍ ഉദ്ദേശിക്കുന്ന കാര്യം അവരോട് കല്‍പിച്ചു കൊള്ളുക. താങ്കള്‍ ഉദ്ദേശിക്കുന്ന പക്ഷം അഖ്ശബൈനിനെ(രണ്ടു മലകള്‍) അവര്‍ക്ക് മുകളിലേക്ക് ഞാന്‍ മറിച്ചിടുന്നതാണ്.’ അപ്പോള്‍ നബിﷺ  അവരോട് പറഞ്ഞു: ‘വേണ്ട! ഞാന്‍ ആഗ്രഹിക്കുന്നത്, അവരുടെ സന്താനങ്ങളില്‍ നിന്നെങ്കിലും അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന, അവനില്‍ ഒന്നിനെയും പങ്ക് ചേര്‍ക്കാത്ത സന്താനങ്ങളെ അല്ലാഹു പുറത്തു കൊണ്ടുവരാനാണ്” (ബുഖാരി: 3231, മുസ്‌ലിം: 1795). 

ശത്രുക്കളില്‍നിന്നും ഒരുപാട് പ്രയാസങ്ങളും ആക്ഷേപങ്ങളും പരിഹാസങ്ങളും നബിﷺ ക്ക് നേരിടേണ്ടിവന്നു എന്ന് പറഞ്ഞല്ലോ. ഇതെല്ലാംതന്നെ ഉഹ്ദ് യുദ്ധത്തില്‍ പിതൃവ്യനായ ഹംസﷺ  വധിക്കപ്പെട്ടതിന്റെ വേദനയെക്കാളും 70 ഓളം വരുന്ന അനുചരന്മാരുടെ മരണത്തിലൂടെ താന്‍ അനുഭവിച്ച വേദനയെക്കാളും ഉഹ്ദില്‍ തനിക്ക് സംഭവിച്ച മുറിവിന്റെ വേദനയെക്കാളും നബിﷺ യെ സംബന്ധിച്ചിടത്തോളം പ്രയാസകരമായിരുന്നു. 

ക്വുര്‍ആനിനെക്കുറിച്ചും നബിﷺ യെക്കുറിച്ചും മുശ്‌രിക്കുകള്‍ എന്തെല്ലാം കളവുകള്‍ പറഞ്ഞുവോ അതിനെല്ലാം അല്ലാഹു വഹ്‌യിലൂടെ മറുപടിയും കൊടുത്തു: 

”എന്നാല്‍ നിങ്ങള്‍ കാണുന്നവയെക്കൊണ്ട് ഞാന്‍ സത്യം ചെയ്ത് പറയുന്നു; നിങ്ങള്‍ കാണാത്തവയെക്കൊണ്ടും. തീര്‍ച്ചയായും ഇത് മാന്യനായ ഒരു ദൂതന്റെ വാക്കു തന്നെയാകുന്നു.  ഇതൊരു കവിയുടെ വാക്കല്ല. വളരെ കുറച്ചേ നിങ്ങള്‍ വിശ്വസിക്കുന്നുള്ളൂ. ഒരു ജ്യോത്‌സ്യന്റെ വാക്കുമല്ല. വളരെക്കുറച്ചേ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ. ഇത് ലോകരക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതാകുന്നു” (അല്‍ ഹാക്ക്വ: 38-43). 

തെളിവുകള്‍ കൊണ്ടും പ്രമാണങ്ങള്‍ കൊണ്ടും ക്വുറൈശികള്‍ക്ക് നബിﷺ യെ നേരിടാന്‍ കഴിയാതെയായപ്പോള്‍ വാളിന്റെയും ശക്തിയുടെയും പിന്‍ബലം അവര്‍ക്ക് തേടേണ്ടിവന്നു. മൂസാ നബി(അ)യോട് ഫിര്‍ഔന്‍ സ്വീകരിച്ച രീതിയായിരുന്നു ഇത്. 

”അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: ഞാനല്ലാത്ത വല്ല ദൈവത്തേയും നീ സ്വീകരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിന്നെ ഞാന്‍ തടവുകാരുടെ കൂട്ടത്തിലാക്കുന്നതാണ്” (അശ്ശുഅറാഅ്: 29). 

പരിഹാസങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കുമിടയിലൂടെ നബിﷺ  മുന്നോട്ടുപോകുമ്പോള്‍ അല്ലാഹു അദ്ദേഹത്തെ ചില കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കൊടുക്കുകയായിരുന്നു:

1) എല്ലാ നബിമാരും സത്യനിഷേധികളില്‍ നിന്ന് ഇത്തരം പരിഹാസങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. അമ്പിയാക്കളെയും ഔലിയാക്കളെയും വളര്‍ത്തിക്കൊണ്ടു വരുമ്പോള്‍ അല്ലാഹുവിന്റെ ഒരു നടപടിക്രമം ആകുന്നു ഇത്: 

”പൂര്‍വസമുദായങ്ങളില്‍ എത്രയോ പ്രവാചകന്‍മാരെ നാം നിയോഗിച്ചിട്ടുണ്ട്. ഏതൊരു പ്രവാചകന്‍ അവരുടെ അടുത്ത് ചെല്ലുകയാണെങ്കിലും അവര്‍ അദ്ദേഹത്തെ പരിഹസിക്കുന്നവരാകാതിരുന്നിട്ടില്ല”(അസ്സുഖ്‌റുഫ്:6,7).

2) വീണ്ടും വീണ്ടും ക്ഷമിക്കുവാനുള്ള പ്രേരണ നല്‍കല്‍. പ്രബോധന മേഖലയില്‍ പ്രയാസങ്ങള്‍ ശക്തമായി വന്നപ്പോള്‍ ക്ഷമിക്കുവാനുള്ള കല്‍പനയാണ് അല്ലാഹു പ്രവാചകന് നല്‍കിയത്. ക്വുര്‍ആനില്‍ എണ്‍പതില്‍ അധികം സ്ഥലങ്ങളില്‍ ഇത് കാണുവാന്‍ സാധിക്കും. 

”ആകയാല്‍ നീ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. ദൃഢവിശ്വാസമില്ലാത്ത ആളുകള്‍ നിനക്ക് ചാഞ്ചല്യം വരുത്താതിരിക്കുകയും ചെയ്യട്ടെ” (അര്‍റൂം: 60).

”അതിനാല്‍ അവര്‍ പറയുന്നതിന്റെ പേരില്‍ നീ ക്ഷമിച്ചു കൊള്ളുക…” (ക്വാഫ്: 39).

3). പ്രബോധന മേഖലയില്‍ ആരാധനകള്‍ കൊണ്ട് സഹായം തേടണം: 

”അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് നിമിത്തം നിനക്ക് മനഃപ്രയാസം അനുഭവപ്പെടുന്നുണ്ട് എന്ന് തീര്‍ച്ചയായും നാം അറിയുന്നുണ്ട്. ആകയാല്‍ നിന്റെ രക്ഷിതാവിനെ സ്തുതിച്ച് കൊണ്ട് നീ സ്‌തോത്രകീര്‍ത്തനം നടത്തുകയും, നീ സുജൂദ് ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക” (അല്‍ഹിജ്ര്‍: 97-99).

”ആയതിനാല്‍ ഇവര്‍ പറയുന്നതിനെ പറ്റി ക്ഷമിക്കുക. സൂര്യോദയത്തിനു മുമ്പും സൂര്യാസ്തമയത്തിന് മുമ്പും നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക. രാത്രിയില്‍ ചില നാഴികകളിലും പകലിന്റെ ചില ഭാഗങ്ങളിലും നീ അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക. നിനക്ക് സംതൃപ്തി കൈവന്നേക്കാം” (ത്വാഹാ: 130)

4) അല്ലാഹു കൂടെയുണ്ട് എന്ന് നബിﷺ യെ ബോധ്യപ്പെടുത്തല്‍. 

5) പരിഹസിക്കുന്ന ആളുകള്‍ പരാജിതരാവുക തന്നെ ചെയ്യും, അവര്‍ പരിഹസിക്കപ്പെടുന്നവരെക്കാള്‍ സ്ഥാനം കുറഞ്ഞവരാണ് എന്നൊക്കെയുള്ള ഓര്‍മപ്പെടുത്തല്‍. 

”അതിനാല്‍ നീ കല്‍പിക്കപ്പെടുന്നതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ച് കൊള്ളുക. ബഹുദൈവവാദികളില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക. പരിഹാസക്കാരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ തീര്‍ച്ചയായും നാം മതിയായിരിക്കുന്നു. അതായത് അല്ലാഹുവോടൊപ്പം മറ്റുദൈവത്തെ സ്ഥാപിക്കുന്നവര്‍ (പിന്നീട്) അവര്‍ അറിഞ്ഞ്‌കൊള്ളും” (അല്‍ഹിജ്ര്‍: 94-96).

 

ഫദ്‌ലുല്‍ ഹഖ് ഉമരി

നേർപഥം വാരിക

നബി ചരിത്രം – 10

നബി ചരിത്രം – 10: പരസ്യ പ്രബോധനം: ക്വുറൈശികള്‍ എതിര്‍പ്പിന്റെ വഴിയില്‍

പരസ്യ പ്രബോധനം: ക്വുറൈശികള്‍ എതിര്‍പ്പിന്റെ വഴിയില്‍

മുഹമ്മദ് നബിﷺയുടെ പ്രബോധനങ്ങള്‍ മക്കയില്‍ പ്രകടമായ മറ്റു പ്രബോധനങ്ങളെ പോലെത്തന്നെ വളരെ പെട്ടെന്ന് അവസാനിക്കുമെന്നാണ് ക്വുറൈശികള്‍ കരുതിയത്. എന്നാല്‍ നബിﷺ തന്റെ പ്രബോധനം പരസ്യമാക്കുകയും വിഗ്രഹാരാധനക്കെതിരെ സംസാരിക്കാന്‍ തുടങ്ങുകയും വിഗ്രഹങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യുവാന്‍ കഴിയില്ല എന്ന സത്യം ജനങ്ങളോട് തുറന്നു പറയുകയും ചെയ്തതോടുകൂടി ക്വുറൈശികള്‍ അപകടം മണത്തു. ഈ പ്രബോധനം ഇങ്ങനെ മുന്നോട്ടു പോയാല്‍ എല്ലാ വീടുകളിലും കയറിച്ചെല്ലുമെന്നും എന്നും നിലനില്‍ക്കുമെന്നും അവര്‍ തിരിച്ചറിഞ്ഞു. അതിനാല്‍ ക്വുറൈശികള്‍ തുടക്കത്തില്‍ നബിﷺയോട് സന്ധിയാകാന്‍ ശ്രമിച്ചു. പ്രവാചകനെതിരെ ഒന്നും പ്രവര്‍ത്തിക്കാന്‍ അവര്‍ തുനിഞ്ഞില്ല. പക്ഷേ, ഏകനായ അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്ന് ശക്തമായി പ്രഖ്യാപിച്ചപ്പോള്‍ പ്രവാചകനോട് അവര്‍ക്ക് വെറുപ്പും വിദ്വേഷവും തോന്നിത്തുടങ്ങി. 

പ്രവാചകന്റെ പിതൃവ്യന്‍ അബൂത്വാലിബ് ഒഴികെ മറ്റുള്ളവരെല്ലാം പ്രവാചകനെതിരില്‍ അണിനിരക്കുകയും ശത്രുത പ്രകടിപ്പിക്കുകയും ചെയ്തു. അബൂത്വാലിബാകട്ടെ പ്രവാചകന് വേണ്ടി നിലകൊള്ളുകയും ശത്രുക്കളില്‍ നിന്ന് പ്രവാചകനെ തടയുകയും ചെയ്തു. അല്ലാഹുവിന്റെ കല്‍പന പ്രകാരം നബിﷺ തന്റെ ദൗത്യവുമായി മുന്നോട്ടു നീങ്ങി. വിഗ്രഹാരാധനയുടെ നിരര്‍ഥമകത ജനങ്ങളെ ഉണര്‍ത്തിക്കൊണ്ടിരുന്നു. പ്രവാചകത്വത്തിന്റെ നാലാം വര്‍ഷത്തിലായിരുന്നു ഇതെല്ലാം. തങ്ങള്‍ക്ക് പരിചയമില്ലാത്ത കാര്യങ്ങള്‍ കേട്ടപ്പോള്‍ പ്രവാചകന്റെ പ്രബോധനത്തെ അതിശക്തമായ നിലയില്‍ അവര്‍ എതിര്‍ക്കുകയും വെറുക്കുകയും ചെയ്തു. തുടര്‍ന്ന് പ്രവാചകനെയും അനുചരന്മാരെയും ഇല്ലായ്മ ചെയ്യുക എന്നുള്ളത് അവരുടെ ഒരു ലക്ഷ്യമായി മാറുകയും ചെയ്തു. 

”എന്നാല്‍ സത്യനിഷേധികള്‍ ദുരഭിമാനത്തിലും കക്ഷിമാത്സര്യത്തിലുമാകുന്നു. അവര്‍ക്ക് മുമ്പ് എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചു. അപ്പോള്‍ അവര്‍ മുറവിളികൂട്ടി. എന്നാല്‍ അത് രക്ഷപ്രാപിക്കാനുള്ള സമയമല്ല. അവരില്‍ നിന്നുതന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്തു വന്നതില്‍ അവര്‍ക്ക് ആശ്ചര്യം തോന്നിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു. ഇവന്‍ പല ദൈവങ്ങളെ ഒരൊറ്റ ദൈവമാക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഇത് ഒരു അത്ഭുതകരമായ കാര്യം തന്നെ! അവരിലെ പ്രധാനികള്‍ (ഇപ്രകാരം പറഞ്ഞു കൊണ്ട്) പോയി: നിങ്ങള്‍ മുന്നോട്ട് പോയിക്കൊള്ളുക. നിങ്ങളുടെ ദൈവങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ ക്ഷമാപൂര്‍വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. തീര്‍ച്ചയായും ഇത് ഉദ്ദേശപൂര്‍വം ചെയ്യപ്പെടുന്ന ഒരു കാര്യം തന്നെയാകുന്നു. അവസാനത്തെ മതത്തില്‍ ഇതിനെ പറ്റി ഞങ്ങള്‍ കേള്‍ക്കുകയുണ്ടായിട്ടില്ല. ഇത് ഒരു കൃത്രിമസൃഷ്ടി മാത്രമാകുന്നു” (സ്വാദ്: 2-7)

പൂര്‍വ പിതാക്കളോടുള്ള അന്ധമായ അനുകരണമയിരുന്നു പ്രവാചകനെ അവര്‍ എതിര്‍ക്കുവാനും നിഷേധിക്കാനുമുള്ള പ്രധാന കാരണം. ഈ അന്ധമായ അനുകരണമാകട്ടെ ജാഹിലിയ്യത്തിന്റെയും പൈശാചികതയുടെയും ഭാഗമാണ്. അല്ലാഹു പറയുന്നു:

”അല്ലാഹു അവതരിപ്പിച്ചതിനെ നിങ്ങള്‍ പിന്തുടരൂ എന്ന് അവരോട് പറയപ്പെട്ടാല്‍; അല്ല, ഞങ്ങളുടെ പിതാക്കള്‍ എന്തൊന്നില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടുവോ അതിനെയാണ് ഞങ്ങള്‍ പിന്തുടരുക എന്നായിരിക്കും അവര്‍ പറയുക. പിശാച് ജ്വലിക്കുന്ന നരകശിക്ഷയിലേക്കാണ് അവരെ ക്ഷണിക്കുന്നതെങ്കില്‍ പോലും (അവരതിനെ പിന്തുടരുകയോ?)” (ലുക്മാന്‍: 21)

മനുഷ്യനും സത്യത്തിനും ഇടയില്‍ വരുന്ന വലിയ ഒരു മറയാണ് പൂര്‍വപിതാക്കളെ അന്ധമായി പിന്‍പറ്റുക എന്നത്. കാരണം തങ്ങളുടെ മതത്തെ അവരുടെ പിതാക്കളില്‍ നിന്നാണ് ചിന്തയോ ആലോചനയോ ഇല്ലാതെ അവര്‍ സ്വീകരിച്ചത്. നാട്ടില്‍ കാലങ്ങളായി നിലവിലുള്ള സമ്പ്രദായങ്ങളും അനന്തരമായി തങ്ങള്‍ക്ക് ലഭിച്ച വിശ്വാസ ആചാരങ്ങളും നബിമാര്‍ എതിര്‍ത്തു എന്നുള്ളതാണ് ഓരോ കാലഘട്ടത്തിലും പ്രവാചകന്മാര്‍ക്ക് എതിരായി പ്രവര്‍ത്തിക്കാന്‍ നിഷേധികളെ പ്രേരിപ്പിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തെറ്റാണ് എന്ന് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ അതിലേക്ക് ശ്രദ്ധകൊടുക്കാന്‍ പോലും അവര്‍ തയ്യാറുണ്ടായിരുന്നില്ല. മറിച്ച് തെറ്റുകള്‍ ബോധ്യപ്പെടുത്തിക്കൊടുക്കുന്നവരെ എതിര്‍ക്കുകയും തങ്ങളുടെ നാടിന്റെ വിശ്വാസാചാരങ്ങളെ ശക്തിപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു അവര്‍. 

”അല്ല, ഞങ്ങളുടെ പിതാക്കള്‍ ഒരു മാര്‍ഗത്തില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ കാല്‍പാടുകളില്‍ നേര്‍മാര്‍ഗം കണ്ടെത്തിയിരിക്കയാണ് എന്നാണ് അവര്‍ പറഞ്ഞത്. അതുപോലെത്തന്നെ നിനക്ക് മുമ്പ് ഏതൊരു രാജ്യത്ത് നാം താക്കീതുകാരനെ അയച്ചപ്പോഴും ഞങ്ങളുടെ പിതാക്കളെ ഒരു മാര്‍ഗത്തില്‍ നിലകൊള്ളുന്നവരായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു; തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ കാല്‍പാടുകളെ അനുഗമിക്കുന്നവരാകുന്നു എന്ന് അവിടെയുള്ള സുഖലോലുപന്‍മാര്‍ പറയാതിരുന്നിട്ടില്ല”(അസ്സുഖ്‌റുഫ്: 22,23). 

മുഹമ്മദ് നബിﷺയുടെ സത്യസന്ധത അബൂത്വാലിബ് മനസ്സിലാക്കിയിരുന്നു. മുഹമ്മദ് നബിﷺക്ക് വേണ്ടി അദ്ദേഹം പ്രതിരോധിക്കുകയും നബിയോട് സ്‌നേഹം കാണിക്കുകയും നന്മ ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. ശിര്‍ക്കില്‍ നിലകൊള്ളുന്നുവെങ്കിലും അബൂത്വാലിബിനെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും ഇഷ്ടമുള്ളത് പ്രവാചകനായിരുന്നു. ഇത് അല്ലാഹുവിന്റെ ഒരു പരീക്ഷണത്തിന്റെ ഭാഗം കൂടിയാണ്. പ്രകൃത്യായുള്ള ഒരു പ്രത്യേകമായ സ്‌നേഹമായിരുന്നു അബൂത്വാലിബിന് മുഹമ്മദ് നബിയോട് ഉണ്ടായിരുന്നത്. ഒരിക്കലും മതപരമായ മാര്‍ഗത്തിലുള്ള സ്‌നേഹം ആയിരുന്നില്ല അത്. അബൂത്വാലിബ് തന്റെ ജനതയുടെ പാരമ്പര്യ മതത്തില്‍ തന്നെ തുടര്‍ന്നു വന്നതും അല്ലാഹുവിന്റെ യുക്തിയുടെ ഒരു ഭാഗമായിരുന്നു. അബൂത്വാലിബ് ഇസ്‌ലാം സ്വീകരിച്ചിരുന്നുവെങ്കില്‍ അമുസ്ലിംകള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കോ കല്‍പനകള്‍ക്കോ ഒരു സ്ഥാനവും ഉണ്ടാകുമായിരുന്നില്ല. മാത്രവുമല്ല അവര്‍ അദ്ദേഹത്തെ ഭയപ്പെടുകയോ ആദരിക്കുകയോ ചെയ്യുമായിരുന്നില്ല. 

മുഹമ്മദ് നബിﷺ കൊണ്ടുവന്ന ആദര്‍ശം സത്യമാണ് എന്നത് മക്കയിലെ നിഷേധികളുടെ മനസ്സുകളില്‍ ഉണ്ടായിരുന്നു. പക്ഷേ, അവര്‍ തങ്ങളുടെ ഇച്ഛകള്‍ക്ക് മുന്‍ഗണന നല്‍കി. തങ്ങളുടെ പൂര്‍വ പിതാക്കളെ അന്ധമായി അനുകരിക്കുന്നതിന് അവര്‍ ആധികാരികത കല്‍പിച്ചു. നബിﷺയെ പിന്‍പറ്റുന്നതിനെ അവഗണിക്കുകയും ചെയ്തു. 

”(നബിയേ,) അവര്‍ പറയുന്നത് നിനക്ക് വ്യസനമുണ്ടാക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും നമുക്ക് അറിയാം. എന്നാല്‍ (യഥാര്‍ഥത്തില്‍) നിന്നെയല്ല അവര്‍ നിഷേധിച്ചു തള്ളുന്നത്. പ്രത്യുത, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെയാണ് ആ അക്രമികള്‍ നിഷേധിക്കുന്നത്” (അല്‍അന്‍ആം: 33).

മുഹമ്മദ് നബിﷺ തന്റെ പ്രബോധനത്തില്‍ ഉറച്ചുനില്‍ക്കുന്നതും തങ്ങളുടെ ആരാധനാ വസ്തുക്കളുടെ ന്യൂനതകള്‍ എടുത്തുപറയുന്നതും ക്വുറൈശികളിലെ സത്യനിഷേധികള്‍ കണ്ടു. അബൂത്വാലിബ് നബിﷺയുടെ കൂടെ നില്‍ക്കുകയും സഹായിക്കുകയും അദ്ദേഹത്തെ തങ്ങള്‍ക്ക് ഏല്‍പിച്ചു തരാതിരിക്കുകയും ചെയ്യുന്നത് അവരുടെ ദേഷ്യം വര്‍ധിക്കാന്‍ കാരണമായി. താമസിയാതെ ക്വുറൈശികളിലെ പ്രധാനികെളല്ലാവരും അബൂത്വാലിബിന്റെ അടുക്കലേക്ക് ചെല്ലുകയാണ്. ഉത്ബത്, ശൈബത്, അബൂസുഫ്‌യാന്‍, അബുല്‍ ബുഖ്തരി, അസ്വദ്ബ്‌നുല്‍ മുത്ത്വലിബ്, അബൂജഹല്‍, അംറുബ്‌നു ഹിഷാം, വലീദുബ്‌നു മുഗീറ, നബീഹ്, മുനബ്ബിഹ്, ആസ്വുബ്‌നു വാഇല്‍ തുടങ്ങിയവരായിരുന്നു ആ പ്രധാനികള്‍. അവര്‍ പറഞ്ഞു: ‘അല്ലയോ അബൂത്വാലിബ്! താങ്കളുടെ സഹോദരപുത്രന്‍ ഞങ്ങളുടെ ആരാധ്യവസ്തുക്കളെ അസഭ്യം പറയുന്നു. ഞങ്ങളുടെ മതത്തെ മോശമാക്കി പറയുന്നു. ഞങ്ങളുടെ ചിന്തകള്‍ ഭോഷത്തരമായി ചിത്രീകരിക്കുന്നു. ഞങ്ങളുടെ പിതാക്കന്മാര്‍ വഴിപിഴച്ചവരെന്നു പറയുന്നു. ഞങ്ങളില്‍നിന്നും മുഹമ്മദിനെ തടയണം. അല്ലെങ്കില്‍ താങ്കള്‍ ഞങ്ങള്‍ക്കിടയില്‍ നിന്ന് മാറിനില്‍ക്കണം. കാരണം മുഹമ്മദിന്റെ ആദര്‍ശത്തിന് എതിരില്‍ ഞങ്ങള്‍ എന്തൊരു നിലപാടിലാണ് ഉള്ളത് അതേ നിലപാടില്‍ തന്നെയാണ് താങ്കളും ഉള്ളത്. അതുകൊണ്ട് മുഹമ്മദിന്റെ കാര്യം നോക്കാന്‍ ഞങ്ങള്‍ മതിയായവരാണ്.’ 

അബൂത്വാലിബ് മാന്യമായ നിലയില്‍ നല്ല വാക്കുകള്‍ പറഞ്ഞുകൊണ്ട് അവരെ പിരിച്ചുവിട്ടു. അവരാകട്ടെ അബൂത്വാലിബിന്റെ മറുപടി പ്രതീക്ഷിച്ചുകൊണ്ട് പിരിഞ്ഞുപോവുകയും ചെയ്തു. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ”വലീദുബ്‌നു മുഗീറ നബിﷺയുടെ അടുക്കലേക്ക് വന്നു. നബിﷺ അദ്ദേഹത്തിന് ക്വുര്‍ആന്‍ ഓതിക്കേള്‍പിച്ചു. അതോടെ വലീദിന്റെ മനസ്സ് ഒന്ന് ലോലമായി. ഇത് അറിഞ്ഞപാടെ അബൂജഹല്‍ വലീദിനെ കാണാന്‍ ചെന്നു. എന്നിട്ട് പറഞ്ഞു: ‘അങ്ങയുടെ ജനത അങ്ങേക്കുവേണ്ടി സമ്പത്ത് ഒരുക്കൂട്ടുകയാണ്.’ വലീദ് ചോദിച്ചു: ‘എന്തിനാണത്?’ അബൂജഹല്‍ പറഞ്ഞു: ‘താങ്കള്‍ക്ക് നല്‍കുവാന്‍ വേണ്ടി. നിങ്ങള്‍ മുഹമ്മദിന്റെ അടുക്കലേക്ക് ചെന്ന വിവരം ഞങ്ങള്‍ അറിഞ്ഞിട്ടുണ്ട്.’ അപ്പോള്‍ വലീദ് പറഞ്ഞു: ‘അല്ലയോ അബൂജഹല്‍, ഞാന്‍ വലിയ ഒരു സമ്പന്നനാണ് എന്ന് ക്വുറൈശികള്‍ക്ക് അറിയാമല്ലോ.’ (എനിക്കു പണത്തിന് ആവശ്യം ഇല്ല എന്നര്‍ഥം) അപ്പോള്‍ അബൂജഹല്‍ പറഞ്ഞു: ‘എങ്കില്‍ മുഹമ്മദിനെ വെറുക്കുന്ന രൂപത്തില്‍ എന്തെങ്കിലും മുഹമ്മദിനെ കുറിച്ച് പറയൂ.’ അപ്പോള്‍ വലീദ് പറഞ്ഞു: ‘ഞാന്‍ എന്തു പറയാനാണ്? അല്ലാഹുവാണ് സത്യം! നിങ്ങളുടെ കൂട്ടത്തില്‍ എന്നെക്കാള്‍ കവിത അറിയാവുന്ന ആരും തന്നെയില്ല. കവിതകളുടെ ഈണങ്ങളും താളങ്ങളും എന്നെപ്പോലെ അറിയാവുന്ന മറ്റൊരാളും ഇവിടെ ഇല്ല. ജിന്നുകളുടെ കവിതകള്‍ പോലും അറിയുന്നവനാണ് ഞാന്‍. അല്ലാഹുവാണ് സത്യം! മുഹമ്മദില്‍ നിന്ന് ഞാന്‍ കേട്ടത് ഇതൊന്നുമല്ല. അല്ലാഹുവാണ് സത്യം! മുഹമ്മദില്‍ നിന്ന് ഞാന്‍ കേട്ട വാക്കുകള്‍ക്ക് ഒരു മാധുര്യമുണ്ട്. അതിലൊരു ഒഴുക്കുണ്ട്. അതിന്റെ മുകള്‍ഭാഗം ഫലം നിറഞ്ഞതാണ്. അതിന്റെ താഴ്ഭാഗം ശക്തമായ ഒഴുക്കുള്ളതാണ്. അത് ഉയര്‍ന്നുകൊണ്ടിരിക്കും. അതിന്റെ മുകളില്‍ മറ്റൊന്നും ഉയരുകയില്ല. അതിന്റെ താഴെയുള്ള എല്ലാറ്റിനെയും അത് തകര്‍ത്തുകളയും.’ 

ഇതെല്ലാം കേട്ടപ്പോള്‍ അബൂജഹല്‍ പറഞ്ഞു: ‘മുഹമ്മദിനെതിരെ എന്തെങ്കിലുമൊന്ന് പറയാതെ നിന്റെ ആളുകള്‍ നിന്റെ കാര്യത്തില്‍ ഒരിക്കലും തൃപ്തിപ്പെടുകയില്ല.’ 

അപ്പോള്‍ വലീദ് പറഞ്ഞു: ‘എങ്കില്‍ എന്നെ വിട്ടേക്കൂ. ഞാനൊന്നു ചിന്തിക്കട്ടെ.’ 

അല്‍പനേരം ചിന്തിച്ച ശേഷം വലീദ് പറഞ്ഞു: ‘ഇത് ഒരു സിഹ്‌റാണ്. ആരോ സിഹ്‌റ് ചെയ്ത സ്വാധീനമാണ്.’ 

ഈ വിഷയത്തിലാണ് വിശുദ്ധ ക്വുര്‍ആനിലെ ഈ വചനങ്ങള്‍ അവതരിച്ചത്:

”എന്നെയും ഞാന്‍ ഏകനായിക്കൊണ്ട് സൃഷ്ടിച്ച ഒരുത്തനെയും വിട്ടേക്കുക. അവന്ന് ഞാന്‍ സമൃദ്ധമായ സമ്പത്ത് ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. സന്നദ്ധരായി നില്‍ക്കുന്ന സന്തതികളെയും. അവന്നു ഞാന്‍ നല്ല സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു. പിന്നെയും ഞാന്‍ കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ മോഹിക്കുന്നു. അല്ല, തീര്‍ച്ചയായും അവന്‍ നമ്മുടെ ദൃഷ്ടാന്തങ്ങളോട് മാത്സര്യം കാണിക്കുന്നവനായിരിക്കുന്നു. പ്രയാസമുള്ള ഒരു കയറ്റം കയറാന്‍ നാം വഴിയെ അവനെ നിര്‍ബന്ധിക്കുന്നതാണ്. തീര്‍ച്ചയായും അവനൊന്നു ചിന്തിച്ചു, അവനൊന്നു കണക്കാക്കുകയും ചെയ്തു. അതിനാല്‍ അവന്‍ നശിക്കട്ടെ. എങ്ങനെയാണവന്‍ കണക്കാക്കിയത്? വീണ്ടും അവന്‍ നശിക്കട്ടെ, എങ്ങനെയാണവന്‍ കണക്കാക്കിയത്? പിന്നീട് അവനൊന്നു നോക്കി. പിന്നെ അവന്‍ മുഖം ചുളിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്തു. പിന്നെ അവന്‍ പിന്നോട്ട് മാറുകയും അഹങ്കാരം നടിക്കുകയും ചെയ്തു. എന്നിട്ടവന്‍ പറഞ്ഞു: ഇത് (ആരില്‍ നിന്നോ) ഉദ്ധരിക്കപ്പെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല. ഇത് മനുഷ്യന്റെ വാക്കല്ലാതെ മറ്റൊന്നുമല്ല” (അല്‍മുദ്ദസ്സിര്‍: 11-25).

നബിﷺ തന്റെ പ്രബോധന പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടേയിരുന്നു. അല്ലാഹുവിന്റെ ദീനിനെ ഉറക്കെ പ്രഖ്യാപിച്ചും അതിലേക്കു ക്ഷണിച്ചും അദ്ദേഹം മുന്നേറി. അങ്ങനെയിരിക്കെ ഹജ്ജിന്റെ സമയം വന്നു. ഹജ്ജിനു വരുന്നവര്‍ പ്രവാചകനെ കാണുമെന്നും പ്രവാചകന്റെ കാര്യങ്ങള്‍ അവര്‍ അറിയുമെന്നും ക്വുറൈശികള്‍ മനസ്സിലാക്കി. ‘മുഹമ്മദും ഹജ്ജിനു വരുന്നവരും തമ്മില്‍ കണ്ടു മുട്ടാതിരിക്കാന്‍ എന്തുണ്ട് മാര്‍ഗം’ എന്ന് അവര്‍ കൂടിയാലോചന നടത്തി. കാരണം മുഹമ്മദിന്റെ വാക്കുകള്‍ ഹജ്ജിനു വരുന്നവരില്‍ സ്വാധീനം ഉണ്ടാക്കും. ക്വുറൈശികളിലെ എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ് മുഹമ്മദ് സത്യസന്ധനും വിശ്വസ്തനുമാണ് എന്നുള്ളത്. അതുകൊണ്ടുതന്നെ മുഹമ്മദ് ഒരു സാഹിര്‍ (മാരണക്കാരന്‍) ആണ് എന്ന് പറയാം എന്ന വിഷയത്തില്‍ അവര്‍ എല്ലാവരും യോജിച്ചു. 

ക്വുറൈശി നേതാക്കള്‍ ഈ അഭിപ്രായത്തില്‍ യോജിച്ചതിനുശേഷം അത് നടപ്പിലാക്കുവാന്‍ വേണ്ടി ഇറങ്ങിത്തിരിച്ചു. ഹജ്ജിനു വേണ്ടി ആളുകള്‍ വരുന്ന വഴികളില്‍ അവര്‍ ഇരുന്നു. ആരെ കണ്ടാലും അവര്‍ പറയും: ‘മുഹമ്മദിനെ സൂക്ഷിക്കണം. മുഹമ്മദ് എന്ന് പറയുന്ന വ്യക്തി ഇവിടെയുണ്ട്.’ മുഹമ്മദ് നബിﷺയില്‍ നിന്നും ആളുകളെ അകറ്റിക്കളയാനുള്ള ശ്രമമായിരുന്നു അത്. അബൂലഹബ് ആയിരുന്നു ഇതിന്റെ മുന്നിലുണ്ടായിരുന്നത്. ഉക്കാദ ചന്തയിലും ദുല്‍മിജന്നയിലും ആളുകളെ പിന്തുടര്‍ന്നുകൊണ്ട് നബിﷺ ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന ആദര്‍ശത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുമായിരുന്നു. അല്ലാഹുവിങ്കല്‍ നിന്നും നിയോഗിക്കപ്പെട്ട പ്രവാചകനാണ് ഞാന്‍ എന്ന് ജനങ്ങളോട് പറയുമായിരുന്നു. 

അബൂലഹബ് പ്രവാചകനെ പിന്തുടര്‍ന്നുകൊണ്ട് പറയും: ‘അല്ലയോ ജനങ്ങളേ, മുഹമ്മദിനെ അനുസരിക്കരുത്. മുഹമ്മദ് പറയുന്നത് കേള്‍ക്കരുത്. അവന്‍ മതം മാറിയവനാണ്. അവന്‍ നുണയനാണ്.’ 

ഹജ്ജ് കഴിഞ്ഞ് ജനങ്ങള്‍ തിരിച്ചുപോയതോടുകൂടി അറേബ്യന്‍ രാജ്യത്ത് മുഴുവന്‍ പ്രവാചന്‍ﷺ സംസാരവിഷയമായി. അറബികള്‍ മുഴുവന്‍ മുഹമ്മദിനെതിരെ പടനയിക്കുമോ എന്ന പേടിയും അബൂത്വാലിബിന് ഉണ്ടായി. അബൂതാലിബിന്റെ സുദീര്‍ഘമായ കവിതകള്‍ ഈ വിഷയത്തിലുണ്ട്.

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 09

നബി ചരിത്രം – 09: പരസ്യപ്രബോധനം

പരസ്യപ്രബോധനം

സത്യം തുറന്നു പ്രഖ്യാപിക്കുവാന്‍ അല്ലാഹു നബിﷺയോട് കല്‍പിച്ചു. എന്തൊരു ലക്ഷ്യത്തിനുവേണ്ടിയാണോ നിയോഗിക്കപ്പെട്ടിട്ടുള്ളത് അത് ജനങ്ങള്‍ക്ക് മുമ്പില്‍ വിളിച്ചു പറയുവാനുള്ള അല്ലാഹുവിന്റെ കല്‍പന. മൂന്നുവര്‍ഷത്തോളം രഹസ്യമായി പ്രബോധനം നിര്‍വഹിച്ചതിനു ശേഷമായിരുന്നു അല്ലാഹുവിന്റെ ഈ കല്‍പന. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് അല്ലാഹു ഇറക്കിയ വചനങ്ങള്‍ കാണുക:

”നിന്റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുക. നിന്നെ പിന്തുടര്‍ന്ന സത്യവിശ്വാസികള്‍ക്ക് നിന്റെ ചിറക് താഴ്ത്തികൊടുക്കുകയും ചെയ്യുക. ഇനി അവര്‍ നിന്നെ അനുസരിക്കാതിരിക്കുന്ന പക്ഷം, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനൊന്നും ഞാന്‍ ഉത്തരവാദിയല്ലെന്ന് നീ പറഞ്ഞേക്കുക” (അശ്ശുഅറാഅ്: 214-216). 

ശേഷം അല്ലാഹു ഈ വചനങ്ങള്‍ അവതരിപ്പിച്ചു: ”അതിനാല്‍ നീ കല്‍പിക്കപ്പെടുന്നതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ച് കൊള്ളുക. ബഹുദൈവവാദികളില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക. പരിഹാസക്കാരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ തീര്‍ച്ചയായും നാം മതിയായിരിക്കുന്നു” (അല്‍ഹിജ്ര്‍: 94,95).

ഇതോടെ അല്ലാഹുവിന്റെ കല്‍പന നടപ്പിലാക്കുവാന്‍ നബിﷺ ആരംഭിച്ചു. തന്റെ കുടുംബക്കാരെയും അടുത്തവരായ ആളുകളെയും ഒരുമിച്ച് കൂട്ടലായിരുന്നു നബിﷺ ആദ്യം ചെയ്ത പ്രവര്‍ത്തനം. ഏതാണ്ട് നാനൂറോ അതില്‍ കൂടുതലോ ആളുകള്‍ ഒരുമിച്ചുകൂടുകയുണ്ടായി. അവരെ അല്ലാഹുവിലേക്ക് ക്ഷണിച്ചു. അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പും അവര്‍ക്ക് നല്‍കി. 

അബൂഹുറയ്‌റ(റ)യില്‍ നിന്നും നിവേദനം: അദ്ദേഹം പറയുന്നു: ”സൂറതുശ്ശുഅറാഇലെ 214ാമത്തെ വചനം അവതരിച്ചപ്പോള്‍ നബിﷺ ക്വുറൈശികളെ ക്ഷണിച്ചു. അവരെ ഒരുമിച്ചുകൂട്ടി. പ്രത്യേകമായും പൊതുവായും നബിﷺ അവരെ ക്ഷണിച്ചു: 

”അല്ലയോ കഅ്ബ് ഗോത്രമേ, നിങ്ങളുടെ ശരീരങ്ങളെ നരകത്തില്‍ നിന്നും കാത്തുകൊള്ളുക. അല്ലയോ മുര്‍റതുബ്‌നു കഅ്ബിന്റ മക്കളേ, നിങ്ങളുടെ ശരീരങ്ങളെ നരകത്തില്‍ നിന്നും കാത്തുകൊള്ളുക. അല്ലയോ അബ്ദുശ്ശംസിന്റെ മക്കളേ, നിങ്ങളുടെ ശരീരങ്ങളെ നരകത്തില്‍ നിന്നും നിങ്ങള്‍ കാത്തുകൊള്ളുക. അല്ലയോ ഹാശിമിന്റെ മക്കളേ, നിങ്ങളുടെ ശരീരത്തെ നരകത്തില്‍ നിന്നും നിങ്ങള്‍ കാത്തുകൊള്ളുക. അല്ലയോ അബ്ദുല്‍ മുത്ത്വലിബിന്റെ മക്കളേ, നിങ്ങളുടെ ശരീരങ്ങളെ നരകത്തില്‍ നിന്നും നിങ്ങള്‍ കാത്തുകൊള്ളുക. ഫാത്തിമാ, നിന്റെ ശരീരത്തെ നരകത്തില്‍ നിന്ന് നീ കാത്തുകൊള്ളുക. നിങ്ങളുടെ കാര്യത്തില്‍ അല്ലാഹുവിന്റെ മുമ്പില്‍ ഒന്നും തന്നെ ഞാന്‍ ഉടമപ്പെടുത്തുന്നില്ല. എന്നാല്‍ ഞാനും നിങ്ങളും തമ്മില്‍ കുടുംബ ബന്ധമുണ്ട്. അതു ഞാന്‍ പുലര്‍ത്തുന്നതുമാണ്” (ബുഖാരി: 4771. മുസ്‌ലിം: 204).

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ”അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുക എന്ന ആയത്ത് അവതരിച്ചപ്പോള്‍ നബിﷺ സ്വഫയുടെ മുകളില്‍ കയറി ഇപ്രകാരം വിളിച്ചു പറഞ്ഞു: ‘അപകടം നിറഞ്ഞ പ്രഭാതമേ!’ അപ്പോള്‍ മക്കക്കാര്‍ ചോദിച്ചു: ‘ആരാണിത്?’ അങ്ങനെ അവരെല്ലാവരും ഒരുമിച്ചുകൂടി. അപ്പോള്‍ നബിﷺ ചോദിച്ചു: ‘ഈ മലയുടെ പുറകില്‍ നിന്നും ഒരു സൈന്യം നിങ്ങളെ ആക്രമിക്കാന്‍ വരുന്നു എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ എന്നെ വിശ്വസിക്കുമോ?’ അവര്‍ പറഞ്ഞു: ‘താങ്കളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് കളവ് പരിചയമില്ല.’ അപ്പോള്‍ നബിﷺ പറഞ്ഞു: ‘എങ്കില്‍ കഠിനമായ ഒരു ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പുകാരനാകുന്നു ഞാന്‍.’ ഈ സന്ദര്‍ഭത്തില്‍ അബൂലഹബ് പറഞ്ഞു: ‘നിനക്ക് നാശം! ഇതിനു വേണ്ടിയാണോ നീ ഞങ്ങളെ ഒരുമിച്ച് കൂട്ടിയത്?’ എന്നിട്ട് അയാള്‍ എഴുന്നേറ്റു പോയി. അപ്പോള്‍ അല്ലാഹു ഇപ്രകാരം അവതരിപ്പിച്ചു: ‘അബൂലഹബിന്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു. അവന്റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവന് ഉപകാരപ്പെട്ടില്ല. തീജ്വാലകളുള്ള നരകാഗ്‌നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്. വിറകുചുമട്ടുകാരിയായ അവന്റെ ഭാര്യയും. അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും'(സൂറത്തുല്ലഹബ്)” (ബുഖാരി 4971, മുസ്‌ലിം 208)

ഇതിനുശേഷം നബിﷺ തന്റെ കുടുംബക്കാരെയും ബന്ധുക്കളെയും ഒരുതവണ കൂടി ഒരുമിച്ചുകൂട്ടി. അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തു. അങ്ങനെ അവര്‍ കുടിക്കുകയും തിന്നുകയും ചെയ്തു. ശേഷം അവരോടായി പ്രസംഗിക്കുകയും അവരെ ദീനിലേക്ക് ക്ഷണിക്കുകയും ചെയ്തു. തന്റെ പിതൃവ്യനായ അബൂത്വാലിബ് തന്നെ സംരക്ഷിക്കും എന്ന കാര്യം നബിﷺക്ക് ഉറപ്പായപ്പോള്‍ അല്ലാഹുവിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനുള്ള പുതിയ മാര്‍ഗത്തെക്കുറിച്ച് ആലോചിച്ചു. ഒരു ദിവസം നബിﷺ സ്വഫാ കുന്നില്‍ കയറി തന്റെ ജനതയെ അല്ലാഹുവിലേക്ക് ക്ഷണിച്ചു. തന്റെ കുടുംബത്തെയാണ് ആദ്യം ക്ഷണിച്ചത്. അദ്ദേഹം സര്‍വ മനുഷ്യരിലേക്കും നിയോഗിക്കപ്പെട്ട നബിയാണെങ്കിലും ആദ്യമായി തന്റെ കുടുംബത്തെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയാണ്. ഒരു പ്രബോധകന്റെ ഉത്തരവാദിത്തവും പ്രബോധനത്തിലെ മുന്‍ഗണനാക്രമവും നബിﷺയിലൂടെ അല്ലാഹു പഠിപ്പിക്കുകയാണ്. സ്വന്തം കുടുംബത്തെയും അടുത്തവരെയുമാണ് ഒരു പ്രബോധകന്‍ ആദ്യമായി ക്ഷണിക്കേണ്ടത്. നബിﷺയുടെ പ്രബോധനത്തിന്റെ ഒന്നാമത്തെ ഘട്ടത്തില്‍ തന്നെ അബൂലഹബ് കാണിച്ച ശത്രുതയിലൂടെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്; പ്രബോധനം എന്നു പറയുന്നത് കുടുംബത്തിന്റെയോ വള്‍ഗത്തിന്റെയോ പേരിലുള്ള ക്ഷണമല്ല. നേരെമറിച്ച് അല്ലാഹുവിന്റെ മതത്തെ അല്ലാഹുവും റസൂലും പഠിപ്പിച്ച രൂപത്തില്‍ മാനവരിലേക്ക് എത്തിച്ചുകൊടുക്കുക എന്ന മഹത്തായ ദൗത്യനിര്‍വഹണമാണത്. അല്ലാഹു പറയുന്നു: 

”പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്റെ (ദൂതന്‍). അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍ നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കാം” (അല്‍അഅ്‌റാഫ്: 158). 

ക്വുറൈശികളായ സത്യനിഷേധികളെ ഇസ്‌ലാമിലേക്ക് നബിﷺ ക്ഷണിച്ചുകൊണ്ടിരുന്നു. അവരുടെ സന്മാര്‍ഗത്തിനു വേണ്ടി നിരന്തരം പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. അല്ലാഹുവാണ് നബിﷺയെ സംരക്ഷിക്കുന്നവനും സഹായിക്കുന്നവനും. പരിഹസിക്കുന്നവരില്‍ നിന്നും ശത്രുക്കളില്‍ നിന്നും തന്റെ സഹായവും സംരക്ഷണവും ഉണ്ടായിക്കൊണ്ടിരിക്കും എന്നുള്ള സമാധാനത്തിന്റെ വാക്കുകളും അല്ലാഹു നബിﷺയെ കേള്‍പ്പിച്ചു കൊണ്ടിരുന്നു. 

”അതിനാല്‍ നീ കല്‍പിക്കപ്പെടുന്നതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ച് കൊള്ളുക. ബഹുദൈവവാദികളില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക. പരിഹാസക്കാരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ തീര്‍ച്ചയായും നാം മതിയായിരിക്കുന്നു” (അല്‍ഹിജ്ര്‍: 94,95). 

ഞാന്‍ പ്രബോധനം ചെയ്യുന്നത് അല്ലാഹു നല്‍കിയിട്ടുള്ള യാഥാര്‍ഥ്യമാണ് എന്ന് ഉറപ്പുള്ളതിനാലും തന്റെ സമൂഹത്തോടുള്ള ശക്തമായ സ്‌നേഹത്താലും ആ സമൂഹം ഈ പരിശുദ്ധ ദീനിനോട് എതിര്‍പ്പ് കാണിച്ചപ്പോള്‍ നബിയുടെ മനസ്സ് വല്ലാതെ പ്രയാസപ്പെട്ടു പോയി. ഈ സന്ദര്‍ഭത്തില്‍ അല്ലാഹു പ്രവാചകനോട് പറഞ്ഞു: 

”അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് നിമിത്തം നിനക്ക് മനഃപ്രയാസം അനുഭവപ്പെടുന്നുണ്ട് എന്ന് തീര്‍ച്ചയായും നാം അറിയുന്നുണ്ട്. ആകയാല്‍ നിന്റെ രക്ഷിതാവിനെ സ്തുതിച്ചുകൊണ്ട് നീ സ്‌തോത്രകീര്‍ത്തനം നടത്തുകയും, നീ സുജൂദ് ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക. ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നത് വരെ നീ നിന്റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക” (അല്‍ഹിജ്ര്‍: 97-99). 

സമൂഹത്തില്‍ വലിയ സ്ഥാനമുള്ള ആളായിരുന്നു നബിﷺ. വിശ്വാസ്യതയിലും സത്യസന്ധതയിലും അവിടുന്ന് പ്രസിദ്ധനായിരുന്നു. ഉത്തമ സ്വഭാവഗുണങ്ങളാല്‍ എല്ലാവരും നബിﷺയെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ, പ്രബോധനം പരസ്യമാക്കിയപ്പോള്‍ മക്കക്കാര്‍ക്ക് ഇഷ്ടമല്ലാത്തതാണ് നബിയില്‍ നിന്നും മക്കക്കാര്‍ക്ക് കേള്‍ക്കേണ്ടി വന്നത്. അടുത്ത ബന്ധമുള്ള ആളുകള്‍പോലും പ്രവാചകനെ കയ്യൊഴിയുന്ന അവസ്ഥയുണ്ടായി. അല്ലാഹുവിന്റെ സന്ദേശം ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്ന വിഷയത്തിലായതിനാല്‍ ഇതെല്ലാം അദ്ദേഹത്തിന് നിസ്സാരമായിരുന്നു. ഈ ദൗത്യം തന്നെ ഏല്‍പിച്ച അല്ലാഹു തന്റെ കൂടെയുണ്ട് എന്നും സന്ദേശം ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കേണ്ട ബാധ്യത മാത്രമെ തനിക്ക് ഉള്ളൂവെന്നും ആ വിഷയത്തില്‍ താന്‍ അങ്ങേയറ്റം ക്ഷമിക്കേണ്ടവനാണ് എന്നും നബിﷺ കൃത്യമായി മനസ്സിലാക്കി. അല്ലാഹു പറയുന്നു:

”നീ ക്ഷമിക്കുക. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മാത്രമാണ് നിനക്ക് ക്ഷമിക്കാന്‍ കഴിയുന്നത്.അവരുടെ (സത്യനിഷേധികളുടെ) പേരില്‍ നീ വ്യസനിക്കരുത്. അവര്‍ കുതന്ത്രം പ്രയോഗിക്കുന്നതിനെപ്പറ്റി നീ മനഃക്ലേശത്തിലാവുകയും അരുത്. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിച്ചവരോടൊപ്പമാകുന്നു; സദ്‌വൃത്തരായിട്ടുള്ളവരോടൊപ്പവും” (അന്നഹ്ല്‍: 127,128).

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 08

നബി ചരിത്രം – 08: രഹസ്യപ്രബോധനം തുടങ്ങുന്നു

രഹസ്യപ്രബോധനം തുടങ്ങുന്നു

അല്ലാഹുവില്‍നിന്ന് നബിﷺക്ക് വഹ്‌യ് (ദിവ്യബോധനം) ലഭിച്ചിരുന്നത് വ്യത്യസ്ത രൂപങ്ങളില്‍ ആയിരുന്നു:

1) സത്യസന്ധമായ സ്വപ്‌നങ്ങള്‍. 

2) നബിﷺ മലക്കിനെ കാണാതെ തന്നെ നബിയുടെ ഹൃദയത്തിലേക്ക് ഇട്ടു കൊടുക്കുന്ന രീതി.

3) മലക്ക് എന്ന മധ്യവര്‍ത്തി ഇല്ലാതെ അല്ലാഹു സംസാരിക്കുന്ന രീതി. മറയുടെ പിന്നില്‍ നിന്നുകൊണ്ട് മൂസാ നബഅ)യോട് അല്ലാഹു സംസാരിച്ച രീതി പോലെയായിരുന്നു ഇത്. 

4) മനുഷ്യന്റെ രൂപത്തില്‍ മലക്ക് പ്രത്യക്ഷപ്പെടുകയും എന്നിട്ട് നബിയോട് സംസാരിക്കുകയും നബി മലക്കില്‍ നിന്ന് ശ്രദ്ധിച്ച് കേള്‍ക്കുകയും ചെയ്യുന്ന രീതി. ഇത്തരം സന്ദര്‍ഭങ്ങളില്‍ സഹാബികളും മലക്കിനെ മനുഷ്യരൂപത്തില്‍ കണ്ടിട്ടുണ്ട്. ദഹിയ്യത്തുല്‍ കല്‍ബിയുടെ രൂപത്തില്‍ ജിബ്‌രീല്‍ വന്നത് ഇതിന് ഉദാഹരണമാണ്.

5) മലക്കിനെ അല്ലാഹു സൃഷ്ടിച്ച അതേ രൂപത്തില്‍ കാണുന്ന രീതി. അങ്ങനെയും അല്ലാഹു വഹ്‌യ് നല്‍കിയിട്ടുണ്ട്. ഇത് രണ്ടുതവണയാണ് സംഭവിച്ചത്. അല്ലാഹു വഹ്‌യ് നല്‍കുന്ന രീതികളെ സംബന്ധിച്ച് ക്വുര്‍ആനില്‍ ഇപ്രകാരം കാണാം: 

”(നേരിട്ടുള്ള) ഒരു ബോധനം എന്ന നിലയിലോ ഒരു മറയുടെ പിന്നില്‍ നിന്നായിക്കൊണ്ടോ, ഒരു ദൂതനെ അയച്ച് അല്ലാഹുവിന്റെ അനുവാദപ്രകാരം അവന്‍ ഉദ്ദേശിക്കുന്നത് അദ്ദേഹം (ദൂതന്‍) ബോധനം നല്‍കുക എന്ന നിലയിലോ അല്ലാതെ അല്ലാഹു തന്നോട് സംസാരിക്കുക എന്ന കാര്യം യാതൊരു മനുഷ്യന്നും ഉണ്ടാവുകയില്ല. തീര്‍ച്ചയായും അവന്‍ ഉന്നതനും യുക്തിമാനുമാകുന്നു” (ശൂറാ:51). 

ആഇശ(റ)യില്‍ നിന്നും നിവേദനം. ഹാരിസുബ്‌നു ഹിശാം നബിയോട് ചോദിച്ചു: ”അല്ലാഹുവിന്റെ പ്രവാചകരേ, എങ്ങനെയാണ് താങ്കള്‍ക്ക് വഹ്‌യ് വരുന്നത്?” അപ്പോള്‍ നബിﷺ പറഞ്ഞു: ”ചിലപ്പോള്‍ മണിനാദം പോലെയായിരിക്കും. അതാണ് എന്നെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രയാസകരമായിട്ടുള്ളത്. ആ സന്ദര്‍ഭത്തില്‍ എന്നില്‍നിന്നും വിയര്‍പ്പുകള്‍ പൊടിയും. അപ്പോഴേക്കും മലക്ക് പറയുന്ന കാര്യങ്ങള്‍ ഞാന്‍ ഹൃദിസ്ഥമാക്കിയിട്ടുണ്ടാകും. ചിലപ്പോള്‍ മലക്ക് മനുഷ്യരൂപത്തില്‍ വരികയും എന്നോട് സംസാരിക്കുകയും ചെയ്യും. അപ്പോള്‍ കാര്യങ്ങള്‍ ഞാന്‍ ഹൃദിസ്ഥമാക്കും. ആഇശ(റ) പറയുന്നു: ”അതിശക്തമായ തണുപ്പുള്ള ദിവസവും വഹ്‌യ് ഇറങ്ങുമ്പോള്‍ നബിﷺ വിയര്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പ്രവാചകന്റെ നെറ്റിത്തടങ്ങളിലും വിയര്‍പ്പ് കാണാമായിരുന്നു”(ബുഖാരി: 2, മുസ്‌ലിം: 2333).

അല്ലാഹു വഹ്‌യ് നല്‍കുന്ന ക്വുര്‍ആനിക വചനങ്ങള്‍ മറന്നു പോകുമോ എന്ന പേടി നബിﷺക്ക് ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ധൃതി പിടിച്ചു കൊണ്ട്, വഹ്‌യായി നല്‍കപ്പെടുന്ന വചനങ്ങള്‍ ധൃതിപ്പെട്ട് ഓതാന്‍ നബി തന്റെ ചുണ്ടുകള്‍ ചലിപ്പിക്കാറുണ്ടായിരുന്നു. ആ സന്ദര്‍ഭത്തിലാണ് ഓതപ്പെടുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുവാനും ജിബ്‌രീല്‍ ഓതുന്നതിലേക്ക് ശ്രദ്ധിക്കുവാനും അല്ലാഹു കല്‍പിച്ചത്.

”നീ അത് (ക്വുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട് നിന്റെ നാവ് ചലിപ്പിക്കേണ്ട. തീര്‍ച്ചയായും അതിന്റെ (ക്വുര്‍ആന്റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക. പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു” (അല്‍ക്വിയാമ: 16-19).

പ്രവാചക ജീവിതത്തിലെ പ്രബോധന ഘട്ടങ്ങള്‍

അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കാനുള്ള അല്ലാഹുവിന്റെ കല്‍പന ലഭിച്ച നിമിഷം മുതല്‍ നബിﷺ ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും മറ്റുള്ളവയെല്ലാം വര്‍ജിക്കണമെന്നുമുള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ തുടങ്ങി. രണ്ട് ഘട്ടങ്ങളായിട്ടാണ് പ്രവാചകന്റെ പ്രബോധനം ഉണ്ടായിരുന്നത്. മക്കാ കാലഘട്ടവും മദീന കാലഘട്ടവുമാണ് അവ. മക്കയില്‍ 13 വര്‍ഷവും മദീനയില്‍ 10 വര്‍ഷവുമാണ് നബിﷺ പ്രബോധനവുമായി മുന്നോട്ടുപോയത്. മക്കാ കാലഘട്ടം പരിശോധിച്ചാല്‍ പ്രവാചകന്റെ പ്രബോധനം രണ്ട് രൂപത്തിലായിരുന്നു എന്ന് കാണാം. അതിലൊന്ന് രഹസ്യ പ്രബോധനവും രണ്ടാമത്തേത് പരസ്യപ്രബോധനവുമാണ്. രഹസ്യ പ്രബോധനം മൂന്നുവര്‍ഷവും ശേഷമുള്ള കാലം പരസ്യപ്രബോധനവും ആയിരുന്നു. പ്രവാചകത്വത്തിന്റെ നാലാം വര്‍ഷം മുതല്‍ മദീനയിലേക്ക് ഹിജ്‌റ പോകുന്നതു വരെ ഇത് തുടര്‍ന്നു.

രഹസ്യ പ്രബോധനം

ഇസ്‌ലാമിന്റെ സന്ദേശങ്ങള്‍ എത്തിക്കുവാനുള്ള അല്ലാഹുവിന്റെ കല്‍പനയ്ക്ക് നബിﷺ ഉത്തരം നല്‍കി: ”ഹേ, പുതച്ചു മൂടിയവനേ, എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക. നിന്റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും നിന്റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും പാപം വെടിയുകയും ചെയ്യുക. കൂടുതല്‍ നേട്ടം കൊതിച്ചു കൊണ്ട് നീ ഔദാര്യം ചെയ്യരുത്. നിന്റെ രക്ഷിതാവിനു വേണ്ടി നീ ക്ഷമ കൈക്കൊള്ളുക.” (മുദ്ദസിര്‍:1-7).

ഈ കല്‍പന ലഭിച്ചതോടെ നബിﷺ തന്റെ വിരിപ്പില്‍ നിന്നും എഴുന്നേറ്റു. മൂന്നുവര്‍ഷത്തോളം രഹസ്യമായി അല്ലാഹുവിലേക്ക് ക്ഷണിച്ചു തുടങ്ങി. ആദ്യമായി അല്ലാഹുവിലേക്കാണ് ക്ഷണിച്ചത്. ശിര്‍ക്കിന്റെ (ബഹുദൈവാരാധനയുടെ) എല്ലാതരം പ്രകട രൂപങ്ങളെയും നബിﷺ പിഴുതെറിയാന്‍ ശ്രമിച്ചു. അത്യുത്തമ സ്വഭാവങ്ങളിലേക്കും ആ കാലഘട്ടത്തില്‍ അദ്ദേഹം ജനങ്ങളെ ക്ഷണിച്ചു. 

മക്കക്കാര്‍ എതിരിടാന്‍ വരാതിരിക്കാന്‍ വേണ്ടിയായിരുന്നു രഹസ്യമായി പ്രബോധനം തുടങ്ങിയത്. അത്‌കൊണ്ടുതന്നെ തന്റെ ഏറ്റവുമടുത്ത ആളുകളിലേക്കും തന്റെ അടുത്ത കുടുംബത്തിലേക്കും സുഹൃത്തുക്കളിലേക്കും ആദ്യമായി പ്രബോധനവുമായി കടന്നുചെന്നു. സത്യത്തോട് താല്‍പര്യം കാണിക്കുകയും സത്യത്തെ സ്‌നേഹിക്കുകയും ചെയ്യുന്ന ആളുകളെയായിരുന്നു നബിﷺ ഈ ഘട്ടത്തില്‍പരിഗണിച്ചിരുന്നത്. നന്മയുടെയും സത്യസന്ധതയുടെയും വിഷയത്തില്‍ അറിയപ്പെട്ടിരുന്ന ചില ആളുകള്‍ മക്കയിലും ഉണ്ടായിരുന്നു. നബിയുടെ ക്ഷണത്തിന്റെ ഭാഗമായി ഏതാനും ചിലയാളുകള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നു. അവരുടെ മുന്‍പന്തിയിലുണ്ടായിരുന്ന ആളുകളെ ക്രമപ്രകാരം നമുക്കൊന്ന് പരിചയപ്പെടാം:

1 ഖുവൈലിദിന്റെ മകള്‍ ഖദീജ. നബിﷺയുടെ ഭാര്യയാണ് അവര്‍. സ്ത്രീകളില്‍ നിന്നും ആദ്യമായി വിശ്വസിച്ചതും പൊതുവെ ആളുകളില്‍ നിന്ന് ആദ്യമായി വിശ്വസിച്ചതും ഖദീജ തന്നെയായിരുന്നു. 

2) വറഖതുബ്‌നു നൗഫല്‍. അദ്ദേഹം നേരത്തെ തന്നെ മരണപ്പെട്ടു പോയി. 

3) അബൂത്വാലിബിന്റെ മകന്‍ അലി(റ). നബിയുടെ പിതൃവ്യപുത്രന്‍ കൂടിയായിരുന്നു അദ്ദേഹം.  മുസ്‌ലിമാകുമ്പോള്‍ അദ്ദേഹത്തിന് പത്തു വയസ്സായിരുന്നു. കുട്ടികളില്‍ നിന്ന് ആദ്യമായി ഇസ്ലാം സ്വീകരിച്ചതും അദ്ദേഹമാണ്. നബിﷺയുടെ കൂടെയായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. 

4) നബിﷺയുടെ ഭൃത്യനായിരുന്ന സൈദ്ബ്‌നു ഹാരിസതുല്‍ കല്‍ബി. അടിമകളില്‍ നിന്ന് ആദ്യമായി മുസ്‌ലിമാകുന്നത് ഇദ്ദേഹമാണ്. 

5) ഇതിനുശേഷം നബിﷺയുടെ മക്കളായ റുഖിയ്യ(റ), സൈനബ്(റ), ഉമ്മുകുല്‍സും(റ), ഫാത്വിമ(റ) എന്നിവര്‍ ഇസ്‌ലാം സ്വീകരിച്ചു.

പ്രവാചക കുടുംബത്തിന്റെ പുറത്തു നിന്നും ആദ്യമായി ഇസ്‌ലാം സ്വീകരിച്ചത് അബൂബക്ര്‍(റ) ആയിരുന്നു. പ്രായപൂര്‍ത്തി എത്തിയിട്ടുള്ള സ്വതന്ത്രരില്‍ നിന്നും ആദ്യമായി ഇസ്‌ലാം സ്വീകരിച്ച വ്യക്തികൂടിയാണ് അദ്ദേഹം. പ്രവാചകനെക്കാള്‍ രണ്ടര വയസ്സ് കുറവായിരുന്നു അദ്ദേഹത്തിന്. ജനങ്ങളില്‍ ഏറ്റവും ഇഷ്ടം ലഭിച്ച വ്യക്തിയായിരുന്നു അബൂബക്ര്‍(റ). അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ അത് പരസ്യപ്പെടുത്തി. അല്ലാഹുവിലേക്കും റസൂലിലേക്കും ജനങ്ങളെ ക്ഷണിക്കാന്‍ തുടങ്ങി. മാന്യനായ അദ്ദേഹം ജനങ്ങളോട് ബന്ധംപുലര്‍ത്തുന്ന, ജനങ്ങളുടെ സ്‌നേഹം പിടിച്ചു പറ്റിയ കച്ചവടക്കാരനായ ഒരു വ്യക്തി കൂടിയായിരുന്നു. നല്ല സ്വഭാവത്തിന്റെയും ഉല്‍കൃഷ്ട ജീവിതരീതിയുടെയും ഉടമയായിരുന്നു അദ്ദേഹം. അബൂബക്‌റിന്റെ നല്ല സഹവര്‍ത്തിത്വം കാരണവും അദ്ദേഹത്തിന്റെ ഔദാര്യത കാരണവും പലപ്പോഴും അദ്ദേഹത്തിന്റെ ഗോത്രക്കാര്‍ അദ്ദേഹത്തെ സമീപിക്കാറുണ്ടായിരുന്നു. 

തനിക്ക് വിശ്വാസമുള്ള, തന്റെയടുക്കല്‍ വന്നിരിക്കുന്ന ആളുകളെയെല്ലാം അദ്ദേഹം ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. താന്‍ ആരെയൊക്കെ കാണാന്‍ പോകുന്നുവോ അവരെയും ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. നബിﷺക്ക് ശേഷം അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ആദ്യമായി ജനങ്ങളെ ക്ഷണിച്ച വ്യക്തി എന്ന പദവി കൂടി അബൂബക്‌റിനുണ്ട്. സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട 10 ആളുകളില്‍ 5 ആളുകളും അദ്ദേഹത്തിലൂടെ ഇസ്‌ലാമിലേക്ക് കടന്നുവന്നവരാണ്. ഉഥ്മാനുബ്‌നു അഫ്ഫാന്‍(റ), സുബൈറു ബ്‌നുല്‍ അവ്വാം(റ), അബ്ദുറഹ്മാനുബ്‌നു ഔഫ്(റ), സഅദുബ്‌നു അബീവക്വാസ്(റ), ത്വല്‍ഹത് ബിന്‍ ഉബൈദില്ല(റ) തുടങ്ങിയവരായിരുന്നു അവര്‍. ഇസ്‌ലാമിക കുടുംബത്തിലേക്ക് ആദ്യമായി കടന്നുവന്ന സംഘം ആയിരുന്നു ഇവര്‍. അബൂബക്ര്‍(റ) ഇവരെ നബിﷺയുടെ അടുക്കലേക്ക് കൊണ്ടുവരികയും അദ്ദേഹത്തിനു മുമ്പില്‍ വച്ച് അവര്‍ ഇസ്ലാം സ്വീകരിക്കുകയും ഇസ്‌ലാമിക സൈന്യത്തിലെ അംഗങ്ങളായി മാറുകയും ചെയ്തു. ഖദീജ(റ)യും അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കുള്ള ക്ഷണവുമായി പുറപ്പെട്ടു. മക്കളെയും കൂട്ടുകാരികളെയും ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. അവരില്‍ പലരും ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. 

ഈ ആളുകള്‍ക്കു ശേഷം ഇസ്‌ലാമിലേക്ക് കടന്നുവന്ന പ്രധാനികളായ വ്യക്തികളുടെ പേരുകള്‍ നമുക്ക് താഴെ വായിക്കാം: അബൂഉബൈദതുബ്‌നുല്‍ ജര്‍റാഹ്(റ), അബൂസലമതുബ്‌നു അബ്ദുല്‍ അസദ്(റ), അര്‍ഖമുബ്‌നു അബുല്‍ അര്‍ഖം(റ), ഉഥ്മാനുബിനു മള്ഊന്‍(റ), അദ്ദേഹത്തിന്റെ 2 സഹോദരങ്ങളായ ഖുദാമ(റ), അബ്ദുല്ല(റ), ഉബൈദ് ബിന്‍ ഹാരിസ് ഇബ്‌നു അബ്ദുല്‍ മുത്ത്വലിബ്(റ), സഈദുബ്നു സൈദ് ഇബ്‌നു അംറുബ്‌നു നുഫൈല്‍(റ), അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന ഫാത്വിമ ബിന്‍ത് ഖത്ത്വാബ്(റ), അബൂബക്ര്‍(റ)വിന്റെ മകള്‍ അസ്മാഅ്(റ), അബ്ബാസുബ്‌നു അബ്ദുല്‍ മുത്ത്വലിബിന്റെ ഭാര്യ ഉമ്മുല്‍ ഫദ് ല്‍(റ), ഖബ്ബാബ് ഇബ്‌നുല്‍ അറത്(റ), ഉത്ബതുബ്‌നു ഗസ്‌വാന്‍(റ), അബ്ദുല്ലാഹിബ്‌നുമസ്ഊദ്(റ) തുടങ്ങിയവരായിരുന്നു അവര്‍. ജനങ്ങള്‍ ഇസ്‌ലാമിനെക്കുറിച്ച് കേട്ടറിയാന്‍ തുടങ്ങി. ദരിദ്രരായ പല ആളുകളും ഇസ്‌ലാമിലേക്ക് ധൃതി കാണിച്ചു.

അങ്ങനെ മസ്ഊദ് ഇബ്‌നു റബീഅ(റ), അയ്യാശ് ഇബ്‌നു അബീ റബീഅ(റ), ഖുനൈസ് ഇബ്‌നു ഹുദാഫ(റ), ആമിര്‍ ഇബ്‌നു റബീഅ(റ), അബ്ദുല്ലാഹിബ്‌നു ജഹ്ഷ്(റ), ജഅ്ഫര്‍ ഇബ്‌നു അബീത്വാലിബ്(റ), അദ്ദേഹത്തിന്റെ ഭാര്യ അസ്മാഅ് ബിന്‍ത് ഉമൈസ്(റ), സാഇബ് ഇബ്‌നു മദ്ഊന്‍(റ), നഈം ഇബ്‌നു അബ്ദില്ല(റ), അന്നഹ്ഹാം(റ), ആമിര്‍ ഇബ്‌നു ഫുഹയ്‌റ(റ), ഖാലിദ് ഇബ്‌നു സഈദ് ഇബ്‌നുല്‍ ആസ്വ്(റ), അബൂഹുദൈഫ(റ), അമ്മാറുബ്‌നു യാസിര്‍(റ), സുഹൈബ് ഇബ്‌നു സിനാന്‍(റ), ബിലാല്‍ ഇബ്‌നു റബാഹ്(റ), മിസ്അബ് ഇബ്‌നു ഉമൈര്‍(റ)… തുടങ്ങിയവരെല്ലാം രണ്ടാമതായി ഇസ്‌ലാമിലേക്ക് കടന്നുവന്ന പ്രധാനികളാണ്. ഈ ആളുകളെല്ലാം ഇസ്‌ലാം സ്വീകരിച്ചത് രഹസ്യമായിക്കൊണ്ടായിരുന്നു. പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന ഇവരുടെ എണ്ണം 67ഓളം എത്തി. ഇവരില്‍ പലരും വലിയ ധനികന്‍മാരും സമൂഹത്തില്‍ സ്ഥാനമാനങ്ങള്‍ ഉള്ളവരും ആയിരുന്നു. 13 പേര്‍ മാത്രമായിരുന്നു അടിമകളും ദുര്‍ബലരുമായിരുന്നവര്‍. ഇവരുടെയെല്ലാം പരിശ്രമ ഫലമായി മക്കയിലും അതിന്റെ പുറത്തുള്ള പ്രദേശങ്ങളിലും ഇസ്‌ലാം വ്യാപിച്ചു തുടങ്ങി. 

ഇസ്‌ലാമിന്റെ വ്യാപനത്തില്‍ ധനികരും ദരിദ്രരും യജമാനന്മാരും അടിമകളും സ്ത്രീകളും വലിയവരും ചെറിയവരും പങ്കുചേര്‍ന്നു. വളരെ രഹസ്യമായിക്കൊണ്ടായിരുന്നു ഇവര്‍ പലപ്പോഴും ഒരുമിച്ചു കൂടിയിരുന്നത്. നബിﷺ രഹസ്യമായി അവരെ ഒരുമിച്ചു കൂട്ടുകയും അല്ലാഹുവിനെക്കുറിച്ച് അവരെ ഓര്‍മപ്പെടുത്തുകയും ദീനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവര്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു. സ്വഫാ മലയുടെ താഴെയുള്ള അര്‍ഖം ഇബ്‌നു അബുല്‍ അര്‍ഖമിന്റെ വീട്ടിലായിരുന്നു മുസ്‌ലിംകള്‍ ആ കാലഘട്ടത്തില്‍ പരസ്പരം കണ്ടുമുട്ടിയിരുന്നത്. അബുല്‍അര്‍ഖം ഇസ്‌ലാം സ്വീകരിച്ചത് മറ്റുള്ളവരാരും അറിഞ്ഞിരുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ വീട് തെരഞ്ഞെടുക്കുവാനുള്ള കാരണം. മാത്രവുമല്ല ബനൂ ഹാശിമിന്റെ ശത്രു വിഭാഗത്തില്‍പെട്ട ബനൂ മഖ്‌സൂം ഗോത്രത്തില്‍ പെട്ട ആളും കൂടിയായിരുന്നു അദ്ദേഹം. ഈ നിലക്ക് ശത്രുതയുള്ള ആളുകള്‍ പരസ്പരം ഒന്നിക്കല്‍ വളരെ വിദൂരമായതായിട്ടായിരുന്നു ആളുകള്‍ കണ്ടിരുന്നത്. അതുമാത്രമല്ല 16 വയസ്സ് പ്രായമുള്ള ചെറുപ്പക്കാരനും കൂടിയായിരുന്നു അദ്ദേഹം. പലപ്പോഴും വലിയ ആളുകളിലേക്ക് ആണല്ലോ മറ്റുള്ളവരുടെ ശ്രദ്ധയുണ്ടാകുക. അതുകൊണ്ടുതന്നെ ഒരു കുട്ടി എന്ന നിലയ്ക്ക് ഇദ്ദേഹത്തെ ആരും ശ്രദ്ധിച്ചിരുന്നില്ല. മാത്രവുമല്ല മറ്റുള്ള ആളുകളുടെ ശ്രദ്ധ പതിയാത്ത വിധത്തില്‍ സ്വഫാ മലയോട് ചേര്‍ന്നു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വീടുണ്ടായിരുന്നത്.

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 07

നബി ചരിത്രം – 07: വഹ്‌യിന്റെ തുടക്കം ‍

വഹ്‌യിന്റെ തുടക്കം ‍

നബിﷺയുടെ നിയോഗമനത്തിന്റെ സമയമടുത്തപ്പോള്‍ ഈ കാലഘട്ടത്തില്‍ ഒരു നബിയെ അല്ലാഹു നിയോഗിക്കുമെന്നും ആ നബിയുടെ ആഗമനത്തിന് സമയമായിട്ടുണ്ട് എന്നുമുള്ള വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങി. വേദക്കാര്‍ (അഹ്ലുല്‍ കിതാബുകാര്‍) അവരുടെ വേദഗ്രന്ഥങ്ങളിലൂടെ ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയവരായിരുന്നു. ശാമില്‍ നിന്നും മദീനയിലേക്ക് പ്രവാചക നിയോഗത്തിന് മുമ്പ് വന്ന ഇബ്‌നുല്‍ ഹൈബാന്‍ ജൂതന്മാരോട് പറയുകയുണ്ടായി: ‘ഒരു നബി പ്രത്യക്ഷപ്പെടാനുണ്ട്. ആ നബിയെ പിന്‍പറ്റാന്‍ വേണ്ടിയാണ് ഞാന്‍ ഇങ്ങോട്ട് വന്നിട്ടുള്ളത്.’ എന്നുമാത്രമല്ല ജൂതന്മാരെ നബിയെ പിന്‍പറ്റാന്‍ വേണ്ടി അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. തൗറാത്തിലൂടെ ആ കാലഘട്ടത്തില്‍ പ്രത്യക്ഷപ്പെടാനുള്ള നബിയുടെ വിശേഷണങ്ങളും ജൂതന്മാര്‍ മനസ്സിലാക്കിയിരുന്നു. സത്യദീനിനെ അന്വേഷിച്ചുകൊണ്ട് പേര്‍ഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്ന സല്‍മാനുല്‍ ഫാരിസിയുടെ സംഭവവും ഇതിന് തെളിവാണ്. അദ്ദേഹം വന്ന് ശാമില്‍ താമസമാക്കി. എന്നിട്ട് മുഹമ്മദ് നബിﷺയുടെ ആഗമനത്തിന്റെ സ്ഥലത്തെക്കുറിച്ചും മുഹമ്മദ് നബിയുടെ ആഗമനം അടുത്തു എന്നതിനെക്കുറിച്ചും അവിടത്തെ പുരോഹിതന്മാര്‍ക്ക് പറഞ്ഞുകൊടുത്തു. വേദക്കാരല്ലാത്തയാളുകള്‍ ചില പ്രത്യേകമായ അടയാളങ്ങളിലൂടെയാണ് നബിയുടെ ആഗമനത്തെക്കുറിച്ച് മനസ്സിലാക്കിയത്.

 തനിച്ചിരിക്കുന്നത് നബിﷺ ഇഷ്ടപ്പെട്ടിരുന്നു എന്നും ആളുകളില്‍ നിന്ന് മാറിനിന്നുകൊണ്ട് അദ്ദേഹംതാമസിച്ചിരുന്നു എന്നും മുമ്പ് നമ്മള്‍ മനസ്സിലാക്കിയല്ലോ.

സമൂഹത്തില്‍ നടക്കുന്ന വിഗ്രഹാരാധനയും വഴിപിഴച്ച പല മാര്‍ഗങ്ങളും കണ്ടപ്പോഴാണ് ഇതില്‍ നിന്നും മാറി താമസിക്കണമെന്ന് നബിﷺക്ക് തോന്നിയത്. അങ്ങനെയാണ് ശാന്തമായ അന്തരീക്ഷത്തിലേക്ക് മാറിനിന്നുകൊണ്ട് അല്ലാഹുവിന്റെ ആധിപത്യത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടും അവന്റെ കഴിവുകളെക്കുറിച്ചും സൃഷ്ടിപ്പിന്റെ മഹത്ത്വത്തെക്കുറിച്ചും ആലോചിച്ചുകൊണ്ടും നബി സമൂഹത്തില്‍ നിന്നും മാറിനിന്നത്. ഓരോ വര്‍ഷവും റമദാന്‍ മാസത്തില്‍ ഹിറാ ഗുഹയില്‍ നബി തനിച്ചിരിക്കാറുണ്ടായിരുന്നു. അല്ലാഹു നല്‍കാന്‍ പോകുന്ന ആത്മീയ ജീവനിലേക്ക് നബിﷺ അടുത്തു തുടങ്ങിയപ്പോള്‍ തനിച്ചിരിക്കാനുള്ള താല്‍പര്യം വീണ്ടും വീണ്ടും ശക്തിപ്പെടാന്‍ തുടങ്ങി. അവിടെ നിന്ന് തിരിച്ചുവന്നാല്‍ കഅ്ബ ത്വവാഫ് ചെയ്യുകയും ശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്യും. പ്രവാചകത്വത്തിന് മുമ്പ് ഹിറാഗുഹയില്‍ തനിച്ചിരുന്നുകൊണ്ട് അല്ലാഹു തോന്നിപ്പിക്കുന്ന രൂപത്തിലുള്ള ആരാധനകള്‍ ചെയ്യുകയായിരുന്നു നബിയുടെ പതിവ്. എന്നാല്‍ പ്രവാചകത്വത്തിന് ശേഷം മറ്റുള്ള ആളുകളില്‍ നിന്ന് വ്യത്യസ്തമായിക്കൊണ്ട് നബിﷺ തന്റെ ജീവിതം രാത്രിനമസ്‌കാരത്തിലൂടെ മുന്നോട്ടുകൊണ്ടുപോയി. അല്ലാഹു പറയുന്നു: ”രാത്രിയില്‍ നിന്ന് അല്‍പസമയം നീ ഉറക്കമുണര്‍ന്ന് അതോടെ (ക്വുര്‍ആന്‍ പാരായണത്തോടെ)നമസ്‌കരിക്കുകയും ചെയ്യുക. അത് നിനക്ക് കൂടുതലായുള്ള ഒരു പുണ്യകര്‍മമാകുന്നു. നിന്റെ രക്ഷിതാവ് നിന്നെ സ്തുത്യര്‍ഹമായ ഒരു സ്ഥാനത്ത് നിയോഗിച്ചേക്കാം” (അല്‍ഇസ്‌റാഅ്: 79).

40 വയസ്സ് പൂര്‍ത്തിയായ സന്ദര്‍ഭത്തില്‍ സാധാരണ റമദാന്‍ മാസത്തില്‍ ഹിറയിലേക്ക് പുറപ്പെടാറുള്ളതുപോലെ നബിﷺ പുറപ്പെട്ടു. അല്ലാഹുവിന്റെ കല്‍പനപ്രകാരം ജിബ്‌രീല്‍ അവിടെ കടന്നുവന്നു. പ്രവാചകത്വത്തിന്റെ വെളിച്ചം പ്രകാശിക്കുവാന്‍ തുടങ്ങി. പ്രവാചകത്വം കൊണ്ട് അല്ലാഹു പ്രവാചകനെ ആദരിച്ചു. അന്ത്യദിനം വരെയുള്ള ആളുകള്‍ക്ക് മുഴുവനായി കാരുണ്യത്തിന്റെ തിരുദൂതനായി മുഹമ്മദ് നബിയെ അല്ലാഹു നിയോഗിച്ചു. റമദാന്‍ മാസം ഒരു തിങ്കളാഴ്ച ദിവസമായിരുന്നു അത്. ക്വുര്‍ആനിന്റെ അവതരണത്തിന് തുടക്കം കുറിക്കുന്നത് പരിശുദ്ധ റമദാന്‍ മാസത്തിലായിരുന്നു എന്ന് വ്യക്തം. അല്ലാഹു പറയുന്നു: ”ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍…”(അല്‍ബക്വറ: 185).

അബൂക്വതാദ(റ) പറയുന്നു: ”തിങ്കളാഴ്ച ദിവസത്തെ നോമ്പിനെക്കുറിച്ച് നബിﷺയോട് ചോദിക്കപ്പെട്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ‘അത് ഞാന്‍ ജനിച്ച ദിവസമാണ്. ആ ദിവസമാണ് ഞാന്‍ പ്രവാചകനായി നിയോഗിക്കപ്പെട്ടത്. അന്നാണ് എനിക്ക് വഹ്‌യ് ഇറങ്ങിയത്” (മുസ്‌ലിം: 1162).

അബ്ബാസ്(റ) പറയുന്നു: ”നാല്‍പതാമത്തെ വയസ്സിലാണ് മുഹമ്മദ് നബിﷺ പ്രവാചകനായി നിയോഗിക്കപ്പെട്ടത്. മക്കയില്‍ 13 വര്‍ഷത്തോളം വഹ്‌യ് നല്‍കപ്പെടുന്ന അവസ്ഥയില്‍ അദ്ദേഹം ജീവിച്ചു. ശേഷം ഹിജ്‌റക്കുള്ള കല്‍പന നല്‍കപ്പെട്ടു. പത്തുവര്‍ഷം മദീനയില്‍ ജീവിക്കുകയും അറുപത്തിമൂന്നാമത്തെ വയസ്സില്‍ മരണപ്പെടുകയും ചെയ്തു” (ബുഖാരി 3902, മുസ്‌ലിം: 351).

നബിﷺക്ക് വഹ്‌യ് (ദിവ്യബോധനം) ലഭിച്ചതിന്റെ തുടക്കവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള കാര്യങ്ങള്‍ ആഇശ(റ) ഇപ്രകാരം വിവരിക്കുന്നു: ”ഉറക്കത്തിലുള്ള നല്ല നല്ല സ്വപ്‌നങ്ങളായിരുന്നു നബിയുടെ വഹ്‌യിന്റെ തുടക്കം. നബിﷺ ഏതൊരു സ്വപ്‌നം കണ്ടാലും പ്രഭാതം പോലെ അത് വെളിപ്പെടാറുണ്ടായിരുന്നു. ശേഷം നബിക്ക് തനിച്ചിരിക്കാന്‍ ഇഷ്ടമായി തോന്നി. അങ്ങനെ ഹിറാഗുഹയില്‍ പോയി ഇരിക്കാന്‍ തുടങ്ങി. അവിടെ വെച്ചുകൊണ്ട് ഒരുപാട് രാത്രികളില്‍ ആരാധനകളില്‍ മുഴുകി. അവിടെനിന്ന് ഖദീജയുടെ അടുക്കലേക്ക് മടങ്ങുകയും വീണ്ടും അങ്ങോട്ട് ആവശ്യമായ യാത്രാ സന്നാഹങ്ങള്‍ എടുത്തുകൊണ്ട് തിരിച്ചു പോകുകയും ചെയ്യും. അങ്ങനെയിരിക്കെയാണ് ഹിറാഗുഹയില്‍ നബിയുടെ അടുക്കലേക്ക് സത്യം കടന്നുവരുന്നത്. മലക്ക് വന്നു കൊണ്ട് പറഞ്ഞു: ‘വായിക്കുക.’ നബിﷺ പറഞ്ഞു: ‘ഞാന്‍ വായിക്കുന്നവനല്ല.’ നബി പറയുന്നു: ‘അപ്പോള്‍ മലക്ക് എന്നെ പിടിക്കുകയും എന്നെ ഞെരുക്കുകയും ചെയ്തു. എനിക്ക് പ്രയാസം അനുഭവപ്പെട്ടു. ശേഷം എന്നെ വിട്ടു. അപ്പോള്‍ വീണ്ടും പറഞ്ഞു: ‘വായിക്കുക.’ ഞാന്‍ പറഞ്ഞു: ‘ഞാന്‍ വായിക്കുന്നവനല്ല.’ രണ്ടാമതും എന്നെ പിടിക്കുകയും ഞെരുക്കുകയും ചെയ്തു. എനിക്ക് പ്രയാസം അനുഭവപ്പെട്ടു. അങ്ങനെ എന്നെ വിടുകയുണ്ടായി. വീണ്ടും പറഞ്ഞു: ‘വായിക്കൂ.’ അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘ഞാന്‍ വായിക്കുന്നവല്ല.’ അങ്ങനെ മൂന്നാമതും എന്നെ പിടിക്കുകയും ഞെരുക്കുകയും ചെയ്തു. ശേഷം എന്നെ വിട്ടു. എന്നിട്ട് ഇപ്രകാരം ഓതിത്തന്നു: 

”സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ നീ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക; നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു” (അല്‍അലക്വ്: 1-5).

 ഹൃദയം പിടക്കുന്ന അവസ്ഥയില്‍ നബിﷺ അവിടെ നിന്നും മടങ്ങി ഖദീജ ബിന്‍ത് ഖുവൈലിദിന്റെ അടുക്കലേക്കു ചെന്നു. എന്നിട്ട് പറഞ്ഞു: ‘എനിക്കു പുതച്ചു താ, എനിക്ക് പുതച്ചു താ.’ അപ്പോള്‍ നബിയുടെ ഭയം പോകുന്നതുവരെ ഖദീജ അവര്‍ക്ക് പുതച്ചുകൊടുത്തു. നബിﷺ ഖദീജയോട് കാര്യങ്ങളെല്ലാം പറഞ്ഞു. എന്റെ കാര്യത്തില്‍ എനിക്ക് ഭയം തോന്നുകയാണ് എന്നും പറഞ്ഞു. ആ സന്ദര്‍ഭത്തില്‍ ഖദീജ(റ) ഇപ്രകാരം പറഞ്ഞു: ‘ഇല്ല, അല്ലാഹുവാണ് സത്യം! അല്ലാഹു ഒരിക്കലും നിങ്ങളെ അപമാനിക്കുകയില്ല. നിങ്ങള്‍ കുടുംബ ബന്ധം പുലര്‍ത്തുന്ന ആളാണ്. ഭാരം വഹിക്കുന്ന വ്യക്തിയാണ്. നിരാലംബരെ സഹായിക്കുന്ന ആളാണ്. അതിഥികളെ സല്‍ക്കരിക്കുന്ന വ്യക്തിയാണ്. സത്യമാര്‍ഗത്തില്‍ സഹായിക്കുന്ന ആളാണ്.’ അങ്ങനെ ഖദീജ(റ) നബിﷺയെയും കൊണ്ട് വറക്വതുബിനു നൗഫലുബിനു അസദ്ബിനു അബ്ദുല്‍ ഉസ്സയുടെ അടുക്കലേക്ക് കൊണ്ട് പോയി. ഖദീജ(റ)യുടെ പിതൃവ്യപുത്രനായിരുന്നു അദ്ദേഹം.

ജാഹിലിയ്യാ കാലഘട്ടത്തില്‍ ക്രിസ്തുമതം സ്വീകരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഇന്‍ജീലിന്റെ വചനങ്ങള്‍ ഇബ്‌റാനീ ഭാഷയില്‍ അദ്ദേഹം എഴുതുമായിരുന്നു. അന്ധത ബാധിച്ച; പ്രായംചെന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ഖദീജ(റ) അദ്ദേഹത്തോട് പറഞ്ഞു: ‘അല്ലയോ പിതൃവ്യപുത്രാ! നിങ്ങളുടെ സഹോദര പുത്രനില്‍ നിന്ന് കാര്യങ്ങള്‍ കേള്‍ക്കുക.’ അപ്പോള്‍ വറക്വത് ചോദിച്ചു: ‘അല്ലയോ സഹോദരപുത്രാ! എന്താണ് നീ കണ്ടത്?’ നബിﷺ താന്‍ കണ്ട കാര്യങ്ങള്‍ എല്ലാം വിവരിച്ചു. അപ്പോള്‍ വറക്വത് നബിﷺയോട് പറഞ്ഞു: ‘മൂസായുടെ അടുക്കലേക്ക് അല്ലാഹു നിയോഗിച്ച നാമൂസ് ആകുന്നു ഇത്. നിന്റെ സമൂഹം നിന്നെ പുറത്താക്കുന്ന സന്ദര്‍ഭത്തില്‍ ഞാന്‍ ജീവിച്ചിരുന്നെങ്കില്‍!’ അപ്പോള്‍ നബി ചോദിച്ചു: ‘അവര്‍ എന്നെ പുറത്താക്കുമെന്നോ?’ വറക്വത് പറഞ്ഞു: ‘അതെ! നീ കൊണ്ടുവന്നത് പോലുള്ളത് കൊണ്ടുവന്ന ഒരാള്‍ക്കും ശത്രുക്കള്‍ ഇല്ലാതിരുന്നിട്ടില്ല. നിന്റെ ആ കാലഘട്ടത്തില്‍ ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഞാന്‍ നിന്നെ ശക്തമായി സഹായിക്കുമായിരുന്നു.’ അധികം വൈകാതെ വറക്വത് മരണപ്പെട്ടു. ശേഷം കുറച്ചുകാലം വഹ്‌യ് നിലയ്ക്കുകയും ചെയ്തു” (ബുഖാരി: 3, മുസ്‌ലിം: 160)

എണ്ണപ്പെട്ട ചില ദിവസങ്ങള്‍ പിന്നീട് വഹ്‌യ് ഉണ്ടായില്ല. അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ ഭാഗമായിരുന്നു അത്. നബിﷺയെ പിടികൂടിയ ഭയം ഒഴിഞ്ഞു പോകുവാനും വീണ്ടും വഹ്‌യ് ലഭിക്കാന്‍ താല്‍പര്യപ്പെടുവാന്‍ കൂടിയായിരുന്നു അത്. മാത്രവുമല്ല വഹ്‌യ് അല്ലാഹുവിന്റെ കയ്യില്‍ മാത്രം നിക്ഷിപ്തമായ കാര്യമാണ് എന്നും അവന്‍ ഉദ്ദേശിക്കുന്ന സന്ദര്‍ഭത്തില്‍ അത് ഇറക്കുന്നു എന്നും മുഹമ്മദ് നബിﷺക്ക് ആ വിഷയത്തില്‍ ഒരു കൈകാര്യവും ഇല്ല എന്നുമുള്ള ഒരു അധ്യാപനവും ഇതിലൂടെ അല്ലാഹു നല്‍കുകയായിരുന്നു. 

അല്ലാഹു പറയുന്നു: ”പൂര്‍വാഹ്‌നം തന്നെയാണ് സത്യം! രാത്രി തന്നെയാണ് സത്യം; അത് ശാന്തമാവുമ്പോള്‍. (നബിയേ,) നിന്റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല; വെറുത്തിട്ടുമില്ല” (ദ്വുഹാ: 1-3).

ജാബിര്‍ബിന്‍ അബ്ദുല്ല(റ) പറയുന്നു: ”ആദ്യകാലങ്ങളില്‍ അല്‍പദിവസങ്ങള്‍ നബിﷺക്ക് വഹ്‌യ് വരാതെയായി. അങ്ങനെ വീണ്ടും തനിച്ചിരിക്കാന്‍ നബിﷺക്ക് ഇഷ്ടമായി തോന്നി. ആദ്യത്തേതു പോലെ ത്തന്നെ നബിﷺ ഹിറാ ഗുഹയിലേക്ക് പോയി. നബിﷺ പറയുന്നു: ‘അങ്ങനെയിരിക്കെ ഞാന്‍ ഹിറയില്‍ നിന്നും തിരിച്ചു വരുന്ന സന്ദര്‍ഭത്തില്‍ എന്തോ ഒന്ന് മുകള്‍ഭാഗത്ത് എനിക്ക് അനുഭവപ്പെട്ടു. അപ്പോള്‍ ഞാന്‍ തല ഉയര്‍ത്തി നോക്കി. ആ സന്ദര്‍ഭത്തില്‍ ഹിറയില്‍ എന്റെ അടുക്കലേക്ക് വന്ന അതേ വ്യക്തി എന്റെ തലക്കുമുകളില്‍ ഒരു കസേരയില്‍ ഇരിക്കുന്നു. അതുകണ്ട വേളയില്‍ ഞാന്‍ ഭൂമിയിലേക്ക് വീണു പോയി. എന്റെ ബോധം തെളിഞ്ഞപ്പോള്‍ കുടുംബത്തിന്റെ അടുക്കലേക്ക് ഞാന്‍ ഓടിവന്നു. ഞാന്‍ പറഞ്ഞു: എനിക്ക് പുതച്ചു താ, എനിക്ക് പുതച്ചു താ. ആ സന്ദര്‍ഭത്തില്‍ ജിബ്‌രീല്‍ എന്റെ അടുക്കലേക്ക് വന്നു കൊണ്ട് പാരായണം ചെയ്തു: ‘ഹേ, പുതച്ചു മൂടിയവനേ, എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക. നിന്റെ രക്ഷിതാവിനെ മഹത്ത്വപ്പെടുത്തുകയും നിന്റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും പാപം വെടിയുകയും ചെയ്യുക”(അല്‍മുദ്ദഥിര്‍: 1- 5)(അഹ്മദ്: 15033).

നബിﷺയില്‍ നിന്നും ഭയം പോയതിനുശേഷം വഹ്‌യ് ഇറങ്ങിത്തുടങ്ങി. പ്രവാചകത്വത്തിന്റെ യാഥാര്‍ഥ്യം ബോധ്യപ്പെട്ടു. അതിനുശേഷം നബിﷺ വഹ്‌യിനെ പ്രതീക്ഷിക്കുകയും അതിന് വേണ്ടി ഒരുങ്ങിയിരിക്കുകയും ചെയ്യുക പതിവായി. വഹ്‌യിന്റെ ഇടവേളകളിലെല്ലാം നബിﷺ ഹിറാ ഗുഹയില്‍ പോയി ഇരിക്കലും പതിവായിരുന്നു. ഒരുദിവസം നബിﷺ നടന്നുകൊണ്ടിരിക്കെ ആകാശത്തുനിന്നും ഒരു ശബ്ദം കേട്ടു. അപ്പോഴതാ ജിബിരീല്‍ അല്ലാഹു തആലാ സൃഷ്ടിച്ച അതേ രൂപത്തില്‍! ചക്രവാളങ്ങള്‍ നിറഞ്ഞുനില്‍ക്കുകയാണ് ജിബ്രീല്‍! നബിﷺക്ക് ഭയം തോന്നി. ഖദീജയുടെ അടുക്കലേക്ക് ഓടിച്ചെന്നു. പുതച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് ‘യാ അയ്യുഹല്‍ മുദ്ദഥ്ഥിര്‍’ എന്ന് തുടങ്ങുന്ന സൂറഃഅല്‍മുദ്ദഥ്ഥിറിലെ ആദ്യ വചനങ്ങള്‍ അവതരിക്കുന്നത്” (ബുഖാരി:3238, മുസ്‌ലിം:161). 

വഹ്‌യ്‌ന്റെ ഇടവേളക്ക് ശേഷം ആദ്യമായി ഇറങ്ങിയ വചനങ്ങളായിരുന്നു ഇത്. അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കുള്ള ക്ഷണം തുടങ്ങുവാനുള്ള കല്‍പനകളും നിര്‍ദേശങ്ങളുമാണ് അല്‍പാല്‍പമായി ഈ വചനങ്ങളില്‍ അടങ്ങിയിട്ടുള്ളത്. നബിﷺ പ്രബോധനം ആരംഭിച്ചു. മരണം വരെ (23 വര്‍ഷം) ഈ ദൗത്യം തുടര്‍ന്നുകൊണ്ടിരുന്നു. സൂറഃ അല്‍മുദ്ദസ്സഥ്ഥിറിന്റെ തൊട്ടുപിറകെയായി സൂറഃ അല്‍മുസ്സമ്മിലും അവതരിച്ചു: 

”ഹേ, വസ്ത്രം കൊണ്ട് മൂടിയവനേ! രാത്രി അല്‍പസമയം ഒഴിച്ച് എഴുന്നേറ്റ് നിന്ന് പ്രാര്‍ഥിക്കുക. അതിന്റെ (രാത്രിയുടെ) പകുതി, അല്ലെങ്കില്‍ അതില്‍ നിന്നു (അല്‍പം) കുറച്ചു കൊള്ളുക. അല്ലെങ്കില്‍ അതിനെക്കാള്‍ വര്‍ധിപ്പിച്ചു കൊള്ളുക. ക്വുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക” (അല്‍മുസ്സമ്മില്‍:1-4). 

‘ഇക്വ്‌റഅ്’ എന്ന കല്‍പനയിലൂടെ നബിയും ‘എഴുന്നേല്‍ക്കൂ, താക്കീത് ചെയ്യൂ’ എന്ന കല്‍പനയിലൂടെ റസൂലും ആയി മാറി എന്നര്‍ഥം. ക്വിയാമുല്ലൈല്‍ (രാത്രി നമസ്‌കാരം) ആദ്യകാലങ്ങളില്‍ നബിയെ സംബന്ധിച്ചടത്തോളം നിര്‍ബന്ധമായ കാര്യം ആയിരുന്നു. കാലില്‍ നീരുവരുമാറ് നബിﷺ ആ നമസ കാരം തുടരുകയും ചെയ്തിട്ടുണ്ട്. പിന്നീടാണ് അത് ഐഛികമായി നിശ്ചയിക്കപ്പെട്ടത്:

”നീയും നിന്റെ കൂടെയുള്ളവരില്‍ ഒരു വിഭാഗവും രാത്രിയുടെ മിക്കവാറും മൂന്നില്‍ രണ്ടു ഭാഗവും (ചിലപ്പോള്‍) പകുതിയും (ചിലപ്പോള്‍) മൂന്നിലൊന്നും നിന്നു നമസ്‌കരിക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്നറിയാം. അല്ലാഹുവാണ് രാത്രിയെയും പകലിനെയും കണക്കാക്കുന്നത്. നിങ്ങള്‍ക്ക് അത് ക്ലിപ്തപ്പെടുത്താനാവുകയില്ലെന്ന് അവന്നറിയാം. അതിനാല്‍ അവന്‍ നിങ്ങള്‍ക്ക് ഇളവ് ചെയ്തിരിക്കുന്നു…” (അല്‍മുസ്സമ്മില്‍: 20).

സഅ്ദുബ്‌നു ഹിശാം(റ) നബിﷺയുടെ നമസ്‌കാരത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ആഇശ(റ) ഇപ്രകാരം മറുപടി പറഞ്ഞു: ”സൂറതു മുസ്സമ്മില്‍ നീ ഓതാറില്ലേ?” അദ്ദേഹം പറഞ്ഞു: ”അതെ, ഓതാറുണ്ട്.” അപ്പോള്‍ ആഇശ(റ) പറഞ്ഞു: ”ഈ സൂറത്ത് ഇറങ്ങിയ ആദ്യ സന്ദര്‍ഭത്തില്‍ അല്ലാഹു നബിക്ക് ക്വിയാമുല്ലൈല്‍ നിര്‍ബന്ധമാക്കിയിരുന്നു. അങ്ങനെ ഒരുവര്‍ഷത്തോളം നബിയും സ്വഹാബികളും അത് നിര്‍വഹിച്ചു. അതിനുശേഷം ഈ സൂറത്തിന്റെ അവസാനത്തില്‍ ലഘൂകരണ വചനങ്ങള്‍ അല്ലാഹു അവതരിപ്പിച്ചു. അതോടുകൂടി നിര്‍ബന്ധത്തിനു ശേഷം ഐഛികമായി അത് മാറി” (മുസ്ലിം: 746).

ചുരുക്കത്തില്‍, വ്യത്യസ്ത ഘട്ടങ്ങളിലൂടെ പ്രവാചകത്വത്തിന്റെ തുടക്കം കടന്നുപോയി. മുഹമ്മദ് നബിﷺക്ക് പ്രവാചകത്വം എന്ന വലിയ ഉത്തരവാദിത്തം ലോകത്തിന് താക്കീത് നല്‍കുവാന്‍ വേണ്ടി അല്ലാഹു തആലാ ഏല്‍പിച്ചു: 

”തന്റെ ദാസന്റെമേല്‍ സത്യാസത്യവിവേചനത്തിനുള്ള പ്രമാണം (ക്വുര്‍ആന്‍) അവതരിപ്പിച്ചവന്‍ അനുഗ്രഹപൂര്‍ണനാകുന്നു. അദ്ദേഹം (റസൂല്‍) ലോകര്‍ക്ക് ഒരു താക്കീതുകാരന്‍ ആയിരിക്കുന്നതിനു വേണ്ടിയത്രെ അത്” (അല്‍ഫുര്‍ക്വാന്‍: 1).

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 06

നബി ചരിത്രം - 06: ശൈശവത്തിലെ അത്ഭുത സംഭവങ്ങള്‍

ശൈശവത്തിലെ അത്ഭുത സംഭവങ്ങള്‍

മുലകുടി

നബി ﷺ ക്ക് ആദ്യമായി മുലയൂട്ടിയത് ഉമ്മ ആമിനയായിരുന്നു. ശേഷം അബൂലഹബിന്റെ ഭൃത്യയായ സുവൈബയും. അബൂലഹബ് സുവൈബയെ മോചിപ്പിച്ചിട്ടുണ്ടായിരുന്നു.

അതിന് ശേഷമാണ് മുലയൂട്ടുന്ന സ്ത്രീകള്‍ കുട്ടികളെ അന്വേഷിച്ച് വരുന്നത്. ഹലീമതുസ്സഅ്ദിയ്യയും ആ കൂട്ടത്തിലുണ്ടായിരുന്നു. നബി ﷺ യതീമാണെന്നറിഞ്ഞപ്പോള്‍ എല്ലാവരും അകന്നുപോയി. ഓരോരുത്തരും തനിക്ക് ലഭിച്ച കുഞ്ഞുമായി മടങ്ങുമ്പോള്‍ ഹലീമക്ക് ആരെയും കിട്ടിയിരുന്നില്ല. അവര്‍ ഈ യതീമിനെ സ്വീകരിച്ചു. കുട്ടിയില്ലാതെ മടങ്ങാന്‍ അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. മറ്റാരെയും കിട്ടാത്തതുകൊണ്ടാണ് നബി ﷺ യെ അന്ന് അവര്‍ സ്വീകരിച്ചത്. അനുഗ്രഹം ലഭിക്കാനായി അല്ലാഹുവോട് ഹലീമ പ്രാര്‍ഥിച്ചു.

ത്വാഇഫിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള താഴ്‌വരയിലാണ് ഹലീമയുടെ വീട്. ത്വാഇഫില്‍ നിന്നു തന്നെ ഏതാണ്ട് നൂറു കിലോമീറ്ററോളം ദൂരമുണ്ട്. ഹലീമ കുഞ്ഞിനെ എടുത്ത് മടിയില്‍ വെച്ചപ്പോഴേക്കും അവരുടെ മാറിടങ്ങള്‍ നിറഞ്ഞുവന്നു. കുഞ്ഞ് മതിവരുവോളം കുടിച്ചു. ശേഷം രണ്ടുപേരും ഉറങ്ങി. പ്രായം ചെന്ന ഒരു ആടും അവരുടെ വീട്ടിലുണ്ടായിരുന്നു. അതിന്റെ അകിടില്‍ പാല്‍ നിറഞ്ഞു. അവര്‍ പാല്‍ കറന്നെടുത്തു. ഇഷ്ടാനുസരണം കുടിച്ചു. സുന്ദരമായ രാത്രിയുടെ അനുഭൂതിയില്‍ അവര്‍ കഴിച്ചുകൂട്ടി.

നേരം പുലര്‍ന്നപ്പോള്‍ ഭര്‍ത്താവ് ഹാരിസ് (അബൂകബ്ശ) ഹലീമയോടായി പറഞ്ഞു: ”ഹലീമാ, അനുഗൃഹീതമായ ഒരു കുഞ്ഞിനെയാണ് നീ സ്വീകരിച്ചിട്ടുള്ളത്.” ഹലീമ പറഞ്ഞു: ”അല്ലാഹുവാണ് സത്യം! ഞാനും അത് ആഗ്രഹിക്കുന്നു.” 

വീട്ടിലേക്കുള്ള വഴിയില്‍ അവരുടെ മെലിഞ്ഞ ഒട്ടകം മറ്റുള്ളവരുടെ ഒട്ടകങ്ങളെയെല്ലാം മറികടന്ന് വേഗതയില്‍ നടന്നു. അവര്‍ ത്വാഇഫിലെ സ്വകുടുംബങ്ങളില്‍ എത്തിയ സമയത്ത് ഭൂമിയെല്ലാം വരള്‍ച്ചബാധിച്ച് വരണ്ടതായിരുന്നു. എന്നിട്ടും ഹലീമയുടെ ആടുകള്‍ തടിച്ചുകൊഴുത്തു. അകിടില്‍ പാല്‍ നിറഞ്ഞു. ഇഷ്ടം പോലെ പാല്‍ അവര്‍ക്ക് ലഭിച്ചു. മറ്റുള്ളവരുടെ ആടുകള്‍ക്ക് ഇല്ലാത്ത പ്രത്യേകത! ഹലീമക്കും ഭര്‍ത്താവ് ഹാരിസിനും അല്ലാഹുവില്‍ നിന്നും ലഭിച്ച മഹാ അനുഗ്രഹമായിരുന്നു ഇത്.

ഹലീമയുടെ അടുക്കല്‍ രണ്ട് വര്‍ഷം പൂര്‍ത്തിയായി മുലകുടി അവസാനിപ്പിച്ചു. മറ്റു കുട്ടികളില്‍ നിന്നും വ്യത്യസ്തമായി വയസ്സിനെക്കാള്‍ വളര്‍ച്ച നബി ﷺ ക്ക് ഉണ്ടായി. രണ്ടു വയസ്സ് പൂര്‍ത്തിയായപ്പോള്‍ ഹലീമ കുഞ്ഞിനെയും കൊണ്ട് ആമിനയുടെ അടുക്കലേക്ക് മടങ്ങി. നബി ﷺ വന്നതു മുതല്‍ വീട്ടിലുണ്ടായ അനുഗ്രഹങ്ങള്‍ കാരണത്താല്‍ കുഞ്ഞ് തന്റെ കൂടെത്തന്നെ നില്‍ക്കണമെന്ന് അവര്‍ ആശിച്ചിരുന്നു. ആമിനക്ക് കുഞ്ഞിനെ കണ്ടപ്പോള്‍ സമാധാനമായി. ഹലീമയുടെ ആവര്‍ത്തിച്ചുള്ള ആവശ്യപ്പെടല്‍ കാരണം കുഞ്ഞിനെ മടക്കി കൊണ്ടുപോകുവാന്‍ അനുവാദം നല്‍കുകയും ചെയ്തു. ഹലീമ കുഞ്ഞിനെയും കൊണ്ട് ത്വാഇഫിലേക്ക് തന്നെ മടങ്ങി.

അറബികളുടെ പതിവനുസരിച്ച് കുഞ്ഞിനെ മുലയൂട്ടിവളര്‍ത്താന്‍ ഗ്രാമപ്രദേശത്തേക്ക് പറഞ്ഞയച്ചതില്‍ പല ലക്ഷ്യങ്ങളും ഗുണങ്ങളും ഉണ്ടായിരുന്നു.

1. നല്ല അറബിഭാഷ സംസാരിക്കുന്നതിനുള്ള പരിശീലനം. അതില്‍ ന്യൂനത വരുന്നതില്‍ നിന്നുള്ള സുരക്ഷ. വിശുദ്ധ ക്വുര്‍ആന്‍ അറബി ഭാഷയിലാണ് ഇറങ്ങാനുള്ളത്. അത് നന്നായി മനസ്സിലാക്കാന്‍ നബി ﷺ യെ തയ്യാറാക്കുകയായിരുന്നു പ്രപഞ്ചസ്രഷ്ടാവ്.  

”വിശ്വസ്താത്മാവ് (ജിബ്‌രീല്‍) അതും കൊണ്ട് ഇറങ്ങിയിരിക്കുന്നു. നിന്റെ ഹൃദയത്തില്‍. നീ താക്കീത്നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്. സ്പഷ്ടമായ അറബി ഭാഷയിലാണ് (അത്അവതരിപ്പിച്ചത്” (അശ്ശുഅറാഅ് 193-195).

2. ചെറുപ്പം മുതല്‍ തന്നെ ആരോഗ്യത്തോടെ വളരാനും ക്ഷമയിലും കഠിനാധ്വാനത്തിലുമുള്ള പരിശീലനം ലഭിക്കുവാനും.  

ഹൃദയം പിളര്‍ത്തല്‍

രണ്ടു തവണ നബി ﷺ യുടെ ഹൃദയം പിളര്‍ത്തല്‍ സംഭവം ഉണ്ടായിട്ടുണ്ട്.

(1) നബി ﷺ ഹലീമയുടെ കൂടെ താമസിക്കുന്ന കാലത്താണ് ആദ്യസംഭവം. നബി ﷺ ക്ക് അന്ന്  നാല് വയസ്സ് പൂര്‍ത്തിയായിട്ടുണ്ട്. ഹലീമയുടെ കൂടെയുള്ള കുട്ടികളോടൊപ്പം നബി ﷺ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അനസ്(റ) പറയുന്നു: ജിബ്‌രീല്‍ നബി ﷺ യുടെ അടുക്കലേക്ക് വന്നു. നബി ﷺ യെ പിടിക്കുകയും മലര്‍ത്തിക്കിടത്തുകയും ചെയ്തു. ശേഷം അവിടുത്തെ നെഞ്ച് പിളര്‍ത്തി ഹൃദയം പുറത്തെടുത്തു. അതില്‍ നിന്നും ഒരു കഷ്ണം പുറത്തേക്കെടുത്തിട്ടു. എന്നിട്ട് പറഞ്ഞു: ‘ഇതു നിന്നിലുള്ള പൈശാചിക അംശമാണ്.’ ശേഷം ഒരു സ്വര്‍ണ പാത്രത്തില്‍ സംസം കൊണ്ടുവന്ന് കഴുകുകയും എന്നിട്ട് ഹൃദയം തല്‍സ്ഥാനത്ത് വെക്കുകയും ചെയ്തു. ഇത് കണ്ട കുട്ടികള്‍ ഹലീമയുടെ അടുക്കലേക്ക് ഓടിച്ചെന്നുകൊണ്ട് പറഞ്ഞു: ‘മുഹമ്മദ് കൊല്ലപ്പെട്ടിരിക്കുന്നു.’ അവര്‍ പരിഭ്രാന്തയായി അങ്ങോട്ട് ഓടിച്ചെന്നു. അനസ്(റ) പറയുന്നു: ‘നബി ﷺ യുടെ നെഞ്ചത്ത് തുന്നിയ അടയാളം ഞാന്‍ കാണാറുണ്ടായിരുന്നു.’ (മുസ്‌ലിം:162).

ഇമാം അഹ്മദിന്റെ 17648-ാം ഹദീസിലും ഈ സംഭവം വിശദമായി കാണാന്‍ സാധിക്കും.

(2) ഇസ്‌റാഉം മിഅ്‌റാജും ഉണ്ടായ സന്ദര്‍ഭത്തിലാണ് രണ്ടാമത്തെ സംഭവം നടക്കുന്നത്. അനസ്(റ) പറയുന്നു: അബൂദര്‍റ്(റ) പറഞ്ഞു തരാറുണ്ടായിരുന്നു: നബി ﷺ പറഞ്ഞിരിക്കുന്നു: ‘ഞാന്‍ മക്കയിലായിരിക്കെ എന്റെ വീടിന്റെ മേല്‍ക്കൂര പിളര്‍ന്നു. അങ്ങനെ ജിബ്‌രീല്‍ ഇറങ്ങിവന്ന് എന്റെ നെഞ്ച് പിളര്‍ത്തി. എന്നിട്ട് സംസം വെള്ളം കൊണ്ട് കഴുകി. ശേഷം ഈമാനും വിജ്ഞാനവും നിറക്കപ്പെട്ടു. സ്വര്‍ണത്തിന്റെ പാത്രം കൊണ്ട് വന്ന് എന്റെ ഹൃദയത്തിലേക്ക് ചൊരിഞ്ഞു. ശേഷം നെഞ്ച് മൂടിക്കെട്ടുകയും ചെയ്തു. ശേഷം എന്റെ കൈപിടിച്ച് ഒന്നാനാകശത്തേക്കു കൊണ്ടുപോയി.’ (ബുഖാരി 349, മുസ്‌ലിം 162).

പ്രവാചകത്വത്തിന് വേണ്ടിയുള്ള ഒരുക്കലായിരുന്നു ഈ ഹൃദയം പിളര്‍ത്തല്‍. വഹ്‌യിനെ സ്വീകരിക്കാനുള്ള മുന്നൊരുക്കമായിരുന്നു. ചെറുപ്പം മുതലേ നബി ﷺ യുടെ ഇസ്വ്മത്തിനെ (പാപ സുരക്ഷിതത്വം) ഈ ശുദ്ധീകരണം അറിയിക്കുന്നു. പിശാചിന്ന് ഒരു വിഹിതവും ഇല്ലാത്ത വിധത്തില്‍ പൈശാചികാംശം എടുത്തുമാറ്റി. 

അല്ലാഹു പറയുന്നു: ”നക്ഷത്രം അസ്തമിക്കുമ്പോള്‍ അതിനെ തന്നെയാണ് സത്യം. നിങ്ങളുടെ കൂട്ടുകാരന്‍ വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല. അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു. ശക്തിമത്തായ കഴിവുള്ളവനാണ് (ജിബ്രീല്‍ എന്ന മലക്കാണ്) അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്”(സുര്‍ഃ അന്നജ്മ്:1-5).

പ്രവാചകത്വത്തിന്റെ മുദ്ര

നബി ﷺ യുടെ ഇടത്തെ ചുമലിന്റെ ഭാഗത്ത് പ്രാവിന്റെ മുട്ടയുടെ വലുപ്പത്തില്‍ (വ്യാസം) അല്‍പം ഉയര്‍ന്നു നില്‍ക്കുന്ന ഒരു മാംസക്കഷണം ഉണ്ടായിരുന്നു. അതിന്മേല്‍ രോമവും ഉണ്ടായിരുന്നു. ഇതാണ് പ്രവാചക മുദ്ര. മുന്‍വേദ ഗ്രന്ഥങ്ങളില്‍ ഈ മുദ്രയെപ്പറ്റി പരാമര്‍ശങ്ങള്‍ വന്നിട്ടുണ്ട്. ജനന സമയത്ത് ഈ അടയാളം ഉണ്ടായിരുന്നില്ല. ഒന്നാമത്തെ നെഞ്ച് പിളര്‍ത്തലിന് ശേഷമാണ് ഇതു പ്രത്യക്ഷപ്പെട്ടത്. സാഇബ് ഇബ്‌നു യസീദ്(റ) പറയുന്നു: ”എന്റെ മാതൃസഹോദരി എന്നെയും കൊണ്ട് നബി ﷺ യുടെ അടുക്കലേക്ക് ചെന്ന്‌കൊണ്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, എന്റെ സഹോദരീപുത്രന് രോഗമാണ്.’ അപ്പോള്‍ നബി ﷺ എന്റെ തല തടവി. എനിക്ക് ബറകത്തിനായി പ്രാര്‍ഥിച്ചു. ശേഷം നബി ﷺ വുദൂഅ് എടുത്തു. ആ വെള്ളം ഞാന്‍ കുടിച്ചു. ഞാന്‍ നബി ﷺ യുടെ പിന്‍ഭാഗത്ത്‌നിന്നു. അപ്പോള്‍ അവിടുത്തെ ചുമലില്‍ പ്രവാചകത്വത്തിന്റെ മുദ്ര ഞാന്‍ കണ്ടു” (ബുഖാരി-5670, മുസ്‌ലിം-2345).

അല്‍ഫിജാര്‍ യുദ്ധം

നബി ﷺ ക്ക് പതിനഞ്ചോ അതില്‍ അല്‍പം കുടുതലോ പ്രായമായ കാലത്ത് ക്വുറൈശികളും ഖൈസ് ഗോത്രക്കാരും തമ്മില്‍ ഒരു യുദ്ധമുണ്ടായി. ഹര്‍ബുല്‍ ഫിജാര്‍ എന്ന പേരില്‍ ഇത് അറിയപ്പെടുന്നു. തുടക്കത്തില്‍ വിജയം ഖൈസിനായിരുന്നുവെങ്കിലും അവസാന നിമിഷത്തില്‍ ക്വുറൈശികള്‍ ഖൈസിനെതിരെ വിജയം നേടി. ഈ യുദ്ധത്തില്‍ നബി ﷺ യും പങ്കെടുത്തിരുന്നു. തന്റെ പിതൃവ്യന്മാര്‍ക്ക് അമ്പ് ഒരുക്കിക്കൊടുക്കലായിരുന്നു നബി ﷺ യുടെ പണി. നബി ﷺ സ്വയം അമ്പെയ്യുകയും ചെയ്തിട്ടുണ്ട്. ചെറുപ്പം മുതലേ നബി ﷺ ധീരനും യോദ്ധാവുമായിരുന്നു എന്ന് ഈ സംഭവം അറിയിക്കുന്നു.

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 05

നബി ചരിത്രം – 05: നബി ﷺ യുടെ ജനനം

നബി ﷺ യുടെ ജനനം

അബ്ദുല്ലക്ക് 25 വയസ്സായപ്പോള്‍ അദ്ദേഹത്തിന് കല്ല്യാണം കഴിച്ചുകൊടുക്കാന്‍ അബ്ദുല്‍ മുത്ത്വലിബ് ഉദ്ദേശിച്ചു. അങ്ങനെ ആമിന ബിന്‍തു വഹബ്ബ്‌നു അബ്ദുമനാഫുമായുള്ള വിവാഹം നടന്നു. ആമിനയാകട്ടെ അന്ന് ക്വുറൈശികളില്‍ ഉന്നതസ്ഥാനമുള്ള മഹതിയായിരുന്നു. അവരുടെ പിതാവ് ബനൂ സഹ്‌റ ഗോത്രത്തിന്റെ നേതാവുമായിരുന്നു. 

നാളുകള്‍ക്ക് ശേഷം അബ്ദുല്ല ശാമിലേക്കുള്ള ഒരു കച്ചവട സംഘത്തോടൊപ്പം പുറപ്പെട്ടു. തിരിച്ച് വരുമ്പോള്‍ മദീനവഴിവന്ന് തന്റെ അമ്മാവന്മാരായ ബനൂനജ്ജാറിന്റെ കൂടെ താമസിച്ചു. രോഗം കാരണത്താലാണ് ബനൂനജ്ജാറില്‍ തങ്ങിയത്. അല്‍പദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം മരണപ്പെടുകയും മദീനയില്‍ തന്നെ മറമാടപ്പെടുകയും ചെയ്തു. 25 വയസ്സായിരുന്നു അന്ന് അബ്ദുല്ലക്കുണ്ടായിരുന്നത്. നബി ﷺ യാകട്ടെ തന്റെ ഉമ്മയുടെ വയറ്റിലുമായിരുന്നു.

യാത്രാസംഘം മക്കയില്‍ തിരിച്ചെത്തിയപ്പോള്‍ അബ്ദുല്‍ മുത്ത്വലിബ് അബ്ദുല്ല എവിടെയെന്ന് അന്വേഷിച്ചു. ബനൂ നജ്ജാറിലെ അമ്മാവന്മാരുടെ അടുത്തുണ്ടെന്ന് അവര്‍ മറുപടി നല്‍കി. അബ്ദുല്‍ മുത്ത്വലിബ് തന്റെ മൂത്തമകന്‍ ഹാരിസിനെ മദീനയിലേക്കയച്ചു. പക്ഷേ, ഹാരിസ് മദീനയിലേക്കെത്തിയപ്പോഴേക്കും അബ്ദുല്ല മരിച്ച് കഴിഞ്ഞിരുന്നു. ഹാരിസ് തിരിച്ചുവന്ന് പിതാവിനെ വിവരമറിയിച്ചു. അബ്ദുല്‍ മുത്ത്വലിബിനും മക്കള്‍ക്കും ഈ വാര്‍ത്ത താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. അബ്ദുല്ല മരിക്കുമ്പോള്‍ വിട്ടേച്ച്‌പോയത് അഞ്ചു ഒട്ടകങ്ങള്‍, ഒരു പറ്റം ആടുകള്‍ എന്നിവയായിരുന്നു. കൂട്ടത്തില്‍ ബര്‍റ എന്ന് പേരുള്ള ഒരു അടിമസ്ത്രീയുമുണ്ടായിരുന്നു. അവരാണ് ഉമ്മുഐമന്‍.

ക്രിസ്തു വര്‍ഷം 571, ആനക്കലഹവര്‍ഷം റബീഉല്‍ അവ്വല്‍ 12ന് ലോകത്തിന്റെ കാരുണ്യമായ നബി ﷺ  മക്കയിലെ ബനൂഹാശിം കുടുംബത്തില്‍ ജനിച്ചു. അത് 8ന് ആണെന്നും 2നാണെന്നും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്. റബീഉല്‍ അവ്വല്‍ മാസത്തിലല്ല എന്ന അഭിപ്രായവും നിലവിലുണ്ട്. തിങ്കളാഴ്ച ദിവസത്തെ നോമ്പിനെക്കുറിച്ച് ചോദിക്കവെ നബി ﷺ  പറഞ്ഞു: ”ഞാന്‍ ജനിച്ച ദിവസമാണത്. ഞാന്‍ നബിയായി നിയോഗിക്കപ്പെട്ട ദിവസമാണത്.” ഖൈസ്ബ്‌നു മഖ്‌റമ പറയുന്നു: ”ഞാനും നബി ﷺ യും ആനക്കലഹ വര്‍ഷത്തിലെ റബീഉല്‍ അവ്വലിലാണ് ജനിച്ചത്.” 

റബീഅ് എന്നാല്‍ വസന്തകാലം എന്നാണര്‍ഥം. നബി ﷺ  കൊണ്ടുവന്ന ശറഅ് (മതനിയമം) വസന്തമാണ്. ഏറ്റവും നല്ലകാലം വസന്തകാലമാണ്. നബി ﷺ  കൊണ്ടുവന്ന ശറഅ് ഏറ്റവും നല്ല ശറഅ് ആണ് .

വസന്തകാലത്ത് ഭൂമി പൊട്ടിപ്പിളര്‍ന്ന് ചെടികളും മറ്റും മുളക്കുന്നു. നബി ﷺ  ലോകത്തിന് കാരുണ്യമായി റബീഇല്‍ കടന്നുവന്നു.

”ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല” (അല്‍അമ്പിയാഅ് 107).

നബി ﷺ യോടുകൂടി മതനിയമങ്ങളും പൂര്‍ത്തിയാക്കപ്പെട്ടു

”…ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു…”(അല്‍മാഇദ 3). 

ഒരു തിങ്കളാഴ്ച ദിവസത്തില്‍ തന്നെയാണ് നബി ﷺ  മരണപ്പെട്ടതും

പിതാവിന്റെ മരണശേഷമാണ് നബി ﷺ  ജനിക്കുന്നത്. ഒരു അനാഥന്റെ അങ്ങേയറ്റത്തെ അവസ്ഥയാണിത്. ആറാം വയസ്സില്‍ കണ്‍മുന്നില്‍ വെച്ച് ഉമ്മയും മരിച്ചു. പ്രവാചകന്റെ സംരക്ഷണത്തില്‍ ഉമ്മയുടെയോ ഉപ്പയുടെയോ കൈകളില്ലായിരുന്നു എന്നര്‍ഥം. എല്ലാം അറിയുന്നവനും യുക്തിമാനുമായ അല്ലാഹു അതേറ്റെടുത്തു:

”(നബിയേ,) നിന്റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല. തീര്‍ച്ചയായും പരലോകമാണ്നിനക്ക് ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്. വഴിയെ നിനക്ക് നിന്റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ.് നിന്നെ അവന്‍ ഒരു അനാഥയായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്) ആശ്രയം നല്‍കുകയും ചെയ്തില്ലേ? നിന്നെ അവന്‍ വഴി അറിയാത്തവനായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു. നിന്നെ അവന്‍ ദരിദ്രനായി കണ്ടെത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു” (ളുഹാ 3-8).

നബി ﷺ ക്ക് വിജ്ഞാനം നല്‍കിയതും അല്ലാഹുതന്നെ

”നിന്റെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവുമില്ലായിരുന്നുവെങ്കില്‍ അവരില്‍ ഒരു വിഭാഗം നിന്നെ പിഴപ്പിച്ച് കളയുവാന്‍ തുനിഞ്ഞിരിക്കുകയായിരുന്നു. (വാസ്തവത്തില്‍) അവര്‍ അവരെ തന്നെയാണ് പിഴപ്പിക്കുന്നത്. നിനക്ക് അവര്‍ ഒരു ഉപദ്രവവും വരുത്തുന്നതല്ല. അല്ലാഹു നിനക്ക് വേദവും ജ്ഞാനവും അവതരിപ്പിച്ച് തരികയും നിനക്ക് അറിവില്ലാതിരുന്നത് പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്റെ മേലുള്ള അല്ലാഹുവിന്റെ അനുഗ്രഹം മഹത്തായതാകുന്നു”(അന്നിസാഅ് 113).

ഒരു സൃഷ്ടിക്കും അവകാശം പറയാനാകാത്ത വിധം അനാഥനായാണ് നബി ﷺ  വളര്‍ന്നത്. അല്ലാഹു ആര്‍ക്ക് പ്രതാപം നല്‍കിയോ അവനാണ് പ്രതാപവാന്‍ എന്ന് നബി ﷺ യുടെ ജീവിതം ആദ്യം മുതല്‍ അവസാനം വരെ പഠിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും. മാതാപിതാക്കളോ സമ്പത്തോ സ്ഥാനമാനങ്ങളോ ആയിരുന്നില്ല അദ്ദേഹത്തിന്റെ ശക്തിയും പിന്‍ബലവും. എല്ലാറ്റിന്റെയും ഉടമസ്ഥനായ അല്ലാഹുവില്‍ നിന്നുള്ള സഹായവും കാവലുമായിരുന്നു അദ്ദേഹത്തിന്റെ ശക്തി.

”സന്മാര്‍ഗവും സത്യമതവും കൊണ്ട് -എല്ലാ മതങ്ങള്‍ക്കും മീതെ അതിനെ തെളിയിച്ചു കാണിക്കുവാന്‍ വേണ്ടി-തന്റെ ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. ബഹുദൈവാരാധകര്‍ക്ക് (അത്) അനിഷ്ടകരമായാലും ശരി”(അസ്സ്വഫ്ഫ് 9).

അനാഥനായി വളര്‍ന്നത് രക്ഷിതാവിലേക്ക് കൂടുതല്‍ ബന്ധം ഉണ്ടാക്കാന്‍ കാരണമാകുന്നു. ദരിദ്രരുടെയും അനാഥരുടെയും വേദന മനസ്സിലാക്കാന്‍ സഹായിക്കുന്നു. അവരോട് കാരുണ്യം വര്‍ധിക്കും. മുഹമ്മദ് നബി ﷺ  തന്റെ മാതാപിതാക്കളില്‍ നിന്നും പഠിച്ചുമനസ്സിലാക്കിയാണ് പ്രബോധന വിഷയം കൊണ്ടുവന്നത് എന്ന് പറയാന്‍ ശത്രുക്കള്‍ക്ക് പഴുത് ലഭിക്കാതിരുന്നത് അദ്ദേഹത്തിന്റെ അനാഥത്വം മൂലമാണ്. അനാഥത്വത്തിന്റെ മുമ്പില്‍ പകച്ചുനില്‍ക്കേണ്ട ആവശ്യമില്ല എന്ന പാഠവും അനാഥര്‍ക്ക് നബി ﷺ യുടെ ജീവിതത്തില്‍ നിന്നും ലഭിക്കുന്നു. കുറച്ചു കാലം നബി ﷺ  ഉമ്മയുടെ കുടെ വളര്‍ന്നത് യാദൃച്ഛികമായി ഉണ്ടായ ഒന്നായിരുന്നില്ല. മറിച്ച് അല്ലാഹുവിന്റെ ഒരു നടപടിക്രമമായിരുന്നു അത്. പിതാവില്‍നിന്നും എത്രയോ അകലെ ഉമ്മയോടൊപ്പമാണ് ഇസ്മാഈല്‍ നബി(അ) വളര്‍ന്നത്.

”ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്വരയില്‍, നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്). അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്വുള്ളതാക്കുകയും അവര്‍ക്ക്കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദികാണിച്ചെന്ന് വരാം” (ഇബ്‌റാഹീം 37).

 

ഉമ്മയുടെ കൂടെയാണ് മൂസാ നബി(അ) വളര്‍ന്നത്. ഉമ്മയുടെ കൂടെയാണ് ഈസാനബി(അ) വളര്‍ന്നത്

മക്കളെ വളര്‍ത്തുന്ന വിഷയത്തില്‍ ഒരു ഉമ്മാക്കുള്ള സ്ഥാനവും ഈ ചരിത്രങ്ങള്‍ വിളിച്ചറിയിക്കുന്നു. തലമുറകളെ വളര്‍ത്തിയെടുക്കേണ്ടവര്‍ ഉമ്മമാരാണ്. അതുകൊണ്ട് തന്നെ പിതാവിനെക്കാള്‍ മൂന്ന് സ്ഥാനം കൂടുതല്‍ അല്ലാഹു ഉമ്മാക്ക് നല്‍കി. (ബുഖാരി: 597, മുസ്‌ലിം: 2548).

നബി ﷺ ക്ക് പേരിടുന്നു

നബി ﷺ യുടെ ജനന ശേഷം മുഹമ്മദ് എന്ന് പേരിട്ടു. ശേഷം പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബിന്റെ അടുക്കലേക്കയച്ചു. അദ്ദേഹം കുട്ടിയെയും കൊണ്ട് കഅ്ബയില്‍ പ്രവേശിച്ചു. ഏഴാം ദിവസം കുട്ടിക്ക് വേണ്ടി അറവ് നടത്തി. അതിലേക്ക് ക്വുറൈശികളെയും ക്ഷണിച്ചു. ഭക്ഷണം കഴിച്ചശേഷം കുട്ടിക്കെന്താണ് പേരിട്ടതെന്ന് ചോദിച്ചപ്പോള്‍ ‘മുഹമ്മദ്’ എന്ന് മറുപടി പറഞ്ഞു.

ക്വുറൈശികള്‍ പറഞ്ഞു: ‘നിങ്ങളുടെ പൂര്‍വ പിതാക്കളിലൊന്നും ഇങ്ങനെ ഒരു പേരില്ലല്ലോ.’ അബ്ദുല്‍ മുത്ത്വലിബ് പറഞ്ഞു: ‘ആകാശത്തുള്ളവരും ഭൂമിയിലുള്ളവരും അവനെ പുകഴ്ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’

മുഹമ്മദ് എന്നനാമം ക്വുര്‍ആനില്‍ നാല് തവണ പരാമര്‍ശിച്ചിട്ടുണ്ട്

”മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷേ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു…” (അല്‍ അഹ്‌സാബ് 40).

 ”മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാകുന്നു…” (അല്‍ഫത്ഹ് 29). 

”വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും മുഹമ്മദ് നബിയുടെ മേല്‍ അവതരിപ്പിക്കപ്പെട്ടതില്‍ -അതത്രെ അവരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം- വിശ്വസിക്കുകയും ചെയ്തവരാരോ അവരില്‍ നിന്ന് അവരുടെ തിന്‍മകള്‍ അവന്‍ (അല്ലാഹു) മായ്ച്ചുകളയുകയും അവരുടെ അവസ്ഥ അവന്‍ നന്നാക്കിതീര്‍ക്കുകയും ചെയ്യുന്നതാണ്” (മുഹമ്മദ് 2).

”മുഹമ്മദ് അല്ലാഹുവിന്റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്…” (ആലുഇംറാന്‍ 144).

തൗറാത്തില്‍ അഹ്മദ് എന്നപേരാണ് എന്നിട്ടുള്ളത്: ”മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്‌റാഈല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍…” (അസ്സ്വഫ്ഫ് 6).

നബി ﷺ  പറയുന്നു: ”എനിക്ക് പല പേരുകളുണ്ട്. ഞാന്‍ മുഹമ്മദാണ്, ഞാന്‍ അഹ്മദാണ്, ഞാന്‍ ‘മാഹി’യാണ്. എന്നെക്കൊണ്ട് അല്ലാഹു കുഫ്‌റിനെ മായ്ച്ച് കളയും. ഞാനാണ് ‘ഹാശിര്‍.’ എന്റെ കീഴില്‍ ജനങ്ങള്‍ ഒരുമിച്ച് കൂട്ടപ്പെടും. ഞാന്‍ ആക്വിബ് ആണ്” (ബുഖാരി: 4896).

‘ഞാന്‍ അബുല്‍ ക്വാസിം ആണ്’ എന്നും നബി ﷺ  പറഞ്ഞിട്ടുണ്ട്. (ബുഖാരി: 3114, മുസ്‌ലിം: 2133). 

നബി ﷺ യുടെ ജനന സമയത്ത് തന്റെ ഉമ്മയില്‍ നിന്ന് ഒരു പ്രകാശം പുറപ്പെടുകയും ശാമിലെ കൊട്ടാരങ്ങള്‍ വരെ അതുമൂലം തിളങ്ങുകയും ചെയ്തു എന്ന് ഇമാം അഹ്മദില്‍ നിന്ന് ഒരു സംഭവവും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. (അഹ്മദ്: 17163).

ചേലാകര്‍മം

അറബികളുടെ പതിവനുസരിച്ച് ഏഴാം ദിവസം തന്നെ നബി ﷺ യുടെ ചേലാകര്‍മം നടത്തുകയും ചെയ്തു. അന്നുതന്നെ ആടിനെ അക്വീക്വ അറുത്ത് സദ്യയും ഒരുക്കി. ജനങ്ങള്‍ക്കിടയില്‍ കുഞ്ഞിന് കീര്‍ത്തിയും നല്‍കി.

സംരക്ഷണം

യതീമായി നബി ﷺ  മക്കയില്‍ ജനിച്ചു. പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബാണ് ആദ്യം നബി ﷺ യുടെ സംരക്ഷണം ഏറ്റെടുത്തത്. ഉമ്മ ആമിന വളര്‍ത്തുകയും ചെയ്തു. ഉമ്മു ഐമനും കൂടെയുണ്ടായിരുന്നു. മുലയൂട്ടാന്‍ സുവൈബയും സഹകരിച്ചു. അബൂലഹബിന്റെ ഭൃത്യയായിരുന്നു സുവൈബ. നബി ﷺ യുടെ കൂടെ അബൂസലമതുബ്‌നു അബ്ദുല്‍ അസദും സുവൈബയില്‍ നിന്നും മുലകുടിച്ചിരുന്നു.

നബി ﷺ ക്ക് ആറ് വയസ്സായപ്പോള്‍ അബവാഅ് എന്ന സ്ഥലത്ത് വെച്ച് ആമിന മരണപ്പെട്ടു. നബിയെയും കൊണ്ട് മദീനയില്‍ നിന്നും മക്കയിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അവര്‍. പ്രവാചകത്വത്തിന് ശേഷവും നബി ﷺ  തന്റെ ഉമ്മയുടെ ക്വബ്ര്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. നബി ﷺ  ആസന്ദര്‍ഭത്തില്‍ കുറെ കരഞ്ഞിട്ടുണ്ട്. പക്ഷേ, അവര്‍ക്കുവേണ്ടി പാപമോചനം തേടാന്‍ അല്ലാഹു അനുമതിനല്‍കിയില്ല. (മുസ്‌ലിം: 976).

ആമിന മരിച്ച് അബവാഇല്‍ മറവ് ചെയ്ത ശേഷം ഉമ്മു ഐമന്‍ കുഞ്ഞുമായി മക്കയിലേക്ക് മടങ്ങി. അബ്ദുല്‍ മുത്ത്വലിബ് കുഞ്ഞിനെ തന്നിലേക്കണച്ചു കൂട്ടി. തന്റെ മക്കള്‍ക്കൊന്നും നല്‍കാത്ത വാത്സല്യം മുഹമ്മദ് നബി ﷺ ക്ക് നല്‍കി. അബ്ദുല്‍ മുത്ത്വലിബ് എപ്പോഴും കുഞ്ഞിനെ കൂടെയിരുത്തി. ഊണിലും ഉറക്കിലും ഒപ്പം തന്നെ. എന്നാല്‍ കുഞ്ഞിന് എട്ട് വയസ്സായപ്പോള്‍ ഈ സ്‌നേഹവും അസ്തമിച്ചു. പക്ഷേ, മരണത്തിന് മുമ്പ് നബി ﷺ യുടെ സംരക്ഷണം ഏറ്റെടുക്കാന്‍ അബൂത്വാലിബിനോട് വസ്വിയ്യത്ത് ചെയ്തിരുന്നു. കാരണം അബ്ദുല്ലയും അബൂത്വാലിബും ഒരേ ഉമ്മയിലുണ്ടായ മക്കളായിരുന്നു.

അബൂത്വാലിബ് തന്റെ കടമ കൃത്യമായി നിര്‍വഹിച്ചു. തന്റെ മക്കളോടൊപ്പം നബിയെയും ചേര്‍ത്തു. എല്ലാവരെക്കാളും മുന്‍ഗണന നല്‍കി. ശക്തമായിത്തന്നെ സ്‌നേഹിച്ചു. നബിയുടെ കൂടെയല്ലാതെ അബൂത്വാലിബ് ഉറങ്ങിയില്ല. പുറത്ത് പോകുമ്പോള്‍ നബി ﷺ യെയും കൊണ്ടുപോകും. വലിയ ക്വുറൈശി പ്രമാണിമാരോടൊപ്പമുള്ള ശാമിലേക്കുള്ള കച്ചവടയാത്രയില്‍ അബൂത്വാലിബ് നബി ﷺ യെയും കുടെ കൂട്ടി.

സമ്പത്ത് കുറവുള്ള ആളായിരുന്നു അബൂത്വാലിബ്. ശാമില്‍ നിന്നും മടങ്ങിയ ശേഷം നബി ﷺ  ഉപജീവനം തേടി ഇറങ്ങിത്തുടങ്ങി. തുഛമായ നാണയത്തുട്ടുകള്‍ നിശ്ചയിച്ച് നബി ﷺ  മക്കക്കാരുടെ ആടുകളെ മേയ്ച്ചു. അങ്ങനെ ചെറുപ്പം മുതലേ അധ്വാനിച്ച് മാതൃകയായി നബി ﷺ .

നബി ﷺ  പറയുന്നു:”അല്ലാഹു നിയോഗിച്ച നബിമാരൊക്കെ ആടിനെ മേയ്ച്ചിട്ടുണ്ട്.” സ്വഹാബത്ത് ചോദിച്ചു: ”നിങ്ങളും ആടിനെ മേയ്ച്ചിട്ടുണ്ടോ റസൂലേ.” നബി ﷺ  പറഞ്ഞു: ”ഉണ്ട്. ക്വീറാതുകള്‍ പ്രതിഫലമാക്കി മക്കക്കാരുടെ ആടുകളെ ഞാന്‍ മേയ്ച്ചിട്ടുണ്ട്” (ബുഖാരി: 2262).

പ്രവാചകത്വത്തിന് മുമ്പ് ആടിനെ മേയ്ക്കുന്നതില്‍ ഒരുപാട് യുക്തികളുണ്ട്

1. സമൂഹത്തെ നയിക്കാനുള്ള പരിശീലനം.

2. ആടുകളുടെ കൂടെനിന്ന് ക്ഷമിക്കാനും സഹിക്കാനും സ്‌നേഹിക്കാനും കരുണകാണിക്കാനുമുള്ള പരിശീലനം.

3. ശത്രുക്കളില്‍ നിന്ന് സമുദായത്തെ രക്ഷിക്കാനുള്ള സാഹസവും പരിശീലനവും.

അബൂത്വാലിബ് നബി ﷺ യെ സംരക്ഷിച്ചുകൊണ്ടിരുന്നു. നാല്‍പത് കൊല്ലത്തില്‍ അധികം നബി ﷺ ക്ക് വേണ്ടി പ്രതിരോധിക്കുകയും ചെയ്തു.

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 04​

നബി ചരിത്രം – 04: നബിﷺയുടെ പരമ്പര

നബിﷺയുടെ പരമ്പര

മുഹമ്മദ്, അബ്ദുല്ല, അബ്ദുല്‍ മുത്ത്വലിബ്, ഹാശിം, അബ്ദുമനാഫ്, ക്വുസ്വയ്യ്, കിലാബ്, മുര്‍റത്, കഅ്ബ്, ലുഅയ്യ്, ഗാലിബ്, ഫിഹ്‌റ്, മാലിക്, നള്‌റ്, കിനാന, ഖുസൈമ, മുദ്‌രിക, ഇല്യാസ്, മുളര്‍റ്, നസാര്‍, മഅ്ദ്, അദ്‌നാന്‍ എന്നിങ്ങനെ നീളുന്നു നബിﷺയുടെ പരമ്പര.  അവസാനം പറഞ്ഞ അദ്‌നാന്‍ ഇസ്മാഈലുബ്‌നു ഇബ്‌റാഹീമിന്റെ പരമ്പരയില്‍ നിന്നുള്ളതാണ്.

ബനൂസഹ്‌റക്കാരാണ് നബിﷺയുടെ അമ്മാവന്‍മാര്‍. നബിﷺയുടെ ഉമ്മ (ആമിനബിന്‍തു വഹബ്) ബനൂസഹ്‌റയില്‍ പെട്ടവരാണ്. ഇവരുടെ പരമ്പര കിലാബില്‍ ചെന്ന് ചേരുകയും ചെയ്യുന്നു. ക്വുറൈശികളില്‍ വലിയ സ്ഥാനമായിരുന്നു ഖുസ്വയ്യിന് ഉണ്ടായിരുന്നത്. ഖുസ്വയ്യ് മരിച്ചപ്പോള്‍ ആ സ്ഥാനം അദ്ദേഹത്തിന്റെ മക്കളായ അബ്ദുമനാഫ്, അബ്ദുദ്ദാര്‍, അബ്ദുഖുസ്വയ്യ്, അബ്ദുല്‍ കഅ്ബ് തുടങ്ങിയവര്‍ക്ക് ലഭിച്ചു. ക്വുറൈശികളില്‍ ഏറ്റവും സ്ഥാനം അബ്ദുമനാഫിനായിരുന്നു. ഹജ്ജിന് വരുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും ഒരുക്കുന്ന സ്ഥാനം ഇവര്‍ക്കായിരുന്നു. അബ്ദുമനാഫ് മരിച്ചപ്പോള്‍ ഹാശിം ആ സ്ഥാനങ്ങള്‍ക്കര്‍ഹനായി. തണുപ്പുകാലത്തെയും ചൂടുകാലത്തെയും യാത്രാസംഘങ്ങള്‍ ആദ്യമായി ഒരുക്കിയത് അദ്ദേഹമാണ്. ഹാജിമാര്‍ക്കും സന്ദര്‍ശകര്‍ക്കും പായസവും മറ്റു ഭക്ഷണങ്ങളും തയ്യാറാക്കിക്കൊടുത്തിരുന്നത് കൊണ്ടാണ് ഹാശിം എന്ന പേര് ലഭിച്ചത്. യഥാര്‍ഥ നാമം അംറ് എന്നാണ്. ഹാശിമിനു ശേഷം മകന്‍ അബ്ദുല്‍ മുത്ത്വലിബ് വന്നു. മദീനയിലാണ് അദ്ദേഹം വളര്‍ന്നത്. തന്റെ പിതാമഹനായ ഖുസ്വയ്യിനെപ്പോലെത്തന്നെയായിരുന്നു അദ്ദേഹം. വെള്ളപ്പൊക്കത്തില്‍ സംസം കിണര്‍ മൂടിപ്പോയതിനു ശേഷം അത് ആദ്യമായി കുഴിച്ചത് അബ്ദുല്‍ മുത്ത്വലിബായിരുന്നു. പത്തുമക്കളെ അല്ലാഹു നല്‍കിയാല്‍ ഒരു മകനെ ബലിയറുക്കുമെന്ന് നേര്‍ച്ച നേര്‍ന്നതും അബ്ദുല്‍മുത്ത്വലിബായിരുന്നു. 

നല്ലപരമ്പരയും മാന്യതയും സ്വഭാവവും പ്രതാപവുമുള്ള തറവാട്ടില്‍ അഥവാ ക്വുറൈശ് ഗോത്രത്തിലെ ബനൂഹാശിം കുടുംബത്തിലാണ് സൃഷ്ടികളില്‍ ഉത്തമനായ നബിﷺ ജന്മമെടുക്കുന്നത്.

അബ്ദുല്‍ മുത്ത്വലിബ് ഇബ്‌നുഹാശിം

അബ്ദുമനാഫിന് 9 ആണ്‍കുട്ടികളായിരുന്നു ഉണ്ടായിരുന്നത്; ഹാശിം, മുത്ത്വലിബ്, നൗഫല്‍, അബ്ദുശ്ശംസ് എന്നിവര്‍. രിഫാദത്തും സിക്വായത്തും (ഹാജിമാര്‍ക്ക് വെള്ളവും ഭക്ഷണവും ഒരുക്കല്‍) ഹാശിമിനായിരുന്നു അവകാശപ്പെട്ടിരുന്നത്. ഹാശിം മരിക്കാന്‍ സമയത്ത് തന്റെ സഹോദരന്‍ മുത്ത്വലിബിന് ആ സ്ഥാനങ്ങള്‍ വസ്വിയ്യത് ചെയ്തു. തന്റെ സമൂഹത്തില്‍ മഹത്ത്വവും ശ്രേഷ്ഠതയും ഉള്ള ആളായിരുന്നു അബ്ദുല്‍ മുത്ത്വലിബ്. അദ്ദേഹത്തിന്റെ ധര്‍മിഷ്ഠത കാരണത്താല്‍ ‘ഫയ്യാള്’ (കോരിച്ചോരിഞ്ഞ് കൊടുക്കുന്നവന്‍) എന്നായിരുന്നു ക്വുറൈശികള്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. 

ഹാശിമിന്റെ, മദീനയിലുള്ള ഒരു മകനായിരുന്നു ശൈബ. അബ്ദുല്‍മുത്ത്വലിബ് ശൈബയെക്കുറിച്ച് കേട്ടപ്പോള്‍ കുട്ടിയെ തേടി മദീനയിലേക്ക് പുറപ്പെട്ടു. തന്റെ പിതാവിന്റെ അതേ സാദൃശ്യം ശൈബയില്‍ കണ്ടപ്പോള്‍ തന്നിലേക്ക് അണച്ചു പിടിക്കുകയും ഉമ്മവെക്കുകയും കരയുകയും ചെയ്തു. യമനില്‍ നിന്നുള്ള ഒരു വസ്ത്രം ആ കുട്ടിയെ ധരിപ്പിച്ചു. മക്കയിലേക്ക് തന്റെ വാഹനത്തിന്റെ പിന്നിലിരുത്തി കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഉമ്മയുടെ അനുവാദമില്ലാതെ പോരാന്‍ കഴിയില്ലെന്ന് ശൈബ പറഞ്ഞു. മുത്ത്വലിബ് ശൈബയുടെ ഉമ്മയോട് അനുവാദം ചോദിച്ചെങ്കിലും കൊടുത്തില്ല. അവസാനം അനുനയ ശ്രമങ്ങള്‍ നടത്തുകയും ഉമ്മ സമ്മതിക്കുകയും ചെയ്തു. ശൈബയുടെ കുടുംബക്കാരൊക്കെ മക്കയിലാണുള്ളതെന്നും അവര്‍ അവിടെ ഏറ്റവും മാന്യന്മാരായി കഴിയുന്നവരാണ് എന്നുമൊക്കെയായിരുന്നു മുത്ത്വലിബ് ശൈബയുടെ ഉമ്മയോട് പറഞ്ഞത്. അങ്ങനെ ശൈബ മക്കയിലെത്തി. ഇത് കണ്ട നാട്ടുകാരായ  ക്വുറൈശികള്‍ പറഞ്ഞു: ‘മുത്ത്വലിബ് ഇതാ ഒരു അടിമയെ (അബ്ദ്) വാങ്ങിയിരിക്കുന്നു.’ അങ്ങനെ ശൈബ ‘മുത്ത്വലിബിന്റെ അടിമ’ എന്ന അര്‍ഥത്തില്‍ ‘അബ്ദുല്‍ മുത്ത്വലിബ്’ എന്ന് വിളിക്കപ്പെട്ടു. ശൈബ അടിമയല്ല. മറിച്ച് എന്റെ സഹോദരന്‍ ഹാശിമിന്റെ പുത്രനാണ്. മദീനയില്‍ നിന്നും ഞാന്‍ കൊണ്ട് വന്നതാണ് എന്നെല്ലാം മുത്ത്വലിബ് ജനങ്ങളെ അറിയിച്ചു. അങ്ങനെ അബ്ദുല്‍ മുത്ത്വലിബ് (ശൈബ) മക്കയില്‍ വളര്‍ന്ന് വലുതായി. ഒരു ദിവസം മുത്ത്വലിബ് യമനിലേക്ക് കച്ചവടത്തിനായി പുറപ്പെട്ടു. യമനിലെ റദ്ഫാന്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ അദ്ദേഹം മരണപ്പെട്ടു. ശേഷം സിക്വായതും രിഫാദതും അബ്ദുല്‍ മുത്ത്വലിബ് ഏറ്റെടുത്തു. തന്റെ പൂര്‍വപിതാക്കളുടെ നടപടിയനുസരിച്ച് അദ്ദേഹം അത് നിലനിര്‍ത്തുകയും ചെയ്തു.

തടിച്ച് നീണ്ട് വെളുത്ത ആളായിരുന്നു അബ്ദുല്‍ മുത്ത്വലിബ്. സ്ഫുടതയുള്ള നാവിന്റെയും ഉത്തമസ്വഭാവത്തിന്റെയും ഉടമയായിരുന്നു അദ്ദേഹം. തന്റെ പൂര്‍വ പിതാക്കള്‍ എത്തിയിട്ടില്ലാത്ത ഉന്നത സ്ഥാനത്തേക്കദ്ദേഹം എത്തി. തന്റെ സമൂഹം അദ്ദേഹത്തെ സ്‌നേഹിച്ചു. സ്ഥാനം എത്രത്തോളം ഉയര്‍ന്നു എന്നുവെച്ചാല്‍ ‘ശൈബതുല്‍ ഹംദ്,’ ‘ഫയ്യാള്’ എന്നീ പേരുകളില്‍ ഇദ്ദേഹം വിളിക്കപ്പെട്ടു. മലമുകളില്‍ കയറിച്ചെന്ന് പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണം എറിഞ്ഞ് കൊടുത്തതിനാല്‍ ‘മുത്ഇം’ എന്ന പേരും കിട്ടി.  ഒട്ടകത്തിന്റെ മുകള്‍ ഭാഗത്തുള്ള നെയ്യ്‌നിറഞ്ഞ മാംസവും കരളുമായിരുന്നു അദ്ദേഹം ജനങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നത്.

അബ്ദുല്‍മുത്ത്വലിബ് ക്വുറൈശികളില്‍ മാത്രമല്ല അറേബ്യന്‍ പ്രദേശത്താകെയും മഹത് വ്യക്തിയായി മാറി. അറേബ്യന്‍ രാജാക്കന്മാര്‍ക്കിടയില്‍ ഉന്നതസ്ഥാനം ലഭിച്ചു. രാജാക്കളെയും ഭരണാധികാരികളെയും കാണാനുള്ള ഏത് സംഘത്തിലും അറബികള്‍ അബ്ദുല്‍ മുത്ത്വലിബിനെയായിരുന്നു തെരഞ്ഞെടുത്ത് അയച്ചിരുന്നത്.

അബ്ദുല്‍ മുത്ത്വലിബിന്റെ കാലത്തെ കാലത്തെ പ്രധാന സംഭവങ്ങള്‍

പ്രധാനമായും രണ്ട് കാര്യങ്ങളാണ് അബ്ദുല്‍ മുത്വലിബിന്റെ കാലത്തുണ്ടായത്. സംസം കിണര്‍ കുഴിക്കല്‍ ആനക്കലഹം എന്നിവയായിരുന്നു അത്.

സംസം

അല്ലാഹു ഇസ്മാഈല്‍ നബി(അ)ക്കും മാതാവ് ഹാജറക്കും കനിഞ്ഞു നല്‍കിയ ഉറവാണ് സംസം.  വെള്ളപ്പൊക്കത്താലും മറ്റും സംസം കിണര്‍ മൂടിപ്പോയിരുന്നു. അല്ലാഹു അതിനെ പുറത്തുകൊണ്ടുവരാന്‍ ഉദ്ദേശിച്ചപ്പോള്‍ അബ്ദുല്‍ മുത്ത്വലിബ് കഅ്ബക്ക് ചാരെ (ഹിജ്‌റില്‍) ഉറങ്ങിക്കൊണ്ടിരിക്കെ ഒരാള്‍ വന്ന് സംസം കുഴിക്കാന്‍ പറയുന്നതായി സ്വപ്‌നം കാണുന്നു. (കഅ്ബയുടെ വാതിലിന്റെ ഭാഗത്തുള്ള ‘ക്വര്‍യതുന്നംലി'(ഉറുമ്പുകളുടെ ഗ്രാമം)ലാണ് സംസം ഉള്ളതെന്നും സ്വപ്‌നത്തില്‍ അറിയിച്ചു.

അബ്ദുല്‍ മുത്ത്വലിബിന് കാര്യം വ്യക്തമാവുകയും സംസമിന്റെ സ്ഥലം മനസ്സിലാക്കുകയും ചെയ്തപ്പോള്‍ തന്റെ മണ്‍വെട്ടിയെടുത്ത് അങ്ങോട്ട് ചെന്നു. മകന്‍ ഹാരിസിനെയും കൂടെ കൂട്ടി. അന്ന് ഹാരിസല്ലാത്ത മറ്റു മക്കള്‍ ഉണ്ടായിരുന്നില്ല. അങ്ങനെ കിളക്കാന്‍ തുടങ്ങിയപ്പോള്‍ സംസമിന്റെ ഉള്‍ഭാഗം വെളിവായി. അദ്ദേഹം ആവേശം കൊണ്ട് തക്ബീര്‍ ചൊല്ലി. അബ്ദുല്‍മുത്ത്വലിബ് തന്റെ ലക്ഷ്യം നേടിയിരിക്കുന്നു എന്ന് മനസ്സിലാക്കിയ ക്വുറൈശികള്‍ അദ്ദേഹത്തെ സമീപിച്ച് കൊണ്ട് പറഞ്ഞു: ”അല്ലയോ അബ്ദുല്‍ മുത്ത്വലിബ്! ഇത് ഞങ്ങളുടെ പിതാവ് ഇസ്മാഈലിന്റെ കിണറാണ്. ഞങ്ങള്‍ക്കും അതില്‍ അവകാശമുണ്ട്. അത്‌കൊണ്ട് ഞങ്ങളെയും കൂടെചേര്‍ക്കണം.’ അബ്ദുല്‍ മുത്ത്വലിബ് സമ്മതിച്ചില്ല. ഇത് എനിക്ക് പ്രത്യേകമാക്കപ്പെട്ടതും എനിക്ക് മാത്രം നല്‍കപ്പെട്ടതുമാണെന്നായിരുന്നു അബ്ദുല്‍ മുത്ത്വലിബിന്റെ മറുപടി. ക്വുറൈശികള്‍ തര്‍ക്കിക്കാന്‍ വന്നപ്പോള്‍ അബ്ദുല്‍ മുത്ത്വലിബിന്ന് അവരെ നേരിടാനായില്ല. ആ സന്ദര്‍ഭത്തില്‍ അദ്ദേഹം ഇപ്രകാരം നേര്‍ച്ച നേര്‍ന്നു: എനിക്ക് 10 മക്കളെ അല്ലാഹു നല്‍കുകയും അവര്‍ ക്വുറൈശികളെ തടയാന്‍ പ്രായമാവുകയും ചെയ്താല്‍ അതില്‍ ഒരു മകനെ കഅ്ബക്കു സമീപത്തുവെച്ച് അറുക്കും.’ അല്ലാഹു അബ്ദുല്‍ മുത്ത്വലിബിന്റെ പ്രാര്‍ഥന സ്വീകരിച്ചു. പെണ്‍കുട്ടികള്‍ക്കുപുറമെ 10 ആണ്‍കുട്ടികളുണ്ടായി.

ഹാരിസ്, സുബൈര്‍, അബൂലഹബ്, മുക്വവ്വിം, ദ്വറാര്‍, അബൂത്വാലിബ്, ഹജല്‍, അബ്ദുല്ല (നബിﷺയുടെ ഉപ്പ), ഹംസ, അബ്ബാസ് എന്നിവരായിരുന്നു ആ മക്കള്‍. ഇതില്‍ 2 പേര്‍ ഇസ്‌ലാം സ്വീകരിച്ചു; അബ്ബാസ്(റ), ഹംസ(റ) എന്നിവര്‍. 

ആറ് പെണ്‍കുട്ടികളാണ് അബ്ദുല്‍ മുത്ത്വലിബിനുണ്ടായിരുന്നത്. ഉമ്മു ഹകീം, ആതിക്വ, ഉമൈമ, അര്‍വാ, ബര്‍റ, സ്വഫിയ എന്നിവരായിരുന്നു അവര്‍. മൂത്തമകളായ സ്വഫിയ്യ മാത്രമാണ് ഇസ്‌ലാം സ്വീകരിച്ചത്.

ആണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായപ്പോള്‍ തന്റെ നേര്‍ച്ചയെക്കുറിച്ച് അവരെ അറിയിക്കുകയും കരാര്‍ നിറവേറ്റാനായി അവരെ വിളിക്കുകയും ചെയ്തു. മക്കള്‍ക്കിടയില്‍ നറുക്കിട്ടപ്പോള്‍ തന്റെ പ്രിയപ്പെട്ട മകനായ അബ്ദുല്ലക്കാണ് നറുക്ക് വീണത്. അബ്ദുല്‍ മുത്ത്വലിബ് അബ്ദുല്ലയുടെ കൈപിടിച്ച് കത്തിയുമായി കഅ്ബയുടെ സമീപത്തേക്ക് കൊണ്ടുപോയി. ക്വുറൈശികള്‍ അദ്ദേഹത്തെ തടഞ്ഞു. സഹോദരന്മാരും അമ്മാവന്മാരും തടഞ്ഞു. അപ്പോള്‍ അബ്ദുല്‍ മുത്ത്വലിബ് ചോദിച്ചു: ‘എന്റെ നേര്‍ച്ച ഞാനെന്ത് ചെയ്യും?’

ഒരു ഭാഗത്ത് അബ്ദുല്ലയെയും മറുഭാഗത്ത് പത്ത് ഒട്ടകങ്ങളെയും വെച്ച്  നറുക്കിടാന്‍ നിര്‍ദേശമുണ്ടായി. വീണ്ടും അബ്ദുല്ലക്ക് നറുക്ക് വീണാല്‍, പത്ത് ഒട്ടകങ്ങളെ വീണ്ടും നല്‍കണം എന്നായിരുന്നു കരാര്‍. അങ്ങനെ അവര്‍ത്തിച്ചാവര്‍ത്തിച്ച് നറുക്കിട്ടപ്പോഴും അബ്ദുല്ലക്കായിരുന്നു നറുക്ക് വീണത്. അങ്ങനെ ഒട്ടകങ്ങള്‍ നുറോളമെത്തി. അവസാനം ഒട്ടകങ്ങള്‍ക്ക് നറുക്ക് വീഴുകയും അവയെ അറുക്കുകയും ചെയ്തു. ശരീരത്തിന് പകരം 100 ഒട്ടകം എന്ന പ്രായച്ഛിത്തം ആദ്യമായി നടപ്പില്‍ വരുത്തിയത് അബ്ദുല്‍ മുത്ത്വലിബാണെന്ന് പറയാം. ക്വുറൈശികളും അറബികളും ഇതു നിലനിര്‍ത്തി. നബിﷺയും പില്‍കാലത്ത് ഇത് അംഗീകരിച്ചു.

സംസം കിണര്‍ കുഴിച്ചതോടെ ആളുകള്‍ക്കിടയിലുള്ള അബ്ദുല്‍ മുത്ത്വലിബിന്റെ സ്ഥാനം വര്‍ധിച്ചു.

ആനക്കലഹ സംഭവം

അറബികളുടെ ചരിത്രത്തില്‍ ഇത്രവലിയ സംഭവം മുമ്പുണ്ടായിട്ടില്ല. ഇതിനെക്കാള്‍ വലുത് ഇനിയും വരും എന്നതിലേക്കുള്ള സൂചനയായിരുന്നു അത്. മാത്രവുമല്ല അറബികള്‍ക്ക് അല്ലാഹു നന്മ ഉദ്ദേശിച്ചിട്ടുണ്ടെന്നും കഅ്ബയുടെ മഹത്ത്വം വര്‍ധിക്കുമെന്നുമുള്ള ഒരറിയിപ്പ് കൂടിയായിരുന്നു ഇത്. നബിﷺ ജനിച്ചവര്‍ഷത്തിലാണ് ആനക്കലഹം സംഭവിക്കുന്നത്.

യമനിലെ രാജാവായ നജ്ജാശ്ശിയുടെ അസിസ്റ്റന്റായിരുന്നു അബ്‌റഹത്. ജനങ്ങള്‍ മക്കയിലേക്ക് പോകുന്നതും ഹജ്ജ് ചെയ്യുന്നതും അബ്‌റഹത് കണ്ടു. കഅ്ബക്ക് പകരം യമനില്‍ ഒരു ആരാധനാലയമുണ്ടാക്കി ജനങ്ങളെ അങ്ങോട്ട് തിരിക്കാന്‍ അബ്‌റഹത് ഉദ്ദേശിച്ചു. ഖുല്ലൈസ് എന്നായിരുന്നു ആ ആരാധനാലയത്തിന്റെ പേര്.

ബനൂകിനാനയില്‍ പെട്ട ഒരാള്‍ ഇതറിഞ്ഞു. ആദ്ദേഹം രാത്രി ചെന്ന് ആരാധനാലയത്തിന്റെ ചുമരുകളില്‍ മാലിന്യം വാരിത്തേച്ചു. ഇതറിഞ്ഞ അബ്‌റഹത് കോപാകുലനായി. അതോടെ കഅ്ബ തകര്‍ക്കാനും തീരുമാനിച്ചു. വലിയ ഒരു സൈന്യവുമായി അയാള്‍ പുറപ്പെട്ടു. ഒരു കൂട്ടം ആനയും അതിലുണ്ടായിരുന്നു. ഏറ്റവും വലിയ ആനയെ തനിക്ക് വേണ്ടി അബ്‌റഹത് തെരഞ്ഞെടുത്തു. മഹ്മൂദ് എന്ന് അതിന് പേരിടുകയും ചെയ്‌യു. 

അബ്‌റഹതും സൈന്യവും മുന്നോട്ട് നീങ്ങി. കഅ്ബയുടെ കിഴക്ക് വശത്ത് മുഗമ്മസ് വരെ എത്തി. അറഫയുടെ അടുത്താണീ പ്രദേശം. മക്കയില്‍ നിന്ന് 20 കിലോമീറ്ററാണ് അങ്ങോട്ടുള്ളത്. അവിടെ വെച്ച് ക്വുറൈശികളുടെ സ്വത്ത് അവര്‍ കവര്‍ന്നു. അതില്‍ അബ്ദുല്‍ മുത്ത്വലിബിന്റെ 200 ഒട്ടകങ്ങളും ഉണ്ടായിരുന്നു. ക്വുറൈശികളുടെ നേതാവെന്ന നിലക്ക് അബ്ദുല്‍ മുത്ത്വലിബ് വന്നു. അബ്‌റഹത്തിന്റെ അടുത്തേക്ക് പ്രവേശിച്ചു. അബ്‌റഹത്ത് അദ്ദേഹത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തു.

അബ്‌റഹത്: ‘താങ്കള്‍ക്കെന്തു വേണം?’

അബ്ദുല്‍ മുത്ത്വലിബ്: ‘നിങ്ങള്‍ പിടിച്ചെടുത്ത എന്റെ 200 ഒട്ടകങ്ങളെ തിരിച്ചുതരണം.’

അബ്‌റഹത്: ‘താങ്കളെ ആദ്യം കണ്ടപ്പോള്‍ എനിക്ക് ബഹുമാനം തോന്നി. പക്ഷേ, നിങ്ങള്‍ സംസാരിച്ചപ്പോള്‍ എനിക്ക് വെറുപ്പാണ് തോന്നുന്നത്. 200 ഒട്ടകത്തിന്റെ വിഷയത്തിലാണോ നിങ്ങള്‍ സംസാരിക്കുന്നത്? ഞാന്‍ തകര്‍ക്കാന്‍ വന്നത് നിങ്ങളുടെയും പൂര്‍വ പിതാക്കളുടെയും മതമായ കഅ്ബയെയാണ്. അതിനെക്കുറിച്ചൊന്നും സംസാരിക്കാനില്ലേ?’

അബ്ദുല്‍ മുത്ത്വലിബ്: ‘ഒട്ടകത്തിന്റെ ഉടമസ്ഥന്‍ ഞാനാണ്. കഅ്ബക്കൊരു ഉടമസ്ഥനുണ്ട് അവന്‍ അതിനെ സംരക്ഷിച്ചുകൊള്ളും.’

അബ്‌റഹത്: ‘അത് അസാധ്യമാണ്, ആര്‍ക്കും തടയാന്‍ കഴിയില്ല.’

അബ്‌റഹത് ഒട്ടകങ്ങളെ തിരിച്ച് കൊടുത്തു. ഒട്ടകങ്ങളെ തിരിച്ച് കിട്ടിയപ്പോള്‍ അവയുടെ കഴുത്തില്‍ ബലിക്കുള്ള അടയാളം കെട്ടിത്തൂക്കി. എന്നിട്ട് ഹറമിലേക്ക് വിട്ടയച്ചു. അബ്ദുല്‍മുത്ത്വലിബ് തന്റെ ആളുകളോട് മലയിടുക്കുകളില്‍ വ്യാപിക്കുവാനും മലമുകളില്‍ രക്ഷതേടുവാനും നിര്‍ദേശം നല്‍കി.

അബ്‌റഹത്തിന്റെ സൈന്യം അക്രമിക്കുമോ എന്ന ഭയമായിരുന്നു അതിനു കാരണം. അബ്‌റഹതുമായി ഏറ്റുമുട്ടാന്‍ കഴിയില്ലെന്നും കഅ്ബയെ അതിന്റെ ഉടമസ്ഥന്‍ സംരക്ഷിച്ചുകൊള്ളുമെന്നും അബ്ദുല്‍ മുത്ത്വലിബ് മനസ്സിലാക്കി.

ഖുറൈശികള്‍ മലയിടുക്കുകളിലും മലകളിലും അഭയം തേടി. അബ്രഹത്ത് എന്തുചെയ്യുന്നു എന്നറിയാന്‍ കാത്തു നിന്നു. അബ്ദുല്‍ മുത്വലിബ് കഅ്ബയുടെ അടുത്ത് ചെന്ന് അല്ലാഹുവോട് പ്രാര്‍ത്ഥിക്കുകയും സഹായം തേടുകയും ചെയ്തു.

അബ്‌റഹത്ത് തന്റെ സൈന്യത്തെ ഇളക്കിവിട്ടു. മക്കയില്‍ പ്രവേശിക്കാന്‍ ഒരുക്കം നടത്തി.ഒരു ആന മക്കയിലേക്ക് തിരിച്ചപ്പോള്‍ അതു മുട്ടുകുത്തി. ശക്തിയായി അടിച്ചിട്ടും ഫലമുണ്ടായില്ല. എന്നാല്‍ യമനിന്റെ ഭാഗത്തേക്ക് തിരിച്ചപ്പോള്‍ അത് ഓടാനും തുടങ്ങി. വീണ്ടും മക്കയിലേക്ക് തിരിച്ചപ്പോള്‍ അത് ഇരിക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തിലാണ് അബാബീല്‍ എന്ന പക്ഷികളെ അല്ലാഹു അവരിലേക്ക് നിയോഗിച്ചത്. കടല മണിയോളം വലുപ്പമുള്ള തീക്കല്ലുകള്‍ കൊണ്ട് അവരെ എറിഞ്ഞു. അത് കൊണ്ടവരെല്ലാം മരിച്ച് വീണു. അവര്‍ ചവച്ചരക്കപ്പെട്ട വൈക്കോല്‍ പോലായി! ആ ഏറ് ബാധിക്കാത്തവര്‍ തിരിഞ്ഞോടുകയും ചെയ്തു. തന്റെ സൈന്യത്തിന് ബാധിച്ച നാശവും തിരിഞ്ഞോട്ടവും കാണാന്‍ അല്ലാഹു അബ്‌റഹത്തിനെ ബാക്കിയാക്കി. ശേഷം അബ്‌റഹത്തിന് ഒരു പ്രത്യേക തരം രോഗം ബാധിച്ചു. അതിന്റെ ഭാഗമായി ഓരോരോ വിരലുകള്‍ മുറിഞ്ഞ് വീണു. സ്വന്‍ആഇല്‍ എത്തിയപ്പോഴേക്കും അബ്‌റഹത്ത് ഒരു പക്ഷിക്കുഞ്ഞിനെപ്പോലെയായിത്തീര്‍ന്നിരുന്നു. അങ്ങനെ ഹൃദയം പൊട്ടിത്തകര്‍ന്ന് അയാള്‍ നീചമായ മരണം വരിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഒരു അധ്യായംതന്നെ ക്വുര്‍ആനിലുണ്ട്: 

”ആനക്കാരെക്കൊണ്ട് നിന്റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെ എന്ന് നീ കണ്ടില്ലേ? അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ? കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക് അവന്‍ അയക്കുകയും ചെയ്തു. ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട് അവരെ എറിയുന്നതായ. അങ്ങനെ അവന്‍ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി” (അല്‍ഫീല്‍:1-5).

അബിസീനിയക്കാരെ മക്കയില്‍ നിന്ന് അല്ലാഹു തുരത്തിക്കളയുകയും വിനാശകരമായ വിപത്ത് അവര്‍ക്കു ബാധിക്കുകയും ചെയ്തപ്പോള്‍ അറബികള്‍ ക്വുറൈശികളെ ബഹുമാനിക്കാന്‍ തുടങ്ങി. ഇവര്‍ അല്ലാഹുവിന്റെ ആളുകളാണെന്നും അല്ലാഹു അവര്‍ക്കു വേണ്ടി യുദ്ധം ചെയ്തു എന്നും ശത്രുക്കളുടെ ഉപദ്രവത്തില്‍നിന്നും അല്ലാഹു അവരെ മോചിപ്പിച്ചു എന്നും അവര്‍ പറഞ്ഞു. ബൈതുല്‍ ഹറമിന്റെ മഹത്ത്വവും അവര്‍ക്കിടയില്‍ വര്‍ധിച്ചു.

 ”നിര്‍ഭയമായ ഒരു പവിത്രസങ്കേതം നാം ഏര്‍പെടുത്തിയിരിക്കുന്നു എന്ന് അവര്‍ കണ്ടില്ലേ? അവരുടെ ചുറ്റുഭാഗത്തു നിന്നാകട്ടെ ആളുകള്‍ റാഞ്ചിയെടുക്കപ്പെടുന്നു…” (അല്‍അന്‍കബൂത്:67).

ക്രിസ്തുവര്‍ഷം 571, മുഹര്‍റം മാസത്തിലാണ് ആനക്കലഹം ഉണ്ടായത്. നബിﷺയുടെ ജനനത്തിന്റെ ഏതാണ്ട് ഒന്നര മാസം മുമ്പായിരുന്നു അത്. അല്ലാഹുവിന്റെ വലിയൊരു ദൃഷ്ടാന്തമായിരുന്നു ഈ സംഭവം. നബിﷺയുടെ വരവിന്റെ ഒരു ആമുഖം കൂടിയായിരുന്നു അത്. കഅ്ബയെ വിഗ്രഹങ്ങളില്‍ നിന്നും ശുദ്ധീകരിക്കുമെന്നും അതിന്റെ ആദ്യ അവസ്ഥയിലേക്ക് അത് മടങ്ങുമെന്നും ഈ മതത്തിന് കഅ്ബയുമായി ശാശ്വതവും ആഴമേറിയതുമായ ബന്ധമുണ്ടാകുമെന്നുമുള്ള പല സൂചനകളും ഈ ആനക്കലഹ സംഭവത്തിലുണ്ട്. 

”പവിത്രഭവനമായ കഅ്ബയെയും യുദ്ധം നിഷിദ്ധമായ മാസത്തെയും അല്ലാഹു ജനങ്ങളുടെ നിലനില്‍പിന് ആധാരമാക്കിയിരിക്കുന്നു…”(അല്‍മാഇദ:97).

ഏതായാലും ക്വുറൈശികളുടെ മഹത്ത്വം വര്‍ധിച്ചു. ഈ ക്വുറൈശികളിലാണ് നബിﷺ ജനിക്കുന്നത്. വഴിയെ ഗോത്രം നബിﷺയെ പിന്‍പറ്റി. ശേഷം മറ്റുള്ള ഗോത്രങ്ങളും നബിﷺക്ക് കീഴൊതുങ്ങി. ഹൃദയം അല്ലാഹുവിന്ന് കീഴ്‌പെട്ടാല്‍ മറ്റു അവയവങ്ങളും കീഴ്‌പെടുന്നതുപോലെയായിരുന്നു അത്. മക്കക്കാര്‍ക്കാണ് അല്ലാഹു ഈ പ്രത്യേകത നല്‍കിയത്. മക്കക്കാര്‍ മറ്റുഗോത്രങ്ങള്‍ക്കുള്ള മാതൃകയാണ്. അവര്‍ വിശ്വസിച്ചാല്‍ എല്ലാവരും വിശ്വസിക്കും. അതെ സൃഷ്ടിപ്പിലും നിയന്ത്രണത്തിലും കാര്യങ്ങള്‍ നടപ്പില്‍വരുത്തുന്നതിലും അല്ലാഹു പരിശുദ്ധനാണ്.

ആനക്കലഹം നടന്ന കാലത്ത് അറബികള്‍ പല രാജ്യക്കാര്‍ക്കും വിധേയപ്പെട്ടവരായിരുന്നു. ചിലര്‍ പേര്‍ഷ്യക്കാര്‍ക്ക് വിധേയപ്പെട്ടവരാണെങ്കില്‍ മറ്റു ചിലര്‍ റോമക്കാര്‍ക്ക്; വേറെ ചിലര്‍ ഹബ്ശക്കാര്‍ക്ക്. എന്നാല്‍ ആനക്കലഹ സംഭവം നടക്കുകയും ഇസ്‌ലാം കടന്നുവരികയും ചെയ്തതോടെ  മറ്റുള്ളവകൊണ്ടൊന്നും കാര്യമില്ലെന്ന സത്യം അവര്‍ മനസ്സിലാക്കി.

മനുഷ്യകരങ്ങള്‍ക്ക് പ്രവേശനമില്ലാത്ത വിധമാണ് മക്കക്കാര്‍ക്ക് അല്ലാഹു വിജയം നല്‍കിയത്. ബൈതുല്‍ ഹറാമിന്റെ മഹത്ത്വം കൊണ്ടായിരുന്നു അത്. 

”…നിര്‍ഭയമായ ഒരു പവിത്രസങ്കേതം നാം അവര്‍ക്ക് അധീനപ്പെടുത്തികൊടുത്തിട്ടില്ലേ? എല്ലാ വസ്തുക്കളുടെയും ഫലങ്ങള്‍ അവിടേക്ക് ശേഖരിച്ച് കൊണ്ടുവരപ്പെടുന്നു. നമ്മുടെ പക്കല്‍ നിന്നുള്ള ഉപജീവനമത്രെ അത്…”(ക്വസ്വസ്: 57)

ആനക്കലഹസംഭവം ക്വുറൈശികള്‍ വലിയ കാര്യമായി എടുത്തു. ഏതു കാര്യത്തെയും അതിലേക്ക് ചേര്‍ത്തിയായിരുന്നു അവര്‍ പറഞ്ഞിരുന്നത്. ആനക്കലഹം നടന്ന വര്‍ഷം ജനിച്ചു…ആനക്കലഹം നടന്നവര്‍ഷം മരിച്ചു എന്നൊക്കെയായിരുന്നു അവര്‍ പറഞ്ഞിരുന്നത്.

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 03

നബി ചരിത്രം – 03: അറബികളുടെ മാറ്റം

അറബികളുടെ മാറ്റം

പ്രവാചകത്വത്തിന്റെ സുര്യന്‍ അറേബ്യയില്‍ നിന്ന് ഉദിക്കണമെന്നായിരുന്നു അല്ലാഹുവിന്റെ തീരുമാനം. അവിടെയായിരുന്നു ഏറ്റവും വലിയ ഇരുട്ട്. ഈ ഇരുട്ടിനെ നീക്കിക്കളയാനാവശ്യമായ പ്രകാശ കിരണങ്ങളും അവിടെത്തന്നെയായിരുന്നു പ്രസരിക്കേണ്ടിയിരുന്നത്. ഹിദായത്ത് കൊണ്ടും ആ രാജ്യം നിറയേണ്ടതുണ്ട്.

”അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക്  വായിച്ചുകേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു” (അല്‍ജുമുഅ:2).

നബിﷺയുടെ ആഗമനത്തിലുടെ ഈ സമൂദായത്തെ അല്ലാഹു ഇരുട്ടുകളില്‍ നിന്നും വെളിച്ചത്തിലേക്ക് കൊണ്ടുവന്നു. അവിശ്വാസത്തില്‍നിന്ന് വിശ്വാസത്തിലേക്കും ബഹുദൈവ വിശ്വാസത്തില്‍നിന്ന് ഏകദൈവ വിശ്വാസത്തിലേക്കും അജ്ഞതയില്‍ നിന്ന് വിജ്ഞാനത്തിലേക്കും ശത്രുതയില്‍ നിന്ന് സ്‌നേഹത്തിലേക്കും അക്രമത്തില്‍ നിന്ന് നീതിയിലേക്കും ഭയത്തില്‍ നിന്ന് നിര്‍ഭയത്വത്തിലേക്കും അല്ലാഹു അവരെ കൊണ്ടുന്നു.

”നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്‌നികുണ്ഡത്തിന്റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി”(ആലുഇംറാന്‍:103).

അറബികളില്‍ നിന്ന് നബിﷺയെ തെരഞ്ഞെടുത്തതു പോലെ ഈ പ്രബോധനത്തെ ആദ്യമായി സ്വീകരിക്കുന്നവരും ശേഷം അത് ജനങ്ങളിലേക്കെത്തിക്കുന്നവരും അറബികള്‍ തന്നെയാകാന്‍ അല്ലാഹു അവരെ തെരഞ്ഞെടുത്തു. ഇതിന് ചിലകാരണങ്ങള്‍ കൂടിയുണ്ട്. അതായത് അറബികളുടെ മനസ്സ് ശുദ്ധമാണ്. അവര്‍ നിശ്ചയദാര്‍ഢ്യതയുള്ളവരാണ്. സത്യം പ്രയാസമായപ്പോള്‍ അവരതിനെ ഒഴിവാക്കി. അത് മനസ്സിലാക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവര്‍ സത്യത്തോട് യുദ്ധം ചെയ്തു. എന്നാല്‍ കണ്ണുകളില്‍ നിന്ന് മൂടി നീങ്ങിയപ്പോള്‍ അവര്‍ ആ സത്യത്തില്‍ വിശ്വസിക്കുകയും അതിനെ സ്‌നേഹിക്കുകയും അണച്ചു പിടിക്കുകയും ചെയ്തു. അതിന്റെ പേരില്‍ മരിക്കാന്‍ തയ്യാറായി; ഇതാണുണ്ടായത്. 

മനുഷ്യരില്‍ ഏറ്റവും മോശക്കാരായിരുന്നു അവര്‍. എന്നാല്‍ സത്യത്തില്‍ വിശ്വസിച്ചപ്പോള്‍ ഏറ്റവും നല്ല മനുഷ്യരായി മാറി അവര്‍. അവരുടെ ഹൃദയത്തിന്റെ ഫലകങ്ങള്‍ സംശുദ്ധമായി. വിശ്വാസമോ ആഴമേറിയ അറിവുകളോ ആദ്യകാലങ്ങളില്‍ അവരുടെ ഹൃദയങ്ങളില്‍ ഉണ്ടായിരുന്നില്ല. അജ്ഞതയും ക്രൂരതയും മാത്രമാണ് അവരിലുണ്ടായിരുന്നത്. ഇഛകളുടെയും അശ്രദ്ധയുടെയും താഴ്‌വരകളില്‍ വിഹരിക്കുകയായിരുന്നു അവരുടെ ഹൃദയങ്ങള്‍. സത്യത്തെ തൊട്ട് അവകള്‍ അന്ധരായിരുന്നു. ഇത്തരം പതിവുസ്വഭാവങ്ങളെ നീക്കം ചെയ്യലും കഴുകിക്കളയലും അത്ര എളുപ്പമായിരുന്നില്ല. അവിടെ പകരം വരേണ്ടത് ദൈവിക വെളിച്ചമാണ്. പക്ഷേ, അവര്‍ ഇസ്‌ലാമിലേക്ക് ധൃതി കാണിച്ചു. അവരുടെ ജീവിതം മാറി. ലോകത്തെ അവര്‍ മാറ്റി. മനുഷ്യ ഹൃദയങ്ങളെ ഈമാന്‍ കൊണ്ട് അവര്‍ തുറന്നു. 

”മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന്  വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. ..” (ആലുഇംറാന്‍: 110).

അറബികള്‍ സത്യനിഷേധത്തിലും വഴികേടിലുമായിരുന്നുവെങ്കിലും തുറന്ന ഏടുകളായിരുന്നു. മനക്കരുത്തിന്റെ ഉടമകളായിരുന്നു. മനുഷ്യത്വം അവരിലുണ്ടായിരുന്നു. സ്വന്തത്തെ അവര്‍ വഞ്ചിച്ചിരുന്നില്ല. മറ്റുള്ളവരെ ചതിച്ചിരുന്നില്ല. ശക്തമായ വാക്കുകള്‍, ഉറച്ച തീരുമാനം, ധീരത, ഔദാര്യം തുടങ്ങി ഒട്ടനവധി ഗുണങ്ങളും അവരിലുണ്ടായിരുന്നു. ഈ സ്വഭാവങ്ങള്‍ക്ക്ഭംഗിയും വെളിച്ചവും പകരാന്‍ ഇസ്‌ലാം അവരിലേക്ക് വന്നു.

”തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക്‌നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക്ഓതിക്കേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു” (ആലുഇംറാന്‍: 164).

അല്ലാഹു തആലാ അറബികളെ ഈ മതം കൊണ്ട് ആദരിച്ചപ്പോള്‍ അവരത് സ്വീകരിച്ചു. ആരാധനയിലും ദഅ്‌വത്തിലും സ്വഭാവത്തിലും ഇടപാടുകളിലും അവര്‍ ജനങ്ങള്‍ക്ക് വേണ്ടി പുറത്തുകൊണ്ടുവരപ്പെട്ട ഉത്തമ സമുദായമായി മാറി. ജനങ്ങളോട് കാരുണ്യമുള്ളവരായി. അങ്ങനെ അവര്‍ ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിച്ചു. അല്ലാഹുവിന്റെ മതം അവരെ പഠിപ്പിച്ചു. എല്ലാവര്‍ക്കും നന്മ ചെയ്തു കൊടുത്തു.

സത്യസന്ധതയുടെയും വിശ്വസ്തതയുടെയും ധീരതയുടെയും ആളുകളായിരുന്നു അറബികള്‍. കാപട്യവും ഗൂഢാലോചനയും അവരുടെ പ്രകൃതിയില്‍ ഉണ്ടായിരുന്നില്ല. അവര്‍ മുസ്‌ലിംകളായപ്പോള്‍ അല്ലാഹുവോടുള്ള കരാറുകള്‍ അവര്‍ പാലിച്ചു. വിലപ്പെട്ടതെല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവര്‍ ചെലവഴിച്ചു. 

”സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്‍മാരുണ്ട്. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്ത സാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ (അത്) കാത്തിരിക്കുന്നു. അവര്‍ (ഉടമ്പടിക്ക്) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല”(അല്‍അഹ്‌സാബ്: 23).

നാഗരികതയില്‍ നിന്നും പട്ടണവാസത്തില്‍ നിന്നും അകലെയായിരുന്നു അറബികള്‍. പ്രയാസഘട്ടങ്ങളിലും ധീരമായി ഉറച്ചു നില്‍ക്കുന്നവരായിരുന്നു അവര്‍. അതിനാല്‍ ഇസ്‌ലാം സ്വീകരിച്ചതോടെ അവര്‍ അല്ലാഹുവിന്റെ സൈന്യമായി. 

”മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്‌കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. അതാണ് തൗറാത്തില്‍ അവരെ പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൗതുകം തോന്നിച്ചുകൊണ്ട് അതിന്റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നുനിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത്) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു” (അല്‍ഫത്ഹ്: 29).

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 02

നബി ചരിത്രം – 02: അറബികളുടെ അജ്ഞാനകാല ജീവിതം

ഇസ്‌ലാമിനു മുമ്പുള്ള അറബികളുടെ ജീവിതം വളരെ മോശമായിരുന്നു. കൂരാകൂരിരുട്ടിലും ഏറ്റവും വലിയ കുഴപ്പങ്ങളിലും മ്ലേഛ സ്വഭാവങ്ങളിലും ആറാടിയിരുന്നവരായിരുന്നു അവര്‍.

എല്ലാ മേഖലകളിലും പിശാച് അവരുടെ ജീവിതത്തെ നശിപ്പിച്ചു. തൗഹീദിനുപകരം ശിര്‍ക്കും അറിവിന് പകരം അജ്ഞതയും ഐക്യത്തിനുപകരം ഛിദ്രതയും നിര്‍ഭയത്ത്വത്തിനു പകരം ഭയവും നീതിക്കും നന്മക്കും പകരം ശത്രുതയും അക്രമവും നിറഞ്ഞതായിരുന്നു ജാഹിലിയ്യഃ (അജ്ഞാന) കാലഘട്ടം. അജ്ഞതയുടെ അങ്ങേയറ്റമായിരുന്നു അവരുടെ ജീവിതം. നീതിരഹിതമായ വിധികല്‍പിക്കലും അവസാനമില്ലാത്ത പ്രതികാരചിന്തയും കുത്തഴിഞ്ഞ ലൈംഗികതയും അവരുടെ മുഖമുദ്രയായിരുന്നു. 

സത്യനിഷേധവും ബഹുദൈവാരാധനയും അക്രമവും അവരില്‍ വ്യാപകമായിരുന്നു. കുടുംബങ്ങളും ഗോത്രങ്ങളും സമൂഹങ്ങളും ഇതില്‍നിന്ന് ഒഴിവായിരുന്നില്ല. എല്ലാ വീടുകളിലും വിഗ്രഹം. ഓരോ ഗോത്രത്തിനും വിഗ്രഹം. അല്ലാഹുവിന്ന് പുറമെ അവ ആരാധിക്കപ്പെട്ടു. 

തങ്ങളുടെ മതത്തില്‍ ഭിന്നതയുണ്ടാക്കുകയും കക്ഷികളായിത്തീരുകയും ചെയ്തവരാരോ അവരുമായി നിനക്ക് യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിങ്കലേക്ക് തന്നെയാണ് (മടക്കപ്പെടുന്നത്). അവര്‍ ചെയ്തു കൊണ്ടിരുന്നതിനെപ്പറ്റി അവന്‍ അവരെ അറിയിച്ച് കൊള്ളും” (ക്വുര്‍ആന്‍ 6:159).

തിന്മകളുടെ വിവിധ മുഖങ്ങള്‍ അവരില്‍ പ്രകടമായിരുന്നു. നിഷിദ്ധങ്ങള്‍ അവര്‍ക്കിടയില്‍ സര്‍വത്രവ്യാപകം. അല്ലാഹുവിനെക്കുറിച്ച് പറയാന്‍ പാടില്ലാത്തത് അവര്‍ പറഞ്ഞു. 

അവര്‍ പറഞ്ഞിരുന്നു; ഞങ്ങളുടെ ഐഹികജീവിതമല്ലാതെ യാതൊന്നുമില്ല. ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരുമല്ല എന്ന്” (ക്വുര്‍ആന്‍ 6:29).

ശിര്‍ക്കില്‍ അവര്‍ അഭയം തേടി. തൗഹീദില്‍ നിന്നും ശിര്‍ക്കിലേക്കവര്‍ ഓടിയകന്നു. തൗഹീദ് നിരര്‍ഥകമാണെന്ന് അവര്‍ കരുതി. ആ ചിന്തതന്നെ അവര്‍ക്ക് വിസ്മയകരമായി തോന്നി. 

ഇവന്‍ പല ദൈവങ്ങളെ ഒരൊറ്റ ദൈവമാക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഇത് ഒരു അത്ഭുതകരമായ കാര്യം തന്നെ” (ക്വുര്‍ആന്‍ 38:5).

ഇഛകളെ പിന്‍പറ്റി എല്ലാ തെറ്റുകളിലും അവര്‍ വിഹരിച്ചു. ഹറാം-ഹലാല്‍ വേര്‍തിരിവുകള്‍ അവര്‍ക്കിടയില്‍ ഇല്ലാതായി. ആരാധനകളിലും സ്വഭാവങ്ങളിലും അല്ലാഹുവിന്റെ നിയന്ത്രണ രേഖകള്‍ വിട്ടുകടന്നു. വാക്കിലും പ്രവൃത്തിയിലും ഭക്ഷണത്തിലും പാനീയത്തിലും നികാഹിലും സമ്പത്തിലും അല്ലാഹുവിന്റെ നിയമങ്ങള്‍ ലംഘിക്കപ്പെട്ടു. മദ്യത്തെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി അവര്‍ കണ്ടു. പുരുഷന്മാര്‍ക്ക് ഇഷ്ടംപോലെ സ്ത്രീസുഹൃത്തുക്കള്‍. സ്ത്രീകള്‍ക്ക് പുരുഷ സുഹൃത്തുക്കള്‍. വ്യഭിചാരത്തിന് സ്ത്രീകളെ നിര്‍ബന്ധിപ്പിച്ചു. പലിശ അനുവദനീയമാക്കി. ഇരട്ടിയിരട്ടിയായി പലിശ വാങ്ങി. ചത്ത ജീവികളെ അവര്‍ ഭക്ഷിച്ചു. ശവമെന്ന് പറഞ്ഞാല്‍ അല്ലാഹു അറുത്തതാണെന്ന് പിശാച് അവര്‍ക്ക് ഓതിക്കൊടുത്തു. 

അവരുടെ ഹൃദയം കടുത്തുപോയി. പെണ്‍കുട്ടികള്‍ പിറക്കുന്നത് അവര്‍ക്ക് അപമാനമായി തോന്നി. പലരും പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടി. 

അതുപോലെ തന്നെ ബഹുദൈവവാദികളില്‍പെട്ട പലര്‍ക്കും സ്വന്തം മക്കളെ കൊല്ലുന്നത് അവര്‍പങ്കാളികളാക്കിയ ദൈവങ്ങള്‍ ഭംഗിയായി തോന്നിച്ചിരിക്കുന്നു” (ക്വുര്‍ആന്‍ 6:137)  

ദാരിദ്ര്യഭയത്താല്‍ ജീവനോടെത്തന്നെയായിരുന്നു അവര്‍ മക്കളെ കുഴിച്ച് മൂടിയിരുന്നത്. 

ദാരിദ്ര്യഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു”(ക്വുര്‍ആന്‍ 17:31).

സ്ത്രീകള്‍ക്ക് തീരെ സ്ഥാനം നല്‍കിയില്ല. ഉപഭോഗവസ്തുവായി  മാത്രം സ്ത്രീകളെ അവര്‍ ഉപയോഗിച്ചു. അക്രമം, കൊള്ള, കൊല, വഴിതടയല്‍… ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല. പൂര്‍വപിതാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനം കൊണ്ടു; അത് എത്ര മോശമാണെങ്കിലും ശരി. 

അല്ലാഹു അവതരിപ്പിച്ചതിനെ നിങ്ങള്‍ പിന്തുടരൂ എന്ന് അവരോട് പറയപ്പെട്ടാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ എന്തൊന്നില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടുവോ അതിനെയാണ് ഞങ്ങള്‍ പിന്തുടരുക എന്നായിരിക്കും അവര്‍ പറയുക. പിശാച് ജ്വലിക്കുന്ന നരകശിക്ഷയിലേക്കാണ് അവരെ ക്ഷണിക്കുന്നതെങ്കില്‍ പോലും (അവരതിനെ പിന്തുടരുകയോ?)” (ക്വുര്‍ആന്‍ 31:21).

യുദ്ധം അവര്‍ക്ക് വിനോദവും ആവേശവുമായിരുന്നു. ചതിയിലും അക്രമത്തിലും അവര്‍ അഭിമാനം കൊണ്ടു. സദസ്സുകളിലും വഴികളിലും ക്ലാസുകളിലും യുദ്ധമാഹാത്മ്യങ്ങള്‍ എടുത്തു പറഞ്ഞ് ആത്മനിര്‍വൃതിയടഞ്ഞു. ശക്തവാന്‍ ദുര്‍ബലനെ അടക്കിവാണു. രക്തച്ചൊരിച്ചില്‍ പ്രശ്‌നമല്ലായിരുന്നു അവര്‍ക്ക്. കാരണത്താലും അല്ലാതെയും യുദ്ധങ്ങള്‍ക്ക് അവര്‍ തിരികൊളുത്തി. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന യുദ്ധങ്ങളും അവര്‍ക്കിടയിലുണ്ടായിരുന്നു. അവയില്‍ കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടു. പവിത്രതകള്‍ കളങ്കമാക്കപ്പെട്ടു.

എല്ലാതിന്മകളും നിഷിദ്ധങ്ങളും പിശാച് അവര്‍ക്ക് അലങ്കാരമാക്കി തോന്നിപ്പിച്ചു. മൃഗങ്ങളെക്കാള്‍ തരം താഴ്ന്നവരായി അവര്‍. 

തീര്‍ച്ചയായും തന്റെ ധാരണ ശരിയാണെന്ന് ഇബ്‌ലീസ് അവരില്‍ തെളിയിച്ചു. അങ്ങനെ അവര്‍ അവനെ പിന്തുടര്‍ന്നു. ഒരു സംഘം സത്യവിശ്വാസികളൊഴികെ” (ക്വുര്‍ആന്‍ 34:20).

മതമില്ലാതെ മൃഗങ്ങളെപ്പോലെ അവര്‍ ജീവിച്ചു. നിയന്ത്രണമില്ല. കല്‍പനയില്ല. നിരോധനമില്ല 

സത്യനിഷേധികളാകട്ടെ (ഇഹലോകത്ത്) സുഖമനുഭവിക്കുകയും നാല്‍കാലികള്‍ തിന്നുന്നത് പോലെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. നരകമാണ് അവര്‍ക്കുള്ള വാസസ്ഥലം” (ക്വുര്‍ആന്‍ 47:12).

ദേഹേച്ഛകള്‍ അവര്‍ക്ക് സന്മാര്‍ഗമായി. സന്മാര്‍ഗത്തെ അവര്‍ ഭയപ്പെട്ടു. അതില്‍ നിന്നും ഓടിയകലാന്‍ ശ്രമിച്ചു. അതിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. 

നിന്നോടൊപ്പം ഞങ്ങള്‍ സന്‍മാര്‍ഗം പിന്തുടരുന്ന പക്ഷം ഞങ്ങളുടെ നാട്ടില്‍ നിന്ന് ഞങ്ങള്‍ എടുത്തെറിയപ്പെടും എന്ന് അവര്‍ പറഞ്ഞു…” (ക്വുര്‍ആന്‍ 28:57).

സത്യത്തെ അവര്‍ വെറുത്തു. പരിഹസിച്ചു. 

അല്ലാഹുവേ, ഇതു നിന്റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ നീ ഞങ്ങളുടെ മേല്‍ ആകാശത്ത് നിന്ന് കല്ല് വര്‍ഷിപ്പിക്കുകയോ, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വേദനാജനകമായ ശിക്ഷ കൊണ്ടുവരികയോ ചെയ്യുക എന്ന് അവര്‍ (അവിശ്വാസികള്‍) പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക)” (ക്വുര്‍ആന്‍ 8:32).

സുറഃ അല്‍ അന്‍ആം ഒരാവര്‍ത്തി വായിച്ചാല്‍ ജാഹിലിയ്യത്തിലെ അവസ്ഥ ഒന്നുകൂടി വ്യക്തമാകും.

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക