സലഫീ പ്രബോധനം ഒരു താത്വിക വിശകലനം: 2

സലഫീ പ്രബോധനം ഒരു താത്വിക വിശകലനം: 2

ഹദീസ്‌ സ്വീകരണത്തിന്റെ മാനദണ്ഡം

സത്യസന്ധമായി ക്വുർആനും സുന്നത്തും പിൻപറ്റുവാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ നബി(സ)യുടെ അനുചരന്മാരും താബിഉകളും അവരുടെ അനുയായികളുമടങ്ങുന്ന സലഫുകൾ സഞ്ചരിച്ച മാർഗത്തെ ആശ്രയിക്കൽ അനിവാര്യമാണ്‌.

പണ്ഡിതന്മാരെന്ന്‌ പറയപ്പെടുന്ന ചിലർ പലപ്പോഴായി ഇതിനെതിരായി പറയാറുള്ള വാക്കുകൾ നിങ്ങൾ കേട്ടിരിക്കും. പക്ഷേ, അത്‌ നേരത്തെ നാം വിശദീരിച്ച ശരിയായ വിജ്ഞാനത്തിന്റെ-അഥവ ക്വുർആനും സുന്നത്തും സലഫുകളുടെ മാർഗവും അവലംബിച്ചുള്ള-മാർഗമല്ല. മറിച്ച്‌ അറിവ്‌, വിജ്ഞാനം എന്നത്‌ കൊണ്ട്‌ അവൻ ഉദ്ദേശിക്കുന്നത്‌ ക്വുർആനിൽ നിന്നും സുന്നത്തിൽ നിന്നും അവർ നേരിട്ട്‌ ഗ്രഹിക്കുന്നവയെ മാത്രമാണ്‌. അതിനപ്പുറം പിഴച്ച കക്ഷികളിൽ നിന്ന്‌ അവരെ സംരക്ഷിക്കുന്ന സലഫിന്റെ മാർഗത്തിലേക്ക്‌ അവർ തിരിഞ്ഞ്‌ നോക്കുന്നു പോലുമില്ല.

അതുകൊണ്ട്‌ തന്നെ ഇക്കാലഘട്ടത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ചില കാസറ്റുകളിലും പുസ്തകങ്ങളിലുമൊക്കെ നാമുദ്ധരിച്ച ഈ തെളിവുകൾക്കെതിരിൽ പണ്ഡിതന്മാർ എന്ന്‌ പറയപ്പെടുകയും അതിന്റെ വക്താക്കളായി ചമയുകയും ചെയ്യുന്നവരുടെ വാക്കുകളായി പലതും കാണുകയും കേൾക്കുകയും ചെയ്യാം. ഇങ്ങനെയാണവർ പറയാറുള്ളത്‌; സലഫുകളു(പൂർവികരു)ടെ മാർഗമാണ്‌ ഏറ്റവും സുരക്ഷിതം, എന്നാൽ പിൽക്കാലക്കാരു(ഖലഫുകളു)ടെ മാർഗമാണ്‌ ഏറ്റവും സുദൃഢവും വൈജ്ഞാനികവും!?

വഷളത്തം ഏറ്റുപറഞ്ഞുകൊണ്ടുള്ള വ്യക്തമയ പരസ്യപ്പെടുത്തലാണിത്‌. വാസ്തവത്തിൽ സന്മാർഗ ചാരികളായ പ്രവാചകനുചരന്മാരുടെ മാർഗം പിൻപറ്റൽ നിർബന്ധമാണെന്ന്‌ തെളിവുദ്ധരിച്ച്‌ നാം പറഞ്ഞതിനെ അംഗീകരിക്കുന്നു എന്ന കുറ്റ സമ്മതം കൂടിയാണിതിലുള്ളത്‌.

അതായത്‌ സലഫുകളുടെ വിജ്ഞാനം സുരക്ഷിതവും ഖലഫുകൾ ചെയ്തത്‌ സുദൃഢവും ആണെന്ന്‌ പറയുമ്പോൾ നബി(സ)യെ പിൻതുടരാൻ നിർദേശിച്ച സലഫുകളുടെ മാർഗത്തെയും ഇവർ കയ്യൊഴിച്ചു എന്നാണർഥം.

സലഫുകളുടെ മാർഗം പിൻപറ്റുന്നവരും നൂതന വാദം മുഖേന ആ മാർഗം കയ്യൊഴിച്ചവരും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്ന ഏതാനം ഉദാഹരണങ്ങൾ വേണമെങ്കിൽ നിരത്താം.

സലഫുസ്സ്വാലിഹുകൾ എന്താണ്‌ പറഞ്ഞതെന്ന്‌ തിരിഞ്ഞ്‌ നോക്കുക പോലും ചെയ്യാത്ത ഇക്കൂട്ടർ കൊണ്ടുവരുന്ന പുതിയ വാദങ്ങളും ചിന്തകളും ക്വുർആനിനും സുന്നത്തിനും വിരുദ്ധമായ നിരർഥക വാദങ്ങളാണെന്ന്‌ നമുക്ക്‌ ഖണ്ഡിതമായിപ്പറയാൻ കഴിയും. കാരണം, നബി(സ)യും അവിടുത്തെ സ്വഹാബത്തും താബിഉകളുമൊക്കെ നിലകൊണ്ട മാർഗത്തിനെതിരാണത്‌.

വിശ്വാസ കാര്യങ്ങൾ പ്രതിപാദിക്കുന്ന ഹദീഥുകളെ തള്ളാനായി ഹദീഥുകളെ മുതവാത്വിറാണെന്നും ആഹാദാണെന്നും വേർതിരിച്ച്‌ കൊണ്ട്‌ ഇക്കാലഘട്ടത്തിൽ ചിലർ നടത്തുന്ന അധരവ്യായാമങ്ങൾ ഇതിലൊന്നാണ്‌. കാരണം ഇങ്ങനെയൊരു വേർതിരിവ്‌ സലഫുസ്സ്വാലിഹുകൾക്ക്‌ പരിചയമില്ല. ഈ നൂതനവാദം പടച്ചുണ്ടാക്കിയ പിൻതലമുറക്കാർ അതിന്റെ അടിസ്ഥാനത്തിൽ മറ്റ്‌ പല പുതിയ വിധികളും ആവിഷ്കരിക്കുകയും ചെയ്തു. അങ്ങനെ ആഹാദായ ഹദീഥുകൾ സ്വഹീഹായി വന്നാലും വിശ്വാസ കാര്യങ്ങളുൾകൊള്ളുന്നതാണെങ്കിൽ അവ സ്വീകരിക്കാവതല്ലെന്നും അവർ പറഞ്ഞു. ഈ വിഭജനവും അതിന്റെ അടിസ്ഥാനത്തിലുള്ള വേർതിരിവും അഥവാ വിശ്വാസകാര്യങ്ങളുൾകൊള്ളുന്ന ഹദീഥുകൾ മുതവാത്വിറല്ലെങ്കിൽ സ്വീകാര്യമല്ലെന്നും എന്നാൽ അഹ്കാമുകളിൽ (മതവിധികൾ പറയുന്നവ) അവ സ്വീകാര്യമാണെന്നുമുള്ള ഈ വേർതിരിവ്‌, സലഫുസ്സ്വാലിഹുകളുടെ രീതി മനസ്സിലാക്കിയിട്ടുള്ള ആർക്കും ഇത്‌ ഇസ്ലാമിന്റെ പേരിൽ കടത്തിക്കൂട്ടിയ ഒരു പുത്തൻവാദമാണെന്ന്‌ ഉറപ്പിച്ച്‌ പറയാൻ കഴിയുന്നതാണ്‌. ഇസ്ലാമുമായി ബന്ധമില്ലാത്ത ഒരു ഫിലോസഫിയാണത്‌. ഇത്‌ നമുക്കും അവർക്കും അറിയാവുന്ന വസ്തുതയാണ.‍്‌ പക്ഷേ, അവർ അറിഞ്ഞ്കൊണ്ട്‌ തന്നെ നിഷേധിക്കുകയാണ്‌. അല്ലാഹു വേറെ ചിലരെക്കുറിച്ച്‌ പറഞ്ഞത്‌ പോലെ:

?“അവയെപ്പറ്റി അവരുടെ മനസ്സുകൾക്ക്‌ ദൃഢമായ ബോധ്യം വന്നിട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചുകളഞ്ഞു. അപ്പോൾ ആ കുഴപ്പക്കാരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന്‌ നോക്കുക”(27:14).

എല്ലാവർക്കും അറിയുന്ന സംഗതിയാണ്‌, നബി(സ) മദീനയക്ക്‌ പുറത്തുള്ള വിദൂരവാസികളെ ഇസ്ലാമിലേക്ക്‌ ക്ഷണിക്കുവാൻ സ്വഹാബികളെ പറഞ്ഞയച്ചിരുന്നു എന്ന കാര്യം. നബി(സ) കൊണ്ടുവന്ന വിശ്വാസവും കർമവും എല്ലാം അടങ്ങിയതാണ്‌ ഇസ്ലാം എന്നത്‌ ആർക്കാണ്‌ അറിഞ്ഞ്‌ കൂടാത്തത്‌?

സുന്നത്തിൽ സ്ഥിരപ്പെട്ട സുപ്രസിദ്ധ സംഭവങ്ങളാണ്‌ നബി(സ) യമനിലേക്ക്‌ ചില സന്ദർഭങ്ങളിൽ മുആദ്‌(റ)വിനെയും മറ്റ്‌ ചില സന്ദർഭങ്ങളിൽ അബൂമുസൽ അശ്അരി(റ)യെയും വേറെ ചിലപ്പോൾ അലി(റ)നെയുമൊക്കെ പറഞ്ഞയച്ചത്‌. ഇത്‌ ഇവർക്കൊക്കെ ഇത്‌ അറിയാവുന്നതാണ്‌. എന്നിട്ടും അജ്ഞത നടിക്കുന്നുവെന്നു മാത്രം!

നബി(സ) ഇവരെയോക്കെ അവിടേക്ക്‌ പറഞ്ഞയച്ചപ്പോൾ ഈ സ്വഹാബിമാർ അവിടെ ചെന്നിട്ട്‌ എന്താണ്‌ ചെയ്തിരുന്നത്‌? നിസ്സംശയം, അവർ ജനങ്ങളെ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്നതിലേക്കാണ്‌ ക്ഷണിച്ചിരുന്നത്‌. അതാണ്‌ വാസ്തവത്തിൽ എല്ലാ വിശ്വാസകാര്യങ്ങളുടെയും അടിത്തറ. ശേഷം നബി(സ) കൊണ്ടുവന്ന ഇസ്ലാമിക അധ്യാപനങ്ങളിലേക്ക്‌ അവർ ക്ഷണിച്ചു.

സ്വഹീഹുൽ ബുഖാരിയിലും മുസ്ലിമിലും അനസ്‌(റ) ഉദ്ധരിക്കുന്ന ഒരു ഹദീഥിൽ ഇപ്രകാരം വന്നിട്ടുണ്ട്‌: “നബി(സ) മുആദ്‌(റ)നെ യമനിലേക്ക്‌ അയക്കുമ്പോൾ അദ്ദേഹത്തോട്‌ പറഞ്ഞു: `നീ അവരെ ആദ്യമായി ക്ഷണിക്കേണ്ടത്‌ അല്ലാഹുവല്ലാതെ ആരാധനക്ക്‌ അർഹനായി മറ്റാരും ഇല്ലെന്നും മുഹമ്മദ്‌ അല്ലാഹുവിന്റെ ദൂതനാണെന്നുമുള്ള സാക്ഷ്യവചനത്തിലേക്കായിരിക്കണം. അതിലവർ നിന്നെ അനുസരിച്ചാൽ നമസ്കാരത്തെക്കുറിച്ച്‌ അവരോട്‌ കൽപിക്കുക…”

ഇവിടെ നബി(സ) മുആദി(റ)നോട്‌ കൽപിക്കുകയാണ.‍്‌ അദ്ദേഹമാകട്ടെ ഒരു വ്യക്തിയും. അദ്ദേഹത്തിന്റെ റിപ്പോർട്ട്‌ പിൽക്കാലക്കാരുടെ സാങ്കേതിക പ്രയോഗമനുസരിച്ച്‌ ആഹാദായ ഹദീഥാണ്‌. എന്നിട്ടും നബി(സ) അദ്ദേഹത്തോട്‌ നിർദേശിക്കുന്നത്‌ ആദ്യമായി അവരെ ക്ഷണിക്കേണ്ടത്‌ അല്ലാഹുവിന്റെ ഏകത്വത്തിൽ വിശ്വസിക്കാനും അവന്‌ യാതൊരു പങ്കുകാരില്ല എന്നതിലേക്കുമാണ്‌.

(അല്ലാഹു അല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലായെന്ന സാക്ഷ്യപ്രഖ്യാപനത്തിലേക്കായിരിക്കണം ആദ്യമായി അവരെ ക്ഷണിക്കേണ്ടത്‌.)

സലഫുകളെ പിൻപറ്റുന്നവരും അവരോട്‌ എതിരാവുന്നവരുമൊക്കെ ഒന്നടങ്കം സ്വഹീഹാണെന്ന്‌ സമ്മതിക്കുന്ന ഈ ഹദീഥിനെ അപ്പോൾ നിങ്ങൾ നിരാകരിച്ചു. അതായത്‌, നബി(സ) മുആദി(റ)നെ യമനിലേക്ക്‌ അയച്ചു. അദ്ദേഹത്തോട്‌ അവരെ അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലായെന്ന സത്യത്തിലേക്ക്‌ (തൗഹീദ്‌) ക്ഷണിക്കുവാൻ കൽപിക്കുകയും ചെയ്തു. അപ്പോൾ പിന്നെ എങ്ങനെയാണ്‌ ഈ ഹദീഥ്‌ സ്വഹീഹാണെന്നും അതൊടൊപ്പം ആഹാദായ ഹദീഥ്‌ വിശ്വാസ കാര്യത്തിൽ (അഖീദ) സ്വീകര്യമല്ലെന്നും പറയുക!

മുതവാതിർ, ആഹാദ്‌ എന്നിങ്ങനെയുള്ള വേർതിരിവ്‌ കൂടാതെ ജനങ്ങളെ ഇസ്ലാമിലേക്ക്‌ ക്ഷണിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത നബി(സ)യുടെ സ്വഹാബത്തിന്റെ മാർഗത്തിൽ നിന്നുള്ള വ്യതിചലനം ഇതിൽ നിന്നും നിങ്ങൾക്ക്‌ മനസ്സിലായിട്ടുണ്ടാകും. വാസ്തവത്തിൽ ക്വുർആനും സുന്നത്തും സലഫുകളുടെ മൻഹജും പിൻപറ്റുന്നതിൽ നിന്നുള്ള വ്യതിയാനത്തിന്റെ അപകടവും ഗൗരവവും ബോധ്യപ്പെടാൻ ബുദ്ധിയുള്ള ഏതൊരു വിശ്വാസിക്കും ഈ ഒരൊറ്റ വിഷയം തന്നെ മതിയാകുന്നതാണ്‌.

അത്കൊണ്ടുതന്നെ ഈ സച്ചരിതരുടെ പാത പിൻപറ്റാൻ ആഗ്രഹിക്കുന്ന ഏതൊരാളും ക്വുർആനും സുന്നത്തും പഠിക്കുന്നത്‌ പോലെ തന്നെ സ്വഹാബത്തും താബിഉകളും അവരുടെ അനുചരന്മാരും ഒക്കെ അടങ്ങുന്ന പൂർവികരായ സച്ചരിതരുടെ നിലപാടുകളും നടപടിക്രമങ്ങളും തിരിച്ചറിയൽ അനിവാര്യമാണ്‌. എന്തുകൊണ്ടെന്നാൽ, അവരാണ്‌ ഈ ആദർശം ശരിയായ രൂപത്തിൽ നമുക്ക്‌ എത്തിച്ച്‌ തന്നവർ.

ഹദീഥുകളെ മുതവാതിറെന്നും ആഹാദെന്നും വേർതിരിച്ച്‌ ആഹാദ്‌ വിശ്വാസ കാര്യങ്ങല്ക്ക്‌ രേഖയാക്കാൻ പറ്റില്ലെന്നുള്ള പുത്തൻവാദത്തിലൂടെ അത്ഭുതാവഹമായ ചില വൈരുധ്യങ്ങളിലേക്കാണ്‌ ഇവർ ചെന്ന്‌ വീഴുന്നത്‌. കാരണം, ചില ഹദീഥുകൾ ഒരേ സമയം അഖീദയും(വിശ്വാസം) കർമവും(ഹുകുമ്‌ അഥവ മതവിധി) ഉൾകൊള്ളുന്നതായിരിക്കും; ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന, അബുഹുറയ്‌റ(റ)യുടെ ഹദീഥ്‌ പോലെ: നബി(സ) പറഞ്ഞു: “നിങ്ങളിലാരെങ്കിലും അവസാനത്തെ തശഹ്ഹുദിൽ ഇരുന്നാൽ നാല്‌ കാര്യങ്ങളിൽ നിന്ന്‌ അല്ലാഹുവോട്‌ രക്ഷതേടുക.” അവിടുന്ന്‌ പറയുന്നു: “അല്ലാഹുവേ, നരകത്തിന്റെ കഠിന ശിക്ഷയിൽ നിന്നും ക്വബ്‌റിലെ ശിക്ഷയിൽ നിന്നും മസീഹുദ്ദജ്ജാലിന്റെ ഉപദ്രവത്തിൽ നിന്നും ജീവിതത്തിലും മരണസമയത്തുള്ള ഫിത്നകളിൽ നിന്നും ഞാൻ നിന്നോട്‌ രക്ഷതേടുന്നു.”

ഈ ഹദീഥിൽ നാല്‌ കാര്യങ്ങളിൽ നിന്ന്‌ രക്ഷതേടുവാനുള്ള നിർദേശമുണ്ട്‌. അത്‌ ശരീഅത്തിന്റെ നിയമങ്ങളിൽ പേട്ട ഒന്നാണ്‌. കർമപരമായ കാര്യങ്ങൾ ആഹാദായ ഹദീഥുകൾ (മുതവാത്വിർ അല്ലാത്ത ഹദീഥുകൾ) കൊണ്ടും സ്ഥിരപ്പെടുമെന്ന്‌ നമ്മെപോലെ അവരും പറയുന്നതാണല്ലോ. അതിനാൽ ഈ ഹദീഥ്‌ അനുസരിച്ച്‌ പ്രവർത്തിക്കാതിരിക്കാൻ അവർക്ക്‌ നിവൃത്തിയുണ്ടാവുകയില്ല. പക്ഷേ, ക്വബ്‌റിലെ ശിക്ഷയിൽ നിന്നും ജീവീതത്തിലും മരണത്തിലുമുള്ള പരീക്ഷണങ്ങളിൽ നിന്നും മസീഹുദ്ദജ്ജാലിന്റെ കുഴപ്പങ്ങളിൽ നിന്നുമൊക്കെയുള്ള രക്ഷതേടലുകളാണല്ലോ അതിലുള്ളത്‌. ക്വബ്ര് ശിക്ഷയിൽ ഇവർക്ക്‌ വിശ്വാസമുണ്ടോ?

ഇവിടെ വല്ലാത്തൊരു കുടുക്കിലാണീ കൂട്ടർ ചെന്ന്‌ പെടുന്നത്‌. ക്വബ്‌റിലെ ശിക്ഷ എന്നത്‌ വിശ്വാസ കാര്യമാണ.‍്‌ ഇവരുടെ വാദമനുസരിച്ച്‌ ക്വബ്ര് ശിക്ഷ മുതവാതിറായ ഹദീഥ്‌ കൊണ്ട്‌ സ്ഥിരപ്പെട്ടിട്ടുമില്ല. അതിനാൽ ക്വബ്ര് ശിക്ഷയിൽ അവർക്കൊട്ട്‌ വിശ്വാസവുമില്ല! ഫിർഔന്റെ കാര്യത്തിൽ കബ്ര്ശിക്ഷയുണ്ടെന്ന്‌ ക്വുർആനിൽ വന്നിട്ടുണ്ടെന്നതൊഴിച്ചാൽ മറ്റാരുടെ കാര്യത്തിലും അങ്ങനെയൊന്നുറപ്പിക്കുക സാധ്യമല്ല:

“നരകം! രാവിലെയും വൈകുന്നേരവും അവർ അതിനുമുമ്പിൽ പ്രദർശിപ്പിക്കപ്പെടും. ആ അന്ത്യസമയം നിലവിൽ വരുന്ന ദിവസം ഫിർഔന്റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയിൽ നിങ്ങൾ പ്രവേശിപ്പിക്കുക (എന്ന്‌ കൽപിക്കപ്പെടും)” (40:46).

ഈ നരകത്തെ (അഗ്നി)ക്കുറിച്ച്‌ ഇക്കൂട്ടർ പറയുന്നത്‌ അത്‌ ഫിർഔനിനും കൂട്ടർക്കുമുള്ള ശിക്ഷയാണെന്നാണ്‌. എന്നാൽ മറ്റ്‌ അവിശ്വാസികളുടെ കാര്യത്തിലും, ക്വബ്‌റിൽ ശിക്ഷയുണ്ടാകുമെന്ന്‌ സ്ഥിരപ്പെട്ട മുസ്ലിംകളിലെ ചിലരുടെ വിഷയത്തിലും ഇവർ അങ്ങനെ വിശ്വസിക്കുന്നില്ല. അത്‌ എന്ത്‌ കൊണ്ടെന്നാൽ അവരുടെ, മേൽപറഞ്ഞ പിഴച്ച വാദത്താലാണ്‌. അതായത്‌, ഹദീഥ്‌ സ്വഹീഹാണെങ്കിലും മുതവാതിറിന്റ പരിധി എത്തിയിട്ടില്ലെങ്കിൽ അത്കൊണ്ട്‌ അഖീദ സ്ഥിരപ്പെടുകയില്ല എന്ന വാദം! അക്കാരണത്താൽ ധാരാളക്കണക്കിന്‌ ഹദീഥുകളെ ഇക്കൂട്ടർ നിഷേധിക്കുന്നു. അവരുടെ വാദമനുസരിച്ച്‌ അവയൊന്നും മുതവാതിറിന്റെ പരിധി എത്തിയിട്ടില്ലയെന്ന ഒറ്റക്കാരണം കൊണ്ടാണത്‌.

ഇബ്നു അബ്ബാസ്‌(റ)വിൽ നിന്ന്‌ ഇമാം ബുഖാരി ഉദ്ധരിച്ച ഹദീഥ്‌ ഒരു പക്ഷേ, നിങ്ങളറിയുന്നതായിരിക്കും. അതായത്‌, ഒരിക്കൽ നബി(സ) മുസ്ലിംകളുടെ രണ്ട്‌ ക്വബ്‌റുകൾക്കരികിലൂടെ നടന്ന്‌ പോയി. അപ്പോൾ അവിടുന്ന്‌ പറഞ്ഞു: “ഇവർ രണ്ടു പേരും ശിക്ഷിക്കപ്പെട്ട്‌ കൊണ്ടിരിക്കുകയാണ്‌. വലിയ കാര്യത്തിനൊന്നുമല്ല അവർ ശിക്ഷിക്കപ്പെടുന്നത്‌. അവരിലൊരാൾ ഏഷണിയുമായി നടക്കുമായിരുന്നു. മറ്റെയാൾ മൂത്രത്തിൽ നിന്ന്‌ പൂർണമായും ശുദ്ധിവരുത്തിയിരുന്നില്ല.”എന്നിട്ട്‌ നബി(സ) ഒരു ഈന്തപ്പനമടൽ കൊണ്ടുവരാൻ ആവശ്യപ്പെട്ടു, ശേഷം അതിനെ രണ്ടായി പിളർത്തി ഓരോ ക്വബ്‌റിന്റെയും തലഭാഗത്ത്‌ കുത്തി. സ്വഹാബികൾ അതിനെക്കുറിച്ച്‌ ചോദിച്ചപ്പോൾ നബി(സ) പറഞ്ഞു: “ഈ മടൽ പച്ചയായി ഇരിക്കുന്നത്ര സമയം അല്ലാഹു അവർക്ക്‌ ശിക്ഷ ലഘൂകരിച്ച്‌ കൊടുത്തേക്കും”(ബുഖാരി, നസാഈ).

ഈ ഹദീഥ്‌ സ്വഹീഹുൽ ബുഖാരിയിലുള്ളതാണ്‌. ഈ രണ്ട്‌ വ്യക്തികളും മുസ്ലിംകളാണെന്ന്‌ നബി(സ) വ്യക്തമാക്കുകയും ചെയ്തു. എന്നിട്ടും അവർ ശിക്ഷിക്കപ്പെടുകയാണ്‌, ആ രണ്ട്‌ കമ്പുകൾ പച്ചയായി നിൽക്കുന്നത്ര കാലം അവർക്ക്‌ ശിക്ഷയിൽ ലഘൂകരണത്തിനായി അവിടുന്ന്‌ അല്ലാഹുവിനോട്‌ പ്രാർഥിക്കുകയും ചെയ്തു.

ഇത്‌ പോലെയുള്ള വേറെയും ഹദീഥുകളുണ്ട്‌. നബി(സ) പറയുന്നു: “നിങ്ങൾ മൂത്രത്തിൽ നിന്ന്‌ ശുദ്ധിവരുത്തുവിൻ, നിശ്ചയം ക്വബ്ര് ശിക്ഷയിൽ ഭൂരിഭാഗവും ശുദ്ധി വരുത്താത്തതിന്റെ പേരിലാണ്‌” (ഇബ്നുമാജ, ദാറക്വുത്വ്നി).

ഇങ്ങനെ ധാരാളക്കണക്കിന്‌ ഹദീഥുകളുണ്ട്‌. ഞാൻ ദീർഘിപ്പിക്കുന്നില്ല. അതിൽ പെട്ട ഒന്നുകൂടി പറയട്ടെ: ജാഹിലിയ്യത്തിൽ മരണപ്പെട്ട രണ്ട്‌ മുശ്‌രിക്കുകളുടെ ക്വബ്‌റുകൾക്കരികിലൂടെ നബി(സ) നടന്ന്‌ പോയി. അപ്പോൾ അവിടുന്ന്‌ പറഞ്ഞു: “നിങ്ങൾ ക്വബ്‌റടക്കുന്നത്‌ അവസാനിപ്പിച്ച്‌ ഭയചകിതരായി പിൻമാറി പോകുമെന്ന പേടി ഇല്ലായിരുന്നെങ്കിൽ ഞാൻ കേട്ടുകൊണ്ടിരിക്കുന്ന ക്വബ്ര് ശിക്ഷയുടെ ശബ്ദം നിങ്ങളെയും കേൾപിക്കുവാനായി ഞാൻ അല്ലാഹുവോട്‌ ആവശ്യപ്പെടുമായിരുന്നു” (ബുഖാരി, മുസ്ലിം).

മുശ്‌രികുകൾക്കും മുസ്ലിംകളിൽ പെട്ട ചിലർക്കും ക്വബ്‌റിൽ വെച്ച്‌ ശിക്ഷയുണ്ടാകുമെന്ന്‌ ഇത്‌ പോലുള്ള ഹദീഥുകളിലൂടെ വ്യക്തമായിട്ടും അവ സ്വീകരിക്കുവാനോ അവയുടെ ആശയം അംഗീകരിക്കുവാനോ തയാറാകാതെ അവയെല്ലാം പാടെ നിഷേധിക്കുവാനാണ്‌ ഇത്തരക്കാർ ധൃഷ്ടരായത്‌. അവയെല്ലാം ആഹാദായ ഹദീഥുകളാണ്‌; മുതവാതിറുകളല്ലായെന്ന തങ്ങളുടെ തത്ത്വശാസ്ത്രം ഒന്ന്‌ കൊണ്ട്‌ മാത്രമാണ്‌ അവർ അപ്രകാരം ചെയ്യുന്നത്‌.

അപ്പോൾ പിന്നെ മേൽ സൂചിപ്പിച്ച, അബുഹുറയ്‌റ(റ)യുടെ ഹദീഥിന്റെ കാര്യത്തിൽ അവർ എന്ത്‌ നിലപാട്‌ സ്വീകരിക്കും? അതായത്‌, `നിങ്ങളിൽ ആരെങ്കിലും അവസാനത്തെ തശഹ്ഹുദിൽ ഇരുന്നാൽ നാല്‌ കാര്യങ്ങളിൽ നിന്ന്‌ അല്ലാഹുവിനോട്‌ രക്ഷതേടിക്കൊള്ളട്ടെ…` എന്ന ഹദീഥ്‌!

ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി (വിവര്‍ത്തനം: ശമീര്‍ മദീനി)
നേർപഥം വാരിക

സലഫീ പ്രബോധനം ഒരു താത്വിക വിശകലനം – 01

സലഫീ പ്രബോധനം ഒരു താത്വിക വിശകലനം - 01

അല്ലാഹുവിന്റെ വചനംകൊണ്ടു തന്നെ നമ്മുടെസംസാരം തുടങ്ങട്ടെ,

”മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം”(9:100).

ദഅ്‌വത്തിന്റെ കാര്യത്തില്‍ ഓരോരുത്തരും അറിയേണ്ടതും അനുധാവനം ചെയ്യേണ്ടതുമായ ചില കാര്യങ്ങളാണ് ഇതില്‍ സൂചിപ്പിക്കുന്നത്. സലഫുകളുടെ മാര്‍ഗമെന്തെന്നറിഞ്ഞാണ് പ്രബോധനം ചെയ്യേണ്ടത്. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ വ്യത്യസ്ത നാമങ്ങളില്‍ സലഫീപ്രബോധന കൂട്ടായ്മകളുണ്ട്. ഈ ആശയത്തെ സംബന്ധിച്ച് ദീര്‍ഘ കാലമായി മുസ്‌ലിംകള്‍ അശ്രദ്ധയിലാണ്. അതല്ലെങ്കില്‍ അതിന് അര്‍ഹിക്കുന്ന പരിഗണന അവര്‍ നല്‍കിയില്ല.

എന്തുകൊണ്ടെന്നാല്‍ കാലങ്ങളായി അന്ധമായ മദ്ഹബീപക്ഷപാതിത്വത്തിലും അനുകരണത്തിലുമായി അവരുടെ ഹൃദയങ്ങള്‍ക്ക് നിര്‍ജീവതയുടെ കറപുരണ്ടിരുന്നു. ഉത്തമരായ മൂന്ന് തലമുറകള്‍ക്ക് ശേഷം അഹ്‌ലുസ്സുന്നയുടെ ഇടയില്‍ തന്നെ ഇത്തരത്തിലുള്ള നിര്‍ജീവതയും അന്ധമായ അനുകരണവും കാണാമായിരുന്നു എന്നിരിക്കെ ശേഷക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ. നബി(സ്വ) പറയുന്നു: ”ജൂതന്‍മാര്‍ 71 കക്ഷികളായി പിരിഞ്ഞു. ക്രസ്ത്യാനികള്‍ 72 വിഭാഗങ്ങളായി പിരിയും. എന്റെ സമുദായമാകട്ടെ 73 വിഭാഗമായി വേര്‍പിരിയുന്നതാണ്. ഒന്നൊഴികെയുള്ള സകലതും നരക പാതയിലാണ്”. സ്വഹാബികള്‍ ചോദിച്ചു:”’അല്ലാഹുവിന്റെ ദൂതരേ, ആരാണ് ആ വിഭാഗം?”’

നബി(സ്വ) പറഞ്ഞു:”’അതാണ് അല്‍-ജമാഅഃ.” മറ്റൊരു നിവേദനത്തില്‍ ആ വിഭാഗത്തെ കുറിച്ച് ഇപ്രകാരം വിശദമാക്കപ്പെട്ടിരിക്കുന്നു: ”ഞാനും എന്റെ സ്വഹാബത്തും ഏതൊരു മാര്‍ഗത്തിലാണോ ആ മാര്‍ഗത്തിലായിരിക്കുമവര്‍.”’

നബി(സ്വ) അറിയിച്ചതുപോലെ ഈ സമുദായത്തില്‍ ഭിന്നതകളുണ്ടാകുമെന്നും നബി(സ്വ)യും സ്വഹാബത്തും നിലകൊണ്ട പാത പിന്‍പറ്റുന്ന ഒരു വിഭാഗം ആ 73 കക്ഷികളില്‍ നിന്നും ഒന്നായി ഉണ്ടാകുമെന്നും ഈ ഹദീഥ് വളരെ വ്യകതമായി നമ്മെ അറിയിക്കുന്നു. നബി(സ്വ)യുടെ അറിയിപ്പ് സത്യമാണ്. കാരണം അല്ലാഹു പറഞ്ഞതുപോലെ അവ വഹ്‌യാണ്.’

ഈ വിഭാഗം (അല്‍ ഫിര്‍ക്വത്തുന്നാജിയഃ അഥവാ രക്ഷപ്പെടുന്ന കക്ഷി) ഇക്കാലത്ത് മറ്റ് കക്ഷികള്‍ അവകാശപ്പെടുന്നതു പോലെ ക്വുര്‍ആനും സുന്നത്തുമനുസരിച്ചു പ്രവര്‍ത്തിക്കുന്നുവെന്ന കേവല അവകാശവാദക്കാരല്ല. ആധുനികവും പൗരാണികവുമായ ഒരു വിഭാഗത്തിനും ക്വുര്‍ആനിലേക്കും സുന്നത്തിലേക്കും ചേര്‍ത്തു പറയുന്നതില്‍ നിന്നൊഴിവാക്കാന്‍ സധിക്കുകയില്ല; ബിദ്അത്തിന്റെ കക്ഷികളാണ് അവരെങ്കില്‍ പോലും. എന്തുകൊണ്ടെന്നാല്‍ ഈ അവകാശവാദം അവര്‍ സ്വയം നിരാകരിച്ചാല്‍ തങ്ങള്‍ ഇസ്‌ലാമിന്റെ ശരിയായ പാതയില്‍ നിന്ന് പുറത്തുപോയ ഭിന്നതയുടെ വക്താക്കളാണെന്ന് മാലോകരെ അറിയിക്കലാകുമത്. അതുകൊണ്ടുതന്നെ ഉപരിസൂചിത ഹദീഥിലൂടെ നബി(സ്വ) ഉണര്‍ത്തിയ ആ 72 കക്ഷികളും ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും വക്താക്കളാണ് തങ്ങളെന്ന് ഒരേ സ്വരത്തില്‍ അവകാശവാദം ഉന്നയിക്കുന്നവരാണ്.

എന്നാല്‍ സലഫികളാകട്ടെ ഈ വിഭാഗങ്ങളില്‍ നിന്നൊക്കെയും വ്യത്യസ്തമാണ്. അതായത് ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും വക്താക്കളെന്ന കേവലമായ അവകാശവാദത്തിനപ്പുറം ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും ശരിയായ പാതയില്‍ നിന്ന് വ്യതിചലിച്ചു പോകാതിരിക്കാന്‍ ഒരു കാര്യം കൂടി അവര്‍ കണിശമായി ശ്രദ്ധിക്കുന്നവരാണ്. അഥവാ നബി(സ്വ)യുടെ സ്വഹാബത്തിന്റെ മാര്‍ഗം മുറുകെ പിടിക്കുന്നവരാണവര്‍. സ്വഹാബികളെ മാത്രമല്ല അവരുടെ നന്മയില്‍ അവരെ അനുധാവനം ചെയ്ത താബിഈങ്ങളെയും തബഉത്തബാഇനെയും പിന്‍പറ്റുന്നവരാണവര്‍. അതായത്, ഉത്തമ തലമുറകളെന്ന് നബി(സ്വ) സാക്ഷ്യപ്പെടുത്തിയ സച്ചരിതരെ അനുധാവനം ചെയ്യുന്നവരത്രെ അവര്‍.

പ്രബലം മാത്രമല്ല, മുതവാതിറായി തന്നെ റിപ്പോര്‍ട്ടുചെയ്യപ്പെട്ട ഹദീഥിലൂടെ നബി(സ്വ) പറയുന്നു:”ജനങ്ങളില്‍ ഏറ്റവും ഉത്തമര്‍ എന്റെ തലമുറയാണ്. പിന്നെ അതിനോടടുത്തുള്ളവര്‍”'(അഹ്മദ്, ബുഖാരി). ഈ ഒന്നാം തലമുറക്കാരുടെ അഥവാ വിശുദ്ധരായ സ്വഹാബികളുടെ അനുയായികളും പിന്നീട് അവര്‍ക്ക് ശേഷം വരുന്നവരും ഇപ്രകാരം പ്രാര്‍ഥിക്കും: ”ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു” (59:10).

രക്ഷപ്പെടുന്ന കക്ഷിയില്‍ (അല്‍ഫിര്‍ഖത്തുന്നാജിയഃ) ഉള്‍പ്പെടണമെന്നാഗ്രഹിക്കുന്ന എല്ലാവരും സ്വഹാബികളും താബിഈങ്ങളുമടങ്ങുന്ന പൂര്‍വികരായ സച്ചരിതരെ അനുധാവനം ചെയ്യുകയും മാതൃകയാക്കുകയും വേണം. സലഫുസ്സ്വാലിഹുകളെ പിന്‍പറ്റണമെന്ന ഇക്കാര്യം ഒരു പുത്തന്‍വാദമൊന്നുമല്ല. പ്രത്യുത അല്ലാഹുവിന്റെ വചനത്തിലൂടെ വ്യത്മാക്കപ്പെട്ട നിര്‍ബന്ധ കല്‍പനയാണ്:”’തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞവഴിക്ക്തന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!”'(4:115).

നബി(സ്വ)ക്ക് എതിരാകുന്നതിനെ ശക്തമായ ‘ഭാഷയില്‍ തക്കീത് ചെയ്യുകയാണ് അല്ലാഹു ഈ സൂക്തത്തിലൂടെ, എന്നിട്ട് അതിനോട് ചേര്‍ത്ത് പറഞ്ഞതിപ്രകാരമാണ് -”സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്‍പറ്റുന്നവര്‍.”നിസ്സംശയം എതിരാകാന്‍ പാടില്ലെന്ന് അല്ലാഹു താക്കീത് ചെയ്ത ഈ സത്യവിശ്വാസികള്‍ മുമ്പ് സൂചിപ്പിച്ച ആയത്തില്‍ പറഞ്ഞവര്‍ തന്നെയാണ്. അതായത് മുഹാജിറുകളിലും അന്‍സ്വാറുകളിലും പെട്ടവരും നന്മയില്‍ അവരെ പിന്‍പറ്റിയവരും:

”മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം”'(9:100).

അവരാകട്ടെ തീര്‍ച്ചയായും അല്ലാഹുവിന്റെ തൃപ്തിനേടിയവരും അല്ലാഹുവിനെ തൃപ്തിപ്പെട്ടവരുമാണ്. വാസ്തവത്തില്‍ അതാണ് നാവുകൊണ്ട് പറയലിലൂടെ മാത്രം ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും ആളുകളാവുകയും എന്നിട്ട് സ്വഹാബത്തിന്റെ മാര്‍ഗമവലംബിച്ച് അതിന്റെ ശരിയായ പാത പിന്‍പറ്റേണ്ടതിനു പകരം ക്വുര്‍ആനിനും സുന്നത്തിനും എതിരായി മാറുകയും ചെയ്യുന്നവരെ വേര്‍തിരിച്ചറിയാനുള്ള മാനദണ്ഡം.

നമുക്കു മുമ്പില്‍ ഈ വിഷയത്തില്‍ അല്ലാഹുവിന്റെ ആയത്തും നബി(സ്വ)യുടെ സ്വഹീഹായ ഹദീഥും ഉണ്ട്. ആയത്ത് ‘സത്യവിശ്വാസികളുടെ മാര്‍ഗ’മെന്ന് പറഞ്ഞു. നബി(സ്വ)യാകട്ടെ അത് തന്റെ അനുചരന്മാരാണെന്ന് (സ്വഹാബത്ത്) വിശദമാക്കി; അബൂദാവൂദ്, തിര്‍മുദി, അഹ്മദ്്യ തുടങ്ങിയവര്‍ റിപ്പോര്‍ട്ട് ചെയ്ത സ്വഹീഹായ മറ്റൊരു ഹദീഥില്‍ ഖുലഫാഉര്‍റാശിദുകളുടെ ചര്യയാണതെന്നും വ്യക്തമാക്കിയതു പോലെ.

ഇര്‍ബാദ് ബിന്‍ സാരിയ്യ്യ പറയുന്നു: ”അല്ലാഹുവിന്റെ ദൂതന്‍(സ്വ) ഒരിക്കല്‍ ഞങ്ങളെ ശക്ത്മായി ഉപദേശിച്ചു. ആ ഉപദേശത്താല്‍ ഞങ്ങളുടെ ഹൃദയങ്ങള്‍ വിറച്ചു, കണ്ണുകള്‍ നിറഞ്ഞു. ഞങ്ങള്‍ പറഞ്ഞു: ”പ്രവാചകരേ, ഇതൊരു വിടവാങ്ങല്‍ ഉപദേശം പോലെയുണ്ടല്ലോ. ഞങ്ങളോട് വസ്വിയ്യത്ത് ചെയ്താലും”. നബി(സ്വ) പറഞ്ഞു: ”അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കണമെന്ന് ഞാന്‍ നിങ്ങളോട് വസ്വിയ്യത്ത് ചെയ്യുന്നു. ഭരണാധികാരികളെ കേള്‍ക്കുകയും അനുസരിക്കുകയും വേണം; നിങ്ങളൂടെ മേല്‍ അധികാരമേല്‍ക്കുന്നത് ഒരു എത്യോപിയന്‍ അടിമയാണെങ്കിലും ശരി. തീര്‍ച്ചയായും എനിക്ക് ശേഷം നിങ്ങളില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ധാരാളം ഭിന്നതകള്‍ ദര്‍ശിക്കാവുന്നതാണ്. അപ്പോള്‍ നിങ്ങള്‍ എന്റെയും എനിക്ക് ശേഷമുള്ള ഖുലഫാഉര്‍റാശിദുകളുടെയും ചര്യ പിന്‍പറ്റണം. അണപ്പല്ലുകള്‍ കൊണ്ടവയെ മുറുകെ പിടിക്കണം. മതത്തിലെ നൂതന കാര്യങ്ങളെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. കാരണം എല്ലാ നൂതന കാര്യങ്ങളും ബിദ്അത്താ(പുത്തനാചാരം)കുന്നു). എല്ലാ ബിദ്അത്തും വഴികേടുമാകുന്നു.” മറ്റൊരു ഹദീഥില്‍ ഇങ്ങനെയും വന്നിട്ടുണ്ട്:”’എല്ലാ വഴികേടും നരകത്തിലുമാണ്”(നസാഈ).

അതെ, ഈ ഹദീഥില്‍ നബി(സ്വ) തന്റെ സുന്നത്തിനോട് ഖുലഫാഉര്‍റാശിദുകളുടെ ചര്യയെ ചേര്‍ത്തുപറഞ്ഞു. ഈ ഹദീഥ് മുമ്പ് സൂചിപ്പിച്ച രക്ഷപ്പെടുന്ന കക്ഷിയുടെ(ഫിര്‍ക്കത്തുന്നാജിയഃ) ഹദീഥുമായി സംയോജിക്കുന്നു. അപ്രകാരം തന്നെ അല്ലാഹുവിന്റെ ഈ സൂക്തവുമായും (4/115) അത് സംഗമിക്കുന്നു.

ക്വുര്‍ആനും സുന്നത്തും പിന്‍പറ്റുകയാണെന്ന പേരില്‍ പൂര്‍വികരായ സച്ചരിതര്‍ക്കെതിരായ അഭിപ്രായങ്ങളും ആദര്‍ശങ്ങളും പിന്‍പറ്റാന്‍ ഒരു മുസ്‌ലിമിന് പാടുള്ളതല്ല. കാരണം, സലഫുസ്സ്വാലിഹുകളുടെ ആദര്‍ശം ക്വുര്‍ആനും സുന്നത്തും തന്നെയാണ്. സുന്നത്ത് ക്വുര്‍ആനിന്റെ വിവരണമാണെന്ന് ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നബി(സ്വ)യെ സംബോധന ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു:”’വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി (അവരെ നാം നിയോഗിച്ചു). നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും അവര്‍ ചിന്തിക്കാന്‍ വേണ്ടിയും”(16/44).

നബി(സ്വ) ക്വുര്‍ആനിന്റെ വിവരണം അവിടുത്തെ സുന്നത്തിലൂടെയാണ് നിര്‍വഹിച്ചത്. പ്രസ്തുത സുന്നത്ത് മൂന്ന് രൂപത്തിലാണ്. അഥവാ നബി(സ്വ)യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം എന്നിങ്ങനെ. ഈ സുന്നത്തിലേക്ക് നമുക്കുമെത്തിച്ചേരുവാനും അത് മനസ്സിലാക്കുവാനും സ്വഹാബികളിലൂടെയല്ലാതെ സാധിക്കുകയില്ല. അത്‌കൊണ്ട് തന്നെ ഒരു മുസ്‌ലിമിന് ഫിര്‍ക്വത്തുന്നാജിയയില്‍ (രക്ഷപ്പെടുന്ന കക്ഷി) ഉള്‍പ്പെടുവാന്‍ സലഫുസ്സ്വാലിഹുകളുടെ മാര്‍ഗം അനുസരിച്ച് ക്വുര്‍ആനും സുന്നത്തും പിന്‍പറ്റുന്നത്തിലൂടെമാത്രമെ സാധിക്കുകയുള്ളൂ. ക്വുര്‍ആനും സുന്നത്തും പിന്‍പറ്റുക എന്നതിനു പുറമെ അത് സലഫുസ്സ്വാലിഹുകളുടെ രീതിയനുസരിച്ചാവുക എന്ന കാര്യം പ്രത്യേകം മനസ്സിരുത്തേണ്ട സംഗതിയാണ്. ക്വിയാമത്തു നാളില്‍ രക്ഷപ്പെടുന്ന വിഭാഗത്തില്‍ ഉള്‍പ്പെടണമെന്ന ആത്മാര്‍ഥവും സത്യസന്ധവുമായ വിചാരമുണ്ടെങ്കില്‍ അത് അനിവാര്യമാണ്.

നമ്മളിന്ന് കാണുന്ന മിക്ക ഇസ്‌ലാമിക സംഘടനകളും വിശ്വസിക്കുന്നത് ഇസ്‌ലാം എന്നാല്‍ ക്വുര്‍ആനും സുന്നത്തും മാത്രമാണെന്നാണ.് അവയില്‍ ഭൂരിഭാഗവും മൂന്നാമത്തെ സംഗതിയായി വിവരിച്ച സലഫുകളുടെ മാര്‍ഗം അവലംബിക്കുവാനോ അംഗീകരിക്കുവാനോ സന്നദ്ധരല്ല. ആ വിശുദ്ധ മാര്‍ഗത്തെ സംബന്ധിച്ച് ക്വുര്‍ആനും സുന്നത്തും തെര്യപ്പെടുത്തിയ കാര്യം മുമ്പ് പറഞ്ഞുവല്ലോ.

വാസ്തവത്തില്‍ അഭിപ്രായങ്ങളിലും വീക്ഷണഗതികളിലും പൂര്‍വികരായ സച്ചരിതരുടെ (സലഫുസ്സ്വാലിഹ്) മാര്‍ഗം പിന്തുടരാത്തതാണ് മുസ്‌ലിംകളെ വ്യത്യസ്ത കക്ഷികളും വിഭാഗങ്ങളുമാക്കി സമുദായ ഐക്യം തകര്‍ത്തു കളഞ്ഞതിന്റെ മുഖ്യ ഹേതു.

 

ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി (വിവര്‍ത്തനം: ശമീര്‍ മദീനി)
നേർപഥം വാരിക

പ്രതിഫലം

പ്രതിഫലം

ഉമ്മ രാത്രിഭക്ഷണം തയ്യാറാക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അദ്‌നാന്‍ ഒരു കടലാസുമായി അടുക്കളയിലേക്ക് ചെന്നത്. ഒന്നും പറയാതെ അവന്‍ ആ കടലാസ് ഉമ്മയുടെ നേര്‍ക്ക് നീട്ടി.

”എന്താണ് മോനേ ഇത്?” ഉമ്മ തന്റെ ജോലി ചെയ്യുന്നതിനിടയില്‍ ചോദിച്ചു.

”വായിച്ച് നോക്കൂ” അദ്‌നാന്‍ പറഞ്ഞു. 

ഉമ്മ തന്റെ നനഞ്ഞ കൈ തുടച്ചുകൊണ്ട് അവന്റെ കയ്യില്‍നിന്ന് കടലാസു കഷ്ണം വാങ്ങി.

അതില്‍ അവന്‍ ഇപ്രകാരം എഴുതിയിരുന്നു:

‘ആടിന് പുല്ലരിഞ്ഞതിന് 35 രൂപ.’

‘എന്റെ ബെഡ് റൂം വൃത്തിയാക്കിയതിന് 25 രൂപ.’

‘കടയില്‍ സാധനങ്ങള്‍ വാങ്ങുവാന്‍ പോയതിന് 20 രൂപ.’

‘ഉമ്മ പുറത്ത് പോയപ്പോള്‍ കുഞ്ഞനുജനെ നോക്കിയ വകയില്‍ 20 രൂപ.’ 

‘മുറ്റത്തെ പുല്ല് പറിച്ചതിന് 10 രൂപ.’

‘ആകെ 110 രൂപ.’

‘ഇത് നാളെ എനിക്ക് തരണം.’

ഇത് വായിച്ച ഉമ്മ അല്‍പനേരം ആശ്ചര്യത്തോടെ മകന്റെ മുഖത്തേക്ക് നോക്കി. അന്നേരം അവരുടെ മനസ്സില്‍ തെളിഞ്ഞുവന്ന ഭൂതകാല സംഭവങ്ങള്‍ അവന് അറിയില്ലല്ലോ. അവര്‍ ഉടനെ ആ കടലാസിന്റെ മറുവശത്ത് ഒരു പേനയെടുത്ത് ഇപ്രകാരം എഴുതി:

‘നീ എന്റെ വയറ്റില്‍ വളര്‍ന്ന ഒമ്പതുമാസക്കാലം നിന്നെ ഞാന്‍ വഹിച്ചതിന് കാശൊന്നും വേണ്ട.’

‘മരണസമാനമായ വേദനയനുഭവിച്ച് നിന്നെ പ്രസവിച്ചതിന് കാശൊന്നും വേണ്ട.’

‘രാത്രികളില്‍ നിന്റെ കൂടെ കിടന്ന് പരിചരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തതിന് കാശൊന്നും വേണ്ട.’

‘വര്‍ഷങ്ങളോളം നിനക്കുവേണ്ടി കഷ്ടപ്പെട്ടതിനും നീ കാരണം ഒഴുക്കേണ്ടിവന്ന കണ്ണുനീരിനും കാശൊന്നും വേണ്ട.’

‘നിനക്ക് കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും വാങ്ങിത്തന്നതിനും ഭക്ഷണം നല്‍കിയതിനും എന്തിനേറെ നിന്റെ ശരീരത്തില്‍നിന്നും വിസര്‍ജ്യങ്ങള്‍ കഴുകിത്തന്നതിനും കാശൊന്നും വേണ്ട.’

‘ഇതെല്ലാമൊന്ന് നീ കൂട്ടിയപോലെ കൂട്ടിനോക്കൂ. എന്റെ സ്‌നേഹത്തിന്റെ വിലയ്ക്കും കാശൊന്നും വേണ്ട.’

ഉമ്മ എഴുതിയത് വായിച്ചു തീര്‍ന്നപ്പോഴേക്കും അദ്‌നാന്റെ കണ്ണുകളില്‍നിന്ന് കണ്ണുനീര്‍ ധാരയായി ഒഴുകിത്തുടങ്ങിയിരുന്നു.

ഉമ്മയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവന്‍ പറഞ്ഞു: ”ഉമ്മാ…! തീര്‍ച്ചയായും ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു.”

എന്നിട്ട് പേനയെടുത്ത് ആ കടലാസില്‍ വലിയ അക്ഷരങ്ങളില്‍ അവന്‍ ഇങ്ങനെ എഴുതി: ‘വില മതിക്കാനാവാത്ത സ്‌നേഹത്തിന് പകരം സ്‌നേഹം മാത്രം. എനിക്ക് തരാനുള്ളതെല്ലാം തന്നുകഴിഞ്ഞിരിക്കുന്നു.’

അത് വായിച്ച ഉമ്മ അവനെ സന്തോഷത്തോടെ ചേര്‍ത്ത് പിടിച്ചു.

കൂട്ടുകാരേ, നമ്മുടെ ഉമ്മമാര്‍ നമുക്ക് വേണ്ടി സഹിച്ച കഷ്ടപ്പാടുകള്‍ക്ക് വിലയിടാന്‍ നമുക്കാകില്ല. അതിനാല്‍ അവരെ ആത്മാര്‍ഥമായി സ്‌നേഹിക്കുക. അവരെ സഹായിക്കുകയും ചെയ്യുക. എന്നാലേ നമുക്ക് സ്വര്‍ഗാവകാശികളായി മാറുവാന്‍ കഴിയൂ.

 

റാശിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

ഒളിച്ചുകളി

ഒളിച്ചുകളി

സ്‌കൂളില്ലാത്ത ദിവസം എന്തെങ്കിലും കളികളില്‍ മുഴുകല്‍ ഇഹ്‌സാന്റെയും കൂട്ടുകാരുടെയും പതിവാണ്. അന്ന് കളിക്കുവാന്‍ ഒത്തുകൂടിയപ്പോള്‍ പലരും പല അഭിപ്രായങ്ങളും പറഞ്ഞു; ഏത് കളിയാണ് വേണ്ടത് എന്ന വിഷയത്തില്‍. ഒടുവില്‍ ഒളിച്ചുകളിയാകാമെന്ന തീരുമാനത്തില്‍ എല്ലാവരും യോജിച്ചു. 

എല്ലാവരും തൊട്ടടുത്തുള്ള മരങ്ങളുടെ മറവിലും വീടുകളുടെ പുറകിലുമൊക്കെയായി ഒളിച്ചു. ഇഹ്‌സാന്‍ കുറച്ചു ദൂരെ വഴിവക്കിലുള്ള വലിയ ഒരു മരത്തിന്റെ മറവിലാണ് ഒളിച്ചുനിന്നത്. അവിടെ അവനെ കണ്ടുപിടിക്കുവാന്‍ പെട്ടെന്നൊന്നും കഴിയില്ല.

അവന്‍ മറഞ്ഞുനിന്ന് പതുക്കെ കളിസ്ഥലത്തേക്ക് പാളിനോക്കുന്ന സമയത്താണ് അപരിചിതനായ ഒരു വൃദ്ധന്‍ അതുവഴി വന്നത്. 

”കുട്ടീ എന്താ ഇങ്ങനെ ഒളിച്ചിരിക്കുന്നത്?” ഇഹ്‌സാനോട് അയാള്‍ ചേവദിച്ചു.

ഇഹ്‌സാന്‍ ചുണ്ടിന്മേല്‍ വിരല്‍ വെച്ച് മിണ്ടരുതെന്ന് വൃദ്ധനോട് ആംഗ്യം കാണിച്ചു. വൃദ്ധന്‍ അത്ഭുതത്തോടെ ഇഹ്‌സാനെ നോക്കി. അയാള്‍ക്ക് അവന്‍ ഒളിച്ചുകളിയിലാണെന്ന കാര്യം മനസ്സിലായില്ല.

”മോനേ, എനിക്ക് ഒരു കാര്യം അറിയാനുണ്ടായിരുന്നു. ഞാന്‍ ഒരാളുടെ വീട് തിരക്കി ദൂരെനിന്നും വരുന്നതാ.”

അപ്പോഴും അവന്‍ മിണ്ടരുതെന്ന് കാണിച്ചു.

”നീ എന്തിനാ എന്നോട് മിണ്ടരുതെന്ന് പറയുന്നത്? ഞാന്‍ നിന്നോട് ഒരാളുടെ വീട് എവിടെയാണെന്ന് അന്വേഷിക്കുവാന്‍ മാത്രമാണ് ഉദ്ദേശിക്കുന്നത്. അല്ലാതെ നിന്നെ ഉപദ്രവിക്കുവാനൊന്നും വന്നതല്ല.” 

ഈ സമയത്ത് ഒളിച്ചവരെ കണ്ടുപിടിക്കേണ്ട കുട്ടിയുടെ ശ്രദ്ധ അങ്ങോട്ടുപതിഞ്ഞു. ഒരാള്‍ മരത്തിനു സമീപത്തു നിന്ന് ആരോടോ സംസാരിക്കുന്നു. അവിടെ ആരോ ഒളിച്ചിരിക്കുന്നുണ്ടെന്ന് അവന് മനസ്സിലായി. അവന്‍ പതുക്കെ അങ്ങോട്ട് നടന്നുചെന്നു. ‘ഇഹ്‌സാനെ കണ്ടേ’ എന്നും പറഞ്ഞ് അവന്‍ തിരിച്ചോടി.

ഇഹ്‌സാന് ഏറെ ദേഷ്യം വന്നു. 

”നിങ്ങള്‍ കാരണമാ അവന്‍ എന്നെ കണ്ടുപിടിച്ചത്” അവന്‍ ദേഷ്യത്തോടെയും സങ്കടത്തോടെയും പറഞ്ഞു.

”മോനേ, നീ കളിയിലാണെന്ന് ഞാനറിഞ്ഞില്ല. ഞാന്‍ അതറിയാതെയാണ് നിന്നോട് വഴി ചോദിച്ചത്. വഴിയറിയാത്തവന് വഴികാണിച്ചുകൊടുത്താലുള്ള പ്രതിഫലമെന്താണെന്ന് നബില പഠിപ്പിച്ചത്‌നീ അറിഞ്ഞിരുന്നെങ്കില്‍ കളിയെക്കാള്‍ എന്റെ ആവശ്യം നീ പരിഗണിക്കുമായിരുന്നു.”

വഴികാണിക്കല്‍ ഒരു സല്‍കര്‍മമാണെന്ന് ഇഹ്‌സാന് അറിയില്ലായിരുന്നു. അയാളുടെ പറഞ്ഞത് കേട്ടപ്പോള്‍ അവന് പ്രയാസമായി.

”എന്നോട് ക്ഷമിക്കണം. ഞാന്‍ കളിയില്‍ പെട്ട് നിങ്ങളെ പരിഗണിച്ചില്ല. എനിക്കതില്‍ ദുഃഖമുണ്ട്. നിങ്ങള്‍ക്ക് എങ്ങോട്ടാണ് പോകേണ്ടത്?” ഇഹ്‌സാന്‍ ചോദിച്ചു.

”സാരമില്ല, മോന്‍ കളിയില്‍ മുഴുകിയതുകൊണ്ടല്ലേ?” വൃദ്ധന്‍ അവന്റെ ചുമലില്‍ തട്ടിക്കൊണ്ട് പറഞ്ഞു. അപ്പോഴേക്കും മറ്റു കുട്ടികള്‍ ചുറ്റും കൂടി. 

വൃദ്ധന്‍ തനിക്ക് കാണേണ്ട ആളെ പറഞ്ഞുകൊടുത്തു.

”ആ വീട് എനിക്കറിയാം. ഞാന്‍ കാണിച്ചുതരാം” ഇഹ്‌സാന്‍ അയാളുടെ കൈപിടിച്ച് മുന്നോട്ടു നടന്നു.

കൂട്ടുകാരേ, ഒരാള്‍ വഴിയന്വേഷിക്കുമ്പോള്‍ നമുക്കറിയുമെങ്കില്‍ അയാളെ സഹായിക്കല്‍ നമ്മുടെ ബാധ്യതയാണ്. ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കുമല്ലോ.

 

റാശിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

ധീരനായ പുത്രന്‍

ധീരനായ പുത്രന്‍

ഇത് വളരെ പണ്ട് നടന്ന ഒരു കഥയാണ്. കൊള്ളക്കാര്‍ തേര്‍വാഴ്ച നടത്തുന്ന കാലം. അന്ന് മനുഷ്യരെ അടിമകളാക്കി വില്‍പന നടത്തുന്ന സമ്പ്രദായം നിലനിന്നിരുന്നു. അത്‌കൊണ്ടു തന്നെ കൊള്ളക്കാര്‍ കവര്‍ച്ച ചെയ്യുവാനും ആളുകളെ തട്ടിക്കൊണ്ട് പോകുവാനുമായി വഴിയോരങ്ങളില്‍ പതുങ്ങിയിരിക്കാറുണ്ടായിരുന്നു.

ഒരു ദിവസം എന്തോ ആവശ്യത്തിന് പോകുകയായിരുന്ന പാവപ്പെട്ട ഒരു മനുഷ്യനെ കൊള്ളക്കാര്‍ പിടിച്ചുവെച്ചു. കൊള്ളക്കാരുടെ തലവന്‍ പറഞ്ഞു: ”നിങ്ങളെ അടിമച്ചന്തയില്‍ വില്‍ക്കാതിരിക്കണമെങ്കില്‍ നൂറ് സ്വര്‍ണ നാണയം തരണം.”

”എന്റെ പക്കല്‍ യാതൊന്നുമില്ല. എന്നെ വിട്ടയക്കണം” വൃദ്ധന്‍ യാചനാ സ്വരത്തില്‍ പറഞ്ഞു.

”എങ്കില്‍ നിങ്ങളെ ഞാന്‍ തടവുകാരനാക്കുകയാണ്” തലവന്‍ പറഞ്ഞു.

”എങ്കില്‍ എനിക്ക് ഈ വിവരം വീട്ടില്‍ അറിയിക്കണം. അവര്‍ എന്തെങ്കിലും വഴി കണ്ടെത്തുമോ എന്ന് നോക്കട്ടെ” വൃദ്ധന്‍ പറഞ്ഞു.

വൃദ്ധന്‍ കാര്യങ്ങളെല്ലാം വിശദമാക്കുന്ന ഒരു കത്ത് എഴുതി. ”എനിക്കറിയാം എന്നെ സ്വതന്ത്രനാക്കുവാനുള്ള ധനം കണ്ടെത്തുവാന്‍ നിങ്ങള്‍ക്ക് കഴിയില്ല എന്ന്. എനിക്ക് ഇങ്ങനെയൊരു വിപത്ത് സംഭവിച്ചിരിക്കുന്നു എന്ന് നിങ്ങളെ അറിയിക്കുവാന്‍ മാത്രമാണ് ഞാനിത് എഴുതുന്നത്” എന്നാണ് അയാള്‍ കത്തിന്റെ അവസാനത്തില്‍ എഴുതിയത്.

ഈ വൃദ്ധന് ധീരനും ബുദ്ധിമാനുമായ ഒരു മകനുണ്ടായിരുന്നു. അവന്റെ കയ്യിലാണ് കത്ത് കിട്ടിയത്. ഉടനെ അവന്‍ കൊള്ളക്കാരുടെ സങ്കേതം തേടി യാത്രയായി. കൊള്ളക്കാരെ കണ്ടെത്തിയപ്പോള്‍ അവന്‍ പറഞ്ഞു:

”മോചന ദ്രവ്യം നല്‍കാതെ നിങ്ങള്‍ എന്റെ പിതാവിനെ വിട്ടയക്കില്ല എന്ന് എനിക്കറിയാം. ഞാന്‍ നിങ്ങളോട് അതിന് യാചിക്കുന്നുമില്ല. അദ്ദേഹം വൃദ്ധനും ദുര്‍ബലനുമാണ്. അദ്ദേഹത്തെ അടിമച്ചന്തയില്‍ വിറ്റാല്‍ നിങ്ങള്‍ക്ക് വലിയ തുകയൊന്നും കിട്ടാന്‍ പോകുന്നില്ല. പകരം നിങ്ങള്‍ എന്നെ എടുത്തോളൂ. അദ്ദേഹത്തെ വിട്ടയക്കൂ. എന്നെ വിറ്റാല്‍ നിങ്ങള്‍ക്ക് നല്ല തുക ലഭിക്കാതിരിക്കില്ല. ഞാന്‍ നല്ല ആരോഗ്യവാനും യുവാവുമാണ്.”

ഇതു കേട്ട കൊള്ളക്കാര്‍ അമ്പരപ്പോെട പരസ്പരം നോക്കി. ആ ഓഫര്‍ അവര്‍ക്ക് നന്നായി ഇഷ്ടപ്പെടുകയും ചെയ്തു. നേതാവിനോട് വിവരം പറയട്ടെ എന്നായി കൊള്ളക്കാര്‍. കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ കൊള്ളത്തലവനും അത്ഭുതമായി. കേട്ടത് വിശ്വസിക്കുവാന്‍ അയാള്‍ക്കായില്ല. അയാള്‍ യുവാവിനെ കാണുവാനെത്തി. യുവാവ് അയാളോട് നേരിട്ട് അക്കാര്യം പറഞ്ഞു.

കൊള്ളത്തലവന്‍ യുവാവിന്റെ ചുമലില്‍ കൈവെച്ചുകൊണ്ട് പറഞ്ഞു: ”ഭൂമിയില്‍ ഇപ്പോഴും ഇതുപോലുള്ള ധീരന്മാരായ, പിതാവിനു വേണ്ടി ത്യാഗം സഹിക്കുവാന്‍ തയ്യാറുള്ള മക്കള്‍ ജീവിച്ചിരിപ്പുണ്ടല്ലേ?  നിന്നെ ഞാന്‍ അഭിനന്ദിക്കുന്നു. നീ കാരണം നിന്റെ പിതാവിനെ ഞാന്‍ വിട്ടുതരുന്നു. നിങ്ങള്‍ രണ്ടുപേരും സ്വതന്ത്രരാണ്. നിങ്ങള്‍ക്ക് പോകാം.”

ആപത്തില്‍നിന്നും രക്ഷപ്പെട്ട സന്തോഷത്തോടെ പിതാവും മകനും വീട്ടിലേക്ക് തിരിച്ചു.

 

റാശിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

ഒരു ജീവിയെയും ഉപദ്രവിക്കരുത്

ഒരു ജീവിയെയും ഉപദ്രവിക്കരുത്

ഹാജറയും സാറയും അടുത്ത കൂട്ടുകാരികളാണ്. ഹാജറ മതബോധമുള്ള കുടുംബത്തിലെ കുട്ടിയായതിനാല്‍ സാറയെക്കാള്‍ മികച്ച സ്വഭാവവും നല്ല അറിവും അവള്‍ക്കുണ്ടായിരുന്നു. അവര്‍ രണ്ടുപേരും സ്‌കൂളില്‍ പോകുന്നതും വരുന്നതും ഒരുമിച്ചായിരുന്നു.

ഒരുദിവസം രണ്ടുപേരും സകൂളില്‍ നിന്ന് മടങ്ങിവരുമ്പോള്‍ വഴിയിരികില്‍ ഒരു കിളിക്കുഞ്ഞ് മരണാസന്നയായി കിടക്കുന്നത് കണ്ടു. അതിനെ ഉറുമ്പുകള്‍ പൊതിഞ്ഞിരുന്നു. 

ഹാജറ പറഞ്ഞു: ”പാവം കിളിക്കുഞ്ഞ്. അത് ചാകാനായിട്ടുണ്ട്. നമുക്കതിനെ രക്ഷിക്കാം. അല്‍പം വെള്ളം കൊടുക്കാം.”

അപ്പോള്‍ സാറ പറഞ്ഞു: ”നിനക്ക് വേറെ പണിയൊന്നുമില്ലേ? വെറുതെ സമയം കളയുന്നു.”

”നീ ഈ പറയുന്നത് ശരിയല്ല. ദാഹിക്കുന്ന ഏത് ജീവിക്കും വെള്ളം നല്‍കി ദാഹമകറ്റുന്നത് പുണ്യകര്‍മമാണെന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്” ഹാജറ പറഞ്ഞു.

”നേരാണോ നീ പറയുന്നത്?” സാറ അത്ഭുതത്തോടെ ചോദിച്ചു. 

”അതെ, ദാഹിച്ചു വലഞ്ഞ നായക്ക് കിണറ്റിലിറങ്ങി വെളളം നല്‍കിയ മനുഷ്യന്‍ അക്കാരണത്താല്‍ സ്വര്‍ഗാവകാശിയായെന്ന് നബി ﷺ പറഞ്ഞത് നീ പഠിച്ചിട്ടില്ലേ?”

ഇതും ചോദിച്ച് ഹാജറ കിളിക്കുഞ്ഞിനെ കയ്യിലെടുത്തു. അതിന്റെ ശരീരത്തിലുണ്ടായിരുന്ന ഉറുമ്പുകളെയെല്ലാം തട്ടിക്കളഞ്ഞു. ബാഗിലുണ്ടായിരുന്ന വാട്ടര്‍ബോട്ടിലില്‍ നിന്ന് അല്‍പം വെള്ളം അതിന്റെ വായില്‍ ഒഴിച്ചുകൊടുത്തു. അത് വെള്ളം കുടിച്ചിറക്കി. അന്നേരമാണ് തള്ളപ്പക്ഷി മുകളില്‍ വട്ടമിട്ടു പറക്കുന്നത് അവര്‍ കണ്ടത്. കുറച്ചപ്പുറത്ത് മരത്തില്‍ നിന്ന് ചാടിയ കിളിക്കൂട് കിടക്കുന്നത് അപ്പോഴാണ് അവരുടെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ ഹാജറ കിളിക്കുഞ്ഞിനെ ആ കൂട്ടില്‍ വെച്ചു. ഉറുമ്പുകള്‍ പോകുകയും വെള്ളം അകത്തു ചെല്ലുകയും ചെയ്തതിനാല്‍ കിളിക്കുഞ്ഞ് ഉഷാറായി. അത് പതുക്കെ കൂട്ടില്‍ എഴുന്നേറ്റ് നിന്നു. അവര്‍ അല്‍പം മാറി നിന്നപ്പോള്‍ തള്ളപ്പക്ഷി കൂട്ടില്‍ പറന്നിറങ്ങി. അത് തന്റെ കൊക്കിനിടയില്‍ വെച്ചിരുന്ന തീറ്റ കുഞ്ഞിന്റെ വായില്‍ വച്ചുകൊടുത്തു. കുറച്ചു നേരം ആ രംഗം നോക്കിനിന്ന ശേഷം ഹാജറയും സാറയും വീട്ടിലേക്ക് മടങ്ങി. 

പിറ്റേ ദിവസം സ്‌കൂളിലേക്ക് പോകുമ്പോള്‍ സാറ പറഞ്ഞു: ”ഇന്നലെ നീ കിളിക്കുഞ്ഞിനെ രക്ഷിച്ച കാര്യമായിരുന്നു ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്റെ മനസ്സു നിറയെ. ഞാന്‍ ഇതുവരെ ജന്തുക്കളെ ഉപദ്രവിച്ചിട്ടേയുള്ളൂ. ഇനി ഞാന്‍ ഒന്നിനെയും ഉപദ്രവിക്കില്ല.”

ഹാജറക്ക് അത് കേട്ടപ്പോള്‍ വലിയ സന്തോഷമായി. അവള്‍ പറഞ്ഞു: ”നമ്മള്‍ ഒരു കാര്യം തെറ്റാണെന്ന് അറിഞ്ഞാല്‍ പിന്നെ അത് ആവര്‍ത്തിക്കരുത്. അറിയാതെ ചെയ്തത് അല്ലാഹു പൊറുത്തുതരും.”

”ഞാന്‍ എന്റെ വീട്ടില്‍ വരുന്ന ഒരു പാവം പൂച്ചയെ കല്ലെടുത്തെറിഞ്ഞ് കുറെ വേദനിപ്പിച്ചിട്ടുണ്ട്. അതുപോലെ ഓന്തിനെയും അരണയെയും കാണുമ്പോള്‍ എറിയാറുണ്ട്. അതൊക്കെ ഒരു രസത്തിന് ചെയ്യുന്നതാണ്” സാറ ദുഃഖത്തോടെ പറഞ്ഞു.

”നീ മാത്രമല്ല, പല കുട്ടികളും ചെയ്യുന്ന കാര്യമാണിത്. പൂച്ചയെ കെട്ടിയിട്ട് ഭക്ഷണം നല്‍കാതെ കൊന്ന ഒരു സ്ത്രീ നരകത്തിലാണെ് നബി ﷺ പറഞ്ഞത് ജന്തുക്കളെ ഉപദ്രവിക്കുന്നതിന്റെ ഗൗരവം എത്രമാത്രമുണ്ടെന്ന് അറിയിക്കുന്നു” ഹാജറ പറഞ്ഞു.

അപ്പോഴേക്കും അവര്‍ സ്‌കൂളിലെത്തി. സലാം പറഞ്ഞുകൊണ്ട് രണ്ടു പേരും അവരവരുടെ ക്ലാസ്സുകളിലേക്ക് പോയി.  

 

അസ്‌റ അബ്ദുല്‍ ഹയ്യ്
നേർപഥം വാരിക

അല്ലാഹുവിന് നന്ദി കാണിക്കുക നാം

അല്ലാഹുവിന് നന്ദി കാണിക്കുക നാം

ഹംദ മോളുടെ പ്രിയപ്പെട്ട ഇത്താത്തയാണ് സഹദിയ.

ഇത്താത്തയുടെ കൂടെ ഭക്ഷണം കഴിക്കാനാണ് ഹംദ മോള്‍ക്ക് ഇഷ്ടം.

ഇണങ്ങിയും പിണങ്ങിയും ഭക്ഷണം കഴിക്കുന്നതിനിടയില്‍ സഹദിയ കഥകള്‍ പറഞ്ഞു കൊടുക്കും.

അന്ന് സഹദിയ മദ്‌റസ വിട്ടു വന്ന് ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോഴേക്കും ഹംദ മോള്‍ കഴിക്കാന്‍ തുടങ്ങിയിരുന്നു.

”ബിസ്മില്ലാഹ് എന്ന് പറഞ്ഞ് കൊണ്ട് മാത്രമെ ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ. നീ ബിസ്മി ചൊല്ലിയോ?” സഹദിയ ചോദിച്ചു.

”ഇല്ല, ഞാന്‍ ചൊല്ലിയില്ല” ഹംദ പറഞ്ഞു. 

അപ്പോള്‍ സഹദിയ പറഞ്ഞു: ”ബിസ്മി ചൊല്ലാന്‍ മറന്ന് ഭക്ഷണം കഴിച്ച് തുടങ്ങിയാല്‍ ‘ബിസ്മില്ലാഹി അവ്വലുഹു വആഖിറുഹു’ എന്നാണ് പറയേണ്ടത്. ഹംദ മോള്‍ അത് പോലെ പറഞ്ഞു.

”ബിസ്മില്ലാഹ്’ എന്ന് എന്തിനാ പറയുന്നത്” ഹംദ മോളുടെ സംശയം.

ഈ ചോദ്യം കേട്ടപ്പോള്‍ സഹദിയക്ക് ചിരിവന്നു. 

ഉസ്താദിനോട് ഇതേ ചോദ്യം സഹദിയ ചോദിച്ചിരുന്നു. 

ഉസ്താദ് പറഞ്ഞ മറുപടി ഓര്‍ത്തെടുത്ത് കൊണ്ട് സഹദിയ പറഞ്ഞു:

”അല്ലാഹുവാണ് നമുക്ക് ഭക്ഷണം തരുന്നത്. ഭക്ഷണം കഴിക്കാന്‍ ഉണ്ടായിട്ടും കഴിക്കാന്‍ കഴിയാത്തവരും ഭക്ഷണം കഴിക്കാന്‍ കിട്ടാതെ പ്രയാസപ്പെടുന്നവരും എത്രയോ ലോകത്തുണ്ട്. അല്ലാഹു നല്‍കിയ വലിയ അനുഗ്രഹമാണ് ഭക്ഷണം. അതിനാല്‍ ഭക്ഷിക്കുമ്പോഴും കുടിക്കുമ്പോഴുമെല്ലാം നാം അവന്റെ നാമത്തില്‍ ആരംഭിക്കണം.”

”ഭക്ഷണം കഴിക്കാന്‍ ഇല്ലാത്തവരുടെ കാര്യം കഷ്ടമാ അല്ലേ, ഇത്താത്താ?” 

”അതെ. ഇല്ലാത്തവരെ ഉള്ളവര്‍ സഹായിക്കണം.”

”പിന്നെ ഭക്ഷണം കഴിക്കുമ്പോള്‍ നാം എന്താണ് ശ്രദ്ധിക്കേണ്ടത്?”

”വലത് കൈകൊണ്ട് മാത്രമേ ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ. കുടിക്കുമ്പോഴും വലത് കൈ കൊണ്ട് മാത്രമേ പാടുള്ളൂ. നമുക്ക് ആവശ്യത്തിന് വേണ്ടുന്ന ഭക്ഷണമേ പ്ലേറ്റില്‍ എടുക്കാന്‍ പാടുള്ളൂ. ബാക്കിയാക്കി വെറുതെ കളയരുത്. പ്ലേറ്റിലുള്ളത് മുഴുവന്‍ കഴിച്ച് വിരലുകളില്‍ പിടിച്ചിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ നക്കിത്തുടക്കണം.”

ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോള്‍ ഇത്താത്ത പറഞ്ഞു. 

”നേരത്തെ പറഞ്ഞത് ഓര്‍മയുണ്ടല്ലോ. ലോകത്ത് കുറേയാളുകള്‍ ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുന്നുണ്ട്. കുറേയാളുകള്‍ ഭക്ഷണം ഉണ്ടായിട്ടും കഴിക്കാന്‍ പറ്റാതെ രോഗികളായി കിടക്കുന്നുണ്ട്. അല്ലാഹു നമുക്ക് ഭക്ഷണവും തന്നു; കഴിക്കാനുള്ള അവസരവും തന്നു. അതിനാല്‍ അല്ലാഹുവിന് നമ്മള്‍ നന്ദി പറയണം. അവനെ സ്തുതിക്കണം. ഇത്താത്ത പറയുന്നത് പോലെ മോളും പറയണം. അല്‍ഹംദുലില്ലാഹ്.”

”അല്‍ഹംദുലില്ലാഹ്” ഹംദമോള്‍ അതേറ്റു പറഞ്ഞു.

 

അശ്‌റു പുളിമ്പറമ്പ്
നേർപഥം വാരിക

സല്‍മാനുല്‍ ഫാരിസി (റ) യുടെ ആത്മകഥ

സല്‍മാനുല്‍ ഫാരിസി (റ) യുടെ ആത്മകഥ

(ഭാഗം: 2)

അങ്ങനെ ഞാന്‍ നസ്വീബിനിലെ പുരോഹിതന്റെ കൂടെ താമസമാരംഭിച്ചു. സിറിയയിലെയും മൗസ്വിലിലെയും പുരോഹിതന്മാരെപ്പോലെ അദ്ദേഹവും ശ്രേഷ്ഠനായിരുന്നു. ആ പുണ്യാളനോടൊപ്പം ഞാന്‍ കഴിച്ചുകൂട്ടി. എന്നാല്‍, ഏറെ കഴിഞ്ഞില്ല; മരണം അദ്ദേഹത്തെ തേടി വന്നിറങ്ങി. അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു:

”ഗുരുവര്യരേ, മൗസ്വിലിലെ പുരോഹിതന്‍ കല്‍പിച്ചതനുസരിച്ചാണ് ഞാന്‍ താങ്കളുടെ അടുക്കലെത്തിയത്. ഞാന്‍ ആരെ ആത്മീയ ഗുരുവാക്കുവാനാണ് താങ്കള്‍ നിര്‍ദേശിക്കുന്നത്? എന്താണ് എന്നോട് കല്‍പിക്കുന്നത്?”

അദ്ദേഹം പറഞ്ഞു: ”മകനേ, അല്ലാഹുവാണെ സത്യം! നീ എത്തിച്ചേരുവാന്‍, നമ്മുടെ ആദര്‍ശമുള്ള ആരും അവശേഷിക്കുന്നതായി നാം അറിയില്ല അമ്മൂരിയ്യ ദേശത്തുള്ള ഒരു പുരോഹിതനൊഴികെ. നിനക്കിഷ്ടമാണെങ്കില്‍ അവിടം പ്രാപിക്കുക.”

അദ്ദേഹം മരണം വരിച്ച് മണ്‍മറഞ്ഞപ്പോള്‍ ഞാന്‍ അമ്മൂരിയ്യയിലെ പുരോഹിതന്റെ അടുക്കല്‍ ചെന്നു. ഞാന്‍ എന്റെ വിവരങ്ങള്‍ പറഞ്ഞു. നസ്വീബീനിലെ പുരോഹിതന്റെ വിവരങ്ങള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.

അദ്ദേഹം പറഞ്ഞു: ”എന്നോടൊത്ത് കഴിഞ്ഞോളൂ.”

സിറിയയിലെയും മൗസ്വിലിലെയും നസ്വീബീനിലെയും പുരോഹിതന്മാരെപ്പോലുള്ള ഒരു സന്മാര്‍ഗിയായിരുന്നു അദ്ദേഹവും. ഞാന്‍ അദ്ദേഹത്തോടൊപ്പം താമസമാരംഭിച്ചു. അവിടെവെച്ച് ഞാന്‍ സമ്പാദിക്കുവാന്‍ തുടങ്ങി. അങ്ങനെ ആടുകളും മാടുകളും എനിക്ക് സമ്പാദ്യമായി ഉണ്ടായി.

അങ്ങനെയിരിക്കെ മരണം അദ്ദേഹത്തേയും തേടിയെത്തി. മരണശയ്യയിലായ അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു:

”ഗുരുശ്രേഷ്ഠരേ, സിറിയ, മൗസ്വില്‍, നസ്വീബീന്‍, എന്നിവിടങ്ങളിലെ പുരോഹിതന്മാരുടെ ആജ്ഞാനുവര്‍ത്തിയായി ജീവിച്ച ഞാന്‍ അവസാനമായാണ് അങ്ങയുടെ അടുക്കലെത്തിയത്. ഇനി ഞാന്‍ ആരെ ആത്മീയ ഗുരുവാക്കുവാനാണ് താങ്കള്‍ നിര്‍ദേശിക്കുന്നത്? എന്താണ് എന്നോട് കല്‍പിക്കുന്നത്?”

”മകനേ, നീ എത്തിച്ചേരുവാന്‍ കല്‍പിക്കാവുന്ന ആരും ആദര്‍ശ ശുദ്ധരായി ഉള്ളത് ഞാന്‍ അറിയില്ല. എന്നാല്‍, ഇബ്‌റാഹീം പ്രവാചകന്റെ ഋജുമാര്‍ഗവുമായി, ഒരു പ്രവാചകന്റെ നിയോഗത്തിന് നാളുകളടുത്തിരിക്കുന്നു. അറബികളുടെ നാട്ടില്‍നിന്ന് അദ്ദേഹം പ്രവാചകനായി പുറപ്പെടും. കറുത്ത കല്ലുകള്‍ പാകപ്പെട്ട രണ്ട് കുന്നുകള്‍ക്കിടയില്‍ ഈത്തപ്പനകള്‍ വിളയുന്ന നാട്ടിലേക്ക് അദ്ദേഹം പലായനം ചെയ്ത് അഭയാര്‍ഥിയായി എത്തും. അദ്ദേഹത്തെ തിരിച്ചറിയുവാന്‍ വ്യക്തമായ ചില അടയാളങ്ങളുണ്ടായിരിക്കും. അദ്ദേഹം പാരിതോഷികം ഭക്ഷിക്കും. സ്വദക്വയായി കിട്ടുന്ന മുതല്‍ ഭക്ഷിക്കില്ല. അദ്ദേഹത്തിന്റെ ഇരുചുമലുകള്‍ക്കിടയില്‍ പ്രവാചകത്വ മുദ്രയുണ്ടായിരിക്കും. ആ നാട്ടിലേക്ക് എത്തിച്ചേരുവാന്‍ കഴിയുമെങ്കില്‍ അതിനുള്ള ശ്രമംനടത്തുക.”

അങ്ങനെ അദ്ദേഹവും മരിച്ച് മണ്‍മറഞ്ഞു. അമ്മൂരിയ്യ ദേശത്ത് ഞാന്‍ താമസിച്ചുകൊണ്ടിരിക്കെ, അറബികളിലെ കെല്‍ബ് ഗേത്രത്തില്‍ ഒരു വിഭാഗം കച്ചവടക്കാരായി അവിടെയെത്തി. ഞാന്‍ അവരോട് പറഞ്ഞു: ”അറബികളുടെ നാട്ടിലേക്ക് നിങ്ങള്‍ എന്നെ കൂടെക്കൂട്ടുക. പകരമായി എന്റെ ആടുകളെയും മാടുകളെയും ഞാന്‍ നിങ്ങള്‍ക്കു തരാം.”

അവര്‍ സമ്മതിച്ചു. ഞാന്‍ ആടുമാടുകളെ നല്‍കി. അവര്‍ എന്നെയുംകൊണ്ട് യാത്രയായി. വാദീ അല്‍ക്വുറാ എന്ന സ്ഥലത്തെത്തിയപ്പോള്‍ അവര്‍ എന്നോട് ക്രൂരത കാണിച്ചു; അഥവാ അവര്‍ എന്നെ ഒരു ജൂതന് അടിമയായി വിറ്റു. അയാളുടെ അടിമയായി ഞാന്‍ അയാളോടൊത്ത് കൂടി. അവിടെ ഞാന്‍ ഈത്തപ്പനകള്‍ കണ്ടു. വരാനിരിക്കുന്ന പ്രവാചകന്റെ ആഗമനഭൂമി ഇതായിരിക്കട്ടെ എന്ന് ഞാന്‍ കൊതിച്ചു. പക്ഷേ, അവിടം അതായിരുന്നില്ല. അടിമയായി ഞാന്‍ ജോലിചെയ്തുകൊണ്ടിരിക്കെ ഒരിക്കല്‍, മദീനയിലെ ജൂത ഗോത്രമായ ബനൂക്വുറയ്‌ളക്കാരില്‍പെട്ട യജമാനന്റെ പിതൃവ്യപുത്രന്‍ വന്നു. അയാള്‍ എന്നെ വിലയ്ക്ക് വാങ്ങി മദീനയിലേക്ക് കൊണ്ടുപോയി. അല്ലാഹുവാണേ, മദീന കണ്ടമാത്രയില്‍ അമ്മൂരിയ്യയിലെ പുരോഹിതന്‍ വര്‍ണിച്ചതെല്ലാം മനസ്സില്‍ തെളിഞ്ഞു. മദീനയെ ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ അവിടെ താമസവുമാക്കി.

അല്ലാഹു പ്രവാചകനെ നിയോഗിക്കുകയും അദ്ദേഹം മക്കയില്‍ വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടുകയും ചെയ്തിരുന്നു. അടിമവേലയുടെ തിരക്കില്‍ ഞാന്‍ അദ്ദേഹത്തെക്കുറിച്ച് ഒന്നും കേട്ടതേയില്ല!

പിന്നീട് പ്രവാചകന ﷺ മദീനയിലേക്ക് പലായനം ചെയ്തു. അല്ലാഹുവാണേ, ഞാന്‍ ഈത്തപ്പന ത്തലപ്പിലിരുന്ന് ചില ജോലികള്‍ ചെയ്യുകയായിരുന്നു. യജമാനന്‍ താഴെയിരിക്കുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ ഒരു പിതൃവ്യപുത്രന്‍ വന്നുകൊണ്ട് പറഞ്ഞു:

”മദീനക്കാര്‍ക്ക് നാശം! കാരണം, അവര്‍ മക്കയില്‍നിന്നും ഇന്ന് ആഗതനായ ഒരു വ്യക്തിയുടെ ചുറ്റും കൂടിയിരിക്കുന്നു. ആഗതന്‍ പ്രവാചകനാണെന്ന് അവര്‍ വാദിക്കുകയും ചെയ്യുന്നു.”

അത് കേട്ടതോടെ എനിക്ക് വിറയല്‍ തുടങ്ങി. താഴെയിരിക്കുന്ന യജമാനന്റെ തലമുകളില്‍ വീണേക്കു മോ എന്നുപോലും ഞാന്‍ ഭയന്നു. ഞാന്‍ ഈത്തപ്പനയില്‍ നിന്ന് താഴെയിറങ്ങി.

യജമാനന്റെ ബന്ധുവോട് ഞാന്‍ ചോദിച്ചു: ”താങ്കള്‍ എന്താണ് പറയുന്നത്? താങ്കള്‍ എന്താണ് പറയുന്നത്?”

അതോടെ എന്റെ യജമാനന് അരിശംമൂത്തു. തന്റെ കൈചുരുട്ടി അയാള്‍ എന്നെ അതിശക്തമായി പ്രഹരിച്ചുകൊണ്ട് പറഞ്ഞു: ”ഇതില്‍ നിനെക്കെന്ത് കാര്യം? നീ നിന്റെ പണി ചെയ്യ്…”

ഞാന്‍ പറഞ്ഞു: ”ഒന്നുമില്ല. കാര്യം തിരക്കിയെന്നു മാത്രം!”

ഞാന്‍ ശേഖരിച്ച അല്‍പം ഭക്ഷണം എന്റെ കയ്യിലുണ്ടായിരുന്നു. വൈകുന്നേരമായപ്പോള്‍ ഞാന്‍ അതെടുത്ത് തിരുദൂതരുടെ അടുത്തേക്ക് പോയി. അദ്ദേഹം മദീനക്കടുത്ത ക്വുബാ എന്ന സ്ഥലത്തായിരുന്നു. അദ്ദേഹത്തിനരികിലേക്ക് പ്രവേശിച്ച് ഞാന്‍ പറഞ്ഞു:

”താങ്കള്‍ ഒരു നല്ല മനുഷ്യനാണെന്ന് എനിക്കറിയാം. താങ്കളുടെ കൂടെ അപരിചിതരും അത്യാവശ്യക്കാരുമായ അനുചരന്മാരുമുണ്ട്. എന്റെ അടുക്കല്‍ അല്‍പം ഭക്ഷണമുണ്ട്. അത് സ്വദക്വ (ദാനം) ചെയ്യുവാനുള്ളതാണ്. ആരെക്കാളും ഇതിന് അര്‍ഹര്‍ നിങ്ങളാണെന്നതിനാല്‍ ഞാന്‍ ഇത് അങ്ങയുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.”

പ്രവാചകന ﷺ അനുചരന്മാരോട് പറഞ്ഞു: ”നിങ്ങള്‍ ഭക്ഷിക്കുക.” അദ്ദേഹം ഭക്ഷിക്കാതെ കൈ വലിച്ചു. ഞാന്‍ മനസ്സില്‍ പറഞ്ഞു; ഇത് (വേദപണ്ഡിതന്‍ മൊഴിഞ്ഞ) ഒരു അടയാളമാണ്.

ഞാന്‍ മടങ്ങി. മറ്റൊരിക്കല്‍ അല്‍പം ഭക്ഷണം ശേഖരിച്ചു. അപ്പോഴേക്കും പ്രവാചകന ﷺ ക്വുബായില്‍നിന്ന് മദീനയിലേക്ക് താമസം മാറ്റിയിരുന്നു. ഞാന്‍ അവിടേക്ക് ചെന്നുകൊണ്ട് പറഞ്ഞു:

”ഞാന്‍ താങ്കള്‍ക്ക് സ്വദക്വ തന്നു. പക്ഷേ, താങ്കള്‍ അത് ഭക്ഷിച്ചില്ല. ഇത് പാരിതോഷികമാണ്. ഇത് നല്‍കി താങ്കളെ ഞാന്‍ ആദരിക്കുന്നു.”

തിരുദൂതര്‍ അതില്‍നിന്ന് ഭക്ഷിച്ചു. അദ്ദേഹത്തോടൊപ്പം അനുചരന്മാരും ഭക്ഷിച്ചു. ഞാന്‍ മനസ്സില്‍ പറഞ്ഞു; ഇത് (വേദ പണ്ഡിതന്‍ മൊഴിഞ്ഞ) രണ്ടാമത്തെ അടയാളമാണ്.

മറ്റൊരിക്കല്‍ ഞാന്‍ പ്രവാചകന്റെ ﷺ അടുക്കല്‍ ചെന്നു. അദ്ദേഹം ബക്വീഅ്  ക്വബ്ര്‍സ്ഥാനില്‍ ഒരു അനുചരനെ മറമാടുന്ന ചടങ്ങിലായിരുന്നു. രണ്ട് പുതപ്പുകള്‍ ധരിച്ച് അദ്ദേഹം അനുചരന്മാരോടൊപ്പം ഇരിക്കുകയായിരുന്നു. ഞാന്‍ അദ്ദേഹത്തിന് ചുറ്റും വട്ടമിട്ട് നടന്നു. വേദപണ്ഡിതന്‍ വര്‍ണിച്ച പ്രവാചകത്വമുദ്ര അദ്ദേഹത്തിന്റെ മുതുകിലുണ്ടോ എന്ന് പരതുകയായിരുന്നു ഞാന്‍. അദ്ദേഹത്തിന് ചുറ്റും വട്ടമിട്ട് നടന്ന് പരതുന്നത് കണ്ടപ്പോള്‍ എന്തോ ഉറപ്പുവരുത്തുകയാണെന്ന് പ്രവാചകന് ബോധ്യപ്പെട്ടു. അദ്ദേഹം തന്റെ പുതപ്പ് മുതുകില്‍ നിന്ന് നീക്കിയിട്ടു. ഞാന്‍ മുദ്ര കണ്ടു. എനിക്ക് അദ്ദേഹത്തെ മനസ്സിലായി. ഞാന്‍ അദ്ദേഹത്തിലേക്ക് കുനിഞ്ഞ് വീണു. അദ്ദേഹത്തെ ചുംബിച്ചു. എനിക്ക് കരച്ചിലടക്കാനായില്ല.

റസൂല ﷺ പറഞ്ഞു: ”അല്‍പം മാറിനില്‍ക്കൂ.”

ഞാന്‍ മാറിനിന്ന് എന്റെ കഥ പറഞ്ഞു. അനുചരന്മാര്‍ അത് കേള്‍ക്കണമെന്നതില്‍ റസൂല ﷺ ഏറെ താല്‍പര്യം കാണിക്കുകയുണ്ടായി.”

ഇസ്‌ലാമിന്റെ പുത്രനായി സല്‍മാന്‍(റ) ഏറെ നാളുകള്‍ ജീവിച്ചു. സത്യാന്വേഷണ തൃഷ്ണയായിരുന്നു അദ്ദേഹത്തില്‍ മികച്ചുനിന്ന സ്വഭാവമെന്ന് പരാമൃഷ്ട കഥ നമ്മോടോതുന്നു. വിശ്വാസ ദൃഢതയും വിജ്ഞാനവും കൈമുതലാക്കി ജീവിച്ച സല്‍മാന്‍(റ) തികഞ്ഞ വിനയവും വിരക്തിയുമുള്ള വ്യക്തിയായിരുന്നു. സല്‍മാന്‍(റ) രോഗബാധിതനായി മരണശയ്യയിലാണെന്നറിഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ സഅ്ദും(റ) ഇബ്‌നുമസ്ഊദും(റ) അദ്ദേഹത്തെ സന്ദര്‍ശിച്ചു. അപ്പോള്‍ സല്‍മാന്‍(റ) കണ്ണീരൊഴിക്കി. അവര്‍ ചോദിച്ചു:

”സല്‍മാന്‍ താങ്കള്‍ എന്തിനാണ് കരയുന്നത്?”

 അദ്ദേഹം പറഞ്ഞു: ”ഭൗതിക ജീവിതത്തില്‍ നിങ്ങളുടെ സമ്പാദ്യം ഒരു പഥികന്റെ പാഥേയം കണക്കിന് മതിയെന്ന തിരുനബി ﷺ യുടെ നമ്മോടുള്ള വസ്വിയ്യത്ത് നാം പാലിച്ചുവോ എന്ന ആലോചനയാണ് എന്നെ കരയിപ്പിക്കുന്നത്.”

ഉസ്മാന്‍(റ)വിന്റെ ഖിലാഫത്തില്‍ മദാഇന്‍ ദേശത്ത് വെച്ചായിരുന്നു ഈ സംഭവം. മരണശേഷം അദ്ദേഹം അവശേഷിപ്പിച്ച സമ്പാദ്യം എണ്ണിത്തിട്ടപ്പെടുത്തി. ഇരുപത്തിമൂന്ന് ദിര്‍ഹം മാത്രമായിരുന്നു അത്.

 

അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
നേർപഥം വാരിക

സഹകരിക്കുവാന്‍ ശീലിക്കുക

സഹകരിക്കുവാന്‍ ശീലിക്കുക

ഫൈസലും ശരീഫയും അജ്മലും ജുമാനയും നല്ല സന്തോഷത്തിലാണ്. അമ്മാവന്റെ മക്കളായ ഫസീലയും സ്വഫ്‌വാനും വിരുന്നുവന്നതാണ് സന്തോഷത്തിന് കാരണം. സ്‌കൂള്‍ ഇല്ലാത്തതിനാല്‍ ഇഷ്ടം പോലെ കളിക്കാം. എല്ലാവരും വര്‍ത്തമാനത്തില്‍ മുഴുകി ഇരിക്കുമ്പോഴാണ് ഉമ്മ ചായയുമായി വന്നത്. 

അന്നേരമാണ് കോൡഗ് ബെല്‍ മുഴങ്ങിയത്. ”ആരാണെന്ന് ചെന്ന് നോക്കൂ ൈഫസലേ” ഉമ്മ പറഞ്ഞു. കതക് തുറന്നു നോക്കിയപ്പോള്‍ പുറത്ത് എളാപ്പയുടെ മകന്‍ അലിക്കാക്ക. അലിക്കാക്ക സലാം പറഞ്ഞ് അകത്തേക്ക് പ്രവേശിച്ചു. 

‘എന്തൊക്കെയുണ്ട് അലീ വിശേഷം? നിന്നെ കുറെ കാലമായല്ലോ ഇതിലെയൊക്കെ കണ്ടിട്ട്’  ഉമ്മ ചായ പകരുന്നതിനിടക്ക് അന്വേഷിച്ചു. അലിക്കാക്ക വിശേഷിച്ചൊന്നുമില്ലെന്ന് പറഞ്ഞു. ശരീഫയും, ജുമാനയും ഇരിക്കാന്‍ സ്ഥലമില്ലാതെ നിന്നു കുടിക്കുകയായിരുന്നു. അലിക്കാക്ക സലീനയോട് പറഞ്ഞു:

”അല്‍പം നീങ്ങിയിരുന്ന് കൊടുക്ക്. അവര്‍ അവിടെ ഇരിക്കട്ടെ. നിന്ന് തിന്നുന്നതും നിന്ന് കുടിക്കുന്നതും നല്ലതല്ല. മറ്റുള്ളവര്‍ക്ക് കൂടി ഇരിക്കാന്‍ കഴിയത്തക്കവിധം ഒതുങ്ങിയിരിക്കണം. ഇസ്‌ലാമിക മര്യാദ ഇതാണ്” അലിക്കാക്ക പറഞ്ഞു.

”കുട്ടികളല്ലേ, സാരമില്ല. അവര്‍ ചിലപ്പോള്‍ മറന്നെന്ന് വരും” ഉമ്മ പറഞ്ഞു. 

”മുതിര്‍ന്നവര്‍ പോലും ഇത്തരം മര്യാദകള്‍ പാലിക്കാന്‍ ശ്രദ്ധിക്കാറില്ല. ഒരു ദിവസം ഞങ്ങള്‍ തീവണ്ടിയില്‍ പോകുമ്പോള്‍ അഞ്ചു പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ നാല് യുവാക്കള്‍ വിസ്തരിച്ചങ്ങനെ ഇരിക്കുന്നു. ഒരു വൃദ്ധനും പിഞ്ചുകുഞ്ഞിനെ എടുത്ത സ്ത്രീയുമൊക്കെ പ്രയാസപ്പെട്ട് നില്‍ക്കുന്നത് അവര്‍ കാണാത്ത മട്ടില്‍ ഇരിക്കുകയാണ്. അല്‍പം നീങ്ങിയാല്‍ ഒരാള്‍ക്ക് കൂടി ആ സീറ്റില്‍ ഇരിക്കാം. കുറച്ച് അപ്പുറത്തായിരുന്ന ഞാന്‍ എഴുന്നേറ്റ് വൃദ്ധനെ വിളിച്ച് അവിടെയിരുത്തി” അലിക്കാക്ക പറഞ്ഞു.

”മുഹമ്മദ് നബി ﷺ പഠിപ്പിച്ചിട്ടുള്ളത് നീങ്ങിയിരുന്ന് സഹകരിക്കണമെന്നാണ് എന്ന് ഉസ്താദ് പറഞ്ഞുതന്നിട്ടുണ്ട്” ജുമാന പറഞ്ഞു. 

”തീര്‍ച്ചയായും അങ്ങനെത്തന്നെയാണ്. കൂടെ യാത്ര ചെയ്യുന്നവരുടെയും കൂടെ ഇരിക്കുന്നവരുടെയുമെല്ലാം  ബുദ്ധിമുട്ടിക്കാതിരിക്കുവാനും നാം ശ്രദ്ധിക്കണം. പുകവലി പാടില്ല എന്ന് എഴുതി വെച്ച സ്ഥലങ്ങളില്‍പോലും പലരും പുകവലിക്കുന്നത് കാണാം. മറ്റുള്ളവര്‍ക്കുണ്ടാകുന്ന ശല്യത്തെപ്പറ്റി അവര്‍ ഓര്‍ക്കുന്നില്ല. കോട്ടുവായിടുമ്പോള്‍ കൈ കൊണ്ട് വായ പൊത്തണമെന്ന് ഇസ്‌ലാം നിര്‍ദേശിച്ചിട്ടുള്ളത് കൂട്ടുകാര്‍ക്ക് ശല്യമുണ്ടാക്കരുതെന്ന് കരുതിയാണ്” അലിക്കാക്ക പറഞ്ഞു.

”വഴിവക്കിലും ആളുകള്‍ വിശ്രമിക്കുന്ന തണലിലും ഫലവൃക്ഷങ്ങളുടെ ചുവട്ടിലും മൂത്രിക്കുകയോ കാഷ്ടിക്കുകയോ ചെയ്യരുതെന്ന് നബി ﷺ പറഞ്ഞിട്ടുണ്ടല്ലോ. മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കരുതെന്നല്ലേ അതുകൊണ്ട് ഉദ്ദേശിക്കുന്നത്?” ഫൈസല്‍ ചോദിച്ചു. 

”അതെ” അലിക്കാക്ക പറഞ്ഞു. 

”എന്റെ കൂട്ടുകാരന്‍ മുബ്തസിം മൂത്രിച്ചാല്‍ കഴുകാറില്ല” സ്വഫ്‌വാന്‍ പറഞ്ഞു. 

”വൃത്തിയുള്ളവനായിരിക്കണം മുസ്‌ലിം. മൂത്രം മാലിന്യമാണ്. അത് വസ്ത്രത്തിലും ശരീരത്തിലും ആകാതെ നാം സൂക്ഷിക്കണം” അലിക്കാക്ക പറഞ്ഞു.

എല്ലാവരും അലിക്കാക്കയുടെ ചുറ്റും കൂടി. ഇനി ഒരു കഥ പറയണം എന്ന് ഒന്നിച്ച് ആവശ്യപ്പെട്ടു.

കഥപറയാനായി നാളെ ഒഴിഞ്ഞുവരാം. ഇന്ന് അല്‍പം തിരക്കുണ്ട് എന്ന് പറഞ്ഞ് അലിക്കാക്ക യാത്ര പറഞ്ഞിറങ്ങി. 

”എന്തായാലും വരണേ” കുട്ടികള്‍ ഒരുമിച്ച് പറഞ്ഞു. നാളെ നല്ലൊരു കഥ കേള്‍ക്കാമല്ലോ എന്ന സന്തോഷത്തില്‍ ചിലര്‍ വായനയിലും ചിലര്‍ കളിയിലും മുഴുകി.   

 

അഫ്‌വാന ബിന്‍ത്ത് ലത്തീഫ്
നേർപഥം വാരിക

വഞ്ചന കാണിക്കുന്നവന്‍ യഥാര്‍ഥ മുസ്‌ലിമല്ല

വഞ്ചന കാണിക്കുന്നവന്‍ യഥാര്‍ഥ മുസ്‌ലിമല്ല

നഗരത്തിലെ പ്രശസ്തമായ ഹോട്ടല്‍. സമയം ഉച്ചയോടടുക്കുന്നു. നല്ല തിരക്കുണ്ട്. നന്നായി വസ്ത്രം ധരിച്ച, കണ്ടാല്‍ വളരെ മാന്യനെന്ന് തോന്നിക്കുന്ന ഒരാള്‍ അന്നേരം ഹോട്ടലിലേക്ക് കയറിച്ചെന്നു. 

”എന്തു വേണം സാര്‍” സപ്ലയര്‍ ചോദിച്ചു.

”നന്നായി പൊരിച്ച ബ്രഡ്ഡും സലാഡും” അയാള്‍ മറുപടി പറഞ്ഞു.

ഭക്ഷണം മുമ്പിലെത്തിയ പാടെ അയാള്‍ കഴിക്കുവാന്‍ തുടങ്ങി. 

”ആഹ്… എന്റെ പല്ല്” ഒന്നു കടിച്ചയുടന്‍ അയാള്‍ ഉറക്കെ ശബ്ദിച്ചു.

അന്നേരം കയ്യില്‍ ബാഗുമായി ഒരാള്‍ അവിടെ കടന്നുവന്നു.

”എന്താണ് പല്ലുവേദനയോ?” അയാള്‍ ചോദിച്ചു.

”അതെ ശക്തമായ വേദന. ഭക്ഷണം കഴിക്കുവാന്‍ കഴിയുന്നില്ല.”

ഉടനെ അയാള്‍ ബാഗില്‍ നിന്നും ഒരു ചെറിയ കുപ്പിയെടുത്ത് അതിലുള്ള ദ്രാവകം പഞ്ഞിയിലാക്കി പല്ല് വേദനയുള്ളയാള്‍ക്ക് കൊടുത്തു. എന്നിട്ട് ഉറക്കെ പറഞ്ഞു:

”ഇത് വേദനയുള്ള ഭാഗത്ത് വെക്കുക. ഉടനെ വേദന മാറും.”

അയാള്‍ അത് വാങ്ങി വേദനയുള്ള ഭാഗത്ത് വെച്ചു.

”ഹോ… അത്ഭുതം! വേദന പമ്പകടന്നു” ആശ്ചര്യത്തോടെ അയാള്‍ പറഞ്ഞു. 

ഇതെല്ലാം ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആളുകള്‍ മരുന്നുകാരന്റ ചുറ്റും കൂടി. പെട്ടെന്ന് വേദന മാറ്റുന്ന അത്ഭുത മരുന്ന് എല്ലാവര്‍ക്കും വേണമായിരുന്നു. നിമിഷങ്ങള്‍ക്കകം മരുന്നെല്ലാം തീര്‍ന്നു. 

 മരുന്നുകാരനും പല്ലുവേദനക്കാരനും സ്ഥലം വിട്ടു. രണ്ടുപേരും നേരെ പോയത് റെയില്‍വെ സ്‌റ്റേഷനിലേക്കായിരുന്നു. ടിക്കറ്റെടുത്ത് പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ കാത്തിരിക്കെ പല്ലുവേദനക്കാരന്‍ പറഞ്ഞു:

 ”ഇന്നത്തെ എന്റെ അഭിനയം എങ്ങനെയുണ്ടായിരുന്നു?”

”കലക്കി! എത്ര വേഗത്തിലാണ് മരുന്നെല്ലാം വിറ്റുതീര്‍ന്നത്. എന്റെ വാചകമടികൂടിയുള്ളതുകൊണ്ടാണ് ആളുകളൊക്കെ മരുന്ന് വാങ്ങിയതെന്ന് മറക്കേണ്ട” മരുന്നുകാരന്‍ പറഞ്ഞു.

അങ്ങനെ രണ്ടുപേരും ലാഭത്തിന്റെ കണക്ക് കൂട്ടുന്നതിനിടയിലാണ് ഏതാനും പോലീസുകാര്‍ അവരെ സമീപിച്ചത്. 

”നിങ്ങള്‍ രണ്ടു പേരരെയും അറസ്റ്റു ചെയ്യാന്‍ വന്നതാണ് ഞങ്ങള്‍” ഒരു പോലീസുകാരന്‍ ഗൗരവത്തില്‍ പറഞ്ഞു.

ഞങ്ങളെ അറസ്റ്റ് ചെയ്യുകയോ. ഞങ്ങള്‍ ആരെയും കൊന്നിട്ടൊന്നുമില്ലല്ലോ. പിന്നെ എന്തിനാ ഞങ്ങളെ അറസ്റ്റ് ചെയ്യുന്നത്?” മരുന്നുകാരന്‍ പേടിച്ചു വിറച്ചുകൊണ്ട് ചോദിച്ചു. 

”രോഗം പെട്ടെന്നു മാറുമെന്ന് പറഞ്ഞും അഭിനയിച്ച് കാണിച്ചും ഒരുപാടുപേരെ നിങ്ങള്‍ ചതിച്ചില്ലേ? മരുന്ന് വാങ്ങിയ പലരും പരാതിയുമായി ഞങ്ങളെ സമീപിച്ചിട്ടുണ്ട്.” 

രണ്ടു പേര്‍ക്കും ഒന്നും പറയുവാനുണ്ടായിരുന്നില്ല. 

”നിങ്ങളുടെ മതമേതാണ്?” ഒരു പോലീസുകാരന്‍ ചോദിച്ചു.

”ഞങ്ങള്‍ മുസ്‌ലിംകളാണ്” അവര്‍ ഒന്നിച്ചാണത് പറഞ്ഞത്.

അത് കേട്ടപ്പോള്‍ പോലീസുകാരന് ദേഷ്യം വന്നു.

”എന്നിട്ടാണോ നിങ്ങള്‍ ഈ ദുഷിച്ച പണി ചെയ്തത്?”

അവര്‍ ഇരുവരും പകച്ചുനിന്നു.

”നമ്മെ വഞ്ചിച്ചവന്‍ നമ്മില്‍ പെട്ടവനല്ല എന്ന് മുഹമ്മദ് നബി ﷺ പറഞ്ഞത് നിങ്ങള്‍ക്കറിയില്ലേ? വഞ്ചനകാണിക്കുന്നവന്‍ യഥാര്‍ഥ മുസ്‌ലിമല്ലെന്ന്. എന്നിട്ടും ജനങ്ങളെ ചതിച്ച് മുസ്‌ലിംകളാണെന്നും പറഞ്ഞ് നടക്കുന്നു.”

രണ്ടു പേരെയും പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. കൂട്ടുകാരേ, ഒരു മുസ്‌ലിമിന് ആരെയും വഞ്ചിക്കുവാന്‍ അനുവാദമില്ല. ജീവിതത്തില്‍ ഒരിക്കലും ആരെയും വഞ്ചിക്കരുത്.

 

റാഷിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക